Saturday, July 7, 2012

അപസര്‍പ്പക കഥകളാകുന്ന പൊലീസ് റിപ്പോര്‍ട്ടുകള്‍

തൊഴില്‍പ്രശ്നങ്ങളില്‍ പൊലീസ് ഇടപെടരുതെന്ന 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ പ്രഖ്യാപനം അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പൊലീസെന്നാല്‍ ഫാക്ടറി മുതലാളിയുടെ- ജന്മിയുടെ കൂലിപ്പടയാണെന്ന് ചിന്തിച്ചവരുടെ മുഖത്തേറ്റ അടിയായിരുന്നു ആ തീരുമാനം. പൊലീസ് സേനയിലെ ഒരുപറ്റംതന്നെ ഈ തീരുമാനത്തിനെതിരെ മുറുമുറുത്തു. ഇവര്‍ക്ക് കാശും സമ്പന്ന ഗൃഹങ്ങളിലെ നാവില്‍ വെള്ളമൂറുന്ന വിഭവങ്ങളും പിന്നെ സദ്യയും ഒരുക്കിക്കൊടുക്കാന്‍ കഴിയുക ഒരു ന്യൂനപക്ഷത്തിനു മാത്രമാണല്ലോ. അവരാണ് തങ്ങളുടെ യജമാനരെന്ന് ധരിച്ചുപോയ കൂട്ടരായിരുന്നു മുറുമുറുത്ത പൊലീസുകാര്‍. ജനാധിപത്യ രാജ്യത്തിലെ പൊലീസ് സംവിധാനം എങ്ങനെയായിരിക്കണം, എങ്ങനെയാകരുത് എന്ന തിരിച്ചറിവ് ഇല്ലാതെ പോയ ഇക്കൂട്ടരുടെ പിന്മുറ ഇപ്പോഴും പൊലീസ് സേനയില്‍ തുടരുന്നുണ്ട്. അതിന്റെ വലിയ തെളിവുകളാണ് കേരളത്തിലെ വിദ്യാര്‍ഥികളുടെ സമരത്തോടുള്ള പൊലീസ് സമീപനം.

നീതിന്യായ വ്യവസ്ഥ പരിപാലിക്കുകയാണ് പൊലീസുകാരുടെ കടമ. ചിന്തയിലും പ്രവൃത്തിയിലും നീതിയും സത്യവും ധര്‍മബോധവും അവര്‍ക്ക് കൂട്ടായിരിക്കണമത്രേ. കേരള പൊലീസ് ഉപയോഗിക്കുന്ന കാക്കിത്തൊപ്പിയിലെ അശോകസ്തംഭത്തോട് ചേര്‍ന്ന് എഴുതിവച്ച വാക്കുകള്‍, "സത്യമേവ ജയതേ" എന്നാണ്. ഒപ്പം പൊലീസ് സേനയെ പഠിപ്പിക്കുന്നു; ഒരാപ്തവാക്യംപോലെ പറഞ്ഞുകൊണ്ടേയിരിക്കുന്നു "മൃദുഭാവോ ദൃഢകൃത്യേ". സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാന്‍, സത്യവും നീതിയും സംരക്ഷിക്കാന്‍, ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഓര്‍മപ്പെടുത്താനാണത്രേ ഇതൊക്കെ ഇങ്ങനെ എഴുതിവച്ചിരിക്കുന്നത്. ബൂര്‍ഷ്വാ ഭരണാധികാരികളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അകല്‍ച്ചയുടെ രാജ്യത്തിലെതന്നെ മികച്ച ഉദാഹരണമാണ് ഇന്നത്തെ കേരള പൊലീസ്. ഗീബല്‍സിയന്‍ നുണകളാണ് അവരുടെ റിപ്പോര്‍ട്ടുകളായി അവതരിപ്പിക്കപ്പെടുന്നത്. അതിലൂടെ ജനന്മയ്ക്കായി സമരംചെയ്യുന്നവരും മുദ്രാവാക്യം മുഴക്കുന്നവരും വേട്ടയാടപ്പെടുന്നു. അതിന്റെ തെളിവാണ് സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ചുമത്തിയ കള്ളക്കേസുകള്‍. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള എല്ലാ ജില്ലയിലും വിദ്യാര്‍ഥികള്‍ ഇത് അനുഭവിച്ചുവരികയാണ്. ഒരു വിദ്യാര്‍ഥിയെത്തന്നെ സമരത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ ഇരുപതും ഇരുപത്തഞ്ചുമൊക്കെ കേസിലാണ് പ്രതിയാക്കിയിരിക്കുന്നത്.

വീട്ടിലും തെരുവിലും കലാലയങ്ങളിലും ഇതിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ വേട്ടയാടപ്പെടുന്നു. സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അമാനുഷിക കഴിവുള്ളവരാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ വായിക്കുന്നവര്‍ കരുതിപ്പോയേക്കാം. കണ്ണൂരില്‍ സമരത്തെതുടര്‍ന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വി കെ സനോജ്, ജില്ലാ ഭാരവാഹികളായ എം ഷാജര്‍, സരിന്‍ ശശി, കെ രാഹുല്‍ എന്നിവരിപ്പോള്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ഒറ്റ ദിവസംകൊണ്ട് ഇവര്‍ക്കെതിരെ പതിനഞ്ചോളം കേസാണ് രജിസ്റ്റര്‍ചെയ്തത്. കണ്ണൂരില്‍ വിദ്യാര്‍ഥിനേതാക്കളെ ജയിലിലടയ്ക്കാന്‍ കാരണമായി പൊലീസ് പറഞ്ഞ കേസുകള്‍ ഒമ്പതെണ്ണമാണ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1457/11 മുതല്‍ 1459/11 വരെയും ക്രൈം നമ്പര്‍ 1461/11 മുതല്‍ 1466/11 വരെയുമായി രേഖപ്പെടുത്തിയിട്ടുള്ള കേസുകളാണവ.

പ്രതികളായവരുടെ പ്രവൃത്തികളെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഒരുപക്ഷേ സ്പൈഡര്‍മാന്‍ കഥകളെപ്പോലും പിന്നിലാക്കും. ഒരേസമയം പല സ്ഥലത്തായി ഒരേ വിദ്യാര്‍ഥികള്‍ അക്രമം നടത്തിയ കഥയാണ് പല പല കേസുകളായി പൊലീസ് കോടതിയിലെത്തിക്കുന്നത്. മെനഞ്ഞ കഥകളും ചുമത്തിയ കുറ്റങ്ങളും ആരെയും അത്ഭുതപ്പെടുത്തും. ഇത്രയേറെ ഭാവനാശാലികള്‍ പൊലീസിലുണ്ടായിട്ടും കേരളത്തിന് സര്‍ഗാത്മക പ്രതിസന്ധിയോ എന്ന് അത്ഭുതം കൂറാം.

