Monday, April 14, 2008

കെടാത്ത ഓര്‍മ്മയായ് കെടാമംഗലം

കഥാപ്രസംഗമെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മലയാളികളുടെ ഓര്‍മയിലേക്കെത്തുന്ന രണ്ടുപേരുകളാണ് കെടാമംഗലം സദാനന്ദനും വി സാംബശിവനും. കഥാപ്രസംഗത്തെ ജനകീയവല്‍ക്കരിക്കുന്നതിനോടൊപ്പം അതിനെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒന്നാക്കി മാറ്റിയെടുക്കുകയും ചെയ്ത ഇവര്‍ നിരക്ഷരരായ മലയാളികളെപ്പോലും വിശ്വസാഹിത്യത്തിന്റെയും ലോകകവിതയുടെയും ചക്രവാളങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഷേക്സ്പിയറുടെയും ഇബ്സന്റെയും പേള്‍ എസ് ബക്കിന്റെയുമൊക്കെ ക്ലാസിക് കൃതികള്‍ മലയാളികള്‍ക്കു സുപരിചിതമാക്കുകയാണ് വി സാംബശിവന്‍ കഥാപ്രസംഗത്തിലൂടെ ചെയ്തതെങ്കില്‍ മലയാള കവിതയേയും സാഹിത്യത്തെയും ജനമനസ്സുകളില്‍ കുടിയിരുത്തുകയാണ് കഥാപ്രസംഗത്തിലൂടെ കെടാമംഗലം ചെയ്തത്. സാംബശിവന്റെ കഥപറച്ചിലിലൂടെ ഷേക്സ്പിയറുടെ ഒഥല്ലോയും ഡെസ്‌ഡിമോണയുമൊക്കെ മലയാളികളുടെ നാവിന്‍തുമ്പിലെ നിത്യസാന്നിധ്യമായതുപോലെ കെടാമംഗലത്തിന്റെ കഥാവ്യാഖ്യാനം രമണനെയും ചന്ദ്രികയെയുമൊക്കെ നമ്മുടെ നിതാന്ത സുഹൃത്തുക്കളാക്കി.

കെടാമംഗലം മനയത്ത് പരേതരായ അയ്യപ്പന്റെയും പാര്‍വതിയുടെയും ഏഴുമക്കളില്‍ ആറാമനായി 1923 ഡിസംബര്‍ 15നാണ് കെടാമംഗലം സദാനന്ദന്‍ ജനിച്ചത്. 1944ല്‍ തന്റെ ഇരുപതാം വയസ്സില്‍ എറണാകുളം പൊന്നുരുന്നിയില്‍ ചങ്ങമ്പുഴയുടെ 'വാഴക്കുല' അവതരിപ്പിച്ചാണ് കെടാമംഗലം കഥാപ്രസംഗവേദിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. പിന്നീട് മൂന്നുവര്‍ഷം തുടര്‍ച്ചയായി വിവിധ വേദികളില്‍ ഈ കഥാപ്രസംഗം അവതരിപ്പിച്ചു. മലയപ്പുലയന്റെ ദൈന്യതയിലും സ്തോഭങ്ങളിലും പതിതന്റെയും പണിയെടുക്കുന്നവന്റെയും മഹാഗാഥ കൊരുത്തെടുത്ത ചങ്ങമ്പുഴയോട് ഹൃദയംകൊണ്ടും മനസ്സുകൊണ്ടും അന്നേതന്നെ കെടാമംഗലം താദാത്മ്യപ്പെട്ടിരുന്നു.

രമണാ...നീ എങ്ങുപോയി..

പ്രണയാതുര മനസ്സുകളുടെ വസന്തംപോലെ മലയാളിയുടെ മനസ്സിലേക്ക് 'രമണന്‍' പെയ്തിറങ്ങിയപ്പോള്‍ കെടാമംഗലത്തിന്റെ അഭിനിവേശം സ്വാഭാവികമായും വര്‍ധിതമായി. ചങ്ങമ്പുഴക്കവിതയുടെ മര്‍മരങ്ങളോടുള്ള ഇഴപിരിച്ചെടുക്കാനാവാത്ത അത്തരമൊരു ബന്ധമാണ് കെടമാംഗലത്തെക്കൊണ്ട് രമണന്റെ കഥ പറയിപ്പിച്ചത്.

കഥ പറഞ്ഞുമുന്നേറിയപ്പോള്‍ അതു ചരിത്രത്തിന്റെ അത്യപൂര്‍വതകളില്‍ ഇടം കണ്ടെത്തുകയുംചെയ്തു. 1948ലാണ് കെടാമംഗലം 'രമണന്‍' കഥാപ്രസംഗവേദിയില്‍ ആദ്യം അവതരിപ്പിക്കുന്നത്. ആ അര്‍ഥത്തില്‍ ഇപ്പോള്‍ രമണന്റെ കഥാപ്രസംഗാവിഷ്കാരത്തിന്റെ വജ്രജൂബിലിയാണെന്നു പറയാം. അറുപതാണ്ടുകളിലായി 3700ഓളം വേദികളില്‍ ഈ കഥ അവതരിപ്പിച്ചു. എന്നിട്ടും അവസാന നാളുകളില്‍പ്പോലും കേരളീയര്‍ ഏറെ കേള്‍ക്കാന്‍ കൊതിച്ചതും കെടാമംഗലം ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിച്ചതും രമണനായിരുന്നു. ഒരോ തവണ കെടാമംഗലം രമണന്‍ പറയുമ്പോഴും ഒ എന്‍ വി പാടിയതുപോലെ 'വീണക്കമ്പികള്‍ നവതാരുണ്യം മീട്ടുകയായിരുന്നു'. ചങ്ങമ്പുഴയുടെ വരികളിലൂടെ നെഞ്ചിലേറ്റിയ രമണനും മദനനും ചന്ദ്രികയും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ തുടങ്ങിയത് സത്യത്തില്‍ കെടാമംഗലത്തിന്റെ കഥാപ്രസംഗത്തോടെയായിരുന്നു.

രമണന്റെ വിജയത്തോടെ ആസ്വാദകര്‍ ഏറിയപ്പോള്‍ അദ്ദേഹം മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകള്‍ ശില്‍പ്പഭംഗിയോടെ അവതരിപ്പിക്കുവാന്‍ തുടങ്ങി. 64 വര്‍ഷത്തെ നീണ്ടകാലയളവില്‍ പതിനയ്യായിരത്തിലേറെ വേദിയില്‍ കഥാപ്രസംഗം അവതരിപ്പിച്ച അദ്ദേഹം മൊത്തം 43 കഥകള്‍ കഥാപ്രസംഗരൂപത്തില്‍ ജനഹൃദയങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.. വ്യാസന്റെ ചിരി, കര്‍ണന്‍, ഉണ്ണിയാര്‍ച്ച, വൈദേഹി, അശ്വത്ഥാമാവ്, ഗുരുവായൂരപ്പന്‍, ശ്രീഅയ്യപ്പന്‍ തുടങ്ങിയവ അതില്‍ ചിലതുമാത്രം. ഇതില്‍ തന്നെ കര്‍ണ്ണന്‍ രണ്ടായിരത്തിലേറെ വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

രമണന്‍ അവതരിപ്പിക്കുമ്പോള്‍ താന്‍ രമണനായി മാറുകയാണുചെയ്യുന്നതെന്ന് കെടാമംഗലം പല സന്ദര്‍ഭങ്ങളിലും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. കലയിലെ ഈ പരകായപ്രവേശമാണ് ഏതൊരു കലാകാരന്റെയും അനിതരസാധാരണമായ സിദ്ധിവിശേഷം. ഈ സിദ്ധികൊണ്ട് അനുഗൃഹീതനായിരുന്നു കെടാമംഗലം. അതുകൊണ്ടുതന്നെയാണ് ആത്മഹത്യയില്‍ കലാശിക്കുന്ന ഒരു കഥയായ രമണനെ മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങിയത്. പ്രണയത്തിന്റെ വിരഹാര്‍ദ്ര ഭാവങ്ങള്‍, അതിനു പിന്നിലെ സാമൂഹ്യ ദുരവസ്ഥ, പ്രകൃതിയുടെ വസന്തപൂര്‍ണിമ എല്ലാം കെടാമംഗലത്തിന്റെ രമണന്‍ മലയാളികള്‍ക്കു നല്‍കിയ ഗൃഹാതുരസ്മരണകളാണ്.

'മരതക്കാടുകള്‍ തിങ്ങിവിങ്ങി
മരതക കാന്തിയില്‍ മുങ്ങി മുങ്ങി'

എന്നു കെടാമംഗലം പാടുമ്പോള്‍ രമണനിലെ സര്‍വാഭരണ വിഭൂഷിതയായ പ്രകൃതി ആസ്വാദകരുടെ മുന്നില്‍ വിലാസഭാവങ്ങളോടെ അവതരിക്കുകയാണ്. രമണനും മദനനും തമ്മിലുള്ള സൌഹൃദവും രമണന്റെയും ചന്ദ്രികയുടെയും 'സമൂഹനിഷിദ്ധ'മെന്നു കരുതപ്പെടുന്ന അനുരാഗത്തിന്റെ തീവ്രതയും ഒടുവില്‍ രമണന്റെ ആത്മഹത്യയുമൊക്കെ കെടാമംഗലത്തിന്റെ സംഗീതമാധുരിയിലൂടെയാണ് മലയാളികളുടെ മനസ്സിലെ ഓര്‍മച്ചിത്രങ്ങളായി മാറിയത്. കഥയുടെ അവസാനം 'രമണാ രമണാ നീ എങ്ങുപോയി, സമയമിന്നേറെ കഴിഞ്ഞുപോയി' എന്നു വേദനയോടെ പാടിക്കൊണ്ട് മദനന്‍ രമണനെ അന്വേഷിച്ചുപോകുന്ന രംഗം കെടാമംഗലത്തിന്റെ രമണന്‍ ആസ്വദിച്ചവരുടെ മനസ്സില്‍നിന്ന് ഒരിക്കലും മായില്ല. വൈകാരിക ഭാവങ്ങളുടെ ഒരിക്കലും അടങ്ങാത്ത അലമാലകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കെടാമംഗലം രമണന്റെ കഥ അവസാനിപ്പിക്കുന്നത്. ഇവിടെയാണ് 'കാവ്യ സംസ്കാരം സാധാരണ ജനങ്ങളിലേക്കു സംക്രമിപ്പിക്കുകയാണ് കെടാമംഗലം ചെയ്തതെന്ന' പ്രൊഫ. എം കെ സാനുവിന്റെ വിലയിരുത്തല്‍ പ്രസക്തമാകുന്നത്.

നാടകത്തിലും സിനിമയിലുമായി നിരവധി പ്രഗത്ഭരോടൊത്ത് കെടാമംഗലം അഭിനയിച്ചിട്ടുണ്ട്. പ്രേംനസീര്‍ നായകനായ മരുമകള്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. തിക്കുറിശ്ശി, ജി കെ പിള്ള, കൊട്ടാരക്കര ശ്രീധരന്‍നായര്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ആറന്മുള പൊന്നമ്മ എന്നിവരോടൊപ്പം നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു. അരപ്പവന്‍, ഉമ്മിണിത്തങ്ക, ഹൃദയം ഒരു ക്ഷേത്രം, അംബ അംബിക അംബാലിക, സ്വാമി അയ്യപ്പന്‍ തുടങ്ങിയവ അതില്‍ ചിലതുമാത്രം. അരപ്പവന്‍ ഉള്‍പ്പെടെ 12 സിനിമകള്‍ക്ക് കഥയെഴുതി. പത്തു സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ഗാനരചനയും നിര്‍വഹിച്ചു. തമിഴില്‍ കൈരാശി എന്ന സിനിമയും നിര്‍മിച്ചിട്ടുണ്ട്. ഇത് പിന്നീട് ഹിന്ദിയില്‍ ജൂല എന്ന പേരിലും ഇറങ്ങി. സുനില്‍ ദത്തും വൈജയന്തി മാലയുമായിരുന്നു അഭിനേതാക്കള്‍. പറവൂര്‍ കേന്ദ്രമായി ഓം കൃഷ്ണാനന്ദ സംഗീത നടനസഭ എന്ന നാടകക്കമ്പനിയും സ്വന്തമായി നടത്തിയിരുന്നു. നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും കെടാമംഗലം സദാനന്ദനെ തേടി യെത്തിയിട്ടുണ്ട്. 2007ല്‍ പുരോഗമന കലാസാഹിത്യസംഘം പുരസ്കാരം, 2008ല്‍ അബുദാബി യുവകലാസാഹിതിയുടെ കാമ്പിശേരി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കഥാപ്രസംഗ അക്കാദമിയുടെ കാഥിക ശ്രേഷ്ഠ അവാര്‍ഡ്, ബോധി അവാര്‍ഡ് എന്നിവ ചിലതുമാത്രം. കഥാപ്രസംഗ കലാ സംഘടനയുടെ പ്രസിഡന്റ്, കഥാപ്രസംഗ അക്കാദമിയുടെ ചെയര്‍മാന്‍, ഇപ്റ്റ സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

