Monday, May 26, 2008

ക്രിസ്തുവില്‍ നിന്ന് സഭയിലേയ്ക്കുള്ള ദൂരം

എത്ര ക്രിസ്ത്യാനികള്‍ ബൈബിള്‍ വായിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് എന്ത് പ്രസക്തി എന്ന് തോന്നാമെങ്കിലും, ബൈബിള്‍ ഒരു ചടങ്ങിനുപോലും വായിക്കാത്തവരും, ചടങ്ങിന് മാത്രം വായിക്കുന്നവരും, സ്വന്തം ആശയക്രമങ്ങളെ സാധൂകരിക്കാനായി അവിടന്നും ഇവിടന്നും തെരഞ്ഞെടുത്തു വായിക്കുന്നവരും ഒക്കെയാണ് അധികവും. ഒരു ചെറിയ ന്യൂനപക്ഷമാണ് ഏത് മതഗ്രന്ഥവും സമഗ്രതയോടെ വായിക്കുന്നത്. അവര്‍ പൊതുവെ സൌമ്യരും സാമൂഹികമര്യാദകള്‍ പാലിക്കുന്നവരും ആയിരിക്കും. നിര്‍ഭാഗ്യവശാല്‍ ഈ ചെറിയ കൂട്ടര്‍ക്ക് മതത്തിന്റെ നടത്തിപ്പില്‍ വലിയ പങ്കുകാണില്ല. അതുകൊണ്ടുതന്നെ മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയ സൌഹൃദത്തിന്റെ ലോകത്തെ ഇന്നത്തെ മതനേതാക്കള്‍ മാനിക്കുന്നില്ല.

മതത്തില്‍നിന്ന് അതിന്റെ സദ്ചിന്തകള്‍ ചോര്‍ന്നുപോയാല്‍, ഏതുമതവും ഭീകരപ്രസ്ഥാനമാവും എന്ന് സമകാലീനലോകം നമുക്ക് കാണിച്ചുതരുന്നു. ഇന്ത്യയില്‍ മതങ്ങളാവട്ടെ ഏറ്റവും നല്ല വ്യവസായമാണ് മതം എന്നുകൂടി നമ്മുക്ക് കാണിച്ചുതരുന്നു. താമസിയാതെ ലാഭകരമായ വ്യവസായം എന്ന നിലയില്‍ കുത്തകഭീമന്മാര്‍ മതങ്ങളെ ഹൈജാക്ക് ചെയ്തേക്കാം. ഇന്ത്യയില്‍ നഷ്ടത്തിലോടുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. പക്ഷേ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രമോ, പള്ളിയോ ഇല്ല.

ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും മതത്തില്‍നിന്ന് ഒരാള്‍പോലും കൊഴിഞ്ഞുപോകാതിരിക്കാന്‍ മതങ്ങള്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എന്നിട്ടും ലോകമെമ്പാടും മതങ്ങളിലെ സജീവ അംഗസംഖ്യ കുറയുന്നുമുണ്ട്. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും, ചരിത്രത്തിന്റെയും പേര് പറഞ്ഞ് എല്ലാ മതങ്ങളും സ്വന്തം മതത്തില്‍ ആളെക്കൂട്ടാന്‍ പാടുപെടുന്നു. അല്ലെങ്കില്‍ എതിര്‍മതങ്ങളിലെ അംഗസംഖ്യ കുറയ്ക്കാന്‍ ശ്രമിക്കുന്നു. നിലനില്‍പ്പിന്റെ, ലാഭേഛയുടെ രാഷ്ട്രീയമാണത്. ഈ അങ്കലാപ്പുകളില്‍ ഏറ്റവും അധികം മുറിവേല്‍ക്കുന്നത് ദൈവങ്ങള്‍ക്കുതന്നെയാണ്. മതത്തെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഒരു അടയാളം മാത്രമാണ് ദൈവം.

ക്രിസ്ത്യന്‍ സഭയെ മാത്രം പഠിച്ചാല്‍ മതവും ക്രിസ്തുവുമായുള്ള അകല്‍ച്ച വ്യക്തമാവും. ക്രിസ്തു പുരോഹിത പക്ഷത്തോ സാധാരണക്കാരന്റെ പക്ഷത്തോ എന്ന പഴയ ചോദ്യവും എല്ലാ കാലത്തും അതിന് കിട്ടിയ ഉത്തരവും നോക്കുക. മനുഷ്യന്‍ മൃഗമായാല്‍ മൃഗത്തേക്കാള്‍ അധഃപതിക്കും എന്ന് പറഞ്ഞത് ബര്‍ട്രാന്‍ഡ് റസ്സലാണ്. മൃഗത്തെപ്പോലും മനുഷ്യനാക്കാന്‍ അവതരിച്ച മതങ്ങളുടെ അനുയായികള്‍ അധഃപതനത്തിന്റെ സ്വയംരൂപങ്ങളായി ചരിത്രത്തില്‍ മാറുകയും മൃഗീയ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ മതങ്ങളും ഏഷ്യന്‍ മതങ്ങളും ഈ കാര്യത്തില്‍ വ്യത്യസ്തമല്ല.

മതങ്ങള്‍ അവയുടെ ചരിത്രയാത്രകള്‍ക്കിടയില്‍ ആദ്യം ചെയ്തിട്ടുള്ളത് അവയുടെ സ്ഥാപനദൌത്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും സ്ഥാപകരുടെ ഉദ്ദേശ്യശുദ്ധിയില്‍ നിന്ന് മാറി സഞ്ചരിക്കുകയുമാണ്. നിലനില്‍പ്പിന്റെ രാഷ്ട്രീയമെന്ന് ഇതിനെ നിരീക്ഷിക്കാം. മതഗ്രന്ഥങ്ങളുടെ വിശാലവീക്ഷണത്തില്‍നിന്ന്, സ്വന്തം സാമ്പത്തികനിലനില്‍പ്പിനും പൌരോഹിത്യ മേധാവിത്വത്തിനും ഇണങ്ങുന്നവയെ മാത്രം കണ്ടെത്തി സൂക്ഷിക്കുകയും കാലാന്തരത്തില്‍ അവയെ വളച്ചൊടിച്ച് അതാണ് ആന്ത്യന്തിക സത്യം എന്ന രീതിയില്‍ അനുയായികളെ പഠിപ്പിക്കുകയും ചെയ്യുന്നു. മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന മാനവ സംസ്കൃതിയുടെ വീക്ഷണങ്ങളെ മതങ്ങള്‍ ക്രമേണ ഉപേക്ഷിക്കുന്നു. മതചരിത്രത്തിലെ പുതിയ നേതൃത്വം മതഗ്രന്ഥങ്ങളെ പൂര്‍ണമായും മാറ്റിയ സംഭവങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്.

ക്രിസ്തുവും ക്രൈസ്തവ സഭകളുമായുള്ള ബന്ധത്തില്‍ ഇത് നൂറുശതമാനവും ശരിയാണ്. ക്രിസ്തു യഥാര്‍ഥത്തില്‍ ഒരു മതവും സ്ഥാപിച്ചില്ല എന്നതാണ് സത്യം. എല്ലാ ചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന, അതിലുപരി പീഡിതന്റെയും അടിമയുടെയും കൂടെ നില്‍ക്കുന്ന, സ്നേഹാധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയായിരുന്നു ക്രിസ്തു മുന്നോട്ടുവെച്ചത്. "എന്റെ രാജ്യം ഐഹികമല്ല'' എന്ന് അതേ സമയം ക്രിസ്തു ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ഭൌതികമായതിനെ ക്രിസ്തു നിരാകരിക്കുന്നത് ഭൌതികതയുടെയും ആത്മീയതയുടെയും മറവിലെ തെറ്റുകള്‍ തുറന്നുകാട്ടാനാണ്.

വിശുദ്ധ പൌലോസിന്റെ കാലത്ത്, ഏകദേശം എ ഡി 64ലാണ് അന്ത്യോക്യയില്‍വെച്ച് ക്രിസ്തുവിന്റെ അനുയായികള്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന പേര് വന്നത് (അപ്പോ- പ്രവൃത്തി, 11-26). വാമൊഴി പ്രചാരണങ്ങളില്‍ നിന്ന് ജാംത്തിയ കൌണ്‍സില്‍ പഴയ നിയമം രൂപപ്പെടുത്തുന്നത് ഒന്നാം നൂറ്റാണ്ടിലാണ് എന്ന് കരുതുന്നു. പുതിയ നിയമം മൂന്നാം നൂറ്റാണ്ടിലും. അതിനുശേഷം നിരവധി എഡിഷനുകളും ഭാഷയും ശൈലിയും ബൈബിളിനുണ്ടായെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ബൈബിള്‍ ചിന്തയില്‍ വന്നില്ല. പക്ഷേ ബൈബിളിനെ അടിസ്ഥാനമാക്കി നിയമങ്ങള്‍ രൂപപ്പെടുത്തിയ സഭ, അവ നടപ്പാക്കിയപ്പോള്‍ സ്വന്തം ഇച്ഛക്കാണ് പ്രധാന്യം കൊടുത്തത്.

ക്രിസ്തുവീക്ഷണത്തില്‍ സഭ ക്രിസ്തുവിന്റെ ശരീരമാണ്. തല ക്രിസ്തുവും. അതുകൊണ്ടുതന്നെ ക്രിസ്തുവീക്ഷണങ്ങള്‍ നടപ്പിലാക്കുകയാണ് ശരീരമാവുന്ന സഭയുടെ ദൌത്യം. പക്ഷേ ക്രൈസ്തവ ചരിത്രത്തില്‍ ആദ്യത്തെ രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ വരെ മാത്രമേ ക്രിസ്തുകേന്ദ്രീകൃത സഭ നിലനിന്നുള്ളൂ. എ സി 394ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്റൈന്റെ കാലത്ത് റോമിന്റെ ഔദ്യോഗിക മതമായി ക്രിസ്ത്യന്‍സഭയെ പ്രഖ്യാപിച്ചതുമുതല്‍ ആത്മീയതയില്‍ രാഷ്ട്രീയം കുടുങ്ങുകയും, അധികാര കേന്ദ്രങ്ങളെ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഉപകരണമായി സഭ മാറുകയും ചെയ്തു. പാപച്ചീട്ടുവില്‍പ്പന മുതല്‍ കുരിശുയുദ്ധംവരെ, അധികാര പ്രമത്തത ബാധിച്ച ക്രിസ്തുരഹിതസഭയുട ഉല്‍പ്പന്നങ്ങളാണ്. ക്രിസ്തു ഒരു യുദ്ധവും ഉണ്ടാക്കാന്‍ പറഞ്ഞില്ല; പകരം സ്നേഹത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ഇന്ന് ക്രൈസ്തവ നേതൃത്വംക്രിസ്തുവിനെയും അദ്ദേഹത്തിന്റെ വീക്ഷണങ്ങ ളെയും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.

ക്രിസ്തുസ്വഭാവവും സഭയുടെ സ്വഭാവവും

ക്രിസ്തുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്തുചെയ്യണമെന്ന് യോഹന്നാന്‍ പറയുന്നുണ്ട്. അവനില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവന്‍, അവന്‍ നടന്നതുപോലെ നടക്കേണ്ടതാവുന്നു. (1- യോഹ-2-6) അപ്പോള്‍ ഭൂമിയില്‍ ക്രിസ്തു എങ്ങനെ നടന്നു, എന്തെല്ലാം കര്‍മങ്ങളില്‍ ഏര്‍പ്പെട്ടു, എന്തെല്ലാം ആഹ്വാനം ചെയ്തു എന്നെല്ലാം സഭ തിരിച്ചറിയുകയും അതുപോലെ നടക്കുകയും ചെയ്യേണ്ടതുണ്ട്. സഭ, സ്വന്തം പ്രവര്‍ത്തനങ്ങളുടെ ന്യായാന്യായങ്ങളെ ക്രിസ്തുവീക്ഷണത്തില്‍ വിശകലനം ചെയ്യുന്നതിന്, ക്രിസ്തുവിന്റെ ജീവിതദര്‍ശനങ്ങളിലൂടെ മനഃശാസ്ത്രപരമായി ഒരു യാത്ര നടത്തേണ്ടതുണ്ട്. ആധുനിക സഭ ക്രിസ്തുവില്‍നിന്ന് എത്ര അകലെയാണെന്നാണ് ഈ സഞ്ചാരം പലപ്പോഴും ബോധ്യപ്പെടുത്തുന്നത്. തന്നെ അറിയേണ്ടതുപോലെ ആരും അറിയുന്നില്ലെന്ന്, തന്റെ ഐഹിക ജീവിതകാലത്തുതന്നെ ക്രിസ്തു പരിഭവിക്കുന്നുണ്ട്. അദ്ദേഹത്തിനൊപ്പം നടന്നവര്‍തന്നെ വ്യത്യസ്തവീക്ഷണകോണിലൂടെയാണ് ക്രിസ്തുവിന്റെ അസ്തിത്വത്തെ ദര്‍ശിച്ചത്. ചിലര്‍ മോശയെന്നും ചിലര്‍ ഏലിയാവെന്നും ചിലര്‍ പ്രവാചകശിഷ്യന്മാരില്‍ ഒരാളെന്നും ക്രിസ്തുവിനെ തെറ്റിദ്ധരിക്കുന്നതായി മാര്‍ഗ് 8-28, 29- ല്‍ പറയുന്നുണ്ട്.

ക്രിസ്തുവിന്റെ സ്വഭാവവും, സഭയുടെ സ്വഭാവവും എക്കാലത്തും രണ്ടായിരുന്നു. ക്രിസ്തുവിനെ പിടിച്ച് അവര്‍ ആണയിടും. എല്ലാ പള്ളിയും ആചാരങ്ങളും സഭയും ആഘോഷവും പെരുന്നാളും എല്ലാം അവനുവേണ്ടിയാണ്. പക്ഷേ അവനുമായി അതിനൊന്നും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. യുക്തിഭദ്രമായ കാര്യങ്ങളെപ്പോലും സഭ കടുംപിടുത്തത്തിന്റെ പേരില്‍ നിരാകരിച്ച സംഭവങ്ങള്‍ ചരിത്രത്തില്‍ എത്രയോ കാണാം.

ക്രിസ്തുസ്വഭാവത്തിന്റെ ഒരു രീതിയെക്കുറിച്ച് അപ്പോസ്തല പ്രവൃത്തി 10-38 ല്‍ പറയുന്നുണ്ട്. അവന്‍ ജീവിതം മുഴുവന്‍ നന്മചെയ്ത് സഞ്ചരിക്കുന്നു എന്ന്. പള്ളിയിലെ ഒരു പ്രത്യേക വിഭാഗത്തോടോ, ഒരു ഗ്രൂപ്പിനോടോ മാത്രം കാണിക്കുന്ന നന്മയല്ല, എല്ലാവരോടും എല്ലാ കാലത്തും ഉള്ള നന്മയുടെ ഇടപെടലാണ് ക്രിസ്തു. സഭയില്‍ പക്ഷേ ഇത് സംഭവിക്കുന്നില്ല. പള്ളിയിലും സംഭവിക്കുന്നില്ല. അവിടെയല്ലാം ആചാരങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം സംഭവിക്കുന്നു.

സത്യത്തെ തിരിച്ചറിയലാണ് യഥാര്‍ഥ നന്മയെന്ന് ഒരു വിധവയുടെ കൊച്ചുകാശിന്റെ കഥയിലൂടെ യേശു സമര്‍ഥിക്കുന്നുണ്ട് (ലൂക്ക് 21-1-4). ഇവിടെ ഒരു വിധവ രണ്ട് കാശ് ഭണ്ഡാരത്തില്‍ ഇട്ടപ്പോള്‍ എല്ലാവരേക്കാളും അധികം ദാനംചെയ്തത് ആ വിധവയാണെന്ന് ക്രിസ്തു പറയുന്നു. നിങ്ങള്‍ എന്ത് ദാനംചെയ്തു എന്നതല്ല വിഷയം, ദാനം ചെയ്തതിന് ശേഷം എന്ത് ബാക്കിയുണ്ട് എന്നുള്ളതാണ്. സമ്പന്നനെ പൂര്‍ണമായും പാര്‍ശ്വവല്‍ക്കരിക്കുകയും സാധുവിനെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ നീതിബോധമാണ് ക്രിസ്തു ഇതിലൂടെ അവതരിപ്പിച്ചത്.

ഇതായിരുന്നു ക്രിസ്തുവിന്റെ സാമൂഹ്യവീക്ഷണം. പക്ഷേ സഭ ഇതിനെ അംഗീകരിക്കുന്നില്ല. എന്തുകൊണ്ടാണ് ന്യൂനപക്ഷമെന്നപോലെ സാധുപക്ഷമെന്നോ ദരിദ്രപക്ഷമെന്നോ സഭ പറയാത്തത്.

ക്രിസ്തുവിന്റെ വീക്ഷണം വേര്‍തിരിവ് ഇല്ലാത്തതായിരുന്നു. അവന്റെ അരികിലേക്ക് അന്നത്തെ എല്ലാ ജാതിയിലുള്ളവരും-യവനന്‍, ശമര്യക്കാരന്‍', യഹൂദന്‍, കുഷ്ഠരോഗി, ഭൂതഗ്രസ്തര്‍, കരംപിരിവുകാര്‍, വേശ്യകള്‍, പീഡിതര്‍, കുട്ടികള്‍- വന്നു. വിവേചനമില്ലാത്ത ഈ സമീപനമാണ് ക്രിസ്തുവിനെ സോഷ്യലിസ്റ്റായി അവതരിപ്പിക്കുന്ന ലിബറേഷന്‍ തിയോളജിയുടെ കാതലായി വന്നത്. നന്മചെയ്തു സഞ്ചരിക്കുമ്പോള്‍ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ഒന്നും പിടിച്ചുവെക്കേണ്ടതുമില്ല. അവധൂതന്റെ ജീവിതമാണത്. ഇന്നത്തെ സഭ ഈ അവധുതമനസ്സില്‍നിന്ന് അകലെയാണ്.

പാപികളെ, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ, അശരണരെ, ബഹിഷ്കൃതരെ സ്നേഹിക്കുന്നതാണ് ക്രിസ്തുസ്വഭാവത്തിന്റെ പ്രത്യേകത(ലൂക്ക് 5-32). സമ്പന്നരോടും, ചൂഷകരോടും പരീശന്മാരോടും അധികാരികളോടും യേശു കൂറു പ്രഖ്യാപിച്ചില്ല. അവരുടെ മുഖത്തുനോക്കി സര്‍പ്പസന്തതികളേ എന്ന് വിളിച്ചു. പക്ഷേ ഇന്നത്തെ സഭയുടെ ചങ്ങാതിമാര്‍ അബ്കാരികളും മുതലാളിമാരുമാണ്. സഭ തന്നെ സ്വയമൊരു മുതലാളിയാണ്. സ്വയം വലിയവരാകുന്നതോടെ ക്രിസ്തുദര്‍ശന ത്തില്‍ അവര്‍ ചെറുതായിപ്പോവുന്നു. അതോടെ ക്രിസ്തു, സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. തന്നെത്താന്‍ വലിയവനാക്കുന്നവനൊക്കെ ചെറുതാക്കപ്പെടും എന്നും, സ്വയം ചെറുതാവുന്നവനെയാണ് അവന്‍ മാനിക്കുന്നതെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്.

ആദിമസഭ

ആദിമസഭയെക്കുറിച്ചുള്ള ആധികാരിക രേഖയാണ് അപ്പോസ്തല പ്രവൃത്തികള്‍. ഇത് ക്രിസ്തുവിന്റെ അനുയായിയും വൈദ്യനുമായിരുന്ന ലൂക്ക് എഴുതിയതാണെന്ന് കരുതപ്പെടുന്നു. ക്രിസ്തുവിന്റെ സാമൂഹ്യവീക്ഷണങ്ങള്‍ ആദിമസഭയില്‍ തളിരിട്ടിരിക്കുന്നു. ഒരു പക്ഷേ സഭയുടെ പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് ക്രിസ്തു സന്തോഷിച്ചത് ഈ സമയത്ത് മാത്രമാവാം. പത്മോസ് ദ്വീപില്‍വെച്ച് യോഹന്നാന് വെളിപാടുണ്ടായപ്പോള്‍ സഭാപ്രവര്‍ത്തനങ്ങളുടെ നീതിരാഹിത്യത്തെക്കുറിച്ച് ക്രിസ്തു വിലപിക്കുന്നതായി പറയുന്നു. സ്വപ്രവര്‍ത്തനങ്ങളുടെ കാപട്യത്തില്‍ തകര്‍ന്നുപോകുന്ന ഒന്നായി സഭ ഇവിടെ അവതരിക്കുന്നു.

ആദിമസഭ തികഞ്ഞ സോഷ്യലിസ്റ്റ് വീക്ഷണത്തില്‍ ഉടലെടുത്തതായിരുന്നു. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസവും പുതിയ ആകാശവും, പുതിയ ഭാവിയും വാഗ്ദാനം ചെയ്ത ക്രിസ്തുവിന്റെ യഥാര്‍ഥ സത്ത സഭ ഇവിടെ ഉള്‍ക്കൊള്ളുന്നു. എല്ലാ വിശ്വാസികളും തങ്ങളുടെ സ്വത്തിനെ പൊതുമുതലെന്ന് എണ്ണുകയും തങ്ങളുടെ സ്വകാര്യസ്വത്ത് വിറ്റുകിട്ടുന്ന പണം പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. (അപ്പോ. പ്രവൃത്തി4)

ആദിമ സഭയുടെ ഈ ദൃഷ്ടാന്തത്തെ പിന്നീടു വന്ന സഭ ഉപേക്ഷിച്ചു എന്ന് മാത്രമല്ല, സമ്പന്നരുടെ സ്വത്തിനുമേല്‍ പണിതുയര്‍ത്തപ്പെട്ട സാമൂഹ്യസംഘടനകളായി സഭ മാറുകയും ചെയ്തു. ക്രിസ്തു സൈഡ്‌ലൈന്‍ ചെയ്യപ്പെട്ട സഭയില്‍ പുണ്യാളന്മാരും വാഴ്ത്തപ്പെട്ടവരും ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. ക്രിസ്തുവിനേക്കാള്‍ വലിയവരായി പോപ്പുമാരും സഭാ നേതൃത്വവും മാറുന്നതാണ് പിന്നീട് കണ്ടത്. സെന്റ്പോള്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് (1 തിമോത്തി 1-3). പക്ഷേ നേതൃത്വം അത് കാര്യമാക്കിയില്ല.

അനന്യാസ്- സഫീര ദമ്പതിമാര്‍ സഭക്കുവേണ്ടി പാവങ്ങള്‍ കൊടുത്ത സ്വത്തില്‍ നിന്ന് സ്വന്തം ആവശ്യത്തിനെടുക്കുമ്പോള്‍, അവരുടെ മേല്‍ ദൈവകോപം വീഴുന്നതിനെക്കുറിച്ച് അപ്പോസ്തലപ്രവൃത്തിയില്‍ പറയുന്നുണ്ട്. ഈ മാനദണ്ഡം വെച്ച് നോക്കിയാല്‍ ആധുനികസഭകളുടെ മേല്‍ എപ്പോഴേ ദൈവകോപം വീഴേണ്ടതാണ്. മതം അധികാരവും ആഡംബരവുമായി ആദിമസഭക്കുശേഷം മാറ്റപ്പെട്ടു. വിശ്വാസികള്‍ പാപംചെയ്തോട്ടെ, ഓരോ പാപത്തിനും നിശ്ചിത ഫീസ് അടച്ച് ക്ഷമയാചിക്കാം എന്ന നിലയിലേക്ക് സഭയുടെ അധികാരഭ്രമം വീണുപോവാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അതോടെ ക്രിസ്തു സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആ സ്ഥാനത്തേക്കാണ് പരശ്ശതം പുണ്യാളന്മാര്‍ ചേക്കേറിയത്. ഓരോരുത്തര്‍ക്കും വേണ്ടി പള്ളികളും ആഘോഷങ്ങളും ആഡംബരങ്ങളും മത്സരബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടു.

യഹൂദന്റെ കപടഭക്തിക്കെതിരെയും ജീവിതവും ആത്മീയതയുമായുള്ള പൊരുത്തക്കേടുകള്‍ക്കെതിരെയുമാണ് ക്രിസ്തു ക്രൂശുമരണത്തോളം പോരാടിയത്; അതിനുശേഷം ക്രൈസ്തവസഭയുടെ ഇരട്ട മുഖത്തോടും. സുഖജീവിതത്തിനും ആഡംബരജീവിതത്തിനും മതത്തേക്കാള്‍ പറ്റിയതായി മറ്റൊന്നില്ലാ എന്ന് ലോകത്തിലെ എല്ലാ മതങ്ങളും കാണിച്ചുതന്നിട്ടുണ്ട്.

പിതാവിന്റെ ഇഷ്ടം

ദൈവം എന്ന പിതാവിന്റെ ഇഷ്ടത്തോട് ഏകീഭവിക്കുകയായിരുന്നു ക്രിസ്തുവിന്റെ ജീവിതം മുഴുവനും. പ്രവാചകശബ്ദത്തിന്റെ പൂര്‍ത്തീകരണമായിട്ടാണ് ക്രിസ്തുജന്മത്തെ ബൈബിള്‍ അവതരിപ്പിക്കുന്നത്. ഇത് പലപ്പോഴും ക്രിസ്തു സമ്മതിക്കുന്നുമുണ്ട്(യോഹ. 5.30). അതുകൊണ്ടുതന്നെ പിതാവിന്റെ ഇഷ്ടത്തോട് വിധേയപ്പെടുക എന്ന സമ്പൂര്‍ണ അനുസരണമാണ് ക്രിസ്തു കാണിച്ചത്. ഞാന്‍ പിതാവിന്റെ അരികില്‍ കണ്ടതെല്ലാമാണ് ഇവിടെ പറയുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. പറുദീസയെക്കുറിച്ചുള്ള ഒരു സങ്കല്പവും ഇവിടെ വരുന്നുണ്ട്. പറുദീസ എന്നാല്‍ എല്ലാവരും തുല്യതയോടെ കഴിയുന്നിടമാണെന്ന് ക്രിസ്തുഭാഷ്യം. ഇത്തരം അനുഭവങ്ങള്‍ക്കും പിതാവിന്റെ നീതിബോധത്തിനും എതിരായിരുന്നു അന്നത്തെ അധികാരവര്‍ഗമായ പരീശന്മാരും ശാസ്ത്രിമാരും. അതുകൊണ്ടുതന്നെ ഭയംകൂടാതെ ആ അധികാരവര്‍ഗത്തോട് ക്രിസ്തു എതിര്‍ത്തുനിന്നു. "നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ'' എന്നാണ് ക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥന. ഈ പ്രാര്‍ഥനയിലെ സാമൂഹ്യബോധം പരീശന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇന്ന് വെറുതെ ഈ പ്രാര്‍ഥന ചൊല്ലുന്ന സഭക്കും അതിന്റെ ആന്തരികസത്ത അനുഭവമാവുന്നില്ല.

