Friday, September 26, 2008

കൊണ്ടേരന്റെ അച്ഛന്‍

അപ്രതീക്ഷിതമായ നിദ്രാഭംഗത്തെക്കുറിച്ച് കൊണ്ടേരന്‍ അത്ഭുതപ്പെട്ടു.

ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പട്ടിണിയില്‍ മുക്തകണ്ഠം മുഴുകുമ്പോഴും എട്ടുമണിക്കൂര്‍ പുല്ലുപോലെയും ശേഷം രണ്ടുമണിക്കൂര്‍ പുല്ലുപായിലും ഉറങ്ങിയ കാലം കൊണ്ടേരന് ഉണ്ടായിരുന്നു. എട്ടുമണിക്കൂറിന് രണ്ടുമണിക്കൂര്‍ ഫ്രീ! പിന്നെ സാങ്കല്‍പ്പികമായ ഉച്ചയുറക്കത്തിനുശേഷം രണ്ടുമണിക്കൂര്‍ വ്യാജ ഉറക്കവും നടിച്ച് പട്ടിണിയെ വെല്ലുവിളിച്ചകാലം!

അങ്ങനെ കൊണ്ടേരനുമുണ്ട് നഷ്ടപ്പെടാന്‍ ഒരു തിളങ്ങുന്ന ഭൂതകാലം!

നഷ്ടസ്മൃതി പങ്കുവെക്കാന്‍ തിരിഞ്ഞുകിടന്നപ്പോള്‍,

ഡിം.

ഭാര്യയെ കാണാനില്ല.

പ്രവാചക.

അവള്‍ ജീവനും കൊണ്ടോടി.

രേഖാചിത്രം പുറത്തിറക്കി സ്വഭാര്യയെ കണ്ടെത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ തിരിഞ്ഞുകിടന്ന് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിഭാര്യനായി തുടര്‍ന്നു. ഉറക്കത്തിനിടയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് മുറിഞ്ഞുപോയ ചിന്ത വിളക്കിച്ചേര്‍ത്തു. തീ സ്വല്‍പ്പം കൂടി. ചെറുതായൊന്നു പൊള്ളി. അങ്ങനെ പൊള്ളുന്ന ചിന്തകള്‍ എന്ന ചീത്തപ്പേരും കിട്ടി.

ഇനി പുലരുംവരെ ചിന്തിച്ച് വശാകണം.

കാലം ഒരു തത്വചിന്തകനെ സൃഷ്ടിക്കുകയാണ്- കൊണ്ടേരന് ഉള്‍വിളി. അലമ്പുണ്ടാക്കാതെ കിടന്നാല്‍ മതി. ബാക്കി കാലം നോക്കിക്കോളും.

രാത്രിയില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റു ഉറക്കം കിട്ടാതെ പോയവരാണ് പില്‍ക്കാലത്ത് മഹാതത്വചിന്തകരായതെന്ന് കൊണ്ടേരന്‍ കേട്ടിട്ടുണ്ട്. ഇപ്പോഴും ഉണ്ട് ഇത്തരം. പക്ഷേ അവര്‍ ലേഖനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉഗ്രന്‍.

കൊണ്ടേരന് ഐഡിയ!

കണ്ണും മൂക്കും നാക്കും വിടര്‍ന്നു.

ഓണം സീസണ്‍. ഓണപ്പതിപ്പുകള്‍ മൂന്നടി മണ്ണ് ചോദിച്ചുവരുന്ന സീസണ്‍.} ഒരു കഥ തരപ്പെടുത്തണം. കൊണ്ടേരനുമറിയാം കുറെ അക്ഷരങ്ങള്‍.

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരുടെ വാര്‍ധക്യകാല വിനോദങ്ങള്‍ കഴിഞ്ഞാലും പേജ് ബാക്കിയുണ്ടാവും. പ്രായമേറിയവര്‍ക്ക് ഇപ്പോള്‍ ഇരിപ്പൂ കൃഷിയാണ്; ഇരുന്നുകൊണ്ടുള്ള കൃഷി.

ഓണപ്പതിപ്പിലൊന്ന്,

വാര്‍ഷികപ്പതിപ്പിലൊന്ന്.

മുതുക്കി എരുമ മുക്കിപ്പെറ്റപോലെ കഥ രണ്ടിലും ഓരോന്ന്. ചികിത്സയാണ് ഇത്. ഇല്ലെങ്കില്‍ പിച്ചുംപേയും പറയും. പിന്നെ നൂറ്റൊന്നു കുടം തണുത്തവെള്ളം ധാരകോരിയാലേ ആശ്വാസം കിട്ടൂ.

കുറേക്കൂടി പ്രായമായാല്‍ നടന്ന വഴി, ചാടിയ വേലി, ചുറ്റിയ വള്ളി എന്നൊക്കെ പറഞ്ഞ് നിന്നുകൊടുത്താല്‍ മതി. ബാക്കി ഇറച്ചി ഫീച്ചറെഴുത്തുകാരന്‍ വെട്ടിയെടുത്തോളും. നല്ല വിലകിട്ടും. വേലിയേല്‍ കിടക്കുന്നതിന്റെ ഫോട്ടോ കൂടിയെടുത്ത് പേജില്‍ വെക്കുന്നതോടെ സീരിയല്‍നടന്റെ ഗ്ളാമറും കിട്ടും. പിന്നെ ഇഷ്ടപ്പെട്ട കറി, ഇഷ്ടപ്പെട്ട ഡോക്ടര്‍, ഇഷ്ടപ്പെട്ട മരുന്ന്, ഇഷ്ടപ്പെട്ട ഹാര്‍ട് അറ്റാക്ക് എന്നീ ഇഷ്ടങ്ങളിലൂടെ ഓട്ടപ്രദക്ഷിണവും നടത്തി, തരംകിട്ടിയാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയും നടത്തി സുന്ദരിയായി തിരിച്ചുവന്ന് നായകനടന്റെ ആലിംഗനത്തിലമര്‍ന്നാല്‍ പിന്നേം തിന്നാന്‍ ഓണം ബാക്കി.

ഹന്ത കേരളമേ നിന്റെ ഭാഗ്യം! അന്തോം കുന്തോമില്ലാതെ!

കൊണ്ടേരന്‍ കോരിത്തരിച്ചു.

മുഖത്തു തപ്പി. ഒരു കുരു മുളച്ചോന്ന് ശങ്ക!

സാംസ്കാരിക കേരളം കൊണ്ടേരനെ വിളിക്കുന്നു.

"വാ.. മോനേ..വാ..''

കൊണ്ടേരന്‍ തനിക്കറിയാവുന്നവിധം ഒരു കഥയെക്കുറിച്ച് ചിന്തിച്ചു. അബദ്ധം! എഴുതിക്കഴിഞ്ഞാണല്ലൊ ചിന്ത വേണ്ടതെന്ന് പിന്നീടാണ് ചിന്തിച്ചത്.

പുറത്ത് ഒരു കാറിന്റെ ഹോണടി.

കൊണ്ടേരന്‍ ഭയന്നു.

"ജപ്തിചെയ്യാന്‍ വന്നതാവും.''

ചെറിയചെറിയ വായ്പകള്‍ ധാരാളം. തിരിച്ചടച്ച് അതൊന്നും ഇല്ലായ്മ ചെയ്തിട്ടില്ല. മനഃപൂര്‍വമല്ല.

ഭാര്യ വിളിച്ചു.

"ദേ... ആരോ വരുന്നു.''

"ആര്‍ക്കും വരാം. ഈ വീടിന്റെ വാതില്‍ ആരുടെ മുന്നിലും അടച്ചിട്ടില്ല. ഇതൊരു തുറന്ന പുസ്തകമാണ്.''

അവള്‍ സമ്മതിച്ചു.

"അരിപ്പെട്ടി അടച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച തികയുന്നു. ചായപ്പൊടി, പഞ്ചസാര തുടങ്ങിയ ഭക്തന്മാര്‍ ശബരിമലക്ക് പോയിട്ട് ഇതുവരെ വന്നിട്ടില്ല. മുന്‍വശംപോലെ തന്നെ പുറകുവശവും. രണ്ടും തുറന്നുകിടക്കുന്നു. വരുന്നവര്‍ക്ക് വന്ന വഴി തന്നെ തിരിച്ചുപോകണമെന്നില്ല. അതിഥികള്‍ക്ക് സഞ്ചാരം ബോറടിയാവില്ല. പുതിയ കാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍. ഹൃദ്യമാകും സന്ദര്‍ശനം. അഭിവാദ്യങ്ങള്‍.''

ഭാര്യയുടെ ഫലിതബോധമോര്‍ത്ത് കനത്ത സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍നിന്നും കൊണ്ടേരന്‍ പൊട്ടിച്ചിരിച്ചു.

നവാതിഥി പുറത്തുനിന്ന് ചില ശബ്ദങ്ങള്‍ ഉണ്ടാക്കി. വൈദ്യുതി പാഴാക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ കൊണ്ടേരന്‍ ഇതുവരെ വീട് വൈദ്യുതീകരിച്ചിട്ടില്ല. കോളിങ് ബെല്ലുകള്‍ കൊണ്ടുവരേണ്ടതാണെന്ന് കൊണ്ടേരന്‍ അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിഥിയുടെ രണ്ടാമത്തെ ശബ്ദവും കൊണ്ടേരന്‍ അവഗണിച്ചു. പക്ഷേ മൂന്നാമത്തെ ശബ്ദം അവഗണിക്കാനായില്ല. അതൊരു കരള്‍ പിളര്‍ക്കുന്ന നിലവിളിയായിരുന്നു.

കൊണ്ടേരന്‍ വന്നു.

അതിഥി ചിരിച്ചു; മൊഴിഞ്ഞു.

"ഗുഡ് മോണിങ് കൊണ്ടേരന്‍.''

കെണ്ടേരന്‍ തിരിച്ചടിച്ചു.

"താങ്ക്യു. പ്ളീസ് ടേക് യുവര്‍ സീറ്റ്.''

അതിഥി തിരിഞ്ഞുനോക്കി.

സമീപകാലത്തെങ്ങും കസേര കിടന്നതിന്റെ ലക്ഷണമില്ല.

അതിഥി ചമ്മി.

കൊണ്ടേരന്‍ ചിരിച്ചു.

സ്വന്തം ദാരിദ്ര്യത്തില്‍ അഭിമാനം കൊണ്ടു.

അതിഥിയെ സൂക്ഷിച്ചു നോക്കി.

"ഇങ്ങനെ ഒരാളോട് കടം വാങ്ങിയതായി ഓര്‍മയില്ല.''

എങ്കിലും ഭവ്യതയില്‍ ഭംഗം വരുത്തിയില്ല.

