കേരളത്തില്‍ പുതിയ കാലത്തിന്റെ തുയിലുണര്‍ത്തുമായി യുവാക്കളായ ഒരു സംഘം കവികള്‍ ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകളില്‍ രംഗത്തുവന്നു. പി ഭാസ്കരന്, വയലാര്‍, ഒ എന്‍ വി, പുനലൂര്‍ ബാലന്, തിരുനല്ലൂര്‍ കരുണാകരന് എന്നിവരോടൊപ്പം 'ചുവന്ന ദശകത്തിലെ' ആ കവി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളാണ് പുതുശ്ശേരി രാമചന്ദ്രന്.
1928 സെപ്തംബറിലാണ് ജനനം. കന്നി എട്ട്. കവിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ശ്രീനാരായണഗുരുവിന്റെ സമാധി കഴിഞ്ഞ് മൂന്നാം ദിവസം. അപ്പൂപ്പന്റെ വീട്ടില്‍ വച്ചാണ് അമ്മ പ്രസവിച്ചത്. ആ സമയത്ത് അവിടെ രാമായണം വായിച്ചിരുന്നു. 'രാമചന്ദ്രന്' എന്ന പേര് കേട്ടപ്പോള്‍ത്തന്നെ അപ്പൂപ്പന് കുഞ്ഞിന് പേരിട്ടു. അച്ഛന് സ്വന്തമായി നിര്‍മിച്ച വീടിനിട്ട പേരാണ് പുതുശ്ശേരി. കവിയുടെ ജന്മസ്ഥലം ചോദിച്ചപ്പോള്‍ മറുപടി വന്നു. കൊല്ലം ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ വള്ളിക്കുന്നം. ഒപ്പം ഒരു ശ്ളോകവും.
"ഭള്ളേലുന്ന കഷണ്ടിയാല്‍
കുടവയര്‍ തുള്ളിച്ച
പാഴ്ക്കുന്നുകള്‍,
വെള്ളിപ്പൂങ്കസവിട്ട
പുഞ്ചവയലില്‍
തുള്ളും പുലക്കള്ളികള്‍,
വള്ളിക്കെട്ടുകള്‍ നീളെ
വായ്ക്കുരവയി-
ട്ടാര്‍ക്കും കിളിച്ചാര്‍ത്തുകള്‍
വള്ളിക്കുന്നമതിന്‍
വയല്ക്കരകളില്
പൂക്കുന്നു ഹര്ഷോന്മാദം''
(വള്ളിക്കുന്നത്തെ സായാഹ്നങ്ങൾ )
മധ്യകേരളത്തിലെ മാവേലിക്കരയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ആ സ്ഥലപ്പേരുതന്നെ ചരിത്രവും പുരാണങ്ങളും ഓര്‍മിപ്പിക്കുന്നു. വിശദീകരിക്കുമോ?
മാവേലിക്കര എ ആര് രാജരാജവര്‍മയുടെ ജന്മസ്ഥലമാണ്. എണ്ണയ്ക്കാട്ട് കോവിലകത്തെ തമ്പുരാക്കന്മാര്, ചുനക്കര രാമവാരിയര്‍ - അദ്ദേഹം എ ആറിന്റെ ഗുരുവായിരുന്നല്ലോ-തുടങ്ങിയവരുടെ നാട്. പ്രസിദ്ധ സംസ്കൃത പണ്ഡിതനായിരുന്ന വേലുക്കുട്ടി അരയന്, സി എസ് സുബ്രഹ്മണ്യന് പോറ്റി, പന്നിശ്ശേരി നാണുപിള്ള ഇവരെല്ലാം അവിടെ അടുത്ത കരുനാഗപ്പള്ളിക്കാരാണ്. പഴയ മാവേലിക്കര സംസ്കൃതസാഹിത്യത്തിന്റെയും പാണ്ഡിത്യത്തിന്റെയും നാടായിരുന്നു; ഒപ്പം ദേശീയ പ്രബുദ്ധതയും അവിടെ ആഴത്തില്‍ വേരോടിയിരുന്നു. 'മറ്റുള്ളവര്‍ക്കായുഴാനും നടുവാനും കറ്റ കൊയ്യാനും മെതിക്കാനും' വിധിക്കപ്പെട്ടിരുന്ന കര്‍ഷകത്തൊഴിലാളികള്‍ ചേറ്റില്‍നിന്ന് തലയുയര്‍ത്താന്‍ കഴിയാതെ ഇരുകാലിമാടുകളെപ്പോലെ കഴിഞ്ഞ ഒരു കാലമായിരുന്നു അത്.
രാഷ്ട്രീയത്തിലേക്ക് തിരിയാന്‍ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍ത്തെടുക്കാമോ?
ഗാന്ധിജിയും കോണ്‍ഗ്രസുമായിരുന്നു ആദ്യ ആകര്‍ഷണം. ഒരിക്കല്‍ ഓച്ചിറയില്‍ എത്തിയ ഗാന്ധിജിയെ കാണാന്‍ അച്ഛന് പോയി. മടങ്ങിവന്നത് ഗാന്ധിജിയെ കണ്ട ആവേശത്തിലായിരുന്നു. ദേശീയ നേതാക്കന്മാരുടെ കുറെ ചിത്രങ്ങളും അച്ഛന് വാങ്ങിക്കൊണ്ടുവന്നിരുന്നു. ലാലാ ലജ്പത്റായ്, ഗാന്ധിജി, നെഹ്രു, ബാലഗംഗാധരതിലകന്‍, ഗോഖലെ, സുഭാഷ്ചന്ദ്രബോസ്.... അച്ഛന് അവരെപ്പറ്റി ധാരാളം കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു.
വള്ളിക്കുന്നമെന്ന കുഗ്രാമത്തിലെ ഒരു കുട്ടിയുടെ മനസ്സില്‍ ഇന്ത്യയുടെ ദേശീയഭൂപടം നിവര്‍ന്നുവീണു. ചില വീരപുത്രന്മാര്; അവരുടെ ത്യാഗങ്ങള്‍. എല്ലാം ചിന്തകളുടെയും വികാരങ്ങളുടെയും വിത്തുകള്‍ വിതയ്ക്കാന്‍ പറ്റിയവയായിരുന്നു.
ഖദര്‍ കിട്ടണമെങ്കില്‍ അന്ന് സ്വന്തമായി നൂല്‍നൂല്‍ക്കണം. തക്ളിയിലും ചര്‍ക്കയിലും നൂല്‍നൂറ്റ് കായങ്കുളത്തുപോയി അത് വിറ്റ് ഖദര്‍ വാങ്ങി. ഖദര്‍ ഉടുത്ത് ഗാന്ധിത്തൊപ്പിവച്ച് ഗ്രാമപാതയിലൂടെ സ്കൂളിലേക്ക് നടന്നുപോയി. ഒരു ഗാന്ധിത്തൊപ്പിക്ക് അന്ന് മൂന്ന് ചക്രം.