വിദ്യാര്‍ഥികളെ തുറുങ്കിലടയ്ക്കാന്‍ മെനഞ്ഞ കഥകള്‍ പരിശോധിക്കാം: 2011 ഒക്ടോബര്‍ 11ന് 12.35ന് ഇവര്‍ കണ്ണൂര്‍ ട്രാഫിക്പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നു. കൈയില്‍ മാരകായുധങ്ങളായ കല്ലുകളുമായി മതിലിനു മുകളിലെ ബള്‍ബുകള്‍ എറിഞ്ഞുതകര്‍ക്കുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. കൈയില്‍ കരുതിയ വടികള്‍കൊണ്ട് കസേരകള്‍ അടിച്ചുപൊട്ടിച്ചു. അവിടെയുണ്ടായിരുന്ന ട്രാഫിക് പൊലീസ് എഎസ്ഐ രഘുനാഥനെ കൊല്ലാന്‍ ശ്രമിച്ചു. കളരിമുറകളറിയാവുന്നതുകൊണ്ടാകും അദ്ദേഹം ഒഴിഞ്ഞുമാറിയത്. അതുകൊണ്ട് ഒരു പോറല്‍പോലുമില്ലാതെ രക്ഷപ്പെട്ടു. എങ്കിലും കുറ്റം വധശ്രമംതന്നെ. ക്രൈംനമ്പര്‍ 1457/11.

അഞ്ചു മിനിറ്റിനകം, 12.40ന് കണ്ണൂര്‍ ഫോറന്‍സിക് ലാബ് തകര്‍ക്കുകയാണ്. കണ്ണൂര്‍ പൊലീസ് മൈതാനിയുടെ രണ്ടറ്റത്തായാണ് ഈ രണ്ടു സ്ഥാപനം. അവിടത്തെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. അതിക്രമിച്ച് അകത്തുകയറി. ജീവനക്കാരെ കൊല്ലുകയായിരുന്നത്രേ അവരുടെ ഉദ്ദേശ്യം. അത്ഭുതകരമായി ജീവനക്കാര്‍ അപ്രത്യക്ഷരായതിനാല്‍ മാത്രമാകാം അവര്‍ രക്ഷപ്പെട്ടത്. ക്രൈംനമ്പര്‍ 1458/11.

12.45ന് അവര്‍ മുനിസിപ്പല്‍ ഓഫീസിനുള്ളിലെത്തി. ഫുട്ബോള്‍ കമന്ററിയിലെ വാക്കുകളേക്കാള്‍ വേഗം വേണം പിന്നീടുള്ളവ വിവരിക്കാന്‍. ആദ്യം മുനിസിപ്പല്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറുന്നു. നെയിംബോര്‍ഡുകള്‍, ജനല്‍ ഗ്ലാസുകള്‍ എന്നിവ അടിച്ചുതകര്‍ത്തു. അപ്പോഴും കൈയില്‍ നിരവധി മാരകായുധങ്ങള്‍ കരുതിയിരുന്നു. ക്രൈംനമ്പര്‍ 1459/11.

അഞ്ച് മിനിറ്റിനകംതന്നെ 12.50ന് മാധവറാവു സിന്ധ്യ ഹോസ്പിറ്റലിനു മുന്നിലെത്തി. അവിടെ ഒരാളെ കൊല്ലാന്‍ ശ്രമിച്ചു. ചവിട്ടിവീഴ്ത്തിയതിനുശേഷം തലയ്ക്കടിച്ചു. തുടര്‍ന്ന് കൊല്ലെടാ എന്ന് പറഞ്ഞു. പക്ഷേ, അവരിപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ക്രൈംനമ്പര്‍ 1465/11.

ആളെകൊല്ലാനുള്ള ശ്രമത്തിന് പൊലീസ് റിപ്പോര്‍ട്ടു പ്രകാരം ഇവര്‍ക്ക് നിമിഷങ്ങള്‍പോലും വേണ്ടിവന്നിരുന്നില്ല. തത്സമയംതന്നെ, 12.50ന്, അവര്‍ ഡിഐജിയുടെ ക്യാമ്പ് ഓഫീസിലുമെത്തി. സാധാരണ ദിവസങ്ങളില്‍പ്പോലും അവിടെ നിരവധി പൊലീസുകാരുടെ ബന്തവസ്സുണ്ടാകും. അന്നത്തെ ദിവസം അതിനേക്കാളേറെയുണ്ടാകുമല്ലോ. എന്നാല്‍, ഈ സംഘം പൊലീസുകാരെ നിഷ്പ്രഭമാക്കി അകത്തുകടന്നു, അതിക്രമിച്ചുകടന്നു എന്ന് പൊലീസ് ഭാഷ്യം. അവിടെയുണ്ടായിരുന്ന പൊലീസുകാരെ കൊല്ലാന്‍ ശ്രമിക്കുന്നു. പിന്നീട് ക്യാമ്പ് ഓഫീസിന്റെ ചില്ലുവാതിലുകളും ഭിത്തിയുടെ ചില ഭാഗങ്ങളും തകര്‍ത്തു. അവിടത്തെ ഔട്ട്ഹൗസിലെത്തി അവിടെയുണ്ടായിരുന്ന ഗ്ലാസുകള്‍ ആദ്യം തകര്‍ത്തു, പിന്നെ കസേരകള്‍. ഡിഐജിയുടെ ക്യാമ്പ് ഓഫീസിന്റെ നെയിംബോര്‍ഡ് അടിച്ച് തകര്‍ത്ത് ദൂരേക്കെറിയുന്നു. ക്രൈംനമ്പര്‍ 1461/11.

നിമിഷങ്ങള്‍ക്കകം അവര്‍ പുറത്തെത്തി. മാരകായുധങ്ങളുമായി ഈ നാലുപേരും മറ്റൊരാളെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അപ്പോള്‍ സമയം 12.55. അടിച്ചു വീഴ്ത്തി, മാറില്‍ ചവിട്ടി, കല്ലുകൊണ്ടടിച്ച്, കൊല്ലെടാ എന്ന് അലറിപറഞ്ഞ്... ഒരുപക്ഷേ കടത്തനാടന്‍ കളരി ചുവടുകളായി തോന്നിപ്പോയേക്കാം. അവിടെയും കൊന്നില്ല. ക്രൈംനമ്പര്‍ 1466/11.

