Tuesday, September 30, 2008

വാള്‍ സ്‌ട്രീറ്റിന് എതിരെ മെയിന്‍ സ്‌ട്രീറ്റ്

അമേരിക്കന്‍ പ്രതാപത്തിന്റെയും പണാധിപത്യ ത്തിന്റെയും പ്രതീകമാണ് വാള്‍ സ്‌ട്രീറ്റ്. ലോവര്‍ മാന്‍ഹാട്ടണിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ അമേരിക്കന്‍ ധനസ്ഥാപനങ്ങളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും സ്വന്തമാണ്. വാള്‍ സ്‌ട്രീറ്റില്‍നിന്ന് എട്ടുമൈല്‍ അപ്പുറം ഹഡ്‌സണ്‍ നദിയുടെ അപ്പുറത്താണ് ന്യൂവാര്‍ക്ക് നഗരത്തിന്റെ മെയിന്‍ സ്‌ട്രീറ്റ്. പൊളിഞ്ഞ കെട്ടിടങ്ങളും ലാറ്റിന്‍ അമേരിക്കന്‍ കുടിയേറ്റക്കാരും ദാരിദ്ര്യവും നിറഞ്ഞ മെയിന്‍ സ്‌ട്രീറ്റ് എല്ലാ അര്‍ഥത്തിലും വാള്‍ സ്‌ട്രീറ്റിന്റെ നേര്‍വിപരീതമാണ്. ഹഡ്‌സണ്‍ നദിയുടെ ഇരുവശത്തുമായി ഈ രണ്ടു റോഡും അഭിമുഖമായി നില്‍ക്കുന്നു. "മെയിന്‍ സ്‌ട്രീറ്റിന്റെ ചെലവില്‍ വാള്‍ സ്‌ട്രീറ്റിനെ രക്ഷപ്പെടുത്താന്‍ നോക്കേണ്ടാ"എന്ന മുദ്രാവാക്യം അമേരിക്കയില്‍ വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. അമേരിക്കന്‍ സാമ്പത്തികക്കുഴപ്പം മൂന്നാം വാരത്തിലേക്ക് കടന്നപ്പോഴുണ്ടായ ഏറ്റവും സുപ്രധാന സംഭവവികാസം ഈ ജനകീയ പ്രതികരണമാണ്.

തകര്‍ച്ചയുടെ മാലപ്പടക്കം പൊട്ടുമ്പോള്‍ സാധാരണക്കാര്‍ പകച്ചുനിന്നുപോയി. താമസിയാതെ സാമ്പത്തികത്തകര്‍ച്ച അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിന്റെ വേവലാതി സാര്‍വത്രികമായി. ധനമേഖലയിലെ തകര്‍ച്ചയ്ക്ക് രണ്ടു വശമുണ്ട്. ഒരു വശത്ത് പാര്‍പ്പിടരംഗത്തെ വിലത്തകര്‍ച്ചമൂലം കടംവാങ്ങി വീട് വച്ചവരുടെ സ്വത്തിന്റെ വില ഇടിയുന്നു. അവര്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കാന്‍ വിഷമമാണ്. എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുകൊണ്ട് വീടുകള്‍ ബാങ്ക് ഏറ്റെടുക്കുന്നു (ഇതിനെയാണ് ഫോര്‍ ക്ലോഷര്‍ എന്നു പറയുന്നത്). വീട് എപ്പോള്‍ നഷ്ടപ്പെടുമെന്ന അരക്ഷിതാവസ്ഥയിലാണ് സാധാരണക്കാരെല്ലാം. പ്രതിസന്ധിയുടെ മറുവശമാണ് ഇവര്‍ക്ക് വായ്പ കൊടുത്ത ഭവനബാങ്കുകളുടെ തകര്‍ച്ചയും ഭവന പണയംകൊണ്ട് ചൂതാട്ടം നടത്തിയ ഭീമന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുടെ പ്രതിസന്ധിയും. ഈ സ്ഥിതിവിശേഷത്തെ അമേരിക്കന്‍ ഭരണവര്‍ഗം നേരിടാന്‍ തീരുമാനിച്ച രീതി ബുഷ് ഭരണകൂടത്തിന്റെ ഒറ്റപ്പെടല്‍ ഏതാണ്ട് പൂര്‍ണമാക്കിയിരിക്കുകയാണ്.

ബുഷ് ഭരണകൂടം മുന്നോട്ടുവച്ച രക്ഷാപാക്കേജ് സാധാരണക്കാരെ അമ്പരപ്പിച്ചു. 70,000 കോടി ഡോളര്‍ ചെലവാക്കി വിലത്തകര്‍ച്ച നേരിടുന്ന കടപത്രം വാങ്ങി ബാങ്കുകളെ രക്ഷിക്കുക എന്നതാണ് നിര്‍ദേശം. കടപ്പത്രം എന്തുവിലയ്ക്കു വാങ്ങണം, എത്ര വാങ്ങണം തുടങ്ങിയ കാര്യം തീരുമാനിക്കാന്‍ വാള്‍ സ്‌ട്രീറ്റിലെ ഇനിയും തകരാത്ത ധനസ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ട്രഷറി സെക്രട്ടറി പോള്‍സണ്‍ എടുക്കുന്ന നടപടി അമേരിക്കന്‍ കോണ്‍ഗ്രസിലോ കോടതിയില്‍ പോലുമോ ചോദ്യംചെയ്യാന്‍ പാടില്ല.

മുകളില്‍ കൊടുത്ത നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിസന്ധിയിലായിരിക്കുന്നത് ബാങ്കുകള്‍ മാത്രമല്ലല്ലോ. അവരില്‍നിന്നു വായ്പ എടുത്ത് വീട് വാങ്ങിയവരും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍, രണ്ടാമത്തെ വിഭാഗക്കാരെക്കുറിച്ച് ഒരു വാചകം പോലും രക്ഷാപാക്കേജിലില്ല. ബാങ്കുകളുടെ ചൂതാട്ടത്തിന്റെ ഭാരം സാധാരണക്കാര്‍ സഹിച്ചുകൊള്ളണം. ഓരോ അമേരിക്കക്കാരനും 2000 ഡോളര്‍ ബാങ്കുകളെ രക്ഷിക്കാന്‍ നഷ്ടപ്പെടേണ്ടിവരും.

അതേസമയം, ചൂതാട്ടം നടത്താന്‍ ബാങ്കുകള്‍ സൃഷ്ടിച്ച ഒരുവിലയും ഇല്ലാത്ത കടപത്രം മുഴുവന്‍ സര്‍ക്കാര്‍ വാങ്ങുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ആദ്യം ഇന്റര്‍നെറ്റിലൂടെയും പിന്നീട് ബദല്‍ മാധ്യമങ്ങളിലൂടെയും അവസാനം മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പുതിയ മുദ്രാവാക്യം ഉയര്‍ന്നത്. ' മെയിന്‍ സ്‌ട്രീറ്റിന്റെ ചെലവില്‍ വാള്‍ സ്‌ട്രീറ്റിനെ രക്ഷപ്പെടുത്താന്‍ നോക്കേണ്ട.' ഏതാണ്ട് എല്ലാ നഗരത്തിലും ചെറുതും വലുതുമായ പ്രതിഷേധപ്രകടനം നടന്നു. പ്രകടനങ്ങളില്‍ പങ്കെടുക്കാത്തവര്‍പോലും ബുഷിന്റെ രക്ഷാപാക്കേജ് അംഗീകരിക്കാന്‍ തയ്യാറല്ല.

ഈ രൂക്ഷമായ പ്രതിഷേധത്തിന്റെ പശ്ചാത്തലം നിയോലിബറല്‍ല്‍നയങ്ങള്‍ക്കു കീഴിലുണ്ടായിട്ടുള്ള ഭയാനകമായ സാമ്പത്തിക അസമത്വമാണ്. അമേരിക്കയിലെ ശതകോടി ഡോളര്‍ കുബേരന്മാരുടെ എണ്ണം ആയിരത്തിലേറെയാണ്. ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള ഒരു ശതമാനം കുബേരന്മാരുടെ വരുമാനം ഓരോ വര്‍ഷവും ഏതാണ്ട് ഒരുലക്ഷം കോടി ഡോളര്‍ വീതമാണ് ഉയരുന്നത്. കമ്പനികളുടെ ആദായം മൂന്നു ശതമാനം മാത്രം ഉയര്‍ന്ന 2007ല്‍പ്പോലും മാനേജര്‍മാരുടെ ശമ്പളത്തില്‍ 20 ശതമാനമാണ് വര്‍ധനയുണ്ടായത്. ഇവരുടെ ധാരാളിത്തത്തിന് ജാമ്യംനല്‍കാന്‍ പൊതുപണം ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് പൊതുവികാരം. പണക്കാരന് സോഷ്യലിസവും പാവപ്പെട്ടവന് മുതലാളിത്തവും എന്നതാണ് ബുഷിന്റെ നയം.

രക്ഷാപാക്കേജ് പാസാക്കുന്നതിന് വന്നിട്ടുള്ള കാലതാമസത്തിന്റെ പശ്ചാത്തലത്തിലാണ് “വാമു”എന്നറിയപ്പെടുന്ന അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ വാഷിങ്ടണ്‍ മ്യൂച്വല്‍ തകര്‍ന്നത്. “വാച്ചൂവിയയും”അതേ പാതയിലൂടെ നീങ്ങി. അമേരിക്കന്‍ സമ്പദ്ഘടന 1930 കളിലെന്നപോലെ സമൂലമായ ധന തകര്‍ച്ചയിലേക്ക് വഴുതി വീഴുമെന്ന് ഉറപ്പായി. എന്നിട്ടുകൂടി കക്ഷി വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും ബുഷ് മുന്നോട്ടുവച്ച രക്ഷാപാക്കേജ് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതില്‍നിന്ന് എത്ര ശക്തമാണ് കീഴ്‌തട്ടില്‍നിന്നുള്ള ജനകീയ സമ്മര്‍ദമെന്നത് വ്യക്തമാണ്.

പ്രതിഷേധത്തിന്റെ ഏറ്റവും മുന്നില്‍ ട്രേഡ് യൂണിയനുകളാണ്. ഏറ്റവും വലിയ കേന്ദ്ര ട്രേഡ് യൂണിയനായ എഎഫ്എല്‍-സിഐഒയുടെ ജോണ്‍ സ്വീനി പ്രതികരിച്ചത് ഇങ്ങനെയാണ്: "ഒരുകാര്യം തീര്‍ച്ചയാണ്. ഇവിടെ അമേരിക്കന്‍ ഐക്യനാടുകളില്‍ നമ്മള്‍ കമ്പോളത്തെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. കമ്പോളം നമുക്ക് ഏറ്റവും നല്ലത് ചെയ്തുതരുമെന്ന് മുഖത്തുനോക്കി പറയാന്‍ ഒരാള്‍ക്കും കഴിയില്ല''. മുന്‍ അമേരിക്കന്‍ സ്പീക്കര്‍ ന്യൂട്ട് ഗ്രിന്‍ഗ്രിച്ച് നടത്തിയ സര്‍വെയില്‍ തെളിഞ്ഞത് ഭൂരിപക്ഷം അമേരിക്കക്കാരും വാള്‍ സ്‌ട്രീറ്റ് കൊള്ളക്കാരെ രക്ഷിക്കാന്‍ പൊതുപണം ഉപയോഗിക്കുന്നതിന് എതിരാണെന്നാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളടക്കം ഇരുപതോളം സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും കൂട്ടായി ഇറക്കിയ പ്രതിഷേധ പ്രസ്താവനയില്‍ സെപ്തംബര്‍ 25നു ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കി.

ഒട്ടുമിക്ക പ്രതിഷേധങ്ങളും സാധാരണ പൌരന്മാരുടെ മുന്‍കൈയിലാണ് നടന്നത്. “ഇന്‍ഡിപെന്‍ഡന്റ് ”എന്ന ഇടതുപക്ഷ മാസികയുടെ എഡിറ്ററായ അരുണ്‍ ഗുപ്ത ഇ മെയില്‍ സന്ദേശമയച്ചു. “90 ലക്ഷം കുട്ടികള്‍ക്ക് 600 കോടി ഡോളര്‍ ചെലവുവരുന്ന ആരോഗ്യ പദ്ധതി വളരെയേറെ ദുര്‍വഹമാണെന്നാണ് അവന്മാര്‍ പറഞ്ഞത്. എന്നാല്‍, വാള്‍ സ്‌ട്രീറ്റിലെ പന്നികളുടെ ആര്‍ത്തി തൃപ്തിപ്പെടുത്താന്‍ എത്ര വലിയ തുകയാലും കുഴപ്പമില്ലെന്നാണ് ഭാവം. നമ്മള്‍ ഇപ്പോള്‍ ഇറങ്ങി പ്രവര്‍ത്തിച്ചേ തീരൂ.” 500 പേര്‍ വാള്‍ സ്‌ട്രീറ്റിലെ പ്രസിദ്ധമായ, കാളക്കൂറ്റന്റെ പ്രതിമയ്ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി, പ്രേതമുഖംമൂടിയണിഞ്ഞ് പ്രതിഷേധത്തിനായി സെപ്തംബര്‍ 26ന് ഒത്തുകൂടി. പ്രകടനക്കാരില്‍ല്‍ഒരാളായ ലിന്റാഗ്രേക്കോ പത്രക്കാരോട് വിളിച്ചുപറഞ്ഞു: "ഇതൊരു തെമ്മാടിത്തമാണ്. ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭവനരഹിതരായ എത്ര ആയിരങ്ങള്‍ ഈ നഗരത്തിലുണ്ട്. സ്കൂളുകള്‍ പൊളിയുന്നു. എന്നിട്ടും ഇവന്മാര്‍ക്ക് ഈ പന്നികളെ ജാമ്യത്തിലിറക്കാനാണ് മുന്‍ഗണന.''

ഒരുപക്ഷേ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ വാള്‍ സ്‌ട്രീറ്റില്‍ മുഴങ്ങിയ പ്രതിഷേധ ഘോഷമായിരിക്കാം ഇത്. കാരണം വാള്‍ സ്‌ട്രീറ്റ് നല്ലൊരുഭാഗം കാറുകള്‍ക്കു പോലും അപ്രാപ്യമാണ്. പ്രതിഷേധ പ്രകടനം അനുവദിക്കില്ല. പക്ഷേ, ഇത്തവണ പൊലീസുകാര്‍ നോക്കി നിന്നേയുള്ളൂ. അമേരിക്കന്‍ കോണ്‍ഗ്രസില്‍ രക്ഷാപാക്കേജ് തുലാസില്‍ ആടുമ്പോള്‍ വാള്‍ സ്‌ട്രീറ്റില്‍ ടിവി ക്യാമറകളുടെ മുന്നില്‍ ബലപ്രയോഗം നടത്താന്‍ അവര്‍ ധൈര്യപ്പെട്ടില്ല. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് 200 പട്ടണങ്ങളുടെ കേന്ദ്രങ്ങളില്‍ പിറ്റേന്നു പ്രകടനങ്ങള്‍ നടന്നു. കോണ്‍ഗ്രസിലേക്കുള്ള ഇ മെയില്‍ പ്രവാഹത്തില്‍ രക്ഷാപാക്കേജിനെ ആയിരത്തിരാള്‍ മാത്രമേ അനുകൂലിച്ചുള്ളൂ .

70,000 കോടി ഡോളറിന്റെ രക്ഷാപാക്കേജ് സംബന്ധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ടിയും ഡെമോക്രാറ്റ് പാര്‍ടിയും 25നു ധാരണയിലെത്തിയിരുന്നെങ്കിലും സഭയില്‍ അപ്രതീക്ഷിതമായ തര്‍ക്കമുയര്‍ന്നു. തെരഞ്ഞെടുപ്പ് വര്‍ഷമാണല്ലോ ഇത്. ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെ മുന്നോട്ടുപോകാന്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും കഴിയില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മക്കെയിന്‍ തന്നെ ബുഷിന്റെ പരിപാടിക്കെതിരെ കടുത്ത വിമര്‍ശനവുമായി എത്തി. പിന്നെ ഡെമോക്രാറ്റിക്കുകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ലല്ലോ. അതോടെ നേരത്തെ ഉണ്ടാക്കിയ ധാരണയെല്ലാം മാറി. പാക്കേജ് അതേപടി അംഗീകരിക്കുക അസാധ്യമായി തീര്‍ന്നു.

അവസാനം ഞായറാഴ്ച കാലത്ത് ഇരുപാര്‍ടികളുടേയും നേതാക്കള്‍ ഒത്തുതീര്‍പ്പില്‍ല്‍ എത്തിച്ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തന്നെ 110 പേജുള്ള നിയമം പാസാക്കാനാണ് ഇപ്പോള്‍ ധാരണ. പാക്കേജില്‍ ചില സുപ്രധാനമാറ്റം വരുത്തി. ഏറ്റവും പ്രധാനപ്പെട്ടത് 70,000 കോടി ഡോളര്‍ ചെലവാക്കാനുള്ള സ്വേച്ഛാപരമായ അധികാരം പോള്‍സണ് നല്‍കില്ലെന്നതാണ്. അമേരിക്കയുടെ പരമോന്നത സഭകളുടെ മേല്‍നോട്ടം ഇതിന്റെ നടത്തിപ്പിലുണ്ടാകും. രണ്ടാമതായി സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന കമ്പനികളുടെ മാനേജര്‍മാര്‍ക്കും മുന്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഊതിവീര്‍പ്പിച്ച ശമ്പളത്തിനും മറ്റ് ആനുകൂല്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. മൂന്നാമതായി വായ്പ തിരിച്ചടയ്ക്കാനാകാതെ വീട് നഷ്ടപ്പെടുന്ന സാധാരണക്കാരെ കൂടി സംരക്ഷിക്കാന്‍ ചില നടപടി സ്വീകരിക്കും. അവസാനമായി സര്‍ക്കാരിന്റെ കടപ്പത്രം വാങ്ങലിന്റെ ഗുണഫലം ലഭിക്കുന്ന ബാങ്കുകളുടെ മേല്‍ ഓഹരി ഉടമസ്ഥതയടക്കം കര്‍ശനമായ മേല്‍നോട്ടമുണ്ടാകും. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ല്‍എത്രയും പെട്ടെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് രക്ഷാപാക്കേജ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ( ഇന്നലെയും സെനറ്റ് ഈ പാക്കേജ് അംഗീകരിച്ചില്ല. അഭിപ്രായ വ്യത്യാസം തുടരുന്നു.)

അമേരിക്കന്‍ സര്‍ക്കാരിന്റെ അനിതരസാധാരണമായ ഇടപെടലിലൂടെ സമ്പൂര്‍ണമായ വലിയ തകര്‍ച്ചയില്‍നിന്നു ധനമേഖലയെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പല വിദഗ്ധരും കരുതുന്നത്. എന്നാല്‍, ബാങ്കുകള്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളുടെ ആഴം എത്രയെന്ന് വെളിവാകാത്തതിനാല്‍ എന്തു സംഭവിക്കുമെന്നു തീര്‍ച്ച പറയാനാകില്ല. എന്നാല്‍ ഇത്തരമൊരു കുഴപ്പം അനിവാര്യമാണെന്ന് കുറച്ചു നാളായി ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുന്ന നോബല്‍ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ളിറ്റ്സ് പറയുന്നത്, കടുത്ത സാമ്പത്തിക വിഷമത്തില്‍നിന്ന് അമേരിക്കയ്ക്ക് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പുറത്തുകടക്കാന്‍ കഴിയില്ലെന്നുതന്നെയാണ്. ആഗോളമാന്ദ്യം രൂക്ഷമാകാന്‍ പോകുകയാണ്. അത് എന്തെല്ലാം തിരിച്ചടി പുതുതായി ധന മേഖലയ്ക്ക് നല്‍കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല.

***

ഡോ. ടി എം തോമസ് ഐസക്

ഡോ. ടി എം തോമസ് ഐസക് എഴുതിയ വഴിമുട്ടിയ വാള്‍സ്‌ട്രീറ്റ് എന്ന ലേഖനം ഇവിടെ വായിക്കാം

Monday, September 29, 2008

വ്രതം മഹത്വപൂര്‍ണ്ണമാകുന്നത് ഇങ്ങനെ....

വിശ്വാസങ്ങളൊക്കെയും സ്വയംബോധ്യത്തിന്റെ അഗാധതകളില്‍നിന്ന്‌ ഒരരുവിപോലെ വിശുദ്ധമായി ഒഴുകിവരേണ്ടതാണ്‌. ആക്രോശങ്ങളല്ല, ആര്‍ദ്രതകളാണതില്‍നിന്നും മനുഷ്യരാശി പ്രതീക്ഷിക്കുന്നത്‌. ഞങ്ങളില്‍ പെടാത്തവരൊക്കെയും തുലഞ്ഞുപോകട്ടെ എന്നത്‌ ഒരു ശാപമാണ്‌. അതിനൊരിക്കലും ഒരു പ്രാര്‍ഥനയായി സുഗന്ധം പരത്താനാവില്ല.

ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്നത്‌ 'അനുഗ്രഹം' എന്നര്‍ഥമുള്ള 'റഹ്‌മത്ത്‌' എന്ന പദമാണ്‌. ഖുര്‍ആന്‍ കടുത്തഭാഷയില്‍ അവിശ്വാസികളേക്കാളധികം വിമര്‍ശിക്കുന്നത്‌ 'മുനാഫിഖുകള്‍' എന്ന കപടവിശ്വാസികളെയാണ്‌. വിശ്വാസത്തിന്റെ തീ ഉള്ളിന്റെയുള്ളില്‍ എന്നോ കെട്ടുപോയ അവര്‍ 'കാട്ടിക്കൂട്ടലില്‍' മാത്രം കോള്‍മയിര്‍ കൊള്ളുന്നവരാണ്‌. ദൈവത്തിലല്ല, ചുറ്റുമുള്ള മനുഷ്യരിലാണവരുടെ 'കുറുക്കന്‍ശ്രദ്ധ' കറങ്ങുന്നത്‌.

മതത്തില്‍ ബലപ്രയോഗം പാടില്ലെന്ന 'മതവിലക്കുകള്‍' പലപ്പോഴും മറിച്ചിടുന്നതില്‍ മുന്നില്‍നില്‍ക്കുന്നത്‌, അഗാധ മതബോധ്യമില്ലാത്ത 'കപട മതവിശ്വാസികള്‍' എന്ന മുനാഫിഖുകളാണ്‌. ദൈവം വിധിക്കേണ്ട ശിക്ഷ, സ്വയം ഏറ്റെടുത്തു നടപ്പിലാക്കാന്‍ വ്യഗ്രതകൊള്ളുന്ന ഇവര്‍ സാക്ഷാല്‍ ദൈവാധികാരത്തെത്തന്നെയാണു വെല്ലുവിളിക്കുന്നത്‌. ദൈവത്തിന്റെ സ്വയമവരോധിത പോലീസും പട്ടാളവുമായി മാറി സങ്കുചിതസമീപനങ്ങള്‍ മതത്തിന്റെ മറവില്‍ അടിച്ചേല്‍പ്പിക്കുന്നവരാണ്‌, മതേതരത്വത്തിനെന്നപോലെ, മതതത്വങ്ങള്‍ക്കും മുറിവേല്‍പിക്കുന്നത്‌. 'ജനാധിപത്യമൂല്യത്തിന്റെ മഹത്വം' ഇവരില്‍ പലര്‍ക്കും ഇനിയും മനസിലായിട്ടില്ല. 'അപരരുടെ' അഭിരുചികളെ ആദരിക്കാന്‍ അവരിനിയും പഠിച്ചില്ല. ഒച്ചവച്ചും ഭീഷണിപ്പെടുത്തിയും ഭ്രഷ്‌ടു കല്‍പിച്ചും മനുഷ്യരെ സ്വന്തംവരുതിയില്‍ എന്നെന്നേക്കുമായി തളച്ചിടാന്‍ കഴിയുമെന്ന വ്യാമോഹം ഇനിയുമവര്‍ തോട്ടിലേക്കു വലിച്ചെറിഞ്ഞിട്ടില്ല.

ആധിപത്യത്തിന്റെയും വിധേയത്വത്തിന്റെയും വലിഞ്ഞുമുറുകുന്ന വലക്കെട്ടുകള്‍ക്കിടയില്‍ വിങ്ങിനില്‍ക്കുന്ന ഒരു വിശ്വാസത്തിനും വിശ്വത്തോളം വളരാന്‍ കഴിയില്ല. ആചാരങ്ങളുടെ ഇത്തിരിവട്ടങ്ങളില്‍ കറങ്ങാനല്ലാതെ, അതിനൊരിക്കലും അന്വേഷണങ്ങളുടെ അശാന്തമായ ലോകത്തിലേക്കു കുതിക്കാനാവില്ല.

വിശ്വാസം വെല്ലുവിളികളില്‍വച്ചല്ല, അഗാധമായ വിനയത്തില്‍ വച്ചാണു വിശുദ്ധമാകുന്നത്‌. സ്വയം പ്രയാസപ്പെട്ടും മറ്റുള്ളവരുടെ ജീവിതം എളുപ്പമാക്കാനാണത്‌ ഉത്സാഹിക്കേണ്ടത്‌. നെറ്റിയില്‍ കൊമ്പുമായിട്ടല്ല, ശരീരമാസകലം പൂക്കളുമായിട്ടാണതു പ്രത്യക്ഷപ്പെടേണ്ടത്‌. എന്നാലിന്ന്‌, മറ്റെല്ലാമെന്നപോലെ, 'വിശ്വാസവും' കണ്ണുരുട്ടിയും മസിലുപിടിച്ചുമാണു നില്‍ക്കുന്നത്‌. അനുഗ്രഹം നല്‍കേണ്ട കൈകളില്‍നിന്നും ത്രിശൂലങ്ങളാണ്‌ ഉയരുന്നത്‌. സ്വന്തം വിശ്വാസം ശരിയായി പാലിക്കുന്നതില്‍ തങ്ങളോടുതന്നെ മത്സരിക്കുന്നതിനുപകരം, വിശ്വാസമില്ലാത്തവരെ മലര്‍ത്തിയടിക്കാനാണു വിശ്വാസികളിലൊരുവിഭാഗം ഇപ്പോള്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

മത്സരങ്ങളൊക്കെയും സത്യത്തില്‍ മാനുഷികമാകുന്നത്‌, മെച്ചപ്പെടാനുള്ള ഒരു സാഹസികശ്രമമായി അതു സ്വയംമാറുമ്പോഴാണ്‌. എന്നാല്‍, പ്രദര്‍ശനങ്ങളില്‍ മാത്രമായി വിശ്വാസത്തെ പരിമിതപ്പെടുത്തുന്നവര്‍ക്കാണു പൊങ്ങച്ചങ്ങളും വിശ്വാസസംരക്ഷണമെന്ന വ്യാജേനയുള്ള ആക്രമണങ്ങളും ആവശ്യമായിത്തീരുന്നത്‌. പുറത്തു മതത്തിന്റെ പേരില്‍ അമിത ബഹളം വയ്‌ക്കുന്നവര്‍, സൂക്ഷ്‌മാര്‍ഥത്തില്‍ അകത്തില്ലാത്ത അഗാധവിശ്വാസത്തിനു കൃത്രിമ നഷ്‌ടപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ്‌. അത്തരക്കാരാണ്‌, വ്രതകാലത്തു തുറന്നുപ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടിച്ചുപൊളിക്കാന്‍ വടിയുമേന്തി മുമ്പിറങ്ങി പുറപ്പെട്ടത്‌. ഇപ്പോള്‍ അത്തരം അതിക്രമങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നതായി തോന്നുന്നു. മുമ്പൊക്കെ തുറന്നുവച്ച ഹോട്ടലിലേക്കുപോലും വ്രതമനുഷ്‌ഠിക്കാത്ത മുസ്ലീങ്ങള്‍ കയറിയിരുന്നതു പിറകിലൂടെയായിരുന്നു. നോമ്പുകാലത്ത്‌, നോമ്പെടുക്കാത്ത മുസ്ലീങ്ങള്‍ക്കുവേണ്ടി പ്രത്യേകം തയാറാക്കിയ കടകള്‍വരെ ഉണ്ടായിരുന്നു.

എന്നാലിപ്പോള്‍ അതൊക്കെ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. നോമ്പുള്ളവര്‍ക്കു നോമ്പ്‌, നോമ്പില്ലാത്തവര്‍ക്കും നോമ്പുതുറയില്‍ പങ്കെടുക്കാം എന്നുള്ളിടത്തോളം ഇന്നു കേരളീയസമൂഹം വളര്‍ന്നിരിക്കുന്നു. എന്നാല്‍ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ 'ചായക്കടകള്‍' പൂര്‍ണമായും ഒരുമാസം മുഴുവനും അടച്ചിടുന്ന പ്രവണത അവസാനിച്ചിട്ടില്ല.

ഇതു നോമ്പുകാലത്തു കട നടത്തുന്ന മുസ്ലീങ്ങള്‍ നിര്‍ബന്ധമായും അനുഷ്‌ഠിക്കേണ്ട പവിത്രകര്‍മമാണെന്ന ഒട്ടും ശരിയല്ലാത്ത സമീപനം ചിലരെങ്കിലും ഇപ്പോഴും വച്ചുപുലര്‍ത്തുന്നു. ഇന്നസ്‌ഥലത്തുവച്ചു കുടിക്കാന്‍ ഒരു തുള്ളി വെള്ളംപോലും കിട്ടിയില്ല എന്നൊരാള്‍ പറയേണ്ടിവരുന്നത്‌ ഒരു മതത്തിനും അഭിമാനകരമല്ല. ഒരുകട ഒരു വ്യക്‌തിയുടേതായിരിക്കെത്തന്നെ, അതു നടത്തുന്നവര്‍ക്കു സാമൂഹ്യമായ ചില കടമകളുമുണ്ട്‌. തങ്ങള്‍ വ്രതമെടുത്തതുകൊണ്ടു മറ്റെല്ലാവരും പട്ടിണികിടന്നോട്ടെ എന്ന കാഴ്‌ചപ്പാട്‌ വ്രതത്തിന്റെ തന്നെ മൂല്യബോധത്തിന്‌ എതിരാണ്‌.

ഇസ്ലാംമതം, വ്രതം ഇസ്ലാംമതവിശ്വാസികളുടെ മേല്‍പോലും 'റംസാന്‍' മാസം കേവലാര്‍ഥത്തില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍ എന്നിവരെ വ്രതത്തില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. മറ്റു മതസ്‌ഥര്‍ക്കും മതരഹിതര്‍ക്കും നോമ്പ്‌ പണ്ടേ ബാധകവുമല്ല. അങ്ങനെയിരിക്കെ വ്രതകാലത്ത്‌ 'കടകള്‍', സ്വമേധയാ അടച്ചിടുന്നതുപോലും നീതിയല്ല. ഞങ്ങള്‍ തിന്നുന്നില്ല, അതുകൊണ്ടു നിങ്ങളും തിന്നണ്ട എന്ന കടുംപിടിത്തം ഉപേക്ഷിക്കുമ്പോഴാണു വ്രതാനുഷ്‌ഠാനം മഹത്വപൂര്‍ണമായി മാറുന്നത്‌. ഞങ്ങള്‍ തിന്നുകയില്ല, എന്നാല്‍ തിന്നാനുള്ള നിങ്ങളുടെ അവസരം ഒരുവിധത്തിലും ഞങ്ങള്‍ തടയുകയില്ല എന്ന സ്‌നേഹസന്ദേശമാണ്‌ 'വിശുദ്ധവ്രതമാസത്തില്‍' തളിര്‍ക്കേണ്ടത്‌.

***

കെ ഇ എന്‍ , കടപ്പാട് : മംഗളം

മര്‍ദനാധികാരത്തിന്റെ ഇരകള്‍

നിയമത്തെ അനുസരിക്കുന്നത്, വ്യവസ്ഥാപിതം എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഭരണകൂടാധികാരത്തിന്റെ വേട്ടയാടലുകളില്‍ എരിഞ്ഞും ചതഞ്ഞും ചീഞ്ഞും മറഞ്ഞും തീരുന്ന മനുഷ്യരുടെ ദുരന്തം എന്ന നൈരന്തര്യമാണ്, നടനും കഥാകൃത്തുമായ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. വ്യക്തിയും അധികാരവും തമ്മില്‍, വിപ്ലവാവേശവും അടിച്ചമര്‍ത്തലും തമ്മില്‍, പുഛവും അനുകമ്പയും തമ്മില്‍, വിധേയത്വവും സഹാനുഭൂതിയും തമ്മില്‍, പ്രതികരണവും നുണയുടെ സാമൂഹികനിര്‍മിതിയും തമ്മില്‍ എന്നിങ്ങനെ ഇത്തരമൊരു ഇതിവൃത്തത്തിലൂടെ സംഘര്‍ഷഭരിതമാകുന്ന ദ്വൈതാവസ്ഥ(ഡൈക്കൊട്ടമി)കളുടെ മുഴക്കം അനുവാചകന്റെ ചരിത്രബോധത്തെ നൂല്‍പ്പാലത്തിലൂടെയെന്നോണം വലിച്ചിഴക്കുക തന്നെ ചെയ്യും.

കേരളത്തെ ഒരു കാലത്ത് പിടിച്ചു കുലുക്കിയ നക്സലൈറ്റ് മുന്നേറ്റത്തെ പിന്നീട് ചരിത്രം/ചരിത്രനാട്യം പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഭൂവുടമകളുടെയും ഭരണകൂടത്തിന്റെയും ചൂഷണങ്ങളും അക്രമങ്ങളും ന്യായീകരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള സാംസ്കാരിക-മാധ്യമ പരിസരം രൂപീകരിക്കുന്ന കുത്തക പത്രങ്ങളും വലതുപക്ഷവും, നക്സലൈറ്റുകള്‍ ഇനി തങ്ങളുടെ നേര്‍ക്ക് കുന്തമുനയുമായി കടന്നു വരില്ല എന്നുറപ്പു വരുത്തിയതിനു ശേഷം അവരെ വാഴ്ത്തുന്ന രീതികളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അശ്ലീലം. ചെറുപ്പക്കാരിയായിരുന്ന അജിതയെ അര്‍ധനഗ്നയാക്കി പോലീസ് ലോക്കപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ഇന്‍സ്റ്റന്റ് ഫോട്ടോയിലൂടെ പ്രചരിപ്പിക്കുകയും അവരെ ചോര കുടിക്കുന്ന യക്ഷിയായി അവതരിപ്പിക്കുകയും ചെയ്ത വലതുപക്ഷം കാലത്തിന്റെ അകലം എന്ന സുരക്ഷിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അവരെ വീരനായികയാക്കി കൊണ്ടാടുന്നതും സാധാരണമായിരിക്കുന്നു. 1970ല്‍ വയനാട്ടില്‍ വെച്ച് പോലീസ് നിഷ്ഠൂരമായി കണ്ണു ചൂഴ്ന്നെടുത്ത് വെടി വെച്ച് കൊലപ്പെടുത്തിയ സഖാവ് വര്‍ഗീസിനെയും വലതുപക്ഷ ചരിത്രാഖ്യാനം ഇപ്രകാരം തെറ്റായി പ്രതിനിധാനപ്പെടുത്താറുണ്ട്.

നിക്ഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞുകൊണ്ടുള്ള ഈ ഒളിച്ചുകളിയുടെ സൌകര്യങ്ങളെയല്ല തലപ്പാവ് അടിസ്ഥാനമാക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. (അറുപതുകളുടെ ഒടുവിലും എഴുപതുകളിലും മുതലാളിത്ത മാധ്യമങ്ങള്‍ നക്സലൈറ്റ് മുന്നേറ്റത്തെ എത്രമാത്രം ബീഭത്സമായിട്ടാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്നറിയാന്‍ അക്കാലത്തെ പത്രങ്ങള്‍ ലൈബ്രറിയില്‍ പോയി തിരയേണ്ട ആവശ്യമൊന്നുമില്ല. യുദ്ധം നടക്കുമ്പോഴത്തെ ടെലിവിഷന്‍/പത്ര വാര്‍ത്തകളും മേജര്‍ രവിയെപ്പോലുള്ള 'ദേശസ്നേഹി'കളുടെ സിനിമകളും ഇന്ത്യയിലെ ഭീകരവാദത്തെക്കുറിച്ച് ദ ഹിന്ദുവില്‍ പര്‍വീണ്‍ സ്വാമിയെപ്പോലുള്ളവര്‍ എഴുതുന്ന വിവരണങ്ങളും വായിച്ചാല്‍ മതി. ഈ ഏറ്റുമുട്ടല്‍ വിദഗ്ദ്ധരുടെ ആധിക്യമുണ്ടായിട്ടും എങ്ങിനെ 'ഭീകരര്‍' തുടര്‍ന്നും തങ്ങളുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന പ്രഹേളിക തന്നെയാണ് ഒരു പക്ഷെ ഏറ്റവും 'ഭീകര'മായ തമാശ. മാസങ്ങള്‍ നീണ്ടു നിന്നതും പ്രയാസകരവുമായ അന്വേഷണത്തിലൂടെ തെഹല്‍ക ലേഖകന്‍ അജിത് സാഹി കണ്ടെത്തിയ കാര്യങ്ങള്‍ മാസികയുടെ ആഗസ്ത് 16ന്റെ ലക്കത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്. 16 കോടി വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങളെ സംശയത്തിന്റെയും വെറുപ്പിന്റെയും വംശഹത്യയുടെയും നിഴലിലും വരുതിയിലും നിര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള വേട്ടയാടലുകളാണ് ഇന്റലിജന്‍സുകാരും സംസ്ഥാന/ദേശീയ പോലീസും പട്ടാളവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.)

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കര്‍ഷകസമരങ്ങളുടെയും ഭൂപരിഷ്ക്കരണത്തിന്റയും പരിണതഫലമായി കാര്‍ഷിക ജന്മിത്വവും ഭൂവുടമസ്ഥതാകുത്തകയും ഒരു പരിധി വരെ അവസാനിച്ച കാലത്താണ് ഇടതുതീവ്രവാദക്കാരായ നക്സലൈറ്റുകള്‍ കേരളത്തിലെ അവരുടെ പ്രവര്‍ത്തനം സജീവമാക്കിയത്. ചൈനീസ് വിപ്ലവത്തിന്റെയും പടിഞ്ഞാറന്‍ ബംഗാളിലെ നക്സല്‍ബാരിയില്‍ നടന്ന സായുധ മുന്നേറ്റത്തിന്റെയും ആവേശവും മാവോയുടെ ചിന്തകളുമായിരുന്നു അവരുടെ പ്രചോദനം. എന്നാല്‍ കേരളത്തിലെ ചൂഷിത ജനതയുടെ പ്രശ്നങ്ങള്‍ കാലത്തിനു യോജിച്ച തരത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ സാധ്യതകള്‍ അടിസ്ഥാനമാക്കിക്കൊണ്ടും പരിഹരിക്കുന്നതിനുള്ള പ്രായോഗികമായ സമരമാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനു പകരം സാഹസികമായ എടുത്തുചാട്ടങ്ങളായിരുന്നു അവരുടേതെന്നതിനാല്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാനുള്ള ആത്മബലവും ജനപിന്തുണയും അവര്‍ക്ക് നേടിയെടുക്കാനായില്ല. എന്നാല്‍ വയനാട്ടിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. തദ്ദേശീയരായ ആദിവാസി ജനതയെയും കുടിയേറി വന്ന ദരിദ്രരായ തൊഴിലാളികളെയും കര്‍ഷകരെയും തൊഴിലിടങ്ങളിലും കിടപ്പറകളിലുമായി നിരന്തരമായി ചൂഷണം ചെയ്തുകൊണ്ടാണ് വയനാട്ടിലെ ജന്മിമാര്‍ തങ്ങളുടെ അധികാര-ആഹ്ലാദ വാഴ്ച തുടര്‍ന്നിരുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസിനെയും തങ്ങളുടെ പിണിയാളുകളാക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു. പുതുതായി വിവാഹം ചെയ്തു കൊണ്ടുവരുന്ന യുവതികളെ കടന്നാക്രമിക്കുകയും നിസ്സഹായരായ അവരുടെ ഭര്‍ത്താക്കന്മാരെ കൊന്നു കെട്ടിത്തൂക്കുകയും മറ്റും ശീലമെന്നോണം അവര്‍ നടത്തിപ്പോന്നു. കേരളത്തിലെ മറ്റിടങ്ങളില്‍ ഒരു പരിധി വരെ മുന്നേറിയ കര്‍ഷക-തൊഴിലാളി ചെറുത്തുനില്‍പുകളും അവകാശ ബോധവും പല കാരണങ്ങളാല്‍ വയനാട്ടില്‍ വേണ്ടത്ര സജീവമാകാതിരുന്നതും ഈ പീഡനത്തെ രൂക്ഷമാക്കിത്തീര്‍ത്തു.

ഈ ചൂഷണത്തിനെതിരായ പ്രതിരോധത്തിനാണ് സഖാവ് വര്‍ഗീസ് അക്കാലത്ത് നേതൃത്വം നല്‍കിയത്. അതിലൂടെ അദ്ദേഹം വയനാട്ടിലെ ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ ആശയും ആവേശവുമായിത്തീരുകയും അതോടൊപ്പം വലതുപക്ഷ ഭരണാധികാരത്തിന്റെ കണ്ണില്‍ കൊടും കുറ്റവാളിയായിത്തീരുകയും ചെയ്തു. ഒറ്റുകാരുടെ സഹായത്തോടെ പിടികൂടിയ സഖാവിനെ സംസ്ഥാന ഭരണത്തിലെയും പൊലീസിലെയും ഉന്നതരുടെ നേരിട്ടുള്ള അറിവോടെ ക്രൂരമായി മര്‍ദിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. ഈ കൊലയെ ഏറ്റുമുട്ടലില്‍ മരിച്ചു (എന്‍കൌണ്ടര്‍ ഡെത്ത്) എന്ന വിധത്തിലാണ് അക്കാലത്ത് പൊലീസ് ഭാഷ്യം പ്രകാരം പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തത്. രണ്ടു പതിറ്റാണ്ടിനു ശേഷം ആ കൊല തന്റെ കൈ കൊണ്ടാണ് നടത്തിയത് എന്ന് പത്രങ്ങളോടും ചാനലുകളോടും കോടതിയോടും കൂസലില്ലാതെ എന്നാല്‍ തികഞ്ഞ വേദനയോടെയും നിസ്സഹായതയോടെയും വിളിച്ചു പറഞ്ഞ രാമചന്ദ്രന്‍ നായരുടെ സത്യസന്ധതക്കു മുമ്പില്‍ കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചുപോയതും രേഖപ്പെടുത്തപ്പെട്ട ചരിത്രയാഥാര്‍ത്ഥ്യം.

നക്സലൈറ്റ് പ്രസ്ഥാനചരിത്രത്തെ യാഥാര്‍ത്ഥ്യനിഷ്ഠമായി ചരിത്രവത്ക്കരിക്കാനുള്ള വളരെക്കുറച്ചു ശ്രമങ്ങള്‍ മാത്രമേ പില്‍ക്കാലത്ത് നടന്നിട്ടുള്ളൂ എന്നതാണ് ഏറ്റവും ഖേദകരമായ സംഗതി. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമ, എം സുകുമാരന്റെ പിതൃതര്‍പ്പണം പോലുള്ള ഏതാനും നോവലുകളും കഥകളും, കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ അടക്കമുള്ള അനവധി കവിതകള്‍, കെ വേണുവിന്റെ ലേഖനങ്ങളും പുസ്തകങ്ങളും എന്നിങ്ങനെ ശ്രദ്ധേയവും ആത്മാര്‍ത്ഥവും സത്യസന്ധവുമായ പരിശ്രമങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ സ്വീകരിച്ചിട്ടുള്ള വസ്തുനിഷ്ഠതയെ മൂടിനില്‍ക്കുന്ന വിധത്തില്‍ നാട്യങ്ങള്‍, സ്വയം വീരത്വം പ്രഖ്യാപിക്കല്‍, അമിത കാല്‍പനികവല്‍ക്കരണം, എന്നീ പ്രകടദൂഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്ന നിരവധി വ്യാഖ്യാനങ്ങളുടെയും ആഖ്യാനങ്ങളുടെയും പ്രളയം തന്നെ കഴിഞ്ഞ കാലത്ത് സംഭവിച്ചിട്ടുണ്ട്.

പൈങ്കിളി സിനിമകളും, ഓണപ്പതിപ്പിലെ സൊറ പറച്ചിലുകളും, താന്‍ 'മൂവ്മെന്റി'ലുണ്ടായിരുന്നു എന്നു വരുത്താന്‍ ചിലര്‍ സ്വയം ജനനത്തീയതി പിറകിലേക്ക് പിടിച്ചുവലിക്കുന്നതും(സിനിമാനടികള്‍ ചെയ്യാറുള്ളതിന്റെ നേര്‍ വിപരീതം) വരെയുള്ള വിഡ്ഢിത്തങ്ങള്‍ മലയാളി സഹിക്കുകയുണ്ടായി. സക്കറിയ ഒരിക്കല്‍ പറഞ്ഞതുപോലെ മുന്‍ നക്സലൈറ്റാണെന്നു പറഞ്ഞില്ലെങ്കില്‍ എഴുത്തുകാരനും ബുദ്ധിജീവിയുമായി ആരും പരിഗണിക്കാത്ത ദുരവസ്ഥ പോലും കേരളത്തിലുണ്ട്. സഖാവ് വര്‍ഗീസിനെപ്പോലുള്ള യഥാര്‍ത്ഥ വിപ്ലവകാരികള്‍ മറവിയിലേക്കോ കേവല വീരാരാധനയിലേക്കോ മാഞ്ഞുപോകുകയും, പേരും ജനനത്തീയതിയും തിരുത്തുന്ന കപടരും ജാടക്കാരും മുഖ്യധാരയിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയാണ്. ഇതിന്റെ അനന്തരഫലമെന്നോണം ഇടതു തീവ്രവാദ നാട്യം വലതുപക്ഷ ആശയഗതിയുടെയും പലപ്പോഴും മൃദു / തീവ്ര ഹിന്ദുത്വ നിലപാടുകളുടെയും മുഖമറയാകുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. വയനാട്ടിലൊഴിച്ചുള്ള നക്സലൈറ്റുകള്‍ ജനങ്ങളുടെ സമരങ്ങള്‍ക്കു പകരം ഭാഷയിലെ കലാപങ്ങള്‍ ഏറ്റെടുത്തു എന്നു പരിഹസിക്കപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയാണ്. ആധുനികതയുടെ കാലത്ത് ആരംഭിക്കുകയും പിന്നീട് പൊതുമലയാളമായിത്തീരുകയും ചെയ്ത അമിത സംസ്കൃതവത്ക്കരിക്കപ്പെട്ട മലയാള ഭാഷയെ പ്രതിരോധിക്കുന്നതിനു പകരം അതിന്റെ പതാകാവാഹകരായിത്തീരുകയാണ് ജനാധിപത്യത്തെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ച നക്സലൈറ്റ് സാംസ്ക്കാരികപ്രവര്‍ത്തകര്‍ ചെയ്തത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിരവധി വാക്കുകള്‍ അതിന്റെ രാഷ്ട്രീയ യുക്തിക്കു വിരുദ്ധമായി ഇതു മൂലം ഉപയോഗിക്കപ്പെട്ടു. ജനപ്രിയ സിനിമകളിലും മറ്റും ഇത് നൂറു മടങ്ങ് ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

അതു കൊണ്ടാണ് ജനപ്രിയസിനിമയുടെ പാഠശാലയില്‍ പഠിച്ച ബാബു ജനാര്‍ദനനെപ്പോലൊരാള്‍ തലപ്പാവിനു വേണ്ടി എഴുതുന്ന സംഭാഷണം രാഷ്ട്രീയ ചരിത്രത്തിന്റെ യുക്തിയെ പലപ്പോഴും പരിഹസിക്കുന്നത്. ഒരുദാഹരണം നോക്കുക. രവീന്ദ്രന്‍ പിള്ള എന്ന നിരാശനായ പോലീസുകാരന്‍(ലാല്‍) പെന്‍ഷന്‍ മേടിക്കാനായി ആലപ്പുഴ നഗരത്തിലെത്തുമ്പോള്‍, അയാളുടെ കൈയാല്‍ വധിക്കപ്പെട്ട ജോസഫി(പൃഥ്വിരാജ്)ന്റെ പ്രേതത്തെ കണ്ടുമുട്ടുന്നു. കോടതിയലക്ഷ്യം ആരോപിക്കപ്പെട്ട മന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി സമരജാഥ നയിക്കുന്ന ഖദര്‍ ധാരികളായ വലതുപക്ഷ രാഷ്ട്രീയകക്ഷിക്കാരുടെ പ്രസംഗത്തെ പരിഹസിച്ചുകൊണ്ടാണ് ജോസഫ് കാലം കൂടുതല്‍ ജീര്‍ണമായി എന്നു നിരീക്ഷിക്കുന്നത്. സ്വാശ്രയ കോളേജുകാരുടെ വിരുന്നില്‍ പങ്കെടുത്ത ജഡ്ജി തന്നെ സ്വാശ്രയ കോളേജ് കേസില്‍ വാദം കേള്‍ക്കാനും വിധി പറയാനുമിരിക്കുന്നതിന്റെ അയുക്തികതയും അസ്വാഭാവികതയും ചോദ്യം ചെയ്ത മന്ത്രിയുടെ മേലാണ് കോടതിയലക്ഷ്യം ആരോപിക്കപ്പെട്ടതെന്നും അതു പറയാതെ കേവലമായ രാഷ്ട്രീയലാഭത്തിനു വേണ്ടി സമരം ചെയ്യുന്ന ഈ പ്രതിപക്ഷത്തെ ചൂണ്ടിക്കാണിച്ച് അരാജകത്വമാണ് സമൂഹത്തെ ഭരിക്കുന്നതെന്ന് നിങ്ങളറിയുന്നുണ്ടോ എന്നാണ് ജോസഫ് രവീന്ദ്രന്‍ പിള്ളയോട് ചോദിക്കുന്നത്.

അരാജകത്വം അഥവാ അനാര്‍ക്കിസം അമിതാധികാരപ്രവണതക്കും വ്യവസ്ഥാപിതത്വത്തിനുമെതിരായ ഒരു സമരമാര്‍ഗമാണെന്നും ബുനുവലിനെപ്പോലുള്ള അനവധി പ്രതിഭാധനര്‍ അനാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടോ അതോ അജ്ഞത കൊണ്ടോ ഈ പദം ഒരു ചീത്ത പദമായി തിരക്കഥ / സംഭാഷണത്തില്‍ കടന്നുവരുന്നതാണ് നാം അത്ഭുതത്തോടെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ അരാജകത്വം എന്ന രാജകീയ(വ്യവസ്ഥാപിത)വിരുദ്ധ വാഴ്ചക്ക് അഥവാ വാഴ്ചാരാഹിത്യത്തിനു വേണ്ടിയാണ് വിപ്ലവകാരികള്‍ നിലക്കൊള്ളുന്നത്. അവരെക്കൊണ്ട് രാജഭരണത്തിന് അനുകൂലമായി സംസാരിപ്പിക്കുക എന്ന കൊടും പാതകം ഭാഷ, പദം, വാക്യഘടന, വ്യാകരണം, അര്‍ത്ഥം, പര്യായം, വിരുദ്ധാര്‍ത്ഥം എന്നിങ്ങനനെയുള്ള മേഖലകളിലെ ആധിപത്യ / വിധേയത്വ രൂപങ്ങളെക്കുറിച്ചും രാഷ്ട്രീയ ഘടനകളെക്കുറിച്ചും ധാരണയില്ലാത്ത വാചകമെഴുത്തുകാര്‍ (വാചകമടിക്കാര്‍) നടത്തുന്നത് കഥാകൃത്തു കൂടിയായ മധുപാല്‍ എന്തുകൊണ്ട് അനുവദിച്ചു എന്നറിയില്ല. അതോ നക്സലൈറ്റുകള്‍ വിശാലവും വൈവിദ്ധ്യപൂര്‍ണവുമായ ജനാധിപത്യപ്രസ്ഥാനത്തില്‍ അണിചേരാതിരുന്നതിനെ പരിഹസിക്കുന്നതിനു വേണ്ടിയാണോ ഈ ഭാഷാ വൈരുദ്ധ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

തിരക്കഥയുടെ ഇത്തരത്തിലുള്ള ദൌര്‍ബല്യങ്ങള്‍ പക്ഷെ സിനിമയുടെ സമഗ്രമായ നിലപാടിനെയോ ദൃശ്യ / ശബ്ദ ഗാത്രത്തെയോ പരാജയപ്പെടുത്തുന്നില്ല. ദരിദ്രകുടുംബത്തില്‍ പെട്ട രവീന്ദ്രന്‍ പിള്ള എന്ന കുട്ടനാട്ടുകാരന്‍ പൊലീസ് കോണ്‍സ്റ്റബിളാകുമ്പോഴും അയാളുടെ വര്‍ഗസ്ഥാനത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. മാത്രമല്ല അയാള്‍ എന്ന ഇരയുടെ ദൈന്യതയും നിസ്സഹായതയും കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുന്നത്. സ്വന്തം വര്‍ഗത്തിന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാവിനെ തടവില്‍ പിടികൂടാനും മര്‍ദിക്കാനും വെടി വെച്ചു കൊല്ലാനും വരെ നിയോഗിക്കപ്പെടുന്ന അയാള്‍ വര്‍ഗവഞ്ചകനായി മുദ്ര കുത്തപ്പെട്ടാലും അത്ഭുതമില്ല. അതോടൊപ്പം, ഈ പ്രവൃത്തികളില്‍ വേദനിച്ചാലോ അയാള്‍ സ്വന്തം ജോലിയോടും ജോലി സംരക്ഷിക്കുന്ന ഭരണകൂടവ്യവസ്ഥയോടും കൂറില്ലാത്തവനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. പല വിധത്തിലുള്ള വേട്ടയാടലുകള്‍ക്കാണ് അയാളുടെ ശരീരവും മനസ്സും വിധേയമാകുന്നത്.

ജോസഫിനെപ്പോലെ ഉന്നതമായ വിവേകവും വകതിരിവുമുള്ള ഒരു സഖാവിനു മാത്രമേ അയാളിലെ മനുഷ്യനെ മനസ്സിലാക്കാനും കൂടെ നിര്‍ത്താനും സാധ്യമാവുകയുള്ളൂ. മറ്റുള്ള വിപ്ലവപ്രവര്‍ത്തകര്‍ക്കൊക്കെയും അയാള്‍ ഭരണകൂട മര്‍ദനാധികാരത്തിന്റെ ഒരു മുഖവും ഉപാധിയും ഉപകരണവും മാത്രമാണ്. അതുകൊണ്ടു തന്നെ ഭരണകൂടത്തിനെതിരായ സായുധ കലാപത്തില്‍ ഭരണകൂടത്തെ പ്രത്യക്ഷമായും പ്രതീകാത്മകമായും ആക്രമിക്കാന്‍ ഇയാളെ(ഇത്തരത്തിലൊരാളെ) ആക്രമിച്ചാല്‍ മതി എന്ന നിഗമനത്തില്‍ പ്രവര്‍ത്തകര്‍ എളുപ്പത്തില്‍ എത്തിച്ചേര്‍ന്നേക്കാം. വിപ്ലവകാരികളെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പിടികൂടാന്‍ കഴിയാതെപോകുന്ന അവസരത്തിലൊക്കെയും അയാള്‍ ഭരണഘടനാപരമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവനായി വ്യാഖ്യാനിക്കപ്പെടുന്നു. പിന്നീട് പിടികൂടപ്പെടുന്ന വിപ്ലവകാരിയെയും അവരെ സഹായിച്ചവരെയും (അല്ലെങ്കില്‍ അപ്രകാരം ആരോപിക്കപ്പെട്ടവരെയും) ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയും ബലാല്‍സംഗം ചെയ്തും ആഹ്ലാദിച്ചില്ലെങ്കില്‍ അതും അയാളിലെ പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

ബലാല്‍സംഗം ചെയ്യാത്ത പോലീസുകാരനും പട്ടാളക്കാരനും ഷണ്ഡനാണെന്നുവരെ ആക്ഷേപിക്കപ്പെടാറുണ്ട്. സ്വന്തം ജീവന്‍ തോക്കിന്‍ മുനയില്‍ ചിതറിപ്പോകുമെന്ന നിസ്സഹായമായ അവസ്ഥയിലാണ് അയാള്‍ ജോസഫിനു നേരെ വെടിയുതിര്‍ക്കുന്നത്. ഭയം, നിസ്സഹായത, തൊഴില്‍പരമായ യാന്ത്രികത എന്നിങ്ങനെ നിരവധി യുക്തികളും കാരണങ്ങളും തന്റെ ചെയ്തിയെ ന്യായീകരിക്കുന്നതിനായി അയാള്‍ക്ക് അയാളുടെ മനസ്സാക്ഷിക്കുമുമ്പില്‍ നിരത്താവുന്നതേ ഉള്ളൂ. എന്നിട്ടും മനസ്സാക്ഷിക്കു മുമ്പില്‍ അയാളുടെ സമചിത്തത ചിതറിപ്പോകുന്നു. നിശ്ശബ്ദനായ അയാളെ വീണ്ടും നിശ്ശബ്ദനാക്കുന്നതിനു വേണ്ടിയാണ് സഹപ്രവര്‍ത്തകരായ രണ്ടു പോലീസുകാര്‍ അയാളെക്കുറിച്ച് നിര്‍മിക്കപ്പെട്ട അപവാദം ഭാര്യയുടെ അടുത്ത് എത്തിക്കുന്നത്. കുട്ടിക്കാലത്തെ കാമുകിയായിരുന്ന സാറാമ്മ(ധന്യാമേരി)യോടൊത്താണ് അയാളുടെ വയനാട്ടിലെ കുടിപാര്‍പ്പ് എന്നായിരുന്നു ആ അപവാദം. ഇതു വിശ്വസിക്കേണ്ട ഗതികേടിലായിരുന്നു ഭാര്യ കാര്‍ത്ത്യായനി(രോഹിണി)യുടെ അവസ്ഥ. ദാരിദ്ര്യം, ഒറ്റപ്പെടല്‍, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, ഭര്‍ത്താവിന്റെ അനിയന്ത്രിതമായ മദ്യപാനവും സദാ ഉള്ള നിശ്ശബ്ദതയും എന്നീ ചുറ്റുപാടുകളില്‍ അവള്‍ ആ അപവാദം അപ്പാടെ വിശ്വസിച്ച് അയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. പിന്നീട് മരണം വരെയും അവളയാള്‍ക്കടുത്തേക്ക് തിരിച്ചു ചെല്ലുന്നില്ല. അവള്‍ നല്‍കിയ ഈ കടുത്ത ശിക്ഷ, കഥയുടെ നാടകീയതയെ സങ്കീര്‍ണവും തീവ്രവുമാക്കുന്നുണ്ട്. ഇരുപത് ഇരുപത്തഞ്ച് വര്‍ഷം ഈ നീറിപ്പുകയല്‍ സ്വന്തം നെഞ്ചിനകത്ത് ഒതുക്കിയ അയാള്‍ അവസാനം അത് തുറന്നുപറയാന്‍ സ്വയം നിര്‍ബന്ധിതനാകുകയാണ്. ജോസഫ് എന്ന വിപ്ലവകാരിയെപ്പോലെ തന്നെ വേട്ടക്കാരന്റെ കുപ്പായവും ആയുധവുമണിഞ്ഞ രവീന്ദ്രന്‍ പിള്ള എന്ന പോലീസുകാരനും ഒരു ഇര തന്നെയാണെന്ന സങ്കീര്‍ണയാഥാര്‍ത്ഥ്യം ഇപ്രകാരം അനുഭവവേദ്യമാക്കുന്നു എന്നതാണ് തലപ്പാവിന്റെ നിര്‍ണായക വിജയം.

ഛായാഗ്രഹണം, എഡിറ്റിംഗ്, ദൃശ്യങ്ങളുടെയും കാഴ്ചാകോണുകളുടെയും വിവേചന പൂര്‍ണമായ തെരഞ്ഞെടുപ്പ്, ശബ്ദക്രമീകരണം എന്നീ മേഖലകളില്‍ ശരാശരി മലയാള സിനിമയുടെ അപാകങ്ങളെ മറികടക്കുന്ന വിധത്തിലുള്ള മികച്ച നിലവാരമാണ് തലപ്പാവ് പുലര്‍ത്തുന്നത്. തിരക്കഥയുടെ ദൌര്‍ബല്യം അപ്രകാരം സംവിധായകന് മറികടക്കാനായി എന്നത് ആശ്വാസകരമാണ്. യാഥാര്‍ത്ഥ്യത്തിനു മേല്‍ തനിക്കാവശ്യമുള്ളിടത്തോളം ഭാവന സംവിധായകന്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും, ചരിത്രത്തിന്റെ പല റഫറന്‍സുകള്‍ കടന്നുവരുന്നത് ശ്രദ്ധേയമായിട്ടുണ്ട്. കുട്ടനാടന്‍ കായലിലെ ബോട്ടിലൂടെ നടത്തുന്ന, എന്‍ എസ് എസിന്റെ ധനശേഖരണാര്‍ത്ഥം ഉദയായുടെ ഭാര്യ പ്രദര്‍ശിപ്പിക്കുന്നതിന്റെ അനൌണ്‍‌സ്‌മെന്റ്; അക്കാലത്തെ ജനപ്രിയകലയും രാഷ്ട്രീയ /ചരിത്ര /സാഹിത്യ പാഠ്യപദ്ധതിയുമായിരുന്ന വി സാംബശിവന്റെ കഥാപ്രസംഗത്തിന്റെ വോയ്‌സ് ഓവര്‍; കെ പി എ സി നാടകഗാനമായ ചില്ലിമുളം കാടുകളില്‍.... മൂളുന്നത്; എന്നിവയൊക്കെ സാധാരണ സിനിമകളിലേതു പോലെ കേവലം എടുപ്പുകളും പടങ്ങളുമായി അനാഥമാകുന്നില്ല. കാലത്തോടും ചരിത്രത്തോടും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോടും സത്യസന്ധമാകുന്ന ഒരു നിലപാട് ചലച്ചിത്രകാരന്‍ എന്ന നിലക്ക് മധുപാലിന് പ്രത്യക്ഷപ്പെടുത്താനായി എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.

ഭരണകൂട മര്‍ദനാധികാരത്തിന്റെ വേട്ടക്കാരന്‍ എന്ന വൃത്തികെട്ട വേഷമണിഞ്ഞുകൊണ്ട് അനുസരണയുള്ള ഒരു പട്ടിയുടെ പണി (കുരക്കുക, കടിക്കുക, കടിച്ചു കീറി കൊല്ലുക) ചെയ്യുന്ന പോലീസുകാരന്‍ പക്ഷെ മനസ്സിനുള്ളിലും കുടുംബത്തിനകത്തും നാട്ടിലും അനുഭവിക്കുന്ന നീറലുകളും പീഡനങ്ങളും അസഹനീയമാണ് എന്നു വിശദീകരിക്കുന്നതിലാണ് സിനിമയുടെ ഊന്നലുകളെങ്കിലും സാഹസികരായ നക്സലൈറ്റ് സഖാക്കളുടെ വിപ്ലവകരമായ ഇടപെടലുകളെ അതൊരു തരത്തിലും ഇകഴ്ത്തിക്കാണിക്കുന്നില്ല. അതേ സമയം അതാണ് വരുംകാലത്തിന്റെ രക്ഷാമാര്‍ഗം എന്ന് കൊട്ടിഘോഷിക്കുന്നുമില്ല.

*

ജി. പി. രാമചന്ദ്രന്‍


കടപ്പാട് : മാധ്യമം വാരിക, ചിത്രങ്ങള്‍ക്ക് : മാതൃഭൂമി

Sunday, September 28, 2008

കേരളത്തിന്റെ മണ്ണ് പിടയുന്നു...രണ്ടാം ഭാഗം

കേരള പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ.എന്‍. ഹരിലാലുമായി പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ

4

ഊഹമൂലധനത്തിന് സാമൂഹ്യനിയന്ത്രണം വേണം

ഭൂമി ഒരു ഉപഭോഗവസ്തുവല്ല

സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മൂലധനത്തിന്റെ സ്വൈരവിഹാരത്തിന് എറിഞ്ഞുകൊടുക്കാതെ സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കേണ്ടതുണ്ടെന്ന പൊതുതത്ത്വം ഏതാണ്ട് എല്ലാ വിപണികള്‍ക്കും ബാധകമാണ്, എന്നാല്‍, കൂട്ടായ ഇടപെടലും നിയന്ത്രണവും ഏറെ ആവശ്യമായി വരുന്നത് കമ്പോളം പരാജയപ്പെടാനുളള സാധ്യത കൂടുതലുളള വിപണികളുടെ കാര്യത്തിലാണ്. ഭൂവിപണി അത്തരം ഒന്നാണ്. വിഭവങ്ങളുടെ കാര്യക്ഷമമായ വിതരണമാണ് വിപണികളുടെ മുഖ്യധര്‍മ്മം. വിവിധ ഭൂവിനിയോഗ ആവശ്യങ്ങള്‍ക്കിടയിലുളള ഭൂമിയുടെ ഏറ്റവും കാര്യക്ഷമമായ വിതരണം അനിവാര്യവുമാണ്. ഭൂവിപണിക്ക് അതിനു കഴിയുമോ എന്നതാണ് ചോദ്യം. ഭൂവിപണി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വില നല്‍കാന്‍ കഴിയുന്നവരിലേക്കായിരിക്കും ഭൂമിയുടെ കേന്ദ്രീകരണം നടക്കുക.

ഏറ്റവും ആദായകരമായ കാര്യങ്ങള്‍ക്കു ഭൂമി ഉപയോഗിക്കുന്നവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വില നല്‍കാന്‍ കഴിയുക. ചുരുക്കിപ്പറഞ്ഞാല്‍ ആദായത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് വിവിധ ഭൂവിനിയോഗങ്ങള്‍ക്കിടയില്‍ ലഭ്യമായ ഭൂമി വിതരണം ചെയ്യപ്പെടും. ആദ്യ വിശകലനത്തില്‍ ഭൂമിയുടെ വിതരണം രമ്യമായും കാര്യക്ഷമമായും പരിഹരിക്കുന്നതില്‍ സ്വതന്ത്രവിപണി വിജയിക്കും എന്നാണ് തോന്നുക. പക്ഷേ, വിപണിയുടെ പ്രവര്‍ത്തനത്തില്‍ സ്വകാര്യനേട്ടങ്ങളും സ്വകാര്യകോട്ടങ്ങളും മാത്രമേ പരിഗണിക്കപ്പെടുകയുളളൂ എന്നതാണ് പ്രശ്നം. സ്വകാര്യവ്യക്തികളുടെ കണക്കുകൂട്ടലുകളില്‍ പ്രത്യക്ഷപ്പെടാത്ത സാമൂഹികനേട്ടങ്ങളും കോട്ടങ്ങളും കമ്പോളത്തിന്റെ പരിഗണനയില്‍ വരില്ല.

വികസിതരാഷ്ട്രങ്ങള്‍ ഭൂമിയെ കമ്പോളവസ്തുവായി കാണുന്നില്ല

നെല്‍കൃഷി നിലനില്‍ക്കുന്നതുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ (പാരിസ്ഥിതിക നേട്ടങ്ങള്‍ ഉള്‍പ്പെടെ) കര്‍ഷകന് അനുഭവവേദ്യമാകുന്ന നേട്ടത്തേക്കാള്‍ എത്രയോ അധികമാണ്. കാടും, കായലും, പുഴയോരങ്ങളും, കടല്‍ത്തീരങ്ങളും കൈയേറി ഏറെ ആദായകരമായ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉത്സാഹിക്കുന്ന വ്യക്തികളുടെ സ്വകാര്യ കണക്കുപുസ്തകത്തില്‍ അതുകൊണ്ട് നഷ്ടമാവുന്ന സാമൂഹികനന്മയുടെ കണക്ക് പ്രത്യക്ഷപ്പെടില്ല. സ്വകാര്യ നേട്ടകോട്ടങ്ങള്‍ വ്യത്യസ്തമാകുന്നതാണ് കമ്പോളം പരാജയപ്പെടാനുളള അടിസ്ഥാന കാരണം.

ഈ വ്യത്യാസം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന രംഗമാണ് ഭൂവിനിയോഗം. അതുകൊണ്ടുതന്നെ മിക്കപരിഷ്കൃത സമൂഹങ്ങളും ഭൂവിനിയോഗത്തെ കടുത്ത സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കുന്നു. മുതലാളിത്തപറുദീസയായി അറിയപ്പെടുന്ന രാജ്യങ്ങള്‍പോലും പ്രകൃതിയെ മൂലധനത്തിന്റെ അത്യാര്‍ത്തിക്കും പ്രാകൃത മൂലധനസഞ്ചയനത്തിനും വിട്ടുകൊടുക്കാന്‍ തയാറാവുന്നില്ല. ലോകത്ത് ഏറ്റവും ഉയര്‍ന്ന ഭൂവിലകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജപ്പാനിലെ വന്‍നഗരങ്ങളുടെ നടക്കും സമീപത്തും നെല്‍വയലുകളും കാടും സംരക്ഷിക്കപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും ഇത്തരം ഭരണകൂട ഇടപെടലുകള്‍ സ്വാതന്ത്ര്യത്തിനും സംരംഭകത്വത്തിനും എതിരായ നീക്കമായ വ്യാഖ്യാനിക്കപ്പെടുന്നില്ല. മറ്റെല്ലാ പരിഗണനകളെയും താല്‍പര്യങ്ങളെയും മൂലധനത്തിന്റെ വിശുദ്ധതാല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തിക്കൊളളണമെന്ന നിയോലിബറല്‍ പ്രത്യയശാസ്ത്രം അവികസിത രാജ്യങ്ങളെ മാത്രം ഉദ്ദേശിച്ചു തയ്യാര്‍ ചെയ്യപ്പെട്ടിട്ടുളളതാണ്.

പരിസ്ഥിതിയുടെയും ചരിത്രസ്മാരകങ്ങളുടെയും സംരക്ഷണം, പാര്‍പ്പിട വികസനത്തിലെ സാമൂഹികനീതി, പശ്ചാത്തല സൌകര്യങ്ങളുടെയും പൊതുസേവനങ്ങളുടെയും വികസനം തുടങ്ങിയ പൊതുലക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ തയാറാക്കുന്ന വികസന പദ്ധതികളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടാണ് ഏതാണ്ട് എല്ലാ വികസിതരാജ്യങ്ങളിലും ഭൂവിനിയോഗം അനുവദിക്കുന്നത് . ഇക്കാര്യത്തില്‍ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളെ സമഷ്ടിയുടെ താല്‍പര്യങ്ങള്‍ക്കു മുകളില്‍ പ്രതിഷ്ഠിക്കാന്‍ വികസിതരാജ്യങ്ങള്‍ തയാറാവുന്നില്ല. ഏതാണ്ട് ഇതുതന്നെയാണ് വികസിത രാജ്യങ്ങളുടെ ശ്രേണിയിലേക്ക് പരിണമിച്ചു കൊണ്ടിരിക്കുന്ന വികസ്വരരാജ്യങ്ങളുടെയും സ്ഥിതി.

അവികസിത രാജ്യങ്ങള്‍ക്ക് മാതൃകമായി എപ്പോഴും അവതരിപ്പിക്കപ്പെടുന്ന സിങ്കപ്പൂരിന്റെ അനുഭവം നമ്മുടെ നാട്ടിലെ നവ ഉദാരീകരണവാദികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഭൂമിയുടെ മേലുളള ഭരണകൂടത്തിന്റെ ആധിപത്യത്തെയും സമഗ്രമായ ഭൂവിനിയോഗാസൂത്രണത്തെയും വികസനത്തിന്റെ രാസത്വരകമാക്കിയ അനുഭവമാണ് സിങ്കപ്പൂരിന്റേത്. കാലാകാലങ്ങളില്‍ പുതുക്കിക്കൊണ്ടിരിക്കുന്ന 'കണ്‍സെപ്റ്റ്പ്ളാനി'നു വിരുദ്ധമായി സിങ്കപ്പൂരില്‍ ഒരു സെന്റു ഭൂമിപോലും ഉപയോഗിക്കാനാവില്ല. ഭൂമിയുടെ ആത്യന്തിക ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സ്വകാര്യ ഉടമസ്ഥതയിലുളള പരിമിത ഭൂമി ഏതാണ്ട് പൂര്‍ണ്ണമായും ദീര്‍കാല പാട്ടത്തില്‍ അനുവദിക്കപ്പെട്ടതാണ്. മറ്റു മൂന്നാംലോക നഗരങ്ങളെപ്പോലെ ഒരു കാലത്ത് ചേരികളുടെ നഗരമായിരുന്ന സിങ്കപ്പൂരിലെ പൌരന്മാരില്‍ 90 ശതമാനം പേരും ഇന്ന് സ്വന്തമായി വീടുളളവരാണ്. പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ വീടുകളില്‍ സിംഹഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. വീടുകള്‍ എല്ലാത്തരം സേവന- പശ്ചാത്തല സൌകര്യങ്ങളുമുളള പരിസരങ്ങളിലും ടൌണ്‍ഷിപ്പുകളിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഓരോ വര്‍ഷവും വ്യവസായ -വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന ഭൂമിയുടെ അളവും സ്ഥാനവും സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കും. പൂര്‍ണമായും സുതാര്യമായ വ്യവസ്ഥകളോടെയാണ് അത്തരം സ്ഥലം മറ്റു ഏജന്‍സികള്‍ക്കു കൈമാറുന്നത്. സിങ്കപ്പൂരിലെ ഭൂനയത്തിന്റെ കേന്ദ്ര സവിശേഷതകളിലൊന്ന് ഭൂമിയുടെ മേലുളള ഊഹക്കച്ചവടത്തെ ഒരു കാരണവശാലും ആ രാജ്യം അനുവദിക്കില്ല എന്നതാണ്. അതുകൊണ്ടാണ് സര്‍ക്കാരിനു ന്യായമായ വിലയ്ക്ക് ഭൂമി വ്യവസായത്തിനും മറ്റു വികസന ആവശ്യങ്ങള്‍ക്കും ലഭ്യമാക്കാന്‍ കഴിയുന്നത്. സിങ്കപ്പൂരിന്റെ സമ്പദ്ഘടനയെ മത്സരക്ഷമമായി നിലനിര്‍ത്തുന്നതില്‍ ഊഹക്കച്ചവടത്തെ മുളയിലേ നുളളുന്ന ഈ ഭൂനയത്തിനും സ്ഥലപരമായ ആസൂത്രണത്തിനും അതുല്യമായ പ്രാധാന്യമാണുളളത്. കേരളത്തിലെ ഭൂപ്രശ്നത്തിന്റെ കാതല്‍ ഉല്‍പ്പാദന- വികസന ആവശ്യങ്ങള്‍ക്ക് ഭൂമിന്യായമായ വിലയ്ക്ക് ലഭ്യമല്ലാത്തതാണ് എന്നു നാം കണ്ടു. സിങ്കപ്പൂരിലെ ഭൂനയത്തിന്റെ വിജയം ഉല്‍പ്പാദന- വികസന ആവശ്യങ്ങള്‍ക്ക് ന്യായമായവിലയ്ക്കും വേണ്ടത്ര അളവിലും ഭൂമിയുടെ ലഭ്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിനു കഴിയുന്നു എന്നുളളതാണ്. ഭൂമിയെ ഊഹക്കച്ചവടത്തിനുളള ഉപാധിയായി മാറ്റാതെ ഉല്‍പ്പാദനോപാധിയായി നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ട ഓരോ സര്‍ക്കാറും ഇതുതന്നെയാണ് ചെയ്യേണ്ടത്.

ഭൂമി പിടിച്ചടക്കുന്നതിനായുളള മഹായുദ്ധമാണ് നടക്കുന്നത്...

കാലത്തെ അതിജീവിക്കാന്‍ പ്രാപ്തമായ ഒരു ഭൂവിനിയോഗക്രമം രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും കേരളത്തിലെ ഭരണകൂടങ്ങള്‍ കാലാകാലങ്ങളായി പരാജയമാണ്. ശത്രുക്കള്‍പ്പോലും ചെയ്യാന്‍ അറയ്ക്കുന്നത്ര ക്രൂരവും വ്യാപകവും സംഘടിതവുമാണ് കടന്നാക്രമണം ! കേരളത്തിനെതിരായ ഈ മഹായുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരക്കുന്നത് നൂറുകണക്കിനു ജെ.സി.ബി.കളാണ്. അവ രാപ്പകലന്യേ കുന്നുകളായ കുന്നുകളെല്ലാം ഇടിച്ചുനിരത്തി മുന്നേറുന്നു. രണ്ടാം നിരയില്‍ ആയിരക്കണക്കിനു ലോറികള്‍ ദിനംതോറും പതിനായിരക്കണക്കിനു ലോഡ് ചെമ്മണ്ണും പേറി ഉയരങ്ങളില്‍ നിന്നും താണസ്ഥലങ്ങളിലേക്ക് എത്തി തണ്ണീര്‍തടങ്ങളും വയലുകളും മണ്ണിട്ടുനികത്തുന്നു വേറൊരു കൂട്ടര്‍ അവിശ്രമം അധ്വാനിച്ചു മണ്ണും മണലും ഊറ്റിയെടുത്തു പുഴകളും അരുവികളും വയലുകളും അഗാധഗര്‍ത്തങ്ങളാക്കി മാറ്റുന്നു.

സര്‍വ്വോത്മുഖമായ ഈ പ്രകൃതി നാശത്തിനെതിരെ പൊരുതുന്നതില്‍ ചെറുസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും പരിമിതിയുണ്ട്. വിപുലമായ ജനകീയ മുന്നേറ്റങ്ങളുടെ ഉയര്‍ന്ന ഊഷ്മാവില്‍ മാത്രമേ പുതിയതും സന്തുലിതവുമായ ഒരു ഭൂവിനിയോഗക്രമം സ്ഥാപിച്ചെടുക്കാന്‍ കഴിയുകയുളളൂ. അതിനാകട്ടെ, സി.പി. എം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങിയേ മതിയാവൂ. എങ്കില്‍ മാത്രമേ ഈ രംഗത്തെ ഭരണകൂടത്തിന്റെ ഇതപര്യന്തമുളള പരാജയത്തിനു പരിഹാരം കാണാനുളള പുതിയ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയം കാണൂ.

ഭരണകൂടത്തിന്റെ പരാജയം സാമൂഹികനീതിയുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം അത് തോട്ടങ്ങള്‍ ഒഴിച്ചുളള ഭൂമിയുടെ ഉടമസ്ഥതക്കു പരിധി ഏര്‍പ്പെടുത്തി എന്നതാണ്. സാമൂഹിക നീതിയുടെ കാഴ്ചപ്പാടില്‍ തികച്ചും ഉജ്വലമായ ഒരു കാല്‍വെപ്പായിരുന്നു അത്. എന്നാല്‍ ഭൂപരിധി നിയമം ഉണ്ടായിട്ടും ഭൂരഹിതരുടെയും ജീവിതം പുലര്‍ത്താനാവശ്യമായ ഭൂമി സ്വന്തമായി ഇല്ലാത്ത കൃഷിക്കാരുടെയും എണ്ണം പെരുകുന്നതായി നാം കണ്ടു. ഭൂപരിധികൂടി എടുത്തു കളഞ്ഞാലത്തെ സ്ഥിതി എന്താവും എന്നു ഊഹിക്കാവുന്നതേയുളളൂ.

കേരളത്തിലെ ഭൂമി മുഴുവന്‍ ഒരു പറ്റം കുത്തക ഉടമകളിലേക്കു കേന്ദ്രീകരിക്കാന്‍ അധികസമയമൊന്നും വേണ്ടിവരില്ല. ഭൂരഹിതരുടെയും നാമമാത്ര ഭൂഉടമസ്ഥരുടെയും എണ്ണവും അനുപാതവും ഇനിയുമേറെ വര്‍ദ്ധിക്കും. സാമൂഹികനീതിയുടെ നെല്ലിപ്പലക അറബിക്കടലില്‍ പതിക്കും. എന്തോ ആവട്ടെ, ഉല്‍പ്പാദന വര്‍ദ്ധനയും വളര്‍ച്ചയും ഉണ്ടായാല്‍ മതി എന്ന സങ്കുചിതത്വവും ഫലിക്കാന്‍ പോകുന്നില്ല. കേരളത്തിലെ ഭൂമി ഇപ്പോള്‍ തന്നെ ഊഹക്കച്ചവടത്തിന്റെ ഉപാധിയായി മാറിയിരിക്കുന്നു. ഭൂവിപണിയിലേക്കുളള മൂലധനപ്രവാഹത്തിന് അവശേഷിക്കുന്ന നിയന്ത്രണം കൂടി നീക്കം ചെയ്താല്‍ ഊഹക്കച്ചവടം പൊടിപൊടിക്കും. കൃഷിക്കും വ്യവസായത്തിനും മറ്റ് ഉല്‍പ്പാദനാവശ്യങ്ങള്‍ക്കും ഇപ്പോഴുളളത്രപോലും ഭൂമി ലഭ്യമല്ലാതാവും! ഉല്‍പ്പാദനം നിലയ്ക്കും.

5

ഇനി പിറക്കാനിരിക്കുന്നവര്‍ക്കും ഈ ഭൂമി അവകാശപ്പെട്ടതാണ്

കാര്യക്ഷമമായ ഭൂഭരണ വ്യവസ്ഥയാണ് ആദ്യം വേണ്ടത്

ഭൂമിയെയും ഉടമസ്ഥതയെയും സംബന്ധിച്ച വ്യക്തതയും കൃത്യതയുമുളള രേഖകളും സ്ഥിതിവിവരകണക്കുകളുമാണ് ആദ്യം വേണ്ടത്. തികഞ്ഞ അരാജകത്വമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ഇടുക്കി ജില്ലയിലെ ഒരു വില്ലേജ് ഓഫീസിന്റെ അതിര്‍ത്തിയില്‍ മൂന്നിലൊന്നോളം വ്യാജപട്ടയങ്ങളാണ് എന്ന് അടുത്തകാലത്ത് അധികാരികള്‍ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സ്ഥിതിയല്ല. സ്വകാര്യ ഭൂവുടമസ്ഥതയുടെ രേഖകളില്‍ മാത്രമല്ല. പുറമ്പോക്കു സംബന്ധിച്ചും റവന്യൂ ഭൂമി സംബന്ധിച്ചും കൈയും കണക്കുമില്ലാത്ത സ്ഥിതിയാണ് ഭൂവുടമസ്ഥത സംബന്ധിച്ച റെക്കോര്‍ഡുകള്‍ ക്രമീകരിക്കുന്നതിലും റവന്യൂഭരണം കാര്യക്ഷമമാക്കുന്നതിലും ഇനിയും കാലതാമസം പാടില്ല.

ഭൂഭരണവ്യവസ്ഥയെ പുനക്രമീകരിക്കാന്‍ വേണ്ട രണ്ടാമത്തെ കാര്യം ഭൂമിയുടെ മേലുലള്ള ഭരണകൂടത്തിന്റെ അധീശത്വവും അധികാരവും ഉറപ്പിക്കുകയാണ്. പല മൂന്നാംലോകരാജ്യങ്ങളിലും ഈ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടത്തിന് കഴിയാത്തത് അവയുടെ വികസനശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ട് . ചരിത്രപരമായ കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ കേരളം ഭേദമാണ്. വലിയ സാമൂഹികഎതിര്‍പ്പുകളെ അതിജീവിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ഈ അധികാരങ്ങള്‍ ഒന്നും നഷ്ടപ്പെടാനിടയാവരുത്. കാടും കായലും പുഴകളും ചതുപ്പുകളും കടല്‍ത്തീരവുമൊക്കെയായി സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ മൂന്നിലൊന്നോളം വരുന്ന പൊതുവിഭവസ്രോതസ്സുകളെ സംരക്ഷിക്കാനുളള എല്ലാ അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ അധികാരത്തെ സ്വകാര്യ താല്‍പര്യത്തിനു വഴങ്ങി ഉദാരമായി വ്യാഖ്യാനിക്കുന്നത് നിര്‍ത്തി പൊതുതാല്‍പര്യം കര്‍ശനമായി പാലിക്കുന്ന സംസ്കാരം പുന:സൃഷ്ടിക്കണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വമ്പിച്ച വികസന സാധ്യതയുളള പതിനായിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ട്. അവയുടെ അതിര്‍ത്തിയും സുരക്ഷയും ഉറപ്പിച്ച് വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനുപുറമേ ആവശ്യമെങ്കില്‍ സ്വകാര്യഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിനു വേണ്ടത്ര അധികാരമുണ്ട്. രാജഭരണകാലത്ത് ലീസായും ഗ്രാന്റായും നല്‍കിയ വിശാല ഭൂപ്രദേശങ്ങളുടെമേലുളള കേരള സര്‍ക്കാരിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും പൊതുനന്മയെ ലാക്കാക്കി ഉപയോഗിക്കാവുന്നതാണ്. ഈ ഭൂമി കേരളത്തിലെ ഓരോ പൌരനും അവകാശപ്പെട്ടതാണ്. ലീസിന്റെയും ഗ്രാന്റിന്റെയും ബലത്തില്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് അനുകൂലമായി നിയമത്തെ വ്യാഖ്യാനിച്ച് അവര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ശരിയല്ല. മൂന്നാര്‍പോലുളള ഇത്തരം മേഖലകളില്‍ പൊതുസൌകര്യങ്ങളുടെ വികസനത്തിനുപോലും ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ല എന്നത് അപമാനകരമണ്.

കരവും പാട്ടവും കാലോചിതമായി പുതുക്കിയും ഭൂമി മുറിച്ചുവില്‍ക്കന്നത് തടഞ്ഞും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വേണ്ടുവോളം ഭൂമി തിരിച്ചെടുത്തുപയോഗിച്ചും ഇവിടങ്ങളിലെ ഭൂഭരണം കാര്യക്ഷമമാക്കണം. അതിനാവശ്യമായ മാസ്റ്റര്‍ പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുന്‍ഗണനാക്രമമനുസരിച്ച് ഇത്തരം ഭൂമി ഉപയോഗിക്കാന്‍ തയാറാവുന്ന ലീസുടമകളെ അഥവാ ഗ്രാന്റുടമകളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല. ഇത് പൊതുസ്വത്താണെന്നും അതിന്റെ ഉപയോഗത്തിനുമേല്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അംഗീകരിച്ചുകൊണ്ടുളള സമീപനമാണ് ആവശ്യം.

കേരളത്തിലെ ഭൂമിയുടെമേല്‍ പൊതുസമൂഹത്തിനുളള അധികാരത്തിന്റെ മറ്റൊരു വശമാണ് ഭൂപരിധിവ്യവസ്ഥകള്‍. ചെറുകിടഉടമസ്ഥരില്‍ നിന്നും ഭൂമി വാങ്ങിക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കാനുളള അധികാരം ഇപ്പോള്‍ സര്‍ക്കാറിനു മാത്രമേയുളളൂ. സ്വകാര്യസംരംഭകര്‍ക്കും കമ്പനികള്‍ക്കും കൂടി ഭൂമിവാങ്ങി സ്വരുക്കൂട്ടാനുളള ഈ അധികാരം നല്‍കണം എന്ന മുറവിളിയാണ് ഇപ്പോള്‍ ഉയരുന്നത്. രഹസ്യമായി കുറഞ്ഞ വിലക്ക് ഭൂമി വാങ്ങിക്കൂട്ടിയ പല സംഘങ്ങളും തങ്ങളുടെ നടപടി നിയമവിധേയമാക്കാനും ഈ ആവശ്യം ഉയര്‍ത്തുന്നുണ്ട്. വികസന ആവശ്യങ്ങള്‍ക്കുവേണ്ടി ചെറുകിടക്കാരില്‍ നിന്നും ഭൂമി കേന്ദ്രീകരിച്ചെടുക്കേണ്ട സന്ദര്‍ഭങ്ങള്‍ എപ്പോഴും ഉണ്ടാവാം. ഏറെ പ്രാധാന്യമുളള ഈ സാമ്പത്തിക ധര്‍മം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ നേരിട്ടോ, സര്‍ക്കാറിന്റെ നിയന്ത്രണത്തിലുളള മറ്റ് ഏജന്‍സികളോ മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം അസ്വീകാര്യമാണ്. വികസനകാര്യങ്ങള്‍ക്ക് ഭൂമി സ്വരുക്കൂട്ടി ധര്‍മം നിര്‍വഹിക്കാനാവശ്യമായ സംവിധാനം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഭൂമി സ്വരുക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കേണ്ട സംരംഭങ്ങള്‍ ആര്‍ക്കും ആരംഭിക്കാന്‍ കഴിയാതെ വരും. ലാന്‍ഡ് ബാങ്ക് പോലുളള സംവിധാനങ്ങള്‍ സൃഷ്ടിച്ച് വികസനാവശ്യങ്ങള്‍ക്ക് ഭൂമി കേന്ദ്രീകരിച്ചു നല്‍കുന്ന സമ്പ്രദായം ഉണ്ടാവണം.

പ്ലാന്റേഷനുകളെ പ്ലാന്റേഷന്‍ ആവശ്യം വിട്ടുളള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാലും ഭൂപരിധി വ്യവസ്ഥ ബാധകമാക്കരുത് എന്ന തോട്ടം ഉടമസ്ഥരുടെ വാദം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. സമതലങ്ങളില്‍ (പ്ലാന്റേഷന്‍ ഇതര മേഖലയില്‍) പതിനഞ്ചേക്കറില്‍ കൂടുതലുളള ഭൂമി മിച്ചഭൂമിയായി കണ്ടുപിടിച്ചെടുത്ത ഭരണകൂടമാണ് കേരളത്തിലേത് എന്ന് ഓര്‍ക്കണം. സമതലങ്ങളില്‍ തോട്ടത്തിനാണെങ്കിലും അല്ലെങ്കിലും ഭൂപരിധിയുണ്ട്. എന്നാല്‍ അവയ്ക്ക് ഭൂപരിധി ബാധകമല്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തോട്ടം നടത്തുന്നിടത്തോളം തോട്ട ഉടമകള്‍ക്ക് ഭൂപരിധി വ്യവസ്ഥയില്‍ നിന്ന് ഒഴിവു കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. തോട്ടം നിര്‍ത്തിയാല്‍ മിച്ചഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാവണം. അത്തരം മിച്ചഭൂമി പുതിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, ഒരുപക്ഷേ, പഴയ ഉടമകള്‍ക്ക് മുന്‍ഗണന നല്‍കാവുന്നതാണ്. പക്ഷേ, അത് മിച്ചഭൂമിയാണെന്നും അതിന്റെമേല്‍ ഭൂരഹിതര്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനാണ് അവകാശമെന്നുമുളള അടിസ്ഥാനതത്ത്വം അംഗീകരിക്കപ്പെടണം. വന്‍‌കിട തോട്ടങ്ങളില്‍ ഏറിയകൂറും കേരളത്തിന്റെ വിലപ്പെട്ട സമ്പത്തും സാമൂഹിക മിച്ചവും ഇവിടെ നിക്ഷേപിക്കാന്‍ തയ്യാറാവാതെ ഊറ്റിയെടുത്ത് പുറത്തേയ്‌ക്ക് കൊണ്ടുപോകുകയായിരുന്നു എന്നത് സ്‌മരണീയമാണ്.

6

പാര്‍പ്പിടം, കൃഷി, വ്യവസായം - ഭൂവിനിയോഗം എങ്ങനെ....?

ഭൂമിയുടെ മേലുളള അധികാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ തികച്ചും സമ്പന്നമാണ്. അധികാരം പൊതുനന്മ മുന്‍നിര്‍ത്തി ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നുമാത്രം. ഭൂഭരണ വ്യവസ്ഥയുടെ പ്രധാനലക്ഷ്യങ്ങളില്‍ പ്രഥമം സാമൂഹികനീതി തന്നെ. എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം ഉടമസ്ഥതയിലുളള വീടുകള്‍ ഉണ്ടാവുക എന്നത് ഒരു ഉപലക്ഷ്യമാകാവുന്നതാണ്. പാര്‍പ്പിടനിര്‍മ്മിതിയില്‍ ഇപ്പോള്‍ ആസൂത്രണമേ ഇല്ല. പശ്ചാത്തലസൌകര്യങ്ങളും പൊതുസേവനങ്ങളും വിശ്രമസ്ഥലങ്ങളും ഒത്തിണങ്ങിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഭരണകൂടം മുന്‍കൈയെടുക്കണം. ഭൂദരിദ്രമായ കേരളത്തില്‍ ഒറ്റതിരിഞ്ഞ വീടുകളുടെ സ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ബഹുനില കെട്ടിങ്ങള്‍ക്കും പ്രാധാന്യം നല്‍കി സ്ഥലം ലാഭിക്കാം. നഗരപ്രാന്തങ്ങളിലും മറ്റും ചിതറിക്കിടക്കുന്ന വീടുകളെയും അവയുടെ വസ്തുവകകളേയും ഒന്നിച്ചുചേര്‍ത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടാക്കുകയും മിച്ചംവരുന്ന ഭൂമി അവരുടെ തന്നെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇത്തരം പാര്‍പ്പിടകേന്ദ്രങ്ങളും ടൌണ്‍ഷിപ്പുകളും വികസിപ്പിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു തന്നെ മുന്‍കൈയെടുക്കാം.

ഭൂഭരണവ്യവസ്ഥയുടെ മറ്റൊരു ലക്ഷ്യം ചെറുകിടഉല്‍പാദകരുടെ സംരക്ഷണമായിരിക്കണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ഉല്‍പ്പാദനോപാധിയും ജീവനോപാധിയുമാണ്. അര്‍ഹമായ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും മറ്റു ചെറുകിട ഉല്‍പാദകര്‍ക്കും സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിതരണം ചെയ്യാന്‍ നടപടി ഉണ്ടാവണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതോടൊപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും ഭരണകൂടം ഇടപെടണം. അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വായ്പയുടെയും കമ്പോളത്തില്‍ അവര്‍ മത്സരിക്കേണ്ടിവരിക കുത്തകകളോടാണ് . ചെറുകിടഉല്‍പാദകര്‍ക്കിടയിലെ കൂട്ടായ്‌മകളെ പ്രോത്സാഹിപ്പിച്ചും ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കിയും അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഭൂവിനിയോഗക്രമത്തിന്മേലുളള നിയന്ത്രണവും ചെറുകിടഉല്‍പാദകരെ അവരുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ചെറുകിടഉല്‍പാദകര്‍ക്ക് അവരുടെ ജീവനോപാധി നഷ്ടമാവാതിരിക്കാന്‍ ഭൂപരിഷ്കരണനിയമത്തിലെ ഭൂപരിധിവ്യവസ്ഥയെ അതീവജാഗ്രതയോടെ സംരക്ഷിക്കേണ്ടതുമുണ്ട്. ഒപ്പം തരിശിടുന്ന ഭൂമിയില്‍ കൃഷി നടത്താന്‍ സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മധ്യസ്ഥതയില്‍ കൃഷിക്കാരുടെ കൂട്ടായ്‌മകളെയോ സ്വയം സഹായസംഘങ്ങളെയോ ഏല്‍പ്പിക്കുന്ന സമ്പ്രദായം കൂടുതല്‍ വ്യാപകമാക്കാവുന്നതാണ്.

ഭൂഭരണത്തിന്റെ മറ്റൊരു അടിസ്ഥാനലക്ഷ്യം കൃഷിക്കും വ്യവസായത്തിനും മറ്റു ഉല്‍പാദനമേഖലകള്‍ക്കും ആവശ്യമായ ഭൂമിയും ഭൂവിഭവങ്ങളും ന്യായമായ വിലക്ക് ലഭ്യമാക്കുകയാണ്. ആഗോളീകരണ കാലത്ത് ആഭ്യന്തര വിപണിയിലും പുറം വിപണിയിലും അരങ്ങേറുന്ന മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇത് അനിവാര്യമാണ്. ഭൂവിലകള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇത് സാക്ഷാത്കരിക്കുക ഏറെ പ്രയാസകരമാണ് അതുകൊണ്ടു തന്നെ ഇത് സാമ്പത്തികരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഊഹക്കച്ചവടക്കാരെ ഭൂവിപണിയില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ ഈ ലക്ഷ്യം നിറവേറ്റാനാകൂ. മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കുകയും അവയില്‍ മുതല്‍മുടക്കാന്‍ തയാറാവുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സംയുക്തസംരംഭങ്ങള്‍, തദ്ദേശീയരായ സംരംഭകര്‍ എന്നുവേണ്ട വിദേശ കമ്പനികള്‍ക്കു പോലും വ്യക്തമായ വ്യവസ്ഥകളുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കമ്പോളവിലയിലും കുറഞ്ഞ നിരക്കില്‍ ഭൂമിയോ നിര്‍മാണസ്ഥലമോ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എന്നുമാത്രമല്ല ഇങ്ങനെ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ തെരഞ്ഞെടുക്കുന്ന വികസന മേഖലകള്‍ക്ക് ആവശ്യമായിവരുന്ന എല്ലാ പശ്ചാത്തല പൊതുസേവന സൌകര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ ഭൂബന്ധങ്ങളുടെയും ഭൂവിപണിയുടെയും സവിശേഷതകള്‍ കാരണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭൂവിലകളുടെ ശാപത്തില്‍ നിന്നും ഉല്‍പാദനത്തുറകളെ രക്ഷിക്കുന്നതിനുളള ആസൂത്രിത നീക്കമാണ് ഉണ്ടാവേണ്ടത്.

മറ്റൊരു പ്രധാന ലക്ഷ്യം പാരിസ്ഥിതിക നീതി ഉറപ്പുവരുത്തുന്ന ഭൂവിനിയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭൂവിനിയോഗത്തില്‍ പഴയ കാലത്തേക്കുളള തിരിച്ചുപോക്ക് അസാധ്യമാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ ഭൂവിനിയോഗത്തില്‍ വരുന്ന മാറ്റത്തെ കേന്ദ്രീകരിച്ചുകൊണ്ടാവുന്നതാണ് പ്രായോഗികം. അസ്വീകാര്യമായ മാറ്റങ്ങളെ നിയമം മൂലം നിരോധിക്കുകയും ഏറ്റവും കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്തുകൊണ്ട് തടയുകയും ചെയ്യണം. ഏറ്റവും സാമൂഹിക നേട്ടമുളള ഭൂവിനിയോഗം നിലനിര്‍ത്തുന്നവര്‍ക്ക് ഉദാരമായ നഷ്ടപരിഹാരം നല്‍കണം. നെല്‍വയലും, ചതുപ്പും, മറ്റു തണ്ണീര്‍തടങ്ങളും കുളങ്ങളും ചിറകളും കാവുകളും കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഭൂനികുതിയില്‍ നിന്നും ഒഴിവുനല്‍കുകയും പണം അങ്ങോട്ട് നല്‍കുകയും വേണം. വയല്‍, ചതുപ്പുതണ്ണീര്‍തടങ്ങള്‍, കുളം, ചിറ, കാവ് തുടങ്ങിയ വിലപ്പെട്ട 'സാമൂഹികആസ്തി'കള്‍ നശിപ്പിച്ചുണ്ടാക്കിയ വസ്തുവകകള്‍ക്ക് ഉയര്‍ന്ന കരം ഏര്‍പ്പെടുത്തണം. സമൂഹത്തിന് അനഭികാമ്യമായ ഭൂവിനിയോഗം നടത്തുന്നവരില്‍ നിന്ന് ശേഖരിക്കുന്ന കരം സമൂഹത്തിന് അഭികാമ്യമായ ഭൂവിനിയോഗം നിലനിര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കണം.

ഭൂബന്ധങ്ങളിലും ഭൂവിപണിയിലും അടിസ്ഥാന സ്വഭാവമുളള അഴിച്ചുപണികള്‍ നടത്തിക്കൊണ്ടുമാത്രമേ കേരളത്തിന് ഇന്നത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറാനാവൂ. പക്ഷേ ഇത് കേവലം സര്‍ക്കാര്‍ നടപടികളിലൂടെ സാധിക്കാവുന്ന കാര്യമല്ല. കേരള സമൂഹം വിശേഷിച്ചും കേരളത്തിന്റെ നേതൃത്വം ഒന്നടങ്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സംസ്ഥാനത്തിന്റെ ഉല്‍പാദനമേഖലകളെ ഭൂബന്ധത്തിന്റെ കുരുക്കുകളില്‍ നിന്ന് മോചിപ്പിക്കാനാവൂ.

*
അഭിമുഖം തയ്യാറാക്കിയത്: ശ്രീ അജയഘോഷ്
കടപ്പാട്: പി എ ജി ബുള്ളറ്റിന്‍ നമ്പര്‍ 66

Saturday, September 27, 2008

കേരളത്തിന്റെ മണ്ണ് പിടയുന്നു...

നമ്മുടെ കേരളത്തില്‍ ഭൂമിയുടെ വില കുതിച്ചുയരുന്നത് ബ്ലേഡ് നിക്ഷേപ നിരക്കിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലാണ്... കുന്നും മലയും, കുളവും കായലും, വയലും പുഴയുമൊക്കെ ഊഹമൂലധനത്തിന്റെ ലാഭസഞ്ചയത്തിലേക്ക് അതിവേഗം വരവുവെച്ചുകൊണ്ടിരിക്കുകയാണ്.. സാമൂഹ്യദുരന്തവും, സംഘര്‍ഷവും വിളയുന്ന മണ്ണായി കേരളം പരിവര്‍ത്തനപ്പെടുമ്പോള്‍ മൌനമായി ഇരിക്കുന്നതിന് നാം കടുത്ത വില നല്‍കേണ്ടിവരും... പ്രഗല്‍ഭ സാമ്പത്തികശാസ്ത്ര അധ്യാപകനും കേരള പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ.എന്‍. ഹരിലാലുമായി പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തില്‍ കേരളം നേരിടുന്ന ഈ സാമൂഹിക സംഘര്‍ഷങ്ങളുടെ അകവും പുറവും, ആഴവും പരപ്പും അന്വേഷിക്കുകയാണ്....

ചെങ്ങറയിലും, മൂലമ്പള്ളിയിലും അതു പോലെ മറ്റിടങ്ങളിലും മണ്ണ് സംഘര്‍ഷഭൂമിയാകുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഭൂപ്രശ്നത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന ഈ അഭിമുഖം രണ്ട് ഭാഗങ്ങളായി വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്നു.

1

മൂലധനം മണ്ണില്‍ ഇടപെടുമ്പോള്‍ സംഘര്‍ഷം വിളയുന്നു.....

മൂലധനത്തിന്റെ സുഭിക്ഷമായ ലഭ്യതയും ഭൂമിയുടെ ദൌര്‍ലഭ്യതയും തമ്മിലുള്ള വൈരുദ്ധ്യമാണ് കേരളത്തിലെ വര്‍ത്തമാനകാല സാമൂഹികസംഘര്‍ഷങ്ങളുടെ ഒരു പ്രധാനകാരണം. കഴിഞ്ഞ മൂന്നു-മൂന്നര പതിറ്റാണ്ടുകാലത്ത് കേരളത്തില്‍ നിന്ന് പണിയന്വേഷിച്ചും ചെറുകിട വ്യാപാരം നടത്താനുമൊക്കെയായി ഗള്‍ഫ് നാടുകളിലേക്കും മറ്റു പുറം രാജ്യങ്ങളിലേക്കും പോയ മലയാളികളില്‍ കുറേപ്പേര്‍ മൂലധനശേഷി സമാഹരിച്ച് ഇപ്പോള്‍ സംരംഭകരായി മാറിയിരിക്കുന്നു. ഇവരില്‍ ചെറുകിടസംരംഭകരും അറിയപ്പെടുന്ന വന്‍കിടക്കാരുമുണ്ട്. ഇതിനുപുറമെ പുറംനാടുകളില്‍ നിന്നുള്ള വ്യക്തികളും കമ്പനികളും പൊതുമേഖലാസ്ഥാപനങ്ങളും ഒക്കെ കേരളത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നു. സര്‍വ്വശക്തിയും സമാഹരിച്ച് മുന്നോട്ടു കുതികൊള്ളുന്ന ഈ മൂലധനപ്രവാഹത്തിന് തടസ്സമുണ്ടാവുമ്പോള്‍ സംഘര്‍ഷം ഉണ്ടാവുക സ്വാഭാവികമാണ്. മൂലധനം എപ്പോഴും ആഗ്രഹിക്കുക അതിനു 'ഇഷ്ടപ്പെട്ട വഴി'കളിലൂടെ മുന്നേറാനുള്ള സ്വാതന്ത്ര്യമാണ്. എന്നാല്‍, ഉപഭോക്താക്കള്‍ക്കും തൊഴിലാളികള്‍ക്കും പരിസ്ഥിതിക്കും മറ്റു മൂലധനേതരതാല്‍പര്യങ്ങള്‍ക്കും മാറാമുറിവുകള്‍ ഉണ്ടാകാതെ നോക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പിനുതന്നെ അനിവാര്യമാണ്.

ആരാണ് മൂലധന ഉടമകള്‍...?

കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വരുന്ന സംരംഭകരുടെ കൂട്ടത്തില്‍ ശരിയായ മാര്‍ഗത്തില്‍ മൂലധനം സ്വരുക്കൂട്ടിയവരും അത്ര ശരിയല്ലാത്ത മാര്‍ഗത്തില്‍ പണം സമ്പാദിച്ചവരുമുണ്ട്. പക്ഷേ, ഏത് കൂട്ടരാണെങ്കിലും മൂലധനനിക്ഷേപം നടത്താന്‍ പുതിയ പുതിയ അവസരങ്ങള്‍ ലഭിക്കുക എന്നതും ആദായനിരക്ക് ആകര്‍ഷകമായിരിക്കുക എന്നതും പ്രധാനമാണ്. ഇന്നത്തെ നിലയ്ക്ക് ക്യഷി അനുബന്ധമേഖലകളും പഴയ വ്യവസായത്തുറകളും ഒട്ടും ആകര്‍ഷകമല്ല. അതുകൊണ്ട് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന മൂലധനത്തിന് ബദല്‍ നിക്ഷേപത്തുറകളും സാധ്യതകളും കണ്ടെത്തിയേ മതിയാവൂ. വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഭൂമി കച്ചവടം, സ്വര്‍ണവ്യാപാരം, വാട്ടര്‍ തീംപാര്‍ക്കുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍, ആയുര്‍വേദ മരുന്നു നിര്‍മ്മാണവും സുഖചികില്‍സകളും, അണ്‍ എയ്‌ഡഡ് സ്കൂളുകള്‍, സ്വാശ്രയ പ്രൊഫഷനല്‍കോളേജുകള്‍, ആട്, മാഞ്ചിയം, തേക്ക്, ഭാഗ്യക്കുറി തുടങ്ങിയവയെ ആധാരമാക്കിയുള്ള പൊതുജന നിക്ഷേപപരിപാടികള്‍ മുതല്‍ വ്യാജമദ്യം, കഞ്ചാവ് ക്യഷി, മയക്കുമരുന്ന്, ഹവാല, ചിട്ടി, ബ്ലേഡ്, കുഴല്‍പണം, നോട്ടിരട്ടിപ്പ്, കള്ളക്കടത്ത് തുടങ്ങി ഏറെ വൈവിധ്യമാര്‍ന്ന മേഖലകളാണ് അവരവരുടെ അഭിരുചിക്കും, പാരമ്പര്യത്തിനും മൂല്യബോധത്തിനും അനുസരിച്ച് പുതിയ മൂലധന ഉടമകള്‍ തെരഞ്ഞെടുക്കുന്നത്.

ക്രിമിനല്‍ മൂലധനം സാമൂഹ്യസംഘര്‍ഷമുണ്ടാക്കുന്നു...!

പുതുമൂലധനം പുളയ്ക്കുന്ന ഈ പുതിയ നിക്ഷേപത്തുറകളില്‍ പലതും പ്രത്യക്ഷത്തില്‍ തന്നെ നിയമവിരുദ്ധവും ധര്‍മവിരുദ്ധവുമായ മേഖലകളാണ്. പുതിയ നിക്ഷേപത്തുറകളില്‍ താരതമ്യേന സ്വീകാര്യം എന്ന് കരുതാവുന്ന മേഖലകളുടെ കാര്യത്തില്‍പോലും സാമൂഹിക നിയന്ത്രണത്തിന്റെ ചട്ടക്കൂട് ഇനിയും രൂപപ്പെട്ടിട്ടില്ല. എന്താണ് നിയമവിധേയം, എന്താണ് നിയമവിരുദ്ധം എന്ന് സര്‍ക്കാറിനോ, കോടതിക്കുപോലുമോ ക്യത്യമായി പറയാന്‍ കഴിയാത്ത അവ്യക്തത ഈ മേഖലകളുടെ പൊതുസ്വഭാവമാണ്. സംഘര്‍ഷം ഉണ്ടാവുന്നതിന് നിയമത്തിലും ഭരണത്തിലുമുള്ള അവ്യക്തതകള്‍ കാരണമാവുന്നുണ്ട്. എന്നാല്‍, അതു മാത്രമല്ല നവ വളര്‍ച്ചാമേഖലകള്‍ സംഘര്‍ഷഭരിതമാവാന്‍ കാരണം. മൂലധനഉടമകളുടെയും സമൂഹത്തിലെ ഇതരവിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യവും സംഘട്ടനവുമാണ് കൂടുതല്‍ അടിസ്ഥാനസ്വഭാവമുള്ള കാരണം. മയക്കുമരുന്നുവ്യാപാരം, നോട്ടിരട്ടിപ്പ്, കള്ളക്കടത്ത് നിയമവിധേയമല്ലാത്ത പൊതുജന നിക്ഷേപപരിപാടികള്‍ എന്നിവയൊക്കെ നിയമവിരുദ്ധവും സമൂഹവിരുദ്ധവും, സംഘര്‍ഷജനകവുമാണ്. നിര്‍മ്മാണം, റിയല്‍എസ്റ്റേറ്റ്, വസ്തുക്കച്ചവടം തുടങ്ങിയ കാര്യത്തില്‍ ഭൂമിയുടെ ദൌര്‍ലഭ്യവും, വിലക്കയറ്റവും ക്യഷിക്കും വ്യവസായത്തിനും വിനയാണെങ്കില്‍ വസ്തുവിലക്കയറ്റത്തെത്തന്നെ ബിസിനസാക്കി മാറ്റാനാണ് ഇവിടെ സംരംഭകര്‍ ശ്രമിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വസ്തുവാങ്ങി വിലകയറ്റി അഥവാ വില കയറുമ്പോള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ഊഹക്കച്ചവടമൂലധനത്തിന്റെ ഭൂവിപണിയിലേക്കുള്ള തള്ളിക്കയറ്റം ക്യഷിയെയും വ്യവസായത്തെയും കൂടുതല്‍ അനാകര്‍ഷകമാക്കുന്നതോടൊപ്പം ധാരാളം ചെറുകിടഉല്‍പാദകരുടെ ജീവനോപാധി കവരുകയും ചെയ്യുന്നു. സ്വന്തമായി സ്ഥലം വാങ്ങി വീടുവെക്കുക എന്ന സാധാരണക്കാരുടെ സ്വപ്നം യാഥാര്‍ഥ്യമാകാതെ പൊലിഞ്ഞുപോവുന്നതിനും ഇത് കാരണമാവുന്നു. സ്വന്തം സ്ഥലം വിറ്റ് വിദൂര നഗരപ്രാന്തങ്ങളിലേക്ക് കൂടുമാറേണ്ടിവരുന്ന നഗരങ്ങളിലെ തൊഴിലാളികളുടെ ചിത്രവും ഇവിടെ സ്മരണീയമാണ്. തൊഴിലിനും വിദ്യാഭ്യാസത്തിനും രോഗശുശ്രൂഷയ്ക്കും മറ്റും നഗരത്തെ ആശ്രയിക്കേണ്ടിവരുന്ന ഈ തൊഴിലാളികുടുംബങ്ങളുടെ മൊത്തം ചെലവിന്റെയും സമയത്തിന്റെയും സിംഹഭാഗവും 'യാത്ര'ക്കായി നീക്കിവെക്കേണ്ടിവരുന്നുവെന്ന് കാണാം.

മനസ്സ് മുതല്‍ മണ്ണ് വരെ മൂലധനത്തിന് വിട്ടുകൊടുത്തവര്‍...

നിര്‍മ്മാണ മുതലാളിമാരും റിയല്‍എസ്റ്റേറ്റുകാരും മറ്റു പുതു മൂലധനഉടമകളും അഭിരമിക്കുന്ന മറ്റൊരു സുപ്രധാന പ്രവര്‍ത്തനമേഖല ഭൂമി കൈയ്യേറ്റത്തിന്റേതാണ്. കേരളത്തിലങ്ങോളമിങ്ങോളം ഭൂമിത്തര്‍ക്കങ്ങളും കേസുകളും ഉയര്‍ന്നു വന്നിരിക്കുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. കൈയൂക്കും സ്വാധീനവും നിയമത്തിലെ പഴുതുകളും നീതിന്യായ വ്യവസ്ഥയുടെ ജീര്‍ണതയും സര്‍വോപരി അളവറ്റ അന്തസ്സില്ലായ്മയും ഉപയോഗ പ്പെടുത്തി നടത്തുന്ന ഏറെ ആദായകരമായ ഈ ബിസിനസ്സിന്റെ ഒരുവശം സര്‍ക്കാര്‍ ഭൂമിയുടെയും പുറമ്പോക്കിന്റെയും കൈയേറ്റമാണ്. രണ്ടാമത്തേത് കാടും കായലും കടല്‍ത്തീരങ്ങളും പുഴയോരങ്ങളും ചെറുതോടുകളും ഭൂഗര്‍ഭജലവും മറ്റു പൊതുവിഭവസ്രോതസ്സുകളെല്ലാം സ്വകാര്യ സ്വത്താക്കിമാറ്റുകയാണ് എന്നതാണ്.

പൊതുഭൂമി കൈയേറുന്ന ഊഹമൂലധനം

കേരളത്തിലെ സമകാലീന ഭൂപ്രശ്നത്തിന്റെ ഏറ്റവും അപകടകരമായ ഒരു മുഖം പൊതുവിഭവ സ്രോതസ്സുകളുടെ കൈയേറ്റമാണ്. പൊതുവിഭവസ്രോതസ്സുകളുടെ കാര്യത്തില്‍ സര്‍ക്കാറിനുപോലും അപരിമിതമായ സ്വത്തവകാശമില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെ പൊതുവിഭവസ്രോതസ്സുകളുടെ മേല്‍ പരിമിതികളില്ലാത്ത സ്വകാര്യസ്വത്തവകാശം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടല്‍ത്തീരവും കായലും മറ്റും വളഞ്ഞുകെട്ടി സ്വകാര്യ സ്വത്താക്കുകയും പൊതുജനത്തിനും സര്‍ക്കാറിനുമുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണമാവുകയാണ്. പൊതു വിഭവസ്രോതസ്സുകളുടെ അര്‍ഥശാസ്ത്രം വെളിവാക്കുന്ന ഒരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. 'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി' എന്നതാണത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി മുതലെടുത്ത് പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമിയും കടത്തീരവും കായല്‍പ്പരപ്പും പുതുമടിശീലക്കാര്‍ സ്വന്തമാക്കിയിരിക്കയാണ്. ഇതിനെതിരെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ധീരമായ നടപടി ഇനിയും ബഹുദൂരം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

സമൂഹത്തിനെതിരെ യുദ്ധം ചെയ്യുന്ന ക്രിമിനല്‍ മൂലധനം

പൊതുവിഭവസ്രോതസ്സുകള്‍ സ്വകാര്യസ്വത്താക്കപ്പെടുന്നതിന്റെയും നശിപ്പിക്കപ്പെടുന്നതിന്റെയും ആഘാതം പേറേണ്ടിവരിക സാധാരണ ജനങ്ങളാണ്. തെക്കന്‍ കേരളത്തില്‍ റിസോര്‍ട്ട് ഉടമകള്‍ കടല്‍ത്തീരം വളഞ്ഞുകെട്ടി പൊതു ജനങ്ങള്‍ക്ക് വഴിനടക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നുണ്ട്. ഭൂഗര്‍ഭജലത്തിന്റെ അമിതചൂഷണം കുത്തകകളെ കൊഴുപ്പിക്കുമ്പോള്‍ ജനങ്ങളുടെ വെള്ളം കുടി മുട്ടിക്കുകയും അവര്‍ കൂടുതല്‍ ദരിദ്രരാക്കപ്പെടുകയും ചെയ്യും. വേമ്പനാട്ടു കായല്‍ റിസോര്‍ട്ടുകളെ കൊണ്ടും ഹൌസ് ബോട്ടുകളെകൊണ്ടും നിറയുമ്പോള്‍ കായല്‍ വ്യവസ്ഥയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെ ജീവിതം വഴിമുട്ടും! കാട് നശിച്ചാലും ജലസ്രോതസ്സുകള്‍ വറ്റിവരണ്ടാലും പരിസരവും വായുവും, ജലവും മലിനപ്പെട്ടാലും പണക്കാര്‍ പിടിച്ചുനില്‍ക്കും. പണംകൊണ്ട് ഓട്ടയടക്കാന്‍ അവര്‍ക്ക് ഒട്ടേറെ വഴികളുണ്ട്.അതുമല്ലെങ്കില്‍ തങ്ങള്‍തന്നെ അഴിമതിയിലൂടെ കുളം തോണ്ടിയ റോഡുകളെയും മലിനമാക്കിയ ജലസ്രോതസ്സുകളെയും വ്യത്തിഹീനമാക്കിയ പരിസരങ്ങളെയും ചൂണ്ടിക്കാണിച്ച് നാടിനെയും നാട്ടുകാരെയും പഴിപറഞ്ഞ് മൂലധനത്തിന്റെ സ്വന്തം നാടായ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാം. തൊഴിലാളികളെയും മറ്റു അദ്ധ്യാനിക്കുന്ന ജനവിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം പൊതു വിഭവസ്രോതസ്സുകളെ സംരക്ഷിച്ചുകൊണ്ടല്ലാതെ നിലനില്‍പ്പില്ല. പൊതുവിഭവസ്രോതസ്സുകളെ പരിരക്ഷിയ്ക്കാന്‍ വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരം യഥാര്‍ത്ഥത്തില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ്.

2

ഭൂപരിഷ്കരണനിയമം ആരാണ് അട്ടിമറിക്കുന്നത്...?

അവര്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍....

കേരളത്തിലെ ഭൂപ്രശ്നത്തിന്റെ മറ്റൊരു മുഖം ഭൂപരിഷ്കരണനിയമത്തിന്റെ ലംഘനമാണ്. നിയമം അനുശാസിക്കുന്ന പരിധിക്കപ്പുറം ഭൂമി സ്വരുക്കൂട്ടാന്‍ വ്യക്തികള്‍ക്കോ, കുടുംബങ്ങള്‍ക്കോ അധികാരമില്ല. എന്നാല്‍, റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ ഒരു നിയന്ത്രണവും ഇല്ലാതെ ഭൂമി വാങ്ങിക്കൂട്ടുന്നു. വിവിധ ട്രസ്റ്റുകളുടെ പേരിലും കള്ളപ്പേരിലും മറ്റും ചെറുകിട ഉടമസ്ഥന്‍മാരില്‍നിന്ന് ഭൂമി വാങ്ങി ഒന്നിച്ചുചേര്‍ക്കുന്നു നിയമത്തിലെ പഴുതുകള്‍ കണ്ടുപിടിച്ച് ഉപയോഗിക്കാനും വേണ്ടിവന്നാല്‍ നിയമം ലംഘിക്കാനും, നിയമലംഘനത്തിന് മറയിടാന്‍ വില്ലേജ് ഓഫീസര്‍ മുതല്‍ ന്യായാധിപന്‍മാര്‍വരെയുള്ളവരെ സ്വാധീനിക്കാനുമുള്ള ഉളുപ്പില്ലായ്മയാണ് ഈ രംഗത്തെ സംരംഭകരുടെ പ്രധാന മൂലധനം. എന്നാല്‍ ഇക്കൂട്ടര്‍ ഒരു സുപ്രധാന ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നുണ്ട്. ചെറുതുണ്ടുകളായി ചിതറക്കിടക്കുന്ന ഭൂമി സ്വരുക്കൂട്ടി വികസനനിക്ഷേപത്തിന് കളമൊരുക്കുന്നു എന്നതാണ് അത്. പക്ഷേ, സാമൂഹിക നിയന്ത്രണത്തിനു വിധേയമല്ലാതെ നടക്കുന്ന ഭൂമിയുടെ ഇത്തരം കേന്ദ്രീകരണവും, ഊഹക്കച്ചവടവും മിക്കപ്പോഴും അമിതമായ വസ്തുവിലക്കയറ്റത്തിലേക്കും അതുവഴി വികസന നിക്ഷേപത്തിനു തികച്ചും വിപരീതമായ സാഹചര്യങ്ങളിലേക്കും നയിക്കും. പരമ പ്രധാനമായ കാര്യം ആധുനികകേരളത്തിന്റെ നിര്‍മ്മാണത്തിന് അടിസ്ഥാനമായ ഭൂപരിധിനിയമത്തിന്റെ ലംഘനവും അത് ഉണ്ടാക്കുന്ന സാമൂഹികസംഘര്‍ഷവുമാണ്.

അവര്‍ വന്‍കിട തോട്ടം ഉടമകള്‍

ഭൂപരിഷ്കരണനിയമം ലംഘിക്കപ്പെടുന്ന മറ്റൊരുരീതി തോട്ടങ്ങളുമായി ബന്ധപ്പെട്ടാണ്. തേയില, കാപ്പി, ഏലം, റബര്‍ എന്നിങ്ങനെ നാലുതരം തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. തോട്ടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, തോട്ടമാണെന്ന ഒറ്റക്കാരണം പറഞ്ഞ് നേരത്തെ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവുനേടിയ വന്‍കിട തോട്ടമുടമസ്ഥര്‍ ഇപ്പോള്‍ ഭൂമി തുണ്ടുതുണ്ടാക്കി വിറ്റുകൊണ്ടിരിക്കുകയാണ്. 76,000ത്തോളം ഏക്കര്‍ ഭൂമി കൈവശം വെച്ച ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് മുതല്‍ ചെറുകിട-ഇടത്തരം തോട്ടമുടമകള്‍ വരെ തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നുണ്ട്. ഒരേ പന്തിയിലെ രണ്ടുതരം വിളമ്പല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവും ! കേരളത്തിന്റെ മലനിരകളിലും ചരിവുകളിലുമായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പഴയ കാലത്ത് രാജാക്കന്മാര്‍ ഗ്രാന്റായും ലീസായും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ട്. കേരളീയരുടെ ഈ പൊതുസ്വത്തില്‍നിന്ന് ഖജനാവിലേക്ക് ന്യായമായും കിട്ടേണ്ട കരവും പാട്ടവും മറ്റും കാലോചിതമായി കൂട്ടാനും ക്യത്യമായി പിരിക്കാനും കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്.

അവര്‍ 'സേവനം' ചെയ്യുന്ന മൂലധന ഉടമകള്‍

സാമൂഹികനിയന്ത്രണങ്ങളുടെ ചട്ടക്കൂടിനു പുറത്ത് വ്യവസ്ഥയിലെ അവ്യക്തതകളുടെ തണലില്‍ നിന്ന് വളരാനുളള പുതുമൂലധനശക്തികളുടെ ശ്രമം നീറിപ്പുകയുന്ന സാമൂഹികസംഘര്‍ഷങ്ങള്‍ക്കും അസ്വാസ്ഥ്യങ്ങള്‍ക്കും വഴിവെക്കുന്നു. ആഴമേറിയതും അടിസ്ഥാനസ്വഭാവമുളളതുമായ ഈ പ്രതിസന്ധിക്ക് എന്താണ് പരിഹാരം? മുമ്പ് ഇന്നത്തേതിനു സമാനമായ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ജനകീയമുന്നേറ്റങ്ങളും കൂട്ടായ ഇടപെടലുകളുമാണ് കേരളത്തിന് തുണയായത് . നോബല്‍ ജേതാവ് അമര്‍ത്യ സെന്നിന്റെ രചനകളിലൂടെ ലോകപ്രശസ്തമായ 'കൂട്ടായഇടപെടലി'ന്റെ ആ തനതു മാതൃകയ്ക്ക് ഇന്നത്തെ കേരളത്തില്‍ പ്രസക്തിയുണ്ടോ? യഥാര്‍ത്ഥത്തില്‍ ഈ ചോദ്യം കേരളസമൂഹത്തെ ഒരു രാഷ്ട്രീയ ധ്രുവീകരണത്തിന് വിധേയമാക്കുകയാണ് . ഇരുപക്ഷത്തിന്റെയും സ്വഭാവത്തിലും ഘടനയിലും നിസ്സാരമല്ലാത്ത ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ ചോദ്യവുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന വിപരീതധ്രുവങ്ങളെ ഇടതുവലതു ക്യാമ്പുകളായി കാണുന്നതില്‍ തെറ്റില്ല. പുതിയ വലതുപക്ഷം 'കൂട്ടായഇടപെടലി'ന്റെ പ്രസക്തി ഏതാണ്ട് പൂര്‍ണമായും നിഷേധിക്കുന്ന സമീപനമാണ് എടുക്കുന്നത്.

അവര്‍ നവ ഉദാരവല്‍ക്കരണ രാഷ്ട്രീയക്കാര്‍....!

ദേശീയ - അന്തര്‍ദേശീയ തലത്തില്‍ നവ ഉദാരീകരണവാദികള്‍ എന്നറിയപ്പെടുന്നവരുടെ ഗണത്തില്‍ തന്നെയാണ് കേരളത്തിലെ നവ വലതുപക്ഷത്തിന്റെയും സ്ഥാനം. അവര്‍ കമ്പോള മൌലികവാദികളാണ്. സ്വതന്ത്രകമ്പോളം സാമ്പത്തികപ്രവര്‍ത്തനങ്ങളെ ശരിയായ മാര്‍ഗത്തില്‍ നയിച്ചുകൊളളുമെന്നും അത് തെറ്റുകള്‍ക്ക് അതീതമാണെന്നും അവര്‍ വിശ്വസിക്കുന്നു. സമരങ്ങളുടെയും വിവാദങ്ങളുടെയും ഭരണകൂട ഇടപെടലുകളുടെയും ശല്യമില്ലാതെ മൂലധനത്തെ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുന്ന നിക്ഷേപസൌഹൃദകേരളമാണ് അവരുടെ സ്വപ്നം!

മുന്‍ യു.ഡി.എഫ്, സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ജിമ്മിന്റെ (Global Investors' Meet) പശ്ചാത്തലത്തില്‍ ഏറെ വിശദമായി നിര്‍വചിക്കപ്പെട്ട ഒരു സമീപനമാണ് കേരളത്തിലെ നവ വലതുപക്ഷം ഇപ്പോള്‍ ഏതാണ്ട് എല്ലാ വികസനമേഖല സംബന്ധിച്ചും മുന്നോട്ടുവെക്കുന്നത്. മൂലധനേതരമായ എല്ലാ താല്‍പര്യങ്ങളെയും മൂലധനത്തിന്റെ വിശുദ്ധതാല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തണം എന്നതാണ് ഈ കാഴ്ചപ്പാടിന്റെ അന്ത:സത്ത. ഇല്ലെങ്കിലോ? മെച്ചപ്പെട്ട പരിഗണന ലഭിക്കുന്ന മറ്റു പ്രദേശങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ മൂലധനം 'പൊയ്ക്കളയും' എന്ന ഭീഷണിയുമുണ്ട്.

സ്വാഭാവികമായും മറ്റു വിപണികളുടെ കാര്യത്തില്‍ എന്നപോലെ ഭൂവിപണിയും മൂലധനത്തിന്റെ സ്വൈരവിഹാരത്തിനു വിട്ടുകൊടുക്കണം എന്നാണ് പുത്തന്‍ വലതുപക്ഷത്തിന്റെ നിലപാട്. ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ടു എന്നവാദം ഉണ്ടാവുന്നത് ഈ പശ്ചാത്തലത്തിലാണ് . കേരളത്തിലെ പഴയ വലതുപക്ഷക്കാര്‍ ഒന്നടങ്കം നവ ഉദാരീകരണവാദികളായി പരിവര്‍ത്തിക്കപ്പെട്ടു എന്ന വിവക്ഷ ഇവിടെയില്ല. തീര്‍ച്ചയായും വലതുപക്ഷത്തിനുളളില്‍ തന്നെ വിപണിശക്തികളെ സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കണം എന്നുവാദിക്കുന്നവരുമുണ്ട്. വി.എം. സുധീരനെയും വയലാര്‍ രവിയെയും പോലെയുളള കോണ്‍ഗ്രസ് യു.ഡി.എഫ്. നേതാക്കന്മാര്‍ ഭൂപരിഷ്കരണ നിയമത്തെ പ്രതിരോധിക്കാന്‍ രംഗത്തുവന്നു എന്നത് സ്മരണീയമാണ്. നിയോ ലിബറലുകളും കമ്പോളത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കാത്തവരും തമ്മിലുളള സംഘര്‍ഷം വലതുപക്ഷത്തിനുളളിലും ഉണ്ടെന്നു സാരം.

3

കൃഷിയും കൃഷിക്കാരും പുറത്താക്കപ്പെടുമ്പോള്‍.....?

ഭൂമി വിവാദങ്ങളുണ്ടാക്കുന്നു... പക്ഷെ സൃഷ്ടിപരമല്ല

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയും കേരളീയ സാമൂഹികജീവിതം അങ്ങേയറ്റം സംഘര്‍ഷഭരിതമായിരുന്നു. മാറ്റങ്ങള്‍ക്കു ശബ്ദമുയര്‍ത്തിയവരും അവയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചവരും തമ്മിലുളള ഏറ്റുമുട്ടലിന്റെ അന്തരീക്ഷം ജീവിതത്തിന്റെ നാനാ തുറകളെയും ബാധിച്ചു. ജാതി- ജന്മി നാടുവാഴിത്തവ്യവസ്ഥയും വിദേശവാഴ്‌ചയും പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പാദനബന്ധങ്ങളും സാമൂഹ്യഘടനയും കേരളത്തിന്റെ പുരോഗതിയെ തടഞ്ഞു വീര്‍പ്പുമുട്ടിച്ചതാണ് അന്നത്തെ സംഘര്‍ഷങ്ങളുടെ അടിസ്ഥാനകാരണം. ജാതിയ്ക്കും ജന്മിത്വത്തിനും നാടുവാഴിത്വത്തിനും വിദേശാധിപത്യത്തിനും എതിരായി തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ഗോകര്‍ണം വരെ അലയടിച്ചുയര്‍ന്ന സാമൂഹികമുന്നേറ്റങ്ങളാണ് ഈ ദുസ്ഥിതിക്ക് അറുതിവരുത്തിയതും ആധുനികകേരളത്തിന് ജന്മം നല്‍കിയതും.

ഇന്ന് കേരളം വീണ്ടും സംഘര്‍ഷങ്ങളുടെ വിളഭൂമിയായി മാറുകയാണ്. ഉല്‍പ്പാദനബന്ധങ്ങളും ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയും തമ്മിലുളള വൈരുദ്ധ്യമാണ് പണ്ടെന്നപോലെ ഇന്നും സാമൂഹികഅസ്വാസ്ഥ്യങ്ങളുടെ കേന്ദ്രകാരണം. സാമൂഹിക ഘടനയും ഉല്‍പ്പാദനബന്ധങ്ങളും വളര്‍ച്ചയെ തടയുകയും അസമത്വം വര്‍ദ്ധിപ്പിക്കുകയും ഒരു വലിയ വിഭാഗം ജനങ്ങളെ പാപ്പരീകരിക്കുകയും ചെയ്യുന്നു. സാമൂഹികഘടനയിലും ഉല്‍പ്പാദനബന്ധങ്ങളിലും വേണ്ട മാറ്റം വരുത്തി ഉല്‍പ്പാദനവളര്‍ച്ചക്ക് കളമൊരുക്കുകയും അസമത്വം പെരുകുന്നതു തടയുകയും ചെയ്താലല്ലാതെ സ്വസ്ഥതയും സമാധാനവും പുലരുമെന്ന് കരുതാനാവില്ല. പണ്ടെന്നപോലെ ഇന്നും കേരളത്തിലെ പ്രതിസന്ധിയുടെ കേന്ദ്രസ്ഥാനത്ത് ഭൂബന്ധങ്ങളാണ്. അതിന് ഇന്നത്തെ കോലാഹലങ്ങള്‍ ആശയവ്യക്തതയുളള ചര്‍ച്ചകളായും - പഠനങ്ങളായും - ലക്ഷ്യബോധമുളള രാഷ്ട്രീയ പരിപാടികളായും - ലക്ഷ്യവേധിയായ മുദ്രാവാക്യങ്ങളായും - ജനമുന്നേറ്റങ്ങളായും - ഭരണത്തിലും നിയമങ്ങളിലും ചട്ടങ്ങളിലുമുളള മാറ്റങ്ങളായും പരിണമിക്കേണ്ടതുണ്ട്. അതിന് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് സമാനമായ സാഹചര്യത്തില്‍ കേരളത്തിന്റെ നേതൃത്വം കാലത്തിന്റെ വെല്ലുവിളിക്കൊത്ത് ഉയര്‍ന്നതുപോലെ വീണ്ടും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതുണ്ട്.

ഭൂമി വീതിച്ചുനല്‍കി... പക്ഷെ കൃഷി നടന്നില്ല

ജാതി-ജന്മി നാടുവാഴിത്തവാഴ്ചയുടെ കാലത്ത് യഥാര്‍ഥ ഉല്‍പാദകര്‍ക്ക് ഭൂമിയുടെ മേല്‍ ഉടമസ്ഥാധികാരം ഉണ്ടായിരുന്നില്ല. ഭൂമിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പാദനം വളര്‍ത്താനും ഇതു തടസ്സമായി . ഏറെ പരിമിതികളോടുകൂടിയാണെങ്കിലും ഭൂപരിഷ്കരണം ഈ സ്ഥിതിക്ക് വലിയ ഒരളവുവരെ പരിഹാരമായി. എന്നാല്‍ ഇന്ന് വീണ്ടും യഥാര്‍ത്ഥ ഉല്‍പാദകര്‍ക്ക് ഭൂമി അന്യമാവുകയുമാണ്. ഭൂമിയുടെ ദൌര്‍ലഭ്യവും വിലക്കയറ്റവും ഉല്‍പാദനോപാധി എന്ന നിലയിലുളള അതിന്റെ ഉപയോഗം ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു. കാര്‍ഷിക-അനുബന്ധമേഖലകളെയും വ്യവസായമേഖലയെയും ഇത് ഏറെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു.

ഭൂമി ഊഹക്കച്ചവടക്കാരിലേക്ക്...

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2001 ലെ ജനസംഖ്യ കണക്കുപ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 324 ആള്‍ക്കാരായിരുന്നെങ്കില്‍ കേരളത്തിലത് 819 ആയിരുന്നു. ജനസംഖ്യാവര്‍ദ്ധനക്കൊപ്പം സാമ്പത്തികവളര്‍ച്ചയും, ഭൂമിയുടെ ഡിമാന്റും അതിന്‍മേലുളള സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആനുപാതികമായി ഭൂമിയുടെ ഉപയോഗവും ആവശ്യകതയും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ ആഭ്യന്തരഉല്‍പ്പാദനവുമായി ഒരു ബന്ധവുമില്ലാതെയും ഭൂമിയുടെ ഡിമാന്റ് വര്‍ദ്ധിക്കുന്നുണ്ട്.

ഗള്‍ഫ് മേഖലയടക്കം വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അയക്കുന്ന ഭീമമായ സംഖ്യയാണ് ഇതിനു ഒരു കാരണം. വിദേശമലയാളികള്‍ അയക്കുന്ന പണം പ്രതിവര്‍ഷം ഏകദേശം 18000 കോടി വരുമെന്നാണ് മതിപ്പ് കണക്ക്. ഇത് കേരളത്തിന്റെ ആഭ്യന്തരഉല്‍പ്പാദനത്തിന്റെ 22 ശതമാനത്തോളം വരും. ഇതിന് പുറമെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് നിയമവിരുദ്ധചാനലുകളിലൂടെ പ്രവഹിക്കുന്ന കളളപ്പണം. ഇതിന്റെ കണക്കുകള്‍ ലഭ്യമല്ലെങ്കിലും അപൂര്‍വ്വമായി നടക്കുന്ന റെയിഡുകളും മറ്റു സാഹചര്യത്തെളിവുകളും വിരല്‍ചൂണ്ടുന്നത് വലിയ അപകടത്തിലേക്കാണ്. ആഭ്യന്തര ഉല്‍പാദനവുമായി ഒരു ബന്ധവുമില്ലാതെ ഇത്രയധികം പുറംപണം ഒഴുകിയെത്തുന്നത് സമ്പദ്ഘടനയുടെയും ജനജീവിതത്തിന്റെയും താളം തെറ്റിക്കുകയുമാണ്.