രാഷ്ട്രീയ പശ്ചാത്തലവും കവിതാരചനയും ഇഴചേര്‍ന്ന് കിടക്കുന്നല്ലോ. അങ്ങനെ തുടങ്ങിയാലോ?
ശരിയാണ്. നഗരങ്ങളില്‍ ഉപരിപഠനത്തിനുപോയ വിദ്യാര്‍ഥികളാണ് അക്കാലത്ത് നാട്ടിന്‍പുറങ്ങളിലേക്ക് സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം കൊണ്ടുവന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റും മര്‍ദനവും ജയില്‍വാസവും കഴിഞ്ഞ് സംസ്കൃതകോളേജില്‍നിന്ന് ബഹിഷ്കൃതനായി കാമ്പിശേരി നാട്ടിലെത്തി. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ അദ്ദേഹം സജീവമാക്കി. സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെക്കൂടി ആകര്ഷിക്കുവാനുള്ള പദ്ധതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. യുവജനസമാജം, ഭാരത തൊഴിലാളി എന്ന പേരില്‍ കൈയെഴുത്ത് മാസിക, നാടകാഭിനയം, ഹരിജന സേവനം ഇങ്ങനെ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ പുതിയ ഉണര്‍വുണ്ടാക്കി. 1944ല്‍ കൈയെഴുത്തുമാസികയുടെ അച്ചടിച്ച ഒരു വിശേഷാല്‍ പതിപ്പിറങ്ങി. ഉള്ളൂര്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, തോപ്പില്‍ഭാസി. അദ്ദേഹം അക്കാലത്ത് തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് വിദ്യാര്‍ഥിയാണ്. കാമ്പിശേരി തുടങ്ങിയവരുടെ കൃതികളോടൊപ്പം എന്റെയും രചന ആദ്യമായി അച്ചടിക്കപ്പെട്ടു. 'ഒന്നാന്ത്യക്കുറ്റം' എന്നായിരുന്നു കൃതിയുടെ പേര്. തുടര്‍ന്ന് കവിതകള്‍ രചിക്കാന്‍ ഉത്സാഹമായി.
1946ല്‍ സംസ്കൃത ശാസ്ത്രി പരീക്ഷ പാസായി ഭരണിക്കാവ് ഇംഗ്ളീഷ് ഹൈസ്കളില്‍ ചേര്‍ന്നു. അവിടത്തെ വിദ്യാര്‍ഥികോണ്‍ഗ്രസിന്റെ നേതൃത്വം എനിക്കായി. അന്ന് സ്വാതന്ത്ര്യസമരത്തിന് ജീവന് നല്‍കിയത് പ്രധാനമായും വിദ്യാര്‍ഥിസമരങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ ഭരണം നാട്ടുകാരെ ഏല്‍പ്പിച്ച് ഇന്ത്യ വിടുവാന്‍ ഒരുങ്ങിയപ്പോള്‍ 'സ്വതന്ത്ര തിരുവിതാംകൂര്‍' സ്ഥാപിക്കാന്‍ പുറപ്പെട്ട സി പിയുടെ നീക്കം അക്കാലത്ത് ജനരോഷമുയര്‍ത്തിയ സംഭവമായിരുന്നു. പുന്നപ്ര-വയലാറില്‍ നടത്തിയ വെടിവയ്പായിരുന്നു മറ്റൊരു സംഭവം. കോണ്‍ഗ്രസുകാര്‍ ആ സമരത്തെ തള്ളിപ്പറഞ്ഞതോടെ ജനങ്ങളുടെ ഇടയില്‍ ചേരിതിരിവിന് ആക്കം കൂടി. ഏതാനും മാസം കഴിഞ്ഞ് പേട്ടയിലുണ്ടായ വെടിവയ്പില്‍ രാജേന്ദ്രന് എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇതിനോടെല്ലാം വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ചു.ഈ സമരങ്ങളില്‍ പങ്കെടുത്ത ഞങ്ങളില്‍ ചിലര്‍ സ്കൂളിന് പുറത്തായി. ആ കാലങ്ങളില്‍ പലപ്പോഴായി എഴുതി വിദ്യാര്‍ഥി സമ്മേളനങ്ങളില്‍ വായിച്ചവയാണ് എന്റെ ആദ്യകാല കവിതകള്‍ ഏറെയും. പ്രൊഫ. എസ് ഗുപ്തന്‍നായരുടെ അവതാരികയോടെ എന്റെ ആദ്യത്തെ കവിതാ സമാഹാരം- ഗ്രാമീണ ശാലകള്‍-1948ല്‍ പ്രസിദ്ധപ്പെടുത്തി.
ജന്മിത്വത്തിനും ചൂഷണത്തിനും എതിരെ കര്‍ഷകത്തൊഴിലാളികളില്‍ ഉണ്ടായ ഉണര്‍വും 1949ലെ ശൂരനാട് സംഭവവുമെല്ലാം മധ്യകേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. വള്ളിക്കുന്നം പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന് കര്‍ണാടകയില്‍ ജയില്‍ശിക്ഷ അനുഭവിച്ചു കഴിഞ്ഞ പുതുപ്പള്ളി രാഘവന്- അദ്ദേഹം എന്റെ അമ്മാവനാണ്- വള്ളിക്കുന്നത്ത് എത്തിയിരുന്നു. അക്കാലത്ത് എന്റെ ചിന്താഗതികളെ ഏറെ ആകര്‍ഷിച്ച വ്യക്തികളിലൊരാളാണ് പുതുപ്പള്ളി.
എന്തിന് ഏറെപ്പറയുന്നു 1949ല്‍ ഞാന്‍ കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ഥിയായി ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. തികച്ചും മാറിയ ഒരു വിദ്യാര്‍ഥിയായിട്ടായിരുന്നു. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്നു അന്ന് ആ കോളേജ്. അവിടെ വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത് ഞാന്‍ അറസ്റ്റിലാവുകയും പൊലീസ് മര്‍ദനത്തിനിരയാവുകയും ചെയ്തു. ആ ജയില്‍ശിക്ഷയുടെ ഒന്നാം വാര്‍ഷികത്തിന് എഴുതിയതാണ് "ആവുന്നത്ര ഉച്ചത്തില്‍' എന്ന കവിത.
'എന്തൊരു വീറെന്‍
സഖാക്കളേ, നാമന്ന്
ചിന്തിയ ചോര തന് ഗാനം
രചിക്കുവാന്‍,
എന്തൊരു വീറാണെനിക്കി-
ന്നനീതിക്കൊ-
രന്തിമ ശാസനാലേഖം
കുറിക്കുവാന്‍!
