Friday, February 1, 2013

വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്നു

വടക്കന്‍ മഹാരാഷ്ട്രയില്‍ നാലുലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ധൂലെ നഗരത്തില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. നവവത്സരം പിറന്ന് ആറാംദിവസമാണ് നഗരത്തില്‍ വര്‍ഗീയകലാപമുണ്ടായത്. ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട ആറുപേര്‍ ഈ കലാപത്തില്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പൊലീസ് വെടിവയ്പില്‍ പരിക്കേറ്റു. രാജ്യത്ത് വര്‍ഗീയകലാപങ്ങള്‍ പുത്തരിയല്ല. വിഭജനത്തിന്റെ രക്തക്കറ പുരണ്ടാണ് രാജ്യം സ്വതന്ത്രമായത്. ധൂലെയില്‍തന്നെ 2008ല്‍ വര്‍ഗീയകലാപമുണ്ടായി. എന്നാല്‍, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കലാപമുണ്ടായപ്പോള്‍ അത് തടയാന്‍ ഭരണഘടനാപരമായി ബാധ്യതപ്പെട്ടവര്‍തന്നെ അത് രൂക്ഷമാക്കാന്‍ ശ്രമിച്ചുവെന്ന കാര്യമാണ് മതനിരപേക്ഷവാദികളെ ഞെട്ടിക്കുന്നത്.

1987ല്‍ ഉത്തര്‍പ്രദേശിലെ മീറത്തില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരെ വെടിവച്ച് കനാലില്‍ തള്ളിയത് പൊലീസായിരുന്നു. അയോധ്യപ്രസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളില്‍ ഉത്തര്‍പ്രദേശിലെ പൊലീസ് ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) പരസ്യമായി ഹിന്ദുത്വശക്തികളെ സഹായിച്ചു. ബിഹാറിലെ ഭഗല്‍പുരില്‍ 1989ല്‍ ന്യൂനപക്ഷവിഭാഗങ്ങളെ പൊലീസ്തന്നെ വെടിവച്ചും വെട്ടിയും കൊന്ന് വയലുകളിലും കിണറുകളിലും തള്ളി. അതിനുസമാനമായ രംഗങ്ങളാണ് ധൂലെയിലും ദൃശ്യമായതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പൊലീസ് ഇടപെട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു ധൂലെയിലേത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് അതിന്റെ വിലസംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കലാപത്തിലേക്ക് നയിച്ചത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് വിലസംബന്ധിച്ച് തര്‍ക്കിച്ചത്. ഇവര്‍ പൊലീസിനെ സമീപിച്ചപ്പോള്‍ കേസ് രജിസ്റ്റര്‍ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ഇരുവിഭാഗവും ആളുകളെ കൂട്ടി സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. പൊലീസ് വൈകിമാത്രമാണ് ഇടപെട്ടത്. ഇടപെട്ടപ്പോഴാകട്ടെ പൊലീസ് ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവരെ തെരഞ്ഞുപിടിച്ച് മര്‍ദിക്കാനും വെടിവയ്ക്കാനും തുടങ്ങി. കാല്‍മുട്ടിനുതാഴെമാത്രമേ വെടിവയ്ക്കാവൂ എന്ന പൊലീസ് മാന്വലൊന്നും മഹാരാഷ്ട്ര പൊലീസ് പാലിച്ചില്ല. വെടിയേറ്റ ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട 40 പേര്‍ക്ക് മുട്ടിനുമുകളിലാണ് വെടിയേറ്റത്. പരിക്കേറ്റ ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍പോലും ഭയമായിരുന്നു. ചികിത്സ തേടുന്നവരെയൊക്കെ കലാപക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന പൊലീസ് ഭീഷണിയായിരുന്നു ഇതിന് കാരണം. മുംബൈകലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷനുമുമ്പില്‍ മഹാരാഷ്ട്ര അഡീഷണല്‍ പൊലീസ് കമീഷണര്‍ വി എന്‍ ദേശ്മുഖ് നല്‍കിയ മൊഴിയില്‍ പറഞ്ഞത്, 80 ശതമാനം പൊലീസുകാരെയും റിക്രൂട്ടുചെയ്തത് ശിവസൈനികരാണെന്നാണ്. 2008ല്‍ കലാപമുണ്ടായ വേളയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടത്തിയ പ്രസ്താവന, മഹാരാഷ്ട്ര പൊലീസിന്റെ വര്‍ഗീയമുഖം തെളിയിക്കുന്നതാണ്. രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങളുടെയും ആസൂത്രകര്‍ മുസ്ലിങ്ങളാണെന്ന കാര്യം സ്ഥാപിക്കപ്പെട്ട വസ്തുതയാണെന്നാണ് അന്ന് പൊലീസ് എഴുതിവച്ചത്.

