Friday, April 4, 2008

ധനപരമായ കാപട്യം

1997 ജൂലായ് 2-ന് തായ്‌ലാന്റില്‍ തുടക്കം കുറിച്ചതും തുടര്‍ന്ന് ഒക്ടോബറില്‍ ഇന്‍ഡോനേഷ്യയിലേക്കും ഡിസംബറില്‍ കൊറിയയിലേക്കും വ്യാപിച്ചതുമായ പൂര്‍വേഷ്യന്‍ പ്രതിസന്ധിയുടെ പത്താം വാര്‍ഷികമായിരുന്നു 2007. ക്രമേണ അത് ആഗോള ധനപ്രതിസന്ധിയായി മാറി; റഷ്യയെയും ബ്രസീലിനെപ്പോലുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയും അത് കുഴപ്പത്തിലാക്കി. 2001-ല്‍ അര്‍ജന്റീന അതിന്റെ പ്രധാന ഇരകളില്‍ ഒന്നായിമാറി.

ഇപ്പോഴത്തെ വായ്പാ പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാന്‍, സാധാരണഗതിയില്‍ പുറത്തേക്ക് പരക്കാന്‍ ഇടയുള്ള പ്രശ്നങ്ങളെ തടഞ്ഞുനിര്‍ത്താന്‍ വാള്‍സ്ട്രീറ്റിന് പണം ലഭ്യമാക്കുന്നതിനെ അനുകൂലിക്കുന്നവരെക്കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ അത്ഭുതപ്പെടുന്നത്. ഇത് അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠമോ കാപട്യമോ? വെറും കാപട്യമാണെന്നാണ് എനിക്കുതോന്നുന്നത്.

കരകയറ്റം ഏറെ ദുഷ്ക്കരം

പൂര്‍വേഷ്യന്‍ പ്രതിസന്ധിക്ക് കാരണമായ അന്താരാഷ്ട്ര മൂലധനപ്രവാഹവുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്തവ ഉള്‍പ്പെടെ നിരപരാധികളായ നിരവധി രാജ്യങ്ങള്‍ ഈ പ്രതിസന്ധിയുടെ ഇരകളാക്കപ്പെടുകയുണ്ടായി. ഓരോ പ്രതിസന്ധിയും കുറേയേറെ കാലത്തിനുശേഷം അവസാനിക്കുമെങ്കിലും എല്ലാം കഴിയുമ്പോള്‍ പ്രതിസന്ധിക്ക് എത്രമാത്രം ആഴവും പരപ്പും ഉണ്ടാകുമെന്നോ സാമ്പത്തികമാന്ദ്യവും തകര്‍ച്ചയും എത്രകാലം നീണ്ടുനില്‍ക്കുമെന്നോ ആര്‍ക്കും അറിയാനാവില്ല. 1930 കളിലെ മഹാമാന്ദ്യത്തിനു ശേഷമുണ്ടായ ഏറ്റവും മോശമായ ആഗോള പ്രതിസന്ധിയായിരുന്നു അത്.

ലോകബാങ്കിന്റെ മുഖ്യസാമ്പത്തിക വിദഗ്ദ്ധനും സീനിയര്‍ വൈസ്പ്രസിഡന്റുമെന്ന നിലയില്‍ ഞാനും ആ പ്രളയാഗ്നിയുടെയും അതിന്റെ കാരണങ്ങളെയും അനുയോജ്യമായ പരിഹാരനിര്‍ദ്ദേശങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയുടെയും ഇടക്ക് അകപ്പെട്ടിരുന്നു. മലേഷ്യയും ലാവോസും തായ്‌ലാന്റും ഇന്‍ഡോനേഷ്യയും ഉള്‍പ്പെടെ അന്ന് ആ പ്രതിസന്ധി ബാധിച്ച രാജ്യങ്ങളിലെല്ലാം ഈ ഗ്രീഷ്മകാലത്ത് ഞാന്‍ വീണ്ടും സന്ദര്‍ശനം നടത്തി. ഈ രാജ്യങ്ങളെല്ലാം ഇപ്പോള്‍ അഞ്ചോ ആറോ അതിലേറെയോ ശതമാനം നിരക്കില്‍ വളരുന്നുണ്ട് - പൂര്‍വേഷ്യന്‍ അത്ഭുതത്തിന്റെ ദിനങ്ങളില്‍ ഉണ്ടായ അത്രയും വേഗതയിലല്ലെന്നു മാത്രം. എങ്കിലും പ്രതിസന്ധിക്കുശേഷം പലരും കണക്കാക്കിയിരുന്നതിനേക്കാള്‍ വര്‍ദ്ധിച്ച വേഗതയിലാണ് ഈ വളര്‍ച്ച. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തി; പക്ഷെ അവയെല്ലാം ഐഎംഎഫിന്റെ പരിഷ്ക്കരണ നിര്‍ദ്ദേശങ്ങളില്‍ നിന്നും ശ്രദ്ധേയമാംവിധം വ്യത്യസ്തമായ ദിശയിലുള്ള മാറ്റങ്ങളായിരുന്നു.

