Friday, February 1, 2013

ആവിഷ്‌കാര സ്വാതന്ത്ര്യവും 'വിശ്വരൂപവും'

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുനേരെ എവിടെനിന്ന് പ്രതിലോമശക്തികള്‍ രംഗത്ത് വന്നാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും അത് കലയുടെ നേരയോ കലാകാരന്റെ നേരയോ ആകുമ്പോള്‍. കമലാഹാസന്റെ 'വിശ്വരൂപം' എന്ന സിനിമയ്ക്ക് നേരെ ചില മുസ്ലിം യാഥാസ്ഥിതിക സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് കലയും ആവിഷ്‌കാര സ്വാതന്ത്യവും എന്ന വിഷയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 'വിശ്വരൂപം' എന്ന സിനിമയില്‍ മുസ്ലിം വിരുദ്ധമായ രംഗങ്ങള്‍ ഉണ്ടെന്ന് കാട്ടി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള യാഥാസ്ഥിതിക മുസ്ലീം സംഘടനകളും മറ്റും രംഗത്ത് വരുമ്പോള്‍ ഈ സിനിമയില്‍ മുസ്ലിം വിരുദ്ധതയില്ലെന്നും മറിച്ച് ഇസ്ലാമിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വിമര്‍ശനവിധേയമാക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി കമലാഹാസനും പുരോഗമന പ്രസ്ഥാനങ്ങളും സാംസ്‌കാരിക ചിന്തകരും രംഗത്തുണ്ട്. അതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് പിന്തുണക്കുന്നവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിലപാടുകളുടെ പാപ്പരത്തവും മുസ്ലിം വിരോധവും മാത്രം ഉള്ളില്‍വെച്ച് ഇത് ഹിന്ദു അനുകൂല സിനിമയാണെന്ന് തെറ്റിദ്ധരിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് സംഘ്പരിവാര്‍ കക്ഷികളും ആവശ്യപ്പെടുന്നു. കോലാഹലങ്ങള്‍ കേട്ടാല്‍തോന്നുക കമലാഹാസന്‍ ആദ്യമായാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ്. ഒരു ഹിന്ദു കുടുംബത്തിലാണ് കമലാഹാസന്‍ ജനിച്ചതെങ്കിലും, ഒരു നിരീശ്വരവാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അത് തുറന്നു പ്രഖ്യാപിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളില്‍ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉള്‍ച്ചേര്‍ന്നിട്ടുമുണ്ട്. അന്‍പേശിവം, ദശാവതാരം എന്നീ സിനിമകളാണ് ഇതിന് ഉദാഹരണങ്ങള്‍.