ഇതോടെ അതിഥി സ്വയം വാഴ്ത്തിപ്പാടി.

"ഞാന്‍.. പത്രാധിപരാണ്.''

ങ്ാവൂ! കൊണ്ടേരന് ആശ്വാസമായി. ഒരു ശത്രുവിനെ കിട്ടിയ ആഹ്ളാദത്തോടെ മുണ്ട് കഴിയുന്നത്ര ഉയര്‍ത്തിക്കുത്തി.

എത്രവരെ?

ഇനിയും പൊക്കിയാല്‍ തമിഴ്‌നാട് ഇടപെടും എന്നതുവരെ.

"ന്താ.. കാര്യം....?''

"ഇത്തവണത്തെ ഓണപ്പതിപ്പിന് അങ്ങയുടെ ഒരു സൃഷ്ടി വേണം.''

അകത്തുനിന്ന് ഭാര്യ 'എന്റമ്മേ' എന്നലറുന്നത് കേട്ട് കൊണ്ടേരന്‍ ഓടിച്ചെന്നു. സൃഷ്ടി എന്നതിന്റെ സാഹിത്യപരമായ അര്‍ഥം വിശദീകരിച്ചുകൊടുത്തതോടെ കരച്ചിലടങ്ങി.

തിരിച്ചുവന്ന് കൊണ്ടേരന്‍ പത്രാധിപരെ ആശ്വസിപ്പിച്ചു.

"വായന കൊറവാ.''

സമൂഹം പുതിയ ഭാഷ ഉള്‍ക്കൊള്ളുന്നതെങ്ങനെ എന്ന ലേഖനം അടുത്ത വിഷയത്തില്‍ കാച്ചാന്‍ ഉറപ്പിച്ച് പത്രാധിപര്‍ കൊണ്ടേരന്റെ കാലിനടുത്തേക്ക് നീങ്ങി.

"കൊണ്ടേരന്‍ എതിര് പറയരുത്... സൃഷ്ടി നടത്തണം.''

"എന്തിലാണ് സൃഷ്ടി....?''

"ഒരു ലേഖനം വേണം...''

'വിഷയമുണ്ടോ..''

"ഉണ്ട്.''

"പറയൂ.''

"അച്ഛനെക്കുറിച്ചാണ്...''

കൊണ്ടേരന്‍ ഞെട്ടി.

"തന്തക്ക് പറയണംന്ന് ! അല്ലേ..''

പത്രാധിപര്‍ വിചാരിച്ചതിനേക്കാള്‍ കനമുണ്ടായിരുന്നു ശബ്ദത്തിന്്.

പത്രാധിപര്‍ക്ക് മുന്നില്‍ കൊണ്ടേരന്‍ വിലങ്ങനെ നടന്നു. തമിഴ് നാടകത്തിലെ വീരപാണ്ഡ്യകട്ടബൊമ്മനെ കാണുകയാണെന്ന് പത്രാധിപര്‍ക്ക് വെറുതെ തോന്നി.

കൊണ്ടേരന്റെ മനസ്സില്‍ അച്ഛന്‍!

ഒന്നാന്തരം കൃഷിക്കാരന്‍. നൂറുപറക്കണ്ടം ഒറ്റക്ക് ഉഴുകുന്നവന്‍. കൊയ്ത്തിന്റെ കാലന്‍. മെതിയുടെ മാന്‍ ഓഫ് ദ മാച്ച്. ഒന്നരക്കുപ്പി കള്ള് അകമ്പടിയില്ലാതെ, മറ്റൊന്നരക്കുപ്പി ഒറ്റ കാന്താരിമുളകില്‍. പിന്നെ ചൂട്ടുകറ്റയും ആഞ്ഞുവീശി ഇടവഴിയിലെ ഇരുട്ടിനെ അകറ്റി തലയെടുപ്പോടെ വീട്ടിലേക്ക്. അപ്പോള്‍ തൊണ്ടതുറന്ന് ഒരു പാട്ട്.

"ഏനിന്നലെയൊരു തൊപ്പനം കണ്ടേ...
പാള പയ്ത്ത് തണുങ്കോടെ വീണേ...''

കൊണ്ടേരന്റെ മനസ്സില്‍ ചിത്രങ്ങള്‍ മാറിമറിഞ്ഞു.

"ഇതെന്റെ അച്ഛനാണ്. നിനക്ക് തിന്നാനുള്ളതല്ല.''

കൊണ്ടേരന്‍ പത്രാധിപരുടെ മുഖത്ത് വിരല്‍ ചൂണ്ടി.

"എടാ... ഈ വീട്ടില്‍ പട്ടിണി സൂപ്പര്‍ഹിറ്റാണ്. എന്നാലും തന്തയെ വിറ്റ് തിന്നില്ലടാ....''

പത്രാധിപര്‍ അവസാനത്തെ അടവെടുത്തു.

"നിങ്ങള്‍ക്കൊരു മീഡിയാ അറ്റന്‍ഷന്‍. ലക്ഷങ്ങളാണ് കോപ്പി..''

പിന്നെ കൊണ്ടേരന്‍ അങ്ട് ആടി.

"കടക്കെടാ പുറത്ത്'' എന്നല്ല; പത്രാധിപര്‍ കേട്ടത് മറ്റെന്തോ ഭാഷയാണ്.

നിര്‍ത്താതെ ഹോണടിച്ച് കാറ് ആംബുലന്‍സുപോലെ പാഞ്ഞു.

**** **** ****

പക്ഷേ, ചിലര്‍ തന്തയെ വിറ്റ് ഇക്കുറി സമൃദ്ധമായി ഓണമാഘോഷിച്ചതായി റിപ്പോര്‍ടുണ്ട്.

*
എം എം പൌലോസ്, കടപ്പാട്: ദേശാഭിമാനി

Thursday, September 25, 2008

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ചോര്‍ന്നു പോകുമ്പോള്‍

പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പിലൂടെ 'സംഘടിപ്പിച്ചെടുത്ത' വിജയത്തിന് പിന്നാലെ കേന്ദ്ര ഭരണനേതൃത്വം, തങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് മരവിപ്പിക്കേണ്ടി വന്ന സാമ്രാജ്യത്വാനുകൂല പരിഷ്ക്കരണ അജണ്ടകളൊന്നൊന്നായി അതിവേഗം നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര തൊഴില്‍ മന്ത്രി തന്റെ പ്രവൃത്തിയിലൂടെ ഇതിന് തുടക്കം കുറിച്ചിരിക്കുന്നു. സ്വന്തം സാമൂഹ്യ സുരക്ഷയ്ക്കായി തൊഴിലാളികള്‍ സ്വരൂപിച്ച ജീവിത സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് പദ്ധതികളിലെ തുകയാകെ 'ഫണ്ട് മാനേജര്‍മാര്‍' എന്ന ലേബലില്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നു. 2008 ജൂലൈ 29-ന് കൂടിയ പി.എഫ്. ട്രസ്റ്റികളുടെ ബോര്‍ഡ് യോഗത്തിന്റെ 'ഭൂരിപക്ഷ' തീരുമാനമായാണ് ഈ നടപടി പ്രഖ്യാപിക്കപ്പെട്ടത്.

ഇ.പി.എഫ് ഓര്‍ഗനൈസേഷന്റെ കീഴില്‍ മൂന്ന് പദ്ധതികളാണ് ഇപ്പോഴുള്ളത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി, നിക്ഷേപാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി മൂന്ന് പദ്ധതികളിലുമായുള്ള സഞ്ചിത നിക്ഷേപം 2,60,000 കോടി രൂപയും പുതിയ നിക്ഷേപവും പലിശയും ഉള്‍പ്പെടെ വാര്‍ഷിക വരവ് 30000 കോടിയിലധികവുമാണിന്ന്.

ഇതുവരെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപം കൈകാര്യം ചെയ്യുന്ന ഏക ഏജന്‍സി പൊതുമേഖലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായിരുന്നു. ഫണ്ടിന്റെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍, 'മത്സരാധിഷ്ഠിത ധനമാനേജ്‌മെന്റ് ' എന്ന തത്വം ഫണ്ട് ട്രസ്റ്റ് ബോര്‍ഡ് അംഗീകരിച്ചിരുന്നു. എന്നാല്‍, ഓഹരി-സെക്യൂരിറ്റി മാര്‍ക്കറ്റില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ബോര്‍ഡിന്റെ വിദൂര ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. ഇ.പി.എഫ്. സ്കീമിന്റെ 52-ാം ഖണ്ഡിക ഇങ്ങനെ പറയുന്നു:

"ഫണ്ടിന്റെ പക്കലുള്ള മുഴുവന്‍ തുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ ഡെപ്പോസിറ്റ് കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ഇന്‍‌വെസ്റ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്.''

52 -ാം ഖണ്ഡികയുടെ വ്യാഖ്യാനത്തില്‍ രണ്ട് പ്രത്യേക വിഷയങ്ങളെ സംബന്ധിച്ച് ഫണ്ട് ഓര്‍ഗനൈസേഷന്‍ വിശദീകരണം തേടിയിരുന്നു.

1. ഡെപ്പോസിറ്റ്, ഇന്‍വെസ്‌റ്റ്മെന്റ് എന്നിവ രണ്ട് വ്യത്യസ്ത പ്രക്രിയകളാണോ അതോ രണ്ടും ഒന്നായി കരുതാവുന്നതാണോ?

2.റിസര്‍വ് ബാങ്കോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ അല്ലാത്ത മറ്റേതെങ്കിലും അസറ്റ് മാനേജ്‌മെന്റ് കമ്പനിക്കോ SEBI യില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ക്കോ ഏതെങ്കിലും ഷെഡ്യൂള്‍ഡ് ബാങ്കില്‍ ഡെപ്പോസിറ്റ് അക്കൌണ്ട് തുറന്നുകൊണ്ട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനുവേണ്ടി ഇന്‍വെസ്റ്റ്‌മെന്റുകള്‍ നടത്താവുന്നതാണോ?

2007 ഡിസംബറില്‍ തൊഴില്‍ മന്ത്രാലയം തന്ന മറുപടി ഇങ്ങനെയായിരുന്നു:

"കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഏതൊരു ഷെഡ്യൂള്‍ഡ് ബാങ്കിലും ഡെപ്പോസിറ്റ് ചെയ്യാവുന്നതാണ്. ആ നിര്‍വചനത്തിന്റെ പരിധിയില്‍ സ്വകാര്യ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ വരാത്തതിനാല്‍ മുകളില്‍ സൂചിപ്പിച്ചിട്ടുള്ള സെക്യൂരിറ്റികളിലല്ലാതെ മറ്റേതെങ്കിലും സെക്യൂരിറ്റികളില്‍ ഫണ്ട് ഇന്‍വെസ്റ്റ് ചെയ്യുകയോ വഴിമാറ്റുകയോ ചെയ്യാന്‍ പാടില്ലാത്തതുമാകുന്നു.''