ശിവസേനയെ കുറ്റക്കാരായി വീക്ഷിക്കുന്ന ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍, പൊലീസിന്റെ ഈ വര്‍ഗീയവല്‍ക്കരണത്തെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് മാത്രമല്ല, ഭരണനിര്‍വഹണവിഭാഗത്തിലെ ഉദ്യോഗസ്ഥരും മഹാരാഷ്ട്രയില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത. ധൂലെ നഗരത്തില്‍ 25 ശതമാനംപേരും മുസ്ലിങ്ങളാണെങ്കിലും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന വിഭാഗമാണിത്. 1987ലെ കലാപവേളയില്‍ ബിഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും കുടിയേറിയ നെയ്ത്തുകാരായ അന്‍സാരി മുസ്ലിങ്ങളാണ് ധൂലെയിലും മലേഗാവിലും മറ്റുമുള്ളത്. പവര്‍ലൂം വ്യവസായം തകര്‍ന്നതോടെ ഇവരുടെ ജീവനോപാധിയും തകര്‍ന്നു. കാര്‍ഷികമേഖലയിലെ പ്രതിസന്ധി ഇവരെ കൂടുതല്‍ തളര്‍ത്തി. സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് ഇവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനുമായില്ല. ധൂലെയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനംമാത്രമാണ് മുസ്ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. കഷ്ടതയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന ഈ വിഭാഗത്തെ നഗരത്തില്‍നിന്ന് ഓടിക്കാനാണ് പൊലീസും ഹിന്ദുവര്‍ഗീയവാദികളും കലാപത്തിലൂടെ ശ്രമിക്കുന്നത്.

പവര്‍ലൂം വ്യവസായം ഉണ്ടായിരുന്ന കാലത്ത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടികളും ധൂലെയിലും ആദിവാസികള്‍ ഏറെ വസിക്കുന്ന നന്ദുര്‍ബാര്‍ ജില്ലയിലും സജീവസാന്നിധ്യമായിരുന്നു. അന്ന് വര്‍ഗീയശക്തികള്‍ക്കെതിരെയുള്ള കുന്തമുനയായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം. എന്നാല്‍, വ്യവസായത്തിന്റെ തകര്‍ച്ചയോടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവും ഇവിടെ ദുര്‍ബലമായി. അതിന്റെ തിക്തഫലംകൂടിയാണ് ധൂലെയിലേതെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരായിട്ടും കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പൊലീസിലും ചില വര്‍ഗീയശക്തികളുണ്ടെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പരസ്യമായി സമ്മതിച്ചെങ്കിലും രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുന്നതില്‍ നടപടി ഒതുങ്ങി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതിന്റെ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

വര്‍ഗീയവാദികള്‍ക്കെതിരെ നടപടികൈക്കൊണ്ടാല്‍ ഭൂരിപക്ഷവോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. മഹാരാഷ്ട്രയില്‍മാത്രമല്ല അസം കലാപത്തില്‍ തരുണ്‍ ഗൊഗോയ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടും ഇതുതന്നെ. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാകട്ടെ ചെറുതും വലുതുമായ നൂറോളം വര്‍ഗീയകലാപങ്ങളാണ് ഉണ്ടായത്. വര്‍ഗീയശക്തികള്‍ക്കുമുമ്പില്‍ പ്രത്യേകിച്ചും ഭൂരിപക്ഷ വര്‍ഗീയതയ്ക്കുമുമ്പില്‍ കീഴടങ്ങുന്ന നയമാണ് കോണ്‍ഗ്രസ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഈ കീഴടങ്ങല്‍നയമാണ് ഭരണസംവിധാനത്തെ മുഴുവന്‍ കാവിവല്‍ക്കരിക്കുന്ന നിലയിലേക്ക് വളര്‍ത്തിയത്. ധൂലെ നല്‍കുന്ന അപകടകരമായ സന്ദേശവും ഇതുതന്നെ. മതനിരപേക്ഷതയുടെ ഇടം കുറഞ്ഞുവരികയാണെന്ന് സാരം. കമല്‍ഹാസന്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചതും ഇതുതന്നെ.

*
ദേശാഭിമാനി മുഖപ്രസംഗം 01 ഫെബ്രുവരി 2013

No comments: