Friday, September 30, 2011

വെള്ള പൂശിയ ശവക്കല്ലറ

ഒരു പ്രത്യേക ധനകാര്യ സ്ഥാപനത്തെ തെരഞ്ഞുപിടിച്ച് തൊഴില്‍ ചൂഷണം ആരോപിക്കുന്നത് അനുചിതമാണെന്ന വ്യാഖ്യാനം ഉയര്‍ന്നേക്കാം. സമാന സ്ഥാപനങ്ങളില്‍ തൊഴില്‍ ചൂഷണമില്ലായെന്നുറപ്പിച്ചു പറയാനും സാധ്യമല്ല. എങ്കിലും അഷീസ് സെന്‍ പഠനകേന്ദ്രം മുമ്പാകെ ഒരു വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ അവഗണിക്കാന്‍ തോന്നിയില്ല. ഗൌരവപൂര്‍വ്വമായ തെളിവെടുപ്പും പഠനവും ആവശ്യമാണെന്ന് തോന്നി. ബി.ഇ.എഫ്.ഐ.യ്ക്ക് സംസ്ഥാനത്ത് ലഭ്യമായ ആള്‍ശേഷിയും സുഹൃദ്ശൃംഖലയും മറ്റു സംവിധാനങ്ങളും അന്വേഷണം സുസാധ്യമാക്കി. ശേഖരിച്ച വിവരങ്ങള്‍ കണിശമായ അപഗ്രഥനത്തിന് വിധേയമാക്കി. ആരെയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് മറനീക്കിവന്നത്.

സംഘടിത ജീവനക്കാരുടെ സംഘടന അസംഘടിതരുടെ ചൂഷണത്തെക്കുറിച്ച് പഠനം നടത്തുക. അത് അഷീസ് സെന്‍ പഠനകേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണ്. ധനകാര്യമേഖലയില്‍പ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനമാവുമ്പോള്‍ പ്രസക്തിയേറുകയും ചെയ്തു.

നോണ്‍ ബാങ്കിംഗ് ഫൈനാന്‍സ് കമ്പനികളെന്നത് സുന്ദരമായ വിശേഷണമാണ്. മുമ്പ് ബ്ളേഡ് സ്ഥാപനങ്ങള്‍ എന്നു പറഞ്ഞാലേ അറിയുമായിരുന്നുള്ളൂ. കേന്ദ്ര ഗവണ്‍മെന്റാവട്ടെ, ഈ ശവക്കല്ലറകള്‍ക്ക് വെള്ളപൂശാനുള്ള തിടുക്കത്തിലുമാണ്. കെട്ടിലും മട്ടിലും തങ്ങള്‍ ബാങ്കുകള്‍ക്കും മീതെയാണെന്ന ഭാവമാണവയ്ക്ക്. ഈയിടെയായി ബിസിനസ് പത്രങ്ങളിലും ബിസിനസ് പേജുകിലും ഏതാണ്ട് ബാങ്കുകള്‍ക്ക് തുല്യമായ പദവി നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കും ലഭിച്ചുപോരുന്നുമുണ്ട്.

തലയോട്ടികളുടെ പ്രളയം

മണപ്പുറം ഫൈനാന്‍സ് കമ്പനിക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാറിന് സമീപം വലപ്പാട് ഗ്രാമത്തില്‍ ആസ്ഥാനം. ആസ്ഥാനമന്ദിരത്തില്‍ മാത്രം ആയിരത്തോളം ജീവനക്കാര്‍. ഓഹരി വിപണിയില്‍ ലിസ്റ് ചെയ്ത ആദ്യത്തെ സ്വര്‍ണ്ണ പണയസ്ഥാപനം. ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ്. 24 സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യം. 2,800 ഓളം ശാഖകള്‍, 20,000 നടുത്ത് തൊഴില്‍ശേഷി. പുറമെനിന്നും നോക്കുമ്പോള്‍ സര്‍വ്വം ഭദ്രം; ശുഭം.

പക്ഷെ, ഉള്ളിലേക്കെത്തി നോക്കിയപ്പോഴാണ് തലയോട്ടികളുടെ പ്രളയം ശ്രദ്ധയില്‍പ്പെടുന്നത്.

ഏറെയും ബിരുദധാരികളും യുവാക്കളുമായ മലയാളികളെ ഇത്രയും പീഡിപ്പിക്കുന്ന ഒരു സ്ഥാപനം അപൂര്‍വ്വമായിരിക്കും. ഇന്റര്‍നെറ്റ് പരിശോധിച്ചാല്‍ മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡില്‍ തൊഴില്‍ നേടാനുള്ള യോഗ്യത നാലാണെന്ന് കാണാം. (1) ബിരുദം. (2) മുപ്പതുവയസ്സില്‍ താഴെ പ്രായം (3) ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധത (4) പുരുഷന്മാര്‍ക്ക് മാത്രം പരിഗണന. എങ്ങനെയോ ജോലിക്കു കയറിയ ഏതാനും സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തോടെ സര്‍വ്വീസില്‍നിന്ന് പിരിയാം.
സേവന വ്യവസ്ഥകള്‍ വിചിത്രമാണ്. 12 കാഷ്വല്‍ ലീവ്. ഒരു മാസത്തില്‍ ഒന്നേ എടുക്കാവൂ. രണ്ട് അവധിയെടുത്താല്‍ രണ്ടാം ദിവസം ശമ്പളമില്ല. പിഴയായി നാലു കാഷ്വല്‍ ലീവ് നഷ്ടപ്പെടുകയും ചെയ്യും. അപകടമോ, രോഗമോ സംഭവിച്ചാല്‍ പരമാവധി നാലു ദിവസത്തെ സിക്ക് ലീവ്. അഞ്ചാം ദിവസം മുടങ്ങിയാല്‍ സിസ്റത്തില്‍നിന് പേര് നീക്കം ചെയ്തിരിക്കും. സ്ഥലം മാറ്റം ഫോണിലൂടെയാണ്. റിലീവിംഗ് ഓര്‍ഡറില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ സിസ്റത്തില്‍ പേരുണ്ടാവില്ല. പിന്നെ സ്വന്തം ബ്രാഞ്ചില്‍ കയറിക്കൂടാ. സ്ഥലംമാറ്റപ്പെടുന്ന ശാ‍ഖയിലും നാലുനാള്‍ കഴിഞ്ഞാല്‍ കയറാനാവില്ല. സ്വന്തം ചിലവില്‍ പുതിയ ശാഖ കണ്ടെത്തി, അവിടെ റിപ്പോര്‍ട്ട് ചെയ്തുകൊള്ളണം. യാത്രാപ്പടി അഡ്വാന്‍സില്ല. ബില്ലയച്ചാല്‍ രണ്ടോ മൂന്നോ മാസം കഴിഞ്ഞ് പാസ്സാവാം, പാസ്സാവാതിരിക്കാം. സ്ഥലംമാറ്റത്തിന് നിബന്ധനകളൊന്നുമില്ല. ഒരു വര്‍ഷം എത്ര തവണ വേണമെങ്കിലും ഇന്ത്യയിലെവിടെയും സ്ഥലം മാറ്റപ്പെടാം. ശമ്പളം അഡ്വാന്‍സ് പോലുമില്ല. 20-ാം തീയതി മുതല്‍ 20-ാം തീയതിവരെയാണ് ശമ്പളമാസം. എന്നാല്‍ ഒന്നാം തീയതിയേ ശമ്പളം നല്‍കൂ. പത്തുദിവസത്തെ വേതനം എപ്പോഴും കമ്പനിയ്ക്ക് സൂക്ഷിക്കാം.

ഞാന്‍ പിഴയാളി

ജൂനിയര്‍ അസിസ്റന്റിന് ആറായിരത്തിലധികം രൂപ ശമ്പളമുണ്ട്. പക്ഷെ, ഒരോ മാസവും പിഴചുമത്തി, ഗണ്യമായ തുക തിരിച്ചുപിടിക്കും. തൊട്ടതിനൊക്കെ പിഴയാണ്. സ്വര്‍ണ്ണത്തിന്റെ മാറ്റു കുറഞ്ഞാല്‍ പിഴ. തൂക്കം തെറ്റിയാല്‍ പിഴ. വായ്പാതുക കൂടിയാല്‍ പിഴ. ഓരോ ദിവസവും വൈകിട്ട് ജോലികഴിഞ്ഞ് ലോഗ് ഔട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പിഴ ചുമത്തിയ കാര്യം അറിയുക. വിശദീകരണം ചോദിക്കുന്ന പതിവില്ല. അപ്പീലും ദയാഹര്‍ജിയുമില്ല. എല്ലാ നടപടിയും ഏകപക്ഷീയം. ശാഖാ മാനേജര്‍ നിസ്സഹായനാണ്. എല്ലാം ഹെഡ് ഓഫീസിലെ എച്ച്.ആര്‍. വിഭാഗത്തിന്റെ ശാസനകള്‍. രാവിലെ എട്ടര മണിക്ക് ലോഗ് ഇന്‍ ചെയ്ത്, വൈകുന്നേരം വരെ ജോലി ചെയ്ത്, അഞ്ചര മണിക്ക് ലോഗ് ഔട്ട് ചെയ്യാനാവാതെ, വേതനം നഷ്ടപ്പെടുത്തി, പടിയിറങ്ങിപ്പോകാനല്ലാതെ മറ്റൊന്നിനും ജീവനക്കാര്‍ക്ക് കഴിയില്ല.

ശമ്പളത്തില്‍നിന്ന് പി.എഫിലേക്കും ക്ഷേമപദ്ധതിയിലേക്കും റെക്കറിംഗ് ഡെപോസിറ്റിലേക്കും ഇ.എസ്.ഐ. പദ്ധതിയിലേക്കുമെല്ലാമായി പിടിക്കുന്ന തുകയ്ക്ക് യാതൊരു രേഖകളുമില്ല. മിക്കവാറും പേര്‍ പിരിച്ചുവിടപ്പെടുന്നതിനാല്‍ കണക്കു പറയാനും നിവര്‍ത്തിയില്ല. ഈ തുകയത്രയും കമ്പനിക്ക് മുതല്‍ക്കൂട്ടാവും.

മണപ്പുറം ജീവനക്കാര്‍ക്ക് ഒരു കൊല്ലത്തില്‍ അഞ്ച് പൊതു അവധികളേ ഉള്ളൂ. സ്വാതന്ത്ര്യദിനം, റിപ്പബ്ളക് ദിനം, ഓണം, പൂജ. ദുഃഖവെള്ളിയാഴ്ച ക്രിസ്ത്യാനികള്‍ നിയന്ത്രിത അവധിയെടുക്കണം.

ഓഫീസുപകരണങ്ങളും ആഭരണ തുലാസ്സുമെല്ലാം റിപ്പയര്‍ ചെയ്യുന്നത് ജീവനക്കാരുടെ ചിലവില്‍. ബില്‍ അയച്ചാല്‍ പാസാവുമെന്നതിന് ഒരുറപ്പുമില്ല.

മണപ്പുറത്ത് മിന്നുന്നതെല്ലാം പൊന്ന്

മണപ്പുറമെന്നാല്‍ സ്വര്‍ണ്ണ പണയ കമ്പനിയാണെന്നാണല്ലോ പരസ്യം. 31.03.2011-ന് 9,000 കോടി രൂപയാണ് സ്വര്‍ണ്ണ വായ്പ. 2012 മാര്‍ച്ചാവുമ്പോള്‍ 12,500 കോടി രൂപ വായ്പ നല്‍കലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, മണപ്പുറം ഫൈനാന്‍സില്‍ സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയും ശുദ്ധിയും പരിശോധിക്കാന്‍ ഒരു സ്വര്‍ണ്ണപണിക്കാരന്‍ പോലുമില്ല. ആറുമാസത്തിലൊരിക്കല്‍ പരിശോധനയ്ക്കെത്തുന്നതും ജൂനിയര്‍ അസിസ്റന്റുമാര്‍ തന്നെ. ആര്‍ക്കും പരിശീലനമില്ല. മാറ്റ് പരിശോധിക്കാന്‍ ഉപകരണങ്ങളില്ല. മിന്നുന്നതെല്ലാം മണപ്പുറം കമ്പനിക്ക് പൊന്നാണ്. പണയം വെയ്ക്കാം. വായ്പയെടുക്കാം. പണ്ടം തിരിച്ചെടുത്താല്‍ ജീവനക്കാര്‍ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം അവര്‍ക്ക് ശമ്പളമുണ്ടാവില്ല. രണ്ടായാലും കമ്പനിക്ക് നഷ്ടമില്ല. തൊഴിലാളികളുടെ ചിലവില്‍ 9,000 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയവായ്പ. ഈ സ്വര്‍ണ്ണം കാണിച്ച് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്ന് മൂവായിരം കോടി രൂപയുടെ റീഫിനാന്‍സ് സൌകര്യവും സംഘടിപ്പിച്ചിരിക്കുന്നു. മണപ്പുറത്തിന്റെ പെട്ടിയിലിരിക്കുന്നത് സ്വര്‍ണ്ണമാണെങ്കില്‍ അതുതന്നെ ജാമ്യവസ്തു.

