‘ജൈവ ഇന്ധന’ത്തിന്റെ കൂടിവരുന്ന ഉല്പാദനവും ഉപയോഗവും നാനാതരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ജൈവ ഇന്ധനം (Bio fuels) മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ ഒരു കുറ്റകൃത്യം (Crime against humanity) ആണന്നാണ് യു.എന്‍. ഭക്ഷ്യവകുപ്പിലെ റാപ്പോര്‍ട്ടിയറായ ജീന്‍ സീഗ്ളര്‍ പറയുന്നത്.
ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമായി ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ ഇവയാണ്. ജൈവ ഇന്ധനത്തില്‍ നിന്നും അതുല്പാദിപ്പിക്കാന് ആവശ്യകമായി വരുന്ന ഊര്‍ജ്ജത്തിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുമോ? മെയ്സും, ചോളവും, കരിമ്പും മറ്റും ജൈവ ഇന്ധനം ഉല്പാദിപ്പിക്കുന്നതിനായി മാറ്റുമ്പോള്‍ അത് ഭക്ഷ്യലഭ്യതയേയും, ഭക്ഷ്യവസ്തുക്കളുടെ വിലയേയും എങ്ങനെ ബാധിക്കും? പരമ്പരാഗത ഊര്‍ജ്ജ ഉല്പാദന വസ്തുക്കളായ പെട്രോളിനും, ഡീസലിനും, കല്‍ക്കരിക്കും പകരം അത്രയധികം അളവില്‍ ജൈവഇന്ധനം ഉല്പാദിപ്പിക്കാന് ആവശ്യമായ കൃഷി നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഭൂമിയില്‍ ജലം ലഭ്യമാണോ? ജൈവ ഇന്ധനത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഹരിതക വാതകത്തിന്റെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് കൂടുതലാായിരിക്കുമോ കുറവായിരിക്കുമോ? അത് പരിസ്ഥിതിയെ എങ്ങനെ ബാധിക്കും? ജൈവ ഇന്ധന ഉല്പാദനം ദരിദ്ര ജനവിഭാഗങ്ങളേയും, തദ്ദേശ വാസികളേയും (Indigenous people) എങ്ങനെ ബാധിക്കും? ജൈവ ഇന്ധനം സാമ്പത്തികമായി ലാഭകരമാണോ? ജൈവ ഇന്ധന ഉല്പാദനം മണ്ണിന്റെ വളക്കൂറിനേയും, വനസമ്പത്തിനേയും പ്രകൃതിയേയും എങ്ങനെ ബാധിക്കും?
മേല്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് വളരെ വിശദമായ ഉത്തരങ്ങള്‍ നല്കാന് ഈയൊരു കുറിപ്പിലൂടെ കഴിയില്ല. എന്നാല്‍ ചില സൂചനകള്‍ നല്കാന് സാധിക്കും. അതിനു മുന്‍പായി നമുക്ക് ‘ജൈവ ഇന്ധനം’ എന്നാല്‍ എന്താണ് എന്നു നോക്കാം.
ജൈവ വസ്തുക്കളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തെയാണ് ജൈവ ഇന്ധനം എന്നു വിളിക്കുന്നത്. ഇതിനുപയോഗിക്കുന്ന ജൈവ വസ്തുക്കള്‍ കച്ചി, മരം, മരത്തിന്റെ അവശിഷ്ടങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി ഗോതമ്പ്, മെയ്സ് ചോളം, കരിമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഒക്കെയാവാം. പഞ്ചസാരയും (sugar) അന്നജവും (starch) കൂടിയ അളവില്‍ അടങ്ങിയ വസ്തുക്കളാണ് ഇന്ധനം ഉല്പാദിപ്പിക്കാന് കൂടുതല്‍ ഉപയുക്തം. ഇപ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രധാന ഘടകം എഥനോള്‍ (Ethanol) ആണ്.
ഇനി നമുക്ക് ജൈവ ഇന്ധനത്തില്‍ നിന്നും അതുല്പാദിപ്പിക്കാന് ആവശ്യമായി വരുന്ന ഊര്ജ്ജത്തിത്തിനേക്കള് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുമോ എന്നു പരിശോധിക്കാം. എന്തു തരം ഊര്‍ജ്ജം ആണെങ്കിലും അതുല്പാദിപ്പിക്കാന് ഊര്‍ജ്ജം ആവശ്യമാണ്. നല്ലതരം ഇന്ധനം അതുല്പാദിപ്പിക്കാന് ആവശ്യകമായതിലും കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യും. ഒരു ഇന്ധനത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവില്‍ നിന്നും അതുല്പാദിപ്പിക്കാന് ആവശ്യകമായി വരുന്ന ഊര്‍ജ്ജത്തെ കുറച്ചാല്‍ കിട്ടുന്നതാണ് ‘മിച്ച ഊര്‍ജ്ജം’ എന്നു പറയാം. പെട്രോളിന്റെയും ഡീസലിന്റെയും ഇപ്പോഴത്തെ മിച്ച ഊര്‍ജ്ജ അനുപാതം ഏകദേശം 20:1 ആണ്. മിച്ച ഊര്‍ജ്ജ അനുപാതം 10:1ല്‍ കൂടുതലായിരുന്നാലെ അത് ഒരു നല്ല ഇന്ധനമാണന്നു പറയാന്‍ കഴിയൂ എന്നാണ് ഊര്‍ജ്ജരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ജൈവ ഇന്ധനത്തിന്റെ പ്രത്യേകിച്ച് എഥനോളിന്റെ മിച്ച ഊര്‍ജ്ജ അനുപാതം നെഗറ്റീവാണന്നാണ് പല വിദഗ്ദ്ധരുടേയും അഭിപ്രായം. ജൈവഊര്ജ്ജത്തിന് അനുകൂലമായി വാദിക്കുന്നവര്‍തന്നെ പറയുന്നത് കൂടിയാല്‍ അത് 4:1 എന്നാണ്. അതായത് ജൈവ ഇന്ധനം ഒരുതരത്തിലും നല്ല ഒരു ഊര്ജ്ജോല്പാദക വസ്തുവല്ല . ഇപ്പോള്‍ അമേരിക്കയില്‍ മൊത്തം ധാന്യ ഉല്പാദനത്തിന്റെ 18% ഉപയോഗിച്ച് 4.5 ബില്യന്‍ ഗ്യാലന് എഥനോള്‍ ഉല്പാദിപ്പിക്കുന്നുണ്ട് എന്നാണ് ഒരു കണക്ക്. ഇത് ഏകദേശം ഇപ്പോഴത്തെ പെട്രോള്‍ തുടങ്ങി ഇന്ന് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 3% മാത്രമേ ആകുന്നുള്ളു. എന്നു വച്ചാല്‍ അമേരിക്ക ഉല്പാദിപ്പിക്കുന്ന മൊത്തം ധാന്യവും എഥനോള്‍ ഉല്പാദിപ്പിക്കാന് ഉപയോഗിച്ചാലും അത് ഇപ്പോഴത്തെ ഇന്ധന ഉപയോഗത്തിന്റെ 16% മാത്രമേ ഉപകരിക്കൂ എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അപ്പോള്‍ മനുഷ്യനും, കന്നുകാലികള്‍ക്കും, കയറ്റുമതിക്കും ഒന്നും തന്നെ ധാന്യം ബാക്കിയുണ്ടാവില്ല.
അടുത്ത പ്രശ്നം ജൈവ ഇന്ധനം ഭക്ഷ്യലഭ്യതയേയും ഭക്ഷ്യവസ്തുക്കളുടെ വിലയേയും എങ്ങനെ ബാധിക്കും എന്നതാണ്. സ്വതന്ത്രകമ്പോളത്തിന്റേയും വ്യാപാരത്തിന്റേയും വക്താക്കളായ ഐ.എം.എഫ്. തന്നെ പറയുന്നത് ഭക്ഷ്യവസ്തുക്കള്‍ ഇന്ധന ഉല്പാദനത്തിനായി ഉപയോഗിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയരാനും അതിന്റെ ലഭ്യത കുറയാനും കാരണമാകും എന്നാണ്. ഇപ്പോള്‍ ത്തന്നെ എഫ്.എ.ഒ യുടെ (F.A.O) കണക്കു പ്രകാരം കഴിഞ്ഞ 25 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ ഭക്ഷ്യശേഖരമാണ് ലോകത്തുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അരിയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20ശതമാനം ഉയര്‍ന്നു. മെയ്സിന്റേത് 50 ശതമാനവും ഗോതമ്പിന്റേത് 100 ശതമാനവും ഉയര്‍ന്നു. ഇത് ജൈവ ഇന്ധന ഉല്പാദനം കൊണ്ടു മാത്രമല്ല. എന്നാല്‍ അതൊരു പ്രധാന ഘടകം തന്നെയാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഏറ്റവും കുറഞ്ഞിരുന്ന അവസ്ഥയില്‍പ്പോലും ലോകത്തെ മൂന്നിലൊന്നോളം ജനങ്ങള്‍ (200 കോടി ജനങ്ങള്‍) പോഷകാഹാരക്കുറവും പട്ടിണിയും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ചെറിയ വില വര്‍ദ്ധനവുപോലും ദരിദ്രജനങ്ങളെ പെട്ടെന്നു ബാധിക്കും. മൂന്നാം ലോക രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാവുന്ന ജനസംഖ്യാ വര്‍ദ്ധനവും കൂടി കണക്കിലെടുക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകും. ഈയവസ്ഥയില്‍ കൂടുതല്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഇന്ധന ഉപയോഗത്തിനായി മാറ്റിയാല്‍ ഭക്ഷ്യ ദാരിദ്ര്യം കൂടുതല്‍ കൂടുതല്‍ രൂക്ഷമാകും.
ജൈവ ഇന്ധന ഉല്പാദനത്തിന് ആവശ്യമായ കൃഷി നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഭൂമിയില്‍ ജലം ലഭ്യമാണോ എന്നതാണ് മറ്റൊരു ചോദ്യം. ജലദൌര്‍ലഭ്യം ഭൂമിയില്‍ വലിയ സംഘര്ഷങ്ങള്ക്കുതന്നെ കാരണമാകാം എന്നാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അഭിപ്രായം. ഭൂമിയിലെ ജലാശയങ്ങളും, ജലസ്രോതസുകളും സംരക്ഷിക്കേണ്ടത് മനുഷ്യകുലത്തിന്റെ നിലനില്പിനു വളരെ അത്യന്താപേക്ഷിതമാണ്. ലോക ജലഉപഭോഗത്തിന്റെ മൂന്നില്‍ രണ്ടും കൃഷിക്കുവേണ്ടിയാണ്. ജൈവ ഇന്ധനമായ എഥനോളിന്റെ ഉല്പാദനത്തിന് ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യങ്ങളുടെ കൃഷിക്ക് വളരെയധികം ജലം ആവശ്യമാണ്. ഒരു ഗ്യാലന് എഥനോള്‍ ഉല്പാദിപ്പിക്കാന് 1700 ഗ്യാലന് ശുദ്ധജലം ആവശ്യമാണ്. (കൃഷിക്കും, ധാന്യം ഫെര്‍മെന്റ് ചെയ്യാനും, വാറ്റി എഥനോള്‍ ഉല്പാദിപ്പിക്കാനും മൊത്തം ആവശ്യമായ ജലം) ഓരോ ഗ്യാലന് എഥനോള്‍ ഉല്പാദിപ്പിക്കുമ്പോഴും 10 ഗ്യാലന് മലിനജലം ഉല്പാദിപ്പിക്കപ്പെടും. ഇത് കൈകാര്യം ചെയ്യുന്നത് മറ്റൊരു വലിയൊരു പ്രശ്നമായിരിക്കുകയാണ്. ഇന്ധന ഉല്പാദനത്തിനാവശ്യമായ ധാന്യകൃഷിക്ക് ധാരാളം രാസവളവും, കീടനാശിനികളും, കളനാശിനികളും ഉപയോഗിക്കപ്പെടും ഇവ ജലസ്രോതസുകളെയാകെ മലീമസമാക്കും. ധാന്യകൃഷി മറ്റേതൊരു കൃഷിയേക്കാളും മണ്ണൊലിപ്പിനു കാരണമാകുന്നതുമാണ്. ഇതു ഭൂമിയുടെ ജല ആഗിരണ സംവിധാനങ്ങളെ കീഴ്മേല്‍ മറിക്കും. ഇങ്ങനെ പരിശോധിച്ചാല്‍ ജല ലഭ്യതയും ജൈവഇന്ധന ഉല്പാദനവും ചേര്‍ന്നുപോകുന്ന ഒന്നല്ല എന്നു കാണാം.
ജൈവ ഇന്ധന ഉല്പാദനം പരിസ്ഥിതിക്ക് അനുയോജ്യമോ അല്ലയോ എന്നതാണ് മറ്റൊരു പ്രശ്നം. ജൈവ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരുകള്‍ പറയുന്നത് ജൈവ ഇന്ധനം പെട്രോള്‍ തുടങ്ങിയ മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി നാശം വളരെകുറച്ചെ ഉണ്ടാക്കുന്നുള്ളൂ എന്നാണ്. ഇത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എഥനോള്‍ (ജൈവ ഇന്ധനം) കത്തുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്നതിനേക്കാള് കുറവാണ്. എന്നാല്‍, ജൈവ ഇന്ധനം കത്തുമ്പോള്‍ ഉണ്ടാകുന്ന നൈട്രസ് ഓക്സൈഡ്, അസറ്റാലഡിഹൈഡ്, പെറോക്സിലിന് നൈട്രേറ്റ് തുടങ്ങിയ വാതകങ്ങളുടെ അളവ് വളരെ കൂടുതലാണ്. ഈ വാതകങ്ങള്‍ കാര്‍ബണ്‍ മോണോക്സൈഡിനെക്കാളും പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമായവയാണ്. കൂടാതെ ജൈവ ഇന്ധന ഉല്പാദനത്തിനാവശ്യമായ കൃഷി, വിളവെടുപ്പ്, ധാന്യ സംസ്കരണം, വാറ്റല്‍ (Distilation) ഇവയെല്ലാം വളരെയധികം ഹരിതക വാതകങ്ങള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. എഥനോള്‍ ഉല്പാദിപ്പിക്കുന്ന വ്യവസായ ശാലകള്‍, കല്‍ക്കരിയോ, ഗ്യാസോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നവയാണ്. ഈ ഘട്ടത്തിലും പരിസ്ഥിതി മലിനീകരണം നടക്കുന്നുണ്ട്. ജൈവ ഇന്ധനത്തിനാവശ്യമായ കൃഷിക്കായി, ഇന്‍ഡോനേഷ്യ, നോര്‍ത്ത് അമേരിക്ക, സൌത്ത് അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെല്ലാം യതൊരു ലക്കും ലഗാനുമില്ലാതെ വനങ്ങള്‍ അഗ്നിക്കിരയാകപ്പെടുന്നുണ്ട്. ഇത് വനനശീകരണത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇങ്ങനെ പരിശോധിച്ചാല്‍ ജൈവ ഇന്ധന ഉപയോഗം പെട്രോളിയം ഇന്ധനങ്ങളേക്കാള്‍ കൂടുതല്‍ പരിസ്ഥിതി നാശത്തിനു കാരണമാകുന്നു എന്ന നിഗമനത്തിലെത്താനേ കഴിയൂ.
