Saturday, February 2, 2013

റിസര്‍വ് ബാങ്ക് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

2013 ന്റെ തുടക്കത്തില്‍ പലിശ നിരക്ക് പുനഃപരിശോധിക്കുമെന്ന വാഗ്ദാനം റിസര്‍വ് ബാങ്ക് പാലിച്ചിരിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ പലിശനിരക്കില്‍ വരുത്തിയ കുറവ് 0.50 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളില്‍ വരുത്തുന്ന കുറവ് 0.25 ശതമാനമാണ്. റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയാണ് റീപ്പോ എന്നറിയപ്പെടുന്നത്. അതിന്റെ പലിശ നിരക്ക് 8 ശതമാനമായിരുന്നത് 7.75 ശതമാനമായാണ് കുറവ് ചെയ്തിരിക്കുന്നത്. വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന തുക റിവേഴ്‌സ് റീപ്പോ എന്നാണ് അറിയപ്പെടുന്നത്. അവിടെ പലിശ നിരക്ക് 7 ശതമാനമായിരുന്നത് ഇനി 6.75 ശതമാനമായിരിക്കും. ബാങ്കുകളുടെ കരുതല്‍ ധന അനുപാത (ക്യാഷ് റിസര്‍വ് റേഷ്യോ) നിരക്കിലും 0.25 ശതമാനത്തിന്റെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിരക്ക് 4 ശതമാനമായിരിക്കും.

വായ്പാനയ അവലോകനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഈ ഇളവുകള്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നു. നിക്ഷേപങ്ങള്‍ പ്രോത്‌സാഹിപ്പിക്കാനും ഹ്രസ്വകാല പണപ്പെരുപ്പം നിയന്ത്രണത്തില്‍ നിര്‍ത്താനും പണലഭ്യത വര്‍ദ്ധിപ്പിക്കാനും വിപണിയുടെ കടമെടുപ്പു ശേഷി കൂട്ടാനും ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ സഹായകമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ബാങ്കുകള്‍ വൈകാതെ പലിശ കുറയ്ക്കുമെന്നും അതു ഭവന, വാഹന വായ്പകള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കുമെന്നും നിരീക്ഷകന്മാര്‍ കണക്കുകൂട്ടുന്നു.
ഞെരുക്കം നേരിടുമ്പോഴെല്ലാം കമ്പോളസമ്പദ്‌വ്യവസ്ഥ ഉത്തേജക പാക്കേജുകള്‍ തിരയാറുണ്ട്. സാമ്പത്തിക മാന്ദ്യവും (സ്റ്റാഗ്‌നേഷന്‍) പണപ്പെരുപ്പവും (ഇന്‍ഫ്‌ളേഷന്‍) ഒരുമിച്ചു കമ്പോളത്തെ തുറിച്ചുനോക്കുന്ന സ്ഥിതിവിശേഷം അടിയ്ക്കടിയുണ്ടാകുമ്പോള്‍ അതിനെ സൂചിപ്പിക്കാനായി ആധുനിക ധനശാസ്ത്രം കണ്ടെത്തിയ പദമാണ് 'സ്റ്റാഗ്ഫ്‌ളേഷന്‍'. ഇപ്പോള്‍ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് അധികാരികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങളൊന്നും സാമാന്യജനങ്ങള്‍ക്കനുഭവപ്പെടുന്നില്ല. വിലവര്‍ദ്ധനവിന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങളുടെ മുമ്പില്‍ അധികാരികള്‍ നിരത്തുന്ന അക്കങ്ങള്‍ക്കൊന്നിനും അര്‍ത്ഥമില്ലാതാവുകയാണ്. സാമ്പത്തിക രംഗത്തിനു നവോന്മേഷം നല്‍കാന്‍ കമ്പോളവിധി പ്രകാരമുള്ള ഉത്തേജകമരുന്നുമായി ചിദംബരം നില്‍ക്കുമ്പോള്‍ റിസര്‍വ് ബാങ്ക് അതിന്റെ ചുവടൊപ്പിച്ചു നീങ്ങുക മാത്രമാണിവിടെ. ഇതിന്റെ ഫലമായി അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് നിരാശയുടെ വാര്‍ത്തകള്‍ മാത്രമായിരിക്കും.

2013 മാര്‍ച്ചില്‍ നാണയപ്പെരുപ്പ നിരക്ക് 6.8 ശതമാനമായിരിക്കുമെന്നു പ്രവചിച്ച റിസര്‍വ് ബാങ്ക് അത് 7.5 ശതമാനമായി താഴുമെന്നാണ് പുതുക്കി പ്രവചിക്കുന്നത്. അത് യാഥാര്‍ത്ഥ്യങ്ങളുമായി എത്രകണ്ടു പൊരുത്തപ്പെടുമെന്നു പരിശോധിക്കപ്പെടേണ്ടതാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജി ഡി പി) വളര്‍ച്ചാനിരക്ക് 5.8 ശതമാനമായിരിക്കുമെന്നാണ് കഴിഞ്ഞ ഒക്‌ടോബറില്‍ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് 5.5 ശതമാനമായി താഴുമെന്നാണ് പുതിയ കണ്ടെത്തല്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇരട്ട അക്കത്തിലേക്കെത്തുമെന്ന പ്രവചനം നടത്തിയ കേന്ദ്രങ്ങള്‍ തന്നെയാണ് ഈ ചുവടുമാറ്റം നടത്തുന്നത്.