കൃത്യം ഒരു മണിക്ക് അവര്‍ കലക്ടറുടെ ക്യാമ്പ് ഓഫീസിലെത്തി. നിമിഷങ്ങളുടെ ഇടവേളകള്‍ നല്‍കാതെയുള്ള അതിക്രമങ്ങളത്രേ. അവിടത്തെ ഗെയ്റ്റിന് പത്തടിയിലേറെ ഉയരം വരും. ഗേറ്റ് കനത്ത പൂട്ടിട്ട് പൂട്ടിയതുമാണ്. കൂടാതെ സുരക്ഷയ്ക്കായി ഗേറ്റിനു പിറകില്‍ ഇരുമ്പുചങ്ങലയുമുണ്ട്. ഇതാണിവര്‍ തള്ളിത്തുറന്നത്. ഗേറ്റിനുമുന്നില്‍ ആയുധങ്ങളുമായി കാവല്‍നില്‍ക്കുന്ന പൊലീസുകാരുണ്ടായിരുന്നിട്ടും ഇവര്‍ അകത്ത് കടന്നു. അവര്‍ക്കൊന്ന് അനങ്ങാന്‍പോലും ഇവര്‍ അവസരംകൊടുത്തുകാണില്ല. ഒരു ഞൊടിവ്യത്യാസത്തിനാണത്രേ പൊലീസുകാരുടെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. തുടര്‍ന്ന് ജനല്‍ ഗ്ലാസുകളും കസേരകളും അടിച്ചുതകര്‍ക്കുന്നു. നെയിംബോര്‍ഡുകളും തകര്‍ത്തു. അവിടെയും ഔട്ട്ഹൗസിലേക്ക് പാഞ്ഞുകയറി. അവിടെയും ചില്ലുടച്ചും കസേര തകര്‍ത്തുമാണ് ഇവര്‍ ഇറങ്ങിപ്പോയത്.ക്രൈംനമ്പര്‍. 1462/11.

ഉടന്‍ 1.05ന് മൂന്നാമതൊരാളെ കൊല്ലാന്‍ ശ്രമിക്കുന്നു. അപ്പോഴും ഇവരുടെ കൈയില്‍ കല്ലുകളും വടികളുമുണ്ടായിരുന്നു. അയാളെയും അടിച്ചുവീഴ്ത്തി, വടികൊണ്ടടിച്ച്, കല്ലുകൊണ്ട് കുത്തി, കൊല്ലടാ എന്ന് പറഞ്ഞ്... കൊല്ലാതെപോയി. ക്രൈംനമ്പര്‍ 1463/11.

കഥയിലെ അവസാനഭാഗം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ക്യാമ്പ് ഓഫീസുതന്നെയാക്കി. സമയം 1.05, മൂന്നാമത്തെയാളെ കൊല്ലാന്‍ ശ്രമിച്ച അതേസമയം. അവിടെ ഗേറ്റ് ചാടിക്കടന്നു. പൊലീസുകാരെ ആക്രമിച്ചവശരാക്കി. ജനല്‍ഗ്ലാസുകള്‍ തകര്‍ത്തുതരിപ്പണമാക്കി. കസേരകള്‍ തകര്‍ത്ത്, പൊലീസുകാരെ കൊല്ലാന്‍ ശ്രമിച്ചു- ക്രൈംനമ്പര്‍ 1463/11.

അങ്ങനെ പൊലീസ് കഥ പൂര്‍ത്തിയായി. വസ്തുതകളുമായി ഇതിനെത്രമാത്രം ബന്ധമുണ്ടാകുമെന്നത് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാക്കാം.

വിദ്യാര്‍ഥികളെ തടവിലിടുന്നതിനു കാരണമായി പൊലീസ് റിപ്പോര്‍ട്ടിലെ വാക്കുകള്‍: ""ഇനി ഈ കേസില്‍ ബാക്കി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ്ചെയ്യുന്നതിനും സംഭവസ്ഥലത്തിന്റെ സൈറ്റ് പ്ലാന്‍ ലഭിക്കുന്നതിനും അന്വേഷണം പൂര്‍ത്തീകരിച്ച് ബഹു: കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനും മറ്റും ബാക്കിയുള്ളതാണ്... ഈ കേസിന്റെ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുമെന്നതിനാലും പ്രതികളെ സ്വതന്ത്രമായി വിട്ടയച്ചാല്‍ പ്രതികള്‍ ഇത്തരം കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നതിനാലും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതിനാലും..."" കോടതിയോട് പൊലീസ് അപേക്ഷിക്കുകയാണ്, ഇവരെയൊക്കെ തടവിലിടണം. തടവറകളില്‍നിന്നാണ് സ്വാതന്ത്ര്യത്തിന്റെ മഹാസ്വപ്നങ്ങള്‍ മനുഷ്യന്‍ നെയ്തെടുത്തതെന്ന് ഭീരുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാറില്ല. ആ തിരിച്ചറിവാണ് ജനതയുടെ കരുത്തും വിപ്ലവരാഷ്ട്രീയത്തിന്റെ പടയൊരുക്കവും.


*****

ഡോ. വി ശിവദാസന്‍

Friday, July 6, 2012

ഭക്ഷ്യസുരക്ഷ: പോരാട്ടം അനിവാര്യം

ഭക്ഷ്യസുരക്ഷാപ്രശ്നത്തില്‍ ജൂലൈ- ആഗസ്ത് മാസങ്ങളില്‍ രാജ്യവ്യാപകപ്രക്ഷോഭം നടത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി ആഹ്വാനം നല്‍കിയിരിക്കയാണ്. എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന സാര്‍വത്രിക പൊതുവിതരണസംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ പ്രക്ഷോഭം.

ഭക്ഷ്യവസ്തുക്കളുടെ വില അനുദിനം കുതിച്ചുകയറുകയും ഭക്ഷ്യപണപ്പെരുപ്പം 10 ശതമാനത്തിലേറെയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭക്ഷണത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരണമെന്ന ആവശ്യം അങ്ങേയറ്റം അടിയന്തരപ്രാധാന്യമുള്ളതായി മാറുകയാണ്. ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. ഇത്തരമൊരു ആശങ്കാജനകമായ സാഹചര്യത്തില്‍, പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഭക്ഷ്യസുരക്ഷാ ബില്ലുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ആരെങ്കിലും കരുതിയേക്കാം. പക്ഷേ, സര്‍ക്കാരിന് മറ്റു മുന്‍ഗണനകളാണുള്ളതെന്ന് വ്യക്തമാവുകയാണ്.
വഷളായി വരുന്ന സാമ്പത്തികസ്ഥിതി, നവ ഉദാരവല്‍ക്കരണ നടപടികള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കണമെന്ന മുറവിളിയിലേക്ക് നയിക്കുന്നു. നവ ഉദാര പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാരിനുണ്ടായ പരാജയമാണ് സാമ്പത്തികമാന്ദ്യത്തിന് കാരണമായതെന്ന് വ്യാഖ്യാനിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയെ ഏറ്റവും അനുയോജ്യ അവസരമായി കണ്ട് സാമ്പത്തിക ഉപദേഷ്ടാക്കളും കോര്‍പറേറ്റ് മാധ്യമങ്ങളും മന്‍മോഹന്‍സിങ് സര്‍ക്കാരിനെ, ഈ പ്രതിസന്ധിക്ക് കാരണമായ നടപടികള്‍തന്നെ പ്രഥമപരിഗണനയോടെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയാണ്. അവര്‍ ഇത്തരം ആവശ്യങ്ങള്‍ ആവര്‍ത്തിച്ച്, ശക്തമായി ഉന്നയിക്കുന്നു: ഡീസലിന്റെ വിലനിയന്ത്രണം നീക്കുക, മള്‍ട്ടിബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുക, നികുതി ഒഴിവാക്കല്‍ നിയമങ്ങള്‍ കൊണ്ടുവന്ന് വിദേശനിക്ഷേപകരെയും ഊഹക്കച്ചവടക്കാരെയും പ്രോത്സാഹിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തീവ്രമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍.

