Tuesday, September 9, 2008

വസന്തത്തിന്റെ ദലമര്‍മരം

ഭൂമിയുടെ ഊഷ്മളതയും കാറ്റിന്റെ പരിശുദ്ധിയും ജലകണങ്ങളുടെ തിളക്കവും ആകാശവും സ്വന്തമല്ലാത്ത നമുക്കെങ്ങനെ അവയ്ക്കു വിലപറയാനാവും. തിളങ്ങുന്ന പൈന്‍ ഇലകളും മണല്‍ത്തീരങ്ങളും ഇരുണ്ട വനാന്തരങ്ങളിലെ മൂടല്‍മഞ്ഞും മൂളുകയും പാടുകയും ചെയ്യുന്ന കീടങ്ങളും എല്ലാമെല്ലാം എന്റെ ജനതയുടെ ഓര്‍മയിലും അനുഭവത്തിലും വിശുദ്ധമാണ്. ഒലിച്ചിറങ്ങുന്ന വൃക്ഷച്ചാറില്‍ റെഡ് ഇന്ത്യക്കാരന്റെ സ്മരണകളാണ് നിറഞ്ഞിരിക്കുന്നത്.

നക്ഷത്രങ്ങള്‍ക്കിടയിലൂടെ യാത്ര തുടങ്ങിയപ്പോള്‍ സ്വന്തം ജന്മഭൂമിയെപ്പോലും മറന്ന വെള്ളക്കാരനെപ്പോലെ ഈ സുന്ദരഭൂമിയെ വിസ്മരിക്കാന്‍ ഒരിക്കലും ഞങ്ങള്‍ക്കാവില്ല.

അവള്‍ റെഡ് ഇന്ത്യക്കാരുടെ അമ്മയാണ്. സുഗന്ധവാഹികളായ പൂക്കള്‍ ഞങ്ങളുടെ സഹോദരിമാരും, മാനും കുതിരയും പരുന്തും സഹോദരന്മാരുമാണ്. പാറമൂടിയ കുന്നിന്‍മുനമ്പുകള്‍, പുല്‍മേടുകളിലെ തേന്‍തുള്ളികള്‍, പെണ്‍കുതിരയുടെയും മനുഷ്യന്റെയും ശരീരത്തിലെ ചൂട് എല്ലാമെല്ലാം ഒരേ കുടുംബമാണ്.

അതുകൊണ്ടുതന്നെ നമ്മുടെ ഭൂമി വിലയ്ക്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കുറിപ്പിലൂടെ വാഷിങ്ടണിലെ മഹാനായ മുഖ്യന്‍ ഭൂമിയേക്കാള്‍ വിലയുള്ള മറ്റു ചിലതാണ് നമ്മോട് ചോദിക്കുന്നത്.

പക്ഷേ അതത്ര ലളിതമല്ല. ഈ നദികളില്‍ തിളങ്ങുന്നത് പൂര്‍വപിതാക്കന്മാരുടെ രക്തമാണ്. ഈ മണ്ണ് പരിശുദ്ധമാണെന്ന് നിങ്ങള്‍ മറക്കരുത്. തെളിഞ്ഞ തടാകങ്ങളിലെ ഭീമാകാരപ്രതിബിംബങ്ങള്‍ എന്റെ ജനതയുടെ ഓര്‍മകളും സംഭവങ്ങളുമാണെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ഈ ജലമര്‍മരം എന്റെ പിതാമഹന്റെ ശബ്ദമാണ്. നദികള്‍ ഞങ്ങളുടെ ദാഹം ശമിപ്പിക്കയും യാനങ്ങളെ വഹിക്കുകയും കുഞ്ഞുങ്ങളെ ഊട്ടുകയും ചെയ്യുന്ന സഹോദരന്മാരാണ്.

ഭൂമിയുടെ ശത്രുവായ വെള്ളക്കാരന്‍ ഇരുളില്‍ പതുങ്ങി വന്ന് തനിക്കാവശ്യമുള്ളതെല്ലാം ഭൂമിയില്‍നിന്ന് മോഷ്ടിക്കുന്ന അപരിചിതനാണ്. കീഴടക്കിക്കഴിഞ്ഞാല്‍ സ്വന്തം പിതാക്കന്മാരുടെ ശവകുടീരങ്ങളെപ്പോലും അവഗണിച്ചുകൊണ്ട് അവന്‍ മുന്നോട്ട് പായുന്നു. സ്വന്തം കുഞ്ഞുങ്ങളില്‍നിന്ന് അവന്‍ ഭൂമിയെ തട്ടിയെടുക്കുന്നു. പിതൃക്കളുടെ കല്ലറകളും മക്കളുടെ ജന്മാവകാശവും വിസ്മരിക്കുന്നു. അമ്മയായ ഭൂമിയും സഹോദരനായ ആകാശവും അവന് വില്‍ക്കാനും പണയംവയ്ക്കാനും കഴിയുന്ന ചരക്കാണ്.

വെള്ളക്കാരന്റെ വിശപ്പ് സകലതിനെയും വിഴുങ്ങി ഭൂമിയെ മരുഭൂമിയാക്കിമാറ്റും. ഞങ്ങളുടെ രീതികള്‍ നിങ്ങളുടേതില്‍നിന്നു വ്യത്യസ്തമാണ്. നിങ്ങളുടെ നഗരക്കാഴ്ചകള്‍ റെഡ്ഇന്ത്യക്കാരന്റെ കണ്ണുകള്‍ക്ക് വേദനയുണ്ടാക്കുന്നു. ശാന്തമായ ഒരിടംപോലും നിങ്ങളുടെ നഗരങ്ങളിലില്ല. വസന്തത്തില്‍ ദലമര്‍മരവും പ്രാണികളുടെ ചിറകുരയുന്ന ശബ്ദവും കേള്‍ക്കാവുന്ന ഒരിടംപോലും ഈ നഗരങ്ങളിലില്ല. കാതുകളെ അസ്വസ്ഥമാക്കുന്ന കലമ്പല്‍മാത്രമാണെങ്ങും.

രാത്രികളില്‍ ഒരു കുഞ്ഞുകിളിയുടെ ഏകാന്തവിലാപവും തടാകക്കരയിലെ തവളകളുടെ തര്‍ക്കങ്ങളും കേള്‍ക്കാനാവില്ലെങ്കില്‍ എന്താണ് മനുഷ്യജീവിതം.

ഞാനൊരു റെഡ്ഇന്ത്യക്കാരനാണ്; എനിക്കൊന്നും മനസ്സിലാവില്ല.

മധ്യാഹ്നമഴയില്‍ ശുദ്ധീകരിച്ച കാറ്റ് പൈനണ്‍ പൈന്‍ സുഗന്ധവുംപേറി ജലാശയമുഖത്തെ തുളച്ചുപായുമ്പോള്‍ ജനിക്കുന്ന നനുത്ത സംഗീതം ഞങ്ങള്‍ക്ക് പ്രിയതരമാണ്. സകല ചരാചരങ്ങളും ശ്വസിക്കുന്നത് ഒരേ ശ്വാസമാകയാല്‍ വായു ഞങ്ങള്‍ക്ക് മൂല്യവത്താണ്. താന്‍ ശ്വസിക്കുന്ന വായുവിനെ വെള്ളക്കാരന്‍ ഗൌനിച്ചിട്ടില്ല. മരിച്ചുകൊണ്ടിരിക്കുന്ന ഒരുവന് ദുര്‍ഗന്ധങ്ങളോടുപോലും മരവിപ്പാണനുഭവപ്പെടുന്നത്. ശ്വസിക്കുന്ന എല്ലാവര്‍ക്കും വായു സ്വന്തം ആത്മാവിനെ പങ്കുവയ്ക്കുന്നു. അതുകൊണ്ട് ഞങ്ങളീ ഭൂമി നിങ്ങള്‍ക്കു നല്‍കിയാല്‍ നിങ്ങളോര്‍ത്തിരിക്കണം വായു ഞങ്ങള്‍ക്ക് അമൂല്യമാണന്ന്. ഞങ്ങളുടെ മുത്തച്ഛന് ആദ്യശ്വാസം നല്‍കിയ കാറ്റുതന്നെയാണ് അദ്ദേഹത്തിന്റെ അവസാന നിശ്വാസത്തെയും ഏറ്റുവാങ്ങിയത്. ഞങ്ങളീ ഭൂമി നിങ്ങള്‍ക്കു നല്‍കിയാല്‍ താഴ്വരകളിലെ പൂക്കളാല്‍ മധുരിതമാക്കപ്പെട്ട കാറ്റ് വെള്ളക്കാരനുപോലും നുകരാന്‍ കഴിയുന്ന വിശുദ്ധഭൂമിയാക്കി നിങ്ങളതിനെ സൂക്ഷിക്കണം.

നിങ്ങളുടെ വാഗ്ദാനം ഞങ്ങളംഗീകരിച്ചാല്‍ അതൊരു വ്യവസ്ഥയ്ക്കുമുകളിലായിരിക്കും. ഈ ഭൂമിയിലെ ജന്തുക്കളെ നിങ്ങള്‍ സഹോദരന്മാരെപ്പോലെ പരിഗണിക്കണം. ഞാനൊരു അപരിഷ്കൃതനാണ്. മറ്റു രീതികള്‍ എനിക്കറിയില്ല. ഓടുന്ന തീവണ്ടികളിലിരുന്ന് വെള്ളക്കാരന്‍ വെടിവച്ചുവീഴ്ത്തി ഉപേക്ഷിച്ച് ചീഞ്ഞഴുകുന്ന എരുമകളെ പുല്‍മേടുകളില്‍ ഞാന്‍ കണ്ടു. ജീവന്‍ നിലനിര്‍ത്താനായിമാത്രം ഞങ്ങള്‍ കൊല്ലുന്ന എരുമകള്‍ നിങ്ങള്‍ക്ക് പുകതുപ്പുന്ന ഇരുമ്പുകുതിരകളേക്കാള്‍ പ്രാധാന്യമുള്ളതാകുന്നതെങ്ങനെയാണ്

എല്ലാ ജന്തുക്കളും അപ്രത്യക്ഷമായാല്‍ ആത്മാവിന്റെ ഭീതിദമായ ഏകാന്തതയില്‍ മനുഷ്യന്‍ മരിക്കും. കാരണം ജന്തുക്കള്‍ക്കു സംഭവിക്കുന്നതെല്ലാം ഏറെ വൈകാതെ മനുഷ്യനും സംഭവിക്കും. എല്ലാം പരസ്പരബന്ധിതമാണ്.

കാലിനടിയിലുള്ള ഭൂമി നമ്മുടെ പൂര്‍വപിതാക്കന്മാരുടെ ചാരമാണന്ന് നിങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അവര്‍ ഭൂമിയെ ബഹുമാനിക്കും. പ്രിയപ്പെട്ടവരുടെ ജീവിതംകൊണ്ട് ഭൂമി സമ്പന്നമാണെന്ന് കുഞ്ഞുങ്ങളോട് പറയുക. ഭൂമി നമ്മുടെ അമ്മയാണന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുക. അവള്‍ക്ക് സംഭവിക്കുന്ന തിന്മകളെല്ലാം അവളുടെ മക്കള്‍ക്കും സംഭവിക്കും. ഭൂമിയിലേക്ക് തുപ്പുമ്പോള്‍ അതു പതിക്കുന്നത് അവനവനില്‍ത്തന്നെയാണ്.

ഭൂമി മനുഷ്യനോടല്ല മനുഷ്യന്‍ ഭൂമിയോടാണ് കടപ്പെട്ടിരിക്കുന്നത്.

രക്തം ഒരു കുടുംബത്തെയെന്നപോലെ സകലജീവജാലങ്ങളും പരസ്പരബന്ധിതമാണ്. സ്വന്തം ദൈവവുമായി കൂട്ടുകാരെനോടെന്നപോലെ സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന വെള്ളക്കാരനുപോലും പൊതുവിധിയില്‍നിന്ന് രക്ഷപ്പെടാനാവില്ല. ഒരു ദിവസം വെള്ളക്കാരന്‍ കണ്ടുപിടിച്ചേക്കാവുന്ന സത്യം ഞങ്ങള്‍ ഇപ്പോഴെ തിരിച്ചറിയുന്നു.

നമ്മുടെ ദൈവം ഒരേ ദൈവമാണ്

ഭൂമി സ്വന്തമാക്കുന്നതുപോലെ ദൈവത്തെ സ്വന്തമാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവന്‍ മനുഷ്യന്റെ ദൈവമാണ്. അവന്റെ വാത്സല്യം വെള്ളക്കാരനും റെഡ്ഇന്ത്യക്കാരനും തുല്യമാണ്. ഭൂമിക്ക് ഏല്‍പ്പിക്കുന്ന പരിക്കുകള്‍ അതിന്റെ സ്രഷ്ടാവിനു മുകളില്‍ പുച്ഛം നിറയ്ക്കലാണ്.

ഒരുപക്ഷേ മറ്റേത് ഗോത്രത്തെക്കാളും മുമ്പേ വെള്ളക്കാരന്‍ കടന്നുപോകും. സ്വന്തം ശയ്യകളെ മലിനപ്പെടുത്തുന്ന നിങ്ങള്‍ ഒരു രാത്രിയില്‍ ആ മാലിന്യത്തില്‍ വീര്‍പ്പുമുട്ടി മരിക്കും.

മരണത്തിനുമുമ്പ് നിങ്ങള്‍ വെട്ടിത്തിളങ്ങും. ഈ ഭൂമിയിലേക്കുകൊണ്ടുവന്ന് ഞങ്ങള്‍ക്കും ഈ ഭൂമിക്കും മുകളില്‍ അധികാരം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് അവസരം തന്ന ദൈവത്തിന്റെ അഗ്നിപ്രകാശത്തില്‍ അണയുന്നതിനുമുമ്പ്് നിങ്ങള്‍ ആളിക്കത്തും.

എരുമകള്‍ ബലിയാകുമ്പോഴും കാട്ടുകുതിരകളെ മെരുക്കുമ്പോഴും വനാന്തരങ്ങളുടെ ഇരുണ്ട മൂലകളില്‍ മനുഷ്യഗന്ധം നിറയുമ്പോഴുംവിളഞ്ഞ കുന്നിന്‍മുനപ്പിന്റെ കാഴ്ചകള്‍ ശബ്ദിക്കുന്ന കമ്പികളാല്‍ വികൃതമാക്കപ്പെടുമ്പോഴും ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ നേരിടാനൊരുങ്ങുന്ന വിധി ഞങ്ങള്‍ക്ക് ദുരൂഹമാണ്.

എവിടെ കുറ്റിക്കാടുകള്‍? എവിടെ പരുന്തുകള്‍?

എല്ലാം പൊയ്പ്പോയിരിക്കുന്നു

ജീവിതത്തിന്റെ അന്ത്യം അതിജീവനത്തിന്റെ തുടക്കമാണ്.

*

ചീഫ് സീറ്റ്ളിന്റെ പ്രഭാഷണം

അമേരിക്കയിലെ വെള്ളക്കാരന്റെ അധിനവേശകാലത്ത് റെഡ്ഇന്ത്യന്‍ഗോത്രങ്ങളായ സുഖാമിഷ്, ഡുവാമിഷ് ഗോത്രങ്ങളുടെ തലവനായിരുന്നു ചീഫ് സീറ്റ്ള്‍. വെട്ടിയും കുരുക്കിയും സ്വന്തമാക്കുന്ന വെള്ളക്കാരന്റെ തന്ത്രം നിഷ്കളങ്കരായ റെഡ് ഇന്ത്യക്കാരെയും കുരുക്കി. തങ്ങളുടെ പ്രിയപ്പെട്ട മണ്ണ് വെള്ളക്കാരന്റെ കുടിലതയ്ക്കുമുന്നില്‍ അവന് തീറെഴുതേണ്ടിവന്നു.

1854ല്‍ പ്രവിശ്യാ ഗവര്‍ണറായ ഐസക് സ്റ്റീവന്‍സ് തദ്ദേശവാസികളായ ഗോത്രങ്ങളുമായി ഉടമ്പടികളുണ്ടാക്കാന്‍ തുടങ്ങി. 1854 മാര്‍ച്ച് 11 (ഡിസംബറിലാണെന്നും പറയുന്നു) നാണ് സീറ്റ്ള്‍ തന്റെ ജനങ്ങളോടൊപ്പം സ്റ്റീവന്‍സിനെ കാണുന്നത്. ഈസമയത്ത് അദ്ദേഹം നടത്തിയ പ്രഭാഷണമാണിത്. തന്റെ ഭാഷയായ ലഷൂസ്റ്റീഡിലാണ് അദ്ദേഹം സംസാരിച്ചത്. ഒരാള്‍ അത് റെഡ്ഇന്ത്യക്കാരുടെ കച്ചവടഭാഷയായ ചിനൂക്കിലേക്കും മറ്റൊരാള്‍ ഇംഗ്ളീഷിലേക്കും പരിഭാഷപ്പെടുത്തി. ഡോ. ഹെന്റി സ്മിത്ത് ഈ പ്രഭാഷണത്തിന്റെ കുറിപ്പെടുക്കുകയും 33 വര്‍ഷങ്ങള്‍ക്കുശേഷം 1887 ഒക്ടോബര്‍ 11 ന് സീറ്റ്ള്‍ സണ്‍ഡേ സ്റ്റാറില്‍ പ്രസിദ്ധികരിക്കുകയും ചെയ്തു.

സുഖ്വാമിഷ് ഗോത്രത്തലവന്‍ ഷ്യുആബിന്റെയും ഡുവാമിഷ് ഗോത്രവംശജയായ വുഡ് ഷോ ലിറ്റ് സ യുടെയും മകനായി 1786 ലാണ് ചീഫ് സീറ്റ്ള്‍ (സീ-യാത്ള്‍) ജനിക്കുന്നത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ അസാമാന്യ നേതൃത്വഗുണവും ധീരതയും പ്രകടിപ്പിച്ച സീത്ള്‍ റെഡ് ഇന്ത്യന്‍ ഗോത്രങ്ങളുടെ നേതൃത്വനിരയിലേക്ക് ഉയര്‍ന്നു. വെള്ളക്കാരന്റെ രീതികളോടും സംസ്കാരത്തോടും പൊരുത്തപ്പെടാനായില്ലങ്കിലും കത്തോലിക്കാ സഭയില്‍ മാമോദീസാ മുങ്ങി നോവ എന്ന പേര്‍ സ്വീകരിച്ചു.

ഈ പ്രഭാഷണത്തിന്റെ വിവര്‍ത്തനത്തില്‍ ഡോ. ഹെന്റി സ്മിത്ത് സ്വീകരിച്ച ഭാഷയെയും കാവ്യാത്മകതയെയുംകുറിച്ച് തര്‍ക്കങ്ങള്‍ നിലവിലുണ്ടെങ്കിലും ഇതിലുന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണന്ന് വിലയിരുത്തപ്പെടുന്നു

പ്രകൃതിയുമായുള്ള ഗോത്രവര്‍ഗക്കാരുടെ ബന്ധത്തിന്റെ ആഴം ഈ പ്രഭാഷണത്തിലുണ്ട്. ഭൂമിയിലെ സകല ചരാചരങ്ങളെയും മണ്ണിനെയും ആകാശത്തെയും വെള്ളത്തെയും മാനുഷികവല്‍ക്കരിച്ച് (personnification) സ്നേഹിക്കുന്ന മനസ്സ് പുതിയ കാലത്തിന് അന്യമാണ്.

അതോടൊപ്പം വെള്ളക്കാരന്റെ ലക്ഷ്യവും എല്ലാം ചരക്കാക്കുന്ന അവന്റെ ആധുനികതയും അതിന്റെ ഭാവിയും ദൈവസങ്കല്‍പ്പത്തിലെ കാപട്യവും നൂറ്റാണ്ടുകള്‍ക്കുമുമ്പേ തിരിച്ചറിഞ്ഞ് പ്രവചിച്ച ഈ പ്രഭാഷണത്തിന് രാഷ്ട്രീയമാനവുമുണ്ട്.

*
കെ ഗിരീഷ്, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

സന്ദര്‍ശിക്കാവുന്ന സൈറ്റുകള്‍

ഒന്ന്

രണ്ട്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭൂമിയുടെ ഊഷ്മളതയും കാറ്റിന്റെ പരിശുദ്ധിയും ജലകണങ്ങളുടെ തിളക്കവും ആകാശവും സ്വന്തമല്ലാത്ത നമുക്കെങ്ങനെ അവയ്ക്കു വിലപറയാനാവും. തിളങ്ങുന്ന പൈന്‍ ഇലകളും മണല്‍ത്തീരങ്ങളും ഇരുണ്ട വനാന്തരങ്ങളിലെ മൂടല്‍മഞ്ഞും മൂളുകയും പാടുകയും ചെയ്യുന്ന കീടങ്ങളും എല്ലാമെല്ലാം എന്റെ ജനതയുടെ ഓര്‍മയിലും അനുഭവത്തിലും വിശുദ്ധമാണ്. ഒലിച്ചിറങ്ങുന്ന വൃക്ഷച്ചാറില്‍ റെഡ് ഇന്ത്യക്കാരന്റെ സ്മരണകളാണ് നിറഞ്ഞിരിക്കുന്നത്.

അമേരിക്കയിലെ വെള്ളക്കാരന്റെ അധിനവേശകാലത്ത് റെഡ്ഇന്ത്യന്‍ഗോത്രങ്ങളായ സുഖാമിഷ്, ഡുവാമിഷ് ഗോത്രങ്ങളുടെ തലവനായിരുന്നു ചീഫ് സീറ്റ്ള്‍. വെട്ടിയും കുരുക്കിയും സ്വന്തമാക്കുന്ന വെള്ളക്കാരന്റെ തന്ത്രം നിഷ്കളങ്കരായ റെഡ് ഇന്ത്യക്കാരെയും കുരുക്കി. തങ്ങളുടെ പ്രിയപ്പെട്ട മണ്ണ് വെള്ളക്കാരന്റെ കുടിലതയ്ക്കുമുന്നില്‍ അവന് തീറെഴുതേണ്ടിവന്നു.

1854ല്‍ പ്രവിശ്യാ ഗവര്‍ണറായ ഐസക് സ്റ്റീവന്‍സ് തദ്ദേശവാസികളായ ഗോത്രങ്ങളുമായി ഉടമ്പടികളുണ്ടാക്കാന്‍ തുടങ്ങി. 1854 മാര്‍ച്ച് 11 (ഡിസംബറിലാണെന്നും പറയുന്നു) നാണ് സീറ്റ്ള്‍ തന്റെ ജനങ്ങളോടൊപ്പം സ്റ്റീവന്‍സിനെ കാണുന്നത്. ഈസമയത്ത് അദ്ദേഹം നടത്തിയ പ്രഭാഷണമാണിത്.

വെള്ളക്കാരന്റെ ലക്ഷ്യവും എല്ലാം ചരക്കാക്കുന്ന അവന്റെ ആധുനികതയും അതിന്റെ ഭാവിയും ദൈവസങ്കല്‍പ്പത്തിലെ കാപട്യവും നൂറ്റാണ്ടുകള്‍ക്കുമുമ്പേ തിരിച്ചറിഞ്ഞ് പ്രവചിച്ച ഈ പ്രഭാഷണത്തിന് രാഷ്ട്രീയമാനവുമുണ്ട്.

Baiju Elikkattoor said...

എന്തൊരു സമഭാവന! ഉജ്ജ്വലമായ സംസ്കാരത്തിന്റെ തിളക്കം ഒരു കാവ്യം പോലെ പ്രഭാഷണത്തിലുടനീളം.

"..........കുന്നിന്‍മുനപ്പിന്റെ കാഴ്ചകള്‍ ശബ്ദിക്കുന്ന കമ്പികളാല്‍ വികൃതമാക്കപ്പെടുമ്പോഴും ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ നേരിടാനൊരുങ്ങുന്ന വിധി ഞങ്ങള്‍ക്ക് ദുരൂഹമാണ്." ഈ പറഞ്ഞതു നമ്മോടല്ലേ?