ജനപ്പെരുപ്പവും ആഭ്യന്തരഉല്‍പ്പാദനത്തിലെ വളര്‍ച്ചയും വിദേശ പണത്തിന്റെവരവും ഭൂമിയുടെ ഡിമാന്റ് ക്രമാതീതമായി വര്‍ദ്ധിപ്പിയ്ക്കുന്നു. ഭൂലഭ്യതയാകട്ടെ വര്‍ദ്ധിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ വസ്തുവില കുതിച്ചുയരുന്നതില്‍ അത്ഭുതമില്ല. വസ്തുവില തുടര്‍ച്ചയായും സ്ഥായിയായും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഉല്‍പ്പാദനോപാധി എന്നതിലുപരി 'സമ്പാദ്യം സൂക്ഷിക്കാനുളള ആകര്‍ഷകമായ ആസ്തി' എന്ന പദവികൂടി നേടിക്കൊടുത്തിരിക്കുകയാണ്. സ്വര്‍ണം, ബാങ്ക് നിക്ഷേപം, ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയോട് കിടപിടിക്കുന്ന ആകര്‍ഷണീയത ആസ്തി എന്ന നിലയില്‍ ഭൂമിക്കുണ്ട്. സമ്പാദ്യം സൂക്ഷിക്കാന്‍ മാത്രമല്ല ഊഹക്കച്ചവടത്തിനും പറ്റിയ ആസ്തിയായി ഭൂമി മാറിയിട്ടുണ്ട്. മറ്റു ആസ്തികള്‍ വിറ്റ് ഭൂമി വാങ്ങിക്കൂട്ടി ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുന്ന ചെറുകിട, വന്‍കിട നിക്ഷേപകര്‍ ഇന്ന് ധാരാളമാണ്. ചുരുക്കത്തില്‍ കേരളത്തിലെ ഭൂവിപണി ഒരു വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുകയാണ്. വസ്തുവിലക്കയറ്റം ഊഹക്കച്ചവടത്തിലേക്കും ഊഹക്കച്ചവടം വീണ്ടും വസ്തുവിലക്കയറ്റത്തിലേക്കും അത് കൂടുതല്‍ ഊഹക്കച്ചവടത്തിലേക്കും കേരളത്തെ നയിക്കുകയാണ്. കൈയും കണക്കുമില്ലാതെ പുറം പണവും കളളപ്പണവും ഒഴുകിയെത്തുന്നിടത്തോളം കാലം ഭൂവിപണിയെ ബാധിച്ച ഈ അര്‍ബുദ സമാന വളര്‍ച്ചാവൈകല്യം തുടരാനാണ് സാധ്യത.

കര്‍ഷകര്‍ കൂലിക്കാരാവുന്നു

ലഭ്യമായ സ്ഥിതിവിവരകണക്കുകള്‍ ഇത്തരമൊരു പതനത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. നിരോധിക്കപ്പെട്ട പാട്ടവ്യവസ്ഥയുടെ തിരിച്ചുവരവാണ് ഒരു പ്രധാന തെളിവ്. പാട്ടവ്യവസ്ഥ നിരോധിക്കപ്പെട്ട കേരളത്തില്‍ നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ 2003 ലെ കണക്ക് പ്രകാരം ഏകദേശം ഏഴുശതമാനം ഗ്രാമീണകുടുംബങ്ങള്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. പാട്ടനിയന്ത്രണം വ്യാപകമല്ലെങ്കിലും ദേശീയതലത്തില്‍ ഇപ്രകാരം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഗ്രാമീണകുടുംബങ്ങളുടെ അനുപാതം11.5 ശതമാനം മാത്രമാണ്.

ഉയര്‍ന്ന പാട്ടനിരക്ക് കേരളത്തിലെ പാട്ട കൃഷിക്കാരെ ഏറെ കഷ്ടപ്പെടുത്തുന്നുണ്ട്. അടുത്തകാലത്ത് കേരളത്തില്‍ ആത്മഹത്യ ചെയ്ത കൃഷിക്കാരില്‍ നല്ലൊരു പങ്ക് ഇങ്ങനെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയവരാണ്. ഇതിന്റെ പ്രസക്തമായ തെളിവ് വയനാട്, പാലക്കാട് ജില്ലകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അതിശയിപ്പിക്കുന്ന എണ്ണമാണ്. ഈ പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച യോഗങ്ങളില്‍ ഇത്തരം കൂലിപ്പണിക്ക് ആളെ കിട്ടില്ല എന്ന വാദമാണ് ആദ്യം ഏറെ ഉയര്‍ന്നുകേട്ടത്. പക്ഷേ, പാലക്കാട്ട് ഒന്നര ലക്ഷം പേരും വയനാട്ടില്‍ ഒരു ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തതും, അവര്‍ പണിക്ക് കൃത്യമായി ഹാജരാകുന്നതും കൃഷി അനുബന്ധ മേഖലകളിലെ തൊഴിലില്ലായ്മയെക്കുറിച്ചും ഗ്രാമീണദാരിദ്ര്യത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. സ്വകാര്യ കൃഷിയിടങ്ങളില്‍ കൂലിപ്പണിക്ക് പോകാന്‍ വിസമ്മതിക്കുന്ന കര്‍ഷക കുടുംബാംഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നതും എടുത്തു പറയേണ്ടതുണ്ട്.

ഗ്രാമീണ ഉടമസ്ഥത സംബന്ധിച്ച നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുകള്‍ കേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന വര്‍ഗധ്രുവീകരണത്തിന്റെ കൂടുതല്‍ വ്യക്തമായ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. 1992ലെ കണക്കുകള്‍ പ്രകാരം കൃഷിപ്പണി നടക്കുന്ന ഭൂമി (ഓപറേഷന്‍ ഹോള്‍ഡിംഗ്‌സ്) കൈവശമില്ലാത്ത കുടുംബങ്ങള്‍ മൊത്തം ഗ്രാമീണ കുടുംബങ്ങളുടെ 5.9 ശതമാനമായിരുന്നു. 2003 ലെ കണക്കെടുപ്പില്‍ ഇത് 38.6 ശതമാനമായി ഉയര്‍ന്നു. ഒരു ദശാബ്ദത്തിനിടക്ക് വന്ന ഈ മാറ്റം ഞെട്ടിപ്പിക്കുന്നതാണ്. 1992 ല്‍ ഗ്രാമീണ കുടുംബങ്ങളില്‍ 70.6 ശതമാനം 0.4 ഹെക്ടറില്‍ താഴെ ഭൂമിയില്‍ കൃഷി നടത്തുന്നവരായിരുന്നു. 2003 ലെ കണക്കില്‍ ഈ ചെറുകിട നാമമാത്ര കൃഷിക്കാരില്‍ ഒരു വലിയ വിഭാഗം കൃഷിഭൂമി നഷ്ടം വന്ന് ഭൂരഹിതരായി മാറിയിരിക്കുന്നു. ഇതിന്റെ മറുവശം എന്ന നിലക്ക് ചെറുകിട നാമമാത്ര കര്‍ഷകരില്‍ ഒരു വിഭാഗത്തിന് കൂടുതല്‍ ഭൂമി സമ്പാദിക്കാനും 0.4 ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനും സാധിച്ചിരിക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കന്നുകാലി സമ്പത്തും നഷ്ടമാവുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

മറുവശത്ത് 0.4 ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കുന്ന ഗ്രാമീണ കുടുംബങ്ങളുടെ സാന്നിധ്യം 1992 ല്‍ 23.5 ശതമാനം ആയിരുന്നത് 2003ല്‍ 52.9 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു, അത്ഭുതപ്പെടുത്തുന്ന വേഗത്തിലുളള ഈ ധ്രുവീകരണം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കൃഷിഭൂമിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ട് അതിദ്രുതം പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ ആരാണ്? അവരുടെ ജാതിയും മതവും കുലവും ഏതാണ്? ഈ കൃഷിക്കാരില്‍ സര്‍വജാതിമതസ്ഥരുളളതുകൊണ്ടാണോ അവരെ സംഘടിപ്പിക്കാന്‍ ആളെ കിട്ടാത്തതിനു കാരണം? എന്തായാലും തങ്ങള്‍ തങ്ങളാണ് എന്നു തിരിച്ചറിയാത്ത, അസ്തിത്വം ഉറയ്ക്കാത്ത ഗണമായി അവര്‍ അദൃശ്യരാവുകയാണ്. അവര്‍ ഗതികിട്ടാപ്രേതങ്ങളായി സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു. ജീവിതോപാധികളായ ഭൂമിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെടുന്ന ഗ്രാമീണ ജനതയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തേക്കാള്‍ ഇന്നത്തെ സാമൂഹികശാസ്ത്രജ്ഞര്‍ക്ക് പഥ്യം അതുമൂലം ഉല്‍പാദനത്തിന് എന്തു സംഭവിക്കും എന്ന പ്രശ്നമാണ്.

കൃഷിയെ ജീവിതോപാധിയായി കണ്ടവര്‍ക്കാണ് ഭൂമി നഷ്ടമായിരിക്കുന്നത്. ഭൂമി ഭാഗ്യം കൈവന്നിട്ടുളളതാകട്ടെ, പ്രധാനമായും അധികസമ്പാദ്യം സൂക്ഷിക്കുന്നതിനുളള ആസ്തിയായി ഭൂമിയെ കാണുന്നവര്‍ക്കാണ്. ഭൂവിതരണത്തില്‍ ഈ മാറ്റം സംഭവിച്ച അതേ കാലയളവില്‍ കേരളത്തിലെ കാര്‍ഷികോല്പാദനം വലിയ തിരിച്ചടി നേരിട്ടു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയും അനുബന്ധ മേഖലകളും ഉള്‍പ്പെടുന്ന പ്രാഥമികമേഖലയുടെ ഓഹരി 32.5 ശതമാനമായിരുന്നു. 2005-06 ല്‍ പ്രാഥമികമേഖലയുടെ പങ്ക് 15.6 ശതമാനമായി കുറഞ്ഞു. കൃഷിയും കൃഷിക്കാരും വളരെ വേഗം പാര്‍ശ്വവത്കരിക്കപ്പെടുകയാണ് എന്നതിന് ഇതിലപ്പുറം തെളിവ് ആവശ്യമില്ല. 1990-91 ല്‍ 5.59 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കേവലം 2.8 ലക്ഷമായി കുറഞ്ഞിരിക്കുന്നു. നെല്ലിന്റെ ഉല്‍പാദനം 1991 ല്‍ 11 ലക്ഷത്തോളം ടണ്ണായിരുന്നെങ്കില്‍ ഇപ്പോള്‍ ഏകദേശം ആറു ലക്ഷമായി കുറഞ്ഞിരിക്കുന്നു ഇതേ കാലയളവില്‍ വിശേഷിച്ച് 2000 നുശേഷം കന്നുകാലികളുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം വന്‍തോതില്‍ കുറഞ്ഞു. ഇതിന്റെ ഫലമായി പാലിന്റെയും ഇറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. ചുരുക്കത്തില്‍ ഭൂബന്ധങ്ങളിലെ വൈതരണി കൃഷി അനുബന്ധമേഖലകളെ ദീര്‍ഘകാല ഉല്‍പ്പാദനബന്ധങ്ങളുടെ പ്രത്യേകതകള്‍മൂലം ഉപയോഗരഹിതമാക്കി നാശോന്മുഖമാക്കുകയാണ് ! ഉല്‍പാദന ബന്ധങ്ങളുടെ കെട്ടഴിച്ചുവിട്ട് ഭൂമിയെ കൃഷിക്ക് ലഭ്യമാക്കുകയല്ലാതെ ഈ പ്രതിസന്ധിക്ക് പരിഹാരമില്ല.

പൊള്ളുന്ന ഭൂമിവില... കാര്‍ഷിക വ്യവസായത്തളര്‍ച്ചയുണ്ടാക്കുന്നു

ഭൂബന്ധങ്ങളെയും ഭൂപരിഷ്കരണത്തെയും കുറിച്ചുളള ചര്‍ച്ചകള്‍ കാലഹരണപ്പെട്ടതാണെന്ന് കരുതുന്നവര്‍ കുറവല്ല. ഭൂമിക്ക് കൃഷിയിലുളള പ്രാധാന്യം വ്യവസായത്തുറകളിലും സേവനമേഖലയിലും ഇല്ല എന്നതുകൊണ്ടാവണം പലരും ഇങ്ങനെ കരുതുന്നത്. ഭൂമിക്ക് കൃഷിയിലുളളത്ര പ്രാധാന്യം കാര്‍ഷികേതരമേഖലകളില്‍ ഇല്ല എന്നതു വാസ്തവം തന്നെ. എങ്കിലും ഭൂമിയുടെയും അതില്‍ നിന്നുളള വിഭവങ്ങളുടെയും ന്യായമായ വിലക്കുളള ലഭ്യത അവയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്ന സുപ്രധാനഘടകമാണ്.

കാര്‍ഷികേതരമേഖലകളിലെ സംരംഭങ്ങള്‍ക്കും ഭൂമി അവശ്യഘടകമാണ്. പല വ്യവസായങ്ങളും സ്ഥാപിക്കാന്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി വേണം. മിക്ക സേവനദാതാക്കള്‍ക്കും ജനങ്ങള്‍ക്കും ഏറെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന വിലക്കോ വാടകക്കോ ഓഫീസ് അഥവാ വില്‍പന സൌകര്യം ഏര്‍പ്പെടുത്തിയെടുക്കണം. പക്ഷേ സേവനമേഖലയിലെ തദ്ദേശീയരായ സംരംഭകള്‍ക്ക് ഉയര്‍ന്ന ഭൂവിലയും വാടകയും വലിയ തലവേദനയാകണമെന്നില്ല. കേരളത്തിന് പുറത്തുനിന്നുളള സേവനദാതാക്കള്‍ക്കും കേരളത്തില്‍ മത്സരിക്കണമെങ്കില്‍ ഉയര്‍ന്ന ഭൂവിലയും വാടകയും നല്‍കി ഇവിടെ സൌകര്യം ഒരുക്കേണ്ടതുണ്ട്. പുറത്ത് ഉല്‍പ്പാദിപ്പിച്ച് കേരളത്തിനകത്തേക്ക് കടത്തിക്കൊണ്ടുവരാന്‍ പറ്റിയ ചരക്കല്ല പല സേവനങ്ങളും എന്നതാണ് ഇതിന് കാരണം.

വ്യവസായത്തിന്റെ സ്ഥിതി അതല്ല. കേരളത്തിലെ വ്യവസായങ്ങള്‍ക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളോട് മത്സരിക്കേണ്ടതുണ്ട്. അതുകൊണ്ട് കേരളത്തിലെ വസ്തുവിലക്കയറ്റവും ഉയര്‍ന്ന വാടകയും വ്യവസായവത്കരണത്തിന് തടസ്സമാണ്. വസ്തുവിലയുടെ ഇന്നത്തെ അവസ്ഥയില്‍ ഏറെ ഭൂമി ആവശ്യമായ വ്യവസായങ്ങള്‍ കേരളത്തിന് പറ്റിയതല്ല എന്ന് കണ്ണടച്ച് പറയാന്‍ കഴിയും. വ്യവസായം എവിടെ സ്ഥാപിക്കണം എന്നതിനെക്കുറിച്ചുളള പ്രാഥമിക പഠനങ്ങളുടെയും സാധ്യതാ റിപ്പോര്‍ട്ടുകളുടെയും ഘട്ടത്തില്‍ തന്നെ ഭൂവിലയുടെയും അമിതമായ ഭാരം കാരണം കേരളം പുറന്തളളപ്പെടും. സ്ഥിരമൂലധനനിക്ഷേപത്തില്‍ വസ്തു വാങ്ങാനുളള ചെലവിന്റെ അനുപാതം കേരളത്തില്‍ മറ്റു സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. ഇത് പിന്നീട് പലിശച്ചെലവായും വായ്പ തിരിച്ചടവായും ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവായും കമ്പോളത്തില്‍ മത്സരിക്കാന്‍ കഴിയാത്തത്ര ഉയര്‍ന്ന വിലയായും ഒക്കെ രൂപാന്തരപ്പെടും. ചുരുക്കത്തില്‍ ഭൂപ്രശ്നം കൃഷിക്ക് മാത്രമല്ല, വ്യവസായത്തിനും പ്രതിബന്ധം സൃഷ്ടിക്കുകയാണ്.

.....തുടരും......

ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ
*

അഭിമുഖം തയ്യാറാക്കിയത്: ശ്രീ അജയഘോഷ്
കടപ്പാട്: പി എ ജി ബുള്ളറ്റിന്‍ നമ്പര്‍ 66

വഴിമുട്ടിയ വാള്‍സ്ട്രീറ്റ്

ന്യൂ യോര്‍ക്ക് നഗരത്തിന്റെ ചിത്രം കണ്ടിട്ടുള്ള ഏതൊരാളുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുക അംബരചുംബിയായ കൂറ്റന്‍ കെട്ടിടനിരയാണ്. ഇതില്‍ ഏറ്റവും ഉയരം കൂടിയവ വാള്‍സ്ട്രീറ്റിലാണ്. അല്‍ഖായ്‌ദ തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടക്കെട്ടിടവും ഈ റോഡിലായിരുന്നു. വാള്‍സ്ട്രീറ്റ് അമേരിക്കന്‍ മൂലധനത്തിന്റെ ആസ്ഥാനമായിട്ടാണ് കരുതുന്നത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഇവിടെയാണ്. അമേരിക്കന്‍ ഓഹരിക്കമ്പോളത്തിന്റെ പ്രസിദ്ധസൂചികകളായ നിക്കി, നാസ്‌ഡാക്ക് തുടങ്ങിയവയുടെയെല്ലാം ആസ്ഥാനം ഇവിടെത്തന്നെ. പിന്നെ അമേരിക്കന്‍ ഭീമന്‍ ബാങ്കുകളായ മെറില്‍ലിഞ്ച്, ലേ മാന്‍, ഗോള്‍ഡ്‌മാന്‍ സാച്ചസ്, സ്റ്റാന്‍ലി മോര്‍ഗന്‍ തുടങ്ങിയവയുടെയെല്ലാം ആസ്ഥാനവും ഇവിടെത്തന്നെ. വാള്‍സ്ട്രീറ്റ് തുമ്മിയാല്‍ ലോകത്തിന് പനി പിടിക്കും എന്ന ഒരു ചൊല്ലുതന്നെയുണ്ട്.

പക്ഷേ വാള്‍സ്ട്രീറ്റ് ഇന്ന് മൂകതയിലാണ്. പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ ഭവന പണയബാങ്കുകളാണ് തകര്‍ന്നതെങ്കില്‍ ഇപ്പോള്‍ ഊഴം ഭീമന്‍ ഇന്‍‌വെസ്റ്റ്മെന്റ് ബാങ്കുകളുടേതാണ്. മുകളില്‍ പരാമര്‍ശിച്ച ഭീമന്മാരെല്ലാം നിക്ഷേപബാങ്കുകളാണ്. ഇവയ്ക്ക് വാണിജ്യ ബാങ്കുകളെപ്പോലെ സേവിങ്സ് ബാങ്ക് അക്കൌണ്ടുകളോ സാധാരണഗതിയിലുള്ള ബാങ്കിങ് പ്രവര്‍ത്തനമോ ഇല്ല. ഫണ്ട് സമാഹരിക്കുന്നത് ബോണ്ട് അഥവാ കടപ്പത്രം ഇറക്കിയാണ്. ഇപ്രകാരം സമാഹരിക്കുന്ന പണം ഉപയോഗിച്ച് നിക്ഷേപ ബാങ്കുകള്‍ ഷെയര്‍ മാര്‍ക്കറ്റിലും വിദേശ വിനിമയ കമ്പോളത്തിലും മറ്റും ഊഹക്കച്ചവടം നടത്തുന്നു. ഇങ്ങനെയാണ് ഇവര്‍ ലാഭം ഉണ്ടാക്കുന്നത്.

നിക്ഷേപബാങ്കിന്റെ ഒരു സുപ്രധാന മേഖലയായിരുന്നു സബ്പ്രൈം മാര്‍ക്കറ്റ്. ഭൂമിയുടെയും പാര്‍പ്പിടത്തിനും മേലുള്ള ഊഹക്കച്ചവടം മൂലം അവയുടെ വില കുത്തനെ ഉയര്‍ന്നു. ഈ മോഹവിലയെ അടിസ്ഥാനമാക്കി വീട് പണയമായി സ്വീകരിച്ച് ഭവനപണയ ബാങ്ക് ഉദാരമായി വായ്പ നല്‍കി. ഭൂമിയുടെയും വീടിന്റെയും വില ഒരിക്കലും താഴില്ലെന്നായിരുന്നു പൊതുധാരണ. അതുകൊണ്ട് വായ്പക്കാരന്റെ തിരിച്ചടവു കഴിവിനെക്കുറിച്ച് അത്രയേറെ തലപുകയ്ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു ഭവനപണയ ബാങ്കിന്റെ സമീപനം.

ഭവനപണയ ബാങ്ക് തങ്ങളുടെ പണയമെല്ലാം പ്രത്യേക പാക്കേജാക്കി നിക്ഷേപ ബാങ്കിന് വില്‍ക്കുന്നു. ഇതിന് സെക്യൂരിറ്റൈസേഷന്‍ എന്നാണ് വിളിക്കുന്നത്. ഭവനപണയ ബാങ്കിന് പണം സമാഹരിക്കുന്നതിന് ഈടായി ലഭിച്ച ഭൂമിയോ വീടോ കൈമാറേണ്ടതില്ല. മറിച്ച് ഇവയുടെ പണയം പാക്കേജാക്കി ന്യായമായ ഒരു ഡിസ്കൌണ്ടിന് മറിച്ചുവില്‍ക്കുകയാണ്. എന്തിന് നിക്ഷേപ ബാങ്ക് ഇങ്ങനെ പണയം ഏറ്റെടുക്കണം? കാരണം ലളിതമാണ്. വായ്പയില്‍നിന്നുള്ള പലിശയാണ് അവരുടെ വരുമാനം. വായ്പ നല്‍കാന്‍ പണം സമാഹരിക്കാന്‍ അവര്‍ക്ക് പ്രയാസമില്ല. കടപ്പത്രം എത്ര ഇറക്കിയാലും വാങ്ങാന്‍ ആളുണ്ടല്ലോ.