ആ മര്‍ദനത്തിന്റെ യാ
ദ്യത്തെ വാര്‍ഷിക-
മാണി; ന്നുയരുക, രക്ത നക്ഷത്രമേ!
നീയെന്റെ കൈത്തിരിയാ,
ണെന്റെ ജീവിത-
യാനം നിയന്ത്രിച്ച കൈ
ചൂണ്ടിയാണ് നീ.''
ഈ കാഴ്ചപ്പാടില്‍ അക്കാലത്ത് വേറെയും കവിതകള്‍ എഴുതി. അവയെല്ലാം ചേര്‍ത്ത് ആവുന്നത്ര ഉച്ചത്തില്‍ എന്ന പേരില്‍ അതിന് ഹൃദ്യമായ ഒരു മുഖക്കുറിപ്പ് എഴുതിയിട്ടുണ്ട്.
എന്നെപ്പോലെ രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ച അധികം എഴുത്തുകാര്‍ വേറെ ഇല്ല. അന്നുണ്ടായിരുന്ന ചെറുകാട്, ഇന്ന് പി ജി എന്നിവര്‍ കാണും. മറ്റുള്ളവര്‍ രാഷ്ട്രീയ അനുഭാവികളാണ്. അന്‍പതുകളില്‍ ഞാന്‍ വള്ളിക്കുന്നത്തെ കര്‍ഷകത്തൊഴിലാളി യൂണിയന് പ്രസിഡന്റ്. 51-53കാലത്ത് പാര്‍ടി പ്രവര്ത്തകന്.
ചങ്ങമ്പുഴക്ക് ഒരു തിരുത്തല്‍ നിര്‍ദേശിച്ചു എന്ന് കേട്ടിട്ടുണ്ട് - എന്താണ് സംഭവം.
ചങ്ങമ്പുഴയെ ഞാന്‍ ഒരിക്കലേ കണ്ടിട്ടുള്ളൂ. വള്ളിക്കുന്നത്ത് ഞങ്ങളുടെ വായനശാലയുടെ ഉദ്ഘാടനത്തിന് മംഗളപത്രവുമായി ചങ്ങമ്പുഴയും ടി എന്‍ ഗോപിനാഥന്‍നായരും എത്തിയിരുന്നു. സമ്മേളനം കഴിഞ്ഞ് അമ്മാവന്റെ വീട്ടില്‍ ഊണു കഴിക്കാനിരുന്ന ചങ്ങമ്പുഴയെ ഞാന്‍ വളരെനേരം നോക്കിനിന്നത് ഓര്‍മിക്കുകയാണ്. കൈ കഴുകി അദ്ദേഹം എന്റെ അടുക്കല്‍ വന്നു. സ്നേഹപൂര്‍വം എന്നെ സ്പര്‍ശിച്ചു.
ആ ഗ്രന്ഥശാലയില്‍ ഞങ്ങളെ ആകര്‍ഷിച്ച പ്രധാന വിഭവങ്ങളിലൊന്ന് ചങ്ങമ്പുഴയുടെ കവിതകളായിരുന്നു. അത് വായിക്കുവാനും ഉച്ചത്തില്‍ പാടുവാനും എനിക്ക് ആവേശമായിരുന്നു. വാഴക്കുല വായിച്ച് ആവേശംകൊണ്ട് മാര്‍ക്സിനെ മാനിക്കാന്‍ തുയിലുണര്‍ത്തിയ ചങ്ങമ്പുഴ സ്വാതന്ത്ര്യപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോള്‍ അതിനെക്കുറിച്ച് എഴുതിയില്ല. എനിക്ക് സങ്കടം തോന്നി. 45ല്‍ ഞാന്‍ 'കുയിലിനോട് ' എന്ന കവിത എഴുതി.
"മാമരത്തിന് മറവിലിരുന്നിനി
ദീനഗാനമുതിര്‍ക്കാതിരിക്കു നീ
സര്‍വസമ്പല്‍സമൃദ്ധി വിരിക്കുമീ-
യുര്‍വരയെ യുറക്കാതിരിക്കു നീ
ഏകനായി തിരിഞ്ഞിരുന്നെപ്പൊഴും
ശോകസംഗീതമാലപിക്കാതെ നീ''
ഒരു നല്ല നാളെയെ സ്വപ്നം കണ്ട് ധീരമായി പോരാടുന്നവരെ വിഷാദഗാനങ്ങള്‍ പാടി തളര്‍ത്തുകയാണ് ചങ്ങമ്പുഴ എന്നായിരുന്നു അന്ന് പാര്‍ടിയുടെ നിലപാട്. പക്ഷേ, ചങ്ങമ്പുഴയുടെ ആ വിഷാദം ആ കാലഘട്ടത്തിന്റേതായിരുന്നു; പിന്തിരിപ്പനായിരുന്നില്ല. തൊഴിലില്ലായ്മ, ദാരിദ്ര്യം- ഇതിന്റെയൊക്കെ നടുവിലിരുന്നാണ് ചങ്ങമ്പുഴ എഴുതിയതെന്ന് പില്ക്കാലത്ത് തിരിച്ചറിവുണ്ടായി. കോട്ടയത്ത് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ കമ്യൂണിസത്തിന്റെ പ്രസക്തിയെപ്പറ്റി ചങ്ങമ്പുഴ വാചാലമായി പ്രസംഗിച്ചിരുന്നു. പക്ഷേ എം എസ് ദേവദാസും മറ്റും ചങ്ങമ്പുഴയെ വിമര്‍ശിക്കുകയാണുണ്ടായത്. ആ കവിയെ അനുഭാവപൂര്‍വം കാണാനായില്ല. ചങ്ങമ്പുഴ വളര്‍ന്നു. പാടുന്ന പിശാചില്‍ 'കമ്യൂണിസത്തിനാണിപ്പോള്‍ വിലക്കേറ്റം' എന്ന് എഴുതിപ്പോയതാണ്; മനഃപൂര്‍വമല്ല.
ചങ്ങമ്പുഴ മരിച്ചപ്പോള്‍ ഞാന്‍ വളരെ ദുഃഖിച്ചു.
'മുറയിട്ട് കേഴുക
താവക സംഗീത
മുരളി തകര്‍ന്നുപോയ്
കേരളമേ'
എന്നു തുടങ്ങുന്ന ഒരു വിലാപഗീതം ഞാന്‍ എഴുതി (ഗ്രാമീണ ഗായകന് -1948)
സാറിന്റെ ചില കവിതകള്‍ വിമര്‍ശനങ്ങളോ വിയോജനക്കുറിപ്പുകളോ ശക്തമായ പ്രതികരണങ്ങളോ ആണ്.