മത്സരാധിഷ്ഠിതമായ ഒരു ഫണ്ട് മാനേജ്‌മെന്റിനുള്ള രൂപരേഖ തയ്യാറാക്കാനായി പി.എഫ്. ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ കേന്ദ്ര തൊഴില്‍മന്ത്രി ഒരു മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ കമ്മിറ്റി 'ക്രിസിലി' (CRISIL) നെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ 'ഫണ്ട് മാനേജര്‍'മാരെ തെരഞ്ഞെടുക്കാന്‍ മൂന്നംഗ കമ്മിറ്റിക്ക് ബോര്‍ഡ് അനുമതി നല്‍കിയത് കൃത്യമായ നിബന്ധനയോടെയായിരുന്നു. "അവസാന തീരുമാനമെടുക്കാനായി ഈ മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ബോര്‍ഡിന്റെ ധനകാര്യ-നിക്ഷേപ സബ് കമ്മിറ്റിയുടെയും ട്രസ്റ്റ് ബോര്‍ഡിന്റെയും മുന്നില്‍ സമര്‍പ്പിക്കേണ്ടതാണ് '' എന്നതായിരുന്നു നിബന്ധന. 23/08/2008-ല്‍ കൂടിയ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.

2008 ഏപ്രില്‍ 17ന് മൂന്നംഗ കമ്മിറ്റി എക്സ്പ്രഷന്‍ ഓഫ് ഇന്റന്റി (EOI) നായി പരസ്യം ചെയ്തു. പ്രതികരിച്ച 17 സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ മറ്റെല്ലാം ബാങ്കിതര സ്ഥാപനങ്ങളായിരുന്നു. സാങ്കേതിക പരിശോധനക്ക് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് സ്ഥാപനങ്ങളില്‍ നിന്നും 2008 ജൂണ്‍ 6 ന് നിര്‍ദേശങ്ങള്‍ (Request for Proposal (RFP) ക്ഷണിച്ചു. ഓഫര്‍ നല്‍കിയവരില്‍ രണ്ടുപേര്‍- HDFC എ.എം.സി.യും ബിര്‍ള സണ്‍ലൈഫ് എ.എം.സി.യും - ഒരു ചാര്‍ജും ചുമത്താതെയുള്ള (zero bids) ഓഫറാണ് നല്‍കിയത്. ഒരു 'പരിഗണന'യും അടങ്ങിയിട്ടില്ലാത്ത കരാറുകള്‍ നിലനില്‍ക്കില്ല എന്ന കാരണം പറഞ്ഞ് ഈ രണ്ടു പേരെയും ആദ്യമേ തന്നെ ഒഴിവാക്കി. കേന്ദ്രസര്‍ക്കാര്‍ ലോക്‍സഭയില്‍ വിശ്വാസവോട്ട് 'നേടിയെടുത്ത'2008 ജൂലൈ 22 ന് ഓഫറുകള്‍ തുറക്കുകയും തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിധി മറികടന്ന് മൂന്നംഗ കമ്മിറ്റി ട്രസ്റ്റ് ബോര്‍ഡിന്റെ അഭിപ്രായത്തിന് കാത്തിരിക്കാതെ, തീരുമാനമെടുക്കുകയും ചെയ്തു.

നേരത്തെ , ഓഫറില്‍ പങ്കെടുക്കുന്നതിനു സ്ഥാപനങ്ങളുടെ മറ്റു ഫണ്ടുകള്‍ ഏറ്റവും കുറഞ്ഞത് പതിനായിരം കോടി രൂപയായി നിശ്ചയിച്ചതിലൂടെ എസ്.ബി.ഐ. ഒഴികെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളെയാകെ അയോഗ്യരാക്കിയിരുന്നു.

ഫണ്ട് മാനേജര്‍മാരുടെ എണ്ണം മൂന്നായി നിശ്ചയിച്ചു. ഒടുവില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപ്പിറ്റല്‍ എ.എം.സി.യെ ഉള്‍പ്പെടുത്താന്‍ നാലായി വര്‍ധിപ്പിക്കുകയായിരുന്നു.

2008 ജൂലൈ 24 ന് കൂടിയ ധന-നിക്ഷേപ സബ്കമ്മിറ്റിയുടെയും 2008 ജൂലൈ 28-ന് കൂടിയ ഫണ്ട് ട്രസ്റ്റ് ബോര്‍ഡിന്റെയും യോഗത്തിന് മുന്നില്‍ മുന്‍ഗണനാ ക്രമത്തില്‍ മൂന്ന് പേരുകള്‍ നിര്‍ദേശിച്ചു.

1. എച്ച്.എസ്.ബി.സി. എ.എം.സി
2. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എ.എം.സി.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ആദ്യത്തേത് ഒരു വിദേശ ബാങ്കിന്റെയും രണ്ടാമത്തേത് വിദേശ നിക്ഷേപകര്‍ക്ക് ഭൂരിപക്ഷ ഓഹരിയുള്ള ഒരു സ്വകാര്യ ബാങ്കിന്റെയും സബ്‌സിഡിയറികളാണ്. അതുകൊണ്ടുതന്നെ ധന-നിക്ഷേപ സബ് കമ്മിറ്റിയില്‍ ഉടമകള്‍ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായും തൊഴിലാളി പ്രതിനിധികള്‍ എതിരായും തീര്‍ത്തും വ്യത്യസ്തമായ നിലപാടിലായിരുന്നു.
ഒരുദിവസം മാറ്റിവയ്ക്കപ്പെട്ട്, ജൂലൈ 29-ന് കൂടിയ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ഹാജര്‍ വളരെ കുറവായിരുന്നു.

ഐ.എന്‍.ടി.യു.സി പ്രതിനിധി ഒഴികെ തൊഴിലാളി പ്രതിനിധികള്‍ ഒന്നാകെ, വിദേശപങ്കാളിത്തമുള്ള സ്വകാര്യ സ്ഥാപനങ്ങളെ 'ഫണ്ട് മാനേജര്‍മാര്‍' മാരായി നിയമിക്കുന്നതിനെ എതിര്‍ത്തു. പകരം പൊതുമേഖലാ ബാങ്കുകളെ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ മൂന്നംഗ കമ്മിറ്റി 'ഏകപക്ഷീയമായി' പൂര്‍ത്തിയാക്കിയ കരാര്‍ നടപടികളില്‍ മാറ്റം വരുത്തുന്നത് ഇ.പി.എഫ്. ഓര്‍ഗനൈസേഷന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് പറഞ്ഞ് ആ നിര്‍ദേശം നിരാകരിക്കപ്പെട്ടു.

അവസാന നിമിഷത്തില്‍ തൊഴില്‍ മന്ത്രി റിലയന്‍സ് ക്യാപ്പിറ്റല്‍ എ.എം.സി. എന്ന നാലാമത് സ്ഥാപനത്തെ അവതരിപ്പിക്കുകയും ഭൂരിപക്ഷ തീരുമാനമെന്ന നിലയില്‍ നാല് ഫണ്ട് മാനേജര്‍മാരെ നിയമിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. സ്വകാര്യ പങ്കാളിത്തമെന്നത് വളരെ മുന്‍കൂട്ടിയുള്ള ഒരു പദ്ധതിയുടെ ഫലമായിരുന്നുവെന്നതിന് ധനനിക്ഷേപ സബ്‌കമ്മിറ്റി (എഫ്.ഐ.സി.) യുടെ 2007 ഏപ്രില്‍ 11ലെ യോഗത്തിന്റെ മിനിട്ട്സ് തെളിവ് നല്‍കുന്നു.

"തുല്യഅളവില്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന നാലോ അഞ്ചോ ഫണ്ട് മാനേജര്‍മാരുണ്ടാവണമെന്ന് മുഖ്യ പി.എഫ് കമ്മീഷണര്‍ നിര്‍ദേശിച്ചു. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് മാത്രം ഫണ്ട് മാനേജര്‍മാരെ നിശ്ചയിക്കുമ്പോള്‍ മറ്റ് ധനമാനേജ്‌മെന്റ് കമ്പനികളും എല്‍.ഐ.സി പോലുള്ള ഫണ്ട് മാനേജര്‍മാരും ഒഴിവാക്കപ്പെടുകയാണെന്നും അദ്ദേഹം പറ ഞ്ഞു.''

2007 നവമ്പര്‍ 19 ന് കൂടിയ എഫ്.ഐ.സി. യോഗത്തിന്റെ മിനിട്ട്സില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

“52-ാം ഖണ്ഡികയിലെ നിര്‍വചനത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികളെ (എ.എം.സി.) ഉള്‍പ്പെടുത്താനാവില്ലെന്നും ഡെപ്പോസിറ്റും ഇന്‍വെസ്റ്റ്മെന്റുമെന്നത് വ്യത്യസ്ത നടപടികളല്ലെന്നും വ്യക്തമാക്കുന്ന തൊഴില്‍ മന്ത്രാലയത്തിന്റെ കത്തിലേക്ക് ശ്രീ. വരദരാജന്‍ യോഗത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. അത്തരം സ്വകാര്യ കമ്പനികളിലുള്ള പൊതുനിക്ഷേപത്തെപ്പറ്റി കൃത്യമായ ധാരണയില്ലെന്നും മന്ത്രാലയത്തിന്റെ കത്തിന്റെ കൂടി വെളിച്ചത്തില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കരുതെന്നും വരദരാജന്‍ അഭിപ്രായപ്പെട്ടു.”

2008 ജനുവരി 28 ന് കൂടിയ എഫ്.ഐ.സി. യോഗത്തില്‍ വീണ്ടും മുന്നറിയിപ്പ് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സ്വകാര്യ കമ്പനികളെ 'ഫണ്ട് മാനേജര്‍'മാരായി പരിഗണിക്കാമോ എന്ന വിഷയം മുഖ്യ പി.എഫ് കമ്മീഷണറുടെ പരിഗണനക്ക് വിടുകയും അദ്ദേഹം അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുകയുമുണ്ടായി.

എല്ലാ മാനദണ്ഡങ്ങളും മര്യാദയും കാറ്റില്‍പ്പറത്തി യു.പി.എ. സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപമാകെ സ്വകാര്യ-കുത്തക കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിനും അതില്‍നിന്നുള്ള ലാഭത്തിനുമായി തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷക്കായുള്ള കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാകെ സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്ന നടപടിയെ എന്ത് വില കൊടുത്തും ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ.

*

ഡബ്ല്യു. ആര്‍. വരദരാജന്‍, സെക്രട്ടറി, സി ഐ ടി യു

ഇടതുപക്ഷത്തിന്റെ തേനൂറും കാലം

I

ഹ്രസ്വവും ക്ഷിപ്രവുമായ ഒരു കുറിപ്പാണിത്.