ലോകത്ത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കമ്യൂണിസ്റ്റുകളും മുസ്ലിം ജനതയുമാണ് എന്ന വസ്തുത അറിയാത്ത ആളല്ല കമലാഹാസന്‍. വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണത്തിന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കുമേല്‍ വലിയ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നതിന് പൊതു ഇടങ്ങളെ സജ്ജമാക്കുന്നതിന് പകരം മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്ന ചില ഗ്രൂപ്പുകളാണ് സിനിമക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
കലാവിഷ്‌കാരങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക സമൂഹം രംഗത്ത് വരുന്നത് ഇത് ആദ്യ സംഭവമല്ല. എന്നാല്‍ അടുത്തകാലത്തായി ഏതു തരത്തിലുള്ള സംവാദങ്ങളെയും അടയ്ക്കുന്ന രീതിയില്‍ മതസംഘടനകള്‍ കലാവിഷ്‌കാരങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഒരു കാലത്ത് സാംസ്‌കാരിക സംവാദങ്ങളുടെ ഇടങ്ങള്‍ സൃഷ്ടിച്ചിരുന്ന കേരളമിപ്പോള്‍ മത ചിഹ്നങ്ങള്‍ അണിയുന്നവരുടെ കംപാര്‍ട്ട്‌മെന്റുകളാല്‍ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പുരോഗമന ശക്തികള്‍ രംഗത്ത് വരേണ്ട ചരിത്രഘട്ടമാണിത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമക്കെതിരെ തമിഴ്‌നാട് സര്‍ക്കാരും രംഗത്ത് വന്നു. ഇത്തരത്തില്‍ മതേതരത്വം ക്രൂശിക്കപ്പെട്ടാല്‍ നാട് വിടേണ്ടി വരുമെന്ന് വരെ കമലാഹാസന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കതന്നെ വളര്‍ത്തിയെടുത്ത മുസ്ലിം തീവ്രവാദികള്‍ രാഷ്ട്രീയ ഇസ്ലാമായി പരിണമിച്ച് മുസ്ലിംകളെ തീവ്രവാദത്തിലേയ്ക്ക് നയിക്കാന്‍ കാരണമാകുന്നുണ്ട്. ലോകത്ത് വളരുന്ന ഇസ്ലാമികഫോബിയ മുതലെടുക്കാനാണ് തീവ്രവാദ മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ചുനിന്ന് ലോകത്ത് സൗഹൃദത്തിന്റെ ലോകം തുറക്കുന്ന സാംസ്‌കാരിക ഇസ്ലാമിന് മേല്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ആധിപത്യം കൂടി വരുന്നുണ്ട്. ഇത്തരം രാഷ്ട്രീയ ഇസ്ലാമിന്റെ പ്രവര്‍ത്തകരും പ്രചാരകരുമാണ് ലോകത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കേണ്ടത് ജിഹാദി പ്രവര്‍ത്തനത്തിലൂടെയല്ലെന്നും   അമേരിക്കന്‍ ആധിപത്യത്തെ ചെറുക്കുന്ന ലോകജനതയുടെ ഐക്യത്തോടെ വേണമെന്നും ഇവര്‍ തിരിച്ചറിയുന്നില്ല. ഇത്തരത്തില്‍ പ്രതിലോമകരമായ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ഇപ്പോള്‍ സിനിമക്കെതിരെ രംഗത്ത് വരുന്നത്. മുസ്ലിം ജനതയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും ചെറുത്തുനില്‍പുകളെയും ശരിയായ രീതിയില്‍ വിലയിരുത്തുന്നതിനു പകരം പ്രതിലോമകരമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ 'വിശ്വരൂപം'എന്ന സിനിമയെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹോളിവുഡിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന കാഴ്ചയുടെ വ്യത്യസ്തതകള്‍ സിനിമ നല്‍കുന്നുണ്ടെങ്കിലും 'വിശ്വരൂപം' പൂര്‍ണമായും ഒരു സാമ്രാജ്യത്വവിരുദ്ധ സിനിമയാണെന്നോ മുസ്ലിംപക്ഷ സിനിമയാണെന്നോ പറയാന്‍ കഴിയില്ല. സൂക്ഷ്മാര്‍ഥത്തില്‍ അമേരിക്കയെ എതിര്‍ക്കുകയും മുസ്ലിംകള്‍ക്കിടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കാഴ്ചക്കാരന്റെ രാഷ്ട്രീയത്തിനനുസരിച്ച് വിലയിരുത്തേണ്ടി വരുന്നു. ഇടതുപക്ഷ പൊതുബോധത്തില്‍ കമലാഹാസന്റെ നിലപാടുകള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമ്പോള്‍ അമേരിക്കന്‍ പക്ഷപാതികള്‍ക്കോ മതയാഥാസ്ഥികര്‍ക്കോ അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസരിച്ച് പക്ഷം ചേരാന്‍ കഴിയുന്നു. എന്നാല്‍ സിനിമ മുസ്ലിം വിരുദ്ധമല്ല. കമലാഹാസന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരബോധം പൂര്‍ണാര്‍ഥത്തില്‍ സിനിമയില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയാതിരുന്നത് ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചേക്കാം.  ഹിന്ദുത്വഭീകരതയെ തുറന്നു കാട്ടുന്ന കമല്‍ സിനിമകളുടെ കാഴ്ചകള്‍ പോലുള്ള വ്യക്തത ഈ സിനിമയില്‍ ഉണ്ടായില്ലെന്ന സംശയമാണ് പ്രേക്ഷകര്‍ക്കുണ്ടാകുക. ഇത് സിനിമയുടെ ആന്തരികഘടനയുടെ പ്രശ്‌നമല്ല മറിച്ച് കാഴ്ച ഉല്‍പാദിപ്പിച്ച വ്യതിരിക്തതയുടെ അല്ലെങ്കില്‍ സൂക്ഷ്മതയുടെ പ്രശ്‌നമാണ്. ലോകത്ത് ജിഹാദികള്‍ ഉണ്ടാകാനുള്ള കാരണം അമേരിക്കയാണെന്ന യാഥാര്‍ഥ്യം പ്രത്യക്ഷത്തില്‍ ഈ സിനിമ നല്‍കുന്നില്ല. എന്നാല്‍ പരോക്ഷമായി പറയുന്നുമുണ്ട്. ചരിത്രപരമായ വസ്തുതകള്‍ അവതരിപ്പിക്കുന്നതിലെ പാകപ്പിഴയാണ് ഇതിന് കാരണം. 'വിശ്വരൂപം' സിനിമയെ സംബന്ധിച്ചിടത്തോളം അടുത്തകാലത്തിറങ്ങിയ പല മലയാളം സിനിമകള്‍ ഉള്‍പ്പെടെ മുസ്ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ 'വിശ്വരൂപം' അത്തരത്തില്‍ പ്രതിലോമകരമായ വിമര്‍ശനം നടത്തുന്നില്ല. ഇസ്ലാമിക സാംസ്‌കാരിക ധാരയെ അംഗീകരിക്കുമ്പോള്‍ തീവ്രവാദത്തെ മാത്രമാണ് എതിര്‍ക്കുന്നത്. അതുകൊണ്ടു തന്നെ തീവ്രമുസ്ലിം സംഘടനകള്‍ പറയുന്നതുപോലെ ഇത് മുസ്ലീം വിരുദ്ധ സിനിമയാകുന്നില്ല. അല്‍ഖ്വയ്ദ, താലിബാന്‍ ഇത്തരം സംഘടനകളെയാണ് സിനിമയില്‍ കാണാന്‍ കഴിയുന്നത് എന്നത് ഇതിന് ഉദാഹരണമാണ്. മുല്ല ഉമറിനോട് സാമ്യമുള്ള ഒറ്റക്കണ്ണനായ ഉമര്‍ എന്ന അഫ്ഗാന്‍ അല്‍ഖ്വയ്ദ നേതാവ് ന്യുയോര്‍ക്ക് നഗരത്തെ നശിപ്പിക്കാന്‍ ആസൂത്രണം ചെയ്ത ന്യൂക്ലിയര്‍ യുദ്ധതന്ത്രമായ സീസിയം ബോംബാക്രമണം തകര്‍ക്കാന്‍ കഥക് നൃത്താധ്യാപകന്റെ വേഷത്തില്‍ അമേരിക്കയിലെത്തിയ 'റോ' ഓഫീസറാണ് വിശ്വനാഥ്. തന്റെ ഭാര്യ നിരുപമ ന്യൂക്ലിയര്‍ ഓംഗോളജിയില്‍  പി  എച്ച് ഡി ചെയ്യുകയാണ്. ഭര്‍ത്താവിനെ സംശയമുള്ള നിരുപമ ഇത് നിരീക്ഷിക്കാന്‍ നിയോഗിച്ച പ്രൈവറ്റ് ഡിറ്റക്ടീവ് ഉമറിന്റെ സംഘത്താല്‍ കൊല്ലപ്പെടുന്നതോടെയാണ് അഫ്ഗാന്‍ പ്രദേശം സിനിമയിലെത്തുന്നു. അഫ്ഗാനിസ്ഥാനില്‍ ഉമറിന്റെ അനുയായി എന്ന നിലയില്‍ വിശ്വനാഥ്, വഹി അഹമ്മദ് കശ്മീരി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭൂതകാലമാണ് സിനിമയില്‍ പ്രത്യേകതയാകുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധതയും ഇസ്ലാമിക ചെറുത്തുനില്‍പുകളും വ്യക്തമാക്കുന്ന കാര്യത്തില്‍ വന്ന പാകപ്പിഴ സിനിമയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും സിനിമ മുസ്ലിം വിരുദ്ധമല്ല. ഇതിനെതിരെ കോലാഹലമുണ്ടാക്കേണ്ട ആവശ്യവുമില്ല.

