Monday, November 23, 2009

പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍

(ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ)

എന്തുകൊണ്ടാണ് കേരള പാഠ്യപദ്ധതിയുടെ നിലവാരം താണതും സിബിഎസ്ഇ, ഐസിഎസ്സി പദ്ധതികള്‍ മെച്ചപ്പെട്ടതും എന്ന തോന്നലുണ്ടാകാന്‍ കാരണം? ഈ രണ്ടു പദ്ധതികളും തമ്മില്‍ താരതമ്യംചെയ്താല്‍ ആ തോന്നലിന് അടിസ്ഥാനമില്ലായെന്നു കാണാന്‍ സാധിക്കും. എന്നു മാത്രമല്ല എന്‍സിഇആര്‍ടി തയ്യാറാക്കിയ സെക്കന്‍ഡറി ക്ളാസുകളിലെ ചില വിഷയങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ അമിതഭാരം ഉള്ളതാണെന്നും കാണാന്‍ വിഷമമില്ല. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ചുകൊണ്ട് തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടും അതനുസരിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങളുമാണ് എട്ടാം ക്ളാസുവരെ ഇപ്പോള്‍ പഠിപ്പിച്ചുവരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പാഠ്യപദ്ധതിയോ പാഠപുസ്തകങ്ങളോ അല്ല പ്രശ്നമായിട്ടുള്ളത്.

പ്രൈമറിതലത്തില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തിലെ ചില ജില്ലകളില്‍ നടപ്പാക്കിയ പാഠ്യപദ്ധതി ഏകദേശം ഒരു ദശാബ്ദം മുമ്പ് കേരളമാകെ വ്യാപിപ്പിച്ചു. ബോധനരീതിയിലും മൂല്യനിര്‍ണയത്തിലും രീതിശാസ്ത്രപരമായ വ്യതിയാനത്തിനു തുടക്കംകുറിച്ച പരിഷ്കാരമായിരുന്നു അത്. ആ പരിഷ്കാരത്തോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയവരുടെ കൂട്ടത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി പരിഷ്കാരവുമായി മുന്നോട്ടുപോയ സര്‍ക്കാരിന്റെ നടപടിയോട് അദ്ധ്യാപകര്‍ സഹകരിച്ചു. അദ്ധ്യാപക സംഘടനകളില്‍ ഭൂരിപക്ഷവും പുതിയ പദ്ധതി നടപ്പാക്കുന്നതിനെ അനുകൂലിച്ചു. പുതിയ പാഠ്യപദ്ധതിക്കനുകൂലമായി നിരത്തിയ സിദ്ധാന്തപരമായ കാര്യങ്ങളെ നേരിടുന്നതില്‍ പ്രാപ്തിയില്ലാതെപോയവര്‍ പരിഷ്കാരത്തെ അനുകൂലിക്കുകയും യാന്ത്രികമായി നടപ്പാക്കുകയും ചെയ്തു. പ്രവര്‍ത്തനാധിഷ്ഠിതവും ശിശുകേന്ദ്രിതവും ആയ ജ്ഞാന നിര്‍മിതി സിദ്ധാന്തമാണ് പുതിയ പാഠ്യപദ്ധതിയുടെ കാതല്‍. ഇതിനെ എതിര്‍ക്കുന്നതിനാവശ്യമായ കരുക്കള്‍ കയ്യിലില്ലാത്തതുകൊണ്ട് മെനക്കെട്ട് വായിച്ചുപഠിച്ച് തോല്‍പിക്കുന്നതിനേക്കാള്‍ നല്ലത് അനുകൂലികളായി അകത്തുകടന്ന് പദ്ധതിയെ വികലമാക്കുക എന്നതായിരുന്നു ഇക്കൂട്ടരുടെ തന്ത്രം.

കുട്ടികളെ ആനകളിയും പൂച്ചകളിയും പഠിപ്പിക്കുന്നതാണ് പുതിയ പാഠ്യപദ്ധതിയെന്ന് ചിലര്‍ കളിയാക്കി. അദ്ധ്യാപകന്റെ പ്രമാണികത്വത്തിന്റെ സ്ഥാനത്ത് പഠിതാവിന്റെ പ്രാമാണികത്വം അംഗീകരിക്കപ്പെട്ടു. പഠിതാവിനാണ് പ്രാമാണികത്വം എന്നതിനാല്‍ അദ്ധ്യാപകന്റെ പങ്ക് കുറഞ്ഞുവെന്നും കുട്ടി സ്വയം പഠിച്ചുകൊള്ളുമെന്നുമുള്ള യാന്ത്രികമായ നിലപാട് അദ്ധ്യാപകര്‍ കൈക്കൊണ്ടു. കുട്ടിയെ പഠനത്തിനു സഹായിക്കുന്ന കരുക്കള്‍ ഒരുക്കിക്കൊടുക്കുകയെന്ന ഉത്തരവാദപ്പെട്ട ജോലിയില്‍നിന്നും അദ്ധ്യാപകര്‍ പതിയെ തെന്നിമാറി. ആന്തരിക മൂല്യനിര്‍ണയത്തിലൂടെ ഉയര്‍ന്ന ഗ്രേഡുകള്‍ വാരിക്കോരി നല്‍കി പഠിതാക്കളേയും രക്ഷിതാക്കളേയും തൃപ്തിപ്പെടുത്തി. കൊട്ടിയടച്ച മനസ്സുമായി ഇരിക്കുന്ന അദ്ധ്യാപകരുടെമുന്നില്‍ പുതിയ പാഠ്യപദ്ധതിയുടെ ഗുണഗണങ്ങള്‍ വാഴ്ത്താന്‍ പോയവര്‍ നല്ല പ്രസംഗം കാഴ്ചവച്ച സുവിശേഷകന്റെ സംതൃപ്തിയോടെ മടങ്ങി. സര്‍ക്കാരുത്തരവിന്റെ ബലത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുനീങ്ങി. ആത്മാവു നഷ്ടപ്പെട്ട ഒരു ജഡമായി പുതിയ പാഠ്യപദ്ധതിയെ ഒരുക്കിയെടുത്ത് 'മമ്മി'യാക്കി പിരമിഡിനുള്ളില്‍ സ്ഥാപിച്ചു.

പുതിയ പാഠ്യപദ്ധതിയോട് മാനസികമായി പൊരുത്തപ്പെടാന്‍ എന്തുകൊണ്ടാണ് മദ്ധ്യവര്‍ഗത്തിന് കഴിയാതെപോയത്? അതിന് പ്രധാനകാരണം മദ്ധ്യവര്‍ഗത്തെ വാര്‍ത്തെടുത്ത വിദ്യാഭ്യാസ പദ്ധതിയുടെ സ്വഭാവമായിരുന്നു. കൊളോണിയല്‍ വിദ്യാഭ്യാസം ഇന്ത്യയിലാരംഭിച്ചകാലംമുതല്‍ വികസിപ്പിച്ചെടുത്ത ചേഷ്ടാവാദത്തിലധിഷ്ഠിത (behaviourist method)മായ ബോധനരീതിയുടെ ഉല്‍പന്നങ്ങളാണ് ഇന്നത്തെ അദ്ധ്യാപകരും രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരുമെല്ലാം. അവര്‍ പഠിച്ചതും ശീലിച്ചതുമാണ് ഉത്തമം എന്നവര്‍ കരുതുന്നു. അതിനാല്‍ ആ പദ്ധതിതന്നെ തുടര്‍ന്നു പോകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ മക്കളും അങ്ങനെതന്നെ പഠിക്കണമെന്ന് അവര്‍ ശഠിക്കുന്നു. ഒരു മതവിശ്വാസിയുടെ വിശുദ്ധ യുദ്ധ തീവ്രതയോടെ ആ വ്യവസ്ഥയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു.

പാഠപുസ്തകമെന്ന വേദപുസ്തകവും അദ്ധ്യാപകനെന്ന സര്‍വജ്ഞനുമായിരുന്നു ചേഷ്ടാവാദ വിദ്യാഭ്യാസത്തിന്റെ ആധാരശിലകള്‍. സമൂഹത്തിലെ ഭൂരിപക്ഷംപേരും അക്ഷരവിഹീനരും വിദ്യാഭ്യാസ സൌകര്യങ്ങള്‍ പരിമിതവുമായിരുന്ന ഒരു കാലഘട്ടത്തില്‍ പാഠപുസ്തകവും അദ്ധ്യാപകനും മാത്രമേ പഠിതാവിന് തുണയായിട്ടുള്ളു. ഇന്നിപ്പോള്‍ അതല്ല സ്ഥിതി. ശാസ്ത്രസാങ്കേതികരംഗത്തേയും വിവര വിനിമയ രംഗത്തേയും അത്ഭുതകരമായ മാറ്റങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റാന്‍ പര്യാപ്തമായി. പാഠപുസ്തകത്തിലൂടെയല്ലാതെതന്നെ കുട്ടിക്ക് വിവരങ്ങള്‍ ശേഖരിക്കാനും സ്വയം പഠിക്കാനും അവസരം കിട്ടുന്നു. വിവരം ലഭിക്കുന്ന വിഭവങ്ങളിലേക്ക് വിദ്യാര്‍ത്ഥിയെ നയിക്കുക എന്ന ധര്‍മമാണ് അദ്ധ്യാപകന് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ വടിയും പാഠപുസ്തകവുമായി നില്‍ക്കുന്ന അദ്ധ്യാപകന്റെ ബിംബം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് പുതിയ രീതി ഉള്‍ക്കൊള്ളാനായില്ല. ഇവരാണ് പുതിയ പാഠ്യപദ്ധതിയെ അകത്തുനിന്ന് പരാജയപ്പെടുത്താന്‍ ശ്രമിച്ചത്.

പുതിയ പാഠ്യപദ്ധതിയുടെ സവിശേഷതകള്‍ അദ്ധ്യാപകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനായി ആവിഷ്കരിച്ച പരിശീലന പരിപാടികളും യാന്ത്രികമായിപ്പോയി. പുതിയ പദ്ധതിയുടെ വക്താക്കളായി വന്ന ചെറുപ്പക്കാരെ ക്ഷമയോടെ കേള്‍ക്കാന്‍ മാനസികമായി തയ്യാറായിരുന്നില്ല, ഭൂരിപക്ഷം അദ്ധ്യാപകരും. അനാവശ്യമായ ഒരു തിന്മ എന്ന നിലയ്ക്കാണ് അദ്ധ്യാപകര്‍ അതിനെ സ്വീകരിച്ചത്. അവധി ദിവസങ്ങള്‍ നഷ്ടപ്പെടാതെയുള്ള ഏതൊരു പരിശീലനപരിപാടിയും സഹിക്കാന്‍ അവര്‍ ഒരുക്കമായിരുന്നു. ക്ളാസുമുറികളില്‍ കുട്ടികളെ കൈകാര്യംചെയ്ത അദ്ധ്യാപകന്റെ മനോഭാവമായിരുന്നു പരിശീലകന്മാരായി എത്തിയവര്‍ക്കും ഉണ്ടായിരുന്നത്. തന്നോളമോ തന്നെക്കാളുമോ പ്രായമുള്ളവരും സ്വന്തം പദവിയേയും പാണ്ഡിത്യത്തേയും സംബന്ധിച്ച് 'വേണ്ടത്ര' ബോദ്ധ്യമുള്ളവരുമായ അദ്ധ്യാപകരാണ് പഠിതാക്കളെന്ന് തിരിച്ചറിഞ്ഞ് അതിലേക്കാവശ്യമായ പരിശീലന തന്ത്രമാണ് ആവിഷ്കരിച്ച് നടപ്പാക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താതിരുന്നതിനാല്‍ പരിശീലനത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിയാതെപോയി.

പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമിട്ടിട്ട് ഒരു പതിറ്റാണ്ടുകഴിഞ്ഞുവെങ്കിലും ട്രെയിനിംഗ് കോളേജുകളിലെ പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കപ്പെടാതെ തുടരുകയാണ്. ട്രെയിനിംഗ് കോളേജുകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വംകൊടുക്കേണ്ടത് സര്‍വകലാശാലകളാണ്. സമൂഹത്തില്‍ എന്തു നടക്കുന്നുവെന്ന് മനസ്സിലാക്കുന്നതില്‍ യാതൊരു താല്‍പര്യവുമില്ലാതെ നിസ്സംഗത പുലര്‍ത്തുകയാണ് കേരളത്തിലെ സര്‍വകലാശാലകള്‍. പുതിയ ബോധനരീതി സ്കൂളുകളില്‍ നടപ്പാക്കേണ്ട അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നത് പഴയ രീതിശാസ്ത്രം. അദ്ധ്യാപക - വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രമല്ല ബിരുദതല പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളോടും ഇതേ നിസ്സംഗതയാണ് സര്‍വകലാശാലകള്‍ സ്വീകരിച്ചത്. പുതിയ പാഠ്യപദ്ധതി പ്രകാരം ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി 2007 ജൂണില്‍ കോളേജുകളിലെത്തിയ വിദ്യാര്‍ത്ഥികളെ എതിരേറ്റത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാഠ്യപദ്ധതിയും ബോധനരീതിയും. പാഠ്യപദ്ധതി പരിഷ്കരണത്തിനായി ഒരു ശ്രമവും നടത്താതെ നിസ്സംഗരായിനിന്ന സര്‍വ്വകലാശാലാഭരണകര്‍ത്താക്കളെ പരിഷ്കാരത്തിനു പ്രേരിപ്പിച്ചത് ഉന്നത വിദ്യാഭ്യാസ കൌണ്‍സിലായിരുന്നു. കൌണ്‍സില്‍ നല്‍കിയ പണമുപയോഗിച്ചാണ് സെമസ്റ്റര്‍ സമ്പ്രദായപ്രകാരമുള്ള പാഠ്യപദ്ധതി തയ്യാറാക്കി ബിരുദതലത്തില്‍ നടപ്പാക്കാന്‍ ഈ അദ്ധ്യയനവര്‍ഷം സര്‍വകലാശാലകള്‍ നടപടിയെടുത്തത്. എന്നിട്ടും കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല അത് അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ചു. ചുരുക്കിപ്പറഞ്ഞാല്‍ 2007ല്‍ നടപ്പാക്കേണ്ടിയിരുന്ന പാഠ്യപദ്ധതി പരിഷ്കരണം രണ്ടുവര്‍ഷത്തിനുശേഷമാണ് നടപ്പാക്കിത്തുടങ്ങിയതെന്നര്‍ത്ഥം.

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നവര്‍ സിബിഎസ്ഇ/ഐസിഎസ്സി സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് തങ്ങളുടെ മക്കളെ അയച്ചു. തങ്ങളുടെ നിലപാട് ന്യായീകരിക്കാനായി കേരള പാഠ്യപദ്ധതിയെ തള്ളിപ്പറഞ്ഞു. ഇതൊരു നിശ്ശബ്ദവിപ്ളവമായിരുന്നു. പുതിയ പാഠ്യപദ്ധതിയെപ്പറ്റി ആദ്യമുണ്ടാക്കിയ ബഹളമല്ലാതെ പിന്നീടതേപ്പറ്റി ആരും പരസ്യമായി പറഞ്ഞില്ല. അതിനര്‍ത്ഥം ആ പാഠ്യപദ്ധതി സമൂഹം അംഗീകരിച്ചു എന്നല്ല. അംഗീകരിച്ചതായി ഭാവിക്കുകയായിരുന്നു. അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാനുള്ള സാമ്പത്തികശേഷിയുള്ളവര്‍ അങ്ങനെ ചെയ്തു. ആരവങ്ങളൊന്നുമില്ലാതെ നടന്ന ഈ മാറ്റം ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ കുറവുവരികയും തസ്തികകള്‍ നഷ്ടമാവുകയും ചെയ്തപ്പോഴാണ് അദ്ധ്യാപക സംഘടനകള്‍ ആ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കിയത്. ഇപ്പോള്‍ അവര്‍ക്കുമാത്രമേ ഇതൊരു തലവേദനയായിട്ട് തീര്‍ന്നിട്ടുള്ളു. മറ്റാര്‍ക്കും ഇതൊരു പ്രശ്നമേയല്ല. ജോലിയില്ലെങ്കിലും ശമ്പളം നല്‍കി അവരെ നിലനിര്‍ത്തുകയോ, അല്ലെങ്കില്‍ വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതത്തില്‍ മാറ്റംവരുത്തി മുഴുവന്‍പേരുടെയും തസ്തിക ഉറപ്പാക്കുകയോ വേണം എന്നതാണ് സംഘടനകളുടെ നിലപാട്. ഇന്നത്തെ സാഹചര്യത്തില്‍ അത് ശരിയായ നിലപാടുതന്നെയാണ്. എന്നാല്‍ മദ്ധ്യവര്‍ഗം തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നാല്‍ ഭാവിയിലും പ്രശ്നം രൂക്ഷമാവും. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുവരുമ്പോള്‍ അനുപാതം മാറ്റി അദ്ധ്യാപകരെ സംരക്ഷിക്കണമെന്ന് എത്രകാലം ഉത്തരവാദിത്വബോധമുള്ള സംഘടനകള്‍ക്ക് പറയാന്‍ കഴിയും. അതിനാല്‍ രോഗത്തിന്റെ കാരണം മനസ്സിലാക്കി ചികില്‍സ നടത്തുന്നതാണ് ഉത്തമം.

എന്താണ് സിബിഎസ്ഇ/ഐസിഎസ്സി പാഠ്യപദ്ധതികളോട് പ്രിയം കൂടാന്‍ കാരണം? കേരള പാഠ്യപദ്ധതി 'ആനകളിയും പൂച്ചകളിയും' ആയതുകൊണ്ടല്ല. അവര്‍ തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകങ്ങള്‍ കേരളത്തിന്റേതിനേക്കാള്‍ മേന്മയേറിയതുകൊണ്ടുമല്ല. അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ യോഗ്യത ഒരു ഘടകമാണ്. സെക്കന്‍ഡറി ക്ളാസുകള്‍ മുതല്‍ മുകളിലോട്ട് അതാതു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ളവരെ മാത്രമേ അദ്ധ്യാപകരായി നിയമിക്കാന്‍ പാടുള്ളുവെന്ന് എന്‍സിഇആര്‍ടി നിഷ്കര്‍ഷിക്കുന്നു. എന്നുമാത്രമല്ല ഒന്‍പതാം ക്ളാസുമുതല്‍ പ്രത്യേകവിഷയങ്ങളായിട്ടാണ് അവിടെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലാകട്ടെ ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ ക്രമത്തിലാണ്. ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി അതാതു വിഷയത്തില്‍ അടിസ്ഥാനബിരുദവും ബിഎഡും മതി എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ളീഷ് പഠിപ്പിക്കാന്‍ ആ ഭാഷയില്‍ ബിരുദം വേണമെന്നില്ല. മേല്‍ പ്രസ്താവിച്ച വിഷയങ്ങളും ഗണിതവും പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇംഗ്ളീഷും പഠിപ്പിക്കാം എന്നാണ് വ്യവസ്ഥ. ഈയടുത്തകാലത്തായി ഇംഗ്ളീഷ് ഭാഷാ ബിരുദധാരികളെ അദ്ധ്യാപകരായി നിയമിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അദ്ധ്യാപകര്‍ അത് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ല. കാരണം തസ്തികകള്‍ നഷ്ടപ്പെടും എന്നതുകൊണ്ടുതന്നെ.

ബിരുദതലത്തില്‍ ഇംഗ്ളീഷ് ഐഛികമായി എടുത്തുപഠിക്കാത്ത ഒരാള്‍ ഇംഗ്ളീഷ് പഠിപ്പിക്കുന്നത് എത്രമാത്രം ഗുണംചെയ്യും? ഇന്നലെ ചെയ്തോരബദ്ധം ഇനിയും തുടരേണ്ടതുണ്ടോ? ഫിസിക്സ് ഐഛികവിഷയമായി എടുത്തയാള്‍ കെമിസ്ട്രി പഠിപ്പിക്കുന്നു. തിരിച്ചും സംഭവിക്കുന്നു. രണ്ടുകൂട്ടരും ഉപവിഷയമായി ബിരുദതലത്തില്‍ പഠിച്ചിട്ടുണ്ട് എന്ന വാദം ഉന്നയിക്കാം. എങ്കിലും ഐഛിക വിഷയത്തെപോലെയല്ലല്ലോ ഉപവിഷയം? ഇതിനേക്കാള്‍ രൂക്ഷമാണ് സോഷ്യല്‍ സയന്‍സില്‍. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം, വാണിജ്യപഠനം എന്നിങ്ങനെ ചില പ്രധാന വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് പ്രസ്തുതവിഷയം. ഉദ്ഗ്രഥിതമാണ് പാഠപുസ്തകം എന്നാണ് സങ്കല്‍പമെങ്കിലും ഈ വിഷയങ്ങള്‍ പ്രത്യേക അദ്ധ്യായങ്ങളായിട്ടാണ് പാഠപുസ്തകത്തില്‍ നിലനില്‍ക്കുന്നത്. ഭൂമിശാസ്ത്രം ഉപവിഷയമായിപ്പോലും പഠിച്ചിട്ടില്ലാത്തവര്‍ ആ വിഷയം പഠിപ്പിക്കേണ്ടതായി വരുന്നു. മറ്റുവിഷയങ്ങള്‍ ഉപവിഷയങ്ങളായിപ്പോലും പഠിച്ചിട്ടില്ലാത്ത ഭൂമിശാസ്ത്രകാരന്‍ ആ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടതായി വരുന്നു. സ്വഭാവികമായും അത്തരം വിഷയങ്ങള്‍ വിരസവും മനസ്സിലാകാത്തതുമായിത്തീരും. കുട്ടികള്‍ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളെയോ സ്വകാര്യ ട്യൂഷനെയോ ആശ്രയിക്കുന്നു. പൊതുവിദ്യാഭ്യാസം സൌജന്യമാണെങ്കിലും ട്യൂഷന് കാശുകൊടുക്കണമല്ലോ. അതിനാല്‍ കാശുള്ളവര്‍ സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നു. കേരളത്തിലെ പാഠ്യപദ്ധതി നവീകരിച്ചതിന്റെ ഫലമായി സംഭവിച്ചതാണിത്. അതാണ് മുമ്പ് സൂചിപ്പിച്ചത്. പാഠ്യപദ്ധതികള്‍ തമ്മില്‍ താരതമ്യംചെയ്താല്‍ വലിയ അന്തരമൊന്നും കാണാന്‍ കഴിയില്ലായെന്ന്. എന്നാല്‍ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ നിലവാരം വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായിത്തീരുന്നു. ജ്ഞാനനിര്‍മിതി സിദ്ധാന്തപ്രകാരം പഠിതാവിനെ സഹായിക്കാന്‍ അദ്ധ്യാപകന്‍ പ്രാപ്തനായിരിക്കണം. അതിനയാള്‍ക്ക് അതാതു വിഷയങ്ങളില്‍ പാണ്ഡിത്യമുണ്ടാവണം. ഒരു സാധാരണ ബിരുദധാരിയുടെ നിലവാരം എന്തെന്ന് കേരള സമൂഹത്തിലുള്ള ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്.

ഈയൊരു സാഹചര്യത്തിലാണ് ഹൈസ്കൂള്‍ ക്ളാസുകളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ വേണം അദ്ധ്യാപകരാകാന്‍ എന്ന എന്‍സിഇആര്‍ടി നിബന്ധന പ്രസക്തമാവുന്നത്. അദ്ധ്യാപകരുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത പുനര്‍നിര്‍ണയിച്ച് ഭാവിനിയമനങ്ങള്‍ക്ക് അത് ബാധകമാക്കേണ്ടതാണ്. അത് പൂര്‍ണമായി നടപ്പാക്കപ്പെടുന്നതുവരെയുള്ള പരിണാമദിശയില്‍ നിലവിലുള്ള അദ്ധ്യാപകര്‍ക്ക് അവരവരുടെ വിഷയങ്ങളില്‍ വിജ്ഞാനവര്‍ദ്ധനവിന് സഹായകരമാവുന്നതരത്തിലുള്ള പരിശീലനം നല്‍കണം. ഏഴെട്ടുവര്‍ഷം മുമ്പുവരെ അത്തരത്തിലുള്ള പരിശീലനം ട്രെയിനിംഗ് കോളേജുകള്‍ കേന്ദ്രീകരിച്ച് നല്‍കിയിരുന്നു. എന്നാല്‍ പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിനുശേഷമുള്ള പരിശീലനം ബോധനരീതി കേന്ദ്രീകരിച്ചായിരുന്നു. തല്‍ഫലമായി അദ്ധ്യാപകര്‍ക്ക് പാഠപുസ്തകത്തിലെ സാമാന്യം ഗഹനമായ ഉള്ളടക്കം വിനിമയംചെയ്യാനുള്ള പ്രാപ്തി സംഭരിക്കാന്‍ കഴിയാതെപോയി.

ഇതേപോലെ പ്രാധാന്യമുള്ളതാണ് അദ്ധ്യാപകരുടെ നിയമനരീതി. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് നിയമനത്തിനുള്ള യോഗ്യത. യോഗ്യതയുള്ളവരെല്ലാം ഒരേപോലെ കഴിവുള്ളവരാകണമെന്നില്ല. അതിനാല്‍ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള ഒരു സംവിധാനം ഉണ്ടാകേണ്ടതുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ പിഎസ്സി വഴിയാണ് നിയമനം നടത്തുന്നത്. എഴുത്തുപരീക്ഷയും അഭിമുഖപരീക്ഷയും നടത്തിയതിനുശേഷമാണ് അര്‍ഹതപ്പട്ടിക തയ്യാറാക്കുന്നത്. എയിഡഡ് സ്കൂളുകളിലാകട്ടെ ഇങ്ങനെയൊരേര്‍പ്പാടേയില്ല. അടിസ്ഥാന യോഗ്യതയുള്ള ആരേയും സ്വന്തം ഇഷ്ടപ്രകാരം മാനേജര്‍ക്ക് നിയമിക്കാം. അദ്ധ്യാപകനിയമനത്തെ ഒരു വ്യക്തിയുടെ തൊഴില്‍ പ്രശ്നമായി മാത്രം കണ്ടാല്‍ പോര. ഭാവിതലമുറയുടെ ശേഷിയേയും അഭിരുചിയേയും മനോഭാവത്തെയും രൂപപ്പെടുത്തുന്ന ഉത്തരവാദിത്വമാണ് അദ്ധ്യാപകനില്‍ അര്‍പ്പിതമായിരിക്കുന്നത്. അതിനാല്‍ അദ്ധ്യാപകനിയമനം വളരെ കരുതലോടുകൂടി നടത്തേണ്ട ഒരു കാര്യമാണ്.

കോളേജദ്ധ്യാപകനാകാന്‍ നെറ്റ് (National Eligibility Test - NET) പാസാകണം എന്നാണ് യുജിസി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനാകാന്‍ സെറ്റ് (State Eligibility Test - SET) പാസാകണം എന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അത് ഹയര്‍സെക്കന്‍ഡറി തുടങ്ങിയ കാലംമുതല്‍ കേരളത്തില്‍ നിലവിലുള്ള ചാട്ടമാണ്. ഇതേ മാതൃകയില്‍ ഹൈസ്കൂള്‍ അദ്ധ്യാപകനിയമനത്തിലും ഒരു അരിപ്പ ഏര്‍പ്പെടുത്തേണ്ടത് ഗുണനിലവാരത്തിന് അനിവാര്യമാണ്. സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി തലത്തെ സംയോജിപ്പിച്ച് ഒന്‍പതാംക്ളാസ് മുതല്‍ പഠിപ്പിക്കുന്നതിന് ബിരുദാനന്തര ബിരുദമുള്ളവരെത്തന്നെ അദ്ധ്യാപകരായി നിയമിക്കുകയാണെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള സെറ്റ് പരീക്ഷതന്നെ മതിയാകും. ആ പരീക്ഷ കുറെക്കൂടി കാര്യക്ഷമമാക്കിയാലും മതി.

പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം സൌജന്യവും നിര്‍ബന്ധിതവുമാക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്ന നിയമം. വിദ്യാഭ്യാസം പ്രാഥമികമായാലും സെക്കന്‍ഡറിയോ ഹയര്‍സെക്കന്‍ഡറിയോ ആയാലും ഗുണമേന്മയുള്ളത് ലഭിക്കേണ്ടത് വിദ്യാര്‍ത്ഥിയുടെ അവകാശമാണ്. അത് വിതരണം ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതോടൊപ്പംതന്നെ പൊതു വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. പൊതുമേഖലാ വിദ്യാഭ്യാസത്തിലേക്ക് സ്വകാര്യ പങ്കാളികളെ കൊണ്ടുവരാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുകയാണ്. അതിന്റെ സമീപനരേഖ പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങള്‍ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. പൊതുമേഖലാ-സ്വകാര്യമേഖലാ സഹകരണം (Public Private Partnership - PPP) എന്ന പദ്ധതി സമീപഭാവിയില്‍ത്തന്നെ നിലവില്‍ വരുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാലയങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പും പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ വിനിമയവും ഒഴിവാക്കാനാവാത്തതാണ്. ആദ്യത്തേതിന് കേന്ദ്ര നിയമത്തില്‍ അനുശാസിക്കുന്ന സ്കൂള്‍ മാനേജ്മെന്റ് കൌണ്‍സിലും രണ്ടാമത്തേതിന് അദ്ധ്യാപകരുടെ യോഗ്യതാ പുനര്‍നിര്‍ണയവും പുന:പരിശീലനവുമാണ് പോംവഴികള്‍. അതാണ് സര്‍ക്കാര്‍ അടിയന്തിരമായി നടപ്പാക്കേണ്ടത്.

(സര്‍ക്കാര്‍-സ്വകാര്യ മൂലധനപങ്കാളിത്തം വിദ്യാഭ്യാസത്തില്‍ എന്ന ലേഖനവും വായിക്കാം)
*
വി കാര്‍ത്തികേയന്‍നായര്‍ ചിന്ത വാരിക

വിദ്യാഭ്യാസ അവകാശനിയമവും കേരളവും

പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയത് രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമമായിക്കഴിഞ്ഞു. ഇനി അതിന്റെ നടത്തിപ്പിലേക്കാവശ്യമായ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും തയ്യാറാക്കിയാല്‍ മതി. സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളുംകൂടി വഹിക്കണമെന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അമ്പതുശതമാനമാണ് വഹിക്കേണ്ടത് എന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി.

സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്കു നല്‍കണമെന്ന് ഭരണഘടനയുടെ നാലാം അദ്ധ്യായത്തില്‍ - മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍-പറഞ്ഞിരുന്നത് ആറുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് കേന്ദ്രം നടപ്പാക്കുന്നത്. ഭരണഘടന നിലവില്‍ വരുമ്പോള്‍ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലെ വിഷയമായിരുന്നു. പിന്നീടത് ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെ സംയുക്ത പട്ടികയിലാക്കി. അതായത് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണം നടത്താനുള്ള അധികാരം ഒരേപോലെ ലഭിക്കും. എന്നാല്‍ കേന്ദ്രം നിയമം നിര്‍മിക്കുകയാണെങ്കില്‍ ആ നിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ ബദ്ധ്യസ്ഥമാണ്. അതിനാല്‍ ഇപ്പോള്‍ പാസാക്കിയിരിക്കുന്ന നിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടതാണ്.

വിദ്യാഭ്യാസകാര്യത്തില്‍ ഉപദേശം തേടുന്നതിനും അഭിപ്രായം സ്വരൂപീക്കുന്നതിനുമായി ഒരു ഉപദേശകസമിതി കേന്ദ്രത്തില്‍ നിലവിലുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരാണ് അതില്‍ അംഗങ്ങളായിട്ടുള്ളത്. മറ്റു പല കാര്യങ്ങളിലും അഭിപ്രായം ആരായുന്നതിനായി ഈ സമിതി വിളിച്ചുചേര്‍ക്കാറുണ്ടെങ്കിലും വിദ്യാഭ്യാസ അവകാശനിയമം പാസാക്കുന്നതിനുമുമ്പ് ഇതില്‍ വിഷയം അവതരിപ്പിച്ചിരുന്നില്ല. അതായത് സംസ്ഥാനങ്ങളെ അന്ധകാരത്തില്‍ നിറുത്തിക്കൊണ്ടാണ് കേന്ദ്രം ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും പാസാക്കിയെടുത്തതും. ഈ നിയമം അനാവശ്യമെന്നോ അപ്രസക്തമെന്നോ ഒരു സംസ്ഥാന സര്‍ക്കാരും പറയുകയില്ലെങ്കിലും ഇക്കാര്യത്തില്‍ വ്യത്യസ്താനുഭവങ്ങളുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരായേണ്ടതായിരുന്നു. അത്തരം ഒരു ചര്‍ച്ച സംസ്ഥാനങ്ങളുടെ അവകാശമായിരുന്നു. പ്രത്യേകിച്ച് ഈ വിഷയം സംയുക്ത പട്ടികയില്‍ ഉള്‍പ്പെട്ടതായതിനാല്‍ അതുണ്ടായില്ലായെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണതയിലേക്ക് നീങ്ങുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നു. പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ അതീവ രഹസ്യമായി ആസിയാന്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ആ സംശയം ബലപ്പെട്ടു.

വിദ്യാഭ്യാസകാര്യത്തില്‍ കേരളത്തിന് വ്യത്യസ്തമായ അനുഭവവും വ്യക്തമായ അഭിപ്രായവുമുണ്ട്. സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം; ശിശുമരണനിരക്ക് കുറഞ്ഞ സംസ്ഥാനം; പിറന്നുവീഴുന്ന മുഴുവന്‍ ശിശുക്കള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സംവിധാനമുള്ള സംസ്ഥാനം; സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍സെക്കന്‍ഡറി പഠനസൌകര്യം പ്രദാനംചെയ്യുന്ന സംസ്ഥാനം; പന്ത്രണ്ടാം ക്ളാസുവരെ സൌജന്യ വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം; അര്‍ഹതയും യോഗ്യതയുമുള്ള ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന സംസ്ഥാനം എന്നിങ്ങനെയുള്ള നേട്ടങ്ങളും അനുഭവങ്ങളുമുള്ള സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തോട് ചര്‍ച്ചചെയ്യാതെ നിയമനിര്‍മ്മാണത്തിലേര്‍പ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്.

അപ്പര്‍പ്രൈമറിതലംവരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി രൂപീകരിച്ച സര്‍വശിക്ഷാ അഭിയാന്‍ എന്ന പദ്ധതി അടുത്ത അദ്ധ്യയന വര്‍ഷത്തോടുകൂടി ഭാഗികമായി നിലയ്ക്കാന്‍പോവുകയാണ്. കേന്ദ്രവും സംസ്ഥാനവും 3:1 എന്ന ക്രമത്തിലായിരുുന്നു ധനവിനിയോഗം നടത്തിയിരുന്നത്. അതിനി 2:2 എന്ന ക്രമത്തിലാകാന്‍ പോകുന്നു. അതായത് പ്രാഥമിക വിദ്യാഭ്യാസത്തിനായി കേന്ദ്രം നീക്കിവയ്ക്കുന്ന പണത്തില്‍ ഗണ്യമായ കുറവു വരുത്തുന്നു എന്നര്‍ത്ഥം.

ഇതിന്റെ മറുവശം സംസ്ഥാനങ്ങളുടെ ചെലവ് ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ്. പന്ത്രണ്ടാം ക്ളാസുവരെയുള്ള പഠനം സൌജന്യമായിട്ടുള്ള കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യാസച്ചെലവിന്റെ 25% മാത്രം വഹിച്ചാല്‍ മതിയായിരുന്നു. അതിനി 50% ആയി വര്‍ദ്ധിക്കും. എന്നുമാത്രമല്ല അണ്‍ എയിഡഡ് സ്കൂളുകളില്‍ ചേര്‍ന്നു പഠിക്കുന്ന പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളില്‍പ്പെട്ട 25% പേരുടെ ചെലവും സംസ്ഥാനം വഹിക്കേണ്ടതായി വരും. അതാണ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ഒരു പ്രത്യേകത. അതായത് അണ്‍ എയിഡഡ് മേഖലയ്ക്കുകൂടി സംസ്ഥാനം സാമ്പത്തികസഹായം ചെയ്യേണ്ടതായി വരും. ഇപ്പോള്‍ത്തന്നെ സാമ്പത്തിക ഭാരത്താല്‍ ഞെരുങ്ങുന്ന സംസ്ഥാനത്തിന് ഇത് കൂടുതല്‍ ഭാരമായിരിക്കും അടിച്ചേല്‍പിക്കുന്നത്.

ഇതിനോട് കേരളം ശക്തിയായി പ്രതിഷേധിക്കുകയും പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദംചെലുത്തുകയും വേണം. ആസിയാന്‍ കരാറിന്റെ കാര്യത്തില്‍ എണ്ണയുമിട്ടുകൊണ്ട് വാഴയില്‍ കയറുന്ന നയം സ്വീകരിച്ച കേരളത്തില്‍നിന്നുള്ള ചില കേന്ദ്രമന്ത്രിമാരുടെ സഹായം ഇക്കാര്യത്തില്‍ നമുക്ക് ലഭിക്കില്ലായെന്ന് വ്യക്തമാണ്. ലോകസഭയില്‍ ഇടതുപക്ഷത്തിന്റെ അംഗബലം കുറവാണെങ്കില്‍പ്പോലും നമ്മുടെ പ്രതിഷേധം അവിടെ കേള്‍പ്പിക്കേണ്ടതായിട്ടുണ്ട്. അതിനുള്ള അടവുകള്‍ തയ്യാറാക്കേണ്ടതുണ്ട്.

എന്നാല്‍ കേന്ദ്രനിയമത്തില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കേണ്ടതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങളില്‍ രൂപീകരിക്കേണ്ട മാനേജ്മെന്റ് സമിതികള്‍. (School Management Council - SMC). സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കുന്ന എല്ലാ സ്കൂളുകളിലും ഇത്തരം സമിതികള്‍ രൂപീകരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. നാലുതരം സ്കൂളുകളെപ്പറ്റിയാണ് നിയമത്തില്‍ പറയുന്നത്. (1) സര്‍ക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്കൂളുകള്‍; (2) അദ്ധ്യാപകരുടെയും ഇതര ജീവനക്കാരുടെയും ശമ്പളയിനത്തിലും മറ്റുചെലവുകള്‍ക്കുമായി സര്‍ക്കാരില്‍നിന്നും പണം പറ്റുന്ന എയിഡഡ് സ്കൂളുകള്‍; (3) കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക സ്കൂളുകള്‍ എന്നിവ; (4) സര്‍ക്കാരില്‍നിന്നും യാതൊരുവിധ സാമ്പത്തിക സഹായവും ലഭിക്കാത്ത അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍. (ഈ മൂന്നും നാലും വിഭാഗത്തില്‍പെടുന്ന സ്കൂളുകളിലേക്കാണ് ഇനിമുതല്‍ കേരളം പണം ഒഴുക്കേണ്ടതായി വരുന്നത്.) ഇതില്‍ ആദ്യത്തെ രണ്ടു വിഭാഗത്തില്‍പ്പെടുന്നവയിലാണ് മാനേജ്മെന്റ് സമിതികള്‍ രൂപീകരിക്കേണ്ടത്. സമിതിയിലെ അംഗസംഖ്യ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവിറക്കേണ്ടത്.

സമിതിയുടെ ഘടനയെ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം നിയമത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമിതിയിലുണ്ടാകണം. നാലില്‍ മൂന്ന് അംഗങ്ങളും രക്ഷിതാക്കളായിരിക്കണം. അദ്ധ്യാപക പ്രതിനിധികള്‍ ഉണ്ടായിരിക്കണം. ആകെ അംഗസംഖ്യയുടെ പകുതിയും വനിതകളായിരിക്കണം. നാല് പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങളാണ് സമിതിക്കുള്ളത്. 1. സ്കൂളിന്റെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക; 2. സ്കൂള്‍ വികസന പദ്ധതി തയ്യാറാക്കുക; 3. സര്‍ക്കാരില്‍നിന്നോ മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍നിന്നോ ലഭിക്കുന്ന ധനം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക; 4. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റ് ധര്‍മങ്ങള്‍ നിര്‍വഹിക്കുക. ഈ സമിതി തയ്യാറാക്കുന്ന വികസനപദ്ധതി പ്രകാരമായിരിക്കും സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.

ഇപ്പോള്‍ നിലവിലുള്ള അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിക്ക് പകരമല്ല. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമിതി, അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതികളുടെ ഘടനയേയും അധികാരത്തെയുംപറ്റി വ്യക്തമായ ഉത്തരവ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്‍പ്രകാരം ഭൂരിപക്ഷം സ്കൂളുകളിലും സമിതികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ലായെന്ന് വിശ്വസിക്കുന്ന ചില എയിഡഡ് സ്കൂളുകള്‍ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ മോണിറ്ററിംഗ് സമിതിയുടെ സ്വഭാവം അതല്ല. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കേണ്ടത് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളില്‍ കേരളത്തില്‍ വളര്‍ന്നുവന്നിട്ടുള്ള ഒരു പ്രവണതയാണ് അണ്‍ എയിഡഡ് വിദ്യാലയങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന. ജനനനിരക്ക് വര്‍ദ്ധിച്ചതുകൊണ്ടോ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളുടെ എണ്ണത്തില്‍ കുറവുവന്നിട്ടോ അല്ല ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. ഇതോടൊപ്പംതന്നെ സിബിഎസ്ഇ - ഐസിഎസ്സി വിദ്യാലയങ്ങളിലേക്കുള്ള ഒഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വിദ്യാലയങ്ങളില്‍ മഹാഭൂരിപക്ഷവും അണ്‍എയിഡഡ് മേഖലയിലാണുതാനും. അതായത് അണ്‍ എയിഡഡ് മേഖലയില്‍ രണ്ടുതരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു സാരം. കേരള പാഠ്യപദ്ധതി സ്വീകരിച്ചിട്ടുള്ളവയും, സിബിഎസ്ഇ/ഐസിഎസ്സി പാഠ്യപദ്ധതി സ്വീകരിച്ചിട്ടുള്ളവയും. ഈ രണ്ടുതരം പാഠ്യപദ്ധതിയുമായി പഠിക്കുന്ന കുട്ടികള്‍ മലയാളികളുടെ മക്കള്‍തന്നെയാണ്.

ഈ പ്രതിഭാസത്തിന് കാരണം രണ്ടാണ്. ഒന്ന് സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ട് കേരള പാഠ്യപദ്ധതി നിലവിലുള്ള അണ്‍ എയിഡഡ് വിദ്യാലയങ്ങളിലേക്ക് മക്കളെ അയക്കുന്നവര്‍. രണ്ട്, കേരള പാഠ്യ പദ്ധതിയുടെ നിലവാരത്തില്‍ വിശ്വാസമില്ലാഞ്ഞിട്ട് മറ്റു പാഠ്യ പദ്ധതികളെ ആശ്രയിക്കുന്നവര്‍. ആരാണീ രക്ഷകര്‍ത്താക്കള്‍? അതില്‍ മഹാഭൂരിപക്ഷംപേരും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന മദ്ധ്യവര്‍ഗത്തില്‍പെട്ടവരാണ്. അദ്ധ്യാപകര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, അഭിഭാഷകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമുദായികസംഘടനാ പ്രവര്‍ത്തകര്‍, സര്‍ക്കാരിതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബാങ്ക്, എല്‍ഐസി, റെയില്‍വെ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരൊക്കെ അതില്‍പ്പെടും. രാഷ്ട്രീയ കക്ഷികളുടെവരെ നയ രൂപീകരണത്തെ സ്വാധീനിക്കാന്‍ കഴിയുന്നവരാണിവര്‍.

സൌജന്യ വിദ്യാഭ്യാസം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ കാശുമുടക്കി സ്വന്തം മക്കളെ പഠിപ്പിക്കാനയക്കുന്നത്? കാശുള്ളതുകൊണ്ടാണ് എന്ന മറുപടി കിട്ടിയേക്കാം. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഉയര്‍ന്നുവരുന്നു. കാശുകൊടുത്താല്‍ കിട്ടുന്നതിനേക്കാള്‍ മെച്ചപ്പെട്ടത് സൌജന്യമായി കിട്ടുമെങ്കില്‍ അത് സ്വീകരിക്കുന്നതല്ലേ മനുഷ്യസഹജമായിട്ടുള്ളത്? അതേ എന്നാണുത്തരമെങ്കില്‍ പൊതുമേഖലാ വിദ്യാഭ്യാസം മെച്ചപ്പെട്ടതല്ലയെന്ന തോന്നലുണ്ടാകാന്‍ കാരണം പരിശോധിക്കേണ്ടതല്ലേ?

ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട പ്രവണതയും പരിശോധിക്കേണ്ടതായിട്ടുണ്ട്. അത് നമ്മുടെ നാട്ടിലെ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളാണ്. പ്രൈമറി ക്ളാസുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ളാസുകള്‍വരെ ഈ ട്യൂഷന്‍ പരിപാടി നീളുന്നു. ഇത് പൊതുമേഖലാ സ്ഥാപനങ്ങളിലെ അദ്ധ്യാപനത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള സംശയത്തില്‍നിന്നും വളര്‍ന്നുവന്ന പ്രവണതയാണ്. ഈ ട്യൂട്ടോറിയലുകളിലെ അദ്ധ്യാപകരുടെ യോഗ്യത എന്താണ്? പലരും ബിരുദധാരികളല്ല. ബിരുദധാരികളാണെങ്കില്‍പ്പോലും ഭൂരിപക്ഷത്തിനും അദ്ധ്യാപന പരിശീലന ബിരുദമില്ല. എന്നാല്‍ ഇവരെ കുട്ടികള്‍ക്കുവിശ്വാസമാണ്. ഇവര്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ക്കു മനസ്സിലാകും. പരീക്ഷയില്‍ തോല്‍വി ഉണ്ടാവില്ല.

ഈ അദ്ധ്യാപകരെക്കാള്‍ എത്രയോ ഉയര്‍ന്ന യോഗ്യതയും കഴിവുമുള്ളവരാണ് സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലെ അധ്യാപകര്‍. മത്സരപ്പരീക്ഷയില്‍ വിജയികളാവുന്നവരെ അഭിമുഖപരീക്ഷയ്ക്കുകൂടി വിധേയമാക്കിയതിനുശേഷമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ നിയമിക്കുന്നത്. എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രമാണ് സെക്കന്‍ഡറിതലംവരെ മത്സരപ്പരീക്ഷയും അഭിമുഖ പരീക്ഷയുമില്ലാതെ അദ്ധ്യാപകരെ നിയമിക്കുന്നത്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എയിഡഡ് മേഖലയിലും അഭിമുഖപരീക്ഷയുണ്ട്. സര്‍ക്കാര്‍-എയിഡഡ് മേഖലയിലെ അദ്ധ്യാപകരുടെ ജ്ഞാന നിലവാരവും അദ്ധ്യാപന നിലവാരവും മെച്ചപ്പെടുത്താന്‍ പതിവായി പരിശീലനപരിപാടികളും നടത്താറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഈ വകയില്‍ വര്‍ഷംതോറും ചെലവാക്കുന്നത്. അദ്ധ്യാപകര്‍ ഇക്കാര്യത്തില്‍ യാതൊരുവിധ ചെലവും വഹിക്കേണ്ടതായിട്ടില്ല. ഇതിനുപുറമെ പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. എന്നാല്‍ അണ്‍ എയിഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് ഈവിധമായ യാതൊരു സൌജന്യവും സര്‍ക്കാര്‍ നല്‍കുന്നില്ല. അവര്‍ സ്വന്തം കയ്യില്‍നിന്നും കാശ് ചെലവാക്കി സര്‍ക്കാര്‍ നടത്തുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നു. അറിവും അനുഭവവും നേടി സ്വന്തം വിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ യത്നിക്കുന്നു. അവര്‍ക്ക് ശമ്പളം തുഛമാണ്. മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. അതീലേക്കായി സംഘടിക്കുന്നില്ല. സമരംചെയ്യുന്നില്ല. അവിടെ സ്വന്തം ജീവിതമാണ് പ്രശ്നം. സ്ഥാപനം നിലനില്‍ക്കേണ്ടതും നിലവാരം മെച്ചപ്പെടുത്തേണ്ടതും സ്വന്തം നിലനില്‍പിന് അത്യാവശ്യമാണ്. നിലനില്‍പ് സുരക്ഷിതമായ അദ്ധ്യാപകരുള്ള പൊതുമേഖലാ വിദ്യാലയങ്ങളില്‍ ഭൂരിപക്ഷത്തിലും പഠനനിലവാരം മോശമാണ്. അത്തരം വിദ്യാലയങ്ങളിലെ കുട്ടികളാണ് ട്യൂഷന്‍ സെന്ററുകളില്‍ പോകുന്നത്.

ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ പൊതുമേഖലാ വിദ്യാലയങ്ങളിലെ നിലവാരം വര്‍ദ്ധിപ്പിച്ചേ മതിയാകു. അതിന് ഓരോ വിദ്യാലയത്തിന്റെയും നടത്തിപ്പ് പുന:സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. അദ്ധ്യാപകരുടെ ശേഷി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നതിനുള്ള രീതിയിലുള്ള പുന:സംഘാടനം അനിവാര്യമാണ്. അതിനുള്ള ഒരുപാധിയാണ് മോണിറ്ററിംഗ് സമിതി. വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ തറ്റേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ അധികാരമുണ്ട്. ആ അധികാരം മോണിറ്ററിംഗ് സമിതിയിലൂടെ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ കഴിയും. അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്താന്‍ കഴിയും. കൃത്യവിലോപം കാട്ടുന്നവരും നിരുത്തരവാദപരമായി പെരുമാറുന്നവരുമായ അദ്ധ്യാപകരെ നേര്‍വഴിക്ക് നയിക്കാന്‍ സാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിലവാരവും മെച്ചപ്പെട്ടാല്‍ സ്വാഭാവികമായും അണ്‍എയിഡഡ് മേഖലയിലേക്കുള്ള ഒഴുക്കിന് വിരാമമുണ്ടാകും. അതിനാല്‍ മോണിറ്ററിംഗ് സമിതികള്‍ അടിയന്തിരമായി രൂപീകരിച്ച് വിദ്യാലയങ്ങളുടെ നടത്തിപ്പ് മെച്ചപ്പെട്ടതാക്കണം. ഇത് മാനേജര്‍മാരെ നിയന്ത്രിക്കാനല്ല, വിദ്യാര്‍ത്ഥികളുടെ നിലവാരം മെച്ചപ്പെടുത്താനാണ്. വിദ്യാര്‍ത്ഥികളുടെ അവകാശം രാഷ്ട്രത്തിന്റെ കടമയാണ്. ആ ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഭാവിതലമുറയുടെ ക്ഷേമത്തിന് ആവശ്യമാണ്. അതിനാല്‍ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാക്കേണ്ടതാണ്.

(ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഇവിടെ)

*
വി കാര്‍ത്തികേയന്‍നായര്‍ ചിന്ത വാരിക

ഈ വിഷയത്തിലെ പ്രസക്തമായ മറ്റൊരു ലേഖനം
സര്‍ക്കാര്‍-സ്വകാര്യ മൂലധനപങ്കാളിത്തം വിദ്യാഭ്യാസത്തില്‍

മന്ത്രിസഭയിലും ഭീകരവാദിയോ?

അത്ര നിസ്സാരമായി തള്ളിക്കളയാവുന്ന സംഭവമല്ല അന്നുണ്ടായത്. ഒക്ടോബര്‍ 27 പകല്‍ 2.35. ഭുവനേശ്വര്‍- ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ പശ്ചിമ ബംഗാളിലെ ഖരഗ്‌പൂറിനു സമീപം ബണ്‍സ്റ്റലയില്‍ അവിചാരിതമായി നിര്‍ത്തി. ഉടന്‍തന്നെ ബംഗാളില്‍ രൂപീകരിക്കപ്പെട്ട പൊലീസ് പീഡനത്തിനെതിരെയുള്ള ജനകീയ സമിതി (പിസിപിഎ)പ്രവര്‍ത്തകരായ മുന്നൂറിലേറെപേര്‍ ട്രെയിന്‍ അക്രമിച്ചു. കല്ലേറില്‍ ജനലുകള്‍ തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ലോക്കോപൈലറ്റ് കെ ആനന്ദ റാവുവിനെയും അസിസ്റ്റന്റ് കെ ജി റാവുവിനെയും തട്ടിക്കൊണ്ടുപോയി. പൊലീസ് കസ്റ്റഡിയിലുള്ള പിസിപിഎ നേതാവ് ഛത്രധര്‍ മഹാതോയെ അരമണിക്കൂറിനകം വിട്ടയക്കണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നും കടുത്ത നടപടികളുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ട്രെയിനിന് സംരക്ഷണം നല്‍കിയിരുന്ന റെയില്‍വേ സംരക്ഷണ സേന രംഗത്തുനിന്ന് അപ്രത്യക്ഷമായതും പെട്ടെന്നായിരുന്നു. അവരുടെ അംഗസംഖ്യ വളരെ കുറച്ചു മാത്രമായിരുന്നുവെന്നത് ശരി. അവര്‍ യൂണിഫോമില്‍നിന്ന് സിവിലിയന്‍ വേഷത്തിലേക്ക് പെട്ടെന്ന് മാറിയെന്നും വാര്‍ത്തകളില്‍ കാണുന്നു. അഞ്ചു മണിക്കൂറിനുശേഷമാണ് ലോക്കോ പൈലറ്റുമാര്‍ മോചിതരായത്.

സംഭവമുണ്ടായി വളരെ പെട്ടെന്ന് തന്നെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം വന്നുവെന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്. ട്രെയിന്‍ നിര്‍ത്തിപ്പിച്ചതിനുപിന്നില്‍ സിപിഐ എം ആണെന്ന് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് ഏറെ ആലോചനയും സമയവും വേണ്ടിവന്നില്ല. അവിടംകൊണ്ടും നിര്‍ത്തിയില്ല. ബംഗാള്‍ ഗവണ്‍മെന്റിനെ പിരിച്ചുവിട്ട് ഉടന്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അതേസമയം പിസിപിഎയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തിരസ്‌ക്കരിച്ചു. ട്രെയിന്‍ മോചിപ്പിക്കാന്‍ സിആര്‍പിഎഫ് ജവാന്മാരെ അയക്കാനും ആവശ്യപ്പെട്ടു. കലാപകാരികളുടെ ചെറിയ ചെറുത്തുനില്‍പ്പിനും വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തതിന് ശേഷമാണ് എന്‍ജിന്‍ ഡ്രൈവറും സഹായിയും മോചിപ്പിക്കപ്പെട്ടത്. സംഭവത്തിനുശേഷം മഹാതോയുടെ മോചനം ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയാണ് കലാപകാരികള്‍ പിരിഞ്ഞുപോയത്. രസകരമായ കാര്യം മോചിപ്പിക്കണമെന്ന് കലാപകാരികള്‍ പറയുന്ന മഹാതോ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും മാവോയിസ്റ്റ് മുന്നണി നേതാവുമാണെന്നതാണ്.

പിസിപിഎ മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസ്സും മാവോയിസ്റ്റുകളും സംയുക്തമായാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തതെന്നുവേണം അനുമാനിക്കാന്‍. സംഭവം നടന്നയുടന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ നേതാവുമായ ശിശിര്‍ അധികാരി മാധ്യമങ്ങളോട് പറഞ്ഞത് എന്താണ് സംഭവിക്കുകയെന്ന് അറിയാമായിരുന്നുവെന്നാണ്. അതേസമയം റെയില്‍വേ മന്ത്രാലയം അസാധാരണമായി മൌനംപാലിച്ചു. റെയില്‍വെ അധികൃതര്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പ്രതികളിലാരുടെയും പേരും പരാമര്‍ശിച്ചില്ല. കലാപകാരികള്‍ക്ക് നേതൃത്വം നല്‍കിയ അഞ്ചുപേരെയെങ്കിലും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തൃണമൂല്‍-മാവോയിസ്റ്റ് നേതാക്കളുടെ ബന്ധം ഇന്നൊരു രഹസ്യമല്ല. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് മമതാ ബാനര്‍ജി മാവോയിസ്റ്റ് നേതാവ് മഹാതോയെ സന്ദര്‍ശിച്ചത് അധികൃതരുടെ അഭ്യര്‍ഥനകള്‍ തള്ളി പൊലീസ് എസ്കോര്‍ട്ടുപോലും ഉപേക്ഷിച്ചാണ്. മാത്രമല്ല മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ കടപഹരിയില്‍ മഹാതോയ്ക്കൊപ്പം സംയുക്ത റാലിയില്‍ പങ്കെടുക്കുകയുംചെയ്തു.

മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രവും സംസ്ഥാനവും യോജിച്ച് നടപടിയെടുക്കുമ്പോള്‍ ജൂലൈ 28ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്നാണ് മമത ആവശ്യപ്പെട്ടത്. മാത്രമല്ല കേന്ദ്രമന്ത്രിമാരായ മുകുള്‍ റോയ്, ശിശിര്‍ അധികാരി എന്നിവരെ നിയമസഭാ പ്രതിപക്ഷ നേതാവ് പാര്‍ഥോ ചാറ്റര്‍ജിക്കൊപ്പം ലാല്‍ഗഢിലേക്ക് അയക്കുകയും കലാപകാരികള്‍ക്ക് ദുരിതാശ്വാസമെത്തിക്കുകയുംചെയ്തു. പിസിപിഎ വക്താവ് അഷിത് മഹാതോ പറഞ്ഞത് 'മമതാ ബാനര്‍ജി തീര്‍ച്ചയായും ഞങ്ങള്‍ക്കൊപ്പമുണ്ടാകും. അവര്‍ക്ക് ഞങ്ങളുടെ സഹായം അനിവാര്യമാണ് ' എന്നാണ്. രാജധാനി എക്സ്പ്രസ്സ് അസാധാരണമായി നിര്‍ത്തിയിട്ടതും എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിക്കാതിരുന്നതും കൂട്ടിവായിക്കുന്ന ആര്‍ക്കും മാവോയിസ്റ്റ്-തൃണമൂല്‍ സഹകരണം അവസാനിപ്പിച്ചിട്ടില്ലെന്ന് കാണാനാകും.

തൃണമൂലിന്റെ സ്വീകാര്യതയെക്കുറിച്ച് ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നത് നോക്കുക. ചലച്ചിത്രകാരി അപര്‍ണസെന്‍ പറയുന്നു: ഞാന്‍ ചിത്രീകരണത്തിനിടയിലാണ്. അടുത്തകാലത്തെ സംഭവങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല..' നേരത്തെ മഹാതോയെ കാണാതായി അറസ്റ്റുചെയ്യപ്പെടുന്നതിന് മുമ്പ് അയാളെ എത്രയും വേഗം കണ്ടുമുട്ടണം എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ചിത്രകാരി ഷുവപ്രസന്ന, കവി ജോയ് ഗോസ്വാമി, നാടകകാരന്‍ ബിബാഷ് ചക്രവര്‍ത്തി, കൌശിക് സെന്‍ തുടങ്ങിയവരുടേതും സമാനമായ വാക്കുകളാണ്: "പിസിപിഎ ആയുധം എടുത്തെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ല, അതിനര്‍ഥം ഞാന്‍ അവരുടെ പ്രസ്ഥാനത്തെ അനുകൂലിക്കുന്നുവെന്നുമല്ല.''

എഴുത്തുകാരി മഹാശ്വേതാ ദേവിക്ക് കലാപകാരികളെ പിന്തുണയ്ക്കുന്നതിന് നാടകീയമായ കാരണങ്ങളാണുള്ളത്. "പിസിപിഎ ആയുധം എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനെയൊരു സായുധ കലാപമായി കാണേണ്ടതില്ല. അവര്‍ അമ്പും വില്ലുമാണ് ഉപയോഗിക്കുന്നത്. അതിന് ഒരേസമയം ഒരാളെ മാത്രമേ കൊല്ലാന്‍ കഴിയൂ. അവര്‍ ബോംബും തോക്കും ഉപയോഗിക്കുന്നില്ല. അവര്‍ അതുപയോഗിക്കുമ്പോള്‍ ഞങ്ങള്‍ നിലപാടില്‍ മാറ്റംവരുത്തുന്നത് പരിഗണിക്കാം.'' എന്നാല്‍ പിസിപിഎ തോക്കുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ടുകള്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും അതിശയിപ്പിക്കുന്ന നിലാപടാണെടുത്തത്. മാവോയിസ്റ്റ്, പിസിപിഎ എന്നിവയുമായി മമതയ്ക്കുള്ള ബന്ധം അടിസ്ഥാനമില്ലാത്തതെന്നായിരുന്നു ചിദംബരത്തിന്റെ കണ്ടെത്തല്‍. മാത്രമല്ല, കള്ളപ്രചാരകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് 'മാവോയിസ്റ്റുകളോട് സിപിഐ എമ്മിന് പ്രത്യേക താല്‍പര്യമാണെ'ന്നും ചിദംബരം പറഞ്ഞുവച്ചു. "അവര്‍ മാവോയിസ്റ്റുകളെ ആയുധധാരികളായ സഖാക്കള്‍ എന്നാണ് വിളിക്കുന്നതും''-ചിദംബരം പറഞ്ഞു.അതേസമയംതന്നെ കേന്ദ്രവുമായി സംസാരിക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു.

ഇതെല്ലാം വ്യക്തമാക്കുന്നത് മാവോയിസ്റ്റുകള്‍ രാജ്യത്തിന് ഭീഷണിയാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ പോലും തിരിച്ചറിയുന്നില്ലെന്നാണ്. മാവോയിസ്റ്റുകള്‍ക്കെതിരായ പ്രചാരണം ഫലം കാണണമെങ്കില്‍ ഡോ. മന്‍മോഹന്‍സിങ് ആദ്യം ചെയ്യേണ്ടത് തന്റെ സഹപ്രവര്‍ത്തകരെ ശരിയായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്.

***

സുനീത് ചോപ്ര, ദേശാഭിമാനി വാരിക

Sunday, November 22, 2009

സ്‌ത്രീ - സാംസ്‌ക്കാരിക പഠനത്തില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടത്

സ്‌ത്രീരചനയും വിമോചനവും

എഴുത്ത് ഒരു സാംസ്കാരികപ്രയോഗവും സര്‍ഗാത്മക അന്വേഷണവുമാണ്. ചൂഷണാധിഷ്ഠിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നതിനാല്‍, ചൂഷകവര്‍ഗത്തിന്റെ പ്രത്യയശാസ്‌ത്രം സര്‍വ മേഖലയിലും വ്യാപിച്ചുകിടക്കുന്നു. ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രത്തിന്റെ ഈ വ്യാപനം ആണ് സ്‌ത്രീകളെ അടിമത്തത്തില്‍ തളച്ചിടുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. സ്‌ത്രീകളെ അപമാനവീകരിക്കുന്നതില്‍ എല്ലാ ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രങ്ങളും ഒറ്റക്കെട്ടാണ്. ഈ ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രങ്ങള്‍ക്കകത്താണ്, പൊതു സമൂഹത്തിന്റെ മൂല്യബോധം, സൌന്ദര്യബോധം, ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍, ജീവിതദര്‍ശനം, ലൈംഗികസങ്കല്‍പ്പങ്ങള്‍, കുടുംബബന്ധങ്ങള്‍ എന്നിവ നിലനില്‍ക്കുന്നത്. പ്രത്യയശാസ്‌ത്രത്തിന്റെ ഈ വിവിധ രൂപങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതെ സ്‌ത്രീ പ്രസ്ഥാനത്തിനു മുന്നോട്ടു പോവാന്‍ കഴിയില്ല.

എന്താണ് മൂല്യബോധം?

'നന്മ-തിന്മ'കളെക്കുറിച്ചും ശരി-തെറ്റുകളെക്കുറിച്ചും സാമാന്യബോധമായി നില്‍ക്കുന്ന ആശയങ്ങളെയാണ് പൊതുവില്‍ മൂല്യബോധം എന്നു പറയുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു നിര്‍ദിഷ്‌ട സമൂഹത്തിലെ വര്‍ഗതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന പ്രത്യയശാസ്‌ത്ര ഉപകരണത്തിന്റെ ഭാഗമാണ് മൂല്യബോധം. ഈ മൂല്യബോധമാണ് സ്‌ത്രീസമൂഹത്തെ നൂറ്റാണ്ടുകളോളം ചവിട്ടിമെതിച്ചത്. ഈ മൂല്യബോധമാണ് സതി സമ്പ്രദായത്തിന് പൊതു സമൂഹസമ്മതി നേടിക്കൊടുത്തത്. ദേവദാസി സമ്പ്രദായവും ഭ്രഷ്‌ടും നരഹത്യയും സ്‌ത്രീസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. വിധവ, കന്യക, പതിവ്രത തുടങ്ങിയ സവിശേഷ നാമങ്ങളിലൂടെ പുരുഷാധിഷ്ഠിത ഫ്യൂഡല്‍ അധികാരം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. സ്‌ത്രീയെ ഭോഗവസ്‌തുവായി കാണുന്ന ഒരു ഫ്യൂഡല്‍ വ്യവസ്ഥയാണ് മേല്‍പ്പറഞ്ഞ മൂല്യസങ്കല്‍പ്പങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിച്ചത്.

ലിംഗപരമായ വിവേചനത്തെ സാധൂകരിക്കുന്നതാണ് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യസങ്കല്‍പ്പങ്ങള്‍. മതാത്മകപരിവേഷമുള്ളവയാണ് ഇവയില്‍ മിക്കതും. എല്ലാ സംഘടിതമതങ്ങളും പൌരോഹിത്യവും സ്‌ത്രീകള്‍ക്കുനേരെയുള്ള വിവേചനങ്ങളെ ന്യായീകരിച്ചതിന്റെ ചരിത്രാനുഭവം നമുക്കു മുന്നിലുണ്ട്. സ്‌ത്രീധനംപോലുള്ള പ്രാകൃതമായ ആചാരങ്ങളെ നിലനിര്‍ത്തുന്ന മൂല്യബോധമാണ് നമ്മുടെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നത്. സതി, ശീലാവതി തുടങ്ങിയ ആദര്‍ശകഥാപാത്രങ്ങളെല്ലാം പുരുഷാധിഷ്ഠിത സവര്‍ണവ്യവസ്ഥയുടെ ഇരകളായിരുന്നു. അത്തരം കഥാപാത്രങ്ങളെ ആദര്‍ശകഥാപാത്രങ്ങളായി സ്വീകരിച്ച വിവേകാനന്ദനും മറ്റും പുരുഷാധിഷ്ഠിത-സവര്‍ണ അധികാരത്തെ പിന്തുണക്കുകയായിരുന്നു. ജീവിതവും സ്വത്വവും നിഷേധിക്കപ്പെട്ട സ്‌ത്രീകളുടെ നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും മറ്റുമുണ്ട്. മനുസ്‌മൃതിയും സംഹിതകളും മറ്റു ഗ്രന്ഥങ്ങളും സ്‌ത്രീയെ ഗാര്‍ഹികവും സാമൂഹികവുമായ അടിമത്തത്തില്‍ തളച്ചിടുന്നതിനുവേണ്ടി രൂപംകൊണ്ടവയാണ്. ഈ കാലഹരണപ്പെട്ട സ്‌ത്രീ വിരുദ്ധാശയങ്ങളെ ആധുനിക കാലഘട്ടത്തില്‍ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.

സാഹിത്യം, സിനിമ, സാംസ്കാരം, വിദ്യാഭ്യാസം എന്നിവയിലൂടെ ഈ സ്‌ത്രീവിരുദ്ധാശയങ്ങള്‍ ഇന്ന് പ്രക്ഷേപിക്കപ്പെടുകയാണ്. സാങ്കേതികമായി നമ്മുടെ സമൂഹം വികാസം പ്രാപിച്ചെങ്കിലും ആന്തരികതലത്തില്‍ ഇന്നും സ്‌ത്രീവിരുദ്ധമായ ആശയങ്ങളാണ് നിലകൊള്ളുന്നത്. സ്‌ത്രീകള്‍ക്കെതിരായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ശാരീരികാക്രമണങ്ങളെ ന്യായീകരിക്കുന്ന ഒരു പൊതുമനസ്സ് ഇവിടെ രൂപംകൊള്ളുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സാംസ്കാരികരൂപങ്ങളില്‍ ചിതറിക്കിടക്കുന്ന അധിനിവേശ മൂല്യസങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതെ സ്‌ത്രീപ്രസ്ഥാനങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ല. സ്‌ത്രീ സമൂഹത്തെ പൊതുവില്‍ നിന്ദിക്കുന്ന സംഭാഷണങ്ങള്‍ക്ക് സിനിമാതിയറ്ററില്‍ വലിയ സ്വീകാര്യതയാണ്. നമ്മുടെ പുരുഷതാരസങ്കല്‍പ്പങ്ങള്‍ ഇന്നു നിലകൊള്ളുന്നത് ഈ സ്‌ത്രീവിരുദ്ധാശയങ്ങളുടെ പിന്‍ബലത്തിലാണ്.

സൌന്ദര്യസങ്കല്‍പ്പം

ഒരു സമൂഹത്തിന്റെ പ്രത്യയശാസ്‌ത്രബോധത്തിനകത്തുതന്നെയാണ് അതിന്റെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ രൂപം കൊള്ളുന്നത്. സ്‌ത്രീയെ ഭോഗവസ്‌തുവാക്കി അധഃപതിപ്പിക്കുന്ന സൌന്ദര്യസങ്കല്‍പ്പമാണ് നമ്മുടെ പൊതുസമൂഹവും അതിന്റെ വിവിധ സാംസ്‌ക്കാരികരൂപങ്ങളും പേറുന്നത്. ഇതിഹാസങ്ങളും പുരാണങ്ങളും അതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ്. ഹിന്ദുത്വത്തിന്റെ ദൈവികസങ്കല്‍പ്പങ്ങള്‍പോലും ഇത്തരത്തിലുള്ള ഭോഗാത്മകലൈംഗികതയുടെ ഉദാഹരണങ്ങളാണ്. സ്‌ത്രീകളെ സംബന്ധിക്കുന്ന മൂല്യസങ്കല്‍പ്പങ്ങളും സൌന്ദര്യമാനദണ്ഡങ്ങളും ഒരിക്കലും സ്‌ത്രീസമൂഹം രൂപപ്പെടുത്തിയതല്ല എന്നതാണ് പ്രധാനം. പുരുഷാധികാരത്തിന്റെ ഭാഗമായി അടിച്ചേല്‍പ്പിക്കപ്പെട്ടതാണിത്. ലിംഗവിവേചനമാണതിന്റെ ആസ്‌പദം; സ്വകാര്യ സ്വത്തുടമാ ബന്ധമാണതിന്റെ അടിത്തറ. സ്‌ത്രീകള്‍ക്ക് അവരുടെ സര്‍ഗാത്മകത, സ്വാതന്ത്ര്യം എന്നിവ നിഷേധിക്കലാണതിന്റെ ഫലം. അതുപോലെ തന്നെയാണ് സൌന്ദര്യസങ്കല്‍പ്പങ്ങളും സ്‌ത്രീ സൌന്ദര്യത്തിന്റെ പൊതുമാനങ്ങളെ നിര്‍വചിക്കുന്ന കാവ്യങ്ങളും മറ്റും, നാടുവാഴിത്തത്തിന്റെ ഭോഗാത്മകതയെ ആവിഷ്ക്കരിക്കുകയായിരുന്നു.

താത്രിക്കുട്ടിയെപ്പോലുള്ള സ്‌ത്രീകള്‍ നമ്മുടെ പൊതുസൌന്ദര്യബോധത്തിന്റെ ഇരകളായിരുന്നു. സ്‌ത്രീ ആസ്വദിക്കപ്പെടാനുള്ള വിശിഷ്‌ടഭോജ്യങ്ങളാണെന്നുള്ളതാണ് നമ്മുടെ പരമ്പരാഗത സൌന്ദര്യസങ്കല്‍പനം. ഈ സൌന്ദര്യബോധമാണ് ശരീരവെളുപ്പിനെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട്, ദലിത് സ്‌ത്രീ സമൂഹത്തെ തരംതാഴ്ത്തിയത്. ആഗോളീകരണകാലഘട്ടത്തില്‍ ശരീരവെളുപ്പും സൌന്ദര്യവും പുതിയ മാനങ്ങള്‍ തേടുന്നു. സ്‌ത്രീശരീരത്തെ സ്വയം ഉല്‍പ്പന്നമാക്കുക, മുതലാളിത്തച്ചരക്കുകള്‍ വിറ്റഴിക്കപ്പെടാനുള്ള പ്രചോദനവും ആവേശവുമാക്കി അതിനെ മാറ്റുക, അതിനുവേണ്ടുന്ന പരസ്യരൂപമായി പെണ്ണുടലിനെ രൂപപ്പെടുത്തുക എന്നതാണ് മുതലാളിത്ത തന്ത്രം. സിനിമ, മോഡലിങ്, പരസ്യം, മാധ്യമം, സൌന്ദര്യമത്സരങ്ങള്‍ തുടങ്ങിയവയിലൂടെയാണ് മുതലാളിത്തം സ്‌ത്രീശരീരത്തെ ചരക്കുവല്‍ക്കരിക്കുന്നത്.

ഇതിന്റെ വിവിധ മാതൃകകള്‍ തന്നെയാണ് നമ്മുടെ സിനിമകളും സാഹിത്യരൂപങ്ങളും. സ്‌ത്രീശരീരത്തിനുമേലുള്ള പുരുഷാധികാരത്തെ ആസ്വദിക്കുന്ന രീതിയിലാണ് നമ്മുടെ പ്രധാന സാഹിത്യകൃതികളും മറ്റും രൂപംകൊണ്ടിട്ടുള്ളത്. ഇത്തരത്തില്‍ നമ്മുടെ സാംസ്കാരികമേഖലയില്‍ രൂഢമൂലമായിട്ടുള്ള അധിനിവേശ സൌന്ദര്യസങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും പൊളിച്ചെടുക്കുകയും പുത്തന്‍ സൌന്ദര്യസങ്കല്‍പ്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. സൌന്ദര്യബോധം എന്നു പറയുമ്പോള്‍ അത് സ്‌ത്രീയെ സംബന്ധിക്കുന്നതുമാത്രമല്ല. പുരുഷസങ്കല്‍പ്പം, ഭാഷ, ശില്‍പവൈഭവം തുടങ്ങിയവയെല്ലാം തന്നെ പുരുഷാധിഷ്ഠിത സൌന്ദര്യസങ്കല്‍പ്പത്തില്‍ കെട്ടിപ്പടുത്തതാണ്. ഇതിന്റെയെല്ലാം അടിത്തറ പുരുഷാധികാരം വിളംബരം ചെയ്യുന്ന ഫ്യൂഡല്‍ സൌന്ദര്യസങ്കല്‍പ്പമാണ്.

ഭാഷ

ആശയവിനിമയത്തിന്റെ മാധ്യമമാണ് ഭാഷ എന്നത് ഭാഷയെസംബന്ധിച്ച ഒരു നിര്‍വചനമാണ്. ഒരു വര്‍ഗാധിഷ്ഠിതസമൂഹത്തില്‍ ഭാഷ നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഭരണകൂടത്തിന്റെ അധികാരശാസനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന പ്രാഥമിക കടമയാണ് ഭാഷ ചരിത്രത്തില്‍ നിര്‍വഹിച്ചത്. ചരിത്രവികാസഘട്ടത്തോടെ അതിന്റെ ധര്‍മങ്ങള്‍ സങ്കീര്‍ണമായി. പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സാമ്പ്രദായികധാരണകളെ സമൂഹത്തിന്റെ ബോധാബോധമനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുകയെന്ന ധര്‍മമാണത് നിര്‍വഹിച്ചത്. സ്‌ത്രീ പുരുഷ വിവേചനത്തിന്റെയും വര്‍ഗവിഭജനത്തിന്റെയും മികച്ച ദൃഷ്‌ടാന്തമാണ് ഭാഷ. പ്രാചീന ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക് സംസ്‌കൃതം സംസാരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല.

ഇന്നും പല ഉത്തരേന്ത്യന്‍ ഭാഷകളുമെടുത്ത് പരിശോധിച്ചാല്‍ വ്യക്തമാവുന്ന ഒന്നുണ്ട്. സ്‌ത്രീകള്‍ക്ക് പ്രത്യേകം വ്യാകരണ നിയമങ്ങളുണ്ടതില്‍! നമ്മുടെ പൊതുവ്യവഹാരഭാഷ പരിശോധിച്ചാല്‍ അതിലെ സ്‌ത്രീവിരുദ്ധത ബോധ്യമാവും. നമ്മുടെ പുരാവൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ ഇത് സ്പഷ്‌ടമാക്കുന്നു.

'അബലമാരതി ചപലമാര്‍'

'പതിച്ചിയുടെ കുറ്റമോ കുട്ടി പെണ്ണായത് '

'എട്ടാമത്തെ പെണ്ണ് നടുക്കല്ല് പൊളിക്കും'

'നാരി നടിച്ചിടവും നാരകം നട്ടിടവും'
കൂവളം പട്ടിടവും നശിക്കും'

'പെണ്‍പെറ്റ വീടുപോലെ'

'പെണ്ണാവുന്നതില്‍ ഭേദം മണ്ണാവുന്നത്.'

'പെണ്‍ബുദ്ധി പിന്‍ബുദ്ധി'

'പെണ്‍ചൊല്ലു കേട്ടാല്‍ പെരുവഴിയില്‍'

'മകന്‍ ചത്താല്‍ ശവം മകള്‍ ചത്താല്‍ പിണം'

'പുത്തനച്ചി പുരപ്പുറം തൂക്കും'

തുടങ്ങിയവയിലെ സ്‌ത്രീ വിരുദ്ധത വളരെ സ്പഷ്‌ടമാണ്. സ്‌ത്രീയെ ആദര്‍ശവല്‍ക്കരിക്കുക, സ്‌ത്രീത്വത്തെ വിഗ്രഹവല്‍ക്കരിക്കുക എന്നീ കീഴ്വഴക്കങ്ങളോടൊപ്പം തന്നെ സ്‌ത്രീയെ വേശ്യയായും പുറാളിയായും അധഃപതിപ്പിക്കുക എന്നത് വര്‍ഗവ്യവസ്ഥയുടെ രീതിയാണ്. ഇത്തരം സ്‌ത്രീവിരുദ്ധത നമ്മുടെ സാഹിത്യഭാഷയിലും വ്യവഹാരഭാഷയിലും വ്യാപകമാണ്. പുരുഷാധിഷ്ഠിത വര്‍ഗവ്യവസ്ഥയുടെ രുചിയും അഭിരുചിയും ചിഹ്നങ്ങളും രൂപകങ്ങളും വഴക്കങ്ങളും അബോധങ്ങളും പ്രത്യയശാസ്‌ത്രങ്ങളും ചേര്‍ന്നതാണ് നമ്മുടെ പൊതുഭാഷ. ഇത്തരത്തില്‍ നമ്മുടെ സാംസ്‌ക്കാരികതയിലും ഭാഷയിലും ലീനമായ സ്‌ത്രീവിരുദ്ധതയെ പ്രശ്‌നവല്‍ക്കരിക്കേണ്ടത് സ്‌ത്രീപ്രസ്ഥാനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്.

ആചാരാനുഷ്ഠാനങ്ങള്‍

നഗ്നമായ സ്‌ത്രീവിരുദ്ധതയാണ് നമ്മുടെ പൊതു സമൂഹത്തില്‍ വ്യാപനം ചെയ്യപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ പ്രകടമാവുന്നത്. ഇത്തരം ഹീനമായ ആചാരാനുഷ്ഠാനങ്ങളെ എതിര്‍ത്തുകൊണ്ടാണ് നമ്മുടെ നവോത്ഥാന-ദേശീയ-പുരോഗമനപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. സവര്‍ണഹിന്ദുത്വത്തിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രബലമാണ്. കീഴാളത്വ-ജനകീയ ആചാരങ്ങളുടെയും മറ്റു മര്‍ദിതവര്‍ഗ സംസ്‌ക്കാരങ്ങളുടെയും മേല്‍ സവര്‍ണമേധാവിത്വം അരക്കിട്ടുറപ്പിക്കയാണിന്ന്. ഈ പുറാളിവിഭാഗത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. ജനനം, മരണം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയെല്ലാം മതാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടെ കൂട്ടിലൊതുക്കുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷപവും ജനാധിപത്യപരവുമായ ആശയങ്ങളെ തകിടംമറിക്കുകയാണിതിന്റെ ലക്ഷ്യം.

സ്‌ത്രീധനസമ്പ്രദായംപോലുള്ള ഹീനമായ ആചാരങ്ങളെ നമ്മുടെ നവോത്ഥാനനായകര്‍ ശക്തമായ രീതിയില്‍ എതിര്‍ത്തിരുന്നു. എന്നാലിന്ന് ഈ സമ്പ്രദായത്തിന് പൊതുസമ്മതി ലഭിച്ചിരിക്കയാണ്. വിവാഹത്തെ ആഘോഷമാക്കി മാറ്റുന്നു. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു വിവാഹസങ്കല്‍പ്പം ഇനിയും നാം വളര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. ഇത്തരം ആചാരങ്ങളുടെ ഫലമായി പെണ്‍കുട്ടികള്‍ കുടുംബത്തിന് ഭാരമായി മാറുന്നു; കുടുംബം ഭീകരമായ സാമ്പത്തിക ഞെരുക്കങ്ങളില്‍ പെടുന്നു. ആത്മഹത്യകളും, കൊലപാതകങ്ങളും നിതാന്തമായ മാനസിക-ശാരീരികപീഡകളും ലൈംഗികമര്‍ദനങ്ങളും തുടരുന്നു. സ്വത്തവകാശത്തില്‍ സ്‌ത്രീകള്‍ക്ക് തുല്യത, വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനും ബന്ധം വിഛേദിക്കാനുമുള്ള തുല്യാവകാശം, കുട്ടികളെ വളര്‍ത്തുന്നതിലുള്ള തുല്യപങ്കാളിത്തം തുടങ്ങിയവ നടപ്പാക്കണം. രാഷ്‌ട്രീയവും സാംസ്കാരികവുമായ എല്ലാ മേഖലകളിലും സ്‌ത്രീകള്‍ക്ക് തുല്യപങ്കാളിത്തവും സ്വാതന്ത്ര്യവും വികസിപ്പിക്കണം. മനുഷ്യാവകാശപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ട പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.

ജീവിതദര്‍ശനം

ഫ്യൂഡല്‍-മുതലാളിത്ത സമൂഹത്തിന്റെ അധിനിവേശപ്രത്യയശാസ്‌ത്രമാണിന്ന് സ്‌ത്രീ ബോധത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്നത്. സ്‌ത്രീയെ ആവിഷ്‌ക്കരിക്കുന്നതും വിലയിരുത്തുന്നതും നിര്‍വചിക്കുന്നതും സ്‌ത്രീയില്‍ വളര്‍ന്നുവരുന്നതും ഇത്തരം അപമാനവികരിക്കപ്പെട്ട ബോധമാണ്. പുരുഷന്റെ ഉപഗ്രഹമാവാനും പുരുഷവികാരങ്ങള്‍ സഫലമാക്കാനും പുരുഷജീവിതം പൂര്‍ണമാക്കാനുമുള്ളതാണ് സ്‌ത്രീജന്മമെന്ന ബോധത്തിന്റെ വിവിധ രൂപങ്ങള്‍ വിന്യസിക്കപ്പെടുന്നു. സിനിമ, സീരിയല്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി എല്ലാ സാംസ്‌ക്കാരിക തുറസ്സുകളിലും ഇതിന്റെ വിന്യാസം കാണാം.

വിവാഹം കഴിക്കുക, മാതാവാവുക എന്നിവയാണ് സ്‌ത്രീയുടെ ഏറ്റവും അടിസ്ഥാനലക്ഷ്യങ്ങളെന്നും അവളുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലുമാണെന്നുമുള്ള ധാരണ ശക്തിപ്പെടുന്നു. സാമൂഹികവും സര്‍ഗാത്മകവുമായ അസ്തിത്വത്തെ നിഷേധിക്കുന്ന പ്രവണതയാണിത്. വളര്‍ന്നുവരുന്ന മൂലധനാധിഷ്ഠിതവും ഉപഭോഗാധിഷ്ഠിതവുമായ സംസ്‌ക്കാരങ്ങള്‍ക്കനുസരിച്ചാണിന്ന് പെണ്‍കുട്ടികള്‍ വളര്‍ത്തപ്പെടുന്നത്. സാമൂഹികവും മാനസികവുമായ പ്രസ്ഥാനങ്ങളില്‍നിന്നുമകന്ന ധനാധിഷ്ഠിതവും കുടുംബമാത്രാധിഷ്ഠിതവുമായ ഒരു ജീവിതദര്‍ശനമാണിന്ന് വളര്‍ന്നുവരുന്നത്. നമ്മുടെ വിദ്യാലയങ്ങള്‍, മാധ്യമം തുടങ്ങിയവയും ഇതിന്റെ പരിശീലനകേന്ദ്രങ്ങളാണ്. കമ്പോളസംസ്‌ക്കാരത്തിന്റെ ഇരകളാക്കപ്പെടുന്നതില്‍ പ്രധാനം സ്‌ത്രീകളാണ്. സ്‌ത്രീയുടെ അഭിരുചിയെ കമ്പോളത്തിനനുസൃതമായി രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്നതാണ് മൂലധനതന്ത്രം.

സ്‌ത്രീശരീരം: ചരക്കും ചരക്കുവല്‍ക്കരണവും

ആഗോളീകരണകാലഘട്ടത്തില്‍ സ്‌ത്രീശരീരം സ്വയം ഒരു ചരക്കും യഥാര്‍ഥ ചരക്കുകള്‍ക്കുവേണ്ടിയുള്ള പരസ്യലോകത്തിലെ പ്രചോദനവും കമ്പോളത്തിന്റെ ഇരയുമാണ്.

ടൂറിസത്തിന്റെ വ്യാപനത്തോടെ സ്‌ത്രീശരീരം കൂടുതല്‍ ചരക്കുവല്‍ക്കരിക്കപ്പെടുന്നു. ഇന്ത്യന്‍ ടൂറിസത്തെപ്പറ്റി പ്രതിപാദിക്കുന്ന ഇന്റര്‍നാഷണല്‍ ബ്രോഷറുകളില്‍ കേരളത്തിലെ സ്‌ത്രീശരീരം വിന്യസിപ്പിക്കപ്പെടുന്നത് ഈ രീതിയിലാണ്. സെൿസ് ടൂറിസത്തിന്റെ വ്യാപനം ആശങ്കാജനകമാണ്. സ്‌ത്രീശരീരത്തെ കമ്പോളവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവ്യവസായം ഇന്നു തടിച്ചുകൊഴുക്കുന്നു. ഗര്‍ഭധാരണം, പ്രസവം ഇവയെയെല്ലാം ചരക്കുവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സ്‌ത്രീ ഒരു ശരീരം മാത്രമാണെന്ന ധാരണ വളര്‍ത്തുകയാണ് മുതലാളിത്തം ചെയ്യുന്നത്. ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതികവിദ്യയുടെയും മേഖലയിലുണ്ടായ വളര്‍ച്ച സാംസ്‌ക്കാരികതയുടെ ഒരു വികാസഘട്ടം തന്നെയാണ്. പക്ഷേ, ഈ മേഖല, സ്‌ത്രീ ഉടലിനെയും അവളുടെ അധ്വാനശക്തിയെയും ചൂഷണം ചെയ്യുന്ന മേഖലയായി മാറുന്നു. മുതലാളിത്തത്തിനനുകൂലമായി വാചാലരാവാനും പുരോഗമനപ്രസ്ഥാനങ്ങളെ നിരാകരിക്കാനും വേണ്ടി ആധുനിക മുതലാളിത്തമാധ്യമം പെണ്‍കുട്ടികളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ ഉപയോഗപ്പെടുത്തിയാണ് ഇത് സംഭവിക്കുന്നത്.

ലൈംഗികസങ്കല്‍പ്പങ്ങള്‍ കുടുംബബന്ധങ്ങള്‍

മുതലാളിത്ത അണുകുടുംബവ്യവസ്ഥ, മുതലാളിത്തത്തിന്റെ മൂലധനതാല്‍പ്പര്യത്തിനു വഴങ്ങുന്ന ഒന്നാണ്. അതനുസരിച്ച് ചരക്കുകള്‍ കൂടുതല്‍ വിറ്റഴിക്കുന്നു. ഗൃഹനിര്‍മാണവസ്‌തുക്കള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ആഹാരം, സാങ്കേതികസൌകര്യങ്ങള്‍ എന്നിവ കൂടുതല്‍ വിപണനം ചെയ്യപ്പെടുന്നു. ഇന്‍ഷുറന്‍സ്, സേവിങ്സ്-ബാങ്കിങ് മേഖലകള്‍ വികസിക്കുന്നതും അണുകുടുംബവുമായി ബന്ധപ്പെട്ടാണ്. പഴയ കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ച വ്യക്തികളില്‍ കൂടുതല്‍ അന്യവല്‍ക്കരണവും അരക്ഷിതാവസ്ഥയും വളര്‍ത്തിയെടുത്തിരിക്കുന്നു. ഇത് മൂലധനശക്തികള്‍ക്കും ഗുണകരമായി മാറുന്നു.

പഴയ കൂട്ടുകുടുംബവ്യവസ്ഥയെ ന്യായീകരിക്കാന്‍ ഇത് പ്രചോദനം നല്‍കുന്നത് ശരിയായിരിക്കില്ല. കാരണം പഴയ കൂട്ടുകുടുംബവ്യവസ്ഥയിന്‍ കീഴില്‍ സ്‌ത്രീകളുടെ അധ്വാനഭാരം ഇരട്ടിയായിരുന്നു. ഭര്‍ത്താവുള്‍പ്പെടെയുള്ള നിരവധി പുരുഷന്മാര്‍ക്കുവേണ്ടി അവള്‍ സേവനം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഫ്യൂഡല്‍ കൂട്ടുകുടുംബം/മുതലാളിത്ത അണുകുടുംബം എന്ന ദ്വന്ദ്വത്തിനപ്പുറമുള്ള ഒരു ജനാധിപത്യകുടുംബസങ്കല്‍പ്പം ഉയര്‍ന്നു വരേണ്ടതുണ്ട്.

മുതലാളിത്ത കുടുംബം പുരുഷാധികാരത്തിലധിഷ്ഠിതമാണ്. പ്രണയബന്ധത്തില്‍പോലും ഈ അധികാരവ്യവസ്ഥയുടെ ഇടപെടല്‍ ശക്തമാണ്. സ്വതന്ത്രമായ വ്യക്തിത്വം സ്‌ത്രീക്കു നിഷേധിക്കുന്ന അന്തരീക്ഷമാണ് കുടുംബത്തില്‍ നിലനില്‍ക്കുന്നത്. മതവിശ്വാസം, ഫ്യൂഡല്‍-മുതലാളിത്തമൂല്യങ്ങള്‍ ഇവയെല്ലാം സ്‌ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കുട്ടിക്കാലത്തുതന്നെ സ്‌ത്രീയെന്ന നിലയിലുള്ള സാംസ്‌ക്കാരികവും പ്രത്യയശാസ്‌ത്രപരവുമായ നിര്‍മിതി നടക്കുന്നുണ്ട്. ഇതിനെതിരായ ഒരു ജനാധിപത്യ-സോഷ്യലിസ്‌റ്റ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ആണ്‍-പെണ്‍ കൂട്ടായ്‌മയിലൂടെയുള്ള പാചകം പോലുള്ള വിഷയങ്ങള്‍ പഠനത്തിന്റെ ഭാഗമായി മാറണം. ലോക സ്‌ത്രീപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ചരിത്രപരവും സൈദ്ധാന്തികമായ അറിവുകളും നമുക്കാര്‍ജിക്കേണ്ടതുണ്ട്. ഒപ്പം വിപുലമായ സ്‌ത്രീ സാഹിത്യം വായിക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും വേണം.

****

പി പി സത്യൻ, കടപ്പാട് : ദേശാഭിമാനി വാരിക