പൊതുമേഖലാ ബാങ്കില്‍നിന്ന് വിരമിച്ച നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥന്മാര്‍ മണപ്പുറത്ത് ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്നുണ്ട്. സ്വന്തം പെന്‍ഷനു പുറമെ അവര്‍ക്ക് പതിനായിരങ്ങള്‍ ശമ്പളമായും ബോണസ്സായും കമ്മീഷനായും കിട്ടും. അവരും വരിവരിയായിനിന്ന് രാവിലെ പഞ്ച് ചെയ്യണം. ജീവിത സായാഹ്നത്തില്‍ അസ്തമയ സൂര്യനെ കാണാന്‍ പക്ഷെ, അവര്‍ക്കും യോഗമില്ല. ഒന്നു ഫോണ്‍ ചെയ്താല്‍ പലര്‍ക്കും സംസാരിക്കാന്‍പോലും ഭീതിയാണ്. പൊതുമേഖലാ ബാങ്കിലെ പഴയകാല പുലികള്‍ മണപ്പുറത്ത് എലികളായി മാറുന്നു.

നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍; കിട്ടാനുള്ളത് പുതിയൊരു ലോകം

മണപ്പുറം കമ്പനിയില്‍ യൂണിയനുകളില്ല. ചില ദുര്‍ബലശ്രമങ്ങളൊക്കെ നടന്നു. പലരും മാപ്പെഴുതി കൊടുത്ത് തിരിച്ചുകയറി. ചിലര്‍ സ്ഥാപനം വിട്ടു. സ്ഥാപനം വിടുന്നവരാണേറെയും. അതാണ് കമ്പനിക്കും നേട്ടം. പലവഴിക്കും തൊഴിലാളികള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കമ്പനിക്ക് നിഷ്പ്രയാസം കൈക്കലാക്കാം.

കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചാല്‍ നിരവധി അവകാശവാദങ്ങള്‍ കാണാം. അതവരുടെ കാര്യം. എന്നാല്‍ 1992-ല്‍ തുടങ്ങിയ ഒരു സ്വര്‍ണ്ണ പണയസ്ഥാപനം 2011-ന്റെ ഒന്നാം പാദത്തില്‍ 103 കോടി രൂപ ലാഭം പ്രഖ്യാപിക്കുമ്പോള്‍ കമ്പനിക്കുവേണ്ടി സ്വന്തം അദ്ധ്വാനം ചിലവിടുന്ന യുവതേജസ്സുകളോട് അല്പം കാരുണ്യം കാണിച്ചൂകൂടേ? 20,000 പേരുടെ വേദനയും കണ്ണീരും നിസ്സഹായതയും അവഗണിച്ച് കോട്ടും സ്യൂട്ടുമണിഞ്ഞ് വിലസുന്ന കമ്പനിയുടമയുടെ താരപ്രഭയ്ക്ക് എത്രയാണായുസ്സ്?

മുത്തൂറ്റ് കമ്പനിയുടെ ഡെല്‍ഹി ഓഫീസില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് രണ്ടു ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത് ലോകമറിഞ്ഞു. മണപ്പുറം കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്ന് താഴേക്ക് ചാടിയ ഒരു യുവതി പൂഴിയില്‍ വീണതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ല. അതു വാര്‍ത്തയുമായില്ല.

ഞാനെന്റെ സഹോദരന്റെ സൂക്ഷിപ്പുകാരനാണോയെന്ന് ഉല്പതിഷ്ണുക്കള്‍പോലും ചോദിക്കുന്ന ഘട്ടത്തിലാണ് അഷീസ് സെന്‍ പഠനകേന്ദ്രം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും മറ്റും അയച്ചുകൊടുത്തിട്ടുണ്ട്. ഒരു പത്രക്കുറിപ്പും നല്‍കി. എന്നാല്‍ സ്വന്തം അവശതകള്‍ക്കെതിരെ സംഘടിക്കണമെന്ന് തൊഴിലാളികള്‍ക്ക് തോന്നുംവരെ അടിമവേല നിര്‍ബാധം തുടരും. നഷ്ടപ്പെടാനുള്ളത് വിലങ്ങുകളല്ലാ, സ്വര്‍ണ്ണമാലകളാണെന്ന് അവരെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ഒരു പൊങ്ങച്ച സമൂഹത്തിന്റെ തടവുകാരാണവര്‍. അവരുടെ മോചനം ലക്ഷ്യമിട്ട് അഷീസ് സെന്‍ പഠനകേന്ദ്രവും ബി.ഇ.എഫ്.ഐ.യും സംഘടിപ്പിച്ച ഈ സാഹസിക പഠനം ഒരുനാള്‍ വിജയിക്കുമെന്നുറപ്പാണ്.

*
കെ.വി. ജോര്‍ജ്ജ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

ഇനിയില്ല ആ വിഷമഴക്കാലം

അവസാനം എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ചു. വന്‍കിടകുത്തകകമ്പനിയുടെയും അവരുടെ പിണിയാളുകളുടെയും ഇടപെടലുകള്‍ മറികടന്നാണ് പരമോന്നതനീതിപീഠം രാജ്യത്താകമാനം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.ഭോപാല്‍ ദുരന്തബാധിതരെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളുമായി മരിച്ചു ജീവിക്കുന്ന കാസര്‍കോടന്‍ ഗ്രാമങ്ങളായ എന്‍മകജെയും പഡ്രെയും സ്വര്‍ഗയും വാണിനഗറുമെല്ലാം ഇപ്പോള്‍ നെടുവീര്‍പ്പിടുകയാവും. ഒരു തലമുറയുടെ സ്വപ്നങ്ങളെല്ലാം തേയിലക്കൂമ്പുപോലെ കരിഞ്ഞുപോയതോര്‍ത്ത്.. വികൃതരൂപികളായും വികലാംഗരായും ജനിച്ച് ഇഴഞ്ഞും വിലപിച്ചും കണ്‍മുന്നില്‍തന്നെയൊടുങ്ങിയ നിരവധി മനുഷ്യജന്‍മങ്ങളുടെ ശബ്ദമില്ലാത്ത നിലവിളികള്‍ അമര്‍ത്തിയൊടുങ്ങുന്നു. വര്‍ഷങ്ങളായി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഇവിടുത്തെ മനുഷ്യ ജീവിതങ്ങള്‍ക്ക് മേലെ കരിനിഴല്‍ പരത്തി.

മാരകരോഗങ്ങള്‍ ബാധിച്ച് കൈാലുകള്‍ തളര്‍ന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാതെ ഒരു ജനത അനുഭവിക്കുന്ന തീരാദുരിതങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചു. പഠനങ്ങളും ഗവേഷണങ്ങളുമെല്ലാമായി ഒരു പാടു കാലം കടന്നുപോയി. ഇന്നും മാരകകീടനാശിനിയുടെ ഇരകളായി കഴിയുകയാണ് കുറേ സാധുമനുഷ്യര്‍ .മണ്ണും ജലവും വായുവുമെല്ലാം വിഷമയമാക്കുന്ന കീടനാശിനി പ്രയോഗത്തിന്റെ കെടുതിയനുഭവിക്കേണ്ടത് ഒരു തലമുറ മാത്രമല്ല.അനേകം തലമുറകളോളം രോഗബാധിതരായി ഇവര്‍ നാടിന്റെ നൊമ്പരക്കാഴ്ചയായി. ചികില്‍സാക്യാമ്പുകളും ആശുപത്രികളുമായി വര്‍ഷങ്ങള്‍ .കാന്‍സറും മറ്റ് മാരകരോഗങ്ങളും തേര്‍വാഴ്ച നടത്തുകയാണ് ഇന്നും ഈ ഗ്രാമങ്ങളില്‍ . കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നതു തന്നെ വികലാംഗരായാണ്. വികൃതമായ ശിരസും ശരീരാവയവങ്ങളുമായി ചികില്‍സകളൊന്നും ഫലിക്കാതെ.... പേരുപോലും അറിയാത്ത രോഗങ്ങളുമായി മല്ലടിച്ച് തീരുന്നവരുടെ കഷ്ടപ്പാടുകള്‍ പുറം ലോകം അറിഞ്ഞത് വളരെക്കാലത്തിനു ശേഷം. കശുമാവിന്‍പൂക്കളുടെ നീരു കുടിച്ചുവറ്റിക്കുന്ന തേയിലക്കൊതുകുകളെ നശിപ്പിക്കാന്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങള്‍ വിലയിരുത്തുന്നതിനായി നിയമിക്കപ്പെട്ട കമ്മറ്റികളെയെല്ലാം കീടനാശിനിക്കമ്പനി വിലക്കെടുത്തു.

അവരുടെ ചെലവില്‍ പഠനം നടത്താനെത്തുന്നവര്‍ ആര്‍ക്കനുകൂലമായി റിപ്പോര്‍ട്ടെഴുതുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. തളിക്കാവുന്നതിന്റെ എത്രയോ ഇരട്ടിയാണ് വര്‍ഷങ്ങളായി തോട്ടങ്ങളില്‍ തളിച്ചിരുന്നത്. ഹെലികോപ്ടറില്‍ നിന്നും ഹാന്റ്പമ്പ് വഴിയും പ്രയോഗിച്ചതിനാല്‍ പരിസ്ഥിതി മലിനമായതിനൊപ്പം തൊഴിലാളികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. തുടര്‍ച്ചയായ പ്രയോഗം കൊണ്ട് കീടങ്ങള്‍ പ്രതിരോധശേഷി കൈവരിക്കുന്നു. ഇതിനു പ്രതിവിധിയായി കീടനാശിനിയുടെ അളവ് വര്‍ധിപ്പിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച കമ്പനി ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പ്രാമുഖ്യം കൊടുത്തില്ല. മനുഷ്യാവകാശങ്ങള്‍ പോലും ഹനിച്ചുകൊണ്ട് ഒരു ജനതക്കുമേല്‍ നടത്തിയ അതിക്രമത്തിനെതിരായി ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം ദുര്‍ബലപ്പെടുത്തുവാനോ വഴിതിരിച്ചു വിടാനോ സമര്‍ത്ഥമായ നീക്കങ്ങളുണ്ടായി. കൃഷിയിടങ്ങളില്‍ നടത്തുന്ന കീടനാശിനിപ്രയോഗം ഉപരിതലജലത്തെ മാത്രമല്ല ഭൂഗര്‍ഭജലത്തെയും മലിനപ്പെടുത്തി.ആഹാരസാധനങ്ങളില്‍ പടരുന്ന വിഷാംശം ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാവുന്നു. ഈ ആവാസവ്യവസ്ഥയില്‍ നിന്നും ആഹാരം സ്വീകരിക്കുന്ന എല്ലാജീവജാലങ്ങളും കെടുതികള്‍ക്കിരയാക്കി.

ശരീരത്തിനുള്ളിലെത്തുന്ന രാസവസ്തുക്കള്‍ പിന്നീട് ജീവികള്‍ക്ക് പുറന്തള്ളാനാവാതെ വരുന്നു. ഇത് അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗങ്ങളാവട്ടെ മാരകവും. ലോകത്തിലൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത നീതികേടും മനുഷ്യാവകാശലംഘനവുമാണ് കാസര്‍ഗോട്ടെ ജനങ്ങളോട് അധികൃതര്‍ കാട്ടിയത്. പ്രതികരിക്കാന്‍പോലും അശക്തരായ മനുഷ്യരുടെ മേല്‍ വീണ്ടും വീണ്ടും വിഷമഴ. ആര്‍ക്കും ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ഈ ഗ്രാമങ്ങള്‍ സമൂഹമനസാക്ഷിയോട് ചോദിച്ചു കൊണ്ടിരുന്നത്.എത്രയോ കാലം നീണ്ട പേരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്താകമാനം എന്‍ഡോസള്‍ഫാന്റെ നിരോധനത്തിലെത്തി. ഇനിയൊരിക്കലും തിരിച്ചെത്താനാവാത്ത വിധമാണ് നിരോധനം. സമരവുമായി രംഗത്തിറങ്ങിയ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശ്വസിക്കാം. ഇനി ദുരിതമനുഭവിക്കുന്നവരെ പുരധിവസിപ്പിക്കണം. അവര്‍ക്കും തിരികെയെത്തണം സാധാരണജീവിതത്തിലേക്ക്.. പൂവും പൂമ്പാറ്റയും കിളികളുമെല്ലാം നിറഞ്ഞ പഴയകാലത്തേക്ക് സ്വര്‍ഗ്ഗയും പഡ്രെയും വാണിനഗറും.