ഞാനും പിതാവും ഒന്നാണ് എന്ന് ക്രിസ്തു പറയുന്നത് ക്രിസ്തുവിന്റെയും ദൈവത്തിന്റെയും സാമൂഹ്യചിന്തകള്‍ ഒന്നാണ് എന്ന അര്‍ഥത്തിലാണ്. അശരണരോടും മാനവവംശത്തോടുമുള്ള നീതിയില്‍ അധിഷ്ഠിതമായ മനോഭാവം. തിബര്യാസ് കടലിന്റെ തീരത്ത് ക്രിസ്തുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വന്നവര്‍ വിശന്നിരിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ ക്രിസ്തു പ്രഭാഷണം നിര്‍ത്തി, അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കേണ്ടതിന്റെ ആവശ്യവും വിശപ്പിന്റെ പ്രശ്നങ്ങളും ശിഷ്യന്മാരോട് പറയുന്നു (യോഹന്നാന്‍-6). ഇവിടെയാണ് ക്രിസ്തു അഞ്ചപ്പംകൊണ്ട് അയ്യായിരം പേര്‍ക്ക് തൃപ്തിനല്‍കുന്ന, എല്ലാവര്‍ക്കും ഒരുപോലെ വിശപ്പകറ്റിക്കൊടുക്കുന്ന അത്ഭുതം ചെയ്തത്.

ക്രിസ്തു തലയായിരിക്കുന്ന സഭ ഇതുതന്നെ ചെയ്യണമെന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്, പക്ഷേ സഭ അത് ചെയ്യുന്നില്ല. എല്ലാവര്‍ക്കും ഉള്ളതല്ല സഭ ഇന്ന്. ഒരു ചെറിയ ന്യൂനപക്ഷത്തിനുവേണ്ടിയുള്ളതാണ്. ദൈവത്തിന് പക്ഷമില്ലെന്നും എല്ലാ ജാതിമതസ്ഥരും ദൈവം മുന്‍കെ ഒന്നാണെന്നും ദൈവം പത്രോസിനോട് പറയുന്നുണ്ട് (അപ്പോ. പ്രവൃത്തി.10).

ദൈവത്തോടുള്ള, അധികാരത്തോടുള്ള, പറുദീസയോടുള്ള തന്റെ സമത്വം മുറുകെ പിടിക്കാതെ, സ്വയം താഴ്ത്തിയാണ് ക്രിസ്തു ഭൂമിയില്‍ ജീവിച്ചത്. (ഫിലിപ്യര്‍ 2. 6-8) ക്രിസ്തു ഒരു സഭയും ഉണ്ടാക്കിയില്ല. ഒരു സംഘടനയുടെയും നേതാവായില്ല. ഒരു സമ്പന്നന്റെയും വീട്ടില്‍ അന്തിയുറങ്ങിയില്ല. വീണ് ഒന്ന് നമസ്കരിച്ചാല്‍ ലോകത്തിന്റെ സമസ്ത അധികാരവും തരാമെന്ന് സാത്താന്‍ ഒരിക്കല്‍ ക്രിസ്തുവിനെ പരീക്ഷിക്കുന്നുണ്ട്. പക്ഷേ സ്വയം നിയന്ത്രണത്തിന്റെ വഴികളിലൂടെ ക്രിസ്തു അതിനെ നേരിട്ടു. എന്നിട്ടവന്‍ ഗ്രാമങ്ങളിലും കടല്‍ത്തീരത്തും അലഞ്ഞു. ഒരു പ്രതിഫലവും മോഹിക്കാതെ എല്ലാവരോടും ഇടപെട്ടു; അവരുടെ ആവശ്യങ്ങളില്‍ സഹായിച്ചു. എല്ലാവരുടെയും കണ്ണുനീര്‍ ഒപ്പി.

സാമ്പത്തികമായി തകര്‍ന്നവനായിരുന്നു ക്രിസ്തു. കോടികളുടെ ആസ്തിയുള്ള സഭാ മന്ദിരത്തില്‍ ക്രിസ്തു ഇപ്പോഴും ആ പഴയ ദരിദ്രനാണ്. കൈസര്‍ക്ക് നികുതിപ്പണം കൊടുക്കാന്‍ പാങ്ങില്ലാത്തവനായിരുന്നു ക്രിസ്തു. സാമ്പത്തികമായതൊന്നും ക്രിസ്തുവിനെ സ്വാധീനിച്ചില്ല. ക്രിസ്തുവിനെ മാത്രമല്ല, കൂടെയുള്ളവരെയും. നികുതി കൊടുക്കാന്‍ കാശില്ലാതെ പത്രോസ് ഒരിക്കല്‍ ക്രിസ്തുവിനോട് സങ്കടം പറയുന്നു. അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ തൃപ്തിപ്പെടുത്തിയവന്‍ വല്ല അത്ഭുതവും കാണിച്ച് പണം ഉണ്ടാക്കും എന്ന് പത്രോസും കരുതിയിരിക്കാം. എന്നാല്‍ ക്രിസ്തു പറയുന്നത് അധ്വാനിച്ച് കാശുണ്ടാക്കി കരം അടയ്ക്കാനാണ്. പത്രോസിന്റെ കുലത്തൊഴില്‍ മീന്‍പിടിത്തം ആയിരുന്നതിനാല്‍ ആ പണി തന്നെ ചെയ്യാനാണ് പറയുന്നത്. അധ്വാനത്തിന്റെ വില തിരിച്ചറിഞ്ഞവനായിരുന്നു ക്രിസ്തു. അതുകൊണ്ടാണ് അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസമാണ് താനെന്ന് ക്രിസ്തു പറയുന്നത്.

ക്രിസ്തുവിന്റെ ഈ ചിന്താധാരകള്‍ക്കൊന്നും ഇന്ന് സഭയില്‍ സ്ഥാനമില്ല. സഭ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. കൂടുതല്‍ എക്സ്റ്റന്‍ഷന്‍, കൂടുതല്‍ ലാഭം. ലാഭനഷ്ടങ്ങളുടെ പേടി കൂടുമ്പോള്‍, നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കയും കൂടുന്നു. അപ്പോള്‍ ദിശാബോധം നഷ്ടപ്പെടുകയും എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന ദൌത്യബോധം ഇല്ലാതാകുകയും ചെയ്യുന്നു. പിന്നെ കാടടച്ചുവെടിവെക്കലാണ്. ക്രിസ്ത്യാനിയുടെ മക്കള്‍ ക്രിസ്ത്യന്‍ സ്കൂളില്‍ത്തന്നെ പഠിക്കണം എന്നുള്ള തലതിരിഞ്ഞ, ഒരു മതേതര സമുദായത്തിലെ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള ജല്‍പ്പനങ്ങള്‍ ഇത്തരം പേടിയില്‍നിന്നാണ് ഉണ്ടാവുന്നത്. ഭാഗ്യവശാല്‍ ക്രിസ്ത്യാനികളില്‍ പകുതിയിലേറെപ്പേരെങ്കിലും ഇത്തരം ജല്‍പ്പനങ്ങളെ പുച്ഛിച്ചുതള്ളുന്നുണ്ട്. ചിന്തിക്കുന്ന ജനങ്ങളാണ് ഒരു സമൂഹത്തിന്റെ ചാലകശക്തി. പക്ഷേ സഭാനേതൃത്വത്തിന് അവശ്യവും, ആഗ്രഹവും വിധേയന്മാരെയാണ്. ചിന്തിക്കുന്നവരെയല്ല.

ക്രിസ്തുവില്‍നിന്ന് ക്രിസ്ത്യന്‍ സഭകളിലേക്ക് വളരെയേറെ ദൂരമുണ്ടിന്ന്. ക്രിസ്തുവിനെ സഭ ഉപേക്ഷിച്ചതുപോലെ, താന്‍പോരിമയുള്ള സഭയെ ക്രിസ്തുവും ഉപേക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. വെറും ഒരു സമ്മര്‍ദ ശക്തിയായി മാത്രം നിലകൊള്ളുന്ന, ബൈബിളിനും ക്രിസ്തുവിനും ഒരു പങ്കുമില്ലാത്ത സഭ ക്രിസ്തുവിന്റെ ഓര്‍മയില്‍നിന്നുതന്നെ പോയിട്ടുണ്ടാവും. ഒരു ക്രിസ്തുവചനം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

"എന്നെ പ്രഭോ എന്ന് വിളിച്ചു പുറകെ നടക്കുന്നവനല്ല, എന്റെ ഇഷ്ടം അനുസരിക്കുന്നവനാണ് എനിക്ക് പ്രിയപ്പെട്ടവന്‍‍.''

അതിനാല്‍ ആധുനിക ബിഷപ്പുമാരെയും, സഭാസ്വത്തിനു തമ്മില്‍ത്തല്ലുന്നവരെയും പാവങ്ങളെ വിദ്യാഭ്യാസത്തില്‍നിന്നകറ്റുവരെയും നോക്കി ക്രിസ്തു പറയുന്നു.

"ഞാന്‍ നിങ്ങളെ അറിയുന്നില്ലല്ലോ'' (മത്തായി 7-22).

*

-ശ്രീ ഐസക് ഈപ്പന്‍, കടപ്പാട്: ദേശാഭിമാനി

Sunday, May 25, 2008

ഇട്ടിരാരിശ്ശന്‍ ഫ്രം ഇന്ത്യ

കത്ത് കിട്ടിയപ്പോള്‍ ഇട്ടിരാരിശ്ശന്‍ നമ്പൂതിരി അമ്പരന്നു.ജോര്‍ജ് ബുഷും ടോണിബ്ളെയറും സംയുക്തമായി എഴുതിയ കത്താണ്. കത്തല്ല, ക്ഷണപത്രം.

'വൈറ്റ്ഹൌസില്‍ ഒരു സ്വകാര്യ ഡിന്നര്‍. നാം മൂവര്‍ മാത്രം. വരണം,വരാതിരിക്കരുത്.വിഷയം സുപ്രധാനം. അതുകൊണ്ട് തന്നെ അതീവ രഹസ്യം.

ശേഷം ദര്‍ശനമാത്രയില്‍.... ...

ചിരിച്ചുകൊണ്ട്,
സ്നേഹമെന്ന മട്ടില്‍,
ജോര്‍ജ് ബുഷ്'

ഒറ്റനോട്ടത്തില്‍ ഇട്ടിരാരിശ്ശന് ചതി മനസ്സിലായില്ല.

തിരിച്ചും മറിച്ചും ചിന്തിച്ചു.ഫലം നാസ്തി.

എന്തായാലും പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു. പുലിയെ അതിന്റെ ഹൌസില്‍ തന്നെ മീറ്റ് ചെയ്യാമല്ലൊ.ഇട്ടിരാരിശ്ശനെയും വഹിച്ചുകൊണ്ട് വിമാനം മേഘങ്ങള്‍ക്കുള്ളില്‍ ഓടിയൊളിച്ചു.

വായുഭഗവതികള്‍ വിമാനത്തിനുള്ളില്‍ പലവിധ ഭക്ഷ്യപേയവസ്തുക്കള്‍ വിതരണം ചെയ്തിട്ടും ഇക്കുറി ഇട്ടിരാരിശ്ശന് താല്‍പ്പര്യം തോന്നിയില്ല; അവര്‍ സുന്ദരികളായി ഭാവിച്ചിട്ടും.

സങ്കടം മറച്ചുവെക്കാനാവാതെ ഭഗവതികളില്‍ ഒന്ന് ഇട്ടിരാരിശ്ശന്റെ ചെവിട്ടില്‍ ചോദിക്കുക തന്നെ ചെയ്തു.

'വാട്ട് ഹാപ്പന്‍ഡ് ഇട്ടിരാരി ?'

ഇട്ടിരാരി ചിരിച്ചുകൊണ്ട് തടുത്തു.

മാളികമുകളേറിയ വിമാനം തോളില്‍ മാറാപ്പുമായി താഴെയിറങ്ങി.

വൈറ്റ് ഹൌസിന്റെ ഉമ്മറപ്പടിയില്‍ ബുഷും ബ്ളെയറും പൂക്കളുമായി ഇട്ടിരാരിശ്ശനെ കാത്തുനിന്നു.

പൂക്കള്‍ കൈമാറി ആലിംഗനത്തിനൊരുങ്ങിയ ബുഷിനെ ഇട്ടിരാരിശ്ശന്‍ വിലക്കി.

'വേണ്ട സായിപ്പേ... ഇതുകൊറെ കണ്ടതാ...'

അതൊരു ഫലിതമാക്കിയെടുത്ത് ബുഷ് ചിരിച്ചുതള്ളി.

കുശലങ്ങള്‍ക്കിടയില്‍ ഇട്ടിരാരിശ്ശന്റെ ശരീരത്തില്‍ ബുഷ് ആര്‍ത്തിയോടെ നോക്കി.

'ഇട്ടിരാരു ..നീ ഭക്ഷിച്ചുതുടങ്ങി അല്ലേ..?'

'ഈയിടെ ഇല്ലം വിറ്റ് ഇത്തിരി കാശ് കിട്ടി..'

'ഗ്വാത്തെമലയില്‍ കൊത്തമരയ്ക്ക് വില കയറിയപ്പോഴേ ഞാന്‍ കരുതി നിന്റെ കയ്യില്‍ നാലു ഡോളര്‍ തടഞ്ഞ് നീ സാമ്പാര്‍ കഴിച്ചുതുടങ്ങിയെന്ന്..എനി ഹൌ നൌ യുവര്‍ ബോഡി ഈസ് പെര്‍ഫെക്റ്റ്'.

ഇട്ടിരാരിശ്ശന് ലേശം പേടിയായി.

ഇവന്‍ ആ ബില്‍ ക്ളിന്റന്റെ മറ്റെപ്പതിപ്പാണോ?

' മൈ നെയിം ഈസ് ഇട്ടിരാരിശ്ശന്‍. നോട്ട് മോണിക്കാ ലെവിന്‍സ്കി'.

'ദാറ്റ്സ് ഇറ്റ്'-ബുഷിന് ചിരി വന്നു.

