Thursday, June 17, 2010

സ്കൂള്‍ പ്രവേശനവും പ്രീ-പെയ്ഡ് വാര്‍ത്തകളും

ഈ വര്‍ഷത്തെ സ്കൂള്‍പ്രവേശനത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ മുഖ്യധാരാമാധ്യമങ്ങള്‍ ആഘോഷത്തിലാണ്. ഒരുലക്ഷത്തിപതിനയ്യായിരത്തിലധികം കുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നു കൊഴിഞ്ഞുപോയി എന്നാണു മുഖ്യപ്രചാരണം. കേരളാ സിലബസ് മോശമായതുകൊണ്ട് കുട്ടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലേക്കു കൂട്ടത്തോടെ മാറിയെന്നും കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ മേഖലയെ കൈയൊഴിഞ്ഞു എന്നുമാണ് പലരും നിരീക്ഷിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടക്കാരും അവരുടെ വക്താക്കളും നടത്തുന്ന ഈ പ്രചാരണങ്ങളില്‍, ചില അധ്യാപകസംഘടനാ നേതാക്കളും പങ്കുചേരുന്നുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്തരക്കാരെക്കുറിച്ച് സഹതപിക്കാനേ നിവൃത്തിയുള്ളൂ.

ഈ വര്‍ഷം ഒന്നാംതരത്തില്‍ ചേര്‍ന്നത് 3,37,359 കുട്ടികളാണ്. നാലരലക്ഷം കുട്ടികള്‍ പത്താംതരം പരീക്ഷയെഴുതി. അതില്‍ 90 ശതമാനത്തിലേറെപേര്‍ വിജയിച്ച് പ്ളസ്വ പ്രവേശനം നേടിക്കൊണ്ടിരിക്കുന്നു. മലബാര്‍ മേഖലയില്‍ പത്താംതരം പാസായ കുട്ടികള്‍ക്കു പഠിക്കാന്‍ വേണ്ടത്ര ഹയര്‍സെക്കന്‍ഡറി സീറ്റുകളില്ലെന്ന പ്രശ്നം പരിഹാരഘട്ടത്തിലാണ്. പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

നാലരലക്ഷം കുട്ടികള്‍ പത്താംതരത്തില്‍നിന്ന് പതിനൊന്നാംതരത്തിലേക്കു കടന്നുപോയപ്പോള്‍ ഒന്നാംതരത്തില്‍ വന്നുചേര്‍ന്നത് 3,37,359 കുട്ടികളാണ്. ഇതു രണ്ടും തമ്മില്‍ 1,12,641 ന്റെ വ്യത്യാസമുണ്ട്. പത്താംതരത്തില്‍നിന്ന് പതിനൊന്നാംതരത്തിലേക്കു പോയ ഈ കുട്ടികളെ കൊഴിഞ്ഞുപോയവരായി ചിത്രീകരിച്ച് കേരള സമൂഹത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് തല്‍പ്പരകക്ഷികള്‍.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നാംക്ളാസില്‍ 3,57,322 കുട്ടികളുണ്ടായിരുന്നു. അവരാണ് ഈ വര്‍ഷം രണ്ടാംക്ളാസിലെത്തിയത്. രണ്ടാംക്ളാസില്‍ ഇപ്പോള്‍ 3,67,883 കുട്ടികളുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാംക്ളാസിലുണ്ടായിരുന്ന ഒരു കുട്ടിയും കൊഴിഞ്ഞുപോയില്ലെന്നു മാത്രമല്ല രണ്ടാംക്ളാസില്‍ 10,561 കുട്ടികള്‍ കൂടുതലാണ്. നാലാംക്ളാസില്‍ കഴിഞ്ഞ വര്‍ഷം 4,39,061 കുട്ടികളുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം അഞ്ചാംക്ളാസില്‍ 4,53,142 കുട്ടികളുണ്ട്. ഇത് 4,091 കൂടുതലാണ്. ഏഴാംക്ളാസില്‍ കഴിഞ്ഞ വര്‍ഷം 4,94,105 കുട്ടികളുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം എട്ടാംക്ളാസ്സില്‍ 4,94,767 കുട്ടികളുണ്ട്. എട്ട്, ഒമ്പത് ക്ളാസുകളില്‍ നിന്നുള്ള മുഴുവന്‍ കുട്ടികളും ഒമ്പതാംതരത്തിലും പത്താംതരത്തിലും എത്താത്തതിനു കാരണം ചെറിയതോതിലുള്ള തോല്‍വിയാണ്. ഈ കുട്ടികളത്രയും അതേ ക്ളാസുകളില്‍ ഇപ്പോഴും പഠിക്കുന്നുണ്ടെന്ന് കണക്കുകളില്‍നിന്ന് കാണാവുന്നതാണ്. കഴിഞ്ഞ വര്‍ഷം എട്ടിലും ഒമ്പതിലും ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ അതേ ക്ളാസില്‍ ഈ വര്‍ഷം പഠിക്കുന്നുണ്ട്.

ഈ കണക്ക്, കേരള പാഠ്യപദ്ധതി സ്വീകരിച്ച ഗവമെന്റ് സ്കൂളുകള്‍ക്കും, എയ്ഡഡ് സ്കൂളുകള്‍ക്കും, അ-എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാണ്. കേരളാസിലബസ് ഉപേക്ഷിച്ച് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള സ്കൂളുകളിലേക്ക് കുട്ടികള്‍ വന്‍തോതില്‍ കുടിയേറുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചെറിയതോതില്‍ തിരിച്ചൊഴുക്കുണ്ടെന്നതും വ്യക്തമാണ്.

ഈ വര്‍ഷം സിബിഎസ്ഇ, പത്താംതരം പരീക്ഷ പാസായ കുട്ടികള്‍ക്ക് കേരളാ ഹയര്‍സെക്കന്‍ഡറിയിലേക്കു കടന്നുവരാന്‍ അവസരം നിഷേധിച്ചെന്നു മുറവിളികൂട്ടുന്നവര്‍ തന്നെയാണ് മറുഭാഗത്ത് കേരളപാഠ്യപദ്ധതി മോശമാണെന്ന് പ്രചരിപ്പിക്കുന്നത്. അഖിലേന്ത്യാ നിലവാരത്തേക്കാള്‍ മികച്ചുനില്‍ക്കുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരീക്ഷാ രീതിയുമാണ് കേരളത്തിലുള്ളത്. പാഠ്യപദ്ധതി സമീപനം, തുടര്‍മൂല്യനിര്‍ണയരീതി, പരീക്ഷകളുടെ അമിതപ്രാധാന്യം കുറയ്ക്കല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം തുടങ്ങി മിക്ക കാര്യങ്ങളിലും കേന്ദ്ര മാനവവിഭവശേഷി വകുപ്പും ഡോ. കപില്‍സിബലും മാതൃകയാക്കുന്നത് കേരളത്തെയാണ്. ലോകത്തിനുതന്നെ മാതൃകയാവുന്നവിധം പത്താംതരം പരീക്ഷ ചിട്ടയായി നടത്താനും വിവരസാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി ഈ വര്‍ഷത്തെ പരീക്ഷഫലം മെയ് മൂന്നിനുതന്നെ പ്രസിദ്ധീകരിക്കാനും കേരളത്തിനു കഴിഞ്ഞു. എന്നാല്‍, ഒരു മാസം വൈകിയാണ് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചത്.

നമ്മുടെ കുട്ടികള്‍ ഏകജാലകത്തിലൂടെ മെറിറ്റും സംവരണവും അനുസരിച്ച് പ്ളസ് വണ്‍ പ്രവേശനം നേടിയപ്പോള്‍, അവസരം ചോദിച്ച് സിബിഎസ്ഇ കുട്ടികള്‍ പുറത്തു നില്‍ക്കുകയാണ്. വിദ്യാഭ്യാസത്തെ മറ്റെന്തിനേക്കാളും പ്രാധാന്യത്തോടെ കാണുന്ന കേരളജനത ഈ വസ്തുതകള്‍ സൂക്ഷ്മമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളാസിലബസില്‍ പഠിച്ച കുട്ടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍ട്രന്‍സ് പരീക്ഷകളില്‍ നേടുന്ന മികച്ച വിജയവും കേരളത്തിലെ മധ്യവര്‍ഗത്തിന്റെ കണ്ണു തുറപ്പിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ രംഗത്തെ ഈ നേട്ടങ്ങളെ തമസ്കരിക്കാനാണ് കച്ചവടശക്തികള്‍ കള്ളപ്രചാരണവുമായി രംഗത്തു വന്നിരിക്കുന്നത്. കേരളത്തില്‍ ഒന്നാംതരം പ്രവേശനത്തില്‍ ക്രമാനുഗതമായ കുറവുണ്ടാവുന്നു എന്നത് വസ്തുതയാണ്. ഈ വര്‍ഷം ഒന്നാംതരം പ്രവേശനത്തില്‍ 19,963 ന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 15,285 ആയിരുന്നു. ഈ കുറവിനു മുഖ്യകാരണം ജനനനിരക്കിലുള്ള കുറവാണ്.