സെപ്റ്റംബര്‍ 11ന്‌ശേഷം ഭീകരതക്കെതിരെ യുദ്ധം എന്ന പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ കാഴ്ചയില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യക്ഷദൃശ്യങ്ങള്‍ ഒരുപക്ഷേ അമേരിക്കന്‍ നടപടിയെ ന്യായീകരിക്കുന്നതാണ് എന്ന് തോന്നാമെങ്കിലും പരോക്ഷമായി അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന സിനിമ തന്നെയാണിത്. എന്നാല്‍ ഓരോ കാഴ്ചക്കാരന്റെയും രാഷ്ട്രീയമായിരിക്കും ഇത് നിര്‍ണയിക്കുക. എന്നാല്‍ സിനിമയ്‌ക്കെതിരെ ചില യാഥാസ്ഥിതിക മുസ്ലിം സംഘടനകള്‍ രംഗത്ത് വരുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. അഭിനയത്തിലും സാങ്കേതിക മികവിന്റെ കാര്യത്തിലും മികച്ച നിലവാരമാണ് സിനിമയ്ക്കുള്ളത്.    ഒരു മതത്തിലും വിശ്വസിക്കാത്ത കമലാഹാസന്‍ എല്ലാ മതങ്ങളുടെയും ഫാസിസ്റ്റ് പ്രവണതയെ എതിര്‍ക്കുകയും മതേതരമുഖത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ കാഴ്ചകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനം അദ്ദേഹത്തിനൊപ്പം നിന്ന് എതിര്‍ക്കപ്പെടേണ്ടതാണ്. 

*
രാജേഷ് കെ എരുമേലി ജനയുഗം 01 ഫെബ്രുവരി 2013

സുപ്രിംകോടതിവിധി കണ്ണുതുറപ്പിക്കുന്നത്

സൂര്യനെല്ലി കേസില്‍ സുപ്രിംകോടതി പ്രഖ്യാപിച്ചവിധി ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി സുപ്രിം കോടതിയുടെ പരിഗണനയ്ക്കായി കാത്തുകിടന്ന അപേക്ഷയിന്മേലുണ്ടായ വിധി രാജ്യത്തെ സ്ത്രീ സമൂഹത്തെ മാത്രമല്ല നീതിക്കുവേണ്ടി ദാഹിക്കുന്ന മുഴുവന്‍ ജനതയേയും ആവേശം കൊള്ളിക്കുന്നു. 42 പ്രതികളില്‍ ഒരാള്‍ ഒഴിച്ച് മറ്റെല്ലാവരെയും വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതി ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചിരിക്കുന്നു. 16 വയസുമാത്രം പ്രായമായ പെണ്‍കുട്ടി സ്വന്തം ഇഷ്ടത്തോടെയും അനുവാദത്തോടെയും ആണ് 40 ദിവസം ലൈംഗികാക്രമണത്തിന് വിധേയയായതെന്ന ഹൈക്കോടതി നിരീക്ഷണം അമ്പരപ്പ് ഉളവാക്കുന്നതാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

