മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക
1968 ഏപ്രിലില്‍ ബിഎല്‍ ഡിഗ്രി അവസാന പരീക്ഷയെഴുതി. പരീക്ഷക്ക് പോകുന്നതിന് മുമ്പുതന്നെ മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് തുടങ്ങണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. മഞ്ചേരിയിലെ എന്റെ അടുത്ത സുഹൃത്തായിരുന്ന പൂന്തോട്ടത്തില്‍ അബുവിനോട് ആ ഇംഗിതം വെളിപ്പെടുത്തിയിരുന്നു. പരീക്ഷ കഴിഞ്ഞുവന്നാല്‍ മഞ്ചേരിയില്‍ താമസം തുടങ്ങണം. അതിന് പറ്റിയ ഒരു വീട് കോടതിക്കടുത്തുതന്നെ കണ്ടുപിടിക്കാനും അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതുപ്രകാരം പരീക്ഷ കഴിഞ്ഞ് പെട്ടിയും ബെഡും പുസ്തകക്കെട്ടുമായി ഞാന്‍ മഞ്ചേരി കച്ചേരിപ്പടിയില്‍ വന്നിറങ്ങി. അബു കച്ചേരിപ്പടിയില്‍ സ്റ്റേഷനറിക്കച്ചവടം നടത്തുകയായിരുന്നു. അയാള്‍ ആത്മാര്‍ഥതയുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 1957ലെ പൊതു തെരഞ്ഞെടുപ്പ് കാലത്താണ് ഞാനുമായി പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് വലിയ സൌഹൃദത്തിനിടയായി.
അബു എനിക്കുവേണ്ടി കോടതിക്ക് തൊട്ടടുത്ത് ഹൈസ്കൂളിന് മുന്‍വശം ഒരു വീട് കണ്ടുവച്ചിരുന്നു. പെട്ടിയും കെട്ടും അബുവിന്റെ കടയില്‍ വച്ച് ഞങ്ങള്‍ വീട് കാണാന്‍ പോയി. വീടിന്റെ കാര്യം ഉടമയെ കണ്ടുറപ്പിച്ച് താക്കോല്‍ വാങ്ങിത്തന്നത് അടുത്ത വീട്ടുകാരനും എന്റെ ഒരു പരിചയക്കാരനുമായിരുന്ന 'സൊറ' അബ്ദുള്ളക്ക ആയിരുന്നു. സൊറ എന്ന് പറഞ്ഞാല്‍ ബസ്സില്‍ ആളെപ്പിടിച്ചുകേറ്റുന്ന ജോലി ചെയ്യുന്ന ആള് എന്നാണര്‍ഥം. ഞങ്ങള്‍ വീട് കണ്ട് തൃപ്തിപ്പെട്ടു. പതിനഞ്ചുറുപ്പികയാണ് മാസ വാടക. ആനക്കയത്ത് കെ വി മൊയ്തീന്‍കുട്ടി ഹാജിയുടേതായിരുന്നു വീട്. അഡ്വാന്‍സ് കൊടുത്ത് വീട് ഏറ്റുവാങ്ങി. കൈയിലുള്ള സാധനങ്ങള്‍ അതിനകത്തുവച്ച് കിണറ്റില്‍നിന്ന് വെള്ളം മുക്കി ഒന്ന് കുളിച്ച് പുറത്തുപോയി സാമിയുടെ ഹോട്ടലില്‍ കയറി ഒരു വെജിറ്റേറിയന്‍ ഊണ് കഴിച്ചു.
കച്ചേരിപ്പടിയിലെ സ്വാമിയുടെ 'തൃശൂര്‍' ഹോട്ടല്‍ അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു. അന്നൊക്കെ ഹോട്ടല്‍ ഭക്ഷണത്തില്‍ ഇന്നത്തെ പോലെ കലര്‍പ്പും കൃത്രിമവും ഉണ്ടായിരുന്നില്ല. ഓണത്തിന് ഇല്ലത്തുനിന്ന് ഒരു സദ്യ ഉണ്ട പ്രതീതിയാണ് സ്വാമിയുടെ ഊണ് കഴിച്ചാല്‍ ഉണ്ടാവുക. അത് കഴിഞ്ഞ് വീട്ടില്‍ വന്ന് ബെഡ് നിവര്‍ത്തി കിടന്നു വിശ്രമിച്ചു. ഉറക്കം വരുന്നില്ല. ഭാവി പരിപാടികള്‍ ആസൂത്രണം തലയ്ക്കുള്ളില്‍ നടക്കുകയാണ്. ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്ന് സ്വതന്ത്രമായ കുടുംബ ജീവിതം തുടങ്ങുക എന്നതാണ് ആലോചനാവിഷയം. അന്നേക്ക് മൂന്നു കുട്ടികള്‍ ആയിക്കഴിഞ്ഞിരുന്നു.
വൈകുന്നേരത്തെ ബസ്സില്‍ നാട്ടിലേക്ക് പോയി. സ്വന്തം വീട്ടില്‍ എത്തി ബാപ്പയെ കണ്ട് പദ്ധതികള്‍ മുന്നില്‍വച്ചു. ബുദ്ധിപരമായി തീരുമാനമെടുക്കുന്നതില്‍ അദ്ദേഹം എന്നും മുന്നിലായിരുന്നു. ചെറിയ ഭേദഗതികളോടെ എന്റെ നിര്‍ദേശം അംഗീകരിച്ചു. ഉമ്മയുടെ സമ്മതവും അതിന് പിന്‍ബലമായി.