അതോടെ ബ്ളെയറിനും ചിരിക്കാതിരിക്കാന്‍ വയ്യാതായി.പെട്രോളിലൊരു പിടിത്തം പിടിച്ചാല്‍ ലണ്ടന്‍ തെണ്ടിപ്പോവും.

കമ്പനി സെയ്ക്കിന് ബ്ളെയറും ചിരിച്ചു.

വൈറ്റ്ഹൌസിലെ തീന്‍മേശയിലേക്ക് ഇട്ടിരാരിശ്ശനെ ബുഷ് ആനയിച്ചു.

തലയറ്റ് കിടക്കുന്ന ഭൂഖണ്ഡാന്തര വിഭവങ്ങള്‍.

ബുഷ് ചോദിച്ചു:

'ഇട്ടിരാരു..ആര്‍ യു സ്റ്റില്‍ വെജിറ്റേറിയന്‍?'

'യെസ് ഐ ആം സ്റ്റില്‍ എ ഗ്രീന്‍ ടേയ്ക്കര്‍.'

ഗ്രീന്‍ ടേയ്ക്കര്‍! ബുഷിന് പിടികിട്ടിയില്ല.

ബ്ളെയറിനെ നോക്കി.

ബ്ളെയറാണ് ഇംഗ്ളീഷിന് ട്യൂഷന്‍ കൊടുക്കുന്നത്.

ബ്ളെയര്‍ ഓക്സ്ഫഡിലേക്ക് വിളിച്ചു.

'അത് വെജിറ്റേറിയന്റെ മൂന്നാം ലോക വാക്കാണ്.ഇംഗ്ളീഷ് അധപ്പതിക്കുന്നു എന്ന് കരുതിയാല്‍ മതി.'

തനി കേരളശൈലിയില്‍ ഇട്ടിരാരിശ്ശന് സദ്യ വിളമ്പി.

ഇട്ടിരാരിശ്ശന്‍ ഇലയിലൊന്നു നോക്കി.പിന്നെ പതുക്കെ തുടങ്ങി.

പുളിശ്ശേരിയില്‍ ഒന്ന് കുഴച്ച്,കാളനോലനവിയലില്‍ കൂടി സഞ്ചരിച്ച്,അച്ചാറുകളെ ഒന്ന് തൊട്ടു വന്ദിച്ച് ഉരുളകള്‍ ഇട്ടിരാരിശ്ശന്റെ വായില്‍ നിലയമിട്ടുകള്‍ പോലെ പൊട്ടി.

തുര്‍ക്കിക്കോഴിയുടെ പള്ളക്ക് കുത്തി ബുഷും ബ്ളെയറും മൌനജാഥയിലെന്നപോലെ തിന്നുമ്പോള്‍ ഇട്ടിരാരിശ്ശന്‍ സദ്യയുടെ അഞ്ചാം കാലം കൊട്ടുകയായിരുന്നു.

ശുഭസ്യ ശീഘ്രം. എല്ലാം തീര്‍ന്നു.

അന്തസ്സായി ഒരേമ്പക്കം.

വൈറ്റ് ഹൌസ് ഞെട്ടി.ഒരട്ടിമറി വിമാനം കൂടി വരുന്നു.

സുരക്ഷാസേന തോക്കെടുത്തു.വിമാനവേധ യന്ത്രങ്ങള്‍ തലപൊക്കി.

ബുഷ് പകച്ചുപോയി.

ഇട്ടിരാരിശ്ശന്‍ പറഞ്ഞു:

'പേടിക്കണ്ട.ഒരാചാര വെടിയാ.'

'ഇട്ടിരാരു ..ഭക്ഷണത്തിനുശേഷം ഉറക്കമുണ്ടോ?'-ബുഷ് ചോദിച്ചു.

'..ല്ല്യ.. ഇനീപ്പോ..നോം ഉറങ്ങീന്ന് വെച്ച് മറ്റുള്ളോരുടെ ഉറക്കം പോകണ്ടല്ലോ..'

ബുഷ് വിഷയത്തിലേക്ക് വന്നു.

'ഇട്ടിരാരു ..തന്നെ ക്ഷണിച്ചതൊരു പ്രത്യേക കാര്യത്തിനാണ്. പ്രസിദ്ധ താര്‍ക്കികനാണല്ലോ താന്‍ .തന്നെയൊന്ന് തോല്‍പ്പിക്കണം.'

'സായിപ്പേ.. ലേശം ബുദ്ധിമുട്ടാണ്. തോക്കിന്റെ പാത്തികൊണ്ട് ചിന്തിച്ചാല്‍ ബുദ്ധിയുണ്ടാവില്ലല്ലോ.'

'നമ്മളയച്ച പണ്ഡിതന്മാരെയൊക്കെ താന്‍ വീഴ്ത്തി.വിജ്ഞാനം കൊണ്ട് എഴുന്നേല്‍ക്കാന്‍ വയ്യാതായ പ്രൊഫസര്‍മാരെ താന്‍ വെറും ദേഹണ്ഡക്കാരാക്കി.ഇനി വയ്യ. അമേരിക്കക്ക് തോറ്റ് ശീലമില്ലെന്ന് ഇട്ടിരാരിശ്ശന് അറിയാമല്ലോ?'

'കേട്ടിരിക്ക്ണൂ'.

'ഇത്തവണ താന്‍ തോല്‍ക്കും.തീര്‍ച്ച. നമ്മുടെ ചങ്ങാതി ബ്ളെയര്‍ ഒരു സൂത്രം കൊണ്ടുവന്നിട്ടുണ്ട്.ഒരു ചോദ്യം.താന്‍ വീണതു തന്നെ.ബുദ്ധീണ്ടെങ്കില്‍ പറയ്കാ.'

അതീവ രഹസ്യമായി തയ്യാറാക്കിയ ചോദ്യം ബ്ളെയര്‍ ഇട്ടിരാരിശ്ശന് നേരെ എറിഞ്ഞു.

'നിങ്ങളുടെ അഛന് ഒരു മകനുണ്ട്, അമ്മക്കും ഒരു മകനുണ്ട്.അത് നിങ്ങളുടെ ചേട്ടനോ അനിയനോ അല്ല.പിന്നെ ആരാണ്?'

ഇട്ടിരാരിശ്ശന് ചിരിവന്നു.

'ഹായ്..വിഡ്ഡി..നാം തന്നെ..'

ഇട്ടിരാരിശ്ശന്‍ അടുത്ത ഫ്ളൈറ്റില്‍ തിരിച്ചു പോന്നു.

ബുഷ് ക്ഷീണിച്ചു.

ഏതായാലും സ്വന്തം സ്റ്റാഫിന്റെ ബുദ്ധി പരീക്ഷിക്കാന്‍ ബുഷ് ഒരുങ്ങി.

ദേശീയ സുരക്ഷാ തലവനെ അടിയന്തരമായി വിളിപ്പിച്ചു.

തലവന്‍ തലൈവറെ വണങ്ങി.

ബുഷ് ചോദിച്ചു:

'നിങ്ങളുടെ അഛന് ഒരു കുട്ടി,അമ്മക്കും ഒരു കുട്ടി.അത് നിങ്ങളുടെ ചേട്ടനോ അനിയനോ അല്ല. പിന്നെ ആരാണ്?'

ദേശീയ സുരക്ഷക്ക് ഇടിവെട്ടേറ്റു.

അങ്ങനെയും ഒരു സംഭവമോ?

അടിയന്തരമായി സുരക്ഷാസമിതി ചേര്‍ന്നു. തലകള്‍ പുകഞ്ഞു.

പുകഞ്ഞ കൊള്ളികള്‍ ഒന്നൊന്നായി പുറത്തായി. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ വിളിച്ചു.

കര്‍ശന നിര്‍ദേശം കൊടുത്തു.

'കുട്ടിയെ അടിയന്തരമായി കണ്ടെത്തണം'.

നാലും നാലു വഴി പാഞ്ഞു. സി ഐ എ ബുദ്ധിരാക്ഷസന്മാരെ പ്രത്യേകം വിളിച്ചു.

'ഗുരുതരമാണ് പ്രശ്നം.എല്ലാ നീചത്തരവും പുറത്തെടുക്കണം.കുട്ടി പുറത്തു വരട്ടെ.'

ഭൂഖണ്ഡം നിവര്‍ത്തിവെച്ച് അതിന്റെ തലയില്‍ തലങ്ങും വിലങ്ങും സുരക്ഷാ തലവന്‍ വരയ്ക്കുമ്പോളാണ് കൊണ്ടലീസ റൈസ് ആ വഴി വരുന്നത്. കീഴ്ച്ചുണ്ട് കടിച്ചു തിന്നുന്ന തലവനോട് റൈസ് കാര്യം തിരക്കി.

'നമ്മുടെ രാജ്യം കുഴപ്പത്തിലാണ്. ഒരു ഭീകര പദ്ധതി ശ്രദ്ധയില്‍പെട്ടിരിക്കുന്നു. അഛനും അമ്മയ്ക്കും ഓരോ കുട്ടികള്‍. അത് നിങ്ങളുടെ ആരാണെന്ന് കണ്ടെത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ്. ഇറ്റ് ഈസ് എ കോണ്‍സ്പിറസി. ഹൌ കാന്‍ ഐ സോള്‍വ് ദ പസ്ല്‍?'

എലി റൈസ് കണ്ടപോലെ റൈസ് ചിരിച്ചു.

'..ഏയ് പുവര്‍ ഗൈ ..ആന്‍സര്‍ ഈസ് വെരി സിംപിള്‍..ഞാന്‍ ..ഞാനാണ് അത്.'

റിയലി!

തലവന്‍ തലൈവരുടെ അടുത്തേക്ക് ഓടി. പ്രജകളുടെ ബുദ്ധിയെക്കുറിച്ച് സങ്കടപ്പെട്ടിരുന്ന ബുഷിന്റെ മുന്നില്‍ തലവന്‍ തുള്ളിച്ചാടി.

'പ്രശ്നം തീര്‍ന്നു.ആ ഗൂഢാലോചന നമ്മള്‍ തകര്‍ത്തു. മി. പ്രസിഡന്റ് ബി പ്രൌഡ് . ഉത്തരം കിട്ടി.'

'പറയൂ.കേള്‍ക്കട്ടെ.'

'കൊണ്ടലീസ റൈസ് .കൊണ്ടലീസ റൈസാണ് അത്.'

ബുഷ് ദേഷ്യം കൊണ്ട് ചുവന്നു.

'നോണ്‍സെന്‍സ്..റൈസല്ല.ഇട്ടിരാരിശ്ശനാണ് അത്.ഇട്ടിരാരിശ്ശന്‍ ഫ്രം ഇന്ത്യ'.

........

ഒരു ബുഷ് കഥ കൂടി

ഐന്‍സ്റ്റീന്‍ മരിച്ച് സ്വര്‍ഗവാതിലിലെത്തി.സ്വര്‍ഗത്തിന്റെ കാവല്‍ക്കാരന്‍ പത്രോസ് വഴി തടഞ്ഞു.

'നിങ്ങള്‍ ഈ പറഞ്ഞയാള്‍ തന്നെയാണെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും? കള്ളപ്പേരില്‍ പലരും ഇപ്പോള്‍ സ്വര്‍ഗത്തില്‍ കയറാന്‍ ശ്രമിക്കുന്നുണ്ട്.നിങ്ങള്‍ സ്വയം തെളിയിച്ചേ പറ്റൂ. '

ഐന്‍സ്റ്റീന്‍ ഉടന്‍ തന്നെ ഒരു ബോര്‍ഡും ചോക്കും കൊണ്ടുവരാന്‍ പറഞ്ഞു. ബോര്‍ഡില്‍ ആപേക്ഷികതാ സിദ്ധാന്തം തെളിയിച്ചു.

പത്രോസ് ഐന്‍സ്റ്റീനെ കടത്തിവിട്ടു.

പിന്നീട് വന്നത് പിക്കാസോയാണ്.പിക്കാസോവിനോടും പത്രോസ് തെളിവ് ആവശ്യപ്പെട്ടു. പിക്കാസോയും ബോര്‍ഡും ചോക്കും ആവശ്യപ്പെട്ടു. ബോര്‍ഡില്‍ ചിത്രം വരച്ച് പിക്കാസോ തന്റെ കഴിവ് തെളിയിച്ചു.

പിക്കാസോയെയും പത്രോസ് കടത്തിവിട്ടു.

അവസാനം വന്നത് ജോര്‍ജ് ബുഷാണ്. ബുഷിനെയും പത്രോസ് തടഞ്ഞു.

ബുഷ് പറഞ്ഞു:

'ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാണ്.'

'അങ്ങനെ പറഞ്ഞ് പലരും ഇവിടെ വന്നിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റാണെന്ന് തെളിയിക്കണം. നിങ്ങള്‍ക്കു മുമ്പ് വന്ന ഐന്‍സ്റ്റീനും, പിക്കാസോയും അവരുടെ കഴിവുകള്‍ തെളിയിച്ചു.'

'ഓഹോ.. ആരാ അവരൊക്കെ?'

പത്രോസിന് പിന്നെ സംശയം ഉണ്ടായില്ല.

'നിങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തന്നെ.കടന്നുപൊയ്ക്കോളൂ.'