1990ല്‍ കേരളത്തില്‍ സ്കൂള്‍പ്രായത്തിലുള്ള 60 ലക്ഷം കുട്ടികളുണ്ടായിരുന്നെങ്കില്‍ ഇന്നത് 49 ലക്ഷത്തില്‍ താഴെയാണ്. ഈ കുറവ് ഒന്നാംതരത്തില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും പ്രകടമാണ്. കേരളത്തിലെ 39,77,488 (83 ശതമാനം) കുട്ടികള്‍ ഗവമെന്റ് സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമാണ് പഠിക്കുന്നത്. 3,65,109 (8 ശതമാനം) കുട്ടികള്‍ കേരളാസിലബസുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലും 4,43,920 (9 ശതമാനം) വിദ്യാര്‍ഥികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്നുണ്ട്. മഹാഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെത്തന്നെയാണ്.

സ്വന്തം കച്ചവടതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ അണ്‍എയ്ഡഡ് മേഖല ജാതി-മതവിശ്വാസംകൂടി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും മത-സാമുദായിക മേല്‍വിലാസമുണ്ട്. കേന്ദ്രസിലബസും മതപഠനവും വിഭാഗീയതയും കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് ഇത്തരം സ്കൂളുകളിലെ പാഠ്യപദ്ധതി. മത-സാമുദായിക വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം സ്കൂളുകളുണ്ട്. രാവിലെ എട്ടു മണിക്കു മുമ്പുതന്നെ മുസ്ളിംബസും ഹിന്ദുബസും ക്രിസ്ത്യന്‍ബസും വന്ന് കുട്ടികളെ തരംതിരിച്ച് പെറുക്കിക്കൊണ്ടുപോവുന്നു. ‘ഇന്ത്യയുടെ ഭാവിഭാഗധേയം വാര്‍ത്തെടുക്കുന്നത് ക്ളാസ് മുറികളില്‍ വച്ചാണെന്നാണ് കോത്താരികമീഷന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പു പറഞ്ഞത്. ഇത്തരം അണ്‍എയ്ഡഡ് ക്ളാസ് മുറികളില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടേണ്ട സന്ദര്‍ഭമാണിത്. ഈ ഉല്‍ക്കണ്ഠയെ മയക്കിക്കിടത്താനും, വിദ്യാഭ്യാസക്കച്ചവടത്തെ ശക്തിപ്പെടുത്താനുമാണ് പൊതുവിദ്യാഭ്യാസമേഖലയില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോവുന്നുവെന്ന പ്രീ-പെയ്ഡ് പ്രചാരണം.

*
സി ഉസ്മാന്‍ കടപ്പാട്: ദേശാഭിമാനി

11 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ വര്‍ഷത്തെ സ്കൂള്‍പ്രവേശനത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ മുഖ്യധാരാമാധ്യമങ്ങള്‍ ആഘോഷത്തിലാണ്. ഒരുലക്ഷത്തിപതിനയ്യായിരത്തിലധികം കുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നു കൊഴിഞ്ഞുപോയി എന്നാണു മുഖ്യപ്രചാരണം. കേരളാ സിലബസ് മോശമായതുകൊണ്ട് കുട്ടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലേക്കു കൂട്ടത്തോടെ മാറിയെന്നും കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ മേഖലയെ കൈയൊഴിഞ്ഞു എന്നുമാണ് പലരും നിരീക്ഷിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടക്കാരും അവരുടെ വക്താക്കളും നടത്തുന്ന ഈ പ്രചാരണങ്ങളില്‍, ചില അധ്യാപകസംഘടനാ നേതാക്കളും പങ്കുചേരുന്നുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്തരക്കാരെക്കുറിച്ച് സഹതപിക്കാനേ നിവൃത്തിയുള്ളൂ.

പ്രേമന്‍ മാഷ്‌ said...

