Tuesday, April 1, 2008

ബജറ്റ് 2008-09

കേന്ദ്ര ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനം കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നത് സംബന്ധിച്ചുള്ളതായിരുന്നല്ലോ. എന്നാല്‍ വിരോധാഭാസമെന്ന് തോന്നാം. അതിനുള്ള തുക ബജറ്റ് രേഖകളില്‍ വകയിരുത്തിയിട്ടില്ല. രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകരുടെ 2007 മാര്‍ച്ച് 31 ന് മുന്‍പ് എടുത്തിട്ടുള്ളതും 2007 ഡിസംബര്‍ 31 ന് മുന്‍പ് തിരിച്ചടയ്ക്കേണ്ടതും 2008 ഫെബ്രുവരി 29 വരെ തിരിച്ചടച്ചിട്ടില്ലാത്തതുമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും ഈ കാലഘട്ടത്തിലെ മറ്റുകാര്‍ഷിക കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് കര്‍ഷകര്‍ക്ക് നല്‍കുന്ന 25% സൌജന്യവും ചേര്‍ത്ത് 60000 കോടി രൂപയാണ് വേണ്ടിവരുക.

എന്തുകൊണ്ട് ഈ തുക ബജറ്റില്‍ വകകൊള്ളിച്ചിട്ടില്ല എന്നത് ഒറ്റനോട്ടത്തില്‍ വിചിത്രമായി തോന്നും. എന്നാല്‍ അതിന്റെ കാരണം ലളിതമാണ്. ഇതിന് ബജറ്റില്‍ തുക കൊള്ളിയ്ക്കേണ്ടതില്ല. ബാങ്കുകളിലെ കാര്‍ഷിക കടങ്ങള്‍ക്കായുള്ള ഗവണ്‍മെന്റ് 1.04 (Bond) പകരംവയ്ക്കേണ്ടതു മാത്രമേയുള്ളൂ. ഇത് വെറും ബുക്ക് ഇടപാടുമാത്രമാണ്. 1.04 കാലാവധി കഴിയുമ്പോഴുള്ള പലിശയുടെ കാര്യത്തില്‍ മാത്രമേ യഥാര്‍ത്ഥ ധനകൈമാറ്റം ആവശ്യമായി വരുന്നുള്ളൂ.

എന്നാല്‍ കാര്‍ഷിക കടം എഴുതിത്തള്ളാനുള്ള പണം കണ്ടെത്താനെന്ന വ്യാജേന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍ക്കുക എന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങാന്‍ സാധ്യതയുണ്ട്. പൊതുമേഖലയുടെ സ്വകാര്യവത്ക്കരണം എന്ന അജണ്ട നടപ്പാക്കാന്‍ കര്‍ഷകകടാശ്വാസം സമര്‍ത്ഥമായി ഉപയോഗിക്കും. എന്നാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുന്നതിന് ചില ബുക്ക് അഡ്‌ജസ്റ്റ്മെന്റ് മാത്രമേ ആവശ്യമുള്ളൂ എന്നിരിക്കെ കാര്‍ഷിക കടം എഴുതിത്തള്ളലും പൊതുമേഖലാ ഓഹരി വില്പനയും തമ്മില്‍ ബന്ധപ്പെടുത്തേണ്ട യാതൊരു കാര്യവും ഇല്ല. പൊതുമേഖലാ ഓഹരി വില്പന സംബന്ധിച്ച തൊഴിലാളികളുടെയും ഇടതുപക്ഷത്തിന്റെയും എതിര്‍പ്പിന് തടയിടാന്‍ കാര്‍ഷികകടം എഴുതിത്തള്ളുന്നതിനാവശ്യമായ പണം സമാഹരിക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷക കടാശ്വാസത്തിന് ചില പരിമിതികളുണ്ട്. അത് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് മാത്രമേ ആശ്വാസം നല്‍കുന്നുള്ളൂ. മൊത്തം കാര്‍ഷിക കടത്തിന്റെ മൂന്നില്‍രണ്ട് ഭാഗവും സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പയാണ്. അത്തരം കടക്കാര്‍ക്ക് സഹായം ലഭിയ്ക്കുന്നില്ല. നനവില്ലാത്ത ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും (Dryland farmers) ഈ പ്രഖ്യാപനത്തിലൂടെ കാര്യമായ പ്രയോജനം ലഭിക്കുന്നില്ല കാരണം അത്തരം കര്‍ഷകരുടെ ഭൂമിയുടെ അളവ് പലപ്പോഴം രണ്ടു ഹെക്ടറിലും കൂടുതലാണ്.

ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു പ്രധാന ആനുകൂല്യം ഇന്‍കംടാക്സിന്റെ കാര്യത്തിലാണ്. ഇന്‍കംടാക്സ് വരുമാനപരിധി, 1,10,000 രൂപയില്‍ നിന്ന് 150,000 രൂപയായി ഉയര്‍ത്തി (മുതിര്‍ന്ന പൌരന്മാര്‍ക്കും സ്ത്രീകള്‍ക്കുള്ള പ്രത്യേക സൌജന്യവും ആനുപാതികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്). ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസകരമായ തീരുമാനമാണ്. സെന്‍വാറ്റ് 16 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി എക്സൈസ് ഡ്യൂട്ടിയിലെ ഇളവുകളും ഉപഭോക്താക്കളിലേയ്ക്ക് എത്രത്തോളം എത്തുമെന്ന് ഉറപ്പില്ല. കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിയ്ക്കുമെന്നത് ഉറപ്പാണ്. ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്കുള്ള ടാക്സ് 10 ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ദീര്‍ഘകാല മൂലധന നേട്ടങ്ങളെ ടാക്സില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് അപലപനീയമാണ്. ചരക്ക് കൈമാറ്റ നികുതി ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാകുമ്പോള്‍ അടുത്ത അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ചില പ്രദേശങ്ങളില്‍ ആരംഭിയ്ക്കുന്ന രണ്ടും മൂന്നും നാലും നക്ഷത്രഹോട്ടലുകളെ ആദ്യ അഞ്ചുവര്‍ഷം വരുമാന നികുതിയില്‍ നിന്നൊഴിവാക്കിയത് വരുമാന നഷ്ടത്തിനിടയാക്കും.

മൊത്തത്തില്‍ നോക്കിയാല്‍ പ്രത്യക്ഷ നികുതി വരുമാന വര്‍ദ്ധനയില്ലാതിരിക്കുകയും പരോക്ഷ നികുതി ഇനത്തില്‍ 5900 കേടി രൂപ നഷ്ടം വരുകയും ചെയ്യുമെന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്. ഇത് ഗവണ്‍മെന്റിന്റെ സാമൂഹ്യ ക്ഷേമ ചെലവുകളില്‍ കുറവു വരുത്തും. എന്നാല്‍ മറിച്ചാണെന്ന് തോന്നുന്ന തരത്തിലാണ് ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. ബജറ്റ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രസംഗത്തില്‍ നിന്ന് വ്യത്യസ്തമായ ചിത്രം കാണാനാകും. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിക്ക് വെറും 11000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് GDPവളര്‍ച്ചാനിരക്കിലും കുറവാണ്.

വളരെ ചെറിയ വേതനം ലഭിക്കുന്ന അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും മുഖേന നടത്തുന്ന സാമൂഹ്യവികസന പരിപാടിയാണ് ഐ.സി.ഡി.എസ് പദ്ധതി. ഇവരുടെ വേതനം വളരെ ചെറിയ തോതില്‍ മാത്രമേ ഈ ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ. വര്‍ക്കര്‍മാര്‍ക്ക് 1500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 750 രൂപയും പ്രതിമാസം ലഭിയ്ക്കും. ഇത് മിനിമം വേജസിലും കുറഞ്ഞതുകയാണ്. ഐ.സി.ഡി.എസ് പദ്ധതിയ്ക്കുവേണ്ടി അധികം വകയിരുത്തിയിട്ടുള്ള 852 കോടി രൂപ സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം ഈ പദ്ധതി സാര്‍വത്രികമാക്കുന്നതിന് തികച്ചും അപര്യാപ്തമാണ്.

ഉന്നതവിദ്യാഭ്യാസത്തിനുള്ള ചിലവ് കഴിഞ്ഞ വര്‍ഷത്തെ 6397 കോടിയില്‍ നിന്ന് 10853 കോടി രൂപയായി വര്‍ദ്ധിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് കഴിഞ്ഞ വര്‍ഷത്തെ 18440 കോടി രൂപയില്‍ നിന്ന് 19778 കോടി രൂപയെന്ന വളരെ ചെറിയൊരു വര്‍ദ്ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. പണപ്പെരുപ്പവുമായി തട്ടിയ്ക്കുമ്പോള്‍ യഥാര്‍ത്ഥ വര്‍ദ്ധന ഉണ്ടാകുന്നില്ല. സര്‍വ്വശിക്ഷാ അഭിയാന്‍ പോലുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വര്‍ദ്ധിപ്പിച്ചിട്ടേയില്ല. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ ചിലവ് ദേശീയ വരുമാനത്തിന്റെ 6 ശതമാനം വര്‍ദ്ധിപ്പിയ്ക്കുമെന്ന് പൊതുമിനിമം പരിപാടിയില്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. ഒടുവിലത്തെ സാമ്പത്തിക സര്‍വ്വേ പ്രകാരം 2006-2007 ല്‍ 2.88 ശതമാനവും 2007-08ല്‍ 2.84 ശതമാനവുമാണ് വിദ്യാഭ്യാസത്തിനെന്ന ചെലവില്‍ വന്നിട്ടുള്ള വര്‍ദ്ധന. 2008-09 ലെ ബജറ്റ് വിലയിരുത്തുമ്പോള്‍ UPA സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പൊതുമിനിമം പരിപാടിയില്‍ വാഗ്ദാനം ചെയ്തതിന്റെ പകുതിയില്‍ താഴെ വളര്‍ച്ച മാത്രമേ വിദ്യാഭ്യാസ രംഗത്തെ മുതല്‍മുടക്കിലുണ്ടാകുകയുള്ളൂ എന്ന് കാണാം.