-ശ്രീ എം.എം.പൌലോസ്, കടപ്പാട്: ദേശാഭിമാനി

വായ്പാക്കുഴപ്പം ആലീസിന്റെ അത്ഭുതലോകം

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ലോകത്താകെയുള്ള ബാങ്കുകളെ കുഴപ്പത്തിലാക്കുമ്പോള്‍ അത് തങ്ങളെ ഒട്ടും ബാധിക്കില്ല എന്ന് ഇക്കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രസ്താവിച്ചു. അതിന് തൊട്ടു തലേന്നാണ് ഏക്സിസ് (AXIS) ബാങ്കിന്റെ (നമ്മുടെ പഴയ യു ടി ഐ ബാങ്കിന്റെ പുതിയ ചെല്ലപ്പേരാണത്) അമേരിക്കയിലെ സബ് പ്രൈം ഇടപാടില്‍ ചന്തിക്ക് ചില്ലറ പൊള്ളലേറ്റ കാര്യം പച്ചക്ക് പറഞ്ഞുകൊണ്ട് അതിനായി ബാലന്‍സ്‌ഷീറ്റില്‍ കാശ് വകയിരുത്തിക്കാണിച്ചത്. സിറ്റി ബാങ്കിന്റെ കഴിഞ്ഞ കാല്‍ക്കൊല്ലത്തെ മാത്രം നഷ്ടം 10 ബില്യണ്‍ ഡോളറാണത്രെ. എന്നുവെച്ചാല്‍ ആയിരം കോടി ഡോളര്‍. ഡ്യൂഷ് ബാങ്ക് (Deutsche Bank ), യു ബി എസ്, എച്ച് എസ് ബി സി ...എന്തിന് ലോകത്താകെയുള്ള വന്‍കിട ബാങ്കുകളാകെ പ്രതിസന്ധിയിലാണ്. ഇതൊക്കെ കേട്ടും കണ്ടും നിന്നവരാകെ ഒന്നും തിരിയാതെ നട്ടം തിരിയുകയാണ്. സബ്പ്രൈം എന്ന വാക്ക് തന്നെ പ്രൈം അല്ലാത്തത് എന്ന അര്‍ത്ഥം നല്‍കുന്നുണ്ടല്ലോ. അപ്പോള്‍ സബ് പ്രൈം വായ്പ എന്നാല്‍ തിരിച്ചുകിട്ടാന്‍ അത്ര എളുപ്പമല്ലാത്ത വായ്പ എന്നര്‍ഥം. തിരിച്ചുകിട്ടാന്‍ എളുപ്പമല്ലെങ്കില്‍ പിന്നെന്തിന് വായ്പ കൊടുത്തു എന്ന് ബുദ്ധിയുള്ള ഏതൊരാളും ചോദിച്ചുപോകും.

ലാഭമുണ്ടാക്കാതെ, കൂടുതല്‍ കൂടുതല്‍ ലാഭമായി അത് വര്‍ധിപ്പിക്കാതെ നിലനില്‍ക്കാനാവാതെ വരുമ്പോള്‍, എന്തു വളഞ്ഞ വഴിയിലും മുതലാളിത്തം കാശുണ്ടാക്കാനുള്ള പെടാപ്പാ‍ട് പെടും. അത്തരമൊരു പെടാപ്പാടിന്റെ ബാക്കിപത്രമാണ് സബ്പ്രൈം വായ്പാക്കുഴപ്പം.
വര്‍ഷങ്ങള്‍ കുറച്ചായി അമേരിക്കന്‍ സര്‍ക്കാര്‍ നാട്ടുകാരോട് അമേരിക്കക്കുവേണ്ടി 'വാങ്ങിക്കൂട്ടൂ' എന്ന് നിര്‍ദേശിക്കാന്‍ തുടങ്ങിയിട്ട് . ആരാന്റെ മണ്ണില്‍ അന്യന്റെ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകരിച്ചങ്ങനെ കൊല്ലുമ്പോള്‍ മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന്റെ ലാഭം പെറ്റുപെരുകുമെങ്കിലും നാട്ടില്‍ പതിനായിരങ്ങളുടെ ഗതി അധോഗതി തന്നെ എന്ന് അനുഭവം കൊണ്ടറിയുകയായിരുന്നു അമേരിക്കന്‍ പൌരന്മാര്‍.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം നിര്‍മിത വസ്തുക്കളുടെ കമ്പോളത്തെ നന്നായി ഞെരുക്കിക്കളഞ്ഞിരുന്നു. പതിനായിരങ്ങളെ പിരിച്ചുവിട്ട് ലാഭം വര്‍ധിപ്പിക്കുന്ന മുതലാളിമാര്‍ നഷ്ടപ്പെടുത്തിയത് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ തന്നെയായിരുന്നു. ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കുറഞ്ഞുകുറഞ്ഞുവരുമ്പോള്‍ ഫാക്ടറികളില്‍ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുകയാവും ഫലം എന്ന് വിദഗ്ദ്ധര്‍ തിരിച്ചറിയുകയായിരുന്നു. അങ്ങനെ വരുമ്പോള്‍ ആളുകളെക്കൊണ്ട് വാങ്ങിപ്പിക്കുക എന്നത് മുതലാളിമാരുടെ തന്നെ ആവശ്യമായി മാറിയിരുന്നു. ജനറല്‍ മോട്ടോഴ്സിന് നല്ലതെന്തോ അത് അമേരിക്കക്കും നല്ലത് എന്നാണല്ലോ പഴയൊരു അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞുപഠിപ്പിച്ചത്. മുതലാളിമാരുടെ രക്ഷക്കായി ‘അമേരിക്കക്കുവേണ്ടി വാങ്ങുക’ എന്നൊരു മുദ്രാവാക്യം തന്നെ ഉയര്‍ത്തപ്പെട്ടു.

കൈയില്‍ കാശില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ വാങ്ങിക്കൊള്ളൂ എന്നായിരുന്നു ഉപദേശം. അങ്ങനെയാണ് ഗാര്‍ഹിക കടം പെറ്റുപെരുകിയത്. ശരാശരി അമേരിക്കക്കാരന്‍ പി എം താജിന്റെ കഥാപാത്രമായ രാവുണ്ണിയുടെ ശിഷ്യന്മാരായി മാറിയത് അങ്ങനെയാണ്. എന്നിട്ടും പോണില്ല ചോണനുറുമ്പ് എന്ന മട്ടില്‍ കാര്യങ്ങള്‍ അതുകൊണ്ടും നേരെയാവാഞ്ഞപ്പോഴാണ് ഭവനവായ്പാമേഖല അനന്തസാധ്യതകള്‍ തുറന്നുകൊടുത്തത്. സ്റ്റീലിനും സിമന്റിനും ഗാര്‍ഹികോപകരണങ്ങള്‍ക്കുമൊക്കെ 'അനക്കം' കിട്ടി എന്നുമാത്രമല്ല, ലാഭം കൊയ്യാനുള്ള ഒട്ടേറെ സാധ്യതകള്‍ അത് തുറന്നുകൊടുക്കുകയും ചെയ്തു.

തിരിച്ചടവ് സാധ്യതയുള്ളവര്‍ക്കൊക്കെ വായ്പ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ നോട്ടം തിരിച്ചടവ് അത്രയൊന്നും ഇല്ലാത്തവരെയാകുമല്ലോ. തിരിച്ചടവ് സാധ്യത കുറഞ്ഞവര്‍ക്കും വായ്പ. അങ്ങനെ കൊടുത്ത വായ്പ തങ്ങളുടെ തടിക്ക് പിടിക്കാതിരിക്കാനായി, അതിന് മാത്രമായി ചില പുതിയ ധനോല്പന്നങ്ങള്‍ (New Financial Products) വികസിപ്പിച്ചെടുക്കാം എന്നായതോടെ ലക്കും ലഗാനുമില്ലാതെ യഥേഷ്ടം വായ്പ കൊടുക്കാമെന്നായി.

പണയവസ്തുവിന്റെ ഈടിന്മേല്‍ കൊടുത്ത വായ്പയുടെ അപകടസാധ്യത (റിസ്ക്) മറ്റുള്ളവരുടെ ചുമലില്‍ ചാരാനാവുന്നവിധം കാര്യങ്ങള്‍ മാറിത്തീര്‍ന്നു. മോര്‍ട്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റീസ്- പണയപ്പിന്തുണയുള്ള കടപ്പത്രങ്ങള്‍- എന്നൊരു സവിശേഷ ഉല്‍പന്നം തന്നെ രൂപപ്പെട്ടു. ഇത്തരം പുതിയ സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടാനായി ലോകത്തെങ്ങുമുള്ള ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അഹമഹമികയാ കുതിച്ചെത്തുകയും ചെയ്തു. അവര്‍ക്കും നോട്ടം കൈനനയാതെ മീന്‍ പിടിക്കുക തന്നെയായിരുന്നല്ലോ. ഇത്തരം പണയപ്പിന്തുണക്കടപ്പത്രങ്ങള്‍ വില്‍ക്കുന്നവര്‍ കേമന്മാരാണല്ലോ, പേരുകേട്ട ഘടാഘടിയന്‍ ഭീമന്‍ കുത്തകസ്ഥാപനങ്ങള്‍!

തിരിച്ചുകിട്ടാന്‍ ഇത്തിരി വിഷമമുള്ളവയായതുകൊണ്ട് വായ്പയുടെ അപകടസാധ്യത കൂടുമല്ലോ. പണ്ട് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനോട് ഓഹരിച്ചന്തയിലേക്ക് കാശൊക്കെ ഒഴുകിയെത്തുകയല്ലേ എന്നൊരു സംശയം ഉന്നയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഓര്‍മയില്ലേ? ജനങ്ങള്‍ക്കിഷ്ടം ഇത്തിരി റിസ്കുള്ള നിക്ഷേപങ്ങളാണെന്ന്. നേരാണ്, പല വിദേശ ബാങ്കുകളെ സംബന്ധിച്ചും റിസ്കുണ്ടെങ്കിലും ലാഭമുണ്ടല്ലോ എന്ന് തന്നെയായിരുന്നു നോട്ടം.

അങ്ങനെയങ്ങനെ കടകൃഷി പെരുകിപ്പെരുകി വരുമ്പോഴാണ് ചില്ലറ തിരിച്ചടവ് പ്രശ്നങ്ങള്‍. തിരിച്ചടവ് തെറ്റിയപ്പോള്‍ ബാങ്കുകള്‍ പണയപ്പണ്ടം തൂക്കി വില്‍ക്കുന്നതുപോലെ, വീടുകള്‍ ലേലത്തില്‍വച്ചു. ലേലത്തില്‍വെച്ച വീടുകളുടെ എണ്ണം പെരുകിയതോടെ, കെട്ടിടവില താനെ താണു. വില താഴ്ന്ന കെട്ടിടങ്ങളാണ് ഈടായുള്ളത് എന്നതുകൊണ്ടുതന്നെ കമ്പോളത്തില്‍ പരിഭ്രാന്തി പടര്‍ന്നു. പിന്നെ ചീട്ടുകൊട്ടാരം നിലംപൊത്താന്‍ ഏറെ നേരം വേണ്ടിവന്നില്ല.

ഇംഗ്ളണ്ടിലെ നോര്‍ത്തേണ്‍ റോക്ക് ബാങ്കും ഫ്രാന്‍സിലെ സൊസൈറ്റി ജനറലുമൊക്കെ തകര്‍ന്നുവീണതിന് പിറകെ ബിയര്‍ സ്റ്റേണ്‍സ് എന്ന അമേരിക്കന്‍ ഭീമന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്കൂടി ചരിഞ്ഞതോടെ, കൊമ്പന്റെ വമ്പാകെ പോയി. ഇനി പടിയാനുള്ളത് ആരെല്ലാം എന്നായി നോട്ടം. തികഞ്ഞ അവ്യവസ്ഥിതത്വവും അരാജകത്വവുമാണ് ലോകസാമ്പത്തിക രംഗത്താകെ. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റ്സും അതിന്റെ ബാസില്‍ നോംസും ന്യൂ ഇന്റര്‍നാഷനല്‍ ഫൈനാന്‍ഷ്യല്‍ ആര്‍ക്കിടെക്‍ചറുംപോലുള്ള നാനാവിധ അന്താരാഷ്ട്ര സംവിധാനങ്ങളാകെ അപ്രസക്തമാക്കിക്കൊണ്ട് മുപ്പതുകളിലെ മുതലാളിത്തക്കുഴപ്പത്തിന് സമാനമായ രീതിയിലുള്ള വന്‍തകര്‍ച്ചയാണ് ഇന്ന് മുതലാളിത്തലോകം നേരിട്ടു കൊണ്ടിരിക്കുന്നത്.

മുതലാളിത്തത്തിന്റെ സഹജമായ ചാക്രികക്കുഴപ്പങ്ങളാണിതെന്നും ഇറക്കം കഴിഞ്ഞ് കയറ്റത്തിലേക്ക് സ്വാഭാവികമായി നടന്നുകയറിക്കൊള്ളും എന്നൊക്കെയുള്ള ആശ്വാസവചനങ്ങള്‍ ഏറെയുണ്ടെങ്കിലും സംഗതി അത്ര ലളിതമല്ല എന്നാണ് കാര്യങ്ങള്‍ കാണിക്കുന്നത്.

കാര്യബോധമുള്ള മുതലാളിത്ത വക്താക്കളില്‍ ചിലര്‍ തന്നെ സ്ഥിതി അപകടകരമാണെന്ന് ചുണ്ടിക്കാട്ടിയതാണ്. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റിന്റെ തലവനായിരുന്ന അലക്സാണ്ടര്‍ ലാം ഫാലുസി പണ്ടേ, ഏതാണ്ട് പത്തുവര്‍ഷം മുമ്പേ ചോദിച്ച ഒരു ചോദ്യമുണ്ട്: ബാങ്കുകളുടെ ബാലന്‍‌സ്‌ഷീറ്റില്‍ പ്രകടമാകാത്ത പുതിയ ധനോല്‍പന്നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുക്കേണ്ടതല്ലേ എന്ന് ! ലോകത്താകെയുള്ള മൂലധനത്തിന്റെ ഘടനയിലുണ്ടായ ഒരു മാറ്റം ഉല്‍പാദനമേഖലയില്‍നിന്ന് സേവനമേഖലയിലേക്ക് വിശേഷിച്ചും ധനമേഖലയിലേക്കുള്ള കുതിച്ചുചാട്ടമാണ്. ബള്‍ബുണ്ടാക്കുന്നതിലും ലാഭം പണമിടപാട് വഴിയാണെന്ന് കാണുമ്പോള്‍ ജനറല്‍ ഇലക്ട്രിക്‍സിന് ജി ഇ മണി എന്ന പുതിയ ഒരവയവം പൊട്ടിമുളയ്ക്കുന്നത് ഒരുദാഹരണം. ഇന്ന് അമേരിക്കയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായി ഈ കമ്പനി വളര്‍ന്നു പന്തലിക്കുകയും ചെയ്തു.