ഇത്തരം ആവശ്യങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുകയാണെന്ന് അടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ ഒഴിഞ്ഞ ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രി ഏറ്റെടുത്തു. ചുമതല ഏറ്റെടുത്ത ഉടന്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി പ്രധാനമന്ത്രി പറഞ്ഞു: നിരാശയുടെ കാലാവസ്ഥ നമുക്ക് വിപരീതദിശയിലാക്കണം. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം (ആനിമല്‍ സ്പിരിറ്റ്സ്) തിരിച്ചുകൊണ്ടുവരണം; നികുതി മുന്നണിയില്‍ പ്രശ്നങ്ങളുണ്ട്, അവ പരിഹരിക്കപ്പെടണം. സ്വതന്ത്രകമ്പോള പരിഷ്കാരങ്ങള്‍ക്ക് ഗതിവേഗം കൂട്ടണമെന്ന് പറയാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ പ്രധാനമന്ത്രി ഉപയോഗിക്കുന്ന പ്രയോഗമാണ് 'ആനിമല്‍ സ്പിരിറ്റ്സ്' എന്നത്.

ധനമന്ത്രാലയത്തിലേക്ക് പ്രധാനമന്ത്രിയുടെ വരവ് രണ്ട് അടിയന്തരനടപടികളിലേക്ക് വഴിതെളിച്ചു. കഴിഞ്ഞ ബജറ്റ് കാലയളവില്‍ ധനബില്ലില്‍ വരുത്തിയ മുന്‍കൂര്‍നികുതി ഭേദഗതിയുടെ പുനഃപരിശോധനയാണ് ഇതില്‍ ഒരെണ്ണം. ഈ ഭേദഗതിവഴി,—മൂലധന ആദായനികുതി ഇനത്തില്‍ വോഡഫോണ്‍ കമ്പനി 13,000 കോടി രൂപ അടയ്ക്കണമെന്ന ഉത്തരവ് വീണ്ടും പുറപ്പെടുവിക്കാന്‍ കഴിഞ്ഞു. എന്നാല്‍, വിദേശനിക്ഷേപകരെയും വിദേശ നിക്ഷേപസ്ഥാപനങ്ങളില്‍നിന്നുള്ള മൂലധനവരവിനെയും തടസ്സപ്പെടുത്തുന്ന പ്രധാനകാരണങ്ങളില്‍ ഒന്നായി ഈ ഭേദഗതി വ്യാഖ്യാനിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ അധ്യക്ഷന്‍ സി രംഗരാജനും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയും ഭേദഗതിയെ അപലപിച്ചു. ഭേദഗതി പാര്‍ലമെന്റ് പാസാക്കിയെങ്കിലും അങ്ങേയറ്റം വിരളമായ അവസരങ്ങളില്‍മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് അലുവാലിയ പ്രഖ്യാപിച്ചു.
ജനറല്‍ ആന്റി- അവോയ്ഡന്‍സ് റൂള്‍സ് (ഗാര്‍) പുനഃപരിശോധിച്ചതാണ് രണ്ടാമത്തെ നടപടി. ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപങ്ങളിന്മേലുള്ള നികുതി ഒഴിവാക്കാന്‍ നികുതിവെട്ടിപ്പ് താവളങ്ങള്‍ ഉപയോഗിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചട്ടങ്ങള്‍ കൊണ്ടുവന്നത്. മൌറീഷ്യസ് പാത ഉപയോഗിച്ച് നികുതിവെട്ടിപ്പ് നടത്തുന്നവരെ നിയന്ത്രിക്കുന്നതിന് ഗാര്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ധനമേഖലയിലെ ലോബികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ഗാര്‍ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഗാര്‍ അപ്പാടെ അട്ടിമറിക്കാനാണ് ശ്രമം. ധനമൂലധനത്തിന്റെയും ഊഹക്കച്ചവടക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനാണ് പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെയും ശ്രമം. നിക്ഷേപകരുടെ വികാരം, ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് രൂപംനല്‍കുന്നത് ഇത്തരക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടിയാണ്. മറുവശത്ത് ധനകമ്മി നിയന്ത്രണം, പെരുകുന്ന ചെലവ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ അര്‍ഥമാക്കുന്നത് ജനങ്ങള്‍ക്കുമേല്‍ ചെലവുചുരുക്കല്‍ നടപടികള്‍ അടിച്ചേല്‍പ്പിക്കുമെന്നാണ്.

സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ ഇത്തരമൊരു കാഴ്ചപ്പാട് സ്വീകരിക്കുമ്പോള്‍, ഭക്ഷ്യസുരക്ഷാനിയമംപോലുള്ള നടപടികള്‍ കേവലം ജനപ്രിയവും പാഴ്ച്ചെലവുമായി അവര്‍ കരുതുന്നു. ഭക്ഷ്യസുരക്ഷാനിയമം പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇപ്രകാരം സംഭവിക്കുമെന്നതിന്റെ സൂചനകളില്ല. നിയമം പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ സ്ഥിരംസമിതി ഇതുവരെ ആ ജോലി പൂര്‍ത്തീകരിച്ചിട്ടില്ല. കരടുബില്ലില്‍ ജനങ്ങളെ മുന്‍ഗണനാവിഭാഗമെന്നും (ബിപിഎല്‍) പൊതുവിഭാഗമെന്നും (എപിഎല്‍) വേര്‍തിരിച്ചിട്ടുണ്ട്. ഇതോടെ ഗ്രാമീണമേഖലയില്‍ 54 ശതമാനം കുടുംബങ്ങളും നഗരപ്രദേശങ്ങളിലെ 72 ശതമാനം കുടുംബങ്ങളും ആദ്യംതന്നെ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍നിന്ന് പുറത്താകും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് മൂന്നു രൂപ നിരക്കില്‍ അരി നല്‍കാനാണ് വ്യവസ്ഥ, എന്നാല്‍, എട്ട് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് കിലോഗ്രാമിന് ഒന്നോ രണ്ടോ രൂപയ്ക്ക് അരി നല്‍കുന്നുണ്ട്.

സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കാനായി ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍  രാജ്യത്തെ ജനങ്ങള്‍ പട്ടിണിയും പോഷകാഹാരക്കുറവുംകൊണ്ട് കഷ്ടപ്പെടുന്നു.  അതേസമയം, വിദേശ ഊഹക്കച്ചവടക്കാരുടെയും ധനമൂലധനത്തിന്റെയും ലാഭത്തിന് നികുതിചുമത്താതെ അവരെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ ആവശ്യപ്പെട്ടുള്ള ഇടതുപക്ഷ പാര്‍ടികളുടെ പ്രക്ഷോഭത്തിന് പ്രാധാന്യമേറുന്നത്. വരുന്ന ദിവസങ്ങളില്‍, താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭത്തില്‍ ലക്ഷക്കണക്കിനുപേര്‍ അണിനിരക്കും.

