സാധാരണമായ ഒന്നില്‍ നിന്ന് അസാധാരണമായ ഒന്നിലേക്ക് വളരുകയായിരുന്നു സൌമിനിടീച്ചറുടെ ആ സായാഹ്നം.
അടുപ്പത്തുകിടന്നു വെട്ടിത്തിളക്കുന്ന ഇറച്ചി ധൃതിയില്‍ ഇളക്കി മറിക്കുകയായിരുന്നു, ഏറെ നേരമായി അവര്‍. ഒരുതരം നിര്‍മ്മമമായ കണിശതയോടെ. മനസ്സ് തീര്‍ത്തും പിന്‍വലിച്ച്, എത്തേണ്ടിടത്ത് എത്തി മടങ്ങുന്ന ട്രപ്പീസുകളിക്കാരിയുടെ മെയ്‌വഴക്കത്തോടെ, അങ്ങനെ-
സൌമിനിടീച്ചറുടെ മനസ്സാവട്ടെ എത്ര വലിച്ചടച്ചാലും കൊളുത്തൂരി തുറന്നുപോകുന്ന ഒരു ജനാല പോലെ അന്നത്തെ മധ്യാഹ്നത്തിന്റെ ഓര്‍മയിലേക്കു തുറന്നുകൊണ്ടിരുന്നു.
അടുക്കളയില്‍ പുക മെല്ലെ നിറഞ്ഞുതുടങ്ങിയിരുന്നു. ഒപ്പം വെന്തു തുടങ്ങിയ ഇറച്ചിയുടെ കൊതിയൂറിക്കുന്ന മണവും.
സ്വീകരണമുറിയില്‍ നിന്നും സൌമിനിടീച്ചറുടെ ഭര്‍ത്താവ് ടെലിവിഷന്റെ ബഹളത്തിനു മുകളിലൂടെ വിളിച്ചുപറഞ്ഞു.
"സൌമിനി, ഇവിടെയും ഒന്നു മനസ്സുവെയ്ക്കണേ. വെറും വയറ്റിലാ ഞങ്ങളിവനെ കമിഴ്ത്തുന്നത്....'' അകമ്പടിയായി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഉല്ലാസം പതഞ്ഞ ചിരി. ചില്ലുഗ്ളാസുകളുടെ അടക്കം പറച്ചില്‍. പുതിയ കുപ്പി തുറക്കുന്നതിന്റെ സീല്‍ക്കാരം.....
സൌമിനിടീച്ചര്‍ എല്ലാം കേട്ടു. എന്നിട്ടും കേട്ടില്ല എന്നു നടിച്ചു. അകത്തും പുറത്തും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ഒരു പുക. ജനാലയുടെ കൊളുത്ത് ഊര്‍ന്നുവീഴുന്നുവോ? മുഖം അമര്‍ത്തിത്തുടച്ച് സാരിത്തലപ്പ് എടുത്തുകുത്തി സൌമിനിടീച്ചര്‍ വാഷ്‌ബേസിന്റെ മുന്നില്‍ നിന്നു. വെള്ളം വാരിയെറിഞ്ഞു മുഖം ഉയര്‍ത്തിയപ്പോഴാകട്ടെ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായ. ഇറ്റിറ്റുവീഴുന്ന വെള്ളവുമായി അവര്‍ നിശ്ചലയായി അങ്ങനെ നിന്നുപോയി.
അന്നത്തെ മധ്യാഹ്നം. ഉച്ചയ്ക്കുശേഷം അവധിയെടുത്തു സ്കൂളില്‍ നിന്നിറങ്ങുമ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനൊരുക്കേണ്ട വിഭവങ്ങള്‍, പലവ്യഞ്ജനങ്ങളുടെ ലിസ്റ്റ്, മകളുടെ പിറ്റേ ദിവസത്തെ പരീക്ഷ, കറന്റ് ബില്ലിന്റെ തുക എന്നിവയായിരുന്നു.
വിജനമായ നിരത്ത്. പൊടിപൊങ്ങുന്ന നിരത്തിലേക്ക് ചെരിഞ്ഞുവീഴുന്ന കമ്പിക്കാലുകളുടെ നിഴലുകള്‍. ഒന്നോ രണ്ടോ വാഹനങ്ങള്‍, മനസ്സിലോരോന്നു കൂട്ടിയും കിഴിച്ചും അങ്ങനെ സാവകാശം ഫുട്പാത്തിലൂടെ നടന്നുവരുമ്പോഴാണ് നിരത്തിന്റെ അറ്റത്ത് ആ മാരുതികാര്‍ പ്രത്യക്ഷപ്പെട്ടത്. സൌമിനിടീച്ചറുടെ അടുത്തെത്തിയപ്പോള്‍ അതു വേഗം കുറച്ചു. തെന്നിനിന്ന കണക്കുകൂട്ടലുകളില്‍നിന്നു തലയുയര്‍ത്തി സൌമിനിടീച്ചറും നിന്നു. കാറോടിച്ചിരുന്ന ചെറുപ്പക്കാരന്‍ തല പുറത്തേക്കിട്ടു. സൌമിനിടീച്ചറോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.
കൂടെ വരുന്നോടീ?
കൂടെയുള്ള ചെറുപ്പക്കാരുടെ ആര്‍പ്പുവിളിയിലും ചിരിയിലും ആഭാസകരമായ ഒരു കിതപ്പോടെ കാര്‍ മുന്നോട്ടുകുതിക്കുകയും ചെയ്തു.
ആകെ വിളര്‍ത്തു, പ്രജ്ഞ നശിച്ചവളെപ്പോലെ ടീച്ചര്‍ ഒരുമാത്ര നിന്നുപോയി.
ആ സ്തബ്ധത ഇപ്പോള്‍ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായയെ സൂക്ഷ്മമായി അവലോകനം ചെയ്യവേ മാനം മുട്ടേ വളരുന്നതായി സൌമിനിടീച്ചര്‍ക്കു തോന്നി. പതിയിരുന്നു പറന്നുവന്ന് ആക്രമിക്കുന്ന കാക്കക്കൂട്ടം പോലെ ഒരു നൂറു ചോദ്യങ്ങള്‍ ടീച്ചറുടെ ഹൃദയത്തെ കൊത്തിവലിക്കുകയാണ്.
-ഉവ്വോ.തന്നെ കണ്ടാല്‍ 'അത്തരത്തിലൊരു പെണ്ണാണെന്നു തോന്നുമോ ഈശ്വരാ! ഞാനറിയാതെ തന്റെ നോട്ടത്തിലോ ഭാവത്തിലോ എന്തോ കലരുന്നുണ്ടോ?
മുഖം അമര്‍ത്തിത്തുടച്ച് സൌമിനിടീച്ചര്‍ വീണ്ടും സൂക്ഷിച്ചുനോക്കി.
നാല്‍പ്പതുകളുടെ പടവുകള്‍ കയറുന്ന ശരീരം. ചെവിക്കു മുകളിലായി പടരുന്ന നര. നെറ്റിയില്‍ സിന്ദൂരം. നെഞ്ചില്‍ താലി.
കണ്ണാടിക്കുള്ളിലെ സൌമിനി, സൌമിനിടീച്ചറോട് ചോദിക്കുകയാണ്.
-സന്യാസിയുടെ കാവിക്കും ട്രാഫിക് കോണ്‍സ്റ്റിളിന്റെ യൂണിഫോമിനും കിട്ടുന്ന പരിഗണന പോലും ഇവയ്ക്കൊന്നും ലഭിക്കാതെ പോകുന്നതെന്ത്?
സൌമിനിടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞുപോയി.
കാറിലെ ചെറുപ്പക്കാരെ പ്രൈമറിക്ളാസുകളില്‍ അക്ഷരം പഠിപ്പിച്ച സൌമിനിടീച്ചര്‍ തന്നെയാകാം. അവര്‍ പരിചയക്കാരുടെ മക്കളോ, മക്കളുടെ മക്കളോ ആയിരിക്കാം. എന്തിന്, സൌമിനിടീച്ചര്‍ക്ക് ഒരു മകനുണ്ടായിരുന്നെങ്കില്‍ ഇതേ പ്രായമായിരുന്നേനെ.......ആ ഞെട്ടിക്കുന്ന ചിന്തയിലൂടെ സന്ദര്‍ഭത്തിന്റെ ബീഭത്സസാധ്യതകള്‍ സൌമിനിടീച്ചര്‍ക്കു മുന്നില്‍ നിവരുകയായിരുന്നു; സൌമിനിടീച്ചര്‍ എരിയുകയായിരുന്നു.
