Friday, February 1, 2013

ആവിഷ്‌കാര സ്വാതന്ത്ര്യവും 'വിശ്വരൂപവും'

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുനേരെ എവിടെനിന്ന് പ്രതിലോമശക്തികള്‍ രംഗത്ത് വന്നാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും അത് കലയുടെ നേരയോ കലാകാരന്റെ നേരയോ ആകുമ്പോള്‍. കമലാഹാസന്റെ 'വിശ്വരൂപം' എന്ന സിനിമയ്ക്ക് നേരെ ചില മുസ്ലിം യാഥാസ്ഥിതിക സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് കലയും ആവിഷ്‌കാര സ്വാതന്ത്യവും എന്ന വിഷയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 'വിശ്വരൂപം' എന്ന സിനിമയില്‍ മുസ്ലിം വിരുദ്ധമായ രംഗങ്ങള്‍ ഉണ്ടെന്ന് കാട്ടി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള യാഥാസ്ഥിതിക മുസ്ലീം സംഘടനകളും മറ്റും രംഗത്ത് വരുമ്പോള്‍ ഈ സിനിമയില്‍ മുസ്ലിം വിരുദ്ധതയില്ലെന്നും മറിച്ച് ഇസ്ലാമിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വിമര്‍ശനവിധേയമാക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി കമലാഹാസനും പുരോഗമന പ്രസ്ഥാനങ്ങളും സാംസ്‌കാരിക ചിന്തകരും രംഗത്തുണ്ട്. അതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് പിന്തുണക്കുന്നവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിലപാടുകളുടെ പാപ്പരത്തവും മുസ്ലിം വിരോധവും മാത്രം ഉള്ളില്‍വെച്ച് ഇത് ഹിന്ദു അനുകൂല സിനിമയാണെന്ന് തെറ്റിദ്ധരിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് സംഘ്പരിവാര്‍ കക്ഷികളും ആവശ്യപ്പെടുന്നു. കോലാഹലങ്ങള്‍ കേട്ടാല്‍തോന്നുക കമലാഹാസന്‍ ആദ്യമായാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ്. ഒരു ഹിന്ദു കുടുംബത്തിലാണ് കമലാഹാസന്‍ ജനിച്ചതെങ്കിലും, ഒരു നിരീശ്വരവാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അത് തുറന്നു പ്രഖ്യാപിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളില്‍ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉള്‍ച്ചേര്‍ന്നിട്ടുമുണ്ട്. അന്‍പേശിവം, ദശാവതാരം എന്നീ സിനിമകളാണ് ഇതിന് ഉദാഹരണങ്ങള്‍.

ലോകത്ത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കമ്യൂണിസ്റ്റുകളും മുസ്ലിം ജനതയുമാണ് എന്ന വസ്തുത അറിയാത്ത ആളല്ല കമലാഹാസന്‍. വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണത്തിന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വം ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കുമേല്‍ വലിയ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നതിന് പൊതു ഇടങ്ങളെ സജ്ജമാക്കുന്നതിന് പകരം മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്ന ചില ഗ്രൂപ്പുകളാണ് സിനിമക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
കലാവിഷ്‌കാരങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക സമൂഹം രംഗത്ത് വരുന്നത് ഇത് ആദ്യ സംഭവമല്ല. എന്നാല്‍ അടുത്തകാലത്തായി ഏതു തരത്തിലുള്ള സംവാദങ്ങളെയും അടയ്ക്കുന്ന രീതിയില്‍ മതസംഘടനകള്‍ കലാവിഷ്‌കാരങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഒരു കാലത്ത് സാംസ്‌കാരിക സംവാദങ്ങളുടെ ഇടങ്ങള്‍ സൃഷ്ടിച്ചിരുന്ന കേരളമിപ്പോള്‍ മത ചിഹ്നങ്ങള്‍ അണിയുന്നവരുടെ കംപാര്‍ട്ട്‌മെന്റുകളാല്‍ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പുരോഗമന ശക്തികള്‍ രംഗത്ത് വരേണ്ട ചരിത്രഘട്ടമാണിത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമക്കെതിരെ തമിഴ്‌നാട് സര്‍ക്കാരും രംഗത്ത് വന്നു. ഇത്തരത്തില്‍ മതേതരത്വം ക്രൂശിക്കപ്പെട്ടാല്‍ നാട് വിടേണ്ടി വരുമെന്ന് വരെ കമലാഹാസന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കതന്നെ വളര്‍ത്തിയെടുത്ത മുസ്ലിം തീവ്രവാദികള്‍ രാഷ്ട്രീയ ഇസ്ലാമായി പരിണമിച്ച് മുസ്ലിംകളെ തീവ്രവാദത്തിലേയ്ക്ക് നയിക്കാന്‍ കാരണമാകുന്നുണ്ട്. ലോകത്ത് വളരുന്ന ഇസ്ലാമികഫോബിയ മുതലെടുക്കാനാണ് തീവ്രവാദ മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ചുനിന്ന് ലോകത്ത് സൗഹൃദത്തിന്റെ ലോകം തുറക്കുന്ന സാംസ്‌കാരിക ഇസ്ലാമിന് മേല്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ആധിപത്യം കൂടി വരുന്നുണ്ട്. ഇത്തരം രാഷ്ട്രീയ ഇസ്ലാമിന്റെ പ്രവര്‍ത്തകരും പ്രചാരകരുമാണ് ലോകത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കേണ്ടത് ജിഹാദി പ്രവര്‍ത്തനത്തിലൂടെയല്ലെന്നും   അമേരിക്കന്‍ ആധിപത്യത്തെ ചെറുക്കുന്ന ലോകജനതയുടെ ഐക്യത്തോടെ വേണമെന്നും ഇവര്‍ തിരിച്ചറിയുന്നില്ല. ഇത്തരത്തില്‍ പ്രതിലോമകരമായ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ഇപ്പോള്‍ സിനിമക്കെതിരെ രംഗത്ത് വരുന്നത്. മുസ്ലിം ജനതയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും ചെറുത്തുനില്‍പുകളെയും ശരിയായ രീതിയില്‍ വിലയിരുത്തുന്നതിനു പകരം പ്രതിലോമകരമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ 'വിശ്വരൂപം'എന്ന സിനിമയെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹോളിവുഡിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന കാഴ്ചയുടെ വ്യത്യസ്തതകള്‍ സിനിമ നല്‍കുന്നുണ്ടെങ്കിലും 'വിശ്വരൂപം' പൂര്‍ണമായും ഒരു സാമ്രാജ്യത്വവിരുദ്ധ സിനിമയാണെന്നോ മുസ്ലിംപക്ഷ സിനിമയാണെന്നോ പറയാന്‍ കഴിയില്ല. സൂക്ഷ്മാര്‍ഥത്തില്‍ അമേരിക്കയെ എതിര്‍ക്കുകയും മുസ്ലിംകള്‍ക്കിടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കാഴ്ചക്കാരന്റെ രാഷ്ട്രീയത്തിനനുസരിച്ച് വിലയിരുത്തേണ്ടി വരുന്നു. ഇടതുപക്ഷ പൊതുബോധത്തില്‍ കമലാഹാസന്റെ നിലപാടുകള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമ്പോള്‍ അമേരിക്കന്‍ പക്ഷപാതികള്‍ക്കോ മതയാഥാസ്ഥികര്‍ക്കോ അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസരിച്ച് പക്ഷം ചേരാന്‍ കഴിയുന്നു. എന്നാല്‍ സിനിമ മുസ്ലിം വിരുദ്ധമല്ല. കമലാഹാസന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരബോധം പൂര്‍ണാര്‍ഥത്തില്‍ സിനിമയില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയാതിരുന്നത് ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചേക്കാം.  ഹിന്ദുത്വഭീകരതയെ തുറന്നു കാട്ടുന്ന കമല്‍ സിനിമകളുടെ കാഴ്ചകള്‍ പോലുള്ള വ്യക്തത ഈ സിനിമയില്‍ ഉണ്ടായില്ലെന്ന സംശയമാണ് പ്രേക്ഷകര്‍ക്കുണ്ടാകുക. ഇത് സിനിമയുടെ ആന്തരികഘടനയുടെ പ്രശ്‌നമല്ല മറിച്ച് കാഴ്ച ഉല്‍പാദിപ്പിച്ച വ്യതിരിക്തതയുടെ അല്ലെങ്കില്‍ സൂക്ഷ്മതയുടെ പ്രശ്‌നമാണ്. ലോകത്ത് ജിഹാദികള്‍ ഉണ്ടാകാനുള്ള കാരണം അമേരിക്കയാണെന്ന യാഥാര്‍ഥ്യം പ്രത്യക്ഷത്തില്‍ ഈ സിനിമ നല്‍കുന്നില്ല. എന്നാല്‍ പരോക്ഷമായി പറയുന്നുമുണ്ട്. ചരിത്രപരമായ വസ്തുതകള്‍ അവതരിപ്പിക്കുന്നതിലെ പാകപ്പിഴയാണ് ഇതിന് കാരണം. 'വിശ്വരൂപം' സിനിമയെ സംബന്ധിച്ചിടത്തോളം അടുത്തകാലത്തിറങ്ങിയ പല മലയാളം സിനിമകള്‍ ഉള്‍പ്പെടെ മുസ്ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ 'വിശ്വരൂപം' അത്തരത്തില്‍ പ്രതിലോമകരമായ വിമര്‍ശനം നടത്തുന്നില്ല. ഇസ്ലാമിക സാംസ്‌കാരിക ധാരയെ അംഗീകരിക്കുമ്പോള്‍ തീവ്രവാദത്തെ മാത്രമാണ് എതിര്‍ക്കുന്നത്. അതുകൊണ്ടു തന്നെ തീവ്രമുസ്ലിം സംഘടനകള്‍ പറയുന്നതുപോലെ ഇത് മുസ്ലീം വിരുദ്ധ സിനിമയാകുന്നില്ല. അല്‍ഖ്വയ്ദ, താലിബാന്‍ ഇത്തരം സംഘടനകളെയാണ് സിനിമയില്‍ കാണാന്‍ കഴിയുന്നത് എന്നത് ഇതിന് ഉദാഹരണമാണ്. മുല്ല ഉമറിനോട് സാമ്യമുള്ള ഒറ്റക്കണ്ണനായ ഉമര്‍ എന്ന അഫ്ഗാന്‍ അല്‍ഖ്വയ്ദ നേതാവ് ന്യുയോര്‍ക്ക് നഗരത്തെ നശിപ്പിക്കാന്‍ ആസൂത്രണം ചെയ്ത ന്യൂക്ലിയര്‍ യുദ്ധതന്ത്രമായ സീസിയം ബോംബാക്രമണം തകര്‍ക്കാന്‍ കഥക് നൃത്താധ്യാപകന്റെ വേഷത്തില്‍ അമേരിക്കയിലെത്തിയ 'റോ' ഓഫീസറാണ് വിശ്വനാഥ്. തന്റെ ഭാര്യ നിരുപമ ന്യൂക്ലിയര്‍ ഓംഗോളജിയില്‍  പി  എച്ച് ഡി ചെയ്യുകയാണ്. ഭര്‍ത്താവിനെ സംശയമുള്ള നിരുപമ ഇത് നിരീക്ഷിക്കാന്‍ നിയോഗിച്ച പ്രൈവറ്റ് ഡിറ്റക്ടീവ് ഉമറിന്റെ സംഘത്താല്‍ കൊല്ലപ്പെടുന്നതോടെയാണ് അഫ്ഗാന്‍ പ്രദേശം സിനിമയിലെത്തുന്നു. അഫ്ഗാനിസ്ഥാനില്‍ ഉമറിന്റെ അനുയായി എന്ന നിലയില്‍ വിശ്വനാഥ്, വഹി അഹമ്മദ് കശ്മീരി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭൂതകാലമാണ് സിനിമയില്‍ പ്രത്യേകതയാകുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധതയും ഇസ്ലാമിക ചെറുത്തുനില്‍പുകളും വ്യക്തമാക്കുന്ന കാര്യത്തില്‍ വന്ന പാകപ്പിഴ സിനിമയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും സിനിമ മുസ്ലിം വിരുദ്ധമല്ല. ഇതിനെതിരെ കോലാഹലമുണ്ടാക്കേണ്ട ആവശ്യവുമില്ല.