*
ദേശാഭിമാനി

കാളപ്പോര് ; ഗോദയൊഴിയുന്നു

ചുവപ്പു കണ്ടാല്‍ കലികയറി കുതിച്ചുചാടുന്ന കാളക്കൂറ്റന്‍ . മുക്രയിട്ടും ചീറ്റിയും പിന്‍കാല്‍ തെറിപ്പിച്ച് കലിതുള്ളിപ്പായുന്ന പോരുകാളയുമായി മല്‍പ്പിടുത്തം നടത്തുന്ന വീരയോദ്ധാവ്. പൊടിപാറും ഗോദയിലെ ജീവന്‍മരണപോരാട്ടം. അരക്ഷണനേരത്തെ ശ്രദ്ധയൊന്നുപാളിയാല്‍ കൊമ്പില്‍കോര്‍ക്കാനണയുന്ന ശൗര്യക്കുതിപ്പിനെ കരുത്തിന്റെ കാല്‍ക്കീഴിലമര്‍ത്തുന്ന രക്തസ്നാതമായ വിജയഭേരികള്‍ ഇനിയുണ്ടാവില്ല. കാളപ്പോരിന്റെ വത്തിക്കാനെന്നറിയപ്പെടുന്ന സ്പെയിനില്‍ കാളപ്പോര് നിരോധിച്ചു. നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിന്ന കാളപ്പോരിന്റെ അവസാനമല്‍സരം കാറ്റലോണയില്‍ നടന്നു.സ്പെയിനിന്റെ സംസ്കാരത്തിന്റെയും ജനജീവിതത്തിന്റെയും ഭാഗമായി നടന്നുവന്ന ഈ കായികവിനോദം എന്നന്നേക്കുമായി നിരോധിച്ചു. സ്പെയിനിന്റെ മതവും സംസ്കാരവും ജീവനുമെല്ലാം കാളപ്പോരായിരുന്നു.

മനുഷ്യനും മൃഗവും തമ്മിലേറ്റുമുട്ടി ചോരചിന്തി നടത്തുന്ന കാളപ്പോരില്‍ നിരവധിപേരാണ് കാളക്കൂറ്റന്‍മാരുടെ ആക്രമണത്തിനിരയായി ജീവന്‍ വെടിഞ്ഞത്. 2012 ജനുവരി മുതല്‍ സ്പെയിനില്‍ കാളപ്പോരുണ്ടാവില്ല. കാനറിദ്വീപുകളില്‍ 1991 മുതല്‍ ഇതു നിരോധിച്ചിരുന്നു. വിശ്വാസവും ആചാരവും ഇഴചേര്‍ന്നിരുന്ന കാളപ്പോരിന് ലോകമെമ്പാടും ആരാധകരുണ്ട്. പുരാതനകാലത്ത് പ്രദേശത്തെ വീരയോദ്ധാക്കളെയും മറ്റും തെരഞ്ഞെടുക്കുന്നതിനായി നടത്തിയിരുന്ന ഈ കായികാഭ്യാസം ആധുനികകാലത്ത് വന്‍കിടകമ്പനികള്‍ തമ്മിലുള്ള മല്‍സരങ്ങളുടെയും വാതുവെപ്പിന്റെയും വേദിയായി. ധൈര്യത്തിന്റെയും സത്യസന്ധതയുടെയും ആത്മാര്‍ഥതയുടെയും ശക്തിപരീക്ഷണത്തിന് ചതിയുടെയും കുതികാല്‍വെട്ടിന്റെയും പിന്നാമ്പുറങ്ങളില്‍ കോടികള്‍ കൈമറിഞ്ഞു.

ഇത്തരം പിന്നാമ്പുറ കഥകളറിയാതെ മത്സരത്തിന്റെ വീറും വാശിയും തങ്ങളിലേക്കാവാഹിച്ച് മത്സരം ആസ്വദിച്ചുപോരുകയായിരുന്നു സ്പാനിഷ് ജനത. കാളപ്പോരിനോട് സ്പാനിഷ് ജനത മുഖംതിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെനടന്ന കണക്കെടുപ്പില്‍ 60%ത്തിലധികം പേരും കാളപ്പോരിനെതിരായിരുന്നു. 2007-2010കാലഘട്ടത്തിനിടയില്‍ പോരില്‍ പങ്കെടുക്കുന്ന യോദ്ധാക്കളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. സ്പെയിനിലെ കാറ്റ്ലോനിയന്‍ പ്രവിശ്യയാണ് കാളപ്പോരിന്റെ ഈറ്റില്ലം. 1909ല്‍ ഔദ്യോഗികമായി അംഗീകരിച്ച കാളപ്പോര് കാറ്റിലോനിയന്‍ ജനതയുടെ ജീവവായുവായിരുന്നു. എന്നാല്‍ കാളപ്പോരിനെതിരായി ശബ്ദ്മുയര്‍ന്നു തുടങ്ങിയതും ഇതേ കാറ്റിലോനിയയില്‍നിന്നാണ്.

കാളപ്പോരിനെതിരെ കാറ്റിലോനിയന്‍ സ്വദേശികളായ 1,80,000 പേര്‍ഒപ്പുവച്ച ഹര്‍ജി സ്പാനിഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെട്ടതുമുതലാണ് ഈകായിക വിനോദം നിരോധിക്കാനുള്ള നടപടി തുടങ്ങിയത്. 2004ലാണ് ഈ ഭീമന്‍ ഹര്‍ജി സര്‍ക്കാരിന് ലഭിച്ചത്. അടുത്തിടെ നടത്തിയ മറ്റൊരു കണക്കെടുപ്പില്‍ 80% കാറ്റിലോനിയക്കാരും കാളപ്പോരിനെതിരാണെന്ന വസ്തുതയും പുറത്തുവന്നു. മൃഗസ്നേഹികളുടെ സംഘടനയും കാളപ്പോരിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കലിതുള്ളി കുതിച്ചുവരുന്ന കാളയുടെ പുറത്ത് മൂര്‍ച്ചയുള്ള കത്തികയറ്റി അതിനെകീഴ്പ്പെടുത്തുന്ന യോദ്ധാവാണ് മത്സരത്തില്‍ വിജയിയാവുക.

ഇപ്രകാരം പുറത്ത് കത്തികയറി മരണവെപ്രാളത്തില്‍ പിടയുന്ന കാളയുടെ ചിത്രം മധ്യവയസ്കരായ മുഴുവന്‍ സ്പാനിഷ് ജനതയുടെ മനസിലുമുണ്ടാകും. മൃഗങ്ങള്‍ക്കുനേരെ നടക്കുന്ന ഇത്തരം കടുത്ത ക്രൂരതകളാണ് മൃഗസ്നേഹികളെ ഈ കാടന്‍ വിനോദത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇത്തരത്തില്‍ സ്പെയിനിന്റെ നാനാതുറകളില്‍ നിന്നും കാളപ്പോരിനെതിരായ പൊതുവികാരം ഉയര്‍ന്നുവന്നു.ഈ പ്രതിഷേധങ്ങളുടെയെല്ലാം ഫലമായാണ് സ്പെയിനില്‍ കാളപ്പോര് നിരോധിക്കുന്നതിലേക്ക് വഴി തെളിച്ചത്.

*
ദേശാഭിമാനി

ഉമ്മന്‍ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം

ഉമ്മന്‍ചാണ്ടിയെ പാമൊലിന്‍ കേസില്‍നിന്നു രക്ഷിക്കാനുളള ബാധ്യത ജിജി തോംസണ്‍ വെറുതേ ഏറ്റെടുത്തതല്ല. കടപ്പാടിന്റെ ഒരു ചങ്ങല ഈ ഐഎഎസുകാരന്റെ കാലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉമ്മന്‍ചാണ്ടി കെട്ടിയിട്ടുണ്ട്. പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത് കരുണാകരനു വേണ്ടിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ലക്ഷ്യം ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവരുടെ രക്ഷയായിരുന്നു. ആകെയുള്ള എട്ടു പ്രതികളില്‍ രണ്ടുപേരെ രക്ഷിച്ച്, കെ കരുണാകരന്‍ , ടി എച്ച് മുസ്തഫ തുടങ്ങിയ എതിര്‍ഗ്രൂപ്പുകാരുടെ വിചാരണ ഉറപ്പാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമായിരുന്നു പാമൊലിന്‍ കേസ് പിന്‍വലിക്കല്‍ . പാമൊലിന്‍ കേസ് പിന്‍വലിക്കുമെന്ന് 2003 ജൂലൈ 2നു വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. അന്നദ്ദേഹം യുഡിഎഫ് കണ്‍വീനറാണ്. പാമൊലിന്‍ കേസിനെതിരെ കരുണാകരന്‍ കോടതികള്‍ കയറിയിറങ്ങുമ്പോള്‍ മൗനംപാലിച്ച ഉമ്മന്‍ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിന്‍വലിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്?

യഥാര്‍ഥത്തില്‍ ആ വാര്‍ത്താസമ്മേളനം ഡല്‍ഹിയിലേക്കു നല്‍കിയ സന്ദേശമായിരുന്നു. കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ , എട്ടാം പ്രതി പി ജെ തോമസ് എന്നിവര്‍ക്ക് കനത്തപിഴ ചുമത്താനുള്ള നടപടിയെടുക്കാനുള്ള സുപ്രധാനമായ നിര്‍ദേശം 2003 ജൂണിലാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. ഇതു നടപ്പാക്കാതിരിക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനു കഴിയില്ല. അതുകൊണ്ട്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നൊരു സന്ദേശം അറിയിക്കുക വഴി നടപടി വൈകിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. പക്ഷേ, കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദങ്ങള്‍ക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിന്‍വലിക്കപ്പെട്ടതുമില്ല. ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കി മുഖ്യമന്ത്രിപദം കൈക്കലാക്കിയതോടെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി വരുതിയിലാക്കി. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുന്ന കരുതലോടെ അദ്ദേഹം കരുക്കള്‍ നീക്കി. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ 2005 ജനുവരി 19നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുംമുമ്പേ വിവരം 2005 ജനുവരി 24ന് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു (തീരുമാനമെടുത്ത് രണ്ടുമാസം കഴിഞ്ഞ്, 2005 മാര്‍ച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്). പക്ഷേ, ഭരണമൊഴിയുംവരെ ഇക്കാര്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കാതിരിക്കാനും ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചു. കേസ് പരിഗണിക്കുന്ന കോടതിക്കു മുമ്പിലാണ്, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും കൊടുക്കേണ്ടത്. അവിടെ മാത്രം തീരുമാനമെത്തിയില്ല. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പോലും 11 മാസത്തിനു ശേഷം 2005 നവംബര്‍ 24നാണ്. ജിജി തോംസന്റെ വിധി നിര്‍ണയിക്കുന്നത് സിവിസിയും പേഴ്സണല്‍ മന്ത്രാലയവുമായതിനാല്‍ തീരുമാനം എത്രയും പെട്ടെന്ന് അവിടെ അറിയിക്കണമെന്നേ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നുളളൂ. ബാക്കിയൊക്കെ ചട്ടപ്പടി നടന്നു. ചെയ്യേണ്ട കാര്യം ചട്ടപ്പടിയായിട്ടുപോലും നടന്നില്ല. ചുമ്മാതല്ല, തന്നെ ബലിയാടാക്കുകയാണെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു നടക്കുന്നത്.

പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് തീരുമാനത്തിനെതിരെ കെ കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ , കേസ് പിന്‍വലിച്ച തീരുമാനം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടില്ലെന്ന വിവരം എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറോടോ അന്വേഷണ ഏജന്‍സിയോടോ ആലോചിച്ച ശേഷമല്ല കേസ് പിന്‍വലിക്കാനുളള തീരുമാനമെടുത്തത്. ഇക്കാര്യമൊക്കെ 2007 ജൂലൈ 6ലെ ജസ്റ്റിസ് കെ ആര്‍ ഉദയഭാനുവിന്റെ വിധിയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഐഎഎസ് പ്രതികളെ ഉടന്‍ കുറ്റവിമുക്തമാക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനോ വിജിലന്‍സ് കമീഷനോ കഴിയുമായിരുന്നില്ല. "ഞങ്ങളുടെ മുന്നില്‍ വന്ന വാദങ്ങളും എതിര്‍വാദങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍വാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആര്‍ ബാഹ്യപരിഗണന വച്ചാണെന്നോ ദുരുദ്ദേശ്യപരമാണെന്നോ പറയുന്നതില്‍ അര്‍ഥമില്ല. അഴിമതിയെന്ന മഹാശല്യത്തെ സങ്കീര്‍ണമായ നിയമക്കുരുക്കുകളുടെ കരിമ്പടം കൊണ്ടു മറയ്ക്കാന്‍ അനുവദിക്കാനാകില്ല"എന്ന 2000 മാര്‍ച്ച് 23ലെ സുപ്രീംകോടതി വിധിയിലെ പ്രസക്തമായ നിരീക്ഷണവും കേരളത്തിലുയര്‍ന്ന രാഷ്ട്രീയവിവാദവും അത്രയെളുപ്പം അവഗണിക്കാനാകുമായിരുന്നില്ല. പക്ഷേ, ഫയല്‍ കോള്‍ഡ് സ്റ്റോറേജിലായി.

2006 മെയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിന്റെ തീരുമാനം തിരുത്തി. വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വിചിത്രമായ പ്രതികരണമായിരുന്നു പേഴ്സണല്‍ മന്ത്രാലയത്തിന്റേത്. യുഡിഎഫിന്റെ തീരുമാനം മാറ്റിയതിന്റെ കാരണം ബോധ്യപ്പെടുത്തമെന്ന് ഒരു അഡീഷണല്‍ സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ച പാമൊലിന്‍ കേസ് പിന്‍വലിച്ച യുഡിഎഫിനോട് ഒരു ചോദ്യവും ചോദിച്ചില്ല എന്നോര്‍ക്കണം.

കേസുകളിലേക്കും മറ്റും ശ്രദ്ധ മാറിയപ്പോള്‍ പേഴ്സണല്‍ മന്ത്രാലയം ഒരു കള്ളക്കളി നടത്തി. മുന്‍സര്‍ക്കാര്‍ വേണ്ടെന്നു വച്ച ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ പ്രൊമോഷനെയും മറ്റും തടയുന്ന ഫയല്‍ തുടരണോ എന്ന് അവര്‍ സിവിസിയോട് ആരാഞ്ഞു. കിട്ടിയപാടെ, പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ ഒരു കേസും നിലവിലില്ലെന്ന ന്യായം പറഞ്ഞ് 2007 ജൂണ്‍ 25നു സിവിസി നടപടികള്‍ പിന്‍വലിച്ചു. നിയമവിരുദ്ധമായ ഉത്തരവാണ് കേന്ദ്ര വിജിലന്‍സ് കമീഷന്റേത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് മറ്റു പൊതുസേവകരുമായോ സ്വകാര്യവ്യക്തികളുമായോ പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന ഒരു കേസും നിലവിലില്ലെന്ന് കേസിന്റെ പുനഃപരിശോധനയില്‍ കമീഷന് ബോധ്യമായെന്നാണ് ഉത്തരവില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. 2007 ജൂണ്‍ 25ന് ഈ ഉത്തരവ് പുറത്തുവരുംമുമ്പു തന്നെ പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. യുഡിഎഫാകട്ടെ, കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിച്ചിട്ടുമില്ല.

വിജിലന്‍സ് കമീഷന്റെ തീര്‍പ്പ് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിരുന്നെങ്കില്‍ പി ജെ തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ സ്ഥാനത്തു തുടര്‍ന്നേനെ. അദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിച്ചുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ ഇങ്ങനെ പറയുന്നു "പേഴ്സണല്‍ മന്ത്രാലയത്തിന് 2003 ജൂണ്‍ 3ന് അയച്ച കത്തില്‍ സ്വീകരിച്ച നിലപാട് സിവിസി എന്തുകൊണ്ട് തിരുത്തിയെന്നതിന് ഒരു കാരണവും മുകളില്‍ പറഞ്ഞ മറുപടിയിലോ ഫയലിലോ കാണാനില്ല". ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവര്‍ക്കെതിരെയുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ ആദ്യ ശുപാര്‍ശ എങ്ങനെ അട്ടിമറിക്കപ്പെട്ടു, നിയമപരമായി നിലനില്‍പ്പില്ലാത്ത കാരണങ്ങളാല്‍ അവരെ കുറ്റവിമുക്തമാക്കിയ സാഹചര്യം എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു. ഉമ്മന്‍ചാണ്ടിയുടെ കേസ് പിന്‍വലിക്കലാണ് ഇതിനു വഴിതെളിച്ചത് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതു നടന്നു. പാമൊലിന്‍ കേസ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചെന്ന വിവരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആവശ്യമായിരുന്നു. അതു നിറവേറ്റാനായിരുന്നു 2005 ജനുവരിയിലെ മന്ത്രിസഭാ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ പി ജെ തോമസും ജിജി തോംസണും "പാപമുക്ത"രായി. പക്ഷേ, സുപ്രീംകോടതി കര്‍ശന നിലപാടു സ്വീകരിച്ചതുകൊണ്ട് ആ ശ്രമത്തിന്റെ അന്തിമഫലം പി ജെ തോമസിനു ലഭിക്കാതെ പോയി. അനിവാര്യമായ വകുപ്പുതല നടപടിയില്‍ നിന്ന് തന്നെ രക്ഷിച്ച ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരമാണ് ജിജി തോംസന്റെ ഹര്‍ജി.

2001ല്‍ കുറ്റപത്രം ലഭിച്ചശേഷം ഇന്നേവരെ അദ്ദേഹം ഈ കേസില്‍ ഒരു കോടതിയിലും പോയിട്ടില്ല. ഹര്‍ജി കൊടുക്കാനുള്ള അടവെന്ന നിലയിലാണ് തന്റെ പ്രൊമോഷനും മറ്റും തടയപ്പെട്ടെന്ന വാദം ജിജി തോംസണ്‍ ഉയര്‍ത്തുന്നത്. പാമൊലിന്‍ കേസ് മൂലം ഒരു പ്രൊമോഷനും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിട്ടില്ല. ഇനി കിട്ടാനുള്ളത് ക്യാബിനറ്റ് സെക്രട്ടറി സ്ഥാനമാണ്. കൂട്ടുപ്രതിയായ പി ജെ തോമസ് കേരളത്തിലെ ചീഫ് സെക്രട്ടറിയുമായി. സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗം ചേര്‍ന്നതുകൊണ്ടാണ് ഈ വസ്തുതകള്‍ കോടതിയില്‍ എത്താതിരുന്നത്. എണ്ണ ഇറക്കുമതിയോടെ അവസാനിച്ചതല്ല, പാമൊലിന്‍ ഗൂഢാലോചന. രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ദേശീയതലത്തിലേക്ക് അതു വികസിച്ചിട്ടുണ്ട്. പാമൊലിന്‍ ഇറക്കുമതിയിലെ അഴിമതി കോടതികള്‍ക്ക് ബോധ്യപ്പെട്ടതാണ്. നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ സ്വീകരിച്ച ശ്രമങ്ങള്‍ വരച്ചിട്ടതും സുപ്രീംകോടതി വിധിയിലാണ്. വിധിയെഴുതിയത് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും. ജിജി തോംസന്റെ ഹര്‍ജിയുടെ തീര്‍പ്പില്‍ തീരുന്നതല്ല കാര്യങ്ങളെന്നു ചുരുക്കം.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 30 സെപ്തംബര്‍ 2011

പലസ്തീന്‍ സ്വപ്നം നീളുമ്പോള്‍

സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീന്‍ ജനതയുടെ മുറവിളി വീണ്ടും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആറു പതിറ്റാണ്ടിലധികമായി നീതിക്കുവേണ്ടി പോരാടുകയാണ് പലസ്തീന്‍ .അധിനിവേശ ശക്തിയായ ഇസ്രയേലുമായി രണ്ട് പതിറ്റാണ്ടായി പല തലങ്ങളില്‍ ചര്‍ച്ച ചെയ്തു. സഹിക്കാവുന്നതിനപ്പുറം വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി. മധ്യസ്ഥവേഷമിട്ട അമേരിക്ക നിരന്തരം ചതിച്ചുകൊണ്ടിരുന്നിട്ടും പലസ്തീന്‍ നേതൃത്വം അവരില്‍ പ്രതീക്ഷ പുലര്‍ത്തിവന്നു. ഒടുവില്‍ മറ്റൊരു ഗതിയുമില്ലാതെ ഐക്യരാഷ്ട്രസഭയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചതോടെയാണ് പലസ്തീന്‍ വീണ്ടും ചര്‍ച്ചകളിലിടം പിടിച്ചത്. പലസ്തീനില്‍ 2006ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക കക്ഷിയായ ഹമാസാണ് വിജയിച്ചത്. അടുത്തവര്‍ഷം തന്നെ ഹമാസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ഇസ്രയേലും അമേരിക്കയും വിജയിച്ചു. തുടര്‍ന്ന് ഹമാസിന്റെ നേതൃത്വത്തില്‍ ഗാസയിലും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ബാങ്കിലും വ്യത്യസ്ത പലസ്തീന്‍ ഭരണസംവിധാനങ്ങളാണ് നിലവിലുള്ളത്. അമേരിക്കയുടെ അംഗീകാരമുള്ള അബ്ബാസിന്റെ ഭരണകൂടത്തിനാണ് പൊതുവില്‍ ലോകത്തിന്റെ പിന്തുണ. വെസ്റ്റ് ബാങ്ക് നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുമ്പോള്‍ തന്നെ അവരെ കൂടുതല്‍ അപ്രസ്കതമാക്കുന്ന നടപടികളാണ് ഇസ്രയേലും പിന്തുണക്കാരും തുടര്‍ന്നുവരുന്നത്. ഈ ഘട്ടത്തിലാണ് അമേരിക്കന്‍ മധ്യസ്ഥതയില്‍ രണ്ട് പതിറ്റാണ്ടായ ചര്‍ച്ചകളില്‍ വിശ്വാസം നഷ്ടപ്പെട്ട് മഹ്മൂദ് അബ്ബാസ് യുഎന്നിനെ സമീപിച്ചത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണി അവഗണിച്ച് യുഎന്നിന് അപേക്ഷ നല്‍കിയത് പലസ്തീനില്‍ അബ്ബാസിന്റെ പ്രതിഛായ ഉയര്‍ത്തിയിട്ടുണ്ട്. ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരാളികളായ ഹമാസിനെതിരെ രാഷ്ട്രീയ വിജയത്തിന് ഒരായുധവും അബ്ബാസിന്റെ മനസിലുണ്ടാകാം.

എന്തായാലും സ്വതന്ത്ര രാഷ്ട്ര പദവിക്ക് പലസ്തീന് വെസ്റ്റ് ബാങ്ക് നേതൃത്വം നല്‍കിയ അപേക്ഷ ഇപ്പോള്‍ യുഎന്‍ പരിഗണനയിലാണ്. ഇതില്‍ രക്ഷാസമിതിക്ക് തീരുമാനമെടുക്കാമെങ്കിലും വിഷയം പ്രവേശന കാര്യങ്ങള്‍ക്കുള്ള സ്റ്റാന്റിങ്ങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. അവിടെ വിഷയം വര്‍ഷങ്ങളോളം നീളാമെന്നതിനാല്‍ അമേരിക്കന്‍ താല്‍പര്യപ്രകാരമാണിതെന്ന് വ്യക്തം. പലസ്തീന്‍ പ്രമേയം രക്ഷാസമിതിയില്‍ വീറ്റോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അമേരിക്ക തല്‍ക്കാലം അതൊഴിവാക്കി മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സൂചന. അറബ് മേഖലയില്‍ ഇപ്പോള്‍ തന്നെ കടുത്ത എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തിലാണിത്. ഫലത്തില്‍ പലസ്തീന്റെ അപേക്ഷയില്‍ തീരുമാനമുണ്ടായാല്‍ തന്നെ വര്‍ഷങ്ങളെടുക്കത്തേക്കും. ഇതിനിടെ യുഎന്നില്‍ പലസ്തീന് നിലവിലുള്ള "നിരീക്ഷകപദവി" "നിരീക്ഷക രാഷ്ട്രപദവി"യായി ഉയര്‍ത്തുന്നതിനും സാധ്യതയുണ്ട്. അതും എതിര്‍ക്കുമെന്ന് അമേരിക്ക പറഞ്ഞിട്ടുണ്ടെങ്കിലും ആര്‍ക്കും വീറ്റോ അധികാരമില്ലാത്ത പൊതുസഭയാണ് ആ പദവി നല്‍കേണ്ടതെന്നതിനാല്‍ പലസ്തീന് വന്‍ പിന്തുണ ലഭിക്കും. ഇതേസമയം പലസ്തീനും ഇസ്രയേലും തമ്മില്‍ ഒരുമാസത്തിനകം നിരുപാധികം ചര്‍ച്ചയാരാംഭിക്കണമെന്ന് അമേരിക്ക നിയന്ത്രിക്കുന്ന ചതുര്‍ശക്തികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ കുടിയേറ്റ നിര്‍മാണം അവസാനിപ്പിക്കാതെ അവരുമായി ഇനി ചര്‍ച്ചയില്ലെന്നാണ് പലസ്തീന്‍ നിലപാട്.

പിന്‍കുറിപ്പ്: പലസ്തീന്‍ തലസ്ഥാനമാക്കാനിരിക്കുന്ന കിഴക്കന്‍ ജെറുസലെമില്‍ 1100 വീടുകള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അനുമതി നല്‍കി. അവിടെ കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കരുതെന്ന ലോകാഭിപ്രായം തള്ളി പലസ്തീന്‍ പ്രദേശത്ത് പുതിയ "ജൂത യാഥാര്‍ത്ഥ്യങ്ങള്‍" സൃഷ്ടിക്കുകയാണ് ഇസ്രയേല്‍ .