ബലാത്സംഗ കേസുകളില്‍ വെറും 26 ശതമാനം മാത്രം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന നാണംകെട്ട അവസ്ഥയിലാണിന്ന് ഇന്ത്യ. തെരുവിലും ബസിലും വീട്ടിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പൈശാചികമായി ആക്രമിക്കപ്പെടുന്നവരില്‍ നാല് മാസം പ്രായമായ കുഞ്ഞും 80 വയസായ വൃദ്ധയുംവരെ ഉള്‍പ്പെടുന്നു. സ്ത്രീകള്‍ ജീവിക്കുവാന്‍ ഭയപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെസ്ഥാനം അഞ്ചാമതാണെന്ന് ഓര്‍ക്കണം. ആഗോളവല്‍ക്കൃത സാമ്പത്തിക നയങ്ങള്‍ ദാരിദ്ര്യത്തിന്റെ സ്‌ത്രൈണവല്‍ക്കരണം ഭീതിദമാംവിധം രൂക്ഷമാക്കിയിരിക്കുന്നു. കൂടുതല്‍ പ്രാന്തവല്‍ക്കരണത്തിലേയ്ക്കാണ് ദളിത്, ആദിവാസി, ന്യൂനപക്ഷ സ്ത്രീകള്‍ തള്ളിമാറ്റപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ ആറര പതിറ്റാണ്ടില്‍ അധികാരത്തിന്റെ മേഖലയില്‍ ഇന്നും ഇന്ത്യന്‍ സ്ത്രീ അദൃശ്യയായിരിക്കുന്നു. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും. സ്ത്രീ വിരുദ്ധമായ, ജനാധിപത്യ വിരുദ്ധമായ ശക്തികള്‍ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥയിലാണ് സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ട കോടതികള്‍ അധികാരത്തിന്റെയും സമ്പത്തിന്റേയും ശക്തികളുടെ കാവലാളുകള്‍ ആകുമ്പോള്‍ തകിടം മറിയുന്നത് ഒരു ജനാധിപത്യ വ്യവസ്ഥ അപ്പാടെയാണ്. സൂര്യനെല്ലി കേസിലെ സുപ്രിം കോടതി വിധിയിലൂടെ ജനാധിപത്യം ആണ് കരുത്താര്‍ജിച്ചിരിക്കുന്നത്. വര്‍മ കമ്മിഷന്‍ റിപ്പോര്‍ട്ടും ദില്ലി പെണ്‍കുട്ടിയുടെ ദുരന്തം സൃഷ്ടിച്ച ഞെട്ടലും സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള വീണ്ടുവിചാരത്തിന് രാജ്യത്തെയാകെ പ്രാപ്തമാക്കിയിട്ടുണ്ട് എന്ന് സുപ്രിംകോടതിവിധി വ്യക്തമാക്കുന്നു. ഡല്‍ഹി പെണ്‍കുട്ടിയുടെ സംഭവത്തിനുശേഷം രൂപീകൃതമായ സുപ്രിംകോടതിയുടെ പ്രത്യേക ബഞ്ചാണ് സൂര്യനെല്ലി കേസില്‍ വിധിപ്രസ്താവിച്ചിരിക്കുന്നത്.

40 പേര്‍ ചേര്‍ന്ന് 42 ദിവസം പീഡിപ്പിച്ച അതിദാരുണമായ സംഭവമാണ് സൂര്യനെല്ലി കേസ്. ഈ കേസിലെ പെണ്‍കുട്ടി കടന്നുപോയ നോവിന്റെ പിടച്ചില്‍ വാക്കുകള്‍ക്കതീതമാണ്. സാക്ഷികളും മൊഴികളുമൊക്കെ ഉണ്ടായിട്ടും പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. വിധി പ്രസ്താവനവേളയില്‍ നടത്തിയ പരാമര്‍ശം അന്ന് പൊതുസമൂഹത്തില്‍ ഞെട്ടലുളവാക്കി.

കോടതിയുടെ വിശ്വാസ്യത തകര്‍ത്ത സംഭവത്തോടെ എവിടെയും അഭയമില്ലെന്ന തിരിച്ചറിവില്‍ ആ കുടുംബം നേരിട്ട പ്രതിസന്ധി ഇന്നും തുടരുന്നു. പക്ഷേ, സമാനമായ എല്ലാ കേസുകളിലും നീതി കിട്ടുമെന്നൊരു പ്രതീക്ഷ ഈ വിധി നല്‍കിയിരിക്കുന്നു.

ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണം എന്നും 35 പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 16 വര്‍ഷമായി യാതനാപൂര്‍ണമായ ജീവിതം നയിക്കുന്ന പെണ്‍കുട്ടിയേയും കുടുംബത്തേയും കൂടുതല്‍ പീഡിപ്പിക്കുന്നതാകരുത് ഇനിയുള്ള വിചാരണയും നടപടിക്രമങ്ങളും. കള്ളക്കേസില്‍ കുടുക്കിയും ഭീഷണിപ്പെടുത്തിയും ആ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നവര്‍ക്കു കൂടിയുള്ള താക്കീതാണ് സുപ്രിംകോടതി വിധി. ദില്ലി പെണ്‍കുട്ടിക്കായി ഇന്ത്യ കണ്ണുനീര്‍ വാര്‍ത്തതുപോലെ തന്നെ സൂര്യനെല്ലി പെണ്‍കുട്ടിയും നമ്മുടെ എല്ലാവരുടെയും പിന്തുണയും സഹായവും അര്‍ഹിക്കുന്നു.