 * ബിപിഎല്‍- എപിഎല്‍ വേര്‍തിരിവ് പാടില്ല, സാര്‍വത്രിക   പൊതുവിതരണ സംവിധാനം നടപ്പാക്കുക

* കിലോഗ്രാമിന് രണ്ടു രൂപയില്‍ കവിയാത്ത നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കുക

* ക്ഷേമപദ്ധതികള്‍ക്കുള്ള അടിസ്ഥാനം എന്നനിലയില്‍ ആസൂത്രണ കമീഷന്‍ കൊണ്ടുവന്ന തട്ടിപ്പുകണക്കുകള്‍ തള്ളിക്കളയുക

* കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലാഭവും ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനിടെ ജൂലൈ 30 മുതല്‍ ആഗസ്ത് അഞ്ചുവരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന പഞ്ചദിന ധര്‍ണയോടെയാണ് പ്രക്ഷോഭം സമാപിക്കുക. ജനങ്ങളുടെ ക്ഷേമത്തില്‍ താല്‍പ്പര്യമുള്ളവരും ഭക്ഷണത്തിനുള്ള അവകാശം എല്ലാ പൌരന്മാരുടെയും മൌലികാവകാശമാണെന്ന് കരുതുന്നവരുമായ എല്ലാവരുടെയും പൂര്‍ണപിന്തുണ ഈ പ്രക്ഷോഭത്തിന് ഉറപ്പായും ലഭിക്കണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 06 ജൂലൈ 2012

ദൈവകണവും ദൈവവും

പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച മതാത്മക ധാരണകളെയും സങ്കല്‍പ്പങ്ങളെയും തകിടംമറിക്കാന്‍ പോന്നത് എന്ന് കരുതാവുന്ന പുത്തന്‍ അറിവുകളുടെ വിശാലലോകത്തേക്കാണ് "ദൈവകണം" എന്ന് ശാസ്ത്രലോകം വിശേഷിപ്പിച്ച ഹിഗ്സ് ബോസോണ്‍ മനുഷ്യരാശിയെ നയിക്കുന്നത്. ദൈവകണം എന്നാണ് വിശേഷണമെങ്കിലും ദൈവനിര്‍മിതമാണ് പ്രപഞ്ചം എന്ന വ്യവസ്ഥാപിത മതങ്ങളില്‍ പലതിന്റെയും ഉല്‍പ്പത്തിപുരാണങ്ങളുടെ അടിത്തറയെത്തന്നെയാണ് ഈ ആദികണത്തിന്റെ സാന്നിധ്യം ശാസ്ത്രയുക്തിയോടെ തകര്‍ക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു വൈരുധ്യമാണ്. ശാസ്ത്രലോകം ഹിഗ്സ് ബോസോണ്‍ എന്ന ആദികണം കണ്ടെത്തിയതായുള്ള വാര്‍ത്ത ഇന്ത്യക്ക് സവിശേഷമായ അഭിമാനം നല്‍കുന്ന ഒന്നാണ്. കാരണം, ഈ കണ്ടെത്തലിന്റെ പിതാവ് പീറ്റര്‍ ഹിഗ്സ് ആണെങ്കിലും പ്രപിതാമഹന്‍ ഇന്ത്യക്കാരനാണ്- കൊല്‍ക്കത്തക്കാരന്‍ സത്യേന്ദ്രനാഥ് ബോസ്.