ജൈവ ഇന്ധന ഉല്പാദനം തദ്ദേശവാസികളേയും, ദരിദ്രജനവിഭാഗങ്ങളേയും എങ്ങനെ ബാധിക്കും എന്നതാണ് മറ്റൊരു വിഷയം. ഇന്നത്തെ ലോകത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇതുവരെയില്ലാത്ത തരത്തില്‍ ഉയര്‍ന്ന ഒരവസ്ഥയിലാണ്. ലോകത്തെ രണ്ടു ശതമാനത്തോളം ആളുകള്‍ ലോകസമ്പത്തിന്റെ 50 ശതമാനവും കയ്യടക്കിയിരിക്കുകയാണ്. എന്നാല്‍ ഏറ്റവും ദരിദ്രരായ 50% ജനങ്ങള്‍ക്കാകെ ലോകസമ്പത്തിന്റെ ഒരു ശതമാനത്തിന്റെ മാത്രം ഉടമസ്ഥതയേയുള്ളൂ. ലോകബാങ്കിന്റെ ഒരു കണക്കനുസരിച്ച് ലോകത്തെ ജനങ്ങളില്‍ പകുതിയോളം പേര് ഒരു ദിവസം കഴിച്ചുകൂട്ടുന്നത് രണ്ട് ഡോളറില്‍ താഴെ മാത്രം ചെലവഴിച്ചാണ്. ലോകത്ത് ഓരോ ദിവസവും 18000ത്തിലധികം കുഞ്ഞുങ്ങള്‍ ദാരിദ്ര്യവും പോഷകാഹാരക്കുറവും മൂലം മരണമടയുന്നുണ്ട്. ലോകത്തെ ദരിദ്രജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 50% മുതല്‍ 80% വരെ വരുമാനം ഭക്ഷണ ചെലവിലേക്കാണ് നീക്കിവയ്ക്കേണ്ടി വരുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം ജൈവ ഇന്ധന ഉല്പാദനവും ദരിദ്ര ജനവിഭാഗങ്ങളുടെ ഭക്ഷ്യലഭ്യതയേയും, ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനെയും പരിശോധിക്കാന്‍. പല പഠനങ്ങളും കാണിക്കുന്നത് പ്രധാന ഭക്ഷ്യ വസ്തുക്കളുടെ വില ഒരു ശതമാനം ഉയര്‍ന്നാല്‍ ദരിദ്രജനങ്ങളുടെ ഭക്ഷണത്തില്‍ കലോറി കണക്കില്‍ അരശതമാനം വരെ കുറവു വരുന്നതായി കാണുന്നുണ്ട് എന്നാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഇന്നത്തെ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നാല്‍ 2020 ഓടുകൂടി ദരിദ്രജനങ്ങളുടെ കലോറി ലഭ്യതയില്‍ 15 മുതല്‍ 65 ശതമാനം വരെ കുറവുണ്ടാകാം. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും വിലവര്‍ദ്ധനയും ഈ രംഗത്തെ കുംഭകോണവും പൂഴ്ത്തിവയ്പും വീണ്ടും വര്‍ദ്ധിപ്പിക്കും. ഇതും ദരിദ്ര ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും.
ജൈവ ഇന്ധനത്തിനാവശ്യമായ കാര്ഷികോല്പന്നങ്ങള് കൃഷി ചെയ്ത് കര്‍ഷകര്‍ക്ക് ലാഭം കൊയ്യാം എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ ചരിത്രം കാണിക്കുന്നത് കാര്ഷികോല്പന്നങ്ങളുടെ വ്യവസായിക ആവശ്യം വര്‍ദ്ധിച്ചപ്പോഴൊക്കെ അതു ഗുണകരമായത് വന്‍കിട കൃഷിക്കാര്‍ക്കും കുത്തകകള്‍ക്കും മാത്രമാണന്നാണ്. ജൈവ ഇന്ധന ഉപയോഗം വര്‍ദ്ധിക്കുന്നതനുസരിച്ച് ദരിദ്ര ജനങ്ങളുടെ ദാരിദ്ര്യവും വിശപ്പും മാത്രമല്ല ഉയരുക പിന്നെയോ അവര്‍ക്ക് അവരുടെ ഭൂമിയും കിടപ്പാടവും വരെ ക്രമേണ നഷ്ടമാകും. ഗിരിവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ പലതും ഇപ്പോഴും വനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത് കൂടുതല്‍ കൂടുതല്‍ വനഭൂമി കൃഷിക്കായി മാറുമ്പോള്‍ ഗിരിവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് അവരുടെ വാസസ്ഥലവും ഭക്ഷണവും, ജീവിതരീതിയും, സംസ്കാരവും എല്ലാം ഒറ്റയടിക്ക് നഷ്ടമാകുകയും അവര്‍ അനാഥരായി മാറുകയും ചെയ്യും.
ജൈവ ഇന്ധനയുല്പാദനം സാമ്പത്തികമായി ശരിയാണോ, അത് സമൂഹത്തിന് സാമ്പത്തിക പുരോഗതിക്ക് എത്ര സഹായകരമാണ് എന്നതാണ് മറ്റൊരു വിഷയം. ജൈവ ഇന്ധനത്തിന്റെ ഉല്പാദനവും ഉപയോഗവും സര്‍ക്കാര്‍ സബ്സിഡിയോടെ മാത്രം നടത്താന്‍ കഴിയുന്ന ഒരു പ്രക്രിയയാണ്. ബ്രസീലില്‍ ഇപ്പോള്‍ 150 ശതമാനം വരെ സബ്സിഡിയാണ് ജൈവ ഇന്ധന ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അമേരിക്കയില്‍ അതിലും കൂടുതലാണ്. നേരിട്ടുള്ള സബ്സിഡികള്ക്കുപുറമെ ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍, ജലദൌര്‍ലഭ്യം, ആരോഗ്യ പ്രശ്നങ്ങള്‍, ഭക്ഷ്യവിലയില്‍ വരുന്ന വര്‍ദ്ധന, അതുമൂലം ദരിദ്രജനവിഭാഗങ്ങള്ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മുതലായവയൊക്കെ കൈകാര്യം ചെയ്യാന്‍ കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത തരത്തില്‍ ധാരാളം പണം സര്‍ക്കാരുകള്‍ ചെലവിടേണ്ടതായി വരും. ഇതെല്ലാം കൂടി ചേര്‍ത്താല്‍ ജൈവ ഇന്ധന ഉപയോഗം സാമ്പത്തികമായും നല്ലതായിരിക്കില്ല.
മറ്റൊരു വിഷയം, ഈ രംഗത്ത് നല്കപ്പെടുന്ന സബ്സിഡിയുടെ നല്ല പങ്കും കയ്യടക്കുന്നത് വന്‍ ഭക്ഷ്യ കുത്തകകളാണ് എന്നതാണ് . അമേരിക്കയില്‍ 1995 മുതല്‍ 2003 വരെയുള്ള സബ്സിഡി കണക്കു പരിശോധിച്ചാല്‍ കാണുന്നത് ഈ രംഗത്തെ കുത്തകകള്‍ മൊത്തം സബ്സിഡിയുടെ ശരാശരി 68 ശതമാനം വരെ കയ്യടക്കി എന്നാണ് ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള 1% ശതമാനം പേര് ശരാശരി 4,65,172 ഡോളര്‍ കയ്യടക്കിയപ്പോള്‍ 80% കര്‍ഷകര്‍ക്ക് ശരാശരി ലഭിച്ചത് വെറും 4763 ഡോളര്‍ മാത്രമാണ്. ആര്‍ചര്‍ ഡാനിയേല്‍ മിഡ്ലാന്റ് എന്ന ഒരൊറ്റ വന്‍ കുത്തകയാണ് സബ്സിഡിയുടെ നല്ല പങ്ക് കയ്യടക്കിയത്.
മേല്വിവരിച്ചതില് നിന്നും ജൈവ ഇന്ധനത്തിന്റെ കൂടിവരുന്ന ഉപയോഗം മണ്ണിനും, പ്രകൃതിക്കും, ഭൂമിയിലെ ജലസമ്പത്തിനും ഒക്കെ വിനാശകരമാണന്ന് കാണാന്‍ കഴിയും. പ്രകൃതിക്കും, മനുഷ്യസമൂഹത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ജൈവ ഇന്ധനം വന്‍ കുത്തകകള്‍ക്ക് സമ്പത്ത് കുന്നുകൂട്ടാനുള്ള മറ്റൊരു മാര്‍ഗ്ഗം മാത്രമാണ്.
-ശ്രീ.ജോസ് റ്റി.എബ്രഹാം
അധിക വായനയ്ക്ക്
On Biofuels and an Energy Revolution
12 comments:
‘ജൈവ ഇന്ധന’ത്തിന്റെ കൂടിവരുന്ന ഉല്പാദനവും ഉപയോഗവും നാനാതരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ജൈവ ഇന്ധനം (Bio fuels) മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ ഒരു കുറ്റകൃത്യം (Crime against humanity) ആണന്നാണ് യു.എന്‍. ഭക്ഷ്യവകുപ്പിലെ റാപ്പോര്‍ട്ടിയറായ ജീന്‍ സീഗ്ളര്‍ പറയുന്നത്.
ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമായി ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ ഇവയാണ്. ജൈവ ഇന്ധനത്തില്‍ നിന്നും അതുല്പാദിപ്പിക്കാന് ആവശ്യകമായി വരുന്ന ഊര്‍ജ്ജത്തിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുമോ? മെയ്സും, ചോളവും, കരിമ്പും മറ്റും ജൈവ ഇന്ധനം ഉല്പാദിപ്പിക്കുന്നതിനായി മാറ്റുമ്പോള്‍ അത് ഭക്ഷ്യലഭ്യതയേയും, ഭക്ഷ്യവസ്തുക്കളുടെ വിലയേയും എങ്ങനെ ബാധിക്കും? പരമ്പരാഗത ഊര്‍ജ്ജ ഉല്പാദന വസ്തുക്കളായ പെട്രോളിനും, ഡീസലിനും, കല്‍ക്കരിക്കും പകരം അത്രയധികം അളവില്‍ ജൈവഇന്ധനം ഉല്പാദിപ്പിക്കാന് ആവശ്യമായ കൃഷി നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഭൂമിയില്‍ ജലം ലഭ്യമാണോ? ജൈവ ഇന്ധനത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഹരിതക വാതകത്തിന്റെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് കൂടുതലാായിരിക്കുമോ കുറവായിരിക്കുമോ? അത് പരിസ്ഥിതിയെ എങ്ങനെ ബാധിക്കും? ജൈവ ഇന്ധന ഉല്പാദനം ദരിദ്ര ജനവിഭാഗങ്ങളേയും, തദ്ദേശ വാസികളേയും (Indigenous people) എങ്ങനെ ബാധിക്കും? ജൈവ ഇന്ധനം സാമ്പത്തികമായി ലാഭകരമാണോ? ജൈവ ഇന്ധന ഉല്പാദനം മണ്ണിന്റെ വളക്കൂറിനേയും, വനസമ്പത്തിനേയും പ്രകൃതിയേയും എങ്ങനെ ബാധിക്കും?
ശ്രീ.ജോസ് റ്റി.എബ്രഹാം എഴുതിയ ലേഖനം വിശദമായ ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിക്കുന്നു.
1) ജൈവ ഇന്ധനം എന്ന് പറഞ്ഞാല്‍ ’എത്തനോള്‍’ മാത്രമാണ് എന്ന് പറയുന്നത് ഒരു തെറ്റിധാരണയാണ്. സസ്യത്തില്‍ നിന്ന് (സസ്യേതര ജൈവ-ഇന്ധനങ്ങള്‍ക്ക് പ്രായോഗികതയില്ല) ഉല്പാദിപ്പിക്കപ്പെടുന്ന ഏത് ഇന്ധനത്തെയും ജൈവ ഇന്ധനം എന്ന് വിളിക്കാം. rice bran oil ഉണ്ടാക്കുന്നത് ഉമിയില്‍ നിന്നുമാണ്. ഇന്ത്യയില്‍ അത് ഒരു ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല (അത് പോലെ തന്നെ വെളിച്ചെണ്ണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല). റൈസ് ബ്രാന് എണ്ണയുടെ ഉല്പാദനം കൊണ്ട് ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നില്ല. അതേ സമയം നെല്‍ കര്ഷകന് കൂടുതല്‍ income ഉണ്ടാകുന്നു (കൂടുതല്‍ ഒന്നും ഉല്പാദിപ്പിക്കുകയോ, മുതല്‍മുടക്കാതെയോ തന്നെ)
2) നേരത്തെ സൂചിപ്പിച്ച കണക്കുകള്‍ യന്ത്രവല്‍ക്കരിച്ച അമേരിക്കന്‍ ഫാമുകളില്‍ നടത്തിയ പഠനങ്ങളാണ്. സ്വാഭാവികമായും യന്ത്രവല്‍കൃത പാടങ്ങളില്‍ ഊര്‍ജ്ജം കൂടുതല്‍ നല്‍കേണ്ടതായി വരും. ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
3)രാസ-കീടനാശിനികളും രാസ-വളങ്ങളുമില്ലാതെ കൃശി ചെയ്യാന്‍ പറ്റില്ലേ? ഫുക്കൂവോക്കയുടെ ’ഒറ്റ വൈക്കോല്‍ വിപ്ലവത്തെ" കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ...
4) ശുദ്ധ സസ്യ എണ്ണ മാത്രമല്ല, ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ വരെ ’ജൈവ ഇന്ധനങ്ങളില്‍’ പെടും. അതും ഒരു വലിയ ’ചെലവ് ചുരുക്കലിന്’ കാരണമാകും. (ഹോട്ടലുകളിലെ ചെലവുകള്‍ അധികമൊന്നുമില്ലെങ്കിലും, ഒരു പരിധി വരെ കുറയും)
5) സസ്യ എണ്ണകള്‍ ഇന്ന് ഉപയോഗിക്കുന്നത് പരമ്പതാഗത ഡീസല്‍ വാഹനങ്ങളിലാണ്. അതിന്റേതായ പല ന്യൂനതകളും ഉണ്ട് (ഉദാ: viscosity കൂടിയ സസ്യ എണ്ണകള്‍, ഡീസല്‍ ഇന്‍ജെക്ടറുകളില്‍ (hole injector) ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ സസ്യ എണ്ണകള്‍ സുഖമായി ഇജെക്ട് ചെയ്യാവുന്ന pintle nozzle-ഉകളെ {പിന്റില്‍ നോസ്സില്‍ പഴയ സാങ്കേതിക വിദ്യ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക} കുറിച്ചൊക്കെ പഠനം നടന്ന് വരുന്നതേ ഉള്ളു).
ഐ സി എന്‍ജിനുകളിലെ പുതിയ സങ്കേതമായ HCCI എന്‍ജിനുകളില്‍ സസ്യ എണ്ണകള്‍ അനുയോജ്യമാകും എന്ന് ഞാന്‍ കരുതുന്നു (personal opinion, no scientific proofs yet).
ഇതൊന്നും പഠിക്കാതെ മനസ്സിലാക്കാതെ ജൈവ ഇന്ധനം ഭക്ഷ്യക്ഷാമം വരുത്തി വെയ്ക്കും എന്ന് പറയുന്നത് പണ്ട് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞത് പോലെയാകും.
പ്രിയ ഞാന്‍,
1. ലേഖനത്തില്‍ എവിടെയാണ് ജൈവ ഇന്ധനം എന്നു പറഞ്ഞാല്‍ എത്തനോള്‍ മാത്രമാണെന്ന് പറഞ്ഞിട്ടുള്ളത്?
“ജൈവ വസ്തുക്കളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തെയാണ് ജൈവ ഇന്ധനം എന്നു വിളിക്കുന്നത്. ഇതിനുപയോഗിക്കുന്ന ജൈവ വസ്തുക്കള്‍ കച്ചി, മരം, മരത്തിന്റെ അവശിഷ്ടങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി ഗോതമ്പ്, മെയ്സ് ചോളം, കരിമ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഒക്കെയാവാം. പഞ്ചസാരയും (sugar) അന്നജവും (starch) കൂടിയ അളവില്‍ അടങ്ങിയ വസ്തുക്കളാണ് ഇന്ധനം ഉല്പാദിപ്പിക്കാന് കൂടുതല്‍ ഉപയുക്തം. ഇപ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രധാന ഘടകം എഥനോള്‍ (Ethanol) ആണ്.“ എന്നാണതില്‍ പറഞ്ഞിട്ടുള്ളത്.
2. ഇതിനകം നടന്ന പഠനങ്ങളിലെ കണക്കുകളാണവ. ഇന്ത്യന്‍ ഫാമുകളില്‍ പഠനം നടക്കട്ടെ. ഫാമുകള്‍ മുഴുവന്‍ യന്ത്രവല്‍ക്കരിക്കണം എന്ന് വേനല്‍ മഴ വിവാദത്തില്‍ വാദമുയര്‍ന്നിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.
3. രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത്? വിത്ത്, വളം, കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത്.
4. ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും. മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ. ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പ്പാദിപ്പിക്കുവാന് താങ്കള്‍ സൂചിപ്പിക്കുന്ന “ഉമി”മതിയാവുമെന്ന് തോന്നുന്നില്ല.കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല.
5. താങ്കള്‍ തന്ന ലിങ്ക് നോക്കി. പഠനങ്ങള്‍ നടക്കട്ടെ. എല്ലാ തരം പഠനങ്ങളും സ്വാഗതം ചെയ്യുന്നു. പോസ്റ്റിലെ കണക്കുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദഗ്ദര്‍ തന്നെ പുറത്ത് വിട്ടിട്ടുള്ളതാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അതിലില്ല. കൂടുതല്‍ പഠനങ്ങള്‍ സ്വാഗതം ചെയ്യുന്നു.
6. ഭക്ഷ്യരംഗത്ത് ഇന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി ഒരു നല്ല ശതമാനം രാജ്യങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി ആയി മാറാനിടയുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കുന്നത് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളാണ്.
ഈ പോസ്റ്റ് കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചത് ജൈവ ഇന്ധനത്തിന്റെ പിന്നിലെ രാഷ്ട്രീയമാണ്. അത് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു. poor diners, rich drivers എന്നതിലേക്ക് അതിനെ ചുരുക്കാം എന്ന് തോന്നുന്നു. ജൈവ ഇന്ധനത്തിലേക്ക് മാറുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ജൈവ ഇന്ധനത്തിനായി വാദിക്കുന്നവര്‍(biofuel apologists) പറയുന്നതുപോലെ ലളിതമല്ല കാര്യങ്ങള്‍ എന്നത് എന്തായാലും ഒരു വസ്തുതയാണ്. പോസ്റ്റിനോടൊപ്പം അധിക വായനക്കായി നല്‍കിയിട്ടുള്ള ലിങ്കുകളും നോക്കുമല്ലോ.
ഓ ടോ. കമ്പ്യൂട്ടറൈസേഷനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞല്ലോ ? ഈ ബ്ലോഗിലും ബൂലോഗത്തെ മറ്റു പല പോസ്റ്റുകളിലും. അതിന്റെ സാരം ഇത്ര മാത്രം..കമ്പ്യൂട്ടര്‍ മനുഷ്യനുവേണ്ടിയാവണം..ഒരു എനേബിളിംഗ് ടൂള്‍..അല്ലാതെ മനുഷ്യന് കമ്പ്യൂട്ടറിനു വേണ്ടി എന്നതാകരുത്.
വായനക്കും അഭിപ്രായത്തിനും നന്ദി..
വ്യക്തമായ മറുപടികള്‍ തന്നതിന് നന്ദി. പക്ഷെ ഇടയ്ക്ക് ചില കാര്യങ്ങളോട് ഭാഗികമായും മറ്റ് ചിലതിനോട് പൂര്‍ണ്ണമായും വിയോജിപ്പ് രേഖപ്പെടുത്താതെ വയ്യ.
1.രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത്? വിത്ത്, വളം, കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത്.
ആയിരിക്കാം. ആണെന്ന് വെച്ച് നമ്മളും അങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ടിരുന്നാല്‍ ഇവിടെ വിപ്ലവം ഉണ്ടാകുമോ? മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് നമ്മളാണ് (അതെ ഞാനും). രാസ-കീടനാശിനികളും, വളങ്ങളുമില്ലാതെ കൃഷി ചെയ്യാം എന്നത് അസാദ്ധ്യമായ കാര്യമല്ല, പിന്നെ എന്ത് കൊണ്ട് അത് നടക്കുന്നില്ല എന്ന കാര്യം കൂടി പഠനവിധേയമാക്കേണ്ടതാണ്.
2.ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും. മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ. ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പ്പാദിപ്പിക്കുവാന് താങ്കള്‍ സൂചിപ്പിക്കുന്ന “ഉമി”മതിയാവുമെന്ന് തോന്നുന്നില്ല.കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല.
ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. Waste vegetable Oil അല്ലെങ്കില്‍ Waste Frying Oil എന്ന് തിരഞ്ഞാല്‍ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളെ കുറിച്ച് മനസ്സിലാകും. ഇവ മാത്രമല്ല, ഭക്ഷ്യ-യോഗ്യമല്ലാത്ത മറ്റ് എണ്ണകള്‍ മുമ്പ് പറഞ്ഞ, ഭക്ഷ്യ-ഉപഉല്‍പ്പന്നമായ റൈസ് ബ്രാന് എണ്ണയ്ക്ക് പുറമെ,കാര്‍ഷികോപഉല്‍പന്നമായ റബര്‍കുരു എണ്ണ, അങ്ങനെ എന്തെണ്ണയും വാഹന ഇന്ധനമായി ഉപയോഗിക്കാം. ഈ ഗവേഷണ പ്രബന്ധം കൂടി വായിച്ച് നോക്കുക (ഇതിവിടെ പോസ്റ്റി എന്നറിഞ്ഞാല്‍ എന്റെ കട്ടയും പടവും മടങ്ങും, പബ്ലിഷ് ചെയ്ത പ്രബന്ധം ആണെങ്കിലും ഡൌണ്‍ലോഡിങ്ങ് അവകാശങ്ങള്‍ എല്ലാവര്‍ക്കുമില്ല). അവിടെ ഇന്ത്യയിലയൂം ലോകത്തിലേയും സസ്യ എണ്ണ ഉല്പാദനത്തിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് (ആ പട്ടിക മുഴുവനല്ല എന്ന് കൂടി ഓര്‍ക്കണേ). ഇനി ഇന്ത്യയുടെ ഡീസല്‍ ഉപഭോഗം എത്ര എന്ന് കണ്ട്പിടിക്കുക (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സൈറ്റില്‍ ഒക്കെ ഞാന്‍ തപ്പി, കിട്ടിയില്ല). എന്നിട്ടൊന്ന് താരതമ്യപ്പെടുത്തി നോക്കൂ....
3. ഇന്ധനങ്ങളുടെ വിലയും സാധാരണക്കാരന്റെ ജീവിതവും വളരെ ബന്ധപ്പെട്ട് കിടക്കുന്നു. എണ്ണ വില കൂടിയാല്‍ വാഹനമുള്ളവന്റെ മാത്രമല്ല, ഇല്ലാത്തവനും കഷ്ടപ്പെടും. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. കയ്യില്‍ പുത്തനുള്ളവന് ഇതൊന്നം വലിയ പ്രശ്നമുണ്ടാകില്ല, എന്നാല്‍ സാധരണക്കാരന് ഇത് വലിയ ഒരു പ്രശ്നം തന്നെയാണ്. ആണവോര്‍ജ്ജം (നേരിട്ടല്ലെങ്കിലും അവ വാഹനമോടിക്കുന്നതിന് ഉപയോഗിക്കാം) ഈ പ്രശ്നത്തിന് ഒരു പരിഹാരം ആണ് എന്ന് എനിക്കഭിപ്രായമില്ല, എന്ന് മാത്രമല്ല അതിന് ഞാനെതിരുമാണ്. ഇവിടെയുള്ള മറ്റൊരു പ്രശ്നം ഇന്ത്യയിലെ ആഭ്യന്തരവിപണിയിലെ കയറ്റിറക്കങ്ങള്‍ ഇറാഖ് യുദ്ധത്തെയും ഇറാന് ഉപരോധത്തെയും പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നിസ്സഹായതയിലാണ്. ഒരു പക്ഷെ ആണവകരാര്‍ പ്രാബല്യത്തിലാവുകയാണെങ്കില്‍ ഓപെക്ക്-ന്റെ സ്ഥാനത്ത് മറ്റ് ആണവ-ഇന്ധന-സപ്ലയര്‍ രാജ്യങ്ങള്‍ വരും. എന്തായാലും ഇന്ത്യ മറ്റൊരു രാജ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനൊരു പരിഹാരമേയുള്ളു, ജൈവ ഇന്ധനങ്ങള്‍! മലിനീകരണം ഇതിനില്ല എന്ന് പറയുന്നില്ല, ഉണ്ട്... പക്ഷെ അതൊക്കെ ഒഴിവാക്കുവാന്‍ കഴിയുന്നതുമാണ്.
4. പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ഗവണ്മെന്റ് സബ്സിഡിയുണ്ട്, വാഹനോപയോഗത്തിനുള്ള സസ്യ എണ്ണകള്‍ക്ക് അതില്ല. അത് കിട്ടുകയാണെങ്കില്‍ വെറും ’ചില്ലിക്കാശിന്’നമുക്കു ഡീസല്‍ കിട്ടും (ഞാന്‍ exaggerate ചെയ്തതല്ല, നേരത്തെ പറഞ്ഞ പേപ്പര്‍ വായിക്കുക, അതില്‍ ലിന്‍സീഡ് എണ്ണയില്‍ നിന്ന് ’ബയോഡീസല്‍’ ഉണ്ടാക്കുവാന്‍ ഏകദേശം 13 രൂപ ആകുമെന്നാണ് കണ്ടത്. എന്നാല്‍ ഈ ലിന്‍സീഡ് എന്ന ബയോഡീസല്‍ ആക്കാതെ നേരിട്ട് ഉപയോഗിക്കുകയാണെങ്കില്‍ [straight vegetable oils], 13 എന്നത് വീണ്ടും കുറയും. അതായത് ഡീസലിനേക്കാള്‍ ചിലവ് കുറച്ച് നമ്മുക്ക് ഇന്ധനം ഉണ്ടാക്കുവാന്‍ കഴിയും. ലിന്‍സീഡ് ഒരുദാഹരണം ആയിട്ടെടുത്തു എന്നേയുള്ളു. ഇതിന്റെ കൂടെ സര്‍ക്കാര്‍ സബ്സിഡി കൂടി കിട്ടുകയാണെങ്കില്‍ വില ഇനിയും കുറയും). മാത്രമല്ല, ഈ സബ്സിഡിയുടെ ആനുകൂല്യങ്ങളുടെ ഒരംശമെങ്കിലും കര്ഷകന് കിട്ടുകയും ചെയ്യും. ഇന്ധനവില കുറയുന്നതോടെ ആവശ്യസാധനവിലയും കുറയും.
എന്നാല്‍ ഇതൊന്നും പഠിക്കാതെ, മനസ്സിലാക്കാതെ ഒരു അമേരിക്കന്‍ സാഹചര്യത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടത് അവസാനവിധിയായി എടുക്കരുത് എന്ന് മാത്രമേ പറയുവാനുള്ളു.
പ്രിയ ഞാന്‍, താങ്കളുടെ വിയോജനക്കുറിപ്പ് ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
വളരെ നന്ദി ’വര്‍ക്കേഴ്സ് ഫോറം’. ഒന്ന് രണ്ട് വര്‍ഷം മുമ്പേ ഫിഡല്‍ കാസ്ട്രോ ജൈവ ഇന്ധനങ്ങള്‍ക്ക് എതിരെ ഇറക്കിയ ഒരു പ്രസ്താവന ഞാന്‍ കണ്ടിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ എന്തെ ജൈവ-ഇന്ധനങ്ങള്‍ക്ക് എതിര് എന്ന് ഞാന്‍ അത്ഭുതപ്പെടുകയും ചെയ്തു. ജൈവ-ഇന്ധനങ്ങള്‍ coupled with ജൈവകൃഷി കാര്‍ഷിക ചിലവുകളും മറ്റ് അനുബന്ധ ചിലവുകളും കുറയ്ക്കുകയേ ഉള്ളു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ജൈവ ഇന്ധനം കൊണ്ട് ഗുണമേ ഉണ്ടാകുന്നുള്ളൂ, വിദേശ-ഇന്ധനത്തെ ആശ്രയിക്കുന്നതും കുറയ്ക്കാം....
ചെലവു കുറഞ്ഞ, അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം സ്വദേശീയമായി ഉല്പാദിപ്പിക്കാനുള്ള ഒരവസരവും നാം പാഴാക്കികൂടാ എന്ന ഞാനിന്റെ ( എന്റമ്മോ ..ആ പേര് ഇത്തിരി കട്ടിയാണേ, പ്രയോഗിക്കാന്‍)അഭിപ്രായത്തോടു കൂടി യോജിക്കുന്നു. പണ്ട് രാമര്‍ പച്ചിലപെട്രോള്‍ കണ്ടുപിടിച്ചു എന്നു കേട്ടപ്പോള്‍ നാം എല്ലാം എത്രയോ സ്ന്തോഷിച്ചവരാണ്. ആരെങ്കിലും 15 രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ തരാമെന്നു പറഞ്ഞാല്‍ ഈ “ഞാനും” വേണ്ട എന്നു പറയില്ല.
പിന്നെ ഒരു സംശയം, ഒരു ലിറ്റര്‍ പെട്രോളിന്റെ യഥാര്ത്ഥവിലയെന്താണ്, ഉല്പ്പാദന്ന ചെലവെന്താണ്? നികുതി ഒന്നും കൂടാതെ. എന്നാലല്ലേ ഒരു കമ്പാരിസണ്‍ സാധ്യമാകൂ...ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ?
എല്ലാമനുഷ്യരുടെയും ഭക്ഷ്യആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരവസ്ഥയില്‍, പട്ടിണി മരണം എന്നത് കേട്ടു കേള്‍വി മാത്രമാകുമ്പോള്‍, എല്ലാവര്ക്കും കുടിവെള്ളം ആവശ്യത്തിനുകിട്ടുമെങ്കില് ഇന്ധനാവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല എന്നെനിക്ക് തോന്നുന്നു.
പക്ഷെ ഇന്ന് ഈ കൃഷി ഏറ്റവും വ്യാപകമായ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വന്‍കിട കമ്പനികളാണ് ഈ രംഗം അടക്കി ഭരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ കൃഷിക്കാര്‍ ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുന്നതവസാനിപ്പിച്ച് റബ്ബര്‍ കൃഷി ചെയ്ത പോലെയാകുമോ നമ്മുടെ അവസ്ഥ എന്നൊരു ഭീതിയില്ലാതില്ല.പട്ടിണീ കിടക്കാതിരിക്കണമെങ്കില്‍ അന്യസംസ്ഥാനങ്ങള്‍ കനിയണം.
ഞാന്‍,
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡിയാണോ നികുതിയാണോ ഉള്ളത്? ഈ നികുതിയില്‍ കുറവിനെയും സബ്സിഡി എന്ന ഗണത്തില്‍ പെടുത്താമോ? എന്തായാലും സബ്സിഡി ഒന്നും കൊടുക്കരുതെന്നതാണ് എല്‍ പി ജി നയങ്ങളുടെ മൂല മന്ത്രം.
പ്രിയ ഞാന്‍,
ഇന്ന് ഇത്തരത്തിലുള്ള സാങ്കേതികവിദ്യ വ്യാപകമായി പ്രയോഗിക്കപ്പെടുന്നത് അമേരിക്കയിലാണ് എന്നത് കൊണ്ടും ഇന്ത്യയില്‍ അത് പ്രാരംഭദശയിലാണ് എന്നത് കൊണ്ടും വിദേശ ഡാറ്റ മാത്രമേ നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കൂ. ഇന്ത്യയിലോ വിദേശത്തോ എവിടെയാണെങ്കിലും ജൈവ ഇന്ധനത്തിന്റെ കാര്യത്തില്‍ തികച്ചും പോസിറ്റീവ് ആയ എന്ത് തന്നെ ഉണ്ടായാലും അതിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. കമ്പ്യൂട്ടറിന്റെ കാര്യത്തിലെന്നപോലെത്തന്നെ സാങ്കേതിക വിദ്യയെ എതിര്‍ക്കുന്നില്ല. മറിച്ച് അതിന്റെ പ്രയോഗത്തില്‍ തീര്‍ച്ചയായും പാലിക്കപ്പെടേണ്ട ചില സാമൂഹിക നീതികള്‍ ഉണ്ട് .അത് പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനപ്രശ്നം. കോടിക്കണക്കിനു ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ഭക്ഷണമായി ഉപയോഗിക്കേണ്ടവ ഇന്ധനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് ബാധിക്കുക ആരെയാണന്നതാണ് കണ്‍സേണ്‍. അതാണീ പോസ്റ്റിലെ പ്രധാന വസ്തുതയും.