ഈ പ്രതിസന്ധിമൂലം ഏറ്റവും അധികം കെടുതി അനുഭവിച്ചത് പാവപ്പെട്ടവരായിരുന്നു; കൂലി വെട്ടിക്കുറയ്ക്കപ്പെട്ടു. തൊഴില്‍ ഇല്ലാതായി. ധനികരും ദരിദ്രരും തമ്മിലും നാട്ടിന്‍പുറങ്ങളും പട്ടണങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന അന്തരം ഇല്ലാക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പല രാജ്യങ്ങളും "പൊരുത്തപ്പെടുത്തലി''ന് (harmony) പുതുതായി ഊന്നല്‍ നല്‍കാന്‍ തുടങ്ങി. അവര്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാന്‍ തുടങ്ങി; ആരോഗ്യപരിരക്ഷയ്ക്കും മറ്റും പുതുതായി വലിയ മുന്‍ഗണന നല്‍കാന്‍ തുടങ്ങി; തങ്ങളുടെ പൌരന്മാര്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കി; പ്രാദേശിക ജനവിഭാഗങ്ങളുടെ വികസനത്തെ സഹായിക്കാന്‍ വേണ്ട സാമൂഹിക സമ്പത്ത് സ്വരൂപിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ സാമൂഹിക വീക്ഷണങ്ങളെ ആകെ അവഗണിക്കുന്നതാണ് ഐഎംഎഫ് നയങ്ങള്‍. തായ്‌ലാന്റില്‍ ആരോഗ്യബജറ്റില്‍ വെട്ടിക്കുറവു വരുത്താനുള്ള ഐഎംഎഫ് നിര്‍ദ്ദേശം നടപ്പാക്കിയത് എയ്‌ഡ്‌സ് വീണ്ടും വ്യാപകമാകാന്‍ ഇടവരുത്തി; അതില്‍ വലിയമാറ്റം വരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. രാജ്യങ്ങള്‍ക്കുമേല്‍ ഐഎംഎഫ് അടിച്ചേല്പിക്കുന്ന, കടംകൊടുക്കുന്നവര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ക്കെതിരായ ചെറുത്തുനില്പ് ശക്തമായി.

പഠിച്ചതോ അവഗണിച്ചതോ ആയ പാഠങ്ങള്‍

ഒരു പതിറ്റാണ്ടിനുശേഷം ആ പ്രതിസന്ധിയിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍, ഐഎംഎഫിന്റെ ചികിത്സാനിര്‍ണ്ണയവും രോഗകാരണംകണ്ടെത്തലുമെല്ലാം എത്രമാത്രം അബദ്ധമായിരുന്നുവെന്ന് ഇപ്പോള്‍ നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. ഉദാഹരണത്തിന് കൊറിയയുടെ പ്രശ്നങ്ങള്‍ അവര്‍ നിര്‍ദ്ദേശിച്ചതുപോലെ അത്ര രൂക്ഷവും അടിസ്ഥാനപരവുമൊന്നും ആയിരുന്നില്ലല്ലോ; ദ്രുതഗതിയിലുള്ള തിരിച്ചുവരവിനും കൊറിയയ്ക്കു കഴിഞ്ഞില്ല. . മലേഷ്യ മൂലധനപ്രവാഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി; തല്‍ഫലമായി ആ രാജ്യത്തെ ബാധിച്ച തകര്‍ച്ച അല്പകാലം കൊണ്ടവസാനിച്ചു എന്നുമാത്രമല്ല. അത് അധികം ആഴമേറിയതുമായിരുന്നില്ല. അതില്‍ നിന്ന് ആ രാജ്യം കരകയറിയപ്പോള്‍, അതിന്റെ കടബാധ്യത താരതമ്യേന കുറവും ആയിരുന്നു. എന്നിട്ടും ഇന്ത്യ ഇതില്‍ നിന്നുള്ള പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. അകാലികമായി നടപ്പാക്കിയ മൂലധന കമ്പോള ഉദാരവല്‍ക്കരണമായിരുന്നു അന്നത്തെ അടിസ്ഥാനപരമായ പ്രശ്നം. എന്നിട്ടും ഇന്ത്യയില്‍ മൂലധന കമ്പോളം ഉദാരവല്‍ക്കരിക്കുന്നതിന് അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി ഇപ്പോഴും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നത് വിരോധാഭാസമാണ്. 1997ലെ പ്രതിസന്ധി വലുതായിട്ട് ബാധിക്കാതിരുന്ന വികസ്വര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മറ്റൊന്ന് ചൈനയാണ്.