അങ്ങനെ ധനമേഖലയിലേക്ക് കുതിച്ചെത്തിയ മൂലധനത്തിനിണങ്ങിയ തരത്തിലുള്ള പുതിയ ധനോല്‍പന്നങ്ങളും രൂപപ്പെട്ടുവന്നു. അവയാകട്ടെ വളര്‍ന്നു വളര്‍ന്നങ്ങനെ ഭീമാകാരരൂപത്തിലെത്തിയപ്പോഴാണ് അലക്സാണ്ടര്‍ ലാം ഫാലുസിയെപ്പോലൊരാള്‍ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ഈ ധനോല്‍പന്നങ്ങളുടെ അപകടം കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് ചിലിയന്‍ സാമ്പത്തികവിദഗ്ദ്ധ ഓസ്കാര്‍ ഇഗാര്‍ടെഷ് നമ്മുടേത് മുട്ടത്തോടിന്മേലൂടെയുള്ള നടത്തമാണെന്ന് ആറേഴുവര്‍ഷം മുമ്പ് വിലപിച്ചത്. യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ലാതെ, അതിന്റെ പ്രതിഫലനം വളര്‍ന്നുവളര്‍ന്നങ്ങനെ പെരുകുന്നതിലെ വേവലാതിയാണ് അവര്‍ പ്രകടിപ്പിച്ചത്.

ഈ വേവലാതിയുടെ യഥാര്‍ഥ പൊരുള്‍ അറിയണമെങ്കില്‍ പുതിയ ധനോല്‍പന്നങ്ങളെ കുറേക്കൂടി അടുത്തറിയണം. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഈ പുതിയ ജനുസ്സ് പ്രൊഡക്ടുകള്‍ ധനമേഖലയില്‍ തല കാണിച്ചു തുടങ്ങിയത്. ചുരുങ്ങിയ പലിശക്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ച് അതിലും കൂടുതല്‍ പലിശക്ക് വായ്പയായി കൊടുത്ത് മിച്ചം വരുന്നത് കീശയിലിട്ട് പിഴച്ചുപോന്നിരുന്ന ധനമേഖലയുടെ മട്ടും മാതിരിയും മാറിയപ്പോഴാണ് ഈ പുതിയ പ്രൊഡക്ടുകള്‍ രൂപപ്പെട്ടുവന്നത്.

നാണയമെന്നത് ചരക്കുകൈമാറ്റത്തിനുള്ള മാധ്യമമെന്ന നില കൈവിട്ട് ചരക്കായി മാറിയ സാഹചര്യത്തില്‍ നന്നായി ലാഭം കൊയ്യാനുള്ള സാധ്യതകളാണ് തുറന്നുകിട്ടിയത്. 24 മണിക്കൂറും നാണയക്കച്ചവടം നടക്കത്തക്കവിധം ലോകത്തെ വിവിധ ടൈം സോണുകളിലായി അനേകം നാണയച്ചന്തകളാണ് പ്രവര്‍ത്തിക്കുന്നത്. കറന്‍സികള്‍ തമ്മിലുള്ള വിനിമയ നിരക്കിലെ കയറ്റിറക്കങ്ങള്‍ ഉപയോഗിച്ചുള്ള ഊഹക്കച്ചവടത്തിന് വഴിതുറന്നതോടെ മൂലധനംഅങ്ങോട്ട് കുത്തിയൊഴുകി. ഓരോ നിമിഷാര്‍ദ്ധത്തിലും ഉണ്ടാകാവുന്ന കയറ്റിറക്കങ്ങളില്‍ ഇടപെട്ട് ഈ നിമിഷം വാങ്ങിയ കറന്‍സി അടുത്ത നിമിഷം വിറ്റും വീണ്ടും വാങ്ങിയത് മറ്റൊരു കറന്‍സിയിലേക്ക് മാറ്റിയും ഊഹക്കച്ചവടം യഥേഷ്ടം നടത്തി കോടികള്‍ കീശയിലാക്കാന്‍ കഴിഞ്ഞതോടെ, അതിന് കണക്കായി പുതിയ ധനോല്പന്നങ്ങള്‍ വികസിച്ചുവന്നു.

വ്യതിയാന സാധ്യതയുള്ള ഏത് സൂചികയുടെ കാര്യത്തിലും (നാണയച്ചന്തയാകട്ടെ, ഓഹരിച്ചന്തയാകട്ടെ, റിയല്‍ എസ്റ്റേറ്റ് മേഖലയാകട്ടെ, ചരക്കുവ്യാപാരമാകട്ടെ) പതിയിരിക്കുന്ന ഒരപകട സാധ്യതയുണ്ടല്ലോ, അതില്‍നിന്ന് മറികടക്കാന്‍ നിക്ഷേപകന് /കയറ്റുമതിക്കാരന് / ഇറക്കുമതിക്കാരന് / നാണയ- ചരക്കു കച്ചവടക്കാരന് ഉണ്ടാകാവുന്ന താല്പര്യത്തെ മുതലാക്കിക്കൊണ്ടാണ് ഈ പുതിയ ഉല്‍പന്നങ്ങള്‍ വികസിച്ചുവന്നത്. ഒരു കയറ്റുമതിക്കാരനെ സംബന്ധിച്ചിടത്തോളം കയറ്റിയയച്ച ചരക്ക് വേറൊരു രാജ്യത്തെ തുറമുഖത്തെത്തി അതിന്റെ കാശ് കൈയിലെത്തുമ്പോഴേക്കും വിദേശവിനിമയ നിരക്കിലുണ്ടാകാവുന്ന കയറ്റിറങ്ങള്‍ അയാള്‍ക്ക് എതിരായി ബാധിക്കാം. ഈ റിസ്കിനെ മറികടക്കാന്‍ എന്താണൊരു വഴി? തന്റെ കൈയിലുള്ള ഡോളര്‍ ഒരു നിശ്ചിത വിലയ്ക്ക് വാങ്ങിക്കൊള്ളാമെന്ന് മൂന്നാമതൊരാള്‍ കരാറാക്കുന്നുവെങ്കില്‍ അതൊരുതരും ഇന്‍ഷൂറന്‍സ് പരിരക്ഷയാണ്. ഇങ്ങനെ അവധിവ്യാപാരത്തിന്റെ പട്ടികയിലേക്ക് നാണയങ്ങള്‍, ഓഹരികള്‍, ചരക്കുകള്‍, റിയല്‍ എസ്റ്റേറ്റുകള്‍ തുടങ്ങി മൂല്യവ്യതിയാനത്തിനിടവരുത്തുന്ന എന്തും കടന്നുവരാമെന്നായി. അതിന് കണക്കായി പുതിയ പുതിയ ധനോല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനായി തൊണ്ണുറുകളുടെ തുടക്കത്തില്‍ റോക്കറ്റ് സയന്റിസ്റ്റുകള്‍ (rocket scientists) എന്ന് വിളിക്കപ്പെടുന്ന ഗണിതശാസ്ത്ര വിശാരദര്‍ നിയോഗിക്കപ്പെട്ടിരുന്നു. സിറ്റി ബാങ്ക് പോലുള്ള വന്‍കിട കുത്തകബാങ്കുകള്‍ ഈ ഡെറിവേറ്റീവ് ഇടപാടുകളുടെ കൈകാര്യ കര്‍ത്താക്കളുമായി. 'ഡെറിവേറ്റീവുകള്‍' എന്ന പേര് തന്നെ വരുന്നത് മറ്റെന്തോ ഒന്നില്‍നിന്ന് ഡിറൈവ് ചെയ്തുവരുന്നതാണ് എന്ന നിലയ്ക്കാണ്. ഏതെങ്കിലും ഒരാസ്തിയുടെ (ഷെയറാവാം വിദേശനാണ്യമാവാം റിയല്‍ എസ്റ്റേറ്റാവാം ചരക്കാവാം) അടിസ്ഥാനത്തില്‍ അതില്‍നിന്ന് രൂപപ്പെട്ടുവരുന്ന ഒന്ന് എന്നര്‍ഥം. ഈ മേഖലകളിലൊക്കെ ഉണ്ടാകാവുന്ന വ്യതിയാനങ്ങളില്‍ നിന്നുള്ള പരിരക്ഷക്കുള്ള ഉപകരണങ്ങള്‍ എന്ന നിലയ്ക്കാണ് ഇവ പ്രചരിപ്പിക്കപ്പെട്ടത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ഇത്തരം വാതുവെപ്പുകളില്‍ ഒട്ടനവധി ബാങ്കുകള്‍ നഷ്ടം വരുത്തിവെച്ചിരുന്നു. അമേരിക്കയില്‍ ഓറഞ്ച് കൌണ്ടി എന്ന ഒരു പ്രാദേശികഭരണ സംവിധാനത്തിന്റെ കാശാകെ ഡെറിവേറ്റീവ് ഇടപാടുകളില്‍ ഉരുകിയൊലിച്ചുപോയ കഥ അന്നേ നാട്ടില്‍ പാട്ടായിരുന്നു.

നോബല്‍ സമ്മാന ജേതാക്കളായ രണ്ടു കേമന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ സ്ഥാപിച്ച ലോങ്ങ് ടേം ക്യാപിറ്റല്‍ മാനേജ്‌മെന്റ് പൊട്ടിപ്പൊളിഞ്ഞ് നിക്ഷേപകര്‍ക്കാകെ നാശം വിതച്ചതും സര്‍ക്കാര്‍ നേരിട്ടിറങ്ങി കാശുകൊടുത്തു രക്ഷിച്ചതും (ഏതാണ്ട് 362 കോടി ഡോളറാണ് ഫെഡറല്‍ റിസര്‍വ് ഇതിനായി നികുതിപ്പണം മാറ്റിവെച്ചത്. ഇത്തരം ഹെഡ്‌ജ് കമ്പനികളെ നിയന്ത്രിച്ചുകൂടെ എന്ന് ചോദിച്ചപ്പോള്‍ അന്നത്തെ ഫെഡറല്‍ റിസര്‍വ് തലവന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പറഞ്ഞത് എല്‍ സി ടി എമ്മിനെപ്പോലൊരു കമ്പനിയെ നിയന്ത്രിക്കാന്‍ നിന്നാല്‍ അവര്‍ കെട്ടുംകെട്ടി കടലുംതാണ്ടി ഓഫ്‌ഷോര്‍ നിക്ഷേപകേന്ദ്രങ്ങളിലേക്ക് പിന്‍വലിച്ചുപോയേക്കുമെന്നാണ്! നോക്കണേ ഒരു ഗതികേട്. കുടത്തിലെ ഭൂതത്തിനെ തുറന്നുവിടുന്നവനെത്തന്നെ അത് വെട്ടിവിഴുങ്ങിക്കളയുന്നൊരു രീതി!

യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുടെ അനേകശതം മടങ്ങാണ് ഈ അയഥാര്‍ഥ മേഖലയിലെ കൊള്ളക്കൊടുക്കകള്‍. ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റിന്റെ കണക്കനുസരിച്ച് ഡെറിവേറ്റീവ് ഇടപാടുകളില്‍ ബാങ്കുകള്‍ കൈകാര്യം ചെയ്ത തുക 2000ല്‍ 100 ട്രില്യണ്‍ ഡോളറായിരുന്നത് (ട്രില്യണ്‍ എന്നാല്‍ ലക്ഷം കോടി. നൂറു ട്രില്യണ്‍ എന്നാല്‍ കോടിക്കോടി) 2007 ആയപ്പോഴേക്ക് 516 ട്രില്യണായി വളര്‍ന്നു. റോക്കറ്റ് സയന്റിസ്റ്റുകളും അവരെ വിലയ്ക്കെടുത്ത കുത്തകബാങ്കുകളും ഇതങ്ങനെ പെരുപ്പിച്ച് പെരുപ്പിച്ച് കൊണ്ടുപോവുകയും ഏത് നിമിഷവും തകര്‍ന്നടിയാവുന്ന അവസ്ഥയിലേക്കെത്തിക്കുകയും ചെയ്യും എന്ന ഭയമായിരുന്നു ഓസ്കാര്‍ ഇഗാര്‍ടെഷ് നേരത്തെ പങ്കുവെച്ചത്. ലോകത്താകെയുള്ള വിദേശനാണ്യക്കരുതല്‍ ശേഖരത്തിന്റെ അനേകശതം മടങ്ങാണ് വിദേശനാണ്യക്കച്ചവടം ഒരു ദിവസം കൊണ്ട് നടക്കുന്നത്; ഇതെങ്ങാനും പൊട്ടിപ്പൊളിഞ്ഞാല്‍ ഏത് പാഴ്‌മുറംകൊണ്ട് തടുക്കും എന്നാണവര്‍ ചോദിച്ചത്. എന്നാല്‍ ഇന്ന് ഇടപാടുകള്‍ പിന്നെയും അനേകമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. മുട്ടത്തോടിന്മേലൂടെയുള്ള നടത്തം അപകടക്കുഴികളിലേക്ക് തന്നെയാണ് നയിക്കുക എന്ന് വാറണ്‍ ബഫെയെപ്പോലുള്ള വമ്പന്‍ നിക്ഷേപകത്തമ്പ്രാക്കള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഡെറിവേറ്റീവുകള്‍ കൂട്ടക്കൊലക്കുള്ള ആയുധങ്ങളാണ് (weapons of mass destruction) എന്ന അദ്ദേഹത്തിന്റെ പ്രയോഗം ഒന്നുകൂടി കൃത്യമാക്കുന്നുണ്ട് എസ് ഗുരുമൂര്‍ത്തി. കൂട്ടക്കൊലക്കുള്ള ആയുധമെന്നല്ല, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് (ICBM) അവ എന്ന ആ തിരുത്തല്‍ എത്ര ശരിയാണെന്നറിയാന്‍ സബ്പ്രൈം വായ്പാക്കുഴപ്പം ലോകത്തെല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ബാങ്കുകളെ എങ്ങനെ ബാധിച്ചു എന്ന് നോക്കിയാല്‍ മതി.