അക്കാലത്ത് വീട്ടില്‍ നെല്ലിന് ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല, പണത്തിനാണ് വിഷമം. ബാപ്പ പലപ്പോഴും വീട്ടിലെ ആഭരണങ്ങള്‍ ബാങ്കില്‍ പണയംവച്ച് പണം വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ചാക്ക് നെല്ല് വിറ്റാല്‍ പത്ത് ഉറുപ്പികയാണ് അന്ന് വില കിട്ടുക, ഏഴ് പറ നെല്ലാണ് ഒരു ചാക്ക്.
ഏതായാലും ഒരു ലോറി വിളിച്ച് അതില്‍ പത്ത് ചാക്ക് നെല്ല്, അടുപ്പില്‍ കത്തിക്കാന്‍ കുറെ വിറക്, വീട്ടില്‍നിന്ന് കഴിയുന്നത്ര ഫര്‍ണിച്ചര്‍ മുതലായവ കയറ്റി. ലോറി പുറപ്പെടുമ്പോള്‍ ബാപ്പ എന്നെ വിളിച്ച് ഇരുനൂറ്റി അമ്പത് ഉറുപ്പികയും കൈയില്‍ തന്നു. ഞാനും ആ ലോറിയില്‍തന്നെ കയറി മഞ്ചേരിക്ക് വന്നു. അതായിരുന്നു വക്കീല്‍പ്പണിയിലെ എന്റെ ആദ്യത്തെ മൂലധനം. അതിനുശേഷം ബാപ്പ മരിക്കുന്നതുവരെ എന്റെ ആവശ്യത്തിന് ബാപ്പയോട് ഞാന്‍ പണം വാങ്ങിയിട്ടില്ല.
1968 ആഗസ്തില്‍ ബിഎല്‍ പരീക്ഷയുടെ റിസള്‍ട്ട് വന്നു. ഞാന്‍ പാസായി. ഉടനെത്തന്നെ വക്കീലാകാനുള്ള വസ്ത്രങ്ങള്‍ ഒരുക്കാനുള്ള ശ്രമം തുടങ്ങി. കറുത്ത കോട്ടും വെള്ള പാന്റും ഷര്‍ട്ടും കഴുത്തില്‍ കെട്ടുന്ന ബാന്‍സും എല്ലാം തയാറായി. കോടതിയില്‍ കയറാന്‍ ഒരു സീനിയര്‍ വക്കീലിന്റെ സഹായം ആവശ്യമാണ്. മഞ്ചേരി ബാറിലെ പ്രഗത്ഭനും പ്രശസ്തനുമായ സീനിയര്‍ അഡ്വക്കറ്റ് ആയിരുന്നു എന്‍ പി രാമസ്വാമി അയ്യര്‍. മാത്രമല്ല അദ്ദേഹം ബാപ്പയുടെ വക്കീലും കൂടി ആയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് കുട്ടിക്കാലത്തുതന്നെ ബാപ്പയുടെ കേസുകളെപ്പറ്റിയുള്ള വിവരണത്തില്‍നിന്ന് ഞാന്‍ കേട്ട് മനസ്സിലാക്കിയിരുന്നു. ഞാന്‍ ബാപ്പയുമൊരുമിച്ച് അദ്ദേഹത്തെ ചെന്നുകണ്ട് ഇംഗിതം അറിയിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ സ്വീകരിച്ച് എന്നെ ശിഷ്യനായി അംഗീകരിച്ചു. ഞാന്‍ ആനന്ദ പുളകിതനായി. എന്റെ ഭാര്യവീടായ കൊണ്ടോട്ടി തങ്ങള്‍ തറവാട്ടില്‍നിന്ന് എനിക്ക് പിച്ചളകൊണ്ട് കെട്ടുകള്‍ ഉള്ള ആനക്കൊമ്പിന്റെ ഒരു വടി (walking stick) കിട്ടിയിരുന്നു. അത് ഞാന്‍ അദ്ദേഹത്തിന് ഗുരുദക്ഷിണയായി സമ്മാനിച്ചു. അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്ഞാന് ഇന്നും കണ്ണില്‍ കാണുന്നുണ്ട്. അടുത്ത ദിവസംതന്നെ കോടതിയില്‍ വന്നിരിക്കാന്‍ അദ്ദേഹം ഉപദേശിച്ചു.
അങ്ങനെ 1968 സെപ്തംബര്‍ 9ന് രാവിലെ 11 മണിക്ക് മഞ്ചേരി മുന്‍സിഫ് കോര്‍ട്ടില്‍ രാമസ്വാമി അയ്യരുടെ കൂടെ, കറുത്ത കോട്ട് ധരിച്ച ഹംസവക്കീല്‍ അഭിമാനത്തോടെ കയറിയിരുന്നു. ആ ദിവസം എന്റെ ജീവിതത്തില്‍ അത്ഭുതത്തിന്റെയും ആനന്ദത്തിന്റെയും ദിനമാണ്. എഴുപത്തിഒമ്പത് ഉറുപ്പിക മാസശമ്പളത്തില്‍ പഞ്ചായത്ത് ഓഫീസറായി ജോലിചെയ്തിരുന്ന ഒരു പ്രീഡിഗ്രിക്കാരന് ബിഎ, ബിഎല്‍ പാസായ ഹംസവക്കീലാകുന്ന മാനസികാവസ്ഥ ഒരിക്കലും മറക്കാനാവാത്ത അനുഭവംതന്നെ.
ഏതാണ്ട് ഒരു മാസം അങ്ങനെ തുടര്‍ന്നു. അതിനിടയ്ക്ക് അഡ്വക്കറ്റായി എന്റോള്‍ ചെയ്യാനുള്ള ബാര്‍ കൌണ്‍സിലിന്റെ അറിയിപ്പ് കിട്ടി. അതുപ്രകാരം 12-10-1968 രാവിലെ 11 മണിക്ക് എറണാകുളം ഹൈക്കോടതിയില്‍ ബാര്‍ കൌണ്‍സില്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അഡ്വക്കറ്റായി എന്റോള്‍ചെയ്തു. കറുത്ത കോട്ടിന്റെ പുറമെ ഒരു ഗൌണ്‍ ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. പിറ്റേ ദിവസംതന്നെ മഞ്ചേരി ബാറില്‍ എത്തി, രാമസ്വാമി അയ്യരുടെ ജൂനിയര്‍ അഡ്വക്കറ്റായി പ്രാക്ടീസ് ആരംഭിച്ചു.
അദ്ദേഹം ആ കാലത്ത് സിവില്‍ കേസുകള്‍ മാത്രമെ നടത്തിയിരുന്നുള്ളു. മുമ്പ് പ്രഗത്ഭനായ ക്രിമിനല്‍ വക്കീലായിരുന്നു. പ്രമാദമായ നിരവധി ക്രിമിനില്‍ കേസുകള്‍ മുമ്പ് നടത്തിയ കഥകള്‍ അദ്ദേഹം തന്നെ വിവരിച്ചുതന്നിരുന്നു. എല്ലാ ദിവസവും രാവിലെ ഏഴ്മണിക്ക് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഓഫീസില്‍ എത്തും. കുറേ കേസ് കെട്ടുകള്‍ എടുത്തുതരും. ഞാന്‍ അതെല്ലാം ശ്രദ്ധയോടെ വായിക്കും. അതിര് തര്‍ക്കം, പാട്ടബാക്കി, ഇഞ്ചങ്ഷന് കേസ് എന്നിവയായിരുന്നു കൂടുതലും. അവയിലെ അന്യായം, അതിന്മേല് പ്രതിഭാഗത്തുനിന്ന് ബോധിപ്പിച്ച പത്രിക തീര്‍പ്പ് കല്‍പ്പിക്കേണ്ട പ്രശ്നങ്ങള്‍ (issues) എന്നിവ മനസ്സിരുത്തി വായിക്കണം. കോടതിയില്‍ പോകുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് കെട്ട്നോക്കല് നിര്‍ത്തും.പിന്നെ എനിക്ക് കുറേ കാര്യങ്ങള്‍ പറഞ്ഞുതരും. പാട്ടം, പണയം, അനുവാദം (lease, mortgage, licence) എന്നിവ വിശദീകരിച്ചുതരും.അത് കഴിഞ്ഞ് തലേദിവസം പറഞ്ഞുതന്ന കാര്യങ്ങളെ സംബന്ധിച്ച ചില ചോദ്യങ്ങള്‍. തെറ്റാതെ ഉത്തരം പറഞ്ഞില്ലെങ്കില്‍ ഗുരുവിന്റെ സ്വഭാവം മാറും. വിനയാന്വിതനായ ശിഷ്യനായി ഞാന്‍ എല്ലാം അനുസരിക്കും. അതെല്ലാം എന്നില്‍ കുടികൊള്ളുന്ന വക്കീല്‍ എന്ന വികാരത്തെ ഉദ്ദീപിപ്പിക്കലും അരക്കിട്ടുറപ്പിക്കലുമായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. പിന്നീട് അതെല്ലാം എന്റെ വക്കീല്ജീവിതത്തില് കനപ്പെട്ട മാര്‍ഗദര്‍ശനമായി മാറി. ഇന്ന് ആ തരത്തിലുള്ള ബന്ധങ്ങളെല്ലാം പഴങ്കഥകള്‍ മാത്രമാണ്.
ആറ് മാസം മാത്രമെ അങ്ങനെ സ്ഥിരമായി ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ഒരാള്‍ അദ്ദേഹത്തിന്റെ മുറ്റത്തു വന്ന് എന്നെ ഒന്ന് എത്തിനോക്കി. അതു കണ്ട്, അയാളോട് അദ്ദേഹം എന്താ എന്ന് ചോദിച്ചു. ഒന്നുമില്ല. എന്നയാള്‍ മറുപടി പറഞ്ഞു. കുറച്ച് കഴിഞ്ഞ് അയാള്‍ വീണ്ടും ഒന്ന് എത്തി നോക്കി. അപ്പോള്‍ സാമിക്ക് കാര്യം പിടികിട്ടി. എന്നെ അന്വേഷിച്ച് കക്ഷികള്‍ വരാന്‍ തുടങ്ങി എന്ന്. ഉടനെ അദ്ദേഹം എന്നോടായി പറഞ്ഞു. "നിങ്ങള്‍ക്ക് കക്ഷികള്‍ വരുന്നുണ്ട്, നിങ്ങള്‍ വീട്ടില്‍ പോയി ഇരിക്കൂ, ഏതെങ്കിലും കാര്യത്തില്‍ സംശയം തോന്നിയാല്‍, അപ്പോള്‍ വന്നാല്‍ മതി''. അത് കേട്ട ഉടനെ ഞാന്‍ എണീറ്റ് പുറത്തുള്ള ആളെയും കൂട്ടി എന്റെ വീട്ടില്‍ പോയി. പിന്നെ ഞാന്‍ ഓഫീസില്‍ പോയിരുന്നില്ല. എപ്പോഴെങ്കിലും ചെന്നുകണ്ട് സംശയങ്ങള്‍ തീര്‍ക്കും.
എന്‍ പി രാമസ്വാമി അയ്യര്‍, എന്റെ ഗുരുനാഥന് അക്ഷരാര്‍ഥത്തില്‍ ഒരു അത്ഭുത പ്രതിഭാസംതന്നെ ആയിരുന്നു. അദ്ദേഹത്തെപ്പറ്റി ചെറുപ്പത്തില്‍ ബാപ്പയുടെ വിവരണത്തില്‍നിന്ന് കിട്ടിയ അറിവ് അത്രയും ശരിയായിരുന്നു എന്ന് എനിക്ക് അനുഭവത്തില്‍നിന്ന് ബോധ്യമായി. പിന്നീട് അദ്ദേഹത്തിന്റെ ഓഫീസില്‍ ഞാന്‍ സ്ഥിരമായി പോയിരുന്നില്ലെങ്കിലും കോടതിയില്‍ സന്തതസഹചാരി ആയിരുന്നു. അദ്ദേഹത്തിന്റെ എതിര്‍വിസ്താരം, വാഗ്വാദം എന്നിവ ഞാന്‍ ശ്രദ്ധിച്ചുകേട്ട് പഠിക്കും. രാവിലെ പതിനൊന്നു മണിക്ക് കോടതിയില്‍ വന്നാല്‍ അഞ്ച് മണിക്കേ അദ്ദേഹം പോകാറുള്ളൂ. അദ്ദേഹത്തിന്റെ എല്ലാ ശൈലിയും ശീലവും കിട്ടിയ അവസരത്തില്‍ സ്വായത്തമാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. വക്കീല്‍പ്പണിയിലെ സ്ഥിരോത്സാഹവും സത്യസന്ധതയും അദ്ദേഹത്തില്‍നിന്നാണ് പഠിച്ചത്. അതിലൊന്നും ഒരിക്കലും ഞാന്‍ വീഴ്ച വരുത്തിയിരുന്നില്ല. അതിനാല്‍ തൊഴിലില്‍ അതിവേഗം ഞാന്‍ പച്ചപിടിച്ചുകേറി. സിവിലും ക്രിമിനലും ടാക്സും ഒരുമിച്ച് ഞാന്‍ കൈകാര്യം ചെയ്തുതുടങ്ങി. കൂട്ടത്തില്‍ ആര്‍ടിഎ കേസുകളും കലക്ടറുടെ മുമ്പില്‍ ഇസി ആക്ട് കേസുകളും നടത്തിവന്നു. ചുരുക്കത്തില്‍ ഒരു കൊല്ലംകൊണ്ട് വളരെ മുന്നോട്ടുപോയി. കുറച്ചുകഴിഞ്ഞു സിവിലും ടാക്സും ഞാന്‍ വിട്ടു, ക്രിമിനല്‍ കേസുകള്‍ മാത്രമായി.
ആ കാലത്ത് മഞ്ചേരിയിലെ പ്രഗത്ഭനായ ക്രിമിനല്‍ വക്കീല്‍ പി സി മുഹസിന് കോഴിക്കോട്ടേക്ക് പ്രാക്ടീസ് മാറ്റി, കോഴിക്കോട്ടുതന്നെ താമസവുമായി. അദ്ദേഹത്തിന്റെ ശിഷ്യന് ആയിരുന്ന എം പി ഗംഗാധരനായിരുന്നു പിന്നെ ക്രിമിനല്‍ കേസുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. അദ്ദേഹം 1969ല്‍, നിലമ്പൂര്‍ എംഎല്‍എ സ. കുഞ്ഞാലിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആയി. 1970ല്‍ നിയമസഭ പിരിച്ചുവിട്ടു. പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വീണ്ടും അദ്ദേഹം മത്സരിച്ചു ജയിച്ചു. ആ സ്ഥാനം 1977 വരെ തുടര്‍ന്നു. അദ്ദേഹത്തിന് കോടതിയില്‍ വരാന്‍ കഴിയാതെയായി. ചുരുക്കത്തില്‍ മഞ്ചേരി കോടതിയില്‍ ഒരു ക്രിമിനല്‍ വക്കീലിന്റെ 'കട്ടില്' ഒഴിഞ്ഞുകിടന്നു.
അങ്ങനെ ക്രിമിനല്‍ വക്കീല്‍ എന്ന നിലയിലുള്ള എന്റെ മുന്നോട്ടുപോക്ക് കുറേക്കൂടി സുഗമമായി. മഞ്ചേരി കോടതികള്‍ക്ക് പുറമെ മലപ്പുറം, പെരിന്തല്‍മണ്ണ എന്നീ ക്രിമിനല്‍ കോടതികളിലും കോഴിക്കോട്ട് സ്ഥിതിചെയ്തിരുന്ന മലപ്പുറം ജില്ലാ കോടതിയിലും ഞാന്‍ ഹാജരാവാന്‍ തുടങ്ങി. ആയിടയ്ക്കാണ് മഞ്ചേരിയില്‍ രണ്ടാംക്ളാസ് മജിസ്ട്രേട്ട്കോടതിക്ക് പുറമെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോര്‍ട്ടും വന്നത്. ക്രിമിനല്‍ കേസുകള്‍ക്കൊപ്പം ഞാന്‍ ആര്‍ടിഎ കേസുകള്‍ നിലനിര്‍ത്തി. മാസത്തില്‍ ഒരു പ്രാവശ്യം നടക്കുന്ന ആര്‍ടിഎ മീറ്റിങ് ഏറ്റവും നല്ല വരുമാന മാര്‍ഗമായി. ആകപ്പാടെ ഞാന്‍ സാമ്പത്തികമായി മെച്ചപ്പെട്ടുവന്നു. ആ കാലത്താണ് ഭാര്യ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. 18-12-69 ല്‍ പ്രസവിച്ച കുട്ടിയാണ് ഷബീര്‍; ഇപ്പോള്‍ ദുബായില്‍ അല്ഫുത്തെന് കമ്പനിയില്‍ സെയില്‍സ് വിഭാഗം മാനേജരായി പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറാണ്.
വക്കീല്‍പ്രവൃത്തി മോശമല്ലാതെ നടന്നുവരികയും സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്ഥിതി ഉണ്ടാവുകയുംചെയ്തു. എങ്കിലും എന്റെ കൂടെപ്പിറപ്പായ രാഷ്ട്രീയം ഇതിനെല്ലാം ഒപ്പംതന്നെ പിന്തുടര്ന്നുവന്നു. കെപിസിസി അംഗമായി, അപ്പോള്‍തന്നെ ഞാന്‍ മഞ്ചേരി മണ്ഡലം പ്രസിഡന്റ്, പിന്നെ ബ്ളോക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മഞ്ചേരിയില്‍ ഒതുങ്ങിയ സംഘടനാ പ്രവര്‍ത്തനവും ജില്ലയില്‍ പൊതുയോഗങ്ങളിലെ പ്രസംഗവും ആയിരുന്നു പ്രവര്‍ത്തന ശൈലി. രാഷ്ട്രീയ പ്രവര്‍ത്തനം വക്കീല്‍പ്പണിക്കും വക്കീല്‍പ്പണി രാഷ്ട്രീയത്തിനും പരസ്പരം ഗുണകരമായിരുന്നു.
ആയിടയ്ക്കാണല്ലോ 1969 ല്‍ സ. കുഞ്ഞാലി വെടികൊണ്ടുമരിച്ച സംഭവം നടന്നത്. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാനസിക സംഘര്‍ഷമുണ്ടാക്കിയ സംഭവമായിരുന്നു. രാഷ്ട്രീയ, പൊതുജീവിതത്തില്‍ അങ്ങനെയൊരു മാനസിക പിരിമുറുക്കം മുമ്പ് അനുഭവിച്ചിട്ടില്ല. കൊല്ലപ്പെട്ട സ. കുഞ്ഞാലി വ്യക്തിപരമായി എന്റെ നല്ല സുഹൃത്തായിരുന്നു. സുഹൃത്തിന്റെ വിയോഗം ഒരു ഭാഗത്ത്, ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി പ്രതിസ്ഥാനത്ത്, പ്രതിക്കൂട്ടില്‍ സഹപ്രവര്ത്തകന് ആര്യാടന് മുഹമ്മദ്. ഏറനാട്ടില്‍ കോണ്‍ഗ്രസിന് ഇത്രയും വലിയ കളങ്കം വരുത്തിവച്ച വേറെ സംഭവങ്ങളില്ല.
ഒരു സ്വകാര്യ മുതലാളിയുടെ റബ്ബര്‍തോട്ടത്തിലെ തൊഴിലാളികള്‍ക്ക് പണിനിര്‍ത്തുമ്പോള്‍ ചെലവ് കാശ് അഡ്വാന്‍സ് കൊടുക്കുന്നതിനെ സംബന്ധിച്ചായിരുന്നു തര്‍ക്കം. കുഞ്ഞാലി പ്രസിഡന്റ് ആയ യൂണിയനില്‍നിന്ന് കാല്മാറി പോയ തൊഴിലാളികളുടെ ആനുകൂല്യത്തെ സംബന്ധിച്ചാണ് പ്രശ്നം. കൊടുക്കേണ്ടതില്ലെന്ന് കുഞ്ഞാലി, വാങ്ങിക്കൊടുക്കുമെന്ന് കോണ്‍ഗ്രസ് യൂണിയന്. തര്‍ക്കം മൂത്ത് ഇരുകൂട്ടരും ചുള്ളിയോട് അങ്ങാടിയില്‍ റോഡിന് ഇരുവശത്തുമുള്ള താന്താങ്ങളുടെ യൂണിയന് ഓഫീസുകളില്‍ സംഘടിച്ചു. കുഞ്ഞാലി അദ്ദേഹത്തിന്റെ തൊഴിലാളി യൂണിയന് ഓഫീസില്‍തന്നെ ഉണ്ടായിരുന്നു. ആര്യാടന് അപ്പോള്‍ മലപ്പുറം കോണ്‍ഗ്രസ് ഓഫീസിലും. തന്റെ രണ്ടാംനിര നേതാക്കളെ എല്ലാം ഏല്‍പ്പിച്ചു മലപ്പുറത്തിരുന്ന് റിമോട്ട് കണ്ട്രോളില് കാര്യങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു ആര്യാടന്.
ഇരുകൂട്ടരും വാശിയില്‍തന്നെ, സംഘര്‍ഷഭരിതമായ അന്തരീക്ഷം. രാത്രി സമയം നീണ്ടുപോകുന്നു. ചെറിയ ചാറല്‍ മഴയും. രംഗം സംഘട്ടനത്തിന്റെ വക്കോളമെത്തി. അതിനിടക്ക് ആര്യാടന്റെ തൊഴിലാളികള്‍ അദ്ദേഹം സ്ഥലത്ത് വരണമെന്ന് വാശിപിടിച്ചു. അത്തരം രംഗങ്ങളില്‍ മുന്നില്‍ വരാന്‍ ധൈര്യമുള്ള ആളല്ല ആര്യാടന്. പിന്നില്‍നിന്ന് ബുദ്ധിപരമായി കരുനീക്കുന്നതിലാണ് അദ്ദേഹത്തിന്റെ സാമര്‍ഥ്യം കുടികൊള്ളുന്നത്. പക്ഷേ ഇക്കാര്യത്തില്‍ തന്റെ കണക്ക് തെറ്റി. അനുയായികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആര്യാടന് ചുള്ളിയോട്ടേക്ക് പുറപ്പെട്ടു. പോകുമ്പോള്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി വിവരങ്ങള്‍ ധരിപ്പിക്കുകയും ചുള്ളിയോട് എന്തും സംഭവിക്കാനിടയുണ്ടെന്നും പൊലീസ് സഹായം വേണം എന്ന് ആവശ്യപ്പെട്ട് ഒരു ഹരജി കൊടുക്കുകയും ചെയ്തു.
ഇത് അദ്ദേഹത്തിന്റെ ഭയംകൊണ്ടാണ് ചെയ്തിരുന്നതെങ്കിലും പിന്നീട് കേസ് വിചാരണയില്‍ തനിക്കെതിരായി വാദം വരാനിടയായി. ആര്യാടന്, സംഭവിക്കാന്‍പോകുന്ന കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് പ്രോസിക്യൂഷന് ഭാഗത്ത്നിന്ന് വാദം ഉണ്ടായി. അത് പ്രതിഭാഗത്ത്നിന്ന് നേരിടാന്‍ പ്രയാസമുള്ള വാദവും ആയിരുന്നു.
ഏതായാലും ആര്യാടന് ചുള്ളിയോട് എത്തി കാറില്‍നിന്നിറങ്ങി നേരെ തന്റെ യൂണിയന് ഓഫീസിലേക്ക് പോയി. അവിടെ പ്രവര്‍ത്തകര്‍ കൂട്ടംകൂടിയിരുന്നു. തുടര്‍ന്ന് കുഞ്ഞാലി ഓഫീസില്‍നിന്ന് പുറത്ത് ഇറങ്ങി, ആര്യാടനെ വെല്ലുവിളിച്ച് കാര്യങ്ങള്‍ പറയാനാവശ്യപ്പെട്ടു. അതോടെ വെടിപൊട്ടി, കുഞ്ഞാലി വീണു. ഇതായിരുന്നു സംഭവത്തിന്റെ ചുരുക്കം. ഇതോടെ ചാറല്‍ മഴ പെരുമഴയായി, കൊടുങ്കാറ്റും. ആര്യാടന്റെ അപേക്ഷ പ്രകാരം നിലമ്പൂര്‍ പൊലീസ് സംഘം പിന്നാലെതന്നെ പുറപ്പെട്ടിരുന്നു. പക്ഷേ അവര്‍ക്ക് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. കൊടുങ്കാറ്റില്‍ ഒരു വലിയ മരം കടപുഴകി റോഡിന് കുറുകെ വീണിരുന്നതിനാലാണ് പൊലീസിന് ചുള്ള്യോട് എത്താന്‍ കഴിയാതെ പോയത്. ആ കൊടുങ്കാറ്റ് ഇല്ലായിരുന്നെങ്കില്‍ സ. കുഞ്ഞാലിയുടെ വിലപ്പെട്ട ജീവന് നഷ്ടപ്പെടുമായിരുന്നില്ല.
തുടര്‍ന്ന് കേസ് അന്വേഷണവും അറസ്റ്റും കോടതിയും എല്ലാംകൂടി നാട്ടില്‍ സംഭ്രമ ജനകമായ അന്തരീക്ഷം. ഒടുവില്‍ ആര്യാടന് മുഹമ്മദ് ഒന്നാംപ്രതി ആയി കേസ് ചാര്‍ജ് ചെയ്തു. വളരെ താമസിയാതെ കേസ് വിചാരണയ്ക്ക് വന്നു. അന്ന് കേരളത്തില്‍ സ. ഇ എം എസ് മുഖ്യമന്ത്രിയായി സപ്തകക്ഷി മുന്നണി അധികാരത്തിലിരിക്കുന്ന കാലമാണ്. മരിച്ച സ. കുഞ്ഞാലി നിലമ്പൂരില്‍നിന്നുള്ള എംഎല്‍എയും. പ്രതീക്ഷിച്ച പോലെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായിരുന്ന ക്രിമിനല്‍ വക്കീല്‍ കെ കുഞ്ഞിരാമമേനോനെ പൊലീസ് വിഭാഗം സ്പെഷല്‍ പ്രൊസിക്യൂട്ടറായി ഗവണ്മെന്റ് നിയമിച്ചു.
സത്യത്തില്‍ കുഞ്ഞാലിയുടെ മരണംമൂലം ഉണ്ടായ വിടവ് നികത്താന്‍ ഏറനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ഉണ്ടായ മാനസിക അസ്വാസ്ഥ്യം മുന്‍നിര്‍ത്തിയും അന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ പിളര്‍പ്പില്‍ മനംമടുത്തും ഞാന്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറി മൌനം പാലിക്കുകയും ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയുമാണുണ്ടായത്. കുഞ്ഞാലിയുടെ മരണത്താലുണ്ടായ 1969 ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്ന ഗംഗാധരനുവേണ്ടി മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
പിന്നീട് സപ്തകക്ഷി മുന്നണി മന്ത്രിസഭ രാജിവച്ച് 1970ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നു. ഒരു കൊല്ലത്തെ ഇടവേളക്കുശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സിപിഐ മുന്നണി അധികാരത്തില്‍വന്നു. സ. സി അച്യുതമേനോന് മുഖ്യമന്ത്രിയും കെ കരുണാകരന് ആഭ്യന്തരമന്ത്രിയുമായി.
രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായെങ്കിലും എന്റെ പൂര്‍ണമായ ശ്രദ്ധ വക്കീല്‍പ്പണിയില്‍ തന്നെ ആയിരുന്നു. അതിനിടെ കുഞ്ഞാലി വധക്കേസ് വിചാരണ തുടങ്ങി. സ്വാഭാവികമായി ഞാനും ആ കേസില്‍ പ്രതിഭാഗത്ത് വക്കീല്‍മാരുടെ പാനലില്‍ അംഗമായി. ആര്യാടനുവേണ്ടി കേസ് നടത്താന്‍ ഹാജരായവരില്‍ തൃശൂരില്‍നിന്ന് സീനിയര്‍ വക്കീല്‍ അയ്യപ്പനും ഉണ്ടായിരുന്നു. അദ്ദേഹം കേരളത്തിലെ ക്രിമിനല്‍ അഭിഭാഷകരില്‍ മുന്‍നിരക്കാരനായിരുന്നു. പിന്നീട് അദ്ദേഹം കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍വരെ ആയി. അദ്ദേഹത്തിന്റെ കൂടെ പി സി മുഹസിന്, എം രത്നസിങ്, എം പി ഗംഗാധരന് എന്നിവരും ഏറ്റവും ജൂനിയറായി ഞാനും ഹാജരായി.
ആ കേസില്‍ മേല്‍പ്പറഞ്ഞ സീനിയര്‍ വക്കീലന്മാരുടെ കൂടെ ഹാജരായത് എനിക്ക് വലിയ അനുഗ്രഹവും നേട്ടവുമായിത്തീര്ന്നു. കേസിലെ പ്രതിഭാഗത്തേക്കുള്ള രേഖകള്‍ ഒപ്പിട്ട് വാങ്ങുക, കോപ്പി എടുക്കുക, പ്രതിഭാഗം രേഖകള്‍ കോടതിയില്‍ ഹാജരാക്കുക എന്നിവ എന്റെ ജോലിയായിരുന്നു. മാത്രമല്ല കേസിലെ നൂലാമാലകള്‍ കെട്ടഴിക്കുന്നതിനെപ്പറ്റിയും നിയമക്കുരുക്കുകള്‍ മറികടക്കുന്നതിനെ സംബന്ധിച്ചും സീനിയര്‍ വക്കീലന്മാര് നടത്തുന്ന ചര്‍ച്ചകളും പഠനങ്ങളും നിഗമനങ്ങളും എഴുതിയെടുക്കുന്നതും കോപ്പിയെടുക്കുന്നതും ഞാന്‍തന്നെ. ചുരുക്കത്തില്‍ ഒരു വലിയ ക്രിമിനല്‍ കേസ്, അതും ഒരു കൊലക്കേസ് പ്രതിഭാഗത്തുനിന്ന് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് വിദഗ്ധരുടെ കൂടെനിന്ന് മനസ്സിലാക്കാനും പഠിക്കാനും എനിക്ക് കിട്ടിയ അസുലഭമായ അവസരം. ഒരനുഭവം ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ഇന്ത്യന്‍ തെളിവ് നിയമത്തിലെ '27-ാം വകുപ്പ് പ്രകാരമുള്ള റിക്കവറി' ഒരു വലിയ വിഷയമാണ് അന്നും ഇന്നും.കേസ് അന്വേഷണത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു പ്രതിയുടെ കുറ്റസമ്മത മൊഴി അപ്പാടെ കോടതി തെളിവില്‍ സ്വീകരിക്കുകയില്ല. എന്നാല്‍ അത്തരം മൊഴിയില്‍ കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വസ്തു കണ്ടുപിടിക്കാന്‍ ഉതകുമെങ്കില്‍ അത്രയും ഭാഗം തെളിവില്‍ കോടതി സ്വീകരിക്കും. അതായത് പ്രതിയുടെ മൊഴിയില്‍ 'കുത്തിയ കത്തി ഞാന്‍ വീടിന്റെ പിന്‍ഭാഗത്ത് കുഴിച്ചിട്ടിട്ടുണ്ട്, അത് കാണിച്ചുതരാം' എന്നു പറഞ്ഞാല്‍, കത്തി അത് പ്രകാരം കണ്ടെടുക്കുകയും മൊഴിയിലെ ആ ഭാഗം മാത്രം തെളിവില്‍ സ്വീകരിക്കുകയും ചെയ്യും.
ഇത് നിയമ നടപടിക്രമങ്ങളിലെ അതീവ സങ്കീര്‍ണമായ ഒരു വിഷയമാണ്. അനുകൂലവും പ്രതികൂലവുമായി ധാരാളം ഉയര്‍ന്ന കോടതികളിലെ വിധികളും ഉണ്ടായിട്ടുണ്ട്. അതുപോലെത്തന്നെ Ballistic expert, post-mortem report എന്നീ സാങ്കേതിക വിഷയങ്ങളും വളരെ കെട്ടുപിണഞ്ഞുകിടക്കുന്ന കാര്യങ്ങളാണ്. ഇതിലൊക്കെ ഒരു നിപുണന്തന്നെ ആയിരുന്നു അയ്യപ്പന് വക്കീല്‍. അന്വേഷണ ഉദ്യോഗസ്ഥരെ എതിര് വിസ്താരം ചെയ്യുന്നതില്‍ അതീവ സമര്‍ഥനും.
എന്നാല്‍ മറുവശത്ത് കേരളം കണ്ട ഏറ്റവും വലിയ നിയമ-ബുദ്ധിജീവിയായ കെ കുഞ്ഞിരാമമേനോന്. അദ്ദേഹം അയ്യപ്പന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ നടത്തുന്ന തന്ത്രപരമായ നീക്കങ്ങള്‍ അത്ഭുതകരം ആയിരുന്നു. ചിലപ്പോള്‍ ഉയര്‍ത്തുന്ന പ്രത്യാക്രമണങ്ങളും. ഇതിലെല്ലാം ഒരു ജൂനിയര്‍ വക്കീല്‍ വിദ്യാര്‍ഥി ആയ ഞാന്‍ നന്നായി ശ്രദ്ധിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തത് പില്ക്കാലത്ത് വലിയ സഹായമായിത്തീര്‍ന്നു. എന്റെ ആദ്യഗുരു രാമസ്വാമി അയ്യരുടെ കൂടെയുള്ള തുടക്കവും അയ്യപ്പന്റെ കൂടെയുള്ള തുടര്‍പഠനവും ഞാനെന്ന വക്കീലിന് രൂപംകൊടുക്കുകയായിരുന്നു. സംഭ്രമജനകമായ പല സന്ദര്‍ഭങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കുഞ്ഞാലി വധക്കേസ് പിന്നീട് സെഷന്‍സ് കോടതി ആര്യാടനെ വെറുതെവിട്ടു തീര്‍പ്പാക്കി.
*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 09 ജനുവരി 2011
Sunday, January 9, 2011
സ. കുഞ്ഞാലിയുടെ രക്തസാക്ഷിത്വവും എന്റെ വക്കീല്‍ ജീവിതവും
Subscribe to:
Post Comments (Atom)
1 comment:
ആയിടയ്ക്കാണല്ലോ 1969 ല്‍ സ. കുഞ്ഞാലി വെടികൊണ്ടുമരിച്ച സംഭവം നടന്നത്. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാനസിക സംഘര്‍ഷമുണ്ടാക്കിയ സംഭവമായിരുന്നു. രാഷ്ട്രീയ, പൊതുജീവിതത്തില്‍ അങ്ങനെയൊരു മാനസിക പിരിമുറുക്കം മുമ്പ് അനുഭവിച്ചിട്ടില്ല. കൊല്ലപ്പെട്ട സ. കുഞ്ഞാലി വ്യക്തിപരമായി എന്റെ നല്ല സുഹൃത്തായിരുന്നു. സുഹൃത്തിന്റെ വിയോഗം ഒരു ഭാഗത്ത്, ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി പ്രതിസ്ഥാനത്ത്, പ്രതിക്കൂട്ടില്‍ സഹപ്രവര്ത്തകന് ആര്യാടന് മുഹമ്മദ്. ഏറനാട്ടില്‍ കോണ്‍ഗ്രസിന് ഇത്രയും വലിയ കളങ്കം വരുത്തിവച്ച വേറെ സംഭവങ്ങളില്ല.
Post a Comment