Sunday, June 13, 2010

'ദൈവിക ജനാധിപത്യ'ത്തിന്റെ മോഹഭംഗങ്ങള്‍

"ഇസ്ളാമിക സമ്പ്രദായത്തിലുള്ള ഭരണകൂടത്തിന് പുതിയ വല്ല പേരും കൊടുക്കാമെങ്കില്‍ ദൈവികജനാധിപത്യം (Theodemocracy) എന്നായിരിക്കും ഞാന്‍ നാമകരണം ചെയ്യുക. എന്തെന്നാല്‍ അതില്‍ ദൈവത്തിന്റെ ആധിപത്യത്തിനും മേല്‍ക്കോയ്മക്കും (Paramountacy) വിധേയമായിക്കൊണ്ടുള്ള ഒരു നിയന്ത്രിത ജനാധിപത്യം മുസ്ളിം ബഹുജനത്തിന് വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.'' അബ്‌ദുല്‍ അഅ്ലാ മൌദൂദിയുടെ 'ഇസ്ളാമിന്റെ രാഷ്‌ട്രീയ സിദ്ധാന്തം' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലഘു പുസ്‌തകത്തില്‍നിന്നുള്ള (ഐ പി എച്ച്) ഉദ്ധരണിയാണിത്. ദൈവിക ജനാധിപത്യം എന്നത് ജനകീയ ഇടപെടലുകളുടെ പരിമിതമായ സാധ്യതയാണ്. ഈ സാധ്യതപോലും മുസ്ളിങ്ങള്‍ക്കു മാത്രമായിരിക്കും. ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യ ഗവണ്‍മെന്റുകളെക്കുറിച്ചും മൌദൂദിയുടെ നിരീക്ഷണങ്ങളാണ് നയരൂപീകരണത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയെ ഏറ്റവും അധികം സ്വാധീനിച്ചിരുന്നത്. ജനാധിപത്യം, തെരഞ്ഞെടുപ്പ്, നിയമനിര്‍മാണം, പാര്‍ടി, നേതാവ് ഇതിനെക്കുറിച്ചൊക്കെ തികച്ചും വ്യത്യസ്തമായ കാഴ്‌ചപ്പാടായിരുന്നു ജമാഅത്തെ ഇസ്ളാമി വെച്ചുപുലര്‍ത്തിയിരുന്നത്. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന നേതാക്കന്മാരെക്കുറിച്ചുപോലും മൌദൂദിയുടെ നിരീക്ഷണം ഇങ്ങനെയാണ്: "ഒരു മനുഷ്യന് ഈ പ്രാധാന്യമൊക്കെ കല്‍പ്പിക്കപ്പെട്ടത് എന്തുകൊണ്ടാണ്? വെറുമൊരു മനുഷ്യനെ -അയാള്‍ പാര്‍ടിയുടെ പ്രാതിനിധ്യം വഹിക്കുന്നുണ്ടെങ്കിലും - ജനങ്ങളുടെ മസ്‌തിഷ്‌ക്കങ്ങളിലും ആത്മാക്കളിലും പ്രതിഷ്ഠിക്കുക. അങ്ങനെ ആ വ്യക്തിത്വത്തിന്റെ മഹിമയും (കിബ്രിയാത്ത്), പ്രഭാവവും (ജബറൂത്) അവരുടെ രക്തത്തിലും നാഡീഞരമ്പുകളിലും സ്ഥലം പിടിപ്പിക്കുന്നതെന്തിനാണ്? ഇങ്ങനെതന്നെയാണ് മനുഷ്യന്‍ മനുഷ്യന്റെ ദൈവവും ഈശ്വരനുമായി എക്കാലത്തും രൂപാന്തരപ്പെട്ടത്.'' തെരഞ്ഞെടുപ്പുകളിലൂടെയാണെങ്കിലും മറ്റ് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയാണെങ്കിലും അധികാരസ്ഥാനത്തെത്തുന്ന മനുഷ്യനെ അംഗീകരിക്കുന്നതിന്റെ പരിധി എത്രത്തോളമായിരിക്കുമെന്നതിനെക്കുറിച്ച് അതിന്റെ ചരിത്രത്തിലുടനീളം ആശയക്കുഴപ്പം പ്രകടിപ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ളാമി. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ സ്വീകരിക്കുന്നതുവരെ അതിലെ അംഗങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. ദൌര്‍ബല്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഭാരതത്തിന്റെ ആത്മാവ് ഇവിടെ നിലനില്‍ക്കുന്ന ജനാധിപത്യമാണ്. ജനാധിപത്യ പ്രകിയയില്‍ പങ്കാളികളാവുന്നതില്‍നിന്നും അതിന്റെ അംഗങ്ങളെയും അനുയായികളെയും വിലക്കിയിരുന്ന ഒരു പൂര്‍വകാലവും ഇവര്‍ക്കുണ്ട്.

മൌദൂദിയുടെ നിരീക്ഷണങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ ജമാഅത്ത് സാഹിത്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഷൈക്ക് മുഹമ്മദ് കാരക്കുന്ന് എഴുതിയ 'രാഷ്‌ട്രീയ വിമോചനം' എന്ന ലേഖനത്തില്‍ (വിമോചനത്തിന്റെ പാത - ഐ പി എച്ച്) മൌദൂദിയുടെ വിശകലനങ്ങളെ കൂറേക്കൂടി ലളിതമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. "ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കാത്ത എല്ലാ വ്യവസ്ഥകളിലും മനുഷ്യന്‍ മനുഷ്യന്റെ അടിമയായിരിക്കും. ചിലര്‍ നിയമനിര്‍മാതാക്കളും മറ്റുള്ളവര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളും. നിയമനിര്‍മാണത്തിന്റെ പരമാധിപത്യം മനുഷ്യന് നല്‍കുന്ന ഏത് വ്യവസ്ഥയുടെയും അവസ്ഥ ഇതുതന്നെ''. "ജനാധിപത്യവ്യവസ്ഥയില്‍ പരമാധികാരം പാര്‍ലമെന്റിനായിരിക്കും. അഥവാ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്. അവിടെയും (പാര്‍ലമെന്റില്‍) തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും വ്യക്തികളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കും ഇച്ഛകള്‍ക്കുമൊത്ത് നിയമം നിര്‍മിക്കപ്പെടുന്നു. ഫലത്തില്‍ രണ്ട് ഘടനയിലും മേധാവിത്വം മനുഷ്യേച്ഛയ്‌ക്കു തന്നെ.''

ജമാഅത്തെ ഇസ്ളാമിയുടെ 'ഇടതുപക്ഷ' രാഷ്‌ട്രീയം

ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഒരു രാഷ്‌ട്രീയ പാര്‍ടി രൂപീകരിക്കുമെന്നും അതിന്റെ മുന്നോടിയായി ഏതാനും മാസങ്ങള്‍ക്കകം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിക്കുമ്പോള്‍, രൂപീകരണകാലം മുതല്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'രാഷ്‌ട്രീയത്തെ' സംബന്ധിച്ച നിലപാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നുവെന്ന് വേണം അനുമാനിക്കാന്‍. നൂറുകണക്കിന് പ്രാദേശിക - ദേശീയ, മത-വര്‍ഗീയ പാര്‍ടികള്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ജമാഅത്തെ ഇസ്ളാമികൂടി രംഗപ്രവേശം ചെയ്യുന്നതോടെ, അതില്‍നിന്ന് ഭിന്നമായി എന്തെങ്കിലും ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ രാഷ്‌ട്രീയത്തെയും ജനാധിപത്യത്തെയും മനസ്സിലാക്കുന്നതില്‍ തങ്ങള്‍ക്ക് പറ്റിയ ചരിത്രപരമായ പിശക് തുറന്നുസമ്മതിക്കാനുള്ള സാമാന്യമര്യാദ അവര്‍ പ്രകടിപ്പിക്കേണ്ടതായിരുന്നു. അതിന് മുതിരാതെ അധഃസ്ഥിത- അടിസ്ഥാന വര്‍ഗത്തിന്റെ മൌലിക പ്രശ്‌നങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ജനകീയ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചും അവരുയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ ശബ്‌ദാനുകരണം നടത്തിയും കേരള രാഷ്‌ട്രീയത്തിലേക്ക് പിന്‍വാതില്‍ പ്രവേശം നടത്താന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനം തുറന്നു കാട്ടുന്നത്.

ജമാഅത്തെ ഇസ്ളാമിക്ക് എല്ലാ കാലത്തും രാഷ്‌ട്രീയമുണ്ടായിരുന്നുവെന്ന് അതിന്റെ നേതൃത്വം ഇപ്പോള്‍ വിശദീകരിക്കുമ്പോള്‍ അതിന്റെ മുദ്രാവാക്യവും ഉള്ളടക്കവും എത്രത്തോളം മാറിയെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. കേരളത്തില്‍ ജനിച്ചുവീഴുന്ന ഏതൊരു കുഞ്ഞും ആദ്യം പഠിക്കുന്നത് 'ഇന്‍ക്വിലാബ് സിന്ദാബാദ് ' ആയിരിക്കുമെന്ന് തെല്ല് പരിഹാസത്തോടെ ചിലരൊക്കെ പ്രചരിപ്പിക്കാറുണ്ട്. എന്തായാലും ജമാഅത്തെ ഇസ്ളാമിയുടെ മുദ്രാവാക്യങ്ങളില്‍ ഇതുണ്ടായിരുന്നില്ലെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. പക്ഷേ എസ് ഐ ഒ, സോളിഡാരിറ്റി എന്നീ സംഘടനകള്‍ കുറച്ചുകാലമായി ഇന്‍ക്വിലാബില്‍നിന്നാണ് തുടങ്ങുന്നത്. 'ഇന്‍ഖ്വിലാബ്' എന്ന അറബിപദത്തില്‍നിന്നാണ് ഇന്‍ക്വിലാബ് എന്ന പദം രൂപപ്പെട്ടതെന്നും അതുകൊണ്ടുതന്നെ ഇത് ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങള്‍ക്ക് വിളിക്കാവുന്ന ഒരു രാഷ്‌ട്രീയമുദ്രാവാക്യമാണെന്നും വിശദീകരിക്കപ്പെടാറുണ്ട്. എന്നാല്‍ ആ മുദ്രാവാക്യം ഇന്ത്യയിലും കേരളത്തിലുമുണ്ടാക്കിയ പ്രക്ഷുബ്‌ധവും, വിപ്ളവോന്മുഖവുമായ ചരിത്രമുഹൂര്‍ത്തങ്ങളുടെ പങ്കുപറ്റാനുള്ള ശ്രമമായിട്ടായിരുന്നു ഇക്കൂട്ടര്‍ 'ഇന്‍ക്വിലാബ് സിന്ദാബാദ് ' സ്വീകരിച്ചതെന്ന് ഇപ്പോള്‍ കുറേക്കൂടി വ്യക്തമായിരിക്കുന്നു. മുസ്ളിംലീഗ് കൈകാര്യംചെയ്യുന്ന സാമുദായിക രാഷ്‌ട്രീയം തങ്ങളുടെ അജന്‍ഡയിലില്ലെന്ന് ജമാഅത്തെ ഇസ്ളാമിയുടെ നേതൃത്വം അവകാശപ്പെടുമ്പോള്‍ കേരളത്തിലെ വര്‍ഗപരമായി സംഘടിപ്പിക്കപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളുടെ ശിഥിലീകരണത്തിലൂടെ കരുത്താര്‍ജിക്കുകയാണ് തങ്ങളുടെ അജന്‍ഡയെന്ന് ജമാഅത്ത് നേതൃത്വം പറയാതെ പറയുകയാണ്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ളാമി ഇടതുപക്ഷത്തിനനുകൂലമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത് എന്ന് സമ്മതിക്കുമ്പോള്‍തന്നെ പിന്തുണ നിരുപാധികമായിരുന്നുവെന്ന് കൂടി വ്യക്തമാണ്. വര്‍ഗീയ-ഫാസിസത്തിനും, സാമ്രാജ്യത്വത്തിനുമെതിരായ ഇടതുപക്ഷത്തിന്റെ സുദൃഢമായ നിലപാടുകള്‍ക്കുള്ള പിന്തുണയെന്നാണ് ജമാഅത്ത് നേതൃത്വം അതത് സമയങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്. വര്‍ഗീയതക്കും സാമ്രാജ്യത്വത്തിനുമെതിരായ നിലപാട് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ 'ഐഡന്റിറ്റി'യുടെ ഭാഗമാണെന്നിരിക്കെ ഇതിന്റെ പേരില്‍ ലഭിക്കുന്ന നിരുപാധിക വോട്ടുകള്‍ വേണ്ടെന്ന് വെക്കേണ്ട കാര്യമില്ല. പിന്തുണ പ്രഖ്യാപിക്കുമ്പോഴും ഇടതുപക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ജമാഅത്തെ ഇസ്ളാമി മടിക്കാറില്ല. കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പില്‍ മുസ്ളിങ്ങളുടെ സംഘടിത ശക്തിയെ തകര്‍ക്കാന്‍ സിപിഐ എം ശ്രമിച്ചതുകൊണ്ടാണ് പൊന്നാനിയില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് വിശദീകരിക്കപ്പെട്ടു. അതോടൊപ്പം വയനാട്ടില്‍ എം ഐ ഷാനവാസിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതിലെ സാംഗത്യം മുസ്ളിങ്ങള്‍ കൂടുതല്‍ പാര്‍ലമെന്റിലെത്തണമെന്നതായിരുന്നു. എം ഐ ഷാനവാസിന്റെ മുഖ്യ എതിരാളി അഡ്വ. റഹ്മത്തുള്ളയായിരുന്നുവെന്ന് കൂടി ഓര്‍ക്കുക.

ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയനിലപാടുകള്‍ കേരളത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നത് കിനാലൂരിന്റെ പശ്ചാത്തലത്തിലാണ്. കിനാലൂര്‍ നന്ദിഗ്രാമിന്റെ ആവര്‍ത്തനമാകുമായിരുന്നുവെന്നാണ് ജമാഅത്തെ ഇസ്ളാമി നേതൃത്വം കൊടുക്കുന്ന സമരക്കാരും യുഡിഎഫ് നേതാക്കളും പറയുന്നത്. കിനാലൂര്‍ സംഭവത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് നന്ദിഗ്രാമിന്റെ ശില്‍പ്പികള്‍തന്നെയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ജമാഅത്തെ ഇസ്ളാമി, യുഡിഎഫ്, എസ്‌ഡിപിഐ, ഏകോപന സമിതിക്കാര്‍, ഒടുവില്‍ സംഘപരിവാര്‍, പിന്നെ മാധ്യമങ്ങളും. കേരളത്തിലെ ഏതൊരു തെരുവിലും തൊഴിലിടങ്ങളിലും കണ്ടുമുട്ടുന്ന മനുഷ്യരില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനോ, അനുഭാവിയോ ഇല്ലാതിരിക്കില്ല. അവരുടെ പച്ചയായ ജീവിതത്തിന്റെ സത്യസന്ധതയും, സദാചാരബോധവും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ വിപുലപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നിട്ടും നന്ദിഗ്രാമിലെന്നപോലെ കിനാലൂരിലും ഒരുതരം അപസര്‍പ്പക കഥ മെനഞ്ഞുകൊണ്ടാണ് 'കിനാലൂര്‍സഖ്യം' മലയാളിക്ക് സഖാക്കളെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അതിന് മുന്നിട്ടിറങ്ങുന്നതാവട്ടെ എം ജി എസ് നാരായണനെപ്പോലുള്ള അറിയപ്പെടുന്ന ചരിത്രകാരന്മാര്‍! ഒരൊറ്റ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ "കിനാലൂരില്‍ എത്തുമ്പോള്‍തന്നെ ഞങ്ങളെ എതിരേറ്റത് മുഴുക്കുടിയനായ ഒരു പാര്‍ടി പ്രവര്‍ത്തകന്‍. വല്ലാതെ അസഭ്യം പറഞ്ഞാണ് അയാള്‍ ഞങ്ങളെ വിട്ടത്. ഒരു മുന്‍വിധിയുമില്ലാതെയാണ് ഞങ്ങള്‍ വന്നത് എന്ന് എത്രപറഞ്ഞിട്ടും അയാള്‍ക്ക് മനസ്സിലായില്ല.'' (എം ജി എസ്: മാധ്യമം ദിനപത്രം മെയ് 19).