ഷാവേസില്‍ നിന്നും ‘വെറുക്കപ്പെട്ട’ മറ്റു സോഷ്യലിസ്റ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയിലെ നവ യാഥാസ്ഥിതിക ഭരണകൂടം, മഹത്തും അജയ്യവുമായ അമേരിക്കന്‍ മുതലാളിത്തത്തെ ദേശസാല്‍ക്കരിക്കാനുള്ള - അതെ ദേശസാല്‍ക്കരിക്കാനുള്ള- നീക്കം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ആ നീക്കം ഭരണകൂടത്തെ സംബന്ധിച്ച ഒരു സിദ്ധാന്തത്തെ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ എല്ലാത്തരം ബിസ്സിനസ്സുകളിൽ നിന്നും വിട്ടു നില്‍ക്കണം, എന്നാല്‍ മുതലാളിത്തത്തിന്റെ ലാഭക്കൊതി അതിനെത്തന്നെയും സമ്പദ്‌വ്യവസ്ഥയെ ആകെയും തകര്‍ക്കും എന്ന അവസ്ഥ വരുമ്പോള്‍ യാതൊരു മടിയും കൂടാതെ അതിനെ രക്ഷിക്കുവാന്‍ സമർപ്പിതമനസ്സോടെ സര്‍ക്കാര്‍ മുന്നോട്ട് വരേണ്ടതുണ്ട് എന്നതാണാ സിദ്ധാന്തം.

ഏത് സാഹചര്യത്തിലും ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നവന്റെ കരിയറിൽ മുഖ്യ ജാമ്യക്കാരന്റെ റോളാണ് പൊതുജനത്തിന് നിർവഹിക്കാനുള്ളത്. ലാഭം മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കുകയും നഷ്ടം ദേശസ്നേഹപരമായി നികുതിദായകര്‍ക്കിടയില്‍ പങ്കുവെക്കുകയും ആണ് ചെയ്യേണ്ടത്. പൊതുജനത്തിൽ നിന്നുമാണ് മുതലാളി വർഗം ലാഭം കുന്നുകൂട്ടുന്നത്, എങ്കിലും അതേ മുതലാളിവർഗം പ്രതിസന്ധിയിലാകുമ്പോൾ പൊതുജനമെന്ന കഴുത ഭാരം ചുമന്ന് അവരെ രക്ഷിക്കുന്നു. The classes make profits out of the masses, and the masses save the classes when their Mammonite chips desert them. ജോസഫ് സ്റ്റിഗിലിറ്റ്സ് ഇതിനെ ഇങ്ങനെ താരതമ്യം ചെയ്തിട്ടുണ്ട്. “ബെര്‍ലിന്‍ മതില്‍ കമ്മ്യൂണിസത്തിനു എങ്ങിനെയായിരുന്നോ അതുപോലെയാണ് വാള്‍ സ്ട്രീറ്റ് മുതലാളിത്തത്തിന്".

മാര്‍ക്സ്..അങ്ങവിടെയിരുന്ന് ചിരിക്കുകയാണോ?

ഇന്ത്യയിലെ നവ യാഥാസ്ഥിതികവാദികൾ പരസ്യമായി അംഗീകരിക്കുമോ എന്നറിയില്ല... ഭരണത്തിലിരിക്കുന്നതിനായി ഇടത് പക്ഷത്തെ നാലു വര്‍ഷത്തിലേറെ ആശ്രയിക്കേണ്ടിവന്നത് എത്രമാത്രം ഭാഗ്യം നിറഞ്ഞ ഒരു യാദൃച്ഛികതയായിരുന്നുവെന്ന നാണിപ്പിക്കുന്ന ഒരു ചിന്ത അവരുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടാകണം. തീര്‍ച്ചയായും, ഇന്ത്യന്‍ പ്രധാനമന്ത്രി രഹസ്യമായി തന്റെ നക്ഷത്രങ്ങളോട് നന്ദിപറയുന്നുണ്ടാകും. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ പിന്തുണക്കുന്ന ഇടത് പാര്‍ട്ടികളുടെ ഒരു ബോണ്ടഡ് ലേബര്‍ ആയിരുന്നതിന്.

II

2004ല്‍ യു.പി.എ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയിലെ നവ യാഥാസ്ഥിതികവാദികൾ ആഗ്രഹിച്ചത് (തെരഞ്ഞെടുപ്പില്‍) പരാജയപ്പെട്ട എന്‍.ഡി.എ തിരക്കിട്ട് ചെയ്തിരുന്ന അതേ കാര്യങ്ങള്‍, അല്പം കൂടി ആവേശത്തോടെ നടപ്പിലാക്കാനായിരുന്നുവെന്നത് ഓർക്കുക.

- വാഷിങ്ങ്ടൺ സമവായത്തിനും, കോര്‍പ്പറേറ്റ് വര്‍ഗ താല്പര്യങ്ങള്‍ക്കും അനുസൃതമായി, പറ്റാവുന്നത്രയും ദേശീയ സമ്പത്ത് പറ്റാവുന്നത്രയും വേഗത്തിൽ പൊതുമേഖലയില്‍ നിന്നും സ്വകാര്യനിയന്ത്രണത്തിലേക്ക് മാറ്റുക.

-ബാങ്കിങ്ങ് രംഗം മൊത്തമായി തുറന്നു കൊടുക്കുക; വിദേശ “കളിക്കാര്‍ക്കായി” ( കുട്ടികള്‍ പ്രാണികളുമായി കളിക്കുന്നതുപോലെ ജനങ്ങളുടെ സമ്പാദ്യം വെച്ച് കളിക്കുന്ന അവര്‍ക്ക് ഇതിലും നല്ലൊരു വിശേഷണം നല്‍കാനാവില്ല )

- ഇന്‍ഷുറന്‍സ് രംഗവും അതുപോലെ മലർക്കെ തുറന്നിടുക.

- സാധാ‍രണക്കാരനായ ഭാരതീയന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വെച്ചിരിക്കുന്ന പ്രൊവിഡന്റ് ഫണ്ട് പോലുള്ള നിക്ഷേപങ്ങള്‍ ഓഹരിച്ചന്തയിലെ സ്വകാര്യ “കളിക്കാര്‍ക്ക്”ലഭ്യമാക്കുക.

- നിർമ്മാണ മേഖലയിലും മറ്റുമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുകയും, ആ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക.

- ലാഭമോ നഷ്ടമോ എന്നതിനനുസരിച്ച് നിക്ഷേപങ്ങള്‍ രാജ്യത്തിലേക്ക് കൊണ്ടു വരാനും ഇവിടെ നിന്ന് കൊണ്ടുപോകാനും സാധ്യമാകുന്ന തരത്തില്‍ മൂലധന അക്കൌണ്ടിൽ രൂപയുടെ ഫുള്‍ കണ്‍‌വെര്‍ട്ടബിലിറ്റി നടപ്പിലാക്കുക.(1997ലെ തെക്കുകിഴക്കന്‍ കുമിള ഓര്‍മ്മയില്ലേ?)

കരാർ തൊഴിൽ, ഹയറിംഗ് ആൻഡ് ഫയറിംഗ് മുതലായവ നടപ്പിലാക്കുക വഴി സ്ഥിരതയുള്ള ജോലിക്കുവേണ്ടി “അനാവശ്യമായി” ചെലവഴിക്കുന്ന ബില്യണുകൾ ലാഭിക്കുവാൻ തൊഴിൽ മേഖലയിയിൽ “പരിഷ്ക്കാരങ്ങൾ” കൊണ്ടുവരുക. പല മേഖലകളിലും ഇതു നടപ്പിലായികഴിഞ്ഞിട്ടുണ്ട്.

- പ്രത്യേക സാമ്പത്തിക മേഖലകളില്‍ സ്വകാര്യ നിര്‍മ്മാതാക്കള്‍ക്ക് ഭൂമിയും അടിസ്ഥാനസൌകര്യങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക, വളരെ വിവാദവിഷയമായ സംഗതിയാണിതിപ്പോള്‍.

മുകളിൽ പറഞ്ഞവയെല്ലാം യാതൊരു തടസ്സവും കൂടാതെ നടപ്പിലാക്കുവാൻ അനുവദിച്ചിരുന്നുവെങ്കിലോ? ചിന്തിക്കുക...

വിലയ്ക്കെടുക്കപ്പെട്ട പണ്ഡിതന്മാര്‍, വിലയ്ക്കെടുക്കപ്പെട്ട ടിവി ചാനലുകളില്‍ എന്ത് മാത്രം അധിക്ഷേപങ്ങളാണ് സ്വന്തം തത്വശാസ്ത്രങ്ങളില്‍ ഉറച്ചു നിന്നു എന്ന കാരണത്തിന് യു പി എ സർക്കാരിനെ പിന്തുണച്ച ഇടത് പക്ഷത്തിനെതിരെ ചൊരിഞ്ഞത് !

ഇതു കൊണ്ടാവാം, ഞാൻ മറ്റൊരിടത്തു സൂചിപ്പിച്ച പോലെ, മഹാനഗരങ്ങളിലെ “വിവരമുള്ള” ഇടത്തരക്കാരുടെ ഭവനങ്ങളിലും, അവർ സ്ഥിരമായി സന്ദർശിക്കുന്ന “വിവരമുള്ള” മാധ്യമങ്ങളിലും ഭാരതത്തിന്റെ മഹത്തായ ഭാവിലേക്കുള്ള യാത്രയെ വഴിമുടക്കുന്ന, യാതൊരു അയവുമില്ലാത്ത രാജ്യസ്നേഹമില്ലാത്തവരായി ഇടതുപക്ഷത്തെ ചിത്രീകരിച്ചത് .
( "Conversions", Znet, September 7, 2008 നോക്കുക).

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍. ഭാരതത്തെ അതിന്റെ പുതിയ തന്ത്രപരമായ പങ്കാളിയോടൊപ്പം തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ അനുവദിക്കാതിരുന്നതിന് - ‘ഞങ്ങളന്നേ പറഞ്ഞില്ലേ’ എന്ന് പറഞ്ഞ് മിണ്ടാതിരിക്കാതെ , ഇന്ത്യയുടെ ഭാവിയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചുമുള്ള തങ്ങളുടെ ഉത്കണ്ഠയ്ക്ക് അനുയോജ്യമായ വിധത്തിൽ, സ്വന്തം കര്‍ത്തവ്യം നിര്‍വഹിച്ചതിന്. ഇതുമായി ബന്ധപ്പെട്ട യുദ്ധങ്ങളെല്ലാം അവസാനിച്ചുവെന്ന അർത്ഥത്തിലല്ല ഇതു പറയുന്നത്.

III

ഇന്ത്യയിലെ നവ യാഥാസ്ഥിതിക നേതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നാണം ബാക്കിയുണ്ടെങ്കില്‍, അല്ലെങ്കില്‍ സ്വയവിമര്‍ശനം നടത്താനുള്ള ശക്തി അല്പമെങ്കിലും ഉണ്ടെങ്കില്‍, മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ സമ്മതിക്കാനും, മറ്റൊരു പ്രധാന വിഷയത്തില്‍, തങ്ങളുടെ ദല്ലാള്‍ മനസ്സിനെ രാജ്യത്തിലെ ഇടത് കക്ഷികള്‍ക്കു മുന്നില്‍ തുറക്കാനുമുള്ള സമയമാണിത്.

അത്, ആണവ 123 വിഷയത്തിലാണ്..

ഒരിക്കല്‍കൂടി, ഇൻഡോ-അമേരിക്കന്‍ കരാര്‍ നിർമ്മാണ പാലത്തിനടിയിലൂടെ സത്യസന്ധമല്ലാത്ത ജലം മുഴുവനായും ഒഴുകിപ്പോയിക്കഴിഞ്ഞതിനുശേഷം, ബുഷ് കോണ്‍ഗ്രസിനുള്ള തന്റെ ലെറ്റര്‍ ഓഫ് ഡിറ്റര്‍മിനേഷനില്‍ അമേരിക്കയുടെ ഉദ്ദേശങ്ങളുടെ യഥാര്‍ത്ഥ സ്വഭാവമെന്തെന്ന് സമർപ്പിച്ചുവല്ലോ? ഇടതുപക്ഷം ഇതുവരെയായി പറഞ്ഞ എല്ലാകാര്യങ്ങളെയും സംശയത്തിനിടയില്ലാത്തവണ്ണം ശരിവെച്ചിരിക്കുകയാണത്.

ഇന്ത്യാ ഗവര്‍മ്മെണ്ട് പറയുന്നതും ചിന്തിക്കുന്നതും എന്തായിരുന്നാലും 123 കരാര്‍ എന്നത് “നിയമപരമായി ബാധ്യതയുള്ളത്” അല്ലെന്നും ഒരു “രാഷ്ട്രീയ സംവിധാനം” മാത്രമാണെന്നും ബുഷ് ധിക്കാരപൂർവം തന്നെ പ്രഖ്യാപിക്കുന്നു.

അതായത് അമേരിക്കയിലെ കുത്തകകള്‍ ഏത് വിധേനയും ഇന്ത്യക്ക് വില്‍ക്കാന്‍ ശ്രമിക്കുന്ന റിയാക്ടറുകള്‍ക്ക് മുടക്കമില്ലാത്ത ഇന്ധനവിതരണം എന്നതിനു യാതൊരു വിധ ഉറപ്പും ഇല്ല, അത്തരം റിയാക്ടറുകളില്‍ ഉപയോഗിച്ച ഇന്ധനത്തിന്റെ പുനര്‍ സംസ്കരണത്തിനു ഒരു തരത്തിലും അവകാശമില്ല, കരാര്‍ റദ്ദാക്കപ്പെട്ടാലും സേഫ്‌ഗാര്‍ഡ്‌സ് ചട്ടങ്ങളില്‍ നിന്നും മോചനം ഇല്ല. തീര്‍ച്ചയായും, ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിലേക്കായി ഇന്ത്യാ ഗവര്‍മ്മെണ്ട് ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിക്കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഊർജ്ജം ഉല്പാദിപ്പിക്കാനാവാത്ത (barren) മറ്റ് പത്ത് “താരാപ്പൂര്‍ നിലയങ്ങള്‍” വാങ്ങുന്നതിനുള്ള സാധ്യതകളാണ് തെളിഞ്ഞു കാണുന്നത്.

അതുമാത്രമല്ല, ഇന്ത്യക്ക് ഇതുവരെ ആരും നല്‍കിയിട്ടില്ലാത്തതും മഹത്തരവുമായ സഹായം നല്‍കുന്നു എന്ന നാട്യത്തില്‍ ബുഷ് ഭരണകൂടം യഥാര്‍ത്ഥത്തിൽ ചെയ്യുന്നത് ആണവവിഷയങ്ങളിലുള്ള ഇന്ത്യയുടെ തന്ത്രപരമായ പരമാധികാരം പരിമിതപ്പെടുത്തുകയും, സാർവദേശീയ ആണവനിര്‍വ്യാപന നിയന്ത്രണ ഘടനയിലേക്ക് അവരെ കൊണ്ടു വരികയും ആണ്.

ഇതിന്റെ അര്‍ത്ഥം, അവര്‍ നല്‍കുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്ന സഹായം ഭാരതത്തിനും, ഈ മേഖലക്കും, ലോകത്തിന്റെ ശാക്തിക സന്തുലനത്തിനുമൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള, തികച്ചും ഗൌരവകരമായ പരിണിതഫലങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു സൈനിക ആലിംഗനത്തിലേക്ക് ഇന്ത്യൻ ഭരണകൂടത്തെ ആകര്‍ഷിച്ചടുപ്പിക്കുന്ന ഒന്നാണ് എന്നതാണ്. ഈ “ശാക്തിക സന്തുലനത്തെ” പാശ്ചാത്യ-പൌരസ്ത്യ ബന്ധങ്ങളില്‍ ത്വരിതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെയും അതിന്റെ ലോകമാ‍സകലമുള്ള പ്രതിദ്ധ്വനിയെയും ബന്ധപ്പെടുത്തി വേണം കാണാൻ. ( ദയവായി Georgia: the End of Unilateralism," Znet, August 18, 2008 നോക്കുക) മേല്‍പ്പറഞ്ഞ കാര്യത്തെക്കുറിച്ച് ഇന്ത്യയിലെ നയ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ മനസ്സോടെ തന്നെ ചിന്തിക്കണം. കാരണം അതിന്റെ സ്വാധീനം 123 കരാറിലും മറ്റു അനുബന്ധ കാര്യങ്ങളിലും ഉണ്ട്.

IV

ഇസ്ലാമബാദിലെ മാരിയറ്റ് ഹോട്ടല്‍ നിരവധി വിദേശ നയതന്ത്രജ്ഞരുടെ മരണത്തിനിടയാക്കിക്കൊണ്ട് അഗ്നിക്കിരയാകുന്ന ഈ നിമിഷത്തില്‍, ബുഷുമായുള്ള ആശ്ലേഷം കൂടുതല്‍ മുറുകവെ ഇന്ത്യയും - അതുപോലെ പാക്കിസ്ഥാനും- മനസ്സിലാക്കേണ്ടതുണ്ട് ഈ ആലിംഗനം ഭീകരതയുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള കുറിപ്പടിയല്ലെന്നും, മറിച്ച് അതിനെ വഷളാക്കുന്ന ഒന്നാണെന്നും.

ഇടതുപക്ഷം നിരന്തരമായി വ്യക്തമാക്കിയിരുന്നതുപോലെ, ചിന്താശൂന്യമായി ഇന്ത്യ വലതുപക്ഷത്തേക്ക് മൊത്തമായും ചായുന്നത് നാശത്തിലേക്കുള്ള കുറിപ്പടിയാണ്.

അത് ലക്ഷോപലക്ഷം ജനങ്ങളെ കൂടുതൽ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നതിനോടൊപ്പം, തീവ്രമായ അന്യവല്‍ക്കരണത്തിനിടയാക്കുന്ന തരം ദേശീയതാവാദത്തിന്റെ വംശീയവും പ്രാദേശികവുമായ വിവിധ രൂപങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്യും. ഇതെല്ലാം ന്യാ‍യമായ ആവലാതികളെ പൊട്ടിത്തെറിക്കുന്ന ആക്രമാത്മകമായ തിരിച്ചടികളാക്കുന്നതിന് എണ്ണ പകരുകയും ചെയ്യും.

ദുശ്ശാഡ്യം നിറഞ്ഞ മണ്ടത്തരങ്ങളുടെ മണലിനടിയില്‍ നിന്ന് തലപുറത്തേക്കെടുക്കുകയും ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള സിദ്ധാന്തങ്ങളെ പുന:പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുകയായിരിക്കും ഇന്ത്യയെന്ന ഒട്ടകപ്പക്ഷിയെ സംബന്ധിച്ചിടത്തോളം നല്ലതാവുക.

ഭീകരതയെ തകര്‍ക്കുന്നതിനായി ഇന്ത്യ ആശ്രയിക്കേണ്ടത് നവ സാമ്രാജ്യത്വത്തെയും അതിന്റെ തന്നെ സൈനികവും അര്‍ദ്ധസൈനികവുമായ ശക്തിയെയും അല്ല.

ഇന്ത്യന്‍ ഭരണകൂടം ഒട്ടും താമസിക്കാതെതന്നെ അതിന്റെ ജനതയിലേക്ക് മടങ്ങിവരികയും, പക്ഷപാതരഹിതവും സമയവിളംബമില്ലാത്തതുമായ നീതിനിര്‍വഹണസംവിധാനത്തിന്റെ പിന്‍‌ബലമുള്ള, വിശ്വാസത്തിന്റെയും കൂടിയാലോചനകളുടെതുമായ പുത്തന്‍ ക്രമത്തിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെതികച്ചും സുതാര്യവും നീതിപൂര്‍വകവുമായി സമ്പത്തിന്റെയും അവസരങ്ങളുടെയും പുന:സംഘാടനം ചെയ്യുക എന്നതാണ്. ഏതെങ്കിലും വിഭാഗത്തോട് പ്രത്യേക താല്‍പ്പര്യമോ, ഭീതിയോ, ഭേദമോ ഒന്നും പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നത് ഈ ഉടമ്പടിയുടെ ഭാഗമാണ്.

ഇതിനെല്ലാമുപരിയായി, കോര്‍പ്പറേറ്റുകളുടേയും, ഭൂരിപക്ഷഫാസിസ്റ്റുകളുടെ പേരില്‍ ഭരണത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നവരുടേതും എന്ന പോലെ തങ്ങളുടെതും കൂടിയാണ് ഭരണകൂടം എന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തേണ്ട കടമയും അതിനുണ്ട്. (ദയവായി "Fighting Terror the Terrorist Way, Znet, September 18,2008 കാണുക)

പൊളിറ്റിക്കല്‍ എക്കോണമിയെക്കുറിച്ച് മറ്റു രാഷ്ട്രീയക്കാരേക്കാള്‍ മെച്ചപ്പെട്ട ധാരണ ഇടതുപക്ഷത്തിനുണ്ട് എന്നത് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. ആണവ കരാറിന്റെ കാര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും ദേശീയ പരമാധികാരത്തിനും വൈവിധ്യപൂര്‍ണ്ണമായ രാഷ്ട്രത്തിലെ സാമൂഹ്യ ഐക്യത്തിനും അതുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഉള്ള ഇടതുപക്ഷധാരണകള്‍ എത്രയും ശരിയാണെന്ന് തെളിയുകയാണ്.