We are also for efficient sources of engergy. കൂടുതല്‍ efficient ആയ രീതിയില്‍ ജൈവ ഇന്ധനം ഉല്പാദിപ്പിക്കാന് പറ്റും എങ്കില്‍ അത്രയും നല്ലത്. പോസ്റ്റില്‍ സൂചിപ്പിച്ച കണക്കുകളും നിലനില്‍ക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് വിദഗ്ദര്‍ തന്നെ തയ്യാറാക്കിയതാണെന്നും ഒന്നു കൂടി ആവര്‍ത്തിക്കട്ടെ.
ജൈവകൃഷി വ്യാപകമാകുകയും കീടനാശിനി, വളം എന്നിവയില്‍ നിന്നുമൊക്കെ വിടുതല്‍ നേടാന്‍ കഴിയുകയും ചെയ്യുമെങ്കില്‍ നല്ലത്. അതിനെ പിന്താങ്ങുന്നുമുണ്ട്. പക്ഷെ, അതിനനുഗുണമായ രാഷ്ടീയ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. കോര്‍പ്പറേറ്റ് കൃഷിയുടെ പക്ഷത്തേക്കാണ് പുത്തന്‍ നയങ്ങള്‍ ചായുന്നത് എന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ. ആ നയങ്ങള്‍ക്കെതിരായും പക്ഷം പിടിക്കുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്.
പെട്രോളിയം ഇന്ധനങ്ങള്‍ക്ക് സബ്സിഡിയുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞത് അത്ര വ്യക്തമായില്ല. ഏറ്റവും കൂടുതല്‍ നികുതി ചുമത്തപ്പെടുന്ന ഒന്നല്ലേ പെട്രോളിയം ഉല്പന്നങ്ങള്?
ടോമി,
അഭിപ്രായങ്ങള്‍ക്ക് നന്ദി..തുടര്‍ന്നും സന്ദര്‍ശിക്കുമല്ലോ.
ആദ്യം തന്നെ ഞാന്‍ പെട്രോളിയം ഉല്പന്നങ്ങളുടെ സബ്സിഡിയെ കുറിച്ചുള്ള സംശയം തീര്‍ക്കട്ടെ.
പെട്രോളിയം ഉല്പന്നങ്ങള്ക്ക് സബ്സിഡി ഉണ്ട്. (ടോമിയുടെ കമന്റ് കാണാഞ്ഞതല്ല, എനിക്കല്പം തിരക്കായതാണ്) ഈ ലിങ്ക് നോക്കുക.. ഈ സബ്സിഡി മൂലമുണ്ടാകുന്ന ബാധ്യതയെ പറ്റി ഇവിടെയുമുണ്ടി. ഇതും ഒന്ന് നോക്കിയേക്കുക..
ജൈവ ഇന്ധനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പ്രാരംഭദിശയിലാണ് എന്നതിനെ മുഴുവനായിട്ട് ഉള്‍ക്കൊള്ളുവാനാകില്ല. ഐ ഐ ടി മദ്രാസില്‍ ഇതിനെ കുറിച്ചുള്ള പഠനം തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെ ആയി. ഒരു പക്ഷെ "straight vegetable oils" നെ കുറിച്ചുള്ള പഠനം അധികം നടന്നിട്ടില്ല (എന്‍ ഐ ടി കാലിക്കററ്റില്‍ ഇതിനെ പറ്റി ഒരു പഠനം നടന്നതായി വായിച്ചിരുന്നു, അത് പോലെ തന്നെ ഐ ഐ ടി കാണ്‍പൂരിലും കുറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്). സസ്യ എണ്ണകളില്‍ നിന്ന് ബയോഡീസലുണ്ടാക്കി അവ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതാണ് അവ നേരിട്ട് ഉപയോഗിക്കുന്നത്. ജൈവൈന്ധനങ്ങളുടെ നിര്‍മ്മാണം, വിതരണം, സംഭരണം, ഉപയോഗം തുടങ്ങി എല്ലാ മേഖലകളിലും ഒരു optimization വരേമണ്ഠതായുണ്ട് എന്നാലേ അവയുടെ സര്‍വ്വഗുണങ്ങളും നമ്മുക്ക് ചൂഷണം ചെയ്യുവാന്‍ സാധിക്കൂ.
ഈ ലേഖനത്തിലെ മറ്റൊരു വസ്ടുതയോടും എനിക്ക് യോജിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. (നേരത്തെ പെട്ടെന്നുള്ള എന്റെ വായനയില്‍ എനിക്കത് ശ്രദ്ധിക്കുവാനായില്ല). എത്തനോള്‍ ഉല്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന മലിനജലം എന്ന് പറഞ്ഞിരുന്നു. ഈ മലിനജലം എന്ന് പറയുന്നത് എന്തെങ്കിലും രാസവസ്തു കലര്‍ന്ന വിഷജലമല്ല. ഒരു പക്ഷെ യീസ്റ്റ് വളരുവാന്‍ വേണ്ടി എന്തെങ്കിലും നൈട്രേറ്റുകള്‍ ചേര്‍ത്തിരിക്കും.. അതും കൂടിയ അളവുകളിലാകണെമെന്നില്ല, ആയാല്‍ തന്നെ ദോഷവുമല്ല. ഈ സോ കോള്‍ഡ് മലിനജലത്തെ കന്നുകാലിത്തീറ്റ ആയിട്ട് ഉപയോഗിക്കുന്നതിനെ പറ്റിയുള്ള പഠനങ്ങള്‍ നടക്കുന്നു. ഇനി അവറ്റകളെ ഈ മലിനജലം കുടിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍, ബയോഗ്യാസ് നിര്‍മ്മാണത്തിന് ഇതൊരു ഒന്നാംതരം അസംസ്കൃതവസ്തു ആണ്. ബയൊഗ്യാസ് നിര്‍മ്മിച്ച ശേഷമുള്ള സ്ളറി നൈട്രജനും മറ്റ് അവശ്യ പോഷകങ്ങളുമുള്ള ഒരു വളമാണ്. മുമ്പ് നമ്മള് പറഞ്ഞിരുന്നുവല്ലോ രാസവളങ്ങളില്ലാതെ കൃഷി ചെയ്യുവാന്‍ പറ്റുമോ എന്ന്? ഇപ്പോള്‍ പറ്റിയില്ലേ....
കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത പ്രസക്തമാണെന്നു തോന്നുന്നതിനാല്‍ പോസ്റ്റു ചെയ്യുന്നു.
“ പെട്രോള്‍ കിട്ടാതെവന്നാല്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ലോകം ചിന്തിച്ചുതുടങ്ങിയിട്ട് നാളേറെയായി. ജൈവഇന്ധനങ്ങള്‍ എന്നറിയുന്ന ബയോഫ്യുവലുകളായിരുന്നു പ്രധാന പ്രതിവിധിയായി വിലയിരുത്തപ്പെട്ടത്. എന്നാല്‍, ജൈവഇന്ധനങ്ങള്ക്കായി വളര്‍ത്തുന്ന വിളകള്‍ ഭക്ഷ്യവിളകളുടെ സ്ഥലം കൈയടക്കിയതുകാരണമാണ് അതിലെ അപകടം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞത്. ജൈവഇന്ധനങ്ങളിലൂടെയുള്ള മലിനീകരണം പെട്രോള്കൊണ്ടുള്ളതിന്റെയത്രയും വരുമെന്ന കണ്ടെത്തലും ബയോഫ്യൂവലുകള്‍ക്ക് വലിയ തിരിച്ചടിയായി. ഇതിനെല്ലാം പരിഹാരമായി പുതിയൊരു പെട്രോളിയം സ്രോതസ്സ് കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍.
പെട്രോള്‍ കിട്ടുമെന്നു മാത്രമല്ല, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കുകയുംചെയ്യാം.