ഇടതുപക്ഷത്തിന്റെ 'നയവ്യതിയാന'ത്തില്‍ ഖിന്നരായി 'ബദല്‍ ഇടതുപക്ഷ' നിര്‍മിതി നടത്തിക്കൊണ്ടിരിക്കുന്ന സി ആര്‍ നീലകണ്ഠനെപ്പോലുള്ളവര്‍ കുറേക്കാലമായി ജമാഅത്തെ ഇസ്ളാമിക്ക് കൂട്ടായുണ്ട്. നേരത്തെതന്നെ ഇടതുപക്ഷമുദ്രാവാക്യങ്ങളുടെ ശബ്‌ദാനുകരണത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ജമാഅത്തിന്റെ സമരങ്ങളില്‍ 'ഇടതുപക്ഷ കെട്ടുകാഴ്ച'കളായി ഇവര്‍ അവതരിപ്പിക്കപ്പെടാറുണ്ട്.

സി ആര്‍ നീലകണ്ഠന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "മുഖ്യധാരാ കക്ഷികള്‍ കൈയാഴിഞ്ഞ ഒട്ടനവധി ജനകീയ സമരങ്ങളെ സോളിഡാരിറ്റി പിന്താങ്ങുന്നുണ്ട്. ചെങ്ങറ,മൂലമ്പിള്ളി, പ്ളാച്ചിമട, ദേശീയപാത വികസനം, കരിമണല്‍ ഖനനം, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സമരങ്ങളിലെല്ലാം അവരോടൊപ്പംനിന്ന ഒരാളാണ് ഞാന്‍'' (മാധ്യമം മെയ് 16) . മേല്‍ സൂചിപ്പിക്കപ്പെട്ട വിഷയങ്ങളില്‍ ഒരു ജനകീയ ഗവണ്‍മെന്റ് കൈക്കൊണ്ട നിലപാടുകളാണ് ആ ഗവണ്‍മെന്റിന്റെ വര്‍ഗസമീപനം നിര്‍ണയിക്കുന്നതെന്ന സാമാന്യതത്വമെങ്കിലും ഇവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത് ഇരുകൂട്ടരുടെയും പൊതുലക്ഷ്യം ഒന്നായതുകൊണ്ടാണ്. അത് കേരളത്തിലെ സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് മാത്രമാണ്. സമീപകാല സംഭവങ്ങള്‍ ഈ യാഥാര്‍ഥ്യം കൂടുതല്‍ തെളിമയോടെ വെളിച്ചത്തുകൊണ്ടുവരുന്നു. പ്രശ്‌നങ്ങളോട് ഇവരെടുക്കുന്ന അവസരവാദപരമായ നിലപാട് ഇവരുടെ ഇടതുപക്ഷ വിരുദ്ധമുഖം കൂടുതല്‍ വ്യക്തമാക്കപ്പെടുന്നു. വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നത്തില്‍ എം പി വീരേന്ദ്രകുമാര്‍ ഒരു പ്രധാന കണ്ണിയാണെന്ന് ജനം വിശ്വസിച്ചുതുടങ്ങിയതോടെ ഈ വിഷയം ഇപ്പോള്‍ ഇവരുടെ അജന്‍ഡയിലില്ല. സമീപകാലത്ത് പ്ളാച്ചിമടയിലെ സമരപ്പന്തല്‍ അടിച്ചുപൊളിച്ച അക്രമികള്‍സമരക്കാരെ കൈകാര്യം ചെയ്തപ്പോഴും ഈ 'അധഃസ്ഥിത' പ്രേമക്കാര്‍ അതിന്റെ ഏഴയലത്ത്പോലും പോയില്ല. സുനന്ദ പുഷ്‌ക്കറിന്റെ വിയര്‍പ്പിന് മുപ്പതുകോടി വിലയിട്ടാല്‍ അത് അധികമാവില്ലെന്ന് സി ആര്‍ നീലകണ്ഠനെപ്പോലുള്ളവര്‍ ന്യായീകരിച്ചപ്പോള്‍ ഇവര്‍ ആര്‍ക്കുവേണ്ടി കുഴലൂത്തു നടത്തുന്നുവെന്ന് വ്യക്തമാണ്. നന്ദിഗ്രാമും സിംഗൂരും വല്ലാത്തൊരാവേശത്തോടെ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ഇന്ത്യയിലെ സാമാന്യ ജനങ്ങളുടെ ജീവന് മൊത്തവിലയിടുന്ന ആണവബാധ്യതാബില്ല് ഒരു ദില്ലികാര്യം മാത്രമാണ്.

കിനാലൂരിലെ നാലുവരിപ്പാതയിലൂടെ അനായാസം കേരളരാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലെത്താമെന്ന ജമാഅത്തെ ഇസ്ളാമിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. കോഴിക്കോട്ടുവെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയ ലീഗ് നേതാക്കള്‍ തന്നെ ജമാഅത്തെ ഇസ്ളാമിയുടെ മതരാഷ്‌ട്രീയ വാദവും ലീഗിന്റെ നിലപാടും ഐക്യപ്പെടുന്ന പ്രശ്‌നമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. മതരാഷ്‌ട്രീയത്തിന്റെ മുഖം മറയ്ക്കാന്‍ വര്‍ഗരാഷ്‌ട്രീയത്തിന്റെ മൂടുപടമണിഞ്ഞ ജമാഅത്തെ ഇസ്ളാമി ഈ വിവാദത്തിലൂടെ സ്വയം നഗ്നരാക്കപ്പെട്ടിരിക്കുന്നു.

ഒരു മുദ്രാവാക്യവും അതിന്റെ കാവ്യഭംഗികൊണ്ടോ പ്രാസഗുണംകൊണ്ടോ ഒരു സമൂഹവും ഏറ്റെടുത്തിട്ടില്ല. ഒരു കൊടിയും അതിന്റെ നിറമഹിമകൊണ്ട് ഒരു ജനതയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടില്ല. നീതിനിഷേധത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ക്കുവേണ്ടി ആത്മാര്‍ഥ സമര്‍പ്പണം ചെയ്യപ്പെടുന്നവരുടെ കണ്ഠങ്ങളില്‍ നിന്നുയരുമ്പോഴേ മുദ്രാവാക്യങ്ങള്‍ അന്വര്‍ഥമാവുകയുള്ളൂ. വാക്കുകള്‍ക്കതീതമായ പോരാട്ടങ്ങളിലൂടെ കാലത്തെ അതിജീവിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനഹൃദയങ്ങളില്‍നിന്നാട്ടിയിറക്കി ശുദ്ധികലശം നടത്താന്‍ ഒരു ബക്കറ്റ് വെള്ളവും ഒരു കുറ്റിച്ചൂലും ഒരുക്കിയവര്‍ക്ക് അത് സ്വയം തലയിലൊഴിച്ച് അപഹാസ്യരാവേണ്ടിവന്നത് കാലം അപൂര്‍വമായി മാത്രം വിധിക്കുന്ന സ്വാഭാവിക നീതിയല്ലാതെ മറ്റൊന്നുമല്ല.

ഇടതുപക്ഷ വായാടിത്തത്തിന്റെ പല്ലിന് ശൌര്യം കുറഞ്ഞിരിക്കുന്നു. അവസരവാദത്തിലൂടെ അവര്‍ പ്രതിലോമ രാഷ്‌ട്രീയക്കാരുടെയും മത രാഷ്‌ട്രീയക്കാരുടെയും വാലാണെന്ന് ഇടതുപക്ഷ സമൂഹം കൂടുതല്‍ അടുത്തറിയുന്നു. വ്യാവസായികമായി മരവിച്ചുപോയ കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിജ്ഞാബദ്ധത മന്ത്രി എളമരം കരീമിലൂടെ സത്യസന്ധമായി നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ സാങ്കേതിക നൂലാമാലകള്‍പോലും വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് കിനാലൂരിലെ ഭൂമിയുടെ അവകാശികളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? കിനാലൂരിലെ നിര്‍ദിഷ്ട റോഡിന്റെ ഇരുഭാഗത്തും താമസിക്കുന്നവര്‍ക്കിടയില്‍ ഹിതപരിശോധന നടത്താമെന്ന ധനമന്ത്രിയുടെ നിര്‍ദേശം സ്വീകാര്യമാവാത്തതെന്തുകൊണ്ടാണ്? കേരളം മാറുന്നുവെന്ന യാഥാര്‍ഥ്യത്തിനുനേര്‍ക്ക് കണ്ണടയ്‌ക്കുന്നവരുടെ കണ്ണുകളില്‍ മാത്രമേ ഇരുട്ടുപരക്കുകയുള്ളൂ. ഈ മാറ്റം ക്രിയാത്മകമാണ്. നാലുവര്‍ഷം മുമ്പ് അടഞ്ഞുകിടന്നിരുന്ന മുപ്പതോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സംസ്ഥാന ഖജനാവിന് കോടികള്‍ ലാഭമുണ്ടാക്കിക്കൊടുത്തിരിക്കുന്നു. നമ്മുടെ തൊഴില്‍ സംസ്കാരത്തിന്റെ നന്മകളെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടും തിന്മകളെ വിട്ടുവീഴ്ചയില്ലാതെ നിരാകരിച്ചുകൊണ്ടും മുന്നോട്ടുപോവുന്ന ഈ രീതി കേരളീയ സമൂഹം സഹര്‍ഷം സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ടുതന്നെ ദൈവിക ജനാധിപത്യത്തിന്റെ സ്വപ്‌നകാമുകന്മാര്‍ക്ക് ഇത് മോഹഭംഗത്തിന്റെ അശുഭകാലമാവാനേ തരമുള്ളൂ.