കുറെ കഴിഞ്ഞപ്പോള്‍ പുതിയ ഒരു പ്രവണതകൂടി പ്രത്യക്ഷപ്പെട്ടു. നിക്ഷേപബാങ്ക് വാങ്ങുന്ന പണയ സെക്യൂരിറ്റീസ് അവരും മറിച്ചു വില്‍ക്കാന്‍ തുടങ്ങി. ഇങ്ങനെ സബ്പ്രൈം മാര്‍ക്കറ്റ് എന്ന കമ്പോളം ഉണ്ടായി. ഭവനപണയ ബാങ്ക് പൊളിഞ്ഞുതുടങ്ങിയതോടെ സബ്പ്രൈം മാര്‍ക്കറ്റിന്റെ വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടി. നിക്ഷേപബാങ്ക് ഇറക്കിയ ബോണ്ടും സെക്യുരിറ്റിയും മറ്റു ധനസ്ഥാപനങ്ങള്‍ക്കും ഇടപാടുകാര്‍ക്കും കൈവെടിയാന്‍ വെപ്രാളമായി. എല്ലാവര്‍ക്കും കൈയിലുള്ള കടപ്പത്രം വിറ്റഴിക്കണം. പക്ഷേ, വാങ്ങാന്‍ ആളില്ല. ഇതിന്റെ ഫലമായി കടപ്പപത്രത്തിന്റെയും മറ്റും വില കുത്തനെ ഇടിയാന്‍ തുടങ്ങി. നിക്ഷേപബാങ്കിന്റെ ഓഹരിവിലയും ഇടിഞ്ഞു.

ഈ ബാങ്ക് പൊളിയുന്നത് അനുവദിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന് കഴിയില്ല. ലേമാന്റെ തകര്‍ച്ച ലോകത്തെമ്പാടുമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചിനെ പ്രകമ്പനംകൊള്ളിച്ചു. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍പ്പോലും അഞ്ചു ശതമാനം വില ഇടിഞ്ഞു. ലേമാനെ തുടര്‍ന്ന് എഐജി എന്ന ഇന്‍ഷുറന്‍സ് ഭീമന്‍കൂടി തകര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതി പടര്‍ന്നു. അതിനാലാണ് അമേരിക്കന്‍ സര്‍ക്കാര്‍ 4000 കോടി ഡോളര്‍ സഹായംകൊടുത്ത് ബാങ്ക് ഓഫ് അമേരിക്കയെക്കൊണ്ട് എഐജിയെ വിലയ്ക്കെടുപ്പിച്ചത്.

അപ്പോഴേക്കും അര്‍ബുദം ധനമേഖലയില്‍ ആകെ പടര്‍ന്നെന്ന് വ്യക്തമായി. വാള്‍സ്ട്രീറ്റിലെ മറ്റു പല പ്രധാന ബാങ്കും ആടിത്തുടങ്ങി. അവയില്‍ ചിലതെങ്കിലും തകര്‍ന്നാല്‍ കടപ്പത്രകമ്പോളത്തിലെ കുഴപ്പം ഓഹരിക്കമ്പോളത്തിലേക്കും കടന്നേക്കാം. ഫലം വിനാശകരമാകും.

ഒന്നോ രണ്ടോ ബാങ്കിനെ രക്ഷിച്ചതുകൊണ്ട് കമ്പോളത്തിന്റെ വിശ്വാസത്തകര്‍ച്ച ദൂരീകരിക്കാനാകില്ല. ഏത് ബാങ്ക് പൊളിഞ്ഞാലും താങ്ങായി തങ്ങള്‍ ഇടപെടും എന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ അമേരിക്കന്‍സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി നിക്ഷേപ ബാങ്കിന്റെ കടപ്പത്രം വലിയ തോതില്‍ വാങ്ങാന്‍ അമേരിക്കന്‍സര്‍ക്കാര്‍ തന്നെ തയ്യാറായിരിക്കുകയാണ്. 70,000 കോടി ഡോളറാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ ചെയര്‍മാന്‍ ബെന്‍ എസ് ബെര്‍ണാകെയും ട്രഷറി സെക്രട്ടറി ഹെന്‍‌റി പോള്‍സണും കൂടിയാണ് ഈ രക്ഷാ പാക്കേജിന് രൂപംനല്‍കിയത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജിനോടൊപ്പം ഇതിനകം എഐജി, ഫാനിമേ, ഫ്രെഡിമാക്ക് എന്നിവയെ രക്ഷിക്കുന്നതിനായി നല്‍കിയ പണവും കൂടി ചേര്‍ത്താല്‍ ഒരുലക്ഷം കോടി രൂപയാണ് നിക്ഷേപബാങ്കിനെ രക്ഷിക്കാന്‍ അമേരിക്കന്‍സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നു മാത്രമല്ല മറ്റ് യൂറോപ്യന്‍ കോയ്മകളെക്കൂടി ഇത്തരത്തിലുള്ള പാക്കേജ് പ്രഖ്യാപിക്കുന്നതിന് അമേരിക്ക പ്രേരിപ്പിക്കുകയാണ്.

എന്നാല്‍, ചരിത്രത്തിലെ ഏറ്റവും വലിയ ധനരക്ഷാ പാക്കേജിന് അമേരിക്കന്‍ സെനറ്റില്‍ അപ്രതീക്ഷിതമായ എതിര്‍പ്പ് ഉണ്ടായിരിക്കുകയാണ്. സെനറ്റ് നിയമം പാസാക്കിയാലേ പണം ചെലവഴിക്കാന്‍ കഴിയൂ. അമേരിക്കന്‍ നിയമനിര്‍മാണസഭയ്‌ക്കു പോലും ദഹിക്കാന്‍ പ്രയാസമുള്ള കടുത്ത നിര്‍ദേശമാണ് രക്ഷാ പാക്കേജിലുള്ളതെന്നു സാരം.

എഴുപതിനായിരം കോടി ഡോളറെന്നാല്‍ അമേരിക്കയുടെ സാമൂഹ്യസുരക്ഷാ ചെലവിനേക്കാള്‍ ഉയര്‍ന്നതാണ്. നിയോ ലിബറല്‍ ആദര്‍ശത്തെപ്പിടിച്ച് ആണയിട്ട് രണ്ടു ദശാബ്‌ദമായി ക്ഷേമച്ചെലവും സബ്‌സിഡിയുമെല്ലാം വെട്ടിച്ചുരുക്കുകയായിരുന്നല്ലോ. തൊഴിലാളികളുടെ യഥാര്‍ഥകൂലി കഴിഞ്ഞ ഒരു ദശാബ്‌ദത്തിലേറെയായി ഉയര്‍ന്നിട്ടില്ല. എന്നുവച്ചാല്‍ വളര്‍ച്ചയുടെ നേട്ടമെല്ലാം മുതലാളിമാരുടെയും ഊഹക്കച്ചവടക്കാരുടെയും കൈയിലാണ് ചെന്നുചേര്‍ന്നത്. ഇപ്പോള്‍ ഇവരുടെ ദുഷ്‌ചെയ്‌തിക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കാന്‍ പോവുകയാണ്. ബാങ്കില്‍ത്തന്നെ വിശ്വാസവഞ്ചന കാണിച്ചവര്‍ക്ക് സഹായം. കരുതലോടെ പ്രവര്‍ത്തിച്ചവര്‍ക്കു സഹായമില്ല. ഇത് അധാര്‍മികമാണെന്നാണ് ചില സെനറ്റര്‍മാരുടെ വാദം. ഇതുവരെ ഉദ്ഘോഷിച്ച സര്‍വസ്വതന്ത്രതയുടെയും സര്‍ക്കാര്‍ പിന്‍വാങ്ങലിന്റെയും നിയോ ലിബറല്‍ ആദര്‍ശത്തെ ഈ ശുദ്ധാത്മാക്കള്‍ ഇപ്പോഴും മുറുകെ പിടിക്കുകയാണ്.

രക്ഷാ പാക്കേജിലുള്ള ഭീമമായ തുക ചെലവഴിക്കുന്നതിന് സര്‍വസ്വാതന്ത്ര്യവും വേണമെന്നാണ് ട്രഷറി സെക്രട്ടറി ഹെന്‍‌റി പോള്‍സണ്‍ ആവശ്യപ്പെടുന്നത്. അത്രയ്ക്ക് അസാധാരണമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി വഴിയല്ല രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോകുന്നത്. തെരഞ്ഞെടുത്ത ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവരായിരിക്കണം കമ്പോളത്തില്‍ ഇടപെടേണ്ടത് എന്നാണ് ഹെന്റി പോള്‍സണിന്റെ അഭിപ്രായം. ഇപ്പോള്‍ അടിപതറുന്ന ഗോള്‍ഡ്‌മാന്‍ സാച്ചസിന്റെ മേധാവിയായിരുന്നു ദീര്‍ഘകാലം ഹെന്റി പോള്‍സണ്‍ ! ഫാനിമേയെയും ഫ്രെഡിമാക്കിനെയും തകര്‍ച്ചയില്‍നിന്നു രക്ഷിക്കാന്‍ ഷെയര്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നല്ലോ. പക്ഷേ, അത് ഉടമസ്ഥത സര്‍ക്കാരിലേക്കു മാറ്റും. ഇതു ദേശസാല്‍ക്കരണത്തിനു തുല്യമാണ്. അതുകൊണ്ട് തകരുന്ന ബാങ്കിന്റെ ഷെയറല്ല അവര്‍ ഇറക്കിയിട്ടുള്ള കള്ള കടപ്പത്രമായിരിക്കും ഇനി സര്‍ക്കാര്‍ വാങ്ങുക. എങ്ങനെയിരിക്കുന്നു പാക്കേജ്?

സെനറ്റിലെ എതിര്‍പ്പിനെ മറികടക്കാന്‍ പ്രസിഡന്റ് ബുഷ് തന്നെ രംഗപ്രവേശംചെയ്തു. ദേശീയ വിപത്തിന്റെ കാലത്തെന്നപോലെ അമേരിക്കന്‍ ജനങ്ങളോട് ടെലിവിഷനിലൂടെ പരസ്യ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ബുഷ്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി മക്കെയിനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബരാക് ഒബാമയും ഒരുമിച്ച് പ്രസ്താവനയിറക്കി. സ്ഥിതിവിശേഷം എത്ര ഗൌരവമാണെന്നതിനുള്ള ചൂണ്ടുപലകയാണ് ഇവയെല്ലാം.

ഏതായാലും കമ്പോളത്തിന് നിക്ഷേപബാങ്കിനെ വിശ്വാസം വരുന്നില്ല. എല്ലാം ഭദ്രമാണെന്നും കെങ്കേമന്മാരാണ് തങ്ങളെന്നും പറഞ്ഞു വിശ്വസിപ്പിച്ചതെല്ലാം പൊളിഞ്ഞു. ഇനി എന്തെല്ലാം മറച്ചുവച്ചിട്ടുണ്ടാകും എന്നാണ് ഇടപാടുകാര്‍ സംശയിക്കുന്നത്. ഗോള്‍ഡന്‍ സാച്ചസും മോര്‍ഗന്‍ സ്റ്റാന്‍ലിയും അവസാനത്തെ ഒരു അടവ് എടുത്ത് പ്രയോഗിച്ചു. തങ്ങളെ വാണിജ്യ ബാങ്കുകളായി കണക്കാക്കണം എന്ന് അവര്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കി. സാധാരണ വാണിജ്യ ബാങ്കായി മാറിയാല്‍ ഒരു ഗുണമുണ്ട്: ജനങ്ങളില്‍നിന്ന് ഡിപ്പോസിറ്റ് സ്വീകരിക്കാം. പക്ഷേ, അതിനുപരി മറ്റെല്ലാ ബാങ്കിനെയുംപോലെ ഇവര്‍ രണ്ടും ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ വരും. 1996 ല്‍ പ്രത്യേക നിയമംമൂലം നിക്ഷേപബാങ്കിനെ ഫെഡറല്‍ റിസര്‍വിന്റെ നിയന്ത്രണത്താളില്‍നിന്നും മേല്‍നോട്ടത്തില്‍നിന്നും സര്‍വസ്വതന്ത്രമാക്കിയിരുന്നു. ഈ സൌകര്യം ഉപയോഗിച്ച് തിരിമറി നടത്തിയതാണ് ബാങ്കുകള്‍ ഈ പതനത്തില്‍ എത്തിച്ചേരാന്‍ കാരണം. ഇനിമേല്‍ രഹസ്യ ഏര്‍പ്പാടൊന്നും ഉണ്ടാകില്ല. റിസര്‍വ് ബാങ്കിന്റെ ലക്ഷ്മണരേഖയ്ക്കുള്ളില്‍ത്തന്നെ നിന്നുകൊള്ളാമെന്ന് ജനങ്ങളോട് ഏറ്റുപറയുകയാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയും ഗോള്‍ഡ്‌മാന്‍ സാച്ചസും.

**

ഡോ. ടി എം തോമസ് ഐസക്

Friday, September 26, 2008

പേടിസ്വപ്നത്തിന്റെ ഇടനാഴികള്‍

കമ്യൂണിസ്റ്റുകാരനായതുകൊണ്ട് ഹോളിവുഡില്‍ നിന്ന് നാടുകടത്തപ്പെടുന്നതിനു മുമ്പ് ജൂള്‍സ് ഡാസിന്‍ പൂര്‍ത്തിയാക്കിയ രാത്രിയും നഗരവും (നൈറ്റ് ആന്റ് ദ സിറ്റി /1950) എന്ന സിനിമ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണെന്നാണ് ചില നിരൂപകരുടെ അഭിപ്രായം. ലണ്ടന്‍ നഗരത്തില്‍ വെച്ച് ചിത്രീകരിച്ച ഈ സിനിമയില്‍ ഗുസ്തി മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ വേണ്ടത്ര പരിചയം സിദ്ധിച്ചിട്ടില്ലെങ്കിലും അതു ചെയ്തുകൊണ്ടിരിക്കുന്ന ഒരാളും നിശാനര്‍ത്തകശാലയുടെ ഉടമസ്ഥനായ മറ്റൊരാളുമാണ് പ്രധാന കഥാപാത്രങ്ങള്‍. ലണ്ടന്‍ നഗരത്തെ മുറിഞ്ഞ സ്വപ്നങ്ങളുടെയും പേടിസ്വപ്നങ്ങളുടെയും ഒരിടനാഴിയാക്കി ഡാസിന്‍ പരിവര്‍ത്തിപ്പിച്ചു എന്നാണ് മൈക്കിള്‍ സ്രാഗോ എഴുതിയത്.

ഹോളിവുഡിലെ കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളുമെന്ന് ആരോപിക്കപ്പെട്ടവരെയും കൂട്ടത്തോടെ നാടുകടത്തിയ കുപ്രസിദ്ധമായ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിലാണ് മുമ്പ് പാര്‍ടിയിലംഗത്വമെടുത്തിരുന്ന ഡാസിനും പുറത്താക്കപ്പെട്ടത്. പിന്നീട് കുറെക്കാലം പാരീസിലാണ് അദ്ദേഹം അഭയാര്‍ത്ഥിയായി ജീവിച്ചത്. 1953ലാണ് സംഭവം. ഭക്ഷണശാലകളില്‍ ആവശ്യമുള്ള ഏതാനും ഫ്രഞ്ച് വാക്കുകള്‍ മാത്രം അറിയാമായിരുന്ന ഡാസിന്‍ അവിടെ ആദ്യത്തെ അഞ്ചുകൊല്ലം തൊഴിലില്ലാതെ അലഞ്ഞു. തികഞ്ഞ ദുരിതമായിരുന്നു ആ ബഹിഷ്കൃതന്‍ അനുഭവിച്ചത്.

പണം നേടാനായി അദ്ദേഹം അക്കാലത്ത് ആദ്യമായി സംവിധാനം ചെയ്തത് റിഫിഫി എന്ന ചിത്രമായിരുന്നു. ബാങ്ക് കൊള്ള ചെയ്യുന്നതിന്റെ കഥ വിവരിക്കുന്ന ഈ സിനിമയില്‍ മറക്കാനാവാത്ത ഒരു സീക്വന്‍സ് ബാങ്ക് കൊള്ള ചിത്രീകരിച്ച അര മണിക്കൂര്‍ തന്നെയായിരുന്നു. പശ്ചാത്തല സംഗീതമോ സംഭാഷണമോ ഇല്ലാത്ത ആ സീക്വന്‍സ് ശ്വാസമടക്കിപ്പിടിച്ചു കൊണ്ടു മാത്രമേ കണ്ടു തീര്‍ക്കാനാവുള്ളൂ. പെര്‍ലോ വിത്ത എന്ന കഥാപാത്രമായി അഭിനയിച്ചത് ഡാസിന്‍ തന്നെയായിരുന്നു. 1955ലെ കാന്‍ മേളയില്‍ ഏറ്റവും നല്ല നടനുള്ള പുരസ്കാരം ഈ വേഷത്തെ മുന്‍ നിര്‍ത്തി അദ്ദേഹത്തിന് ലഭിച്ചു.

ഇക്കാലത്തു തന്നെയാണ് നല്ല ഹൃദയമുള്ള വേശ്യയുടെ കഥ പറയുന്ന നെവര്‍ ഓണ്‍ സണ്‍ഡേ എന്ന പ്രസിദ്ധ ചിത്രം അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഡാസിന്‍ ഈ സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു. മികച്ച സംഗീതസംവിധാനത്തിന് അക്കാദമി അവാര്‍ഡുകള്‍ നേടിയെടുത്ത ഈ സിനിമ ബോക്സ് ആപ്പീസ് വിജയവുമായിരുന്നു. ഇതിനകം, കമ്യൂണിസ്റ്റ് വിരുദ്ധ വേട്ട അസ്ഥാനത്താണെന്ന തിരിച്ചറിവ് ഹോളിവുഡില്‍ പ്രബലമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും അവിടെ സ്വീകരിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചു ചെന്ന് താമസിക്കാന്‍ കൂട്ടാക്കിയില്ല. നെവര്‍ ഓണ്‍ സണ്‍ഡേയില്‍ വേശ്യയുടെ വേഷത്തിലഭിനയിച്ച ഇറ്റാലിയന്‍ നടിയായ മെലിന മെര്‍ക്കോറിയെ 1966ല്‍ ഡാസിന്‍ വിവാഹം ചെയ്തു. ഇതദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു.

റഷ്യന്‍ വംശജനായ ഒരു ക്ഷുരകജോലിക്കാരന്റെ മകനായി 1911 ഡിസംബര്‍ 18ന് മിഡില്‍ടൌണില്‍ ജനിച്ച ഡാസിന്‍ കുടുംബത്തോടൊപ്പം തൊഴിലാളിനഗരമായ ഹാര്‍ലെമ്മിലേക്ക് താമസം മാറ്റി. അവിടത്തെ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതമാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയത്. യൂറോപ്പില്‍ പോയി നാടകം പഠിച്ച ഡാസിന്‍ ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി യിദ്ദിഷ് തിയറ്ററില്‍ നടനായും റേഡിയോ സ്ക്രിപ്റ്റുകളെഴുതിയുമാണ് കലാരംഗത്ത് സജീവമായത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. ഹിച്ച്കോക്ക് അടക്കമുള്ള പ്രമുഖ ഹോളിവുഡ് സംവിധായകരുടെ കീഴില്‍ പരിശീലിച്ച ഡാസിന്‍ എംജിഎമ്മിനു വേണ്ടി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇക്കൂട്ടത്തില്‍ റീയൂണിയന്‍ ഇന്‍ ഫ്രാന്‍സ് എന്ന ചിത്രം വളരെ ശ്രദ്ധേയമാണ്. കാമുകന്‍ ഒരു നാസി ഒറ്റിക്കൊടുപ്പുകാരനാണെന്ന് കണ്ടെത്തുന്ന നായികയാണ് ഈ സിനിമയിലുള്ളത്. 1957ല്‍ സംവിധാനം ചെയ്ത ഹി ഹു മസ്റ്റ് ഡൈയില്‍ ക്രെറ്റെ ദ്വീപിലെ നഗരവാസികള്‍ വര്‍ഷാന്ത്യ നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇതിവൃത്തമായി വരുന്നത്. അധിനിവേശിതരായ ഗ്രീക്കുകാരാണ് ദ്വീപു നിവാസികള്‍. തുര്‍ക്കിയുടെ ആധിപത്യമായിരുന്നു അവരനുഭവിച്ചിരുന്നത്. പൌരോഹിത്യവും നാടകവും അധിനിവേശത്തിന്റെ സ്മരണകളും വീണ്ടുമാവര്‍ത്തിക്കുന്ന അധിനിവേശം എന്ന ദുസ്വപ്നവും കൂടിക്കുഴയുന്ന ഹി ഹു മസ്റ്റ് ഡൈയുടെ കഥാഗാത്രം വിസ്മയാവഹമാണ്. നിക്കോസ് കസാന്‍ദാക്കീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഡാസിന്‍ വിഭാവനം ചെയ്തത്.

കടുത്ത ഫാസിസ്റ്റ് വിരുദ്ധയായിരുന്നു മെലിന മെര്‍ക്കോറി. 1967ല്‍ അവര്‍ താമസിച്ചിരുന്ന ഗ്രീസിലെ വലതുപക്ഷ സര്‍ക്കാര്‍ മെര്‍ക്കോറിയുടെ പൌരത്വം എടുത്തു കളഞ്ഞു. 1970ല്‍ ഭരണത്തിലിരുന്ന സ്വേഛാധിപത്യ ഭരണകൂടത്തെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് ഡാസിന്‍ വേട്ടയാടപ്പെട്ടു. ഇക്കാലങ്ങളില്‍ പാരീസില്‍ അഭയാര്‍ത്ഥിജീവിതം നയിച്ച ഡാസിനും മെര്‍ക്കോറിയും 1974ല്‍ വലതുപക്ഷ ഭരണം അവസാനിച്ച ശേഷമാണ് ഗ്രീസില്‍ തിരിച്ചെത്തിയത്. ഇതിനെ തുടര്‍ന്ന് മെര്‍ക്കോറി രാഷ്ട്രീയപ്രവര്‍ത്തകയാവുകയും പാര്‍ലമെന്റ് അംഗമായി മത്സരിച്ചു ജയിക്കുകയും ചെയ്തു. ഗ്രീക്ക് സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പു മന്ത്രിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994ലാണ് അവര്‍ മരിച്ചത്. ഡാസിന്‍ 2008 മാര്‍ച്ച് 31 തിങ്കളാഴ്ച ഏതന്‍സില്‍ വെച്ച് അന്തരിച്ചു.

1960കളില്‍ അദ്ദേഹം സിനിമാസംവിധാനത്തില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഏതാനും ചില ചിത്രങ്ങള്‍ കൂടി അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. 1962ല്‍ ക്യൂ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, ഹി ഹു മസ്റ്റ് ഡൈയാണ് തന്റെ ചിത്രങ്ങളില്‍ വെച്ച് ഏറ്റവുമധികം തനിക്ക് ഇഷ്ടപ്പെട്ടതെന്നാണ്. 1978ല്‍ അദ്ദേഹം സംവിധാനം ചെയ്ത എ ഡ്രീം ഓഫ് പാഷന്‍ എന്ന ചിത്രത്തിന് കാന്‍ മേളയില്‍ ഗോള്‍ഡന്‍ പാം അവാര്‍ഡ് ലഭിക്കുകയുണ്ടായി.

*

ജി പി രാമചന്ദ്രന്‍