പ്രതിക്കൂട്ടില്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ പീഡനത്തിനിരയായ ജൂതന്മാര്‍ക്കുവേണ്ടി 1948ല്‍ ഐക്യരാഷ്ട്രസഭയാണ് ചരിത്രപരമായ പലസ്തീന്‍ ദേശം വെട്ടിമുറിക്കാന്‍ തീരുമാനിച്ചത്. സമ്പന്ന പാശ്ചാത്യരാഷ്ട്രങ്ങളുടെ താല്‍പര്യത്തിന് പലസ്തീനെ വെട്ടിമുറിച്ചപ്പോള്‍ ആ മണ്ണില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന അറബ് ജനതയ്ക്ക് നീക്കിവച്ചത് 43 ശതമാനം ഭൂമി മാത്രമായിരുന്നു. 56 ശതമാനം ഭൂമി ഇസ്രയേലിന് നീക്കിവച്ചു. ജെറുസലെമും ബെത്ലഹേമും അടക്കം ഒരു ശതമാനം ഭൂമി യുഎന്‍ നിയന്ത്രണത്തില്‍ അന്താരാഷ്ട്ര പ്രദേശമായും വിഭാവന ചെയ്തു. എന്നാല്‍ ഏകപക്ഷീയമായി രാഷ്ട്രം പ്രഖ്യാപിച്ച് ഇസ്രയേല്‍ നിശ്ചിത സമയത്തിന് മുമ്പ് യാഥാര്‍ത്ഥ്യമായി. പലസ്തീന് വേണ്ടി യുഎന്‍ നീക്കിവച്ച പ്രദേശത്തിന്റെ നല്ല പങ്കും തുടര്‍ന്നുണ്ടായ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്തപ്പോള്‍ അവശിഷ്ടപ്രദേശങ്ങള്‍ അറബ് രാജ്യങ്ങളുടെ നിയന്ത്രണത്തിലായി. പലസ്തീന്‍ ജനത അഭയാര്‍ത്ഥികളുമായി. അറബ് രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്ന പലസ്തീന്‍ പ്രദേശങ്ങളും 67ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്തതോടെ ചിത്രം പൂര്‍ണമായി. അന്നുമുതല്‍ 44 വര്‍ഷമായി ഇസ്രയേലിന്റെ അധിനിവേശത്തിലാണ് പലസ്തീന്‍ ജനത. ഇതിനെതിരെ രണ്ട് പതിറ്റാണ്ടോളം നീണ്ട സായുധ പോരാട്ടത്തിനൊടുവില്‍ 1988ല്‍ പലസ്തീന്‍ നേതൃത്വം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതോടെ ഇന്ത്യയടക്കം ലോകരാജ്യങ്ങളില്‍ പലതും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. എന്നാല്‍ അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ അപ്പോഴും പലസ്തീനെ അംഗീകരിച്ചിരുന്നില്ല. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ പോരാളികള്‍ ഇന്തിഫാദ പ്രഖ്യാപിച്ച് സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമാക്കിയതോടെ അവരുമായി ചര്‍ച്ചയ്ക്ക് ഇസ്രയേലിനെ പ്രേരിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ബന്ധിതമായി.

അങ്ങനെ 1991ല്‍ മാഡ്രിഡില്‍ ആരംഭിച്ച ചര്‍ച്ചകളും തുടര്‍ന്ന് 93ലെ ഓസ്ലോ കരാറും സമീപകാല ചരിത്രം. പലസ്തീന്‍ ജനതയോട് അമേരിക്ക ചെയ്ത വലിയ ചതിയായിരുന്ന ഓസ്ലോ കരാറെന്ന് തെളിയാന്‍ കാലം ഏറെ വേണ്ടിവന്നില്ല. പഴയ പലസ്തീനിന്റെ 22 ശതമാനം ഭൂമി മാത്രമാണ് ഓസ്ലോ കരാറനസരിച്ച് അവര്‍ക്ക് നീക്കിവച്ചത്. അതായത് 67ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ മാത്രം. 99 മെയ് മാസത്തോടെ സമഗ്ര ധാരണയിലെത്താനുള്ള തീരുമാനത്തോടെയാണ് ഓസ്ലോ കരാറില്‍ പലസ്തീന് സ്വയംഭരണാധികാരം നല്‍കിയത്. എന്നാല്‍ ഈ പ്രദേശങ്ങളും കയ്യടക്കാന്‍ ഇസ്രയേല്‍ ജൂത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുന്നതും സമാധാന ചര്‍ച്ചകള്‍ അനന്തമായി നീട്ടി അപ്രസക്തമാക്കുന്നതുമാണ് ലോകം പിന്നെ കണ്ടത്. സമാധാനവും സ്വാതന്ത്ര്യവും സ്വപ്നം കണ്ട്അമേരിക്കന്‍ പ്രേരണയ്ക്ക് വഴങ്ങി ചര്‍ച്ചകളില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്ത പലസ്തീന്‍ നേതൃത്വത്തിനെതിരെ നാട്ടിലുയര്‍ന്ന വികാരം ഇസ്ലാമിക ശക്തികളെ ശക്തിപ്പെടുത്തിയപ്പോള്‍ അത് മറയാക്കിയായി അമേരിക്കയുടെയും ഇസ്രയേലിന്റെയും കള്ളക്കളികള്‍ . പലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസിനെ ഭരിക്കാന്‍ അനുവദിക്കാതെ അട്ടിമറി പ്രോത്സാഹിപ്പിക്കുകയാണ് അവ ചെയ്തത്. യുഎന്‍ അറബ്രാഷ്ട്രത്തിന് അനുവദിച്ച ഭൂമിയില്‍ പകുതിയും ഇസ്രയേല്‍ കയ്യടക്കിയതോടെ ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാതെ രണ്ട് തുണ്ടമായ പലസ്തീനെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കീഴില്‍ വെസ്റ്റ്ബാങ്കും ഹമാസിന്റെ കീഴില്‍ ഗാസയും എന്ന നിലയില്‍ ഭരണപരമായും ഭിന്നിപ്പിക്കുന്നതില്‍ ഇസ്രയേലും പാശ്ചാത്യ ശക്തികളും വിജയിച്ചു.

*
എ ശ്യാം ദേശാഭിമാനി

Thursday, September 29, 2011

ഇനിയും എന്‍ജിനീയറിംഗ് കോളജുകളോ?

കേരളത്തില്‍ ഇനിയും പത്തൊന്‍പത് എന്‍ജിനീയറിംഗ് കോളജുകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നുവത്രേ! ഇപ്പോള്‍ എത്ര എന്‍ജിനീയറിംഗ് കോളജുകള്‍ ഉണ്ട് കേരളത്തില്‍? ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 140 സ്ഥാപനങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ വക ഒമ്പത്. എയിഡഡ് മൂന്ന്, ഐ എച് ആര്‍ ഡി, എല്‍ ബി എസ് തുടങ്ങി സര്‍ക്കാരിന് നിയന്ത്രണമുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത് 18. സര്‍വകലാശാലകള്‍ നേരിട്ടു നടത്തുന്നവ ഏഴ്, പിന്നെയൊക്കെ സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആണ്. മൊത്തം സീറ്റുകളുടെ എണ്ണം മുപ്പതിനായിരത്തിനു മുകളില്‍ ആണ്. ഇവിടൊക്കെ പഠിക്കാന്‍വേണ്ട യോഗ്യത ഉള്ള കുട്ടികള്‍ ഇവിടെ ഉണ്ടോ? കഴിഞ്ഞ കൊല്ലം തന്നെ ആയിരക്കണക്കിനു സീറ്റുകളാണ് ആളില്ലാതെ ഒഴിഞ്ഞു കിടന്നത്. ഇക്കൊല്ലത്തെ അലോട്ട്‌മെന്റ് കഴിഞ്ഞിട്ടില്ല. ലക്ഷണം കണ്ടിട്ട് ഒഴിഞ്ഞ സീറ്റുകള്‍ റിക്കോര്‍ഡ് ഭേദിക്കാനാണ് സാധ്യത. ഒഴിവുള്ള സീറ്റുകള്‍ എല്ലായിടത്തും ഒരുപോലെ അല്ലല്ലോ ഉണ്ടാവുക. ചില കോളജുകളില്‍ സീറ്റിനു പിടിയും വലിയും ആയിരിക്കും. അവിടെ മാനേജുമെന്റ് സീറ്റുകളില്‍ ലക്ഷക്കണക്കിനാണ് കോഴ എന്ന് കേള്‍ക്കുന്നു. എന്നാല്‍ അതേസമയം മറ്റു ചില കോളജുകളിലാണ് കുട്ടികളെ തീരെ കിട്ടാത്തത്. അങ്ങനത്തെ ചില കോളജുകള്‍ നഷ്ടം താങ്ങാന്‍ കഴിയാതെ ഇപ്പോള്‍ സീറ്റുകള്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് എന്ന് ചില റിപ്പോര്‍ട്ടുകള്‍ കാണാനിടയായി. ഈ സാഹചര്യത്തിലാണ് ഇനിയും കൂടുതല്‍ എന്‍ജിനീയറിംഗ് കോളജുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഏതു ഭ്രാന്തിനും ഒരു യുക്തി ഉണ്ടാകും എന്നാണല്ലോ വയ്പ്. എന്തായിരിക്കാം ഈ തീരുമാനത്തിന്റെ പിന്നിലെ യുക്തി?

ആലോചിച്ചിട്ട് ഒരു നീതീകരണമേ കാണുന്നുള്ളൂ. ഇത് ആഗോളവല്‍ക്കരണത്തിന്റെ കാലം ആണല്ലോ. വിപണിസര്‍വാധിപത്യം ആണ് അതിന്റെ തത്വശാസ്ത്രം. അതായത് ആര് എന്ത് ഉത്പാദിപ്പിക്കണം, എത്ര വിലയ്ക്ക് വില്‍ക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം വിപണി തീരുമാനിക്കും. സര്‍ക്കാര്‍ അതിലൊന്നും ഇടപെടണ്ട. വിദ്യാഭ്യാസത്തെയും ഒരു ചരക്ക് ആയിട്ടാണ് അവര്‍ കാണുന്നത്. കോളജ് നടത്തുന്നതും ഒരു ലാഭാധിഷ്ടിത പ്രവര്‍ത്തനം മാത്രം. അപ്പോള്‍ ചില കോളജുകള്‍ വമ്പിച്ച ലാഭം ഉണ്ടാക്കുന്നത് കാണുമ്പോള്‍ കൂടുതല്‍ മുതലാളിമാര്‍ ലാഭം മോഹിച്ച് ആ രംഗത്ത് മുതല്‍ മുടക്കാന്‍ തയാറായി വരും. അവര്‍ തമ്മില്‍ മത്സരം ഉണ്ടാകും. മത്സരത്തില്‍ കൂടുതല്‍ ശക്തരായവര്‍ അതിജീവിക്കും; അല്ലാത്തവര്‍ പുറംന്തള്ളപ്പെടും. അതായത് നല്ല കോളജുകള്‍ നിലനില്‍ക്കും, മോശം കോളജുകള്‍ അടച്ചുപൂട്ടും. അങ്ങനെ കുറേ നല്ല കോളജുകള്‍ ഉണ്ടാകട്ടെ, അതുകൊണ്ട് ചോദിക്കുന്നവര്‍ക്കൊക്കെ കോളജു കൊടുത്തേക്കാം, എന്നായിരിക്കാം ഒരുപക്ഷേ ഭരണക്കാര്‍ വിചാരിക്കുന്നത്.

അതു തിയറി. യഥാര്‍ഥത്തില്‍ അതാണോ ഉണ്ടാവുക? ഒന്നാമത്തെ കാര്യം മോശം കോളജുകള്‍ അടച്ചുപൂട്ടണം എന്നില്ല. എങ്ങനെയെങ്കിലും കുറേ കുട്ടികളെ ചാക്കിട്ടു പിടിച്ച് അവരും നിലനില്‍ക്കും. അതിന് പലവിധ ടെക്‌നിക്കുകളും ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പുതിയ കുട്ടികളെ പിടിച്ചു കൊണ്ടുവരാനായി കമ്മിഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ വച്ചിട്ടുള്ള കോളജുകള്‍ പലതുണ്ടത്രേ. പ്രവേശനത്തിന് സര്‍വകലാശാലയും സര്‍ക്കാരും നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ യോഗ്യതയില്‍ അയവ് വരുത്തുകയാണ് മറ്റൊരു മാര്‍ഗം. അതിന് മാനേജര്‍ക്ക് അധികാരമൊന്നും ഇല്ല. എന്ന് തന്നെയല്ല, പിടിക്കപ്പെട്ടാല്‍ യൂണിവേഴ്‌സിറ്റിയോടു സമാധാനം പറയേണ്ടത് പ്രിന്‍സിപ്പലാണ്. അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം, സാറൊന്നു അഡ്മിഷന്‍ കൊടുത്താല്‍ മതി എന്നാണ് ചില മാനേജര്‍മാര്‍ പറയുന്നത്. ഇത് താങ്ങാന്‍ കഴിയാതെ കൂടെക്കൂടെ പ്രിന്‍സിപ്പല്‍മാര്‍ ഒഴിഞ്ഞുപോകുന്ന കോളജുകള്‍ നിരവധിയാണ്. സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ ഓരോ വിഷയത്തിനും കുറഞ്ഞത് പത്തു മാര്‍ക്കെങ്കിലും വാങ്ങിയാലെ യോഗ്യത ആകൂ. (പത്തു ശതമാനം അല്ല, 480 ല്‍ ആണേ പത്തു മാര്‍ക്ക്!) ഈ യോഗ്യത പോലും നേടാനാകാതെ പതിനായിരക്കണക്കിനു കുട്ടികള്‍ പുറത്താകുന്നുണ്ട്. ഇത്രയും മാര്‍ക്ക് എങ്കിലും കിട്ടാത്ത കുട്ടി എന്‍ജിനീയറിംഗിന് ചേര്‍ന്നാല്‍ പരീക്ഷകള്‍ പാസ്സാകാനുള്ള സാദ്ധ്യത തീരെ ഇല്ല എന്നതാണ് ഇതിന്റെ യുക്തി. പക്ഷേ അതൊന്നും ചില രക്ഷാകര്‍ത്താക്കള്‍ക്ക് മനസ്സിലാകില്ല. എങ്ങനെയെങ്കിലും ഒന്ന് പ്രവേശനം കിട്ടിയാല്‍ എങ്ങനെയെങ്കിലും പാസ്സായിക്കൊള്ളും, എന്നാണവരുടെ വിചാരം.

വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത്?

കേരളത്തിലെ എന്‍ജിനീയറിംഗ് പരീക്ഷകളില്‍ 60 % കുട്ടികളും തോല്‍ക്കുകയാണ്! നാല് വര്‍ഷം മുന്‍പ് എന്‍ജിനീയറിംഗിന് ചേര്‍ന്ന 25000 പേരില്‍ ഏതാണ്ട് 10000 പേര്‍ മാത്രമേ ഇക്കൊല്ലം പാസ്സായിട്ടുള്ളു. പല കോളജുകളിലും പത്തു ശതമാനത്തില്‍ താഴെയാണ് വിജയം. അതില്‍ ഒട്ടും അത്ഭുതം ഇല്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ കണക്കിന് 480 ല്‍ പത്തു മാര്‍ക്ക് പോലും നേടാന്‍ കഴിയാത്ത കുട്ടി എങ്ങനെയാണ് ഗണിതപ്രധാനമായ എന്‍ജിനീയറിംഗ് പരീക്ഷകള്‍ പാസ്സാകുക? നമ്മുടെ യൂണിവേഴ്‌സിറ്റികളിലെ സമ്പ്രദായം അനുസരിച്ച് ഒന്നാം വര്‍ഷ പരീക്ഷ പാസ്സാകാത്ത കുട്ടികള്‍ പോലും അടുത്ത ക്ലാസിലേയ്ക്ക് നീങ്ങും. അങ്ങനെ അങ്ങനെ നാല് വര്‍ഷവും പ്രൊമോഷന്‍ കിട്ടി ഇവര്‍ അഞ്ചാം കൊല്ലം കോളജിനു പുറത്താകും.
പിന്നെയോ?

പിന്നെയാണു യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടത്. ഒന്നോ രണ്ടോ അഞ്ചോ ആറോ പേപ്പറുകള്‍ കിട്ടാനുള്ളവര്‍ ചിലപ്പോള്‍ ഒന്നുരണ്ടു കൊല്ലങ്ങള്‍ക്കകം കുടിശ്ശിക തീര്‍ത്ത് രക്ഷപ്പെട്ടേക്കാം. പക്ഷേ പത്തും ഇരുപതും വിഷയങ്ങളില്‍ ആണ് പലര്‍ക്കും തോല്‍വി. അവരൊന്നും ജീവിത കാലത്ത് ബിരുദം നേടാന്‍ പോകുന്നില്ല. എന്നിട്ട് പഴയ പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ പച്ചയിലാണ് അവര്‍ എന്തെങ്കിലും ജോലി തരപ്പെടുത്തുന്നത്. അല്ലെങ്കില്‍ വീണ്ടും പോയി ബി എസ് സിയ്ക്ക് ചേരും. വാസ്തവത്തില്‍ ഇവര്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല. സമരം ചെയ്ത് ഉപാധിരഹിത പ്രൊമോഷന്‍ നേടിക്കൊടുത്ത വിദ്യാര്‍ഥി സംഘടനകളും പിന്നെ തിരിഞ്ഞു നോക്കില്ല. അല്ലെങ്കില്‍ തന്നെ അവര്‍ എന്തു ചെയ്യാനാണ്? പരീക്ഷ പാസ്സാകാതെ ബിരുദം കൊടുക്കണം എന്ന് ആവശ്യപ്പെടാന്‍ അവര്‍ക്കുപോലും കഴിയില്ലല്ലോ. ഭാഗ്യവശാല്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ വിശ്വാസ്യത ഇനിയും നഷ്ടപെട്ടിട്ടില്ല. അല്ലെങ്കില്‍ ഒരു പക്ഷേ, ചില ഡ്രൈവിംഗ് സ്‌കൂളുകാര്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് കൊടുക്കാനുള്ള ചെലവ് സഹിതം ഉള്ള കാശു വാങ്ങുന്നതുപോലെ ബിരുദം അടക്കമുള്ള ഫീസ്”എന്ന സമ്പ്രദായം ഇവിടെയും നിലവില്‍ വന്നേനെ. (ചില അയല്‍ സംസ്ഥാനങ്ങളില്‍ അങ്ങനെയും ഉണ്ട് പോല്‍!) പക്ഷേ താമസിയാതെ സ്വാശ്രയ കോളജുകാര്‍ സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞാല്‍ ഈ അവസ്ഥ മാറില്ലേ? (അങ്ങനെ ഒരു കാലം വരാതിരിക്കാന്‍ ന്യായമൊന്നും കാണുന്നില്ല.)

ഈ അപകടം ഒഴിവാക്കാനുള്ള ഒരേയൊരു വഴി വിദ്യാര്‍ഥി പ്രവേശനത്തിനുള്ള മിനിമം യോഗ്യതയില്‍ വെള്ളം ചേര്‍ക്കാതെ നോക്കുകയാണ്. പക്ഷേ കോടതി വിധികളും ഏ ഐ സി റ്റി യുടെ നിലപാടുകളും ഇതിന് സഹായകമല്ല എന്ന് പറഞ്ഞേ തീരൂ. സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം മാര്‍ക്കു കിട്ടാത്തവരെകൂടി യോഗ്യര്‍ ആക്കാനായി സ്വന്തമായി എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ തങ്ങളെ അനുവദിക്കണം എന്ന സ്വാശ്രയ കോളജുകാരുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. പ്ലസ് ടൂ പരീക്ഷക്ക് കണക്കിന് കുറഞ്ഞത് 50 % മാര്‍ക്ക് കിട്ടിയിരിക്കണം എന്ന ഇപ്പോഴത്തെ നിബന്ധന എടുത്ത് കളയാന്‍ ഏ ഐ സി റ്റി ഈ അനുവദിച്ചുകഴിഞ്ഞു. (പട്ടിക ജാതിക്കാര്‍ക്ക് ഇപ്പോള്‍ തന്നെ ഈ നിബന്ധന ബാധകമല്ല. ഇത് അവരുടെ പിന്നീടുള്ള പരീക്ഷാ വിജയപരാജയങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ആരും അന്വേഷിക്കുന്നുമില്ല.) ചുരുക്കത്തില്‍ എങ്ങനെയെങ്കിലും സീറ്റ് നിറയ്ക്കാന്‍ സ്വകാര്യ മാനേജുമെന്റുകളെ സഹായിക്കുക എന്നതാണ് പൊതുവായ സമീപനം. മുതല്‍ മുടക്കിയവര്‍ക്ക് തക്കതായ ലാഭം കിട്ടണമല്ലോ. പക്ഷേ ഇതിന് സമൂഹം കൊടുക്കേണ്ട വില ഭീകരം ആണ്. ഒന്ന്, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് പൊതുവായ നിലവാര തകര്‍ച്ച. ഇങ്ങനെ പോയാല്‍ ഒടുവില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് വില ഇല്ലാത്ത അവസ്ഥ വരും. തെക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഇത് സംഭവിച്ചിട്ടുണ്ട്. മറ്റൊന്ന്, ആരെ സഹായിക്കാന്‍ എന്ന പേരില്‍ ആണോ ഇതൊക്കെ ചെയ്യുന്നത്, ആ കുട്ടികള്‍ക്ക് പോലും ഇത് ദോഷമേ ചെയ്യൂ. കണക്കില്‍ പാടവം ഇല്ലാത്തവര്‍ എന്‍ജിനീയറിംഗിന് വന്നു തോറ്റ് ജീവിതം തുലയ്ക്കുന്നതിനേക്കാള്‍ എത്രയോ ഭേദം ആണ് തങ്ങള്‍ക്കു വാസന ഉള്ള മറ്റ് ഏതെങ്കിലും വിഷയം എടുത്ത് പഠിച്ച് നല്ല നിലയില്‍ പാസ്സാകുന്നത്.

കോളജുകളുടെ എണ്ണം കൂടുന്തോറും സീറ്റ് നിറയ്ക്കാനുള്ള സമ്മര്‍ദം കൂടും. വഴിയെ പോകുന്നവരെപ്പോലും ചാക്കിട്ടു പിടിച്ച് എന്‍ജിനീയറിംഗ് കോളജില്‍ ചേര്‍ക്കുന്ന അവസ്ഥ വരും. (ഇപ്പോള്‍ തന്നെ പട്ടികജാതി കുട്ടികളുടെ കാര്യത്തില്‍ ഇത് സംഭവിക്കുന്നുണ്ട്. എന്തെന്നാല്‍, അവരെ ചേര്‍ത്ത് കഴിഞ്ഞാല്‍ അവരുടെ ഫീസ് സര്‍ക്കാര്‍ കൊടുത്തുകൊള്ളും. അവര്‍ പരീക്ഷകളില്‍ ജയിക്കുന്നോ തോല്‍ക്കുന്നോ എന്നതൊന്നും ആര്‍ക്കും പ്രശ്‌നമല്ല. ഫലത്തില്‍ ഇത് സ്വാശ്രയ കോളജുകള്‍ക്കുള്ള ഒരു സര്‍ക്കാര്‍ സബ്‌സിഡി ആയി മാറിയിരിക്കുന്നു.)

ചുരുക്കത്തില്‍ വിപണി സര്‍വാധിപത്യ തത്വം വിദ്യാഭ്യാസത്തില്‍ പ്രയോഗിക്കുമ്പോള്‍ അത് മോശം കോളജുകളുടെ അടച്ചുപൂട്ടലില്‍ അല്ല, നേരെ മറിച്ച് മൊത്തം വിദ്യാഭ്യാസ വ്യവസ്ഥയുടെ തകര്‍ച്ചയില്‍ ആയിരിക്കും അവസാനിക്കുക. ചോദിക്കുന്നവര്‍ക്കൊക്കെ എന്‍ജിനീയറിംഗ് കോളജു തുടങ്ങാന്‍ അനുവാദം കൊടുക്കുമ്പോള്‍ ഇതൊക്കെ ആലോചിക്കേണ്ടതല്ലേ? അതോ, വരുന്നിടത്ത് വച്ചു കാണാം, എന്നതാണോ മനസ്സിലിരിപ്പ്?

*
ആര്‍.വി.ജി. മേനോന്‍ ജനയുഗം 29 സെപ്തംബര്‍ 2011

പൗരസമൂഹത്തിന്റെ സ്വഭാവത്തകര്‍ച്ച

(സമൂഹം കുറ്റത്തിന്റെ കൂട്ടാളിയാകുന്നതെങ്ങനെ എന്നതിന്റെ പഠനം)

ഇന്നത്തെ ഇന്ത്യയില്‍ സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ ഏറ്റവും ഗൗരവം കൂടിയതും എല്ലാ കൊള്ളരുതായ്മകളെയും നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും ആയ പ്രശ്നം-പ്രശ്നങ്ങളുടെ പ്രശ്നം-ഇവിടുത്തെ പൗരസാമാന്യത്തിന്റെ സ്വഭാവത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്ന തകര്‍ച്ചയാണ്. സ്വഭാവത്തകര്‍ച്ച എന്ന് കേള്‍ക്കുമ്പോള്‍ ഇത് വെറുമൊരു സദാചാരപ്രശ്നമാണെന്ന് നിശ്ചയിച്ചേക്കരുത്. സ്വഭാവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യസ്വഭാവത്തെയാണ്, സമൂഹം അംഗീകരിച്ച ഏതോ നിലപാടുകളെയല്ല. യഥാര്‍ഥത്തില്‍ , സമൂഹം പൊതുവെ ഇന്ന് അംഗീകരിച്ചുകാണുന്ന പ്രവണതകളുടെ നേരെ വിരല്‍ ചൂണ്ടുന്നതാണ് ഈ കുറിപ്പ്. സ്വാതന്ത്ര്യസമരകാലത്തും സ്വതന്ത്രഭരണത്തിന്റെ ആദ്യഘട്ടത്തിലും ഇന്ത്യന്‍സമൂഹം ഏറെക്കുറെ മഹത്തായ ആദര്‍ശങ്ങളെ കൈവിടാതെയാണ് കഴിഞ്ഞിരുന്നത്. പിന്നെ പതനകാലം വന്നു. ഈ വീഴ്ചയുടെ ഉയര്‍ച്ചയുടെ മുകളിലെത്തിയിരിക്കയാണ് നാം ഇപ്പോള്‍ . ഒരു ദേവാലയം പണിതാല്‍ അപ്പുറത്ത് പിശാച് തന്റെ ആലയം പണിയുമെന്ന് കേട്ടിട്ടുണ്ട്. നമ്മിലെ പിശാചിന്റെ പണിയാണ് ഇത്. തെറ്റെന്ന് എന്തിനെയാണോ കുറ്റപ്പെടുത്തിയത്, അതിനെ ന്യായീകരിച്ച് ധര്‍മമെന്ന് വിളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇന്ന് നിഷ്പ്രയാസം കഴിയുന്നു.

