ആധുനികജീവിതം അനുനിമിഷമെന്നോണം മാറിക്കൊണ്ടിരിക്കുകയാണ്. കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടിവി, പാരിസ്ഥിതിക പ്രശ്നങ്ങള്‍, വൃദ്ധജനങ്ങളുടെ ഒറ്റപ്പെടല്‍, ധനമോഹം, വര്‍ഗീയത, ഭീകരവാദം, മദ്യാസക്തി എന്നിവയെല്ലാം പുതിയ കാലത്തെ ജീവിതത്തെ രോഗാതുരവും നാശോന്മുഖവുമാക്കുന്നു. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് ഗുണങ്ങള്‍ പലതുമുണ്ടെങ്കിലും അതിനേക്കാളേറെ ദോഷങ്ങളുമുണ്ട്. കംപ്യൂട്ടര്‍, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ ഉദാഹരണമാണ്. കാരണങ്ങള്‍ പലതാകാമെങ്കിലും മുമ്പൊന്നുമില്ലാത്തവിധം ഇന്ന് ആത്മഹത്യയും കൊലപാതകവും കവര്‍ച്ചയും പെരുകുകയാണല്ലൊ. മാനുഷിക ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിപ്ളവ പ്രസ്ഥാനത്തിന്റെ മുന്നണിപ്പടയാളികളാകേണ്ട യുവാക്കളിന്ന് അരാജക പ്രവണതകളില്‍ അഭിരമിക്കുകയാണ്. അവര്‍ എല്ലാ നന്മകളില്‍നിന്നും അകന്നുനില്ക്കുകയും തിന്മകളില് സായൂജ്യം കണ്ടെത്തുകയും ചെയ്യുന്നു. ടി എസ് എലിയറ്റ് "ദി വേസ്റ്റ് ലാന്‍ഡ്'' എന്ന കവിതയില്‍ വ്യക്തമാക്കുന്നതുപോലെ, ലക്ഷ്യത്തിലെത്താനാവാതെ വട്ടംചുറ്റുന്ന മനുഷ്യരെയാണിന്ന് കാണാനാവുക. താന്‍ ഈയിടെ കേരളത്തില്‍ രണ്ടു വിഭാഗക്കാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ പോയപ്പോള്‍ തനിക്ക് കുടിക്കാന്‍ തന്നത് വെള്ളമായിരുന്നില്ല, മാരകശക്തിയുള്ള മദ്യമായിരുന്നു എന്ന് ഗാന്ധിജി പരലോകത്ത്വച്ച് വള്ളത്തോളിനോട് പറയുന്ന ഒരു കഥയുണ്ട് (സമാധാനം-പള്ളിക്കര വി പി മുഹമ്മദ്). ഈ അവസ്ഥാവിശേഷങ്ങളെല്ലാം ഇന്ന് പുറത്തിറങ്ങുന്ന കഥകള്‍ക്ക് വിഷയമാകുന്നുണ്ടെന്നുള്ളത് ശുഭാവഹമാണ്. വെള്ളപ്പൊക്കത്തില്‍പ്പെട്ട നായയോ (വെള്ളപ്പൊക്കത്തില്‍ -തകഴി), കുട്ടിയുടെ പൊതിച്ചോറ് കട്ടെടുക്കുന്ന അധ്യാപകനോ (പൊതിച്ചോറ്-കാരൂര്‍), കാര്യസ്ഥന് കോരി നിറയ്ക്കുന്ന വെള്ളം മുഴുവന്‍ നിലത്തൊഴുക്കുന്ന മാനസിക രോഗിയോ (ഇരുട്ടിന്റെ ആത്മാവ് -എം ടി), വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഹോട്ടലില്‍നിന്ന് ആദ്യമായി ഭക്ഷണം കഴിക്കുന്ന ഹിന്ദുമത വിശ്വാസിയില്‍നിന്ന് കാശ് വാങ്ങാതിരിക്കുന്ന ഹോട്ടലുടമയോ (ഹമീദ് ഖാന്-എസ് കെ പൊറ്റെക്കാട്), ജന്മദിനത്തില് ദിവസം മുഴുവന്‍ പൈപ്പിലെ വെള്ളംമാത്രം കുടിക്കേണ്ട അവസ്ഥയുള്ളവരോ (ജന്മദിനം -ബഷീര്‍) ഇന്നത്തെ കഥകളിലുണ്ടാവില്ല. മറിച്ച് ഒറ്റപ്പെടലില്‍ വിഷാദമൂകരാകുന്ന വയോജനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന അപകടങ്ങള്ക്കിരയാവുന്നവരും മദ്യാസക്തിമൂലം നശിക്കുന്നവരും ഭീകരവാദികളുടെ ചെയ്തികളും മറ്റുമാണ് ഏറ്റവും പുതിയ തലമുറയിലെ കഥാകൃത്തുക്കളുടെ രചനകളില്‍ കാണുന്നത്. വളരെയധികം ഉള്‍ക്കാഴ്ചയോടും ഉള്ക്കരുത്തോടുംകൂടി ആനുകാലിക പ്രശ്നങ്ങളെ കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്നവരുടെ കഥകള്‍ കഴിഞ്ഞ വര്‍ഷം ആനുകാലികങ്ങളിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.
അശോകന് ചരുവില്‍ എഴുതിയ കഥയാണ് 'ആമസോണ്‍' (മാതൃഭൂമി). പരിസ്ഥിതി പ്രവര്‍ത്തക ക്യാമ്പിന്റെ ഭാഗമായിട്ടുള്ള ഒരു യാത്രയാണ് കഥാവിഷയം. മൂന്നു സ്ത്രീകളടക്കം പത്തോ പന്ത്രണ്ടോ പേരാണ് സംഘത്തിലുള്ളത്. ഇടയ്ക്ക്വച്ച് തിരിച്ചുപോകാന്‍ സമ്മതംവാങ്ങിയ കഥാനായകനും മിസിസ് സുമിത്രാറാവുവും തമ്മില്‍ നടന്ന സംവാദരംഗം കഥയിലുണ്ട്. പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ മിസിസ് റാവുവിന്റെ അഭിപ്രായങ്ങളോട് അയാള്‍ക്ക് യോജിക്കാനായില്ല. കേരളത്തിലെ പരിസ്ഥിതി വാദങ്ങളില്‍ ഒരുവക സവര്‍ണ സങ്കല്പവും സൌന്ദര്യ ശാസ്ത്രവുമാണ് ഉള്ച്ചേര്ന്നിരിക്കുന്നതെന്നതാണയാളുടെ അഭിപ്രായം. ഇതിനെ സുമിത്രാറാവു ശക്തമായെതിര്‍ത്തു. അഭിനവ പുരുഷത്വം സ്ത്രീക്കുനേരെ എന്നതുപോലെ പ്രകൃതിക്കുനേരെയും കോടാലി ഉയര്‍ത്തുന്നുവെന്നാണ് അവര്‍ പറഞ്ഞത്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിവേരുകളന്വേഷിക്കുന്ന ഈ കഥ പുതുമ നിറഞ്ഞതും കഴിഞ്ഞ വര്‍ഷത്തെ നല്ല കഥകളിലൊന്നുമാണ്.
