Thursday, June 3, 2010

ഗോത്രകഥയിലെ നാട്ടുമൂപ്പന്‍

ഗോത്രകഥയിലെ നാട്ടുമൂപ്പന്‍

വായിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ കോവിലന്‍ എന്നെവല്ലാതെ അമ്പരപ്പിച്ചിരുന്നു. ആധുനികരുടെ കാലമായിരുന്നല്ലോ അത്. അവര്‍ക്കും വേറിട്ടൊരു ഭാഷ ഉണ്ടായിരുന്നു. പക്ഷേ, ആ വേറിടലല്ല, ഈ വേറിടലെന്ന് വേഗം മനസ്സിലായി. ഇത് എല്ലില്‍ തൊടുന്നതിന്റെ വ്യത്യാസമാണ്. മണ്ണില്‍നിന്ന് ഉരുവംകൊണ്ട ഭാഷയാണ്. ഏറെക്കാലമായി മലയാളി വായനസമൂഹം താലോലിച്ചുകൊണ്ടു നടന്നിരുന്ന അഭിരുചികളെ അദ്ദേഹം തകിടം മറിച്ചു. പക്ഷേ, സാധാരണ മനുഷ്യന് ആ സാഹിത്യം ആവശ്യമുണ്ടായിരുന്നു. വിശപ്പിന്റെ എഴുത്തായിരുന്നു അത്. കഞ്ഞിവെള്ളത്തില്‍ വഴുതിക്കളിക്കുന്ന വറ്റുകളെ തെരഞ്ഞുപിടിക്കാന്‍ പ്ളാവിലകൊണ്ട് നടത്തുന്ന യുദ്ധങ്ങളായിരുന്നു ഈ പട്ടാളക്കാരന് എഴുത്ത്. ഓരോ കഥയെഴുതുമ്പോഴും അത് നിലവിലുള്ള കഥനരീതികളില്‍നിന്ന് വേറിട്ടതാകണമെന്ന് കോവിലന്‍ ആഗ്രഹിച്ചു. അതുകൊണ്ട് പന്നിപ്രസവം ഉണ്ടായില്ല. ആദ്യവായനയില്‍ ദുഷ്കരമെന്ന് പല വായനക്കാരും പരാതിപ്പെട്ടു. കോവിലന്‍ തെല്ലും കുലുങ്ങിയില്ല. മാധ്യമശ്രദ്ധയും നിരൂപകപരിലാളനയും ബഹുമതികളും ലഭിക്കാത്തതില്‍ പരാതിപ്പെട്ടില്ല. അതിനെക്കുറിച്ചൊന്നും ഈ നാട്ടുകര്‍ഷകന്‍ ആലോചിച്ചിട്ടേ ഇല്ല. രണ്ടാം വായനയില്‍, സമകാലം പിന്നിട്ടുള്ള വായനയിലാണ് കോവിലന്‍ വായനക്കാരന്റെ ആത്മാവില്‍ അലിയുന്നത്. ദശകങ്ങള്‍ക്കു മുമ്പെഴുതിയ തോറ്റങ്ങളും എ മൈനസ് ബിയും ഏഴാമെടങ്ങളും ഇന്നും കേരളീയന്റെ സാഹിത്യചര്‍ച്ചയില്‍ നവശോഭയോടെ തെളിഞ്ഞുനില്‍ക്കുന്നു.

മലയാളത്തില്‍ വേറിട്ട എഴുത്ത് എവിടെയെങ്കിലുമുണ്ടോ എന്ന് സജീവമായി അന്വേഷിച്ച മുതിര്‍ന്ന എഴുത്തുകാരനാണ് കോവിലന്‍. പുതിയവരുടെ സാഹിത്യം അതിസൂക്ഷ്മതയോടെ അദ്ദേഹം വായിക്കുമായിരുന്നു. അങ്ങനെയാണ് ഞങ്ങളൊക്കെ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. വിശപ്പിന്റെ എഴുത്തായിരുന്നു കോവിലന്റെ കഥാസാഹിത്യം. ഒരു സുന്ദരിയായ സ്ത്രീയെ കണ്ടാല്‍ താന്‍ അവരുടെ ചേതോഹരമായ മുഖത്തേക്കല്ല, വയറിലേക്കാണ് നോക്കുക (പാവം എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ?) എന്ന് ചങ്കൂറ്റത്തോടെ വിളിച്ചുപറയാന്‍ മറ്റ് ഏത് എഴുത്തുകാരനാണ് കഴിയുക. വിശപ്പ് കേവലം ഭക്ഷണപരമായ ഒരു പ്രശ്നം മാത്രമല്ല കോവിലന്. അത് മൊത്തം ജീവിതാസക്തിയുടെ പര്യായമാണ്. 'നിനക്കുമാത്രേ, ചോറുവെച്ചിട്ടുള്ളൂ. ഞങ്ങക്കൊക്കെ ബജറയാണ്' എന്ന പെങ്ങളുടെ സത്യപ്രസ്താവന കേട്ട് പട്ടാളത്തില്‍ പോയതിന്റെ പിന്നില്‍ ഈ ജീവിതാസക്തി തുടിച്ചുനില്‍ക്കുന്നു. പലിശക്കാരന്റെ ഖജാനയില്‍നിന്ന് അഞ്ഞൂറുരൂപയുടെ ഹൃദയഭാരവുമായി ആശുപത്രിയിലേക്ക് മകന്റെ ഓപ്പറേഷനുവേണ്ടി ബസ്സുകയറുന്ന അച്ഛനിലും ഈ ജീവിതാസക്തി കാണാം. ഒരു റിബണ്‍ വാങ്ങണമെന്ന മകളുടെ അഭ്യര്‍ഥന വര്‍ണശീലത്തലപ്പുപോലെ ആ മനസ്സില്‍ പാറിക്കളിക്കുന്നുണ്ട്. പക്ഷേ, 'ഈ അഞ്ഞൂറുമുറിച്ചുകൂടാ' എന്ന് നാട്ടുഭാഷയില്‍ ആ ആത്മാവു പിറുപിറുക്കുന്നു(ശകുനം).

കോവിലന്‍ എന്നും മണ്ണിനോടു പടവെട്ടുന്ന ഒരു കര്‍ഷകനായിരുന്നു. പട്ടാളസേവനത്തിനുശേഷം തിരിച്ചുവന്ന് ചെങ്കല്ലുകൊണ്ട് മരുപ്പറമ്പായ ഒരു കുന്ന് അദ്ദേഹം ഹരിതാഭമാക്കി. വേനല്‍ക്കാലത്ത് ഫോണ്‍ വിളിക്കുമ്പോള്‍ അദ്ദേഹം പറയും: 'ഇപ്പൊ എഴുത്തൂല്യ, ഒരു മണ്ണാങ്കട്ടേല്യ. ഞാനവടെ കാലത്തുതൊട്ട് അന്ത്യാവണവരെ തെങ്ങിന്റെ കടയ്ക്കലിങ്ങനെ ഇരിക്ക്യാ.' കുന്നിന്‍മുകളില്‍ ആഴത്തില്‍ കിണറുകുത്തുന്നു. വീണ്ടും താഴ്ത്തുന്നു. പമ്പുസെറ്റ് വയ്ക്കുന്നു. അതു കേടാവുന്നു. നന്നാക്കുന്നു. വെള്ളം വറ്റുന്നു. അങ്ങനെ പോകുന്നു സാഹിത്യകാരന്റെ ധന്യമായ ജീവിതം. പഠിച്ചതു സംസ്കൃതമാണെങ്കിലും ഗുരുക്കന്മാരെ സ്മരിക്കുമ്പോഴൊക്കെ കണ്ണുനിറയുമെങ്കിലും അദ്ദേഹം എഴുത്തില്‍ ആ വഴിയല്ല സ്വീകരിച്ചത്. വേറിട്ട ആ തെരഞ്ഞെടുപ്പിന് തന്നെ പ്രേരിപ്പിച്ചത് ജ്വലിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മഹാകാവ്യങ്ങള്‍ പഠിച്ച് കവിതയെഴുതിക്കൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. കമ്പോടുകമ്പ് പ്രാസംവച്ച് അലങ്കാരം ഘടിപ്പിച്ച പദ്യങ്ങള്‍ എന്നാണ് പറയുക. പക്ഷേ, നീറുന്ന ലോകയാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ഈ പദ്യങ്ങള്‍ക്കാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഓരോ വെള്ളിയാഴ്ചയും ചാവക്കാടു ചന്തയിലേക്കുവരുന്ന കുഷ്ഠരോഗികള്‍ പിന്നീടുള്ള ദിവസങ്ങളില്‍ സമീപത്തുള്ള വീടുകളില്‍ കയറിയിറങ്ങും. വഴിയരികില്‍നിന്നു കയറിവന്ന ആ മനുഷ്യരാണ് കോവിലനെ കഥയെഴുതാന്‍ പ്രേരിപ്പിക്കുന്നത്. മഹാപണ്ഡിതരായ അഞ്ചു ഗുരുക്കന്മാരുണ്ടായിട്ടും എഴുത്തുകാരന്റെ യഥാര്‍ഥ ഗുരു വികൃതമായ മുഖവും അപൂര്‍ണമായ ശരീരവുമുള്ള ഒരുപറ്റം മനുഷ്യജീവികളായി മാറുന്നു.

കോവിലന്റെ കഥകളിലെ നാട്ടുവഴക്കങ്ങളും ശബ്ദധ്വനികളും നമ്മുടെ നിരൂപകസമൂഹം വേണ്ടത്ര പഠിച്ചിട്ടില്ല. സാഹിത്യത്തിന് തികച്ചും അപരിചിതവും എന്നാല്‍, ജീവിതപരിസരങ്ങളില്‍ നിറഞ്ഞുനിന്നാടുന്നതുമായ എത്രയോ വാക്കുകളും ശൈലികളുമാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. ബഷീര്‍കൃതികളിലെ ശബ്ദപ്രതീകങ്ങള്‍പോലെ കോവിലന്റെ സാന്ദ്രധ്വനികളും തികച്ചും ജൈവമാണ്. അങ്ങേയറ്റം ജൈവരൂപമായ ഒരു കഥാപാത്രമാണ് തോറ്റങ്ങളിലെ ഉണ്ണിമോള്‍. കാര്‍ഷികജീവിതത്തിന്റെ പ്രാകൃതവും അതേസമയം സര്‍ഗാത്മകമായതാളവുമാണ് ആ കൃതിയുടെ കൈമുതല്‍. കവിതയെഴുത്തു നിര്‍ത്തിയെങ്കിലും കോവിലന്‍ ആത്യന്തികമായി കവിയാണ്. ഹിമാലയവും തട്ടകവും മഹാകാവ്യങ്ങളാണ്. ചന്തയ്ക്കുപോവുന്ന ഉണ്ണീരിമൂപ്പനെ പിന്തുടരുമ്പോള്‍ ഇതഃപര്യന്തം മലയാളത്തില്‍ കണ്ടുപരിചയമില്ലാത്ത ഒരു കാവ്യ നീര്‍ച്ചോലയില്‍ നാം മുങ്ങിനിവരുന്നു. 'അച്ഛന്റെ കാലുവെന്തെടാ' എന്നു സ്വത്വബോധമുള്ള എഴുത്തുകാര്‍ നമുക്കു കുറവാണ്. ബഷീറും മാധവിക്കുട്ടിയും കോവിലനുമാണ് വേറിട്ടുനില്‍ക്കുന്നത്. അതില്‍ തികഞ്ഞ ദ്രാവിഡത്തനിമ കോവിലനാണുള്ളത്. ആ കഥകള്‍ പുതിയൊരു ഭാഷയുണ്ടാക്കാനുള്ള വൃഥാവ്യായാമമല്ല. സ്വന്തം ജീവിതത്തെ, അതുവഴി നാടിനെ, ജീവിതയാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞതിന്റെ ഭാഷാപ്രഘോഷണമാണ്. ഭാഷകൊണ്ടല്ല, ജീവിതംകൊണ്ടാണ് കോവിലന്‍ എഴുതിയത്
(അശോകന്‍ ചരുവില്‍)

പോരാളിയുടെ സഫലജീവിതം

സഫലമായിരുന്നു കോവിലന്റെ ജീവിതം. സാഹിത്യത്തില്‍ എഴുത്തുകാരന് കിട്ടാവുന്ന മിക്കവാറും എല്ലാ പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഈ നേട്ടം നീണ്ടപോരാട്ടത്തിന്റെ ഫലമായി കൈവരിച്ചതാണ്. കോവിലന്‍ എനിക്ക് ജ്യേഷ്ഠസഹോദരനും ഗുരുവുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് നികത്താനാവാത്ത നഷ്ടമാണ്. വളരെയധികം കഷ്ടപ്പാടും ദു:ഖവും സഹിച്ച എഴുത്തുകാരനായിരുന്നു. ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. ചോറ് തിന്നാനുള്ള ആര്‍ത്തിയെക്കുറിച്ചു പലതവണ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ ഒരിക്കലും ചോറ് വെക്കാറുണ്ടായിരുന്നില്ല. അതിന് പുറമേ കീഴാളര്‍ എന്ന നിലയില്‍ ഏറെ അവഗണനയും അധിക്ഷേപങ്ങളും സഹിക്കേണ്ടിവന്നു. തിരസ്കൃതനായ എഴുത്തുകാരന്‍ എന്നായിരുന്നു സ്വയം വിശേഷിപ്പിച്ചത്. പട്ടാളത്തിലും സാഹിത്യത്തിലും അദ്ദേഹം പോരാടി. സാഹിത്യത്തില്‍ വിജയിച്ചു.

ചോറ് തിന്നാന്‍ കൊതിച്ചു നടന്ന കാലത്ത്, അയല്‍പക്കത്തെ ഉന്നത ജാതിക്കാരോട് ചോദിച്ചാല്‍ ചോറ് കിട്ടുമായിരുന്നു. പക്ഷേ അവഹേളനം ഭയന്ന് ചോറിനായി മുട്ട് മടക്കിയില്ല. എന്നാല്‍ കാലം കോവിലന്റെ കൂടെയായിരുന്നു. കുറേ കാലത്തിന്ശേഷം പല ഇല്ലങ്ങളും അദ്ദേഹത്തെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. മാടമ്പുമനയില്‍പോലും അദ്ദേഹം സദ്യ ഉണ്ടു. കീഴാളന്റെ സങ്കടം കാലം അങ്ങിനെ മായിച്ചു. സാഹിത്യത്തില്‍ അദ്ദേഹം സ്വന്തമായ വഴി കണ്ടെത്തി. മണ്ണിന്റെ മണമുള്ള രചനകളായിരുന്നു അദ്ദേഹത്തിന്റേത്. സാധാരണക്കാരുടെ ജീവിതമാണ് ആവിഷ്കരിച്ചത്. ഭാവികാലത്തെക്കുറിച്ചു പ്രവചനസ്വഭാവത്തോടെ ചിന്തിക്കുകയും എഴുതുകയും ചെയ്തു. 'ഒരു നഗരത്തിന്റെ കഥ' എന്ന ചെറുകഥ അദ്ദേഹത്തിന്റേതായുണ്ട്. അതില്‍ മാറുന്ന കാലത്തെകുറിച്ചും പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുമുള്ള പ്രവചനങ്ങളുണ്ട്. കംപ്യുട്ടറിനെക്കുറിച്ചുപോലും ഈ കഥയില്‍ പറയുന്നുണ്ട്. ഇത് വളരെ കാലം മുമ്പ് എഴുതിയ കഥയാണ്. നാട്ടിന്‍പുറത്തെക്കുറിച്ചു മാത്രമല്ല നഗരത്തെകുറിച്ചും അദ്ദേഹത്തിന് എഴുതാന്‍ കഴിയുമായിരുന്നു. എഴുത്തുകാരന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച വ്യക്തികൂടിയായിരുന്നു കോവിലന്‍. ആരുടെയും മുന്നില്‍ തലകുനിച്ചില്ല. എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു. എഴുത്ത് അദ്ദേഹത്തിന് ധ്യാനമായിരുന്നു. ധ്യാനത്തിന്റെ കരുത്തും ആഴവുമാണ് അദ്ദേഹത്തിന്റെ സാഹിത്യം.
(എം മുകുന്ദന്‍)

കണ്ടാണശേരിയുടെ ഇതിഹാസകാരന്‍

ഒ വി വിജയന് ഖസാക്കുപോലെ, എസ് കെ പൊറ്റക്കാടിന് അതിരാണിപ്പാടംപോലെ, എം മുകുന്ദന് മയ്യഴിപോലെ കോവിലനുമുണ്ടൊരു തട്ടകം-കണ്ടാണശേരി. കണ്ടാണശേരിയുടെ സംഭവബഹുലമായ ചരിത്രമാണ് അദ്ദേഹം 'തട്ടക'ത്തില്‍ വരച്ചിട്ടത്. ദേശചരിത്രത്തില്‍നിന്നുള്‍ക്കൊണ്ട ഊര്‍ജമാണ് കോവിലനെ ലോകമറിയുന്ന എഴുത്തുകാരനാക്കിയത്. സംസ്കാരസമ്പന്നമായ പ്രദേശമായിരുന്നു കണ്ടാണശേരി. ഏകദേശം 600 വര്‍ഷംമുമ്പ് വടകരയ്ക്കും മാഹിക്കും ഇടയില്‍നിന്ന് വന്നതാണ് കണ്ടാണശേരിയിലെ ആദ്യ ഈഴവകുടുംബമെന്നാണ് കോവിലന്റെ നിഗമനം. ബ്രാഹ്മണരുടെ ആക്രമണത്തെ ചെറുത്ത് ബുദ്ധമതക്കാരെ രക്ഷിക്കാനാണ് ഇവര്‍ എത്തിയതെന്നു കരുതുന്നു. അവര്‍ കാലക്രമത്തില്‍ കണ്ടാണശേരിയില്‍ സ്ഥിരതാമസമായി. മുനിമട, കുടക്കല്ല്, നന്നങ്ങാടി എന്നിവയിലൂടെ ഗതകാല സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ മൂകമായി നിലകൊള്ളുന്നു. ബുദ്ധ-ജൈന മതവിശ്വാസികള്‍ ധാരാളമുണ്ടായിരുന്നതിന്റെ തെളിവാണിത്. ആത്മപീഡനത്തിനായി ജൈനസന്യാസിമാര്‍ മുനിമട പട്ടിണിപ്പുരയായി ഉപയോഗിച്ചിരുന്നു. വീടിന് തൊട്ടടുത്തുള്ള മുനിമടയില്‍ സന്യാസിമാര്‍ ധ്യാനനിരതരായി ഇരുന്നത് കോവിലന്‍ ഓര്‍ക്കുന്നുണ്ട്. ബുദ്ധ-ജൈന മതങ്ങളുടെ സജീവ സാന്നിധ്യത്തോടൊപ്പം ബ്രാഹ്മണപൌരോഹിത്യം മുളപ്പിച്ചെടുത്ത മതസംസ്കാരവും കണ്ടാണശേരിക്ക് കൈമുതലായി. കുളവും കരിമ്പനയും യക്ഷിയും ഗ്രാമജീവിതത്തില്‍ പുതിയ വിശ്വാസങ്ങള്‍ വളര്‍ത്തി. നായരുടെ ക്ഷേത്രത്തില്‍ ഈഴവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് ജാതിസൌഹൃദത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

ദേശസംസ്കാരത്തിന്റെ ചരിത്രവും പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയ കലാവാസനയും ഏറെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പാവറട്ടി സംസ്കൃത കോളേജാണ് കോവിലന്റെ സാഹിത്യക്കളരിയായത്. അവിടെയുള്ള ലൈബ്രറി അദ്ദേഹത്തിനു മുന്നില്‍ തുറന്നിട്ടത് വായനയുടെ വിശാലമായ ലോകമാണ്. എം പി ശങ്കുണ്ണിനായരും ചെറുകാടും അടക്കമുള്ള ഗുരുക്കന്മാരുമായുള്ള സഹവാസം അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയെ പരിപോഷിപ്പിച്ചു. പില്‍ക്കാലത്ത് പട്ടാളക്കഥകളിലേക്ക് മാറിയെങ്കിലും തട്ടകം എന്ന മഹത്തായ നോവല്‍ എഴുതി കോവിലന്‍ വീണ്ടും സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തി. 'ഉണ്ണീരി മുത്തപ്പന്‍ ചന്തയ്ക്കുപോയി' എന്ന് തുടങ്ങുന്ന തട്ടകം കണ്ടാണശേരിയുടെ ചരിത്രവും പുരാവൃത്തവും അടയാളപ്പെടുത്തുന്നു. കണ്ടാണശേരിയുടെ ഇതിഹാസകാരനായിരുന്നു കോവിലന്‍. ആ പേനത്തുമ്പില്‍ വിരിഞ്ഞ തട്ടകം അതുകൊണ്ടുതന്നെ ഇതിഹാസമാനമുള്ള കൃതിയുമായി. എം എ റഹ്മാന്‍ കോവിലന്റെ ജീവിതം പശ്ചാത്തലമാക്കി 'കോവിലന്‍ എന്റെ അച്ചാച്ചന്‍' എന്ന ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ട്.
(പി ബിജു)

*
കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വായിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ കോവിലന്‍ എന്നെവല്ലാതെ അമ്പരപ്പിച്ചിരുന്നു. ആധുനികരുടെ കാലമായിരുന്നല്ലോ അത്. അവര്‍ക്കും വേറിട്ടൊരു ഭാഷ ഉണ്ടായിരുന്നു. പക്ഷേ, ആ വേറിടലല്ല, ഈ വേറിടലെന്ന് വേഗം മനസ്സിലായി. ഇത് എല്ലില്‍ തൊടുന്നതിന്റെ വ്യത്യാസമാണ്. മണ്ണില്‍നിന്ന് ഉരുവംകൊണ്ട ഭാഷയാണ്. ഏറെക്കാലമായി മലയാളി വായനസമൂഹം താലോലിച്ചുകൊണ്ടു നടന്നിരുന്ന അഭിരുചികളെ അദ്ദേഹം തകിടം മറിച്ചു. പക്ഷേ, സാധാരണ മനുഷ്യന് ആ സാഹിത്യം ആവശ്യമുണ്ടായിരുന്നു. വിശപ്പിന്റെ എഴുത്തായിരുന്നു അത്. കഞ്ഞിവെള്ളത്തില്‍ വഴുതിക്കളിക്കുന്ന വറ്റുകളെ തെരഞ്ഞുപിടിക്കാന്‍ പ്ളാവിലകൊണ്ട് നടത്തുന്ന യുദ്ധങ്ങളായിരുന്നു ഈ പട്ടാളക്കാരന് എഴുത്ത്. ഓരോ കഥയെഴുതുമ്പോഴും അത് നിലവിലുള്ള കഥനരീതികളില്‍നിന്ന് വേറിട്ടതാകണമെന്ന് കോവിലന്‍ ആഗ്രഹിച്ചു. അതുകൊണ്ട് പന്നിപ്രസവം ഉണ്ടായില്ല. ആദ്യവായനയില്‍ ദുഷ്കരമെന്ന് പല വായനക്കാരും പരാതിപ്പെട്ടു. കോവിലന്‍ തെല്ലും കുലുങ്ങിയില്ല. മാധ്യമശ്രദ്ധയും നിരൂപകപരിലാളനയും ബഹുമതികളും ലഭിക്കാത്തതില്‍ പരാതിപ്പെട്ടില്ല. അതിനെക്കുറിച്ചൊന്നും ഈ നാട്ടുകര്‍ഷകന്‍ ആലോചിച്ചിട്ടേ ഇല്ല. രണ്ടാം വായനയില്‍, സമകാലം പിന്നിട്ടുള്ള വായനയിലാണ് കോവിലന്‍ വായനക്കാരന്റെ ആത്മാവില്‍ അലിയുന്നത്. ദശകങ്ങള്‍ക്കു മുമ്പെഴുതിയ തോറ്റങ്ങളും എ മൈനസ് ബിയും ഏഴാമെടങ്ങളും ഇന്നും കേരളീയന്റെ സാഹിത്യചര്‍ച്ചയില്‍ നവശോഭയോടെ തെളിഞ്ഞുനില്‍ക്കുന്നു.

അശോകന്‍ ചരുവില്‍, എം.മുകുന്ദന്‍, പി ബിജു എന്നിവര്‍ കോവിലനെ അനുസ്മരിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

maha sahithyakaranu adharanjalikal.....