Tuesday, June 1, 2010

സിഐടിയുവിന്റെ 40 വര്‍ഷങ്ങളും മുന്നിലുള്ള കടമകളും

സിഐടിയു രൂപീകരിച്ചിട്ട് മെയ് 30നു 40 വര്‍ഷം തികഞ്ഞു - അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യത്തിനുവേണ്ടിയുള്ള മഹത്വപൂര്‍ണമായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനേട്ടങ്ങളാണ് ഇക്കാലയളവില്‍ സംഘടന കൈവരിച്ചത്. ഇക്കാലത്ത് സിഐടിയുവിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ചവര്‍ക്ക് സംഘടനയുടെ അംഗങ്ങളും പ്രവര്‍ത്തകരും നേതാക്കളും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും രാജ്യത്തിന്റെതന്നെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും നടത്തിയ ത്യാഗനിര്‍ഭരമായ പോരാട്ടത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാം. രൂപീകരണസമ്മേളനം മുതല്‍ സിഐടിയു തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെ കൊടിക്കൂറയും ഉയര്‍ത്തിപ്പിടിച്ചു.

തിരിഞ്ഞുനോക്കുമ്പോള്‍, 1970 മെയ് 28 മുതല്‍ 31 വരെ കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഇന്നുംഅതിന്റെ ഓര്‍മകള്‍ വിലപ്പെട്ടതായി കരുതുന്നു. ആ സമ്മേളനത്തില്‍, മെയ് 30നാണ് പുതിയ കേന്ദ്ര ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള ചരിത്രപരമായ തീരുമാനം ഐകകണ്ഠ്യേന എടുത്തത്.

അത് ഏതാനും വ്യക്തികള്‍ ചേര്‍ന്ന് പൊടുന്നനെ എടുത്ത തീരുമാനമായിരുന്നില്ല. രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളുടെ കാര്യത്തില്‍ 1960കളുടെ തുടക്കംമുതല്‍ എഐടിയുസിക്കുള്ളില്‍ ഗൌരവതരവും നിരന്തരവുമായ പോരാട്ടം നടന്നുവന്നിരുന്നതായി ചരിത്രത്താളുകളില്‍നിന്നു വ്യക്തമാണ്. ശമ്പളം, ക്ഷാമബത്ത, ബോണസ് തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളില്‍ മുതല്‍ സര്‍ക്കാരിനോടുള്ള സമീപനം ഉള്‍പ്പടെയുള്ള ആശയപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളില്‍ വരെ ഈ ആഭ്യന്തരസമരം നടക്കുന്നുണ്ടായിരുന്നു. അക്കാലത്താണ് എഐടിയുസി നേതൃത്വത്തിന്റെ പ്രബലവിഭാഗം ഇരുതൂണ്‍ നയം, കണ്ണുനീര്‍ വീഴ്ത്താതെ പാഴ്‌ചെലവുകള്‍ നീക്കി വ്യവസായത്തെ കൂടുതല്‍ ഫലപ്രദമാക്കുക തുടങ്ങിയ പുതിയ മുദ്രാവാക്യങ്ങളുമായി രംഗത്തുവന്നത്. എഐടിയുസി നേതൃത്വം അനുരഞ്ജന യോഗങ്ങളിലും ത്രികക്ഷി ചര്‍ച്ചകളിലും സര്‍ക്കാരിനെയും തൊഴിലുടമകളെയും കണ്ണടച്ചുപിന്താങ്ങി.

മൊത്തം ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വര്‍ധന ഉണ്ടായിട്ടും സര്‍ക്കാരും തൊഴിലുടമകളും തൊഴിലാളികള്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണം നടത്തിക്കൊണ്ടിരുന്ന കാലത്താണ് ഇതുണ്ടായത്. ഇന്ത്യയിലെ സാമ്പത്തികപ്രതിസന്ധിക്ക് ആഴമേറുകയും തൊഴിലാളികള്‍ക്കു നേരെയുള്ള ആക്രമണം തുടരുകയും ചെയ്തു. ഇതിനെതിരെ രാജ്യവ്യാപകമായി പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നു. ദേശീയതലത്തില്‍ വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനുമെതിരായി എല്ലാവിഭാഗം ജനങ്ങളും പ്രക്ഷോഭരംഗത്ത് വന്നതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് അവരുടെ ഒറ്റപ്പെടലിനെക്കുറിച്ച് ബോധ്യമായി. രാഷ്ട്രീയവേദികളില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തെക്കുറിച്ച് തീവ്രമായ ചര്‍ച്ചകള്‍ നടന്നു.

വിവിധ സംസ്ഥാനങ്ങളിലും സമാനസ്ഥിതി രൂപമെടുത്തു, 1967ലെ തെരഞ്ഞെടുപ്പില്‍ എട്ടു സംസ്ഥാനത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടു. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷ സര്‍ക്കാരുകളും മറ്റു സംസ്ഥാനങ്ങളില്‍ വലതുപക്ഷ, പ്രാദേശികകക്ഷികള്‍ നയിക്കുന്ന സര്‍ക്കാരുകളും അധികാരത്തില്‍ വന്നു. 1968 സെപ്തംബറില്‍ നടന്ന കേന്ദ്രജീവനക്കാരുടെ പണിമുടക്ക് സമയത്ത് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലെടുക്കുന്നവര്‍ ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങളോടു പുലര്‍ത്തുന്ന വ്യത്യസ്ത സമീപനം പ്രകടമായി. പണിമുടക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനം രക്തക്കളമായി. എന്നാല്‍, ജീവനക്കാരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച ഇടതുസര്‍ക്കാരുകള്‍ കേന്ദ്രനിര്‍ദേശത്തിനു വഴങ്ങി പണിമുടക്ക് അടിച്ചമര്‍ത്താന്‍ തയ്യാറായില്ല.

കേരളം, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ജനപക്ഷനയങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ ഇരു സംസ്ഥാനത്തും തൊഴിലാളികളുടെയും ഗ്രാമീണമേഖലയിലെ അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ തുടര്‍ച്ചയായി അലയടിച്ചു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ജനകീയ പോരാട്ടങ്ങളില്‍ ഇടപെടാന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് ഇരു സര്‍ക്കാരും പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങളില്‍ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് സര്‍ക്കാരുകളുടെ സഹായഹസ്തം ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ അവകാശസമരങ്ങളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നു. തമിഴ്‌നാട് രണ്ടാമത്തെ വിഭാഗത്തിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. 'ചിരിക്കുന്ന അധഃസ്ഥിതരുടെ മുഖത്ത് ദൈവത്തെ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന മുദ്രാവക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന പ്രാദേശിക കക്ഷി ഉരുക്കുമുഷ്ടി ഉപയോഗിച്ച് തൊഴിലാളികളുടെ പോരാട്ടങ്ങളെ അടിച്ചമര്‍ത്തി.

ദൌര്‍ഭാഗ്യവശാല്‍, അക്കാലത്ത് ദേശവ്യാപകമായി ഉയര്‍ന്ന ഈ പോരാട്ടങ്ങളുടെ മുന്നണിയില്‍ നില്‍ക്കാന്‍ എഐടിയുസി നേതൃത്വം തയ്യാറായില്ല. വര്‍ഗസമര നയം നേതൃത്വം ഉപേക്ഷിക്കുകയും വര്‍ഗസഹകരണ നിലപാടിലെത്തുകയും ചെയ്തു. ഈ തെറ്റായ നയം തിരുത്തണമെന്നും സംഘടന ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നും ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

'ഇടതുപക്ഷക്കാര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ന്യൂനപക്ഷം നേതാക്കള്‍ പ്രബലവിഭാഗം നേതാക്കളെ തിരുത്താന്‍ നടത്തിയ ശ്രമം ചരിത്രത്തിന്റെ ഭാഗമാണ്. എഐടിയുസിയുടെ 1966ല്‍ ചേര്‍ന്ന മുംബൈ സമ്മേളനം മുതല്‍ ഇത്തരത്തിലുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍, പ്രമേയങ്ങളുടെ രൂപത്തിലും ചര്‍ച്ചകളില്‍ നിര്‍ദേശങ്ങളായും ഉയര്‍ത്തിയ ആവശ്യങ്ങള്‍ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് 150 ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ -എഐടിയുസി വര്‍ക്കിങ് കമ്മിറ്റി, കേന്ദ്ര കൌണ്‍സില്‍, സംസ്ഥാന നിര്‍വാഹകസമിതികള്‍, കൌണ്‍സിലുകള്‍ എന്നിവയിലെ അംഗങ്ങള്‍-ഏപ്രില്‍ എട്ടിനും ഒമ്പതിനും ഗോവയില്‍ യോഗം ചേര്‍ന്നത്. സുസംഘടിത പോരാട്ടങ്ങള്‍ സംഘടിപ്പിച്ച അനുഭവസമ്പത്തുള്ള നേതാക്കളുടെ യോഗം ഇനി എഐടിയുസിക്കുള്ളില്‍ പ്രവര്‍ത്തനം അസാധ്യമാണെന്നു തീരുമാനിച്ചു. പുതിയ കേന്ദ്ര ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ സമ്മേളനം വിളിക്കാനും തീരുമാനമെടുത്തു.

ലെനിന്‍ നഗര്‍ എന്നു നാമകരണം ചെയ്ത സമ്മേളന നഗരിയില്‍ പശ്ചിമ ബംഗാളിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവ് കൃഷ്ണ പദഘോഷ് പതാക ഉയര്‍ത്തി, ലെനിന്റെ ജന്മശതാബ്ദി വര്‍ഷമായിരുന്നു അത്. സ്വാഗതസംഘം അധ്യക്ഷനായ ജ്യോതിബസു സ്വാഗതപ്രസംഗത്തില്‍ സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: "രാജ്യത്ത് ഇപ്പോള്‍ തന്നെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എണ്ണം നോക്കുമ്പോള്‍ പുതിയ ഒരെണ്ണംകൂടി രൂപീകരിക്കുന്നത് ഭിന്നിപ്പിക്കല്‍ നടപടിയായി തോന്നിയേക്കാം. എന്നാല്‍, രാജ്യത്തെ സുസംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ഇത്തരമൊരു കേന്ദ്ര ട്രേഡ് യൂണിയന്‍ ചരിത്രപരമായ ആവശ്യമായി മാറിയിരിക്കുകയാണ്. നമ്മുടെയെല്ലാം കഠിനാധ്വാനത്തിന്റെയും നമ്മുടെ സാധാരണ സഖാക്കളുടെ മഹത്തായ ത്യാഗത്തിന്റെയും ഫലമായി കെട്ടിപ്പടുത്ത എഐടിയുസിയെ അതിന്റെ നേതൃത്വം പിടിച്ചെടുത്ത തിരുത്തല്‍വാദികള്‍ സുശക്ത പോരാട്ടങ്ങള്‍ ബൂര്‍ഷ്വാസിക്ക് അടിയറവയ്ക്കാനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഈ നേതാക്കള്‍ അവരുടെ സവിശേഷാധികാരം കാത്തുസൂക്ഷിക്കുകയും അവര്‍ക്ക് ഇപ്പോള്‍ നിയന്ത്രണമില്ലാത്ത യൂണിയനുകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു''.

ഇന്ത്യയിലെ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ദേശീയ-സാര്‍വദേശീയ കടമകള്‍ വിശദീകരിച്ച് അദ്ദേഹം ജനാധിപത്യപരവും വിപ്ളവകരവുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രട്രേഡ് യൂണിയന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സാമ്പത്തികാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിക്കുകയും സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക് സജ്ജരാക്കുകയും ചെയ്യണം.

സമ്മേളനത്തില്‍ പി രാമമൂര്‍ത്തി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സമ്മേളന സംഘാടകര്‍ എഐടിയുസിയുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ട്രേഡ് യൂണിയനുകള്‍ക്ക് പ്രത്യയശാസ്‌ത്ര വ്യക്തത അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പറഞ്ഞു- "സോഷ്യലിസം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സാമൂഹ്യ വ്യവസ്ഥയ്ക്കെതിരായ പോരാട്ടമാണ് പ്രധാന ലക്ഷ്യമെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ട്രേഡ് യൂണിയനു മുന്നോട്ടുപോകാന്‍ കഴിയില്ല. സാമ്രാജ്യത്വത്തിന്, പ്രത്യേകിച്ച് നമ്മുടെ ജനതയെ അടിമകളാക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എതിരെ പോരാട്ടത്തിന്റെ കുന്തമുന തിരിച്ചുവയ്ക്കണം. തൊഴിലാളി വര്‍ഗത്തിന്റെ ദൈനംദിന പോരാട്ടങ്ങള്‍ ഈ പൊതുവായ പോരാട്ടത്തിന്റെ ഭാഗമാണ്.''
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ പ്രവണതകള്‍ ട്രേഡ്‌യൂണിയന്റെ ജനാധിപത്യപരമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തും. ട്രേഡ് യൂണിയനുകളുടെ ഏകീകരണത്തിനായി താന്‍ ഐഐടിയുസി നേതൃത്വത്തിനു സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അദ്ദേഹം വിവരിച്ചു. പുതിയ ട്രേഡ് യൂണിയന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ കൂടിയായി റിപ്പോര്‍ട്ട് മാറി.

വിശദമായ ചര്‍ച്ചയ്ക്കുശേഷം പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. പുതിയ ട്രേഡ് യൂണിയനു നല്‍കേണ്ട പേരു സംബന്ധിച്ച് ഒട്ടേറെ നിര്‍ദേശം വന്നു. ഒടുവില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സിഐടിയു) എന്ന പേര് അംഗീകരിച്ചു. 'സിഐടിയു സിന്ദാബാദ്', 'സര്‍വലോക തൊഴിലാളികളെ സംഘടിക്കുവിന്‍' എന്നീ മുദ്രാവാക്യങ്ങള്‍ ഇടിനാദംപോലെ മുഴങ്ങി. മനോരഞ്ജന്‍ റോയി അവതരിപ്പിച്ച പ്രമേയത്തെ ഇ ബാലാനന്ദനാണ് പിന്താങ്ങിയത്.
പ്രസിഡന്റായി തെരഞ്ഞെടുത്ത ബി ടി രണദിവെ ഉപസംഹാര പ്രസംഗത്തില്‍ മുന്നിലുള്ള കടമകളെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കി. സമ്മേളനചര്‍ച്ചകളില്‍ പ്രതിനിധികളും നേതാക്കളും പ്രകടിപ്പിച്ച ആവേശവും ഉത്സാഹവും പ്രതീക്ഷയും അദ്ദേഹം ഓര്‍മിപ്പിച്ചു. തൊഴിലാളിവര്‍ഗ ഐക്യവും വര്‍ഗസമര കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിച്ചു.