തങ്ങളുടെ മൂലധനകമ്പോളം പൂര്‍ണ്ണമായും ഉദാരവല്‍ക്കരിക്കാത്ത രാജ്യങ്ങള്‍ മാത്രമാണ് പ്രതിസന്ധിയില്‍ പിടിച്ചുനിന്നത് എന്ന കാര്യം യാദൃശ്ചികമേയല്ല. തുടര്‍ന്ന് ഐഎംഎഫ് നടത്തിയ ഗവേഷണം, ഗൌരവപൂര്‍വം നടന്ന മറ്റു നിരവധി പഠനങ്ങളിലെ കണ്ടെത്തലുകള്‍ ശരിവയ്ക്കുകയാണുണ്ടയാത്. മൂലധന കമ്പോളം ഉദാരവല്‍ക്കരിക്കുന്നത് അസ്ഥിരത ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ വളര്‍ച്ച കൈവരിക്കാനാകും എന്ന് ഉറപ്പില്ല താനും (മൂലധന കമ്പോളം ഉദാരവല്‍ക്കരിക്കാത്ത ഇന്ത്യയും ചൈനയുമാണ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് ഘടനകള്‍).

നിശ്ചയമായും, മൂലധന കമ്പോള ഉദാരവല്‍ക്കരണത്തിന്റെ നേട്ടം കൊയ്യുന്നത് വാള്‍സ്ട്രീറ്റായിരിക്കും (അവരുടെ താല്പര്യങ്ങളാണ് അമേരിക്കന്‍ ധനവകുപ്പ് - ട്രഷറി - പ്രതിനിധാനം ചെയ്യുന്നത്); അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള മൂലധനത്തിന്റെ പ്രവാഹത്തില്‍ നിന്ന് പണമുണ്ടാക്കുന്നത് അവരാണ്; അതേപോലെതന്നെ മൂലധന കമ്പോള ഉദാരവല്‍ക്കരണം മൂലമുണ്ടാകുന്ന തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ നടത്തുന്ന പുനഃസംഘടനയുടെ നേട്ടം കൊയ്യുന്നതും വാള്‍സ്ട്രീറ്റായിരിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി കൊറിയക്കാര്‍ തങ്ങളുടെ സമ്പദ്ഘടന നേരെചൊവ്വെ നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഉയര്‍ന്ന വളര്‍ച്ചാനിരക്കോടെ, ചാഞ്ചാട്ടങ്ങളില്ലാതെ, അമേരിക്കന്‍ ധനകമ്പോളത്തില്‍ കൃത്യമായ ഇടവേളകളില്‍ സംഭവിക്കുന്ന വ്യവസ്ഥാസഹജമായ തകരാറുകള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു അവിടത്തെ സമ്പദ്ഘടന. എന്നാല്‍ ദക്ഷിണ കൊറിയയിലെ ബാങ്കുകള്‍ അമേരിക്കന്‍ നിക്ഷേപകര്‍ക്ക് വില്പന നടത്താന്‍ ഐഎംഎഫ് നിര്‍ബന്ധിച്ചു.