വാതകത്തിന്റെ തെര്‍മല്‍ ഭാവമാറ്റങ്ങള്‍ സംബന്ധിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ സ്റ്റാറ്റിസ്റ്റിക്കല്‍ പഠനങ്ങളിലെ അപര്യാപ്തത ബോധ്യപ്പെട്ട ബോസ് ക്വാണ്ടം ഫിസിക്സിലെ തന്റെ കണ്ടെത്തലുകള്‍വച്ച് ബ്രിട്ടീഷ് ജേര്‍ണലിന് 1924ല്‍ പ്രബന്ധമെഴുതി അയച്ചു. അവര്‍ അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ബോസ് അത് വിശ്രുതശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് അയച്ചുകൊടുത്തു. ഐന്‍സ്റ്റീന്‍ അത് പ്രസിദ്ധീകരിച്ചു. ഇരുവരുംകൂടി ആലോചിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ബോസ്- ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്സുണ്ടാക്കി. ക്വാണ്ടം ഫിസിക്സിന്റെ അടിത്തറയായി അത്. ഫിസിക്സില്‍ ഇതുണ്ടാക്കുന്ന ദൂരവ്യാപകമായ ചലനങ്ങളെക്കുറിച്ച് ഐന്‍സ്റ്റീന്‍ ബോധവാനായിരുന്നു. ബോസ് തന്റെ പ്രബന്ധത്തില്‍ സൂചന നല്‍കുന്നത് ഒരു സബ് ആറ്റമിക് കണത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കിയ ഐന്‍സ്റ്റീന്‍ ബോസിന്റെ കണ്ടെത്തലായ ആ കണത്തിന് ബോസോണ്‍ എന്ന് പേരുകൊടുത്തു. ആ ബോസോണ്‍ ഇത്രകാലം ഒരു സങ്കല്‍പ്പം മാത്രമായിരുന്നെങ്കില്‍, ഇന്നത് യാഥാര്‍ഥ്യമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ആ ഹിഗ്സ് ബോസോണിനെ കണ്ടെത്തിയിരിക്കുന്നു. ഹിഗ്സിന്റെ മാത്രമല്ല, ഐന്‍സ്റ്റീന്റെയും സത്യേന്ദ്രനാഥ് ബോസിന്റെയും സ്മൃതിക്കുമുമ്പില്‍ പ്രണമിക്കേണ്ട ഉജ്വലമുഹൂര്‍ത്തമാണിത്. 99.99 ശതമാനവും കൃത്യമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുശതമാനമാകല്‍ കേവലം ഔപചാരികത മാത്രമാണ്. ബോസോണ്‍ കണ്ടെത്തിയ ബോസിനു മുമ്പില്‍ നാം ആദരവോടെ തലകുനിക്കുക. ഈ പ്രപഞ്ചം നാം കാണുന്ന രൂപത്തിലാകാന്‍ എന്താണ് കാരണമെന്ന കണ്ടെത്തലാണിത്. ഹിഗ്സ് ബോസോണിന്റെ സാന്നിധ്യമാണത്രേ ഈ പ്രപഞ്ചരൂപത്തെ നിര്‍ണയിച്ചത്. ഫ്രാന്‍സിനും സ്വിറ്റ്സര്‍ലന്‍ഡിനുമിടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലായി തുരങ്കം സൃഷ്ടിച്ച് പ്രപഞ്ചോല്‍പ്പത്തി ഘട്ടത്തിലെ സാഹചര്യങ്ങള്‍ അവിടെ ഒരുക്കി പ്രോട്ടോണുകള്‍ കൂട്ടിമുട്ടിച്ച് നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചാണ് ബിഗ്ബാങ്ങിന്റെ ചെറുപതിപ്പായ സംഘര്‍ഷം ഉണ്ടാക്കിയത്. കൂട്ടിയിടിയില്‍ ഉണ്ടാകുന്ന മൂലകണങ്ങള്‍ നിമിഷത്തിന്റെ ആയിരത്തിലൊന്നുനേരമേ നിലനില്‍ക്കൂ. അങ്ങനെ മിന്നിപ്പൊലിയുന്ന ഹിഗ്സ് ബോസോണ്‍ പിളര്‍ന്ന് രണ്ട് ഫോട്ടോണുകളാകുന്നതിനെ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പുതിയ സത്യങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രപഞ്ചത്തെ രൂപപ്പെടുത്തിയ ആറ്റം ഫിസിക്സിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ സുപ്രധാനമായ ഈ ഘടകം- ഹിഗ്സ് ബോസോണ്‍- ഇതുവരെ ശാസ്ത്രത്തിന് വഴങ്ങാത്ത പ്രഹേളികയായി നില്‍ക്കുകയായിരുന്നു. അതിനെ കീഴടക്കി എന്ന് ശാസ്ത്രത്തിന് ഇനി അഭിമാനിക്കാം. ആറുപതിറ്റാണ്ടുനീണ്ട ശാസ്ത്രദൗത്യത്തിന്റെ സാഫല്യമാണിത്. കണികാ ഫിസിക്സിലെ ചേരാത്ത ഇഴകളെ ഇത് ചേര്‍ക്കുന്നു. ദ്രവ്യത്തിന് പിണ്ഡം (mass) നല്‍കുന്നതെന്ത്, പിണ്ഡവും ഗുരുത്വവും (gravity) ചേര്‍ന്ന് എന്തിനും ഭാരം നല്‍കുന്നതെങ്ങനെ തുടങ്ങിയ അടിസ്ഥാനചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കാണ് ഹിഗ്സ് ബോസോണ്‍ കണ്ടെത്തല്‍ നയിക്കുന്നത്. ഈ ചോദ്യങ്ങള്‍ ആത്യന്തികമായി നയിക്കുന്നത് പ്രപഞ്ചമുണ്ടായതെങ്ങനെ, പ്രപഞ്ചം ഇങ്ങനെയായതെങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കാണ്. സൈദ്ധാന്തിക സാന്നിധ്യം മാത്രമായിനിന്നിരുന്ന ഹിഗ്സ് ബോസോണ്‍ ഭൗതികസാന്നിധ്യമായി സ്ഥിരീകരിക്കപ്പെട്ടതോടെ പുതിയ ചോദ്യങ്ങളിലേക്കും പുതിയ കണ്ടെത്തലുകളിലേക്കും ശാസ്ത്രലോകം കടക്കും. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് സ്വിസ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ പ്രോട്ടോണുകളുടെ അത്യൂര്‍ജ സംഘര്‍ഷങ്ങള്‍ നടത്തിപ്പോന്നതിന്റെ ആത്യന്തിക ലക്ഷ്യംതന്നെ "ബിഗ് ബാങ്" എന്നറിയപ്പെടുന്ന ആദിമമഹാസ്ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടായി എന്ന ശാസ്ത്രതത്വത്തിന്റെ ശരിയെ അളക്കാനായിരുന്നു. ആ വഴിയുള്ള വന്‍കുതിച്ചുചാട്ടമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് വ്യവസ്ഥാപിതമതങ്ങള്‍ പ്രചരിപ്പിച്ചുപോന്നിരുന്ന കാര്യങ്ങളുടെ അടിസ്ഥാനമില്ലായ്മയിലേക്ക് വിരല്‍ചൂണ്ടുന്ന പുതിയ കണ്ടെത്തല്‍ മനുഷ്യന്റെ അജയ്യമായ മേധാശക്തിയുടെയും ശാസ്ത്രയുക്തിയുടെയും പതാകയാണ് പ്രപഞ്ചത്തിനുമുകളില്‍ പാറിപ്പറപ്പിക്കുന്നത്. ഫിസിക്സിലെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തെ ഇത് തീവ്രവേഗത്തോടെ മുമ്പോട്ടുകൊണ്ടുപോകുന്നു.

ഹിഗ്സ് ബോസോണ്‍ സിദ്ധാന്തത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്ന ഗുണവിശേഷങ്ങളാണോ, അതോ അവയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഗുണവിശേഷങ്ങളാണോ പുതിയ കണത്തിനുള്ളത് എന്ന കാര്യം അന്വേഷിക്കലാകും ഇനി ഇഋഞച ല്‍ ഉണ്ടാവുക. അതിനുശേഷമേ നൂറുശതമാനം വിജയം എന്ന് അവര്‍ പറയൂ. ആ സാങ്കേതികത്വത്തിന് കാത്തിരിക്കലാണ് ഇപ്പോഴത്തെ വിജയത്തെ 99.99 ശതമാനമെന്നതില്‍ ശാസ്ത്രജ്ഞര്‍ ഒതുക്കിനിര്‍ത്തുന്നത്. ദ്രവ്യം എന്തുകൊണ്ടുണ്ടാക്കിയതാണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് മനുഷ്യരാശി നീങ്ങുകയാണ്. കണികാ ഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ വിട്ടുനിന്ന ഒരു കണ്ണി- ദൈവകണം - കൂടിച്ചേരുകയാണ്. ഈ സ്റ്റാന്‍ഡേര്‍ഡ് മോഡലാണ് മതങ്ങളുടെ ഉല്‍പ്പത്തി പുരാണങ്ങളെ ചോദ്യംചെയ്ത ശാസ്ത്രത്തിന്റെ പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തത്തിന്റെ അടിത്തറ. വിട്ടുപോയ കണ്ണി- അത് ദൈവകണമെന്ന പേരിലാണെങ്കില്‍ക്കൂടി- ശരിവയ്ക്കുന്നത് മതങ്ങളുടെ ഉല്‍പ്പത്തിപ്പുരാണങ്ങളെയല്ല, മറിച്ച് ശാസ്ത്രത്തിന്റെ ഉല്‍പ്പത്തിസിദ്ധാന്തത്തെത്തന്നെയാണ്. ആത്മീയതയ്ക്കുമേലേ ഭൗതികത അതിന്റെ സത്യാത്മകത ഉറപ്പിക്കുകകൂടിയാണ് ഇതിലൂടെ.