ചെറിയ ഇടവേളയ്ക്കുശേഷം, കഴിഞ്ഞ ഫെബ്രുവരി 16ന് പറവൂര്‍ അംബേദ്കര്‍ പാര്‍ക്കില്‍ അവസാനമായി 'വ്യാസന്റെ ചിരി' അവതരിപ്പിച്ചു. അസുഖബാധിതനായിരുന്നെങ്കിലും സ്വന്തം ഇഷ്ടപ്രകാരമായിരുന്നു 20 മിനിറ്റ് നീണ്ട ആ അവതരണം. കഥാപ്രസംഗകലയെ സാമൂഹ്യപ്രതിബദ്ധതയോടെ സമീപിച്ച കെടാമംഗലം കഥാപ്രസംഗകലാകാരന്മാരെ സംഘടിപ്പിക്കുന്നതിലും നിസ്തുല പങ്ക് വഹിച്ചു.

മനസ്സില്‍ താലോലിച്ചു നടന്ന രണ്ടു മോഹങ്ങള്‍ ബാക്കിവച്ചാണ് 2008 ഏപ്രില്‍ 13ന് കെടാമംഗലം സദാനന്ദന്‍ അരങ്ങൊഴിഞ്ഞത്. കഥാപ്രസംഗസപര്യയുടെ വജ്രജൂബിലി സ്മാരകമായി കെടാമംഗലത്തെ വീട്ടുവളപ്പിനോടുചേര്‍ന്ന് മന്ദിരം പണിയണമെന്നും സുദീര്‍ഘമായ കലാജീവിതത്തിലെ അനുഭവക്കുറിപ്പുകള്‍ രേഖപ്പെടുത്തിവയ്ക്കണമെന്നതുമായിരുന്നു സഫലമാകാതെപോയ മോഹങ്ങള്‍. സാക്ഷാത്കരിക്കപ്പെടാത്ത ഈ മോഹങ്ങള്‍ കലാകൈരളിയുടെയും എക്കാലത്തെയും നഷ്ടമായി മാറുകയും ചെയ്തു.

കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സന്തതസഹചാരിയായിരുന്ന കെടാമംഗലം അറിയപ്പെടുന്ന പുസ്തകപ്രേമിയുമായിരുന്നു. അതുകൊണ്ടുതന്നെ ക്ലാസിക് ഗ്രന്ഥങ്ങളടക്കമുള്ള പുസ്തകങ്ങളുടെ വന്‍ ശേഖരവും കെടാമംഗലത്തിനു സ്വന്തമായിരുന്നു. തനിക്കു ലഭിച്ച പുരസ്കാരങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമായി പ്രത്യേകമായ ഒരു മന്ദിരം വേണമെന്നത് കെടാമംഗലത്തിന്റെ തീവ്രമായ അഭിലാഷങ്ങളില്‍ ഒന്നായിരുന്നു. ഈ മന്ദിരം കഥാപ്രസംഗചരിത്രം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായകമാകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ട് മൂന്നുവര്‍ഷംമുമ്പ് വീടിന്റെ മുന്‍വശം ഗേറ്റിനോടു ചേര്‍ന്ന് മന്ദിരനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ മോഹം ഒരടിത്തറയില്‍ ഒതുങ്ങി. ചെങ്കല്ലുപാകി പണിത അടിത്തറ ഇപ്പോള്‍ പുല്ലുപിടിച്ചുകിടക്കുകയാണ്. സര്‍ക്കാരിന്റെ സഹായംകൂടി പ്രതീക്ഷിച്ചായിരുന്നു മന്ദിര നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയില്ല. അതിനിടയില്‍ രോഗത്തിന്റെയും ചികിത്സയുടെയും നാളുകള്‍. കെട്ടിടനിര്‍മാണം പാതിവഴിയില്‍ മുടങ്ങി. ഇനി അത് പൂര്‍ത്തിയാകണമെങ്കില്‍ സര്‍ക്കാരും കലാകേരളവും കനിയേണ്ടിയിരിക്കുന്നു.

എന്നാല്‍ ആരൊക്കെ കനിഞ്ഞാലും ഇനി ഒരിക്കലും സാക്ഷാത്കരിക്കാന്‍ കഴിയാത്ത ഒന്നാണ് കലാജീവിതത്തിലെ അനുഭവക്കുറിപ്പുകള്‍ രേഖപ്പെടുത്തിവയ്ക്കണമെന്ന വിഫലമായിപ്പോയ സ്വപ്നം. ജനപക്ഷത്തുനിന്നുകൊണ്ട് ആയിരക്കണക്കിനു വേദികളിലൂടെ സാഹിത്യത്തിന്റെയും കവിതയുടെയും ലാവണ്യലോകത്തേക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോയ കെടാമംഗലത്തിന്റെ അനുഭവങ്ങളും അപാരമായിരുന്നു. . കെടാമംഗലത്തിന്റെ ആറു പതിറ്റാണ്ടിലെ കലാജീവിതം കേരളത്തിന്റെ കലാ-സാഹിത്യ -സാംസ്കാരിക മുന്നേറ്റങ്ങളുടെകൂടി ചരിത്രമാകുമെന്നതിനാലും വരും തലമുറയ്ക്ക് അത് ഓര്‍മകളും ഓര്‍മപ്പെടുത്തലുകളും പാഠങ്ങളും സമ്മാനിക്കും എന്നതിനാലും ആത്മകഥ എഴുതണമെന്ന് അദ്ദേഹത്തോട് അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കള്‍ പലരും സ്നേഹപൂര്‍വം അഭ്യര്‍ഥിച്ചിരുന്നു. ആത്മകഥ എഴുതിയില്ലെങ്കിലും അനുഭവക്കുറിപ്പുകള്‍, അതുവരെ ജീവിച്ചിരുന്നാല്‍ എഴുതണമെന്നായിരുന്നു അപ്പോഴൊക്കെ കെടാമംഗലത്തിന്റെ മറുപടി. എന്തുകൊണ്ടോ, അതിനു സംഗതിയായില്ല. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ തന്നെ വലിയ ഒരേടാകുമായിരുന്ന ആ അനുഭവക്കുറിപ്പുകളും നമുക്കു ലഭിക്കാതെപോയി.

എന്നും ജനപക്ഷത്തു നിന്ന ആ വലിയ കലാകാരന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.

