Sunday, January 2, 2011

ഉള്ളുതുറന്ന സംവാദത്തിന്റെ വേദി

1994ല്‍ തിരുവനന്തപുരത്ത് നടന്ന ഒന്നാം കേരള പഠനകോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഇ എം എസ് നടത്തിയ അധ്യക്ഷപ്രസംഗം

ഇതൊരതുല്യ സംഭവമാണ്‌. ആയിരത്തില്‍പ്പരം വിശിഷ്‌ട വ്യക്തികള്‍ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്‌. മൂന്നു ദിവസങ്ങളിലായി 73 ചര്‍ച്ചാ സമ്മേളനങ്ങള്‍ ഇവിടെ നടക്കുന്നതാണ്‌. സാമൂഹ്യ ശാസ്‌ത്രം, സാമ്പത്തികശാസ്‌ത്രം, രാഷ്‌ട്രീയം, സംസ്‌കാരം എന്നിങ്ങനെ വിവിധ വിഷയങ്ങളുടെ നാനാവശങ്ങളെയും കേരളത്തിലെ പ്രകൃതി വിഭവങ്ങളെയും കുറിച്ച്‌ ഈ സമ്മേളനങ്ങളില്‍ അവര്‍ ചര്‍ച്ചചെയ്യും.. പണ്‌ഡിതന്‍മാര്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക്‌ പലതും പഠിക്കാന്‍ കഴിയും. അതുപോലെ തന്നെ സാമൂഹ്യ - രാഷ്‌ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രായോഗികാനുഭവങ്ങളില്‍ നിന്നും പണ്‌ഡിതന്‍മാര്‍ക്കും ചിലതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇത്തരത്തിലുള്ള ആശയവിനിമയം കേരളീയരായ നമുക്ക്‌ വളരെ സഹായകരമാകും. എന്തുകൊണ്ടെന്നാല്‍ സാമൂഹ്യ - സാംസ്‌കാരിക - സാമ്പത്തിക - രാഷ്‌ട്രീയ ജീവിതത്തിന്‌ ഒരു പുതിയ കാഴ്‌ചപപ്പാട്‌ അതിലൂടെ ഉരുത്തിരിഞ്ഞു വരും.

കേരളം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ എങ്ങനെ പരിഹാരം കാണാം എന്നതു സംബന്‌ധിച്ച്‌ വ്യക്തമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനുള്ള ഒരു സെമിനാറല്ല ഇത്‌. ഈ കോണ്‍ഗ്രസിന്റേതുള്‍പ്പെടെയുള്ള അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളും ഏറ്റെടുക്കേണ്ട കടമയാണത്‌. എന്നാല്‍ എ.കെ.ജി പടന ഗവേഷണകേന്ദ്രത്തെ സംബന്ധിച്ചിടത്തോളം പണ്‌ഡിതന്‍മാരും സാമൂഹ്യ - രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും തമ്മില്‍ ഇവിടെ നടക്കുന്ന സംവാദം ഞങ്ങള്‍ പരമാവധി മുമ്പോട്ടു കൊണ്ടു പോകുമെന്ന്‌ ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മഹാനായ വിപ്ലവകാരിയായിരുന്ന എ.കെ. ഗോപാലനോടുള്ള ബഹുമാനാര്‍ത്ഥം സ്ഥാപിക്കപ്പെട്ടതാണ്‌ എ.കെ.ജി. പഠന - ഗവേഷണ കേന്ദ്രം. വളരെക്കാലം അഖിലേന്ത്യാ കിസാന്‍സഭയുടെ അദ്ധ്യക്ഷനായിരുന്ന എ.കെ.ജി രാജ്യത്താകെ സഞ്ചരിച്ച്‌, ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരായി നാട്ടില്‍ പുറങ്ങളിലെയും നഗരങ്ങളിലെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചു. 1952-ല്‍ നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പ്‌ തൊട്ട്‌ രണ്ട്‌ പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ലോക്‌സഭയിലെ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പിന്റെ നേതാവായിരുന്നു. (ഏറെക്കുറെ ഈ കാലയളവില്‍ കമ്മ്യൂണിസ്റ്റുകാര്‍ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പായിരുന്നുതാനും). സ്വയം ഒരു അക്കാദമീയ പണ്‌ഡിതനായിരുന്നില്ലെങ്കിലും ജീവിതത്തിന്റെ നാനാതുറകളിലുപ്പെട്ട ബഹുജനപ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി ഒരു സ്‌കൂള്‍ ആരംഭിക്കണമെന്ന്‌ തന്റെ ജീവിതത്തിന്റെ അന്ത്യനാളുകളില്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്കായി ഒരു അനൗപചാരിക സര്‍വ്വകലാശാല, പണ്‌ഡിതന്‍മാര്‍ക്കും, സാമൂഹിക രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കും പരസ്‌പരം അറിവും അനുഭവവും കൈമാറാനുള്ള ഒരു സ്ഥാപനം ഏര്‍പ്പെടുത്തുന്നത്‌ ഉചിതമായിരക്കുമെന്നു ഞങ്ങള്‍ കരുതി, എ.കെ.ജി യോടൊപ്പം അദ്ദേഹത്തിന്റെ രാഷ്‌ട്രീയജീവിതത്തിലുടനീളം ഒന്നിച്ചു പ്രവര്‍ത്തിച്ചുപോന്ന എന്നെ ഈ സ്ഥാപനത്തിന്‌ നേതൃത്വം നല്‍കാന്‍ തിരഞ്ഞെടുത്തു. ഈ കേന്ദ്രത്തിന്റെ ഡയറക്‌ടര്‍ എന്ന നിലയ്‌ക്ക്‌ കേരളത്തില്‍ നാം അഭിമൂഖീകരിക്കുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ ഞാന്‍ ഇവിടെ ഉന്നയിക്കാം.

അനൗപചാരിക സര്‍വ്വകലാശാല എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉള്‍പ്പെടെ ഈ കേന്ദ്രത്തിന്റെ സ്ഥാപകര്‍ക്ക്‌ അക്കാദമീയ പാണ്‌ഡിത്യമൊന്നും അവകാശപ്പെടാന്‍ ഇല്ല. എന്നാല്‍ ഞങ്ങളുടെ ഭാഗ്യമെന്നു പറയട്ടെ, വിവിധ വിഞ്‌ജാനശാഖകളില്‍ പ്രശസ്‌തരായ പല പണ്‌ഡിതന്മാരും ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയുണ്ടായി. ഞങ്ങളൊക്കെ സാമൂഹ്യ - രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരാണ്‌. ഞങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നത്‌ ഗുണകരമാണെന്ന്‌ ഞങ്ങളുടെ പണ്‌ഡിത സുഹൃത്തുക്കള്‍ കണ്ടു.

കേരളത്തിലെ വിഖ്യാതനായ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ പേരിലുള്ള ഈ കേന്ദ്രം സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മുദ്രചാര്‍ത്തപ്പെട്ട ഒന്നാണ്‌. ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റ്‌ പ്രസ്‌ഥാനത്തിന്റെ ഉത്ഭവം, വളര്‍ച്ച, പ്രസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഇവയിലൊക്കെ ഈ കേന്ദ്രത്തിന്‌ അതീവമായ താല്‌പര്യമുണ്ട്‌. അക്കാദമീയവും പണ്‌ഡിത്യപരവുമായ ചിന്തയുടെ രംഗത്ത്‌ ഒരു പാര്‍ട്ടിയെന്ന നിലയ്‌ക്ക്‌ ഞങ്ങള്‍ നല്‍കിയ ചില സംഭാവനകളെക്കുറിച്ചു പറയാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്‌ ഉചിതമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ദാര്‍ശനികര്‍ ലോകത്തെ പല പ്രകാരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌, അതിനെ മാറ്റിത്തീര്‍ക്കുകയെന്നതാണ്‌്‌ മുഖ്യകാര്യം എന്ന്‌ ഫോയര്‍ബാഹിനെക്കുറിച്ചുള്ള തീസിസില്‍ കാള്‍മാര്‍ക്‌സ്‌ പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റുകാരായ ഞങ്ങള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. അക്കാദമീയ ചിന്തയ്‌ക്കും ചില സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞുവെന്നതില്‍ ഞങ്ങള്‍ക്കഭിമാനമുണ്ട്‌.

കേരളത്തില്‍ സോഷ്യലിസ്റ്റ്‌ - കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആരംഭിച്ചത്‌ ഇന്ത്യയില്‍ അത്‌ ആരംഭിച്ചിട്ട്‌ ഒരു പതിനാണ്ടിലേറെ കഴിഞ്ഞതിന്‌ ശേഷം, 1930 കളുടെ മദ്ധ്യത്തിലാണ്‌. പ്രസ്ഥാനത്തിന്റെ ആദ്യനാളുകളില്‍ സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയപരവും സാംസ്‌കാരികവുമായ ചില മുഖ്യപ്രശ്‌നങ്ങളെ ഞങ്ങള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നു ഈ പ്രശ്‌നങ്ങളെ സംബന്ധിച്ച ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആസ്‌പദമാക്കിയുള്ളതാണ്‌ അക്കാദമീയവും പണ്‌ഡിതോചിതവുമായ ചിന്തയുടെ വളര്‍ച്ചയ്‌ക്ക്‌ ഞങ്ങളുടെ പ്രാരംഭ സംഭാവനകള്‍.

ഇതില്‍ ഒന്നാമത്തേത്‌ ഫ്യൂഡലിസമാണ്‌. കേരളത്തില്‍ അത്‌ ഒരു പ്രത്യേക സ്വഭാവമുള്ളതായിരുന്നു. ഞാന്‍ കേരളത്തിലെ ഫ്യൂഡലിസത്തിനെ - (സാമ്പത്തിക രംഗത്ത്‌) ജന്മി - ഭൂപ്രഭുക്കന്മാരുടെയും, (സാമൂഹ്യ രംഗത്ത്‌) ബ്രാഹ്മണമേധാവിത്വമുള്ള ഉയര്‍ന്ന ജാതിവിഭാഗങ്ങളുടെയും, കേരളത്തിന്റെ വിവിധ ഘടക ദേശങ്ങളിലെ രാജാക്കന്‍മാരുടെയും നാടുവാഴികളുടെയും ഭരണത്തിന്റെയും - കൂട്ടായ ആധിപത്യമെന്നാണ്‌ വിശേഷിപ്പിച്ചത്‌. ഈ മൂന്നു തരത്തിലുള്ള ആധിപത്യരൂപങ്ങളും അതിനെതിരായ ജനങ്ങളുടെ കരുത്തുമായിരുന്നു കേരളത്തിലെ സാമൂഹിക - സാമ്പത്തിക ജീവിതത്തിന്റെ മുഖ്യ ഘടകങ്ങള്‍.

ഇതിന്റെ ഫലമായി ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരായ നമ്മുടെ സമരം ജന്മിത്വത്തിനും മേല്‍ജാതി മേധാവിത്വത്തിനും രാജവാഴ്‌ചക്കുമെതിരായ പോരാട്ടമായി കൂട്ടിയിണക്കപ്പെട്ടു. 1934ല്‍ കേരളത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ജന്മിത്വ - മേല്‍ജാതി മേധാവിത്വ - നാടുവാഴിത്ത വിരുദ്ധമായ സമരങ്ങളെ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുക എന്നതാവണം പ്രസ്ഥാനത്തിന്റെ മുഖ്യ കടമയെന്ന്‌ ഞങ്ങള്‍ കണക്കാക്കി. ബഹുമുഖമായ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ഈ സംയോജനം നേടിയെടുക്കുകയും ചെയ്‌തു. സ്വാതന്ത്ര്യലബ്‌ധിക്കു ശേഷം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ്‌ ഭരണത്തിന്‌ കീഴിലായിരുന്ന മദിരാശി പ്രവിശ്യയില്‍പ്പെട്ട മലബാര്‍ പ്രദേശവും ചേര്‍ന്ന്‌ ഒരു ഐക്യകേരളം രൂപപ്പെടുത്തണമെന്നായിരുന്നു ഞങ്ങളുടെ ചിന്താഗതി. ഐക്യകേരളം അന്തിമ ലക്ഷ്യമാകയാല്‍ നാട്ടുരാജ്യങ്ങളില്‍ ജനാധിപത്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കേണ്ടത്‌ അടിയന്തരാവശ്യമാണെന്ന്‌ ഞങ്ങള്‍ കരുതി. തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിലൂടെ സംസ്ഥാനത്താകെ പുരോഗമന ജനാധിപത്യവാദികളും കമ്മ്യൂണിസ്റ്റുകാരും തമ്മില്‍ ഐക്യം സ്ഥാപിതമായി. സമരം വിജയിക്കുന്നതിന്‌ ഈ ഐക്യം സഹായകമാവുകയും ചെയ്‌തു.

രണ്ടാമതായി ഞങ്ങള്‍ അഭിമുഖീകരിച്ച പ്രശ്‌നം ഫ്യൂഡല്‍ ഭൂപ്രഭുക്കളുടെ (ജന്മി) സാമ്പത്തിക മേധാവിത്വമാണ്‌. മലബാറില്‍ കാര്‍ഷിക ബന്ധങ്ങളില്‍ ആധിപത്യം പുലര്‍ത്തി വന്നിരുന്നത്‌ ജന്മി വ്യവസ്ഥയാണ്‌. കൊച്ചിയുടെ പല ഭാഗത്തും തിരുവിതാംകൂറില്‍ ചിലയിടത്തും സ്ഥിതി ഇതുതന്നെയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ ഉശിരന്‍ കര്‍ഷക പ്രസ്ഥാനവും 1930 കളില്‍ കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെയും സ്വതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും സുപ്രധാന ഘടകങ്ങളായിരുന്നു. ഈ ബഹുജന സംഘടനകളുടെയും മലബാറില്‍ പ്രദേശ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പ്രാദേശികഘടകങ്ങളുടെയും കൊച്ചിയിലെ പ്രജാമണ്‌ഡലം, കൊച്ചിന്‍ കോണ്‍ഗ്രസ്‌, തിരുവിതാംകൂറിലെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ - ഇവയുടെയെല്ലാം പ്രവര്‍ത്തനഫലമായി സോഷ്യലിസവും കമ്മ്യൂണിസവും കേരളത്തില്‍ ശക്തിയായി തീര്‍ന്നു.

ഞങ്ങള്‍ കിസാന്‍ സഭ കെട്ടിപ്പെടുക്കുകയും നാടുവാഴി ജന്മിത്വം അവസാനിപ്പിച്ച്‌ കൃഷിഭൂമി പണിയെടുക്കുന്ന കൃഷിക്കാര്‍ക്ക്‌ സൗജന്യമായി നല്‍കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്‌തു. മലബാര്‍ കുടിയായ്‌മ അന്വേഷണ കമ്മിറ്റിയിലെ അംഗങ്ങളായ മദിരാശി നിയമസഭയിലെ മൂന്ന്‌ ഇടതുപക്ഷ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ എഴുതിച്ചേര്‍ത്ത വിയോജനക്കുറിപ്പില്‍ ഈ ആവശ്യത്തിന്‌ സ്‌പഷ്‌ടമായ രൂപം നല്‍കപ്പെട്ടു. 1940 കളുടെ ആദ്യത്തില്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഈ മൂന്നു പേരില്‍ ഒരാളായ ഞാന്‍ എഴുതിയ ഭിന്നാഭിപ്രായ കുറിപ്പില്‍ നാടുവാഴി ജന്മിത്വം അവസാനിപ്പിച്ച്‌ നാട്ടിന്‍പുറത്തെ പാവപ്പെട്ടവര്‍ക്ക്‌ ഭൂമി സൗജന്യമായി നല്‍കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്‌ താത്വികവശങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. പ്രായോഗിക വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എഴുതപ്പെട്ടതാണ്‌ ഇതെങ്കിലും അക്കാദമീയമായ മൂല്യവും അടങ്ങിയതാണ്‌ എന്റെ ഈ കുറിപ്പ്‌.

ഈ രേഖയേയും അതിലടങ്ങിയ ആവശ്യത്തെയും ആസ്‌പദമാക്കിയാണ്‌ 1940 കളില്‍ കര്‍ഷകസംഘം രൂപം കൊണ്ടത്‌. ഈ ആവശ്യങ്ങള്‍ കേരളസംസ്ഥാനം രൂപംകൊണ്ട ശേഷം നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ (1957 - 59) ഒരു കാര്‍ഷിക ബന്ധ നിയമം ഉണ്ടാക്കുന്നതിന്‌ വഴി തെളിച്ചു. ഈ നിയമം 1969-ലാണ്‌ പ്രാബല്യത്തില്‍ വന്നത്‌. 1930 കള്‍ തൊട്ട്‌ ആരംഭിച്ച സമരവും ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെയും പിന്നീട്‌ വന്ന ഐക്യമുന്നണി മന്ത്രിസഭയുടെയും നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചേര്‍ന്ന്‌ കാര്‍ഷിക ബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തി. ഒരു പക്ഷേ ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ട്‌ വരുത്തുവാന്‍ കഴിയാവുന്നതില്‍ വെച്ച്‌ ഏറ്റവും മികച്ചതാണ്‌ ഇതെന്ന്‌ പറയാം

ഹിന്ദു സമുദായത്തിലെ മര്‍ദ്ദിത ജാതിക്കാരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ക്രിസ്‌ത്യന്‍ - മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രശ്‌നമാണ്‌ പ്രസ്ഥാനത്തിന്‌ അടുത്തതായി അഭിമുഖീകരിക്കേണ്ടി വന്നത്‌. ജാതിമതാദി ആശയങ്ങള്‍ക്കുപരി ഞങ്ങളുടെ പ്രവര്‍ത്തനം വര്‍ഗ്ഗസമര സിദ്ധാന്തത്തെ ആസ്‌പദമാക്കിയുള്ളതായിരുന്നു. എല്ലാ ജാതിയിലും മതത്തിലുംപെട്ട അദ്ധ്വാനിക്കുന്നവരെ വ്യവസായ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പണിയെടുക്കുന്ന കൃഷിക്കാര്‍ തുടങ്ങി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വര്‍ഗ്ഗസംഘടകളിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങള്‍ ശ്രമം നടത്തി. ഈ പ്രക്രിയയില്‍ വര്‍ഗ്ഗസമരത്തെ തള്ളിക്കളഞ്ഞ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായും മറ്റ്‌ ബൂര്‍ഷാ ലിബറല്‍ ജനാധിപത്യ പാര്‍ട്ടികളുമായും ജാതിമത സംഘടകളുമായും ഞങ്ങള്‍ ഏറ്റുമുട്ടി. ജാതി - മത നേതാക്കള്‍ വര്‍ഗ്ഗീയ സംഘടനകള്‍ കെട്ടിപ്പെടുക്കുന്നതിന്‌ മുഴുവന്‍ കഴിവും വിനിയോഗിച്ചപ്പോള്‍ ഞങ്ങള്‍ വര്‍ഗ്ഗസംഘടനകള്‍ കെട്ടിപ്പടുത്തു. എല്ലാ ജാതി - മതസമൂഹങ്ങളിലുംപെട്ട അദ്ധ്വാനിക്കുന്നവര്‍ അതില്‍ ഒന്നിച്ച്‌ അണിനിരക്കുകയും ചെയ്‌തു. തിരുവിതാംകൂറില്‍ ആലപ്പുഴയിലെ പൊതു പണിമുടക്കും, മലബാറില്‍ നടന്ന കര്‍ഷക സമരങ്ങളും ജാതി - മത സംഘടനാ നേതാക്കള്‍ക്കുള്ള ഞങ്ങളുടെ ചുട്ടമറുപടിയായിരുന്നു.

1930 കളില്‍ സോഷ്യലിസ്റ്റ്‌, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു പ്രശ്‌നം വിപ്ലവപരമായ സാമൂഹിക പരിവര്‍ത്തനത്തില്‍ കലയ്‌ക്കും സാഹിത്യത്തിനുമുള്ള പങ്കിന്റേതായിരുന്നു. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും സമരങ്ങളെയും ആസ്‌പദമാക്കി സാഹിത്യ രചന നടത്തുവാനുള്ള മാക്‌സിം ഗോര്‍ക്കിയുടെയും സാര്‍വദേശീയ തൊളിലാളിസാഹിത്യ രംഗത്തെ മറ്റ്‌ പ്രഗത്ഭമതികളുടെയും മുന്‍ഷി പ്രേംചന്ദിനെപ്പോലുള്ള ഇന്ത്യന്‍ സാഹിത്യകാരന്‍മാരുടെയും ആഹ്വാനം ഞങ്ങളെ ആഴത്തില്‍ സ്വാധീനിച്ചു. മലയാളത്തിലെ പുരോഗമന സാഹിത്യകാരന്‍മാരുടെ ആദ്യത്തെ സംഘടന 1937ല്‍ രൂപം കൊണ്ടു. പ്രാരംഭഘട്ടത്തില്‍ ഈ സംഘടന മുഖ്യമായും വിപ്ലവ പ്രവര്‍ത്തനത്തോട്‌ പ്രതിജ്ഞാബദ്ധരായ സ്ഥിരപ്രതിഷ്‌ഠ നേടിയ സാഹിത്യകാരന്‍മാരേയും നിരൂപകരേയും ഉള്‍പ്പെടുത്തി ഇത്‌ വിപുലപ്പെടുത്തി. പില്‍ക്കാലത്ത്‌ പുരോഗമന സാഹിത്യകാരന്മാര്‍ക്കിടയിലെ രണ്ട്‌ ഗ്രൂപ്പുകളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും കമ്മ്യൂണിസ്റ്റുകാരും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ മറ്റുള്ളവരുമായി കടുത്ത വിവാദം നടക്കുകയും ചെയ്‌തു. ഈ ആശയ സംഘട്ടനം സാഹിത്യത്തിന്റെ രൂപവും ഭാവവും സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരിക്കുന്നതിലേക്കു വഴിതെളിച്ചു.

സാഹിത്യത്തേയും പുരോഗമനസാഹിത്യത്തേയും കുറിച്ചുള്ള ഈ ചര്‍ച്ചകള്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഇതര മേഖലകളിലും - നാടകം, സിനിമ, അനുഷ്‌ഠാന - ദൃശ്യകലകള്‍ ആദിയായ മേഖലകളില്‍ - പുത്തന്‍ പ്രവണത വളര്‍ന്നു വരുന്നതിനു സഹായകമായി. ഇങ്ങനെ പുരോഗമന സാഹിത്യകാരന്മാരുടെയും കലാകാരന്‍മാരുടെയും ഇപ്പോഴത്തെ സംഘടന നിലവില്‍ വന്നു. ഈ രംഗങ്ങളിലെ മികച്ച പ്രതിഭകളെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും വേണ്ടിയുള്ള സമരത്തിലേക്ക്‌ ആകര്‍ഷിക്കുന്നതാണ്‌ ഈ സംഘടന. കേരളത്തിലെ പ്രശസ്‌തരായ പല എഴുത്തുകാരും കവികളും സംഗീതജ്ഞരും സിനിമാ പ്രവര്‍ത്തകരും കലാരംഗത്തെ പ്രഗത്ഭരും ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അവരില്‍ പലരും ഈ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്‌. അവരുടെ സാന്നിദ്ധ്യം കലാ സാഹിത്യാദി പ്രശ്‌നങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരിക്കുന്നതിന്‌ സഹായകമാവുമെന്ന്‌ എനിക്കുറപ്പുണ്ട്‌. ഇവിടെ നടക്കുന്ന ആശയവിനിമയം അവര്‍ക്കും പ്രയോജനകരമായിരിക്കും.

മേല്‍പ്പറഞ്ഞ കാലയളവില്‍ കമ്മ്യൂണിസ്റ്റുകാര്‍ നല്‍കിയ മറ്റൊരു സുപ്രധാന ഏകീകൃത ഇന്ത്യയുടെ ബഹുദേശീയ സ്വഭാവം സംബന്ധിച്ച സിദ്ധാന്തമാണ്‌. തനതായ ഭാഷയും വ്യത്യസ്‌ത സംസ്‌കാരവുമുള്ള (കേരളത്തിലെ മലയാളം സംസാരിക്കുന്ന ജനവിഭാഗത്തെപ്പോലുള്ള) ഏതൊരു ജനവിഭാഗവും വ്യത്യസ്‌ത ദേശീയതകളാണ്‌ എന്ന സിദ്ധാന്തം ഞങ്ങള്‍ മുന്നോട്ടു വെച്ചു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ ഈ ദേശീയതകളെല്ലാം ഒന്നിച്ചു; സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ രൂപം കൊള്ളുന്ന ഏകീകൃത ഫെഡറല്‍ ഇന്ത്യയിലും ഈ ഐക്യം മുന്നോട്ട്‌ കൊണ്ടു പോകണം. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ അധിഷ്‌ഠിതമായതും പുതിയ ഭാഷാ സംസ്ഥാനങ്ങള്‍ക്ക്‌ കഴിയുന്നത്ര സ്വയംഭരണാവകാശങ്ങളോടു കൂടിയതുമായ ഏകീകൃത ഇന്ത്യ എന്ന ലക്ഷ്യമാണ്‌ പാര്‍ട്ടി മുന്നോട്ട്‌ വച്ചത്‌. ഈ ധാരണയുടെ വിശദാംശങ്ങള്‍ കുറ്റമറ്റതായിരുന്നില്ലെങ്കിലും അതിലടങ്ങിയ മുഖ്യ ആശയം തികച്ചും ശരിയായിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം നല്‍കിയ സവിശേഷ സംഭാവനയാണിത്‌.

ഏകീകൃത ഇന്ത്യയുടെ ബഹുദേശീയ സ്വഭാവം സംബന്ധിച്ച ഈ സിദ്ധാന്തം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു പുഷ്‌ടിപ്പെടുത്തി. 1945 ല്‍ ഞാന്‍ എഴുതിയ ഒരു ലഘുരേഖയില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലെ മലയാളികളെ ഒരുമിപ്പിച്ച്‌ ഒരു ഏകീകൃത കേരള സംസ്ഥാനത്തിന്‌ കീഴില്‍ വരണമെന്ന ആശയം മുന്നോട്ടു വെച്ചു. തെക്കന്‍ തിരുവിതാംകൂറിലെ തമിഴ്‌ ഭൂരിപക്ഷ പ്രദേശങ്ങളും വടക്കേ മലബാറിലെ കന്നട ഭൂരിപക്ഷ പ്രദേശങ്ങളും യഥാക്രമം തമിഴ്‌നാട്‌, കര്‍ണ്ണാടകം എന്നീ ഭാഷാ സംസ്ഥാനങ്ങളില്‍ ചേര്‍ക്കുകയും വേണം. ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന പേരിലുള്ള ഈ ലഘുലേഖയിലെ മുഖ്യ ആശയം ഇതായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മുന്നോട്ട്‌ വെച്ച ആശയം കേരളത്തിലെ പരിതഃസ്ഥിതിയില്‍ പ്രയോഗത്തില്‍ വരുത്തുവാനുള്ള ഈ ശ്രമത്തോടൊപ്പം ആന്ധ്രയില്‍ പി. സുന്ദരയ്യയും, ബംഗാളില്‍ ഭവാനി സെന്നും ഇതുപോലുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി.

ദേശീയതകളെയും ഏകീകൃത ഇന്ത്യയെയും സംബന്ധിച്ച ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ വിപ്ലവപ്രസ്ഥാനം തിരുവിതാംകൂറിലെ പുന്നുപ്ര-വയലാര്‍, ആന്ധ്രയിലെ തെലുങ്കാന, ബംഗാളിലെ തേഭാഗാ എന്നീ സമരങ്ങളിലേക്ക്‌ മുന്നേറിയത്‌. ഈ വിപ്ലവ സമരങ്ങളും കേരളം, ആന്ധ്ര, ബംഗാള്‍ എന്നിവ വ്യത്യസ്‌ത ദേശീയതകളാണെന്ന ആശയവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ നിന്നും മറ്റ്‌ ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്നും വേര്‍തിരിച്ചു കാട്ടി. ദേശീയ ഐക്യത്തോടുകൂടിയ ഒരു കേന്ദ്രവും കഴിയുന്നത്ര വിപുലമായ സ്വയം ഭരണാവകാശങ്ങളോടുകൂടിയ ഭാഷാ സംസ്ഥാനങ്ങളും അടങ്ങുന്ന സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള ഈ കാഴ്‌ചപ്പാട്‌ പുതുതും വിപ്ലവകരവുമായ ഒന്നായിരുന്നു. ഏകീകൃത ഇന്ത്യയിലെ വ്യത്യസ്‌ത ദേശീയതകള്‍ എന്ന ഞങ്ങളുടെ ആശയം സംസ്ഥാനങ്ങള്‍ക്ക്‌ സ്വയംഭരണ അവകാശമില്ലാത്ത കേന്ദ്രീകൃതവും ഏകോപിതവുമായ ഇന്ത്യ എന്ന കോണ്‍ഗ്രസിന്റെ ആശയത്തിനും ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്‌ത ദേശീയതകളാണെന്ന മുസ്ലീം ലീഗിന്റെ സിദ്ധാന്തത്തിനും എതിരായിരുന്നു.

ദേശീയതകളെക്കുറിച്ചുള്ള ഈ ധാരണ കേരളത്തിന്റെ ചരിത്രത്തേയും സമൂഹത്തെയും കുറിച്ച്‌ പഠിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളെ സ്വാധീനിച്ചു. മാര്‍ക്‌സിസ്റ്റ്‌ വര്‍ഗ്ഗസമര സിദ്ധാന്തത്തെ ആസ്‌പദമാക്കിയ ഒന്നാമത്തെ കേരളചരിത്രം രചിക്കാന്‍ നടത്തിയ ശ്രമത്തിലൂടെ ഞാന്‍ തന്നെ എന്റേതായ എളിയ സംഭാവന ഇതിനു നല്‍കി. കേരളത്തിന്റെ പൗരാണിക ചരിത്രം നിഗൂഢതകളില്‍ ആണ്ടു കിടക്കുന്ന ഒന്നാകയാല്‍ ഈ ശ്രമങ്ങള്‍ക്ക്‌ തീര്‍ച്ചയായും ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. എന്നാല്‍ മദ്ധ്യകാലത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ വിശേഷിപ്പിച്ച തരത്തില്‍ ജാതി - ജന്മി - നാടുവാഴി മേധാവിത്വം (ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ കേരളത്തിലെ സവിശേഷ രൂപം) സമ്പ്രദായം കേരളത്തില്‍ വ്യവസ്ഥാപിതമായിരുന്നു എന്ന വസ്‌തുത പുറത്തു കൊണ്ടുവരുന്നതില്‍ ഞാന്‍ വിജയിക്കുകയുണ്ടായി. കേരളത്തിന്റെ പൗരാണിക ചരിത്രം സംബന്ധിച്ച എന്റെ ധാരണകള്‍ പിന്നീട്‌ തിരുത്തേണ്ടിവന്നെങ്കിലും മദ്ധ്യകാലത്തേയും ആധുനിക കാലത്തേയും സംബന്ധിച്ച്‌ ഞാനെഴുതിയത്‌ കാലത്തിന്റെ പരിശോധനകളെ അതിജീവിച്ച്‌ നിലകൊള്ളുന്നു.

കേരള ചരിത്രത്തെക്കുറിച്ചുള്ള ഞങ്ങളുടെ പാഠങ്ങളും 1940 കളിലും 1950 കളുടെ തുടക്കത്തിലും നടന്ന വിപ്ലവകരമായ സമരങ്ങളിലെ ഞങ്ങളുടെ പങ്കാളിത്തവും കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയപരവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുന്നതില്‍ ഞങ്ങളെ മറ്റു രാഷ്‌ട്രീയ സംഘടനകളെക്കാള്‍ മുന്‍പന്തിയിലെത്തിച്ചു; അതുകൊണ്ട്‌ തന്നെ അവരേക്കാള്‍ കൂടുതല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഞങ്ങള്‍ക്കു കഴിഞ്ഞു. ഇത്തരത്തിലുള്ള പഠനത്തിലൂടെയും പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും സ്വാതന്ത്യാനന്തര കാലഘട്ടത്തില്‍ സംസ്ഥാനത്തെ മുഖ്യ രാഷ്‌ട്രീയ ശക്തിയായി പാര്‍ട്ടി വളര്‍ന്നു വന്നു. (പശ്ചിമ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി മുഖ്യ രാഷ്‌ട്രീയ ശക്തിയാണ്‌). കേരള സംസ്ഥാനം നിലവില്‍ വന്നശേഷം 1957 ല്‍ ഒന്നാമതായി നടന്ന നിയമസഭാ - പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചു. അതില്‍ പിന്നീട്‌ ഇടതുപക്ഷം കേരള രാഷ്‌ട്രീയത്തിലെ മുഖ്യശക്തിയായി തുടര്‍ന്നു വരുന്നു.

പിന്തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഞങ്ങള്‍ക്കു പറ്റിയ മുഖ്യ പരാജയങ്ങളിലൊന്ന്‌ മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച ധാരണയാണെന്ന്‌ ഞാന്‍ കരുതുന്നു. പശ്ചിമബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും വ്യത്യസ്‌തമായി കേരളത്തില്‍ ക്രിസ്‌ത്യന്‍, മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഒരു വലിയ വിഭാഗമുണ്ട്‌. അവര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരും. മുസ്ലീങ്ങളും ക്രിസ്‌ത്യാനികളും മതത്തെ ആസ്‌പദമാക്കി പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ സ്വാധീനത്തിനു കീഴിലാണ്‌. - അതായത്‌ മുസ്ലീം ലീഗിന്റെയും ക്രിസ്‌ത്യന്‍ പള്ളിയും വിവിധ കാരണങ്ങളാല്‍ ശക്തമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ കാരണങ്ങളാല്‍ ശക്തമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നിലപാടാണ്‌ കൈകൊണ്ടത്‌. അത്‌ കേരളത്തിന്റെ വികസനത്തിന്‌ വരുത്തി വെച്ച വിഘ്‌നം ചെറുതല്ല.

ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ക്രിസ്‌തുമത വിശ്വാസികളായ പുരോഹിതരിലും സാധാരണക്കാരിലും ഒരു വിഭാഗം ദേശീയ ഐക്യത്തിനും ജനാധിപത്യത്തിനും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള സമരത്തില്‍ കമ്മ്യൂണിസ്റ്റുകാരുമായി കൈകോര്‍ത്ത്‌ പിടിക്കുവാന്‍ തയ്യാറായിരിക്കുന്നു. മുസ്ലീം സമുദായത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിശ്വാസികളായ മുസ്ലീംങ്ങളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള സഹകരണത്തിന്‌ വാതില്‍ തുറന്നിരിക്കുന്നു. ഹൈന്ദവ സമൂഹത്തിലും, ഇന്ത്യയില്‍ വിവേകാനന്ദസ്വാമിയും കേരളത്തില്‍ ശ്രീനാരായണ ഗുരുവും ഉദ്‌ഘോഷിച്ച വിപ്ലവമാനവികതയുടെ സന്ദേശം നിശ്ചയമായും കൂടുതല്‍ സന്യാസിമാരെ കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിലേക്കെത്തിക്കും. മറുലോകത്തൊരു സ്വര്‍ഗമുണ്ടെന്ന്‌ അനുമാനിക്കുന്നതിലുപരി ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം പണിയുന്നതിന്‌ വിശ്വാസികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള സഹകരണം ലെനിന്‍ വിഭാവനം ചെയ്യുകയുണ്ടായി. അത്തരത്തിലൊരു സഹകരണം സാദ്ധ്യമാണ്‌.

ഞങ്ങളുടെ സിദ്ധാന്തങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിരിക്കുന്നു. ഭൂപരിഷ്‌കാരം, ബഹുജനസംഘടനകളുടെ വളര്‍ച്ച, വിദ്യാഭ്യാസത്തിന്റെ വ്യാപനം, മെച്ചപ്പെട്ട ആരോഗ്യനില - ഇതൊക്കെ കേരളത്തിന്റെ മുഖച്ഛായ ഗണ്യമായി മാറ്റിയിരിക്കുന്നു. ഇതു പണ്‌ഡിതന്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‌തിരിക്കുന്നു. വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന കേരളത്തിന്റെ വികസന മാതൃകയെ കുറിച്ചാണ്‌ ഞാന്‍ പരാമര്‍ശിക്കുന്നത്‌. ആ മാതൃകയ്‌ക്ക്‌ ക്രിയാത്മകമായ വശങ്ങള്‍ ഉണ്ട്‌. വിദ്യാഭ്യാസം, പൊതുജനആരോഗ്യം, തുടങ്ങിയ മേഖലകളെ നല്‍കിയ ഊന്നല്‍ സംസ്ഥാനത്ത്‌ സ്വതന്ത്ര്യമായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തിന്‌ വഴിതെളിച്ചു; അധ്വാനിക്കുന്ന ജനങ്ങളുടെ വിവിധ വിഭാഗങ്ങളുടെ സംഘടിത പ്രസ്ഥാനം ഉയര്‍ന്നു വരുന്നതിനും ഇത്‌ സഹായിച്ചു. ഈ നേട്ടങ്ങളെപ്പറ്റി എനിക്ക്‌ അഭിമാനമുണ്ട്‌. എന്നാല്‍ കേരളത്തിലെ സമകാലീന സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിഷേധാത്മക വശങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തവിധം ഗുരുതരമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

`മാനവ വികസന സൂചിക' കളുടെ കാര്യത്തില്‍ സുപ്രധാന പുരോഗതി ഉണ്ടായിട്ടുണ്ടെന്നിരിക്കിലും കേരളം ഇന്ന്‌ തൊഴില്‍ മേഖലയിലും, കാര്‍ഷിക - വ്യാവസായിക രംഗങ്ങളിലെ ഉല്‍പാദനത്തിന്റെ കാര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്‌. ജനജീവിതം മെച്ചപ്പെടുത്തുന്നതും ജനക്ഷേമകരവുമായ സാമൂഹിക മേഖലാ പ്രശ്‌നങ്ങള്‍ക്ക്‌ വേണ്ടി നാം വളരെയേറെ സമയവും ശ്രദ്ധയും വിനിയോഗിച്ചപ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെയും ഭൗതികോല്‍പ്പാദനത്തിന്റേതുമായ അടിയന്തിരപ്രശ്‌നങ്ങളില്‍ നാം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ല എന്നാണ്‌ ഞാന്‍ കരുതുന്നത്‌. എനിക്കൊരപേക്ഷയുണ്ട്‌. കേരളത്തിലെ നേട്ടങ്ങളെ ചൊല്ലി പണ്‌ഡിതന്മാര്‍ ചൊരിയുന്ന സ്‌തുതിവര്‍ഷത്താല്‍ നാം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നമ്മുടെ ശ്രദ്ധ വ്യതിചലിക്കാന്‍ ഇടയാകരുത്‌. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ നാം മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ പുറകിലാണ്‌. ഈ പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ ഇനി ഒട്ടും വൈകിക്കൂടാ. തൊഴില്‍, ഉല്‍പാദന മേഖലകളിലെ നമ്മുടെ പിന്നോക്കാവസ്ഥ അവഗണിക്കുന്നത്‌ നമുക്ക്‌ തന്നെ ആപത്തായിരിക്കും.

ആഗോള - ദേശീയ തലങ്ങളില്‍ സാമ്പത്തിക - രാഷ്‌ട്രീയ സ്ഥാപനങ്ങളുടെ ഘടനാ പരിഷ്‌കാരങ്ങളും പുതിയ നയങ്ങളും പ്രശ്‌നങ്ങളെ ഇനിയും രൂക്ഷമാക്കാന്‍ പോകുകയാണ്‌. രാഷ്‌ട്രീയമായ പരിഹാരങ്ങളാണ്‌ ഇന്നത്തെ ആവശ്യം. ഈ ജനവിരുദ്ധ മാറ്റങ്ങളേയും നയങ്ങളേയും ചെറുത്തു തോല്‍പ്പിക്കുന്നതിനാണ്‌ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനകനെന്ന നിലയില്‍ ഞാന്‍ ഒന്നാമത്തെ മുന്‍ഗണന നല്‍കുക. ഇത്‌ നീണ്ടതും സമയമെടുക്കുന്നതുമായ ഒരു സംഘര്‍ഷമായിരിക്കും.

*
മൂന്നാം പഠന കോണ്‍ഗ്രസ് വെബ് സൈറ്റ്

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.

എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.

ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.

*
ജി പി രാമചന്ദ്രന്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: wondering

Saturday, January 1, 2011

വളര്‍ച്ച ആര്‍ക്കുവേണ്ടി?

മായ്‌ചുകളയാന്‍ കഴിയാത്തവിധം, പൊതു-സ്വകാര്യമേഖലകളില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കറുത്ത പാടുകള്‍ വീഴ്ത്തിയ വര്‍ഷമായാണ് 2010 ഓര്‍മിക്കപ്പെടുക. ഇത്തരം ആരോപണങ്ങള്‍ പൊറുതിമുട്ടിച്ചപ്പോള്‍ സര്‍ക്കാര്‍ രക്ഷപ്പെടാനായി ഇന്ത്യ ലോകത്ത് അതിവേഗം വളരുന്ന രാജ്യമാണെന്ന വാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പൊങ്ങച്ചം നിറഞ്ഞ ഈ അവകാശവാദത്തെ ദുര്‍ബലമാക്കുന്നതായിരുന്നു അരിയും ഗോതമ്പും മുതല്‍ ഉള്ളിയും തക്കാളിയും വരെയുള്ള അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം.

21-ാം നൂറ്റാണ്ടിലെ ആദ്യദശകത്തിന് തിരശ്ശീല വീഴുമ്പോള്‍ നിരീക്ഷകര്‍ ഇതിനെ കാണുക ആഭ്യന്തരവും ബാഹ്യവുമായ ഉദാരവല്‍ക്കരണത്തിലൂന്നിയ വളര്‍ച്ചാതന്ത്രം ഇന്ത്യ വിജയകരമായി പിന്തുടര്‍ന്നു എന്ന നിലയിലായിരിക്കും. ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലേക്ക് ഇത്തരം നയങ്ങളിലൂടെ സഞ്ചരിച്ച രാജ്യമായാണ് ഇന്ത്യയെ അവതരിപ്പിക്കുന്നത്. 2003-04 മുതല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച 8-9 ശതമാനത്തോളം നിലനിര്‍ത്താനായതിന്റെയും ആഗോള സാമ്പത്തികപ്രതിസന്ധി മന്ദീഭവിപ്പിച്ച ജിഡിപി വളര്‍ച്ചയില്‍നിന്ന് പെട്ടെന്ന് മുക്തമായതിന്റെയും ബലത്തിലായിരുന്നു ഇത്. 'സാമ്പത്തിക കുതിപ്പിന് ' ഉയര്‍ന്ന വളര്‍ച്ച ആവശ്യമാണെന്നിരിക്കെ കമ്പോളമൌലികതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ക്ക് ഇന്ത്യയില്‍ പിന്തുണ ഏറെയാണെന്നതില്‍ അത്ഭുതപ്പെടാനില്ല.

ഈ വിലയിരുത്തലില്‍ തീര്‍ച്ചയായും ഒരു ചോദ്യം വിസ്‌മരിക്കുന്നുണ്ട്. വളര്‍ച്ച ആര്‍ക്കുവേണ്ടി എന്ന ചോദ്യം. മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കുടിവെള്ളം, ശുചിത്വസൌകര്യങ്ങള്‍, അടിസ്ഥാന ആരോഗ്യസംവിധാനങ്ങള്‍, സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയ്‌ക്കുള്ള അവകാശങ്ങളും ജനസംഖ്യയില്‍ വലിയ വിഭാഗത്തിന് ഇപ്പോഴും നിഷേധിച്ചിരിക്കുന്നു.

ദശകത്തിന്റെ നല്ലൊരു പങ്ക് സമയത്ത് നിലനിന്ന ഉയര്‍ന്ന വളര്‍ച്ചനിരക്കിന്റെ പ്രയോജനം ലഭ്യമായത് ചെറുന്യൂനപക്ഷം വരുന്ന സമ്പന്നര്‍ക്കാണ്, ഇത് രാജ്യത്ത് അസമത്വം വളര്‍ത്തി. ദൌര്‍ഭാഗ്യവശാല്‍, അസമത്വം വിലയിരുത്താനുള്ള വിവരങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉപഭോഗ ചെലവ് സംബന്ധിച്ച വിവരശേഖരണത്തില്‍ സമ്പന്നര്‍ ഉള്‍പ്പെടുന്നില്ല, അതുകൊണ്ട് അസമത്വത്തിന്റെ വലുപ്പം കുറച്ചുകാണാന്‍ നിര്‍ബന്ധിതരാകുന്നു.

ഒന്നാമതായി, പിന്നിട്ട ദശകത്തിലെ ഉയര്‍ന്നനിരക്കിലുള്ള വളര്‍ച്ചയുടെ ഫലമായി മൊത്തം സമ്പാദ്യനിരക്കില്‍ വര്‍ധന ഉണ്ടായി, 2001-02നും 2004-05നും മധ്യേ 5.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2004-05നും 2007-08നും മധ്യേ വീണ്ടും 4.2 ശതമാനം ഉയര്‍ന്നു. സമ്പന്നവിഭാഗത്തിന് ആവശ്യങ്ങളേക്കാള്‍ വലിയ തോതില്‍ വരുമാനം ഉണ്ടെന്നിരിക്കെ അവരുടെ സമ്പാദ്യനിരക്കില്‍ വന്ന വന്‍ വര്‍ധന ആ വിഭാഗത്തിന്റെ വരുമാനത്തിലുണ്ടായ കുതിച്ചുകയറ്റത്തിനു തെളിവാണ്.

സമ്പദ്ഘടനയില്‍ സമ്പാദ്യങ്ങളുടെ സ്രോതസ്സ് കുടുംബങ്ങളില്‍നിന്ന് കോര്‍പറേറ്റുകളിലേക്ക് മാറി. കോര്‍പറേറ്റ് മേഖലയുടെ മൊത്തം സമ്പാദ്യത്തിന്റെ തോത് 2004-05ല്‍ 20.4 ശതമാനമായിരുന്നത് 2007-08ല്‍ 24 ശതമാനമായി വര്‍ധിച്ചു. ഇതേ കാലയളവില്‍ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെ വിഹിതം 72.3ല്‍ നിന്ന് 62.2 ശതമാനമായി ഇടിഞ്ഞു. ഇക്കാലത്ത് കോര്‍പറേറ്റ് മേഖലയില്‍നിന്നുള്ള സ്വകാര്യസമ്പാദ്യത്തിന്റെ വിഹിതവും കുതിച്ചുയര്‍ന്നു; ഈ സമയത്ത് സംഘടിതനിര്‍മാണമേഖലയിലെ യഥാര്‍ഥ ശരാശരി വേതനത്തില്‍ വളര്‍ച്ചമുരടിപ്പ് ഉണ്ടായതിനാല്‍ കോര്‍പറേറ്റുകളുടെ ലാഭനിരക്കില്‍ ഗണ്യമായ വര്‍ധനയും അനുഭവപ്പെട്ടു.

മൂന്നാമത്തെ വസ്‌തുത, നികുതി-ജിഡിപി അനുപാതത്തിലാണ് നിലകൊള്ളുന്നത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ മൊത്തം നികുതി-ജിഡിപി അനുപാതം 2001-02ല്‍ 13.8 ശതമാനമായിരുന്നത്, കോര്‍പറേറ്റ് നികുതികളില്‍നിന്നുള്ള വര്‍ധനയുടെ ഫലമായി 2008-09ല്‍ 19.1 ശതമാനമായി. 2002-03 വര്‍ഷം സംഘടിതമേഖലയില്‍ ലാഭനിരക്ക് ഏറ്റവും ഉയര്‍ന്നിരുന്നതായി ശ്രദ്ധിക്കണം. സമ്പന്നര്‍ക്ക് വന്‍തോതില്‍ നികുതിയിളവുകളും നല്‍കിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, നികുതിദായകരുടെ, പ്രത്യേകിച്ച് കോര്‍പറേറ്റ് മേഖലയില്‍ വന്‍ ലാഭം കൊയ്യുന്നവരുടെ വരുമാനം വന്‍തോതില്‍ വര്‍ധിച്ചതായി വ്യക്തമാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വരുമാനത്തിലുള്ള ഈ വന്‍ വര്‍ധന അസമത്വത്തിന്റെ തോത് ഗണ്യമായി ഉയര്‍ത്തി.

ലാഭം വര്‍ധിച്ചതിന്റെമാത്രം സൃഷ്‌ടിയല്ല അസമത്വത്തിലുണ്ടായ ഈ വളര്‍ച്ച, മറിച്ച് പുതിയ പാതയിലുള്ള സാമ്പത്തികവളര്‍ച്ചനിരക്ക് ഉയര്‍ന്നതോതില്‍ തൊഴിലവസരങ്ങളും ജനിപ്പിക്കുന്നില്ല. ഗ്രാമീണ-നഗരമേഖലകളില്‍ മൊത്തം തൊഴിലവസരങ്ങളിലുണ്ടായ വളര്‍ച്ചനിരക്ക് 1993-94 മുതല്‍ 1999-2000 വരെയുള്ള കാലയളവില്‍ യഥാക്രമം 0.66, 2.27 ശതമാനംവീതം ആയിരുന്നത് 1999-2000 മുതല്‍ 2007-08 വരെയുള്ള കാലത്ത് 1.97, 3.22 ശതമാനം വീതമായി ഉയര്‍ന്നു. എന്നാല്‍, 1999-2000 മുതല്‍ 2007-08 വരെയുള്ള കാലയളവില്‍ ഈ നിരക്കുകള്‍ 1.27, 2.64 എന്ന നിരക്കില്‍ താരതമ്യേന താഴ്ന്നു. 2004-05നും 2007-08നും മധ്യേയുള്ള കാലത്താണ് ഇന്ത്യ ഒമ്പത് ശതമാനത്തോളം ജിഡിപി വളര്‍ച്ചയെന്ന അവസ്ഥയിലേക്ക് നീങ്ങിയതെന്ന് ഓര്‍ക്കേണ്ടതുണ്ട്.

തൊഴില്‍വളര്‍ച്ച താഴ്ന്നനിരക്കിലായത് തൊഴില്‍രംഗത്തിന്റെ സംഭാവനകള്‍ കാര്യമായി ഇടിയുന്നതിനു കാരണമായി. താല്‍ക്കാലിക, സ്വയംതൊഴില്‍ മേഖലകളാണ് ഇന്ന് തൊഴില്‍രംഗത്ത് ആധിപത്യം പുലര്‍ത്തുന്നത്. നവ ഉദാരവല്‍ക്കരണം സൃഷ്‌ടിച്ച ഉയര്‍ന്നതോതിലുള്ള വളര്‍ച്ചയുടെ ഫലമായി മുന്നേറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച നിര്‍മാണ, സംഘടിത മേഖലകളില്‍നിന്ന് കാര്യമായ സംഭാവന ഉണ്ടാകുന്നില്ല. അതായത്, വന്‍തോതില്‍ ലാഭവും സമ്പാദ്യവും ഉണ്ടാക്കുകയും സര്‍ക്കാരിന് ഉയര്‍ന്ന നികുതിവരുമാനം ലഭ്യമാക്കുകയും ചെയ്യുന്ന മേഖലകള്‍ അത്രത്തോളം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നില്ല. ഇത് അര്‍ഥമാക്കുന്നത് ഉയര്‍ന്ന വളര്‍ച്ചനിരക്ക് അനുഭവപ്പെട്ട വര്‍ഷങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഇത് ഉല്‍പ്പാദനമേഖലയിലോ 'മാന്യമായ തൊഴില്‍' നല്‍കുന്ന മറ്റേതെങ്കിലും മേഖലയിലോ പ്രകടമായില്ല. അസമത്വം വന്‍തോതില്‍ വര്‍ധിച്ചതിലും അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരണം നിലനില്‍ക്കുന്നതിലും അതിശയമില്ല. 21-ാം നൂറ്റാണ്ടിന്റെ പ്രഥമദശകം പിന്നിടുമ്പോള്‍ ഇന്ത്യക്ക് സത്യത്തില്‍ ആഘോഷിക്കാന്‍ വകയില്ല. ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കെങ്കിലും.


*****

സി പി ചന്ദ്രശേഖര്‍

പുതിയ ദശകത്തിലെ കേരളവും പഠനകോൺ‌ഗ്രസും

കേരള പ്രശ്‌നങ്ങള്‍ അക്കാദമീയമായ ഉള്‍ക്കാഴ്‌ചയോടെയും രാഷ്‌ട്രീയമായ പ്രായോഗികതയോടെയും പരിശോധിക്കാനും പൊതുധാരണയും കാഴ്‌ചപ്പാടും രൂപപ്പെടുത്താനുമുള്ള സംരംഭമാണ് എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കേരളപഠന കോൺ‌ഗ്രസ്. കേരളം, ഇന്ത്യ, ലോകം എന്ന മൂന്നു തലങ്ങളിലും വിപ്ളവകരമായ നിലപാട് എടുത്തുകൊണ്ടാണ് സമഗ്രവികസന പരിപാടികളും ഭാവിപദ്ധതികളും നിര്‍ദേശിക്കുന്നത്. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന് ധൈഷണിക നേതൃത്വം നല്‍കുന്ന സിപിഐ എമ്മും അതടങ്ങുന്ന ഇടതുപക്ഷ-ജനധിപത്യ ചേരിയും മാത്രമല്ല, വ്യത്യസ്‌ത രാഷ്‌ട്രീയ ചിന്താഗതിക്കാരെയും അക്കാദമിക് പണ്ഡിതരെയും അടക്കം പങ്കെടുപ്പിക്കുന്ന ചര്‍ച്ചയിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പൊതുധാരണകളിലേക്ക് എത്തുക. ഇവിടെ രൂപീകരിക്കപ്പെടുന്ന, പുതിയ ദശകത്തിലേക്കുള്ള വികസന കാഴ്‌ചപ്പാടിനെയും പദ്ധതികളെയും സംബന്ധിച്ച ആശയസംവാദം പഠനകോൺ‌ഗ്രസിനുശേഷവും ഉണ്ടാകും.

ഇ എം എസിന്റെ നേതൃത്വത്തിലാണ് ആദ്യത്തെ പഠനകോൺ‌ഗ്രസ് നടന്നത്. പഠനകോൺ‌ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന പരിപാടികളും പദ്ധതികളും നടപ്പാക്കാന്‍ സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍മാത്രം വിചാരിച്ചാല്‍ കഴിയില്ല. സര്‍ക്കാര്‍ നടപടികളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന വ്യാമോഹം കമ്യൂണിസ്‌റ്റുകാര്‍ക്കില്ല. എന്നാല്‍, ജനകീയ ജനാധിപത്യ വിപ്ളവം നടക്കുന്നതുവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിരാശാബോധമുള്ളവരുമല്ല കമ്യൂണിസ്‌റ്റുകാരെന്ന് 1957 മുതല്‍ ഇടയ്‌ക്കും മുറയ്‌ക്കും വന്ന കമ്യൂണിസ്‌റ്റ് നേതൃസര്‍ക്കാരുകള്‍ തെളിയിച്ചു. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും അത് കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. കേരളത്തെ മുന്നോട്ടുനയിക്കുന്നതാണ് കമ്യൂണിസ്‌റ്റ് നേതൃസര്‍ക്കാരുകള്‍. എന്നാല്‍, കോൺ‌ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തെ പിന്നോട്ടടിക്കുന്നു. ഇടയ്‌ക്കുണ്ടാകുന്ന ഭരണമാറ്റം സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമല്ല.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്‌റ്റ് മന്ത്രിസഭ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനയായത്. കാര്‍ഷിക പരിഷ്‌കരണ ബില്‍, വിദ്യാഭ്യാസബില്‍, പൊലീസ് നയം, ക്ഷേമപരിപാടികള്‍, ആരോഗ്യമേഖലയിലെ ഇടപെടല്‍, പിന്നോക്കപ്രദേശങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ പരിപാടികളാണ് യഥാര്‍ഥത്തില്‍ കേരള മോഡല്‍ എന്ന് പില്‍ക്കാലത്ത് പ്രസിദ്ധമായ കേരള വികസന മാതൃകയ്‌ക്ക് അസ്ഥിവാരമിട്ടത്. ഈ സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ ഫലമായി വലിയ മാറ്റം കേരളീയസമൂഹത്തിലുണ്ടായി. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍, മിനിമംകൂലി, ജന്മിത്വത്തിന്റെ ജനവിരുദ്ധ സാംസ്‌കാരികരൂപങ്ങള്‍ ഇല്ലായ്‌മചെയ്യല്‍ തുടങ്ങിയവയെല്ലാം ഈ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയിലാണ് ഉണ്ടായത്.

1967ല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ നയങ്ങളെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങള്‍ ഈ കാലഘട്ടത്തില്‍ നടപ്പാക്കപ്പെട്ടു. കാര്‍ഷിക പരിഷ്‌കരണബില്‍, അധികാരവികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തല്‍, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിലപാട് സ്വീകരിച്ചു. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണവും കാര്‍ഷിക പരിഷ്‌കരണപരിപാടികളും ഇക്കാലത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു.

1980ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭ പ്രധാനമായും ക്ഷേമപദ്ധതികള്‍ക്കും ഭക്ഷ്യമേഖലയിലെ ഇടപെടലുകള്‍ക്കും ഊന്നല്‍ നല്‍കി. മുമ്പ് അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച നയസമീപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നിലപാട് സ്വീകരിക്കുകയും ചെയ്‌തു. 1987ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭ ജനകീയ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നയങ്ങള്‍ മുന്നോട്ടുവച്ചു. ക്ഷേമപ്രവര്‍ത്തനങ്ങളിലും സമ്പൂര്‍ണ സാക്ഷരതപോലുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ നേതൃത്വപരമായ പങ്ക് നിര്‍വഹിച്ചു.

കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ കേരളത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും ഇവ തകര്‍ക്കാതിരിക്കുന്നതിനും പുതിയ ജനകീയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കമ്യൂണിസ്‌റ്റ് പാര്‍ടി നടത്തിയ പ്രക്ഷോഭങ്ങളും കേരളത്തിന്റെ ജനജീവിതത്തെ മുന്നോട്ടുനയിക്കുന്നതിനു പര്യാപ്‌തമായി. ഇതിന്റെ ഫലമായി നിരവധി നേട്ടങ്ങള്‍ നേടിയെടുക്കുന്നതിന് കേരളത്തിനു കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി സാമ്പത്തികമായി താരതമ്യേന പിന്നോക്കമാണെങ്കിലും ഉചിതമായ പുനര്‍വിതരണ പരിപാടികളിലൂടെ സാമാന്യം ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്ക് ലഭിച്ചു. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ പരിരക്ഷ, മിനിമംകൂലി, വീടുവയ്‌ക്കാന്‍ ഭൂരിപക്ഷത്തിനും ഒരുതുണ്ട് ഭൂമി, ജാതിവ്യവസ്ഥയുടെ കരാളതയെ ഇല്ലാതാക്കാന്‍ കഴിഞ്ഞത് തുടങ്ങിയവ ഈ മുന്നേറ്റത്തിന്റെ ഫലമായി നമുക്ക് ലഭിച്ച നേട്ടങ്ങളാണ്.

എന്നാല്‍ സാമൂഹ്യനേട്ടങ്ങള്‍ക്കനുസരിച്ച് സാമ്പത്തികവളര്‍ച്ച നേടിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിയാത്ത നില വന്നു. കാര്‍ഷിക-വ്യവസായ മേഖല ശക്തിപ്പെടാത്തതിന്റെ പ്രശ്‌നവും ഉയര്‍ന്നുവന്നു. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും നിലവാരത്തകര്‍ച്ചയും അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മയും പുതിയ പ്രശ്‌നങ്ങളായി സംസ്ഥാനത്തിനു മുമ്പില്‍ കടന്നുവന്നു.

കേരളത്തിന്റെ ഈ വികസനപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ സംസ്ഥാനത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ തുടര്‍ന്ന് പാര്‍ടി സ്വീകരിച്ചു. അതിനായി കേരള വികസനത്തിന് താല്‍പ്പര്യമുള്ള ജനവിഭാഗങ്ങളെയാകെ അണിനിരത്തിയുള്ള വിശാലമായ ഒരു മുന്നേറ്റത്തിനാണ് ഈ കാലഘട്ടത്തില്‍ പാര്‍ടി ശ്രമിച്ചത്. ഇതിന്റെ ഭാഗമായി എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ. ഇ എം എസ് മുന്‍കൈയെടുത്ത് 1994ല്‍ കേരള വികസനത്തെ സംബന്ധിച്ച അന്താരാഷ്‌ട്ര പഠനകോൺ‌ഗ്രസ് സംഘടിപ്പിച്ചു. കക്ഷിരാഷ്‌ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനത്തിനായി ജനങ്ങളെ അണിനിരത്തുക എന്ന ആശയം ഇതില്‍ മുന്നോട്ടുവച്ചു. ഈ ആശയം കമ്യൂണിസ്‌റ്റ് പാര്‍ടി ആദ്യമായി കേരളത്തില്‍ ഉന്നയിക്കുന്നതായിരുന്നില്ല. 1956ലെ പാര്‍ടി രേഖ ഇക്കാര്യം ഊന്നിയിട്ടുണ്ട്.

കമ്യൂണിസ്‌റ്റ് പാര്‍ടി മുന്നോട്ടുവച്ച ഈ വികസന കാഴ്‌ചപ്പാടിന്റെ പുതിയ കാലഘട്ടത്തിലേക്കുള്ള ചുവടുവയ്‌പായാണ് പഠന കോൺ‌ഗ്രസ് ഇ എം എസ് ഉള്‍പ്പെടെ കണ്ടിരുന്നത്. എന്നാല്‍, പലരും കരുതുന്നതുപോലെ ഇതൊരു അരാഷ്‌ട്രീയ പരിപാടിയുമല്ല. ജനങ്ങളെ വ്യത്യസ്‌ത അറകളാക്കി നിര്‍ത്തുക എന്നതാണ് വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാഴ്‌ചപ്പാട്. ജനങ്ങളെ അവരുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് കമ്യൂണിസ്‌റ്റുകാര്‍ ലക്ഷ്യംവയ്‌ക്കുന്നത്. അത്തരമൊരു യോജിപ്പ് ജാതി-വര്‍ഗീയ ചിന്തകള്‍ക്കതീതമായി ജനകീയ മുന്നേറ്റത്തിന് പശ്ചാത്തലമൊരുക്കും. ഈ തിരിച്ചറിവാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിന് അടിസ്ഥാനമായി തീര്‍ന്നത്.

ഒന്നാം പഠനകോൺ‌ഗ്രസില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ ഐക്യമുണ്ടായി. കാര്‍ഷിക-വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തണം എന്ന കാഴ്‌ചപ്പാട് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. കേരളത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റെ ചില തുരുത്തുകള്‍ സാമൂഹ്യശ്രദ്ധയിലൂടെ പരിഹരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും അഭിപ്രായ ഐക്യം ഉണ്ടായി. വികസനത്തിന് സ്‌ത്രീപങ്കാളിത്തം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടുവയ്‌ക്കപ്പെട്ടു. ജനപങ്കാളിത്ത വികസനമാതൃകയ്‌ക്ക് ഊന്നല്‍ കൊടുക്കുന്നതിനായി അധികാരവികേന്ദ്രീകരണത്തിന്റെ പ്രാധാന്യവും അംഗീകരിക്കപ്പെട്ടു.

1996ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ കാഴ്‌ചപ്പാട് പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താന്‍ ജനകീയാസൂത്രണപദ്ധതി കൊണ്ടുവന്നു. കാര്‍ഷികമേഖല, വ്യാവസായികമേഖല തുടങ്ങിയവ ശക്തിപ്പെടുത്താനുള്ള പരിശ്രമവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. പുത്തന്‍ വികസനമേഖലകളായ ബയോ-ടെൿനോളജി, ഇന്‍ഫര്‍മേഷന്‍ ടെൿനോളജി എന്നിവയ്‌ക്കും പ്രാധാന്യം നല്‍കി. ടൂറിസംസാധ്യതകളെ വികസിപ്പിക്കാനും പദ്ധതികള്‍ തയ്യാറാക്കി. സാമൂഹ്യക്ഷേമപദ്ധതികളെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെയും ശക്തിപ്പെടുത്താനും ഈ സര്‍ക്കാര്‍ തയ്യാറായി.

ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോയെങ്കിലും ആഗോളവല്‍ക്കരണനയങ്ങള്‍ സമ്പദ്ഘടനയിലുണ്ടാക്കിയ പ്രതിസന്ധി ഈ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി എത്തുന്നതിന് തടസ്സമായി നിന്നു. പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ എല്ലാ നേട്ടങ്ങളും ഒന്നിനു പുറകെ ഒന്നായി തകര്‍ക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭത്തിന് കമ്യൂണിസ്‌റ്റ് പാര്‍ടി തയ്യാറായി. പ്രക്ഷോഭത്തോടൊപ്പംതന്നെ പുതിയ വെല്ലുവിളികളെ നേരിടുന്ന തരത്തില്‍ ബദലുകള്‍ എങ്ങനെ രൂപപ്പെടുത്താമെന്ന ചര്‍ച്ചകളും മുന്നോട്ടു വയ്‌ക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു വികസന രേഖവച്ചുതന്നെ രണ്ടാം അന്താരാഷ്‌ട്ര പഠന കോൺ‌ഗ്രസ് സംഘടിപ്പിച്ചത്. അതിലെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്താണ് ഒരു വികസനപരിപാടി തയ്യാറാക്കി ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞത്. ഇതിന് വമ്പിച്ച ബഹുജന അംഗീകാരം ലഭിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ചരിത്രത്തിലില്ലാത്ത വിജയം എല്‍ഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ചെയ്‌തു.

ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായി. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും ഭക്ഷണവും നല്‍കുക എന്ന നയത്തില്‍നിന്നുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാര്‍ഷിക-വ്യാവസായിക മേഖലകളെ ശക്തിപ്പെടുത്താനും സാമൂഹ്യക്ഷേമ പദ്ധതികള്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ഇടപെടുകയാണ്. പൊതുമേഖലയെ പുനരുദ്ധരിക്കുക മാത്രമല്ല, പുതുതായി ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് കേരളം രാജ്യത്തിനുതന്നെ മാതൃകയായി. കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്താനുള്ള ഇടപെടലുമായി മുന്നോട്ടുപോവുകയാണ്. ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ള വികസന അനുഭവങ്ങളെ വിലയിരുത്താനും നടത്തേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഒരു രൂപരേഖ ഉണ്ടാക്കിയെടുക്കുക എന്നതുമാണ് ഇത്തരമൊരു പരിപാടികൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഈ വ്യവസ്ഥയ്‌ക്കുള്ളില്‍നിന്നുകൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കിക്കളയാം എന്ന വ്യാമോഹം സിപിഐ എമ്മിനില്ല. ഫെഡറല്‍ ഘടന ഉയര്‍ത്തുന്ന പരിമിതിയെക്കുറിച്ചുള്ള തികഞ്ഞ ബോധ്യവും പാര്‍ടിക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ജനാധിപത്യപരമായ കേന്ദ-സംസ്ഥാന ബന്ധങ്ങൾക്കുവേണ്ടി പാർട്ടി നിലകൊള്ളുന്നത്. അതേ സമയം തന്നെ വർത്തമാന കാലത്ത് ഒന്നും ചെയ്യാനാകില്ല എന്ന നിരാശാബോധത്തെയും പാർട്ടി അംഗീകരിക്കുന്നില്ല. വ്യവസ്ഥയെ മാറ്റി മറിയ്‌ക്കാനുള്ള പോരാട്ട്ം നടത്തുമ്പോൾ തന്നെ ജനങ്ങൾക്ക് ആശ്വാസകരമായ ബദൽ ഉയർത്തുന്നതിനാണ് സിപിഐ എം ഇടപെടുന്നത്. ഈ കാഴ്‌ചപ്പാടോടെയാണ് കേരള വികസനത്തെ സിപിഐ എം സമീപിക്കുന്നത്.


*****


പിണറായി വിജയന്‍