*
ദേശാഭിമാനി മുഖപ്രസംഗം 06 ജൂലൈ 2012

Thursday, July 5, 2012

യുഡിഎഫ് മൂടിവയ്ക്കുന്ന രാഷ്ട്രീയലക്ഷ്യം

സിപിഐ എം ആണ് ചന്ദ്രശേഖരനെ വധിച്ചതെന്നും സിപിഐ എം അക്രമികളുടെ പാര്‍ടിയാണെന്നുമാണ് കെപിസിസിയുടെയും മുഖ്യമന്ത്രിയുടെയും പ്രചാരണം. ലക്ഷക്കണക്കിന് അംഗങ്ങളും അനുഭാവികളും അതിലേറെ പേരുടെ പിന്തുണയുമുള്ള പാര്‍ടിയാണ് സിപിഐ എം. കേരളത്തിലെ 45 ശതമാനം ജനങ്ങള്‍ കൊലപാതകരാഷ്ട്രീയം നടത്തുന്നവരാണെന്നും അവരെ ഉന്മൂലനംചെയ്യണമെന്നുമാണ് പ്രചാരണത്തിന്റെ ആന്തരാര്‍ഥം. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിന് ടി പി ചന്ദ്രശേഖരന്‍ ഒരു നിമിത്തം മാത്രം. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കേരളത്തില്‍ ചാഞ്ചാട്ടക്കാരായ ഇടത്തരക്കാരുടെയും താഴ്ന്ന ഇടത്തരക്കാരുടെയും വോട്ട് നിര്‍ണായകമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. ഈ വിഭാഗത്തെ സിപിഐ എമ്മില്‍നിന്ന് അകറ്റുകയാണ് കോണ്‍ഗ്രസ് തന്ത്രം. അതിന് അവരില്‍ സിപിഐ എമ്മിനോട് വെറുപ്പും വിദ്വേഷവും വളര്‍ത്തിയെടുക്കണം. ചന്ദ്രശേഖരന്റെ കൊലപാതകത്തെ എത്രമേല്‍ ക്രൂരവും ബീഭത്സവും എന്ന് വരച്ചുകാണിക്കാമോ അത്രമേല്‍ ലാഭമുണ്ടാക്കാമെന്നും കോണ്‍ഗ്രസ് കരുതുന്നു.

ഈ വക ശ്രമങ്ങള്‍ക്ക് ഒരു പശ്ചാത്തലമുണ്ട്. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്; അഖിലേന്ത്യാതലത്തില്‍ മാത്രമല്ല കേരളത്തിലും. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിക്ക് പല മാനങ്ങളുമുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റെങ്കിലും സ്വപ്നംകണ്ട യുഡിഎഫ് എത്രമാത്രം ദുര്‍ബലമാണെന്ന് തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തി. നാമമാത്ര വോട്ടുകള്‍ക്കാണ് പല നിയോജകമണ്ഡലങ്ങളും എല്‍ഡിഎഫിന് നഷ്ടമായതെന്ന വസ്തുത ഏറ്റവും കൂടുതല്‍ അങ്കലാപ്പുണ്ടാക്കിയത് യുഡിഎഫിനാണ്. എല്‍ഡിഎഫിന്റെ ഭരണവും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണവും ജനം താരതമ്യംചെയ്തു എന്നതാണ് വസ്തുത. "അധികാരത്തിലിരിക്കുന്നവരോടുള്ള വിരക്തി" എന്ന പ്രതിഭാസം കാര്യമായി ഏശാതെപോയതും അതുകൊണ്ടുതന്നെ. യുഡിഎഫിന്റെ ഒരുകൊല്ലത്തെ ഭരണം അവരെത്തന്നെ ഭയപ്പെടുത്തുന്നു. ഭരണത്തില്‍ സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി എത്രമേല്‍ ആണയിട്ടാലും സത്യം മറിച്ചാണ്. വിഭാഗീയത സിപിഐ എമ്മിനെ പിളര്‍ത്തുമെന്നുകണ്ട സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞതും ഇക്കാലത്താണ്. സിപിഐ എം സമ്മേളനങ്ങളുടെയും പാര്‍ടികോണ്‍ഗ്രസിന്റെയും വിജയകരമായ പരിസമാപ്തി പാര്‍ടിയുടെ ഐക്യവും കരുത്തും സംഘടനാശേഷിയും ജനപിന്തുണയും വിളിച്ചോതി. ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഐ എം അധികാരത്തിലെത്തുമെന്ന ബോധ്യവും യുഡിഎഫിന്റെ ഉറക്കംകെടുത്തി. ഒന്നൊന്നായി അഴിമതി കേസുകള്‍ തുറക്കപ്പെടുമെന്ന ഭീതിയും വേട്ടയാടി. സിപിഐ എം ദുര്‍ബലപ്പെട്ടുകാണണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു സമ്പന്നവിഭാഗം കേരളത്തില്‍ സാമ്പത്തിക ശക്തിയാര്‍ജിച്ചും രാഷ്ട്രീയസ്വാധീനമുറപ്പിച്ചും വളര്‍ന്നുവരുന്നുണ്ട്.

