ഇംഗ്ളണ്ടില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ആദ്യമായി സ്വതന്ത്ര വിപണി സങ്കല്‍പ്പം മുന്നോട്ടു വക്കപ്പെട്ടത്. യഥാക്രമം ആ രാജ്യങ്ങളിലെ 'താച്ചറിസവും റീഗനിസവുമാണ്' ആഗോളവത്കരണ പ്രക്രിയയായി പിന്നീട് ലോകത്താകെ അറിയപ്പെട്ടത്. ഭരണകൂടം വിപണിയില്‍ ഇടപെടാന്‍ പാടില്ലയെന്നതായിരുന്നു ഈ നയങ്ങളുടെ കാതല്‍. എന്നാല്‍ രണ്ടു ദശാബ്ദകാലം കൊണ്ടു തന്നെ ഈ നയം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു പിടി ആഗോള മുതലാളിമാരെ സൃഷ്ടിക്കുന്നതും ബഹുഭൂരിപക്ഷത്തെ പാപ്പരീകരിക്കുന്നതുമായ ആഗോളവത്കരണ നയങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലാകെ ഇന്ന് തിരിച്ചടി നേരിടുകയാണ്. ഈ നയങ്ങളുടെ ഫലമായി ആഗോള സാമ്പത്തിക മാന്ദ്യത്തിനു തന്നെ ലോകം ഇന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ അമിതമായ വിലക്കയറ്റം സൃഷ്ടിച്ച പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കൂടിചേര്‍ന്ന 'സ്റ്റാഗ്ഫ്ലേഷനാണ് ' ഇന്ന് ലോകത്താകെയുളളത്.
ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരതാതെ ചില അടിയന്തിര ആശ്വാസ നടപടികളെക്കുറിച്ച് മാത്രം അഭിപ്രായ പ്രകടനം നടത്തുന്നവരുണ്ട്. തങ്ങളുടെ വിലയിരുത്തലുകളില്‍ മുതലാളിത്ത വ്യവസ്ഥയ്ക്ക് പരുക്ക് പറ്റുന്ന ഒരു പദപ്രയോഗം പോലും കടന്നു വരാതിരിക്കാന്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. മുതലാളിത്തത്തില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രതിസന്ധി പതുക്കെ തലപൊക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ ഇവര്‍ കണ്ണടക്കുകയാണ്.
തുടക്കം അമേരിക്കയില്‍
മുപ്പതുകളിലെ ആഗോളമാന്ദ്യത്തെ ഓര്‍മ്മിപ്പിക്കുന്ന വര്‍ത്തമാനകാല പ്രതിസന്ധികളുടെ തുടക്കം ആഗോളീകൃത സാമ്പത്തിക നയങ്ങളുടെ കേന്ദ്രസ്ഥാനമായ അമേരിക്കയില്‍ തന്നെയായിരുന്നു. അഫ്ഗാന്, ഇറാക്ക് യുദ്ധങ്ങളുടെ കനത്ത് ചിലവും രണ്ടായിരാമാണ്ടില്‍ ഐ. ടി. മേഖലയിലുണ്ടായ പ്രതിസന്ധിയും അമേരിക്കയെ മാന്ദ്യത്തിലേക്ക് നയിക്കുകയായിരുന്നു. ഇതില്‍ നിന്നും കരകയറാനായി അമേരിക്കന്‍ ഭരണകൂടം കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഭവന നിര്‍മ്മാണരംഗത്ത് കൂടുതല്‍ വായ്പ ലഭ്യമാക്കുക എന്നത്. അമേരിക്കന്‍ ഭൂപണയ ബാങ്കുകള്‍ (മോര്‍ട്ട്ഗേജ് കമ്പനികള്‍) വീടുകള്‍ വക്കുന്നതിനോ, വാങ്ങുന്നതിനോ വന്‍തോതില്‍ വായ്പ നല്‍കിയതോടെ നിര്‍മ്മാണ മേഖലക്കുണ്ടായ കൃത്രിമ ഉത്തേജനം സമ്പദ്ഘടനയില്‍ നേരിയ വളര്‍ച്ചക്ക് കാരണമായി. മോര്‍ട്ടഗേജ് കമ്പനികള്‍ക്കാവശ്യമായ പണം ബാങ്കുകള്‍ നല്കി.
വന്‍തോതില്‍ വായ്പ ലഭ്യമായതോടെ അവിടെ വീടുകളുടെ വിലയുയര്‍ന്നു. വായ്പക്ക് ഡിമാന്റ് വര്‍ദ്ധിച്ചതോടെ നിരവധി പുതിയമോര്ട്ട്ഗേജ് കമ്പനികള്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ചു. മത്സരം രൂക്ഷമായതോടെ വലിയ ശമ്പളമില്ലാത്തവര്ക്കുംകൂടി മോര്‍ട്ട്ഗേജ് കമ്പനികള്‍ വായ്പ നല്കാന് തയ്യാറായി. ആദ്യ കാലയളവില്‍ ആസ്തിയുടെ 50 ശതമാനം വരെയാണ് മോള്ട്ട്ഗേജ് കമ്പനികള്‍ വായ്പ നല്‍കിയിരുന്നത് എങ്കില്‍ മത്സരം ശക്തമായതോടെ ആസ്തിയുടെ 85 ശതമാനം വരെ വായ്പ നല്കാന് ചില കമ്പനികള്‍ തയ്യാറായി. ചില കമ്പനികള്‍ ആകട്ടെ ആദ്യ രണ്ടുവര്‍ഷക്കാലം തിരിച്ചടവ് കുറച്ചു കാട്ടിക്കൊണ്ടാണ് മത്സരിച്ചത്.
പണത്തിന് ഡിമാന്റ് വര്‍ദ്ധിച്ചതോടെ മോര്‍ട്ട്ഗേജ് കമ്പനികള്‍ ഭവന വായ്പകള്‍ സെക്യൂരിറ്റിയായി നല്‍കിക്കൊണ്ട് ബോണ്ടുകളും മറ്റ് ഡെറിവേറ്റീവ് ഉല്പന്നങ്ങളും വിപണിയിലിറക്കി പണം സമാഹരിച്ചു. വിദേശ ബാങ്കുകള്‍ പോലും ഇത്തരം ഡെറിവേറ്റീവുകള്‍ വാങ്ങുകയും കടപത്ര വിപണിയില്‍ കച്ചവടം നടത്തി ലാഭമുണ്ടാക്കുകയും ചെയ്തു. യൂറോപ്യന്‍ ബാങ്കുകളും ഏഷ്യന്‍ ബാങ്കുകളുമൊക്കെ ഈ പ്രക്രിയയില്‍ പങ്കാളികളായി. ഏകദേശം 17 ട്രില്യണ്‍ ഡോളറിന്റെ (17 ലക്ഷം കോടി ഡോളര്‍) കട ബാധ്യതകളാണ് ഇത്തരത്തില്‍ വിപണിയില്‍ സാമ്പത്തിക ഉല്പന്നങ്ങളായി മാറ്റപ്പെട്ടത്. അവ കൂടുതല്‍ കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിന്റെ മൂല്യം വന്‍തോതില്‍ വളരുകയായിരുന്നു.
വന്‍തോതില്‍ പണം നിര്‍മ്മാണ മേഖലയിലൂടെ വിപണിയില്‍ ഇറങ്ങിയതോടെ സമ്പദ്ഘടനയില്‍ നേരിയ ചലനമുണ്ടായി. മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കൂടി ഭവനനിര്‍മ്മാണ മേഖലയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. ഈ വളര്‍ച്ച അധികകാലം നീണ്ടു നിന്നില്ല. നവലിബറല്‍ നയങ്ങള്‍ അമേരിക്കയിലും വലിയ പ്രത്യാഘാതങ്ങള്ക്കിടവരുത്തി. സ്ഥിരതൊഴില്‍ എന്ന സങ്കല്പം തൊഴിലുടമകള്‍ ഉപേക്ഷിക്കുകയും പണികള്‍ പുറം കരാര്‍ പണി നല്‍കുകയും ചെയ്തു. ഇത് കൂലിക്കുറവിനും കുടുംബങ്ങളുടെ വരുമാനം കുറയുന്നതിനും വഴിവെച്ചു. കൂലിയും വരുമാനവും കുറഞ്ഞതോടെ വായ്പയെടുത്ത പലര്‍ക്കും അതു തിരിച്ചടക്കാനായില്ല. 2006 ആയപ്പോഴേക്കും മോര്‍ട്ട്ഗേജ് കമ്പനികളുടെ കിട്ടാക്കടം 300 ബില്യണ്‍ ഡോളറായി ഇയര്‍ന്നു (ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപ). 1996 ല്‍ അമേരിക്കയില്‍ കുടിശ്ശിക പിരിച്ചെടുക്കുന്ന കമ്പനികള്‍ 12 എണ്ണമാണ് ഉണ്ടായിരുന്നതെങ്കില്‍ 2006 ആയപ്പോഴേക്കും അവയുടെ എണ്ണം അഞ്ഞൂറിലധികമായി. കിട്ടാക്കടത്തെപ്പോലും മുതലാളിത്തം ഊഹക്കച്ചവടത്തിന് ഉപയോഗപ്പെടുത്തുമെന്നതിന്റെ ഉദാഹരണമായിരുന്നു ഡിഫോള്‍ട്ട് സ്വാപ്പുകള് എന്ന സാമ്പത്തിക ഉല്പന്നം. കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ വീടുകള്‍ ഏറ്റെടുത്ത് വില്പനതുടങ്ങിയതോടെ അമേരിക്കന്‍ സമ്പദ്ഘടന വീണ്ടും കുഴപ്പത്തിലായി. വീടുകളുടെ മുന്നിലെല്ലാം 'ഫോര്‍ സെയില്‍' എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതോടെ വീടുകളുടെ വിലയിടിഞ്ഞു. വീടുകള്‍ വിറ്റുപോയാലും വായ്പാതുക പൂര്‍ണ്ണമായി തിരികെ കിട്ടില്ലെന്ന സ്ഥിതി വിശേഷം അവിടെ സംജാതമായി.
ഇത് മോര്‍ട്ട് ഗേജ് കമ്പനികളുടേയും ബാങ്കുകളുടെയും തകര്‍ച്ചയ്ക്ക് വഴിവെച്ചു. Country wide Financial Corporation, Thorn Burg Mortgage, New Century Financial, Wmc Mortgage, Lehman Brothers, National City Corporation തുടങ്ങിയ നിരവധി മോര്‍ട്ട്ഗേജ് കമ്പനികള്‍ ഈ കാലയളവില്‍ അവിടെ പ്രതിസന്ധിയിലായി.
സ്വാതന്ത്ര വിപണി സിദ്ധാന്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കന്‍ ഭരണകൂടത്തിനും, ഫെഡറല്‍ റിസര്‍വ്വിനും ഈ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ വേണ്ടി വിപണിയിലിടപെടേണ്ടി വന്നു. 40 ബാങ്കുകള്‍ കൂടി 11.5 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയാണ് Country wide financial corporation ന് പുതുജീവന്‍ നല്‍കിയിട്ടുളളത് Thorn burging mortgage വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. ബുഷ് ഭരണകൂടം 15000 കോടി ഡോളര്‍ നികുതി പിരിച്ചത് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കിക്കൊണ്ട് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് തുടര്‍ച്ചയായി വെട്ടിക്കുറച്ചുവെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല.
മോര്‍ട്ട്ഗേജ് കമ്പനികള്‍ക്ക് വായ്പകൊടുക്കുകയും അവ പുറത്തിറക്കിയ ഡെറിവേറ്റീവുകള്‍ വാങ്ങികൂട്ടുകയും ചെയ്ത അമേരിക്കന്‍ ബാങ്കുകളും മറ്റു വിദേശ ബാങ്കുകളും ഇന്ന് പ്രതിസന്ധിയിലായിരിക്കുന്നു. അമേരിക്കയിലെ പ്രധാന ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ Bear Stearns തകര്‍ച്ചയുടെ വക്കിലെത്തി. ഉടന്‍ തന്നെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ഇടപെടുകയും JP Morgan chase ബാങ്കിനെക്കൊണ്ട് bear stearns നെ ഏറ്റെടുപ്പിക്കുകയും ചെയ്തു. ഒരു ഓഹരിക്ക് കേവലം രണ്ടു ഡോളര്‍ നിരക്കിലാണ് അവര്‍ ഇതിനെ ഏറ്റെടുത്തത്. അതിന്റെ തൊട്ടു തലേമാസം ഈ ഓഹരികള്‍ക്ക് വിപണിയില്‍ ഇതിന്റെ 40 ഇരട്ടി വിലയുണ്ടായിരുന്നു. 85 വര്‍ഷത്തെ പഴക്കമുണ്ടായിരുന്ന ഈ ബാങ്ക് വളരെ പെട്ടെന്നാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കൂപ്പു കുത്തിയത്. ഈ ബാങ്കിലെ 14000 ജീവനക്കാരില്‍ പകുതിപ്പേരെയും പറഞ്ഞു വിടും എന്ന ധാരണയിലാണ് അവര്‍ ഈ ഏറ്റെടുക്കലിന് തയ്യാറായത്.
അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോളബാങ്കായ സിററി ബാങ്ക് കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ 20 ശാഖകള്‍ അടച്ചു പൂട്ടാനും 5 ശാഖകള്‍ മറ്റൊരു ബാങ്കിന് വില്‍ക്കാനും തീരുമാനമെടുത്തിരിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സ് മറ്റൊരു സബ്സിഡിയറിക്ക് കീഴില്‍ ആക്കാന്‍ അവര്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്നു. 2007 ല്‍ മാത്രം അവര്‍ എഴുതിത്തളളിയ കിട്ടാക്കടം 21.1 ബില്യണ്‍ ഡോളര്‍ (84,400 കോടി രൂപ) വരും. സിറ്റിബാങ്കിന്റെ 2007-08 സാമ്പത്തിക വര്‍ഷത്തിന്റെ ബാലന്‍സ്ഷീറ്റ് പുറത്തു വരുമ്പോഴേ ഈ നടപടികകള്‍ എത്ര നഷ്ടമുണ്ടാക്കി എന്ന് അറിയാനാവൂ.
പ്രതിസന്ധികൂടുതല്‍ രാജ്യങ്ങളിലേക്ക്
ഈ സാമ്പത്തിക പ്രതിസന്ധി അമേരിക്കയില്‍ മാത്രം ഒതുങ്ങി നിന്നില്ല. അത് ബ്രിട്ടനിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ബ്രിട്ടീഷ് ബാങ്കായ H.S.B.C ഈ വര്‍ഷം 17 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലായിത്തീര്ന്നു. ബ്രിട്ടനിലെ മറ്റൊരു വലിയ ബാങ്കായ നോര്‍ത്തേണ്‍ റോക്ക് പ്രതിസന്ധിമൂലം അടച്ചു പൂട്ടലിന്റെ വക്കോളമെത്തി. ഇടപാടുകാര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതോടെ അത് തകരുമെന്നുറപ്പായി. അതോടെ ഇംഗ്ളണ്ടിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ളണ്ട് ഇടപെടുകയും മറ്റു ബാങ്കുകളെ കൊണ്ട് ഈ ബാങ്കിനെ രക്ഷപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഫലമുണ്ടായില്ല. ഒടുവില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഈ ബാങ്കിനെ ദേശവല്ക്കരിക്കേണ്ടി വന്നു. താച്ചറിസത്തിന്റെ നാട്ടില്‍ നോര്‍ത്തേണ്‍ റോക്കിനെ രക്ഷപെടുത്താന്‍ ഭരണകൂടത്തിന് ഇടപെടേണ്ടിവന്നു.
സബ് പ്രൈം പ്രതിസന്ധികളുടെ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് സ്വിസ് ബാങ്കായ UBS നാണ് 2007 ല്‍ 19 ബില്യണ്‍ ഡോളറിന്റെ (76000 കോടി രൂപ) കിട്ടാക്കടമാണ് അവര്‍ എഴുതിത്തളളിയത്. ഇതോടെ സമീപകാലത്ത് അവര്‍ എഴുതിത്തളളിയത കിട്ടാക്കടം ഏതാണ് 37 ബില്യണ്‍ ഡോളര്‍വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ബാങ്ക് 4.4 ബില്യണ്‍ സ്വിസ് ഫ്രാങ്ക് നഷ്ടം കാണിച്ചു. ജര്‍മ്മന്‍ ബാങ്കായ Deutsche Bank കഴിഞ്ഞവര്‍ഷം ഏതാണ്ട് നാലു ബില്യണ്‍ ഡോളറിന്റെ കിട്ടാക്കടമാണ് എഴുതിത്തളളിയത്.
യൂറോപ്യന്‍ ബാങ്കുകള്‍ക്ക് പിന്നാലെ ഏഷ്യന്‍ ബാങ്കുകളെയും ഈ പ്രതിസന്ധി ബാധിച്ചു. ഡെറിവേറ്റീവുകളില്‍ വന്‍തോതില്‍ നിക്ഷേപിച്ച ജാപ്പനീസ് ബാങ്കുകള്‍ക്കാണ് ഏറെ കൈ പൊളളിയത്. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ മിസുഹോ ബാങ്കിന് ഈ ഇടപാടില്‍ ഏകദേശം 5.5. ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഇത്തവണ ഈ ബാങ്കിന്റെ ലാഭം പകുതി കണ്ടു കുറയാനാണ് സാധ്യത. ജാപ്പനീസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഏജന്‍സി ജപ്പാന് ബാങ്കുകള്‍ക്ക് കുറഞ്ഞത് 15 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്നു. ബാങ്ക് ഓഫ് ചൈന ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ സബ് പ്രൈം സെക്യൂരിറ്റികള്‍ വാങ്ങികൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ബാലന്‍സ് ഷീറ്റുകള്‍ പുറത്തു വരുമ്പോഴേ ഇതിന്റെ ആഘാതം എത്രമാത്രമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാനാകൂ.
സബ്പ്രൈം പ്രതിസന്ധിയുടെ ഭാഗമായി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 68000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ഏറ്റവും വലിയ ആഘാതമുണ്ടായത് ICICI ബാങ്കിനാണ്. ഇത്തവണ ലാഭം അഞ്ചിലൊന്നു കണ്ട് കുറയുമെന്ന് ICICI വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണകൂട ഇടപെടല്‍ അനിവാര്യം
ഈ പ്രതിസന്ധിയില്‍ നിന്ന് അമേരിക്കന്‍ ബാങ്കുകളെ രക്ഷപ്പെടുത്താനായി ബുഷ് ഭരണകൂടം 15000 കോടി രൂപ ചിലവഴിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും അവിടത്തെ ബാങ്കുകള്‍ രക്ഷപെട്ടില്ല. ഇപ്പോള്‍ വീണ്ടും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് 6 ലക്ഷം കോടി രൂപയുടെ ഒരു അടിയന്തിര പാക്കേജിന് രൂപം കൊടുത്തിരിക്കുന്നു. മോര്‍ട്ട്ഗേജ് കമ്പനികളുടെയും ബാങ്കുകളുടെയും പക്കലുളള കടപത്രങ്ങളും ബോണ്ടുകളും സെക്യൂരിറ്റിയായി വാങ്ങികൊണ്ട് അവക്ക് പുനര്‍വായ്പ നല്‍കാനുളള ബൃഹദ്പദ്ധതിക്കാണ് ഫെഡറല്‍ റിസര്‍വ്വ് രൂപം കൊടുത്തിട്ടുളളതെന്ന് അതിന്റെ തലവന്‍ ബെന്‍ ബെര്ണാങ്കോ ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിനു പുറമേ ചൈനയുടേയും അറേബ്യന്‍ രാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ രൂപം കൊടുത്തിട്ടുളള 'സോവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍' അമേരിക്കന്‍ ബാങ്കുകളിലും യൂറോപ്യന്‍ ബാങ്കുകളിലും വന്‍തോതില്‍ മൂലധന നിക്ഷേപം നടത്തിയിരിക്കുന്നു. ഇതിന്റെ ഫലമായിട്ടാണ് ഈ ബാങ്കുകള്‍ തല്ക്കാലം പിടിച്ചു നില്‍ക്കുന്നത്.