V

ആണവകരാറിനെക്കുറിച്ച് തങ്ങള്‍ എന്തു കരുതുന്നുവെന്ന് ബുഷും അദ്ദേഹത്തിന്റെ സഹായികളും മറയില്ലാതെയും, പരസ്യമായും, ധിക്കാരപൂര്‍ണ്ണമായും പറഞ്ഞതൊക്കെയും അവഗണിച്ചുകൊണ്ട് 123 കരാര്‍ ഒപ്പിടുന്നതിനായി വാഷിങ്ങ്ടണിലേക്ക് പോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി, ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുകയും ഇന്ത്യക്കാരനായി ഇരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യന്‍ പൌരനെയും അപമാനിക്കുകയാണ് ചെയ്യുന്നത്.

തീര്‍ച്ചയായും, ഇന്നലെ വരെ കരാറിനുവേണ്ടി വാദിക്കുകയായിരുന്ന മുന്‍ അംബാസിഡറും അമേരിക്കയുടെ സുഹൃത്തുമായ ലളിത് മാന്‍ സിംഗിനെപ്പോലുള്ളവര്‍ പോലും ഇപ്പോള്‍ പറയുന്നത്, നമ്മള്‍ ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി പറഞ്ഞുകൊണ്ടിരുന്നതാണ്. സാമ്രാജ്യത്വവും പരമാധികാരവും സംബന്ധിച്ച കാര്യങ്ങളില്‍ തന്റെ കസേരയില്‍ ഇരുന്നിരുന്ന പല പൂര്‍വികരും തനിക്കായി നീക്കിവെച്ച പാരമ്പര്യത്തിന്റെ ഒരംശമെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് കളയാതെ സൂക്ഷിക്കേണ്ടതുണ്ട്.

ഇടത്പക്ഷത്തെ സംബന്ധിച്ചിടത്തോളം ഇതെന്തായാലും കല്‍‌ക്കണ്ടകാലമാണ്. രാജ്യത്തിനവരുടെ സേവനം ഇനിയും വളരെക്കാലം ആവശ്യമുണ്ട്. അവര്‍ ശക്തിയില്‍ നിന്നും ശക്തിയിലേക്ക് കുതിക്കട്ടെ.

*

ഡോ. ബദ്രി റയ്ന എഴുതിയ Sweet Time For the Left in India എന്ന ലേഖനനത്തിന്റെ സ്വതന്ത്ര പരിഭാഷ.

We express our sincere gratitude to Dr.Badri Raina for giving permission to post this article here.

അദ്ദേഹത്തിന്റെ മറ്റു ലേഖനങ്ങള്‍ ഇവിടെ

വര്‍ക്കേഴ്സ് ഫോറം ജൂണില്‍ പ്രസിദ്ധീകരിച്ച ഡോ. ബദ്രി റയ്നയുടെ "ഭീകരവാദത്തിനെതിരായ ഫത്വ" എന്ന ലേഖനം ഇവിടെ

അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസം badri ഡോട്ട് raina അറ്റ് gmailഡോട്ട് com

ചങ്ങലയിലെ രണ്ടാമത്തെ കണ്ണി

ഒറീസയില്‍ വര്‍ഗീയലഹള ഇതാദ്യമായല്ല. ഈ കാര്യത്തില്‍ രാജ്യത്തിന്റെ ഏതുഭാഗത്തെയും സ്ഥിതി ഇതുതന്നെയാണ്. പക്ഷെ, ഒടുവിലത്തെ സംഭവം അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്; അത് 2002-ല്‍ ഗുജറാത്തില്‍ സംഭവിച്ചതിന് സമാനമാണ്. ഒറീസയുടെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തവും കിരാതവും ഭീഷണവുമായ വര്‍ഗീയ ആക്രമണമാണ് ഇപ്പോള്‍ അവിടെ നടന്നത്.

ഇതൊരു ലഹളയല്ല; മറിച്ച്, ഹിന്ദു വര്‍ഗീയ സംഘടനയിലെ അംഗങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തിനുംമേല്‍ നടത്തിയ ഏകപക്ഷീയമായ കടന്നാക്രമണമാണ്. അത് പെട്ടെന്ന് സംഭവിച്ചതോ അവിചാരിതമായി ഉണ്ടായതോ അല്ല. മതന്യൂപക്ഷങ്ങളെ ദേശീയ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെടുത്തുന്നതും വേര്‍തിരിച്ച് അടയാളപ്പെടുത്തുന്നതും ലക്ഷ്യമിട്ട ശ്രദ്ധാപൂര്‍വ്വമുള്ള ആസൂത്രണവും ശക്തമായ സംഘാടനവും ഇതിന് പിന്നിലുണ്ട്. രാഷ്ട്രത്തിനുമുന്നില്‍ ഹിന്ദുസ്വത്വം വെളിപ്പെടുത്തുക എന്ന വിശാലമായ രാഷ്ട്രീയപദ്ധതിയുടെ ഭാഗവുമാണിത്. നെടുനാളത്തെ തയ്യാറെടുപ്പ് ഇതിനുപിന്നിലുണ്ട്. ഒറീസാ സംസ്ഥാനത്ത് ഹിന്ദുവര്‍ഗ്ഗീയശക്തികള്‍ വേരുറപ്പിച്ചു തുടങ്ങിയ 1940കള്‍ മുതല്‍ ഇതിനുള്ള സുദീര്‍ഘമായ തയ്യാറെടുപ്പിലായിരുന്നു. അപ്പോള്‍മുതല്‍ ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് ഏതുവിധേനയും വെറുപ്പ് പ്രകടിപ്പിക്കുന്നതിലൂടെയും പ്രാദേശികമായ അക്രമ സംഭവങ്ങളിലൂടെയുമാണ് വര്‍ഗീയതയുടെ പൊതു വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ഈ വര്‍ഗീയമായ ഉണര്‍വ് ക്രമേണ, എന്നാല്‍ നിശ്ചയമായും, സമൂഹത്തെ കോളനികളാക്കികൊണ്ടിരിക്കുകയാണ്. സാമൂഹ്യ ഇടപെടലിന്റേതായ അതിന്റെ പ്രവര്‍ത്തനശൈലി നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ആപത്കരമായ ഈ സംഭവവികാസം ശ്രദ്ധിച്ച നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍, ഒറീസ സംസ്ഥാനത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ വിപത്തിനെക്കുറിച്ച് അപകട സൂചന നല്‍കിയിരുന്നതാണ്.

2007 മാര്‍ച്ച് 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ ഒരു സ്വതന്ത്ര ജനകീയ ട്രിബ്യൂണലിനുമുമ്പില്‍ ഒറീസയില്‍നിന്നുള്ള വര്‍ഗീയതയുടെ ഇരകള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറുകാര്‍ നടപ്പാക്കുന്ന വിരട്ടലുകളുടെയും പീഡനങ്ങളുടെയും ശാരീരികാക്രമണങ്ങളുടെയും അടയാളപ്പെടുത്തലുകളാണ്. ട്രിബ്യൂണലിനുമുന്നില്‍ ഹാജരാകാന്‍ ധൈര്യപ്പെട്ടവരുടെ മുഖങ്ങളില്‍ ഭയവും നിസ്സഹായതയും നിഴലിച്ചിട്ടുണ്ടായിരുന്നു. (ഇന്ത്യയില്‍ ഫാസിസത്തിന്റെ ഉദയം: വര്‍ഗീയകലാപങ്ങളിലെ ഇരകള്‍ സംസാരിക്കുന്നു, ന്യൂഡല്‍ഹി, 2008)

ഇരകളില്‍ ഒരുവള്‍ സ്വന്തം അനുഭവം വിവരിച്ചത് ഇപ്രകാരമാണ്.

"ഒരു മൂളല്‍, ഒരു നോട്ടം, ഒരു കുത്തുവാക്ക് ഇവയെല്ലാം ശക്തിയുള്ളവരുടെ കൈയിലെ ആയുധങ്ങളാണ്. ഞങ്ങള്‍ക്ക് പേടിച്ചുവിറയ്ക്കാന്‍ ഇത്രയുംതന്നെ ധാരാളമാണ്. രാഷ്ട്രീയ സ്വയംസേവകന്മാര്‍ ഞങ്ങളുടെ ഗ്രാമം വളഞ്ഞപ്പോള്‍ അവരുടെ കണ്ണ് ഞങ്ങളുടെമേല്‍ പതിഞ്ഞു. അവര്‍ തന്നിഷ്ടംപോലെ കണ്ടിടത്തെല്ലാം കയറിയിറങ്ങി. ചന്തയില്‍വച്ച് അവര്‍ ഞങ്ങളെ കുത്തുവാക്കുകള്‍ പറഞ്ഞ് പരിഹസിച്ചു. ആണുങ്ങളെയും പെണ്ണുങ്ങളെയും അവര്‍ ഭീകരമായി മര്‍ദ്ദിച്ചു. ഞങ്ങളെ നോക്കി അവര്‍ പരസ്പരം കുശുകുശുത്തു. അവരുടെ നോട്ടം എന്റെമേല്‍ പതിഞ്ഞു; എനിക്ക് വല്ലാത്ത അറപ്പുതോന്നി. എന്റെ കുട്ടികള്‍ ഭയന്നുവിറച്ചു. പറ്റിയ സമയമെത്തിയാല്‍ സംഘപരിവാറുകാര്‍ അവരുടെ പണിതുടങ്ങുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അവരെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ ഒരു നിമിഷം ആലോചിച്ചു. ഞങ്ങള്‍ വെറും തടവുകാര്‍, ക്രമേണ ഇരുട്ടിലേക്ക് തള്ളിനീക്കപ്പെട്ടു.''

പ്രതീക്ഷിച്ചതിനെക്കാള്‍ ഏറെ മുമ്പേ, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കൂരിരുട്ട് ഒറീസ്സയെയാകെ വിഴുങ്ങി. മറ്റൊരു ഗുജറാത്ത് ആസന്നമായതായി മിക്കവാറും എല്ലാ ഇരകളും വിശ്വസിച്ചു; കാരണം ഗുജറാത്തില്‍ സംഭവിച്ചതുപോലെ ഹിന്ദു സമുദായത്തിന്റെ വര്‍ഗീയവല്‍ക്കരണം ഒറീസയിലും അതിവേഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. തല്‍ഫലമായി, ആഗസ്തില്‍ അവിടെ നടന്നതൊന്നും അപ്രതീക്ഷിതമേ ആയിരുന്നില്ല. മതനിരപേക്ഷ പ്രവര്‍ത്തകര്‍ ഭയന്നതുപോലെതന്നെ, ഹിന്ദു വര്‍ഗീയവാദം തങ്ങളുടെ രണ്ടാം പരീക്ഷണശാല സ്ഥാപിക്കുന്നതില്‍ വിജയിച്ചു.