"സൌമിനി, അടുപ്പത്ത് എന്തോ കിടന്നു കരിയുന്നുണ്ടല്ലോ.'' സൌമിനിടീച്ചറുടെ ഭര്‍ത്താവ് അക്ഷമയോടെ വിളിച്ചുപറഞ്ഞു. അടുക്കളയിലേക്കു ചെന്നു പ്ളേറ്റില്‍ ഇറച്ചി പകരുമ്പോള്‍ ക്ലോക്കില്‍ ആറടിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. സ്വീകരണമുറിയില്‍ ടെലിവിഷനില്‍ ദ്രുതഗതിയിലുള്ള നൃത്തവും ഉച്ചത്തിലുള്ള സംഗീതവും തുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുയായിരുന്നു ഭര്‍ത്താവിന്റെ സുഹൃത്ത്. റബ്ബര്‍ കൃഷി, ആളോഹരി വരുമാനത്തിലെ വര്‍ധന, ടൂറിസ്റ്റുകളുടെ വരവ്, ഷെയര്‍ മാര്‍ക്കറ്റ്-പുരോഗതിയുടെ നൃത്തം ചവിട്ടി മുന്നേറുന്ന കണക്കുകള്‍.....
സൌമിനിടീച്ചര്‍ക്കു ഇടയ്ക്കുകയറി തടുത്ത് എന്തോ ഉറപ്പിച്ചും രൂക്ഷമായും പറയണമെന്നുണ്ടായിരുന്നു. ഒരു സ്ത്രീ മാത്രം അനുഭവിച്ച് സത്യമായറിയുന്ന ഒന്ന്. ഒരു സ്ത്രീ എല്ലായ്പ്പോഴും പക്ഷെ, പറയാതെ വിട്ടുകളയുന്ന ഒന്ന്-
സൌമിനിടീച്ചറുടെ ഭര്‍ത്താവ് ആവേശത്തോടെ പറയുകയായിരുന്നു."ഞങ്ങടെ ഡിസ്ട്രിക്ടില്‍ വന്നു നോക്ക് ഇഷ്ടാ-ഓരോ വീട്ടിലും മൂന്നും നാലും കാറുകളാ. നാടനൊന്നുമല്ല-അസ്സല്‍ വിദേശി.''
നിലത്തു ചിതറിക്കിടക്കുന്ന സിഗരറ്റിന്റെ ചാരം. ടീപ്പോയില്‍ നിറച്ച ഗ്ളാസിനടിയില്‍ അലക്ഷ്യമായി നിവര്‍ത്തിയിട്ട വര്‍ത്തമാനപ്പത്രത്തില്‍ എണ്‍പതു കഴിഞ്ഞ വൃദ്ധയുടെയും ഏഴുമാസം പോലും പ്രായമാകാത്ത കുഞ്ഞിന്റെയും ബലാത്സംഗവാര്‍ത്തകള്‍.....
സൌമിനിടീച്ചറുടെ ഉള്ളില്‍ കൊളുത്തൂരിയ കുറേ ജനാലകള്‍ കടപട ശബ്ദത്തോടെ തുറന്നടയുകയാണ്. പതിഞ്ഞ ശബ്ദത്തില്‍ അവര്‍ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിക്കുന്നു-"നേരം ആറരയാകുന്നു, മോള്‍ കോളേജ് വിട്ട് എത്തിയില്ല''.
ഭര്‍ത്താവ് ഉറക്കെ ചിരിക്കുന്നു-"അവള്‍ വന്നോളും എന്റെ സൌമിനീ''-പിന്നെ സുഹൃത്തിനോടായി മുഴുമിപ്പിക്കുന്നത് ഇങ്ങനെയും-"ഇതാ ഇപ്പഴത്തെ സ്ത്രീകളുടെ കുഴപ്പം. സ്വാതന്ത്ര്യം കൊടുത്താലും കൊടുത്തില്ലെങ്കിലും പരാതി.''
ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ടെലിവിഷനിലെ സുന്ദരിയുടെ വടിവുകളിലേക്ക് നിറച്ച ഗ്ളാസിന്റെ മറവുപറ്റി ഓടിയോടി ചെല്ലുന്നതു സൌമിനിടീച്ചര്‍ കണ്ടു.
ഓരോ പുരുഷനിലും അവസരം പാര്‍ത്തിരിക്കുന്ന ഒരു തെമ്മാടി വസിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മരപ്പാലത്തിലൂടെ നടക്കുന്ന ഓരോ സ്ത്രീയുടെയും കാല്‍ക്കീഴില്‍ നിന്നു സുരക്ഷിതത്വത്തിന്റെ മരപ്പലക വലിക്കപ്പെടുന്നുവെന്നു സൌമിനിടീച്ചര്‍ അറിഞ്ഞു.
വിവശമായ മനസ്സോടെ ടീച്ചര്‍ മകളെയും കാത്ത് ഊണ്‍തളത്തിലെ ജനലിനരികിലായി ചെന്നുനിന്നു.