മറ്റൊരു നല്ല കഥയാണ് ഐസക് ഈപ്പന്റെ 'വേഷപ്പകര്‍ച്ചകള്‍' (ദേശാഭിമാനി). ഒരുപാട് സഞ്ചാരപഥങ്ങള്‍ പിന്നിട്ട് ഒടുവില്‍ ആശുപത്രിയെ ശരണം പ്രാപിക്കേണ്ടിവന്ന ജോണ്‍ അലക്സിന്റെ കഥയാണിത്. ചുറ്റുപാടും പടരുന്ന മരുന്നുഗന്ധങ്ങളില് വീര്‍പ്പുമുട്ടി പുറത്ത് ജനാലയിലൂടെ കാണുന്ന വലിയ വാകമരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷിക്കൂട്ടങ്ങളുടെ സംഗീതം ആസ്വദിച്ച് ഇങ്ങനെ ഭാരമില്ലാത്തവനായി കിടക്കുമ്പോള്‍ ജോണ്‍ അലക്സില്‍ ഭൂതകാലം ഒരു മലവെള്ളപ്പാച്ചിലായി മാറുന്നു-എന്തൊക്കെ അനുഭവങ്ങളായിരുന്നു തന്റെ ജീവിതത്തിലുണ്ടായത്! ഡ്രൈവര്‍, കണക്കെഴുത്തുകാരന്, പിംപ് എല്ലാമായിരുന്നു അയാള്‍. ഒരു ദിവസം അവിടെ വന്ന നേഴ്സ് തന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വീണ്ടും അലക്സിന്റെ മനസ്സില്‍ ഓര്‍മകളുടെ വേലിയേറ്റമായി. എങ്ങനെ തന്നെ തിരിച്ചറിഞ്ഞു എന്നയാള്‍ ചോദിച്ചപ്പോള്‍ നേഴ്സ് പറഞ്ഞു: 'ഞാനൊരു സ്ത്രീയാണ്. ഇഷ്ടപ്പെട്ട പുരുഷനെ കാലത്തിന്റെ ഏത് കയത്തില്‍നിന്നും ഒരു സ്ത്രീക്ക് കണ്ടെത്താനാവും. നിങ്ങള്‍ പുരുഷന്മാര്ക്ക് അതൊന്നും മനസ്സിലാവില്ല'. ഐസക് ഈപ്പന്റെ ഈ കഥ അവാച്യമായ അനുഭൂതിയിലേക്ക് വാതില്‍ തുറക്കുന്നതാണ്.
ദേശാഭിമാനിയിലെ മറ്റൊരു കഥയാണ് 'ഇരുമ്പന്‍' (എ പി ജ്യോതിര്‍മയി). ഗോപിനാഥമേനോന്‍ എന്ന ഇരുമ്പന്‍ ഐസിയുവില്‍ കിടക്കാന്‍ എന്തെന്നില്ലാത്ത ആഗ്രഹമായിരുന്നു. മക്കളും ബന്ധുക്കളും തനിക്കുവേണ്ടി കണ്ണീരൊഴുക്കുന്നത് കാണാനുള്ള കൊതിയായിരിക്കാം ഇതിനുകാരണം. അപ്രതീക്ഷിതമായിരുന്നു ഭാര്യ ദേവകിയമ്മയുടെ മരണം. മക്കളെല്ലാം അന്യനാടുകളിലാണ്. എല്ലാവരും അച്ഛനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിചാരിച്ചത് ഇത് തന്റെ സ്വത്തിനോടുള്ള ആഗ്രഹംകൊണ്ടാണെന്നാണ്. മേനോന് സ്വത്തിന്റെ നാലിലൊരു ഭാഗം അനാഥാലയത്തിനും ബാക്കി മക്കള്‍ക്കുമായി കൊടുത്തു. മേനോന് മരിക്കുന്നത് മക്കളുടെ സ്നേഹവാത്സല്യങ്ങളേറ്റുകൊണ്ടാണ്. സ്വത്ത് അനാഥാലയത്തിനു കൊടുത്തതില്‍ പരിഭവിക്കുന്ന മക്കളെയാണ് നാം പ്രതീക്ഷിക്കുക. പക്ഷെ കഥയില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. ചിരിയിലേക്കല്ല, ചിന്തയിലേക്ക് നമ്മെ കൊണ്ടുപോകുന്ന കഥയാണിത്.
ലളിതമായൊരാശയത്തിന്റെ ആകര്‍ഷകമായ അവതരണമാണ് വി പി ഏലിയാസിന്റെ 'അകവും പുറവും' (ദേശാഭിമാനി). ഒരു ഓഫീസിലെ ജീവനക്കാര്‍ തുല്യതയോടെ ഉച്ചക്ക് ഊണുകഴിക്കുന്ന രംഗത്തോടെയാണ് കഥാരംഭം. അവര്‍ പറയുന്ന തമാശകളെല്ലാം നമുക്ക് സുപരിചിതമാണ്. എന്നാല്‍ അതിനിടയിലൂടെ മനസ്സ് നോവിക്കുന്നൊരു സംഭവത്തിലേക്ക് നാമറിയാതെ എത്തിപ്പെടുന്നു. ഭാര്യ ഉണ്ടാക്കിയെന്നു പറയുന്ന ഭക്ഷണസാധനങ്ങളെപ്പറ്റി എന്തൊക്കെ തമാശകളാണ് സുകുമാരന്‍നായര്‍ പറയുന്നത്! ഇടയ്ക്ക് തന്റെ മകളെക്കുറിച്ചും അയാള്‍ എന്തെങ്കിലും തമാശപൊട്ടിക്കും. ഏതോ ഇരുളില്‍നിന്ന് രക്ഷപ്പെടാനുള്ള വെളിച്ചത്തിന്റെ ചീളുകളാണാ തമാശകള്‍ എന്ന് ഒടുവിലാണ് നാമറിയുക. ഒരു ദിവസം ആകസ്മികമായി അയാളുടെ വീട്ടിലെത്തിയ ജീവനക്കാരനറിയുന്നത്, സുകുമാരന്‍നായരുടെ ഭാര്യ പന്ത്രണ്ടു വര്‍ഷമായി പരാലിസിസായി കിടപ്പിലാണെന്നാണ്. ഊണു കഴിക്കുമ്പോള്‍ എപ്പോഴും പറയാറുള്ള മകളെവിടെ എന്ന് ചോദിച്ചപ്പോഴാണ് സുകുമാരന്നായരില്നിന്ന് ആ വാക്കുകള്‍ തെറിച്ചുവീണത്. 'ഞങ്ങള്‍ക്ക് മക്കളില്ല.' കഥയിലെന്നപോലെ രചനയിലും ഏലിയാസ് വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.
നിസ്സാരമെന്ന് തോന്നാവുന്ന ഒരു ചിതല്‍പ്പുറ്റിനെ ഉപജീവിച്ചുകൊണ്ട് വത്സല എഴുതിയ കഥയാണ് 'ഒരു ചുവന്ന ചൂണ്ടുവിരല്‍' (മാതൃഭൂമി). വിടരാതെപോയ പനിനീര് പൂങ്കുലകളെ കുനിഞ്ഞു നോക്കിനില്ക്കുമ്പോഴാണ് ചിതലിന്റെ ചൂണ്ടുവിരല്‍ ശ്രദ്ധിച്ചത്. അവിടുന്നങ്ങോട്ടുള്ള പ്രതിപാദനം, കഥയുടെ ക്രാഫ്റ്റ് തനിക്ക് എത്രമാത്രം സ്വായത്തമാണെന്നതിന് തെളിവാണ്. എല്ലാറ്റിനും ഒരുടലുണ്ടെന്ന് പറഞ്ഞ് അതിനെ അഭിഷേചിക്കുന്ന പണിക്കാരത്തി കാളിയുടെ ചിത്രം കഥക്ക് കൂടുതല്‍ അര്ഥതലങ്ങളുണ്ടാക്കുന്നു. വയനാടന്‍ കുന്നുകളിലെ ആദിവാസികളുടെയിടയില്‍ പ്രചാരത്തിലുള്ള മിത്തിന്റെ അകത്തളങ്ങളിലേക്കാണ് കഥ നമ്മെ കൊണ്ടുപോകുന്നത്.
ആശയലാളിത്യവും അവതരണ സൌന്ദര്യവും കഥയെ അവിസ്മരണീയമാക്കുന്നു. 'മെറൂണ്‍' സുസ്മേഷ് ചന്ത്രോത്ത് എഴുതിയ കഥയാണ് (മാതൃഭൂമി). ആദ്യാവസാനം ഒരപാകതയുമില്ലാത്ത കഥയാണിത്. കെട്ടുപിണഞ്ഞ്, ഇഴപിരിക്കാന്‍ വിഷമമുള്ള കഥാവസ്തുവല്ല ഇതിലുള്ളത്. മെറൂണിന്റെ മരണത്തിലുള്ള ദുഃഖം കഥാനായകന് വെളിപ്പെടുത്തുകയാണ്. വാക്കുകളിലും വാക്കുകള്‍ക്കിടയിലുള്ള ശൂന്യതയിലും ഈ ദുഃഖം തളംകെട്ടി നില്ക്കുന്നു. ശ്രീനഗറിലാണ് കഥ നടക്കുന്നത്. കഥാനായകന് സൈന്യത്തിലാണ്. മെറൂണിന്റെ ഭര്‍ത്താവ് ഫൈസലിനെ തീവ്രവാദിയെന്ന് മുദ്രകുത്തി സൈനികരാണ് വധിക്കുന്നത്. മെറൂണ്‍ ഇങ്ങനെ പറയുന്നതായി കഥാനായകന് തോന്നുന്നു: 'നാണമില്ലേ ബാബു, നിരപരാധികളെ തോന്ന്യാസത്തിന് വെടിവച്ച് കൊന്നിട്ട് ന്യായീകരിക്കാന്‍? നഷ്ടപ്പെട്ടത്, ഞാന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച എന്റെ ജീവിതമാണ്. എന്റെ യൌവനവും സ്വപ്നങ്ങളുമാണ്. എന്റെ രാജ്യസ്നേഹംപോലുമാണ്. അറിയ്യോ...' മറക്കാനാവാത്തവിധം മനസ്സിലിടം തേടുന്ന കഥയാണ് 'മെറൂണ്‍.'
കഴിഞ്ഞവര്‍ഷത്തെ നല്ല കഥകളില്പ്പെടുത്താവുന്നതാണ് കെ ജയചന്ദ്രന് എഴുതിയ 'ടിറ്റോകുമാര് ദാക്ഷെ' (ദേശാഭിമാനി). തെങ്ങു ചെത്താന്വേണ്ടി ബൈക്കില്‍ വരുന്നവന്റെ പേര്തന്നെ ടിറ്റോകുമാര് ദാക്ഷെ എന്നാണ്. ടിറ്റോ എന്ന പേരിനൊപ്പം അച്ഛന് കുമാരന് കുമാര്‍ ആയും അമ്മ ദാക്ഷായണി ദാക്ഷെയായും മാറിയപ്പോഴുണ്ടായ പേരാണിത്. ഈ പേര് പറയാനുള്ള വിഷമംകാരണം എല്ലാവരും ആ തൊഴിലാളിയെ വിളിച്ചത് പരുന്ത് എന്നാണ്. ഇയാള്‍ ചിലപ്പോള്‍ തെങ്ങിന്തലപ്പത്തുനിന്ന് അടുത്ത കുളക്കടവിലേക്ക് കണ്ണെറിയാറുണ്ട്. സദാശിവന് മാഷ്ക്ക് അപ്പോഴേ സംശയമുണ്ടായിരുന്നു. ഒരുദിവസം മാഷ് കണ്ടത് ടിറ്റോ വീട്ടിനകത്തെ സോഫയിലിരുന്ന് ഭാര്യ വിലാസിനിയോടും കുട്ടികളോടും സംസാരിച്ച് രസിക്കുന്നതാണ്. മറ്റൊരു ദിവസം മാഷും ഭാര്യയും മുകളിലത്തെ മുറിയിലെ കട്ടിലില്‍ കിടക്കുന്നത് ടിറ്റോ തെങ്ങിന്മണ്ടയില്നിന്ന് സൂക്ഷിച്ചുനോക്കി. ഇവന് സ്വൈരജീവിതം നശിപ്പിക്കുമെന്ന് മാഷ് മൊഴിഞ്ഞപ്പോള്‍ വിലാസിനിയുടെ പ്രതികരണമിതായിരുന്നു: 'തെങ്ങല്ലെ? അയാള്‍ക്ക് മൂന്നുനേരം ചെത്തണ്ടെ?' ഈ വാക്കുകള്‍ മാഷിനെ പൊള്ളിച്ചു. കഥാസന്ദര്‍ഭത്തിന്റെ ഗൌരവം ഒട്ടും ചോര്‍ന്നുപോകാതെ ഇതെല്ലാം കഥയിലുള്ക്കൊള്ളിക്കാന് ജയചന്ദ്രന് കഴിഞ്ഞിട്ടുണ്ട്.
പെരുമാള്‍ പുരം അമ്പലത്തെ കേന്ദ്രമാക്കിക്കൊണ്ട് യു എ ഖാദര്‍ എഴുതിയ 'ഇരുള് ആഴം' (മാതൃഭൂമി) ലളിതവും ഹൃദയസ്പര്‍ശിയുമാണ്. ആഖ്യാനത്തിന്റെയും ആശയത്തിന്റെയും അയത്ന ലാളിത്യം കഥാവസ്തു മനസ്സിലുറപ്പിക്കാന്‍ സഹായകമാവുന്നു. ഇതിലെ കേന്ദ്ര കഥാപാത്രം ആരും നടയിരുത്താതെ തന്നെ ആകസ്മികമായി ഒരുദിവസം അമ്പലനടയില്‍ പ്രത്യക്ഷപ്പെടുന്ന കന്നുകുട്ടിയാണ്. ആകപ്പാടെ കറുത്ത്മിനുത്ത കാളയുടെ തലയുടെ ഒത്ത നടുക്ക് ശിവന്റെ തൃക്കണ്ണുപോലെ വെണ്ജ്വാല തെളിയുന്ന അടയാളം. ഏതോ ഒരു കുട്ടി അതിനെ തടവിക്കൊടുക്കുന്നത് ഭക്തരുടെ സ്ഥിരം കാഴ്ചയായിരുന്നു. കഥ ക്ളൈമാക്സിലെത്തുന്നത് അമ്പലക്കുളത്തിന് ചെങ്കല്ലില്‍ പടവുകള്‍ കെട്ടിയശേഷമാണ്. അന്ന് സന്ധ്യയ്ക്കാണ് പതിവില്ലാത്തവിധം കാളക്കൂറ്റന് പരാക്രമം കാണിച്ചത്. ആര്‍ക്കും തടുക്കാനാകാത്തവിധം സകലരേയും കുത്തിമലര്‍ത്താന്‍ അത് ഓടിയടുക്കുന്നു. ജനങ്ങള്‍ നാലുപാടും ചിതറിയോടി. എപ്പോഴും കാണാറുള്ള, പക്ഷെ ആര്‍ക്കും പരിചയമില്ലാത്ത ആ ബാലനാണ് കാളയെ നിയന്ത്രിച്ച് നിര്‍ത്തിയത്. ആരാണ് ഈ ബാലന്? എല്ലാവര്‍ക്കുമറിയാം; പക്ഷെ ആര്‍ക്കുമറിയില്ല. കാളക്കൂറ്റനെവിടെ? പുതുതായി കല്‍പ്പടവുകള്‍ തീര്‍ത്ത അമ്പലക്കുളത്തില്‍ പടവുകളിറങ്ങുന്ന മണിയൊച്ച എല്ലാവരും കേട്ടു. ആഴത്തില്‍ ഇരുട്ടിലേക്ക് താഴുന്ന മണിനാദങ്ങള്‍ എന്ന വാചകത്തോടെ കഥയവസാനിക്കുന്നു. പെരുമാള്‍പുരം ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു മിത്താണ് ഈ കഥയുടെ ആത്മാവ്. ആ മിത്തിന്റെ ആവിഷ്കാര ഭംഗി ആസ്വദിക്കുന്ന അനുവാചക മനസ്സിലുരുത്തിരിയുക, കഥ ഇങ്ങനെ ആയിരിക്കണമെന്ന അഭിപ്രായമാണ്. ദുര്‍ഗ്രാഹ്യത തൊട്ടുതീണ്ടാത്ത ലാളിത്യവും ശില്പഭദ്രതയും കഥയ്ക്ക് മാറ്റുകൂട്ടുന്നു.
മനസ്സിലിടം തേടുന്ന കഥയാണ് ചന്ദ്രന് പൂക്കാടിന്റെ 'ശിവനടനം' (ദേശാഭിമാനി). ശിവരാമന്റെ മകള്‍ ഉപദ്രവിക്കപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് കഥ. അയല്‍ക്കാരനായ രാജീവനാണ് കേസ് നല്ലൊരു വക്കീലിനെ ഏല്‍പ്പിക്കാന്‍ സഹായിച്ചത്. പക്ഷെ പീഡിപ്പിക്കപ്പെട്ട വര്‍ഷയുടെ പിതാവായ ശിവരാമന്റെ മനസ്സ് മറ്റൊരിടത്തായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികള്‍ മണിക്കൂറുകള്‍ക്കകം പുറത്തിറങ്ങി സ്വൈരവിഹാരം നടത്തുക, ഒന്നോ രണ്ടോ ദിവസം ആഘോഷിച്ചതിനുശേഷം മാധ്യമങ്ങള്‍ വാര്‍ത്ത തീരെയങ്ങുപേക്ഷിക്കുക എന്നതെല്ലാം സഹിക്കാവുന്നതിന്നപ്പുറമായിരുന്നു. രാജീവിനെ ഞെട്ടിച്ചുകൊണ്ട് ശിവരാമന് കേസിലെ ഒന്നാംപ്രതിയെ കുത്തിക്കൊന്നു. കേവലം ഭാവനാലോകത്തേക്ക് മാത്രം നോക്കുന്നതിനു പകരം ജീവിത യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധയൂന്നുന്ന കഥാകാരനാണ് ചന്ദ്രന് പൂക്കാടെന്ന് ഈ കഥ തെളിയിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കഥയാണ് ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ 'മത ഭ്രാന്തന്' (മാതൃഭൂമി). മതതീവ്രവാദത്തിന്റെയും വര്‍ഗീയ ഫാസിസത്തിന്റെയും പ്രശ്നങ്ങള്‍ നാം ജീവിക്കുന്ന കാലത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുകയാണല്ലൊ. പലപ്പോഴും ഒരു മതവിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനുള്ള പ്രവണതയും കാണാനുണ്ട്. ഈ വിഷയത്തെ നല്ലൊരു കഥയാക്കി മാറ്റുകയാണ് ശിഹാബുദ്ദീന്. ഒരു മുഴുഭ്രാന്തന് വയറില്‍ വിശപ്പ് അഗ്നിപടര്ത്തിയപ്പോള്, ചവറുവീപ്പയില്നിന്ന് എച്ചിലിലകളെടുത്ത് ആര്‍ത്തിയോടെ ഭക്ഷിച്ചു. മിനുട്ടുകള്‍ കഴിഞ്ഞപ്പോഴാണ് ടൌണില്‍ പലേടത്തും ബോംബുസ്ഫോടനം നടന്നത്. ഈ ഭ്രാന്തന് അറസ്റ്റുചെയ്യപ്പെട്ടു. പൊലീസുകാര്‍ പേര് ചോദിച്ചപ്പോള്‍ ഭ്രാന്തന് പറഞ്ഞത് അലാവുദ്ദീന്‍ ഖില്‍ജി എന്നാണ്. മാരകമായ മര്‍ദനത്തിലൂടെ അയാളെ ചോദ്യംചെയ്തു. അയാളുടെ ഉത്തരങ്ങളൊക്കെ ഒരു ഭ്രാന്തന്റെ ജല്പനങ്ങളായിരുന്നു. ഒടുവിലയാളെ പൊലീസുകാര്‍തന്നെ സുന്നത്ത് ചെയ്തു. അയാള്‍ ഇസ്ളാമാണെന്ന് തെളിയിക്കണമല്ലൊ. ചോദ്യംചെയ്യവെ ഒരിക്കല്‍ ഭ്രാന്തന് വിചാരിച്ചത് താന്‍ സിനിമയില്‍ അഭിനയിക്കുകയാണെന്നാണ്. പൊലീസുകാര്‍ മര്‍ദ്ദിക്കുമ്പോള്‍ അയാള്‍ തിരിച്ചടിച്ചിരുന്നു. അപ്പോള്‍ ആ ഭ്രാന്തന്റെ വിചാരം തന്റെ ഭ്രാന്തിയായ മൂത്ത പെങ്ങളെ തെരുവിലിട്ട് തല്ലുന്ന സംഘത്തില്‍നിന്ന് അവളെ രക്ഷിക്കാനുള്ള പോരാട്ടമാണതെന്നാണ്. കേവലമൊരു ഭ്രാന്തനെ മതഭ്രാന്തനാക്കുന്നത് എത്ര സൂക്ഷ്മതയോടെയാണ് ശിഹാബുദ്ദീന് കഥയാക്കി മാറ്റുന്നത്!
എ പി സജിഷ എഴുതിയ കഥയാണ് 'തണലൊഴിയുമ്പോള്‍' (ദേശാഭിമാനി). ഒരച്ഛനും അമ്മയും മകളുമുള്ള കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതാണ് കഥ. അച്ഛനെന്ന തണലൊഴിയുമ്പോള്‍ മുപ്പത്തേഴ് വയസ്സായ മകള്‍ക്കുണ്ടാകുന്ന തീരാവേദനയാണ് കഥയിലുള്ളത്. കല്ല്യാണാലോചനയുമായി വന്നവരോട് കടബാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരെല്ലാം പുതിയ ഇടങ്ങള്‍ തേടിപ്പോയി. അമ്മയാകട്ടെ ഇപ്പോള്‍ വൃദ്ധസദനത്തിലാണ്. ഒരു ദിവസമവള്‍ അമ്മയെ കാണാന്‍ വന്നു. വിടപറയുമ്പോള്‍ രണ്ടുപേര്‍ക്കുമുണ്ടാകുന്ന മനോവേദന വായനക്കാരിലും എത്തുന്നു. കഥയൊന്നുമില്ലാത്ത കഥയെന്ന് വിശേഷിപ്പിക്കാവുന്നതാണ് ബി മുരളി എഴുതിയ 'പഞ്ചമിബാര്‍' (മാതൃഭൂമി). ഒരു മദ്യഷാപ്പിന്റെ യഥാതഥാ ചിത്രം ഭംഗിയായി ഇതിലവതരിപ്പിച്ചിട്ടുണ്ട്. 'മലയാളം നമ്മുടെ അഭിമാനം' എന്ന കഥയെഴുതിയത് ഒ പി ജോസഫാണ് (മലയാളം). സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ളീഷ്വാക്കുകള് ഉപയോഗിക്കുന്ന മലയാളം പ്രൊഫസറെ കളിയാക്കുന്ന കഥയാണിത്. കലക്കത്ത് കുഞ്ചന്‍നമ്പ്യാരെ കെ കെ നമ്പ്യാരെന്നും, രാമപുരത്ത് വാര്യരെ ആര് പി വാര്യര്‍ എന്നും അദ്ദേഹം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു. മാത്രമല്ല ഓട്ടന്‍തുള്ളലിനെ ടുലലറ ഉമിരല എന്നും, വഞ്ചിപ്പാട്ടിനെ ആീമ ടീിഴ എന്നും വിശദീകരിക്കുന്ന മലയാളം അധ്യാപകനിലൂടെ, നമ്മുടെ ഭാഷക്ക് സംഭവിച്ച ദുര്യോഗത്തിനുത്തരവാദിയാരാണെന്ന സൂചന നല്കുന്ന നല്ലൊരു കഥയാണ് 'മലയാളം നമ്മുടെ അഭിമാനം.'
ഒരിടവേളയ്ക്കുശേഷം പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ "സൈക്കിള്‍ സവാരി'' (മാതൃഭൂമി) എല്ലാ അര്‍ഥത്തിലും നല്ല കഥയാണ്. നാല്പതുവര്ഷം മുമ്പ് മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന സല്മാന് അക്തറില്നിന്ന് അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ വന്നു. ആസന്ന മരണയായി കിടക്കുന്ന തന്‍വീര്‍ അന്‍സാരിക്ക് അബ്ദുള്ളയോടൊന്നു സംസാരിക്കണമെന്നാണ് സല്മാന് അറിയിച്ചത്. ഇത് മെഡിസിന് പഠിക്കുമ്പോഴുള്ള ഓര്‍മകള്‍ക്ക് ജീവന് നല്കി. തുടങ്ങിയാല്‍ ഒറ്റയിരുപ്പിന് വായിക്കുംവിധം റീഡബിലിറ്റി ഉള്ള കഥയാണിത്. കഥാരചനയിലുള്ള തന്റെ പ്രതിഭക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നു പുനത്തിലിന്റെ ഈ കഥ.
ഗീവര്‍ഗീസിന്റെ മകളും പേരക്കുട്ടിയും ആത്മഹത്യ ചെയ്തു. പിന്നീട് സംശയാസ്പദമായ രീതിയില്‍ ഗീവര്ഗീസും മരണമടഞ്ഞു. ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കഥാവസ്തുവാക്കിയുള്ള പി രഘുനാഥിന്റെ 'സ്വപ്നസന്ധി' (മാധ്യമം) വിരസത കൂടാതെ വായിക്കാവുന്ന കഥയാണ്. സ്നേഹസമ്പന്നയായ ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന ശപിക്കപ്പെട്ട നിമിഷങ്ങളെ വൈകാരിക ഭാഷയില്‍ അവതരിപ്പിക്കുന കഥയാണ് ഇലിപ്പക്കുളം രവീന്ദ്രന്റെ 'രാധേടത്തി' (ആശ്രയ മാതൃനാട്). തന്നെ കാണാന്‍ വരുന്ന ചെറുപ്പക്കാരനെ കാത്തിരുന്ന നളിനിയുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിടര്‍ന്നു. പെണ്ണുകാണാന്‍ വന്നപ്പോഴാണറിയുന്നത്, പ്രായക്കൂടുതലുള്ള അയാളുടെ രണ്ടാം കെട്ടാണെന്നും, അയാള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും. ഉള്ള ധൈര്യം സംഭരിച്ച് നളിനി ഉറക്കെ പറഞ്ഞു, തനിക്കൊരു രണ്ടാം കെട്ടുകാരനെ ആവശ്യമില്ലെന്ന് (ആശ്വാസം -മനോമോഹനന്‍ മൊളോളം - തുളുനാട് മാസിക). എല്ലാം കത്തിക്കൊണ്ടിരിക്കയാണെന്ന് പറഞ്ഞുകൊണ്ട് പുരക്ക് ഓല മേഞ്ഞുകൊണ്ടിരുന്ന കരുണാകരന് താഴേക്ക് ഊര്‍ന്നിറങ്ങുന്നതും പിന്നീട് കിണറ്റിലേക്ക് എടുത്തുചാടുന്നതും രാജീവ് ജി ഇടവയുടെ 'തീമരങ്ങള്‍' എന്ന കഥയുടെ വിഷയമാണ് (ഗ്രന്ഥാലോകം). അജ്ഞാതന്റെ ഫോണ്‍കോള്‍ കഥാനായകനിലുണ്ടാക്കുന്ന അസ്വസ്ഥത ഭാവഗാംഭീര്യത്തോടെ ആവിഷ്കരിക്കാന്‍ കഴിഞ്ഞ കഥയാണ് 'അജ്ഞാതന്റെ വിളികള്‍' (റസാക്ക് കുറ്റിക്കകം -ദേശാഭിമാനി). ഓരോ തവണ വിളിക്കുമ്പോഴും വെറുപ്പ് തോന്നിയിരുന്നുവെങ്കിലും ഒടുവില്‍ അങ്ങോട്ട് വിളിക്കാന്‍ നിര്‍ബന്ധിതയാകുന്നതിന്റെ കഥയാണിത്.
വായനക്കാരുടെ മനസ്സില്‍ മുഴുവനായി പതിയുന്ന ഒരു കഥ എം മുകുന്ദന് എഴുതിയിട്ടുണ്ട് (തണ്ണീര്‍കുടിയന്റെ തണ്ട്- മാതൃഭൂമി). ഗ്രാമ്യഭാഷയുടെ ചാരുത ഈ കഥയെ വേറിട്ട് നിര്‍ത്തുന്നു. ഓലപ്പുരയില്‍ താമസിക്കുന്ന സുധാകരന്റെ മകളായ നിവേദിതയെ കല്ല്യാണം കഴിക്കാന്‍ പലരും മടിച്ചു. ഒടുവിലൊരാള്‍ വന്നു. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലും കൈയില്‍ വെച്ചുകൊണ്ടാണ് ദാമു പെണ്ണുതേടി എത്തിയത്. അവന് നിവേദിതയെ ഇഷ്ടമായി. കല്ല്യാണദിവസം താലികെട്ടുന്ന സമയത്ത് കുറേ ചെറുപ്പക്കാരും ഗര്‍ഭിണിയെന്നു തോന്നിക്കുന്ന ഒരു യുവതിയും പന്തലിലേക്ക് ഓടിക്കയറി. ദാമുവാണ് അവളെ ഗര്ഭിണിയാക്കിയതെന്നവര് വിളിച്ചുകൂവി. അതിനിടക്ക് നിവേദിത ആത്മഹത്യ ചെയ്തുകഴിഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം ദാമു ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചു. 'പ്രബുദ്ധ കേരളത്തിലെ ജീവിതത്തേക്കാള്‍ ഭേദമാണ് മരുഭൂമിയിലെ ആടുജീവിതം'. കല്ല്യാണ ദിവസം ചില സ്ഥലങ്ങളില്‍ നടക്കുന്ന അതിരുകടന്ന റാഗിങ്ങിനെ വിഷയമാക്കിക്കൊണ്ടുളളതാണ് ഈ കഥ. മുകുന്ദന് കഥാരംഗത്ത് ഉറച്ചുനില്‍ക്കണമെന്ന് അനുവാചകരാവശ്യപ്പെടുംവിധം സരളമധുരവും പുതിയ സമൂഹത്തിന്റെ അരാജകപ്രവണതയിലേക്ക് വിരല്‍ചൂണ്ടുന്നതുമാണ് ഈ കഥ.
കരുപ്പൂര് ജി വി നായരുടെ 'അനുഷ്ഠാനം' (ദേശാഭിമാനി) കവിത തുളുമ്പുന്ന കഥയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ശ്യാമും സ്മിതയും കുന്നുകയറി ശശിധരന്‍നായരുടെ വീട്ടിലേക്ക് പോവുകയാണ്. പഴയതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് ആ വീട്ടില്‍ കാണാന്‍ കഴിഞ്ഞത്. ലളിതേച്ചി രണ്ടുപേരെയും സ്വീകരിച്ചു. അവരിന്ന് വൃദ്ധയാണ്. ശശിധരന്നായരാകട്ടെ മൂന്നുവര്‍ഷമായി പക്ഷവാതം പിടിപെട്ട് കിടപ്പിലും. അകത്തുകടന്ന ശ്യാമിന്റെ ഉള്ളില്‍ അഗ്നിജ്വാലകളുയര്‍ന്നു. അല്പസമയത്തിനുശേഷം 'ഉടഞ്ഞുവീണ വിഗ്രഹത്തിന്റെ കൂര്‍ത്ത ചീളുകള്‍ ചിതറിത്തെറിച്ച് ചോരപൊടിഞ്ഞ മനസ്സുമായി ശ്യാം പടിയിറങ്ങി, സ്മിതയും.' താനുദ്ദേശിക്കുന്ന ഭാവം പൂര്‍ണമായും അനുവാചകനിലുണ്ടാക്കാന് കഴിയുന്ന കഥയാണിത്. മകന് എന്‍ജിനിയറിങ് കോളേജില്‍ സീറ്റ് കിട്ടിയപ്പോള്‍ അനക്ഷരനായ അച്ഛന് പഠിക്കാനുള്ള മോഹമുദിച്ചു. തന്റെ മകന് ദിവാകരന് എന്‍ജിനിയറായി വരുമ്പോള്‍ താനിങ്ങനെ അക്ഷരാഭ്യാസമില്ലാത്ത ആളാവാന്‍ പാടില്ലെന്ന ബോധത്തില്‍നിന്നും അച്ഛന് ചാമിക്കുണ്ടായ ആവേശം നല്ലൊരു കഥയിലൂടെ പ്രകാശിപ്പിക്കുകയാണ് മുണ്ടൂര്‍ സേതുമാധവന് (വിദ്യാരംഭം -അക്ഷരകൈരളി). ഇതേ മാസികയിലുള്ള യു കെ കുമാരന്റെ 'എന്‍ട്രന്‍സ്,' പി വി കെ പനയാലിന്റെ 'വൈകുന്നേരം' എന്നിവയും മറക്കാനാവാത്ത അനുഭവാവിഷ്കാരങ്ങളാണ്. എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞുവന്ന കുട്ടി വിരസതയുടെ ആവര്‍ത്തനമായ ടി വി ഓഫ്ചെയ്ത് ഒരു പുസ്തകം കൈയിലെടുത്ത് വായിക്കുകയെന്നത് പുതിയൊരനുഭവമാണല്ലൊ. ഇങ്ങനെയായിരിക്കണം കുട്ടികള്‍ എന്ന സങ്കല്പം വരാന്‍പോകുന്ന കാലത്തേക്കുള്ള ഒരെത്തിനോട്ടം കൂടിയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഉദാത്ത രചനകളിലൊന്നാണ് ശ്രീലതയുടെ 'സാരമേയം' (കലാകൌമുദി). ആഗോളവല്‍ക്കരണത്തിന്റെ ദൂഷ്യഫലങ്ങളിലൊന്നിലേക്ക് വിരല്‍ചൂണ്ടുകയാണ് കഥാകാരി ചെയ്യുന്നത്. ഒട്ടേറെ കാല്‍നട യാത്രക്കാരെ കടിച്ച് പരുക്കേല്പിക്കുന്ന ഒരു ഭ്രാന്തന്നായയാണ് കഥയുടെ കേന്ദ്രബിന്ദു. പീടികത്തിണ്ണയിലുറങ്ങുന്ന ഒരൊറ്റ ഭിക്ഷക്കാരനെയും അത് കടിക്കുന്നില്ല. ഒരാഴ്ചകൊണ്ട് ആയിരത്തോളംപേരെ കടിച്ച് പരിക്കേല്പിച്ചു. ആശുപത്രികളില്‍ ആന്റി റാബീസ് വാക്സിന് സ്റ്റോക്ക് തീര്‍ന്നു. പത്തിരട്ടി വിലകൊടുത്ത് വിദേശത്തു നിന്നാണിപ്പോള്‍ വാക്സിന് ഇറക്കുമതി ചെയ്യുന്നത്. ഔഷധനിര്‍മാണരംഗത്തെ ബഹുരാഷ്ട്രക്കുത്തകകളാണ് ഈ ഭ്രാന്തന്‍നായയുടെ പിന്നിലെന്ന് കഥാവസാനം മനസ്സിലാകും. അതൊരു യഥാര്‍ഥ നായയായിരുന്നില്ല. ബഹുരാഷ്ട്രക്കമ്പനികള്‍ തങ്ങളുടെ മരുന്ന് വിറ്റഴിക്കാന്‍വേണ്ടി ഇലക്ട്രിക്ക് വയര്‍കൊണ്ട് കൃത്രിമമായി ഉണ്ടാക്കിയ നായയായിരുന്നു അത്. ഏറ്റവും അധുനാതനമായ ഒരവസ്ഥാവിശേഷത്തെ ശ്രീലത കഥക്ക് വിഷയമാക്കിയിരിക്കുന്നു.
കഴിഞ്ഞവര്‍ഷത്തെ ശ്രദ്ധേയമായ മറ്റൊരു കഥയാണ് 'എറണാകുളം സൌത്ത്' (എസ് ആര് ലാല്‍ -മലയാളം). ആദ്യവസാനം ദുഃഖം തളംകെട്ടിനില്ക്കുന്ന ഈ കഥ ഏതൊരു വായനക്കാരനെയും അസ്വസ്ഥനാക്കും. വാഹനാപകടത്തില്‍ പരിക്ക്പറ്റി വീല്‍ചെയറില്‍ സഞ്ചരിക്കുന്ന സൂസന്ന ആശ്രയഭവനില്‍ വരുന്നതാണ് കഥാരംഭം. ഒരുദിവസം അവളുടെ ഭര്‍ത്താവ് അലക്സ് അവിടെ വന്ന് പറയുന്ന ഓരോ വാക്കും സൂസനുനേരെ എറിയുന്ന തീപ്പന്തമായിരുന്നു. അധികം താമസിയാതെ അവള് ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യുന്നു. അതോ കൊലചെയ്യപ്പെടുന്നോ? ഗേറ്റിന് നല്ലൊരു താഴിടണമെന്ന് സിസ്റ്റര്‍ ലിസിയോട് അഭിറാം പറയുന്നതാണ് ഈ സംശയമുണ്ടാക്കുന്നത്. കണ്മുമ്പിലുള്ള ജീവിതത്തിന്റെ സൂക്ഷ്മതലങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാത്രമെ ഇത്തരമൊരു കഥയെഴുതാനാവൂ.
അഭിനിക്കുട്ടിയുടെ ജീവിതവിഷമങ്ങളടങ്ങിയ 'ഒത്തുതീര്‍പ്പുകള്‍' (ആര് ഉണ്ണിമാധവന് -ദേശാഭിമാനി), മിത്തിന്റെ പരിവേഷമുള്ള "ഭൈരവനാശാന്‍ സത്യത്തില്‍ ആരായിരുന്നു'' (പി ജെ ആന്റണി -മാതൃഭൂമി). അച്ഛന്റെ വേര്‍പാടിനുശേഷം മാളവികക്ക് നേരിടേണ്ടിവരുന്ന ദുരന്തങ്ങള്‍ ആവിഷ്കരിക്കുന്ന 'പോസിറ്റീവ്' (ഫുര്സ- ദേശാഭിമാനി), മരിച്ചുപോയ ഉമ്മയെക്കുറിച്ചുള്ള മകന്റെ ഓര്മ ഹൃദയസ്പര്‍ശിയാംവിധം അവതരിപ്പിക്കുന്ന 'മഴ നനഞ്ഞുപോവുന്നവര്' (കെ ടി ഷാഹുല്‍ ഹമീദ് -ചന്ദ്രിക വാരാന്തപ്പതിപ്പ്), മത്തായിച്ചേട്ടന്റെ ജീവിതത്തിലെ നാലു ഘട്ടങ്ങള്‍ അടങ്ങിയ വത്സലന്‍ വാതുശ്ശേരിയുടെ കഥ (അക്ഷര കൈരളി), ബ്രണ്ണന്‍ സായ്പ് തലശേരിയിലെത്താനിടയായ സാഹചര്യങ്ങളിലൂടെ ഗതകാല സംഭവങ്ങളയവിറക്കുന്ന 'ഗ്രേവ്യാര്ഡ് ടൂറിസം' (കെ കെ രമേഷ്), സിതാര എസിന്റെ 'മൂന്നാംക്ളാസിലെ ആണ്‍കുട്ടികള്‍' (അക്ഷര കൈരളി), ജീവിതത്തെ ഒരു പ്രത്യേക വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന 'ജീവിതചര്ച്ച' (ഡോ. എം ഷാജഹാന് -ദേശാഭിമാനി), ബന്യാമിന്റെ 'ഇ എം എസും പെണ്‍കുട്ടിയും' (മാതൃഭൂമി), കിണറില്‍ പണിയെടുക്കുന്നവരുടെയരികില് അപകടം പതിയിരിക്കുന്നുണ്ടെന്ന് കാണിക്കുന്ന 'കിണര്‍' (ഉത്തമരാജ് മാഹി-ചന്ദ്രിക വാരാന്തപ്പതിപ്പ്), ഓട്ടക്കൈയിലെ ജീവിതം (ഇ വി ജ്യോതി -ചന്ദ്രിക വാരാന്തപ്പതിപ്പ്), പ്രകാശങ്ങളില്‍ നാം തേടുന്നത് (ആശ എസ് - പുരോഗമന കലാ സാഹിത്യസംഘം മാസിക), 'മീഡിയ സിന്‍ഡിക്കേറ്റ്' (യാസര്‍ അറഫാത്ത് ദേശാഭിമാനി), ലോകത്തിന്റെ കാലനെന്നും, രക്ഷകനെന്നും, ന്യായാധിപനെന്നും സ്വയം പാടിപ്പുകഴ്ത്തിയ കോദണ്ഡന്റെ കൊട്ടാരത്തില്‍ ബോംബ് കാണാനിടയായതിനെക്കുറിച്ച് വിശ്വന് പടനിലത്തിന്റെ 'നീലന് പറയാനുണ്ടായിരുന്നത്' -ആശ്രയ മാതൃനാട്), പ്രദീപ് പേരശ്ശന്നൂര്‍ എഴുതിയ 'ഗുരുപത്നി' (സ്റ്റാര്‍ ന്യൂസ് വീക്ക്), ഉണ്ണി ആര് എഴുതിയ 'കോട്ടയം 17' (മാതൃഭൂമി), ശിവരാമന് ചെറിയനാടിന്റെ 'എ പ്ളസ്' (ആശ്രയ മാതൃനാട്), വാര്‍ത്ത (പി എന്‍ സുരേഷ്കുമാര്‍-ധിഷണ), ഭീകരവാദം-ചന്ദ്രശേഖര്‍ നാരായണന് (ധീഷണ), കെ പി രാമനുണ്ണിയുടെ 'പീഡകള്‍' (മാതൃഭൂമി), പാതിരാത്രിയില്‍ വാതില്‍ തുറന്നപ്പോള്‍ കണ്ട, നല്ല വായനക്കാരനായ കള്ളനെക്കുറിച്ച് എ എസ് മുഹമ്മദ്കുഞ്ഞിയുടെ 'ഒരു കള്ളനും കഥയും' (ദേശാഭിമാനി), മാധവന് പുറച്ചേരിയുടെ 'നിലവിളി' (ദേശാഭിമാനി), ജയന് പുതുമനയുടെ 'നിറങ്ങള്‍' (ദര്‍ശനഭൂമി), വീട്-പി കെ പാറക്കടവ് (ധിഷണ) എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷത്തെ നല്ല കഥകളില്‍പ്പെടുന്നു.
*
കടത്തനാട്ട് നാരായണന് കടപ്പാട്: ദേശാഭിമാനി വാരിക 05 ജനുവരി 2011
Saturday, January 8, 2011
Subscribe to:
Post Comments (Atom)
1 comment:
ആധുനികജീവിതം അനുനിമിഷമെന്നോണം മാറിക്കൊണ്ടിരിക്കുകയാണ്. കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടിവി, പാരിസ്ഥിതിക പ്രശ്നങ്ങള്‍, വൃദ്ധജനങ്ങളുടെ ഒറ്റപ്പെടല്‍, ധനമോഹം, വര്‍ഗീയത, ഭീകരവാദം, മദ്യാസക്തി എന്നിവയെല്ലാം പുതിയ കാലത്തെ ജീവിതത്തെ രോഗാതുരവും നാശോന്മുഖവുമാക്കുന്നു. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് ഗുണങ്ങള്‍ പലതുമുണ്ടെങ്കിലും അതിനേക്കാളേറെ ദോഷങ്ങളുമുണ്ട്. കംപ്യൂട്ടര്‍, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ ഉദാഹരണമാണ്. കാരണങ്ങള്‍ പലതാകാമെങ്കിലും മുമ്പൊന്നുമില്ലാത്തവിധം ഇന്ന് ആത്മഹത്യയും കൊലപാതകവും കവര്‍ച്ചയും പെരുകുകയാണല്ലൊ. മാനുഷിക ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിപ്ളവ പ്രസ്ഥാനത്തിന്റെ മുന്നണിപ്പടയാളികളാകേണ്ട യുവാക്കളിന്ന് അരാജക പ്രവണതകളില്‍ അഭിരമിക്കുകയാണ്. അവര്‍ എല്ലാ നന്മകളില്‍നിന്നും അകന്നുനില്ക്കുകയും തിന്മകളില് സായൂജ്യം കണ്ടെത്തുകയും ചെയ്യുന്നു. ടി എസ് എലിയറ്റ് "ദി വേസ്റ്റ് ലാന്‍ഡ്'' എന്ന കവിതയില്‍ വ്യക്തമാക്കുന്നതുപോലെ, ലക്ഷ്യത്തിലെത്താനാവാതെ വട്ടംചുറ്റുന്ന മനുഷ്യരെയാണിന്ന് കാണാനാവുക
Post a Comment