കുറ്റവാളി (ക്രിമിനല്‍) സമൂഹവിരുദ്ധന്‍ എന്നാണല്ലോ വയ്പ്. പക്ഷേ, ചുറ്റും നോക്കിയാല്‍ അവന്‍ എല്ലാ മര്‍മസ്ഥാനങ്ങളിലും കയറിയിരിപ്പാണ്. ഇതാണ് പൗരസമൂഹത്തിന്റെ സ്വഭാവത്തകര്‍ച്ച എന്ന ഭീകരമായ അവസ്ഥ. ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലും പാര്‍ലമെന്റിലും ഉണ്ടായിരുന്ന പ്രമാണിമാരായ മന്ത്രിമാരിലും എംപിമാരിലും എത്രപേര്‍ സൂപ്പര്‍ ക്രിമിനലുകളായി തടങ്കലില്‍ എത്തി? ലക്ഷങ്ങളും കോടികളും ശതകോടികളും രാജ്യത്തെ വഞ്ചിച്ച് നേടിയവരാണ് രാജ, മാരന്‍ , കല്‍മാഡി, കനിമൊഴി മുതല്‍പേര്‍ . ഇവര്‍ എങ്ങനെ കുറ്റവാളികളായെന്നല്ല ചിന്തിക്കേണ്ടത്, ഇവര്‍ എങ്ങനെ മന്ത്രിമാരും മറ്റുമായെന്നാണ്. മന്ത്രി ക്രിമിനല്‍ ആവുകയല്ല, ക്രിമിനല്‍ മന്ത്രിയാവുകയാണ്. നമ്മുടെ പൗരസമൂഹത്തിന്റെ സ്വഭാവത്തകര്‍ച്ചയുടെ പാരമ്യമാണ് ഇത്.

ഈ പാരമ്യത്തില്‍ നാം എത്തിച്ചേര്‍ന്നത് വ്യക്തമായ പടവുകള്‍ ചവിട്ടിക്കയറിയാണ്. ഒന്നാമത്തെ പടവ് ഇത്തരം പാതകങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും കണ്ടിട്ടും കണ്ടില്ലെന്ന് ഭാവിച്ച് കണ്ണടച്ചിരിപ്പാണ്. ആ കലയില്‍ ഏറ്റവും പ്രവീണന്‍ മറ്റാരുമല്ല, നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ. തങ്ങളുടെ ചതിപ്പണി ഓരോ ഘട്ടത്തിലും പ്രധാനമന്ത്രി അറിഞ്ഞിരുന്നെന്ന് കുറ്റവാളികള്‍ തങ്ങളുടെ രക്ഷകനെപ്പറ്റി പരസ്യമായി പറഞ്ഞത് ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ല.

ഈ കണ്ണടപ്പുതന്നെയാണ് ഇംഗ്ലീഷിലെ cunning പൗരസമൂഹത്തില്‍ ഒരു വലിയ വിഭാഗം കണ്ണടപ്പുവിദഗ്ധരാണ്. ഇത് കപടമായ ധര്‍മാഭിനയമാണ്. സിങ്ങിന്റെ തലപ്പാവ്, താന്‍ എതിര്‍ക്കേണ്ട കുറ്റകൃത്യങ്ങള്‍ തന്റെ മുമ്പില്‍ നടക്കുമ്പോള്‍ , കീഴോട്ടുവലിച്ച് കെട്ടാറുണ്ടെന്ന് സംശയിക്കാം. പ്രധാനമന്ത്രിയെ ഇതിന്റെ പേരില്‍ ആരും കുറ്റപ്പെടുത്തിയില്ല. അതും കഴിഞ്ഞ് അദ്ദേഹത്തെ സഹപ്രവര്‍ത്തകരും സര്‍വരും അഴിമതിയില്ലാത്തയാള്‍ (incurrupt)|എന്ന് വിളിച്ച് ആദരിക്കുകയും ചെയ്തു. തെറ്റ് ചൂണ്ടിക്കാണിച്ച് കുറ്റപ്പെടുത്തുന്ന ചുമതലചെയ്യാത്ത ഒരാളെ തെറ്റുചെയ്യാത്ത ആള്‍ എന്ന് ആദരിക്കുമ്പോള്‍ , നാം ക്രിമിനല്‍ ആധിപത്യത്തിലേക്കുള്ള രണ്ടാംപടവ് കേറുന്നു. സിങ്ങിന്റെ ഈ കണ്ണടച്ച അഭിനയത്തിന്റെ മറവില്‍ സഹമന്ത്രിമാര്‍ ഖജനാവ് കട്ടുമുടിക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ കല്‍മാഡി നടത്തിയ കള്ളക്കളി മുഴുവന്‍ മേലെയുള്ളവര്‍ക്ക് അറിയാത്തവയല്ല. പക്ഷേ, അവരാരും ഒന്നും കണ്ടില്ല. അറിഞ്ഞില്ല! തന്നെ ഒരാള്‍ ബലാത്സംഗം ചെയ്തത് ഉറക്കത്തില്‍ താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ ഒരു സ്ത്രീയുടെ കഥ മോപ്പസാങ് എഴുതിയിട്ടുണ്ട്. പക്ഷേ, ആ സ്ത്രീയെ പതിവ്രത എന്ന് ആരും വിളിച്ചതായറിവില്ല. സിങ് ഉറങ്ങിയിട്ടും അഴിമതിയില്ലാത്തയാള്‍ എന്ന പേര് നേടിയല്ലോ. ഇന്ന് ഇന്ത്യയില്‍ മിക്കവരും സിങ്ങുമാരാണ്.

മൂന്നാംഘട്ടത്തിലേക്കാണ് ഇവരുടെ അടുത്ത കയറ്റം. ഇവര്‍ കുറ്റങ്ങള്‍ ന്യായീകരിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി ഈ പടവ് കയറിയെന്ന് തോന്നുന്നു. ഒന്നുരണ്ട് സന്ദര്‍ഭങ്ങളില്‍ അദ്ദേഹം കുറ്റവാളികളെ ന്യായീകരിച്ചും സംസാരിക്കുകയുണ്ടായി. നമ്മള്‍ ആത്മപരിശോധന ചെയ്താല്‍ കുറ്റക്കാര്‍ക്ക് നല്ല സ്വഭാവസര്‍ട്ടിഫിക്കറ്റ് നാം പലരും നല്‍കാറുണ്ടെന്ന് കാണാം. നാം മോശക്കാരായിട്ടല്ല, നമ്മുടെ നല്ല മനസ്സുമൂലമാണ് എന്ന് നാം മേനി നടിക്കുകയും ചെയ്യും. ഇങ്ങനെ ഒളിഞ്ഞും മറഞ്ഞും കുറ്റവാളി മുഖം മിനുക്കി നടക്കുന്നു. വല്ലവരും ഇങ്ങനെ അനീതിക്കെതിരെ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവരെ പഴി പറഞ്ഞ് നിസ്തേജരാക്കുന്നത് അടുത്ത ഘട്ടമാണ്. അണ്ണഹസാരെയുടെ അഴിമതിവിരുദ്ധ പരിപാടികള്‍ക്ക് പരിമിതികളുണ്ടെന്ന് വ്യക്തമാണ്. പക്ഷേ, അത് ചൂണ്ടിക്കാണിക്കാതെ ഹസാരെക്ക് വിദേശസഹായം ഉണ്ടെന്നും ഹിന്ദു ഫാസിസ്റ്റാണെന്നും ആളുകള്‍ കൂടുന്നത് വെറും "റിയാലിറ്റി ഷോ" ആണെന്നും മറ്റും പറയുന്നതിന് ആ വാക്കുകളുടെ വില പോലും ജനങ്ങള്‍ കല്‍പ്പിക്കില്ല. ഇടതുപക്ഷം ഇക്കാര്യത്തില്‍ അതിരുവിടാതെ കൈക്കൊണ്ട നിലപാട് അഭിനന്ദനീയമാണ്.

അവസാനത്തെ പടവ് കയറിയാല്‍ പൗരസമൂഹത്തിന്റെ സ്വഭാവത്തകര്‍ച്ച പൂര്‍ത്തിയായെന്ന് പറയാം. ശരാശരിയില്‍ കൂടുതല്‍ ജനങ്ങള്‍ കുറ്റവാളി സംസ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്. മൂന്നാംഘട്ടത്തില്‍ എത്തിക്കഴിഞ്ഞുവെന്നതിന് കേരളത്തില്‍നിന്നുതന്നെ ധാരാളം ഉദാഹരണങ്ങള്‍ കിട്ടും. പല പത്രങ്ങളിലും കുറ്റവാളിയുടെ പക്ഷം പിടിച്ച് റിപ്പോര്‍ട്ടും തയ്യാറാക്കുന്ന പതിവ് വര്‍ധിച്ചുവരുന്നു. ആദിവാസി ഭൂമിയില്‍ കൈയേറ്റം വ്യാപകമായി നടന്നുവരുന്നുണ്ട്. അവരുടെ ഭൂമി കൈയേറാനുള്ളതാണ് എന്ന മട്ടില്‍ മാധ്യമങ്ങള്‍ എഴുതിവിടുന്നില്ലെന്ന് പറയാനാവില്ല. കൈയേറിയ വ്യക്തി സ്വന്തം ആളാണെങ്കില്‍ വര്‍ധിച്ച ചായം തൂവാന്‍ അവര്‍ക്കറിയാം. വൈകിട്ട് പത്രമാപ്പീസുകളുടെ വഴിയിലൂടെ പോകുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ഈ ഇടിക്കലിന്റെയും വളയ്ക്കലിന്റെയും ആണെന്ന് കുറച്ചുമുമ്പ് ഞാന്‍ ഒരു തമാശ പറഞ്ഞിരുന്നു. കരുതിക്കൂട്ടിത്തന്നെ കുറ്റവാളിയെ സാധൂകരിക്കുമാറുള്ള ഒരഭിമുഖം വലിയൊരു പത്രത്തില്‍ ഇതിനിടെ വായിച്ചപ്പോഴാണ് നമ്മുടെ നാട്ടിലും ക്രിമിനല്‍ വമ്പന്മാര്‍ക്കുവേണ്ടി ചില പത്രപ്രവര്‍ത്തകരെങ്കിലും എഴുതാന്‍ മടിക്കുകയില്ലെന്ന് തെളിഞ്ഞത്.

ഇതിനിടെയാണല്ലോ കേരളത്തിലെ മേലെക്കിടയിലുള്ള ഒന്നുരണ്ട് സിനിമാനടന്മാര്‍ (താരങ്ങള്‍ എന്ന് പറയുന്നില്ല, കാരണം സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം ജനങ്ങള്‍ക്ക് താരങ്ങളാണ്) വമ്പിച്ച നികുതിവെട്ടിപ്പ് നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചത്. ഒരോ നടനും 30 കോടിയോളം തട്ടിപ്പ് നടത്തി, വിദേശബാങ്കുകളില്‍ കണക്കില്ലാത്ത പണം നിക്ഷേപിച്ചു. കേരളത്തിലുള്ള ധാരാളം രാജകീയ സൗധങ്ങള്‍ക്കുപുറമെ ഗോവ തുടങ്ങിയ പലേടത്തും ഒരുപാട് സ്വത്തും സമ്പാദിച്ചു. ഈ സംഭവം വേണ്ട പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നതാണ് സത്യം. എന്നിട്ടും ആ പത്രപ്രവര്‍ത്തകന്‍ തന്റെ പേപ്പറില്‍ മടികൂടാതെ എഴുതിയത്, ചിലര്‍ ഇത് "ആഘോഷിച്ചു" എന്നാണ്. എന്നെപ്പോലെ ചിലര്‍മാത്രമേ വല്ലതും എഴുതിയിരുന്നുള്ളൂ. അതിനെ പരിഹസിച്ചിരിക്കയാണ്. വിമര്‍ശിച്ചു എന്നതിന്റെ പര്യായമാണ് "ആഘോഷിച്ചു" എന്നതെങ്കില്‍ സമ്മതിക്കുന്നു. ആഘോഷിച്ചത് പോരെന്ന് സര്‍വര്‍ക്കും തോന്നിയപ്പോള്‍ , ഈ പത്രക്കാരന് വളരെ കൂടിപ്പോയെന്നാണ് തോന്നിയത്! കുറ്റവാളികളെ ന്യായീകരിക്കുകയും എതിരാളികളെ അവഹേളിക്കുകയുംചെയ്യുന്ന അവസ്ഥയെപ്പറ്റി പറഞ്ഞല്ലോ. അതിന് പറ്റിയ തെളിവാണ് ഇത്. നമ്മുടെ മാന്യന്മാരായ പൗരന്മാര്‍ കേരളത്തിനും കലാലോകത്തിനും അപമാനം വരുത്തിവച്ച ഈ "താര" കാപട്യത്തെ എന്തുകൊണ്ട് അപലപിച്ചില്ല? ക്രിമിനല്‍ സ്വഭാവത്തോട് അവര്‍ രാജിയായിക്കഴിഞ്ഞു; കുറ്റവാളികളെ അവര്‍ മാന്യരായി കരുതുന്നു. ആദായനികുതി കൂടുതല്‍ കൊടുക്കാന്‍ ഫ്രാന്‍സിലെ വലിയ കുബേരപ്രഭുക്കള്‍ തീരുമാനിച്ചിരിക്കുന്നു. ആ കാലത്താണ് നമ്മുടെ പത്രക്കാര്‍ക്ക് നികുതിവെട്ടിപ്പുകാരായ ചലച്ചിത്രനടന്മാര്‍ വീരനായകന്മാരായിത്തീരുന്നത്. ഫ്രഞ്ച് ധനികരുടെ ഉദ്ദേശ്യത്തില്‍ ഫ്രഞ്ചുകാര്‍ക്ക് വിശ്വാസം പോരാ. ഇങ്ങനെ മാറിവരുന്ന ഒരു ലോകത്തിന്റെ ഒരു കോണില്‍ ആ നികുതിവിഴുങ്ങികളെ സമാദരിക്കാന്‍ തൂലികകള്‍ പുറത്തെടുക്കുന്നു.