അമേരിക്കന്‍ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ വാങ്ങുകയും കൊറിയയുടെ വീണ്ടെടുപ്പുവരെ അവയെ നിലനിര്‍ത്തുകയും പിന്നീട് വില്‍ക്കുകയും ചെയ്തു; മൂലധനനിക്ഷേപത്തിന്റ ലാഭമായി ശതകോടിക്കണക്കിന് ഡോളര്‍ കുറഞ്ഞകാലത്തിനകം അവര്‍ കൊയ്തെടുക്കുകയും ചെയ്തു. ബാങ്കുകളാകെ പാശ്ചാത്യര്‍ വാങ്ങുന്ന തിരക്കില്‍ ഐഎംഎഫ് ഒരു വിശദാംശം വിട്ടുപോയി. നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് ആ ലാഭത്തിന്റെ ചെറിയൊരു വിഹിതമെങ്കിലും ദക്ഷിണ കൊറിയക്ക് കിട്ടും എന്ന് ഉറപ്പുവരുത്തുന്ന കാര്യത്തിലാണ് ഇങ്ങനെ വീഴ്ചവരുത്തിയത്. വളര്‍ന്നുവരുന്ന കമ്പോളങ്ങളിലെ ബാങ്കിങ്ങില്‍ അമേരിക്കന്‍ നിക്ഷേപകര്‍ പ്രത്യേകം വൈദഗ്ദ്ധ്യം നേടിയവരാണോ എന്ന കാര്യം ഇനിയും ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണ്; എന്നാല്‍ നികുതി വെട്ടിപ്പിന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യമുണ്ടെന്ന കാര്യത്തില്‍ സംശയമേ വേണ്ട.

കാപട്യമോ സബ്പ്രൈം പ്രതിസന്ധിയില്‍ നിന്നുള്ള പാഠം പഠിക്കലോ?

പൂര്‍വേഷ്യയ്ക്ക് ഐഎംഎഫും അമേരിക്കന്‍ ധനവകുപ്പും നല്‍കിയ ഉപദേശവും ഇപ്പോഴത്തെ സബ്പ്രൈം തകര്‍ച്ചയുടെ സമയത്ത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. പൂര്‍വേഷ്യന്‍ രാജ്യങ്ങളോട് അവരുടെ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി - 25 ശതമാനവും 40 ശതമാനവും അതിലധികവും വരെ വര്‍ദ്ധനവ് വരുത്തി; തന്മൂലം ബാങ്കുകള്‍ക്ക് വലിയതോതില്‍ വായ്പാകുടിശ്ശിക വരുന്നതിന് ഇടയായി. ഇപ്പോഴത്തെ പ്രതിസന്ധിയിലാകട്ടെ, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ബാങ്കും പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഉയര്‍ന്ന പലിശനിരക്ക് തകര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തും എന്ന് അവര്‍ ഭയക്കുന്നു.

പൂര്‍വേഷ്യന്‍ പ്രതിസന്ധി ബാധിച്ച രാജ്യങ്ങളോട് കൂടുതല്‍ സുതാര്യതയും മികച്ച നിയന്ത്രണങ്ങളും ആവശ്യമാണെന്ന് ഉപദേശിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ഗ്രീഷ്മകാലത്തെ വായ്പാപ്രതിസന്ധിയില്‍ മുഖ്യപങ്കുവഹിച്ചത് സുതാര്യത ഇല്ലായ്മയാണ് - പാഷാണമയമായ (toxic) ഈടുകളെല്ലാം തുണ്ടുതുണ്ടാക്കപ്പെട്ടു. അവയുടെ ബാധ്യത ലോകമാകെ വ്യാപിപ്പിച്ചു; കുഴപ്പമില്ലാത്ത മറ്റു ചില ഈടുകളുമായി ഈ വിഷവും ഇടകലര്‍ത്തി collateral എന്ന പേരില്‍ ഒളിച്ചുവെയ്ക്കുകയും ചെയ്തു. അതിന്റെ ഫലമായി ആരെല്ലാം എന്തെല്ലാം കൈയടക്കി വച്ചിട്ടുണ്ടെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കി. എന്നിട്ടും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ള മുറവിളി ഉയരുകയാണ്; അത് ധനകമ്പോളങ്ങളെ കുഴപ്പത്തിലാക്കുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഒടുവിലായി, ആ നടപടിയുടെ ധാര്‍മ്മികമായ അപകടങ്ങളെ സംബന്ധിച്ച എല്ലാ മുന്നറിയിപ്പുകളും ഉണ്ടായിട്ടും പാശ്ചാത്യ ബാങ്കുകളുടെ തിരിച്ചുകിട്ടാനിടയില്ലാത്ത നിക്ഷേപങ്ങള്‍ (bad investments) രക്ഷിച്ചു കൊടുക്കുകയുമുണ്ടായിട്ടുണ്ട്.

