ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ശ്രീനാരായണഗുരുവിനെപ്പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹിതവ്യക്തി ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞുകൂട. കേരളത്തില്‍ ഇങ്ങനെ മറ്റൊരാള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. ഗുരുവിനെപ്പറ്റി 1916 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി ഇരുന്നൂറോളം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടാവും. അദ്ദേഹത്തിന്റെ ഒറ്റയൊറ്റ കൃതികളുടെ വിവര്‍ത്തനങ്ങളോ വ്യാഖ്യാനങ്ങളോ പഠനങ്ങളോ ആയി ഒട്ടേറെ ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഇവയ്‌ക്കു പുറമെയാണ് ആനുകാലികപ്രസിദ്ധീകരണങ്ങളിലും പ്രമുഖരായ എഴുത്തുകാരുടെ സമാഹാരകൃതികളിലുമായി ചിന്നിച്ചിതറിക്കിടക്കുന്ന എണ്ണമറ്റ പഠനങ്ങള്‍. ഇവയെല്ലാം ചേര്‍ത്താല്‍ കിട്ടുന്ന ശ്രീനാരായണസാഹിത്യം എത്രമേല്‍ സമ്പന്നമല്ല! ഇതൊരു വശം. ഇതിന് ഒരു മറുവശവുമുണ്ട്. ഈ കൃതികളില്‍ പലതും ആവര്‍ത്തനവിരസങ്ങളാണ്. എടുത്തുപറയത്തക്ക ശാസ്ത്രീയതയോ വസ്തുനിഷ്ഠതയോ പുലര്‍ത്തുന്നവ വളരെക്കുറച്ചേ അവയില്‍ കാണൂ. ആരാധനാപ്രധാനമാണ് മിക്കതും - വിശേഷിച്ച് ആദ്യകാലകൃതികള്‍. ശ്രീനാരായണഗുരുവെ അതിമാനുഷനോ അവതാരപുരുഷനോ അത്ഭുതസിദ്ധനോ ആയി കാണാനാണ് ഗുരുവിന്റെ ആരാധകര്‍ മാത്രമായ പല ഗ്രന്ഥകര്‍ത്താക്കളും മുതിര്‍ന്നത്. ഗുരുവിനെ ‘ബ്രഹ്മശ്രീ’ എന്നും സ്വാമിതൃപ്പാദങ്ങള്‍’ എന്നും മറ്റും വിശേഷിപ്പിക്കാതിരുന്നാല്‍ അദ്ദേഹത്തിന് അത് അവമതിയായിപ്പോകുമെന്ന് പലരും വിചാരിച്ചതുപോലെ തോന്നും. കുമാരനാശാനെയും മൂര്‍ക്കോത്തു കുമാരനെയും പോലുള്ള പ്രമുഖര്‍പോലും ഇതിന്നപവാദമായിരുന്നില്ല. അന്നത്തെ സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇതു സ്വാഭാവികമാണുതാനും.
വസ്തുനിഷ്ഠപഠനത്തിന്റെ തുടക്കം
1950 വരെ ഈ പ്രവണത തുടരുന്നതായാണ് നാം കാണുന്നത്. നടരാജഗുരുവിന്റെ കൃതികളിലാണ് ഏതാണ്ട് ആദ്യമായി വസ്തുനിഷ്ഠമായ വിവരണവും വിശകലനവും പ്രത്യക്ഷപ്പെടുന്നതെന്നു തോന്നുന്നു. നാരായണഗുരുവിന്റെ കൃതികളും ദര്‍ശനവും പഠനവിധേയമാക്കാനുള്ള ശ്രമവും അതോടുകൂടി പതുക്കെയാണെങ്കിലും ആരംഭിക്കുകയും ചെയ്യുന്നു. 1954-ല്‍ പി കെ ബാലകൃഷ്ണന്‍ ഗുരുവിനെക്കുറിച്ചുള്ളൊരു സമാഹാരഗ്രന്ഥം പുറത്തിറക്കിയതോടെ വിവിധവീക്ഷണകോണുകളില്‍ നിന്നുകൊണ്ട് ആ മഹാത്മാവിനെ വിലയിരുത്താനുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുമെന്ന സാഹചര്യം കൈവന്നു.
രണ്ടു തീവ്രനിലപാടുകള്‍
പിന്നെയും പഴയ മട്ടില്‍ ധാരാളം ഗ്രന്ഥങ്ങള്‍ പുറത്തുവരാതിരുന്നില്ല. ഒപ്പം, വ്യത്യസ്തത പുലര്‍ത്തുന്നവയും വന്നുതുടങ്ങി എന്നതാണ് ശ്രദ്ധേയം. അപ്പോഴേക്കും നടരാജഗുരുവിന്റെയും നിത്യചൈതന്യയതിയുടെയും മറ്റും ഇംഗ്ലീഷ് കൃതികളിലൂടെ ശ്രീനാരായണഗുരു ലോകത്തില്‍ പലേടത്തുമുള്ള ജിജ്ഞാസുക്കളുടെ ശ്രദ്ധാപാത്രമാവാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ജാതിമതാതീതമായി ലോകമെങ്ങുമുള്ള മതനിരപേക്ഷജനാധിപത്യവാദികള്‍ക്ക് പൂര്‍ണമായി സ്വന്തമെന്ന് അവകാശപ്പെടാവുന്ന വ്യക്തിത്വത്തിന്റെയും ദര്‍ശനത്തിന്റെയും ഉടമയാണ് ഗുരുവെന്ന് പരക്കെ തിരിച്ചറിയപ്പെട്ടതോടെ, അദ്ദേഹത്തെ സങ്കുചിതമായ ഹിന്ദുത്വത്തിന്റെ ചട്ടക്കൂട്ടില്‍ തളച്ചിടാനുള്ള കരുനീക്കവും ആരംഭിച്ചു. അതിന്റെ ഫലമാണ് 1971-ല്‍ നാരായണഗുരുവിനെപ്പറ്റി ഭാരതീയവിചാരകേന്ദ്രം ഡയറക്‍ടറായ പി പരമേശ്വരന്‍ എഴുതിയ കൃതി. ഇതിന്റെ കടുത്ത പ്രതികരണമെന്നോണം ശ്രീനാരായണന്‍ നിരീശ്വരനും നിര്‍മതനുമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് അടുത്ത വര്‍ഷംതന്നെ യുക്തിവാദിനേതാവായ ഇടമറുക് മറ്റൊരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ രണ്ടു തീവ്രനിലപാടുകള്‍ പിന്തുടര്‍ന്നുകൊണ്ട് അടുത്ത ചില ദശകങ്ങള്‍ക്കുള്ളില്‍ ഏതാനും കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ വ്യക്തിത്വത്തെയും ദര്‍ശനത്തെയും വളച്ചൊടിച്ചുകൊണ്ടാണ് ഈ രണ്ടു കൂട്ടരുടെയും പോക്ക്. ഇടമറുകിന്റെയും അനുയായികളുടെയും നില അങ്ങനെയാണെന്ന് പ്രഥമദൃഷ്‌ടിയില്‍തന്നെ ഒരുവിധമുള്ളവര്‍ക്കെല്ലാം മനസ്സിലാകും. അതുകൊണ്ടുതന്നെ അവരെ രൂക്ഷമായി വിമര്‍ശിക്കാന്‍ പലരും മുന്നോട്ടു വരികയും ചെയ്യും. എന്നാല്‍ പരമേശ്വരന്റെ പുസ്തകത്തെപ്പറ്റി അത്ര എളുപ്പത്തില്‍ അത്തരമൊരു ധാരണ പലര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ആശയപരമായി അദ്ദേഹത്തിന്റെ ചേരിയില്‍പ്പെടാത്ത പലരെയും ആശയക്കുഴപ്പത്തില്‍ ചാടിക്കാന്‍ അദ്ദേഹത്തിന്റെ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പരമേശ്വരന്റെ ശ്രീനാരായണസംബന്ധിയായ ചില വര്‍ഗീയനിഗമനങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്.
പഠനങ്ങളുടെ മുഖ്യദൌര്‍ബല്യം
ഇപ്പോള്‍, നമുക്ക് പ്രൊഫ. ജി ബാലകൃഷ്ണന്‍ നായരുടെയും ഡോ. ടി ഭാസ്‌ക്കരന്റെയും മറ്റു ചില പണ്ഡിതന്മാരുടെയും ശ്രമങ്ങളുടെ ഫലമായി ഗുരുവിന്റെ മിക്കവാറും എല്ലാ കൃതികളും കുറേ സംഭാഷണശകലങ്ങളും വിവരണസമേതം ലഭ്യമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ഗരിമയുറ്റ പഠനങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, അവയ്‌ക്കെല്ലാം മൊത്തത്തില്‍ ഒരു ദൌര്‍ബല്യം കാണാവുന്നതാണ്. നാരായണഗുരുവെ വെറും സാമൂഹ്യപരിഷ്‌ക്കര്‍ത്താവായി കാണുന്നതാണ് ഒരു പറ്റം പഠനങ്ങളുടെ പരിമിതിയെങ്കില്‍, അദ്ദേഹത്തെ കേവലം ആധ്യാത്മികാചാര്യനായി, അദ്വൈതവേദാന്തിയായി, പോരാ, ശ്രീശങ്കരദര്‍ശനാനുയായി എന്ന നിലയില്‍ മാത്രം, അവതരിപ്പിക്കുക എന്നതാണ് മറ്റൊരു വിഭാഗം പഠനങ്ങളുടെ പോരായ്‌മ. ഇതിന് അപവാദങ്ങള്‍ ഇല്ലെന്നില്ല. ഉള്ളത്, അങ്ങിങ്ങ് ചില ലേഖനങ്ങളിലായി ചിതറിക്കിടക്കുകയാണ്.
പി. ഭാസ്‌ക്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം (കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1988) എന്ന ബൃഹദ്ഗ്രന്ഥത്തില്‍നിന്ന് അക്കാലത്ത് അവര്‍ണസമുദായത്തില്‍പ്പെട്ടവര്‍ അനുഭവിച്ചിരുന്ന അവശതകളുടെ ഒരേകദേശചിത്രം ലഭിക്കും. ശ്രീനാരായണഗുരു കേരളീയനവോത്ഥാനത്തിന് മുന്‍കൈയെടുത്തതിന്റെ പശ്ചാത്തലം വ്യക്തമാവാന്‍ ആ ചിത്രം ആവശ്യമാണ്.
ബാല്യവും വിദ്യാഭ്യാസവും
1855 ആഗസ്‌ത് 28-ന്, ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍, ചെമ്പഴന്തി എന്ന കുഗ്രാമത്തിലെ വയല്‍വാരം വീട്ടില്‍ നാരായണന്‍ ജനിച്ചു. ജനനവര്‍ഷത്തെപ്പറ്റി അഭിപ്രായവ്യത്യാസം രൂക്ഷമാണ്. ഇപ്പോഴും തര്‍ക്കം തുടരുന്നു. അച്‌ഛന്‍ മാടനാശാന്‍; അമ്മ കുട്ടി. ബാല്യകാലവിദ്യാഭ്യാസത്തിനുശേഷം 1877-80 കാലത്ത് കരുനാഗപ്പള്ളിയ്‌ക്കടുത്ത് കുമ്മമ്പള്ളി രാമന്‍ പിള്ളയാശാന്റെ കീഴില്‍ സംസ്‌കൃതത്തില്‍ ഉപരിവിദ്യാഭ്യാസം നേടി. തുടര്‍ന്ന്, ചെമ്പഴന്തിയിലും പരിസരപ്രദേശങ്ങളിലും അധ്യാപകനായി. അങ്ങനെയാണ് നാണു എന്നു വിളിക്കപ്പെട്ടിരുന്ന നാരായണന്‍ നാണുവാശാനായത്.
അക്കാലത്തുതന്നെ സംസ്‌കൃതത്തിലും മലയാളത്തിലും കൃതികളെഴുതാന്‍ തുടങ്ങിയിരുന്നു. 1882-ല്‍ അന്നത്തെ സമ്പ്രദായമനുസരിച്ച് വധൂവരന്മാരുടെ സമ്മതമൊന്നും കൂടാതെ പേരിന് ഒരു വിവാഹം നടന്നിരുന്നുവെങ്കിലും ആ ബന്ധം നിലനിന്നില്ല. താമസിയാതെ നാണു അവധൂതനായി പലേടങ്ങളിലും ചുറ്റിനടന്നു. അക്കാലത്തെപ്പറ്റി കാര്യമായൊന്നും ആര്‍ക്കും അറിഞ്ഞുകൂട. 1884-87 കാലം ചട്ടമ്പിസ്വാമികളുമായുള്ള പരിചയം, തൈക്കാട്ട് അയ്യാസ്വാമിയില്‍നിന്ന് യോഗപരിശീലനം, മരുത്വാമലയിലും അരുവിപ്പുറം ഗുഹയിലും മറ്റുമായി തപശ്ചര്യ, ചില ആദ്യകാലസ്‌തോസ്‌ത്രങ്ങളുടെയും തമിഴ് കൃതികളുടെയും രചന മുതലായ സംഭവങ്ങള്‍കൊണ്ട് ശ്രദ്ധേയമാകുന്നു.
അരുവിപ്പുറം പ്രതിഷ്ഠ
1888-ലെ ശിവരാത്രിനാളില്‍ നാരായണന്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി. അവിടെ ചെറിയൊരു ക്ഷേത്രം ഉയര്‍ന്നുവന്നു. സവര്‍ണക്ഷേത്രങ്ങളില്‍ നടന്നുവരാറുള്ള ഉത്തമാരാധനാരീതിയാണ് അവിടെ അദ്ദേഹം ഏര്‍പ്പെടുത്തിയത്. അന്നത്തെ ചുറ്റുപാടില്‍ ഇതെല്ലാം അക്ഷന്തവ്യമായ വിപ്ലവമാണെന്നു പറയേണ്ടതില്ലല്ലോ. ആധ്യാത്മികമായ പന്ഥാവിലൂടെ എങ്ങനെ ഒരധഃകൃതസമുദായത്തെ ഭൌതികമായ അഭിവൃദ്ധിയിലേക്കു നയിക്കാം എന്ന പരീക്ഷണമാണ് അദ്ദേഹം അവിടെ നടത്തിനോക്കിയത്. അതോടെ നാണുവാശാന്‍ നാണുഗുരു എന്നും നാരായണഗുരു എന്നും അറിയപ്പെടാന്‍ തുടങ്ങി.
ക്ഷേത്രസങ്കല്പം
തുടര്‍ന്ന് പലേടങ്ങളിലും വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രനിര്‍മാണവും തുടര്‍ന്നു. അവസാനകാലത്ത് ഗുരു നടത്തിയ ചില പ്രതിഷ്‌ഠകള്‍ ദേവീദേവന്മാരുടേതായിരുന്നില്ല. (കാരമുക്ക് - ദീപം, മുരുക്കുംപുഴ - ‘സത്യം, ധര്‍മം, ദയ, ശാന്തി’ എന്നെഴുതിയ പ്രഭ. രണ്ടും 1921-ല്‍. വെച്ചൂര്‍ ഉല്ലല, കളവങ്കോടം - കണ്ണാടി. രണ്ടും 1927-ല്‍) 1912-ല്‍ വര്‍ക്കല ശിവഗിരിയില്‍ ശാരദാപ്രതിഷ്ഠ നടത്തുന്ന കാലം മുതല്‍ക്കെങ്കിലും നാരായണഗുരുവിന് പരമ്പരാഗതമായ ക്ഷേത്രസങ്കല്പത്തില്‍ വിശ്വാസം നശിച്ചിരുന്നു. ശാരദാമഠം വാസ്‌തവത്തില്‍ ഒരു ക്ഷേത്രമായേ ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ജാതിമതനിരപേക്ഷമായി എല്ലാവരുടേതുമായ വാഗ്‌ദേവി ശാരദയാണ് അവിടത്തെ പ്രതിഷ്‌ഠ. നിവേദ്യം, ഉത്സവം മുതലായ സാധാരണ ക്ഷേത്രാചാരങ്ങളൊന്നും അവിടെയില്ല. 1914-ല്‍ സ്ഥാപിച്ച ആലുവാ അദ്വൈതാശ്രമത്തിലാകട്ടെ ഒരു പ്രതിഷ്‌ഠയുമില്ല.
ദേവാലയങ്ങളല്ല, വിദ്യാലയങ്ങള്‍
1917-ല്‍ ഇപ്രകാരമൊരു സന്ദേശംതന്നെ അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി: 'ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം പണിയുവാന്‍ പണം ചെലവിട്ടത് ദുര്‍വ്യയമായി എന്നു ദുഃഖിക്കാനിടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്‍ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രങ്ങള്‍ വെച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് വിദ്യാലയങ്ങള്‍ ഉണ്ടാക്കാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാന്‍ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേര്‍ക്കുവാന്‍ ക്ഷേത്രങ്ങള്‍ വഴി കഴിയുമെന്ന് കരുതിയിരുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാവട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്.' (പി കെ ബാലകൃഷ്ണന്‍, നാരായണഗുരു - ആന്തോളജി, എന്‍ ബി എസ് പതിപ്പ്, 1969, പേജ് 76)
ഇതുകൊണ്ടൊക്കെയായിരിക്കണം, അദ്വൈതവേദാന്തിയും വിഗ്രഹാരാധനാവിരോധിയിമായ വാഗ്‌ഭടാനന്ദഗുരുദേവന്‍ ഈ വിഗ്രഹപ്രതിഷ്‌ഠയെയും ക്ഷേത്രനിര്‍മാണത്തെയും എതിര്‍ത്തുകൊണ്ട് നേരിട്ടുതന്നെ സംസാരിച്ചപ്പോള്‍ ഗുരു ഇപ്രകാരം മറുപടി നല്‍കിയത്: 'നാമും നിങ്ങളുടെ പക്ഷത്താണ്.' (ടി ഭാസ്‌ക്കരന്‍, ശ്രീനാരായണദര്‍ശനം, തിരുവനന്തപുരം, 1984, പേജ് 103)
എസ് എന്‍ ഡി പി യോഗം
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുന്‍പേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ല്‍ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ഇതാണ് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണധര്‍മപരിപാലന (എസ് എന്‍ ഡി പി) യോഗമായി മാറിയത്. ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീതസംഘടനയായി വളര്‍ത്തിക്കൊണ്ടുവരികയും സമൂഹത്തെ സര്‍വതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം.
