Sunday, May 4, 2008

വായ്‌നോട്ടത്തിന്റെ രാഷ്ട്രീയം

The history of cinema is the history of boys photographing girls.

Jean-Luc Godard

നോക്കു കൂലി ആവശ്യമില്ലാത്ത രണ്ടു തരം നോട്ടങ്ങള്‍ കേരളത്തില്‍ സജീവമാണ്. സ്ത്രീകള്‍ നേരിടുന്ന തുറിച്ചു നോട്ടവും ഒളിഞ്ഞുനോട്ടവുമാണത്. ഊഷ്മളവും ആരോഗ്യകരവുമായ സ്ത്രീ പുരുഷ ബന്ധങ്ങളുടെ അഭാവം എന്ന മൂലകാരണത്തിന്റെ രോഗലക്ഷണമായ ഈ അവസ്ഥ സ്ത്രീയുടെ അടിമത്തപദവിയെയും രണ്ടാം തരം പൌരത്വത്തെയും കൂടുതല്‍ ഉറപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. തുല്യതയിലധിഷ്ഠിതമായ ആധുനിക ജനാധിപത്യ സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനു വേണ്ടി പ്രയത്നിക്കുകയും പോരാടുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അതി കഠിനമായ പ്രയാസങ്ങളാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്. അതു കൊണ്ടു തന്നെ പരസ്പരാദരത്തോടു കൂടിയ മനുഷ്യ ബന്ധങ്ങള്‍ ആവിഷ്ക്കരിച്ചെടുക്കുക എന്ന രാഷ്ട്രീയ കര്‍ത്തവ്യത്തിന്റെ ഭാഗമായി ഈ രംഗത്തെ സമരം തീവ്രതയോടെ മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. സ്ത്രീയെ വിധേയപ്പെടുത്തുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം പുരുഷസമൂഹത്തിന്റെ സാമൂഹ്യവും സ്വകാര്യവുമായ ആഹ്ലാദത്തിനുള്ള ഒരുപാധിയും ഉപകരണവുമായി ചരക്കുവത്ക്കരിക്കുകയും ചെയ്യുക എന്ന ഇരട്ടദൌത്യമാണ് ആധുനിക മാധ്യമങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മലയാള സംസാര ഭാഷയില്‍ സ്ത്രീശരീരത്തിന് ചരക്ക് എന്ന് വിളിപ്പേരു തന്നെയുണ്ട്. കേരള സമൂഹത്തിന്റെ മുതലാളിത്ത വല്‍ക്കരണം പൂര്‍ണമായിട്ടില്ലെങ്കിലും ഈ വാക്‍പ്രയോഗത്തിന്റെ കാര്യത്തിലെങ്കിലും അത് പൂര്‍ണമായിക്കഴിഞ്ഞതായി കണക്കാക്കാം.

സിനിമ, ടെലിവിഷന്‍, ഇന്റര്‍ നെറ്റ്, പത്രങ്ങളും ആനുകാലികങ്ങളുമടക്കമുള്ള അച്ചടി മാധ്യമങ്ങള്‍, വേഷവിധാനം, ഫാഷന്‍, എന്നു തുടങ്ങി സാമാന്യ ജനങ്ങള്‍ പങ്കിട്ടു പോരുന്ന തമാശകളും പരദൂഷണങ്ങളും വരെ നോട്ടത്തിലൂടെയുള്ള കീഴ്പ്പെടുത്തലിന്റെ രാഷ്ട്രീയത്തെ ഉള്‍വഹിക്കുന്നു. വായ് നോട്ടം എന്ന പദപ്രയോഗം തന്നെ നാട്ടുവഴക്കങ്ങളില്‍ ഇതു സംബന്ധമായി സ്ഥാനം പിടിച്ചിട്ടുണ്ട്. സിനിമയിലേക്കും പൊതു മണ്ഡലത്തിലേക്കുമുള്ള സ്ത്രീയുടെ കടന്നുവരവിനെ നിയന്ത്രിക്കുന്ന പുരുഷാധിപത്യത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ അധികാരപ്രയോഗം കൂടിയാണ് ഈ നോട്ടം/കീഴ്പ്പെടുത്തല്‍ എന്ന പ്രക്രിയയും അതിന്റെ അനുബന്ധമായ ഗോസിപ്പുകളും.

എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് സ: സിന്ധു ജോയ് പൈങ്കിളിക്കഥയിലെ നായികയാണെന്നും സമരങ്ങളില്‍ അപകടം പിണഞ്ഞത് വെറും അഭിനയമാണെന്നും, കൂടാതെ കാമുകനോടൊപ്പം വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ കറങ്ങലും സിനിമ കാണലും മാത്രമേ പണിയുള്ളൂ എന്നും ജില്ലാ തല പ്രവര്‍ത്തകര്‍ ആക്ഷേപിച്ചു എന്നാണ് നേരിട്ടു കണ്ടതുപോലെ ഒരു പ്രധാന പത്രം ഗോസിപ്പുകോളത്തില്‍ എഴുതിവിട്ടത്. പൊതുജീവിതത്തിലേക്ക് സധൈര്യം പ്രവേശിക്കുന്ന സ്ത്രീകളെ അപവാദപ്രചാരണം നടത്തി ഒതുക്കി വീടിന്റെയും കുടുംബത്തിന്റെയും ഇരുളടഞ്ഞ നാലതിര്‍ത്തിക്കുള്ളിലേക്ക് തിരിച്ചയക്കുക എന്ന പുരുഷാധിപത്യതന്ത്രമാണിവിടെ പ്രാവര്‍ത്തികമായത്.

'പൈതൃകങ്ങള്‍' കൊണ്ട് സമ്പന്നമായ ചരിത്രാഖ്യാനപദ്ധതികളുടെ ഗുണഭോക്താക്കളായ വര്‍ത്തമാന സമൂഹം സ്ത്രീകളെ സ്വന്തം ലൈംഗികാഭിരുചി തുറന്ന് പ്രകടിപ്പിക്കുന്നതില്‍ നിന്ന് വിലക്കി നിര്‍ത്തുന്നു. സ്വന്തം ശരീരത്തിനും മനസ്സിനും മേല്‍ യാതൊരു അധികാരവുമില്ലാത്ത ഉപഭോഗവസ്തു മാത്രമായിട്ടാണ് സ്ത്രീകളെ സമൂഹം പരിഗണിക്കുന്നത്. ഒളിഞ്ഞുനോട്ടത്തിനും കടന്നാക്രമണത്തിനും ആധിപത്യത്തിനും വിധേയമാക്കപ്പെടുന്ന 'ചരക്കാ'യി നില്‍ക്കാനും ചലിക്കാനും മാത്രമാണ് സ്ത്രീകള്‍ക്കവകാശമുള്ളത്. പൊതുജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഏതു സ്ത്രീകള്‍ക്കെതിരെയും ഇത്തരം അശ്ളീലകഥകള്‍ വെടിവട്ടം, പരദൂഷണം, എസ് എം എസ്, തീവണ്ടിക്കക്കൂസുകളിലെ ചുമരെഴുത്തുകള്‍, ഗോസിപ്പുകോളങ്ങള്‍ എന്നിവയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നതാണ് സത്യം.

സ്ത്രീ/പുരുഷന്‍, നല്ല സ്ത്രീ/ചീത്ത സ്ത്രീ, കുടുംബിനി/വേശ്യ, കുടുംബിനി/പൊതു മണ്ഡലത്തിലെ സ്ത്രീ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങള്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുകയും സിനിമകളിലും സീരിയലുകളിലും മറ്റ് മാധ്യമങ്ങളിലും ഉറപ്പിച്ചെടുക്കുകയും ചെയ്യുന്നു. സ്ത്രീത്വത്തെക്കുറിച്ചുള്ള ഇത്തരം മാധ്യമാവതരണങ്ങള്‍ ഒരു അനൌപചാരിക വിദ്യാഭ്യാസപദ്ധതിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യപ്പെടും. പഞ്ചാരയടി മുതല്‍ ശാരീരികാക്രമണങ്ങള്‍ വരെയുള്ള പൊതു സ്ഥലങ്ങളിലെ സ്ത്രീ പീഡനങ്ങള്‍, അവയെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വാര്‍ത്തകള്‍, പത്ര/ടിവി പരസ്യങ്ങളിലും ബോര്‍ഡുകളിലുമുള്ള സ്ത്രീ ശരീരത്തിന്റെയും അവളുടെ സാമൂഹ്യ ധര്‍മത്തിന്റെയും ചിത്രീകരണം എന്നിവ അവളെ കേവലം ലൈംഗിക ഉപകരണം മാത്രമാക്കി പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു വ്യവസായം എന്ന നിലയിലും കലാമാധ്യമം എന്ന നിലയിലും ചലച്ചിത്രമേഖലയുടെ ഘടന പരിശോധിക്കപ്പെടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉയര്‍ന്നു വരും. സിനിമയുടെ ഇതിവൃത്തപരവും ആഖ്യാനപരവും ബിംബപരവുമായ വ്യാഖ്യാനങ്ങളും വ്യവഹാരങ്ങളും എപ്രകാരമാണ് രൂപപ്പെടുന്നതെന്നും ആസ്വദിക്കപ്പെടുന്നതെന്നും അപഗ്രഥിക്കേണ്ടതാണ്. തുല്യതക്കു വേണ്ടി നിലക്കൊള്ളുന്ന സ്ത്രീകളെ പാഠം പഠിപ്പിക്കുന്നതും പുരുഷന് കീഴ്പ്പെടുത്തുന്നതുമായ ഇതിവൃത്തങ്ങളാണ് സിനിമയിലും സീരിയലിലും ജനപ്രിയമാകുന്നതെന്നു കാണാം. ത്യാഗം, പീഡനം, കരച്ചില്‍, കഴിവില്ലാത്ത ഭാര്യ അഥവാ അമ്മ എന്നീ ഘടകങ്ങള്‍ സീരിയലുകളില്‍ തുടരെ തുടരെ ആവര്‍ത്തിക്കുന്നതു കാണാം.

നരവംശ ചരിത്രത്തിലെ തന്നെ സവിശേഷമായ ഒരു സംസ്കാര രൂപമാണ് സിനിമ. പുതിയ കാലത്തെ ഫോക്‍ലോറായ സിനിമ അതാത് നാടിന്റെ പ്രാദേശിക സംസ്കാരത്തെ ഉള്‍വഹിക്കുന്നുണ്ട്. അതാതു കാലത്തെ ജനപ്രിയതാരൂപീകരണത്തില്‍ സിനിമ ചെലുത്തുന്ന സ്വാധീനം നിര്‍ണായകമാണ്. ജനപ്രിയമായ സാമാന്യബോധം എന്ന അധീശത്വത്തിന്റെ ഭാഷയാണ് നമ്മുടെ ആഹ്ലാദത്തെ തീരുമാനിക്കുന്നത്. ആരാണ് എന്താണ് കാണുന്നത് എന്നും എങ്ങിനെയാണ് ആളുകള്‍ കാണുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ ചോദ്യങ്ങളില്‍ നിന്ന്, ഒരു സാമൂഹ്യ/സ്വകാര്യ കാഴ്ചവസ്തു (ഓബ്ജക്ട്) എന്ന നിലയില്‍ സ്ത്രീ ശരീരത്തെ/മനസ്സിനെ പരുവപ്പെടുത്തുന്നതെങ്ങനെ എന്ന് അപഗ്രഥിക്കാന്‍ കഴിയും. അടുത്ത കാലത്തു നടന്ന സാരി / ചുരിദാര്‍ വിവാദവും മുണ്ട് / പാന്റ്സ് സംവാദവും തമ്മില്‍ താരതമ്യപ്പെടുത്തുക. സ്ത്രീ ശരീരം ഒരു ലൈംഗിക ഉപകരണമാണെന്നും പുരുഷന്റെ കാമാര്‍ത്തമായ കണ്ണുകളില്‍ നിന്ന് അതിനെ സംരക്ഷിച്ചു നിര്‍ത്തുകയാണ് വസ്ത്രത്തിന്റെ ധര്‍മ്മം എന്ന നിലയിലാണ് സാരി അഥവാ ചുരിദാര്‍ എന്ന വിഷയം കൈകാര്യം ചെയ്യപ്പെട്ടത്. പാന്റ്സും മുണ്ടും തമ്മിലുള്ള തര്‍ക്കമാകട്ടെ, മതം, വര്‍ഗീയത, തനിമ തുടങ്ങിയ 'കൂടിയ' ഇനം വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു.

കാഴ്ചയുടെ ആഹ്ലാദത്തിന് രണ്ട് പ്രധാനപ്പെട്ട തലങ്ങളുണ്ട്. കാണുന്നതിലെ ആഹ്ലാദവും കാണപ്പെടുന്നതിലെ ആഹ്ലാദവുമാണത്. ഒളിഞ്ഞുനോട്ടം എന്ന പ്രക്രിയയും വിശദമായി അപഗ്രഥിക്കാവുന്നതാണ്. സിനിമാതിയറ്റര്‍ സൃഷ്ടിക്കുന്ന കൃത്രിമമായ ഇരുട്ടില്‍ നിഴലും വെളിച്ചവും തമ്മിലുള്ള പാരസ്പര്യം ഒളിഞ്ഞുനോട്ടക്കാരനായ കാണിയുടെ ആഹ്ലാദത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. കാഴ്ചയിലൂടെ ലൈംഗിക ഉത്തേജനം തന്നെ സംഭവിക്കുന്നതായി മനശ്ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിക്കുന്നു. സ്ത്രീ എന്നത് പ്രദര്‍ശിപ്പിക്കേണ്ടവളാണ് എന്ന ധാരണയും ഈ പ്രക്രിയയിലൂടെ വ്യവസ്ഥാപിതമാവുന്നു. ഇന്ത്യന്‍ സിനിമകളിലെ പാട്ടുരംഗങ്ങളുടെ വ്യവസ്ഥ ഈ നോട്ടം/ആഹ്ലാദം/ഉത്തേജനം എന്ന പ്രക്രിയക്കു വേണ്ടി മാത്രം നിര്‍മിച്ചെടുക്കുന്നവയാണ്. വാക്കുകളുടെ ഘടന പോലും ഈ വ്യവസ്ഥയെ ഉറപ്പിച്ചെടുക്കുന്നു. വിജയ് /അസിന്‍ ജോടികളുടെ ഹിറ്റ് സിനിമയായ പോക്കിരിയിലെ ഒരു പാട്ടിപ്രകാരമാണ്. എന്‍ ചെല്ലപ്പേര് ആപ്പിള്‍ നീ സൈസാ കടിച്ചുക്കോ, എന്‍ സ്വന്ത ഊര് ഊട്ടി എന്നെ സ്വെറ്ററാ പോട്ടുക്കോ, ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സ്ത്രീ ശരീരത്തെയും ലൈംഗികതയെയും ചരക്കുവത്ക്കരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ് ഇത്തരം ഗാനങ്ങളുടെ രചന/സംഗീതം/അവതരണം എന്ന് ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. സിനിമ മുഴുവനായി കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ പോലും ഇത്തരം ഗാനരംഗങ്ങളോട് ആഭിമുഖ്യം കാണിക്കുന്നതായും അവ റിയാലിറ്റി ഷോകളിലൂടെ നൂറുവട്ടം ആവര്‍ത്തിക്കുന്നതായും കാണാം. പാട്ടിലെ ലൈംഗിക ദ്വയാര്‍ത്ഥ വരികള്‍ക്കനുസരിച്ചുള്ള ചുവടു വയ്പുകളും കുണുങ്ങലുകളുമാണ് ഗാനമേളകളിലും അതേ സ്റ്റേജിലരങ്ങേറുന്ന നൃത്തങ്ങളിലുമുള്ളത്. ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനോട് ജീവനുള്ള കമ്പിളി വേണോ എന്നു സുഹൃത്തായ സായികുമാര്‍ ചോദിക്കുന്നത് ഇതേ ഭാവുകത്വത്തിന്റെ മറ്റൊരു വെളിപ്പെടലാണ്.

സൂപ്പര്‍ താരങ്ങള്‍ക്ക് പ്രായം കൂടി വരുന്നതിന്റെ ഭാഗമായി താരതമ്യേന പ്രായം കുറഞ്ഞവരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുറത്തു വരുന്ന കാമ്പസ് കഥകളുടെ ആഖ്യാനങ്ങള്‍ക്ക് മലയാള സിനിമയില്‍ ഈയിടെയായി വന്‍ വരവേല്‍പ് ലഭിക്കുന്നുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്സ്(2006) അക്കൂട്ടത്തിലൊന്നാണ്. ക്ലാസ്‌മേറ്റ്സ് വമ്പിച്ച ഹിറ്റായിത്തീര്‍ന്നതെങ്ങനെ എന്നു പരിശോധിക്കുമ്പോള്‍ കൌതുകകരവും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതുമായ നിഗമനങ്ങളിലാണ് നാം എത്തിച്ചേരുക. പഴയ കോളേജ് ജീവിതത്തിന്റെ ഓര്‍മകള്‍ പുതുക്കപ്പെടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയത്തിനുപുറകിലെന്നാണ് ധാരാളമാളുകള്‍ കരുതുന്നത്. പുതുതായി റിലീസ് ചെയ്യുന്ന സിനിമയുടെ ഏതെങ്കിലുമൊരു ക്ലിപ്പിംഗ് ടെലിവിഷനില്‍ കാണിച്ചാല്‍ അത് സിനിമയുടെ വിജയത്തിന് പ്രതിബന്ധമായിത്തീരും എന്നു കരുതി അത് നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്ലാസ്‌മേറ്റ്സിലെ 'എന്റെ ഖല്‍ബിലെ' എന്നു തുടങ്ങുന്ന ഗാനരംഗം തുടര്‍ച്ചയായി എല്ലാ ചാനലുകളിലും ആവര്‍ത്തിച്ചത് സിനിമയുടെ ജനപ്രിയതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഈ ഗാനം കേരളീയസംസ്ക്കാരത്തിലലിഞ്ഞുചേര്‍ന്നിട്ടുള്ള മാപ്പിളപ്പാട്ടു ശീലുകളില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. കേട്ടു മടുത്ത അര്‍ദ്ധ-കര്‍ണാടക ചലച്ചിത്രഗാനങ്ങളില്‍ നിന്നുള്ള ഇത്തരം വഴിമാറലുകള്‍ പെട്ടെന്ന് ജനപ്രിയമാവുന്ന പതിവ് മുമ്പും മലയാളസിനിമയില്‍ (ലജ്ജാവതിയെ ഓര്‍ക്കുക) ഉണ്ടായിട്ടുണ്ട്.

എന്നാല്‍, കഥയിലൊളിപ്പിച്ചുവെച്ച ഊന്നലുകളിലൂടെ മുസ്ലിം ജീവിതത്തെ അപഹസിക്കുകയാണ് ക്ലാസ്‌മേറ്റ്സ് ചെയ്യുന്നത്. ബുര്‍ഖാ ധാരണത്തെ പരിഹസിക്കുന്ന ഒന്നിലധികം രംഗങ്ങള്‍ ഇതിന്റെ തെളിവാണ്. പെന്‍ഗ്വിന്‍ എന്നാണ് റസിയ(രാധിക) കളിയാക്കി വിളിക്കപ്പെടുന്നത്. തങ്ങളുടെ പെണ്‍കുട്ടി പ്രണയത്തിലകപ്പെട്ടു എന്നറിയുമ്പോള്‍ അവളെ പഠനത്തില്‍ നിന്ന് പിന്‍വലിക്കുന്ന മലയാളി മധ്യവര്‍ഗ കുടുംബ ശീലം തന്നെയാണ് റസിയയുടെയും താരാകുറുപ്പി(കാവ്യാമാധവന്‍)ന്റെയും കാര്യത്തിലും നടക്കുന്നത്. എന്നാല്‍ പതിനഞ്ചുവര്‍ഷം കഴിയുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? താരാകുറുപ്പ് ലോകപ്രശസ്തയായ ഒരു നര്‍ത്തകിയായി തിളങ്ങുമ്പോള്‍, റസിയ മാനസികവിഭ്രാന്തിക്കടിപ്പെട്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലും. അതായത്, ആധുനികമായ ഒരു ജീവിത സാഹചര്യം പ്രദാനം ചെയ്യുന്ന ഒന്നല്ല മുസ്ലിം സാമുദായികാവസ്ഥ എന്നാണ് പരോക്ഷമായി സൂചിപ്പിക്കപ്പെടുന്നത്. വേഷത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ കഥാപാത്രത്തെയും അവളോടുള്ള സമീപനത്തിന്റെയും അവളുടെ മേല്‍ പതിക്കുന്ന നോട്ടത്തിന്റെയും സൂക്ഷ്മാംശങ്ങളെ അപഗ്രഥിക്കാന്‍ സാധിക്കും. ഫ്രഞ്ച് കോളനി വാഴ്ചക്കെതിരായി നടന്ന മഹത്തായ അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരകാലത്ത് പര്‍ദ എങ്ങനെയാണ് ഒരു സ്വത്വ പ്രഖ്യാപനവും സമരായുധവുമായതെന്ന് ഫ്രാന്റ്സ് ഫാനന്‍ വിശദീകരിക്കുന്നുണ്ട്.

പുരുഷന്റെ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് പുറത്തുകടന്നാല്‍ സ്ത്രീജീവിതം പൊട്ടിച്ചിതറുമെന്ന ആശങ്കയാണ് അച്ഛനുറങ്ങാത്തവീടി(ലാല്‍ ജോസ്)നെ ഏറെക്കൂറെ യഥാതഥമായ അവതരണത്തിനൊടുവിലും അനാഥമാക്കുന്നത്. ക്ലാസ്‌മേറ്റ്സിനു ശേഷം പുതിയ തലമുറയെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ചോക്കളേറ്റ് 2007ലെ വന്‍ വിജയങ്ങളിലൊന്നാണ്. കോമഡി ചിത്രങ്ങള്‍ മുമ്പുമെടുത്ത് വിജയിപ്പിച്ചിട്ടുള്ള ഷാഫിയാണ് സംവിധായകന്‍. മലയാള സിനിമയിലെ ഉദിച്ചുയരുന്ന പുതുതാരമായ പൃഥ്വിരാജിന് അനുരൂപമായ വിധത്തില്‍ തയ്പിച്ചുകൊടുത്ത വേഷമാണ് ശ്യാമിന്റേത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ നിയമത്തിന്റെ പഴുതിലൂടെ കയറിപ്പറ്റിയ ശ്യാം തുടക്കത്തിലേ നായികയും വില്ലാളി വീരയുമായ റോമയുടെ ആന്‍ മാത്യുവിനോട് പറയുന്ന ഒരു വാചകമിതാണ്. ഞാന്‍ ഒന്നറിഞ്ഞ് പെരുമാറിയാല്‍ പിന്നെ നിനക്ക് പത്തു മാസം പണിയാവും. സ്ത്രീയെ ബലാത്സംഗത്തിലൂടെ തോല്‍പിക്കാമെന്ന പുരുഷാധിപത്യത്തിന്റെ ആഗ്രഹചിന്ത പതിറ്റാണ്ടുകളായി നമ്മുടെ സിനിമയുടെയും ആപ്തവാക്യമാണ്. മീശമാധവനിലും ഇതേ വാചകം ഉണ്ടായിരുന്നു. പൃഥ്വിരാജിനെ പെറ്റിക്കോട്ടണിയിക്കുന്ന രംഗം ആഭാസകരമാണെന്നു തോന്നുമ്പോള്‍, സ്ത്രീകള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായാല്‍ ഇപ്രകാരമായിരിക്കുമെന്ന യുക്തിയാണ് പ്രയോഗിക്കുന്നത്. ഇതിവൃത്തം മുഴുവനായും ഉപയോഗിക്കുന്നത് പുരുഷത്വത്തിന്റെ മേല്‍ക്കോയ്മയെ അംഗീകരിപ്പിച്ചെടുക്കാനാണ്.

സിനിമകളിലെ കഥ മുന്നോട്ടു നീക്കുന്ന ചാലക ശക്തി എല്ലായ്പോഴും പുരുഷനാണെന്നു കാണാം. അധികാരകേന്ദ്രവും അവനാണ്. അതു കൊണ്ട് കാണി നായകനുമായി താദാത്മ്യപ്പെടാനും മിക്കപ്പോഴും ഒന്നായി അലിഞ്ഞു ചേരാനും പ്രേരിപ്പിക്കപ്പെടുന്നു. നായകനെന്തു കാണുന്നുവോ അതാണ് കാണിയും കാണുന്നത്. കാണിയുടെ സ്ക്രീന്‍ സറൊഗേറ്റ് ആണ് നായകന്‍. ഈ നായകന്‍ എന്ന പ്രതിഭാസമാണ് ആഖ്യാനത്തെ നിര്‍ണയിക്കുന്ന ഡീപ് ഫോക്കസ്, ക്യാമറയുടെ സ്ഥാനങ്ങള്‍, ചലനങ്ങള്‍, എഡിറ്റിംഗ് എല്ലാം നിയന്ത്രിക്കുന്നത്. സ്ത്രീ ശരീരം അവിടെ കുറ്റത്തിന്റെ വാഹകയായി പരിണമിക്കുന്നു. ക്ലോസപ്പുകളിലൂടെ അവളുടെ ശരീരത്തെ ഛിന്നഭിന്നമാക്കി പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഈ അവസ്ഥ പര്‍വതീകരിക്കപ്പെടുകയും ചെയ്യുന്നു. മൂന്നു വ്യത്യസ്ത നോട്ടങ്ങളാണ് സിനിമയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തേത്, സിനിമയിലെ ചലനങ്ങളെ രേഖപ്പെടുത്തുന്ന ക്യാമറയുടെ നോട്ടമാണ്. രണ്ടാമത്തേത്, പൂര്‍ത്തീകരിക്കപ്പെട്ട സിനിമ എന്ന ഉല്‍പ്പന്നത്തിന്മേലുള്ള കാണിയുടെ/കാണികളുടെ നോട്ടമാണ്. മൂന്നാമത്തേത്, തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്ന മായികയാഥാര്‍ത്ഥ്യത്തിനകത്തുള്ള കഥാപാത്രങ്ങളുടെ പരസ്പര നോട്ടങ്ങളാണ്. ആഖ്യാനപ്രധാനമായ ജനപ്രിയ സിനിമ ആദ്യത്തെ രണ്ട് നോട്ടങ്ങളെയും മൂന്നാമത്തേതിന് കീഴ്പ്പെടുത്തുന്നു.

മുതലാളിത്തം നാടുവാഴിത്തവുമായി സന്ധി ചെയ്ത വിചിത്രമായ ഒരു അധികാരവാഴ്ചയാണ് ഇന്ത്യയിലുള്ളത്. ഈ കൂട്ടധികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണ് സിനിമയിലും ടെലിവിഷനിലും തുടങ്ങി സംസാരത്തിലും നോട്ടത്തിലും വരെ പ്രതിനിധീകരിക്കപ്പെടുന്ന സ്ത്രീ സ്വത്വത്തിന്റെ പ്രതിനിധാനം. അതുകൊണ്ടു തന്നെ ഈ പ്രതിനിധാനത്തെ അടിമുടി പൊളിച്ചെഴുതുന്ന ഒരു സാംസ്ക്കാരിക പ്രക്ഷോഭം പുരോഗമനവിശ്വാസികള്‍ക്ക് ഏറ്റെടുക്കാതെ വയ്യ.

-ശ്രീ. ജി പി രാമചന്ദ്രന്‍, കടപ്പാട്: സ്റ്റുഡന്റ് മാസിക

Saturday, May 3, 2008

സാംസങ് - ബേബി അലറുമ്പോള്‍............

"ഇപ്പോള്‍ വിളിച്ചത് ചാവശ്ശേരിയില്‍ നിന്നും സന്തോഷായിരുന്നു. സന്തോഷീ പാട്ട് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് സന്തോഷിന്റെ ഡാഡിനും, മമ്മിനും, സിസ്റ്ററിനും, അവരുടെ ഹസ്സിനും പിന്നെ ആറ്-ബിയില്‍ പഠിക്കുന്ന മുത്തുമോള്‍ക്കുമാണ്. എഞ്ചോയ് ദ സോംഗ് ആന്‍ഡ് കം ബാക്ക്.....''

കഴിഞ്ഞ ഓണാഘോഷത്തിന് ഇന്‍സ്‌റ്റാള്‍മെന്റിന് വാങ്ങിയ 21ഇഞ്ചിന്റെ സാംസങ് ടെലിവിഷനിനുള്ളിലെ, ഒട്ടനവധി സെമി കണ്ടക്ടര്‍ ഉപകരണങ്ങളിലൂടെ രൂപാന്തരങ്ങള്‍ സൃഷ്ടിച്ച്, സ്ക്രീനില്‍ തെളിഞ്ഞുവന്ന വി.ജെ സ്ത്രീരൂപം-പെണ്‍ശരീരത്തിന്റെ ഒട്ടേറെ 'വളവുതിരിവുകള്‍' വെളിപ്പെടുത്തുന്ന-അജന്താശില്‍പ്പം പോലെ തോന്നിച്ചു. അരയ്ക്കു മീതെ ഞാന്നുകിടക്കുന്ന ലെതര്‍ബെല്‍ട്ടിന്റെ ബലത്തില്‍ ഇറുക്കിക്കയറ്റിയ ഡെനീം ജീന്‍സ്-ഉത്തരേന്ത്യന്‍ എ-ബി-സി-ഡി ചാനലുകള്‍ അനുകരിച്ച് കീശയിലേക്കു ഇറക്കിവച്ച തള്ളവിരലുകള്‍-

-സമയം: വൈകുന്നേരം 5:25-

ഫാന്‍ തണുപ്പിച്ചുതന്ന ചായ കഴിച്ച്, ട്യൂഷന്‍-കിടാങ്ങളെ കൂട്ടിക്കൊണ്ടുവരാന്‍ പോയി, തിരികെട്ട സന്ധ്യാദീപം 'കത്തുന്ന' വീടണഞ്ഞപ്പോഴും 'സിനിമാ-പെട്ടി'യില്‍ പലതും മിന്നിമറയുന്നുണ്ടായിരുന്നു..... ആര്‍ക്കും വേണ്ടാത്ത 'ഷോര്‍ട്ട്മെസ്സേജ് സര്‍വ്വീസു'കള്‍ - ഓ! ക്ഷമിക്കണം! സ്നേഹ-മോഹ-പ്രണയ എസ്.എം.എസ് വാചകക്കസര്‍ത്തുകള്‍ എന്നു വേണം പറയാന്‍. കല്ലിക്കോട് യു.പി. സ്കൂളിന്റെ 'ഇവിടെ മൂത്രമൊഴിക്കരുത്' എന്നെഴുതിയ, പൂപ്പല്‍ പറ്റിയ ചുറ്റുമതിലിനു കീഴെ മാത്രം കാര്യം 'ഒന്നും', 'രണ്ടും' നടപ്പാക്കുന്ന, എ.ബി.സി.ഡി ഇംഗ്ലീഷ് മാത്രം വശമുള്ള കൌമാരകുമാരന്‍ ശ്രീ മൂലോട്ട് പുരക്കല്‍ സുഗുണനുവരെ അറിയാം ഇത്തരം എസ്.എം.എസ് മേഘസന്ദേശങ്ങള്‍ രചിക്കാന്‍. അടിയന്‍ മാത്രം നിസ്സഹായന്‍! നിര്‍ഗുണന്‍! എല്‍.ഡി.സി ക്ലാര്‍ക്കുപരീക്ഷക്കു രാത്രികാല കട്ടന്‍കാപ്പിയുടെ ബലത്തില്‍, ഗുളികരൂപത്തിലകത്താക്കിയ 'ഹൌ ഡു യു ഡു?', 'വാട്ട് ഡു യു ഡു?', ഇംഗ്ലീഷ് ഈ എസ്.എം.എസ് യുഗത്തിനു മുന്നില്‍ വച്ച് അടിയന്‍ മുല്‍പാടു വണങ്ങുന്നേന്‍!

-സമയം: 6:30-

ചൂണ്ടുവിരല്‍ വ്യായാമത്തിന്റെ പുതിയ സൂത്രവാക്യങ്ങള്‍ നെയ്തെടുക്കുന്ന 'റിമോട്ട്' തൊടുത്തുവിടുന്ന മൈക്രോവേവ് തരംഗരശ്മികള്‍ക്കനുസരിച്ച്, പുതിയ പുതിയ ലോകങ്ങളും കാഴ്ചാവിസ്മയങ്ങളും എനിക്കു മുമ്പില്‍ പൂത്തുലഞ്ഞു.

സൂര്യകിരണങ്ങള്‍ പോലും ഏന്തിനോക്കാന്‍ ഭയക്കുന്ന കനത്ത ആമസോണ്‍ വനാന്തരങ്ങള്‍-ചെളിച്ചാലുകളിലൂടെയും ചതുപ്പുനിലങ്ങളിലൂടെയും നീങ്ങിനിരങ്ങുന്ന ട്രൌസറുകാരന്‍ സായ്പ്-തന്റെ ഇണയോടൊത്ത് കാമധര്‍മ്മമനുഷ്ഠിക്കുന്ന വിഷപ്പാമ്പുകളെയും മറ്റും ചാക്കില്‍ കെട്ടി, കൈകള്‍ അണ്ണാക്കോളമിട്ട് വിഷദന്തങ്ങളുടെ എണ്ണവും മൂര്‍ച്ചയും തിട്ടപ്പെടുത്തി, ഒടുവില്‍ സൌന്ദര്യമത്സരങ്ങളില്‍ നത്തോലീരൂപങ്ങളുടെ സ്തന-പൃഷ്ടങ്ങളുടെ നീളം-വീതി-ഉയരം ഇവ രേഖപ്പെടുത്തുന്ന പോലെ, മീറ്റര്‍ സ്കെയിലിനു നേരെ ചേര്‍ത്തുവെച്ചു ജന്തുക്കളുടെ കണക്കുകള്‍ രേഖപ്പെടുത്തുന്നതോടുകൂടി ഒരു മണിക്കൂര്‍ നീണ്ട ഉദ്വേഗജനകമായ 'ആനിമല്‍ ഷോ' റെഡി!

-സമയം: 7.15

തീണ്ടാരിത്തുണികളുടെ പ്രയോഗരീതികള്‍ വിവരിക്കുന്ന കമേഴ്‌സ്യല്‍ ബ്രേക്കുകള്‍ കണ്ട്, കവിള്‍ ചുവന്ന 15 വയസ്സുകാരിയുടെ ചൂണ്ടുവിരല്‍ചലനങ്ങള്‍-26.....27....

മൂന്നംഗസംഘ-മൂന്നാര്‍-ഇടിച്ചു നിരത്തലുകളിലും, ചിക്കന്‍ കാഷ്ഠങ്ങളില്‍ നുരയുന്ന ചിക്കന്‍ ഗുനിയകളിലും, ജി-8 ഉച്ചകോടിയുടെ കോട്ടിട്ട സായ്പന്മാരിലും മനംമടുത്ത്, വല്ല കുഴല്‍പ്പണമോ, ബലാത്സംഗമോ, ഖദര്‍ അഴിമതികളോ ഉണ്ടോയെന്ന പത്രവാര്‍ ത്താ-തിരച്ചിലിലാണ് 'സാംസങ്- ബേബി' വീണ്ടും അണ്ണാക്ക് തുറന്നത്-

"ആഷിക് ബനായാ.....''

മുഴുക്കൈയ്യന്‍ കോട്ട്, തൊപ്പി, കൈയില്‍ വാലില്ലാമൈക്ക്-

താടിക്കാരന്‍ പാട്ടുകാരന്‍! യേശുദാസ്??......

....നോ! നെവര്‍! ദ വണ്‍ ആന്‍ഡ് ഓണ്‍ലി-

-ഹിമേഷ് രേഷാമ്മിയ!-

വീണ്ടും-"ആഷിക് ബനായാ....''

-സമയം: 8:05-

'കേരളഭൂമി'യുടെ മഴനനഞ്ഞു പരുപരുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് കടലാസുകളില്‍ കോറിയിട്ടതില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഈ ഈരേഴുപതിന്നാലു ലോകത്തില്‍ നടന്നുവോയെന്ന അന്വേഷണം വഴിമുട്ടി നിന്നത് 'കേരളാവിഷ'നു മാത്രം സ്വന്തമായ റിമോട്ട്-നമ്പറില്‍-ചാനല്‍ 17......

"ഹലോ, ഹലോ....ഒന്നും വ്യക്തമാകുന്നില്ല. ഹലോ...ഹലോ....അനുപമ....''

"സര്‍ക്കാര്‍ അനുവദിച്ചുതന്ന 4 സെന്റ് ഭൂമി, ബഹു: എം.എല്‍.എ. ശ്രീ.സുധാകരന്‍ കൈയ്യേറിയെന്ന് പരാതിയുന്നയിച്ച തനിക്കനുകൂലമായി യാതൊരു നടപടിയും എടുത്തില്ലയെന്ന കാരണത്താല്‍ ആത്മഹത്യാഭീഷണി മുഴക്കുകയാണ് ശ്രീ.കൊണ്ടോട്ടി നാണു. വെറും ബി.പി.എല്‍ മാത്രമായ ശ്രീ.നാണു ഇതിനകം തന്നെ ഒരു കയര്‍ക്കുരുക്കു തയ്യാറാക്കിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹം തൂങ്ങിമരിക്കുവാന്‍ പോവുകയാണെന്നാണ് പ്രഥമ നിഗമനം. അതേപറ്റി ബഹു: ഡിഐജി ശ്രീ.പുരുഷോത്തമന്‍ തമ്പി അന്വേഷിച്ചുവരികയാണ്.

ഹലോ....അനുപമ....

കേള്‍ക്കാമോ....ഹലോ,,,,,

മുന്‍പ് തീരുമാനിച്ചപ്രകാരം കൃത്യം 8:45ന് ആത്മഹത്യ ചെയ്യുമെന്നാണ് ശ്രീ.നാണു പറയുന്നത്. ഇതേ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം തന്നെ ഇവിടെയെത്തിച്ചേര്‍ന്നിട്ടുണ്ട്. സമയം 8:44 ആയിരിക്കുന്നു. ശ്രീ.നാണു കയര്‍ കഴുത്തില്‍ കുരുക്കിക്കഴിഞ്ഞിരിക്കുകയാണ്. ഈ ഒരു നിമിഷം അദ്ദേഹമനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ എന്തൊക്കെയാവാം? നമുക്കദ്ദേഹത്തോടു നേരില്‍ ചോദിച്ചറിയാം! പക്ഷേ, ഇവിടെ വളരെ തിക്കുംതിരക്കുമാണ്. ഒന്നും വ്യക്തമാകുന്നില്ല, അതാ! കയര്‍ മുറുകിവലിയുകയാണ്, ശ്രീ.നാണു പിടയുകയാണെന്നു തോന്നുന്നു. മരണവേദനയിലാണ് ശ്രീ.നാണു എന്നാണ് പ്രാഥമിക നിഗമനം. ഡിഐജി സാര്‍ ഇതേപറ്റിയും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതാ, ശ്രീ.നാണു ചലനമറ്റുകൊണ്ടിരിക്കുകയാണ്. അതെ! അദ്ദേഹം ഇപ്പോള്‍ നിശ്ചലനാണ്. ശ്രീ.നാണു മരിച്ചുവെന്നാണ് പ്രഥമ നിഗമനം. ഡിഐജി സാര്‍ ഇതേപറ്റിയറിയാന്‍ അതികഠിനമായി പ്രയത്നിക്കുകയാണ്. മുണ്ടക്കയത്തില്‍ നിന്നും കേരളാവിഷനു വേണ്ടി, കെ.വി.തിലോത്തമന്‍!''

"വാര്‍ത്തകളിലേക്കു തിരിച്ചു വരാം. ശ്രീ.കൊണ്ടോട്ടി നാണുവിന്റെ മരണത്തോടുകൂടി, വിവാദഭൂമിയായ ആ 4 സെന്റ് ഭൂമി എന്തുചെയ്യണമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിനാല്‍, ആ ഭൂമി പ്രതിയായ ശ്രീ.സുധാകരന്‍ എം.എല്‍.എ.ക്കു തന്നെ വിട്ടുകൊടുക്കണമോ? നിങ്ങളുടെ അഭിപ്രായം നിങ്ങള്‍ക്ക് വോട്ട് ആന്‍ഡ് ടോക്കിലൂടെ രേഖപ്പെടുത്താം. നിങ്ങളുടെ ഉത്തരം 'യേസ്' എന്നാണെങ്കില്‍ വൈ സ്പേസ് വി.ടി. എന്ന് 5849-ലേക്ക് എസ്.എം.എസ് ചെയ്യുക. നിങ്ങളുടെ ഉത്തരം 'നോ' എന്നാണെങ്കില്‍......''

ശ്രീ.കൊണ്ടോട്ടി നാണുവിന്റെ 'പരലോകം പുല്‍കല്‍' പച്ചയായ് കണ്ട നഗ്നനേത്രങ്ങള്‍ക്ക് കുളിരുപകരാന്‍ ഞാനല്‍പ്പം 'കോമഡി ക്യാപ്‌സ്യൂളു'കള്‍ കഴിക്കാന്‍ ഒരുമ്പെട്ടു. മംഗളം-മനോരമകളിലെ "ചിരിമരുന്ന് '' പംക്തികളില്‍ നിന്ന് ചാലിച്ചെടുത്ത 'പ്രകൃതിയുടെ തനത് മിശ്രണം' പോലെ കണ്ണീര്‍മുത്തുകള്‍ പൊഴിക്കുന്ന ഹാസ്യ-ലാസ്യം. "വടക്കുനോക്കിയന്ത്ര''ത്തില്‍ ശ്രീനിവാസന്റെ നര്‍മ്മ-കുറിപ്പടികള്‍ (??) കേട്ട് കണ്ണുമിഴിക്കുന്ന പാര്‍വതിയുടെ രൂപമാണ് മനസ്സില്‍ തെളിഞ്ഞുവന്നത്.

-സമയം: 8:55-

-ഒരു ഫ്ലാഷ് ബാക്ക്-

അമ്മ: നീയിങ്ങനെയൊരു വിഡ്ഢിയായിപ്പോയല്ലോ! കണക്കുമറിയില്ല ഇംഗ്ലീഷുമറിയില്ല. നീ അച്ഛനെ കണ്ട് പഠിക്ക്. കണക്കില്‍ എന്നും ഒന്നാമനായിരുന്നു അദ്ദേഹം. അറിയോ?

മകന്‍: ഒന്നാമനോ? ചുമ്മാ നുണ പറയാതെ അമ്മേ. കഴിഞ്ഞ ദിവസം കണക്കെല്ലാം തെറ്റിപ്പോയെന്ന് അച്ഛന്‍ പറഞ്ഞതോ?

അമ്മ: കണക്കു തെറ്റാനോ?

മകന്‍: അതെ, നമ്മുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിയെന്ന് കഴിഞ്ഞ ദിവസം അച്ഛന്‍ അപ്പുറത്തെ വാസുവേട്ടന്റെ ഭാര്യ വനജയോട് പറയുന്നത് ഞാനെന്റെയീ കാത്കൊണ്ട് കേട്ടതാ!

മൂന്ന് കറികുഴികളുള്ള അത്താഴപാത്രത്തില്‍ തലേദിവസം ബാക്കിവന്ന കുമ്പളങ്ങക്കറിയും, ചട്ടിയില്‍ നിന്നും വടിച്ചിട്ട തവരയുപ്പേരിയും, സില്‍ക്കി സോര്‍ട്ടെക്സ് റൈസും കുഴഞ്ഞുമറിഞ്ഞു കിടന്നപ്പോള്‍, മനസ്സില്‍ കുഴഞ്ഞുമറിഞ്ഞു കിടന്നിരുന്നത് കുത്തഴിഞ്ഞ നീല റേഷന്‍ കാര്‍ഡിന്റെയും പുളിച്ചുനാറിയ പഴഞ്ചോറിന്റെയും ചകിരിയഴുകിയതു നാറുന്ന ബാല്യത്തിന്റെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് മുഹൂര്‍ത്തങ്ങള്‍! പഴയ, കുളവത്തര്‍ പ്രകാശന്‍ സ്മാരക വായനശാലയിലെ സായംകാല-റേഡിയോ- പ്രഭാഷണങ്ങള്‍ക്കായ് എന്റെ 'ഭൂതം' ക്യൂ നിന്നപ്പോള്‍, ടിന്‍ഫുഡിനു വേണ്ടി വാപിളര്‍ക്കുന്ന 'ചോക്കളേറ്റ്-ബേബി'യേപ്പോലെ 'വര്‍ത്തമാന'മെന്ന സാംസങ് ആര്‍ത്തുവിളിച്ചു-

-"അശകൊശലേ, പെണ്ണുണ്ടോ?.....''

-സമയം: രാത്രി 9:05-

*

നൈസ്സി എസ്. - കടപ്പാട് ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

Friday, May 2, 2008

വിശ്വാസ തൃതീയ

സീന്‍ 1

രമേശന്റെ തുണിക്കട - പകല്‍

കടയില്‍ ഈച്ചയടിച്ചിരിക്കുന്ന രമേശന്‍. അസിസ്റ്റന്റ് ഇട്ടൂപ്പ്.

രമേശന്‍: ഈശ്വരാ. ജീവിതത്തില്‍ ഒന്നുരക്ഷപ്പെടാമെന്നുവച്ചാണ് കട തുടങ്ങിയത്. ക്വാളിറ്റി സാധനങ്ങള്‍തന്നെ എടുത്തുവച്ചു. പക്ഷെ ആരും ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നില്ലല്ലോടാ ഇട്ടൂപ്പേ.

ഇട്ടൂപ്പ്: എന്റെ രമേശന്‍ സാറെ. "ഓരോന്നിനും അതിന്റെ ഒരു സമയമുണ്ട് ദാസാ'' എന്ന് നാടോടിക്കാറ്റ് സിനിമേല് വിജയന്‍ ദാസനോട് പറഞ്ഞിട്ടുണ്ട്. സാറിനും വരും ഒരു സമയം.

രമേശന്‍: പക്ഷെ ആ ദിവസം വരുമ്പോള്‍ കടയും സാധനങ്ങളും ബാങ്കുകാര് കൊണ്ടുപോവും.

ദയനീയമായിരിക്കുന്ന രമേശന്‍. മുതലാളിയുടെ ദുഃഖത്തില്‍ പങ്കുചേരാനെന്നമട്ടില്‍ ദുഃഖം അഭിനയിക്കുന്ന ഇട്ടൂപ്പ്.

കട്ട്.

സീന്‍ 2

രമേശന്റെ വീട് - രാത്രി

കടപൂട്ടി വീട്ടിലെത്തുന്ന രമേശന്‍. ആകെ തകര്‍ന്ന അവസ്ഥ. വീട്ടില്‍ ഭാര്യ തന്നെ കാത്തെന്നപോലെ ഉല്‍സാഹത്തില്‍ നില്‍ക്കുന്നു.

ഭാര്യ: ങാ. എത്തിയോ ചേട്ടാ. ദേ. ഭക്ഷണംകഴിച്ച് ഉടന്‍ നമുക്കിറങ്ങണം.

രമേശന്‍: രാത്രി എവിടെ പോകാനാ.

ഭാര്യ: ഈശ്വരാ. ഏട്ടന്‍ ഈ നാട്ടിലല്ലേ. നാളെ അക്ഷയതൃതീയ ആണ്. ദേ നാളെ സ്വര്‍ണം വാങ്ങാന്‍ ഇന്നു രാത്രിമുതലേ ജൂവലറികളില്‍ ക്യൂവാ. ഈ അക്ഷയതൃതീയനാളില്‍ സ്വര്‍ണം വാങ്ങാന്‍ രണ്ടുവര്‍ഷംമുമ്പേ ബുക്കുചെയ്തവരുണ്ട്. വരണം. ഊണുകഴിച്ച് ഉടനെ ഇറങ്ങാം. (അകത്തേയ്ക്കുനോക്കി) മക്കളേ അപ്പൂ. ആ സഞ്ചിയൊക്കെ റെഡിയാണല്ലോ. രണ്ടു സഞ്ചീം ഒരു കിറ്റും എടുത്തുവച്ചിട്ടുണ്ട്. അതില് കൊള്ളുന്നതുമതി.

രമേശന്‍: എടീ നോക്ക്

ഭാര്യ: വേണ്ട വേണ്ട. ചേട്ടന്‍ എന്നെ പറഞ്ഞോ. കേള്‍ക്കാം. എന്റെ വീട്ടുകാരെ പറഞ്ഞാലും കേള്‍ക്കാം. പക്ഷെ അക്ഷയതൃതീയേ കുത്തിപ്പറയരുതേ - കുന്നംകുളത്തൊരാള്‍ അക്ഷയതൃതീയയേ കുത്തിപ്പറഞ്ഞു. കഴിഞ്ഞ തൃതീയയ്ക്കാ പറഞ്ഞത്. ഈ തൃതീയക്ക് ഒന്നാംചരമവാര്‍ഷികം.

എന്തോപറയാന്‍ വന്ന രമേശന്റെ വായ താനേ അടയുന്നു.

കട്ട്.

സീന്‍ 3

ജുവലറി രാത്രി രണ്ടുമണി

ജുവലറിയുടെ നടയില്‍ തള്ളല്‍. ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ്. കണ്ണീര്‍ വാതകം പ്രയോഗിക്കുമെന്ന് മൈക്കിലൂടെ പൊലീസിന്റെ വിളിച്ചുപറയല്‍. വെടിവച്ചാലും പിരിയില്ലെന്ന് ജനം. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സപ്പറുകളുമായിട്ട് നില്‍ക്കുന്ന ജനങ്ങളുടെ ഷോട്ട്. ജനത്തിന്റെ ഇടയില്‍പെട്ട് രമേശന്‍.

തള്ളലിനിടയില്‍ രമേശന്‍ മുന്നില്‍നില്‍ക്കുന്ന ആളോട് ചോദിക്കുന്നു. 'അല്ല ചേട്ടാ. അടുത്തകാലംവരെ ഈ തൃതീയയെക്കുറിച്ച് അങ്ങനങ്ങ് അറിയാന്‍ വയ്യായിരുന്നല്ലോ. പെട്ടെന്നാണല്ലോ ഒരു ഓളം'.

ഞെരുങ്ങലിനിടയില്‍ അയാള്‍: വിശ്വാസത്തിനെ കൂട്ടുപിടിച്ച് മാര്‍ക്കറ്റിങ് നടത്തിയാല്‍ എവിടെയും ഉണ്ടാകും ഈ ഓളം. അതുംപറഞ്ഞ് അയാള്‍ എന്തോ പിറുപിറുത്തു. കഷ്ടം എന്നോ മറ്റോ - ഒരു നിമിഷം. രമേശന്റെ തലയില്‍ ഒരു മിന്നല്‍. 'യുറേേേക്കാ' എന്നൊരു വിളി.

കട്ട്.

സീന്‍ 4

ഒരു വീട് - പകല്‍

വീട്ടിലെ ഗൃഹനാഥപത്രം നോക്കുന്നു. ഒരു കൊച്ചു പരസ്യം. അടുത്ത വെള്ളിയാഴ്ച 'ഉടയാട ചതുഷ്ട്യ'ദിനം. 'ഉടയാട ചതുഷ്ട്യ' ദിനത്തില്‍ സാരിയും ചുരിദാറും വാങ്ങൂ. ഒരു വര്‍ഷം മുഴുവനും ക്ഷേമൈശ്വര്യങ്ങള്‍ അനുഭവിക്കൂ. ഉടയാടചതുഷ്ട്യദിനത്തില്‍ രമേശന്‍ ടെക്സ്റ്റയില്‍സില്‍ പ്രത്യേക കൌണ്ടറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നു. ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

പത്രം വായിച്ച സ്ത്രീ ഭര്‍ത്താവിനോട്: ഈശ്വരാ ഉടയാടചതുഷ്ട്യദിനം ഇങ്ങെത്തിയല്ലോ.

ഭര്‍ത്താവ്: ഉടയാട ചതുഷ്ട്യദിനമോ?

ഭാര്യ: ഉവ്വ്. വസ്ത്രം വാങ്ങാന്‍ വിശിഷ്ടമായ ദിവസമാ. ദേ, പരസ്യങ്ങള്‍ വന്നുതുടങ്ങി.

ഭര്‍ത്താവ്: ഹ! ഉടയാട ചതുഷ്ട്യദിനമെന്നുവച്ചാല്‍...

ഭാര്യ: ദേ... ആവശ്യമില്ലാതെ ഓരോന്നു സംശയിക്കരുതേ. വടകരയില്‍ ഒരാള് ഉടയാടദിനത്തിനെ കളിയാക്കി. അതുവഴി ഇഴഞ്ഞുപോയ ഒരു പാമ്പ് അതുകേട്ട് കയറിവന്ന് കൊത്തീട്ടുപോയി.

ഭര്‍ത്താവ്: എന്നാല്‍ ഇന്നുതന്നെ പോയി ബുക്ക് ചെയ്യാം.

കട്ട്.

സീന്‍ 5

രമേശന്റെ കട - പകല്‍

കയറിവരുന്ന ജനസഞ്ചയത്തെക്കണ്ട് അമ്പരപ്പോടെ ഇട്ടൂപ്പ്: സാറേ ഓടിക്കോ. കടം കൊടുത്ത കാശ് തിരികെ വാങ്ങാനായി കട ആക്രമിക്കാന്‍ ആള്‍ക്കാര് വരുന്നു. ആള്‍ക്കാര്‍ ഇളകിവരികയാണ്.

രമേശന്‍ ഒരു മന്ദഹാസം.

കടയിലേക്ക് ഇരച്ചുകയറുന്ന ജനങ്ങള്‍.

കട്ട്.

സീന്‍ 6

രമേശന്റെ കട - രാത്രി

സ്റ്റോക്ക് മൊത്തം സോള്‍ഡ് ഔട്ട് ആയിക്കഴിഞ്ഞിരിക്കുന്നു. കാശിന്റെ കൂമ്പാരം.

ഇട്ടൂപ്പ്: സാറെ... എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇതെന്താണ് സാറെ...

രമേശന്‍: താന്‍ തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി. ഞാന്‍ ബിസിനസ്സ് വ്യാപിപ്പിക്കുകയാണ്. നിരവധി ബിസിനസ്സുകള്‍ ഒരുമിച്ചുതുടങ്ങുന്നു.

കട്ട്.

സീന്‍ 7

പത്രപരസ്യങ്ങളുടെയും നോട്ടീസുകളുടെയും ദൃശ്യം. ജനബാഹുല്യം പ്രമാണിച്ച് അഷ്ടദ്രവ്യദിനത്തില്‍ രമേശന്റെ പലവ്യഞ്ജനക്കട രാത്രിയും പകലും തുറന്നുപ്രവര്‍ത്തിക്കുന്നു.

"അടുത്ത മധുമക്ഷികാദിനത്തില്‍ മദ്യത്തിന്റെ രുചി നുണഞ്ഞ് മനസ്സ് സമ്പുഷ്ടമാക്കാന്‍ ഇന്നേ ബുക്ക് ചെയ്യാം.''

"സംഗീതക്ഷിദിനത്തില്‍ വിസിഡി പ്ളേയര്‍ വാങ്ങാനുള്ളവരുടെ തിരക്കുനിമിത്തം ഇനി ഓര്‍ഡര്‍ എടുക്കുന്നില്ല.''

ചിരിക്കുന്ന രമേശന്റെ ക്ളോസപ്പ്. ആ ചിരിയില്‍ ഓവര്‍ലാപ് ചെയ്യുന്ന ഇട്ടൂപ്പിന്റെ ചോദ്യം.

"വിശ്വാസം രക്ഷിക്കുമെന്നുപറയുന്നത് നേരാ അല്ലേ സാറേ.''

കട്ട്.

-കൃഷ്ണപൂജപ്പുര

Thursday, May 1, 2008

ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

2007 മദ്ധ്യത്തില്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി ക്രമേണ വികസിച്ച് ആഗോള ബാങ്കിംഗ്-സാമ്പത്തിക പ്രതിസന്ധിയായി വളരുകയും 2008 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളോടെ പ്രശ്നങ്ങള്‍ ഭക്ഷ്യ-ഊര്‍ജ്ജ മേഖലയിലേക്കും പടര്‍ന്നിരിക്കുകയുമാണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യപ്രതിസന്ധി ഈജിപ്റ്റ്, ഹെയ്തി, ഫിലിപ്പെന്‍സ്, ബംഗ്ലാദേശ് തുടങ്ങി 33 രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള വന്‍ കലാപങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിതരാജ്യങ്ങളിലും ഇന്ത്യയുള്‍പ്പെടെ പല വികസ്വര രാജ്യങ്ങളിലും കലാപത്തിന്റെ സ്ഥിതി സംജാതമല്ലെങ്കിലും വന്‍വിലക്കയറ്റവും പണപ്പെരുപ്പവും മൂലം സാധാരണജനങ്ങളാകെ ബുദ്ധിമുട്ടുകയാണ്. ആഗോള സാമൂഹിക സാമ്പത്തിക രംഗം നേരിടുന്ന ഈ പ്രതിസന്ധി നമ്മെ 1930കളില്‍ ലോകം നേരിട്ട വന്‍ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു.

1929-30 കളിലെ സാമ്പത്തിക തകര്‍ച്ച അമേരിക്ക അതിന്റെ ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു. അമേരിക്കയില്‍ തുടങ്ങിയ ആ പ്രതിസന്ധി ലോകമാകെ പടരുകയും ഏകദേശം പത്തുവര്‍ഷത്തോളം അതു നീണ്ടു നില്‍ക്കുകയും ചെയ്തു 1930 ലെ പ്രതിസന്ധിയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ ഏറ്റവും പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ കണ്ടെത്തിയത് 1920 കളിലെ വന്‍ സാമ്പത്തിക അസമത്വമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലും, വ്യവസായികളും കര്‍ഷകരും തമ്മിലും അമേരിക്കയും യൂറോപ്പും തമ്മിലും നിലനിന്ന സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥ അക്കാലത്ത് വളരെ രൂക്ഷമായി. മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഓഹരിക്കമ്പോളത്തില്‍ നിലവിലുണ്ടായിരുന്ന അനിയന്ത്രിതമായ ഊഹക്കച്ചവടമാണ്. 1920 കളെ "അലറുന്ന ഇരുപതുകള്‍''(Roaring twenties) എന്നാണ് വിളിച്ചിരുന്നത്. അന്ന് ലോകസാമ്പത്തികരംഗം, പ്രത്യേകിച്ച് അമേരിക്ക, നേടിയ സാമ്പത്തിക വളര്‍ച്ചയാണ് ഇങ്ങനെ അറിയപ്പെടാന്‍ കാരണം. എന്നാല്‍ ഈ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ അമേരിക്കയിലെ ഒരു പിടി സമ്പന്നരാണ് കൈയ്യടക്കിയിരുന്നത്. ഉന്നത ശ്രേണിയിലുണ്ടായിരുന്ന 0.1% പേരുടെ വരുമാനത്തിനു സമമായിരുന്നു താഴെക്കിടയിലുള്ള 42% ജനങ്ങളുടെ വരുമാനം.

അസമത്വം ഇത്രയും രൂക്ഷമായ രീതിയില്‍ കുതിച്ചുയരാന്‍ കാരണം കുത്തകക്കമ്പനികളുടെ ഉല്പാദനത്തിലും ലാഭത്തിലും വന്ന കുത്തനെയുള്ള വളര്‍ച്ചയും തൊഴിലാളികളുടെ വേതനത്തില്‍ വന്ന നാമമാത്രമായ വര്‍ദ്ധനയുമാണ്. ഇന്നത്തെപ്പോലെ അന്നും സര്‍ക്കാരുകളുടേയും കോടതികളുടേയും സമീപനം തികച്ചും തൊഴിലാളി വിരുദ്ധമായിരുന്നു. പ്രസിദ്ധമായ അഡ്ക്കിന്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ കേസില്‍ മിനിമം-വേതന നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കാര്‍ഷികരംഗം രൂക്ഷമായ പ്രതിസന്ധി നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്. സാമൂഹിക അസമത്വങ്ങളും കാര്‍ഷിക പ്രതിസന്ധികളും ചേര്‍ന്ന് അത്യന്തം രൂക്ഷമായ സന്ദിഗ്ദ്ധാവസ്ഥ സാമൂഹിക സാമ്പത്തിക രംഗത്ത് സംജാതമാക്കി. ഈ സ്ഥിതി മറികടക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്നത്തെപ്പോലെ അന്നും വളരെ ഉദാരമായി വായ്പകള്‍ ലഭ്യമാക്കി. “ഇന്നു വാങ്ങി നാളെ പണം നല്‍കുന്ന”സമ്പ്രദായം വ്യാപകമായി. അക്കാലത്തെ പ്രധാന ആഡംബര ഉപഭോഗവസ്തുക്കളായിരുന്നു കാറും റേഡിയോയും. കാറുകളുടെ 60 ശതമാനവും റേഡിയോകളുടെ 80 ശതമാനവും തവണ വ്യവസ്ഥയില്‍ വാങ്ങിയവയായിരുന്നു. തവണ അടക്കേണ്ട സമയമായപ്പോള്‍ പലര്‍ക്കും അതു സാധിക്കാത്ത സ്ഥിതിയുണ്ടായി.

മുതലാളിത്ത സംവിധാനത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക സംവിധാനമാകെ മുന്നോട്ട് ചലിക്കുന്നത് അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. 1920 കളുടെ അവസാനത്തോടെ സാധാരണ ജനങ്ങള്‍ക്കാകെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിന്മേലുള്ള വിശ്വാസം നഷ്ടപ്പെടുകയും അത് രൂക്ഷമായ ഒരു തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അമേരിക്കയിലെ 25,000 ബാങ്കുകളില്‍ 11,000 വും 1929നും1933 നും ഇടയില്‍ തകര്‍ന്നടിഞ്ഞു.1920 കളും 2000 ഉം തമ്മില്‍ ധാരാളം സമാനതകള്‍ നമുക്കു കാണാന്‍ കഴിയും.

ഇനി നമുക്ക് ആഗോള സാമ്പത്തിക രംഗം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിലേക്കു വരാം.

അമേരിക്കന്‍ സമ്പദ് രംഗം അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രസിഡന്റ് ബുഷ് തന്നെ 2008 ഏപ്രില്‍ 25 ന് നടത്തിയ ഒരു പ്രസ്താവനയില്‍ പറയുകയുണ്ടായി. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സമ്പദ് മേഖലയിലുള്ള വിശ്വാസം കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയ അവസരത്തിലാണ് ബുഷ് ഈ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനായത് . ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച 152 മില്യന്‍ ഡോളറിന്റെ കരം ഇളവിലാണ് അദ്ദേഹം ആകെ പ്രതീക്ഷ അര്‍പ്പിക്കുന്നത്. കരം ഇളവിലൂടെ മുതിര്‍ന്നവര്‍ക്ക് 600 ഡോളറും കുട്ടികള്‍ക്ക് 300 ഡോളറും വരെ ആനുകൂല്യം ലഭിക്കും. എന്നാല്‍ ഇതൊന്നും അമേരിക്കന്‍ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിട്ടില്ല എന്നാണ് റോയ്ട്ടേഴ്‌സും മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ തൊഴിലില്ലായ്‌മയും കഴിഞ്ഞ കുറെ മാസങ്ങളായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മാസത്തിലും ഈ നിലയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഏപ്രില്‍ മദ്ധ്യത്തോടെ 3,72,000ത്തോളം പേര്‍ (കഴിഞ്ഞ നാലാഴ്ചക്കുള്ളില്‍) തൊഴിലില്ലായ്‌മക്കുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. തൊഴിലില്ലായ്‌മ 5.1 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ചു മാസത്തില്‍ ബിസിനസ്സുകാര്‍ 80,000 ത്തോളം പേരെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയുണ്ടായി. 2008 ലെ ആദ്യ മൂന്നുമാസങ്ങളില്‍ മൊത്തം 2,32,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുണ്ടായി. സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് തൊഴില്‍രംഗത്തെ ഈ ഗുരുതരമായ സ്ഥിതി തന്നെ മതി അമേരിക്ക ഒരു മാന്ദ്യത്തിലേക്കു കൂപ്പുകുത്തി എന്നു തെളിയിക്കാന്‍ എന്നാണ്‌‍.

ഭവനവായ്പാരംഗത്ത് വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയ ലക്ഷക്കണക്കിനു വായ്പകള്‍ തിരിച്ചടവ് ഇല്ലാതായതോടെ അമേരിക്കയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ പലതും വന്‍നഷ്ടത്തിലായിരിക്കുകയാണ്. ഭവനവായ്പരംഗത്തെ പ്രശ്നങ്ങള്‍ മൂലം 2007 സാമ്പത്തിക വര്‍ഷത്തില്‍ സിറ്റി ബാങ്കിന് 18.1 ബില്യന്‍ ഡോളര്‍ എഴുതിത്തള്ളേണ്ടി വന്നു. അതോടെ ബാങ്ക് 2007 സാമ്പത്തിക വര്‍ഷത്തില്‍ 9.8 ബില്യന്‍ ഡോളര്‍ നഷ്ടത്തിലായി. സിറ്റി ബാങ്കിന്റെ 196 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയധികം നഷ്ടം സഹിക്കേണ്ടി വന്നത് ഇതാദ്യമാണ്. മറ്റൊരു പ്രധാന സാമ്പത്തിക സ്ഥാപനവും സാമ്പത്തിക ഇടനിലക്കാരനുമായ മെറില്‍-ലിഞ്ചിന് എഴുതി തള്ളേണ്ടിവന്നത് 14.6 ബില്യന്‍ ഡോളറാണ്. ഇതിലൂടെ അവരുടെ 2007 ലെ നഷ്ടം 9.4 ബില്യന്‍ ഡോളറായി മാറി. മെറിള്‍-ലിഞ്ചിന്റെ 94 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. ബിയര്‍ സ്‌റ്റേണ്‍സ് എന്ന ഒരു വന്‍ ഇന്‍വെസ്‌റ്റ്മെന്റ് ബാങ്ക് മാര്‍ച്ച് മദ്ധ്യത്തോടെ പൊളിഞ്ഞു. പൊളിഞ്ഞ ബിയര്‍ സ്‌റ്റേണ്‍സിനെ ജെ.പി.മോര്‍ഗന്‍ ചേസ് എന്ന സാമ്പത്തിക സ്ഥാപനം ഏറ്റെടുത്തു. ബിയര്‍ സ്‌റ്റേണ്‍സിനെ ഏറ്റെടുക്കാന്‍ ജെ.പി.മോര്‍ഗന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് (അമേരിക്കയുടെ കേന്ദ്രബാങ്ക്) 30 ബില്യന്‍ ഡോളറും മറ്റു പല സൌകര്യങ്ങളും ചെയ്തു കൊടുത്തു. സര്‍വതന്ത്ര സ്വതന്ത്ര കമ്പോളത്തില്‍ ആരും ഇടപെടാന്‍ പാടില്ല എന്നു പഠിപ്പിക്കുന്നവര്‍ തന്നെ ചെയ്ത നടപടിയാണിതെന്നുളളത് ശ്രദ്ധേയമാണ്.

അമേരിക്കന്‍ സാമ്പത്തികമേഖലയെ പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയെയാകെ പിടിച്ചുകുലുക്കിയ ഈ പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് നമുക്ക് ചെറിയൊരന്വേഷണം നടത്താം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ സാമ്പത്തിക ചരിത്രത്തെ നമുക്ക് രണ്ടായി തിരിക്കാന്‍ കഴിയും. ഇതില്‍ ഒന്നാം പകുതിയില്‍ അമേരിക്കയുടെ ഉല്പാദനമേഖലക്കായിരുന്നു മേല്‍ക്കൈ, എന്നാല്‍ രണ്ടാം പകുതിയില്‍ ധനമേഖലക്കും ധനമൂലധനത്തിനുമായി മേല്‍ക്കൈ. ധനമൂലധനം മേല്‍കൈ നേടിയെടുത്തത് വായ്പാ മേഖലയുടേയും വായ്പകളുടേയും സങ്കീര്‍ണ്ണമായ ഇടപാടുകളിലൂടെയും വന്‍ വളര്‍ച്ചയിലൂടെയുമാണ്. ബാങ്കുകള്‍ ഉല്പാദനമേഖലയിലെ വായ്പകളിലൂടെ ലാഭം സൃഷ്ടിക്കുന്നതിനുപകരം വളരെ പെട്ടെന്നുള്ള കൊള്ള ലാഭത്തിനായി സങ്കീര്‍ണ്ണ സാമ്പത്തിക ഇടപാടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു സ്ഥിതിയെക്കുറിച്ച് കാള്‍മാര്‍ക്സ് Das Captial ന്റെ രണ്ടാം വാല്യത്തില്‍ പറഞ്ഞത് ഇപ്പോഴും വളരെ പ്രസക്തമാണ്.

For the possessor of money capital (the Banks and financial houses) the process of production appear merely as an unavoidable intermediate link, as a necessary evil for the sake of money making. All nations with a capitalist mode of production are therefore seized periodically by a feverish attempt to make money without the intervention of process of production.”

പണം കുന്നുകൂട്ടാനുള്ള ആര്‍ത്തിമൂലം അമേരിക്കന്‍ മുതലാളിത്തം മാര്‍ക്സ് പറഞ്ഞതുപോലെ ‘ഇടക്കിടെ’എന്നത് വിട്ട് എപ്പോഴും ധനക്കമ്പോളത്തിലെ സങ്കീര്‍ണ്ണമായ ഇടപാടുകളില്‍ കേന്ദ്രീകരിച്ചു. അങ്ങനെ ഇപ്പോള്‍ ലോകകമ്പോളത്തിലെ തന്നെ ഇടപാടുകളില്‍ 98 ശതമാനം ഇപ്പോള്‍ വെറും ധന (Financial) കൈമാറ്റം മാത്രമായി, വെറും 2ശതമാനം മാത്രമാണ് ചരക്കു കൈമാറ്റത്തിനായി ഉപയോഗിക്കുന്ന ധനം. സാമ്പത്തിക ഇടപാടുകള്‍ നടത്താനും സമ്പത്തുണ്ടാക്കാനും ഏതുതരം വഞ്ചനയും തട്ടിപ്പും അക്രമവും കാണിക്കാം എന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങള്‍.

2000-2001 ലെ ഓഹരിക്കമ്പോള തകര്‍ച്ചയോടൊപ്പം ഈ തട്ടിപ്പുകളില്‍ പലതും പുറത്തുവരികയുണ്ടായി. എന്‍റോണ്‍, വേള്‍ഡ് കോം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാലത്ത് തകരുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ മുതലാളിത്തം ഈ ഗുരുതരമായ സ്ഥിതി വിശേഷമാകെ മറച്ച് വെച്ച് കൂടുതല്‍ ദുരൂഹവും സങ്കീര്‍ണ്ണവുമായ സാമ്പത്തിക ഉപകരണങ്ങള്‍ വികസിപ്പിക്കുകയും അതിന്റെ ഇടപാടുകിലേക്കു നീങ്ങുകയും ചെയ്തു. 2000- 2001 ലെ “dot.com”സാമ്പത്തിക തകര്‍ച്ച നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കുത്തനെ ഇളവുവരുത്തുകയും ജനങ്ങള്‍ക്ക് നാനാതരം വായ്പകള്‍ നല്കിക്കൊണ്ട് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. (ഉപഭോഗം വര്‍ദ്ധിപ്പിച്ച് സമ്പദ് വളര്‍ച്ച കൈവരിക്കുക എന്നതാണ് ഇപ്പോഴത്തെ അമേരിക്കയുടെ ധനതത്വശാസ്ത്രം). ഇത് ഒരു പരിധിവരെ താല്‍ക്കാലികമായി ആശ്വാസം നല്‍കി.

2004 ല്‍ അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെ ഇടപെട്ട് ഭവനവായ്പാരംഗത്ത് ധാരാളം ഇളവുകള്‍ വരുത്തി. ഈ ഇളവുകളും കുറഞ്ഞ പലിശനിരക്കും മൂലം സാധാരണ നിലയില്‍ വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്ത അനേകം പേര്‍ക്ക് ഭവന വായ്പ ലഭിച്ചു. ഭവനവായ്പയില്‍ വന്ന ഈ വന്‍ വര്‍ദ്ധനവും ഭവന വിലകുതിച്ചുയരാന്‍ കാരണമായി. ഭവനനിര്‍മ്മാണ മേഖലയിലേയ്ക്ക് പണം കുത്തിയൊഴുകി. ആവശ്യത്തില്‍ കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന ഒരവസ്ഥയും സംജാതമായി. പല കുടുംബങ്ങളും ഒന്നില്‍ക്കൂടുതല്‍ ഭവനങ്ങളുടെ ഉടമകളായി. ഭവന വായ്പ ഉയര്‍ന്നുകൊണ്ടിരിന്നതു മൂലം പലരും കൂടുതല്‍ പണം ആവശ്യമായി വന്നപ്പോള്‍ തങ്ങളുടെ വായ്പകള്‍ പുതുക്കിക്കൊണ്ട് കൂടുതല്‍ പണം ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും ചിലവഴിക്കുകയും ചെയ്തു. അമേരിക്കക്കാര്‍ ഇക്കാലത്ത് അവരുടെ വീടുകളെ ATM ആയി ഉപയോഗിച്ചു എന്നാണ് പ്രസിദ്ധ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ക്രൂഗ്‌മാന്‍ പറഞ്ഞത്.

എന്നാല്‍ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഒരു പത്തു വര്‍ഷക്കാലത്ത് അമേരിക്കയിലെ തൊഴിലാളികളുടെ വേതനത്തില്‍ വലിയ വര്‍ദ്ധനവൊന്നും വന്നില്ല എന്നുള്ളതാണ്. എന്നാല്‍ ധനികരുടെ സമ്പത്ത് കുതിച്ചുയരുകയും ചെയ്തു. വേതനത്തില്‍ വലിയ വര്‍ദ്ധനവില്ലാതിരിക്കുകയും ഉള്ള തൊഴില്‍ തന്നെ പലര്‍ക്കും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഘട്ടമായപ്പോള്‍ വീട് പണയപ്പെടുത്തിയും, വീട് വിറ്റും, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. പലര്‍ക്കും അവരെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. 2007 തുടക്കത്തില്‍ തന്നെ സ്ഥിതിഗതികള്‍ വഷളായി തുടങ്ങി 2007 ഓഗസ്‌റ്റ് മാസത്തോടെ സ്ഥിതിഗതികള്‍ ഗുരുതരമായി തകര്‍ച്ചയുടെ അവസ്ഥയിലേയ്ക്കു നീങ്ങി.

അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ കുഴപ്പങ്ങള്‍ അമേരിക്കയില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. എന്തെന്നാല്‍ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ നല്‍കിയ വായ്പകളെ പല രൂപത്തില്‍ പല പേരുകളില്‍ (Collateralised debt obligations [CDO'S] Credit Default Swaps [CDS] തുടങ്ങിയവ ഉദാഹരണം) ലോകമാകെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കി. അങ്ങനെ സമാഹരിച്ച പണം കൊണ്ട് വീണ്ടും വായ്പ കൊടുത്തു. അത് വീണ്ടും വിറ്റ് വീണ്ടും പണമുണ്ടാക്കി. അങ്ങനെ പലവുരു ആവര്‍ത്തിച്ച് വന്‍ കട-സാമ്പത്തിക കുമിളകളെ സൃഷ്ടിച്ചു. ഈ സാമ്പത്തിക കുമിളകളുടെ വലിപ്പം ഭയാനകമാണ്. ബാങ്ക് ഓഫ് ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ്സിന്റെ (BIS) കണക്കു പ്രകാരം 2002ല്‍ 100 ട്രില്യന്‍ ഡോളറായിരുന്നു ഇതിന്റെ വലിപ്പമെങ്കില്‍ 2007 ആയപ്പോള്‍ 516 മില്യന്‍ ഡോളറായി വളര്‍ന്നു. ഇത് ഗ്ലോബല്‍ ജി.ഡി.പി യുടെ (50 ട്രില്യന്‍ ഡോളര്‍) പത്തിരട്ടിയാണ്. US GDP (15 ട്രല്യന്‍ ഡോളര്‍) യുടെ 33 ഇരട്ടി. ഇതിന്റെ തകര്‍ച്ചയുടെ പ്രകമ്പനങ്ങളാണ്. നോര്‍ത്തേണ്‍-റോക്ക് എന്ന ഇംഗ്ലണ്ടിലെ ബാങ്ക് തകര്‍ച്ചയിലും മറ്റും കേട്ടത്. തകര്‍ന്ന നോര്‍ത്തേണ്‍ -റോക്കിനെ ദേശസാല്‍ക്കരിച്ചു എന്നത് മറ്റൊരു വൈരുദ്ധ്യം.

അമേരിക്കന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ യൂറോപ്പിനേയും പിടികൂടിക്കഴിഞ്ഞു. യു.കെ യുടെ സമ്പദ്‌ രംഗം 2008 ല്‍ പിന്നോട്ടടി നേരിടും എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളും, വായ്പകളും പ്രത്യേകിച്ച് ഭവന വായ്പയുമാണ് അമേരിക്കയുടേതെന്ന പോലെ യു.കെ.യുടെയും സാമ്പത്തിക രംഗത്തെ ചടുലമാക്കി നിര്‍ത്തിയിരിക്കുന്നത്. ആ രംഗം കുഴപ്പത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2007 സാമ്പത്തിക വര്‍ഷം യു.കെ യുടെ സാമ്പത്തിക വളര്‍ച്ച വെറും 0.5 ശതമാനമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെ താഴെയാണിത്. ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളും നല്ല പ്രകടനമല്ല 2007 ല്‍ കാഴ്ച വച്ചത്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വില, തകരുന്ന ഡോളര്‍, തകരുന്ന ഭവനവായ്‌പാ മേഖല ഇവയൊക്കെ ചേര്‍ന്ന് യൂറോപ്പും ഒരു സാമ്പത്തിക മുരടിപ്പിലേയ്ക്കു തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഗോള്‍ഡ്‌മാന്‍ സാക്‍സ് ജനുവരി 2008 ല്‍ പുറത്തുവിട്ട ഒരു പഠനത്തില്‍ പറയുന്നത് ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ ഒരു സാമ്പത്തിക മാന്ദ്യത്തലേയ്ക്കു വഴുതി വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നാണ്. ബാങ്ക് ഓഫ് ജപ്പാന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ തൊഷിരോ മൂട്ടോയും ജപ്പാന്‍ സാമ്പത്തിക രംഗം തളര്‍ച്ചയെ നേരിടാനുള്ള സാധ്യതകളാണ് കാണുന്നത്. കഴിഞ്ഞ പത്തും വര്‍ഷംകൊണ്ട് ജപ്പാനിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തില്‍ 10 ശതമാനത്തോളും ഇടിവു വന്നിട്ടുണ്ട്. അതോടൊപ്പം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഊര്‍ജ്ജവില (Energy price) ഭക്ഷ്യ വസ്തുക്കളുടെ വില ഇവ മൂലം ജപ്പാനിലെ ആഭ്യന്തര ഉപഭോഗം താഴേയ്ക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉപഭോഗത്തില്‍ വന്ന ഇടിവ് വൈദേശിക കമ്പോളങ്ങളെ ആശ്രയിക്കാന്‍ ജപ്പാന്‍ വ്യവസായികളെ പ്രേരിപ്പിക്കുന്നു.

അമേരിക്കയിലെയും, യൂറോപ്പിലെയും കുഴപ്പങ്ങളും ഡോളറിന്റെ വിലയിടിവും ഊര്‍ജ്ജ-ഭക്ഷ്യരംഗങ്ങളിലെ വിലക്കയറ്റവും ഏഷ്യന്‍ വിപണികളേയും പിടികൂടിക്കഴിഞ്ഞു. ജപ്പാനീസ് കയറ്റുമതിയെ 50 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. അതിനാല്‍ കയറ്റുമതിയെ ആശ്രയിച്ച് പിടിച്ചു നില്‍ക്കാമെന്ന ജപ്പാന്റെ പ്രതീക്ഷ അസ്ഥാനത്താകനാണ് സര്‍വ്വ സാധ്യതയും.
ചൈനയും, ഇന്ത്യയും ഈ പ്രശ്നങ്ങളൊന്നും ബാധിക്കാതെ വന്‍വളര്‍ച്ചാ നിരക്കു കൈവരിക്കുകയും ലോക സാമ്പത്തിക വളര്‍ച്ച ഒരു പരിധിവരെയെങ്കിലും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യും എന്നാണ് പ്രതിസന്ധിയുടെ തുടക്കക്കാലത്ത് പല സാമ്പത്തിക ശാസ്ത്രജ്ഞരും വാദിച്ചിരുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ ചൈനയിലും ഇന്ത്യയിലും പോലും അത്ര ആശാസ്യമല്ല എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.

ഇങ്ങനെ ആഗോള ഓഹരിക്കമ്പോളങ്ങളിലും സങ്കീര്‍ണ്ണമായ സാമ്പത്തിക ഇടപാടുകളിലും, തിരിമറികളിലും വന്‍ നഷ്ടവും അപകടവും പതിയിരിക്കുന്നു എന്നു കണ്ട ലോകത്തെ സമ്പന്നര്‍ അവരുടെ ധനമൂലധനം ഓയില്‍ (പെട്രോള്‍, ഡീസല്‍, തുടങ്ങിയവ), സ്വര്‍ണ്ണം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കച്ചവടത്തിലേക്കും അവധി വ്യാപാരത്തിലേയ്ക്കും തിരിച്ചു വിട്ടതിന്റെ ഫലമായി ഈ മേഖലകളില്‍ ലോകമാകെ ഇപ്പോള്‍ വലിയ വിലക്കയറ്റം അനുഭവപ്പെടുകയാണ്. വിലകയറിയതോടെ ഭക്ഷ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വര്‍ദ്ധിച്ചു. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യം ലോകമാകെ ദൃശ്യമാണ്. IMF ലെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് ലോകമാകെ സാമ്പത്തിക മാന്ദ്യം ദൃശ്യമാകുന്ന ഈ അവസരത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കയറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ല എന്നാണ്. എന്നാല്‍ ധനമൂലത്തിന്റെ ചൂതാട്ടമാണ് ഇവിടെയും പ്രശ്നമെന്ന് നമുക്ക് മനസ്സിലാകും.

ഇങ്ങനെ ലോകത്തിലെ വികസിത അവികസിത രാജ്യങ്ങളിലും, ധന-വ്യാപാര മേഖലകളിലും ഭക്ഷ്യ ഊര്‍ജ്ജ മേഖലകളിലും എല്ലാം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ (BIS) റിപ്പോര്‍ട്ടു പ്രകാരം ഇപ്പോഴത്തെ ലോക സാമ്പത്തിക പരിതസ്ഥിതി 1930 കളിലെ വന്‍ തകര്‍ച്ചയ്ക്കു തൊട്ടു മുന്‍പുള്ള സ്ഥിതിക്കു സമാനമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ധനികരായ 2 ശതമാനം ആള്‍ക്കാര്‍ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 50%വും കയ്യടക്കിയിരിക്കുകയാണ് എന്ന് പല പഠനങ്ങളും കാണിക്കുന്നു. ലോക ആസ്തികളുടെ 40% വും ഒരു ശതമാനം ആള്‍ക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. എന്നാല്‍ ലോകത്തിലെ പകുതി ജനങ്ങള്‍ക്കാകെ ലഭ്യമാകുന്നത് ലോകസമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ്. ഈ ഉച്ചനീചത്വം 1930 കള്‍ക്കു സമാനമാണ്. ഇപ്പോഴത്തെ ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളും 1920 കളിലെ അവസ്ഥയ്ക്കു സമാനമാണ്.

ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച ഈ ചെറിയ കുറിപ്പില്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല.എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വളരെ വ്യക്തമായിരിക്കുകയാണ്. കമ്പോളം എല്ലാം തീരുമാനിക്കും, കമ്പോളം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കും എന്നു വാദിച്ച കമ്പോള മൌലികവാദികളുടെ (Market fundamentalists) ആശയങ്ങള്‍ക്കാകെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ വൂള്‍ഫ് ഫൈനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയത് ശ്രദ്ധേയമാണ്. "ഇന്ന് വായ്പാ കമ്പോളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഫൈനാന്‍സ് ക്യാപിറ്റലിസത്തിന്റെ ആംഗ്ലോ-സാക്സണ്‍ (Anglo-Saxon) മാതൃക ഇടപാടുകള്‍ക്കു തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ വായ്പാ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഒരു തകര്‍ച്ചയിലേക്കു നീങ്ങിയാല്‍ കഴിഞ്ഞ ഒരു തലമുറയുടെ രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തിയ നിയോ-ലിബറല്‍ ആശയങ്ങളുടെ അവസാനമായിരിക്കും അത് ''. ഇതു പറയുന്നത് ഇടതുപക്ഷക്കാരനല്ല ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനാണ് എന്നതു വളരെ പ്രാധാനമാണ്. നിയോലിബറലിസ്‌റ്റുകള്‍ക്ക് തന്നെ അവരുടെ ആശയങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നു ചുരുക്കം.

നമുക്ക് ഇങ്ങനെ പറഞ്ഞ് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയിലുംലോകത്താകെയുമുള്ള തൊഴിലാളികള്‍ “മറ്റൊരു ബദലില്ല” [ There is no alternative (TINA)] എന്നു പറഞ്ഞവരോട് സോഷ്യലിസമാണ് ബദല്‍ [Socialism is the alternate (SITA)]എന്ന് ഉറക്കെ പറയേണ്ട അവസരമാണിത്. അതിരൂക്ഷമായ പ്രതിസന്ധിയുടെ അവസരങ്ങളിലാണ് പുത്തന്‍ ആശയങ്ങള്‍ ഉയര്‍ന്നുവരാനും വേരു പിടിക്കാനും പറ്റിയ അവസരം. അങ്ങനെയൊരു കാലമാണിത്.

ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.

-ശ്രീ.ജോസ്.റ്റി.എബ്രഹാം