യു.പി.എ സര്‍ക്കാരിന്റെ പ്രധാന പരിപാടിയായ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയ്ക്കുപോലും മുതല്‍മുടക്ക് വെറും 20 ശതമാനമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുന്ന ജില്ലകളുടെ എണ്ണം ഇരട്ടിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചെലവു വെട്ടിച്ചുരുക്കലിന്റെ ഉത്തമദൃഷ്ടാന്തം ഭക്ഷ്യ സബ്‌സിഡിയുടെ കാര്യത്തിലാണ് കാണാനാവുന്നത്. 2007-08 വര്‍ഷത്തെ സബ്‌സിഡി 31546 കോടി രൂപയായിരുന്നെങ്കില്‍ ഈ ബജറ്റില്‍ വെറും 32667 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പണപ്പെരുപ്പ നിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഭക്ഷ്യസബ്‌സിഡിയില്‍ കുറവാണ് വന്നിട്ടുള്ളതെന്ന് കാണാം.ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരവെ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് പൊതുവിതരണ സമ്പ്രദായവും റേഷന്‍ വിതരണവും ശക്തമാക്കേണ്ടതുണ്ട്. അതിന് ഒട്ടും പര്യാപ്തമല്ല ഭക്ഷ്യസബ്‌സിഡിക്ക് നീക്കിവെച്ചിട്ടുള്ള തുക.

ഈ വര്‍ഷം ബമ്പര്‍ വിളവ് ലഭിച്ചിട്ടുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ചെലവേറിയ ഇറക്കുമതി ഇക്കുറി വേണ്ടിവരില്ല എന്നതിനാല്‍ ഭക്ഷ്യസബ്‌സിഡി വര്‍ദ്ധിപ്പിക്കാതെ തുറന്ന പൊതുവിപണിയില്‍ വിലനിലവാരം പിടിച്ച് നിര്‍ത്താനാവുമെന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. ഇത് ശരിയല്ല. CACP ശുപാര്‍ശപ്രകാരമുള്ള സംഭരണവില നല്‍കിയാല്‍ ഇറക്കുമതി ഇല്ലെങ്കില്‍ക്കൂടി പൊതുവിപണിയില്‍ വില വര്‍ദ്ധിയ്ക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ വില നിയന്ത്രിയ്ക്കുന്നതിന് ഭക്ഷ്യസബ്‌സിഡിയ്ക്ക് കൂടുതല്‍ തുക വകയിരുത്തേണ്ടത് ആവശ്യമായിരുന്നു. അത് ചെയ്യാത്തത് കാരണം വിലക്കയറ്റംമൂലം പാവപ്പെട്ടവര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഈ ബജറ്റ് ശ്രദ്ധകാണിക്കുന്നില്ല എന്ന് വിലയിരുത്തേണ്ടിവരുന്നു.അമേരിക്കന്‍ കമ്പോളവുമായുള്ള രൂപയുടെ മൂല്യവര്‍ദ്ധന ഭക്ഷ്യധാന്യങ്ങളുടെ വില കുറയുന്നതില്‍ പങ്കുവഹിക്കാനിടയില്ല. കാരണം ഈ വര്‍ഷം ഇറക്കുമതി വേണ്ടിവരില്ല എന്നതുതന്നെ. ആഭ്യന്തര ഭക്ഷ്യധാന്യ വിതരണ വിലയുടെ അടിസ്ഥാനത്തിലായിരിയ്ക്കും വിലനിലവാരം നിശ്ചയിക്കപ്പെടുക. അതേസമയം രൂപയുടെ മൂല്യവര്‍ദ്ധന കാര്‍ഷികേതര മേഖലകളില്‍ തൊഴില്‍ നഷ്ടവും കൂലിക്കുറവും സൃഷ്ടിക്കുകയും ചെയ്യും. ഡോളറിന്റെ മൂല്യത്തകര്‍ച്ച തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും.