ഗുജറാത്ത്-ആദ്യ മാതൃക

ഒറീസയിലെ വര്‍ഗീയ അതിക്രമങ്ങള്‍ക്ക് ഗുജറാത്തിലെ ആദ്യ മാതൃകയുമായി വളരെ അടുത്ത സാമ്യമുണ്ട്. ഗുജറാത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വിജയകരമായി പരീക്ഷിച്ചുറപ്പാക്കിയത് മത കേന്ദ്രീകൃതമായ പരിപാടികളുടെയും സ്ഥാപനങ്ങളുടെയും ഒരു പരമ്പര കെട്ടഴിച്ചുവിടുകയെന്നതാണ്. ഒരുവശത്ത് മതപരമായ ഐക്യദാര്‍ഢ്യവും മറുവശത്ത് മതവിദ്വേഷവും സൃഷ്ടിക്കലായിരുന്നു അവരുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നാനാവിധത്തിലുള്ള പരിപാടികളാണ് അവര്‍ നടപ്പാക്കിയത്. അവയില്‍ വളരെ ഫലപ്രദമായ നടപടി വന്നത് സാമൂഹിക-സാംസ്കാരിക സംഘടനകളില്‍നിന്നാണ്. ഇന്ത്യയില്‍ മറ്റേതെങ്കിലും പ്രദേശത്ത് ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ട വിവരമൊന്നുമില്ല. എന്നാല്‍ ഇവിടെ സംഘപരിവാറിന് സുഗമമായി തങ്ങളുടെ "വഴി''തുറക്കാന്‍ കഴിയാത്ത സാമൂഹികമോ സാംസ്കാരികമോ ആയ ഒരു മേഖലയുമില്ല.

ഒറീസയില്‍, സംഘപരിവാറിന് ഏകദേശം 1700 സാംസ്കാരിക സംഘടനകളുടെ നിയന്ത്രണമുള്ളതായി കണക്കാക്കപ്പെടുന്നു. അവയുടെ പ്രവര്‍ത്തനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയുമെല്ലാം ലക്ഷ്യം ന്യൂനപക്ഷങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുകയാണ്. ഗുജറാത്തില്‍, സംഘപരിവാര്‍ ലക്ഷ്യമിട്ടത് മുസ്ളിങ്ങളെയായിരുന്നെങ്കില്‍, ഒറീസയില്‍ അവര്‍ ശത്രുപക്ഷത്ത് നിറുത്തിയത് ക്രിസ്ത്യാനികളെയാണ്.

കഴിഞ്ഞ കാലങ്ങളില്‍ റൂര്‍ക്കലയിലും ഭദ്രക്കിലും മുസ്ളിങ്ങള്‍ക്കെതിരെ കലാപം അഴച്ചുവിട്ടിരുന്നുവെങ്കിലും ഒറീസയുടെ വര്‍ഗീയവല്‍ക്കരണം പ്രാഥമികമായും ക്രിസ്ത്യാനികള്‍ക്കെതിരായ ഒരു പദ്ധതിയെ ആധാരമാക്കിയായിരുന്നു നടപ്പിലാക്കിയത്. ക്രിസ്ത്യന്‍ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളെയും മതപ്രചാരണത്തിനുവേണ്ടിയുള്ളതായി ചിത്രീകരിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ യാതൊരു വര്‍ദ്ധനവും ഉണ്ടായിട്ടില്ലെങ്കിലും, ഹിന്ദു സമുദായത്തിന്റെ ശക്തിക്ക് ഭാവിയില്‍ ഭീഷണിയായി ക്രിസ്ത്യന്‍ മിഷണറിമാര്‍ ചിത്രീകരിക്കപ്പെട്ടു.

ആയതിനാല്‍ മത പരിവര്‍ത്തനം വളരെ വൈകാരികമായ ഒരു പ്രശ്നമായി മാറി; ജാതീയമായി വേര്‍തിരിഞ്ഞ് നില്‍ക്കുന്ന ഹിന്ദു സമുദായത്തെ അടുപ്പിക്കുന്നതിന് ഇതിനെ സംഘപരിവാര്‍ പ്രയോജനപ്പെടുത്തി.

അജ്ഞരും സംശയലേശമില്ലാത്തവരുമായ സമുദായാംഗങ്ങള്‍ സംഘപരിവാറിന്റെ കള്ളക്കഥകള്‍ വിശ്വസിച്ചുവെന്നുമാത്രമല്ല, അവരുടെ കൊലയാളി സംഘത്തില്‍ പങ്കാളികളാവുകയും ചെയ്തു. ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലാണ് സംഘപരിവാര്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചത്. ഹിന്ദുത്വവല്‍ക്കരണത്തിന്റെ പലവിധ തന്ത്രങ്ങളും പയറ്റി ഗിരിവര്‍ഗക്കാരെ പരിവാറില്‍ അണിചേര്‍ക്കുകയുമാണ്്. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കതിരായ ആക്രമണത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അവരെ ഗിരിവര്‍ഗമേഖലയില്‍നിന്ന് ആട്ടിപ്പായിക്കലാണ്.

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രതന്ത്രശാസ്ത്രജ്ഞയായ പ്രൊഫസര്‍ അഞ്ജന ചാറ്റര്‍ജിയുടെ അഭിപ്രായപ്രകാരം ക്രമാനുഗതവും നിരന്തരവും സാവകാശവും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി ഒറീസയില്‍ ആകെയുള്ള 20,000 ഗ്രാമങ്ങളില്‍ 12,000 എണ്ണവും സംഘപരിവാറിന്റെ "ശക്തമായ സ്വാധീനത്തിന്‍കീഴില്‍'' ആയിക്കഴിഞ്ഞിരിക്കുന്നു. ഈ ഗ്രാമങ്ങളില്‍, ആര്‍എസ്എസിനെക്കാള്‍ അധികം ബജ്റംഗറളും വിശ്വഹിന്ദു പരിഷത്തുമാണ് തൊഴില്‍രഹിതരായ യുവാക്കളെ സ്വന്തം സംഘത്തില്‍ റിക്രൂട്ട്ചെയ്ത് വലിയ മേധാവിത്വം സ്ഥാപിച്ചിരിക്കുന്നത്.

വര്‍ഗീയവല്‍ക്കരണപ്രക്രിയയുടെ സുപ്രധാനമായ ഒരു സവിശേഷത അതിന്റെ വ്യാപനം അതിവേഗത്തിലായിരുന്നെങ്കിലും നിരുപദ്രവകരമായ വിധത്തിലെന്ന് തോന്നുമാറാണ് അത് സംഭവിച്ചത്. ബോധപൂര്‍വമായ ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്; പ്രാരംഭഘട്ടത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് ഇടംകിട്ടാന്‍വേണ്ടിയാണത്. വര്‍ഗീയശക്തികള്‍ ഇതിനു മുന്‍പൊരിക്കലും ആക്രമണം നടത്തിയിട്ടില്ലയെന്നല്ല ഇതിനര്‍ത്ഥം. വാസ്തവ ത്തില്‍, വര്‍ഗീയ സംഘര്‍ഷങ്ങളുടേതായ ഒട്ടേറെ സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഗ്രഹാം സ്റ്റൈയിന്‍സിന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും കൊലപാതകവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിനുശേഷമുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളുമെല്ലാം അതിന് ഉദാഹരണമാണ്.

പ്രഥമവും പ്രധാനവുമായി അക്രമസ്വഭാവമുള്ള ഈ സംഭവങ്ങള്‍ മതപരിവര്‍ത്തനം തടയുന്നതിനും മതപരിവര്‍ത്തനം നടത്തിയവരെ വീണ്ടും ഹിന്ദുസമുദായത്തിലേക്ക് മാറ്റിയെടുക്കുന്നതിനും ഉദ്ദേശിച്ചുള്ളവയാണ്. ഈ അക്രമങ്ങളില്‍ അധികവും അതത് പ്രദേശത്തിന് പുറത്തുള്ള ലോകം അറിയാറേയില്ല; അവയൊന്നും പ്രാദേശിക പത്രങ്ങളില്‍പ്പോലും വാര്‍ത്തയാകാറുമില്ല. മതപരിവര്‍ത്തനം ചെയ്തവര്‍ക്കെതിരെ സംഘപരിവാര്‍ ബലപ്രയോഗം നടത്തുന്നുമുണ്ട്. സംഘപരിവാറുകാര്‍ മതപരിവര്‍ത്തനം നടത്തിയ സ്ത്രീകളെ ബലംപ്രയോഗിച്ച് ഗ്രാമമുറ്റത്ത് പിടിച്ചുകൊണ്ടുവന്ന് വസ്ത്രാക്ഷേപം നടത്തുകയും തല മുണ്ഡനംചെയ്യുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.

ഇത്തരം നിരവധി പീഡനങ്ങള്‍ക്ക് വിധേയരായ സ്ത്രീകളില്‍ ഒരുവളാണ് കിളിപ്പാലിലെ സംയുക്താ കാന്തി. സ്വന്തം അനുഭവങ്ങള്‍ അവര്‍ ഇങ്ങനെയാണ് വിവരിക്കുന്നത്: "വീട്ടില്‍ ഞാനും രണ്ട് മക്കളും എന്റെ നാത്തൂനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നുവന്ന ഒരു സംഘം എന്നെ ബലാല്‍സംഗം ചെയ്തു. അവര്‍ ഞങ്ങളെ ഗ്രാമചത്വരത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി, അവിടെവച്ച് എല്ലാവരുടെയും മുന്നില്‍വച്ച് അവര്‍ ഞങ്ങളുടെ തല മുണ്ഡനംചെയ്തു. കുട്ടികളും നാത്തൂനും ഒരുവിധത്തില്‍ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ആ ഗ്രാമചത്വരത്തില്‍ ഉണ്ടായിരുന്ന ഒരു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍, താന്‍ രണ്ടാം ദാരാസിങ്ങാണെന്നും ഞങ്ങളെയെല്ലാം കൊന്നൊടുക്കുമെന്നും പറഞ്ഞു''. പലപ്പോഴും സാമ്പത്തിക ഉപരോധംകാരണം മതപരിവര്‍ത്തനം നടത്തിയവര്‍ ഗ്രാമത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിതരാവുകയുമാണ്. ഒട്ടേറെപ്പോര്‍ ബലാത്സംഗംചെയ്യപ്പെടുകയുമുണ്ടായി. അതിന് ഇരയായവര്‍ തങ്ങളുടെ അനുഭവം കണ്ണീരോടെ വിവരിക്കുകയാണുണ്ടായത്.