*

-ശ്രീ എ കെ രമേശ്

Saturday, May 24, 2008

സഭയും രാഷ്ട്രീയവും

മതവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മില്‍ പൊരുത്തപ്പെടുകയില്ലെന്ന് ഇടയലേഖകര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സംവാദങ്ങള്‍ക്കുള്ള ജനാധിപത്യപരമായ സാധ്യതകള്‍ ഒന്നുമില്ലാത്ത ബലിവേദികളില്‍ നിന്നുകൊണ്ട് വൈദികര്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെതിരെ വിഷം തുപ്പുന്നു. കത്തോലിക്കാ സഭാധികാരികളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.

സാമ്പത്തികസ്ഥിതി, സ്ഥാപനങ്ങളുടെ എണ്ണം, വണ്ണം എന്നിവയില്‍ കേരളത്തിലെ കത്തോലിക്കാസഭ ഇതര ക്രൈസ്തവ വിഭാഗങ്ങളെക്കാള്‍ ഏറെ മുമ്പിലാണ്. സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെട്ടുകൂടാ. സന്ദേഹങ്ങള്‍ ഉന്നയിക്കാന്‍പോലും ആര്‍ക്കും അവകാശമില്ല. അങ്ങനെവന്നാല്‍ അത് സഭാനിഷേധവും ദൈവവിരുദ്ധവുമാകും- ഇതാണ് സ്ഥിതി.

രാഷ്ട്രീയധാരണകളിലും പൊതുപ്രവര്‍ത്തനത്തിലും വ്യക്തിക്കുള്ള സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുന്നതിനും അഭിപ്രായം പറയുന്നതിനും കത്തോലിക്കരായ കുറച്ച് ഇടതുപക്ഷപ്രവര്‍ത്തകര്‍ ചങ്ങനാശ്ശേരിയില്‍ ഒത്തുകൂടി. പള്ളി യുഡിഎഫ് രാഷ്ട്രീയം കളിക്കുന്നതില്‍ അവര്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

സഭാധികാരികള്‍ വിശ്വാസികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തുന്നതു ശരിയല്ലെന്ന് വിനയപൂര്‍വം പ്രസ്താവിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്തു. ഇത് തല്‍ക്കാല സ്ഥിതി. സഭയും രാഷ്ട്രീയപ്രവര്‍ത്തനവും തമ്മില്‍ പൊരുത്തപ്പെടുത്താനാവുമോ എന്ന സന്ദേഹം ഇത്തരുണത്തില്‍ ചിന്തനീയമാകുന്നു.

മതത്തിന്റെ നാരായവേരു കിടക്കുന്നതെവിടെയെന്ന് മൂലധനം, ആന്റിഡ്യൂറിങ്, ലുഡ്വിഗ് ഫോയര്‍ ബാഹ് തുടങ്ങിയ കൃതികളില്‍ മാര്‍ക്സും എംഗല്‍സും വ്യക്തമാക്കുന്നുണ്ട്. പ്രകൃതിശക്തികളുമായുള്ള പോരാട്ടങ്ങളിലെ നിസ്സഹായതയില്‍നിന്നാണ്, അതിന്റെ തുടക്കം. കാലാന്തരത്തില്‍ മതചിന്തകള്‍ക്കും ദൈവസങ്കല്‍പങ്ങള്‍ക്കും മാറ്റം സംഭവിച്ചു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന് അത് ആശ്വാസവും സ്വപ്നവുമായി മാറി. ഈ ജന്മത്തിലെ കഷ്ടപ്പാടുകള്‍ക്കുള്ള ആശ്വാസം അല്ലെങ്കില്‍ ഒരു പരിഹാരം മരണാനന്തരം ഉണ്ടാകുമെന്ന വിശ്വാസം മതം മനുഷ്യനു നല്‍കി. പീഡനങ്ങള്‍ മറക്കാനും പൊറുക്കാനും കരുത്തുപകര്‍ന്നു. മുതലാളിത്തകാലത്തെ ചൂഷണങ്ങള്‍ക്ക് മറയിടാനും മതം ഉപയോഗിക്കപ്പെട്ടു. മതത്തെ ഒരു സാമൂഹ്യയാഥാര്‍ഥ്യമായി തന്നെയാണ് മാര്‍ക്സ് കണ്ടത്. അതൊരു ഭ്രമമാണ്. മനുഷ്യന്‍ മതത്തെ ആശ്രയിക്കുന്നത് സാമൂഹികമായ ഞെരുക്കങ്ങളാലാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യാവസ്ഥ സംജാതമാവുമ്പോള്‍ മതത്തിന്റെ പ്രസക്തിയില്ലാതാവും.

ഹെഗലിന്റെ തത്വചിന്തയെപ്പറ്റിയുള്ള വിമര്‍ശനത്തിനിടയില്‍ മാര്‍ക്സ് ഇങ്ങനെ പറയുന്നു.

ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവും ഹൃദയശൂന്യമായ സാഹചര്യങ്ങളിലെ ഹൃദയവുമാണ് മതം. അത് മനുഷ്യനെ മയക്കുന്നതാണ്- കറപ്പാണ്.

മതത്തോടല്ല, മതവിശ്വാസത്തെ മനുഷ്യന് ആശ്രയിക്കേണ്ടിവരുന്ന സാഹചര്യങ്ങളോടാണ് യുദ്ധം ചെയ്യേണ്ടത് എന്നത്രേ മാര്‍ക്സിയന്‍ ചിന്തകളുടെ കാതല്‍.

മതത്തിനെതിരെ മര്‍ദനമുറകള്‍ നടപ്പാക്കാനുള്ള അരാജകവാദികളുടെയും ഡ്യൂറിങ്ങിന്റെയും ശ്രമങ്ങളെ മാര്‍ക്സും എംഗല്‍സും ശക്തിയായി അപലപിച്ചിട്ടുണ്ട്. മതത്തെ നിരോധിക്കുകയും പീഡിപ്പിക്കുകും ചെയ്യുന്നതുകൊണ്ട് അത് പൂര്‍വാധികം ശക്തമാകുകയേയുള്ളൂ. മതം അനിവാര്യമായി വരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് മാറേണ്ടത്. പരസ്പരംസ്നേഹത്തിലും സൌഹാര്‍ദത്തിലും ആശ്രയിക്കുന്നവരിലുണ്ടാകുന്ന മാനസികാവസ്ഥ മതം പ്രഘോഷിക്കുന്ന സ്വര്‍ഗാധിഷ്ഠിതആത്മീയതയേക്കാള്‍ മഹത്തരമായിരിക്കും. രാഷ്ട്രീയമായ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയിലായിരിക്കും അധ്വാനിക്കുന്ന ജനത അന്ധവിശ്വാസങ്ങളില്‍നിന്ന് മോചനം നേടുക. എത്രയോ കാലംകൊണ്ട് സാക്ഷാത്കരിക്കപ്പെടേണ്ട മഹത്തായ ഒരു ലക്ഷ്യമാണിത്.

ഒരു ക്രിസ്ത്യാനിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയിലോ ഇടതുപക്ഷ രാഷ്ട്രീയത്തിലോ പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന പ്രശ്നത്തിലേക്കു വരാം. ഏത് ഭൌതികസാഹചര്യത്തിലാണ് ഒരാള്‍ ജീവിക്കുന്നത് എന്ന കാര്യം ഇവിടെ പരമപ്രധാനമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന വിമോചനദൈവശാസ്ത്രത്തിന്റെ ചരിത്രം നോക്കുക. അവിടെ കൃഷിയോഗ്യമായ ഭൂസ്വത്തിന്റെ പകുതിയിലധികം ഭൂവുടമകളുടെ ഒന്നരശതമാനത്തിന്റെ അധീനതയിലായിരുന്നു. സാമ്രാജ്യത്വവും ദേശീയ മുതലാളിത്തവും തമ്മിലുള്ള കൂട്ടുകെട്ട് പാവങ്ങളുടെ ജീവരക്തം ഊറ്റിക്കുടിച്ചു. ഈ പൈശാചികശക്തിയുടെ മര്‍ദനോപാധിയായി സൈന്യം നിലകൊണ്ടു. ഇതിനെതിരെ സഭ വിപ്ലവകാരികളുടെ പക്ഷംചേര്‍ന്നു. മനുഷ്യത്വത്തിന്റെ കൊടിയും മുദ്രാവാക്യവുമുയര്‍ത്തി. 1967ല്‍ അവികസിതരാജ്യങ്ങളിലെ 17 മെത്രാന്മാര്‍ സംയുക്തമായി സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. പൊതുനന്മയ്ക്കും ദാരിദ്ര്യോച്ചാടനത്തിനും വേണ്ടിയുള്ള വിപ്ലവങ്ങളെ സഭയ്ക്ക് പിന്താങ്ങാവുന്നതാണ് എന്നതായിരുന്നു ആ ഇടയലേഖനത്തിലെ മുഖ്യ ആശയം. അവരില്‍ ഒമ്പതുപേര്‍ ലാറ്റിനമേരിക്കരായിരുന്നു. വിമോചന ദൈവശാസ്ത്രം ലോകമെങ്ങുമുള്ള പീഡിതരുടെ ആശ്വാസപാതയായി മാറിയത് അന്നുമുതല്‍ക്കാണ്.

കാലിത്തൊഴുത്തില്‍ പിറന്ന തച്ചന്റെ മകനായ ക്രിസ്തു നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടിയാണ് ജീവിച്ചത്. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എന്നു പറഞ്ഞ യേശു പുരോഹിതവര്‍ഗാധിപത്യത്തിനെതിരെയും ദേവാലയം കച്ചവടസ്ഥാപനമാക്കുന്നതിനെതിരെയും ചാട്ടവാറെടുത്തു. ജാതിപരമായി താണവരും നിര്‍ധനരുമായിരുന്നു ആ മഹാത്മാവിന്റെ ശിഷ്യന്മാര്‍. ക്രിസ്തുവിലെ വിപ്ലവകാരിയെ കണ്ടെത്തുന്നവര്‍ക്ക് മനുഷ്യവര്‍ഗത്തിന്റെ വിമോചന പ്രത്യയശാസ്ത്രമായ കമ്യൂണിസത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വൈരുദ്ധ്യമൊന്നും അനുഭവപ്പെടുകയില്ല.

ഈ ദര്‍ശനം ഉള്‍ക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയാണ് ലാറ്റിനമേരിക്കയിലെ ഫാ. കാമിലോ തോമസ്. ലുവെയ്ന്‍ സര്‍വകലാശാലയില്‍ പഠിച്ച് തിരിച്ചെത്തിയ അച്ചന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഭരണകൂടഭീകരത അദ്ദേഹത്തിന്റെ ജീവനെടുത്തു. സാമൂഹ്യനീതിക്കുവേണ്ടി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരില്‍ ഏറ്റവും പ്രസിദ്ധി നേടിയത് ബ്രസീലിലെ ബിഷപ്പ് ഹെല്‍ഡല്‍കാമറയാണ്. ലാറ്റിനമേരിക്കയില്‍ മുപ്പതിലധികം വൈദികര്‍ ദീര്‍ഘകാലം ജയിലില്‍ കിടന്നു. ഒരു കന്യാസ്ത്രീയും തടവിലാക്കപ്പെട്ടു. കമ്യൂണിസ്റ്റ് വിരുദ്ധ നായാട്ടുസൈന്യം നൂറുകണക്കിന് ക്രിസ്തുവിശ്വാസികളെ കൊന്നൊടുക്കി. ബിഷപ്പ് കാമറയുടെ സഹപ്രവര്‍ത്തകനും കലാശാലാവിദ്യാര്‍ഥികളുടെ ചാപ്ലൈനുമായിരുന്ന ഫാ. നെറ്റോയെ 1970 മെയ് 26-ാം തീയതി മരത്തില്‍ കെട്ടിത്തൂക്കി പീഡിപ്പിച്ചശേഷം വെടിവെച്ചുകൊന്നു.

ലാറ്റിനമേരിക്കയില്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന ഇത്തരം സംഭവങ്ങള്‍ക്കു കേരളത്തിലെന്താണു പ്രസക്തി? അതു മനസ്സിലാകണമെങ്കില്‍ അല്‍പം ചരിത്രബോധം ആവശ്യമാണ്. എഴുപതുകളില്‍ യുവതലമുറയുടെ മനസ്സിലാകെ നവചിന്തകളുടെ വിത്തെറിഞ്ഞ ഒരു വൈദികനുണ്ടായിരുന്നു ഇവിടെ. കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക നിലപാടുകള്‍ മൂലം ഉയര്‍ന്ന ചിന്തയും ഉറച്ച നട്ടെല്ലും കരുത്തുറ്റ കൈകളുമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ അദ്ദേഹം യത്നിച്ചു. ലാറ്റിന്‍ അമേരിക്കയില്‍ സംഭവിച്ചതുപോലെ യാഥാസ്ഥിതികസഭ തന്ത്രപരമായി ഇതെല്ലാം തകര്‍ത്തു. എങ്കിലും കാപ്പനച്ചന്‍ പറയുകയും എഴുതുകയും ചെയ്ത ആശയങ്ങള്‍ കുറേപ്പേരുടെയെങ്കിലും മനസ്സില്‍ അവശേഷിച്ചു.