ഇന്ധനവ്യവസായരംഗത്തെ ഈ പുതിയ വിപ്ളവത്തിന് തുടക്കമിട്ടിരിക്കുന്നത് കണ്ണില്‍ കാണാത്ത ഒരു കൊച്ചു ജീവിയാണ് - ബാക്ടീരിയ. ബാക്ടീരിയയില്‍ ജനിതകവ്യതിയാനം നടത്തുന്നതിലുടെ പെട്രോള്‍ നിര്‍മിക്കാമെന്ന് തെളിയിച്ചിരിക്കയാണ് ശാസ്ത്രജ്ഞര്‍. അതിന് പുതിയൊരു പേരും അവര്‍ കണ്ടെത്തിയിരിക്കുന്നു - 'മൈക്രോപെട്രോള്'.
ഈ മേഖലയിലെ ഗവേഷണത്തിലൂടെ ശ്രദ്ധേയമായ രണ്ട് കമ്പനികളാണ് വെവ്വേറെയായുള്ള പ്രഖ്യാപനങ്ങളിലൂടെ ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എല്‍എസ് 9 എന്ന ബയോ എന്‍ജിനിയറിങ് കമ്പനിയും അമിറിസ് ബയോടെക്നോളജീസും. സള്‍ഫര്‍ മാലിന്യങ്ങള്‍ അടങ്ങിയിട്ടില്ലാത്ത പുതിയ ഇനം പെട്രോളിന് വിപണിയില്‍ വന്‍ചലനങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷംതന്നെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനായി പ്ളാന്റുകള്‍ സ്ഥാപിക്കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്.
പെട്രോളും ഡീസലും മണ്ണെണ്ണയും പ്രകൃതിവാതകവുമൊക്കെയായി വേര്‍തിരിച്ചെടുക്കാവുന്ന പെട്രോളിയത്തിന്റെ അടിസ്ഥാനഘടകം ഹൈഡ്രോകാര്‍ബണുകളാണ്. ഹൈഡ്രോകാര്ബണുകളെന്നാല് ഹൈഡ്രജനും കാര്‍ബണും മാത്രമടങ്ങുന്ന സംയുക്തങ്ങള്‍. നീണ്ട ചങ്ങലപോലെയാണിവ. കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണം 5 മുതല്‍ 40 വരെയാവാം. ഇതില്‍ അഞ്ചുമുതല്‍ എട്ടുവരെയുള്ളവയില്നിന്നാണ് പെട്രോള്‍ ശുദ്ധീകരിച്ചെടുക്കുന്നത്. 9 മുതല്‍ 16 വരെയുള്ളവയില്‍നിന്ന് ഡീസല്‍ വേര്‍തിരിക്കാം. അതിനും മുകളിലേക്ക് പോയാല്‍ വിമാനത്തിലുപയോഗിക്കുന്ന ഇന്ധനം കിട്ടും. പക്ഷേ, എന്തായാലും കാര്‍ബണും ഹൈഡ്രജനുമാണ് ഘടകങ്ങള്‍. ഇത്തരത്തിലൊന്ന് ബാക്ടീരിയകളിലും നമ്മളിലും മറ്റു ജീവികളിലുമുണ്ട്. പേര് ഫാറ്റി ആസിഡുകള്‍. കൊഴുപ്പിന്റെയും എണ്ണയുടെയും അടിസ്ഥാനഘടകങ്ങളാണിവ. ഹൈഡ്രജനും കാര്‍ബണും നിരനിരയായി വരുന്നവയാണിവ- ഒരു വ്യത്യാസംമാത്രമേയുള്ളൂ. കൂട്ടത്തില്‍ ആസിഡ് സ്വഭാവം അതായത് അമ്ളത പകരുന്ന ഒരു സംഘമുണ്ട്. 'കാര്‍ബോക്സില്‍ ഗ്രൂപ്പ്' എന്നറിയുന്ന ഒരു ചെറിയ ഗ്രൂപ്പ്. ഇതങ്ങു മാറ്റിയില്‍ ശേഷിക്കുന്നത് ഹൈഡ്രോകാര്‍ബണുകള്‍ മാത്രമാവും. ഇതുതന്നെയാണ് നാമറിയുന്ന പെട്രോളും!
ഫാറ്റി ആസിഡുകളുടെ 'തലവെട്ടി' ഈ വിധം ഹൈഡ്രോകാര്‍ബണുകളാക്കി മാറ്റാന്‍ ബാക്ടീരിയയുടെ ജനിതകവ്യവസ്ഥയെത്തന്നെയാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിട്ടത്. പക്ഷേ, ഒന്നോ രണ്ടോ ജീനുകളില്‍ വരുത്തുന്ന ലഘുതരമായ മാറ്റങ്ങളിലൂടെ സാധ്യമാക്കാവുന്ന ഒന്നായിരുന്നില്ല അത്. പുതിയൊരു ജീന്‍ വ്യവസ്ഥ തന്നെ കൃത്രിമമായി നിര്‍മിക്കുകയായിരുന്നു അവര്‍ ചെയ്തത്. 'സിന്തറ്റിക് ബയോളജി' എന്ന നൂതന ശാസ്ത്രശാഖയുടെ വികാസമാണ് അവരെ ഇതിനു പ്രാപ്തമാക്കിയത്.”
വന്‍കമ്പനികള്‍ വമ്പന്‍ ലാഭം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയാല്‍ എന്താകുമോ എന്തോ?
പെട്രോള്‍ കിട്ടാതെവന്നാല്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ലോകം ചിന്തിച്ചുതുടങ്ങിയിട്ട് നാളേറെയായി. ജൈവഇന്ധനങ്ങള്‍ എന്നറിയുന്ന ബയോഫ്യുവലുകളായിരുന്നു പ്രധാന പ്രതിവിധിയായി വിലയിരുത്തപ്പെട്ടത്. എന്നാല്‍, ജൈവഇന്ധനങ്ങള്ക്കായി വളര്‍ത്തുന്ന വിളകള്‍ ഭക്ഷ്യവിളകളുടെ സ്ഥലം കൈയടക്കിയതുകാരണമാണ് അതിലെ അപകടം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞത്. ജൈവഇന്ധനങ്ങളിലൂടെയുള്ള മലിനീകരണം പെട്രോള്കൊണ്ടുള്ളതിന്റെയത്രയും വരുമെന്ന കണ്ടെത്തലും ബയോഫ്യൂവലുകള്‍ക്ക് വലിയ തിരിച്ചടിയായി. ഇതിനെല്ലാം പരിഹാരമായി പുതിയൊരു പെട്രോളിയം സ്രോതസ്സ് കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍.
പെട്രോള്‍ കിട്ടുമെന്നു മാത്രമല്ല, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കുകയുംചെയ്യാം.
ഈയൊരു തെറ്റായ മുന്‍വിധി മാറ്റാത്തിടത്തോളം കാലം ജൈവൈന്ധനങ്ങളെ ചൂഷണം ചെയ്യുവാന്‍ സാദ്ധ്യമല്ല. ബാക്ടീരിയയെ കൊണ്ട് ഇന്ധനം ഉണ്ടാക്കുവാന്‍ പറ്റുമെങ്കില്‍ അത് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അതിനെ പക്ഷെ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് കൂടി വ്യക്തമായ ഉത്തരം കിട്ടണം
(1) അതിന് വേണ്ട അസംസ്കൃത വസ്തുക്കള്‍ renewable ആണോ
(2) അതിന് പ്രത്യേക energy inputs ആവശ്യമുണ്ടോ?
(3) ഇന്ധനമല്ലാതെ വേറെ എന്തൊക്കെ by-products ഇത് വഴി കിട്ടും
ഇതിന് ശരിയായ ഉത്തരം തന്നാല്‍ പോലും ഒരു കുത്തക കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഇത് നടന്നാല്‍ അതിന്റെ ശരിയായ പ്രയോജനം ലഭിക്കില്ല.
ബയോ-ഹൈഡ്രജനെ പറ്റിയും വായിക്കൂ.... അത് industrially feasible ആവുകയാണെങ്കില്‍ ശരിയായ future fuel ....
ഞാനിന്റെ എതിരഭിപ്രായങ്ങളും ചേര്‍ത്ത് വായിച്ചു. ഫോറത്തിനും ഞാനിനും നന്ദി..
Post a Comment