ഇനിയും ഒരല്‍പംപോലും വൈകാതെ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്നും കുറ്റവാളികള്‍ക്ക് എത്ര ഉന്നതരായാലും മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

*
ജനയുഗം മുഖപ്രസംഗം 01 ഫെബ്രുവരി 2013

വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്നു

വടക്കന്‍ മഹാരാഷ്ട്രയില്‍ നാലുലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ധൂലെ നഗരത്തില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. നവവത്സരം പിറന്ന് ആറാംദിവസമാണ് നഗരത്തില്‍ വര്‍ഗീയകലാപമുണ്ടായത്. ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട ആറുപേര്‍ ഈ കലാപത്തില്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പൊലീസ് വെടിവയ്പില്‍ പരിക്കേറ്റു. രാജ്യത്ത് വര്‍ഗീയകലാപങ്ങള്‍ പുത്തരിയല്ല. വിഭജനത്തിന്റെ രക്തക്കറ പുരണ്ടാണ് രാജ്യം സ്വതന്ത്രമായത്. ധൂലെയില്‍തന്നെ 2008ല്‍ വര്‍ഗീയകലാപമുണ്ടായി. എന്നാല്‍, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കലാപമുണ്ടായപ്പോള്‍ അത് തടയാന്‍ ഭരണഘടനാപരമായി ബാധ്യതപ്പെട്ടവര്‍തന്നെ അത് രൂക്ഷമാക്കാന്‍ ശ്രമിച്ചുവെന്ന കാര്യമാണ് മതനിരപേക്ഷവാദികളെ ഞെട്ടിക്കുന്നത്.

1987ല്‍ ഉത്തര്‍പ്രദേശിലെ മീറത്തില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരെ വെടിവച്ച് കനാലില്‍ തള്ളിയത് പൊലീസായിരുന്നു. അയോധ്യപ്രസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളില്‍ ഉത്തര്‍പ്രദേശിലെ പൊലീസ് ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) പരസ്യമായി ഹിന്ദുത്വശക്തികളെ സഹായിച്ചു. ബിഹാറിലെ ഭഗല്‍പുരില്‍ 1989ല്‍ ന്യൂനപക്ഷവിഭാഗങ്ങളെ പൊലീസ്തന്നെ വെടിവച്ചും വെട്ടിയും കൊന്ന് വയലുകളിലും കിണറുകളിലും തള്ളി. അതിനുസമാനമായ രംഗങ്ങളാണ് ധൂലെയിലും ദൃശ്യമായതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പൊലീസ് ഇടപെട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു ധൂലെയിലേത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് അതിന്റെ വിലസംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കലാപത്തിലേക്ക് നയിച്ചത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് വിലസംബന്ധിച്ച് തര്‍ക്കിച്ചത്. ഇവര്‍ പൊലീസിനെ സമീപിച്ചപ്പോള്‍ കേസ് രജിസ്റ്റര്‍ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ഇരുവിഭാഗവും ആളുകളെ കൂട്ടി സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. പൊലീസ് വൈകിമാത്രമാണ് ഇടപെട്ടത്. ഇടപെട്ടപ്പോഴാകട്ടെ പൊലീസ് ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവരെ തെരഞ്ഞുപിടിച്ച് മര്‍ദിക്കാനും വെടിവയ്ക്കാനും തുടങ്ങി. കാല്‍മുട്ടിനുതാഴെമാത്രമേ വെടിവയ്ക്കാവൂ എന്ന പൊലീസ് മാന്വലൊന്നും മഹാരാഷ്ട്ര പൊലീസ് പാലിച്ചില്ല. വെടിയേറ്റ ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട 40 പേര്‍ക്ക് മുട്ടിനുമുകളിലാണ് വെടിയേറ്റത്. പരിക്കേറ്റ ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍പോലും ഭയമായിരുന്നു. ചികിത്സ തേടുന്നവരെയൊക്കെ കലാപക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന പൊലീസ് ഭീഷണിയായിരുന്നു ഇതിന് കാരണം. മുംബൈകലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷനുമുമ്പില്‍ മഹാരാഷ്ട്ര അഡീഷണല്‍ പൊലീസ് കമീഷണര്‍ വി എന്‍ ദേശ്മുഖ് നല്‍കിയ മൊഴിയില്‍ പറഞ്ഞത്, 80 ശതമാനം പൊലീസുകാരെയും റിക്രൂട്ടുചെയ്തത് ശിവസൈനികരാണെന്നാണ്. 2008ല്‍ കലാപമുണ്ടായ വേളയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടത്തിയ പ്രസ്താവന, മഹാരാഷ്ട്ര പൊലീസിന്റെ വര്‍ഗീയമുഖം തെളിയിക്കുന്നതാണ്. രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങളുടെയും ആസൂത്രകര്‍ മുസ്ലിങ്ങളാണെന്ന കാര്യം സ്ഥാപിക്കപ്പെട്ട വസ്തുതയാണെന്നാണ് അന്ന് പൊലീസ് എഴുതിവച്ചത്.

ശിവസേനയെ കുറ്റക്കാരായി വീക്ഷിക്കുന്ന ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍, പൊലീസിന്റെ ഈ വര്‍ഗീയവല്‍ക്കരണത്തെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് മാത്രമല്ല, ഭരണനിര്‍വഹണവിഭാഗത്തിലെ ഉദ്യോഗസ്ഥരും മഹാരാഷ്ട്രയില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത. ധൂലെ നഗരത്തില്‍ 25 ശതമാനംപേരും മുസ്ലിങ്ങളാണെങ്കിലും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന വിഭാഗമാണിത്. 1987ലെ കലാപവേളയില്‍ ബിഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും കുടിയേറിയ നെയ്ത്തുകാരായ അന്‍സാരി മുസ്ലിങ്ങളാണ് ധൂലെയിലും മലേഗാവിലും മറ്റുമുള്ളത്. പവര്‍ലൂം വ്യവസായം തകര്‍ന്നതോടെ ഇവരുടെ ജീവനോപാധിയും തകര്‍ന്നു. കാര്‍ഷികമേഖലയിലെ പ്രതിസന്ധി ഇവരെ കൂടുതല്‍ തളര്‍ത്തി. സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് ഇവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനുമായില്ല. ധൂലെയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനംമാത്രമാണ് മുസ്ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. കഷ്ടതയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന ഈ വിഭാഗത്തെ നഗരത്തില്‍നിന്ന് ഓടിക്കാനാണ് പൊലീസും ഹിന്ദുവര്‍ഗീയവാദികളും കലാപത്തിലൂടെ ശ്രമിക്കുന്നത്.

പവര്‍ലൂം വ്യവസായം ഉണ്ടായിരുന്ന കാലത്ത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടികളും ധൂലെയിലും ആദിവാസികള്‍ ഏറെ വസിക്കുന്ന നന്ദുര്‍ബാര്‍ ജില്ലയിലും സജീവസാന്നിധ്യമായിരുന്നു. അന്ന് വര്‍ഗീയശക്തികള്‍ക്കെതിരെയുള്ള കുന്തമുനയായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം. എന്നാല്‍, വ്യവസായത്തിന്റെ തകര്‍ച്ചയോടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവും ഇവിടെ ദുര്‍ബലമായി. അതിന്റെ തിക്തഫലംകൂടിയാണ് ധൂലെയിലേതെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരായിട്ടും കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പൊലീസിലും ചില വര്‍ഗീയശക്തികളുണ്ടെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പരസ്യമായി സമ്മതിച്ചെങ്കിലും രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുന്നതില്‍ നടപടി ഒതുങ്ങി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതിന്റെ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

വര്‍ഗീയവാദികള്‍ക്കെതിരെ നടപടികൈക്കൊണ്ടാല്‍ ഭൂരിപക്ഷവോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. മഹാരാഷ്ട്രയില്‍മാത്രമല്ല അസം കലാപത്തില്‍ തരുണ്‍ ഗൊഗോയ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടും ഇതുതന്നെ. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാകട്ടെ ചെറുതും വലുതുമായ നൂറോളം വര്‍ഗീയകലാപങ്ങളാണ് ഉണ്ടായത്. വര്‍ഗീയശക്തികള്‍ക്കുമുമ്പില്‍ പ്രത്യേകിച്ചും ഭൂരിപക്ഷ വര്‍ഗീയതയ്ക്കുമുമ്പില്‍ കീഴടങ്ങുന്ന നയമാണ് കോണ്‍ഗ്രസ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഈ കീഴടങ്ങല്‍നയമാണ് ഭരണസംവിധാനത്തെ മുഴുവന്‍ കാവിവല്‍ക്കരിക്കുന്ന നിലയിലേക്ക് വളര്‍ത്തിയത്. ധൂലെ നല്‍കുന്ന അപകടകരമായ സന്ദേശവും ഇതുതന്നെ. മതനിരപേക്ഷതയുടെ ഇടം കുറഞ്ഞുവരികയാണെന്ന് സാരം. കമല്‍ഹാസന്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചതും ഇതുതന്നെ.

*
ദേശാഭിമാനി മുഖപ്രസംഗം 01 ഫെബ്രുവരി 2013

ഐടി @ സ്കൂള്‍ അവതാളത്തില്‍

2001ല്‍ രൂപീകൃതമായ ഐടി അറ്റ് സ്കൂള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കിയിരുന്നു. വിദ്യാഭ്യാസരംഗത്ത് ഐസിടി അധിഷ്ഠിത പഠനത്തിന് ലോകോത്തര മാതൃക സംഭാവന ചെയ്യാന്‍ ഐടി അറ്റ് സ്കൂളിനു കഴിഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനം, സ്വന്തമായി വിദ്യാഭ്യാസ പാക്കേജുകള്‍ തയ്യാറാക്കാന്‍ കെല്‍പ്പുള്ള രീതിയില്‍ അധ്യാപകരെ ശാക്തീകരിക്കല്‍, പാഠപുസ്തകം തയ്യാറാക്കല്‍, അധ്യാപക പരിശീലനം, ഇ-ഗവേണന്‍സ്, ഹാര്‍ഡ് വെയര്‍ വിതരണവും പരിപാലനവും, എല്ലാ സ്കൂളിലും ബ്രോഡ്ബാന്‍ഡ് നല്‍കല്‍ തുടങ്ങി ക്രിയാത്മകമായ ഇടപെടലുകളാണ് കഴിഞ്ഞ കാലങ്ങളില്‍ ഐടി അറ്റ് സ്കൂള്‍ നിര്‍വഹിച്ചുപോന്നത്. വിവേചനങ്ങളില്ലാതെ അധ്യാപക സമൂഹത്തെ അണിനിരത്താന്‍ കഴിഞ്ഞു എന്നതിനാലാണ് ഐടി അറ്റ് സ്കൂളിന് ഇത് സാധ്യമായത്.

എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഐടി അറ്റ് സ്കൂള്‍ അതിവേഗത്തില്‍ പിന്നോട്ട് പോകുകയാണ്. ഈ സ്ഥാപനം ചെയ്തുവന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുപകരം പക്ഷപാതപരമായി സ്വന്തക്കാരെ ഐടി സ്കൂളില്‍ കുത്തിനിറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകം കഴിഞ്ഞവര്‍ഷത്തില്‍തന്നെ തയ്യാറാക്കിയിരുന്നു. ഈ പാഠഭാഗം കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ ഓപ്പറേറ്റിങ് സിസ്റ്റം അധ്യാപകരുടെ സഹായത്തോടെ കസ്റ്റമൈസ് ചെയ്തെടുക്കാനും കഴിഞ്ഞു. എന്നാല്‍, അതിനെ ഫലപ്രദമായി കുട്ടികളില്‍ എത്തിക്കാനുള്ള ഒരു നടപടിയും കഴിഞ്ഞവര്‍ഷം ഐടി അറ്റ് സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നാമമാത്രമായ എല്‍പി അധ്യാപക പരിശീലനത്തിനപ്പുറത്തേക്ക് ഇതിനെ വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒന്നുമുതല്‍ നാലുവരെ ക്ലാസിലെ പാഠപുസ്തകം അച്ചടിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച പണത്തെ സംബന്ധിച്ച് ഐടി അറ്റ് സ്കൂളിന് ഒരു വേവലാതിയും ഇല്ല.

യുപി സ്കൂള്‍ കുട്ടികള്‍ക്കായി 2009ല്‍ തയ്യാറാക്കിയ പാഠപുസ്തകം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം, സാങ്കേതിക വിദ്യ എന്നിവയില്‍ വന്ന മാറ്റം പാഠപുസ്തകത്തില്‍ പ്രതിഫലിക്കാത്തത് നമ്മുടെ പാഠപുസ്തക നിലവാരത്തെ പിന്നോട്ടടിപ്പിച്ചു. എല്‍പി ക്ലാസുകളില്‍ എന്നതുപോലെ യുപി ക്ലാസുകളിലും ഐസിടി പഠനം തുടരാന്‍ കഴിഞ്ഞിട്ടില്ല. ഹൈസ്കൂള്‍ ക്ലാസുകള്‍ക്കാവശ്യമായ ഐസിടി വിഭവങ്ങള്‍ തയ്യാറാക്കി, അത് റിസോഴ്സ് പോര്‍ട്ടല്‍വഴി വിതരണംചെയ്യാനുള്ള ശ്രമം കഴിഞ്ഞ കാലങ്ങളില്‍ വിജയകരമായി നടന്നു. ഇതിന്റെ ഫലമായി വിദ്യാര്‍ഥി- അധ്യാപക സമൂഹം നിരന്തരം പ്രയോജനപ്പെടുത്തുന്ന ഒരു റിസോഴ്സ് പോര്‍ട്ടല്‍ 2011 ല്‍ സജ്ജമാക്കാന്‍ ഐടി അറ്റ് സ്കൂളിനു കഴിഞ്ഞു. ഇത് വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുകയുംചെയ്തു. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഈ പോര്‍ട്ടല്‍ നോക്കുകുത്തിയായി മാറി. പുതിയ ഉള്ളടക്കം ചേര്‍ക്കാനോ ഉള്ളവ മെച്ചപ്പെടുത്താനോ ഒരു ശ്രമവും കഴിഞ്ഞ വര്‍ഷം നടന്നിട്ടില്ല. എന്നുമാത്രമല്ല ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന അധ്യാപകരെ സങ്കുചിത താല്‍പ്പര്യത്തിന്റെ പേരില്‍ ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് വിലക്കുകയുംചെയ്തു. ഹൈസ്കൂള്‍ ക്ലാസുകള്‍ക്കാവശ്യമായ പാഠപുസ്തകത്തില്‍ ഒട്ടനവധി ഐസിടി സോഫ്റ്റ്വെയറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാര്യക്ഷമമായ വിനിമയത്തിന് അധ്യാപക പരിശീലനം ആവശ്യമായിരുന്നു. എന്നാല്‍, ഇത് നാമമാത്രമായിമാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. ഈ പാഠപുസ്തകത്തിന്റെ ധനാത്മകമായ വിനിമയത്തിന് വിദ്യാര്‍ഥികളെക്കൂടി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥി പരിശീലനം ആസൂത്രണംചെയ്തിരുന്നു. ഇവയില്‍ രണ്ടു പരിശീലനങ്ങള്‍മാത്രം നടത്താനാണ് ഐടി അറ്റ് സ്കൂളിന് കഴിഞ്ഞത്. നടന്ന പരിശീലനങ്ങളുടെ മോണിറ്ററിങ്ങോ തുടര്‍പരിശീലനങ്ങളോ സംഘടിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് പുതിയ മാതൃകയിലുള്ള ഐസിടി പരീക്ഷ എത്തുന്നത്. പരീക്ഷയുടെ സമയം ഒന്നര മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. പരീക്ഷ കാര്യക്ഷമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഈ വൈകിയ വേളയിലും ഐടി അറ്റ് സ്കൂള്‍ പരാജയപ്പെടുകയാണ്. പരീക്ഷാ സമയ വര്‍ധന, പുതിയ പരീക്ഷാരീതി എന്നിവ ഇതാദ്യമായാണ് പരീക്ഷിക്കുന്നത്.

പല സ്കൂളിലും രണ്ടാം പാദവാര്‍ഷിക പരീക്ഷ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനുവരി 28ന് ആരംഭിക്കും എന്നറിയിച്ച എസ്എസ്എല്‍സി ഐടി മോഡല്‍ പരീക്ഷാ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടില്ല. ഫെബ്രുവരി ആദ്യവാരം ഈ പ്രായോഗിക പരീക്ഷ ആരംഭിച്ചാലും മറ്റുവിഷയങ്ങളുടെ മോഡല്‍ പരീക്ഷയ്ക്കു മുമ്പായി പൂര്‍ത്തീകരിക്കാനാവില്ല. ചുരുക്കത്തില്‍ ഒരു പുതിയ പരീക്ഷാരീതിയിലേക്ക് മോഡല്‍ പരീക്ഷപോലും ഇല്ലാതെ കുട്ടികളെ തള്ളിവിടുകയാണ്. പരീക്ഷാ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വരുന്ന കാലതാമസം അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഹാര്‍ഡ്വെയര്‍ വിതരണത്തിലും പരിപാലനത്തിലും ഐടി അറ്റ് സ്കൂള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ഹാര്‍ഡ്വെയര്‍ വിതരണം നടന്നിട്ടില്ല. മാത്രമല്ല, നിലവിലുള്ള ഹാര്‍ഡ്വെയര്‍ പരിപാലിക്കുന്നതിന് നടത്തിവന്നിരുന്ന ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ ഇതുവരെ നടന്നിട്ടില്ല. ഇത് സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അധ്യാപകര്‍ക്ക് ഹാര്‍ഡ്വെയര്‍ പരിശീലനം നല്‍കുന്നതുവഴി സ്കൂളുകളിലെ കംപ്യൂട്ടര്‍ തകരാര്‍ പരിഹരിക്കാം എന്ന ആശയം കാഴ്ചപ്പാടില്ലാത്ത ഇടപെടല്‍മൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഐടി സ്കൂളുകളില്‍ ഇന്നു നടക്കുന്ന പുതിയ നിയമനങ്ങള്‍ എല്ലാം ഒരു മാനദണ്ഡവും പാലിക്കാതെ നിക്ഷിപ്ത താല്‍പ്പര്യത്തോടെ മാത്രമാണ്. ഐടി അറ്റ് സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മൂന്ന് പ്രോഗ്രാമര്‍മാരെയും വിക്ടേഴ്സ് ചാനല്‍ മാനേജരെയും നിയമിച്ച രീതിയില്‍ ഒരു മാനദണ്ഡവും പാലിച്ചിട്ടില്ല. ഐടി സ്കൂള്‍ ഡയറക്ടറുടെ നിയമനംപോലും ഇത്തരത്തിലുള്ള ഒന്നാണ്. ലക്ഷക്കണക്കിനു രൂപ പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചാണ് കുറ്റമറ്റ രീതിയില്‍ "സമ്പൂര്‍ണ" എന്ന സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്. ഇത് വേണ്ടരീതിയില്‍ നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനം തുടങ്ങി എസ്എസ്എല്‍സി പരീക്ഷയ്ക്കാവശ്യമായ കുട്ടികളെ സംബന്ധിക്കുന്ന വിവര ശേഖരണംവരെ ചെയ്യാന്‍ കഴിയുന്ന ഈ സോഫ്റ്റ്വെയര്‍ ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കേവലം എസ്എസ്എല്‍സി പരീക്ഷയ്ക്കാവശ്യമായ വിവരശേഖരണത്തിനപ്പുറത്തേക്ക് ഇതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഈ സോഫ്റ്റ് വെയര്‍ കാര്യക്ഷമമായി ഉപയോഗിച്ചിരുന്നെങ്കില്‍ യുഐഡിയുമായി ബന്ധപ്പെട്ട് ഇന്ന് സ്കൂളുകളില്‍ നടക്കുന്ന പൂര്‍ത്തീകരിക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ ആകുമായിരുന്നു.

ലോകത്തിനുതന്നെ മാതൃകയായ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള പൊതുവിദ്യാലയ പഠനങ്ങള്‍ ഇന്ന് അട്ടിമറിയുടെ വക്കിലാണ്. ഇതിന്റെ ഭാഗമായാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ ഐടി അറ്റ് സ്കൂളില്‍നിന്ന് സമരത്തിന്റെ പേരില്‍ ഒഴിവാക്കിയിരിക്കുന്നത്. നിലവില്‍ അധ്യാപകര്‍തന്നെ സോഫ്റ്റ്വെയര്‍ നമുക്കാവശ്യമായ രീതിയില്‍ തയ്യാറാക്കുന്നത് പൊതുഖജനാവിന് വന്‍ലാഭമാണ് നല്‍കുന്നത്. ഇവരെ ഒഴിവാക്കുന്നതുവഴി പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ അത് വലിയ കച്ചവടത്തിന് വഴിവയ്ക്കും. ഈ രൂപത്തില്‍ ഗൗരവമായ വീഴ്ചകളിലേക്ക് കൂപ്പുകുത്തുന്ന ഐടി അറ്റ് സ്കൂളിനെ ശരിയായ ദിശയിലേക്ക് എത്തിക്കുക എന്നതാണ് കെഎസ്ടിഎ ഏറ്റെടുത്തിരിക്കുന്ന സേവ് ഐടി അറ്റ് സ്കൂള്‍ എന്ന ക്യാമ്പയിന്റെ ലക്ഷ്യം.

*
എം ഷാജഹാന്‍ (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)