സാമൂഹികമായ വിവേചനം

മിഷണറിമാര്‍ തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗിരിവര്‍ഗ മേഖലയില്‍ ആളുകളെ നിര്‍ബന്ധിച്ച് മതപുന:പരിവര്‍ത്തനം നടത്തുന്നതില്‍ കേന്ദ്രീകരിച്ചാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തിക്കുന്നത്. ക്രിസ്തുമതത്തിലേക്ക് ആളുകള്‍ മാറുന്നത് സ്വമേധയാ അല്ലെന്നും പണത്തിന്റെ പ്രലോഭനംകാരണമാണെന്നുമാണ് വിശ്വഹിന്ദുപരിഷത്ത് വാദിക്കുന്നത്.

മതപരിവര്‍ത്തനം നടത്തുന്നതുമൂലം അങ്ങനെ പരിവര്‍ത്തനംചെയ്യപ്പെടുന്നവര്‍ക്ക് പൊതുവെ ഒരാനുകൂല്യവും ലഭിക്കാറില്ലെന്നാണ് അഞ്ജനാചാറ്റര്‍ജിയുടെ പഠനം കാണിക്കുന്നത്. "ദളിതര്‍ എന്ന നിലയില്‍, അവരനുഭവിക്കുന്ന മര്‍ദ്ദനങ്ങള്‍ ഹിന്ദുമതത്തെ ഏറെ വെറുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഹിന്ദുമതം അവരില്‍ അടിച്ചേല്‍പിക്കുന്ന വിവേചനത്തില്‍നിന്നും രക്ഷനേടാനുള്ള അഭയകേന്ദ്രങ്ങളായാണ് അവര്‍ ക്രിസ്തുമതത്തെയും ബുദ്ധമതത്തെയുംമറ്റും കാണുന്നത്''.

മതപരിവര്‍ത്തനത്തിന്റെ കാരണം എന്തുതന്നെയായാലും, ന്യൂനപക്ഷവിഭാഗങ്ങള്‍ സാമൂഹികമായ വിവേചനത്തിനും സാമ്പത്തികമായ പാര്‍ശ്വവല്‍ക്കരണത്തിനും വിധേയരാവുകയാണ്. ആത്മപരിശോധന നടത്തുന്നതിനുപകരം ഹിന്ദുവര്‍ഗീയ സംഘടനകള്‍ മതപരിവര്‍ത്തനത്തിന്റെപേരില്‍ ഇതര സമുദായങ്ങളെ കുറ്റപ്പെടുത്തുകയെന്ന എളുപ്പവഴി അവലംബിക്കുകയാണ്.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധത്തിന് പകവീട്ടുന്നതിനാണ് ഇപ്പോള്‍ വ്യാപകമായി വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നത് എന്നാണ് വിഎച്ച് പി അവകാശപ്പെടുന്നത്. സ്വാമിയെ കൊന്നത് ആരാണെന്നത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മാവോയിസ്റ്റുകളാണോ അതോ ക്രിസ്ത്യാനികള്‍ക്കെതിരായ സ്വാമിയുടെ നടപടികളില്‍ പ്രകോപിതരായ ക്രിസ്ത്യാനികളാണോ അതുമല്ലെങ്കില്‍ എളുപ്പം പണമുണ്ടാക്കാന്‍ ലക്ഷ്യമിട്ട മറ്റാരെങ്കിലുമാണോ അത് ചെയ്തത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ആ പ്രദേശത്തെ ക്രിസ്ത്യാനികളുടെ കൈക്രിയയാണിതെന്ന് വിശ്വസിക്കാനാണ് പ്രവീണ്‍ തൊഗാഡിയയും വിഎച്ച്പിയും ഇഷ്ടപ്പെടുന്നത്. ഗോധ്രാ സംഭവത്തെപ്പോലെ സ്വാമിയുടെ മരണവും ഒരു കാരണം എന്നതിലുപരി ഒരു നിമിത്തമാണോ?

ഹിന്ദുക്കളില്‍ ഒരു വിഭാഗമെങ്കിലും വളരെയേറെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയായിരുന്നു; അവര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണത്തിന് സന്നദ്ധരുമായിരുന്നു. സ്വാമിയുടെ കൊലപാതകം സംഭവിച്ചില്ലായിരുന്നെങ്കിലും ഈ ആക്രമണങ്ങള്‍ നടക്കുമായിരുന്നു. വിഎച്ച്പി സ്വാമിയെ ബലിയാടാക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ പറയുന്നതും ലാഘവത്തോടെ തള്ളിക്കളയാനാവില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രവര്‍ത്തനശൈലിയും ചരിത്രവും അതാണു താനും. എന്തായാലും കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യം അക്രമങ്ങള്‍ പ്രാദേശികമായി ഒതുങ്ങിനിന്നില്ല. അക്രമങ്ങളുടെ പ്രഭവകേന്ദ്രം കാന്തമാല്‍ ആയിരുന്നെങ്കിലും അപ്പോള്‍തന്നെ, ഒരേ സമയം മറ്റ് ഏഴ് ജില്ലകളില്‍ കൂടി അക്രമം പടര്‍ന്നുപിടിച്ചു. സൂക്ഷ്മതയോടുകൂടിയ ആസൂത്രണത്തിന്റെയും സംഘാടനത്തിന്റെയും സൂചനയാണിത്. എത്രയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നോ എത്രമാത്രം സ്വത്തു നാശമുണ്ടായെന്നോ കൃത്യമായ കണക്കൊന്നും ഇതേവരെ ലഭ്യമായിട്ടില്ല.

ഭരണകൂടത്തിന്റെ പരാജയം

എന്നാലും, നൂറിലധികം ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും ഏകദേശം രണ്ട് ഡസന്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീ ജീവനോടെ ചുട്ടെരിക്കപ്പെടുകയാണുണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് പ്രാണരക്ഷാര്‍ത്ഥം കാടുകളില്‍ ഓടിയൊളിച്ചത്. ഗുജറാത്ത് വംശഹത്യയിലെ ഇരകളെപ്പോലെ ഇവരും ഇനിയുള്ള കാലം താല്‍കാലിക കൂടാരങ്ങളില്‍ തങ്ങളുടെ ജീവിതം തള്ളിനീക്കേണ്ടതായിവരും. വര്‍ഗീയതയെ നേരിടുന്നതില്‍ അമ്പേ പരാജയപ്പെട്ട ഭരണകൂടത്തിനുള്ള മറ്റൊരു ഉദാഹരണമായിരിക്കുകയാണ് ഒറീസ.

ഒറീസാ സര്‍ക്കാരില്‍ ബിജെപിയും ഘടകകക്ഷിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ ശക്തികളോട് മൃദുവായ സമീപനമേ സ്വീകരിക്കൂ എന്ന് പ്രതീക്ഷിക്കപ്പെട്ടതുതന്നെയാണ്. എന്നാല്‍, മതനിരപേക്ഷവേദിയുടെ കൊടിയുയര്‍ത്തി അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയതയുടെ പ്രശ്നത്തെ നേരിടുന്നതില്‍ എന്തെങ്കിലും താല്‍പര്യം കാണിക്കുകയോ അടിയന്തിരമായി ഇടപെടുകയോ ഉണ്ടായില്ല.

വര്‍ഗീയ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബില്ലുപോലും ഇതേവരെ പാസ്സാക്കിയിട്ടില്ല. വാസ്തവത്തില്‍, രാജ്യമാകെ പടര്‍ന്നുപിടിക്കുന്ന വര്‍ഗീയ വിഷവിത്തിനെ നശിപ്പിക്കുന്നതിന് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരു നടപടിയും അവര്‍ കൈക്കൊണ്ടില്ല. മുന്നണിയിലെ മുഖ്യഘടകകക്ഷിയായ കോണ്‍ഗ്രസാകട്ടെ, തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന് തോന്നുമ്പോഴെല്ലാം മൃദുഹിന്ദുത്വ നിലപാടെടുക്കാന്‍ മടിക്കാറുമില്ല.

ഇപ്പോള്‍പോലും, ഒറീസ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോഴും, അതവസാനിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ചില നിയമപരമായ സാങ്കേതികത്വങ്ങളില്‍ പിടിച്ച് ഒളിച്ചുകളിക്കുകയാണവര്‍. ഗുജറാത്ത് കലാപം നടന്നപ്പോള്‍ കൃത്യമായും ഇതുതന്നെയാണ് അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന ബിജെപിയും ചെയ്തത്. ബിജെപിയുടെ വര്‍ഗീയമായ മുന്‍ അനുഭവങ്ങള്‍ കാരണം അവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷെ, കോണ്‍ഗ്രസ് അങ്ങനെയല്ല. മതനിരപേക്ഷതയുടെ മേലങ്കിയണിയുന്ന കക്ഷിയാണ് അത്.

മുന്‍കാലങ്ങളില്‍ സാധാരണ സംഭവിച്ചിരുന്നതുപോലെ, രണ്ട് സമുദായങ്ങളിലെ ആളുകള്‍ തമ്മിലുള്ള പ്രാദേശികമായ എന്തെങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമുണ്ടായ മറ്റൊരു വര്‍ഗീയ ലഹളയല്ല ഇപ്പോള്‍ ഒറീസയില്‍ സംഭവിച്ചത്. ഇത് വിപുലമായ ഒരാസൂത്രണത്തിന്റെ ഭാഗമാണ്. ഗുജറാത്തിലാണ് ഇതിന് തുടക്കംകുറിച്ചത്. അതുകൊണ്ടാണ് ബിജെപിയുടെ സ്വാധീനത്തില്‍പെട്ട ഒറീസ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കുന്നതിനുവേണ്ട നടപടികളൊന്നും സ്വീകരിക്കാതിരുന്നത്.

ഇതേവരെ ഇതേക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാത്ത, പ്രധാനമന്ത്രിക്കസേരയില്‍ അവരോധിക്കപ്പെടാന്‍ പ്രതീക്ഷയോടെ കാത്തുകഴിയുന്ന എല്‍ കെ അദ്വാനി, വര്‍ഗീയ ചങ്ങലയിലെ രണ്ടാമത്തെ കണ്ണിയായി ഒറീസ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവും. പൌരസമൂഹത്തിന്റെ ഇടപെടലിലൂടെ മാത്രമേ അത്തരമൊരു ദുരന്തം ഒഴിവാക്കാനാകൂ.

*
ഡോ. കെ എന്‍ പണിക്കര്‍ കടപ്പാട്: ചിന്ത