ബി ടി ആര്‍ പറഞ്ഞു:" പുതിയ പാതയില്‍ പുതിയ സംഘടനയ്ക്ക് നാം രൂപംനല്‍കിയിരിക്കുകയാണ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് നവീകരണം പകരാന്‍ നാം ആഗ്രഹിക്കുന്നു. പക്ഷേ, ഈ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലെ എല്ലാ നേതാക്കളും അവരുടെ ബോധനിലവാരം മാറ്റണം; പഴയ ചിന്താഗതിയും ശീലങ്ങളും ഉപേക്ഷിക്കണം. ഉറച്ച ചുവടുകളോടെ ശരിയായ പാതയില്‍ മുന്നേറാന്‍ കഴിയണം''. അദ്ദേഹം വീണ്ടും പറഞ്ഞു: "ചില ആളുകള്‍ തിരുത്തല്‍വാദികളെ മാത്രം എതിര്‍ക്കുകയും യൂണിയന്‍ ശത്രുക്കളെ വിസ്‌മരിക്കുകയും ചെയ്തേക്കാം. ഇത് പൊറുക്കാന്‍ കഴിയില്ല...നമ്മള്‍ തിരുത്തല്‍വാദത്തെ ചെറുക്കണം...ഇത്തരത്തിലുള്ള ഓരോ പ്രവണതയെയും ചെറുക്കണം. കാരണം ഈ പ്രവണതകള്‍ നമ്മുടെ പൊതുശത്രുവിനെതിരായ വര്‍ഗസമരത്തെ തടസ്സപ്പെടുത്തും''.

ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ബി ടി ആര്‍ വിശദീകരിച്ചു.തൊഴിലാളിവര്‍ഗ ഐക്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചാണ് നമ്മുടെ സംഘടന പോരാട്ടഭൂമിയിലേയ്ക്കിറങ്ങേണ്ടതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വര്‍ഗ ബോധത്തിന്റേയും വര്‍ഗ സമരത്തിന്റേയും ഈ സന്ദേശവുമായി സിഐടിയു മുന്നോട്ടു നീങ്ങി. സംഘടനയുടെ അംഗത്വം 8,04,657ല്‍ നിന്ന് 51,45,387 ആയി വളര്‍ന്നു.

ഇതുകൊണ്ട് തൃപ്തരാവാന്‍ കഴിയില്ലെന്ന് നമുക്കെല്ലാം അറിയാം. ബഹുകാതം മുന്നോട്ട് പോകാനുണ്ട്.എന്നാല്‍, രൂപീകരണസമ്മേളനത്തില്‍ നാം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ സംഘടന ഗൌരവമായി ഏറ്റെടുത്തു. സംഘടാ‍പരമായ ദൌര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നിട്ടും( തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി സിഐടിയു തിരിച്ചറിഞ്ഞവ) അംഗത്വത്തിന്റെ കാര്യത്തില്‍ മാത്രമല്ല മുന്നോട്ട് പോയത്, അസംഘടിത തൊഴിലാളികള്‍, സ്‌ത്രീ തൊഴിലാളികള്‍, പൊതുമേഖല, യോജിച്ചപോരാട്ടങ്ങള്‍, ദേശീയ-സാര്‍വദേശീയ തലങ്ങളിലെ ഐക്യദാര്‍ഢ്യം എന്നീ രംഗങ്ങളിലും വിവിധ കടമകള്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു.

നാല്‍‌പ്പതുവര്‍ഷം ത്യാഗങ്ങളുടേയും മുന്നേറ്റത്തിന്റേയും നേട്ടങ്ങളുടേയുമായിരുന്നു.ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഐക്യത്തോടെ നീങ്ങാന്‍ കഴിഞ്ഞു. ഈ ഐക്യം വഴി അടിത്തട്ടിലും ഏകീകരണത്തിനു സാധിച്ചാല്‍ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകാം.

ചണ്ഡീഗഢില്‍ ചേര്‍ന്ന സിഐടിയു 13-ആം സമ്മേളനം വരും നാളുകളില്‍ ഏറ്റെടുക്കേണ്ട ദൌത്യങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. രൂപീകരണ സമ്മേളനം നിര്‍വചിച്ച ലക്ഷ്യങ്ങളിലേക്ക് നീങ്ങാനുള്ള ദൌത്യങ്ങളാണിവ.


*****
എ കെ പത്മനാഭന്‍, സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിഐടിയുവിന്റെ കഴിഞ്ഞ 40 വര്‍ഷങ്ങളെയും മുന്നിലുള്ള കടമകളെയും കുറിച്ച് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സ. എ കെ പത്മനാഭന്‍