എന്റെ ഹൃദയസ്പന്ദനങ്ങളും ആത്മസംഘര്‍ഷങ്ങളുമാണ് ഞാന്‍ കവിതകളിലൂടെ ആവിഷ്കരിക്കുന്നത്. വിമര്‍ശനം വീണ്ടുവിചാരമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ്. അങ്ങനെയുള്ള കവിതകളിലൊന്നാണ് 'കണ്ണട കളഞ്ഞപ്പോൾ '.
'വളരെപ്പരിശോധിച്ച്
പലതും വച്ചുനോക്കവെ
ഒടുവില്‍ ശരിയായ് ത്തോന്നി
എടുത്തേനൊരു കണ്ണട'
എന്നത് അദ്ദേഹത്തിന്റെതാണ്. കണ്ണട പ്രത്യയശാസ്ത്രം തന്നെ. പക്ഷേ കണ്ണട വച്ചപ്പോള്‍ ദൂരെയുള്ള നക്ഷത്രങ്ങളെ ഞാന്‍ വലുതായിക്കണ്ടു. അടുത്തുനിന്ന അരയാല്‍ എനിക്ക് കാണാന്‍ കഴിയാതെയും പോയി. ഞാന്‍ ധര്‍മസങ്കടത്തിലായി. മാത്രമല്ല, ഡോക്ടര്‍മാര്‍ പറയുന്നതിനനുസരിച്ച് കൂടെക്കൂടെ കണ്ണടകള്‍ മാറ്റേണ്ടതായും വന്നു. താല്‍ക്കാലിക ലാഭത്തിനൂവേണ്ടി ഇടയ്ക്കിടെ നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത് എനിക്കാവുകയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ കണ്ണട തന്നെ ഉപേക്ഷിച്ചാലോ എന്ന് തോന്നിപ്പോയി. കാഴ്ചക്ക് കണ്ണട ആവശ്യമില്ലെന്നല്ല, കാഴ്ച ശരിയായിരിക്കണം എന്നതിലാണ് ഊന്നല്‍ നല്‍കിയത്. അതിശക്തമായി ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ ഇത്തരം ചില ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഈ മാതിരി രചനകളുടെ പിന്നിലെ വികാരം.
കോളിളക്കമുണ്ടാക്കിയ ചന്ദനത്തോപ്പ് വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ് 'തീപെയ്യരുതേ മഴമുകിലേ' എന്നത്. ഭൂനയ ബില്ലിന്റെ അപര്യാപ്തതയിലേക്ക് വിരല്‍ചൂണ്ടുന്ന രചനയാണ്. 'പുതുവീട്ടില്‍ കണക്ക് നാറാപിള്ളയുടെ ആത്മപുരാണം.' 'ജന്മിവര്‍ഗ'ത്തില്‍ കണ്ണീരും കൈയുമായി കഴിയുന്നവരും ഉണ്ടെന്ന് അതില്‍ ധ്വനിപ്പിക്കുന്നു. ചൈന ജനകീയ റിപ്പബ്ളിക്കായപ്പോള്‍ ആഹ്ളാദപൂര്‍വം ഞാന്‍ 'ഉദയം' എന്ന കവിതയെഴുതി. പക്ഷേ, ടിയാനന്മെന് സ്ക്വയറിലെ വിദ്യാര്‍ഥി വേട്ടയില്‍ പ്രതിഷേധിക്കാതിരിക്കാനെനിക്കായില്ല. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് 'ജൈത്രപടഹം' എന്ന കവിതയും ഞാനെഴുതി. മയക്കത്തിനിടയില്‍, കുഴല്‍വെള്ളം, ബലിദാനം തുടങ്ങിയ കവിതകള്‍ വിമര്‍ശനത്തിന്റെ സ്വരമുള്ളവയാണ്.
പുതിയ കൊല്ലനും പുതിയ ഒരാലയും- എന്താണ് അതിലെ സങ്കല്‍പ്പം?
ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട എന്റെ കവിതകളിലൊന്നാണ് അത്. ഇരുമ്പുകമ്പിയും താമരനൂലും, ഭൌതികതയും ആധ്യാത്മികതയും അഥവാ മാര്‍ക്സിസവും ഗാന്ധിസവും ഒന്നിച്ചാല്‍ -ആ സമസ്യയാണ് അതില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആധ്യാത്മികത വിട്ട് ഭൌതികവാദികളാവാന്‍ സാധാരണക്കാര്‍ക്ക് ആവുകയില്ല. കുടുംബജീവിതത്തിലെ ദുഃഖങ്ങള്‍- അതിനു സോഷ്യലിസത്തില്‍ പരിഹാരമില്ല. ദൈവത്തെ വിളിച്ചുപോകും. ദുഃഖം താങ്ങാന്‍ ശക്തമായ ഒരു കൈ വേണം. ഈശ്വരചിന്ത നിശ്ശേഷം തുടച്ചുകളയാനാവില്ല. ഇതിനെ അന്ധവിശ്വാസമായി കാണരുത്. പ്രകൃതിയുടെ ശക്തിവിശേഷത്തെയും മനുഷ്യന്റെ ഭൌതികവികാസത്തെയും കൂട്ടിയിണക്കുന്ന ഒരു ദര്‍ശനം- അതിനേ മനുഷ്യവര്‍ഗത്തെ ഒന്നിപ്പിക്കാന്‍ കഴിയൂ. നാട്ടിന്‍പുറത്തെ പ്രവര്ത്തകന് അവകാശത്തിനുവേണ്ടി സമരം ചെയ്യുമ്പോള്‍ വിപ്ളവകാരിയാണ്. പക്ഷേ, ധര്‍മസങ്കടങ്ങളോട് ഏറ്റുമുട്ടുമ്പോള്‍ അവന് പതറുന്നു. ഉയര്‍ച്ചക്ക് താങ്ങ് ഈശ്വരനാണെന്ന് അറിയുന്നു. വിശ്വാസങ്ങളെ പൂര്‍ണമായും തിരുത്താനാവില്ല. പ്രായോഗികതലത്തില്‍ മാര്‍ക്സിസവും ദാര്‍ശനികതലത്തില്‍ ഗാന്ധിസവും. നാഗരികതയുടെ വീര്‍പ്പുമുട്ടലില്‍ ലാളിത്യം, സഹാനുഭൂതി, നിരുപദ്രവകരമായ ജീവിതം, സമാധാനം, സ്നേഹം- ഇതൊന്നും കൈവിട്ടുപോകാന്‍ പാടില്ല; നിലനില്‍ക്കണം, വലിയ നേതാക്കളിലെല്ലാം ഗാന്ധിജിയുടെ സ്വാധീനമുണ്ട്- അവര്‍ പറയുന്നില്ലെങ്കിലും എ കെ ജി , ഇ എം എസ് , അച്യുതമേനോന് ഇവരെല്ലാം ഉദാഹരണങ്ങള്‍. ഗാന്ധിയന്‍ ജീവിതമായിരുന്നു ആ മാര്‍ക്സിസ്റ്റ് ആചാര്യന്മാര് നയിച്ചത്. ഗാന്ധിജിയുടെ ചര്യയില്‍നിന്ന് മാറാത്തതിനാലാണ് അവര്‍ വ്യത്യസ്തരായിരിക്കുന്നത്. ജനഹൃദയങ്ങളിലേക്ക് അനായാസം എത്തിച്ചേരാനായതിന്റെ മുഖ്യ കാരണം, ജീവിതശുദ്ധിയും ത്യാഗ നിര്‍ഭരതയുമാണ്. പി കൃഷ്ണപിള്ള എന്തുകൊണ്ട് ഉയരത്തില്‍ നില്ക്കുന്നു.
'പുറം' കവിതകള്‍പോലെ പുതുശ്ശേരിക്കവിതകളില്‍ കുറേ 'അകം' കവിതകളും കണാം. ആവുന്നത്ര ഉച്ചത്തില്‍ പുറം കവിതകള്‍ പാടുന്ന കവി തീവ്രമായ മാനസികവ്യഥയിലാണ് 'അകം' കവിതകള്‍ പാടുന്നത്. ദാരുണമായ തമസ്കരണത്തിനും മാനസികപീഡനത്തിനും ഇരയായ കവി നളന്, ദശപുഷ്പങ്ങള്‍, പ്രപഞ്ചസ്രഷ്ടാവായ സാക്ഷാല്‍ ബ്രഹ്മാവ് തുടങ്ങിയ ചില പ്രതീകങ്ങളില്‍ കയറിക്കൂടി സംസാരിക്കുന്നു.
കള്ളച്ചൂതില്‍ വഞ്ചിതനായി പ്രിയതമയെ നഷ്ടപ്പെട്ട് കാട്ടില്‍ കൂട്ടിനാളില്ലാതെ സര്‍പ്പദംശനത്തില്‍ സ്വന്തം വേഷം നഷ്ടപ്പെട്ട് തിരിച്ചറിയാന്‍പോലും നിവൃത്തിയില്ലാതെ കേഴുന്ന നളന്റെ അവസ്ഥ പലപ്പോഴും എന്റെയും അവസ്ഥയാണെന്ന് തോന്നാറുണ്ട്. ആ മാനസികാവസ്ഥയിലെഴുതിയതാണ് നളചരിതം.
എന്നെ ഞാന്‍ മാത്രം അറി-
യുന്നൊരീയറിവെനി-
യ്ക്കിന്നസഹ്യമായ് തീരു-
ന്നെന്നിതിനൊരു ശാന്തി?
എന്ന ചോദ്യവും അക്ഷഹൃദയത്താലാരെന്നെ ഏതുകാലത്തു തിരിച്ചറിയും എന്ന ഉത്കണ്ഠയും കവിതയില്‍ വായിക്കുമ്പോള്‍ നളചരിതവും ഒപ്പം ഒരു നരചരിതവും-കവിചരിതവും-വായനക്കാരനിലെത്തുന്നില്ലേ?
നിലംപനകള്‍, തിരുതാളികള്‍, മുയല്‍ച്ചെവികള്‍, ചെറൂളകള്‍ എന്നിങ്ങനെ അറിയപ്പെടുന്ന ദശപുഷ്പങ്ങള്‍ ആരും നട്ടുനനച്ചു വളര്‍ത്താതെ തന്നെ തൊടിയില്‍ പൊടിച്ചുവളരുന്നവയാണ്. നീറുകളരിക്കുന്ന മുള്‍ക്കാട്ടിലെ നോവുകളിലും അവ നിലംപറ്റി കഴിഞ്ഞുകൂടുന്നു. മാടിവിളിക്കുന്ന മദഗന്ധമോ തേടി വരത്തക്കവിധം മധുവോ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണശബളതയോ അവയ്ക്കില്ല. നോവിച്ച മുള്ളിനോടു പോലും അനുകമ്പയാണ്. വേലിത്തലപ്പില്‍ എത്തിപ്പിടിച്ച് പടരാന്‍ അവയ്ക്ക് ആവില്ല. അത്തപ്പൂക്കളം അലങ്കരിക്കുന്നവര്‍ക്ക് അവ ആവശ്യമില്ല. 'എന്തു മണം', 'എന്തു മണം' എന്ന് സുഗന്ധപുഷ്പങ്ങളെ തഴുകുന്ന കാറ്റിന്റെ പുന്നാരങ്ങളും അവയ്ക്ക് ലഭിക്കുന്നില്ല.
പക്ഷേ, വര്‍ണപുഷ്പങ്ങള്‍ക്കില്ലാത്ത ഒന്ന്ഈ ദശപുഷ്പങ്ങള്‍ക്കുണ്ട്. ഇവ ഔഷധവീര്യമുള്ളവയാണ്. വിഷദംശനത്തിന് ചികിത്സക്ക് ഇവ ഫലപ്രദമാണ്. നൂറായിരം പൂക്കള്‍ക്കിടയില്‍ ഇവയെ തിരിച്ചറിയാന്‍ ആരുമില്ലെങ്കിലെന്ത്, സിരാപടലങ്ങള്‍ ധാതുരസഭരിതങ്ങളായ ഇവയെ, വള്ളിപ്പടര്‍പ്പുകള്‍ പടന്നേറാതെ മണ്ണില്‍ വേരുറപ്പിച്ചു കഴിയുന്ന ഇവയെ, അനാസക്തരായ യോഗികള്‍ തിരിച്ചറിയുന്നു. അശ്വനീദേവകള്‍ തിരിച്ചറിയുന്നു.
നോവു തിന്നുന്ന ഒരു ഹൃദയത്തിന്റെ ദശ ഈ പുഷ്പങ്ങളില്‍ വിരിയുന്നില്ലേ?
'പ്രപഞ്ചാവസ്ഥ ഇങ്ങനെ' എന്ന കവിത സനാതനമായ ഒരു സൃഷ്ടിരഹസ്യം കൂടിയാണ്.
'സൃഷ്ടിചെയ്യുന്നവര്‍ക്കുള്ള
തല്ലല്ലോ സൃഷ്ടിയൊന്നുമേ!
കര്‍ഷകനെവിടെ ധാന്യം
കുശവനെവിടെ കുടം?
കവിത ആരംഭിക്കുന്നത് വാഗ്ദേവി ബ്രഹ്മാവിനോട് ഒരു സംശയം ചോദിക്കുന്നതോടെയാണ്. വളരെയേറെ പാടുപെട്ട് ഈ പ്രപഞ്ച സൃഷ്ടി നടത്തിയ അങ്ങേയ്ക്ക് ഇരിയ്ക്കാനൊരമ്പലമില്ലാതെ പോയതെന്തുകൊണ്ട്? ആരാധനയ്ക്ക് ചുറ്റും ആളില്ലാതെ പോയതെന്തുകൊണ്ട്? ബ്രഹ്മാവിന്റെ മന്ദസ്മിതപൂര്‍വകമായ മറുപടിയാണ് മുകളില്‍ കണ്ടത്.
നിഗ്രഹാനുഗ്രഹശക്തിയുള്ള വേറെ ഈശ്വരന്മാര് അനേകരുണ്ട്. അവരാണ് തന്നെക്കാള്‍ കരുത്തര്‍. പ്രപഞ്ചാവസഥ അങ്ങനെയാണ്. മാത്രമല്ല, യഥാര്‍ഥ സ്രഷ്ടാവ് തന്നെത്താന്‍ അമ്പലം തീര്‍ത്ത് സ്വയം പൂജ നടത്തുവാന്‍ വിരുതുള്ളവരായിരിക്കുകയുമില്ല. സ്വന്തം സൃഷ്ടികള്‍ തന്നെ ആനന്ദം നല്കുമെന്നിരിക്കെ, വല്ലവരും തരുന്ന കാരുണ്യം കാത്തിരിക്കുന്നതാരാണ് ?
പ്രജാപതിയുടെ അനുഭവം പാഠമാക്കി കാട്ടിത്തരുന്നതിന്റെ മറുപുറം കവി അനുഭവിച്ച അവഗണനയാണ്. സത്യം പറഞ്ഞതിന് ക്ഷേത്രത്തിലെ ബലിക്കല്ലില്‍ തലവെട്ടി വീഴ്ത്തപ്പെട്ട പറയന്തരാളിയുടെ കഥ ഉത്സവബലിയില്‍. എന്റെ ആത്മാംശമാണ് പറയന്തരാളിയില്‍ കാണുന്നത്.
തെരുവിലെ പെങ്ങള്, കടലും മനുഷ്യനും, തുഞ്ചനെത്തേടി, ആശ്രമത്തിന്റെ കണ്ണുനീര്, ഞാറ്റുവേലപ്പൊടിപ്പുകള്‍ എന്നിങ്ങനെ ഇരുനൂറോളം കവിതകള്‍, പത്തു സമാഹാരങ്ങള്‍-സ്ഥലപരിമിതിമൂലം കവിതയെക്കുറിച്ച് ഒരു ചോദ്യംകൂടി ചോദിച്ച് നിര്‍ത്തുന്നു. മലയാളത്തിലെ പുതിയ കവിതയെക്കുറിച്ച്...
പുതിയ കവികളില്‍ ജീവിതത്തിന്റെ ചവിട്ടും അടിയും ഏറ്റവരുണ്ട്. അവരെഴുതിയത് പലതും ശക്തമായി അനുഭവപ്പെട്ടു. അയ്യപ്പന് അതിലൊരാളാണ്. തെരുവുഗായകന് എന്ന് വിശേഷിപ്പിക്കപ്പെട്ട കവിയുടെ ചിത്രം പലരും മുഖചിത്രമാക്കി. അയാളുടെ അനുഭവങ്ങള്‍ പുകഴ്ത്തിപ്പറഞ്ഞു. അത് ചെറിയ സംഭവമല്ല.
ഈ കാലഘട്ടത്തിലെ പല എഴുത്തുകാരും ഉയര്‍ന്ന രീതിയില്‍ പിടിച്ചുനില്‍ക്കുന്നത് പല കല്‍ച്ചിറകുകളുടെയും ബലത്തിലാണ്. സിനിമാഗാനങ്ങളുടെ ദൃശ്യാവിഷ്കാരം പല കവികളെയും ഉയര്‍ന്ന ശ്രദ്ധയില്‍ കൊണ്ടുവന്നു. കവിതയെക്കാള്‍ ചലച്ചിത്രഗാനങ്ങള്‍ പ്രാധാന്യം നേടുന്നു. കവിതയുടെ ഗഹനമായ ധ്വനിയിലേക്ക് ഇവര്‍ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. പലര്‍ക്കും സമയമില്ല, സന്നദ്ധതയുമില്ല. പക്ഷേ, ചിലര്‍ ഓര്‍മിക്കപ്പെടും. കാവ്യേതരഘടകങ്ങളും ഉണ്ട്. അയ്യപ്പന് ഇത് ഒന്നും താങ്ങായി ഇല്ലായിരുന്നു. അയ്യപ്പന് ഒരു പുതിയ കാവ്യഭാഷതന്നെ ഉണ്ടാക്കി. യാതൊരു പ്രചാരണതന്ത്രവുമില്ലാതെ ഒരാള്‍ കാവ്യലോകത്ത് കടന്നുവരിക! വൃത്തമില്ല; സംഗീതമില്ല. പ്രതീകാത്മകവും ധ്വന്യാത്മകവുമാണ് കാവ്യഭാഷ. കവിത എന്താണെന്നുള്ള വിലയിരുത്തലിന് അയ്യപ്പനെപ്പോലുളളവരുടെ കവിത മനസ്സിരുത്തി പഠിക്കണം. ഈ തെരുവു കവിയുടെ കവിത കണ്‍തുറപ്പിക്കേണ്ടതാണ്. കവിക്ക് സ്വന്തം ഭാഷവേണം. അയ്യപ്പന് അതുണ്ടായിരുന്നു. എല്ലാവരും എടുത്ത് ഈമ്പിക്കുടിച്ച ശബ്ദങ്ങള്‍ വീണ്ടുംവീണ്ടും എടുത്ത് എഴുതുമ്പോഴുണ്ടാകുന്ന വൈരുധ്യം സമകാല കവിതയുടെ ഒരു ദോഷമാണ്. എല്ലാ വിശേഷാല്‍ പ്രതിക്കും എഴുതണമെന്നും ശഠിക്കരുത്.
ഭാഷാശാസ്ത്രപഠനം, ലോക മലയാള സമ്മേളനം നടത്തിപ്പ് എന്നിവയെപ്പറ്റി
ഡെക്കാന്‍ കോളേജ്, പുണെ കേന്ദ്രീകരിച്ച് ഭാഷാ ശാസ്ത്രപഠനത്തിന് സ്ഥാപിതമായ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ലിങ്ഗ്വിസ്റ്റിൿസ് വിവിധ സര്‍വകലാശാലകളില്‍ സമ്മര്‍ സ്കൂളുകള്‍ സംഘടിപ്പിച്ചിരുന്നു. രണ്ടുമാസം നീണ്ടുനില്‍ക്കുമായിരുന്നു അത്. 1964ല്‍ തിരുവനന്തപുരത്തുവച്ചു നടന്ന സ്കൂളില്‍ ഞാനും പങ്കെടുത്തു. ഞാനന്ന് കൊല്ലം എസ്എന്‍ കോളേജ് അധ്യാപകനായിരുന്നു. 1971 ലും സമ്മര്‍ സ്കൂള്‍ ഇവിടെ നടന്നു. ഇന്ത്യയിലെ ദ്രാവിഡഭാഷാ പണ്ഡിതന്മാര് ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു സമ്മേളനം തിരുവനന്തപുരത്തു നടന്നു. ഭാഷാശാസ്ത്രത്തില്‍ പ്രഗത്ഭരായ മുപ്പതോളം പ്രൊഫസര്‍മാര്‍ അതില്‍ പങ്കെടുത്തിരുന്നു. അന്ന് കേരള സര്‍വകലാശാലയിലെ ഭാഷാശാസ്ത്രവകുപ്പ് അധ്യക്ഷന്‍ പ്രൊഫ. വി ഐ സുബ്രഹ്മണ്യമാണ്. ഈ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും പങ്കെടുത്തപ്പോള്‍, ഭാഷാശാസ്ത്രം എന്ന വിഷയം എന്നെ ആകര്‍ഷിച്ചു. വേണ്ടത്ര പഠനം നടക്കാത്ത മധ്യകാല മലയാളത്തില്‍ എന്റെ ശ്രദ്ധ പതിഞ്ഞു. കണ്ണശ്ശകവികളുടെ സംഭാവനകളെ മുന്‍നിര്‍ത്തിയുള്ള ഗവേഷണപഠനത്തിന് 1970ല്‍ എനിക്ക് കേരള സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം നല്കി. മലയാള അധ്യാപകനായ ഞാന്‍ കേരള സര്‍വകാശാലയുടെ സിന്‍ഡിക്കറ്റിലും പിന്നീട് അംഗമായി.
അപ്പോഴേക്കും തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകള്‍ ലോക സമ്മേളനങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ഒരു ലോക മലയാള സമ്മേളനം എന്ന ആശയം അങ്ങനെയാണുണ്ടായത്. ലോക തമിഴ് സമ്മേളനത്തില്‍ സുപ്രധാന പങ്കുവഹിച്ച പ്രൊഫ. സുബ്രഹ്മണ്യത്തിന്റെ അനുഭവപാഠങ്ങള്‍ എനിക്ക് കരുത്ത് പകരുകയും ചെയ്തു. സര്‍ക്കാറിന്റെ ഉദാരമായ പിന്തുണയും ലഭിച്ചു. അങ്ങനെയാണ് 1977 നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നീണ്ട ആദ്യത്തെ ലോക മലയാള സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുവാനായത്. ഇരുപത്തി ഏഴു വിദേശരാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തി. ഒട്ടാകെ 1500 ഡലിഗേറ്റുകള്‍ റജിസ്റ്റര്‍ ചെയ്തു. ഓരോ ദിവസവും ഏഴ് സെഷനുകളിലായി നാല്‍പ്പത്തൊമ്പത് സമ്മേളനങ്ങള്‍, രാത്രികാല പരിപാടികള്‍ ഇങ്ങനെയായിരുന്നു ആസൂത്രണം.
സമ്മേളനത്തിന്റെ മുന്നോടിയായി കാസര്‍കോട് മുതല്‍ കന്യാകുമാരിവരെ കമ്മിറ്റികള്‍ രൂപീകരിച്ച് ഒരു 'നാടുണര്‍ത്തല്‍ പരിപാടി' സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും സന്ദേശം അടിത്തട്ടിലെത്തിക്കാനും ഭാഷാപരമായ ഒരുണര്‍വുണ്ടാക്കുവാനും ഈ പ്രവര്‍ത്തനങ്ങള്‍ ഉപകരിച്ചു. കെ പി കേശവമേനോന്, പ്രൊഫ. സുകുമാര്‍ അഴീക്കോട് തുടങ്ങിയ പ്രഗൽഭമതികള് വിവിധ സ്ഥലങ്ങളില്‍ വരവേല്‍പ്പ് നല്കുവാന് എത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് മലയാള ഭാഷയുടെ ലോക സമ്മേളനങ്ങള്‍ വാഷിങ്ടണിലും ബര്‍ലിനിലും നടന്നു. ജര്‍മനിയില്‍നിന്ന് ഗുണ്ടര്‍ട്ടിന്റെ കൈയെഴുത്ത് പ്രതികള്‍ ശേഖരിക്കുവാന്‍ സാധിച്ചു. ലോക സമ്മേളനത്തിന്റെ ഫലമായി ഫൊക്കാനോ (Federation of Keralite in America and Canada) എന്ന ഒരു സംഘടന ഉണ്ടായി. രണ്ടുവര്‍ഷം കൂടുമ്പോഴാണ് അവരുടെ സമ്മേളനം. കേരള സര്‍വകലാശാലയുടെ കീഴില്‍ കേരള സംസ്കാര പഠനത്തിന് ഒരു അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിതമായത് (International chair for kerala Studiesല) ഈ പശ്ചാത്തലത്തിലാണ്. അതിന്റെ ആദ്യത്തെ ഡയറക്ടറായി നിയോഗിക്കപ്പെട്ടത് ഞാന്‍ ആയിരുന്നു. 1971 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ഡിഎല്‍എ (ദ്രവീഡിയന്‍ ലിങ്ഗ്വിസ്റ്റിൿസ് അസോസിയേഷന്)യുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാനും സാധിച്ചു. അവിടെ ഓണററി പ്രൊഫസറാണിപ്പോള്‍. ഒപ്പം മലയാള ഭാഷക്ക് ക്ളാസിക്കല്‍ പദവി നേടാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. ക്വേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിക്കുവാനുള്ള റിപ്പോര്‍ട് തയാറാക്കിക്കഴിഞ്ഞു.
തര്‍ജമയിലേക്ക് ഒന്ന് കടന്നാലോ.
സ്വന്തമായി എഴുതാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാന്‍ വിവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് ഞാന്‍ വിവര്‍ത്തനത്തില്‍ മുഴുകി. യൂറിപ്പിഡിസിന്റെ മീഡിയ, ഹോചിമിന്റെ ജയില്‍ ഡയറികള്‍, കുലശേഖരന്റെ പെരുമാള്‍ തിരുമൊഴി, ഭര്‍തൃഹരി, ടാഗോര്‍ ഇവരുടെ ചില കൃതികള്‍ ഇവയോടൊപ്പം കുറേ ആഫ്രിക്കന്‍ കവിതകളും-കറുത്ത കവിതകള്‍-വിവര്‍ത്തനം ചെയ്തു. പെരുമാള്‍ തിരുമൊഴി മികച്ച വിവര്‍ത്തനത്തിനള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
ഈ സംഭാഷണത്തില്‍ തികച്ചും നാടകീയമായ ഒരു അനുഭവമായിരുന്നു നിരൂപണത്തെക്കുറിച്ചുള്ള ചോദ്യം. കവി തികച്ചും വികാരഭരിതനായി. തമസ്കരണം നേരിട്ടു എന്ന തോന്നലാവാം കാരണം.
സൌമ്യവും ഉദാരവും അതേ സമയം അനന്യലബ്ധവുമായ അന്തര്‍ ദൃഷ്ടിയോടെ എന്റെ കവിതകള്‍ ആഴത്തില്‍ പഠിച്ച് എഴുതിയിട്ടുള്ളത് ഡോ. ലീലാവതിയാണ്. പല പ്രസംഗങ്ങളിലും അവര്‍ എന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചതും ഞാന്‍ കൃതജ്ഞതയോടെ ഓര്‍ക്കുകയാണ്. അത്രയും ബഹുമാനം എനിക്ക് ആരോടും ഇല്ല. 'ഡോ. ലീലാവതിക്ക് എന്റെ സാഷ്ടാംഗ പ്രണാമം.' - ഇത് പ്രത്യേകം എഴുതണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നല്ല, ഈ സംഭാഷണം ആ വാക്യത്തിലൂടെ ആയിരിക്കണം അവസാനിക്കേണ്ടതെന്നും അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. പക്ഷേ എഴുതി വന്നപ്പോള്‍ ഈ ഭാഗം ആദ്യമായിപ്പോയി.
മലയാള നിരൂപണത്തെക്കുറിച്ച് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: മുണ്ടശ്ശേരിക്ക് ഭാരതീയ ദര്‍ശനങ്ങളോട് വലിയ മമത ഉണ്ടായിരുന്നില്ല. മലയാളത്തിലെ ദാര്‍ശനിക കവിതകള്‍ അദ്ദേഹം വിലയിരുത്തിയില്ല. ജിയോട് നീതി പുലര്‍ത്തിയില്ല. ആശാനെ വിപ്ളവത്തിന്റെ ശുക്രനക്ഷത്രയിട്ടാണ് കാണുന്നത്. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും എഴുതിയ കവിയെയാണ് ഇഷ്ടപ്പെട്ടത്. മുണ്ടശ്ശേരി പരിമിതിയുള്ള വിമര്‍ശകനായിരുന്നു. ഭാരതീയ ദര്‍ശനങ്ങളുടെ ആഴത്തില്‍ ഇറങ്ങിയ കവികളെ ആഴത്തില്‍ കാണാന്‍ അദ്ദേഹത്തിനായില്ല. മാരാര്‍ക്കത് കഴിഞ്ഞു.പക്ഷേ, സാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള കവികളെ കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പ്രമുഖ വിമര്‍ശകരുടെ കാഴ്ചപ്പാടില്‍ പരിമിതികളും പക്ഷപാതങ്ങളും ഉണ്ട്- നിരൂപണം പക്ഷപാതപരമാണന്ന് രണ്ടുപേരും പറഞ്ഞു. കുരുടന്മാര് ആനയെ കണ്ടപോലെ അവയവ ദര്‍ശനങ്ങളല്ലാതെ, സാവയവസാമഗ്ര്യം അനുഭവിച്ചാവിഷ്കരിക്കാന്‍ അധികം പേര്‍ക്ക് ആയില്ല. മലയാള സാഹിത്യത്തിന് ആ അനുഗ്രഹം കിട്ടിയിട്ടില്ല-പാര്‍ശ്വവീക്ഷണം മാത്രം. സ്വന്തം മനോഭാവത്തിനിണങ്ങുന്നത് തോളിലേറ്റും, അല്ലെങ്കില്‍ ചവിട്ടും. ഈ കടുത്ത പക്ഷപാതത്തില്‍നിന്ന് മലയാള വിമര്‍ശനം ഒരിക്കലും കരകയറിയിട്ടില്ല. ചെറിയ ഉദാഹരണം പറയാം: ബ്രാഹ്മണാധിപത്യത്തിനെതിരെ ധ്വന്യാത്മകമായി പ്രതികരിച്ച കണ്ണശ്ശക്കവികള്‍ മലയാള സാഹിത്യത്തിന്റെ കണ്ണില്‍പ്പെട്ടതേയില്ല. തിരിച്ചറിഞ്ഞ് ആദരിച്ച് ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ചത് എഴുത്തച്ഛന് മാത്രമാണ്. എഴുത്തച്ഛനെത്തന്നെ നമ്മുടെ സാഹിത്യവിമര്‍ശനം ആഴത്തില്‍ അറിയുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല. വരുന്ന തലമുറ അത് നിര്‍വഹിക്കുമെന്നതിന് സംശയമില്ല. പുതിയ തലമുറയില്‍ കരുത്തുറ്റവര്‍ പലഭാഗത്തുനിന്നും പൊന്തിവരുന്നുണ്ട്. മഹാകവി ശ്രീഹര്ഷന് പറഞ്ഞതുപോലെ, ഒരു പുല്‍ക്കൂട്ടത്തിന് കരിമ്പിന്‍മുളകളെ മറച്ചുവയ്ക്കാന്‍ വളരെ നാളൊന്നും കഴിയില്ല.
"പലാലജാലൈഃ വിഹിതഃ
സ്വയം ഹി
പ്രകാശമാസാദയതി
ഇക്ഷുഡിംഭഃ:''
(നൈഷധീയ കാവ്യം, സര്‍ഗം 8)
പുല്‍ക്കൂട്ടത്തിന് കരിമ്പിന് മുളകളെ എത്രനാള്‍ പൂഴ്ത്തിവയ്ക്കാന്‍ കഴിയും?
*****
പുതുശ്ശേരി രാമചന്ദ്രന്/ ഡോ. കെ എ വാസുക്കുട്ടന്, കടപ്പാട് : ദേശാഭിമാനി വാരിക
Saturday, January 29, 2011
ചുവന്ന ദശകത്തില്‍ ആവുന്നത്ര ഉച്ചത്തില്‍
Subscribe to:
Post Comments (Atom)
2 comments:
എന്തൊരു വീറെന്‍
സഖാക്കളേ, നാമന്ന്
ചിന്തിയ ചോര തന് ഗാനം
രചിക്കുവാന്‍,
എന്തൊരു വീറാണെനിക്കി-
ന്നനീതിക്കൊ-
രന്തിമ ശാസനാലേഖം
കുറിക്കുവാന്‍!
ആ മര്‍ദനത്തിന്റെ യാ
ദ്യത്തെ വാര്‍ഷിക-
മാണി; ന്നുയരുക, രക്ത നക്ഷത്രമേ!
നീയെന്റെ കൈത്തിരിയാ,
ണെന്റെ ജീവിത-
യാനം നിയന്ത്രിച്ച കൈ
ചൂണ്ടിയാണ് നീ.''
ആവുന്നത്ര ഉച്ചത്തിൽ എന്ന കവിത ഒന്നുകിട്ടുമോ
Post a Comment