മാതൃഭൂമിയുടെ വിചിത്രമായ കണക്കുകള്‍ കേട്ട് തരിച്ചിരിക്കുകയായിരുന്നു. രണ്ടാം തരാം മുതല്‍ പത്താം തരാം വരെയുള്ള ക്ലാസുകളില്‍ നിന്ന് എണ്‍പതിനായിരത്തോളം കുട്ടികള്‍ കുറഞ്ഞു എന്നതായിരുന്നു അവരുടെ കണക്ക്. ഉസ്മാന്‍ മാഷിന്റെ ലേഖനം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. പ്ലസ് വണ്‍ പ്രവേശനത്തില്‍ CBSE ക്കാരെ ആദ്യം തന്നെ പരിഗനിക്കാത്തതിനെ ചൊല്ലിയുള്ള മുറവിളികളെ ഞാന്‍ ഇങ്ങനെയാണ് വിലയിരുത്തിയത്.ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍

Suraj said...

Thanks for republishing this. And thanks to Preman Mash for his blog post too !

Anonymous said...

ഉസ്മാന്‍ മാഷേ എസ്‌ എസ്‌ എല്‍ സി റിസല്‍റ്റ്‌ വിഷു ഈസ്റ്റര്‍ അവധി ഇല്ലെങ്കില്‍ ഏപ്രില്‍ ഇരുപത്തി അഞ്ചിനു തന്നെ പ്രസിധീകരിക്കാന്‍ കഴിയും, മഹാ കാര്യം അല്ല, വാല്യുവേഷന്‍ കാമ്പില്‍ തന്നെ ഡേറ്റ എണ്റ്റ്രി നടത്തി അന്നന്നു സര്‍വറില്‍ അപ്ഡേറ്റാക്കിയാല്‍ അതിലും മുന്‍പെ പ്രസിധീകരിക്കാം , സീ ബീ എസ്‌ സി രാജ്യം മുഴുവന്‍ നടത്തുന്ന പരീക്ഷ ആണു അതിണ്റ്റെ ഡിലേയുമായി ഇതിനെ കമ്പയര്‍ ചെയ്യണ്ട

പണ്ടൂ റാങ്ക്‌ കണ്ടുപിടിക്കാന്‍ റീ വാലുവേഷന്‍ വേണമായിരുന്നു രണ്ടാഴ്ച അതിനു വേണ്ടിവരും അതാണു റിസല്‍റ്റ്‌ മേയ്‌ ഇരുപതിനടുത്താകാന്‍ കാരണം, അല്ലാതെ എം എ ബേബിയുടെ ഭരണനേട്ടം ആയി കൊണ്ടാടല്ലേ

പിന്നെ സ്വന്തം കുട്ടി എവിടെയാ പഠിക്കുന്നത്‌? സറ്‍ക്കാറ്‍ സ്കൂളില്‍ കേരള സിലബസില്‍ ആണോ? അല്ലെങ്കില്‍ താങ്കള്‍ ഈ പറഞ്ഞതു മുഴുവന്‍ പിന്‍ വലിക്കണം, ഇനി ആണെങ്കില്‍ ആ പാഠ പുസ്തകങ്ങള്‍ ഒന്നു വായിച്ചു നോക്കു, എന്നിട്ടു സീ ബീ എസ്‌ സി പുസ്തകങ്ങളും വായിക്കു , നമ്മുടെ സിലബസ്‌ തീരെ കനം കുറഞ്ഞതാണു, പല ചാപ്ടറും വെറും അലവലാതി ആണു , എന്നു ഏതു വിഡ്ഡിക്കും മനസ്സിലാകും.

സീ ബീ എസ്‌ സി പഠിച്ചിട്ട്‌ കേരള പ്ളസ്‌ ടു പഠിക്കാന്‍ ആളുവരുന്നത്‌, ഇനി കൂടും, കാരണം ഇവിടെ വാരിക്കോരി മാറ്‍ക്കിടും, അന്‍പത്‌ മാറ്‍ ക്കു പ്റാക്ടിക്കല്‍ എന്ന പേരിലും ഇരുപത്‌ മാറ്‍ക്കു ഇണ്റ്റേറ്‍നല്‍ അസ്സസ്‌മണ്റ്റ്‌ ആയും കിട്ടും ഏതു മണ്ടനും കിട്ടും

ഈ കോളു സീ ബീ എസ്‌ സിക്കില്ല, സീ ബീ എസ്‌ സി കുട്ടി പത്തില്‍ പഠിച്ച പാഠങ്ങളൊക്കെയേ കേരള പ്ളസ്‌ ടുവില്‍ ഉള്ളു, അവണ്റ്റെ നിലവാരം വച്ചു സ്കോറ്‍ ചെയ്യാന്‍ ഒരു പ്റയാസവും ഇല്ല.