ഇപ്പോഴത്തെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിക്കുന്ന വ്യത്യസ്ത സമീപനം - ഈ ഇരട്ടത്താപ്പ് - പത്ത് വര്‍ഷത്തിനുമുമ്പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അനുഭവത്തില്‍ നിന്നു പഠിച്ചതിന്റെ ഫലമാണോ? ഇതെല്ലാം കണ്ടുപിടിക്കുന്നതായി കണക്കാക്കാമോ?

1997 ലെ പ്രതിസന്ധിയെ തുടര്‍ന്ന്, ആഗോളധനസംവിധാനത്തില്‍ മൌലികമായ പരിഷ്ക്കരണം ആവശ്യമാണെന്ന് പൊതു അഭിപ്രായ സമവായം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സംവിധാനം തികച്ചും അനാവശ്യമായ അസ്ഥിരതയ്ക്കിടയാക്കുകയും വികസ്വര രാജ്യങ്ങളില്‍ നിന്ന് വലിയവില ഈടാക്കുകയും ചെയ്യുമെന്ന സ്ഥിതിവിശേഷം ഉണ്ടെങ്കിലും അത് പലരുടെയും ലാഭതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന ഒന്നാണ്. അതുകൊണ്ടാണ് പത്ത് വര്‍ഷത്തിനുശേഷവും അടിസ്ഥാനപരമായ പരിഷ്കരണങ്ങളൊന്നും നടപ്പാക്കാതിരുന്നത് എന്നതിലോ ലോകം വീണ്ടും ഒരിക്കല്‍ക്കൂടി ആഗോളധന അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ എത്തി എന്നതിലോ ലോകസമ്പദ്‌വ്യവസ്ഥയ്ക്ക് എന്തു സംഭവിക്കും എന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നതിലോ ഒട്ടും ആശ്ചര്യപ്പെടേണ്ട കാര്യമില്ല.

*

ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ് എഴുതിയ Financial Hyprocrisy എന്ന ലേഖനത്തിന്റെ പരിഭാഷ. ഇതിന്റെ ഒരു ആംഗലേയ രൂപം ഇവിടെ

സ്റ്റിഗ്ലിറ്റ്സിന്റെ ലേഖനങ്ങളും ഓപ്പണ്‍ എഡിറ്റോറിയലുകളും ഇവിടെ

Joseph Eugene "Joe" Stiglitz (born February 9, 1943) is an American economist and a member of the Columbia University faculty. He is a recipient of the John Bates Clark Medal (1979) and the The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel (2001). Former Senior Vice President and Chief Economist of the World Bank, he is known for his critical view of globalization, free-market economists (whom he calls "free market fundamentalists") and some international institutions like the International Monetary Fund and the World Bank.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പൂര്‍വേഷ്യയ്ക്ക് ഐഎംഎഫും അമേരിക്കന്‍ ധനവകുപ്പും നല്‍കിയ ഉപദേശവും ഇപ്പോഴത്തെ സബ്പ്രൈം തകര്‍ച്ചയുടെ സമയത്ത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. പൂര്‍വേഷ്യന്‍ രാജ്യങ്ങളോട് അവരുടെ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി - 25 ശതമാനവും 40 ശതമാനവും അതിലധികവും വരെ വര്‍ദ്ധനവ് വരുത്തി; തന്മൂലം ബാങ്കുകള്‍ക്ക് വലിയതോതില്‍ വായ്പാകുടിശ്ശിക വരുന്നതിന് ഇടയായി. ഇപ്പോഴത്തെ പ്രതിസന്ധിയിലാകട്ടെ, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ബാങ്കും പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഉയര്‍ന്ന പലിശനിരക്ക് തകര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തും എന്ന് അവര്‍ ഭയക്കുന്നു.പൂര്‍വേഷ്യന്‍ പ്രതിസന്ധി ബാധിച്ച രാജ്യങ്ങളോട് കൂടുതല്‍ സുതാര്യതയും മികച്ച നിയന്ത്രണങ്ങളും ആവശ്യമാണെന്ന് ഉപദേശിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ഗ്രീഷ്മകാലത്തെ വായ്പാപ്രതിസന്ധിയില്‍ മുഖ്യപങ്കുവഹിച്ചത് സുതാര്യത ഇല്ലായ്മയാണ്.

*ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ് എഴുതിയ Financial Hyprocrisy എന്ന ലേഖനത്തിന്റെ പരിഭാഷ.

Unknown said...

എന്നാണ് ഈ സാമ്പത്തിക പ്രതിസന്ധി ഒന്നു തീര്‍ന്നു കിട്ടുക