സെപ്റ്റംബര്‍ 11ന്‌ശേഷം ഭീകരതക്കെതിരെ യുദ്ധം എന്ന പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ കാഴ്ചയില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യക്ഷദൃശ്യങ്ങള്‍ ഒരുപക്ഷേ അമേരിക്കന്‍ നടപടിയെ ന്യായീകരിക്കുന്നതാണ് എന്ന് തോന്നാമെങ്കിലും പരോക്ഷമായി അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന സിനിമ തന്നെയാണിത്. എന്നാല്‍ ഓരോ കാഴ്ചക്കാരന്റെയും രാഷ്ട്രീയമായിരിക്കും ഇത് നിര്‍ണയിക്കുക. എന്നാല്‍ സിനിമയ്‌ക്കെതിരെ ചില യാഥാസ്ഥിതിക മുസ്ലിം സംഘടനകള്‍ രംഗത്ത് വരുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. അഭിനയത്തിലും സാങ്കേതിക മികവിന്റെ കാര്യത്തിലും മികച്ച നിലവാരമാണ് സിനിമയ്ക്കുള്ളത്.    ഒരു മതത്തിലും വിശ്വസിക്കാത്ത കമലാഹാസന്‍ എല്ലാ മതങ്ങളുടെയും ഫാസിസ്റ്റ് പ്രവണതയെ എതിര്‍ക്കുകയും മതേതരമുഖത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ കാഴ്ചകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനം അദ്ദേഹത്തിനൊപ്പം നിന്ന് എതിര്‍ക്കപ്പെടേണ്ടതാണ്. 

*
രാജേഷ് കെ എരുമേലി ജനയുഗം 01 ഫെബ്രുവരി 2013

No comments: