Friday, January 25, 2013

ഷാവേസിന്റെ രോഗവും മുതലാളിത്തവും

സോഷ്യലിസം ചീത്തയാണെന്നും മുതലാളിത്തമാണ് നന്മദായകമെന്നും വിശ്വസിക്കുന്നവരില്‍ ചില ശുദ്ധഗതിക്കാരുമുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കെതിരായി നിരന്തരവും ആസൂത്രിതവുമായി നടക്കുന്ന പ്രചാരണമാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നത്. വാര്‍ത്താഏജന്‍സികളും പത്രങ്ങളും റേഡിയോയും ടെലിവിഷനും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും ചേര്‍ന്ന് ലോകമെങ്ങും വാര്‍ത്താപ്രവാഹംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ഇവയില്‍നിന്ന് യാഥാര്‍ഥ്യം മനസ്സിലാക്കുന്നത് ദുഷ്കരമായി. മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം അതിഭീമമാണ് വാര്‍ത്തകളുടെ അനുസ്യൂതപ്രവാഹം. മാനുഷികമൂല്യങ്ങള്‍ ഈ പ്രവാഹത്തില്‍ തകര്‍ന്നടിയുന്നു. എല്ലാം കമ്പോളത്തിനുവേണ്ടി എന്ന മുതലാളിത്തസിദ്ധാന്തമാണ് ഇതിന് ഊര്‍ജം പകരുന്നത്.

വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വീണ്ടും രോഗബാധിതനായ സാഹചര്യത്തില്‍ സാമ്രാജ്യത്വശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന പ്രചാരണം മുതലാളിത്തം എത്രമാത്രം മനുഷ്യത്വഹീനമായി പെരുമാറുമെന്ന് വ്യക്തമാക്കുന്നു. കൊടുംകുറ്റവാളികള്‍ക്കുപോലും രോഗപീഡയുടെ കാലത്ത് മാപ്പ് കൊടുക്കുകയെന്നതാണ് മനുഷ്യത്വം. എന്നാല്‍, ഒരു രാജ്യത്തിന്റെ പ്രിയങ്കരനായ നായകനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും അനുയായികളെയും ആക്രമിക്കാന്‍ സാമ്രാജ്യത്വത്തിന്റെ കളിപ്പാവകള്‍ നടത്തുന്ന ശ്രമം അവരുടെ തനിനിറം വെളിപ്പെടുത്തുന്നു. ഹ്യൂഗോ ഷാവേസ് ഈയിടെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വന്‍ ഭൂരിപക്ഷത്തിലാണ്. ക്യൂബയില്‍ അര്‍ബുദചികിത്സ കഴിഞ്ഞെത്തിയശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഷാവേസിന്റെ ആരോഗ്യനില, അമേരിക്കന്‍പക്ഷക്കാരായ രാഷ്ട്രീയ എതിരാളികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വിഷയമാക്കിയിരുന്നു. എന്നാല്‍, ജനങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ തള്ളുകയായിരുന്നു. നാലാംവട്ടം പ്രസിഡന്റായി ജനുവരി 10ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഷാവേസിന് വീണ്ടും ചികിത്സ വേണ്ടിവന്നത്. ഇതിനായി, ക്യൂബയിലേക്ക് പോയ അദ്ദേഹം അവിടെ ആശുപത്രിയിലാണ്.

ഈ സാഹചര്യത്തിലാണ്, വെനസ്വേലന്‍ പ്രതിപക്ഷം എന്നറിയപ്പെടുന്ന വന്‍കിടമുതലാളിമാരുടെ പ്രതിനിധികള്‍ ലോകത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ പ്രചാരണം ആരംഭിച്ചത്. ഷാവേസ് രോഗബാധിതനായതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവരുടെ ആവശ്യം. തീരെ ലജ്ജയില്ലാതെയാണ് അവര്‍ ഈ വാദം ഉയര്‍ത്തുന്നത്. കാരണം, വിജയിച്ച നേതാവ് രോഗബാധിതനായതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലോകത്ത് ഇന്നേവരെ ഒരിടത്തും ആവശ്യം ഉയര്‍ന്നിട്ടില്ല. വെനസ്വേലയില്‍ പരമ്പരാഗതമായി ജനുവരി 10ന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്തിവരുന്നുവെന്നേയുള്ളൂ. ഇത് നിയമപരമായ വ്യവസ്ഥയൊന്നുമല്ലെന്ന് രാജ്യത്തെ ഭരണഘടനസ്ഥാപനങ്ങള്‍തന്നെ വ്യക്തമാക്കുകയും വൈസ് പ്രസിഡന്റ് നിക്കോളസ് മഡുറോ തല്‍ക്കാലികമായി ഭരണനേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ഇനി ജനപിന്തുണയുടെ കാര്യം: ഷാവേസ് രോഗശയ്യയില്‍ കിടക്കവേതന്നെ ഏതാനും ദിവസംമുമ്പ് നടന്ന പ്രവിശ്യാ ഗവര്‍ണര്‍മാരുടെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് സഖ്യം ചരിത്രവിജയം നേടി. പ്രതിപക്ഷ ഭരണത്തിലായിരുന്ന പ്രവിശ്യകള്‍പോലും ഷാവേസിന്റെ മുന്നണി പിടിച്ചെടുത്തു.

ജനപിന്തുണയില്‍ ഷാവേസ് സര്‍ക്കാര്‍ അജയ്യമാണെന്ന് ലോകത്തിനാകെ ബോധ്യമായിട്ടും അത് അംഗീകരിക്കാന്‍ വെനസ്വേലന്‍ പ്രതിപക്ഷം തയ്യാറല്ല. ഇക്കാര്യം അവര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടല്ല, വെനസ്വേലയുടെ എണ്ണസമ്പത്ത് കൊള്ളയടിച്ചുകൊണ്ടിരുന്ന ഈ ശക്തികള്‍ക്ക് സത്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഷാവേസ് എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കുകയും അമേരിക്കന്‍ പാവഭരണം അവസാനിപ്പിക്കുകയും ചെയ്തതാണ് ഇവരുടെ ശത്രുതയ്ക്ക് യഥാര്‍ഥകാരണം. ഷാവേസിന്റെ സഖ്യം 1998ല്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് വെനസ്വേലയുടെ എണ്ണസമ്പത്ത് മുഴുവന്‍ അമേരിക്കന്‍കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു. വെനസ്വേലന്‍ ജനതയില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തലസ്ഥാനമായ കാരക്കാസിലെ പ്രമാണിമാര്‍മാത്രം അമേരിക്കന്‍പക്ഷത്തുനിന്ന് കീശ വീര്‍പ്പിച്ചു. ഇതിനെതിരായി ഷാവേസും കൂട്ടരും നടത്തിയ സൈനികവിപ്ലവം പരാജയപ്പെട്ടു. അദ്ദേഹം ജയിലിലുമായി. ജയില്‍മോചിതനായശേഷം 1998ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയത്. ജനങ്ങളുടെ പൂര്‍ണപിന്തുണയോടെ ഷാവേസ് ഭരണഘടന മാറ്റിയെഴുതി. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ദേശസാല്‍ക്കരിച്ചു. ന്യായമായ വിലയില്‍ എണ്ണ കയറ്റുമതിചെയ്ത് അതില്‍നിന്നുള്ള പണമെടുത്ത് രാജ്യത്ത് വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങള്‍ സാര്‍വത്രികമാക്കി. അമേരിക്കയ്ക്ക് ചുളുവിലയ്ക്ക് എണ്ണ നല്‍കുന്നത് അവസാനിപ്പിച്ചു. ഇതോടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വിറളിപിടിച്ചു. സമ്പത്തുകൊണ്ടും ശക്തികൊണ്ടും ശത്രുക്കള്‍ ഷാവേസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. 2002 ഏപ്രിലില്‍ 11ന് ചേംബര്‍ ഓഫ് കൊമേഴ്സ് നേതാവ്, ഫാസിസ്റ്റായ കാര്‍മോണയുടെ നേതൃത്വത്തില്‍ അട്ടിമറി സംഘടിപ്പിച്ചു. ഷാവേസിനെ തട്ടിക്കൊണ്ടുപോയി. അവര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും കോടതികളെ നിശ്ചലമാക്കുകയും ചെയ്തു. ജനറല്‍ എഫ്രൈന്‍ വാസ്ക്വസ് വാലാസ്കോ സായുധസേനയുടെ സ്വയംപ്രഖ്യാപിത സര്‍വസൈന്യാധിപനായി. എന്നാല്‍, അട്ടിമറിക്ക് അധികം ആയുസ്സുണ്ടായില്ല. സൈന്യത്തില്‍ ബഹുഭൂരിപക്ഷവും ഷാവേസിന് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങള്‍ അട്ടിമറിക്കെതിരെ തെരുവിലിറങ്ങി. ഷാവേസിനെ ജയിലിലടച്ചശേഷം രാജിക്കത്ത് നല്‍കാന്‍ അട്ടിമറിക്കാര്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദം ചെലുത്തി. രാജ്യത്തിന്റെയും ഷാവേസ് അനുകൂലികളുടെയും പ്രതീക്ഷ തകര്‍ക്കാന്‍ അദ്ദേഹം രാജിവച്ചു എന്ന വ്യാജവാര്‍ത്ത ടെലിവിഷനിലൂടെ നിരന്തരം കാണിച്ചുകൊണ്ടിരുന്നു. ഏപ്രില്‍ 12ന് ഷാവേസിന് മകള്‍ മറിയം ഗബ്രിയേലുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. താന്‍ രാജിവച്ചിട്ടില്ലെന്ന് അദ്ദേഹം മകളോട് പറഞ്ഞു. ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയെ വിളിച്ച് ഇക്കാര്യം പറയാനും അദ്ദേഹം ഇത് ലോകത്തെ അറിയിക്കുമെന്നും ഷാവേസ് മകളോട് പറഞ്ഞു. മറിയം അപ്പോള്‍ത്തന്നെ കാസ്ട്രോയെ വിളിച്ചു. പിതാവിന്റെ വാക്കുകള്‍ കൈമാറി. മറിയത്തിന്റെ ശബ്ദത്തില്‍ത്തന്നെ ഇത് ലോകത്തെ അറിയിക്കാന്‍ തയ്യാറാണോ എന്ന് കാസ്ട്രോ ആരാഞ്ഞു. പിതാവിനുവേണ്ടി എന്തിനും സന്നദ്ധയാണെന്ന് മറിയം പ്രതികരിച്ചു. കാസ്ട്രോ നിര്‍ദേശിച്ചതുപ്രകാരം ക്യൂബന്‍ ടെലിവിഷന്‍ അവതാരകന്‍ റാന്‍ഡി അലന്‍ഡോ കൈയില്‍ ടേപ്പ് റെക്കോഡുമായി മറിയത്തെ ഫോണില്‍ വിളിച്ചു. മറിയത്തിന്റെ വാക്കുകള്‍ ക്യൂബന്‍ ദേശീയ വാര്‍ത്താശൃംഖലവഴി സംപ്രേഷണംചെയ്തു. ക്യൂബയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിക്കും ഇതിന്റെ പകര്‍പ്പ് നല്‍കി. ഷാവേസ് രാജിവച്ചിട്ടില്ലെന്ന് ബോധ്യമായതോടെ വെനസ്വേലന്‍ ജനത ആവേശഭരിതരായി. എന്നാല്‍, വേവലാതിപൂണ്ട അട്ടിമറിക്കാര്‍ ഷാവേസിനെ രാത്രി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ഇക്കാര്യവും മറിയത്തിന്റെ വാക്കുകളിലൂടെ ക്യൂബന്‍ ടെലിവിഷന്‍ ലോകത്തെ അറിയിച്ചു. തുടര്‍ന്ന് ഫിദല്‍ നടത്തിയ ബുദ്ധിപരമായ നീക്കങ്ങളും ചര്‍ച്ചകളുമാണ് ഷാവേസിന്റെ ജീവന്‍ രക്ഷിച്ചത്.

വെനസ്വേലന്‍ സായുധസേന ഭരണഘടനയോട് കൂറുള്ളവരാണെന്ന് വിവിധ സേനാധിപന്മാരുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് ഫിദലിന് ബോധ്യമായി. അന്താരാഷ്ട്ര സമൂഹത്തെയും ഫിദല്‍ ഇക്കാര്യം ബോധ്യപ്പെടുത്തി. കാരക്കാസില്‍ ജനസമുദ്രം തെരുവുകളിലൂടെ വിമതരുടെ ആസ്ഥാനങ്ങളിലേക്ക് നീങ്ങി. സംഘര്‍ഷവും ജീവഹാനിയും ഒഴിവാക്കാന്‍ ഫിദല്‍ വിമത നേതാവ് ജനറല്‍ വാസ്ക്വസ് വാലാസ്കോയെ വിളിച്ചു. ഷാവേസിനെ പിടിച്ചുവച്ചിരിക്കുന്നതിന്റെ ഗൗരവം ധരിപ്പിച്ചു. ഇത് വാസ്കോയെ അങ്ങേയറ്റം സമ്മര്‍ദത്തിലാക്കി. എന്നിട്ടും ഷാവേസിനെ രാജ്യത്തുനിന്ന് കടത്താന്‍ ശ്രമങ്ങള്‍ തുടര്‍ന്നു. എന്നാല്‍, ജനകീയശക്തിതന്നെ വിജയിച്ചു. ഷാവേസിന് അധികാരം തിരികെ ലഭിച്ചു. ഭരണഘടനാപരമായി അധികാരമേറ്റ ഷാവേസിനെ അട്ടിമറിക്കാന്‍ മുമ്പ് ശ്രമിച്ചവര്‍തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ രോഗം ആയുധമാക്കാന്‍ മുതിര്‍ന്നത്. ഇതിനായി മുതലാളിത്തമാധ്യമങ്ങളിലൂടെ ഹീനമായ പ്രചാരണങ്ങള്‍ നടത്തുകയാണ്. എണ്ണസമ്പത്തിനോടുള്ള ആര്‍ത്തിയാണ് മനുഷ്യത്വരഹിതമായ അവസ്ഥയില്‍ ഷാവേസ്വിരുദ്ധരെ എത്തിച്ചിട്ടുള്ളതെന്നു ചുരുക്കം. മുതലാളിത്തത്തിന്റെ തിന്മകള്‍ക്ക് വേറെ ഉദാഹരണം എന്തിന്?

*
സാജന്‍ എവുജിന്‍ ദേശാഭിമാനി 25 ജനുവരി 2013

Thursday, January 24, 2013

കുറ്റകരമായ നിസ്സംഗത

അരനൂറ്റാണ്ടോളമായി സംസ്ഥാനത്തെ സാധാരണ മനുഷ്യരുടെ പൊതുഗതാഗതമാര്‍ഗമായ കെഎസ്ആര്‍ടിസി, അതിന്റെ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലാണ്. ഡീസലിന് വന്‍തോതില്‍ വില വര്‍ധിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കെഎസ്ആര്‍ടിസിക്ക് താങ്ങായി വര്‍ത്തിക്കേണ്ട സംസ്ഥാനസര്‍ക്കാര്‍ കുറ്റകരമായ മൗനംപാലിച്ച് മുഖംതിരിച്ചുനില്‍ക്കുന്നു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തെ സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. അത്തരത്തിലുള്ള സഹായത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്യുന്നുമില്ല. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വൈദ്യുതി പ്രതിസന്ധി, ജലക്ഷാമം തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ പുലര്‍ത്തുന്ന അതേ നിസ്സംഗസമീപനമാണ് സംസ്ഥാനസര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ കാര്യത്തിലും കൈക്കൊള്ളുന്നത്. ഇതുമൂലം കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുകയാണ്.

38 ലക്ഷം പേര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് യാത്ര ചെയ്യുന്നതായാണ് കണക്ക്. പ്രതിദിനം 17 ലക്ഷം കിലോമീറ്റര്‍ വരെ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി, പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ ഒരാഴ്ചയായി ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെ സര്‍വീസ് നടത്തുന്നത് 14 ലക്ഷം കിലോമീറ്ററില്‍ താഴെയായി. വരുംദിവസങ്ങളിലും ഇത് വീണ്ടും കുറയാനാണ് സാധ്യത. ഈ സ്ഥിതി തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിച്ചുകഴിയുന്ന മേഖലകളിലെ ജനങ്ങളായിരിക്കും ഏറെ ക്ലേശിക്കുക. വിദ്യാര്‍ഥികളുടെ പഠനമടക്കം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇപ്പോള്‍ത്തന്നെ കെഎസ്ആര്‍ടിസി ബസ് ഉണ്ടാകുമോ എന്ന ആശങ്കയില്‍ പലരും ദീര്‍ഘദൂരയാത്രയ്ക്ക് സ്വകാര്യബസുകളെ ആശ്രയിച്ചുതുടങ്ങി. ദീര്‍ഘദൂര റൂട്ടുകളില്‍ ഓടുന്ന ഹൈടെക് സ്വകാര്യബസുകള്‍ തോന്നുംപടിയാണ് യാത്രക്കൂലി വാങ്ങുന്നത്. ഇതുമാത്രമല്ല, കെഎസ്ആര്‍ടിസിയിലെ 11,000ത്തോളം എംപാനല്‍കാരടക്കം 40,000 ത്തിലേറെ വരുന്ന ജീവനക്കാരും ദുരിതത്തിലാകും. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയുടെ മറവില്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ആലോചനകള്‍ സജീവമാണ്.

ഡീസല്‍വിലവര്‍ധനയിലൂടെ കെഎസ്ആര്‍ടിസിക്ക് 15 കോടിയുടെ അധികച്ചെലവുണ്ടാകുന്നു എന്നാണ് കണക്ക്. ഈ അധികച്ചെലവ് നേരിടാന്‍ വര്‍ഷം 200 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ നല്‍കണമെന്നാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നത്. എന്നാല്‍, ഒരു പൈസപോലും നല്‍കാന്‍ കഴിയില്ലെന്ന നിഷേധാത്മകനിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസി ഉപയോഗിക്കുന്ന ഡീസലിന്റെ വില്‍പ്പന നികുതിയിനത്തില്‍ നല്‍കുന്ന തുക ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറല്ല. ഡീസല്‍വിലയുടെ 24 ശതമാനമാണ് വില്‍പ്പന നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നത്. ബള്‍ക്ക് പര്‍ച്ചേസര്‍ (വന്‍തോതില്‍ വാങ്ങുന്ന ആള്‍) വിഭാഗത്തില്‍പ്പെടുത്തിയതുകൊണ്ടാണ് ഡീസല്‍ ലിറ്ററിന് 11 രൂപയിലേറെ അധികമായി കെഎസ്ആര്‍ടിസി നല്‍കേണ്ടിവരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുഗതാഗത സംവിധാനമെന്ന സവിശേഷത പരിഗണിച്ച് ഇക്കാര്യത്തില്‍ ഇളവുനല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയും. പക്ഷേ, കേന്ദ്രവും ജനങ്ങളെ ബാധിക്കുന്ന പലതിലുമെന്നപോലെ ഇക്കാര്യത്തിലും മുഖം തിരിച്ചുനില്‍ക്കുന്നു. കെഎസ്ആര്‍ടിസിയെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ മാനേജ്മെന്റും സര്‍ക്കാരും അടിയന്തരനടപടികളെടുത്തേ മതിയാകൂ. ഇതിന് ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികള്‍ ആവശ്യമാണ്. പ്രതിസന്ധിക്ക് യഥാര്‍ഥ കാരണമെന്തെന്ന് മനസ്സിലാക്കി പ്രശ്നങ്ങള്‍ ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ടവരോടെല്ലാം തുറന്ന മനസ്സോടെ ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

സര്‍വീസുകള്‍ റദ്ദാക്കിയും ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചും പ്രതിസന്ധി നേരിടുകയെന്നത് ഒട്ടും ശാസ്ത്രീയമായ സമീപനമല്ല. അത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണ്. ഷെഡ്യൂളുകള്‍ വര്‍ധിപ്പിച്ചും ഇന്ധനക്ഷമത ഉയര്‍ത്തിയും വേണം കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് നയിക്കാന്‍. ഇത് എല്‍ഡിഎഫ് ഭരണകാലത്ത് ഫലപ്രദമായി നടപ്പാക്കിയതാണ്. ഒരു ലിറ്റര്‍ ഇന്ധനം കൊണ്ട് 3.81 കിലോമീറ്റര്‍ ഓടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ യന്ത്രങ്ങളുടെ പൂര്‍ണമായ അറ്റകുറ്റപ്പണിയടക്കം കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി ഇത് 4.27 കിലോമീറ്റര്‍ വരെയായി. ഇതുമൂലം ഇന്ധനച്ചെലവില്‍ ഗണ്യമായ കുറവുവരുത്താന്‍ കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാകട്ടെ, ഇന്ധനക്ഷമത താഴേക്കുപോയി. ഇപ്പോഴത് 3.9 കിലോമീറ്ററില്‍ എത്തി. പഴയ ബസുകളുടെ എണ്ണം കൂടുന്നതുകൊണ്ട് ഇന്ധനക്ഷമത ഇനിയും കുറയാനാണ് സാധ്യത. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതുപോലെ വികേന്ദ്രീകരിച്ച ഔട്ട്ലെറ്റുകളില്‍ നിന്ന് ഡീസല്‍ അടിക്കാന്‍ സംവിധാനമുണ്ടാക്കണം. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും മറ്റും ചെയ്യുന്നതുപോലെ ഡീസലിനു പകരം എല്‍എന്‍ജി ഇന്ധനമായി ഉപയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. മുംബൈ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലും ഇതു നടപ്പാക്കിവരികയാണ്. ഇതു നടപ്പാക്കുന്നതിന് ആവശ്യമായ മൂലധനിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു മാത്രം. ഡീസലിന്റെയും പെട്രോളിന്റെയും വില തുല്യമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇത് നടപ്പാക്കാവുന്നതേയുള്ളൂ. ഇതിന് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച നടത്തണം.

ആന്ധ്രയില്‍ എല്ലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എംഡിമാരെയും വിളിച്ചുകൂട്ടി ചര്‍ച്ച നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് പാഠമാക്കേണ്ടതാണ്. നേരത്തെ കെഎസ്ആര്‍ടിസിയെ മെച്ചപ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്ന് 1000 കോടി വാങ്ങിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അടിയന്തരമായി നേടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനു മുന്നില്‍ ഡെമോക്ലീസിന്റെ വാള്‍പോലെ നില്‍ക്കുന്ന സുന്ദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യതയും സര്‍ക്കാരിനും ബഹുജനങ്ങള്‍ക്കുമുണ്ട്. അതിനാവശ്യമായ സംഘടിത പോരാട്ടങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 25 ജനുവരി 2013

ത്രിപുര : ഏഴാം ഇടതുമുന്നണി സര്‍ക്കാരിലേക്ക്

ത്രിപുരയിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് ജനുവരി 20ന് അഗര്‍ത്തലയില്‍ കേന്ദ്രീകൃത റാലി നടത്തി. ഫെബ്രുവരി 14നാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ്. ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന റാലിയില്‍ ഞാനും പങ്കെടുത്തു, സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യ 37 ലക്ഷം മാത്രമാണെന്നിരിക്കെ ഒരു ലക്ഷംപേര്‍ ഈ റാലിയിലേക്ക് ഒഴുകിയെത്തിയത് വന്‍തോതിലുള്ള പങ്കാളിത്തമായി കാണണം.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് ത്രിപുര. ഇതിന്റെ മൂന്ന് വശത്തും ബംഗ്ലാദേശാണ്. 1940കള്‍ മുതല്‍ ഇവിടത്തെ ആദിവാസിജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന കമ്യൂണിസ്റ്റ് പാര്‍ടി അവരെ മഹാരാജാവിനും അദ്ദേഹത്തിന്റെ ഭൂപ്രഭുത്വവാഴ്ചയ്ക്കുമെതിരെ പൊരുതാന്‍ സംഘടിപ്പിക്കുകയുണ്ടായി. നൃപന്‍ ചക്രവര്‍ത്തി, ദശരഥ് ദേബ്, ബിരേന്‍ ദത്ത എന്നിവരായിരുന്നു കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കള്‍. ഇവരില്‍ ആദ്യത്തെ രണ്ടുപേരും പിന്നീട് സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായി.

ത്രിപുരയില്‍ 1978 മുതല്‍ ഇടതുമുന്നണി ഭരണമാണ്. കോണ്‍ഗ്രസ് ഭരിച്ച 1988-93കാലത്ത് മാത്രമാണ് ഇതിന് ഇടവേളയുണ്ടായത്. രാജീവ്ഗാന്ധി നയിച്ച കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയെത്തുടര്‍ന്നാണ് അന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ആ അഞ്ച് വര്‍ഷം സിപിഐ എമ്മിനെതിരെ അര്‍ധ-ഫാസിസ്റ്റ് ഭീകരവാഴ്ച അഴിച്ചുവിടുകയും നൂറുകണക്കിന് പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും വധിക്കുകയുംചെയ്തു. 1993 മാര്‍ച്ചിലെ വോട്ടെണ്ണല്‍ നാള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. മറ്റ് സഖാക്കള്‍ക്കൊപ്പം ഞാന്‍ അഗര്‍ത്തലയില്‍ ആകാംക്ഷയോടെ തെരഞ്ഞെടുപ്പുഫലം കാത്തിരിക്കുകയായിരുന്നു. രാത്രി വൈകി ഇടതുമുന്നണിയുടെ വിജയം ഉറപ്പായി. തുടര്‍ന്ന് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും- 1998, 2003, 2008- ഇടതുമുന്നണി മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ വിജയം നേടി.

1978നുശേഷം, മൊത്തം ആറു തവണയാണ് ഇടതുമുന്നണിസര്‍ക്കാര്‍ ഭരണത്തില്‍ വന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഇടതുമുന്നണി ഭരണം മികവുറ്റതും പ്രചോദനം പകരുന്നതുമാണ്. ഇതിന്റെ ആദ്യദശകത്തില്‍, അതായത് 1990കളില്‍ സംസ്ഥാനത്ത് സായുധരായ ആദിവാസിതീവ്രവാദ സംഘടനകളുടെ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. 1980കളുടെ ആരംഭത്തിലാണ് ഇവരുടെ ആക്രമണങ്ങള്‍ തുടങ്ങിയത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഉടനീളമുള്ള ക്യാമ്പുകളില്‍ താവളമടിച്ച് ഈ സംഘങ്ങള്‍ ആദിവാസി-മലയോരമേഖലകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സാമ്രാജ്യത്വ ഏജന്‍സികളും പാക് ചാരസംഘടന ഐഎസ്ഐയും ഇവര്‍ക്ക് പണവും ആയുധങ്ങളും നല്‍കി. സ്വതന്ത്ര ത്രിപുരയാണ് അവര്‍ ആവശ്യപ്പെട്ടത്. ഭീകരതയുടെ മൂന്ന് ദശകങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു, ജനങ്ങളുടെയും രാജ്യത്തിന്റെയും ഐക്യം കാത്തുസൂക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ജീവന്‍ ത്യജിക്കേണ്ടിവന്നു.

ത്രിമുഖ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് സായുധ തീവ്രവാദപ്രശ്നത്തിന് അന്ത്യം കുറിക്കാനായി. ഒന്നാമതായി, ആദിവാസി-ബംഗാളി വംശജര്‍ തമ്മിലുള്ള ഐക്യത്തിന് വിഘാതം സംഭവിക്കരുതെന്ന രാഷ്ട്രീയനിലപാട്. രണ്ടാമതായി, സായുധസംഘങ്ങളെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന സായുധപൊലീസിന്റെ (ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്) രൂപീകരണവും ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കലും. മൂന്നാമതായി, ആദിവാസിമേഖലകളില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞയുടന്‍തന്നെ സര്‍ക്കാര്‍ വികസന-ക്ഷേമപദ്ധതികള്‍ ഊര്‍ജിതമായി നടപ്പാക്കി. ഈ ലക്ഷ്യത്തോടെ ത്രിപുര ആദിവാസി സ്വയംഭരണ ജില്ലാ കൗണ്‍സിലിന് രൂപംനല്‍കിയത് രണ്ടാം ഇടതുമുന്നണി സര്‍ക്കാരാണ്. ഇന്ന് ത്രിപുര ഐക്യവും സമാധാനവും കളിയാടുന്ന സംസ്ഥാനമാണ്. ഭൂരിപക്ഷംവരുന്ന ബംഗാളി വംശജരും ന്യൂനപക്ഷ ആദിവാസി വിഭാഗങ്ങളും തമ്മില്‍ ഐക്യവും സൗഹാര്‍ദവും നിലനില്‍ക്കുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ ഏകസംസ്ഥാനം ത്രിപുരയാണ്. അസം, മണിപ്പുര്‍, നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ വംശീയസംഘര്‍ഷം നിലനില്‍ക്കുന്നു.

ത്രിപുരയില്‍ നിലനില്‍ക്കുന്ന സമാധാനത്തില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പങ്ക് പ്രധാന ഘടകമാണ്. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മേഖലയിലും, മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ റെക്കോഡ് തിളക്കമാര്‍ന്നതാണ്. വടക്കുകിഴക്കന്‍മേഖലയില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനം ത്രിപുരയാണ്. 2001ലെ സെന്‍സസ് പ്രകാരം, സാക്ഷരതാനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ത്രിപുര 11-ാം സ്ഥാനത്തായിരുന്നു. 2011ല്‍ 88 ശതമാനം സാക്ഷരതയോടെ ത്രിപുര നാലാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും കര്‍ഷക ആത്മഹത്യയോ പട്ടിണിമരണമോ ഉണ്ടായിട്ടില്ല. വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലും ത്രിപുരയുടെ പ്രവര്‍ത്തനമികവ് ശ്ലാഘനീയമാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ശരാശരി 86 പ്രവൃത്തിദിനങ്ങള്‍ സൃഷ്ടിച്ച് ത്രിപുര രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തി. വനാവകാശനിയമം നടപ്പാക്കുന്നതിലും മുന്നിലെത്തിയ ത്രിപുര സര്‍ക്കാര്‍ ആദിവാസിവിഭാഗങ്ങളോട് നീതി പുലര്‍ത്തി. 2012 പകുതിയോടെ, കാടിന്റെ മക്കള്‍ക്ക് അവരുടെ ഭൂമിയില്‍ അവകാശം ഉറപ്പിച്ചുകൊണ്ട് 1,19,342 പട്ടയം വിതരണം ചെയ്തു. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം 16 പെന്‍ഷന്‍പദ്ധതികളാണ് നടപ്പാക്കിവരുന്നത്. അടിസ്ഥാനസൗകര്യമേഖലയിലെ മുന്നേറ്റം പരിശോധിച്ചാല്‍, മൊത്തമുള്ള 8312 ജനവാസകേന്ദ്രങ്ങളില്‍ 90 ശതമാനവും വൈദ്യുതീകരിച്ചു. ജലസേചനയോഗ്യമായ ഭൂമിയുടെ 90 ശതമാനം ഭാഗത്തും ജലസേചനസൗകര്യം ഏര്‍പ്പെടുത്തി; കൃഷിയോഗ്യമായ മൊത്തം ഭൂവിസ്തൃതിയുടെ 50 ശതമാനം സ്ഥലത്തും ഇപ്പോള്‍ ജലസേചനസൗകര്യമായി. രണ്ടു ലക്ഷം വരുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകളായ കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ അരി വിതരണംചെയ്യുന്നതാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ശ്രദ്ധേയമായ നടപടി. ഉയര്‍ന്ന കടത്തുകൂലി നല്‍കേണ്ടതിനാല്‍ വടക്കുകിഴക്കന്‍സംസ്ഥാനങ്ങളില്‍ കിലോഗ്രാമിന് 5-6 രൂപ നിരക്കിലാണ് അരി നല്‍കുന്നത്. 2012 ആഗസ്ത് വരെ ത്രിപുരയിലും അരിക്ക് ഇതേ നിരക്കായിരുന്നു. കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ അരി വിതരണംചെയ്യുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും സ്വാഗതംചെയ്തിരിക്കയാണ്. വര്‍ധിപ്പിച്ച സബ്സിഡിയുടെ ഭാരം പേറുന്നത് ത്രിപുര സര്‍ക്കാരാണ്. ആദിവാസികള്‍ക്ക് സംവരണംചെയ്ത 20 സീറ്റടക്കം മൊത്തം 60 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് ഇടതുമുന്നണിയാണ്.

സിപിഐ എം 55 സീറ്റിലും സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍ വീതവും ഫോര്‍വേഡ് ബ്ലോക്ക് ഒരിടത്തും മത്സരിക്കുന്നു. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസ് ബദ്ധപ്പെടുകയാണ്. ടിയുജെഎസും മറ്റ് ചില ആദിവാസിസംഘടനകളും ഉള്‍പ്പെട്ട ഐഎന്‍പിടിയുമായി കോണ്‍ഗ്രസ് സഖ്യം തുടരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിന് ആദിവാസിമേഖലകളില്‍ സ്വാധീനമില്ല. അതുകൊണ്ട് അവര്‍ ആദ്യം ടിയുജെഎസുമായും പിന്നീട് ഐഎന്‍പിടിയുമായും സഖ്യമുണ്ടാക്കി. വിവിധ കാലഘട്ടങ്ങളില്‍ വിഘടനവാദ പ്രവര്‍ത്തനം നടത്തിയവരാണ് ഈ സംഘടനകള്‍.

ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിനുള്ള സ്വാധീനം തകര്‍ക്കുകയും പാര്‍ടിയെ ഒറ്റപ്പെടുത്തുകയും ചെയ്യുകയെന്ന ഏകലക്ഷ്യത്തോടെ ആദിവാസി വിഘടനവാദ- തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചതിന്റെ ലജ്ജാകരമായ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന്റെ ഈ തന്ത്രം ഇന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഐക്യം, സമാധാനം, പുരോഗതി, വികസനം എന്നിവയ്ക്കുവേണ്ടിയാണ് ഇടതുമുന്നണി നിലകൊള്ളുന്നത്. ഈ മുദ്രാവാക്യങ്ങള്‍ യുവജനങ്ങളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നു. 20ന്റെ റാലിയില്‍ അലകളായി മൈതാനത്തേക്ക് ഒഴുകിയെത്തിയ ജനങ്ങള്‍ പ്രഖ്യാപിച്ചു: ഞങ്ങള്‍ ഏഴാം ഇടതുമുന്നണി സര്‍ക്കാരിനെ കൊണ്ടുവരും. ഈ പ്രതിജ്ഞയാണ് ഫെബ്രുവരി 14ന് ഉറപ്പായും പാലിക്കപ്പെടുക.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 24 ജനുവരി 2013

യഥാര്‍ഥ "ദേശസ്നേഹികള്‍"

പൊതുമേഖലാ ബാങ്കുകളിലെ ഓഹരി സ്വകാര്യകമ്പനികള്‍ക്ക് വിറ്റതും വിദേശ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇന്ത്യയില്‍ ശാഖകള്‍ തുറക്കാന്‍ അനുവാദം നല്‍കിയതും പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിലെ ഓഹരികള്‍ സ്വദേശ-വിദേശമുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിറ്റതും ദേശരക്ഷയ്ക്കു വേണ്ടിയാണെന്നാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസും പറയുന്നത്. ഭാരതസര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുണ്ടായിരുന്നതുകൊണ്ടാണ് ഈ സ്ഥാപനങ്ങള്‍ക്ക് ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയാതെ പോയത് എന്നും വിദേശമുതലാളിമാര്‍ക്കും കമ്പനികള്‍ക്കുമാണ് അതു കഴിയുകയെന്നും കോണ്‍ഗ്രസ് മനസിലാക്കിയിട്ട് രണ്ടു പതിറ്റാണ്ടായിട്ടേയുള്ളു. എന്നുമാത്രമല്ല, പൊതുജനങ്ങളുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ മുതലായവയുടെ വില നിര്‍ണയിക്കാന്‍ സര്‍ക്കാരിന് പ്രാപ്തിയില്ലെന്നും അതുകൊണ്ട് വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെത്തന്നെ ഏല്‍പ്പിക്കുകയാണ് നല്ലതെന്നും കോണ്‍ഗ്രസ് മനസിലാക്കിയത് ഈയടുത്ത കാലത്താണ്. ധനമന്ത്രിയായിരുന്നപ്പോഴാണ് ഇന്നത്തെ പ്രധാനമന്ത്രിക്ക് കാര്യം കൃത്യമായി മനസിലായത്. "ദേശീയതാല്‍പ്പര്യം" സംരക്ഷിക്കാന്‍ അദ്ദേഹമാണ് പ്രാപ്തനെന്ന് കോണ്‍ഗ്രസ് മനസിലാക്കിയതുകൊണ്ടാണ് രണ്ടു തവണ പ്രധാനമന്ത്രിയായി വാഴിച്ചത്. ആ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം "ദേശതാല്‍പ്പര്യം" സംരക്ഷിച്ചുവരുന്നു.

ഇന്ത്യയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഉപയോക്താക്കളുടെ താല്‍പ്പര്യം പൂര്‍ണമായി സംരക്ഷിക്കാന്‍ കഴിയില്ലായെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ആ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ നിയമനിര്‍മാണം നടത്തിയത്. മല്ലിയും മുളകും മത്തിയും അയലയും പച്ചക്കറികളും കപ്പയും ചേനയും നേന്ത്രക്കായും വാഴപ്പഴവും റൊട്ടിയും ബിസ്ക്കറ്റുമെല്ലാം ഇന്ത്യയിലുണ്ടാക്കിയതുമാത്രം തിന്ന് മടുത്തുപോയ ഉപയോക്താവിന് മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഭക്ഷിക്കാന്‍ അവസരമുണ്ടാക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, എത്യോപ്യ എന്നീ രാജ്യങ്ങളിലെ വിവിധയിനം കപ്പ, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ വിവിധയിനം വാഴപ്പഴം, കൈത്തണ്ടയുടെ കനമുള്ള അറേബ്യന്‍ മത്തി, ഓസ്ട്രേലിയയിലെ ചെമ്മരിയാടിന്റെ ഇറച്ചി, തുര്‍ക്കിയിലെ കോഴിയിറച്ചി എന്നിവയൊക്കെ ഇന്ത്യയിലെ ഗ്രാമവാസിക്ക് എത്തിച്ചുകൊടുക്കാന്‍ ഇവിടത്തെ ചില്ലറ വില്‍പ്പനക്കാരന് കഴിയുമോ?

ഇല്ലായെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വാള്‍മാര്‍ട്ടിനെ ആ പണിയേല്‍പ്പിച്ചത്. അവര്‍ക്കാകുമ്പോള്‍ ഓരോ രാജ്യത്തിന്റെയും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ നന്നായിട്ടറിയാം. അതിനെ ശാസ്ത്രീയമായി അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യസംരക്ഷണത്തിന് ഏതു രാജ്യത്തിലെ ഉല്‍പ്പന്നമാണ് കഴിക്കേണ്ടത് എന്ന് നിശ്ചയിക്കാനും കഴിയും. അല്‍പ്പജ്ഞാനികളായി ഇവിടത്തെ ചില്ലറ വില്‍പ്പനക്കാരന് അതു വല്ലതുമറിയാമോ? വാള്‍മാര്‍ട്ട് യുഎസ്എയില്‍ സവാളക്കച്ചവടം നടത്തിയതിന്റെ അനുഭവം അവിടത്തുകാര്‍ക്കറിയാം. ചില്ലറവില്‍പ്പനയിലെ കുത്തക അവിടത്തെ സര്‍ക്കാര്‍ വാള്‍മാര്‍ട്ടിനെയാണ് ഏല്‍പ്പിച്ചത്. ഉല്‍പ്പാദകന്റെയല്ല ഉപയോക്താവിന്റെ താല്‍പ്പര്യം സംരക്ഷിക്കലാണല്ലോ കച്ചവടക്കാരന്റെ ലക്ഷ്യം. പൊതിച്ച നാളികേരത്തിന്റെ വലുപ്പമുള്ള സവാള കനഡയില്‍നിന്നും ബ്രസീലില്‍നിന്നും വാള്‍മാര്‍ട്ട് ഇറക്കുമതിചെയ്ത് ഉപയോക്താവിനു നല്‍കി. ഒരു ചെറിയ കുടുംബത്തിന് ഒരു സവാളയുടെ പകുതി മതി ഒരു ദിവസത്തേക്ക്. അത്രയും വലുപ്പമില്ലാത്ത സവാള ഉല്‍പ്പാദിപ്പിച്ചിരുന്ന യുഎസ്എയിലെ കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നം വില്‍ക്കാന്‍ കഴിഞ്ഞില്ല. കാരണം വാള്‍മാര്‍ട്ട് വാങ്ങിയില്ല. മറ്റു കച്ചവടക്കാര്‍ അല്‍പ്പകാലംകൊണ്ട് കമ്പോളത്തില്‍നിന്ന് അപ്രത്യക്ഷരായി. സവാള കര്‍ഷകര്‍ ഉല്‍പ്പന്നം വില്‍ക്കാനാകാത്തതുകൊണ്ട് കൃഷി നിര്‍ത്തി. കൃഷിക്കായി ബാങ്ക് വായ്പയെടുത്തവരുടെ ഭൂമി അന്യാധീനമായി. ഭൂമി കൈവശപ്പെടുത്തിയ ബാങ്കുകള്‍ അതു ലേലംചെയ്തപ്പോള്‍ വാങ്ങാന്‍ ആരും വന്നില്ല. പണം തിരിച്ചു പിടിക്കാന്‍ കഴിയാതെ ബാങ്കും അപകടത്തിലായി. എങ്കിലും ഉപയോക്താവിന് ആഗോളഉല്‍പ്പന്നങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്താന്‍ വാള്‍മാര്‍ട്ടിന് കഴിഞ്ഞല്ലോ!

വിലയല്‍പ്പം കൂടിയാലെന്ത്?. ദേശരക്ഷയ്ക്കായും ദേശീയതാല്‍പ്പര്യം സംരക്ഷിക്കാനായും പ്രവര്‍ത്തിക്കുന്നവരാണ് ദേശസ്നേഹികള്‍. മന്‍മോഹനും പ്രണബും ചിദംബരവും കമല്‍നാഥുമെല്ലാമാണ് ദേശസ്നേഹികള്‍. വിദേശകുത്തകകളെയും കച്ചവടക്കാരെയും ഇന്ത്യയിലേക്ക് സ്വീകരിച്ചാനയിക്കുന്നവരാണ് ദേശസ്നേഹികള്‍. കേന്ദ്രത്തിലെന്ന പോലെ കേരളത്തിലും "എമര്‍ജിങ്" പരിപാടിയിലൂടെ ഇവിടത്തെ മണ്ണും വിണ്ണും വായുവും വെള്ളവും പ്രകൃതിവിഭവങ്ങളും വെള്ളിത്താലത്തില്‍ തിരുമുല്‍ക്കാഴ്ചയായി വിദേശികള്‍ക്ക് നല്‍കുന്ന ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ എം മാണിയുമാണ് ദേശസ്നേഹികള്‍. ഇതിനെയെല്ലാം എതിര്‍ക്കുന്ന കമ്യൂണിസ്റ്റുകാര്‍ ദേശദ്രോഹികളാണ്! കുഞ്ഞാലിമരയ്ക്കാര്‍ എന്തൊരു മണ്ടനാണ്! സ്വന്തം തല വെറുതെ നഷ്ടപ്പെടുത്തി. ജനിച്ചത് അഞ്ഞൂറുകൊല്ലം മുമ്പായിപ്പോയി. ഇല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ കണ്ട് പഠിക്കാമായിരുന്നു. രണ്ടുനൂറ്റാണ്ടുകാലം ഇന്ത്യയെ അടക്കി ഭരിച്ച ബ്രീട്ടിഷുകാര്‍ക്കെതിരെ പടപൊരുതി, കൂട്ടുകാരെ കുരുതി കൊടുത്തും സ്വയം ചത്തും ജീവിതം പാഴാക്കിയ പഴശ്ശിയും വേലുത്തമ്പിയും കട്ടബൊമ്മനും ടിപ്പുസുല്‍ത്താനും ദേശസ്നേഹികളെന്നു പറഞ്ഞവനാര്? പുഞ്ചിരിച്ചും ഇങ്ക്വിലാബ് വിളിച്ചും കഴുമരമേറിയ ഭഗത്സിങ്ങും ചന്ദ്രശേഖര്‍ ആസാദും മരമണ്ടന്മാരല്ലേ? സ്വയം തടവുശിക്ഷയനുഭവിച്ചും മറ്റനേകായിരംപേരെ തടവറയിലേക്ക് ആനയിച്ചും ബ്രീട്ടിഷുകാരെ ആട്ടിയോടിക്കാന്‍ ശ്രമിച്ച ഗാന്ധിജിയും നെഹ്റുവും പട്ടേലും ദേശസ്നേഹികളോ? ബ്രീട്ടിഷുകാരോട് "ക്വിറ്റിന്ത്യ" എന്നുപറഞ്ഞ ഇരുനേതാക്കന്മാര്‍ ദേശദ്രോഹമല്ലേ ചെയ്തത്. മിത്രത്തെ തിരിച്ചറിയാന്‍ കഴിയാത്തവന്‍ ദേശദ്രോഹിയാണ്. ഗാന്ധിജിയും പട്ടേലും നെഹ്റുവും ദേശസ്നേഹികളാണെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ പതിറ്റാണ്ടുകളില്‍ സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിച്ചു. അതിലേക്കായി പാഠപുസ്തകങ്ങളുണ്ടായി. അതു പഠിച്ചുവളര്‍ന്ന തലമുറയാണ് ഇന്ത്യയിലിന്ന് ഭൂരിപക്ഷം. അങ്ങനെ ഒരു വലിയ ജനവിഭാഗത്തെ വഴിതെറ്റിച്ചത് പാഠപുസ്തകങ്ങളാണ്. സത്യഗ്രഹം, അഹിംസ, മദ്യവര്‍ജനം, ഹരിജനോദ്ധാരണം എന്നീ ഗാന്ധിമാര്‍ഗപരിപാടികള്‍ അവലംബിക്കുന്നവരെ ഗാന്ധിയന്മാരെന്ന് ചിത്രീകരിച്ചു. അവരെ അനുകരിക്കാന്‍ പുതുതലമുറയോട് ആഹ്വാനംചെയ്തു. ലക്ഷപ്രഭുവിന്റെ മകനായി ആനന്ദഭവനില്‍ ജനിച്ച നെഹ്റു ആദര്‍ശപുരുഷനായി ചിത്രീകരിക്കപ്പെട്ടു. കോട്ടിന്റെ ബട്ടണ്‍തുളയില്‍ റോസാപുഷ്പവും ചൂടി നില്‍ക്കുന്ന നെഹ്റു യുവാക്കളുടെ ഹരമായിരുന്നു. രാഷ്ട്രീയവും സൈനികവും സാമ്പത്തികവും സാംസ്കാരികവുമായി വിദേശാധിപത്യത്തെ എതിര്‍ക്കുന്നതാണ് ദേശസ്നേഹമെന്ന് നെഹ്റുവിനെ ഉപജീവിച്ചുകൊണ്ട് പാഠപുസ്തക രചയിതാക്കള്‍ പുസ്തകമെഴുതി. അത് പഠിച്ച് എത്രയോ തലമുറകള്‍ ദേശാഭിമാനികളായി. രാജ്യത്തെ ആക്രമിക്കുന്നവര്‍ ഇന്നലെവരെ സോദരരായിരുന്ന പാകിസ്ഥാന്‍കാരായാലും ചീനരായാലും ശത്രുവാണെന്ന് പഠിപ്പിച്ചു. സാമ്രാജ്യത്വവിരുദ്ധതയാണ് ദേശസ്നേഹത്തിന്റെ അടിത്തറയെന്ന് സമര്‍ഥിച്ചു. എന്നാലിന്ന് സാമ്രാജ്യത്വവിരുദ്ധത ദേശദ്രോഹമെന്ന് നിര്‍വചിക്കപ്പെടുന്നു.

ആഗോളഗ്രാമം നിലവില്‍ വന്നാല്‍ ദേശസ്നേഹത്തിനെന്തര്‍ഥം? സാര്‍വദേശീയതയല്ലേ ലക്ഷ്യം. പിന്നെന്തിനീ തൊഴിലാളി പാര്‍ടിക്കാര്‍ മന്‍മോഹനെയും കോണ്‍ഗ്രസിനെയും എതിര്‍ക്കണം? സാര്‍വദേശീയ കോര്‍പറേറ്റുകളെ ഇന്ത്യയിലേക്കാനയിക്കുന്നത് ദേശസ്നേഹത്തിന്റെ പ്രത്യക്ഷോദാഹരണമാണെന്ന് പാഠപുസ്തകങ്ങള്‍ രചിക്കാന്‍ പണ്ഡിതന്മാര്‍ തുനിയണം. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചുപോയ ഗാന്ധിയെയും നെഹ്റുവിനെയും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട് തുന്നിയുണ്ടാക്കണം. മന്‍മോഹന കീര്‍ത്തനങ്ങളും ചിദംബരസ്തുതികളും അതിലുണ്ടാകണം. നവയുഗ യഹോവമാര്‍ അവരാണ്. സാമ്രാജ്യത്വ വിരുദ്ധത എന്ന മഹാപാപം നെഹ്റു ചെയ്തുവെങ്കിലും ഒരു കാര്യത്തിലദ്ദേഹം മാപ്പര്‍ഹിക്കുന്നു. മകളിലൂടെ, മരുമകളിലൂടെ, പ്രപൗത്രനിലൂടെ വംശാധികാര പാരമ്പര്യം നിലനിര്‍ത്താന്‍ നെഹ്റു നിമിത്തമായി. അറബിക്കഥകളിലെ അന്തപ്പുരങ്ങള്‍ക്ക് കാവല്‍നില്‍ക്കുന്ന കാപ്പിരി ഷണ്ഡന്മാരെപ്പോലെ കോണ്‍ഗ്രസുകാര്‍ ഉടവാളേന്തി വംശസംരക്ഷകരായി ജാഗ്രത പുലര്‍ത്തുന്നു.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 24 ജനുവരി 2013