യോഗവുമായുള്ള ബന്ധം വിടുന്നു
ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയെങ്കിലും, യോഗം നേതാക്കളില്‍ പലരും അവസരോചിതമായി ഉയര്‍ന്നുചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തില്‍ ക്രമേണ ശൈഥില്യം വരികയായി. തന്റെ ദര്‍ശനത്തിന്റെ കാതലായ ഏകജാതിസന്ദേശം തന്റെ സ്വന്തം ചോരയും നീരും കൊണ്ട് കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാതെ ധര്‍മസങ്കടത്തില്‍പ്പെട്ടുഴലുകയായിരുന്നു അദ്ദേഹം. ഒടുവില്‍, 1916 മെയ് 22-ന് നാരായണഗുരു എസ് എന്‍ ഡി പി യോഗവുമായി തനിക്കുള്ള ബന്ധം വിടര്‍ത്തിയതായി കാണിച്ചുകൊണ്ട് ഡോക്‍ടര്‍ പല്‍പ്പുവിന് ഇപ്രകാരം ഒരു കത്തുതന്നെ എഴുതി:
'എന്റെ ഡോക്‍ടര്‍ അവര്‍കള്‍ക്ക്,
യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുന്‍പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
എന്ന് നാരായണഗുരു.' (ശ്രീനാരായണഗുരുവൈഖരി, കുന്നത്തുനാട് എസ്. എന്‍. ഡി. പി. യൂനിയന്‍, പെരുമ്പാവൂര്‍, പേജ് 157)
1928-ല്‍ ശ്രീനാരായണധര്‍മസംഘമെന്നപേരില്‍ ഒരു സന്യാസിസംഘം സ്ഥാപിക്കുകയും ശിവഗിരി തീര്‍ഥാടനത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ഗുരു അവസാനകാലത്തു ചെയ്‌തത്. 1928 സെപ്തമ്പര്‍ 20-ന് കേരളീയനവോത്ഥാനത്തിനു തുടക്കം കുറിച്ച ആ മഹാത്മാവ് ഇഹലോകവാസം വെടിഞ്ഞു.
കൃതികള്‍
ദര്‍ശനമാല, ബ്രഹ്മവിദ്യാപഞ്ചകം, മുനിചര്യാപഞ്ചകം, വേദാന്തസൂത്രം തുടങ്ങി സംസ്‌കൃതത്തില്‍ ഇരുപതിലധികവും ആത്‌മോപദേശശതകം, അദ്വൈതദീപിക, കുണ്ഡലിനിപ്പാട്ട്, ജനനീനവരത്നമഞ്ജരി, ദൈവദശകം, ശിവശതകം, ജാതിനിര്‍ണയം, ജാതിലക്ഷണം, അനുകമ്പാദശകം, ഈശാവാസ്യോപനിഷദ്ഭാഷ, തിരുക്കുറള്‍ ഭാഷ മുതലായി മലയാളത്തില്‍ നാല്പതില്‍പരവും തേവാരപ്പതികങ്കള്‍ തുടങ്ങി തമിഴില്‍ മൂന്നും കൃതികള്‍ ശ്രീനാരായണഗുരു രചിച്ചിട്ടുണ്ട്. ഇനിയും ചിലതൊക്കെയുണ്ടാവാം. ദാര്‍ശനികവും സാഹിതീയവുമായ മൂല്യംകൊണ്ട് ദര്‍ശനമാലയും ആത്‌മോപദേശശതകവും ഇവയില്‍ മികച്ചുനില്‍ക്കുന്നു
ദര്‍ശനം - ശ്രീശങ്കരനും ശ്രീനാരായണഗുരുവും
ശ്രീനാരായണഗുരുവിന് പ്രത്യേകമായി എന്തു ദര്‍ശനമാണുള്ളത്? ശ്രീശങ്കരന്റെ അദ്വൈതവേദാന്തദര്‍ശനംതന്നെയല്ലേ അദ്ദേഹത്തിന്റേതും? ചില പണ്ഡിതന്മാര്‍പോലും ഈ അഭിപ്രായക്കാരാണ്. ഇതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്.
ജഗദ്ഗുരു’ എന്നപേരില്‍ പണ്ടേ പ്രസിദ്ധനാണ് ശ്രീശങ്കരന്‍. ആ പേരില്‍ പ്രസിദ്ധനാകേണ്ടിയിരുന്ന, അടുത്തകാലത്തുമാത്രം ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന, മഹാപുരുഷനാണ് ശ്രീനാരായണഗുരു. ഇതിനു കാരണങ്ങള്‍ പലതാകാം. ഒരു കാരണം വ്യക്തമാണ് - ഇരുവരുടെയും സാമൂഹ്യസാഹചര്യങ്ങളിലെ പ്രകടമായ വ്യത്യാസം.
ഇരുവരും അദ്വൈതികള്‍. അദ്വൈതവേദാന്തദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവെന്നുപോലും തെറ്റായി വിശേഷിപ്പിക്കപ്പെട്ടുപോരുന്ന ആചാര്യനാണ് ശ്രീശങ്കരന്‍. ഔപനിഷദദര്‍ശനം മാത്രമാണ് താന്‍ പ്രപഞ്ചനം ചെയ്യുന്നതെന്ന് അദ്ദേഹംതന്നെ സ്‌പഷ്‌ടമായി പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. വാസ്‌തവത്തില്‍, പ്രാചീനമായ ഉപനിഷത്തുകളിലെ ആശയവാദത്തിന്റെ മുഖ്യതത്വമായ ബ്രഹ്മദര്‍ശനം പില്‍ക്കാലത്ത് മഹായാനബൌദ്ധദാര്‍ശനികര്‍ ശൂന്യവാദമെന്നും വിജ്ഞാനവാദമെന്നുമുള്ള പേരുകളില്‍ സവിസ്‌തരം വിവരിച്ചതിനെ മിക്കവാറും അതേപടി ഉള്‍ക്കൊണ്ട് അദ്വൈതവേദാന്തമെന്നപേരില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്‌തത്. അദ്ദേഹം ബൌദ്ധരോട് തനിക്കുള്ള ഈ കടപ്പാട് മറച്ചുവെച്ചുവെന്നു മാത്രമല്ല, അവരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഏതായാലും, ‘പ്രച്‌ഛന്നബൌദ്ധന്‍’ എന്ന് ആചാര്യന്‍ പരിഹസിക്കപ്പെട്ടതില്‍ അത്‌ഭുതമില്ല.
പക്ഷേ, ഇതുകൊണ്ട് ശ്രീശങ്കരന്റെ പ്രസക്തിയോ പ്രാധാന്യമോ ഒട്ടും കുറയുന്നില്ല - അന്നായാലും ഇന്നായാലും. ഒരുവശത്ത് ജീര്‍ണിച്ചുവഷളായ, കര്‍മകാണ്ഡാസക്തമായ, വൈദികബ്രാഹ്മണപൌരോഹിത്യമതം; മറുവശത്ത് ശ്രീബുദ്ധന്റെ ആദര്‍ശങ്ങളില്‍നിന്നു പലപാട് വ്യതിചലിച്ച് അങ്ങേയറ്റം അധഃപതിച്ച ബൌദ്ധമതം - ഈ രണ്ടിനെയും ഒരേസമയം എതിര്‍ത്തുതോല്പിച്ചുകൊണ്ട് ഇതിനെല്ലാം പരിഹാരമായി സര്‍വസമത്വദര്‍ശനമെന്നു വിശേഷിപ്പിക്കാവുന്ന ഔപനിഷദബ്രഹ്മാദ്വൈതസിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന്റെ അക്കാലത്തെ പ്രസക്തിയെയോ പ്രാധാന്യത്തെയോ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക? ഇന്നുമതേ, ആ ദര്‍ശനത്തിന് പ്രസക്തിയും പ്രാധാന്യവുമേറെ. ജാതി-മത-പ്രദേശ-ഭാഷാദി സങ്കുചിത ഭേദബുദ്ധികളുടെ പ്രവര്‍ത്തനഫലമായി ശക്തിക്ഷയം വന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതദര്‍ശനത്തിന്റെ സമത്വസ്‌നേഹസന്ദേശം വളരെയധികം പ്രയോജനപ്പെടും.
ശ്രീനാരായണഗുരു സ്വാംശീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതും ഇതേ ഔപനിഷദാദ്വൈതദര്‍ശനംതന്നെ. തന്നില്‍ ബുദ്ധമതം ചെലുത്തിയ സ്വാധീനത്തെ അദ്ദേഹം മറച്ചുവച്ചില്ല. മാത്രമല്ല, അദ്വൈതദര്‍ശനത്തിന്റെ കാതലായ അംശത്തെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന സന്ദേശത്തിലൂടെ വ്യക്തമായി വെളിപ്പെടുത്തി, പ്രായോഗികതയില്‍ ഊന്നിനിന്നുകൊണ്ട്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്ന ആദര്‍ശം പ്രചരിപ്പിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്ന പ്രസ്‌താവനയിലൂടെ ഹൈന്ദവക്ഷേത്രസങ്കല്‍പ്പത്തില്‍പോലും ജാതിമതാതീതമായ അദ്വൈതദര്‍ശനത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളിച്ചുയര്‍ത്തിപ്പിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും മതപരമായ ഭേദഭാവനകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരനുഷ്‌ഠാനങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിന് ഗുരു നേതൃത്വം കൊടുത്തു. അങ്ങനെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ അദ്വൈതവേദാന്തത്തിന്റെ സാരാംശം സ്വായത്തമാക്കാന്‍ ഗുരുവിന് സാധിച്ചു. ഇതില്‍ അദ്ദേഹത്തിന് ഏറെ സഹായകമായത് തമിഴ്‌ശൈവസിദ്ധാന്തമാണെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്തമാക്കുന്നു.
ശ്രീശങ്കരനോ? അത്രത്തോളം സാധിച്ചുവെന്നു പറയാനാവില്ല. സിദ്ധാന്തത്തില്‍ ശരി, പ്രയോഗത്തിലാണ് പ്രയാസം. തന്റെ കാലത്ത് നിലവിലിരുന്ന ബ്രാഹ്മണപൌരോഹിത്യത്തെയും യജ്ഞസംസ്‌ക്കാരത്തെയും എതിര്‍ത്തുവെങ്കിലും, ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ക്കാന്‍ ആചാര്യനു കഴിഞ്ഞില്ല. ജാതിവ്യവസ്ഥയെ എതിര്‍ത്ത ബുദ്ധമതത്തെയാകട്ടെ അദ്ദേഹം ശത്രുനിരയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പരമാര്‍ഥസത്യത്തിന്റെ തലത്തില്‍ സമത്വസിദ്ധാന്തം അംഗീകരിച്ചുവെങ്കിലും, വ്യാവഹാരികസത്യത്തിന്റെ തലത്തില്‍ (പ്രായോഗികമായി എന്നര്‍ഥം) നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും മതപരമായ വിഭാഗീയതകളെയും അംഗീകരിക്കുകയും ന്യായീകരിക്കുകയുമാണ്, സത്യത്തില്‍, അദ്ദേഹം ചെയ്തത്. അപശൂദ്രാധികരണഭാഷ്യംതന്നെ ഏറ്റവും വലിയ തെളിവ്. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണവും അതിന്റെ ശാങ്കരഭാഷ്യവും പ്രക്ഷിപ്‌തമാണെന്ന വാദം ഒട്ടും യുക്തിയുക്തമല്ല. (വിശദവിവരങ്ങള്‍ക്ക് എന്റെ സ്വാമി വിവേകാനന്ദന്‍, എന്‍ ബി എസ്, കോട്ടയം, 2008, പേജ് 99-108 നോക്കുക.)
‘ജാതി മനുഷ്യനില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്.’ എന്നാണ് നാരായണഗുരു ഇതേപ്പറ്റി പറഞ്ഞത്. അപശൂദ്രാധികരണത്തിന്റെ ഭാഷ്യം ചമച്ച ശ്രീശങ്കരനെ ‘അനുകമ്പാദശകമെഴുതിയ ശ്രീനാരായണനുമായി താരതമ്യപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചതുപോലെ, 'ജ്ഞാനത്തില്‍നിന്നു ദയയിലേക്കുള്ള അതിശീഘ്രമായ ഒരു സംക്രമണപ്രവണത ശങ്കരനില്‍നിന്നു നാരായണനിലെത്തുമ്പോള്‍ നമുക്കു കാണാം.' (ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍, മാതൃഭൂമി, കോഴിക്കോട്, 1985, അവതാരിക, പേജ് 14)
ചുരുക്കത്തില്‍, അദ്വൈതദര്‍ശനത്തിലൂടെ സൈദ്ധാന്തികമായി സാമൂഹ്യസമത്വം ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന് പ്രായോഗികമായി സാമൂഹ്യാസമത്വത്തെ ന്യായീകരിക്കേണ്ടിവന്നു. ഈ വൈരുധ്യത്തില്‍നിന്നു മുക്തനാവാന്‍ സാധിച്ചു എന്നതാണ് ശ്രീനാരായണന്റെ മേന്മ. അതായത്, അദ്വൈതദാര്‍ശനികനായിരിക്കെത്തന്നെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ ഗുരുവിന് യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമുണ്ടായില്ല.
വ്യാവഹാരികസത്യദശയില്‍ സ്ഥിതവ്യവസ്ഥയെ ന്യായീകരിച്ചുവെങ്കിലും ശ്രീശങ്കരന്‍ പരമാര്‍ഥസത്യദശയില്‍ ബ്രഹ്മസത്യത്വത്തിന്റെയും ജഗന്മിഥ്യാത്വത്തിന്റെയും കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ച്ച കാട്ടിയില്ല. കര്‍മവാദത്തെമാത്രമല്ല, ജ്ഞാനകര്‍മസമുച്ചയവാദത്തെയും നഖശിഖാന്തം ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ജ്ഞാനവാദത്തെമാത്രം ഉയര്‍ത്തിപ്പിടിച്ചു. ശ്രീനാരായണദര്‍ശനത്തില്‍ ഇത്തരമൊരു കടുംപിടുത്തം കാണുന്നില്ല. സൈദ്ധാന്തികമായി ജ്ഞാനവാദത്തെ സമര്‍ഥിക്കുന്നുണ്ടെങ്കിലും കര്‍മവാദത്തെ പാടേ തള്ളിപ്പറയാന്‍ ഗുരു മടിക്കുന്നുണ്ട്. ദര്‍ശനമാലയില്‍ കര്‍മ-ഭക്തി-ജ്ഞാനയോഗങ്ങളെ സമന്വയിച്ചവതരിപ്പിക്കുന്നതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ജ്ഞാനകര്‍മസമുച്ചയവാദത്തോട് പ്രായോഗികമായി അനുഭാവംതന്നെ അദ്ദേഹം പ്രകടിപ്പിക്കുന്നതു കാണാം. അതിനാല്‍, സൈദ്ധാന്തികമായി ബ്രഹ്മസത്യത്വസിദ്ധാന്തത്തില്‍നിന്നു വ്യതിചലിക്കാതെതന്നെ, പ്രായോഗികമായി ജഗന്മിഥ്യാത്വവാദത്തില്‍ ഊന്നല്‍ നല്‍കാതിരിക്കാന്‍ ഗുരു ശ്രദ്ധവെച്ചതായി തോന്നുന്നു. നിലവിലുള്ള അസമത്വത്തെ തുടച്ചുമാറ്റാന്‍ അദ്വൈതദര്‍ശനത്തെ ആയുധമാക്കുന്നതിലാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചതെന്നു ചുരുക്കം.
ഇപ്രകാരം സൈദ്ധാന്തികമായ കടുംപിടുത്തം വര്‍ജിച്ചതുകൊണ്ട് ശ്രീനാരായണഗുരു അദ്വൈതിയായിരിക്കെത്തന്നെ ബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിച്ചപ്പോഴും വിവിധദേവീദേവന്മാരെപ്പറ്റി സ്‌തോത്രങ്ങള്‍ രചിച്ചപ്പോഴും ആര്‍ക്കും എടുത്തുപറയത്തക്ക ഒരു വൈരുധ്യവും തോന്നിയില്ല (ശ്രീശങ്കരന്റെ കാര്യത്തില്‍ ഇതെല്ലാം ഉത്തരം കിട്ടാത്ത പ്രശ്നങ്ങളായി പലര്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നു). ഒരു ഘട്ടമെത്തിയപ്പോള്‍ ഗുരു, ഇനി ജാതിവ്യത്യാസത്തെ അധികമാക്കുന്ന ദേവാലയങ്ങളല്ല, അറിവു നല്‍കുന്ന വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്‌തപ്പോഴാകട്ടെ, അതിനെ സ്വാഭാവികമായേ നിരീക്ഷകര്‍ കണ്ടുള്ളൂ.
പണ്ഡിതലോകത്തിലാണ്, സാധാരണജനങ്ങള്‍ക്കിടയിലല്ല, ശ്രീശങ്കരനു പ്രവര്‍ത്തിക്കേണ്ടിവന്നത്. ബ്രഹ്മകാരണവാദമൊഴിച്ച് മറ്റെല്ലാ വാദങ്ങളെയും ഖണ്ഡിക്കുക ജീവിതവ്രതമായെടുത്തുകൊണ്ട് അദ്ദേഹത്തിന് അനേകം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു. അതിന്റെ ഭാഗമായി വേദഗ്രന്ഥങ്ങളടക്കം ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കേണ്ടിവന്നു. സംസ്‌കൃതഭാഷയ്ക്ക് ഇത് ഈടുറ്റ മുതല്‍ക്കൂട്ടായി. അതിമനോഹരമായ കവിത, തര്‍ക്കകര്‍ക്കശമെന്നല്ല യുക്തിസുന്ദരമെന്നു വിശേഷിപ്പിക്കേണ്ടുന്ന ഹൃദ്യവും ചടുലവുമായ ഗദ്യം. സംസ്‌കൃതസാഹിത്യത്തില്‍ അപൂര്‍വവ്യക്തിത്വശോഭയോടെയാണ് ശ്രീശങ്കരന്റെ ഈ തലയുയര്‍ത്തിനില്പ്.
ശ്രീബുദ്ധനും നാരായണഗുരുവും
സാമാന്യജനങ്ങളുടെ ലോകമാണ് നാരായണഗുരുവിന്റെ പ്രവര്‍ത്തനമണ്ഡലം. വാദരതനല്ലായ്‌കയാല്‍, ആളുകളെ ആധ്യാത്മികാദികാര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു സൌമ്യസുന്ദരമായി പ്രേരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ശൈലി. അവര്‍ക്ക് എളുപ്പം മനസ്സിലാകത്തക്കവിധം ലളിതമായി, അധികവും മലയാളത്തില്‍, പദ്യത്തിലും ഗദ്യത്തിലും കൃതികള്‍ രചിക്കുക - അതാണദ്ദേഹം ചെയ്തത്. അങ്ങനെ പിറന്നവയാണ് ഗുരുവിന്റെ സ്‌തോത്രങ്ങളും ദാര്‍ശനികകൃതികളും മറ്റും. അതേസമയം, പണ്ഡിതമണ്ഡലത്തിന് ആലോചനാമൃതമായ ആശയങ്ങള്‍ അവയിലെങ്ങും അനുഭവവേദ്യവുമാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, സമത്വം മുതലായ ആധുനികാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഗുരുവിന്റെ കര്‍മരംഗം. മധ്യകാലഘട്ടത്തില്‍ ജീവിച്ച ശ്രീശങ്കരന് ഇവയൊന്നും കാണാന്‍ കഴിയാത്തതില്‍ അസാധാരണമായൊന്നുമില്ല. എന്നാല്‍, കറേക്കൂടി പിറകോട്ടുപോകുമ്പോള്‍, ശ്രീബുദ്ധനില്‍ ഈ പ്രവണതകളൊക്കെ സാരാംശത്തില്‍ കാണാന്‍ കഴിയുകയും ചെയ്യും. അതേ, ശ്രീനാരായണന് ശ്രീബുദ്ധനോടാണ്, ശ്രീശങ്കരനോടല്ല, സാമ്യങ്ങളേറെയുള്ളത് - സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും.
എന്നുവെച്ച് ബൌദ്ധദര്‍ശനമാണ് ഗുരുദര്‍ശനമെന്നു പറഞ്ഞുകൂട. കുമാരനാശാന്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയപോലെ, ഏകജാതിദര്‍ശനത്തില്‍ ഗുരു ബുദ്ധനോടൊപ്പമാണെങ്കിലും നിരീശ്വരമായ ബൌദ്ധദര്‍ശനത്തോട് അക്കാര്യത്തില്‍ യോജിച്ചുപോകാന്‍ ഗുരുവിന്റെ ഏകദൈവദര്‍ശനത്തിനാവില്ല. മതപരമായി വിഭാഗീയത പുലര്‍ത്തുന്ന ബൌദ്ധമുള്‍പ്പെടെയുള്ള ഒരു മതദര്‍ശനത്തോടും ഏകമതദര്‍ശനമുയര്‍ത്തിപ്പിടിക്കുന്ന ഗുരുവിന് യോജിക്കാന്‍ പറ്റില്ല. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മുദ്രാവാക്യം ആവിഷ്‌ക്കരിച്ച ഗുരുവിന് എല്ലാ മതങ്ങളെയും വിശാലമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാവുമെങ്കിലും, സൈദ്ധാന്തികമായും പ്രായോഗികമായും വ്യതിരിക്തത പുലര്‍ത്തിക്കൊണ്ടു നിലകൊള്ളുന്ന ഒരു മതത്തിനും ഗുരുദര്‍ശനത്തെ പൂര്‍ണമായി സ്വാംശീകരിക്കാനാവില്ല. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്നതാണ് സനാതനധര്‍മം എന്നു നാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗതമായി പറഞ്ഞുവരുന്ന 'സനാതനധര്‍മത്തിന്, വര്‍ണാശ്രമധര്‍മത്തിന്, ഇതുമായി ഒരു ബന്ധവുമില്ല. എന്നല്ല, തീര്‍ത്താല്‍ തീരാത്ത വൈരുധ്യം ആ രണ്ടു സനാതനധര്‍മങ്ങള്‍ തമ്മിലുണ്ടുതാനും.
ഈ വിചിന്തനത്തില്‍നിന്ന് ഗുരുദര്‍ശനം ശ്രീശങ്കരദര്‍ശനത്തില്‍നിന്നു വ്യതിരിക്തമാണെന്നു വ്യക്തമാകുമല്ലോ.
ഗുരുവിന്റേത് സമത്വദര്‍ശനം
ഇനി നമുക്ക് ശ്രീനാരായണഗുരുദര്‍ശനത്തെ പ്രത്യേകമായെടുത്ത് പരിശോധിക്കാം.
എന്താണ് ആ ദര്‍ശനത്തിന്റെ കാതല്‍? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് സമത്വമല്ലാതെ മറ്റൊന്നുമല്ല. സമത്വം എന്ന വാക്ക് അദ്ദേഹം പ്രയോഗിച്ചിട്ടുണ്ടാവില്ല. പക്ഷേ, എന്തു പറയുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ അതാണ് തെളിഞ്ഞുനിന്നിരുന്നത്. അത്യന്തം ലളിതമായ അല്പം വാക്കുകളില്‍ ഗുരു തന്റെ സമത്വദര്‍ശനം ലോകസമക്ഷം വെളിപ്പെടുത്തി. അത് പ്രായോഗികമാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കി.
ഈ സമത്വദര്‍ശനം, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, താഴെ ചേര്‍ക്കുന്ന ചില മുദ്രാവാക്യങ്ങളിലൂടെയാണ് ഗുരു അവതരിപ്പിച്ചത്.
1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.
6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
7. അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഈ ഏഴു മഹദ്വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി. സാമൂഹ്യവും സാംസ്‌ക്കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ രംഗങ്ങളില്‍ സമത്വം പുലര്‍ന്നുകാണുകയാണ് ഗുരുവിന്റെ ലക്ഷ്യമെന്ന് ഈ വചനങ്ങളുടെ അപഗ്രഥനം വെളിവാക്കും. ലൌകികവും ആത്മീയവും ഇവിടെ ഒന്നിക്കുന്നതു നാം കാണുന്നു. അതാണ് ഗുരുദര്‍ശനം.
ജാതിയെ അദ്ദേഹം തീര്‍ത്തും നിഷേധിക്കുകതന്നെ ചെയ്യുന്നുണ്ട്. ഒരു ജാതിയേ ഉള്ളൂ; അത് മനുഷ്യജാതിയാണ്. അതായത്, സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതുപോലെ, ‘ജാതി വേണ്ട’ എന്നുതന്നെയാണ് ഇതിന്നര്‍ഥം. അതിനാല്‍ ജാതിവിരുദ്ധത ശ്രീനാരായണദര്‍ശനത്തിന്റെ അകക്കാതലാകുന്നു. ഉപനിഷത്തുകളിലെ ബ്രഹ്മവാദത്തില്‍, ബുദ്ധമതത്തില്‍, ജൈനമതത്തില്‍, ചാര്‍വാക(ലോകായത)ദര്‍ശനത്തില്‍, സൂഫിദര്‍ശനത്തില്‍, ക്രൈസ്തവദര്‍ശനത്തില്‍, രാജാറാം മോഹന്‍ റോയിയുടെയും വിവേകാനന്ദന്റെയും മറ്റും നവോത്ഥാനദര്‍ശനത്തില്‍, തൊഴിലാളിവര്‍ഗദര്‍ശനത്തില്‍ - അങ്ങനെ ഭാരതീയദര്‍ശനങ്ങളില്‍ മിക്കതിലുമുള്ള ജാതിവിരോധഘടകത്തെ ഗുരുദര്‍ശനത്തിന്റെ മുഖ്യസ്ഥാനത്തുതന്നെ നമുക്കു കാണാം. ഇന്ത്യന്‍ സാഹചര്യത്തില്‍ സമത്വത്തിന്റെ മുഖ്യശത്രു ജാതിയാണെന്നു കാണുക.
എന്നാല്‍ മതത്തെ അദ്ദേഹം നിഷേധിച്ചിട്ടില്ല. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നായതുകൊണ്ട് ഒരു മതമേ ഉള്ളൂ, അഥവാ ഒരു മതമേ വേണ്ടൂ, എന്നാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചത്. ഈ അര്‍ഥത്തില്‍, പ്രത്യേകം പ്രത്യേകം മതങ്ങള്‍ വേണ്ട എന്ന അര്‍ഥത്തില്‍, സഹോദരന്‍ അയ്യപ്പന്റെ ‘മതം വേണ്ട’ എന്ന അഭിപ്രായം ഗുരുവിന് അഭിമതമായിരിക്കും; ‘വേണം ധര്‍മം’ എന്ന് സഹോദരന്‍ തുടര്‍ന്നുപറയുന്നതുകൊണ്ട് വിശേഷിച്ചും. ബാഹ്യവും ആഭ്യന്തരവുമായ മതത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബാഹ്യാംശങ്ങളില്‍ വിഭിന്നങ്ങളാവാമെങ്കിലും ആഭ്യന്തരാംശത്തില്‍ ഏകമതമേയുള്ളൂ എന്നു ശ്രീനാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരുവാക്യത്തിന് ‘ഒരു മതം’ എന്ന വാക്യവുമായി വൈരുധ്യമില്ലാത്തത്. താന്‍ ശ്രീശങ്കരന്റെ അദ്വൈതമതക്കാരനാണെന്നും ബുദ്ധമതക്കാരനാണെന്നും ക്രിസ്‌തുമതക്കാരനാണെന്നും ഇസ്ളാംമതക്കാരനാണെന്നുമൊക്കെ പലപ്പോഴായി ഗുരു പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍ അപ്പോഴേ വ്യക്തമാവുകയുള്ളൂ.
ഈ ഏകമതസിദ്ധാന്തം മതപരമായ വിഭാഗീയതകൊണ്ട് കുപ്രസിദ്ധമായ മതദര്‍ശനങ്ങളിലൊന്നും കാണാത്തതാണ്. ഉപനിഷത്തുകളിലെ ബ്രഹ്മദര്‍ശനത്തില്‍ ഈ പേരില്ലെങ്കിലും ഈ ആശയമുണ്ട്. പിന്നീട് സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ആവിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മതതുല്യതാവാദം ഇതുതന്നെയാണ്. ഇന്ത്യയില്‍ അശോകന്റെ കാലംതൊട്ടേ സാമാന്യമായി നിലനിന്നിരുന്നതും ദേശീയസ്വാതന്ത്ര്യ സമരകാലത്ത് കുറേക്കൂടി വ്യക്തമായ രൂപം കൈക്കൊണ്ടതും നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടതുമായ മതനിരപേക്ഷത, വാസ്‌തവത്തില്‍, ഗുരുവിന്റെ ഈ ഏകമതസിദ്ധാന്തമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ, ‘മതവിരോധത്തിന്റെ മതമാണ് ഗുരുദര്‍ശനം’, ‘ആദര്‍ശഹിന്ദുസന്ന്യാസിയാണ് ഗുരു, ഹിന്ദുത്വാഭിമാനിയാണ് ഗുരു’ എന്നും മറ്റുമുള്ള അതിരുകവിഞ്ഞ അവകാശവാദങ്ങള്‍ വസ്‌തുതയ്‌ക്കു നിരക്കുന്നതല്ല.
ഒരു ദൈവം’ എന്നരുളിയ ഗുരു ഉപനിഷത്തുകളില്‍ ആവിഷ്‌കൃതമായ സര്‍വസമത്വദര്‍ശനത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍തന്നെ. സകലചരാചരങ്ങളുടെയും സൃഷ്‌ടിസ്ഥിതിസംഹാരകര്‍ത്താവായ ഒരേയൊരു ദൈവത്തിലുള്ള വിശ്വാസം ആ ദര്‍ശനത്തില്‍ പ്രകടമാണ്. ദൈവദശകം എന്ന വിശിഷ്‌ടകൃതിയില്‍ ഏതു കുട്ടിക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ഈ ഏകദൈവാശയം വിവരിച്ചിട്ടുണ്ട്. അങ്ങേയറ്റം ആധ്യാത്മികമായ ഈ ഏകദൈവവിശ്വാസം എത്രയേറെ സമത്വബോധപ്രബോധകമാണെന്നു വെളിപ്പെടുത്തുന്നതാണ് 'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍' എന്നുതുടങ്ങുന്ന മേലുദ്ധരിച്ച ആത്മോപദേശശതകപദ്യം. അനുകമ്പാദശകം വായിക്കുന്ന ആര്‍ക്കാണ് ഗുരുവിന്റെ വിശ്വപ്രേമതത്വവും പരമകാരുണികത്വവും അനുഭവവേദ്യമാവാതിരിക്കുക!
ഈ ആദര്‍ശങ്ങള്‍ പ്രായോഗികമാവണമെങ്കില്‍ ബഹുജനങ്ങള്‍ ബോധവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. അതിന് അവര്‍ക്ക് ശക്തിയുണ്ടാവണം. അതിനു സംഘടന കൂടാതെ പറ്റില്ല. അങ്ങനെ സംഘടിച്ചു ശക്തരായാല്‍ അവര്‍ക്ക് വിദ്യ കൈവരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ സുഗമവും സുലഭവുമാവും. ക്ഷേത്രങ്ങള്‍പോലും നാരായണഗുരുവിന് വിദ്യാവിതരണത്തിനുള്ള ഉപാധികളാണ്. ദേവാലയങ്ങളേക്കാള്‍ പ്രധാനം വിദ്യാലയങ്ങളാണെന്ന് അദ്ദേഹം ഉപദേശിക്കുകയുണ്ടായല്ലോ. വിദ്യകൊണ്ട് പ്രബുദ്ധരാവുകയും സ്വതന്ത്രരാവുകയുമൊക്കെ ചെയ്യേണ്ടവര്‍, പരമ്പരാഗതമായ തൊഴിലുമായി ബന്ധപ്പെട്ടുകൊണ്ട് മദ്യത്തിന്റെ അടിമകളാവരുത്. അത് അവരെ ബോധഹീനരാക്കും; അസ്വതന്ത്രരാക്കും.
ആധുനികഭാരതീയനവോത്ഥാനദര്‍ശനങ്ങളില്‍ പൊതുവില്‍ കാണപ്പെടുന്ന ആശയങ്ങളാണിവ. ആധുനികഭാരതീയനവോത്ഥാനത്തിന്റെ സന്തതിയും കേരളീയനവോത്ഥാനത്തിന്റെ പിതാവുമായ ശ്രീനാരായണഗുരു ഈ ആശയങ്ങളെ പൂര്‍ണമായി സ്വാംശീകരിച്ചത് സ്വാഭാവികംമാത്രം. ഗുരുവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ജാതിമതസമുദായസംഘടനകളുടെ രൂപത്തില്‍ നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം ഇവിടെ ആവിര്‍ഭവിച്ചത്. ആവിര്‍ഭാവകാലങ്ങളില്‍ അവ ഓരോ ജാതിമതസമുദായത്തെയും ആകാവുന്നത്ര നവീകരിക്കുകയും അങ്ങനെ കേരളീയസമൂഹത്തിന്റെയാകെ നവീകരണത്തിനു വഴിതെളിക്കുകയും ചെയ്തു. ഈ നവീകരണത്തിന് വമ്പിച്ച സംഭാവനകള്‍ ചെയ്ത വര്‍ഗബഹുജനസംഘടനകള്‍ക്ക്, അവയ്‌ക്ക് നേതൃത്വം നല്‍കിയ പുരോഗമനരാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്ക്, വിശേഷിച്ച് കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്, വളരാന്‍ പാകത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കിയത് ഈ നവോത്ഥാനപ്രസ്ഥാനങ്ങള്‍, വിശേഷിച്ച് അതിനെല്ലാം തുടക്കമിട്ട ശ്രീനാരായണഗുരു, ആണെന്ന് പ്രത്യേകം അനുസ്‌മരിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍ ശ്രീനാരായണഗുരു ഭാരതീയദര്‍ശനങ്ങളില്‍ അന്നത്തെ കേരളീയസാഹചര്യത്തില്‍ ഗ്രാഹ്യമെന്നു തോന്നിയ എല്ലാ നല്ല ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടും ത്യാജ്യമെന്നുകണ്ട അംശങ്ങളെ മുഴുവന്‍ ത്യജിച്ചുകൊണ്ടും സ്വന്തമായൊരു ദര്‍ശനം ആവിഷ്‌ക്കരിക്കുകയാണുണ്ടായത്. ആ ദര്‍ശനമാകട്ടെ കേരളീയസമൂഹത്തിന്റെ കേവലമൊരു വ്യാഖ്യാനമായി ഒതുങ്ങിനില്‍ക്കാതെ, ആ സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്നതുകൂടി ആയിത്തീര്‍ന്നു. അതുകൊണ്ട് കേരളത്തിന്റെ നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുദര്‍ശനം വഹിച്ച പങ്കിനെ ആര്‍ക്കും അവഗണിക്കാനാവില്ല. ഇ എംഎസ്. നിരീക്ഷിച്ചതുപോലെ, 'ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയര്‍ന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അധ്യാത്മചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യരാഷ്‌ട്രീയാവകാശവാദമാണ്; ആര്‍ഷസംസ്‌ക്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയില്‍ ചെന്നലച്ചത് ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന പാശ്ചാത്യനവീനസന്ദേശമായിട്ടാണ്.' (ഇ എം എസ് സമ്പൂര്‍ണകൃതികള്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, സഞ്ചിക 9, 2000, പേജ് 289)
അന്ന് ഗുരു ചെയ്തതുപോലെ, ഇന്നത്തെ സാഹചര്യങ്ങള്‍ക്കൊത്ത് ആ ദര്‍ശനത്തെ വളര്‍ത്തിക്കൊണ്ടുവരികയും പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ. അതാകട്ടെ, കേരളത്തെമാത്രമല്ല, ഇന്ത്യയെയും ലോകത്തെയാകെയും പ്രവര്‍ത്തനരംഗമാക്കിക്കൊണ്ടാണ് വേണ്ടത്. ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ അത്തരമൊരു പ്രവര്‍ത്തനം ഇന്നത്തെ ഒരു കേരളീയനില്‍നിന്ന് ആവശ്യപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല.
*****
ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക
Thursday, October 23, 2008
Wednesday, October 22, 2008
ആഗോളസാമ്പത്തികത്തകര്‍ച്ച എന്ത് ? എന്തുകൊണ്ട് ? എങ്ങോട്ട് ?
തകര്‍ന്നടിയുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ചിത്രം അത്ര പെട്ടെന്നൊന്നും ആരുടെയും മനസ്സില്‍നിന്ന് മായില്ല. അല്‍ഖ്വയ്‌ദ ഭീകരര്‍ വിമാനം ഇടിച്ചുകയറ്റിയ സൌധങ്ങള്‍ രണ്ടും കുറച്ചുനേരം പുകഞ്ഞുനിന്നു. പൊടുന്നനെ പൊടിപടലങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഭൂമിക്കടിയിലേക്ക് ഉള്‍വലിഞ്ഞാലെന്നപോലെ തകര്‍ന്നുവീഴുന്നു. ഇംഗ്ലീഷില്‍ ഇംപ്ലോഷന്‍ എന്നു വിളിക്കുന്ന ഈ പ്രതിഭാസമാണ് സര്‍വശക്തമായ വാള്‍സ്‌ട്രീറ്റിലെ ബാങ്കുകള്‍ ആടിയുലഞ്ഞ് തകരുന്നതു വായിക്കുമ്പോള്‍ മനസില്‍ വരുന്നത്. അമേരിക്കന്‍ പ്രതാപത്തിന്റെ പ്രതീകങ്ങളായ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചിന്റെയും നിക്ഷേപബാങ്കുകളുടേയും ആസ്ഥാനമായ വാള്‍സ്‌ട്രീറ്റില്‍ തന്നെയാണ് തകര്‍ന്നടിഞ്ഞ വേള്‍ഡ് ട്രേഡ് സെന്ററും നിലനിന്നിരുന്നത് എന്നതും സ്‌മരണീയമാണ്.
മുതലാളിത്തത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ആറ് - എട്ട് വര്‍ഷംകൂടുമ്പോഴുള്ള സാമ്പത്തികമാന്ദ്യം ഒരു പതിവാണ്. ഒന്നോ രണ്ടോ വര്‍ഷംകഴിയുമ്പോഴേക്കും മാന്ദ്യം വളര്‍ച്ചയ്‌ക്ക് വഴിതെളിക്കും. അതുകൊണ്ട് ഉയര്‍ച്ചതാഴ്‌ചകള്‍ മുതലാളിത്തത്തിന് പുത്തരിയല്ല. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ബാങ്ക് തകര്‍ച്ചകള്‍ പതിവിന്‍പടി ഉള്ളവയല്ല. ഇതിനുമുമ്പ് ഒരൊറ്റ അനുഭവംമാത്രമേ ഇതുപോലെ ഉണ്ടായിട്ടുള്ളൂ. 1929ലെ ശൈത്യകാലത്ത് വാള്‍സ്‌ട്രീറ്റിലെ ബാങ്കുകളും സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചുകളും ഒന്നൊന്നായി തകര്‍ന്നടിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കിവന്നപ്പോഴേക്കും മാന്ദ്യം സാമ്പത്തിക മേഖലകളിലാകെ പടര്‍ന്നുകഴിഞ്ഞിരുന്നു. 1929നും 1933നും ഇടയ്‌ക്ക് അമേരിക്കന്‍ കാര്‍ഷിക വരുമാനം പകുതിയായി കുറഞ്ഞു. വ്യവസായശേഷിയുടെ 60 ശതമാനവും ഉപയോഗിക്കപ്പെടാതെ കിടന്നു. നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് പണിയില്ലാതെയായി. ജോണ്‍ സ്റെയിന്‍ബക്കിന്റെ 'ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍' എന്ന നോവല്‍ ഈ കാലത്തെ അമേരിക്കന്‍ നാട്ടിന്‍പുറങ്ങളുടെ ഹൃദയാവര്‍ജ്ജകമായ ഒരു ആഖ്യാനമാണ്.
അമേരിക്കയിലെ സാമ്പത്തികത്തകര്‍ച്ച മറ്റു പാശ്ചാത്യരാജ്യങ്ങളെയും പിന്നീട് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും ഗ്രസിച്ചു. രണ്ടാംലോക മഹായുദ്ധത്തോട് ബന്ധപ്പെട്ട ആയുധവല്‍ക്കരണമാണ് അവസാനം ലോകമുതലാളിത്തത്തിന് ജീവന്‍കൊടുത്തതെന്നു പറയാം. ഇതുപോലൊരു നീണ്ടതും രൂക്ഷവുമായ മാന്ദ്യത്തിന് തുടക്കംകുറിച്ചിരിക്കുകയാണോ അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ച എന്ന ആശങ്ക പരന്നുകഴിഞ്ഞു.
സാമ്പത്തികത്തകര്‍ച്ച : അന്നും ഇന്നും
1929 ഉം 2008 ഉം തമ്മിലുള്ള സാമ്യം പലതുണ്ട്. കുഴപ്പം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് ധനകാര്യമേഖലയില്‍ നിന്നാണ്. നീണ്ട റിപ്പബ്ലിക്കന്‍ ഭരണപരമ്പരയുടെ അവസാനത്തിലാണ് 1929ലും തകര്‍ച്ചയുണ്ടായത്. കൂടുതല്‍ യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്നും ഇന്നും സാമ്പത്തികമേഖലയിലുള്ള സര്‍ക്കാര്‍ മേല്‍നോട്ടവും നിയന്ത്രണവും ഒഴിവാക്കണമെന്ന പക്ഷക്കാരാണ്. 1929ലെ ധനകാര്യത്തകര്‍ച്ചയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തപ്പെട്ട “ബാങ്കുകളേയും ഓഹരി ഇടപാടുകളേയും നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍” പലതും പിന്‍വലിച്ചത് ബുഷ് ഭരണകാലത്താണ്. അനിയന്ത്രിതമായ ഊഹക്കച്ചവടവും ചൂതാട്ടവുമാണ് അന്നും ഇന്നും തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഇതിനു നേതൃത്വം നല്‍കിയവര്‍ക്കാകട്ടെ അശനിപാതംപോലെ തകര്‍ച്ചവന്നുപതിക്കുന്നതിനുമുമ്പ് എന്താണ് സംഭവിക്കുന്നത് എന്നതിനെസംബന്ധിച്ച് ഒരു പിടിപാടുമുണ്ടായിരുന്നില്ല എന്നതും കൌതുകകരമായ ഒരു സാമ്യമാണ്.
1929ല്‍ അധികാരമേറ്റുകൊണ്ട് റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് ഹെര്‍ബര്‍ട്ട് ഹൂവര്‍ ഇങ്ങനെയാണ് പ്രസ്താവിച്ചത്: 'നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ല. അത് പ്രത്യാശാഭരിതമാണ്. ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ദാരിദ്ര്യം ഈ രാജ്യത്തുനിന്ന് തുടച്ചുമാറ്റപ്പെടും.' ഈ പ്രസംഗം കഴിഞ്ഞ് മാസങ്ങളേ വേണ്ടിവന്നുള്ളൂ അമേരിക്ക ഒരു നേരത്തെ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നവരുടെ രാജ്യമായിമാറാന്‍. ഏതാനും മാസംമുമ്പുവരെ ബുഷും ഇങ്ങനെയൊക്കെത്തന്നെയാണ് പ്രസ്താവിച്ചുകൊണ്ടിരുന്നത്. അമേരിക്ക അഭിവൃദ്ധിയുടെ പാതയിലാണെന്നും 'ചില വെല്ലുവിളികള്‍ ഉണ്ടെങ്കിലും സമ്പദ്ഘടനയുടെ അടിത്തറ സുശക്തമാണെന്നും' അദ്ദേഹം വീമ്പിളക്കി. പക്ഷേ ബുഷിനു തന്നെ രാജ്യം വേദനാജനകമായ ഒരു നീണ്ട മാന്ദ്യത്തിലേക്ക് വഴുതിവീഴുകയാണെന്ന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു.
1929ലാണ് സ്‌റ്റോക്ക് എക്‍സ്‌ചേഞ്ച് തകര്‍ച്ചയുണ്ടായതെങ്കിലും പിറ്റേവര്‍ഷം മധ്യമായപ്പോഴേ തകര്‍ച്ചയുടെ പ്രകമ്പനങ്ങള്‍ വ്യവസായശാലകളിലും വയലേലകളിലുമെത്തിയുള്ളൂ. സ്വാഭാവികമായും അമേരിക്കന്‍ സമ്പദ്ഘടന ഇപ്പോഴും മുപ്പതുകളിലേതുപോലുള്ള രൂക്ഷമായ തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിയിട്ടില്ല. പക്ഷേ അരങ്ങൊരുങ്ങിക്കഴിഞ്ഞു.
പക്ഷേ അന്നും ഇന്നുംതമ്മില്‍ ഒരു സുപ്രധാന വ്യത്യാസമുണ്ട്. മുപ്പതുകളിലെ അനുഭവസമ്പത്ത് ഭരണാധികാരികള്‍ക്കുണ്ട്. എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും അനുഭവമുണ്ട്. രക്ഷപ്പെടാന്‍ ലോകരാഷ്‌ട്രങ്ങള്‍തമ്മില്‍ മത്സരിക്കുന്നതിനുപകരം ഏകോപിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത് എന്ന തിരിച്ചറിവുണ്ട്. ബാങ്കുകളുടെ തകര്‍ച്ച ആത്യന്തികമായി മുപ്പുതുകളിലേതുപോലെ ചെറുകിടക്കാരേയും സാധാരണക്കാരേയും ബാധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ബാങ്കുകളെ രക്ഷിക്കാന്‍ അളവറ്റ സമ്പത്ത് വാരിക്കോരി ഒഴുക്കുവാനുള്ള സമ്മതി നേടാനാവും. എന്നിരുന്നാല്‍പ്പോലും അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒമ്പതുമാസമായി അമേരിക്കന്‍ വ്യവസായശാലകളില്‍ നിന്ന് തുടര്‍ച്ചയായി തൊഴിലാളികള്‍ പിരിച്ചുവിടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സപ്തംബറില്‍ 1.6 ലക്ഷംപേരാണ് പിരിച്ചുവിടപ്പെട്ടത്. തൊഴിലില്ലായ്‌മ 6.2ശതമാനമായിത്തീര്‍ന്നു. ധനകാര്യമേഖലയില്‍ നിന്ന് കുഴപ്പം യഥാര്‍ത്ഥമനുഷ്യര്‍ തൊഴിലെടുക്കുന്ന ഫാക്‍ടറികളിലേക്കും വയലുകളിലേക്കും നീങ്ങാന്‍പോവുകയാണ്.
സാമ്പത്തികക്കുഴപ്പം: മാര്‍ക്സിന്റെ വിശദീകരണം
മുതലാളിത്തവളര്‍ച്ചയില്‍ എന്തുകൊണ്ട് കുഴപ്പങ്ങള്‍ അനിവാര്യമാണെന്നതിന് ശാസ്‌ത്രീയമായ വിശദീകരണം നല്‍കിയത് കാള്‍ മാര്‍ക്‍സായിരുന്നു. 1930കളിലെ കുഴപ്പ പരമ്പര പൊട്ടിപ്പുറപ്പെടുന്നതുവരെ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാര്‍ സാമ്പത്തികമാന്ദ്യം മുതലാളിത്തത്തില്‍ അനിവാര്യമാണെന്ന് സമ്മതിച്ചുതരില്ലായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. വ്യത്യസ്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും സാമ്പത്തികമാന്ദ്യമുണ്ടാകാം എന്നവര്‍ക്ക് സമ്മേതിക്കേണ്ടിവന്നു. മാര്‍ക്‍സിന്റെ വിശകലനം പൊതുവില്‍ വിവരിക്കാനേ തുനിയുന്നുള്ളൂ.
മുതലാളിത്തം തൊഴിലാളികളെ കൂലിവേലയ്‌ക്കു നിര്‍ത്തി അവരുടെ മിച്ചാധ്വാനം ലാഭമായി തട്ടിയെടുക്കുന്ന ഉല്പാദന വ്യവസ്ഥയാണ്. ഈ ലാഭം മുതലാളിക്ക് ലഭിക്കണമെങ്കില്‍ കമ്പോളമത്സരത്തില്‍ വിജയിച്ച് ചരക്കുകള്‍ വിറ്റഴിക്കാന്‍ കഴിയണം. കടുത്ത കമ്പോളമത്സരമുള്ളതുകൊണ്ട് കിട്ടുന്ന ലാഭം മുതലാളി ധൂര്‍ത്തടിക്കുകയില്ല. അത് വീണ്ടും മുതല്‍മുടക്കും. ഇങ്ങനെ മൂലധനസഞ്ചയം നിരന്തരം നടക്കുന്നതുകൊണ്ട് മുതലാളിത്തം ദ്രുതഗതിയില്‍ വളരുന്നു. പക്ഷേ വളര്‍ച്ചയുടെ തോതില്‍ വാങ്ങല്‍ക്കഴിവ് വളരണമെന്നില്ല. അതുകൊണ്ട് ഇടയ്‌ക്കിടയ്‌ക്ക് ചരക്കുകള്‍ വാങ്ങാനാകാതെ കെട്ടിക്കിടക്കുന്ന അവസ്ഥവരും. സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെടും. തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ എത്തിക്കഴിഞ്ഞാല്‍പ്പിന്നെ പതുക്കെപ്പതുക്കെ സമ്പദ്ഘടന മാന്ദ്യത്തില്‍നിന്ന് കരകയറും. തൊഴിലും വരുമാനവും കൂടും. വാങ്ങല്‍ക്കഴിവ് വര്‍ധിക്കും. മുതലാളിത്തം വേഗത്തില്‍ സമൃദ്ധിയിലേക്കുയരും. സമൃദ്ധിയുടെ കൊടുമുടിയില്‍ എത്തിയാല്‍ പിന്നെ തളര്‍ച്ച അനിവാര്യമാണ്.
നൂറുകോടി രൂപയുടേതാണ് ഉല്പാദനമെന്നിരിക്കട്ടെ. തൊഴിലാളികളും മുതലാളിമാരുമാണ് ഈ ഉല്പന്നങ്ങളെല്ലാം വാങ്ങിക്കുന്നത്. തൊഴിലാളികള്‍ അവരുടെ ഉപഭോഗത്തിനും, മുതലാളിമാര്‍ അവരുടെ നിക്ഷേപത്തിനും. എളുപ്പത്തിനുംവേണ്ടി തൊഴിലാളികള്‍ ഒന്നും സമ്പാദിക്കുന്നില്ലെന്നും ലഭിക്കുന്നതെല്ലാം ഉപഭോഗത്തിനായി ചെലഴിക്കുന്നുവെന്നും കരുതുക. അതുപോലെതന്നെ മുതലാളിമാര്‍ ഒന്നും ഉപഭോഗത്തിനായി ചെലവഴിക്കുന്നില്ലെന്നും കിട്ടുന്നതെല്ലാം സമ്പാദിച്ച് മുതല്‍മുടക്കുകയാണെന്നും കരുതുക. ഈ അനുമാനങ്ങള്‍ കണക്കുകൂട്ടല്‍ എളുപ്പമാക്കും.
അങ്ങനെ ഇരുവരും 50കോടിയുടെ വീതം ചരക്കുകളാണ് വാങ്ങുന്നതെന്ന് കരുതുക. ഉത്പാദനം ഇരട്ടിയായി 200കോടിയായെന്നിരിക്കട്ടെ; മുതലാളിമാരും തൊഴിലാളികളും വാങ്ങുന്നത് ഇരട്ടിയായി വര്‍ധിച്ചാല്‍ എല്ലാ ചരക്കും വിറ്റുപോകും. സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍ ഉല്‍പ്പാദനം വര്‍ധിക്കുന്നതോതില്‍ തൊഴിലാളികളുടെ വരുമാനം ഉയരില്ല എന്ന് മാര്‍ക്‍സ് വാദിച്ചു. കാരണം മുതലാളിത്തം ലാഭാധിഷ്ഠിത വ്യവസ്ഥയാണ്. തൊഴിലാളികളുടെ വരുമാനം 100 കോടിക്കു പകരം 80കോടി രൂപയായേ ഉയര്‍ന്നുള്ളൂ. ഫലം 20കോടി രൂപയുടെ ചരക്കുകള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കും. മുതലാളിമാര്‍ കമ്പനികള്‍ ലേഓഫ് ചെയ്യും. തൊഴിലാളികളുടെ വരുമാനം പിന്നേയും കുറയും. കൂടുതല്‍ ചരക്കുകള്‍ കെട്ടിക്കിടക്കും. സമ്പദ്ഘടന താഴേക്കുരുളും.
പക്ഷേ, മുതലാളിമാര്‍ 20കോടിരൂപയുടെ ചരക്കുകൂടി വാങ്ങിയാല്‍ പോരേ? ഇറാക്കില്‍ യുദ്ധം നടത്തുന്നതിനോ ചന്ദ്രനില്‍ ആളെവിടുന്നതിനോ ഒക്കെവേണ്ടി ചരക്കുകള്‍ വാങ്ങാമല്ലോ? ഇങ്ങനെ ഡിമാന്റ് വര്‍ധിക്കുമെന്നും ചരക്കുകള്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്ന പ്രശ്‌നം ഉദിക്കില്ലെന്നുമാണ് കെയിന്‍സ് രംഗപ്രവേശം ചെയ്യുന്നതുവരെ സാമ്പത്തികശാസ്‌ത്ര വിദ്വാന്മാര്‍ വാദിച്ചത്. എന്നാല്‍ മുതലാളിമാര്‍ വാങ്ങുന്നത് നിക്ഷേപം നടത്തുന്നതിനുവേണ്ടിയിട്ടാണല്ലോ? വേണ്ടത്ര ലാഭം കിട്ടില്ലെന്ന് അവര്‍ക്കുതോന്നിയാല്‍ അവര്‍ നിക്ഷേപം കുറയ്‌ക്കും. അതുമൂലം മുതലാളിമാര്‍ വാങ്ങുന്നതും കുറയും. പല കാരണങ്ങള്‍കൊണ്ടും ലാഭനിരക്ക് ഇടിയുമോ എന്ന ശങ്ക ഇടയ്‌ക്കിടെ അവര്‍ക്കുണ്ടാകുന്നു. അങ്ങനെവന്നാല്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ പൂര്‍ണമായും വിറ്റഴിയില്ല. ഫലം സാമ്പത്തികമാന്ദ്യമായിരിക്കും. ഇതാണ് മാര്‍ക്‍സിന്റെ സാമ്പത്തികക്കുഴപ്പ സിദ്ധാന്തത്തിന്റെ അതിലളിതവത്കരിച്ച വിശദീകരണം.
കെയിന്‍സിന്റെ പ്രതിവിധി
മുതലാളിത്തക്കുഴപ്പത്തിന് പ്രതിവിധി കണ്ടുപിടിച്ച പണ്ഡിതനാണ് ജോണ്‍ മെയിനാര്‍ഡ് കെയിന്‍സ്. അദ്ദേഹത്തിന്റെ പ്രതിവിധി എന്തായിരുന്നു? തൊഴിലാളിക്ക് ആഗ്രഹമുണ്ടെങ്കിലും വാങ്ങാന്‍ പണമില്ല. മുതലാളിക്ക് പണമുണ്ടെങ്കിലും വാങ്ങാന്‍ ആഗ്രഹമില്ല. സര്‍ക്കാരിനാണെങ്കില്‍ പണമുണ്ട് (ഇല്ലെങ്കില്‍ നോട്ട് അച്ചടിക്കാം), ചരക്കുകള്‍ വാങ്ങാന്‍ ഭാവി ലാഭത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കുകയുംവേണ്ട. അതുകൊണ്ട് കെയിന്‍സ് പറഞ്ഞു. മാന്ദ്യകാലത്ത് ചരക്കുകള്‍ വിറ്റഴിക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുമ്പോള്‍ അത് എത്രയെന്നു മനസിലാക്കി അത്രയും കമ്മിപ്പണം സൃഷ്ടിച്ച് സര്‍ക്കാര്‍ അവയെല്ലാം വാങ്ങണം. കമ്മി ബഡ്‌ജറ്റുകള്‍ അവതരിപ്പിക്കണം. സാമ്പത്തിക അഭിവൃദ്ധിയുടെയും വിലക്കയറ്റത്തിന്റെയും കാലമാണെങ്കിലോ മിച്ച ബഡ്‌ജറ്റുകള്‍ അവതരിപ്പിക്കണം. കെയിന്‍സിന്റെ മരുന്ന് പ്രയോഗിച്ചതോടെ മാന്ദ്യത്തെ മെരുക്കാന്‍ കഴിഞ്ഞു. അവ തുടര്‍ന്നും ഉണ്ടായെങ്കിലും അതീവ ദുര്‍ബലമായിരുന്നു. ഇതിനെയാണ് കെയിനീഷ്യന്‍ വിപ്ലവമെന്ന് സാമ്പത്തികശാസ്‌ത്ര ചരിത്രത്തില്‍ വിശേഷിപ്പിക്കുന്നത്.
കെയിനീഷ്യന്‍ നയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി രണ്ടാംലോകമഹായുദ്ധാനന്തരകാലത്ത് ലോകമുതലാളിത്തം അതിവേഗം വളര്‍ന്നു. 1929 ലെ സാമ്പത്തികത്തകര്‍ച്ച ഹൂവര്‍ ഭരണത്തിന്റെ കഥകഴിച്ചു. 1932 ലെ തെരഞ്ഞെടുപ്പില്‍ ഫ്രാങ്ക്ളിന്‍ റൂസ്‌വെല്‍റ്റ് മഹാഭൂരിപക്ഷത്തോടെ വിജയിച്ചു. കെയിനീഷ്യന്‍ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തയ്യാറാക്കിയ കര്‍മ്മപരിപാടിയായിരുന്നു 'ന്യൂ ഡീല്‍'. ന്യൂ ഡീലിന്റെ വിജയം കെയിന്‍സിനെ സാമ്പത്തികശാസ്‌ത്ര മണ്ഡലത്തില്‍ അജയ്യനാക്കി. കെയിനീഷ്യന്‍ സാമ്പത്തിക നയങ്ങള്‍ക്കുപുറമെ ആയുധമത്സരവും വര്‍ധിച്ചുവന്ന സൈനികച്ചെലവുകളും ഡിമാന്റ് ഉയര്‍ത്തി നിലനിര്‍ത്താന്‍ സഹായിച്ചു. ക്ഷേമരാഷ്‌ട്ര സങ്കല്പം പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ഗസഹകരണത്തിന് വഴിതെളിച്ചു. സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും മൂന്നാംലോക രാജ്യങ്ങളെ മെരുക്കിനിര്‍ത്തുന്നതിന് നിയോ കൊളോണിയല്‍ വ്യവസ്ഥ സഹായിച്ചു. അങ്ങനെ ഒരുയുദ്ധാനന്തര അഭിവൃദ്ധിയുടെ കാലം രൂപംകൊണ്ടു.
നിയോലിബറല്‍ പ്രതിവിപ്ലവം
എന്നാല്‍ 70 കളായപ്പോഴേക്കും കെയിന്‍സിന്റെ മരുന്ന് മുതലാളിത്തത്തിന് വിഷമായിത്തീര്‍ന്നു. മാന്ദ്യകാലംവരുമ്പോള്‍ തൊഴിലില്ലായ്‌മ പെരുകും വിലകള്‍ താഴും. ഇതിന് പ്രതിവിധിയായി കെയിന്‍സ് പറഞ്ഞതുപോലെ നിരന്തരം കമ്മിപ്പണം അടിച്ച് ചിലവാക്കാന്‍ തുടങ്ങിയപ്പോള്‍ മാന്ദ്യവും തൊഴിലില്ലായ്‌മയും കുറയ്‌ക്കാന്‍ കഴിഞ്ഞു. പക്ഷേ വിലകള്‍ തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങി. ബഹുരാഷ്‌ട്രകുത്തകകളുടെ വളര്‍ച്ച വിലക്കയറ്റത്തെ രൂക്ഷമാക്കി. മൂന്നാംലോകരാജ്യങ്ങള്‍ സംഘടിച്ച് തങ്ങളുടെ ഉല്പന്നങ്ങളുടെ വിലകള്‍, പ്രത്യേകിച്ച് എണ്ണയുടെ വില, ഉയര്‍ത്തിയതും വിലക്കയറ്റത്തിന് ആക്കംകൂട്ടി. വിലക്കയറ്റം ചരടുപൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ മാന്ദ്യം അകറ്റുവാന്‍ കൂടുതല്‍ കമ്മിപ്പണം അടിക്കുന്നതിന് ഭയമായി. അങ്ങനെ മാന്ദ്യത്തോടൊപ്പം വിലക്കയറ്റവും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന അപൂര്‍വ്വ പ്രതിഭാസത്തിന് മുതലാളിത്തം സാക്ഷ്യംവഹിച്ചു. സ്‌റ്റാഗ്‌ഫ്ലേഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. മാന്ദ്യം അകറ്റാന്‍ കമ്മിപ്പണം അടിച്ചാല്‍ വിലകള്‍ പിന്നെയും കുതിച്ചുയരും. വിലക്കയറ്റം നിയന്ത്രിക്കാന്‍ മിച്ചബഡ്‌ജറ്റ് ഉണ്ടാക്കിയാല്‍ സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാകും. കെയിന്‍സിന്റെ മരുന്ന് മുതലാളിത്തത്തിന് വിഷമായിത്തീര്‍ന്നു. ഇതാണ് നിയോലിബറല്‍ ചിന്താപദ്ധതിയുടെ ഉയര്‍ച്ചയുടേയും ആധിപത്യത്തിന്റേയും പശ്ചാത്തലം.
നിയോലിബറല്‍ എന്ന പേരിലെ ലിബറല്‍ എന്ന പ്രയോഗംകൊണ്ട് തെറ്റിദ്ധാരണ ഉണ്ടാവേണ്ട. ലോക്ക് , സ്‌റ്റുവര്‍ട്ട്മില്‍ , ബെന്‍താം തുടങ്ങിയ പ്രഗത്ഭര്‍ നാടുവാഴിത്ത അസ്വാതന്ത്ര്യങ്ങളോട് പ്രതികരിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യമഹത്വത്തിനും അടിവരയിട്ടുകൊണ്ട് രൂപംനല്‍കിയ ചിന്താഗതിയായിരുന്നു ലിബറലിസം . എങ്ങനെ പഴയകാല ലിബറലിസത്തില്‍നിന്ന് നിയോലിബറലിസം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള നല്ലൊരു ഉദാഹരണമാണ് സാമ്പത്തികശാസ്‌ത്രത്തില്‍ ക്ലാസിക്കലും നിയോക്ലാസിക്കലും തമ്മിലുള്ള വ്യത്യാസം.
ക്ലാസിസവും നിയോക്ലാസിസവും
ആഡംസ്‌മിത്ത്, റിക്കാര്‍ഡോ തുടങ്ങിയവരെപ്പോലെ മാര്‍ക്‍സും ഒരു ക്ലാസിക്കല്‍ അര്‍ത്ഥശാസ്‌ത്രകാരനായിരുന്നു. ക്ലാസിക്കല്‍ അര്‍ത്ഥശാസ്‌ത്രകാരന്മാര്‍ വര്‍ഗയാഥാര്‍ഥ്യത്തേയും അതിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക വിതരണത്തേയും അംഗീകരിച്ചു. മാര്‍ക്‍സാവട്ടെ ക്ലാസിക്കല്‍ അര്‍ത്ഥശാസ്‌ത്രത്തിന്റെ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മുതലാളിത്ത ചൂഷണത്തെ വിശദീകരിക്കുക മാത്രമല്ല; എന്തുകൊണ്ട് മുതലാളിത്ത വ്യവസ്ഥയില്‍ സാമ്പത്തികക്കുഴപ്പം അനിവാര്യമാകുന്നു എന്നതും സമര്‍ഥിച്ചു. മാര്‍ക്‍സിന്റെ ഈ പുനര്‍വായന ബൂര്‍ഷ്വാ സൈദ്ധാന്തികരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അങ്ങനെയാണ് നിയോക്ലാസിക്കല്‍ സാമ്പത്തികശാസ്‌ത്രം രൂപംകൊള്ളുന്നത്. സാമൂഹ്യവര്‍ഗങ്ങള്‍ക്കുപകരം ഒറ്റപ്പെട്ട വ്യക്തികളും അവരുടെ ആത്മനിഷ്ഠ സംതൃപ്‌തിയും പരമാവധിയാക്കുന്നതിന് ലക്ഷ്യംവെച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് കമ്പോളത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് എന്ന് സിദ്ധാന്തിച്ചു. സാമ്പത്തികശാസ്‌ത്രത്തിലെ പിന്തിരിപ്പന്‍ സരണികളുടെ അടിസ്ഥാനം നിയോക്ലാസിക്കല്‍ ചിന്താപദ്ധതിയാണ്.
ഇതുപോലെതന്നെയാണ് നിയോലിബറലിസം. സര്‍ക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നതായിരുന്നു ലിബറലിസത്തിന്റെ സാമ്പത്തിക കാതല്‍. 'ഏറ്റവുംകുറച്ചുഭരിക്കുന്ന സര്‍ക്കാര്‍ ഏറ്റവുംനല്ല സര്‍ക്കാര്‍ 'എന്നതായിരുന്നു അവരുടെ ആദര്‍ശം. കെയിന്‍സാവട്ടെ സാമ്പത്തിക മേഖലയില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന വാദഗതിക്കാരനായിരുന്നു എന്നു നാം കണ്ടുവല്ലോ. എന്നാല്‍ ദുഃഖപര്യവസായിയായ കെയിനീഷ്യന്‍ നാടകത്തിന്റെ അന്ത്യം മില്‍റ്റന്‍ ഫ്രീഡ്‌മാന് രൂപംനല്‍കി. സമ്പദ്ഘടനയെ അതിന്റെ പാട്ടിനുവിടുന്നതാണ് നല്ലത്. ഇടക്കിടെ സാമ്പത്തികമാന്ദ്യം ഉണ്ടാകുന്നത് നല്ലതാണ്. മുതലാളിത്തത്തിന്റെ ദുര്‍മ്മേദസ്സ് കളയാന്‍ അത് സഹായിക്കും. നിയോലിബറല്‍ ചിന്താഗതിയുടെ രാഷ്‌ട്രീയ അവതാരങ്ങളായിത്തീര്‍ന്നു റീഗണും താച്ചറും. പഴയ ലിബറലിസത്തെ പുനഃസ്ഥാപിക്കലല്ല അവരുടെ അജണ്ട. സാമൂഹ്യഘടനയെ പാടേ വിസ്‌മരിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തെ ഏകപക്ഷീയമായി മഹത്വവല്‍ക്കരിക്കുകയാണ് നിയോലിബറലിസം ചെയ്യുന്നത്. മറ്റൊരു പ്രധാന വ്യത്യാസം കൂടിയുണ്ട്. ഇത്തരമൊരു വ്യക്ത്യാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിന് സര്‍ക്കാരിനെ അവര്‍ ഒരു ഉപാധിയായി കാണുന്നു. നവലിബറലിസത്തിന്റെ നിഷ്‌ഠൂരവും പൈശാചികവുമായ മുഖമുദ്ര ചിലിയിലെ അലന്‍ഡെ സര്‍ക്കാരിനെതിരെയുള്ള സൈനിക അട്ടിമറി മുതല്‍ ഇറാക്കിനെതിരെയുള്ള യുദ്ധത്തില്‍വരെ കാണാം. സാമൂഹ്യമായി ഏറ്റവും പിന്തിരിപ്പന്‍ ചിന്താഗതിയാണ് നിയോലിബറലിസം
ധനകാര്യമേഖലയിലെ കുഴപ്പം
1930കളിലെ പ്രതിസന്ധി ഇത്രമേല്‍ല്‍ രൂക്ഷമാകുന്നതിനുകാരണം രാജ്യങ്ങള്‍തമ്മില്‍ പരസ്‌പരം മത്സരിച്ച് ലോകവ്യാപാരത്തിനുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ്. 1930ല്‍ ഹെര്‍ബര്‍ട്ട് ഹൂവര്‍ തൊഴില്‍ സംരക്ഷിക്കണം എന്ന ന്യായംപറഞ്ഞ് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കുമേല്‍ കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ലോകവ്യാപാരം ശോഷിച്ചു. ഇത് സാമ്പത്തികമാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കി. ഇത്തരമൊരു സ്ഥിതിവിശേഷം ഇന്നുണ്ടാവുക പ്രയാസമാണ്. കാരണം ലോകവ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങളെല്ലാം ഏതാണ്ട് എല്ലാരാജ്യങ്ങളിലും ഇല്ലാതാക്കിയിട്ടുണ്ട്. ഇറക്കുമതിത്തീരുവകളും ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ 1930കളിലെന്നപോലെ ഒരു വ്യാപാരയുദ്ധത്തിന് സാധ്യതയില്ല (അവികസിത രാജ്യങ്ങളില്‍ ഭൂരിപക്ഷത്തിനും സ്വതന്ത്രവ്യാപാരം അടവുശിഷ്‌ട കമ്മിയും ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ തകര്‍ച്ചയും സമ്മാനിക്കുന്നുവെന്നുള്ളത് മറ്റൊരുകാര്യം).
പക്ഷേ ആഗോളവല്‍ക്കരണമെന്നാല്‍ രാജ്യങ്ങളുടെ സാമ്പത്തിക അതിര്‍ത്തികള്‍ ഇല്ലാതാക്കുകയെന്നതാണ്. അതോടെ രാഷ്‌ട്രസര്‍ക്കാരുകള്‍ക്ക് ചരക്കുകളുടേയോ സേവനങ്ങളുടേയും മൂലധന ഒഴുക്കിന്റെയോ രാജ്യാതിര്‍ത്തി കടന്നുകൊണ്ടുള്ള നീക്കത്തെ നിയന്ത്രിക്കാന്‍ കഴിയില്ല. ഇത് വ്യാപാരയുദ്ധത്തെ ഒഴിവാക്കുന്നു എന്നുള്ള മെച്ചമുണ്ടെങ്കിലും മൂലധനമൊഴുക്കിന്റെ കാര്യത്തില്‍ നേര്‍വിപരീത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. സമകാലിക സാമ്പത്തികക്കുഴപ്പത്തിന്റെ പ്രത്യേകത ധനകാര്യമേഖലയിലെ അരാജകത്വമാണ്. നേരിട്ട് ഉല്‍പ്പാദനമേഖലകളിലിടപെടാതെ ഷെയറിന്റെയോ വിദേശവിനിമയത്തിന്റെയോ ഭൂമിയുടേയോ അല്ലെങ്കില്‍ മറ്റ് ചരക്കുകളുടേയോ ഊഹക്കച്ചവടത്തില്‍ വ്യാപൃതരായി ലാഭം തട്ടിയെടുക്കുന്ന മൂലധനമാണ് ഫിനാന്‍സ് മൂലധനം. അമേരിക്കന്‍ ദേശീയവരുമാനത്തിന്റെ പകുതിയോളം ഫിനാന്‍ഷ്യല്‍ മേഖലയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് എന്ന വസ്തുതയില്‍നിന്നുമാത്രം സമകാലിക സമ്പദ്ഘടനയില്‍ ഫിനാന്‍സ് മൂലധനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. അനിയന്ത്രിതമായ ഇവരുടെ ചൂതാട്ടങ്ങളാണ് ഇന്നത്തെ കുഴപ്പപരമ്പരകള്‍ക്ക് തുടക്കംകുറിച്ചത്.
1930കളിലെ സാമ്പത്തികത്തകര്‍ച്ചയും ഇന്ന് ആഗോളമായി രൂപംകൊണ്ടുകൊണ്ടിരിക്കുന്ന സാമ്പത്തികത്തകര്‍ച്ചയും തമ്മില്‍ ഒരു സുപ്രധാന സാമ്യംകൂടിയുണ്ട്. ഇന്നും അന്നും കുഴപ്പം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് ധനകാര്യമേഖലയിലാണ്. വാസ്തവം പറഞ്ഞാല്‍ മുപ്പതുകളെ അപേക്ഷിച്ച് അതിരൂക്ഷമാണ് ധനകാര്യമേഖലയിലെ ഇന്നത്തെ അരാജകാവസ്ഥയും പ്രതിസന്ധിയും. നിയോലിബറല്‍ സാമ്പത്തിക അജണ്ട ധനകാര്യ മേഖലയുടെ അഭൂതപൂര്‍വമായ വികാസത്തിന് വഴിതെളിച്ചു. ഉല്‍പ്പാദനത്തിലുണ്ടാകുന്ന വര്‍ധനയുടെ പലമടങ്ങ് വേഗതയിലാണ് ധനകാര്യമേഖലയിലെ ഇടപാടുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യം ഇത്രമാത്രം സമ്പൂര്‍ണവും സര്‍വശക്തവുമായ ഒരു കാലമുണ്ടായിട്ടില്ല.
സമകാലിക ധനകാര്യക്കുഴപ്പത്തിന് മുഖ്യമായും മൂന്നു തലങ്ങളുണ്ട്. ഒന്നാമത്തേത് കടക്കമ്പോളത്തിലെ പ്രതിസന്ധിയും അതുമായിബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന ബാങ്ക് തകര്‍ച്ചയുമാണ്. സാമ്പത്തികക്കുഴപ്പം സംബന്ധിച്ച മാര്‍ക്‍സിന്റെ വിശകലനത്തില്‍ വ്യക്തമാകുന്നതുപോലെ ഉല്‍പ്പാദന വര്‍ധനവിനനുസരിച്ച് ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വികസിത രാജ്യങ്ങളില്‍ വര്‍ധിക്കുന്നില്ല. നിയോലിബറല്‍ നയങ്ങളാകട്ടെ എല്ലാരാജ്യങ്ങളിലേയും അസമത്വം ഭയാനകമായതോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതിന് പ്രതിവിധി കണ്ടെത്തിയത് വലിയതോതില്‍ ഉപഭോക്തൃവായ്‌പകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കിക്കൊണ്ടാണ്. കമ്പനികളും ഇതുപോലെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ലക്കുംലഗാനുമില്ലാതെ വായ്‌പയെടുത്തു. ഈ വായ്‌പകള്‍ക്കുള്ള പണയങ്ങള്‍ക്കും കടപ്പത്രങ്ങള്‍ക്കും പ്രത്യേക വിപണിതന്നെ ഉണ്ടായി. അവയും ഊഹക്കച്ചവടത്തിന് ഉപാധികളായിത്തീര്‍ന്നു. അനുദിനം ഭീമാകാരമായി വളര്‍ന്നുകൊണ്ടിരുന്ന ഈ കടങ്ങളുടെ സോപ്പുകുമിളയാണ് ഇപ്പോള്‍ പൊട്ടിയത്. ഊഹക്കച്ചവടം ഊതിവീര്‍പ്പിച്ച ഭൂമിയുടേയും വീടുകളുടേയുമെല്ലാം വിലയെ അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കള്‍ വായ്‌പയെടുക്കുന്നത്. എന്നാല്‍ ഇവയുടെയൊക്കെ വിലയിടിഞ്ഞതോടെ വായ്‌പകള്‍ തിരിച്ചടക്കാന്‍ പറ്റാതായി. ഇവയ്‌ക്ക് വായ്‌പ കൊടുത്ത ബാങ്കുകളും കുഴപ്പത്തിലായി. ഇതുമായി ബന്ധപ്പെട്ട ഭൂകമ്പങ്ങളാണ് പാശ്ചാത്യ സമ്പദ്ഘടനകളെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നത്.
രണ്ടാമത്തേത് സ്‌റ്റോക്ക് എക്‍സ്‌ചേഞ്ച് അഥവാ ഓഹരിവിപണിയിലെ പ്രതിസന്ധിയാണ്. സാധാരണഗതിയില്‍ ഓഹരി വിലകളില്‍ വരുന്ന കയറ്റിറക്കങ്ങളെ സമ്പദ്ഘടനയുടെ ആരോഗ്യനിലയെയും നിക്ഷേപകരുടെ പ്രതീക്ഷകളെയും മനസ്സിലാക്കാനുള്ള ബാരോമീറ്റര്‍ ആയിട്ടാണ് കണക്കാക്കുക. രാജ്യത്തെ സമ്പാദ്യത്തെ മൂലധനമായി സ്വരൂപിക്കുന്നതിനും ഒരു മേഖലയില്‍ നിന്ന് മറ്റൊരു മേഖലയിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും സ്‌റ്റോക് എക്‍സ്‌ചേഞ്ചുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിക്കുന്തോറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തിന്റെ കേന്ദ്രങ്ങളായി അവ അധഃപതിക്കുന്നു. യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതിഗതികളെക്കാള്‍ ഊഹക്കച്ചവടക്കാരുടെയും നിക്ഷേപകരുടെയും മാനസിക വിഭ്രാന്തികളുടെ പ്രതിഫലനമായിത്തീരുന്നു ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍.
വിപണിയിലാകെ പരിഭ്രാന്തി പടര്‍ന്നിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ ഓഹരി വാങ്ങാന്‍ തന്നെ ആളില്ലാതാകും. ഓഹരി വിലകള്‍ തകരുന്നതോടെ കമ്പനികളെ കടക്കാര്‍ അലട്ടാന്‍ തുടങ്ങും. പുതിയ കടപ്പത്രങ്ങള്‍ അവര്‍ക്ക് വില്‍ക്കാന്‍ കഴിയാതാകും. കമ്പനികളും അവര്‍ക്കു വായ്‌പ നല്‍കിയ ബാങ്കുകളും ഒന്നിനു പുറകെ ഒന്നായി പാപ്പരായിത്തീരും. സമ്പദ്ഘടനയുടെ സിരാകേന്ദ്രമായ മൂലധനക്കമ്പോളം തകരും. ഈ തകര്‍ച്ച ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് ഒരു ഇടിത്തീപോലെ വന്നു പതിക്കുക. 1929 ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയിലെ സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചുകളും ബാങ്കുകളും പല പ്രമുഖ കമ്പനികളും ഒന്നിനു പുറകെ ഒന്നായി ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് മുപ്പതുകളിലെ മാന്ദ്യത്തിന് തുടക്കംകുറിച്ചത്.
ധനകാര്യക്കുഴപ്പത്തിന്റെ മൂന്നാമത്തെതലം വിദേശവിനിമയ കമ്പോളത്തിലെ പ്രതിസന്ധിയും ലോകനാണയങ്ങളുടെ മൂല്യത്തിന്റെ ചാഞ്ചാട്ടവുമാണ്. ഇന്ന് ലോക നാണയമായി കരുതുന്ന ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞാല്‍ അത് അതിരൂക്ഷമായ പ്രതിസന്ധിക്ക് രൂപംനല്‍കും. അമേരിക്കന്‍ ബാങ്കിംഗ് കുഴപ്പം ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് നയിക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ് സമാന്തരമില്ലാത്തതോതില്‍ പണംമുടക്കിക്കൊണ്ടുള്ള ഒരു രക്ഷാപാക്കേജിന് അമേരിക്കന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുള്ളത്.
ധനകാര്യക്കുഴപ്പത്തിന്റെ മൂന്നാമത്തെതലം വിദേശവിനിമയവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ? പണ്ട് സ്വര്‍ണമായിരുന്നു അന്തര്‍ദ്ദേശീയ വ്യാപാരത്തിന് പണമായി ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പ്രമുഖ വിദേശനാണയങ്ങളാണ് അന്തര്‍ദ്ദേശീയ വ്യാപാരത്തിനുപയോഗിക്കുന്നത്. ഇതില്‍ ഏറ്റവുംപ്രധാനം അമേരിക്കന്‍ ഡോളറാണ്. അമേരിക്കന്‍ ഡോളറിനെ സ്വര്‍ണത്തിന് തുല്യമായിട്ടാണ് കരുതിവന്നിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് അമേരിക്ക ആവശ്യാനുസരണം ഡോളര്‍ അച്ചടിച്ച് ലോകമെമ്പാടും തങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുകയും നിക്ഷേപങ്ങള്‍ നടത്തിവരികയും ചെയ്തു. ഇന്നിപ്പോള്‍ അമേരിക്കയിലുള്ളത്ര ഡോളര്‍ അമേരിക്കയ്‌ക്ക്പുറത്ത് മറ്റുരാജ്യങ്ങളുടേയും വിദേശ ബാങ്കുകളുടേയും കരുതല്‍ശേഖരമായുണ്ട്. അമേരിക്കന്‍ ബാങ്കുകള്‍ തകരുകയും അമേരിക്കന്‍ കടപ്പത്രങ്ങള്‍ക്ക് വിലയില്ലാതാവുകയും ചെയ്താല്‍ തങ്ങളുടെ കയ്യിലുള്ള ഡോളറെല്ലാം മറ്റേതെങ്കിലും സുരക്ഷിത നാണയത്തിലേക്ക് മാറ്റുന്നതിനുള്ള പരിഭ്രാന്തി പൊട്ടിപ്പുറപ്പെടാം. അങ്ങനെയുണ്ടായാല്‍ ഡോളറിന് അതച്ചടിച്ച കടലാസിന്റെവിലപോലും ഉണ്ടാകില്ല. ആഗോളസമ്പദ് വ്യവസ്ഥയുടെ ഭീതിജനകമായ തകര്‍ച്ചയായിരിക്കും ഫലം. ഇങ്ങനെയൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിന് ആര്‍ക്കും താല്പര്യമുണ്ടാകില്ല എന്നതു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഇത്തരമൊരു തകര്‍ച്ച ഒഴിവാക്കുന്നതിനുള്ള അന്തര്‍ദ്ദേശീയ സഹകരണം ഉണ്ടാകുമെന്നുകരുതാം.
എന്നാല്‍ ധനകാര്യമേഖലയിലെ മുകളില്‍പ്പറഞ്ഞ കുഴപ്പങ്ങളും കുഴപ്പസാധ്യതകളും കമ്പനികളുടെ ലാഭപ്രതീക്ഷകള്‍ക്കുമേല്‍ ഇരുള്‍വീഴ്ത്തിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ ആത്മവിശ്വാസവും ഇടിഞ്ഞു. ഇവയെല്ലാംകൂടി ചേരുമ്പോള്‍ സാമ്പത്തികമാന്ദ്യം ഉറപ്പായി. ഈ സാമ്പത്തികമാന്ദ്യം എത്രനാള്‍ നീണ്ടുനില്‍ക്കും എന്നതിനെക്കുറിച്ചുമാത്രമേ ചര്‍ച്ചചെയ്യേണ്ടതുള്ളൂ. മുപ്പതുകളിലെന്നപോലെ നീണ്ടനാളത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്കാണ് ലോകമുതലാളിത്തം നീങ്ങുന്നത് എന്നതിന്റെ സൂചനകളാണ് ഇന്നെല്ലായിടത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
******
ഡോ. ടി എം തോമസ് ഐസക്

Tuesday, October 21, 2008
മതവും രാഷ്ട്രീയവും
മതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മതങ്ങള്‍ സ്ഥാപിക്കപ്പെട്ടത് ഏതു ലക്ഷ്യത്തോടെയാണ്? ഹിന്ദുമതമോ ക്രിസ്തുമതമോ ജൈനമതമോ ഇസ്ലാമോ ഏതു മതവുമാകട്ടെ, മനുഷ്യന്റെ അത്യാഗ്രഹവും പ്രതികാരചിന്തയും ക്രോധവും നിയന്ത്രിക്കുകയും സഹാനുഭൂതിയും സമാധാനവും വളര്‍ത്തുകയുമാണ് അവയുടെ ലക്ഷ്യം.
മതഭ്രാന്തിനും പരസ്പരവിദ്വേഷത്തിനും അക്രമത്തിനും മതം ഉത്തരവാദികളാണോ? ഇവയെല്ലാം മതത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് എതിരാണ് എന്നതാണ് പരമാര്‍ത്ഥം. മതങ്ങള്‍ക്കിടയില്‍ സമാധാനമില്ലെങ്കില്‍ രാഷ്ട്രങ്ങള്‍ കലഹിച്ചുകൊണ്ടേയിരിക്കും എന്നു പറയാറുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍, രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യമില്ലാത്തതുകൊണ്ടാണ് മതങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നത്.
ഇന്നത്തെ ലോകത്തില്‍ സങ്കുചിതതാല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കും പരസ്പരമുള്ള ചൂഷണത്തിനുംവേണ്ടിയാണ് രാഷ്ട്രങ്ങള്‍ നിലകൊള്ളുന്നത്. രണ്ട് ലോകമഹായുദ്ധങ്ങളുടെ ഉദാഹരണമെടുക്കുക. എന്തായിരുന്നു ഈ യുദ്ധങ്ങളിലേക്ക് നയിച്ചത്? മതങ്ങള്‍ അവയ്ക്ക് ഉത്തരവാദികളായിരുന്നോ, അതോ കൊളോണിയല്‍ രാഷ്ട്രീയതാല്പര്യങ്ങളായിരുന്നോ ഈ യുദ്ധങ്ങള്‍ക്ക് കാരണമായത്. ദശലക്ഷക്കണക്കിനാളുകള്‍ ഈ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍മാത്രം രണ്ടുകോടിയില്‍പ്പരം ജനങ്ങളാണ് കൊലചെയ്യപ്പെട്ടത്. ആരാണ് ഇതിനുത്തരവാദി? സംശയംവേണ്ട- കൊളോണിയല്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ തന്നെ. അവ ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമ്പത്തുമുഴുവന്‍ കൊള്ളയടിക്കാന്‍ ആഗ്രഹിച്ചു. ഈ കൊളോണിയല്‍ യുദ്ധങ്ങള്‍ക്ക് മതവുമായി വാസ്തവത്തില്‍ യാതൊരു ബന്ധവുമില്ല. ഇവയ്ക്കുള്ള കാരണങ്ങള്‍ സങ്കീര്‍ണ്ണമാണ്. യാഥാര്‍ത്ഥ്യം പലപ്പോഴും പുറമെ കാണുന്നതില്‍നിന്ന് ഭിന്നമാണ്. പലരും കരുതുന്നതുപോലെയോ നടിക്കുന്നതുപോലെയോ മതമല്ല മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്തയ്ക്ക് അവന്റെ പ്രവൃത്തികളെ നിര്‍ണ്ണയിക്കുന്നതില്‍ മതവിശ്വാസങ്ങളെക്കാള്‍ വലിയ പങ്കാണുള്ളത്.
എല്ലാ മതങ്ങളും സത്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍ മതവിശ്വാസികളായ എത്രപേര്‍ അതിനനുസരിച്ച് പെരുമാറുന്നുണ്ട്. നമ്മിലെത്രപേര്‍ സത്യം മുറുകെപിടിക്കുന്നുണ്ട്. നമ്മള്‍ സത്യസന്ധരാണെന്നല്ല, സ്വാര്‍ത്ഥരാണെന്നാണ് പറയേണ്ടത്. സമൂഹത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന യഥാര്‍ത്ഥ ശക്തികളെ നമ്മള്‍ തിരിച്ചറിഞ്ഞേപറ്റൂ. മതമാണെന്തിനും കാരണം എന്ന തെറ്റിദ്ധാരണ നമ്മെ നയിച്ചുകൂട. മതമേതുമായിക്കൊള്ളട്ടെ, മനുഷ്യര്‍ക്കിടയില്‍ സ്വാര്‍ത്ഥചിന്തകളില്ലെങ്കില്‍ അവര്‍ക്ക് പരസ്പരം സഹകരിച്ച് സമാധാനമായി ജീവിക്കാം. എന്നാല്‍ ഒരേ മതത്തില്‍പ്പെട്ടവര്‍ക്കിടയില്‍ത്തന്നെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ കടന്നുവരുമ്പോള്‍ ഭിന്നതകള്‍ രൂപപ്പെടുന്നു. സ്വാര്‍ത്ഥതയ്ക്ക് സ്ഥാനമുണ്ടെങ്കില്‍ രണ്ട് ഹിന്ദുക്കള്‍ക്കോ രണ്ട് മുസ്ലീങ്ങള്‍ക്കോ പരസ്പരം സഹകരിച്ച് സമാധാനമായി ജീവിക്കാനാവില്ല. അവര്‍ തമ്മില്‍ ശണ്ഠകൂടും. ഇത്തരത്തിലുള്ള സ്വാര്‍ത്ഥചിന്ത സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങളുമായി ചേരുമ്പോള്‍ അതിന്റെ ഫലം തിക്തമായിരിക്കും. മതത്തെയും രാഷ്ട്രീയത്തെയും പ്രചോദിപ്പിക്കുന്ന ശക്തികളെക്കുറിച്ച് നമുക്ക് ധാരണയുണ്ടായിരിക്കണം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നുള്ള രണ്ട് ഉദാഹരണങ്ങള്‍ ഞാന്‍ പറയാം. മുഹമ്മദലി ജിന്ന പാശ്ചാത്യരീതിയില്‍ വിദ്യാഭ്യാസം നേടിയ ഒരാളായിരുന്നു. ഇസ്ലാംമതത്തിന്റെ ഹരിശ്രീപോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. അദ്ദേഹം ഒരിക്കലെങ്കിലും പള്ളിയില്‍ പോയിട്ടുണ്ടാകാനിടയില്ല. അദ്ദേഹമാണ് മതത്തിന്റെ പേരില്‍ ഇന്ത്യയെ രണ്ടു രാഷ്ട്രങ്ങളാക്കി വിഭജിച്ചത്. എന്നാല്‍ മൌലാനാ അബുള്‍കലാം ആസാദ് മഹാനായ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു. അഞ്ചു വോള്യങ്ങളായി ഖുറാന് വ്യാഖ്യാനമെഴുതിയ വ്യക്തിയാണ് മൌലാനാ ആസാദ്. മതവിശ്വാസിയായ ഒരു മഹാപണ്ഡിതന്‍. മതവിശ്വാസിയല്ലാത്ത മുഹമ്മദലി ജിന്ന മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കണമെന്നു വാദിച്ചപ്പോള്‍ മഹാനായ ഇസ്ലാമികപണ്ഡിതനായ അദ്ദേഹം വിഭജനത്തിനെതിരായിരുന്നു. അദ്ദേഹം തന്റെ ഹൈന്ദവസഹോദരന്മാരോടൊത്ത് വിഭജനത്തിനെതിരെ നിലകൊണ്ടു. ഇവരെ രണ്ടുപേരെയും നമുക്ക് താരതമ്യം ചെയ്യാനാവുമോ?
സമാനമായ ഒരു ഉദാഹരണംകൂടി ഞാന്‍ പറയാം- സവര്‍ക്കറും മഹാത്മാഗാന്ധിയും. ഇസ്ലാമിക സമൂഹത്തോട് ജിന്ന ചെയ്തതെന്തോ അതാണ് ഇന്ത്യയിലെ ഹൈന്ദവരോട് സവര്‍ക്കര്‍ ചെയ്തത്. ചുരുക്കം ചില ഘടകങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സവര്‍ക്കറും ജിന്നയെപ്പോലെ ആധുനികനായിരുന്നു. എന്നാല്‍ ഹിന്ദുമതത്തിനുവേണ്ടി വാദിച്ച സവര്‍ക്കര്‍ക്ക് ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ സത്ത എന്തെന്ന് യാതൊരു രൂപവുമുണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയാണെങ്കില്‍ ഭഗവദ്ഗീതയ്ക്ക് വ്യാഖ്യാനമെഴുതുകപോലുമുണ്ടായി. അദ്ദേഹം അടിമുടി ഹിന്ദുവായിരുന്നു. ഗാന്ധിജിയുടെ മതാഭിമുഖ്യമാണ് അദ്ദേഹം അവതരിപ്പിച്ച രണ്ട് മഹാതത്ത്വങ്ങള്‍ക്ക് പിറകിലുള്ളത്. അക്രമരാഹിത്യവും സത്യവും- അഹിംസയും സത്യാഗ്രഹവും. സത്യം മുറുകെപ്പിടിക്കുക എന്നതാണ് സത്യാഗ്രഹം എന്നതിന്റെ അര്‍ത്ഥം. രാഷ്ട്രീയത്തില്‍ നാം സത്യം മുറുകെപിടിക്കുന്നില്ലെങ്കില്‍ അഹിംസ സാധ്യമാവുകയില്ല. ലോകത്തില്‍ സമാധാനം സ്ഥാപിക്കപ്പെടുകയില്ല.
ഗാന്ധിജി പ്രതിനിധീകരിക്കുന്നത് ഹിന്ദുമതത്തിന്റെ മഹനീയതത്ത്വങ്ങളെയും മതചിന്തകളുടെ സാര്‍വ്വലൌകികതയെയുമാണ്. അതുകൊണ്ടാണ് ഖുറാനെക്കുറിച്ച് ശരിയായ അറിവുള്ള ഇസ്ലാമികമതപണ്ഡിതന്മാര്‍ക്ക് മഹാത്മാഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നതില്‍ യാതൊരു പ്രയാസവും തോന്നാതിരുന്നത്. ഗാന്ധിജിയോടൊപ്പം അവരും ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ എതിര്‍ത്തു. മഹാപണ്ഡിതനും യഥാര്‍ത്ഥ മുസല്‍മാനുമായിരുന്ന മൌലാന അബുള്‍കലാം ആസാദിന് ഗാന്ധിജിയെ തന്റെ നേതാവായി അംഗീകരിക്കാന്‍ ഒട്ടും വിഷമമുണ്ടായിരുന്നില്ല. യഥാര്‍ത്ഥ ഇസ്ലാമും യഥാര്‍ത്ഥ ഹിന്ദുമതവും തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ല. ഗാന്ധിജി പറഞ്ഞത് സത്യത്തെക്കുറിച്ചും അക്രമരാഹിത്യത്തെക്കുറിച്ചുമാണ്. അടിസ്ഥാനപരമായി നോക്കിയാല്‍ ഇസ്ലാം പഠിപ്പിക്കുന്നതും അതുതന്നെയാണ്. ദൈവം സത്യമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ സത്യമാണ് ദൈവം എന്ന് ഗാന്ധി പറഞ്ഞു. ഈ തത്ത്വം അംഗീകരിക്കാത്ത ഒരാളെ യഥാര്‍ത്ഥ മതവിശ്വാസിയെന്ന് വിളിക്കാനാവില്ല. ദേശപരവും വംശപരവും ഭാഷാപരവുമായ എല്ലാ അതിര്‍വരമ്പുകളെയും ലംഘിക്കുന്നതാണ് യഥാര്‍ത്ഥ മതം. എന്റെ അഭിപ്രായത്തില്‍ കാള്‍മാര്‍ക്സ് പോലും തികച്ചും അധ്യാത്മികനായ വ്യക്തിയായിരുന്നു (നിങ്ങള്‍ക്കൊരുപക്ഷേ, ഇതിനോ യോജിക്കാന്‍ കഴിയില്ല). ഇത്തരത്തിലുള്ള എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചുകൊണ്ടാണ് അദ്ദേഹം നീതിയുടെയും സമത്വത്തിന്റെയും തത്ത്വങ്ങള്‍ ആവിഷ്ക്കരിച്ചത്. നീതിയുടെയും എല്ലാ മനുഷ്യര്‍ക്കും തുല്യമായ മാന്യത ലഭ്യമാകുന്ന അവസ്ഥയുടെയും അഭാവത്തില്‍ സമാധാനപൂര്‍ണ്ണമായ ഒരു ലോകം സാധ്യമാവുകയില്ല.
മുതലാളിത്തത്തിന്റെ സഹജസ്വഭാവമായ അത്യാഗ്രഹമാണ് ഈ ലോകത്തെ നശിപ്പിച്ചത്. വാസ്തവത്തില്‍ ഭീകരവാദം തന്നെ എന്താണ്? ഒരുവശത്ത് അത് ലാഭം കുന്നുകൂട്ടുന്നതിനുവേണ്ടിയുള്ള മുതലാളിത്തത്തിന്റെ ആര്‍ത്തിയാണ്. അതിന്റെ മറുപുറമാകട്ടെ പ്രതികാരചിന്തയും ക്രോധവും. ഇതിനൊന്നും ക്രിസ്തുമതവുമായോ ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല. അമേരിക്കന്‍ മുതലാളിത്തമാകട്ടെ, അറബ് ലോകത്തെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കാനാണ് ശ്രമിക്കുന്നത്. അതിനോടുള്ള പ്രതികരണമായാണ് ഒരു വിഭാഗം മുസ്ലീം യുവാക്കള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇതിന്റെയെല്ലാം ഫലം യുദ്ധവും ഭീകരതയും തന്നെ. ഇത്തരത്തിലുള്ള കൊള്ളയും അമിതചൂഷണവും നിലനില്‍ക്കുന്നകാലത്തോളം ലോകത്തൊരിക്കലും സമാധാനം പുലരുകയില്ല. നമുക്ക് നമ്മുടെ അത്യാഗ്രഹവും ക്രോധവും പ്രതികാരചിന്തയും ഉപേക്ഷിക്കാന്‍ കഴിഞ്ഞെങ്കിലേ സമാധാനപൂര്‍ണ്ണമായ ഒരു ലോകം സാധ്യമാവുകയുള്ളൂ.
പാവപ്പെട്ടവരെ ചൂഷണം ചെയ്ത് സമ്പത്ത് കുന്നുകൂട്ടുന്നതിനെതിരായി പ്രവാചകനായ മുഹമ്മദ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് മെക്കയിലെ നാട്ടുമൂപ്പന്മാര്‍ മെദീന ആക്രമിച്ചത്. അവരുടെ മുഹമ്മദിന് യുദ്ധം ചെയ്യേണ്ടിവന്നു. ദരിദ്രര്‍ക്കും വിധവകള്‍ക്കും നിരാലംബര്‍ക്കുംവേണ്ടി സ്വന്തം സമ്പത്ത് വിനിയോഗിക്കാനാണ് മുഹമ്മദ് തന്റെ ശിഷ്യന്മാരെ നിരന്തരം ഉപദേശിച്ചുപോന്നത്. സമ്പത്ത് കുന്നുകൂട്ടുന്നതിനെതിരായ മുഹമ്മദിന്റെ പ്രബോധനം സഹിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ സമാധാനം കെടുത്താന്‍ മെക്കയിലെ നാട്ടുമൂപ്പന്മാര്‍ ശ്രമിച്ചത്. 'നാം നടത്തിയത് ഒരു വിശുദ്ധ യുദ്ധമാണ്' എന്നാണ് അദ്ദേഹം തന്റെ ശിഷ്യന്മാരോട് പറഞ്ഞത്. അതുപോലെ നാം ഓരോരുത്തരും നമ്മോടുതന്നെ ഒരു വിശുദ്ധയുദ്ധം നടത്തേണ്ടതുണ്ട്. നമ്മുടെ അത്യാഗ്രഹത്തിനും ക്രോധത്തിനും പ്രതികാരചിന്തയ്ക്കുമെതിരായ 'ജിഹാദ്'ല്‍ പരാജയപ്പെടുകയാണെങ്കില്‍ നമുക്ക് 'ചെറിയ യുദ്ധങ്ങള്‍' പോലും ജയിക്കാനാവുകയില്ല. രക്തച്ചൊരിച്ചില്‍ മാത്രമായിരിക്കും ഫലം.
രണ്ട് മതങ്ങള്‍ക്കിടയില്‍ (അത് ഏതു മതവുമാകട്ടെ) എവിടെയാണിത്ര വ്യത്യാസം? 'സമാധാനത്തിന്റെ രാജകുമാരന്‍' എന്നാണ് നമ്മള്‍ ക്രിസ്തുവിനെ വിളിക്കുന്നത്. ക്രിസ്തു പ്രതിനിധീകരിച്ചത് സമാധാനത്തെയാണ്. ഇസ്ളാമിലാകട്ടെ, ഇസ്ളാമെന്ന വാക്കില്‍ത്തന്നെ സമാധാനമെന്ന ആശയമുണ്ട്. ഇസ്ലാം നിലകൊള്ളുന്നതുതന്നെ സമാധാനത്തിനുവേണ്ടിയാണ്. അതിനൊരു സ്ഥാപകനില്ല. ഇസ്ലാം ഏതെങ്കിലും ഒരു സ്ഥാപകന്റെ പേരില്‍ അറിയപ്പെടുന്ന മതമേയല്ല. എന്നാല്‍ ഇസ്ലാമിക ചരിത്രത്തില്‍ എവിടെയും രക്തച്ചൊരിച്ചില്‍ മാത്രമേ കാണാനുള്ളൂ. എന്നാല്‍ മതമല്ല ഈ രക്തച്ചൊരിച്ചിലുകള്‍ക്കും അക്രമങ്ങള്‍ക്കും കാരണം. നമ്മുടെതന്നെ സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും പ്രതികാരചിന്തയ്ക്കും എതിരായ യുദ്ധം നാം ജയിക്കുന്നില്ലെങ്കില്‍ നമുക്കൊരിക്കലും ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയുകയില്ല. മുസ്ലീങ്ങള്‍ മാത്രമല്ല ലോകത്തിലെ എല്ലാ മതക്കാരും തങ്ങളോടുതന്നെയുള്ള ഈ യുദ്ധത്തില്‍ പരാജയപ്പെടുകയാണ്. സ്വന്തം അത്യാഗ്രഹത്തെയും പ്രതികാരചിന്തയെയും മറികടക്കുന്നതില്‍ മതവിശ്വാസികള്‍ വിജയിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ ചിത്രം വ്യത്യസ്തമാകുമായിരുന്നു. അതിനു കഴിയാത്ത വിശ്വാസികള്‍ യഥാര്‍ത്ഥ വിശ്വാസികളാണെന്ന് പറയാനാവില്ല. ഖുറാന്‍ വിശ്വാസികളുടെ ഈ ഗുണത്തെ പരമപ്രധാനമായാണ് കാണുന്നത്.
ഖുറാന്‍ പ്രോത്സാഹിപ്പിച്ച മഹത്തായ മൂല്യങ്ങള്‍ എന്തൊക്കെയാണ്? നീതി, സഹാനുഭൂതി, ഭൂതദയ, വിവേകം. അവയെ സാക്ഷാല്‍ ദൈവത്തിന്റെ പര്യായങ്ങളായാണ് ഖുറാന്‍ അവതരിപ്പിക്കുന്നത്. ഇസ്ളാം മതവിശ്വാസികളില്‍ എത്രപേര്‍ ഈ മൂല്യങ്ങള്‍ ശരിയായി സ്വാംശീകരിച്ചിട്ടുണ്ട്? എന്തിനാണ് ഭീകരവാദികള്‍ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നത്? പ്രതികാരത്തിനുവേണ്ടിയോ? ബുഷിനോടോ നരേന്ദ്രമോഡിയോടോ പ്രതികാരം ചെയ്യാന്‍ നിരപരാധികളെ കൊന്നൊടുക്കിയിട്ട് എന്തുകാര്യം. അത് നീതിയാണോ? കഷ്ടപ്പെടുന്ന മനുഷ്യരോട് അവര്‍ക്ക് സഹാനുഭൂതി ഇല്ല. ഭീകരപ്രവര്‍ത്തനം മതത്തിന്റെ സൃഷ്ടിയല്ല. അത് ഒരു രാഷ്ട്രീയ പ്രതികരണമാണ്. അതൊരു ശരിയായ പ്രതികരണവുമല്ല. രാഷ്ട്രീയതാല്പര്യങ്ങളാല്‍ വഴിതെറ്റിക്കപ്പെട്ടവരുടെ പ്രതികരണമാണത്. മനുഷ്യജീവനുതന്നെ അത് വിനാശകരമാണ്. ഇസ്ളാം മതത്തില്‍ മതവും രാഷ്ട്രീയവുമായുള്ള വേര്‍തിരിവ് അസാധ്യമാണെന്ന വാദം ശരിയല്ല. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടംനേടുമ്പോള്‍, യഥാര്‍ത്ഥമതം പഠിപ്പിക്കുന്നത് അത്തരം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണ്. അവയുടെ തനത് രൂപത്തിലല്ലാതെ രാഷ്ട്രീയത്തിനും മതത്തിനും ഒത്തുപോകാന്‍ കഴിയില്ല. മതവും രാഷ്ട്രീയവും കളങ്കിതമല്ലെങ്കില്‍ അവയ്ക്കിടയില്‍ ഇന്നുകാണുന്ന വൈരുദ്ധ്യങ്ങള്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. മതവും രാഷ്ട്രീയവും പരസ്പരം വേര്‍തിരിക്കാനാവാത്ത കാര്യങ്ങളാണെന്ന ഒരു സിദ്ധാന്തം ഇസ്ലാമിലില്ല. പല മുസ്ലീങ്ങളും തെറ്റിദ്ധരിച്ചിട്ടുള്ളത് മതവും രാഷ്ട്രീയവും ഒന്നുതന്നെയാണെന്ന് ഖുര്‍ ആന്‍ പഠിപ്പിക്കുന്നതായാണ്. യാതൊരു ഭരണകൂടസങ്കല്പവും ഖുറാന്‍ മുന്നോട്ടുവയ്ക്കുന്നില്ല.
ഭരണകൂടരൂപത്തെപ്പറ്റി ഖുറാന്‍ ഒന്നുംതന്നെ പറയുന്നുമില്ല. ഏതുതരത്തിലുള്ള സമൂഹമാണ് നമുക്ക്വേണ്ടത് എന്നുമാത്രമേ ഖുറാന്‍ നിര്‍ദ്ദേശിക്കുന്നുള്ളൂ. മേല്‍പ്പറഞ്ഞ നാല് അടിസ്ഥാനമൂല്യങ്ങള്‍ പുലരുന്നതായിരിക്കണം സമൂഹം എന്നതാണ് ഖുറാന്‍ നല്‍കുന്ന പ്രബോധനം. ഭരണകൂടരൂപമല്ല സമൂഹമാണ് കാര്യം. ഭരണകൂടത്തിന്റെ രൂപം കാലത്തിനൊത്ത് മാറിക്കൊണ്ടേയിരിക്കുന്നു. എല്ലാകാലത്തേക്കും സ്വീകാര്യമായ ഒരു ഭരണകൂടരൂപവും ഇല്ലതന്നെ. ഏറ്റവും മികച്ച ഭരണകൂടരൂപമായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത് ജനാധിപത്യമാണ്. എന്നാല്‍ ജനാധിപത്യത്തിലെത്തുന്നതിനുമുമ്പ്, ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ, അനേകം രൂപമാറ്റങ്ങള്‍ക്ക് വിധേയമായതാണ് ഭരണകൂടം. മൌലാനാ അബുള്‍കലാം ആസാദിനെപ്പോലുള്ള മഹാന്മാരായ ഇസ്ലാമികപണ്ഡിതന്മാര്‍ ഇക്കാര്യം അംഗീകരിച്ചതാണ്. മതേതരജനാധിപത്യം അവര്‍ക്ക് അസ്വീകാര്യമായി തോന്നിയില്ല. മുഹമ്മദലി ജിന്നയെപ്പോലുള്ള 'ആധുനിക'രാണ് ദ്വിരാഷ്ട്രവാദം അവതരിപ്പിച്ചത്. 1940 മാര്‍ച്ച് 23 ന് ജിന്ന ദ്വിരാഷ്ട്രസിദ്ധാന്തം മുന്നോട്ടുവച്ചപ്പോള്‍ ഇന്ത്യയിലെ പ്രഗല്‍ഭരായ മുസ്ലീം മതപണ്ഡിതന്മാര്‍ മുഴുവന്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. ഇസ്ലാം മതം വിശാല ദേശീയ (Composit Nationalism) തയ്ക്ക് എതിരല്ല. വിശാലദേശീയതയ്ക്കും മതേതരജനാധിപത്യത്തിനും അനുകൂലമായ ഹദീസുകളും ഖുറാന്‍ സൂക്തങ്ങളും അക്കാലത്ത് എടുത്തുകാട്ടപ്പെടുകയുണ്ടായി.
എല്ലാ പൌരന്മാര്‍ക്കും തുല്യാവകാശമെന്നത് ഇന്ത്യന്‍ ഭരണഘടന അതിന്റെ മൌലികതത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ്. മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മതപരമല്ല, രാഷ്ട്രീയമാണ്. സ്വാര്‍ത്ഥതയുടെയും സങ്കുചിതത്വത്തിന്റെയും രാഷ്ട്രീയമാണ്, മതമല്ല, ഈ വിവേചനത്തിനടിസ്ഥാനം. നമ്മുടെ രാഷ്ട്രീയം ഭരണഘടനാമൂല്യങ്ങളെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ളതാണെങ്കില്‍ എല്ലാ ജനവിഭാഗങ്ങളും ഇവിടെ സുരക്ഷിതരായിരിക്കും. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുകയും വളര്‍ച്ചയ്ക്കനുകൂലമായ സാഹചര്യം പുലരുകയും ചെയ്യും. എന്നാല്‍ നാം നമ്മുടെ ഭരണഘടനാമൂല്യങ്ങളെ ശരിയാംവണ്ണം പിന്തുടരുന്നില്ല. നമ്മുടെ രാഷ്ട്രീയജീവിതത്തെ നിയന്ത്രിക്കുന്നത് സ്വാര്‍ത്ഥരാഷ്ട്രീയതാല്പര്യങ്ങളാണ്.
എല്ലാ മതങ്ങള്‍ക്കും ബാധകമായ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രസംഗത്തില്‍ പറയുകയുണ്ടായി. ആ അടിസ്ഥാന മൂല്യങ്ങളാണ് ഏറ്റവും പ്രധാനം. സത്യം, സ്നേഹം, സമത്വം, നീതി, സഹാനുഭൂതി, മനുഷ്യന്റെ മാന്യത, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിലുള്ള മനസ്സലിവ് എന്നിവയാണവ. ഏതെങ്കിലും മതം ഇവയ്ക്കെതിരെ സംസാരിക്കുന്നുണ്ടോ? മതങ്ങള്‍ ഈ മൂല്യങ്ങള്‍ കൃത്യമായി പിന്തുടരുകയാണെങ്കില്‍ രാഷ്ട്രീയത്തിനും മതത്തിനുമിടയില്‍ യാതൊരുവിധ വൈരുദ്ധ്യവും നിലനില്‍ക്കേണ്ടതില്ല. എന്നാല്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി മതങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇന്ത്യയില്‍ നാം ഇന്ന് കാണുന്നത്. ഇത് രാഷ്ട്രീയത്തിന്റെ തെറ്റാണെന്ന് ഞാന്‍ പറയുകയില്ല. ഇതിന്റെ യഥാര്‍ത്ഥകാരണം ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതത്തിനു സംഭവിക്കുന്ന പരാജയമാണ്. രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി മതങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശബ്ദിക്കാന്‍ എന്തുകൊണ്ട് മതങ്ങള്‍ക്ക് കഴിയുന്നില്ല? എത്ര മതപുരോഹിതന്മാര്‍ തങ്ങളുടെ മതം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രതപുലര്‍ത്തുന്നുണ്ട്. തങ്ങളുടെ മതത്തിന്റെപേരില്‍ ജനങ്ങളെ സ്വാധീനിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ എത്രപേര്‍ പ്രതികരിക്കുന്നുണ്ട്?
നാം എല്ലാം കണ്ടുകൊണ്ട് വെറുതെ കീഴടങ്ങിക്കൊടുക്കുന്നതേയുള്ളൂ. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ ചൂഷണം തുടരുന്നത് ഈ നിസംഗത ഉപയോഗപ്പെടുത്തിയാണ്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിനും മതങ്ങളുടെ ദുരുപയോഗങ്ങള്‍ക്കുമെതിരെ വ്യത്യസ്ത മതക്കാരായ നാം ഒരുമിച്ചു ശബ്ദമുയര്‍ത്തണം.