ഏറ്റവും അവസാനമായി സാക്ഷാല്‍ ലോകബാങ്കും നാണയ നിധിയും തന്നെ അമേരിക്കന്‍ ബാങ്കുകളുടെ രക്ഷക്കെത്തിയിരിക്കുന്നു. നാണയനിധി തലവന്‍ ഡൊമനിക് സ്ടോള്സുഖാന് ലോകരാഷ്ട്രങ്ങളോട് സബ്പ്രൈം പ്രതിസന്ധി പരിഹരിക്കാനാവുന്നതൊക്കെ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ലോകരാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടെയും ഒരു യോഗം ഉടനെ വിളിച്ചു ചേര്‍ക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇതെല്ലാം വിരല്‍ചൂണ്ടുന്നത് സ്വതന്ത്രവിപണി സങ്കല്പത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും പരാജയത്തിലേക്കാണ്. ഈ നയങ്ങളുടെ പ്രചാരകരായിരുന്ന ലോകബാങ്കും, നാണയ നിധിയും ലോകജനതയോടു തന്നെ മാപ്പു പറയേണ്ടതുണ്ട്.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ചുരുങ്ങിയത് പത്തു തവണയെങ്കിലും മുതലാളിത്തം ഇത്തരത്തില്‍ പ്രതിസന്ധിയിലകപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ തങ്ങളുടെ പ്രതിസന്ധി ലോകത്തിനുമേല്‍ കെട്ടിവെച്ചു കൊണ്ടാണ് അവര്‍ കരകയറിയിട്ടുളളത്. ലോകത്ത് മറ്റൊരു യുദ്ധം ആസന്നമായിരിക്കുന്നുവെന്ന് നാം കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അമേരിക്ക തകര്‍ന്നടിയും.
-ശ്രീ. സജി വര്‍ഗീസ്
1 comment:
ഇംഗ്ളണ്ടില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ആദ്യമായി സ്വതന്ത്ര വിപണി സങ്കല്‍പ്പം മുന്നോട്ടു വക്കപ്പെട്ടത്. യഥാക്രമം ആ രാജ്യങ്ങളിലെ 'താച്ചറിസവും റീഗനിസവുമാണ്' ആഗോളവത്കരണ പ്രക്രിയയായി പിന്നീട് ലോകത്താകെ അറിയപ്പെട്ടത്. ഭരണകൂടം വിപണിയില്‍ ഇടപെടാന്‍ പാടില്ലയെന്നതായിരുന്നു ഈ നയങ്ങളുടെ കാതല്‍. എന്നാല്‍ രണ്ടു ദശാബ്ദകാലം കൊണ്ടു തന്നെ ഈ നയം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു പിടി ആഗോള മുതലാളിമാരെ സൃഷ്ടിക്കുന്നതും ബഹുഭൂരിപക്ഷത്തെ പാപ്പരീകരിക്കുന്നതുമായ ആഗോളവത്കരണ നയങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലാകെ ഇന്ന് തിരിച്ചടി നേരിടുകയാണ്. ഈ നയങ്ങളുടെ ഫലമായി ആഗോള സാമ്പത്തിക മാന്ദ്യത്തിനു തന്നെ ലോകം ഇന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ അമിതമായ വിലക്കയറ്റം സൃഷ്ടിച്ച പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കൂടിചേര്‍ന്ന 'സ്റ്റാഗ്ഫ്ലേഷനാണ് ' ഇന്ന് ലോകത്താകെയുളളത്.
ശ്രീ.സജി വര്‍ഗീസ് എഴുതിയ ലേഖനം.
Post a Comment