വിശാലമായ ഈ രാജ്യത്തിന്റെ സാമ്പത്തിക സത്യങ്ങള്‍ കണക്കിലെടുക്കാത്ത, ജനജീവിതത്തിന്റെ ദുഖം നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ കാണാത്ത അക്കങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം കൂട്ടലും കിഴിക്കലും ഇന്ത്യയെ വളര്‍ച്ചയിലേക്കു നയിക്കുകയില്ല. പണലഭ്യത കൂട്ടിയും മുതല്‍മുടക്കിനു ഉത്തേജനം പകര്‍ന്നും വളര്‍ച്ച നേടാന്‍ പുതിയ റീപ്പോ നിരക്കുകള്‍ സഹായിക്കുമെന്ന് അതിന്റെ പ്രണേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ മഹാഭൂരിപക്ഷം ജനങ്ങളുടെയും ക്രയശേഷി വര്‍ദ്ധിച്ചില്ലെങ്കില്‍ ഈ അവകാശവാദങ്ങള്‍ ജലരേഖയായി മാറുമെന്ന സത്യം അവര്‍ മറന്നുപോകുന്നു. ഇന്ത്യക്കു പുറത്തുള്ള സ്ഥിതിഗതികളും ആഭ്യന്തര കണക്കുകൂട്ടലുകളെ ബാധിക്കാതിരിക്കില്ല. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വിദേശവ്യാപാരക്കമ്മി ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 5.4 ശതമാനമായി ഉയരാനാണ് പോകുന്നത്. കമ്പോളത്തിന്റെ ലാഭവ്യഗ്രതകള്‍ക്കു മാത്രം വഴങ്ങി മുന്നേറാന്‍ ശ്രമിക്കുന്ന ഏതൊരു സമ്പദ്ഘടനയും നേരിടേണ്ടിവരുന്ന പ്രതിസന്ധി തന്നെയാണ് ഇന്ത്യന്‍ സമ്പദ്ഘടനയെയും ബാധിച്ചിരിക്കുന്നത്. അതിനെ മറികടക്കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും തയ്യാറാക്കുന്ന ഈ കുറിപ്പടികളും ചികിത്‌സാവിധികളും മതിയാകില്ല.

നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സ് അടുത്ത കാലത്തു നടത്തിയ ഒരു പ്രയോഗം റിസര്‍വ് ബാങ്ക് അധികൃതരുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍ പെടേണ്ടതാണ്. 'പണ നയത്തിലെ വിപ്ലവം' എന്നതാണ് ആ പ്രയോഗം. ആഗോള ധനകാര്യ പ്രതിസന്ധി നല്‍കുന്ന പാഠങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഡോ. സ്റ്റിഗ്‌ലിറ്റ്‌സ് ഈ വിപ്ലവത്തെക്കുറിച്ചു പറഞ്ഞത്. റിസര്‍വ് ബാങ്കിന്റെ പ്രഥമ ഗവര്‍ണറായ സി ഡി ദേശ്മുഖിന്റെ സ്മരണയെ മുന്‍നിര്‍ത്തി ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് ശ്രദ്ധേയമായ നിരീക്ഷണങ്ങളുണ്ടായത്. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ വിനാശകരമായ നയങ്ങളാല്‍ നയിക്കപ്പെടുന്ന റിസര്‍വ് ബാങ്ക് അതു കേള്‍ക്കുന്നില്ല. ഊഹക്കച്ചവടത്തിന്റെയും കമ്പോള ശക്തികളുടെയും റിയല്‍ എസ്‌റ്റേറ്റ് മേധാവികളുടെയും ആര്‍ത്തികളാണ് അവര്‍ക്കു വഴി കാണിക്കുന്നത്. ജനസംഖ്യയുടെ 10 ശതമാനം പോലും വരാത്ത അത്തരക്കാരെ കണ്ടുകൊണ്ടാണ് അവര്‍ പണനയം കരുപിടിപ്പിക്കുന്നത്. അവരുടെ ശുഭപ്രതീക്ഷകള്‍ അവരെ പൊറുപ്പിക്കട്ടെ എന്നു പറയാന്‍ അതുകൊണ്ടാണ് രാജ്യത്തിനു കഴിയാത്തത്.

*
ജനയുഗം മുഖപ്രസംഗം

No comments: