Friday, November 2, 2012

അഴിമതിക്ക് വഴിതുറക്കുന്ന ദേവസ്വം ഓര്‍ഡിനന്‍സ്

ഒക്ടോബര്‍ 22ന് ചേര്‍ന്ന മന്ത്രിസഭായോഗം തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള ആലോചന നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു റിലീജിയസ് ആക്ടും മദ്രാസ് റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ടും ഭേദഗതിചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് തീരുമാനിച്ചു. ഈ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ വരാന്‍പോവുകയാണ്. അതിന്‍പ്രകാരം, ദൈവവിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കുന്ന ഹിന്ദു എംഎല്‍എയ്ക്കുമാത്രമേ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാകൂ. ബോര്‍ഡില്‍ നിലവിലുള്ള വനിതാസംവരണം എടുത്തുമാറ്റും.

ദേവസ്വം നിയമനങ്ങള്‍ പിഎസ്സിയിലൂടെ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനം കൊണ്ടുവരുമെന്ന് പറയുന്നത്. മാത്രമല്ല, ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കാനുള്ള നിര്‍ദേശവുമുണ്ട്. ഇത്തരമൊരു മാറ്റംവരുത്തുന്നതിനുപിന്നിലുള്ള താല്‍പ്പര്യം വളരെ വ്യക്തമാണ്. രാഷ്ട്രീയലക്ഷ്യത്തോടെ, ദേവസ്വം ബോര്‍ഡിലേക്ക് തങ്ങളുടെ താല്‍പ്പര്യക്കാരെ തിരുകിക്കയറ്റുന്നതിനും വന്‍ അഴിമതിയുടെ വേദിയായി ബോര്‍ഡിനെ മാറ്റിയെടുക്കാനുമുള്ള തന്ത്രമാണ് ഇതിനുപിന്നില്‍. ദേവസ്വം ബോര്‍ഡ് നിയമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 1950ലാണ് ഇതുമായി ബന്ധപ്പെട്ട മൂലനിയമം ഉണ്ടാകുന്നത്: തിരു- കൊച്ചി ഹിന്ദുമത സ്ഥാപന ആക്ട്്. 40 വര്‍ഷത്തിലേറെക്കാലം ഈ ആക്ട് ഒരു ഭേദഗതിക്കും വിധേയമാകാതെ നിലനിന്നു. പട്ടം താണുപിള്ളയെയും പനമ്പിള്ളിയെയും പോലെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തലപ്പത്തിരുന്നിട്ടും ഈ നിയമത്തിന് ഭേദഗതി വരുത്തുന്നതിന് തയ്യാറായില്ല. 1994ല്‍ കെ കരുണാകരന്റെ കാലത്താണ് ക്ഷേത്രവിശ്വാസിയായി നില്‍ക്കുന്നവര്‍ക്കുമാത്രമേ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ വോട്ടവകാശം നല്‍കൂ എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഇടതുപക്ഷം ഈ നിയമത്തെ അതിശക്തമായി എതിര്‍ത്തു. എങ്കിലും ഭൂരിപക്ഷം ഉപയോഗിച്ച് നിയമം പാസാക്കിയെടുക്കാനാണ് അവര്‍ തുനിഞ്ഞത്.

1950ലെ മൂലനിയമത്തില്‍ മാറ്റംവരുത്തി നടത്തിയ ഈ ഇടപെടലിലൂടെ നിയമത്തിലുണ്ടായ കറുത്തപുള്ളി മാറ്റുന്നതിനുള്ള പരിശ്രമം പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ നടന്നു. 1999 ഫെബ്രുവരി 19ന് അതിനുതകുന്ന നിയമഭേദഗതി നിയമസഭയില്‍ കൊണ്ടുവന്നു. ഭരണഘടനയെ ലംഘിക്കുന്ന, യുഡിഎഫ് കൊണ്ടുവന്ന നിയമത്തെ തിരുത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്തത്. ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ത്തുവെങ്കിലും നിയമം പാസായി. എംഎല്‍എ എന്നത് നിയമസഭയിലേക്കുള്ള ജനങ്ങളുടെ പ്രതിനിധിയാണ്. എല്ലാവരും വോട്ടുചെയ്താണ് എംഎല്‍എയെ തെരഞ്ഞെടുക്കുന്നത്. അതിന് ജാതി- മത വ്യത്യാസങ്ങളില്ല. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഹിന്ദുക്കള്‍ വേണമെന്ന് നിഷ്കര്‍ഷിക്കുന്ന നിലയുണ്ടായത്. ഹിന്ദു ആരാണ് എന്നത് പ്രതിജ്ഞയുടെയോ മറ്റോ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടാവുന്നതാണോ എന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. 1936 നവംബര്‍ 12ന് പ്രസിദ്ധപ്പെടുത്തിയ ക്ഷേത്രപ്രവേശന വിളംബരത്തില്‍ "ജനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും";എന്നാണ് ഹിന്ദുവിനെപ്പറ്റി വ്യവസ്ഥചെയ്തിരിക്കുന്നത്.

വിവേകാനന്ദന്‍ പറഞ്ഞത് മുക്കോടിമുപ്പത് ദേവതകളില്‍ നിങ്ങള്‍ വിശ്വസിച്ചാലും സ്വയം വിശ്വാസമില്ലെങ്കില്‍ ഒരാള്‍ ഹിന്ദു ആകില്ലെന്നാണ്. ഹിന്ദുമതത്തില്‍ വിശ്വാസത്തിനൊപ്പം അവിശ്വാസത്തിന്റെ പാരമ്പര്യവും ഉണ്ടെന്ന കാര്യം നാം മറന്നുപോകരുത്. ഭൗതികവാദ ദര്‍ശനത്തിന്റെ വക്താവായ ചാര്‍വാകന്റെയും കണികാസിദ്ധാന്തം മുന്നോട്ടുവച്ച കണാദമഹര്‍ഷിയുടെയുമൊക്കെ ദര്‍ശനങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമായാണ് പൊതുവില്‍ പരിഗണിക്കപ്പെടുന്നത്. ഇങ്ങനെ വ്യത്യസ്ത ധാരകളുടെ കൂടിച്ചേരല്‍ എന്നനിലയിലാണ് പൊതുവില്‍ ഹിന്ദുമതത്തെ കണ്ടുവരുന്നത്. ആ ഒരു കാഴ്ചപ്പാടിനെ അട്ടിമറിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഇത് വിശ്വാസത്തിന്റെയും മറ്റും പ്രശ്നമാണെന്ന് ധരിക്കേണ്ടതില്ല. മറിച്ച്, ദേവസ്വം ബോര്‍ഡിന്റെ അധികാരം കൈപ്പിടിയിലാക്കുന്നതിനുള്ള കുറുക്കുവഴിമാത്രമാണ്. മാത്രമല്ല, ഇത്തരമൊരു ഭേദഗതി ഭരണഘടനാപരമായ കാഴ്ചപ്പാടുകളുടെ ലംഘനംകൂടിയാണ്. ഭരണഘടനയുടെ 188-ാംവകുപ്പ് മുന്നോട്ടുവയ്ക്കുന്നത് നിയമസഭാംഗങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള സത്യപ്രതിജ്ഞയാണ്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞചെയ്തോ സത്യപ്രതിജ്ഞചെയ്യാവുന്നതാണ്. എങ്ങനെ സത്യപ്രതിജ്ഞചെയ്താലും എംഎല്‍എ എന്നനിലയില്‍ തുല്യമായ അവകാശമാണ് ഉണ്ടാവുക. അതിന്റെ പേരില്‍ ഒരു വിവേചനവും ഉണ്ടാകില്ലെന്ന കാര്യവും ഭരണഘടന എടുത്തുപറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹിന്ദു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുമാത്രമേ പറയുന്നുള്ളൂ. അല്ലാതെ, ഈശ്വരവിശ്വാസമുള്ള ഹിന്ദു എംഎല്‍എമാര്‍ക്കുമാത്രമേ വോട്ടവകാശം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നില്ല. 1999ല്‍ ഹൈക്കോടതിയുടെ അഞ്ചംഗബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചിട്ടുള്ളതാണ്. ദേവസ്വം ബോര്‍ഡ് എങ്ങനെ രൂപപ്പെട്ടുവന്നു എന്നതുകൂടി പരിശോധിക്കുമ്പോള്‍മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ. പണ്ട് ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം രാജാവിനായിരുന്നു. രാജഭരണത്തിനുപകരം ജനാധിപത്യ ഭരണസംവിധാനം നിലവില്‍വന്നപ്പോള്‍ രാജാവിന്റെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് വന്നു. അത്തരത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ക്ഷേത്രങ്ങളുടെ ഭരണത്തിനാണ് ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടത് എന്ന കാര്യം നാം മറന്നുപോകരുത്. ഇങ്ങനെ ഭരണഘടനയെയും ഹിന്ദുമതത്തെക്കുറിച്ചുള്ള പൊതുവിലുള്ള ധാരണയെയും അട്ടിമറിച്ച് പുതിയ ഓര്‍ഡിനന്‍സ് എന്തിന് കൊണ്ടുവരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമാണ്.

അഴിമതി നടത്താനും സ്വന്തക്കാരെ തിരുകിക്കയറ്റാനും എന്നതാണ് ആ ഉത്തരം. എല്ലാ ഹിന്ദു എംഎല്‍എമാര്‍ക്കും വോട്ട് അനുവദിച്ചാല്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമസഭയുടെ പ്രതിനിധി എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നാകും. അങ്ങനെ വന്നാല്‍, തങ്ങളുടെ ഇംഗിതംപോലെ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. അത് തടയുക എന്നതാണ് ഈ ഭേദഗതിക്കുപിന്നിലുള്ള ലക്ഷ്യം. ഇതോടൊപ്പം നടപ്പാക്കപ്പെടുന്ന മറ്റു കാര്യങ്ങള്‍കൂടി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ്സിക്കുപകരം പ്രത്യേക റിക്രൂട്ട്മെന്റ് ഏജന്‍സിയിലൂടെ നടത്തണമെന്നാണ് പറയുന്നത്. നിയമനത്തിന്റെ പേരില്‍ കോടികള്‍ വാരിക്കൂട്ടുന്നതിനുള്ള വഴികള്‍ തേടുകയാണ് ഇതിലൂടെ എന്നത് വ്യക്തമാണ്.

അതോടൊപ്പം, വനിതാസംവരണം എടുത്തുമാറ്റാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏത് ക്ഷേത്രം പരിശോധിച്ചാലും അവിടെ വരുന്ന ഭക്തരില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്ന് കാണാം. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കുന്നതിനും ഭരണമേഖലകളില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ജനാധിപത്യനീക്കങ്ങള്‍ക്കും തടസ്സംനില്‍ക്കുന്ന ഒന്നായി ഈ ഭേദഗതി മാറുകയാണ്. ഇത്തരത്തില്‍ അഴിമതിയുടെ കേന്ദ്രമാക്കി ദേവസ്വം ബോര്‍ഡിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ഓര്‍ഡിനന്‍സ് എന്നു കാണണം. അതുകൊണ്ടുതന്നെ, ശരിയായ രീതിയിലുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഈ ഓര്‍ഡിനന്‍സിനെ ഇല്ലാതാക്കുക എന്നത് ഏറെ പ്രധാനമാണ്. അതുകൊണ്ട് വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ അഴിമതിക്കെതിരായുള്ള ഈ പോരാട്ടത്തില്‍ അണിനിരക്കേണ്ടതുണ്ട്.


*****

ടി ശിവദാസ മേനോന്‍, കടപ്പാട് :ദേശാഭിമാനി


എംപിയായാലും അക്രമി അക്രമിതന്നെ

ധിക്കാരരാഷ്ട്രീയത്തിന്റെ അത്യന്തം നികൃഷ്ടമായ ദൃശ്യങ്ങളാണ് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച അരങ്ങേറിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുവന്‍ ഒരു അക്രമിസംഘത്തോടൊപ്പം പൊലീസ് സ്റ്റേഷന്‍ കൈയേറുക, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ഉറഞ്ഞുതുള്ളുക; എസ്ഐയെ ഭീഷണിപ്പെടുത്തുക, സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്തവിധം അസഭ്യവര്‍ഷം ചൊരിയുക, മണല്‍ കള്ളക്കടത്തിന് പിടിയിലായവരെ രക്ഷപ്പെടുത്തിയെടുക്കാന്‍ ചെന്ന രാഷ്ട്രീയദല്ലാളിനെ ലോക്കപ്പില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുക- ഇതൊക്കെയാണ് നടന്നത്. നിയമവാഴ്ചയെ തകര്‍ത്തെറിയുന്ന നിയമവിരുദ്ധ ഗുണ്ടാവാഴ്ച. അക്രമിസംഘത്തലവന്‍ കോണ്‍ഗ്രസ് നേതാവായ എംപിയാണ് എന്നതിന്റെ ആനുകൂല്യത്തില്‍ വകവച്ചുകൊടുക്കാവുന്നതല്ല ഈ അതിക്രമം. ഈ അക്രമിയെ അപ്പോള്‍ത്തന്നെ പിടിച്ച് ലോക്കപ്പിലടയ്ക്കുകയായിരുന്നു വളപട്ടണം പൊലീസ് ചെയ്യേണ്ടിയിരുന്നത്. ഇന്ത്യന്‍ പീനല്‍കോഡിന്റെയും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെയും വകുപ്പുകള്‍ എംപിക്ക് ബാധകമല്ല എന്ന നില ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടില്ല. നിയമത്തിനുമുന്നില്‍ മണല്‍കള്ളക്കടത്തുകാരനും അയാളുടെ വക്കാലത്ത് ഏറ്റെടുത്ത് നിയമവാഴ്ചയെ ധ്വംസിക്കുന്ന എംപിയും സമന്മാര്‍തന്നെയാണ്. ആ നിലയ്ക്കുള്ള നടപടി ഉണ്ടായില്ല എന്നതോ പോകട്ടെ അയാള്‍ക്കെതിരെ കേസെടുക്കാന്‍പോലും രാത്രി പതിനൊന്ന് മണിയാവേണ്ടിവന്നു; ജനവികാരമാകെ ഈ അതിക്രമത്തിന് എതിരാവുകയാണെന്ന് യുഡിഎഫ് രാഷ്ട്രീയനേതൃത്വത്തിന് ബോധ്യപ്പെടേണ്ടിവന്നു.

ജനപ്രതിനിധികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടിവരും; അറസ്റ്റിലാകുന്നവരുടെ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഹനിക്കപ്പെടാതെ നോക്കാന്‍ ഇടപെടേണ്ടിവരും. അതു മനസ്സിലാക്കാം. എന്നാല്‍, ജനപ്രതിനിധി എന്ന ലേബലില്‍ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നത് ആരുടെയും പൗരാവകാശമോ ജനാധിപത്യ അവകാശമോ മനുഷ്യാവകാശമോ സംരക്ഷിക്കാനല്ല; നീതിയുടെ വഴി നേര്‍രേഖയിലാക്കാനുമല്ല. മറിച്ച് കള്ളക്കടത്തുകാരനെയും അയാളുടെ കൂട്ടാളിയായ തന്റെ അനുചരനെയും രക്ഷപ്പെടുത്തിയെടുക്കാനാണ്; നിയമത്തിന്റെ സ്വാഭാവികപ്രക്രിയയില്‍ ഇടപെട്ട് നിയമവിരുദ്ധമായി കുറ്റവാളികളെ വിടുവിച്ചെടുക്കാനാണ്. അതാകട്ടെ കുറ്റകൃത്യങ്ങളുടെ ഒരുപരമ്പരതന്നെ സൃഷ്ടിച്ചുകൊണ്ടായിരുന്നുതാനും. പൊലീസിന്റെ കൃത്യനിര്‍വഹണച്ചുമതല തടസ്സപ്പെടുത്താന്‍ ഇയാള്‍ക്ക് ആരാണ് അധികാരം കൊടുത്തത്? ലോക്കപ്പിലടയ്ക്കപ്പെട്ട കള്ളക്കടത്തുകാരനെ (മണല്‍ കള്ളക്കടത്തും കള്ളക്കടത്തുതന്നെയാണല്ലോ) ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകാന്‍ ഇയാള്‍ക്ക് ആരാണ് അവകാശം കൊടുത്തത്? അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും തെമ്മാടിത്തത്തിന്റെയും ആള്‍രൂപങ്ങള്‍ക്ക് പൊലീസിനെ ഭരിക്കാനുള്ള അവകാശം കൈമാറി കൊടുത്തിട്ട് കൈയുംകെട്ടിയിരിക്കുകയാണോ ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും? ഇങ്ങനെയാണെങ്കില്‍ പിന്നെ ഇവിടെ പൊലീസ് ഓഫീസര്‍മാര്‍ വേണ്ട; പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍മതി! പൊലീസ് സ്റ്റേഷനുകള്‍വേണ്ട; പ്രാദേശിക കോണ്‍ഗ്രസ് ഓഫീസുകള്‍ മതി! പക്ഷേ, അങ്ങനെയൊരു അവസ്ഥ അനുവദിച്ചുകൊടുക്കാന്‍മാത്രം മൗഢ്യമുള്ളവരല്ല കേരളജനത. മണല്‍ മാഫിയാസംഘവും ഭരണ- രാഷ്ട്രീയസംഘവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിളംബരംകൂടിയാണ് ഈ അക്രമിസംഘത്തലവന്റെ വാക്കുകളിലൂടെ വളപട്ടണം പൊലീസ്സ്റ്റേഷനില്‍ മുഴങ്ങിയത്. ഇത്ര നഗ്നമായി അധോലോകത്തിനുവേണ്ടി നിയമവാഴ്ചയില്‍ ഇടപെട്ട മറ്റൊരു രാഷ്ട്രീയനേതാവ് കേരളത്തില്‍ ഉണ്ടെന്നുതോന്നുന്നില്ല. ഇത്തരക്കാര്‍ ജനപ്രതിനിധിവേഷമിട്ട് നടക്കുന്നല്ലോ എന്നോര്‍ത്ത് പ്രബുദ്ധകേരളം ലജ്ജിച്ച് തലതാഴ്ത്തണം. ഇയാളുടെ കല്‍പ്പനകള്‍ക്ക് വഴങ്ങി കുറ്റവാളിയെ സ്റ്റേഷനില്‍നിന്ന് വിട്ടയക്കാന്‍ അനുവദിച്ച ആഭ്യന്തരമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ താനെന്ന് സ്വയം ചിന്തിക്കണം.

ഇത്തരമൊരു അവസ്ഥയില്‍ നിയമവാഴ്ച ഉറപ്പാക്കാന്‍ ഇടപെട്ടാല്‍ തങ്ങളുടെ സ്ഥിതി എന്താകുമെന്നാവും ഉത്തരവാദിത്തമുള്ള പൊലീസ് ഓഫീസര്‍മാര്‍ ചിന്തിക്കുക. അത്തരമൊരു ചിന്ത പൊലീസില്‍ പടര്‍ന്നാല്‍ അരാജകാവസ്ഥയാവും ഈ നാട്ടിലുണ്ടാവുക. പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയ സംഘത്തിന്റെ തലവന്‍ കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. സംസ്ഥാനത്തെ പൊലീസ് അധികാരം തന്റെ പാര്‍ടിക്കാണെന്നത് ഇയാളെ ഉന്മത്തനാക്കിയിരിക്കുന്നുവെന്നുവേണം കരുതാന്‍. ഇയാളാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുദിവസം കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയില്‍നിന്ന് സായുധ ക്വട്ടേഷന്‍സംഘത്തെ ഇറക്കിക്കൊണ്ടുപോയത്. ഇയാളാണ് ഇ പി ജയരാജനെ വധിക്കാന്‍ തോക്കുമായി ഗുണ്ടകളെ പറഞ്ഞയച്ച കേസില്‍ കൂട്ടുപ്രതിയായി നില്‍ക്കുന്നത്. ഇയാളാണ് അബ്കാരിക്കേസില്‍ ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് പറഞ്ഞ് ജുഡീഷ്യറിയെയാകെ അപമാനിച്ചത്. ഇയാളെക്കുറിച്ചാണ് നാല്‍പ്പാടി വാസുവധക്കേസുള്‍പ്പെടെയുള്ള കണ്ണൂരിലെ നിരവധി കൊലപാതകസംഭവങ്ങളുടെ സൂത്രധാരനെന്ന് സ്വന്തം ഡ്രൈവറായിരുന്ന പ്രശാന്ത്ബാബുവിനുതന്നെ സത്യം പറയേണ്ടിവന്നത്. ഇയാളെക്കുറിച്ചാണ് കണ്ണൂരിലെ എല്ലാ അക്രമങ്ങളുടെയും താക്കോലെന്ന് ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന് പറയേണ്ടിവന്നത്. ഇയാള്‍തന്നെയാണ് ആ ഡിസിസി പ്രസിഡന്റിനെ അനുചരന്മാരെ അയച്ച് ഘെരാവോ ചെയ്യിച്ച് അപമാനിച്ചയച്ചത്. ഇയാളുടെ വിളയാട്ടം പാര്‍ടി ഓഫീസില്‍നിന്നും തെരുവുകളില്‍നിന്നും പൊലീസ് സ്റ്റേഷനിലേക്കുകൂടി പടരുകയാണിപ്പോള്‍. ഇതനുവദിച്ചുകൊടുക്കാന്‍ പറ്റില്ല. പൊലീസ് സംവിധാനത്തെ അതത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കീഴ്പ്പെടുത്തിക്കൊടുത്ത യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയങ്ങളാണ് ഇത്തരം അവസ്ഥകളുണ്ടാക്കുന്നത്. അതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.
 
നിയമവിരുദ്ധമായി ഇടപെട്ട് സഹായിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് ഇയാള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നത്. ജഡ്ജിമാര്‍ കൈക്കൂലിവാങ്ങുന്നത് കണ്ടുവെന്ന തിരുവനന്തപുരം കോടതിയിലെ കേസ്, ഇതേ വിഷയത്തില്‍ സിബിഐ കേസുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇല്ലാതാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത് കോടതിതന്നെ പൊളിച്ചതാണ്. അതെന്തുമാകട്ടെ, ഇയാളുടെ പ്രത്യക്ഷവിളയാട്ടങ്ങള്‍ പ്രബുദ്ധകേരളം അവസാനിപ്പിച്ചേ പറ്റൂ.

*****


ദേശാഭിമാനി മുഖപ്രസംഗം നവംബർ 2, 2012 

Thursday, November 1, 2012

കേരളം പിന്നിട്ട നാള്‍വഴി

1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപംകൊണ്ടത്. അതിനുമുമ്പ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി കിടക്കുകയായിരുന്നു കേരളം. കേരളത്തിന്റെ അന്നത്തെ സവിശേഷതയെ സംബന്ധിച്ച് വിശദമായി പഠിച്ച ഇ എം എസ്, ഈ വ്യവസ്ഥയെ ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥ എന്നാണ് കണ്ടത്. സാമൂഹ്യരംഗത്ത് ജാതിയും സാമ്പത്തികരംഗത്ത് ജന്മിയും രാഷ്ട്രീയരംഗത്ത് നാടുവാഴികളും രാജാക്കന്മാരും എന്ന നില. ഇവരെയെല്ലാം സംരക്ഷിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും.

ജാതീയമായ അടിച്ചമര്‍ത്തലുകളും ഉച്ചനീചത്വങ്ങളും സജീവമായിരുന്നെങ്കിലും മതപരമായ സൗഹാര്‍ദം നിലനിന്നിരുന്നുവെന്ന സവിശേഷതയും കേരളത്തിലുണ്ടായിരുന്നു. ഈ സമൂഹത്തിലാണ് ആധുനിക ചിന്തകള്‍ കടന്നുവന്നത്. അതോടൊപ്പം തദ്ദേശീയമായി ഉയര്‍ന്നുവന്ന ചിന്താപദ്ധതികളും നവോത്ഥാനത്തിന്റെ വെളിച്ചം പ്രചരിക്കുന്നതിന് ഇടയാക്കി. ഇതിന്റെ ഫലമായി എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കകത്തും മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം പ്രചരിപ്പിക്കുന്ന രീതിയില്‍ നവോത്ഥാന ചിന്തകളും ഉയര്‍ന്നുവന്നു. ഒരു ജാതി- ഒരുമതം- ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇത്തരം പ്രസ്ഥാനങ്ങളെ പൊതുവില്‍ നയിക്കുന്ന ഒന്നായി. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് 1937ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത്. ജാതിവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഘട്ടത്തില്‍ത്തന്നെ ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ടി സജീവമായി ഇടപെട്ടു.

സാമൂഹ്യനീതിയെയും സാമ്പത്തിക സമരങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഈ ഇടപെടലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമായി തീര്‍ന്നത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ചിന്താഗതികളെ വര്‍ഗനിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനജീവിതത്തില്‍ വലിയ പുരോഗതിക്ക് ഇടയാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഇന്നും ജാതീയത ഭീകരമായി തുടരുമ്പോള്‍, കേരളത്തില്‍ അതിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നതിനും ജാതീയമായ വിവേചനങ്ങളുടെ ക്രൂരമായ മുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിഞ്ഞത് ഈ ഇടപെടലിന്റെ ഭാഗമായാണ്.

അഖിലേന്ത്യാ തലത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിക്കുന്നതിനുമുമ്പ് കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിച്ചു. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചതോടെ ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി മുഴുകി. രണ്ടാം ലോകമഹായുദ്ധം കൊടിയ ദാരിദ്ര്യമാണ് നാട്ടില്‍ വിതച്ചത്. ജന്മിമാരുടെ പത്തായങ്ങളില്‍ നെല്ല് കുമിഞ്ഞു കൂടുമ്പോഴും ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയെ മറികടക്കുന്നതിന് പാര്‍ടി ഇടപെട്ടു. കരിവെള്ളൂര്‍, കാവുമ്പായി, കോറോം, തില്ലങ്കേരി, പഴശ്ശി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഏറെ ശക്തിപ്രാപിച്ചു. തല്‍ഫലമായി 1947 ജനുവരി 23ന് മദ്രാസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഭാഗമായി ന്യായവിലഷോപ്പുകള്‍ സ്ഥാപിക്കപ്പെട്ടു.

1960കളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ശക്തമായ പ്രക്ഷോഭം വീണ്ടും ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് 1964 ഒക്ടോബര്‍ 26ന് ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ ഒന്നുമുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിന് തീരുമാനിച്ചത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വലിയ സമരമാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. കേരളത്തിന്റെ സാംസ്കാരികമായ സവിശേഷതകളെയും ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെയും വിശകലനംചെയ്ത് "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകം ഇ എം എസ് എഴുതി.

ഐക്യകേരളത്തിനുവേണ്ടിയുള്ള പാര്‍ടിയുടെ ഇടപെടല്‍ നടക്കുന്ന ഘട്ടത്തിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സര്‍ സി പി രാമസ്വാമി അയ്യര്‍ മുന്നോട്ടുവച്ചത്. ഇതിനെതിരായി ഐതിഹാസികമായ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പുന്നപ്ര- വയലാര്‍ സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ട ഒന്ന്, സ്വതന്ത്ര തിരുവിതാംകൂര്‍ അറബിക്കടലില്‍- ഐക്യകേരളം സിന്ദാബാദ് എന്നതായിരുന്നു. ഐക്യകേരളത്തിന്റെ പേരില്‍ നിരവധി വായനശാലകളും കലാസമിതികളും രൂപീകരിച്ച് ഒരു ബഹുജനപ്രസ്ഥാനമായി ഐക്യകേരള പ്രസ്ഥാനത്തെ മാറ്റുന്നതിനും പാര്‍ടിക്ക് കഴിഞ്ഞു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്ന ഘട്ടം വന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ടുവച്ച് കൊച്ചിരാജാവ് രംഗത്തുവന്നു. ജന്മിത്വഘടനയെയും രാജഭരണത്തെയും സാമ്രാജ്യത്വ അധിനിവേശത്തെയും അംഗീകരിച്ചുള്ള നിലപാടായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിനെ പാര്‍ടി ശക്തമായി എതിര്‍ത്തു. മാത്രമല്ല, ഭാവികേരളം എന്താവണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി സ്വീകരിച്ചു. 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ടി സംസ്ഥാനസമ്മേളനം കേരള വികസനത്തെ സംബന്ധിച്ചുള്ള ഒരു നയംതന്നെ പ്രമേയരൂപത്തില്‍ അവതരിപ്പിച്ചു. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് 1957ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മത്സരിച്ചതും വിജയിച്ചതും.

അധികാരമേറ്റ ഉടന്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മാത്രമല്ല, ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂപരിഷ്കരണ ബില്ലും നടപ്പാക്കി. വിദ്യാഭ്യാസ ബില്‍, തൊഴില്‍ മേഖലയില്‍ പൊലീസ് ഇടപെടാന്‍ പാടില്ലെന്ന നയം, അധികാരവികേന്ദ്രീകരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ എടുത്തുമാറ്റുന്നതിനുള്ള നടപടി തുടങ്ങിയ നടപടികള്‍ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടവയാണ്. ജനങ്ങള്‍ക്ക് അനുകൂലമായ ഈ നടപടികള്‍ വലതുപക്ഷശക്തികള്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജാതിമത ശക്തികളുമായി ചേര്‍ന്ന് വിമോചനസമരം നടത്തി. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റില്‍പറത്തി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ഭൂപരിഷ്കരണ നടപടികളില്‍ ഉള്‍പ്പെടെ വെള്ളം ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി.

പിന്നീട് 1967ല്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭൂപരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയെ വലതുപക്ഷശക്തികള്‍ അട്ടിമറിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പോരാട്ടം പാര്‍ടി തുടര്‍ന്നു. 1969 ഡിസംബര്‍ 14ന് ആലപ്പുഴയില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമരപ്രഖ്യാപനം നടക്കുകയും നിയമം പാസാക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കുകയുംചെയ്തു. കുടികിടപ്പിനായി നടത്തിയ ഈ സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുകയും പാവപ്പെട്ടവര്‍ക്ക് കുടികിടപ്പ് അവകാശം ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഭൂപരിഷ്കരണനടപടികളിലൂടെ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനായി. സാംസ്കാരികമണ്ഡലത്തില്‍ ജനകീയ സൗന്ദര്യബോധത്തിനുവേണ്ടിയുള്ള ഇടപെടലും നടത്തി. മണ്ണില്‍ പണിയെടുക്കുന്നവനും ജീവിതവും സ്വപ്നങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന സാംസ്കാരിക മുന്നേറ്റമായിരുന്നു ഇത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ഓടയില്‍നിന്ന്, പാത്തുമ്മയുടെ ആട് തുടങ്ങി സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതങ്ങള്‍ സാഹിത്യത്തിന് വിഷയമായി തീര്‍ന്നതും ഇത്തരം ഇടപെടലിന്റെ ഭാഗമായാണ്.

തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും ആ പാത പിന്തുടര്‍ന്നു. 1980ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചതും മാവേലിസ്റ്റോറുകള്‍ തുടങ്ങിയതും. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ബഹുജനവിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി.

അതോടൊപ്പം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യുന്നതിനുള്ള ഇടപെടലുകളും പാര്‍ടി നടത്തി. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും പാര്‍ടി നല്‍കിയത് അതുകൊണ്ടാണ്. കാര്‍ഷിക- വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, സേവനമേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ സാമൂഹ്യശ്രദ്ധ പതിപ്പിക്കുക, സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുക, ജനകീയ പങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും പാര്‍ടി നേതൃത്വം നല്‍കി. ഇതിന്റെ ഫലമായാണ് ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്.

ഇക്കാലത്ത് അധികാരത്തില്‍ വന്ന യുഡിഎഫാകട്ടെ ആഗോളവല്‍ക്കരണപരിപാടികള്‍ ശക്തമായി നടപ്പാക്കി. ഈ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം നടത്തുമ്പോള്‍ത്തന്നെ ബദലുകള്‍ രൂപപ്പെടുത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ക്കും പാര്‍ടി നേതൃത്വം നല്‍കി. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാര്‍ഷിക വ്യവസായമേഖലയെ ശക്തിപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയുംചെയ്തു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യസംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി.

1957 മുതലുള്ള 55 വര്‍ഷത്തിനിടയില്‍ പാര്‍ടി നേതൃത്വം നല്‍കിയ മന്ത്രിസഭ അധികാരത്തിലിരുന്നത് 20 വര്‍ഷമാണ്. ഈ കാലയളവില്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തത്. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് മൗലികമായ ഒരു സംഭാവനയും വലതുപക്ഷശക്തികളില്‍നിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, ഉള്ള നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് അവര്‍ പരിശ്രമിച്ചത്. വര്‍ത്തമാനകാലത്തും ഈ നില തുടരുന്നു. തോട്ടംമേഖലയെ ടൂറിസത്തിന് വിട്ടുകൊടുക്കുന്നതിന് നടത്തിയ ഇടപെടലും കശുമാവിന്‍തോട്ടങ്ങളെ മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും സംരക്ഷിക്കാനുള്ള നിയമങ്ങളെ അട്ടിമറിക്കാനുള്ള നടപടികളും ഇപ്പോള്‍ നടപ്പാക്കുന്നു. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുന്നു. പെണ്‍വാണിഭസംഘങ്ങളും ഭൂമാഫിയയും ഗുണ്ടാ സംഘങ്ങളും കേരളം ഭരിക്കുന്ന നില ഉണ്ടായി. വിലക്കയറ്റത്തില്‍ നാട് പൊറുതിമുട്ടുന്നു. ഇത്തരം നയങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തിയ ചെറുത്തുനില്‍പ്പുകളാണ് വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ നടപ്പാക്കുന്നതിന് തടസ്സംനിന്നത്. അത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ഘട്ടത്തിലാണ് കേരളത്തിന്റെ 56-ാം ജന്മദിനം നാം ആചരിക്കുന്നത്.

 പോരാടാം നാടിന്റെ നന്മയ്ക്ക്

വിവിധ സംസ്കാരങ്ങളെയും മതദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയതാണ് കേരളത്തിന്റെ സംസ്കാരം. ബൗദ്ധ- ജൈനദര്‍ശനങ്ങളും ഹൈന്ദവ- ക്രൈസ്തവ- മുസ്ലിം കാഴ്ചപ്പാടുകളുമെല്ലാം ഉള്‍ക്കൊണ്ട് വളരുകയും വികസിക്കുകയുംചെയ്ത മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ അഭിമാനകരമായ മതസൗഹാര്‍ദ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടു. കേരളത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തന പദ്ധതികളാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളുടെ പൊതുവായ ഐക്യം രൂപപ്പെടുത്തുക എന്നത്, തൊഴിലാളികളെയും കര്‍ഷകരെയും മറ്റു ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊരുതുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏറെ പ്രധാനമാണ്. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിത്തീരുന്നു.

കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുക എന്നത് പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്. ജനങ്ങളുടെ യോജിപ്പിനെ തകര്‍ക്കുക എന്നത്, സാമ്രാജ്യത്വശക്തികള്‍ക്ക് അവരുടെ നയം നടപ്പാക്കുന്നതിന് അനിവാര്യമായ ഒന്നാണ്. അതുകൊണ്ടാണ് വര്‍ഗീയശക്തികളെ രൂപപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന സമീപനം ഇന്ത്യയിലെ ഭരണവര്‍ഗപാര്‍ടികള്‍ പൊതുവില്‍ സ്വീകരിക്കുന്നത്. അങ്ങനെയാണ് സാമ്രാജ്യത്വശക്തികളുടെ കടന്നുവരവോടെ ഇന്ത്യയില്‍ വര്‍ഗീയപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. കേരളത്തില്‍ 1940കളുടെ തുടക്കത്തില്‍ കോഴിക്കോട് ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ തലശേരിയില്‍ മുസ്ലിംവ്യാപാരികളെ വളരാന്‍ അനുവദിക്കരുത് അത് ഹിന്ദുത്വത്തിന് ആപത്താണ് എന്ന രീതിയിലുള്ള പ്രചാരണവും ആരംഭിച്ചു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഈ ഘട്ടത്തില്‍ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും മറ്റ് എവിടെയും എന്നപോലെ ഇവിടെയും ആര്‍എസ്എസ് മുന്നോട്ടുവച്ചില്ല. കേരളത്തില്‍ നിലനിന്ന മതനിരപേക്ഷതയെ തകര്‍ക്കാന്‍ വ്യത്യസ്ത രീതിയിലുള്ള വഴികളാണ് ഓരോ ഘട്ടത്തിലും സംഘപരിവാര്‍ സ്വീകരിച്ചത്.

അക്കാലത്തുതന്നെ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഐക്യപ്പെടുത്തി അതിലൂടെ തങ്ങളുടെ അജന്‍ഡ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മുസ്ലിം ലീഗിന് അധികാരത്തില്‍ ലഭിച്ച കണക്കുകള്‍ നിരത്തി ഹിന്ദുക്കള്‍ക്ക് അധികാരം അപ്രാപ്യമാണ് എന്ന പ്രചാരവേലയിലാണ് പിന്നീട് ആര്‍എസ്എസ് ഊന്നിയത്. 1970കള്‍ ആകുമ്പോഴേക്കും ആശയ പ്രചാരണത്തേക്കാള്‍ അക്രമോത്സുകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. 1978 മുതല്‍ 1979 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ആര്‍എസ്എസ് നേതൃത്വം കൊടുത്ത 164 സംഘര്‍ഷങ്ങള്‍ ഉണ്ടായതായി രേഖകള്‍ കാണിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കുക എന്നത് എക്കാലത്തെയും അവരുടെ അജന്‍ഡയായിരുന്നു. വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിന് ഇവര്‍ തയ്യാറായി. പാര്‍ടിയെ പരാജയപ്പെടുത്താന്‍ യുഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധത്തിലേര്‍പ്പെടുക എന്നതും അവരുടെ നയമായി. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ഉണ്ടായ കോ.ലീ.ബി സഖ്യം പ്രസിദ്ധമാണല്ലോ. ഈ പരീക്ഷണവും പരാജയപ്പെട്ടതോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ആ സ്വാധീനംകൂടി ഉപയോഗപ്പെടുത്തി ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തി. അതും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ വീണ്ടും ഇത്തരം പദ്ധതികളുമായി ആര്‍എസ്എസ് രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഇന്നേവരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഒരു സീറ്റുപോലും നേടാന്‍ കഴിയാത്ത സംഘപരിവാര്‍, തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് നാം തിരിച്ചറിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനാകണം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലയാണ് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഉള്ളത്. 50 ശതമാനത്തോളം ന്യൂനപക്ഷ ജനവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. എന്നാല്‍, സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആകമാനം സമ്പന്നരല്ല. ഒരു വിഭാഗം സാമ്പത്തികമായി ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ ശതമാനം മത്സ്യത്തൊഴിലാളികളാണ്. ഇവരാകട്ടെ കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനവിഭാഗമാണ്. അവരുടെ അവശത പരിഹരിക്കുക എന്നത് കേരള വികസനത്തിന് ഏറെ പ്രധാനമാണ്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സമ്പന്ന വിഭാഗം എല്ലാ ഘട്ടത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായി പ്രത്യക്ഷപ്പെട്ടത്, 1957ല്‍ ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും പാസാക്കിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചനസമരത്തിലൂടെയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് തനതായി കഴിയില്ലെന്നു മനസ്സിലാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ജാതി- മത ശക്തികളുമായി ഐക്യമുണ്ടാക്കുക എന്ന നിലപാട് സ്വീകരിച്ചു. ഇത്തരം സംഘങ്ങളുടെ നേതൃത്വത്തില്‍ നിലകൊണ്ട സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളും വലതുപക്ഷത്തിന്റെ വര്‍ഗപരമായ നിലപാടും പരസ്പരം പൊരുത്തപ്പെട്ടതുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പൊതുവായ ഐക്യപ്രസ്ഥാനമായി ഇവ നിലകൊള്ളുന്ന സ്ഥിതിയും ഉണ്ടായി. എങ്കിലും പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ഒരു വലിയവിഭാഗം ജനത പാര്‍ടിയോടൊപ്പം അണിചേരുകയുണ്ടായി.

ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനകാലത്ത് തീവ്രമായ വാണിജ്യവല്‍ക്കരണ നിലപാടുകളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സമീപനം വലതുപക്ഷ ശക്തികള്‍ സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളെയും പൊതുമണ്ഡലങ്ങളെയും എല്ലാം തകര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന്റെയും അതുവഴി വര്‍ഗീയവല്‍ക്കരണത്തിന്റെയും വഴികളിലേക്ക് കേരളത്തെ നയിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണ്.

ഒരുകാലത്ത് കേരളത്തിലെ പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവരായിരുന്നു മിഷണറിമാര്‍. അത്തരം പാരമ്പര്യം അവകാശപ്പെടുന്ന സംഘങ്ങള്‍ പലതും, പണമുള്ളവനു മാത്രമേ വിദ്യാഭ്യാസം നല്‍കൂ എന്ന നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ നിലപാടിനെതിരെ പാവപ്പെട്ടവന്റെ പക്ഷത്തുനിന്ന് ശബ്ദിച്ചാല്‍ അത് മതവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് വിശ്വാസികളെ തങ്ങളുടെ നിലപാടുകള്‍ക്കു പിന്നില്‍ അണിനിരത്താനും ശ്രമിക്കുന്നു. ഓരോ മതസ്ഥരും അതത് മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ത്തന്നെയാണ് പഠിക്കേണ്ടത് എന്ന നിലപാടുപോലും മതനിരപേക്ഷതയുടെ ഉജ്വല പാരമ്പര്യമുള്ള കേരളത്തില്‍ ഉയര്‍ന്നുവരുന്നു. ഇതിലൂടെ സംഭവിക്കുന്നത് മതനിരപേക്ഷതയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസ രീതിപോലും മതവല്‍ക്കരണത്തിലേക്ക് നയിക്കപ്പെടുന്നു എന്നതാണ്.

മുസ്ലിംലീഗ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യത്തിന് കനത്ത തിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ്. സമ്പന്നര്‍ക്കായുള്ള ലീഗിന്റെ സാമുദായിക രാഷ്ട്രീയം തീവ്രവാദപരമായ രാഷ്ട്രീയത്തിന് കീഴടങ്ങുന്നുവെന്നതാണ് വര്‍ത്തമാനകാലത്തുണ്ടായ പ്രവണത. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില ചെയ്തികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് അന്വേഷണ കമീഷനെ പിരിച്ചുവിട്ടത്, നാദാപുരം നരിക്കാട്ടേരിയിലെ ബോംബ് സ്ഫോടനക്കേസ് ഇല്ലാതാക്കിയ നടപടി, മാറാട് സിബിഐ അന്വേഷണം തടയുന്നതിനായി നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

വ്യക്തി സ്വാതന്ത്ര്യത്തെ പൂര്‍ണമായും ഹനിക്കുന്ന തരത്തില്‍ ജനാധിപത്യസമൂഹത്തിന് ഭീഷണി ഉയര്‍ത്തി സദാചാര പൊലീസ് ശക്തിപ്പെട്ട് വരുന്നുവെന്നതും കേരളത്തിന്റെ പിറകോട്ട് പോക്കിന്റെ ലക്ഷണമായി തീര്‍ന്നിരിക്കുന്നു. എല്ലാ വര്‍ഗീയവാദികളും ഇത്തരം ശക്തികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ലീഗിന്റെ അഞ്ചാം മന്ത്രിപദം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവുതന്നെയാണ്. ലീഗിനകത്ത് തീവ്രവാദശക്തികള്‍ നുഴഞ്ഞുകയറി എന്ന് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗംതന്നെയാണ് പ്രസ്താവിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭരണസംവിധാനം വര്‍ഗീയശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും അവരുടെ ചെയ്തികള്‍ക്കും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന നിലയാണുള്ളത്. അധികാരത്തിനുവേണ്ടി വര്‍ഗീയശക്തികളുടെ അജന്‍ഡകള്‍ക്ക് കീഴ്പ്പെടുക എന്ന യുഡിഎഫിന്റെ സമീപനം വര്‍ത്തമാനകാലത്ത് ഏറെ തീവ്രമായിരിക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടല്‍തന്നെ വര്‍ഗീയശക്തികള്‍ക്ക് അനുകൂലമാകുമ്പോള്‍ സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കപ്പെടും എന്നതും വസ്തുതയാണ്. ആ തരത്തിലേക്കാണ് കേരളം നീങ്ങുന്നത്. അത്തരം ശക്തികളുടെ സംരക്ഷണകേന്ദ്രമായി കോണ്‍ഗ്രസും യുഡിഎഫും മാറി.

വര്‍ഗീയശക്തികളുടെ കൂടാരമായ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടി ഏല്‍ക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി. എന്നാല്‍, കേരളത്തിലെ വിവിധ മതവിശ്വാസികള്‍ ഏതെങ്കിലും വര്‍ഗീയസംഘങ്ങളുടെയോ സാമുദായിക ശക്തികളുടെയോ കുഴലൂത്തുകാരാണെന്ന് ധരിക്കരുത്. ഏതെങ്കിലും ജാതിമത സംഘടനകള്‍ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവരല്ല അവര്‍, മറിച്ച് മതനിരപേക്ഷതയ്ക്ക് പ്രഹരമേല്‍ക്കുന്ന ഘട്ടങ്ങളിലെല്ലാം ശക്തമായി പ്രതികരിച്ചിട്ടുള്ളവരാണ്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള അവകാശം ഉണ്ടാകണം. അതിന് ആരെങ്കിലും തടസ്സം നിന്നാല്‍ മതവിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതേ അവസരത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുള്ള അവസരം ഉണ്ടാകണം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്ന രീതി ഉണ്ടാകരുത്. ഏതെങ്കിലും ഒരു വര്‍ഗീയതകൊണ്ട് മറ്റൊരു വര്‍ഗീയതയെ പ്രതിരോധിക്കാനാകില്ല. അതുകൊണ്ട് എല്ലാ വര്‍ഗീയതകളെയും ഒറ്റപ്പെടുത്തുന്നതിനുള്ള വിശാല ബഹുജനമുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുകയാണ്. കേരളത്തിലെ മഹത്തായ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് അത് അനിവാര്യമാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കേണ്ട ദിനംകൂടിയാണ് ഇത്. വിവിധ ജനവിഭാഗങ്ങളുടെ കൂടിച്ചേരലുകളില്‍നിന്നാണ് ഒരു നാടിന്റെ സംസ്കാരം രൂപപ്പെടുന്നത്. വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ പരസ്പരം സ്വീകരിച്ചാണ് ഒരു ജനതയുടെ ജീവിതം രൂപപ്പെടുന്നത്.

ഇത്തരത്തിലുള്ള പൊതുവായ സംസ്കാരങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുക എന്നത് മതനിരപേക്ഷതയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് പൊതുമണ്ഡലങ്ങളെ പിളര്‍ക്കുന്നതിനും വിവിധ ജാതിമത സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്കാരത്തെ അഴിച്ചെടുക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നാം ജാഗ്രത പുലര്‍ത്തണം. കേരളീയന്റെ യോജിപ്പിന്റെ അടിസ്ഥാനം അവന്റെ ഭാഷയും സംസ്കാരവുമാണ്. അതുകൊണ്ടുതന്നെ മലയാളഭാഷയുടെ സംരക്ഷണവും അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും വര്‍ത്തമാനകാലത്ത് ഏറെ അനിവാര്യമാണ്. ഭാഷ മൗലികവാദമല്ല. ഭാഷയെ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ നവീകരിക്കുക എന്നത് പ്രധാനമാണ്. ഭാഷാ കംപ്യൂട്ടറിങ് ഉള്‍പ്പെടെയുള്ള രീതികളുമായി മലയാളഭാഷയെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും വര്‍ത്തമാനകാലത്ത് കടന്നുവരേണ്ടതുണ്ട്.

ഭരണഭാഷയും കോടതിഭാഷയും ഉള്‍പ്പെടെ മാതൃഭാഷയില്‍ ആക്കുക എന്നതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ ഇടപെടുന്നതിന് അനിവാര്യമാണെന്ന് കാണേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുക എന്നതും നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്തവുമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അതിനെതിരായി അതിശക്തമായ വികാരം ഉയര്‍ന്നുവരുന്ന കാലഘട്ടമാണ് ഇത്. ഈ ജനകീയരോഷത്തെ മറികടക്കുന്നതിന് വര്‍ഗീയ അജന്‍ഡകള്‍ രൂപപ്പെടുത്തി സാധ്യമാകുമോ എന്നാണ് ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള ശ്രമം നടത്തുന്നവര്‍ക്ക് ഇത്തരം അജന്‍ഡയുണ്ട് എന്നും നാം തിരിച്ചറിയണം. ബിജെപിയായാലും യുഡിഎഫ് ആയാലും ഒരേ നയത്തിന്റെ വക്താക്കളാണ്. ഈ നയങ്ങളെ തുറന്നുകാട്ടുന്നതിനും നൂറ്റാണ്ടുകളായി കേരളം പുലര്‍ത്തിയിരുന്ന മതേതര പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും മലയാളഭാഷയെയും സംസ്കാരത്തെയും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും എന്നതാണ് കേരള രൂപീകരണ വാര്‍ഷികദിനത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാനുള്ളത്.

****

പിണറായി വിജയന്‍

രാഷ്ട്രപതിയുടെ പ്രസംഗം

കേരള സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞ മൂന്നുകാര്യങ്ങള്‍ ചിന്തോദ്ദീപകമായിരിക്കുന്നു. നിയമസഭ സമ്മേളിക്കുന്ന ദിനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും നൂറെങ്കിലുമായി വര്‍ധിപ്പിക്കണമെന്നതാണ് ഒന്ന്. മലയാളഭാഷയ്ക്ക് എഡി നാലാം നൂറ്റാണ്ടുമുതല്‍ക്കുള്ള പഴക്കമുണ്ട് എന്നതാണ് മറ്റൊന്ന്. കേരള മാതൃകയ്ക്ക് രണ്ടാംപതിപ്പു വേണമെന്നതാണ് മൂന്നാമത്തേത്.

പാര്‍ലമെന്ററി ജനാധിപത്യത്തെ കൂടുതല്‍ ശക്തവും അര്‍ഥപൂര്‍ണവുമാക്കാന്‍ നിയമസഭ സമ്മേളിക്കുന്ന ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രയോജനപ്പെടും. അതിനുമപ്പുറം മന്ത്രിസഭയ്ക്ക് നിയമസഭയോടുള്ള ഉത്തരവാദിത്തം കൂടുതല്‍ ഫലപ്രദമാക്കാനും അതുപകരിക്കും. നിയമസഭയില്‍നിന്നും അവിടെയുണ്ടാകുന്ന കുറ്റവിചാരണാ രൂപത്തിലുള്ള ചര്‍ച്ചകളില്‍നിന്നും കഴിയുന്നത്ര ഒഴിഞ്ഞുനില്‍ക്കാനാണിപ്പോള്‍ മന്ത്രിസഭയ്ക്ക് താല്‍പ്പര്യം. നിയമസഭയിലെ ചര്‍ച്ച ഒഴിവാക്കി നിയമനിര്‍മാണങ്ങള്‍പോലും പിന്‍വാതിലിലൂടെയാക്കാനാണ് മന്ത്രിസഭ പലപ്പോഴും വ്യഗ്രതപ്പെടുന്നത്. നിയമസഭാസമ്മേളനങ്ങള്‍തന്നെ കഴിയുന്നത്ര ചുരുക്കാനും സഭയില്‍ ബില്ലായി കൊണ്ടുവരാവുന്നവപോലും സഭ തീരാന്‍ കാത്തിരുന്ന് ഓര്‍ഡിനന്‍സായി ഇറക്കാനും ബില്ലുകൊണ്ട് പകരംവച്ച് നിയമമാക്കാതെ ഓര്‍ഡിനന്‍സുകള്‍ പലയാവര്‍ത്തി പുതുക്കിയിറക്കാനും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തികകാര്യങ്ങള്‍പോലും ബജറ്റിനെയും സഭയെയും മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളായി ഇറക്കാനുമൊക്കെയാണ് സര്‍ക്കാര്‍ ശ്രമിച്ചുപോരുന്നത്. ഇതെല്ലാം ജനാധിപത്യത്തെ മറികടക്കാനുള്ള കുറുക്കുവഴികളാണ്; ജനാധിപത്യവിരുദ്ധ നടപടികളാണ്. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാരിനുള്ള സൗകര്യം കുറയ്ക്കുന്നതാണ് രാഷ്ട്രപതിയുടെ നിര്‍ദേശം.

കൂടുതല്‍നാള്‍ സഭ സമ്മേളിച്ചാല്‍ സഭയെ മറികടക്കാന്‍ സര്‍ക്കാരിന് കിട്ടുന്ന സന്ദര്‍ഭങ്ങള്‍ കുറയും. ആ നിലയ്ക്കാണ് സഭ കൂടുതല്‍ ദിവസം സമ്മേളിക്കണമെന്ന നിര്‍ദേശം ജനാധിപത്യത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാവുന്നത്. മുന്നൂറ്ററുപത്തഞ്ച് ദിവസങ്ങളുള്ള വര്‍ഷത്തില്‍ വെറും അമ്പത്തിമൂന്നോ അമ്പത്തിനാലോ ദിവസം മാത്രമാണ് കേരള നിയമസഭ ഇപ്പോള്‍ സമ്മേളിക്കുന്നത്. 1957നുശേഷമിങ്ങോട്ട് മൂവായിരം ദിവസങ്ങളേ സഭ സമ്മേളിച്ചിട്ടുള്ളൂ. ഓരോ വര്‍ഷവും നൂറുദിവസമെങ്കിലും സഭ സമ്മേളിക്കണമെന്ന് നിയമനിര്‍മാണസഭകളുടെ അധ്യക്ഷന്മാരുടെ യോഗങ്ങള്‍ ഇടയ്ക്കിടെ നിശ്ചയിക്കാറുണ്ട്. നിശ്ചയം പ്രാബല്യത്തില്‍ വരുന്നില്ല എന്നുമാത്രം. സര്‍ക്കാരിന് സഭയെ നേരിടുക ബുദ്ധിമുട്ടാകയാല്‍, ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മന്ത്രിസഭ ശ്രമിക്കുന്നത്. അസൗകര്യകരങ്ങളായ ചോദ്യങ്ങളില്‍നിന്നും നിശിതങ്ങളായ വിമര്‍ശനങ്ങളില്‍നിന്നും സൂക്ഷ്മങ്ങളായ വിചാരണകളില്‍നിന്നും ഭരണാധികാരികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയാണ് സഭാസമ്മേളനകാലയളവ് ചുരുക്കുക എന്നതിലൂടെ സര്‍ക്കാരിന് തുറന്നുകിട്ടുന്നത്. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല എന്നാണ് രാഷ്ട്രപതി ഇപ്പോള്‍ ഓര്‍മിപ്പിച്ചിട്ടുള്ളത്.

നിയമസഭ ചേരുന്ന ഘട്ടങ്ങളില്‍തന്നെ നിയമനിര്‍മാണത്തിനായി നീക്കിവയ്ക്കപ്പെടുന്ന സമയത്തിന്റെ പരിമിതിയിലും രാഷ്ട്രപതി ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. അവസാനഘട്ടങ്ങളില്‍ ഒരുപാട് ബില്ലുകള്‍ ചര്‍ച്ചപോലും വെട്ടിച്ചുരുക്കി ധൃതിപിടിച്ച് പാസാക്കുന്ന കാഴ്ച നാം മിക്ക സമ്മേളനങ്ങളിലും കാണുന്നു. ചര്‍ച്ചകളെ ഗില്ലറ്റിന്‍ ചെയ്യലാണിത്. നിയമനിര്‍മാണ സഭ അംഗീകരിക്കാത്ത ഒരു ചെലവും ചെയ്യാന്‍ എക്സിക്യൂട്ടീവിന് അധികാരമില്ല. അതേപോലെ സഭയുടെ അംഗീകാരമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്ന് ഒരുപൈസപോലും എടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സഭയില്‍ പാസാക്കിയ നിയമപ്രകാരമല്ലാതെ ഒരു നികുതിയും ചുമത്താന്‍ സര്‍ക്കാരിന് അധികാരമില്ല. ഇതെല്ലാമാണ് ഭരണഘടനാനില എന്നതുകൊണ്ടുതന്നെ, ബില്ലുകള്‍ സമഗ്രമായ ചര്‍ച്ചകൂടാതെ പാസാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഓരോ ബില്ലും പ്രത്യേകിച്ച്, ധനകാര്യ സംബന്ധിയായ ബില്ലുകള്‍ ജനങ്ങളെ ഏതുവിധത്തില്‍ ബാധിക്കുമെന്നത് സൂക്ഷ്മമായ ചര്‍ച്ചയിലൂടെ സഭാതലത്തില്‍ വെളിവാകേണ്ടതുണ്ട്; ആ ചര്‍ച്ചകളിലൂടെ പൊതുസമൂഹം അതറിയേണ്ടതുണ്ട്. സംസ്ഥാനഖജനാവിനുമേല്‍ നിയന്ത്രണാധികാരമുള്ള സഭയിലാണ് തങ്ങള്‍ ഇരിക്കുന്നത് എന്ന ഉത്തരവാദിത്തബോധത്തോടെ ഇത്തരം ബില്ലുകള്‍ ഇഴകീറി ചര്‍ച്ചചെയ്യാന്‍ സഭയ്ക്ക് അവസരമുണ്ടാകണം. ഇതിനും സഭ കൂടുതല്‍ ദിവസങ്ങള്‍ സമ്മേളിക്കുന്നത് പ്രയോജനകരമാവും. ഇതുപോലുള്ള ഒരുപാട് ചിന്തകള്‍ ഉണര്‍ത്തുന്നതാണ് ഇതുസംബന്ധിച്ച രാഷ്ട്രപതിയുടെ വാക്കുകള്‍.

മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ മലയാളഭാഷയ്ക്ക് എഡി നാലാംനൂറ്റാണ്ടുമുതല്‍ക്കെങ്കിലുമുള്ള പഴക്കമുണ്ട് എന്ന് രാഷ്ട്രപതി പറഞ്ഞുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെയര്‍ഥം നമ്മുടെ ഭാഷയ്ക്ക് 1500 വര്‍ഷത്തിലധികം പഴക്കമുണ്ട് എന്ന് രാഷ്ട്രപതി അംഗീകരിക്കുന്നുവെന്നതാണ്. ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് 1500 വര്‍ഷത്തെ പഴക്കമുണ്ടായിരിക്കണമെന്നതാണ്. അക്കാര്യം രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നു. രാഷ്ട്രപതിക്ക് ഇത് ബോധ്യപ്പെടുന്ന വിധത്തില്‍ ചരിത്രരേഖകള്‍ ഗവേഷണംചെയ്ത് കണ്ടുപിടിച്ച് കേന്ദ്രത്തിന് സമര്‍പ്പിച്ചത് കഴിഞ്ഞ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരാണ്. അന്നത്തെ സാംസ്കാരികമന്ത്രി എം എ ബേബിയുടെ നേതൃത്വത്തില്‍ ഒ എന്‍ വി, പുതുശ്ശേരി, സുഗതകുമാരി തുടങ്ങിയ സാംസ്കാരികനായകര്‍ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയുംകണ്ട് നിവേദനം നല്‍കിയിരുന്നു. വെറും നിവേദനമല്ല, ചരിത്രരേഖകളുടെ പിന്‍ബലമുള്ള നിവേദനം. അന്ന് ആ നിവേദനം അത്രമേല്‍ സമഗ്രമാക്കി നല്‍കിയതുകൊണ്ടാണ് ഭാഷയ്ക്ക് എഡി നാലാം നൂറ്റാണ്ടുമുതലുള്ള ചരിത്രമുണ്ടെന്ന സത്യം രാഷ്ട്രപതി അംഗീകരിച്ചത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിനും സാംസ്കാരിക നായകര്‍ക്കും അഭിമാനിക്കാം. രാഷ്ട്രപതിയുടെ അഭിപ്രായം കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഭാഷാ സമിതി തള്ളിക്കളയില്ലായിരിക്കുമെന്ന് പ്രത്യാശിക്കുക. ആ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് ക്ലാസിക്കല്‍ പദവി അനുവദിക്കേണ്ടത്. ആയിരം വര്‍ഷത്തെ പഴക്കമുള്ള ഭാഷകള്‍ക്ക് ക്ലാസിക്കല്‍ പദവി അനുവദിക്കാം എന്നതായിരുന്നു ഭാഷാസമിതിക്കുമുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ വച്ച മാനദണ്ഡം. തമിഴ് അടക്കമുള്ളതും മലയാളമൊഴിച്ചുള്ളതുമായ ദ്രാവിഡഭാഷകള്‍ക്കാകെ അങ്ങനെ ക്ലാസിക്കല്‍ പദവി കിട്ടി. മലയാളത്തിന്റെ കാര്യം വന്നപ്പോള്‍ കേന്ദ്രം 1500 വര്‍ഷത്തെ പഴക്കം വേണമെന്ന് മാനദണ്ഡം പുതുക്കി നിശ്ചയിക്കുകയായിരുന്നു. അത് മാനദണ്ഡമാക്കിയാലും മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന സത്യമാണ് രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇനിയെങ്കിലും തടസ്സങ്ങള്‍ നീങ്ങി ക്ലാസിക്കല്‍ പദവി ലഭ്യമാവുമെന്ന് നമുക്ക് പ്രത്യാശിക്കുക.

കേരളമാതൃകയ്ക്ക് രണ്ടാം പതിപ്പു വേണമെന്നതാണ് രാഷ്ട്രപതി പറഞ്ഞ മൂന്നാമത്തെ കാര്യം. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട കേരള മോഡല്‍ വികസനം കേരളത്തിലെ സാമൂഹ്യ-മാനവിക മേഖലകളില്‍ ഉണ്ടാക്കിയ മികവാര്‍ന്ന നേട്ടങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. അതിന് ലഭിച്ച അംഗീകാരമായി രാഷ്ട്രപതിയുടെ വാക്കുകളെ കരുതുന്നതാവും ഉചിതം. അതോടൊപ്പം കേരള മോഡല്‍ ഉണ്ടാക്കിത്തന്ന സാമൂഹിക നേട്ടങ്ങളെ തിരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന് മാത്രമുതകുന്ന ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഒന്നായി രണ്ടാം പതിപ്പ് നിര്‍ദേശം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാതിരിക്കാനുള്ള ജാഗ്രത നാം പുലര്‍ത്തേണ്ടതുണ്ടുതാനും.


*****

ദേശാഭിമാനി മുഖപ്രസംഗം നവംബർ 1, 2012