കവിത ഇന്നലെ
കണ്ണുനീരായിരുന്നു
തുള്ളിതുള്ളിയായി വീണ്
അതു കടലാസിനെ
വിരല്‍ത്തുമ്പുകളെ നനച്ചു!
കവിത ഇന്നലെ
നറു നിലാവായിരുന്നു
ശൃംഗാരമായിരുന്നു
അതു പുല്‍കിപ്പുല്‍കി
ആസ്വാദകരെ ഉറക്കി!
രാഗങ്ങളായി
യുവതയിലാവേശിച്ചു!
ദര്‍ശനമായി
പ്രാര്‍ത്ഥനയായി
പ്രകാശദ്വീപുകളായി
ആഹ്വാനങ്ങളായി
ചിന്തകള്‍ക്ക് തീയിട്ടു,
കറുകറുത്ത മുടിയിഴകള്‍
വെളുത്തു വെളുത്തു
നരച്ചുകൊഴിഞ്ഞു !
കവിത ഇന്നലെ
ആഴ്ചപ്പതിപ്പുകള്‍ക്ക്
തിരുവാഭരണം പോലെ
ആരും തൊടാതെ
ആരാലും വായിക്കപ്പെടാതെ
ആരാധിക്കപ്പെട്ട് ......
കവിത ഇന്ന്
എറിയപ്പെടുന്ന കല്ല്
ഇരുളിനു നേരെ
തെളിക്കപ്പെട്ട പ്രകാശനാളം
ആര്‍ക്കും മനസ്സിലാകാത്ത
അക്ഷരങ്ങളുടെ ആരണ്യാന്തരം,
ഉള്ളില്‍ തിളച്ചുമറിഞ്ഞ്
പൊട്ടാറായ അഗ്നിപര്‍വതം........
കവിതകളുടെ
വയറുകീറിനോക്കാന്‍
വിമര്‍ശകരും
വിപ്ലവകാരികളും നിര്‍മ്മിക്കുന്ന
ശസ്ത്രക്രിയാലയങ്ങള്‍....
ഇന്ന്
കവികളെല്ലാം
മഹാകവികള്‍
യുവകവികള്‍
സവര്‍ണ്ണ അവര്‍ണ്ണ കവികള്‍
കവയത്രികള്‍
കവിതകള്‍ നാളെ
ഓര്‍മ്മ മാത്രമായ-
നദികളായേക്കാം
ഖനനം ചെയ്യപ്പെട്ട
സുരഭില തീരങ്ങളായേക്കാം
ഭ്രാന്തു പിടിച്ചു ചത്ത
പശുക്കുട്ടികളായേക്കാം
മാലയില്‍ കുരുങ്ങാത്ത
അക്ഷരങ്ങളും
ആശയങ്ങളുമായേക്കാം
കവിത ഇന്നലെ
ഇന്ന്.... നാളെ...!
-ശ്രീ.എസ്.രമേശന്‍
കടപ്പാട്: പുസ്തകവിചാരം, ഏപ്രില്‍ 2008
1 comment:
മനുഷ്യകഥാനുഗായികളായ കവികള്‍- രമേശനുള്‍പ്പെടെ- ഒരിക്കലും കവിതയ്ക്ക് മറ്റൊരു ഭാഷയും തേടിയലയേണ്ടി വന്നിട്ടില്ല. എവിടെ വച്ചാണ് കവിത ഭാഷയില്‍ നിന്ന് വേര്‍തിരിഞ്ഞു നില്‍ക്കുക എന്നത് മറ്റൊരു അന്വേഷണ വിഷയമാണ്. അപൂര്‍വ്വവും ജൈവവുമായിത്തന്നെ അഭേദമാകുന്ന കവിതയ്ക്കും ഭാഷയ്ക്കും വാഗര്‍ത്ഥങ്ങളെപ്പറ്റിയുള്ള പഴയ നിരീക്ഷണം തന്നെയാണ് ; കാലത്തിനും സ്ഥലത്തിനും കീഴ്പ്പെട്ട് സ്വയമേവ ഉരുവപ്പെടുന്ന. ഭാഷയല്ലാതെ മറ്റെന്താണ് കവിത? കാലം കലുഷിതമാകുമ്പോള്‍ കവിയുടെ കാല്പനികതയ്ക്ക് നിര്‍വ്വചനം മറ്റൊന്നാകും. ആസ്വാദനമെന്നത് അനുഭവിക്കല്‍ എന്നാകുമ്പോള്‍ വ്യക്തിതലത്തിലും സമൂഹതലത്തിലും ഭിന്നസ്വരവാഹിയാകേണ്ടതാണ് കവിതകളെന്നു കൂടിയുള്ള നിരീക്ഷണം ആരെയും അലോസരപ്പെടുത്തേണ്ടതില്ല.
ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച എസ്.രമേശന്റെ കവിതകള്‍ എന്ന പുസ്തകത്തെക്കുറിച്ച് ശ്രീ. എന്‍.രാധാകൃഷ്ണന്‍ നായര്‍ എഴുതിയ കുറിപ്പില്‍ നിന്ന്...
Post a Comment