Tuesday, April 28, 2009

നാട്ടരങ്ങിന്റെ അണിയറക്കാരന്‍ - ജി. ഭാര്‍ഗവന്‍പിള്ള

പ്രശസ്‌ത നാടന്‍കലാ ഗവേഷകനും എഴുത്തുകാരനുമായ ജി. ഭാര്‍ഗവന്‍പിള്ള (76) അന്തരിച്ചു. പന്തളം കുടശ്ശനാട്‌ മുണ്ടയ്‌ക്കല്‍ കുടുംബാംഗമായ ഭാര്‍ഗവന്‍പിള്ള കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനാണ്‌. ആകാശവാണിയില്‍ നിന്ന്‌ പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം നാടന്‍കലാ പഠനത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്.

സ്വന്തം നാടിനെയും നാടന്‍ കലകളെയുംഏറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു അന്തരിച്ച സാഹിത്യകാരന്‍ കുടശ്ശനാട്‌ ഭാര്‍ഗവന്‍പിള്ള. അദ്ദേഹത്തിന്റെ പത്തിലധികം കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നതും നാടിന്റെ തുടിപ്പുകളാണ്‌. അന്യംനിന്നുപോകുന്ന നാടന്‍ കലകള്‍ക്ക്‌ ശക്തി പകരാന്‍വേണ്ടിത്തന്നെ നാല്‌ കൃതികള്‍ അദ്ദേഹം രചിച്ചു. 'പന്തളം കെ.പി. കാവ്യ ജീവിതം' ആണ്‌ അവസാനത്തെ രചന. കാക്കാരിശ്ശി നാടകം, പൊറാട്ടുനാടകം, നാട്ടരങ്ങ്‌-വികാസവും പരിണാമവും, മതിലേരികന്നി, പണിയാലയില്‍ ഇതിഹാസ പുത്രികള്‍ (റേഡിയോ നാടകങ്ങള്‍), ഇ.വി. കൃഷ്‌ണപിള്ളയുടെ ജീവചരിത്രം, മുത്തുമണികള്‍ , നാടോടി നാടകങ്ങള്‍, എന്നിവയാണ്‌ മറ്റു പ്രധാന കൃതികള്‍. അരങ്ങിന്റെ വളര്‍ച്ചയ്ക്ക് നാടോടി നാടകവേദി വഹിച്ച പങ്ക് ഭാര്‍ഗവന്‍പിള്ളയുടെ പ്രിയപ്പെട്ട അന്വേഷണവിഷയമായിരുന്നു. പാണപ്പാട്ടുകളും കാക്കാരിശ്ശി നാടകവും ഗ്രാമീണ കലാകാരന്‍മാരുടെ കൂരകളില്‍ ചെന്നിരുന്ന് കേട്ടും കണ്ടും പഠിച്ചും പുറത്തുവന്ന ഗവേഷണസ്വഭാവം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും നാടന്‍ കലാസ്വാദകരും വിദ്യാര്‍ഥികളും കൌതുകത്തോടെയാണ് സ്വീകരിച്ചത്.

1933ല്‍ ആലപ്പുഴ ജില്ലയിലെ കുടശ്ശനാട്ട്‌ ജനിച്ച ഭാര്‍ഗവന്‍പിള്ള കുടശ്ശനാട്‌ ഗവണ്മെന്റ്‌ എല്‍.പി. സ്‌കൂള്‍, പന്തളം എന്‍.എസ്‌.എസ്‌ ഹൈസ്‌കൂള്‍. പന്തളംഎന്‍.എസ്‌.എസ്‌ കോളേജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ആദ്യം വിദ്യാഭ്യാസവകുപ്പില്‍ ക്ലര്‍ക്കായിട്ടാണ്‌ നിയമിതനായത്‌. 1966ല്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ സബ്‌ എഡിറ്ററായി നിയമിതനായതോടെ നാടകരംഗത്തേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. കണ്ടതും കേട്ടതും എന്ന പരിപാടിയുടെ രചയിതാവും റേഡിയോ അമ്മാവനുമായിരുന്നു അദ്ദേഹം. 76-ല്‍ അസിസ്റ്റന്റ്‌ എഡിറ്ററും 83-ല്‍ നാടന്‍ കലാ വിഭാഗത്തിന്റെ കോ- പ്രൊഡ്യൂസറുമായി നിയമിതനായി. 1

അരങ്ങിന്റെ വളര്‍ച്ചയ്ക്ക് നാടോടി നാടകവേദി വഹിച്ച പങ്ക് ഭാര്‍ഗവന്‍പിള്ളയുടെ പ്രിയപ്പെട്ട അന്വേഷണവിഷയമായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലെത്തിയതോടെയാണ് ഭാര്‍ഗവന്‍പിള്ളയുടെ നാടന്‍കലാ ഗവേഷണത്തിന്റെ പ്രവര്‍ത്തനമേഖല വിപുലപ്പെടുന്നത്. പടയണിയും പൊറാട്ടും കാക്കാരിശ്ശിയും സമ്മാനിച്ച അനുഭവതലങ്ങളില്‍നിന്ന് തെയ്യത്തിന്റെയും തിറയുടെയും സമ്പന്നമേഖലയിലേക്കാണ് അദ്ദേഹം കടന്നുവന്നത്. പൂരക്കളിയും തോറ്റംപാട്ടും കോല്‍ക്കളിയും മറത്തുകളിയും അരങ്ങുകള്‍ അടക്കിവാണ ഉത്തരകേരളത്തിന്റെ നാട്ടരങ്ങിലേക്ക് ഭാര്‍ഗവന്‍പിള്ള ഇറങ്ങിച്ചെല്ലുകയായിരുന്നു. വള്ളിക്കെട്ടുകള്‍ നിഴല്‍വിരിച്ച കാവുകളിലും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉറങ്ങിക്കിടക്കുന്ന തറവാട്ടുമുറ്റങ്ങളിലും കളിയാട്ടങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ഭാര്‍ഗവന്‍പിള്ള കടന്നുചെന്നു. റേഡിയോ ശ്രോതാക്കള്‍ക്ക് കളിയാട്ടത്തറകളിലെ ആട്ടത്തിന്റെയും പാട്ടിന്റെയും ശബ്ദചിത്രം ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞു. ശബ്ദത്തിനു പുറത്ത് അവയുടെ ഉള്ളടക്കത്തിലെ പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും ഭാര്‍ഗവന്‍പിള്ള ചിത്രീകരണ രൂപത്തില്‍ ആകാശവാണി ശ്രോതാക്കളെ കേള്‍പ്പിക്കുകയും ചെയ്തു. ആഴ്ചയില്‍ അരമണിക്കൂര്‍ വൈവിധ്യങ്ങളേറിയ നാടന്‍പാട്ടുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുകയും ചിട്ടപ്പെടുത്തുകയും കേള്‍പ്പിക്കുകയും ചെയ്തു. മാടായിക്കാവില്‍ പുത്തരിയോടനുബന്ധിച്ച് അധഃസ്ഥിതരുടെ നേതൃത്വത്തില്‍ നടക്കുന്ന കതിരുവയ്പു ചടങ്ങുകളുടെ ചരിത്രപരവും അനുഷ്ഠാനപരവുമായ മാനങ്ങള്‍ ഭാര്‍ഗവന്‍പിള്ള ചികഞ്ഞെടുക്കുകയുണ്ടായി. 50 വര്‍ഷത്തിനുശേഷം നടന്ന നീലേശ്വരത്തെയും ചെറുവത്തൂരെയും പെരുങ്കളിയാട്ടത്തിന്റെ അര്‍ഥവും പൊരുളും കേരളീയര്‍ മനസ്സിലാക്കിയത് ഭാര്‍ഗവന്‍പിള്ളയുടെ റേഡിയോ അവതരണത്തിലൂടെയായിരുന്നു.

കേരളസര്‍ക്കാര്‍ നാടന്‍കലകള്‍ക്കായി ഒരു അക്കാദമിക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സ്പെഷ്യല്‍ ഓഫീസറായി ഭാര്‍ഗവന്‍പിള്ളയെയാണ് ഉത്തരവാദപ്പെടുത്തിയത്. അക്കാദമി രൂപംകൊണ്ടപ്പോള്‍ ആദ്യത്തെ ചെയര്‍മാനായി അദ്ദേഹം നിയമിതനാകുകയും ചെയ്തു. അക്കാദമിയുടെ ആസ്ഥാനം നാടന്‍കലകളുടെ ഈറ്റില്ലമായ കണ്ണൂരില്‍ത്തന്നെ വേണമെന്ന് ഭാര്‍ഗവന്‍പിള്ള നല്‍കിയ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു സൂചിപ്പിച്ചിരുന്ന കാര്യം ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. എണ്ണമറ്റ നാടന്‍കലകളുടെ സംഗമഭൂമിയില്‍ അങ്ങനെയാണ് ഫോക്ലോര്‍ അക്കാദമി ഉയര്‍ന്നുവന്നത്.

ശ്രീ ഭാര്‍ഗവന്‍ പിള്ളക്ക് നാട്ടരങ്ങിന്റെ വികാസ പരിണാമങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നതിന്‌ കേന്ദ്ര സര്‍ക്കാരിന്റെ ഫെലോഷിപ്പും മധ്യതിരുവിതാംകൂറിലെ നാടോടിപ്പാട്ടുകളില്‍ പഠനം നടത്തുവാന്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. 1994ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌, 96-ല്‍ രേവതി പട്ടത്താനം എന്നിവയാൽ സമ്മാനിതനായ അദ്ദേഹം സൗത്ത്‌ സോണ്‍ കള്‍ച്ചറല്‍ സെന്റർ അംഗവും, ഫോക്ലോര്‍ ഫെലോസ് ഓഫ് മലബാര്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. വെള്ളിനേഴി മനയില്‍ കേരളത്തിലെ കളമെഴുത്തിനെക്കുറിച്ച്‌ ചിത്രപ്രദര്‍ശനം നടത്തിയിട്ടുള്ള അദ്ദേഹം ആദിവാസി കലാരൂപങ്ങള്‍, ഗോത്രവര്‍ഗ സംഗീതം, കാക്കാരിശ്ശി നാടകം എന്നിവയിലും വിപുലമായ ഗവേഷണവും സമ്പാദനവും നടത്തിയിട്ടുണ്ട്‌.

റേഡിയോ സ്റ്റേഷനിലെ ജോലിയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴൊക്കെ ഭാര്‍ഗവന്‍പിള്ള ആവര്‍ത്തിക്കാറുള്ള ഒരു സംഭവത്തെപ്പറ്റി പറയാതെ ഈ അനുസ്മരണക്കുറിപ്പ് അവസാനിപ്പിക്കാനാവില്ല. തലശേരിയില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയും നരഹത്യ നിത്യസംഭവമാവുകയും ചെയ്ത അവസരത്തില്‍ മുഖ്യമന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് തലശേരിയെക്കുറിച്ച് വാര്‍ത്താധിഷ്ഠിത പരിപാടി തയ്യാറാക്കുന്നതിനു വേണ്ടി ഭാര്‍ഗവന്‍പിള്ള തലശേരിയില്‍ ബസ്സിറങ്ങി. അടഞ്ഞു കിടക്കുന്ന കടകള്‍. വഴിയാത്രക്കാരായി ആരെയും കാണുന്നില്ല. തനിയെ റോഡിലൂടെ തോളില്‍ തൂക്കിയിട്ടിരിക്കുന്ന തുണിസഞ്ചിയും തന്റെ ടേപ്പ് റെക്കോഡുമായി അദ്ദേഹം സഞ്ചരിച്ചു. പലരെയും അവരുടെ വീട്ടില്‍ ചെന്നുകണ്ടു സംസാരിച്ചു. തലേന്നു നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം ധരിപ്പിച്ചു. അഭിപ്രായങ്ങള്‍ റെക്കോഡുചെയ്തു. അന്നു വൈകിട്ട് ദേശീയ വാര്‍ത്തയ്ക്കുശേഷം തലശേരി ശാന്തമാകുന്നു എന്ന വാര്‍ത്താധിഷ്ഠിത പരിപാടി ആകാശവാണി പ്രക്ഷേപണം ചെയ്തു. അഭിനന്ദന കത്തുകള്‍കൊണ്ട് ശ്രോതാക്കള്‍ ആ പരിപാടിയെ മുക്തകണ്ഠം പ്രശംസിച്ചു. ഒരു റേഡിയോ പരിപാടി സമൂഹത്തിലെ അടിയന്തര പ്രശ്നങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് ഭാര്‍ഗവന്‍പിള്ള ബോധ്യപ്പെടുത്തുകയായിരുന്നു. 1991ല്‍ അദ്ദേഹം ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്ന് വിരമിച്ചു.

50 വര്‍ഷത്തെ നിരന്തരമായ ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെയും സാഹിത്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഭാര്‍ഗവന്‍പിള്ളയ്ക്ക് നാടന്‍കലകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ മനസ്സില്‍ എന്നും സ്ഥാനമുണ്ടായിരിക്കും.

അന്തരിച്ച ശ്രീ ഭാര്‍ഗവന്‍ പിള്ളക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

***

കടപ്പാട് : ഡോ. രാമന്തളി രവിയുടെ ലേഖനം, വിവിധ പത്ര വാർത്തകൾ

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രശസ്‌ത നാടന്‍കലാ ഗവേഷകനും എഴുത്തുകാരനുമായ ജി. ഭാര്‍ഗവന്‍പിള്ള (76) അന്തരിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനാണ്‌. ആകാശവാണിയില്‍ നിന്ന്‌ പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം നാടന്‍കലാ പഠനത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്.

50 വര്‍ഷത്തെ നിരന്തരമായ ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെയും സാഹിത്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഭാര്‍ഗവന്‍പിള്ളയ്ക്ക് നാടന്‍കലകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ മനസ്സില്‍ എന്നും സ്ഥാനമുണ്ടായിരിക്കും.

അന്തരിച്ച ശ്രീ ഭാര്‍ഗവന്‍ പിള്ളക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

അങ്കിള്‍ said...

ശ്രീ.ഭാര്‍ഗ്ഗവന്‍ പിള്ളയുടെ ഒരു കൂട്ടുകാരനായിരുന്ന ഡോ.കാനം ശങ്കരപിള്ളയുടെ ഓര്‍മ്മക്കുറിപ്പ് ഇവിടെ വായിക്കാം.

വര്‍ക്കേഴ്സ് ഫോറം said...

അങ്കിൾ
നന്ദി
വായനക്കും ലിങ്കിനും

santhoshhrishikesh said...

ആകാശവാണിക്ക് വേണ്ടി നടത്തിയ നാടന്‍പാട്ടുകളുടെ ഡോക്യുമെന്റേഷനാണ് അദ്ദേഹത്തിന്റെ ഫോക്ളോര്‍ രംഗത്തെ ഏററവും വലിയ സംഭാവന. ഇത്ര വിപുലമായ ഒരു ഡോക്യുമെന്റേഷന്‍ അതിനു മുമ്പുണ്ടായിട്ടില്ല. എന്നാല്‍ ആകാശവാണി അവ ശരിയായ രീതിയില്‍ തരംതിരിച്ച് വിശദാംശങ്ങള്‍ രേഖപ്പെടുത്തി ആര്‍ക്കൈവ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം സങ്കടപ്പെടുകയുണ്ടായി.