*
അസ്‌ഗര്‍ അലി എഞ്ചിനീയര്‍, കടപ്പാട്: യുവധാര

Monday, October 20, 2008
ഓത്ത്
കൊണ്ടേരന് ബോറടിച്ചു.അതുകൊണ്ട് അവസാനമായി തീരുമാനിച്ചു:
' ഇനി ഒരു കീഴാളനായി തുടരേണ്ട '
പെട്ടെന്നെടുത്ത തീരുമാനമല്ല ഇത്.
കമ്മിറ്റികള്‍ പലവട്ടം കൂടി. വിഷയം തലമുടി നാരാക്കി. അത് പിന്നെ നാലാക്കി.നാനാവിധ പരിശോധനക്ക് വിധേയവുമാക്കി.
കൃത്യം പറഞ്ഞാല്‍ നാലു മാസം, നാലു ദിവസം, നാലു മണിക്കൂര്‍, നാലു മിനുട്ട്, നാലു സെക്കന്‍ഡ് നീണ്ട ചര്‍ച്ചയിലൂടെയാണ് മേല്‍ തീരുമാനത്തിലെത്തിയത്. തല്‍പ്പരകക്ഷികള്‍ക്ക് നിക്ഷിപ്ത താല്‍പര്യം ഉണ്ടാകാം. പക്ഷേ, സാര്‍ഥവാഹകസംഘം മൈന്‍ഡ് ചെയ്യുന്നില്ല, ടി കക്ഷികള്‍ മുന്നോട്ട്.
തിരുവോണ നാളിലെ ദ്വാദശിയില്‍ നാലും കൂടിയ കവലയിലാണ് ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം ഉണ്ടായത്. സൂചനകള്‍ ഒന്നും ഉണ്ടാകാതിരുന്നതിനാല്‍ നാലും കൂടിയ കവലക്ക് മുന്‍കൂട്ടി തയ്യാറെടുത്ത് ഞെട്ടാന്‍ കഴിഞ്ഞില്ല. അത് ഒരു പോരായ്‌മയായി ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്തു.
ചരിത്രത്തെക്കൊണ്ട് നിവൃത്തിയില്ലാതെയായി. ജീവിക്കാന്‍ സമ്മതിക്കില്ല.
കൊണ്ടേരന്റെ സുപ്രസിദ്ധമായ ആ പ്രഖ്യാപനം പൂര്‍ണ രൂപത്തില്‍ താഴെ.
' പെരിഞ്ചോട്ടുകര ഗ്രാമത്തില്‍ അംശം 13ല്‍ സ്വന്തമായി വീടോ, വീട്ടുപേരോ ഇല്ലാത്ത കണ്ടങ്കോരന്‍ പുലയന്റെയും കാളിപ്പുലയിയുടെയും ആറുമക്കളില്‍ ഇളയവനായ കൊണ്ടേരന്‍ എന്ന ഈ ഞാന്‍ ഇന്നു മുതല്‍ എന്റെ ജാതി ഉപേക്ഷിക്കാന്‍ സ്വന്തം ഇഷ്‌ടപ്രകാരം തീരുമാനിച്ചിരിക്കുന്നു. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള സങ്കടമോ മനപ്രയാസമോ ഉള്ളവര്‍ പതിനാലു ദിവസത്തിനകം ടി പരാതി നേരില്‍ ബോധിപ്പിച്ച് രശീതി കൈപ്പറ്റേണ്ടതാകുന്നു.'
നാലും കൂടിയ കവല നിന്ന നില്‍പ്പില്‍ ഞെട്ടി. ബാര്‍ബര്‍ കുഞ്ഞാത്തോല്‍, ടെയ്‌ലര്‍ തോമ, ഈശ്വര വിലാസം ടീ സ്റ്റാള്‍ ഉടമ മഹേശ്വരന്‍ പിള്ള, മീന്‍കാരി പാറു, ടോഡി ഷാപ്പ് നമ്പ്ര് 32ലെ വിളമ്പുകാരന്‍ നാണുക്കുട്ടന്‍ എന്നീ പ്രധാന പത്രങ്ങള്‍ എട്ടേമുക്കാല്‍ കോളത്തില്‍ ലീഡ് പൂശി. പ്രത്യേകം സപ്ലിമെന്റ് ഇറക്കി.
' കൊണ്ടേരന്‍ ജാതി മാറുന്നു' എന്ന പ്രധാന വാര്‍ത്ത കൊട്ടിക്കയറവെ കൊണ്ടേരന്‍ വാര്‍ത്തകള്‍ക്കിടയില്‍ നിന്നും ഒളിച്ചുപോയി.
ഊഹക്കച്ചവടക്കാര്‍ അവസരം മുതലാക്കി. ഓഹരി വിപണിക്ക് രക്തസമ്മര്‍ദം കൂടി. കാള വിരണ്ടു. സെന്‍സെക്സില്‍ അശ്ലീലം കലര്‍ന്നു.
വിവരങ്ങള്‍ക്കുവേണ്ടി കുഞ്ഞാത്തോല്‍, തോമ, മഹേശ്വരന്‍ പിള്ള, പാറു, നാണുക്കുട്ടന്‍ എന്നീ പ്രധാന വാര്‍ത്താ മാധ്യമങ്ങളെത്തന്നെ നാട്ടുകാര്‍ക്ക് ആശ്രയിക്കേണ്ടിവന്നു.
കൊണ്ടേരന്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് നാണുക്കുട്ടനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട് ചെയ്തു.മഹേശ്വരന്‍ പിള്ളയെ ഉദ്ധരിക്കാന്‍ ന്യൂയോര്‍ക്ക് ടൈംസ് ശ്രമിച്ചെങ്കിലും ചായയടിക്കാന്‍ എന്ന മട്ടില്‍ അകത്തേക്ക് ഓടിക്കളഞ്ഞു. മീന്‍കാരി പാറു സംഭവത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം മനസ്സിലാക്കി അന്നത്തെ മീന്‍ വില്‍പ്പന അവസാനിപ്പിച്ച് 24 മണിക്കൂര്‍ വാര്‍ത്താ ചാനലായി സ്വയം പരിണമിച്ചു. ബാര്‍ബര്‍ കുഞ്ഞാത്തോല്‍ കടയുടെ മുന്നില്‍ ബോര്‍ഡു തൂക്കി:
' ഇന്ന് വെട്ടില്ല'
അളന്നുമുറിച്ച വാചകങ്ങളുമായി ടെയ്‌ലര്‍ തോമ കാത്തിരുന്നു.ബി ബി സിക്ക് തോമയിലൊരു കണ്ണുണ്ട്.തോമക്കും അതറിയാം. നാലും കൂടിയ കവലയില്‍ ഏറ്റവും കൂടുതല്‍ ഇംഗ്ളീഷ് അക്ഷരമറിയാവുന്നത് തോമക്കാണ്- 19. കുഞ്ഞാത്തോല്‍ -13, മഹേശ്വരന്‍ പിള്ള- 9, പാറു -7, നാണുക്കുട്ടന്‍ - 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില.
ചര്‍ച്ചകള്‍ കസറി.
ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഭാവി, ജാതി സമ്പ്രദായം ഇന്ത്യന്‍ സമൂഹത്തില്‍, കൊണ്ടേരനും ഇന്ത്യയും എങ്ങോട്ട്? എന്നീ വിഷയങ്ങളില്‍ ചര്‍ച്ച കൊഴുത്തു.
ലേശം കേള്‍വിക്കുറവുള്ളവരൊഴികെ ബാക്കിയെല്ലാവരും ചാനലില്‍ വിദഗ്ധരായി. മല്‍സരത്തിനിടയില്‍ ഒരു ചാനല്‍ തവളയെ രംഗത്തവതരിപ്പിച്ച് കൈയടി നേടി.
ഇതൊന്നുമറിയാതെ കൊണ്ടേരന്‍ ഒരു കേന്ദ്രത്തില്‍ ധ്യാനനിമഗ്നനായി.
' എങ്ങോട്ട് മാറും ?'
ചോദ്യത്തിന് നിലവാരമില്ലാത്തതിനാല്‍ ചോദ്യം ഒന്നു മാറ്റി അതു തന്നെ ആലോചിച്ചു.
മതങ്ങളും ജാതികളും ധാരാളം. ഏതെടുക്കണം?
ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തില്‍ സ്വയം ജാതി ചോദിക്കുന്നതില്‍ മനസ്സാക്ഷിക്ക് കുത്തേല്‍ക്കില്ലേയെന്ന് കൊണ്ടേരന്‍ സാംസ്‌കാരികമായി ചിന്തിച്ചു.
ജാതി ചോദിക്കരുതെന്നേയുള്ളു; അഭിനയിക്കാം.
ഹാവൂ, ആശ്വാസമായി.
ഇല്ലെങ്കില്‍ തെണ്ടിപ്പോവും.
വീണ്ടും ചിന്തിച്ചു.
ആരാവണം?
ക്രിസ്ത്യാനി ?, മുസ്ലിം?, ബുദ്ധന്‍?, ജൈനന്‍?
പര്‍ദയിടാന്‍ സൌകര്യമില്ലാത്തതിനാല്‍ മുസ്ലിം എന്ന നിര്‍ദേശം തുടക്കത്തിലേ തള്ളി. പുരുഷന്മാര്‍ പര്‍ദയിടുന്ന കാലം വരട്ടെ അന്നാലോചിക്കാം.
പിന്നെ ക്രിസ്ത്യാനി.
വയ്യ. മടക്കിക്കുത്തിയാണ് ഇപ്പോള്‍ വിശുദ്ധ കുര്‍ബാന. ഇടയ്‌ക്ക് എണ്ണാമെങ്കില്‍ എണ്ണിക്കോ എന്നൊരു കുമ്പസാരവും.
ബുദ്ധ- ജൈന?
പറ്റില്ല.ശില്‍പ്പകലയില്‍ പ്രാവീണ്യം പോര.
എന്നാല്‍ ഹിന്ദുവില്‍ തന്നെ ഒരു മ്യൂച്വല്‍ ട്രാന്‍സ്‌ഫറിന് ശ്രമിക്കാം.
കൊണ്ടേരന്റെ ചിന്ത മുറിഞ്ഞു.
അന്തരീക്ഷത്തില്‍ ഒരു ശ്വാന ഗന്ധം. ഗന്ധത്തിന്റെ പിന്നാലെ ശ്വാനനെത്തി.
കൊണ്ടേരന്‍ ഒന്നേ നോക്കിയുള്ളു.
ഷാപ്പിലെ പട്ടി!
കണ്ണു നിറഞ്ഞു, രണ്ട് പേര്‍ക്കും.
നാണുക്കുട്ടനാണ് ഈ നായയെ അന്വേഷണോദ്യോഗസ്ഥനാക്കിയത്.
നാണുവിന് ഇത്രയും ബുദ്ധിയുണ്ടെന്ന് കുടിയുടെ ഒരു ഘട്ടത്തിലും കൊണ്ടേരന് തോന്നിയിട്ടില്ല.
ഏത് വിഡ്‌ഢിക്കും ഒരു ദിവസം ലോകം കീഴടക്കാനാവും.
കൊണ്ടേരനെ കണ്ടതോടെ നാണുക്കുട്ടന്‍ തുണിയഴിഞ്ഞുപോയപോലെ ചിരിച്ചു.
ഷാപ്പിലെ പട്ടി കൊണ്ടേരന്റെ കാലില്‍ നക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കൊണ്ടേരന്‍ അവനെ നോക്കി മൌനമായി പറഞ്ഞു:
' നിനക്ക് നിന്റെ ജാതി, എനിക്ക് എന്റെയും. ജാതിയേതായാലും വാല്‍ ആടിയാല്‍ മതി.'
കൊണ്ടേരന്റെ കണ്ണു നിറയുമെന്ന സ്ഥിതിയിലായി.
സംഭവം ട്രാജഡിയിലേക്ക് നീങ്ങുന്നത് ആശങ്കയോടെ നോക്കിനിന്ന നാണുക്കുട്ടന്‍ വിദഗ്ധമായ ഒരു ചോദ്യം കൊണ്ട് ഗതി മാറ്റി.
നാണുക്കുട്ടന്‍ വിനീതനായി ചോദിച്ചു.
' കേട്ടതൊക്കെ ശര്യാ...?'
കൊണ്ടേരന്‍ പറഞ്ഞു:
' കേള്‍ക്കാനിരിക്കുന്നതും..'
നാണുക്കുട്ടന്‍ കാത്തുനിന്നില്ല.
അരയില്‍ താഴ്ത്തിവെച്ച കുപ്പി കഴുത്തിന് പിടിച്ച് പുറത്തെടുത്തു. ഇത്തിരി ഒണക്കച്ചെമ്മീന്‍ കുത്തിപ്പൊടിച്ചതും.
ആരും വീണു പോകും.
പക്ഷേ കൊണ്ടേരന്റെ മുഖത്ത് ഭാവവ്യത്യാസങ്ങളില്ല.
നാണുക്കുട്ടന്‍ വിസ്തരിച്ചു.
' വെള്ളം തീണ്ടീട്ടില്ല. നേരേ ചെത്തിയെറക്കീതാ..'
നോ ചെയ്ഞ്ച്. കൊണ്ടേരനില്‍ മാറ്റമില്ല.
നാണുക്കുട്ടന്‍ ഒരു ശ്രമം കൂടി നടത്തി.
' കല്‍പ്പവൃക്ഷത്തിന്റെ കരളു പിഴിഞ്ഞതാണ്.'
' നിന്റെ കരളു പിഴിഞ്ഞതാണെങ്കിലും വേണ്ട..'
നാണുക്കുട്ടന്‍ സ്വന്തം ശരീരം നുള്ളിനോക്കി.
ഇല്ല മരിച്ചിട്ടില്ല.
വിറയാര്‍ന്ന ശബ്‌ദത്തില്‍ ചോദിച്ചു:
'കാരണം ?'
' ഷാപ്പു പൂട്ടാറായോ ?'
' ഇല്ല.'
'എങ്കില്‍ കേട്ടോളൂ. അരമുറി കരിക്കും അരത്തൊണ്ടു കളളും ഞങ്ങളുടെ മിച്ചമൂല്യം തട്ടിയെടുത്ത ചൂഷകപ്പരിഷകളാണ്. ഇനി വയ്യ. ഇതില്‍ നിന്നു മുക്തമാവണം. നാണൂ, ഈ വേഷം ഞാന്‍ അഴിക്കുകയാണ്. ഈ ജാതി ഞാന്‍ മാറുകയാണ്.'
' ഏതാണാവോ ഇനി?'
' ഞാന്‍ നമ്പൂതിരിയാകാന്‍ പോവുന്നു.'
നമ്പൂരിയ്വോ !'
' എന്താ എതിര്‍പ്പുണ്ടോ?'
' നടക്ക്വോ?'
'നടക്കും. മതം മാറാമെങ്കില്‍ ജാതിയും മാറാം.'
നാണുക്കുട്ടന്‍ യാത്രചോദിച്ചു. കൊണ്ടേരന്‍ അനുവദിച്ചു.
കൊണ്ടേരന്‍ അടുത്തഘട്ടമായി ഇട്ടിരാരിശ്ശന്‍ നമ്പൂതിരിയുടെ ഇല്ലത്തേക്കു ചെന്നു.
ഇട്ടിരാരിശ്ശന്‍ കോസടിയിലുണ്ട്.
'..ന്താ..കൊണ്ടേരന്‍തിരുമേനീ..ങ്ങ്ടേക്ക്..?'
'..പുഛമാണോ, സങ്കടമാണോ..മിസ്റ്റര്‍ ഇട്ടിരാരിശ്ശന്‍, എന്താണ് ഇതില്‍ ഒളിപ്പിച്ചിരിക്കുന്നത്..'
'..ന്താ..കൊണ്ടേരന്‍ ..ങ്ങ്നെ..താനിപ്പോ..ന്തായാലും ..ന്താ?..കാലം വല്ലാതെ മാറീരിക്ക്ണൂ. മനുഷ്യേരൊക്കെ ഇപ്പം ഒരൂട്ടായില്ല്യേ..അത് തന്നേനി നല്ലതും..പ്പോ..ഇനി ഏതാ ഇല്ലം..?'
'മുട്ടില്ലം.'
'മുട്ടില്ല്യോ..?'
'കേട്ടിട്ടില്ല?'
'..ല്ല്യേനീം..'
' പണ്ട് കാട്ടീന്നൊരു മാനിനെ കിട്ടി. മേനി കൊണ്ടു പോയവര്‍ മേനില്ലമായി. പൃഷ്ഠം കൊണ്ടുപോയവര്‍ മുട്ടില്ലമായി.'
'..ന്താച്ചാലും താന്‍ ങ്ങ്ട് ചേര്‍ന്നൂലോ..ഇതൊന്ന് കൊണ്ടാടാം..'
' എങ്ങ്ന്യാ ആഘോഷം ?'
'മരനീരാവാം. തരാവ്വോ..?'
ടോഡി ഷാപ്പ് നമ്പ്ര് 32ലേക്ക് ആംബുലന്‍സ് പാഞ്ഞു.
ഊട്ടുപുരയില്‍ അമൃതേത്തൊരുങ്ങി. ചെല്ലും തോതില്‍ ചെലുത്തി. ചിരികളി,അക്ഷരശ്ലോകം, അശ്ലീല പാരായണം, കഥകളിപ്പദം. ഇത്യാദികള്‍ മേളിച്ചു.
അന്ത്യത്തില്‍ ഇട്ടിരാരിശ്ശന്‍ തളര്‍ന്നു, കുഴഞ്ഞു, വീണു, ഉറങ്ങി, കൂര്‍ക്കനെ വലിച്ചു തള്ളി.
ശബ്ദസാഗരത്തില്‍ ഭയക്കാതെ കൊണ്ടേരനും ശയനസന്നദ്ധനായി.
ഇട്ടിരാരിശ്ശനരികിലായി കിടന്ന് നിദ്രാദേവിയെ സ്വപ്നം കണ്ടു.
'ഏയ്..'
കൊണ്ടേരനെ ആരോ വിളിക്കുന്നു.
മറ്റാരുമല്ല, ഇട്ടിരാരിശ്ശനാണ്.
'..ലേശം..ങ്ങട് നീങ്ങിക്കോളൂ. പൊറത്താ കെടക്കണേച്ചാല്‍ ഒട്ടും മുഷിയില്ലേനീം..അശുദ്ധം ആവണ്ടാച്ചാ..ഇനി രാത്രി ഒരു കുളീം തേവാരോം വയ്യേനീം..'
****
എം എം പൌലോസ്

Subscribe to:
Posts (Atom)