Saturday, December 20, 2008

പരിഷ്‌ക്കാരത്തിന്റെ അപരങ്ങള്‍

മുസ്ലിം മതമൌലികവാദികളായ താലിബാന്റെ കീഴിലമര്‍ന്നിരുന്ന അഫ്‌ഗാനിസ്ഥാനിലെ ദുസ്സഹമായ കാലഘട്ടത്തെയാണ് സിദ്ദീഖ് ബര്‍മാക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഉസാമ അനാവരണം ചെയ്യുന്നത്. സ്‌ത്രീകളെ പുറത്തിറങ്ങാന്‍ പോലുമനുവദിക്കാതിരുന്ന താലിബാന്‍ ഭരണകൂടം അവര്‍ പട്ടിണിയാണോ മരിച്ചോ എന്നു പോലും കണക്കിലെടുത്തിരുന്നില്ല. ദയാനിധിയായ അള്ളാവിന്റെ പേരില്‍ ഭരണം നടത്തിയ താലിബാന്‍ ചീഞ്ഞളിഞ്ഞ സമഗ്രാധികാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

സാധാരണ രീതിയില്‍ നിഷ്‌ക്കളങ്കരെന്ന് എല്ലാവരും കരുതുന്ന ഏതാനും ആണ്‍കുട്ടികളുടെ ഒരു കൂട്ടം പോലും എത്രമാത്രം അപകടകരമായ ഒരു മര്‍ദകവ്യവസ്ഥയായി പരിണമിക്കാമെന്ന് ഉസാമയിലെ നിര്‍ണായകമായ ഒരു രംഗം വ്യക്തമാക്കുന്നുണ്ട്. മദ്രസ്സയിലെ മൈതാനത്ത്, ഉസാമ എന്ന ആണ്‍കുട്ടിയായി നടിക്കുന്ന പെണ്‍കുട്ടിയെ വളഞ്ഞിട്ട് പിടിക്കുന്ന ആ കുട്ടിക്കൂട്ടം, മനുഷ്യത്വം അതിന്റെ ബാല്യാവസ്ഥയില്‍ പോലും ചീഞ്ഞളിഞ്ഞു തുടങ്ങും എന്ന യാഥാര്‍ത്ഥ്യത്തെയാണ് കാണിച്ചു തരുന്നത്. അധികാരം, അധ്യാപനം, അച്ചടക്കം, വിശ്വാസം, ദൈവസങ്കല്‍പം, മത പാഠശാല, സൈനികത, ആണത്തം, എന്നീ ഘടകങ്ങളെല്ലാം മര്‍ദകരൂപങ്ങളായി മാറുന്നതും ആ ആണ്‍കുട്ടിസംഘത്തിന്റെ വേട്ടയാടലിലൂടെ അത് വെളിപ്പെടുന്നതും ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു മാത്രമേ കണ്ടിരിക്കാനാവുകയുള്ളൂ.

താലിബാന്റെ ഭരണമവസാനിച്ചതിനു ശേഷം അഫ്‌ഗാനിസ്ഥാനില്‍ ആദ്യമായി നിര്‍മിച്ച ഈ സിനിമ ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള 2004ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും യുനെസ്‌കോ ഫെല്ലിനി വെള്ളിമെഡലും കരസ്ഥമാക്കി. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നല്ല പ്രദര്‍ശനവിജയം നേടിയ ഉസാമ, വന്‍ തോതില്‍ മുസ്ലിം ഭീതി നിലനില്‍ക്കുന്ന 'ആധുനിക/പരിഷ്‌കൃത' സമൂഹത്തെ കൂടുതല്‍ ഭയചകിതരാക്കിയിട്ടുണ്ടാവും. രാഷ്‌ട്രീയം അന്തര്‍വാഹിയായി പ്രവര്‍ത്തിക്കുന്ന ഈ സിനിമയുടെ ശീര്‍ഷകം തന്നെ സംശയം ജനിപ്പിക്കുന്നതാണ്. സെപ്തംബര്‍ 11നു ശേഷം അമേരിക്കയും സഖ്യശക്തികളും ഏറ്റവുമധികം ഭയക്കുന്ന തീവ്രഭീകരനേതാവായ ഉസാമ ബിന്‍ലാദന്റെ പേരിന്റെ ആദ്യഭാഗം വെറുതെയാവില്ല ചലച്ചിത്രകാരന്‍ സ്വീകരിച്ചിട്ടുണ്ടാവുക. ചിത്രത്തില്‍ ലാദന്റെ റഫറന്‍സ് ഒരിക്കല്‍ കടന്നു വരുന്നുമുണ്ട്.

ആണായി വേഷം മാറി നടക്കുന്ന പന്ത്രണ്ടുവയസ്സുകാരിയായ മുഖ്യ കഥാപാത്രമടക്കമുള്ള കുറെയധികം ആണ്‍കുട്ടികളെ മദ്രസ്സയിലേക്ക് പിടിച്ചുകൊണ്ടുപോകുന്നതിനിടയില്‍ അവരിപ്രകാരം കുശുകുശുക്കുന്നു. ഇവര്‍ നമ്മളെ എവിടേക്കാണ് കൊണ്ടുപോകുന്നത് ? സൈനികപരിശീലനത്തിന് ബിന്‍ലാദന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതാ.പരുപരുത്ത ദൃശ്യപ്രതലങ്ങളില്‍ പുതുക്കക്കാരായ അഭിനേതാക്കളെയാണ് സിദ്ദീഖ് ബര്‍മാക്ക് വിന്യസിക്കുന്നത്. അതിശയോക്തികളല്ല താന്‍ ചിത്രീകരിക്കുന്നത് എന്നു തെളിയിക്കാന്‍ വേണ്ടി അതിഭാവുകത്വത്തെ ഒളിപ്പിച്ചുവെക്കാനായിരിക്കണം ഈ രീതി അദ്ദേഹം അവലംബിച്ചിട്ടുണ്ടാവുക. നാടോടിക്കഥയുടെ ഒരു പശ്ചാത്തലം ഒട്ടിച്ചുചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് വേണ്ട പോലെ സംവേദനക്ഷമമാകുന്നില്ല. മദ്രസ്സയിലെ മൊല്ലാക്കയുടെ നനഞ്ഞ സ്വപ്‌നത്തെപ്പറ്റിയുള്ള വിവരണവും ലിംഗം ശുദ്ധിയാക്കുന്നതിനെക്കുറിച്ചുള്ള പാഠവും തുടര്‍ന്ന് ന്യായാധിപന്റെ വിധിയുടെ മറവില്‍ പിടിക്കപ്പെട്ട ഉസാമയെ നവവധുവാക്കി തന്റെ അന്തപ്പുരം എന്ന തടവറയിലേക്ക് ആനയിക്കുന്നതും പോലുള്ള കാഴ്‌ചകള്‍ക്ക് വിശ്വാസ്യത കുറയുമോ എന്ന ചലച്ചിത്രകാരന്റെ സംശയവുമായിരിക്കണം സംഭവങ്ങള്‍ക്കു മുമ്പായി അമ്മൂമ്മയുടെ വക ഒരു നാടോടിക്കഥ ആവര്‍ത്തിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടാവുക.

ഒരു വിശേഷണവും ആവശ്യമില്ലാത്ത വിധത്തിലുള്ള നിഷ്‌ക്കളങ്കതയുടെ പ്രതീകമാണ് ഉസാമ എന്നു വിളിക്കപ്പെടുന്ന ആ പന്ത്രണ്ടുകാരി. വൃദ്ധനായ മൊല്ലാക്കയുടെ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയായി കഴിഞ്ഞതിലൂടെ അവളുടെ ജീവിതത്തില്‍ വെളിച്ചത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്‌തമിക്കുന്നു. ഒരാശയുമില്ലാതെ ഒരു മുഴുവന്‍ ജീവിതവും ബാക്കി നില്‍ക്കുന്നു എന്ന ഞെട്ടിക്കുന്ന അറിവോടെയാണ് സിനിമ സമാപിക്കുന്നത്. ചില റിപ്പോര്‍ടുകള്‍ പ്രകാരം മഴവില്ല് എന്നായിരുന്നുവത്രെ ഈ സിനിമക്കാദ്യമിട്ട പേര്. ഒരു മഴവില്ലിന് കീഴെ നില്‍ക്കുന്ന ഉസാമ അവളുടെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കുന്നതായുള്ള അന്ത്യരംഗവും സംവിധായകന്‍ വിഭാവനം ചെയ്‌തിരുന്നുവത്രെ. എന്നാല്‍ പ്രതീക്ഷയുടേതായ അത്തരം എല്ലാ ലക്ഷണങ്ങളും തുടച്ചു നീക്കിയാണ് പിന്നീട് ചിത്രം പുറത്തിറങ്ങിയത്. ഇത് ആരെ കരയിപ്പിക്കാനാണ്, അപ്രകാരം കരയിപ്പിക്കുന്നതിലൂടെ ആരെ സന്തോഷിപ്പിക്കാനാണ് എന്ന പരസ്‌പരബന്ധിതമായ ചോദ്യം അതുകൊണ്ടു തന്നെ രൂപപ്പെടുകയും ചെയ്യുന്നു.

ചിത്രത്തിന്റെ തുടക്കത്തില്‍ ബുര്‍ക്ക കൊണ്ട് അടിമുടി മൂടിയ സ്‌ത്രീകള്‍ നടത്തുന്ന പ്രകടനം ശ്രദ്ധിക്കുക. ഞങ്ങള്‍ രാഷ്‌ട്രീയക്കാരല്ല, ഞങ്ങള്‍ക്ക് വിശക്കുന്നു, ഞങ്ങള്‍ക്ക് തൊഴില്‍ തരൂ എന്നീ മുദ്രാവാക്യങ്ങള്‍ അവരുയര്‍ത്തുന്നുണ്ട്. എന്നാലവരുടെ മുഖം മൂടിയിരിക്കുന്നതിനാല്‍ അവരുടെ വിക്ഷോഭങ്ങളെപ്രകാരമായിരിക്കുമെന്നോ വികാരപ്രകടനങ്ങളെപ്രകാരമായിരിക്കുമെന്നോ നിരൂപിക്കുക അസാധ്യമായിരിക്കുന്നു. പാശ്ചാത്യമാധ്യമങ്ങള്‍ മധ്യപൌരസ്‌ത്യപ്രദേശത്തെ ജനങ്ങളെ അടയാളപ്പെടുത്തുന്നത് ഇതിനു സമാനമായ തരത്തിലാണ്. തലേക്കെട്ടു കൊണ്ടും കുഫിയ്യ കൊണ്ടും മൂടിയ മുഖങ്ങളും കലാഷ്‌നിക്കോഫ് കൊണ്ട് ആകാശത്തേക്കും നാലു ഭാഗത്തേക്കും വെടിയുതിര്‍ക്കുന്നവരുമായ ഭ്രാന്തന്മാരാണ് ഈ പ്രദേശത്താകെയുള്ളത് എന്ന പ്രതീതിയാണ് പാശ്ചാത്യലോകം സ്വയം പഠിച്ചിരിക്കുന്നതും ലോകത്തെ പഠിപ്പിക്കുന്നതും. ഇത്തരത്തിലുള്ള സാമാന്യവത്ക്കരണങ്ങള്‍ സങ്കീര്‍ണമായ വിഷയങ്ങളെ ലളിതസമവാക്യങ്ങള്‍ കൊണ്ട് മൂടിവെക്കാനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും മുന്നേറ്റങ്ങളുണ്ടാക്കാനുമാണ് സഹായിക്കുക.

അഫ്‌ഗാനിസ്ഥാന്റെ ചരിത്രം താലിബാന്റെ വീഴ്‌ചയോടു കൂടിയോ അല്ലെങ്കില്‍ താലിബാന്റെ ഭരണസ്ഥാപനത്തോടു കൂടിയോ അല്ല ആരംഭിക്കുന്നത്. സോവിയറ്റ് യൂണിയനെയും സോവിയറ്റ് സഹായത്തോടെ അഫ്‌ഗാനിസ്ഥാനില്‍ ഭരണത്തിലിരുന്ന കമ്യൂണിസ്‌റ്റ് സര്‍ക്കാരിനെയും തകര്‍ക്കാനും തന്ത്രപ്രധാനമായ ഏഷ്യന്‍ പ്രദേശത്ത് ആധിപത്യമുറപ്പിക്കാനും വേണ്ടി അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ തന്നെയാണ് താലിബാനെ സൃഷ്ടിച്ചെടുത്തത്. സ്‌റ്റീവ് കോളിന്റെ ഗോസ്‌റ്റ് വാര്‍ എന്ന ഗ്രന്ഥം ഈ ഗൂഢാലോചന മുഴുവന്‍ വെളിപ്പെടുത്തുന്നുണ്ട്. അല്‍ ഖ്വയ്‌ദയുടെ അണികളും നേതൃത്വവും, ഗുണ്ടകളും വാടകക്കൊലയാളികളും മാത്രമായിരിക്കരുതെന്ന അമേരിക്കന്‍ താല്‍പര്യത്തെ തുടര്‍ന്നാണ് സൌദി രാജകുടുംബാംഗവും ബുഷ് കുടുംബവുമായി ആയുധക്കച്ചവടം നടത്തിയിരുന്നയാളുമായ ഉസാമ ബിന്‍ ലാദനെ അതിന്റെ നേതൃത്വത്തിലേക്കാവാഹിക്കുന്നത്. 1978ല്‍ ലാദന് വേണ്ട ഗറില്ലാ പരിശീലനങ്ങള്‍ നല്‍കിയത് സി ഐ എ തന്നെയായിരുന്നു. സോഷ്യലിസ്‌റ്റ് ചേരിയുടെ പതനത്തിനു ശേഷം അമേരിക്കക്ക് ആവശ്യമുള്ള തരം പ്രതിനായക പ്രതിഛായ നിര്‍മ്മിച്ചെടുക്കുന്നതിന് അവര്‍ തന്നെ രൂപം കൊടുത്ത ഇസ്ലാമിക മൌലികവാദവും ഭീകരവാദവും സഹായകമായി എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഇന്ത്യയിലടക്കം ലോകത്തെമ്പാടും നടന്നുവരുന്ന അതിഗുരുതരമായ ഭീകരാക്രമണങ്ങള്‍ അമേരിക്ക തന്നെ തയ്യാര്‍ ചെയ്‌തു കൊടുക്കുന്നതാണോ അതോ അവരുടെ നിയന്ത്രണത്തില്‍ നിന്നു വിമുക്തരാക്കപ്പെട്ട അവരുടെ തന്നെ സൃഷ്‌ടികളായ മുസ്ലിം ഭീകരര്‍ സംഘടിപ്പിക്കുന്നതാണോ എന്ന തര്‍ക്കം മാത്രമേ അവശേഷിച്ചിട്ടുള്ളൂ.