*****

അസീസ് തുവൂര്‍, കടപ്പാട് : ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇസ്ളാമിക സമ്പ്രദായത്തിലുള്ള ഭരണകൂടത്തിന് പുതിയ വല്ല പേരും കൊടുക്കാമെങ്കില്‍ ദൈവികജനാധിപത്യം (Theodemocracy) എന്നായിരിക്കും ഞാന്‍ നാമകരണം ചെയ്യുക. എന്തെന്നാല്‍ അതില്‍ ദൈവത്തിന്റെ ആധിപത്യത്തിനും മേല്‍ക്കോയ്മക്കും (Paramountacy) വിധേയമായിക്കൊണ്ടുള്ള ഒരു നിയന്ത്രിത ജനാധിപത്യം മുസ്ളിം ബഹുജനത്തിന് വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.'' അബ്‌ദുല്‍ അഅ്ലാ മൌദൂദിയുടെ 'ഇസ്ളാമിന്റെ രാഷ്‌ട്രീയ സിദ്ധാന്തം' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലഘു പുസ്‌തകത്തില്‍നിന്നുള്ള (ഐ പി എച്ച്) ഉദ്ധരണിയാണിത്. ദൈവിക ജനാധിപത്യം എന്നത് ജനകീയ ഇടപെടലുകളുടെ പരിമിതമായ സാധ്യതയാണ്. ഈ സാധ്യതപോലും മുസ്ളിങ്ങള്‍ക്കു മാത്രമായിരിക്കും. ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യ ഗവണ്‍മെന്റുകളെക്കുറിച്ചും മൌദൂദിയുടെ നിരീക്ഷണങ്ങളാണ് നയരൂപീകരണത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയെ ഏറ്റവും അധികം സ്വാധീനിച്ചിരുന്നത്. ജനാധിപത്യം, തെരഞ്ഞെടുപ്പ്, നിയമനിര്‍മാണം, പാര്‍ടി, നേതാവ് ഇതിനെക്കുറിച്ചൊക്കെ തികച്ചും വ്യത്യസ്തമായ കാഴ്‌ചപ്പാടായിരുന്നു ജമാഅത്തെ ഇസ്ളാമി വെച്ചുപുലര്‍ത്തിയിരുന്നത്.

CKLatheef said...

>>> അതുകൊണ്ടുതന്നെ ദൈവിക ജനാധിപത്യത്തിന്റെ സ്വപ്‌നകാമുകന്മാര്‍ക്ക് ഇത് മോഹഭംഗത്തിന്റെ അശുഭകാലമാവാനേ തരമുള്ളൂ.<<<

ഇഛാഭംഗവും മോഹഭംവും മാത്രമല്ല അശുഭകാലവും ആര്‍ക്കാണെന്ന് ഇന്ത്യന്‍ ജനത ലൈവായി കണ്ടുകൊണ്ടിരിക്കുന്നു. ഈ നഗ്നയാഥാര്‍ഥ്യത്തെ ഈ പോസ്റ്റിലെ അസംബന്ധങ്ങള്‍ കൊണ്ട് മറക്കാന്‍ കഴിയുമെങ്കില്‍ അത് കേരളത്തില്‍ സംഭവിക്കുന്ന മറ്റൊരത്ഭുതമായിരിക്കും.

vaachalan വാചാലന്‍ said...

ജനാധിപത്യത്തോടൂം പാര്‍ലമെന്റിനോടൂമുള്ള ഇടത് കാഴ്ചപ്പാടു കൂടി വിശദീകരിക്കൂ പ്രഭോ