സൂര്യനസ്തമിച്ചതുപോലും അറിയാത്തവിധം ജീവിതം ആഘോഷിക്കുന്ന നഗരം.
കോളേജുവിട്ട് ഇനിയും എത്താത്ത മകള്‍ ഇപ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ വല്ലാത്തൊരു വേവലാതിയായി വളരുകയാണ്. നിരത്തിലൊരു പെണ്‍കുട്ടിയെ നിരന്തരം ബെല്ലടിച്ചുകൊണ്ട് സൈക്കിളില്‍ അനുധാവനം ചെയ്യുന്നു-ഒരു ചെറുപ്പക്കാരന്‍. നിസ്സംഗരായി കടന്നുപോകുന്ന ജനം. ആ പെണ്‍കുട്ടി പാതിനടന്നും പാതി ഓടിയും കാഴ്ചക്കപ്പുറത്തു മറയവേ സൌമിനിടീച്ചറുടെ മനസ്സില്‍ ഭീതി ആളിപ്പടരുകയാണ്.
സ്വീകരണമുറിയില്‍ നിലയുറയ്ക്കാതെ തെന്നുന്ന സംഭാഷണശകലങ്ങള്‍, ടെലിവിഷനില്‍ 'കൂടുതല്‍ ശക്തി കൂടുതല്‍ സൌന്ദര്യം', 'കൂടുതല്‍ കൂടുതല്‍' എല്ലാം വാഗ്ദാനം ചെയ്യുന്ന പരസ്യപ്രളയം. പുറത്ത് ആഴം വര്‍ധിക്കുന്ന ഇരുട്ട്. അതില്‍ പരിചിതമായ ഓരോ അടയാളവും അപ്രത്യക്ഷമാകുന്നതു സൌമിനിടീച്ചര്‍ കണ്ടു.
ഇരുട്ടു വ്യാപിക്കുകയാണ്. അന്തരീക്ഷം മുഴുവനും ഇറച്ചിയുടെ ഗന്ധം തങ്ങി നില്‍ക്കുന്നതുപോലെ. സര്‍വവും കാമത്താല്‍ മലിനീകരിക്കപ്പെടുന്നതുപോലെ.
വേവലാതിയുടെ ഗേറ്റ് തുറന്ന് സൌമിനിടീച്ചര്‍ ഇപ്പോള്‍ തീര്‍ത്തും വിജനമായ നിരത്തിലേക്കിറങ്ങി. വിജനമായ നിരത്തിന്റെ ഒരറ്റത്തുനിന്ന് അശ്ലീലമായ പാരഡിപോലെ ചുവന്ന ഒരു മാരുതിക്കാര്‍ തെന്നിയൊഴുകി വരുന്നത് അവര്‍ കണ്ടു. അതു കടന്നുപോകവെ, അതില്‍ നിന്നുയരുന്ന പൊട്ടിച്ചിരികള്‍ക്കിടയില്‍ പിന്‍സീറ്റിലെ ചില്ലിലമര്‍ന്ന നിസ്സഹായമായ ഒരു നോട്ടം. -ഒരു മകളുടെ-ഏതോ മകളുടെ, എങ്കിലും ഒരു മകളുടെ -എന്നു തിരിച്ചറിഞ്ഞ ആ അമ്മയില്‍നിന്ന് ആകുലമായ ഒരു നിലവിളി ദിഗന്തങ്ങള്‍ ഭേദിച്ചുയരവേ.....
അടച്ചിട്ട വീടുകള്‍ക്കുള്ളില്‍ ഇരുന്ന്, ഒരു നിരത്തിലെ, ഒരു ദേശത്തിലെ, രാജ്യത്തിലെ, ജനം മുഴുവന്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്നു.
(യാത്രക്കിടയിലെ അനുഭവങ്ങള്‍ മാത്രമല്ല, വഴിയിലൂടെ നടന്നുപോകുമ്പോള്‍ മക്കളുടെ പ്രായമുള്ളവരില്‍ നിന്നുപോലും കേള്‍ക്കേണ്ടിവരുന്ന കമന്റുകള്‍, അതുണ്ടാക്കുന്ന മാനസിക വ്യഥ- എന്നിവയെക്കുറിച്ചെല്ലാം പ്രശസ്ത എഴുത്തുകാരി അഷിതയുടെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച കഥ ഈയവസരത്തില്‍ പ്രസിദ്ധീകരിക്കുന്നു. കടപ്പാട്: സ്ത്രീ സപ്ലിമെന്റ്)