ആത്മീയത പുനരധിവാസത്തിന്റെ പുതുയുഗത്തില്‍ എന്ന കൃതിയില്‍ ഫാ. കാപ്പന്‍ ക്രിസ്തുസഭ സൃഷ്ടിച്ച ദൈവസങ്കല്‍പം വിശകലനം ചെയ്യുന്നു. ഒരു രാജകീയ സ്ഥാപനമായി കത്തോലിക്കാസഭ മാറിയതു മുതല്‍ യേശുവിന്റെ പ്രവചനപരമായ സമത്വസ്നേഹ സങ്കല്‍പങ്ങള്‍ അവഗണിക്കപ്പെടുകയോ മൃതപ്രായമാവുകയോ ചെയ്തു. 'ഉട്ടോപ്യ' എന്ന പദമാണ് അദ്ദേഹം ഈ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു പകരമായി ഉപയോഗിച്ചത്. ക്രിസ്തു പ്രവചിച്ച ഉട്ടോപ്യ പിന്നീട് സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത് കാള്‍മാര്‍ക്സും കമ്യൂണിസ്റ്റ് പ്രസ്ഥാനവും.

കണ്‍സ്യൂമറിസത്തിന്റെ ലോകത്തില്‍ പുതിയൊരു ദൈവം പിറന്നു - മൂലധനം. ഈ ദൈവമാണ് ഇന്ന് കത്തോലിക്കാസഭയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഫാ. കാപ്പന്‍ അദൈവം എന്ന് അതിനു സംജ്ഞ കൊടുത്തു. ഈ സാമ്രാജ്യത്വ മൂലധനശക്തി, സ്വര്‍ഗാനുഭവമല്ല സ്വര്‍ഗീയ ഉപഭോഗാസക്തി വാഗ്ദാനംചെയ്യുന്നു. ഇതിന്റെ പൂര്‍വരൂപങ്ങള്‍ ചരിത്രത്തിലുണ്ട്. രാജാക്കന്മാരും മാര്‍പാപ്പമാരും നടത്തിയ കുരിശുയുദ്ധങ്ങളിലും കൂട്ടക്കുരുതികളിലും ഈ അദൈവത്തെ കാണാം. ലക്ഷക്കണക്കിന് യഹൂദരും തുര്‍ക്കികളും കൊലചെയ്യപ്പെട്ടു. മതവിധിയാള ന്റെ രൂപത്തില്‍ മന്ത്രവാദികളെ വേട്ടയാടി വിമതരെ (പാഷാണ്ഡരെ) ചുട്ടുകൊന്നു. അന്യമതക്കാരെ (പേഗന്‍) അടിമകളാക്കി കോളനിവാഴ്ച സ്ഥാപിച്ചു. മൂന്നുകോടി ആഫ്രിക്കക്കാരെ അറ്റ്ലാന്റിക്കിനു മറുകരയെത്തിച്ച് അടിമവ്യാപാരത്തിന് പച്ചക്കൊടി കാട്ടി. അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ഗോത്രസമൂഹങ്ങളെ നരഭോജികളായി ചിത്രീകരിച്ചുകൊന്നൊടുക്കി.

1991 അമേരിക്ക ഇറാക്ക് യുദ്ധത്തിനു പുറപ്പെടുന്നു. പ്രസിഡന്റ് ബുഷ് മുട്ടുകുത്തി കൈവിരിച്ച് വിജയത്തിനുവേണ്ടി പ്രാര്‍ഥിച്ചു. ഏതുദൈവമാണ് ഇറാഖികളെ കൂട്ടക്കൊലചെയ്യാന്‍ ഈ ഭക്തനെ അനുഗ്രഹിച്ചത്. ദരിദ്രരെ കാണാതെ ധനികര്‍ക്കൊപ്പം കൂടി ദുര്‍ബലനെ അവഗണിച്ച് ബലവാനുമായി കൈകോര്‍ത്ത് വിജയാട്ടഹാസം മുഴക്കുന്ന ഈ അദൈവമാണ് ഇന്ന് കേരളത്തിലും രണഭേരി ഉതിര്‍ക്കുന്നത്. അമ്പതുലക്ഷം കൊടുത്ത് ഡോക്ടറാകാനുള്ള പണക്കാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ന്യൂനപക്ഷാവകാശമെന്ന മുഖംമൂടി ധരിച്ച് ഗോഗ്വാ വിളിക്കുന്നവരില്‍ പ്രവര്‍ത്തിക്കുന്നത് ഏതുദൈവമാണ്? അത്തരമൊരു ആധിപത്യശക്തി സൃഷ്ടിക്കുന്ന ഇടയലഖനങ്ങളിലെ ധാര്‍ഷ്ട്യം ഫാസിസത്തിന്റേതാണ്. മതേതരരാജ്യത്തു വസിക്കുന്ന ഇതരമതസ്ഥരോടുള്ള വെല്ലുവിളിയുമാണ്. ബുഷിന്റെ ദൈവത്തെയാണ് ഇക്കൂട്ടര്‍ ഉപാസിക്കുന്നത്.

ഈ അദൈവസൃഷ്ടാക്കള്‍ ഒരുകാലത്ത് മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവായി ചിത്രീകരിച്ചവരുടെ തുടര്‍ച്ചയാണ്. കേരളത്തില്‍ ഗാന്ധിജി വന്നപ്പോള്‍ കാണാന്‍പോയതിന്റെ പേരില്‍ വിശ്വാസികള്‍ ശിക്ഷിക്കപ്പെട്ടു. കൈവിരിച്ചുനിന്ന് അല്ലെങ്കില്‍ കുരിശുപിടിച്ചുകൊണ്ട് കുര്‍ബാന കാണുക തുടങ്ങിയ പീഡനങ്ങള്‍ക്കിരയായവരുടെ ചിത്രം പഴമക്കാരുടെ മനസ്സില്‍നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകാനിടയില്ല. അന്ന് കൊളോണിയലിസത്തിന്റെ കുഴലൂത്തുകാരായിരുന്നു മതദ്രോഹവിചാരണക്കാര്‍. എം പി പോളിനെക്കുറിച്ച് റോസി തോമസ് എഴുതിയ സ്മരണകളില്‍ ഖദര്‍ ധരിച്ചു വരുന്നതിനെപ്പറ്റി പുച്ഛിച്ചു സംസാരിക്കുകയും ഗാന്ധിജിയെ അന്തിക്രിസ്തുവായി ചിത്രീകരിക്കുകയും ചെയ്തിരുന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും കുറിച്ചു പറയുന്നുണ്ട്. അന്ന് അതൊക്കെ പുണ്യമായിരുന്നു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ സംഗതി നേരെ തിരിഞ്ഞു. കോണ്‍ഗ്രസുകാര്‍ സ്വീകാര്യരായി.

സ്കൂള്‍, കോളേജ്, ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ മീതെ കെട്ടിയുയര്‍ത്തപ്പെട്ട ഭരണസംവിധാനം കേരളത്തിലെ കത്തോലിക്കാ സഭയ്ക്കു പരമപ്രധാനമാണ്. പൌരസ്ത്യ കാനോന്‍ നിയമം നടപ്പാക്കിയതോടെ പള്ളികളും അവയോടനുബന്ധിച്ചുള്ള സകലമാന സ്വത്തുക്കളും മെത്രാന്റേതായി മാറി. ഇവയെല്ലാം തന്നിഷ്ടപ്രകാരം നടത്തിക്കൊണ്ടുപോകുമ്പോള്‍ വിമര്‍ശനമുയര്‍ത്തുവാന്‍ ആര്‍ക്കും അവകാശമില്ല എന്ന നിലപാടില്‍നിന്നാണ് ഇവിടെ കമ്യൂണിസ്റ്റ് വിരുദ്ധത രൂപംകൊണ്ടത്. നിരീശ്വരത്വമാണ് സഭയിലെ ഏറ്റവും വലിയ പ്രശ്നമെന്ന് സ്ഥാപിച്ചുകൊണ്ട് ഈശ്വരനെ രക്ഷിക്കാന്‍ പടച്ചട്ടയണിഞ്ഞവര്‍തന്നെയാണ് അരനൂറ്റാണ്ടുമുമ്പ് വിമോചനസമരം നടത്തിയത്. നിരീശ്വരത ലോകത്തുണ്ടാകുന്നെങ്കില്‍ അതിന് വിശ്വാസികളും കാരണക്കാരാണ് എന്നൊരു വീക്ഷണം കഴിഞ്ഞ വത്തിക്കാന്‍ സൂനഹദോസിന്റെ രേഖകളില്‍നിന്നു വായിക്കാം. (സഭ ആധുനികലോകത്തില്‍ , അധ്യായം 19, 20, 21 ഖണ്ഡികകള്‍) ദിവംഗതനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെപോലെയുള്ള വിശാലമനസ്കരായ സഭാപിതാക്കന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയും കത്തോലിക്കാസഭയും ഒത്തുപോകുന്നതിനെ ശരിവെച്ചിട്ടുള്ളവരാണ്.

കേരളത്തില്‍ കമ്യൂണിസത്തിനുണ്ടായ സ്വീകാര്യതയ്ക്കും വളര്‍ച്ചയ്ക്കും കാരണം കഴിഞ്ഞകാലങ്ങളില്‍ പാര്‍ടി കൈക്കൊണ്ട അടിസ്ഥാന ജനപക്ഷ സമീപനങ്ങളായിരുന്നു. നിരീശ്വരവാദമോ പള്ളിവിരുദ്ധപ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. നിന്ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ടിയിലേക്ക് വിശ്വാസികള്‍ ആകൃഷ്ടരായത്, യേശു അവതരിപ്പിച്ച തത്വങ്ങളുടെ സമാനതകൊണ്ടുതന്നെയാണ്.

മതവിശ്വാസത്തെ സ്ഥാപനങ്ങളുടെ തന്നിഷ്ടപ്രകാരമുള്ള നടത്തിപ്പിനും അധികാരസ്ഥാപനത്തിനുംവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് വര്‍ഗീയവാദമായി തരംതാഴുന്നു. ക്രിസ്ത്യാനികള്‍ ക്രിസ്താനികളുടെ സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ അയയ്ക്കണമെന്ന് അനുശാസിക്കുന്നതിലെ (മാര്‍ പൌവ്വത്തിലിന്റെ പിതൃവേദി പ്രഭാഷണം) ഭയങ്കരത്വം തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതുപോലെതന്നെയാണ് സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു നിയമനം നടത്തിയാല്‍ നിരീശ്വരത്വം വളരാനിടയാകും എന്ന കണ്ടുപിടിത്തവും. മാര്‍ക്കും യോഗ്യതയുമല്ല പ്രധാനം വിധേയത്വമാണെന്നര്‍ഥം. മതം നടത്തുന്ന രാഷ്ട്രീയക്കളിക്ക് ഇതിലധികം എന്ത് ഉദാഹരണമാണ് വേണ്ടത്?

ബൈബിള്‍ വായിക്കുന്നത് പാപമാണെന്ന് സിദ്ധാന്തിച്ചിരുന്ന ഒരു കാലമുണ്ട്. സാഹിത്യവും കവിതയും എങ്ങനെ വിലക്കപ്പെട്ടിരുന്നു എന്നതിനെപ്പറ്റി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 'കൊഴിഞ്ഞ ഇലകളില്‍' പറയുന്നു. അവിശ്വാസികളുടെ ജല്‍പനങ്ങള്‍ എന്നാണ് അവ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അജ്ഞാനികളുടെ കാവ്യങ്ങളും കൊണ്ടുനടന്നാല്‍ നരകത്തില്‍ പോകുമത്രേ. സ്വര്‍ഗവും നരകവും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളവര്‍ വിവാഹം, മരണം തുടങ്ങിയ സാമൂഹികാവശ്യങ്ങളുടെ മീതെയും എത്രയോ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. അനുസരിക്കാത്തവന്‍ പള്ളിക്കു പുറത്ത് എന്നതാണ് കല്‍പന.

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെത്തുടര്‍ന്നാണ് പള്ളി പടയൊരുക്കാന്‍ തുടങ്ങിയത്. രണ്ടാം വിമോചനസമരത്തിന് അങ്കമാലിയില്‍ രക്തപ്രതിജ്ഞയെടുത്തവര്‍ പക്ഷേ അപഹാസ്യരായി. പിന്നീട് ന്യൂനപക്ഷാവകാശ സംരക്ഷണ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. കോട്ടയത്ത് നടത്തിയ ഗുണ്ടാറാലിയില്‍ നവീനമായി പരിഷ്കരിച്ച തിരുനക്കര മൈതാനം ആനകയറിയ കരിമ്പിന്‍കാടുപോലെയായി. സ്നേഹവും കരുണയും ഉപദേശിക്കേണ്ടവര്‍ വിദ്വേഷത്തിന്റെയും പകയുടെയും പ്രഘോഷകരായി മാറുന്ന അത്യന്തം ദാരുണമായ അവസ്ഥയാണ്, ഇതൊന്നും ശരിയല്ലെന്നു പറയാന്‍ ഇടതുപക്ഷപ്രവര്‍ത്തകരായ കത്തോലിക്കരെ പ്രേരിപ്പിച്ചത്.

രാഷ്ട്രീയപ്രവര്‍ത്തനവും മതവിശ്വാസവുമൊക്കെ പൌരന്റെ മൌലികാവകാശമാണെന്ന് സഭാരാഷ്ട്രീയക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് ഒരു ഇടയലേഖനവും വന്നുകൂടായ്കയില്ല.

*

-ഡോ. മാത്യു ജെ മുട്ടത്ത്, കടപ്പാട് ദേശാഭിമാനി