ഇത്തരം വിഷയങ്ങളെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. പണപ്പെരുപ്പത്തിന്റെ കെടുതികളില്‍ നിന്ന് ദരിദ്രരെയും പണിയെടുക്കുന്നവരെയും സംരക്ഷിക്കാനോ തൊഴിലില്ലായ്‌മ കുറയ്ക്കാനോ ഉള്ള നടപടികളൊന്നും ബജറ്റില്‍ കാണുന്നില്ല. നികുതി വരുമാനം 17.5 ശതമാനം വര്‍ദ്ധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുമ്പോഴും റവന്യൂ ചെലവുകള്‍ 12.2 ശതമാനവും മൂലധന ചെലവുകള്‍ 8.8 ശതമാനവും മാത്രമേ വര്‍ദ്ധിക്കുന്നുള്ളൂ. ചെലവുകള്‍ പൊതുവെ വെട്ടിച്ചുരുക്കിയിരിയ്ക്കുന്നു. Fiscal Responsibility and Budget Management (FRBM) ആക്ട് ലക്ഷ്യം വച്ചിട്ടുള്ള 3 ശതമാനം ധനകമ്മിയിലും കുറഞ്ഞ 2.5 ശതമാനത്തില്‍ കമ്മി നിര്‍ത്താനുള്ള ശ്രമത്തിലാകാം അദ്ദേഹം ചിലവുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഒരു വികസനോന്മുഖവും സാമൂഹ്യക്ഷേമകരവുമായ ബജറ്റാകണമെന്ന് ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് നികുതി വരുമാനം വര്‍ദ്ധിപ്പിച്ചോ കൂടുതല്‍ കടം വാങ്ങിയോ, കൂടുതല്‍ ചെലവാക്കാമായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റായിട്ടുകൂടി ധനകാര്യ യാഥാസ്ഥിതികത്വത്തില്‍ നിന്ന് യു.പി.എ ഗവണ്‍മെന്റിന് മോചനം നേടാന്‍ കഴിയുന്നില്ല എന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്.

-പ്രൊഫസര്‍ പ്രഭാത് പട്നായ്‌ക്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്ര ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനം കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നത് സംബന്ധിച്ചുള്ളതായിരുന്നല്ലോ. എന്നാല്‍ വിരോധാഭാസമെന്ന് തോന്നാം. അതിനുള്ള തുക ബജറ്റ് രേഖകളില്‍ വകയിരുത്തിയിട്ടില്ല. രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകരുടെ 2007 മാര്‍ച്ച് 31 ന് മുന്‍പ് എടുത്തിട്ടുള്ളതും 2007 ഡിസംബര്‍ 31 ന് മുന്‍പ് തിരിച്ചടയ്ക്കേണ്ടതും 2008 ഫെബ്രുവരി 29 വരെ തിരിച്ചടച്ചിട്ടില്ലാത്തതുമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും ഈ കാലഘട്ടത്തിലെ മറ്റുകാര്‍ഷിക കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് കര്‍ഷകര്‍ക്ക് നല്‍കുന്ന 25% സൌജന്യവും ചേര്‍ത്ത് 60000 കോടി രൂപയാണ് വേണ്ടിവരുക.

എന്തുകൊണ്ട് ഈ തുക ബജറ്റില്‍ വകകൊള്ളിച്ചിട്ടില്ല എന്നത് ഒറ്റനോട്ടത്തില്‍ വിചിത്രമായി തോന്നും. എന്നാല്‍ അതിന്റെ കാരണം ലളിതമാണ്. ഇതിന് ബജറ്റില്‍ തുക കൊള്ളിയ്ക്കേണ്ടതില്ല. ബാങ്കുകളിലെ കാര്‍ഷിക കടങ്ങള്‍ക്കായുള്ള ഗവണ്‍മെന്റ് 1.04 (Bond) പകരംവയ്ക്കേണ്ടതു മാത്രമേയുള്ളൂ. ഇത് വെറും ബുക്ക് ഇടപാടുമാത്രമാണ്. 1.04 കാലാവധി കഴിയുമ്പോഴുള്ള പലിശയുടെ കാര്യത്തില്‍ മാത്രമേ യഥാര്‍ത്ഥ ധനകൈമാറ്റം ആവശ്യമായി വരുന്നുള്ളൂ.

പ്രൊഫസന്‍ പ്രഭാത് പട്നായ്ക് എഴുതിയ ബജറ്റ് അവലോകനം.