*

കടപ്പാട്: ശ്രീ.കെ.വി.സുധാകരന്‍,ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കഥാപ്രസംഗമെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മലയാളികളുടെ ഓര്‍മയിലേക്കെത്തുന്ന രണ്ടുപേരുകളാണ് കെടാമംഗലം സദാനന്ദനും വി സാംബശിവനും. കഥാപ്രസംഗത്തെ ജനകീയവല്‍ക്കരിക്കുന്നതിനോടൊപ്പം അതിനെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒന്നാക്കി മാറ്റിയെടുക്കുകയും ചെയ്ത ഇവര്‍ നിരക്ഷരരായ മലയാളികളെപ്പോലും വിശ്വസാഹിത്യത്തിന്റെയും ലോകകവിതയുടെയും ചക്രവാളങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഷേക്സ്പിയറുടെയും ഇബ്സന്റെയും പേള്‍ എസ് ബക്കിന്റെയുമൊക്കെ ക്ലാസിക് കൃതികള്‍ മലയാളികള്‍ക്കു സുപരിചിതമാക്കുകയാണ് വി സാംബശിവന്‍ കഥാപ്രസംഗത്തിലൂടെ ചെയ്തതെങ്കില്‍ മലയാള കവിതയേയും സാഹിത്യത്തെയും ജനമനസ്സുകളില്‍ കുടിയിരുത്തുകയാണ് കഥാപ്രസംഗത്തിലൂടെ കെടാമംഗലം ചെയ്തത്. സാംബശിവന്റെ കഥപറച്ചിലിലൂടെ ഷേക്സ്പിയറുടെ ഒഥല്ലോയും ഡെസ്‌ഡിമോണയുമൊക്കെ മലയാളികളുടെ നാവിന്‍തുമ്പിലെ നിത്യസാന്നിധ്യമായതുപോലെ കെടാമംഗലത്തിന്റെ കഥാവ്യാഖ്യാനം രമണനെയും ചന്ദ്രികയെയുമൊക്കെ നമ്മുടെ നിതാന്ത സുഹൃത്തുക്കളാക്കി.

അന്തരിച്ച ശ്രീ.കെടാമംഗലം സദാനന്ദനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍..

അഭയാര്‍ത്ഥി said...

കഥാപ്രസംഗം ഒരു മഹത്തായ കലയാണെന്നെന്നെ ബോധിപ്പിച്ച
വലിയകലാകാരന്മാരായിരുന്നു കെടാമംഗലവും, സാംബ ശിവനും.

ഒരാള്‍ മറക്കാത്ത ശബ്ദ മാധുരിമയുടെ ഉടമ.
മറ്റേയാള്‍ ശബ്ദഗാംഭീര്യത്തിന്റെ കുലപതി.

ഒരാള്‍ കാല്‍പ്പനികതയുടേയും പുരാണങ്ങളുടേയും തേന്‍ നിലാവ്‌.
ഒരാള്‍ വിപ്പ്ലവത്തിന്റെ ആയിരം പുഷ്പങ്ങള്‍ വിടര്‍ന്ന ഉദ്യാനം.

ഇന്നും ഇവരുടെ കാസറ്റുകള്‍ അതേ അനുഭൂതിയോടെ ശ്രവിക്കാനാകുന്നു.

ഉത്സവപ്പറമ്പുകളിനിന്നുത്സവപ്പറമ്പുകളിലൂടെ ഇവരുടെ രഥമുരുളുമ്പോള്‍

ആബാലവൃന്ദം ജനങ്ങള്‍ (ശ്രംഗരിക്കുന്നവരും,കാലണക്ക്‌ വളവാങ്ങുന്നവനും, വിക്കുന്നവനും,ഈത്തപ്പഴക്കാരനും, മധുരസേവക്കാരനും
ആനമയിലൊട്ടകവുമുള്‍പ്പടെ) ഇവരുടെ വാഗ്ദോരണിക്കായി നിശബ്ദമായി അച്ചടക്കമുള്ളവരാകുന്നു.

ഒരു കാലഘട്ടത്തില്‍ കേരളമാകമാനം ഏറ്റവും നിറഞ്ഞു നിന്ന പേര്‍സനാലിറ്റീസായിരുന്നു ഇവരുടേത്‌.

പെര്‍സണാലിറ്റീസ്‌ ഓഫ്‌ യെസ്റ്റര്‍ ഇയേര്‍സ്‌.

കര്‍ണ്ണന്‍ കഥ പറയുമ്പോള്‍ പഞ്ചാലിയുടെ നടന്ന്‌ വരവ്‌ തബ്ലക്കാരന്‌ പറഞ്ഞ്‌ കൊടുക്കുന്നതിവിടെക്കുറിക്കട്ടെ...
മംകുട മകുടമ ജംഗമ ജിംഗമ ചീരുമക്കടി മകുടമ ഗംഗേ...
അര്‍ഥമില്ലെംകിലും അന്നെന്റെ മനസ്സില്‍ ഇതൊരു കുലീന സ്ത്രിയുടെ നടന്ന്‌ വരവിന്റെ ഭാവനയുണര്‍ത്തി ഈ വരികള്‍- ഇന്നും


എന്റെ പ്രണാമം