Friday, February 1, 2013

സുപ്രിംകോടതിവിധി കണ്ണുതുറപ്പിക്കുന്നത്

സൂര്യനെല്ലി കേസില്‍ സുപ്രിംകോടതി പ്രഖ്യാപിച്ചവിധി ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി സുപ്രിം കോടതിയുടെ പരിഗണനയ്ക്കായി കാത്തുകിടന്ന അപേക്ഷയിന്മേലുണ്ടായ വിധി രാജ്യത്തെ സ്ത്രീ സമൂഹത്തെ മാത്രമല്ല നീതിക്കുവേണ്ടി ദാഹിക്കുന്ന മുഴുവന്‍ ജനതയേയും ആവേശം കൊള്ളിക്കുന്നു. 42 പ്രതികളില്‍ ഒരാള്‍ ഒഴിച്ച് മറ്റെല്ലാവരെയും വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതി ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചിരിക്കുന്നു. 16 വയസുമാത്രം പ്രായമായ പെണ്‍കുട്ടി സ്വന്തം ഇഷ്ടത്തോടെയും അനുവാദത്തോടെയും ആണ് 40 ദിവസം ലൈംഗികാക്രമണത്തിന് വിധേയയായതെന്ന ഹൈക്കോടതി നിരീക്ഷണം അമ്പരപ്പ് ഉളവാക്കുന്നതാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

ബലാത്സംഗ കേസുകളില്‍ വെറും 26 ശതമാനം മാത്രം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന നാണംകെട്ട അവസ്ഥയിലാണിന്ന് ഇന്ത്യ. തെരുവിലും ബസിലും വീട്ടിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പൈശാചികമായി ആക്രമിക്കപ്പെടുന്നവരില്‍ നാല് മാസം പ്രായമായ കുഞ്ഞും 80 വയസായ വൃദ്ധയുംവരെ ഉള്‍പ്പെടുന്നു. സ്ത്രീകള്‍ ജീവിക്കുവാന്‍ ഭയപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെസ്ഥാനം അഞ്ചാമതാണെന്ന് ഓര്‍ക്കണം. ആഗോളവല്‍ക്കൃത സാമ്പത്തിക നയങ്ങള്‍ ദാരിദ്ര്യത്തിന്റെ സ്‌ത്രൈണവല്‍ക്കരണം ഭീതിദമാംവിധം രൂക്ഷമാക്കിയിരിക്കുന്നു. കൂടുതല്‍ പ്രാന്തവല്‍ക്കരണത്തിലേയ്ക്കാണ് ദളിത്, ആദിവാസി, ന്യൂനപക്ഷ സ്ത്രീകള്‍ തള്ളിമാറ്റപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ ആറര പതിറ്റാണ്ടില്‍ അധികാരത്തിന്റെ മേഖലയില്‍ ഇന്നും ഇന്ത്യന്‍ സ്ത്രീ അദൃശ്യയായിരിക്കുന്നു. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും. സ്ത്രീ വിരുദ്ധമായ, ജനാധിപത്യ വിരുദ്ധമായ ശക്തികള്‍ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥയിലാണ് സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ട കോടതികള്‍ അധികാരത്തിന്റെയും സമ്പത്തിന്റേയും ശക്തികളുടെ കാവലാളുകള്‍ ആകുമ്പോള്‍ തകിടം മറിയുന്നത് ഒരു ജനാധിപത്യ വ്യവസ്ഥ അപ്പാടെയാണ്. സൂര്യനെല്ലി കേസിലെ സുപ്രിം കോടതി വിധിയിലൂടെ ജനാധിപത്യം ആണ് കരുത്താര്‍ജിച്ചിരിക്കുന്നത്. വര്‍മ കമ്മിഷന്‍ റിപ്പോര്‍ട്ടും ദില്ലി പെണ്‍കുട്ടിയുടെ ദുരന്തം സൃഷ്ടിച്ച ഞെട്ടലും സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള വീണ്ടുവിചാരത്തിന് രാജ്യത്തെയാകെ പ്രാപ്തമാക്കിയിട്ടുണ്ട് എന്ന് സുപ്രിംകോടതിവിധി വ്യക്തമാക്കുന്നു. ഡല്‍ഹി പെണ്‍കുട്ടിയുടെ സംഭവത്തിനുശേഷം രൂപീകൃതമായ സുപ്രിംകോടതിയുടെ പ്രത്യേക ബഞ്ചാണ് സൂര്യനെല്ലി കേസില്‍ വിധിപ്രസ്താവിച്ചിരിക്കുന്നത്.

40 പേര്‍ ചേര്‍ന്ന് 42 ദിവസം പീഡിപ്പിച്ച അതിദാരുണമായ സംഭവമാണ് സൂര്യനെല്ലി കേസ്. ഈ കേസിലെ പെണ്‍കുട്ടി കടന്നുപോയ നോവിന്റെ പിടച്ചില്‍ വാക്കുകള്‍ക്കതീതമാണ്. സാക്ഷികളും മൊഴികളുമൊക്കെ ഉണ്ടായിട്ടും പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. വിധി പ്രസ്താവനവേളയില്‍ നടത്തിയ പരാമര്‍ശം അന്ന് പൊതുസമൂഹത്തില്‍ ഞെട്ടലുളവാക്കി.

കോടതിയുടെ വിശ്വാസ്യത തകര്‍ത്ത സംഭവത്തോടെ എവിടെയും അഭയമില്ലെന്ന തിരിച്ചറിവില്‍ ആ കുടുംബം നേരിട്ട പ്രതിസന്ധി ഇന്നും തുടരുന്നു. പക്ഷേ, സമാനമായ എല്ലാ കേസുകളിലും നീതി കിട്ടുമെന്നൊരു പ്രതീക്ഷ ഈ വിധി നല്‍കിയിരിക്കുന്നു.

ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണം എന്നും 35 പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 16 വര്‍ഷമായി യാതനാപൂര്‍ണമായ ജീവിതം നയിക്കുന്ന പെണ്‍കുട്ടിയേയും കുടുംബത്തേയും കൂടുതല്‍ പീഡിപ്പിക്കുന്നതാകരുത് ഇനിയുള്ള വിചാരണയും നടപടിക്രമങ്ങളും. കള്ളക്കേസില്‍ കുടുക്കിയും ഭീഷണിപ്പെടുത്തിയും ആ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നവര്‍ക്കു കൂടിയുള്ള താക്കീതാണ് സുപ്രിംകോടതി വിധി. ദില്ലി പെണ്‍കുട്ടിക്കായി ഇന്ത്യ കണ്ണുനീര്‍ വാര്‍ത്തതുപോലെ തന്നെ സൂര്യനെല്ലി പെണ്‍കുട്ടിയും നമ്മുടെ എല്ലാവരുടെയും പിന്തുണയും സഹായവും അര്‍ഹിക്കുന്നു.

ഇനിയും ഒരല്‍പംപോലും വൈകാതെ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്നും കുറ്റവാളികള്‍ക്ക് എത്ര ഉന്നതരായാലും മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

*
ജനയുഗം മുഖപ്രസംഗം 01 ഫെബ്രുവരി 2013

No comments: