Monday, November 3, 2008

വെളിച്ചവും ഇരുട്ടും

ബഷീറിന്റെ ചലച്ചിത്ര പരീക്ഷണം
വിസ്‌മയകരവും അവിശ്വസനീയവുമായ ഒരു രചനാകാലമാണ് മലയാളസാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്‌ടിച്ചെടുത്തത്. ശബ്‌ദങ്ങള്‍ പോലുള്ള നോവലുകളും പ്രേമലേഖനം പോലുള്ള കഥകളും ആദ്യകാലത്തു തന്നെ എഴുതിയ ഭാവിയുടെ പ്രവാചകനും ഭാഷയിലെ വിപ്ലവകാരിയുമായിരുന്നു ബഷീര്‍. അതുകൊണ്ടാണ് അദ്ദേഹം കഥാസാഹിത്യത്തിലൂടെ രൂപീകരിച്ചെടുത്ത വിഭ്രാമകമായ യാഥാര്‍ത്ഥ്യം ദശകങ്ങള്‍ പിന്നിട്ടിട്ടും മലയാളിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലേക്ക് മുഴുവന്‍ മലയാള സാഹിത്യ-കലാ പ്രവര്‍ത്തകരും കൂട്ടത്തോടെ കടന്നു ചെന്ന അമ്പതുകളിലും അറുപതുകളിലും ബഷീറിനെ വലിയ തോതില്‍ ആശ്രയിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ പോയതും ഈ സ്‌ഫോടനാത്മകത കൊണ്ടായിരിക്കണം. പ്രവചനാതീതവും വിസ്‌ഫോടനാത്മകവുമായ വ്യക്തിത്വവും രചനാരീതിയും ഭാഷാസമീപനവുമുള്ള ബഷീറിനെ തൊടുമ്പോള്‍ തങ്ങളുടെ കൈ പൊള്ളും എന്ന് അന്നത്തെ സിനിമാക്കാര്‍ കരുതി എന്നു വേണം വിചാരിക്കാന്‍. എന്നിട്ടും ടി കെ പരീക്കുട്ടിസാഹിബിനെപ്പോലെ സര്‍ഗധനനായ ഒരു ചലച്ചിത്ര നിര്‍മാതാവിന് (അദ്ദേഹം ട്രാന്‍‌സ്‌പോര്‍ട്ട് കോണ്‍ട്രാക്റ്ററും വ്യവസായ പ്രമുഖനും തിയറ്റര്‍ ഉടമസ്ഥനും മറ്റുമായിരുന്നു) ബഷീറിനെ സമീപിക്കാനും അന്യഥാ ധന്യമായ തന്റെ ചലച്ചിത്ര നിര്‍മാണ സപര്യ - നീലക്കുയില്‍, രാരിച്ചന്‍ എന്ന പൌരന്‍, നാടോടികള്‍, മുടിയനായ പുത്രന്‍, മൂടുപടം, തച്ചോളി ഒതേനന്‍, കുഞ്ഞാലിമരക്കാര്‍, ആല്‍മരം - യെ കൂടുതല്‍ കരുത്തുറ്റതാക്കാനും തോന്നി എന്നത് ശ്രദ്ധേയമാണ്.

ബഷീറിന്റെ നീലവെളിച്ചം(1952) എന്ന കഥയെ അവലംബിച്ചുള്ള സിനിമ സംവിധാനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് അതിനകം ഛായാഗ്രഹണമികവിലൂടെ ശ്രദ്ധേയനായിത്തീര്‍ന്നിരുന്ന എ വിന്‍സന്റായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു താനും അത്. അസാധാരണമായ ആ കഥയുടെ പ്രാധാന്യത്തെപ്പറ്റിയും പ്രസക്തിയെപ്പറ്റിയും അദ്ദേഹം ബോധവാനായിരുന്നുവോ എന്നു സംശയമാണ് എന്നാണ് നിരൂപകനും ചരിത്രകാരനുമായ വിജയകൃഷ്‌ണന്‍ രേഖപ്പെടുത്തുന്നത്. ഇതിനുപോല്‍ബലകമായി അദ്ദേഹം പറയുന്നത്, പില്‍ക്കാലത്ത് അന്ധവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു കഥ സംവിധാനം ചെയ്തതെന്തെന്ന വരട്ടുനിരൂപകരുടെ ചോദ്യങ്ങള്‍ക്ക്, ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരവസരം കിട്ടിയപ്പോള്‍ കഥയെന്തെന്ന് ശ്രദ്ധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന കാര്യമാണ്. ആര്‍ക്കും കുറ്റബോധം തോന്നേണ്ടതില്ലാത്ത കലാത്മകമായൊരിതിവൃത്തമാണ് വിന്‍സന്റ് കൈയാളിയത് എന്ന വസ്‌തുത അദ്ദേഹം തന്നെ വിശ്വസിച്ചില്ല എന്നാണ് വിജയകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നത്. (മലയാള സിനിമയുടെ കഥ- മാതൃഭൂമി ബുക്സ് / 2004)

ഇത് യഥാര്‍ത്ഥത്തില്‍ വിന്‍സന്റ് മാത്രം അഭിമുഖീകരിച്ചിരുന്ന ഒരു പ്രതിസന്ധിയല്ലെന്നതാണ് വാസ്തവം. പ്രേതം, മന്ത്രവാദം, ദൈവം, ഭൂതം, പിശാച്, എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളോടൊക്കെയും ഒന്നുകില്‍ കേവലയുക്തിവാദപരമോ അല്ലെങ്കില്‍ അമിതവും അന്ധവിശ്വാസജടിലവുമായ ആരാധനയും വിധേയത്വവും കലര്‍ന്നതോ ആയ സമീപനമാണ് പൊതുവെ മലയാളികള്‍ പുലര്‍ത്തിവരുന്നത്. കേരള നവോത്ഥാനത്തിന്റെ കൂടി പരിമിതിയായി ഈ പ്രതിസന്ധിയെ നാം കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. നീലവെളിച്ചം എന്ന കഥയിലും ഭാര്‍ഗവീ നിലയം എന്ന സിനിമയിലും പ്രേതമായി വരുന്ന ഭാര്‍ഗവി എന്ന സുന്ദരി ഏത് മാനസികാവസ്ഥയുടെ പ്രതിഫലനമാണ് എന്നതാണ് ആലോചിക്കേണ്ടത്. കല്‍പനാമധുരവും കാവ്യാത്മകവുമായ കൌമാരപ്രണയത്തെ അടിച്ചുടക്കുന്ന കുടുംബം, സമ്പത്ത്, നാട്ടു മര്യാദ, ജാതി, ജ്യോത്സ്യം തുടങ്ങിയ അധികാരവ്യവസ്ഥകളാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആ ആത്മഹത്യയിലൂടെ അവള്‍ പകരം ചോദിക്കുന്നത് അത്തരത്തിലുള്ള മനുഷ്യവിരുദ്ധമായ ആധിപത്യ വാസനകളോടാണ്. അതുകൊണ്ടു തന്നെ പ്രേതത്തിന്റെ ആവിഷ്‌ക്കരണത്തിലല്ല മറിച്ച് നായികയെ ആത്മഹത്യയിലേക്ക് നയിച്ച പഴഞ്ചന്‍ സാമൂഹ്യബോധത്തിലാണ് ദൂഷ്യം ആരോപിക്കപ്പെടേണ്ടത് എന്നും ആഴത്തില്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും.

ബഷീറിന്റെ മുഴുവന്‍ കൃതികളും അവയിലെ പ്രതീകങ്ങളും ഭാഷയും സമീപനങ്ങളും അങ്ങേയറ്റം പുരോഗമനപരവും ജനാധിപത്യപരവുമാണെന്ന കാര്യം ചരിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തതയോടെ തെളിയിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്തിരുന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഭാര്‍ഗവീനിലയം പോലെ ഒരു സിനിമ എത്രമാത്രം ആഹ്ലാദകരമായ അനുഭവമായിരുന്നു എന്നു തിരിച്ചറിയാനും സാധിക്കുന്നുണ്ട്.

എനിക്കുവേണ്ടി ദീര്‍ഘകാലം കാത്തിരുന്ന യുവതിയെപ്പോലെ എനിക്കുവേണ്ടി ഇത്രയും കാലം കാത്തിരുന്ന മനോഹരഭവനമേ വന്ദനം എന്ന് നായകനായ സാഹിത്യകാരന്‍(മധു) വാടകവീട്ടിന്റെ മുമ്പില്‍ ചെന്നിറങ്ങി സംസാരിക്കുന്നതാണ് ഭാര്‍ഗവീനിലയത്തിലെ ആദ്യ സംഭാഷണം. നാടകീയത നിറഞ്ഞു നില്‍ക്കുന്നതും 'ഘോര'സാഹിത്യത്തിന്റെ ഭാരമുള്ളതുമായ ഇത്തരമൊരു സംഭാഷണരീതി മലയാള സിനിമയില്‍ ബഷീര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നതാണ് സത്യം. ഭാര്‍ഗവീനിലയം എന്നു പേരുള്ള ഒഴിഞ്ഞുകിടന്ന മാളികയിലാണ് സാഹിത്യകാരനായ നായകന്‍ താമസമാക്കുന്നത്. രക്തരക്ഷസ്സായ ഒരു പ്രേതസ്‌ത്രീ അവിടെ കുടിയിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ നാട്ടുകാരാരും അവിടേക്ക് കയറാതെ ഓടിപ്പോകുകയാണ് പതിവ്. ടൈറ്റിലില്‍ കാണിച്ചതു പോലെ വെള്ള വസ്‌ത്രവും ബ്ലൌസും അണിഞ്ഞ് മുടിയഴിച്ചിട്ട് പ്രേതം നാട്ടുകാരെ പേടിപ്പിച്ച് അവിടെ കഴിഞ്ഞുകൂടുകയാണ്.

നീലവെളിച്ചം എന്ന തന്റെ കഥ സിനിമക്കു വേണ്ടതായ രീതിയില്‍ എഴുതി മാറ്റിയപ്പോഴാണ് ബഷീര്‍ ഈ പേരു സ്വീകരിച്ചത്. പിന്നീടത് മലയാളഭാഷയിലെ തന്നെ ഒരു പദമായി മാറുകയും ഭാര്‍ഗവീനിലയം = പ്രേതഭവനം എന്ന അര്‍ത്ഥം സുസ്ഥാപിതമാകുകയും ചെയ്തു. മാത്രമോ, വെള്ള സാരിയും ബ്ലൌസും അണിഞ്ഞ് മുടിയഴിച്ചിട്ടാണ് സ്ത്രീ പ്രേതങ്ങള്‍ പ്രത്യക്ഷപ്പെടുക എന്ന ദൃശ്യസങ്കല്‍പവും ഇതോടെ വ്യവസ്ഥാപിതമായി. കാണികളും വായനക്കാരുമായവരും അല്ലാത്തവരുമായ മലയാളികള്‍ മുഴുവനും ആന്തരീകരിച്ചിട്ടുള്ള പ്രേതസങ്കല്‍പമായി ഈ വേഷം മാറി എന്നതാണ് ചരിത്രസത്യം. നൂറുകണക്കിന് സിനിമകളിലും സീരിയലുകളിലും ആവര്‍ത്തിച്ച് ഈ വേഷം ഇന്നൊരു ക്ലീഷേയും ബാധ്യതയും ആയിട്ടുണ്ടെങ്കിലും ഭാര്‍ഗവീനിലയം സൃഷ്‌ടിച്ച നൂതനത്വം പിന്നീടൊരു കാലത്തും നഷ്ടമായില്ല.

വിശ്വാസവും സങ്കല്‍പവും ഭാവനയും അനുഭവവും എല്ലാം ചേര്‍ന്നുള്ള ഒരു കൂടിക്കുഴയലാണ് ബഷീറിന്റെ കഥകളിലെ യാഥാര്‍ത്ഥ്യത്തെ രൂപീകരിച്ചെടുക്കുന്നത്. മലയാള സിനിമ അതുവരെ പരിചരിച്ചിരുന്ന യാഥാര്‍ത്ഥ്യ പ്രതലത്തില്‍ നിന്നുള്ള പ്രകടമായ എടുത്തുചാട്ടമായിരുന്നു ഇത്തരമൊരു കഥയുടെ തികച്ചും വ്യത്യസ്‌തമായ ചലച്ചിത്രവത്ക്കരണം. വിജയകൃഷ്‌ണന്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി, എ വിന്‍സന്റിനെപ്പോലെ പ്രതിഭാധനനായ ഛായാഗ്രാഹകനെ സംവിധാനച്ചുമതല ഏല്‍പ്പിച്ചതോടെ ബഷീറിന്റെ സാഹിത്യവും വ്യത്യസ്‌തമായ കാഴ്‌ചയും പ്രാവര്‍ത്തികമാകുകയായിരുന്നു എന്നതാണ് വാസ്‌തവം. സെറ്റിട്ട നിരത്തും പ്രകൃതിയുമാണ് ഭാര്‍ഗവീനിലയത്തിനും ചുറ്റുമായി ആധാരമാക്കാന്‍ സംവിധായകനുണ്ടായിരുന്നതെങ്കിലും ഇരുട്ടും വെളിച്ചവും നിഴലും തമ്മിലുള്ള പാരസ്‌പര്യം കൊണ്ട് രൂപീകരിച്ചെടുത്ത ദൃശ്യവിതാനങ്ങള്‍ അത്ഭുതകരമാണ്.

നാട്ടുകാരും കൂട്ടുകാരും പറഞ്ഞ അപവാദങ്ങളൊന്നും വിശ്വസിക്കാതെ സാഹിത്യകാരനായ നായകന്‍ ഭാര്‍ഗവിക്കുട്ടി എന്ന പ്രേതത്തോട് വിഷാദമോഹനമായ ഒരു മധുരകാവ്യമാണ് നീ എന്ന് കൊച്ചു വര്‍ത്തമാനം പറയുന്നു. ഭാര്‍ഗവിക്കുട്ടിയുടെ അടച്ചിട്ട മുറി കത്തി കൊണ്ട് ദൈവനാമത്തില്‍ തുറന്ന് അകത്തു പ്രവേശിക്കുന്ന സാഹിത്യകാരന്‍ അവിടെ കണ്ട ബി എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയ പെട്ടി പിടിച്ച് ചോദിക്കുന്നു. നിന്റെ ജീവിതത്തിന്റെ താക്കോല്‍ എവിടെ ഭാര്‍ഗവിക്കുട്ടി? ഒരു പക്ഷെ നിന്റെ ജീവിതത്തിന്റെ താക്കോല്‍ ഈ പെട്ടിക്കകത്തായിരിക്കുമോ? അവളുടെ മുറിയില്‍ വീണ്ടുമെത്തുന്ന അയാള്‍ക്ക് ഭീതിദമായ അനുഭവങ്ങളുണ്ടാകുന്നു. അതിനുശേഷം അയാള്‍ ചുമരില്‍ എഴുതിവെച്ച വാചകങ്ങള്‍ വായിക്കുന്നു. കടന്നു പോകുന്ന ഹേ അജ്ഞാതസുഹൃത്തേ, പാടുവാന്‍ കഴിയുമെങ്കില്‍ ഒരു കുളിര്‍ഗാന നിശ്വാസത്താലെന്റെ ഹൃദയവ്യഥയെ അല്‍പമൊന്ന് ലഘൂകരിച്ചാലും. ശാന്തമോഹനമായ ജീവിതത്തിന്റെ ഒരു മധുരഗാനാലാപത്താല്‍ എന്നെയൊന്നുറക്കിയിട്ടു പോകൂ. എന്നെയൊന്നുറക്കിയിട്ടു പോകൂ.

ഭാര്‍ഗവിയുടെ കഥ പൂര്‍ത്തിയാക്കിയ കഥാകാരന്‍ അത് വായിച്ചു തുടങ്ങുന്നു. ഒരു ചന്ദ്രോദയം. പൂര്‍ണചന്ദ്രന്‍. സുരഭിലമായ കുളിര്‍ നിലാവൊളിയില്‍ ഭാര്‍ഗവീനിലയത്തിലെ പൂങ്കാവനം രൂപരഹിതമായ കിനാവില്‍ മുഴുകിക്കൊണ്ടിരുന്നപ്പോള്‍ അത്ഭുതാനന്ദത്തോടെ ഒരു ഗാനപ്രവാഹം ഭാര്‍ഗവിയുടെ ഹൃദയത്തിലേക്ക് ഇരമ്പിപ്പാഞ്ഞു വന്നു. തൊട്ടുമുമ്പിലെ വീട്ടില്‍ താമസിച്ചിരുന്ന കലാകാരനായ ശശികുമാറി(പ്രേംനസീര്‍)നോടുള്ള ഭാര്‍ഗവി(നിര്‍മല)യുടെ പ്രിയം അതോടെ ആരംഭിക്കുന്നു. അയാളെഴുതിയ പാട്ട് അയാള്‍ തന്നെ കമ്പോസ് ചെയ്‌തത് അവള്‍ കോളേജില്‍ അവതരിപ്പിക്കുന്നു. പിന്നീട് അയാളെ കാണാനായി മതിനിലിനരികില്‍ കോണി ചാരി വെച്ച് മാമ്പൂവ് കൊഴിക്കുന്നതും അമ്മയുടെ ശകാരത്തെതുടര്‍ന്ന് മേല്‍ക്കഴുകാന്‍ പോകുന്നതുമായ രംഗത്തിന്റെ മസൃണത കാണിയില്‍ പ്രണയാനുഭൂതികള്‍ നിറക്കാന്‍ പ്രാപ്‌തമാണ്. മതിലിനിപ്പുറത്തും അപ്പുറത്തുമായുള്ള പ്രണയം എന്ന ബഷീറിന്റെ ബിംബം പിന്നീട് കഥയിലും അടൂരിന്റെ സിനിമയിലും കൂടുതല്‍ വികസിക്കുന്നത് നാം കണ്ടതുമാണല്ലോ.

യാഥാര്‍ത്ഥ്യം എന്നത് ബഷീറിനെ സംബന്ധിച്ചിടത്തോളം എന്നും അപ്രാപ്യമായ ഒരു ഭാവനയായിരുന്നു. തനിക്ക് ലഭിക്കാത്തത്, എത്തിച്ചേരാനാകാത്തത് അതായിരുന്നു അദ്ദേഹത്തിന് സാധാരണമെന്നു നാം കരുതുന്ന തരത്തിലുള്ള ജീവിതസാഹചര്യം. പ്രണയം പോലും ഉയര്‍ന്ന മതിലിനിപ്പുറവും അപ്പുറവും. അതിന്റെ പ്രതീകങ്ങളാകട്ടെ, മരക്കോണി, ഉണങ്ങിയ കൊമ്പ്, ഉരുളന്‍ കല്ല് എന്നിങ്ങനെയുള്ള പരുക്കന്‍ സാധനങ്ങളും. ഭാഷയിലെ തന്റെ വാക്കുകളും വാചകങ്ങളും ഇതുപോലെ ആഢ്യത്വവും വ്യാകരണമികവുമില്ലാത്തവയാണെന്ന ബഷീര്‍ വിവരിക്കുന്നുണ്ട്. ഇക്കാക്കാ വ്യാകരണം പഠിക്കണം എന്ന ബഷീറിന്റെ അധ്യാപകനായ അനിയന്‍ പറയുന്ന രംഗം ഓര്‍ക്കുക (പാത്തുമ്മായുടെ ആട്). അതിനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയാണ്. പോടാ എണീറ്റ്. അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ! എടാ നീ അല്ലേ നെയ് കട്ടു തിന്ന് ദീനമാണെന്നു പറഞ്ഞു നടന്ന പെരുങ്കള്ളന്‍! എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരി തന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പളുങ്കൂസന്‍ വ്യാകരണം!

പൂര്‍വമാതൃകകളോ ഗംഭീരമായ പാരമ്പര്യവും പൈതൃകവുമോ ബാധയാകാത്ത, ഏറ്റവും ആധുനികമായ ഒരു സാഹിത്യം സൃഷ്‌ടിച്ചുകൊണ്ട് താന്‍ ജീവിച്ചതും തനിക്കു ശേഷമുള്ളതുമായ കാലത്തെ മലയാള ഭാഷയെ അഭിമാനകരവും പക്വതയെത്തിയതുമായ ഒരു സൌന്ദര്യ-ലാവണ്യ വ്യവസ്ഥയായി പരിവര്‍ത്തിപ്പിച്ച ബഷീറിന്, സിനിമയുടെ നൂതനമായ ദൃശ്യ-ശബ്‌ദ വിന്യാസവും വഴങ്ങുമായിരുന്നു എന്നു പൂര്‍ണമായും വിശ്വസിക്കാവുന്ന വിധത്തിലുള്ള ഒരിടപെടലാണ് അദ്ദേഹം ഭാര്‍ഗവീനിലയത്തിലൂടെ നടത്തിയത്. എന്നാല്‍ അതേറ്റെടുക്കുന്നതിന് പാകത്തിലുള്ള നിര്‍മാതാക്കളുടെയും സംവിധായകരുടെയും നിര രൂപപ്പെട്ടുവന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പരിമിതി. ആ പരിമിതി ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ!

*****

ജി പി രാമചന്ദ്രന്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.perch.co.in

പാട്ടുകള്‍ കേള്‍ക്കാന്‍ ഇവിടെ ഞെക്കുക

ആരും സുരക്ഷിതരല്ല

അസംഭാവ്യമെന്ന് പലരും കരുതിയതാണ് തുടര്‍ച്ചയായി സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം എയര്‍ഹോസ്‌റ്റസുമാരും വിമാനജോലിക്കാരും യൂണിഫോമണിഞ്ഞ് കൂട്ടത്തോടെ സമരത്തിനിറങ്ങിയപ്പോള്‍ മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായി. ജെറ്റ് എയര്‍വെയ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍സംരക്ഷിക്കുന്നതിനായി പൊരിവെയിലില്‍ തെരുവിലിറങ്ങേണ്ടി വരുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിലോഭനീയമായ തൊഴില്‍സാധ്യത ഉണ്ടായിരുന്ന എയര്‍ ഇന്ത്യയിലെ തൊഴിലാളിയും പിരിച്ചുവിടലിന്റെ പരോക്ഷരൂപമായ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി എടുക്കേണ്ടിവരുന്ന അവസ്ഥ വിദൂരസ്വപ്‌നത്തില്‍പ്പോലും കണ്ടിട്ടുണ്ടാകില്ല. ഇത് ഈ സ്ഥാപനങ്ങളിലോ ചില രാജ്യങ്ങളിലോ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ലെന്നാണ് നിരന്തരം വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പണിയെടുക്കാന്‍ സന്നദ്ധതയും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് ആവശ്യത്തിനു തൊഴില്‍ ആഗോളവല്‍ക്കരണം സൃഷ്‌ടിച്ചിട്ടുണ്ടെന്നും യോഗ്യരായവരെ കിട്ടാത്തതാണ് പ്രശ്‌നമെന്നുമാണ് ഒരുവിഭാഗം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ലോകചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മയാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. ഇത് താല്‍ക്കാലിമായ ഒന്നല്ല; മുതലാളിത്തത്തിന്റെ അവിഭാജ്യഭാഗമാണ്.

കരുതല്‍ തൊഴില്‍സേന എന്ന നിലയില്‍ തൊഴിലില്ലാത്ത പട്ടാളത്തെ മുതലാളിത്തം സ്ഥിരമായി നിലനിര്‍ത്തുന്നുവെന്നത് മാര്‍ക്‍സിന്റെ കണ്ടെത്തലാണ്. തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നതായിരുന്നു ക്ലാസിക്കല്‍ സാമ്പത്തികശാസ്‌ത്രത്തിന്റെ നിഗമനം. എന്നാല്‍, മൂലധനത്തിന്റെ ആദ്യ സഞ്ചയികയുടെ 25-ാം അധ്യായത്തില്‍ ഈ പ്രശ്‌നമാണ് മാര്‍ക്‍സ് പരിശോധിക്കുന്നത്. ഉല്‍പ്പാദനം വര്‍ധിക്കുന്ന ആദ്യഘട്ടത്തില്‍ അധ്വാനശക്തിക്ക് കൂടുതല്‍ ആവശ്യമുണ്ടാകും. എന്നാല്‍, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനു കൂടുതല്‍ യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതോടെ അധ്വാനശക്തിക്ക് കൂടുതല്‍ മുതല്‍മുടക്കേണ്ടതില്ലാത്ത അവസ്ഥയിലേക്കു മൂലധനം എത്തിച്ചേരും. ഇതോടെ ഉല്‍പ്പാദനപ്രക്രിയയില്‍ ഉപയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയുന്നു. ഇതിനെയാണ് മാര്‍ക്‍സ് വ്യാവസായിക കരുതല്‍സേനയുടെ സൃഷ്‌ടി എന്നു വിളിച്ചത്. മൂന്ന് ആവശ്യമാണ് കരുതല്‍സേന വഴി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഒന്നാമതായി നേരത്തെ കണ്ടതുപോലെ മുതലാളിത്തത്തിന്റെ അച്ചടക്കനിയമമനുസരിച്ച് മിച്ചമൂല്യത്തിന്റെ നിശ്ചിത വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതിന് ഇത് ആവശ്യമാണ്. രണ്ടാമതായി തങ്ങള്‍ ഉദ്ദേശിക്കുന്ന ഏതു സ്ഥലത്തും നിക്ഷേപം നടത്തുന്നതിന് എല്ലായിടത്തും പണിയെടുക്കുന്നതിനു തയ്യാറായ തൊഴില്‍രഹിതകൂട്ടം ആവശ്യമാണ്. മൂന്നാമതായി തൊഴിലാളിയുടെ കൂലി സ്ഥിരമായി നിലനിര്‍ത്തുന്നതിനായി പുറത്ത് തൊഴില്‍രഹിതകൂട്ടം ഉണ്ടാകണം.

ആഗോളവല്‍ക്കരണം ഈ പ്രക്രിയയുടെ വേഗം വര്‍ധിപ്പിച്ചു. ശാസ്‌ത്ര സാങ്കേതികവിദ്യയുടെ പുരോഗതിയും അതിന് അനുസൃതമായ ഉല്‍പ്പാദനരീതികളും കുറച്ചു തൊഴിലാളികളെമാത്രം ഉപയോഗിച്ച് കൂടുതല്‍ ലാഭം കൊയ്യാവുന്ന അവസ്ഥയുണ്ടാക്കി. ഇത് ആദ്യം തൊഴില്‍രഹിത വളര്‍ച്ചയിലേക്കും പിന്നീട് തൊഴില്‍ നഷ്ടപ്പെടുത്തുന്ന വളര്‍ച്ചയിലേക്കും എത്തിച്ചു. പല രാജ്യത്തും തൊഴിലില്ലായ്‌മാ നിരക്ക് ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. എന്നാല്‍, വികസിത രാജ്യങ്ങളിലെ പുറംകരാര്‍ തൊഴിലുകള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലിരുന്ന് ചെയ്യാവുന്ന സാഹചര്യം ഐടി അധിഷ്‌ഠിത മേഖലയില്‍ പുതിയ തൊഴിലവസരം സൃഷ്‌ടിച്ചു. അതോടൊപ്പം അമേരിക്കപോലുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരായ സാങ്കേതികവിദഗ്ധരുടെ കുടിയേറ്റം ശക്തിപ്പെട്ടു. പുതിയ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടു. ഈ കാലയളവില്‍ത്തന്നെ മൂലധനം കയറ്റി അയക്കുന്ന പ്രക്രിയയും ശക്തിപ്പെടുകയുണ്ടായി. കുറഞ്ഞ കൂലിക്ക് ആളെ കിട്ടുന്നിടങ്ങളിലേക്ക് മൂലധനം ഒഴുകാന്‍ തുടങ്ങി. അത്തരം ഒഴുക്കിനുള്ള തടസ്സത്തെ ആഗോളവല്‍ക്കരണം ഒഴിവാക്കിയിരുന്നു. പുതിയ സാമ്പത്തിക മേഖലകളും മറ്റും ഇത്തരം രാജ്യങ്ങളില്‍ വ്യാപകമായി ആരംഭിച്ചു. കയറ്റുമതിയെ അടിസ്ഥാനമാക്കുന്ന വ്യവസായങ്ങളാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയില്‍ മഹാഭൂരിപക്ഷവും.

പുതിയ പ്രതിസന്ധി ഈ സാധ്യതകളെ പെട്ടെന്ന്തകിടം മറിച്ചു. ഇന്ത്യയിലെ പ്രധാന ഐടി സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പുറംകരാര്‍ ജോലിയുടെ 40 ശതമാനത്തോളം അമേരിക്കന്‍ ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടേതാണ്. ഇവയുടെ തകര്‍ച്ച നേരിട്ട് പ്രതിഫലിച്ചു കഴിഞ്ഞു. അമേരിക്കയിലെ പുതിയ സാഹചര്യം അവശേഷിക്കുന്ന ജോലികള്‍ മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിന് എതിരാണ്. നേരത്തെതന്നെ ഇതിനെതിരായ ശക്തമായ വികാരം അവിടെ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യം ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും. ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന ഇക്കൂട്ടരുടെ ജീവിതാനിശ്ചിതത്വം വാങ്ങല്‍ശേഷിയെ പ്രതികൂലമായി ബാധിച്ചു. വിമാനയാത്ര തുടങ്ങി കാറുകളുടെ വില്‍പ്പനയെവരെ ഇതു ബാധിച്ചു. കയറ്റുമതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലായി. ഇത്തരം സ്ഥാപനങ്ങളിലും പിരിച്ചുവിടല്‍ വ്യാപകമായി. കമ്പോളത്തില്‍ ആവശ്യക്കാര്‍ കുറയുന്നത് പുതിയ പ്രതിസന്ധിക്ക് വഴിതുറക്കുമെന്ന് മാര്‍ക്‍സ് നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതുശരിവയ്‌ക്കുന്ന കാര്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

ആഗോളവല്‍ക്കരണകാലത്ത് തൊഴിലില്ലായ്‌മ വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകംകൂടി പരിശോധിക്കേണ്ടതുണ്ട്. അത് ഊഹക്കച്ചടത്തില്‍ അഭിരമിക്കുന്ന ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യമാണ്. ലോകത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന സമ്പത്തിന്റെ എട്ടിരട്ടിയിലധികമാണ് ഊഹക്കച്ചവടത്തില്‍ ഒഴുകി നടക്കുന്നത്. ലോകത്തിന്റെ മൊത്തം ജിഡിപി 65 ലക്ഷം കോടി രൂപയാണെങ്കില്‍ ഊഹക്കച്ചവടത്തില്‍ ഒഴുകി നടക്കുന്നത് 800 ലക്ഷം കോടി രൂപയാണ്. ഉല്‍പ്പാദനത്തിലേക്ക് മൂലധനം എത്താത്തതുകൊണ്ട് തൊഴിലവസരം സൃഷ്‌ടിക്കപ്പെടുന്നില്ല.

അമേരിക്കന്‍ ധനമേഖലയുടെ പ്രതിസന്ധി റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പിന്നോട്ടടി ഉണ്ടാക്കി. നിര്‍മാണത്തൊഴിലാളികള്‍ പുറംതള്ളപ്പെട്ടു. സിമന്റ്, കമ്പി തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കളുടെ ആവശ്യകതയില്‍ കുറവുണ്ടായി. ഇതു പുതിയ തൊഴിലില്ലായ്‌മയിലേക്കു നയിച്ചു. ഉപഭോഗ വസ്‌തുക്കളുടെ നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങളെ മാര്‍ക്‍സ് ഒന്നാംവകുപ്പിലാണ് ഉള്‍പ്പെടുത്തിയത്. ധനമേഖലയിലും ഉല്‍പ്പാദനമേഖലയിലുമുണ്ടാകുന്ന പ്രതിസന്ധി ഒന്നാംമേഖലയെയും ബാധിക്കാതെ തരമില്ല. വ്യാവസായിക ഉല്‍പ്പാദനത്തിന്റെ അസംസ്‌കൃത വസ്‌തുക്കളായ കാര്‍ഷിക ഉല്‍പ്പനങ്ങളാണ് ഈ ഗണത്തില്‍പ്പെടുന്നത്. അമേരിക്കയുടെ ഫിനാന്‍സ് മേഖലയുടെ പ്രതിസന്ധി വയനാട്ടിലെ കര്‍ഷകനെവരെ പ്രതികൂലമായി ബാധിക്കും. കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ കര്‍ഷകത്തൊഴിലാളിയെയും തൊഴില്‍രഹിതനാക്കും. തൊഴില്‍ നഷ്‌ടപ്പെടുന്നവര്‍ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറയും. അത്യാവശ്യസാധനങ്ങള്‍മാത്രം വാങ്ങുന്നതിലേക്ക് എത്തും. സാധാരണ സന്ദര്‍ഭങ്ങളില്‍ കൃത്രിമചോദനം ഉണ്ടാക്കുന്നതിനു വായ്‌പ നല്‍കലാണ് മുതലാളിത്തംചെയ്യുന്ന രീതിയെന്ന് മാര്‍ക്‍സ് നിരീക്ഷിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ലോകസാഹചര്യം അതിനു പറ്റുന്നതല്ല. കച്ചവടസ്ഥാപനങ്ങളില്‍ ആവശ്യക്കാര്‍ കുറയും. പലതും അടച്ചുപൂട്ടേണ്ടിവരും. ഇങ്ങനെ ചങ്ങല കണക്കെ പ്രത്യാഘാതം സൃഷ്ടിക്കുകയാണ് സാമ്പത്തികപ്രതിസന്ധി ചെയ്യുന്നത്.

ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് പ്രതിരോധിച്ചുവെന്നത് വാസ്‌തവമാണെങ്കിലും നമ്മുടെ സമ്പദ്ഘടനയെ ആഗോളമൂലധനവുമായി കൂട്ടിക്കെട്ടിയതിന്റെ പ്രത്യാഘാതം ചെറുതല്ല. തൊഴിലില്ലായ്‌മ ശക്തിപ്പെടുത്തുന്ന ഈ അനുഭവം ശാസ്‌ത്രമെന്ന നിലയില്‍ മാര്‍ല്‍‌സിസത്തിന്റെ ആധികാരികതയെ അടിവരയിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

****

പി രാജീവ്

ചിത്രത്തിന് കടപ്പാട്: www.gulf-times.com

Sunday, November 2, 2008

രാജാറാമും കാര്‍ലിനും - കമ്പോളത്തിന്റെ നെഞ്ചിലേക്കുള്ള നിറയൊഴിക്കല്‍

കാര്‍ത്തിക് രാജാറാമിന് 45 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എം.ബി.എ ബിരുദധാരിയായ ഇദ്ദേഹം തൊഴിലിനായി അമേരിക്കയിലേക്ക് കുടിയേറിയ ലക്ഷകണക്കിന് ഇന്ത്യക്കാരില്‍ ഒരാള്‍ മാത്രം. താമസം ലോസ് ആഞ്ചല്‍സില്‍. തമിഴ് നാട്ടില്‍ നിന്നു തന്നെയുള്ള ശുഭശ്രീയെയാണ് രാജാറാം വിവാഹം കഴിച്ചത്. പഠനത്തില്‍ മിടുക്കരായ മൂന്ന് ആണ്‍മക്കളോടൊപ്പം ഇവര്‍ സുഖമായവിടെ ജീവിച്ചു വരികയായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യാ മാതാവ് കൂടി അവരോടൊപ്പം താമസമായി.

അമേരിക്കയിലെ പ്രസിദ്ധ കമ്പനിയായ സോണി പിക്‍ചേഴ്‌സിലാണ് രാജാറാം ജോലി ചെയ്തിരുന്നത്. പിന്നീട് "പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് '' എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയിലായി പണി. 1997ല്‍ ഒരു മോര്‍ട്ട്ഗേജ് ബാങ്കില്‍ നിന്നും വായ്‌പയെടുത്തുകൊണ്ട് 2,74,000 ഡോളര്‍ (ഒരു കോടി മുപ്പത്തിയേഴു ലക്ഷം രൂപ) വിലയുള്ള ഒരു 'വില്ല' രാജാറാം വാങ്ങി. ശമ്പളത്തില്‍ നിന്നും ഇന്‍‌സ്‌റ്റാള്‍മെന്റായി വായ്‌പ തിരിച്ചടച്ചു കൊണ്ടിരുന്നു. കൂടാതെ ചെറിയ തോതില്‍ ഓഹരി വിപണിയില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയും ചെയ്തു.

2001 മുതല്‍ അമേരിക്കയിലെ മോര്‍ട്ട്ഗേജ് ബാങ്കുകള്‍ വന്‍ തോതില്‍ ഭവന വായ്‌പകള്‍ നല്‍കിത്തുടങ്ങി. വീടുകള്‍ക്ക് ഡിമാന്റ് വര്‍ദ്ധിച്ചതോടെ വീടുകളുടെ വിലയും വര്‍ദ്ധിച്ചു. ഇതോടെ വായ്‌പക്കെത്തിയവരുടെ എണ്ണം വര്‍ദ്ധിച്ചു. മോര്‍ട്ടുഗേജുബാങ്കുകള്‍ക്ക് പണം പോരാ എന്ന സ്ഥിതി വന്നു. അവര്‍ നല്‍കിയ വായ്‌പകളെ സെക്യൂരിറ്റിയാക്കിക്കൊണ്ട് ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ച് പണം കണ്ടെത്തി. ഇന്‍വെസ്റ്ബാങ്കുകളും വിദേശ ബാങ്കുകളും നിക്ഷേപകരും ഇവ വന്‍തോതില്‍ വാങ്ങുകയും ഊഹക്കച്ചവട വിപണിയില്‍ വന്‍തോതില്‍ ലാഭമുണ്ടാകുകയും ചെയ്തു. രാജാറാമും ഡെറിവേറ്റീവ് കച്ചവടത്തില്‍ പങ്കാളിയാകുകയും ലാഭമുണ്ടാക്കുകയും ചെയ്തു.

ലാഭത്വര മുതലാളിത്തത്തെ സാഹസിയാക്കുമെന്ന് മാര്‍ക്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീടുകളുടെ വിലയുയര്‍ന്നതോടെ അമേരിക്കക്കാര്‍ തങ്ങളുടെ സ്വന്തം വീടുകള്‍ വര്‍ദ്ധിച്ച വിലക്ക് വില്‍ക്കുകയും വാടകക്ക് താമസിച്ചു കൊണ്ട് 'കിട്ടിയ പണം' ഊഹക്കച്ചവട രംഗത്ത് മുതല്‍മുടക്കി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. രാജാറാമും തന്റെ വീട് കച്ചവടമാക്കി. അതു വഴി രാജാറാമിന് 7,50,000 ഡോളര്‍ (3 കോടി 75 ലക്ഷം രൂപ) ലഭിച്ചു. ഈ തുകയത്രയും രാജാറാം ഊഹക്കച്ചവടരംഗത്തു നിക്ഷേപിച്ചു. രാജാറാമിന്റെ സമ്പാദ്യം വളര്‍ന്നു കൊണ്ടേയിരുന്നു.

രണ്ടു ബാങ്കുകളില്‍ നിന്ന് ഏകദേശം 240000 ഡോളറിന്റെ ലോണ്‍ രാജാറാമിനുണ്ടായിരുന്നു. ഇരുവര്‍ക്കും ജോലിയുണ്ടായിരുന്നതു കൊണ്ട് ഈ കടം മാസം തോറും അടച്ചു വരികയായിരുന്നു. വളരെ പെട്ടെന്നാണ് രാജാറാമിന്റെ കുടുംബാന്തരീക്ഷം കലുഷിതമായത്. 2007 തുടക്കത്തില്‍ സാമ്പത്തിക പ്രതിസന്ധികാരണം "പ്രൈസ് വാട്ടര്‍ കൂപ്പേഴ് സ്'' കുറേ ജീവനക്കാരെ പിരിച്ചു വിട്ടു. അങ്ങനെ രാജാറാമിന്റെ തൊഴില്‍ നഷ്ടമായി. സബ് പ്രൈം പ്രതിസന്ധി വീശിയടിച്ചതു കാരണം മിക്ക കമ്പനികളും ജീവനക്കാരെ കുറച്ചു തുടങ്ങി. ഇതുകാരണം മാസങ്ങള്‍ കഴിഞ്ഞിട്ടും രാജാറാമിന് ഒരു ജോലി ലഭിച്ചില്ല.

കൂലി കുറഞ്ഞതു കാരണവും തൊഴില്‍ നഷ്ടമായതു കൊണ്ടും വായ്‌പയെടുത്ത മിക്കവര്‍ക്കും തിരിച്ചടക്കാനായില്ല. ഗത്യന്തരമില്ലാതെ മോര്‍ട്ട്ഗേജു കമ്പനികള്‍ വീടുകള്‍ പിടിച്ചെടുത്തു വിറ്റു തുടങ്ങി. ഇതോടെ വീടുകളുടെ വിലയിടിഞ്ഞു. വീടുകള്‍ വിറ്റാലും കൊടുത്ത വായ്‌പ തിരിച്ചു പിടിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മോര്‍ട്ട് ഗേജ് കമ്പനികള്‍ പതിച്ചു. അവ ഒന്നൊന്നായി തകര്‍ന്നു തുടങ്ങി. അതോടെ മൂന്ന് ഇന്‍വെസ്‌റ്റ്മെന്റ് ബാങ്കുകളും തകര്‍ന്നു തുടങ്ങി. പിടിച്ചു നില്‍ക്കാനായി രണ്ടു ഇന്‍വെസ്‌റ്റ്മെന്റ് ബാങ്കുകള്‍ ഫെഡറല്‍ റിസര്‍വ്വി ന്റെ അനുമതി വാങ്ങി വാണിജ്യ ബാങ്കുകളായി മാറി. ഓഹരി വിപണികള്‍ ഇടിഞ്ഞു. ഓഹരികളുടേയും ഡെറിവേറ്റീവ് ഉല്‍പന്നങ്ങളുടേയും വിലയിടിഞ്ഞു. വമ്പിച്ച വിലയുണ്ടായിരുന്ന ഈ ഉല്‍പന്നങ്ങള്‍ക്ക് പീറക്കടലാസിന്റെ വില പോലുമില്ലാതായി.

രാജാറാമിന്റെ സമ്പാദ്യമാകെ നഷ്‌ടമായി. വീട് നേരത്തെ വിറ്റഴിച്ചിരുന്നു. കൂടാതെ 2,40,000 ഡോളറിന്റെ രണ്ടു വായ്‌പകള്‍ അടച്ചു തീര്‍ക്കാനുമുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ ഇതും തിരിച്ചടക്കാതായി. അതിനാല്‍ മറ്റ് വായ്‌പകള്‍ ഒന്നും കിട്ടാത്ത സ്ഥിതിയായി. ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പ്രതീകമായി രാജാറാം മാറി.

സെപ്റ്റംബര്‍ 16ന് രാജാറാം ഒരു കൈത്തോക്ക് വാങ്ങി. രാജാറാം ആ ദിവസങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ അയല്‍ക്കാര്‍ വിവരിച്ചപ്പോള്‍ എല്ലാം അയാള്‍ മുന്‍ കൂട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നു വ്യക്തമാവുന്നു. അയാള്‍ അയല്‍ക്കാരിയോട് "കള്ളന്മാരു ടെ ശല്യമുള്ളതു കാരണം ജനല്‍ അടച്ചിടുന്നതാണ്'' നല്ലതെന്ന് ഉപദേശിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ അയല്‍ക്കാരനാണ് രാജാറാമിന്റെ കുടുംബത്തെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്നവിടെയെത്തിയ പോലീസ് രാജാറാമിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതോടെ നടന്ന കാര്യങ്ങള്‍ വ്യക്തമായി. ഭാര്യയേയും മൂന്നു കുഞ്ഞുങ്ങളേയും ഭാര്യാമാതാവിനേയും താന്‍ വാങ്ങിയ കൈത്തോക്ക് കൊണ്ട് വെടിവെച്ചു കൊന്ന ശേഷം അയാള്‍ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. രാജ്യ ത്തെ പ്രതിസന്ധിയിലേക്ക് നയിച്ച ബുഷ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒന്നായിരുന്നു ആ കുറിപ്പ്.

2008 ജൂലൈ 22- അമേരിക്കയിലെ ബോസ്‌റ്റണിലെ ഒരു മോര്‍ട്ട്ഗേജ് കമ്പനിക്ക് കാര്‍ലിന്‍ ബെല്‍സറാമ്മ എന്ന 53 കാരിയായ അമേരിക്കന്‍ വീട്ടമ്മ ഒരു കത്ത് ഫാക്സ് ചെയ്യുന്നു.

"എന്റെ പണി പോയിരിക്കുകയാണ്. നിങ്ങള്‍ എനിക്ക് തന്നിട്ടുള്ള വായ്‌പ തിരിച്ചടക്കാന്‍ എനിക്കു കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ നിങ്ങള്‍ എന്റെ വീട് ഏറ്റെടുത്തു കൊള്ളുക. പക്ഷേ ഒരു കാര്യം നിങ്ങള്‍ വീട് ഏറ്റെടുക്കുമ്പോള്‍ ഞാന്‍ ജീവനോടുണ്ടാവില്ല. തുടര്‍ന്ന് ബാങ്ക് അധികാരികള്‍ അവരുടെ വീട് ഏറ്റെടുത്തു ലേലം ചെയ്യാന്‍ നടപടികള്‍ എടുത്തു. വീടിനു മുന്നില്‍ ലേലത്തിനു വന്നവരും ബാങ്കധികാരികളും കൂടി നില്‍ക്കുമ്പോള്‍ കാര്‍ലിന്റെ ശരീരം ഉള്ളില്‍ തണുത്തു മരവിച്ചു കിടക്കുകയായിരുന്നു.

ഇനിയും ഇത്തരത്തിലുള്ള നിരവധി ആത്മഹത്യാകുറിപ്പുകള്‍ വന്നേക്കാം. അത്രമാത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അമേരിക്ക ചെന്നു പെട്ടിട്ടുള്ളത്. കത്രീന, ഗുസ്താ വ്, ഐക് കൊടുങ്കാറ്റുകളേക്കാള്‍ വലിയ നാശമാണ് "സബ് പ്രൈം പ്രതിസന്ധി'' അവിടെ വിതച്ചിട്ടുള്ളത്. കൂലി കുറഞ്ഞവര്‍, തൊഴില്‍ നഷ്‌ടമായവര്‍, ഭവന രഹിതരായവര്‍, ഊഹക്കച്ചവടത്തില്‍ സമ്പാദ്യമാകെ നഷ്ടമായവര്‍ എന്നിങ്ങനെ ലക്ഷക്കണക്കിനു പേര്‍ അവിടെ കണ്ണീരിലാണ്. കഴിഞ്ഞ മാസം മാത്രം ഒന്നരലക്ഷം പേര്‍ക്കാണ് അവിടെ തൊഴില്‍ നഷ്‌ടമായത്. ഇതോടെ അവിടുത്തെ തൊഴില്‍ രഹിതരുടെ എണ്ണം ഒരു കോടി കവിയാറായിരിക്കുന്നു.

വായ്‌പാ പ്രതിസന്ധി മൂലം പത്തു ലക്ഷത്തിലേറെ പേര്‍ അവിടെ ഭവനരഹിതരായിരിക്കുന്നു. ഇവര്‍ ഡോര്‍മിറ്ററി സൌകര്യമുള്ള വാനുകളിലും, കാറുകളിലും, പൊതുസ്ഥലങ്ങളിലുമായാണ് അന്തിയുറങ്ങുന്നത്. "കാര്‍‌സ്ലീപ്പേഴ്സ് '' എന്നാണിവരെ വിളിക്കുന്നത്. ഇവര്‍ക്ക് അന്തിയുറങ്ങാന്‍ സ്ഥലം നല്‍കി അതിന് വാടക ഈടാക്കുന്നവരുമുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് വൈകീട്ട് കാറില്‍ അവരെത്തുന്നു. കാറിലുള്ള വിരിപ്പുകളും ടാര്‍പാളിനുമൊക്കെ ഉപയോഗിച്ചവര്‍ കാറിനടുത്തായി കിടന്നുറങ്ങുന്നു.

മുതലാളിത്തത്തില്‍ അന്തര്‍ ലീനമായിരിക്കുന്ന പ്രതിസന്ധിയാണ് മറ നീക്കി പുറത്തു വന്നിട്ടുള്ളത്. കേവലമായ രക്ഷാ പദ്ധതികള്‍ കൊണ്ട് അതിനെ പരിഹരിക്കാനാവില്ല. സോഷ്യലിസം മാത്രമാണ് പരിഹാര മാര്‍ഗം. അതു കൊണ്ടാണ് ദുരന്തമനുഭവിക്കുന്ന പാവങ്ങളെ മറന്ന് കുത്തകകളെ രക്ഷിക്കാനായി കൊണ്ടുവന്ന രക്ഷാപദ്ധതികള്‍ക്കെതിരെ 'മെയിന്‍ സ്ട്രീറ്റില്‍' ജനലക്ഷങ്ങള്‍ അണിനിരക്കുന്നത്. മുതലാളിത്തം സ്വയം തകര്‍ന്നു കൊള്ളും എന്നാരും കരുതേണ്ട. അത് അധിനിവേശങ്ങളിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചേക്കാം. ലോകത്താകമാനമുള്ള പണിയെടുക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരേയും മുതലാളിത്തത്തിനെതിരെ അണിനിരത്തുക എന്നതാണ് തൊഴിലാളികളുടെ മുന്നിലുള്ള കടമ. ഈ കടമ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കമ്പോള ശക്തികളുടെ നെഞ്ചിനു നേരെ നിറയൊഴിക്കുകയാണ് രാജാറാമും കാര്‍ലിനും തങ്ങളുടെ ആത്മഹത്യകള്‍ വഴി ചെയ്തിട്ടുള്ളത്.

***

സജി വര്‍ഗീസ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

മുതലാളിത്ത പ്രതിസന്ധിയും മാര്‍ക്‍സിസവും

മാര്‍ക്‍സ് തിരിച്ചുവരുന്നെന്നും 'മൂലധനം' യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം തേടിയെന്നതും ലോകമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണ്. മാര്‍ക്‍സിന്റെയും എംഗല്‍സിന്റെയും രചനകള്‍ അന്വേഷിക്കുന്നവരില്‍ പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വരെയുണ്ടെന്നാണ് പറയുന്നത്.

അമേരിക്കന്‍ ധനമേഖലയില്‍നിന്ന് ആരംഭിച്ച് ലോക സമ്പദ്ഘടനയെ പിടിച്ചുലച്ച സാമ്പത്തികക്കുഴപ്പത്തെ വിശകലനം ചെയ്യുന്നതിനു മാര്‍ക്‍സിസത്തെ ആശ്രയിക്കുന്ന രീതിയിലേക്ക് പാശ്ചാത്യ മാധ്യമങ്ങളും സാമ്പത്തിക ശാസ്ത്രജ്ഞരും മാറുന്നു. അമേരിക്കയിലെ ലിബറല്‍ പ്രസിദ്ധീകരണമായ 'ദി നേഷന്‍' ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ച കമ്യൂണിസ്‌റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തിന് 160 വര്‍ഷം പിന്നിടുന്നത് സംബന്ധിച്ച ലേഖനം വിലയിരുത്തുന്നതില്‍ മാര്‍ക്‍സിസത്തിനുള്ള ആധികാരികതയെ എടുത്തുപറയുന്നതാണ്. ബ്രിട്ടനിലെ പ്രധാന പ്രസിദ്ധീകരണമായ 'ഒബ്‌സര്‍വര്‍' പ്രസിദ്ധീകരിച്ച 'മുതലാളിത്തത്തിന്റെ ഉയര്‍ച്ചയും താഴ്‌ചയും: ഒരു ലഘുചരിത്രം' എന്ന ലേഖനവും ചരിത്രപരമായ പശ്ചാത്തലത്തില്‍ എങ്ങനെയാണ് മുതലാളിത്തം പ്രതിസന്ധികളുടേതാകുന്നതെന്നാണ് വിശദമാക്കുന്നത്. ബ്രിട്ടീഷ് പ്രസിദ്ധീകരണങ്ങളായ 'ദി ടൈംസും' 'ഡെയ്‌ലി ടെലിഗ്രാഫും' മാര്‍ക്‍സിസ്‌റ്റ് രീതിശാസ്ത്രത്തെ പിന്തുടരുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതും ശ്രദ്ധേയമാണ്.

ജപ്പാനില്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയിലേക്ക് ചെറുപ്പക്കാരുടെ ഒഴുക്ക് വര്‍ധിച്ചതായി അവിടത്തെ മാധ്യമങ്ങള്‍ പറയുന്നു. പ്രതിമാസം ആയിരത്തിലധികം പേര്‍ പാര്‍ടിയിലേക്ക് പുതുതായി എത്തുന്നു .മാര്‍ക്‍സിസ്റ്റ് ക്ളാസിക്കുകള്‍ അന്വേഷിക്കുന്നതില്‍ ചെറുപ്പക്കാരാണ് കൂടുതല്‍. തൊഴില്‍ നഷ്‌ടപ്പെടുത്തുകയും പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ യഥാര്‍ഥ ചിത്രം മനസിലാക്കുന്നതിനു മാര്‍ക്‍സിസംതന്നെ വേണമെന്നാണ് യുവതലമുറയുടെ പ്രതിനിധികള്‍ പറയുന്നത്. ഇവരില്‍ മഹാഭൂരിപക്ഷവും താല്‍ക്കാലിക അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായവരാണ്. പാവപ്പെട്ട തൊഴിലാളി കുടംബങ്ങളുടെ ജീവിതത്തെ അവതരിപ്പിച്ച പഴയകാല കൃതിയായ 'മാംഗ'യാണ് ഈ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം.

'ഗാര്‍ഡിയന്‍' പോലുള്ള പുരോഗമന ചിന്തയുള്ള പാശ്ചാത്യ പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല വലതുപക്ഷ ആശയങ്ങളുടെ ശക്തരായ പ്രചാരകരായിരുന്ന മാധ്യമങ്ങള്‍ വരെ മാര്‍ക്‍സിസത്തെ ഉയര്‍ത്തിക്കാണിക്കുന്ന സന്ദര്‍ഭം ഒരു ശാസ്ത്രമെന്ന നിലയില്‍ മാര്‍ക്‍സിസത്തിന്റെ ആധികാരികത ഉറപ്പിക്കുന്നതാണ്. മാര്‍ക്‍സിന്റെ ജന്മനാടായ ജര്‍മനിയും ഇതില്‍നിന്ന് വ്യത്യസ്‌തമല്ല. ഇരുപത്തിമൂന്നു വര്‍ഷത്തെ കൂട്ടായ തപസ്യയുടെ ഉല്‍പ്പന്നമായ 'മൂലധനം' മുതലാളിത്തത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ ശാസ്‌ത്രീയമായി വിലയിരുത്തുന്ന ഗ്രന്ഥമാണ്. മുതലാളിത്ത സമൂഹത്തിന്റെ ചരിത്രത്തില്‍നിന്നു തുടങ്ങി പണവും മൂലധനവും ഉത്ഭവിക്കുന്നത് എങ്ങനെയെന്ന അന്വേഷണത്തിലൂടെ മുതലാളിത്ത ഉല്‍പ്പാദന പ്രക്രിയയുടെ ചൂഷണമുഖമാണ് വരച്ചിട്ടത്.

'തൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ രണ്ടാംവാല്യത്തിലാണ് ആനുകാലിക സാമ്പത്തികക്കുഴപ്പത്തെക്കുറിച്ച് മാര്‍ക്‍സ് വിശദീകരിക്കുന്നത്. ഉയര്‍ച്ച, മാന്ദ്യം, പ്രതിസന്ധി എന്നിങ്ങനെയുള്ള മൂന്നു ഉപഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓരോ ഉല്‍പ്പാദന ചക്രമായാണ് മുതലാളിത്തം വളരുന്നത്. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയുന്ന മുതലാളിത്തം വീണ്ടും ഇതേ ചാക്രിക കുഴപ്പങ്ങളിലൂടെ കടന്നുപോകും.

എന്നാല്‍, ഇത്തരത്തിലല്ലാതെ മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായിത്തന്നെ കൂടുതല്‍ സ്ഥിരമായ പ്രതിസന്ധിയും മുതലാളിത്ത വളര്‍ച്ചയിലുണ്ടെന്ന് മൂന്നാംവാല്യത്തില്‍ മാര്‍ക്‍സ് വിശദീകരിക്കുന്നുണ്ട്. ഇത് മിച്ചമൂല്യോല്‍പ്പാദനം, മൂലധനസഞ്ചയനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പുതിയ ഉപകരണങ്ങള്‍ വഴി ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുമ്പോള്‍ മിച്ചമൂല്യം തട്ടിയെടുക്കല്‍ വര്‍ധിക്കുന്നുണ്ട്. ആഗോളവല്‍ക്കരണകാലത്ത് ഇതു കൂടുതല്‍ പ്രസക്തമാണ്. എന്നാല്‍, ഇതിനായി മുടക്കിയ മൂലധനത്തിന്റെ മൊത്തം അളവ് കൂടി കണക്കിലെടുക്കുമ്പോള്‍ ലാഭത്തോത് കുറയുകയാണ് ചെയ്യുന്നത്.

പ്രതിസന്ധിയെ മറികടക്കുന്നതിനു കണ്ടുപിടിത്തങ്ങളെയും സാമൂഹ്യഘടകങ്ങളെയും സമര്‍ഥമായി ഉപയോഗിക്കുന്നുവെന്ന് പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞനായ സമീര്‍ അമിന്‍ വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായ ഭൌതികവാദത്തെ ഉപയോഗിച്ചുമാത്രമേ മുതലാളിത്ത പ്രവര്‍ത്തനത്തെ മനസിലാക്കാന്‍ കഴിയൂവെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതിനുശേഷമുണ്ടായ കാലത്തിന്റെ മാറ്റങ്ങള്‍കൂടി കണക്കിലെടുത്ത് സാമ്രാജ്യത്വ ഘട്ടത്തെ സൂക്‍ഷ്‌മമായി വിലയിരുത്തിയ ലെനിന്‍ ധനമൂലധനത്തിന്റെ സ്വാധീനത്തെ എടുത്തുപറയുന്നു. ബാങ്ക് നിയന്ത്രിക്കുകയും വ്യവസായം ഉപയോഗിക്കുകയും ചെയ്യുന്ന മൂലധനമെന്ന അന്നത്തെ നിര്‍വചനത്തില്‍നിന്ന് ധനമൂലധനം ഇന്ന് മാറിയിരിക്കുന്നു. ഇന്ന് അത് പ്രധാനമായും ഊഹക്കച്ചവടരംഗത്ത് വ്യാപരിക്കുകയാണ്. അതോടൊപ്പം പണത്തിന്റെ ദേശീയ അടിത്തറ ദുര്‍ബലമാവുകയും പണം ആഗോളസ്വഭാവം കൈവരിക്കുകയുംചെയ്തു. ഈ മാറ്റത്തെ കാണാതെ ഇപ്പോഴത്തെ പ്രതിസന്ധിയെ മനസിലാക്കാന്‍ കഴിയില്ല.

അമേരിക്കന്‍ പ്രതിസന്ധിയെ പലരും ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് ചുരുക്കിക്കെട്ടുകയാണ് ചെയ്യുന്നത്. ഇവയുടെ സ്ഥിതിവിവര കണക്കുകളാണ് ആധികാരിക വിശകലനങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. സബ്പ്രൈം പ്രതിസന്ധിയിലേക്ക് നയിച്ച മുതലാളിത്തത്തിന്റെ മൌലികസ്വഭാവത്തെ കാണാതിരുന്നാല്‍ പ്രശ്നത്തിന്റെ വക്കുകടിക്കാന്‍പോലും പറ്റിയെന്നു വരില്ല. പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കുറച്ചു തൊഴിലാളികളെ ഉപയോഗിച്ച് കൂടുതല്‍ ലാഭംകൊയ്യുന്ന മൂലധനം മിച്ചമൂല്യം തട്ടിയെടുക്കുന്നതിന്റെ അളവ് കൂടുന്നത് നേരത്തെ സൂചിപ്പിച്ചല്ലോ. ഇത് അമിതോല്‍പ്പാദനത്തിലേക്ക് നയിക്കും. ഇതിനെ ഒഴിവാക്കുന്നതിനായി ബോധപൂര്‍വം കമ്പോളത്തില്‍ ആവശ്യക്കാരെ സൃഷ്ടിക്കേണ്ടതുണ്ട്. വായ്‌പകള്‍ നല്‍കുന്നതിലൂടെ ഇതാണ് ചെയ്യുന്നത്. പണം ഒഴുകി നടക്കുകയും അനുനിമിഷം വളരുകയും ചെയ്യണമെന്ന ആഗോളവല്‍ക്കരണ കാഴ്‌ചപ്പാടും കൂട്ടിവായിക്കണം.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ വായ്‌പാനയം യഥാര്‍ഥത്തില്‍ സ്‌തംഭനാവസ്ഥയിലായിരുന്ന അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് ചലനാത്മകത നല്‍കാന്‍ ഉദ്ദേശിച്ചായിരുന്നു. ലാഭാധിഷ്‌ഠിതമായ മുതലാളിത്തത്തില്‍ എല്ലാ കാര്യവും നിയതമായ നിയമങ്ങള്‍ക്ക് അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കണമെന്നില്ല. കൂടുതല്‍ ലാഭത്തിനായി മൂലധനം നെട്ടോട്ടം ഓടുമെന്നാണ് മാര്‍ക്‍സ് പറഞ്ഞത്. ഈ പ്രവണതയാണ് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്തവര്‍ക്കുവരെ വായ്‌പ കൊടുക്കുന്നതിലേക്ക് നയിച്ചത്. അതാണ് തകര്‍ച്ചയുടെ അടിസ്ഥാനകാരണങ്ങളിലൊന്ന്. സബ്പ്രൈം പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയാത്ത കാരണമായി മാറുകയാണ് ചെയ്യുന്നത്.

ധനമൂലധനം ഉല്‍പ്പാദനത്തില്‍ കേന്ദ്രീകരിക്കാത്ത പ്രവണതയും മറ്റൊരു കാരണമാണ്. ലോകത്ത് മൊത്തം ഉല്‍പ്പാദിപ്പിക്കുന്നതിന്റെ പത്തിരട്ടിയോളം പണമാണ് ഊഹക്കച്ചവടത്തില്‍ ഒഴുകി നടക്കുന്നത്. പണത്തിന്റെ മൂല്യത്തെ വിശദീകരിച്ച മാര്‍ക്‍സ് ബ്രിട്ടനിലെ ബാങ്കുകളില്‍ ഉണ്ടെന്നു പറയുന്ന പണത്തിന്റെ 80 ശതമാനത്തോളം കടലാസില്‍ മാത്രമുള്ളതാണെന്ന് അന്നേ സൂചിപ്പിക്കുകയുണ്ടായി. അന്ന് അദ്ദേഹം വിശദീകരിച്ച ഈ പ്രവണത ആക്രമണോത്സുക രൂപത്തിലേക്ക് കടന്നിരിക്കുന്നു.

ഇന്നത്തെ മറ്റൊരു പ്രവണത ഭരണകൂടത്തിന്റെ കരുത്ത് ചോരുന്നതാണ്. കമ്പോളത്തില്‍ ആവശ്യക്കാരെ സൃഷ്ടിക്കുന്നതിനു പണം ഇറക്കേണ്ടതുണ്ടെന്ന തന്ത്രം കെയ്ന്‍സ് ശക്തിപ്പെടുത്തിയതാണ്. എന്നാല്‍, പണം ആഗോളമായതും അതിനെ നിയന്ത്രിക്കാന്‍ കഴിയുംവിധം ആഗോളഭരണകുടം ഇല്ലാതെപോയതും മുതലാളിത്തത്തിന്റെ ഇന്നത്തെ പ്രതിസന്ധിയുടെ മറ്റൊരു കാരണമാണെന്ന പ്രഭാത് പട്നായിക്കിന്റെ നിരീക്ഷണവും പ്രസക്തമാണ്. അമേരിക്ക ആ റോള്‍ സ്വയം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്ന് പല ഘട്ടത്തിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധിയോടെ മുതലാളിത്തം തകരുമെന്നും ലോകം സ്വാഭാവികമായും സോഷ്യലിസത്തിലേക്ക് പ്രവേശിക്കുമെന്നും ആരും വ്യാമോഹിക്കുന്നുണ്ടാവില്ല. ഓരോ പ്രതിസന്ധിയില്‍നിന്നും കരകയറുന്നതിനു മുതലാളിത്തത്തിനു ആന്തരികമായ ശക്തിയുണ്ട്. 'മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം തികച്ചും അസാധ്യവും ആശയ്‌ക്കു വകയില്ലാത്തതുമായ ഒന്നുമില്ല' എന്ന ലെനിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ഈ കയറ്റം പുതിയ പ്രതസിന്ധികളിലേക്കാണ് നയിക്കുന്നത്. ഏതു ദിശയിലേക്കായിരിക്കും അതിന്റെ വഴിത്തിരിവ് എന്നത് പല ഘടകങ്ങളെ ആശ്രയിക്കുന്നതാണ്.

മുപ്പതുകളിലെ അത്യഗാധ പ്രതിസന്ധി ഒരു വഴിക്ക് ഫാസിസത്തെ ശക്തിപ്പെടുത്തി. അതിനെ പരാജയപ്പെടുത്തി സോഷ്യലിസം പിന്നീട് വ്യാപകമായെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. നിര്‍ണായകമായ പ്രതിസന്ധികളില്‍ അത്തരം സാഹചര്യത്തെ ഉപയോഗിക്കാന്‍ കഴിയുന്ന ആത്മനിഷ്‌ഠ ഘടകത്തിന്റെ സ്വാധീനവും ശക്തിയും പ്രധാനപ്പെട്ടതാണ്. അത് തൊഴിലാളി വര്‍ഗത്തിന്റെയും ഇതര മര്‍ദിത ജനവിഭാഗങ്ങളുടെയും കരുത്തും സ്വാധീനവുമാണ്. ഇത്രയും ശാസ്‌ത്രീയമായി മുതലാളിത്തത്തിന്റെ വളര്‍ച്ചയെയും പ്രതിസന്ധിയെയും വിലയിരുത്തുന്ന മാര്‍ക്‍സിസത്തിന്റെ സഹായമില്ലാതെ ഇന്നത്തെ അവസ്ഥയെയും ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന പാഠമാണ് ഇതെല്ലാം നല്‍കുന്നത്.

****

പി രാജീവ്, കടപ്പാട് : ദേശാഭിമാനി