ഇന്നലെവരെ കേരളത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിച്ചിരുന്നത് സംസ്ഥാനം കൈവരിച്ച ഉയര്‍ന്ന സാമൂഹ്യനീതിയാണ്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമായിരുന്നു അത്. സാമൂഹ്യനീതിക്കും ജനാധിപത്യാവകാശങ്ങള്‍ക്കുംവേണ്ടി നടത്തപ്പെട്ട എണ്ണമറ്റ സമരങ്ങള്‍, കാര്‍ഷിക- വിദ്യാഭ്യാസമേഖലകളിലെ പരിഷ്കാരങ്ങള്‍, സാക്ഷരതാപ്രസ്ഥാനം, അധികാരവികേന്ദ്രീകരണം, പുരോഗമനപരമായ തൊഴില്‍നിയമങ്ങള്‍, സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയിലൂടെയെല്ലാം വികസിച്ചുവന്നതാണ് സാമൂഹ്യനീതിയെന്ന ഉദാത്തലക്ഷ്യം. എന്നാല്‍, മെല്ലെയെങ്കിലും അത് ഇന്നലത്തെ ചരിത്രമാകുകയാണ്; അസമത്വം വളരുകയാണ്. അടുത്തകാലത്ത് പ്ലാനിങ് കമീഷന്‍ നടത്തിയ പഠനം അതിന് അടിവരയിടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരമതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവുമധികം അസമത്വം മൂര്‍ച്ഛിച്ച സംസ്ഥാനമാണ് കേരളം എന്ന് പഠനം വ്യക്തമാക്കുന്നു. അസമത്വത്തെ നമുക്ക് ഒരു സൂചിക ഉപയോഗിച്ച് അളക്കാം. സംസ്ഥാനത്തെ സ്വത്തും വരുമാനവും ഒരു വ്യക്തി ഒറ്റയ്ക്ക് കൈയടക്കുന്നു എന്ന് കരുതുക. എങ്കില്‍ അസമത്വം പൂര്‍ണമാണ്. അസമത്വസൂചികയെ ഒന്ന് എന്ന അക്കം കൊണ്ട് വിശേഷിപ്പിക്കാം. സ്വത്തും വരുമാനവും എല്ലാ പൗരന്മാരിലും തുല്യമായി വിതരണംചെയ്യപ്പെടുന്നു എന്നു കരുതുക. അതായത് പരിപൂര്‍ണസമത്വം ആര്‍ജിച്ച സാമൂഹ്യവ്യവസ്ഥ. അസമത്വം ഇല്ല എന്ന് സൂചിപ്പിക്കാന്‍ പൂജ്യം എന്ന അക്കം ഉപയോഗിക്കാം. ഏത് സമൂഹത്തിലും അസമത്വസൂചികയുടെ മൂല്യം ഒന്നിനും പൂജ്യത്തിനും ഇടയിലായിരിക്കും. പ്ലാനിങ് കമീഷന്‍ പഠനത്തില്‍നിന്ന് ഒരു ഉദാഹരണമെടുക്കാം. പഞ്ചാബ് ഗ്രാമങ്ങളിലെ അസമത്വം 0.26ല്‍നിന്ന് 0.29 ആയും പട്ടണങ്ങളിലേത് 0.32ല്‍നിന്ന് 0.36 ആയും വര്‍ധിച്ചു. കേരളത്തിലെയോ? ഗ്രാമങ്ങളിലെ അസമത്വം 0.29ല്‍നിന്ന് 0.35 ആയി വര്‍ധിച്ചു. പട്ടണങ്ങളിലേത് 0.35ല്‍നിന്ന് 0.40 ആയി ഉയര്‍ന്നു. വളരെ ഉയര്‍ന്ന അസമത്വനിരക്കാണിത്. അസമത്വം വര്‍ധിക്കുകയാണ്; സ്വത്തും വരുമാനവും കൈപ്പിടിയിലൊതുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വിദ്യാഭ്യാസ- മദ്യക്കച്ചവടക്കാര്‍, ഭൂമാഫിയകള്‍, റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍, കോണ്‍ട്രാക്ടര്‍മാര്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥപ്രമാണികള്‍, നികുതിവെട്ടിപ്പുകാര്‍, മണലൂറ്റുകാര്‍, ആഭരണക്കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിനൊന്ന് സമ്പത്ത് സമാഹരിക്കുന്നു. പണവും രാഷ്ട്രീയസ്വാധീനവും അവര്‍ക്കുണ്ട്. മാധ്യമങ്ങളെ വിലയ്ക്കെടുക്കാനുള്ള കഴിവുമുണ്ട്. യുഡിഎഫിന്റെ കുടക്കീഴിലാണ് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതം എന്ന് അവര്‍ മനസ്സിലാക്കുന്നു. സിപിഐ എം ദുര്‍ബലമാകണമെന്നും ആഗ്രഹിക്കുന്നു.

ആഗോള മൂലധനത്തിന്റെ ഒന്നാംനമ്പര്‍ ശത്രുവാണ് കമ്യൂണിസം. കമ്യൂണിസ്റ്റുകാര്‍ ഇല്ലാത്ത ഒരു വ്യവസ്ഥിതിയാണ് അവര്‍ ആഗ്രഹിക്കുന്നത്. ആഗോളവല്‍ക്കരണ ബദല്‍ സാമ്പത്തികനയങ്ങള്‍ അവര്‍ക്ക് ചതുര്‍ഥിയാണ്. അതുകൊണ്ട് ബദല്‍നയങ്ങള്‍ നടപ്പാക്കുന്ന എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ സാമ്പത്തികമായും രാഷ്ട്രീയമായും അവര്‍ ശ്രമിക്കും. നേരിട്ടുള്ള ഇടപെടലിനേക്കാള്‍ ആഗോള മൂലധനത്തിന് താല്‍പ്പര്യം യുഡിഎഫിലൂടെ ഇടപെടുന്നതായിരിക്കും. രാഷ്ട്രീയരംഗത്ത് സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതും ജനങ്ങളെ നേരിട്ടുബാധിക്കുന്നതുമായ പ്രശ്നങ്ങളെയെല്ലാം തമസ്കരിച്ച് ചന്ദ്രശേഖരന്റെ കൊലപാതകമാണ് മൂന്നരക്കോടി ജനങ്ങളെ ബാധിക്കുന്ന ഏകപ്രശ്നം എന്ന നിലയ്ക്ക് അവതരിപ്പിക്കുന്നതില്‍ യുഡിഎഫും മാധ്യമങ്ങളും വിജയിച്ചിട്ടുണ്ട്. പക്ഷേ, ഇന്നല്ലെങ്കില്‍, നാളെ ജനങ്ങള്‍ അവരുടെ യഥാര്‍ഥ ജീവിതപരിസരത്തേക്ക് മടങ്ങും. അഞ്ചാംമന്ത്രി പ്രശ്നം ഉയര്‍ത്തിവിട്ട ജാതീയവും മതപരവുമായ വിഭാഗീയത, ലോഡ് ഷെഡിങ്, വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, സര്‍വകലാശാല ഭൂമിദാനം, മണ്ണെണ്ണനിഷേധം, പാചകവാതക- പെട്രോള്‍- ഡീസല്‍ വിലവര്‍ധന, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നം- അങ്ങനെ എണ്ണമറ്റ ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിലേക്കല്ല തിരിയുക; അവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുക സിപിഐ എമ്മിനെയായിരിക്കും. സിപിഐ എം ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷം ക്ഷീണിക്കും. ആ ഒഴിവ് നികത്തുക ജാതി- മത ശക്തികളും അവരിലൂടെ പരകായപ്രവേശം നടത്താന്‍ വെമ്പുന്ന ബിജെപിയുമായിരിക്കും. വര്‍ഗീയതയുടെ താണ്ഡവമായിരിക്കും പിന്നെ കേരളം കാണുക.

ചന്ദ്രശേഖരന്റെ വധം ഉയര്‍ത്തിവിട്ട കോലാഹലങ്ങള്‍ അവസാനിച്ചാലും കോണ്‍ഗ്രസ് അടങ്ങിയിരിക്കുകയില്ല. ബംഗാള്‍ അവര്‍ക്ക് വഴികാട്ടിയാണ്. എല്ലാ വിഘടനശക്തികളെയും കൂട്ടുപിടിച്ചാണ് മമത ബാനര്‍ജി 36 കൊല്ലത്തെ ഇടതുപക്ഷഭരണത്തിന് വിരാമം കുറിച്ചത്. കേരളത്തില്‍ അതിനുള്ള സാധ്യതകള്‍ ആരായുകയാണ് കോണ്‍ഗ്രസ്. പക്ഷേ ഒരു കൊലപാതകത്തെ കേന്ദ്രീകരിച്ച പ്രചാരണങ്ങള്‍കൊണ്ട് കേരളത്തിലൂടനീളം വേരോട്ടമുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാം എന്നു കരുതുന്നത് അതിമോഹമാണ്.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ 05 ജൂലൈ 2012