കണ്ണടച്ചു മാറ്‍ക്കിടാതെ കറക്ട്‌ ആയി വാലു ചെയ്താല്‍ ഇന്നുള്ള എസ്‌ എസ്‌ എല്‍ സി , പ്ളസ്‌ ടു വിജയ ശതമാനം വെറും മുപ്പതില്‍ നില്‍ക്കും.

ഇതാണു ഭീകരമായ നിലവാര തകറ്‍ച്ച,

എണ്റ്റെ മകനെ സറ്‍ക്കാറ്‍ സ്കൂളില്‍ കേരള സിലബസില്‍ വിട്ടതിനാല്‍ എനിക്കിത്‌ പറയാനും എഴുതാനും അവകാശം ഉണ്ട്‌,

ഉസ്മാനു ഉണ്ടെന്നു തോന്നുന്നില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ ശ്രദ്ധേയമായ ലേഖനം...!

Nasiyansan said...

രാവിലെ എട്ടു മണിക്കു മുമ്പുതന്നെ മുസ്ളിംബസും ഹിന്ദുബസും ക്രിസ്ത്യന്‍ബസും വന്ന് കുട്ടികളെ തരംതിരിച്ച് പെറുക്കിക്കൊണ്ടുപോവുന്നു

എല്ലാത്തിനെയും വര്‍ഗീയ കണ്ണോടെ കാണുന്നതിന്റെ കുഴപ്പം ...ലേഖനം ദേശാഭിമാനിയില്‍ വന്നത് കൊണ്ട് കുഴപ്പമില്ല ..ആ സ്വാതന്ത്രം കൊണ്ടായിരിക്കുമല്ലോ "കുട്ടികളെ തരംതിരിച്ച്" എന്നൊക്കെ എഴുതിവിടുന്നത് ..എന്ത്കൊണ്ട് ദേശാഭിമാനി മുന്കയ്യെടുത്ത് കുറച്ചു "മതേതര" ബസ്സുകള്‍ തുടങ്ങ്ങിക്കൂടാ ....പഠിക്കേണ്ടിയിരിക്കുന്നു ...

ജിവി/JiVi said...

കഴിഞ്ഞ അധ്യയനവര്ഷാരംഭത്തിലും കേരളാസിലബസ്സില്നിന്നുള്ള കൊഴിഞ്ഞ്പോക്ക് വിഷയമാക്കി മാതൃഭൂമിയുടെ പരമ്പരയുണ്ടായിരുന്നു. അത് വായിച്ച് എന്റെ അയല്വാസിയും സുഹൃത്തുമായ ഗവ സ്ക്കൂള്‍ അധ്യാപകന്‍ പറയുകയുണ്ടായി, അയാളുടെ സ്ക്കൂളില്‍ ഈ വര്ഷം് രണ്ട് ഡിവിഷന്‍ കൂടി. മാതൃഭൂമിയുടെ പരമ്പര പെയ്ഡ് പരിപാടിയാണെന്ന്. ഒരു തികഞ്ഞ ഇടത് വിരുദ്ധനായിരുന്ന അയാള്‍ ഈ സര്കാര്‍ പൊതുവിദ്യാഭ്യാസത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ അനുഭവിച്ചറിഞ്ഞപ്പോള്‍ ഒരു സി പി എം അനുകൂല നിലപാടിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നതും ഞാന്‍ മനസ്സിലാക്കിയകാര്യം.

സന്തോഷ് said...

ഇന്റര്‍നെറില്‍ നിന്ന് എനിക്ക് മനസ്സിലായത് CBSE ക്കും Kerla Govt ഉം +2 syllabus ഒന്നു തന്നെയാണെന്നാ‍ണ്. NCERT Books ആണ് പഠിപ്പിക്കുന്നത്. അപ്പോള്‍ ആരുഷി പറ്യുന്നത് “സീ ബീ എസ്‌ സി കുട്ടി പത്തില്‍ പഠിച്ച പാഠങ്ങളൊക്കെയേ കേരള പ്ളസ്‌ ടുവില്‍ ഉള്ളു“(!).
ഉസ്മാന്‍ മാഷുടെ കുട്ടി എത് സിലബസ്സാണ് എന്നറിയില്ല. കെ എസ് റ്റി ഏ നേതാക്കള്‍ അവരുടെ മക്കളെ പൊതുവിദ്യാലയത്തില്‍ വിടണമെന്ന് ആ സംഘടന തീരുമാനിച്ചിട്ടുള്ളതായി അറിയാം.
ആരുഷി, ഉദ്ദേശം മനസ്സിലായി. കാര്യങ്ങള്‍ ‘റഫര്‍‘ ചെയ്ത് അഭിപ്രായം പറയുന്നതാണെന്നും.

Kaithamullu said...

അല്ലാതെ എം എ ബേബിയുടെ ഭരണനേട്ടം ആയി കൊണ്ടാടല്ലേ ...

കണക്കായിപ്പോയി!

Anonymous said...

സന്തോഷേ, സിലബസ്‌ രണ്ടും ഒന്നു തന്നെ, എന്‍ സീ ആര്‍ ടീ ബുക്കുണ്ടെങ്കിലും അതാരും റെഫര്‍ ചെയ്യാറും പഠിപ്പിക്കാറും ഇല്ല, തിരുവനതപുരത്തുകാരായ അധ്യാപകര്‍ എഴുതിയ ടെക്സ്റ്റുകള്‍ ഉണ്ട്‌, ക്വസ്റ്റ്യന്‍ വരുന്നതും അതു ബേസ്‌ ചെയ്താണു, എന്‍ സീ ആര്‍ ടീ ബുക്കുകള്‍ എന്‍സൈക്ളോപീഡിയകള്‍ ആണു അതു വായിച്ചു മനസ്സിലാക്കാനുള്ള ഇംഗ്ളീഷ്‌ പാണ്ഢിത്യം പ്ളസ്‌ ടു അധ്യാപകര്‍ക്കുണ്ടോ എന്നോ സംശയമാണു

രണ്ടിടത്തെയും ക്വസ്റ്റ്യന്‍ പേപ്പര്‍ കൂടി ഡൌണ്‍ലോഡ്‌ ചെയ്ത്‌ നോക്കുക, സീ ബീ എസ്‌ സി സ്റ്റ്രയിറ്റ്‌ ക്വസ്റ്റ്യന്‍സ്‌ ആണു നമ്മുടെത്‌ വളച്ചു കെട്ടിയും, അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്നു പറയുന്നവനും ക്വ്സ്റ്റ്യന്‍ നമ്പര്‍ എഴുതി വെക്കുന്നവനും ഒക്കെ മാര്‍ക്കിട്ടാണു ഈ റിസല്‍റ്റ്‌ ഉണ്ടാക്കുന്നത്‌, വാലുവേഷന്‍ കാപില്‍ പോകുന്ന ഏതെങ്കിലും അധ്യാപകനോടു ചോദിക്കു എന്താണു തിരുവനന്തപുരത്തു നിന്നും വിളിച്ചു പറയുന്നതെന്നു , വാക്കാല്‍ അന്നന്നാണൂ നിര്‍ദ്ദേശം,

കേരള സിലബസില്‍ എട്ട്‌, ഒന്‍പത്‌ ക്ളാസ്സുകളില്‍ സയന്‍സില്‍ കാര്യമായി ഒന്നും പഠിക്കാനില്ല, എന്നാല്‍ പത്ത്‌ പെട്ടെന്നു ഒരു ജമ്പ്‌ ആണു സീ ബീ എസ്‌ സി എട്ട്‌ ഒന്‍പത്‌ പത്ത്‌ ടെക്സ്റ്റുകള്‍ നോക്കുക , സീ ബീ എസ്‌ സി ടെന്‍ തില്‍ ഉല്ല പോര്‍ഷന്‍സ്‌ തന്നെയാണു പ്ളസു ടു വിനും, മാ ത്‌ സ്‌ കാല്‍ക്കുലസ്‌ അഡീഷണല്‍ വരും

വിവരാരവകാശ നിയമം അനുസരിച്ചു എണ്റ്റ്രാന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ പ്രവേശനം കിട്ടിയ എത്ര കുട്ടികള്‍ എയിഡഡ്‌ സര്‍ക്കാര്‍ പ്ളസ്‌ ടു സ്കൂളില്‍ പഠിച്ചവര്‍ (ആദ്യ ചാന്‍സ്‌) എന്നു ചോദിക്കു അപ്പോള്‍ അറിയാം പഠിപ്പിണ്റ്റെ നിലവാരം


ഇനി എന്‍ ജിനീയറിംഗ്‌ കോളേജിലെ ഏതെങ്കിലും അധ്യാപകനോടു ചോദിക്കു

സാമാന്യ വിവരം പോലും ഇല്ലാതെ നല്ല റാങ്കില്‍ വരുന്ന കുട്ടികള്‍ ആണു, ത്റിശൂറ്‍ പോയി റിപീറ്റ്‌ ചെയ്ത്‌ തത്തമ്മെ പൂച്ച പഠിച്ചു എന്‍ ട്റന്‍സ്‌ റാങ്കു കിട്ടും പക്ഷെ ഇംഗ്ളീഷോ സാമാന്യ വിവരമോ കുട്ടികള്‍ക്കില്ല

പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ കൊണ്ട്‌ ലേബറ്‍ ഇന്ത്യ ബ്റില്ലിയന്‍സ്‌ സ്കൂള്‍ മാസ്റ്ററ്‍ എന്നിവയുടെ ഉടമകള്‍ രക്ഷപെട്ടു, വല്ലതും നാലക്ഷരം പഠിപ്പിക്കുന്ന ചുമതലയില്‍ നിന്നും അധ്യാപകരും രക്ഷപെട്ടു, കുട്ടികള്‍ തന്നെ സഞ്ചരിച്ചും സന്ദറ്‍ശിച്ചും പാഠങ്ങള്‍ പഠിക്കുന്നതിനാല്‍ അവരുടെ മൊബൈല്‍ ഫോണ്‍ പ്റണയം പീഡനം എന്നിവയും കൂടി.

കേ എസ്‌ ടി ഏക്കാരന്‍ സറ്‍ ക്കുലറ്‍ ഇറക്കി പോലും ഹ ഹ എന്തു നല്ല തമാശ

സന്തോഷ് said...

>>കേരള സിലബസില്‍ എട്ട്‌, ഒന്‍പത്‌ ക്ളാസ്സുകളില്‍ സയന്‍സില്‍ കാര്യമായി ഒന്നും പഠിക്കാനില്ല, എന്നാല്‍ പത്ത്‌ പെട്ടെന്നു ഒരു ജമ്പ്‌ ആണു <<
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 10 ക്ലാസ് പാസ്സായവരൊക്കെ വായിക്കുന്നതാണേ ഇതൊക്കെ.
+2സര്‍ക്കാ‍ര്‍ സ്കൂളില്‍ പടിക്കുന്ന എന്റെ കുടുംബത്തിലെ കുട്ടിയുറ്റെ കൈയില്‍ ncert പുസ്തകമാണ് കണ്ടിട്ടുള്ളത്(മോദേര്‍ണ്‍ ഇന്ത്യ - ബിപിന്‍ ചന്ദ്ര). പിന്നെ നിലവാ‍രം അംഗീകരികാന്‍ എത്ര പേര്‍ തോല്‍ക്കണം? സിബിയെസ്സി ഇക്കഴിഞ്ഞ വര്‍ഷം 99.18 ശതമാനമാണ് കേരളത്തില്‍ വിജയം. എഴുതാന്‍ കഴിയാതെ വന്നവര്‍ മാത്രമേ തോറ്റിട്ടുണ്ടാവുകയുള്ളൂ. നമ്മുടെ സ്കൂളുകളില്‍ ഓണപ്പരീക്ഷ വേണ്ടെന്നു വച്ചപ്പോള്‍ ഹാലിളകിയ കൂട്ടര്‍ ഇപ്പോള്‍ സിബിയെസ്സി 10 ക്ലാസ് പരീക്ഷ വേണ്ടെന്ന നിര്‍ദ്ദെശത്തെ ന്യായീകരിക്കാന്‍ പാടുപെടുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കുഴപ്പങ്ങള്‍ ഒട്ടേറെയുണ്ട്. അത് പരിഹരിക്കപ്പെടാന്‍ വിട്ടുവീഴ്ചയില്ലതെ വിമര്‍ശിക്കുക തന്നെ വേണം. പക്ഷെ പൊതു വിദ്യാഭ്യാസത്തെ തകര്‍ത്ത് തങ്ങളുടെ മാര്‍ക്കറ്റ് വിപുലീകരിക്കാന്‍ വ്യാജപ്രചരണങ്ങളുമായി ഇറങ്ങുന്നവരെ തിരിച്ചറിയണം.