ഈ ചിത്രത്തിലാവിഷ്‌ക്കരിക്കുന്ന താലിബാന്‍ ഭരണത്തിന്റെ അതീവം മനുഷ്യത്വവിരുദ്ധവും സ്‌ത്രീവിരുദ്ധവുമായ നീക്കങ്ങള്‍, അമേരിക്കയിലും യൂറോപ്പിലുമുള്ളതായി അവരും ഇതര ലോകവും വിശ്വസിക്കുന്ന നവീനവും സ്വതന്ത്രവും ജനാധിപത്യപരവും പരിഷ്‌കൃതവുമായ ജീവിതവ്യവസ്ഥയുടെ അപരമാണ്. അതിന്റെ പ്രയോക്താക്കള്‍ ഭ്രാന്തന്മാരായ കുറെയധികം മതമൌലികവാദികളാണെങ്കിലും അവരെ സൃഷ്‌ടിച്ചെടുത്തത് അമേരിക്കന്‍ സാമ്രാജ്യത്വമായിരുന്നുവെന്നതിന് ഒരു സംശയവും വേണ്ട. അത്തരമൊരു പ്രാകൃതത്വത്തിന്റെ അപരമില്ലെങ്കില്‍ പിന്നെ പാശ്ചാത്യരുടെ പരിഷ്‌ക്കാരങ്ങളാണ് ഏറ്റവും മഹോന്നതമെന്ന് എങ്ങനെയാണ് ഉറപ്പിച്ചെടുക്കുക?

*****

ജി പി രാമചന്ദ്രന്‍

(മാവേലിക്കര ഫേബിയൻ ബുൿസ് പ്രസിദ്ധീകരിച്ച ഒസാമ എന്ന അഫ്‌ഗാനിസ്ഥാൻ ചിത്രത്തിന്റെ തിരക്കഥയ്‌ക്കെഴുതിയ അവതാരിക)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

താലിബാന്‍ ഭരണത്തിന്റെ അതീവം മനുഷ്യത്വവിരുദ്ധവും സ്‌ത്രീവിരുദ്ധവുമായ നീക്കങ്ങള്‍, അമേരിക്കയിലും യൂറോപ്പിലുമുള്ളതായി അവരും ഇതര ലോകവും വിശ്വസിക്കുന്ന നവീനവും സ്വതന്ത്രവും ജനാധിപത്യപരവും പരിഷ്‌കൃതവുമായ ജീവിതവ്യവസ്ഥയുടെ അപരമാണ്. അതിന്റെ പ്രയോക്താക്കള്‍ ഭ്രാന്തന്മാരായ കുറെയധികം മതമൌലികവാദികളാണെങ്കിലും അവരെ സൃഷ്‌ടിച്ചെടുത്തത് അമേരിക്കന്‍ സാമ്രാജ്യത്വമായിരുന്നുവെന്നതിന് ഒരു സംശയവും വേണ്ട. അത്തരമൊരു പ്രാകൃതത്വത്തിന്റെ അപരമില്ലെങ്കില്‍ പിന്നെ പാശ്ചാത്യരുടെ പരിഷ്‌ക്കാരങ്ങളാണ് ഏറ്റവും മഹോന്നതമെന്ന് എങ്ങനെയാണ് ഉറപ്പിച്ചെടുക്കുക?

Kiranz..!! said...

നന്ദി.സിനിമ കാണേണ്ടിയതാണല്ലോ.!

Anonymous said...

tightly written