അഴിമതി നടത്തി കുറ്റക്കാരായ പാര്‍ടി അംഗങ്ങളെ മിക്ക രാഷ്ട്രീയകക്ഷികളും കണ്ണടച്ച് തലോടിക്കഴിയുന്നു. ഇവരെ കുറ്റവാളിമുദ്ര ചാര്‍ത്തിവിട്ടാല്‍ കോണ്‍ഗ്രസിനും മറ്റും ധൈര്യം കുറയും. സിപിഐ എം, സിപിഐ തുടങ്ങിയ ഇടതുപക്ഷങ്ങളില്‍മാത്രമേ കുറ്റക്കാരെന്ന് തെളിഞ്ഞവരെ പാര്‍ടിയില്‍നിന്ന് ബഹിഷ്കരിക്കുക തുടങ്ങിയ ശിക്ഷകള്‍ നല്‍കി ധര്‍മം പുലര്‍ത്താറുള്ളൂ. പക്ഷേ, മറ്റ് പത്രങ്ങള്‍ ഇടതിന്റെ നിലപാട് പാര്‍ടിയിലെ അഴിമതി വര്‍ധന, ഗ്രൂപ്പ് വഴക്ക്, കക്ഷിയുടെ ദൗര്‍ബല്യം എന്നിവയാണെന്ന് വരുത്തിക്കൂട്ടി സന്തോഷിക്കുന്നു. ഇടതിനെ ചീത്തയാക്കുക എന്ന "സദുദ്ദേശ്യം" ഇതില്‍ കണ്ടെത്താം. പക്ഷേ പ്രധാനകാര്യം ഈ മാധ്യമങ്ങള്‍ കുറ്റത്തോട് വിട്ടുവീഴ്ച ചെയ്യുന്നവരാണ് എന്നതത്രെ. "നിങ്ങള്‍ ആദ്യം എതിര്‍ക്കുന്നതും പിന്നെ സാധൂകരിക്കുന്നതും ഒടുവില്‍ കൈക്കൊള്ളുന്നതും എന്തോ അതാണ് പാപം"എന്ന് ഒരു ചിന്തകന്‍ പറഞ്ഞു. അദ്ദേഹം യഥാര്‍ഥ ചിന്തകന്‍തന്നെ!

*
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 29 സെപ്തംബര്‍ 2011

കോടതി ഉത്തരവിന്റെ ദുര്‍വ്യാഖ്യാനം

ഐസ്ക്രീം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ ഇടക്കാല ഉത്തരവ് യുഡിഎഫ് സര്‍ക്കാരിന് വലിയ ആശ്വാസമായി എന്ന മട്ടിലാണ് ആ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായത്. ചൊവ്വാഴ്ച നിയമസഭയിലെ ചര്‍ച്ചയ്ക്കിടയില്‍ യുഡിഎഫിലെ ചില അംഗങ്ങളും പുറത്ത് കെപിസിസി വക്താവ് എം എം ഹസ്സന്‍ , ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുടങ്ങിയവരും പറഞ്ഞത് വി എസിന്റെ ഹര്‍ജി തള്ളി, സിബിഐ അന്വേഷണാവശ്യം അന്തിമമായി നിരാകരിച്ചു എന്നുമാണ്. ഹൈക്കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനിച്ച് പ്രതിഭാഗം വക്താക്കള്‍ അങ്ങനെ ആശ്വസിക്കുന്നുവെങ്കില്‍ ഹാ കഷ്ടം! എന്നേ പറയാനുള്ളൂ.

ഹൈക്കോടതിയില്‍ പരാതി നല്‍കിയ ഞാന്‍ നിയമസഭയില്‍ പറഞ്ഞത് കോടതി ഉത്തരവ് പ്രസക്തമാണെന്നാണ്. എന്റെ ആവശ്യം തത്വത്തില്‍ അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. കേരളാ പൊലീസിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തുടരുകയാണെന്നും നിരവധി പേരില്‍നിന്ന് മൊഴിയെടുത്തുവെന്നുമുള്ള പൊലീസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് കണക്കിലെടുത്ത കോടതി പക്ഷേ, ഹര്‍ജി തീര്‍പ്പാക്കിയില്ല. അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി നേരിട്ട് ഏറ്റെടുത്തുവെന്നതിന് വളരെ പ്രാധാന്യമുണ്ട്. മൂന്നു മാസത്തിനിടയില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആ കാലാവധി തീരുന്ന മുറയ്ക്ക് ഡിസംബര്‍ 22ന് എന്റെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാണ്. അതായത്, സിബിഐ അന്വേഷണം ആശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കുന്നു. കേസന്വേഷണം ഊര്‍ജിതവും കാര്യക്ഷമവും കുറ്റമറ്റതുമാക്കുക എന്നതാണ് എന്റെ ഹര്‍ജിയുടെ ലക്ഷ്യം. ആ ആവശ്യം സാധിക്കാന്‍ ഹൈക്കോടതി നിരീക്ഷണത്തോടെയുള്ള അന്വേഷണം പര്യാപ്തമാകും എന്നതാവും ഇടക്കാല ഉത്തരവിനാധാരമായി കോടതി കണ്ടിട്ടുണ്ടാവുക. ആ പ്രതീക്ഷ, ആ വിശ്വാസം യാഥാര്‍ഥ്യമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

കോടതിയിലും നീതിന്യായ സംവിധാനത്തിലും എനിക്ക് വിശ്വാസമുണ്ട്. കേസുമായി നടക്കുന്ന ആള്‍ എന്ന് നിയമസഭയ്ക്കകത്തും പുറത്തും എന്നെ പഴിച്ചും പരിഹസിച്ചും പലരും സംസാരിക്കുന്നു. ഇത് ഇന്നും ഇന്നലെയും കേള്‍ക്കാന്‍ തുടങ്ങിയതല്ല. അതിലൊന്നും എനിക്ക് പരിഭവവും കുലുക്കവുമില്ല. കോടതിയില്‍നിന്ന് എല്ലാ കാര്യത്തിലും അതിവേഗം നീതി കിട്ടുമെന്നോ എല്ലാ സാമൂഹ്യ പ്രശ്നങ്ങളുടെയും പ്രതിവിധി കോടതി വഴി സാധിക്കുമെന്നോ കരുതാനുള്ള മൗഢ്യം എനിക്കില്ല. എന്നാല്‍ , സത്യവും നീതിയും സ്ഥാപിച്ചെടുക്കുന്നതിനും അന്യായങ്ങളും അനീതികളും കുറ്റകൃത്യങ്ങളും തടയുന്നതിനുമുള്ള പോരാട്ടത്തിന്റെ സുപ്രധാനമായ ഒരു മുഖമാണ് കോടതി എന്നതില്‍ സംശയമില്ല. എത്രതന്നെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാലും അന്തിമമായി സത്യം തെളിയുമെന്നതും വൈകിയാലും നീതി നടപ്പാകുമെന്നും ഒട്ടനവധി കേസുകളിലെ സമീപകാലാനുഭവം നമുക്ക് തെളിവ് നല്‍കുന്നു.

ഇടമലയാര്‍ കേസില്‍ അന്തിമവിധി വരികയും നടപ്പാവുകയുംചെയ്തത് രണ്ട് പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനൊടുവിലാണ്. പാമൊലിന്‍ കേസില്‍ നീതി ലഭിക്കുന്നതിനുള്ള പശ്ചാത്തലമൊരുങ്ങുന്നതായി സമീപകാലാനുഭവങ്ങള്‍ സൂചന തരുന്നു. ഐസ്ക്രീം കേസ് തേച്ചുമാച്ചു കളയാന്‍ എത്രതന്നെ കോടികള്‍ ഒഴുക്കി, എത്രമാത്രം മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തി - എന്നിട്ടും ആ കേസ് കൂടുതല്‍ വ്യാപ്തിയിലും ആഴത്തിലും വീണ്ടും പരിഗണനാ വിഷയമായിരിക്കുന്നു. ആര്‍ക്കെങ്കിലുമെതിരെ വെറുതെ കേസ് കൊടുത്ത് കേസ്കെട്ടുമായി നടക്കുന്ന ആളല്ല ഞാന്‍ . പാമൊലിന്‍ കേസിലും ഇടമലയാര്‍ കേസിലും ഐസ്ക്രീം കേസിലും ഞാന്‍ ഇടപെട്ടത് ബഹുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍, പ്രതിപക്ഷനേതാവ് എന്നിങ്ങനെ അതത് അവസരത്തില്‍ എന്നില്‍ നിക്ഷിപ്തമായ ചുമതലയും ആധികാരികതയും വച്ചാണ് ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിയതും താല്‍ക്കാലികമായുണ്ടായ തിരിച്ചടികളില്‍ പതറാതെ, നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശാപവാക്കുകളിലും പരിഹാസങ്ങളിലും ചൂളാതെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നത്; തുടരുന്നത്. ബഹുജന പോരാട്ടത്തിന് പകരമല്ല, അതിന് പൂരകമായാണ് നിയമസമരങ്ങളെ കാണുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐസ്ക്രീം സംഭവത്തില്‍ വീണ്ടും കേസുണ്ടായത് പ്രത്യേക സാഹചര്യത്തിലാണ്. അന്ന് മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഒരു പത്രസമ്മേളനമാണ് പുതിയ കേസിന്റെ തുടക്കം. ഭാര്യ സഹോദരീ ഭര്‍ത്താവായ റൗഫ് തനിക്കെതിരെ ഗൂഢാലോചന നടത്തി, കേസ് കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നുവെന്നും താന്‍ മന്ത്രിയായിരുന്നപ്പോള്‍ അയാള്‍ക്കു വേണ്ടി പല കാര്യങ്ങളും വഴിവിട്ട് ചെയ്തുകൊടുത്തിട്ടുണ്ടെന്നും, ആ വഴിവിടല്‍ പരിധി കടക്കുന്നതിനാല്‍ നിര്‍ത്തിയതിന്റെ വൈരാഗ്യമാണ് റൗഫ് നടത്താന്‍പോകുന്ന വെളിപ്പെടുത്തലുകള്‍ എന്ന മട്ടിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനം. അതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി നടത്തിയ വഴിവിട്ട പ്രവൃത്തികള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് റൗഫ് പത്രസമ്മേളനം നടത്തിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് റജീന എന്ന പെണ്‍കുട്ടി കുഞ്ഞാലിക്കുട്ടിയുടെതന്നെ സഹപ്രവര്‍ത്തകന്‍ മുനീര്‍ നേതൃത്വം നല്‍കുന്ന ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകളും ആ സംഭവവികാസത്തിനൊടുവില്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതും പിന്നീട് ആ കേസുകള്‍ പണമൊഴുക്കിയും ഭീഷണിപ്പെടുത്തിയും ഒതുക്കിയതുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ ഓര്‍മയുള്ളവരാണ് മലയാളികളാകെ. അവര്‍ക്ക് മുന്നിലാണ് കുഞ്ഞാലിക്കുട്ടിയുടെ പരിചയപ്പെടുത്തലോടെ റൗഫ് ഐസ്ക്രീം കേസ് അട്ടിമറിച്ചതിന്റെ അന്തര്‍നാടകങ്ങള്‍ അവതരിപ്പിച്ചത്. ഇരകളെ ഭീഷണിപ്പെടുത്തിയതും പണം കൊടുത്ത് പ്രീണിപ്പിച്ചതും പൊലീസുദ്യോഗസ്ഥര്‍ക്ക് പണം കൊടുത്ത് അന്വേഷണം അട്ടിമറിച്ചതും ഇരകളെയും സാക്ഷികളെയും നാടുകടത്തിയതും ജഡ്ജിക്ക് കോഴകൊടുത്തതും സര്‍ക്കാര്‍ അഭിഭാഷകരെ അതിന് ഇടനിലക്കാരാക്കിയതും അടക്കമുള്ള വസ്തുതകള്‍ അക്കമിട്ട് നിരത്തുകയായിരുന്നു റൗഫ്. ഈ കുറ്റങ്ങളെല്ലാം കുഞ്ഞാലിക്കുട്ടിക്കു വേണ്ടി കുഞ്ഞാലിക്കുട്ടി നല്‍കിയ പണം ഉപയോഗിച്ച് തന്റെ നേതൃത്വത്തിലാണ് നടത്തിയതെന്നും ഒരു കോടതിവിധി പുറത്തുനിന്ന് എഴുതി തയ്യാറാക്കി വായിക്കാന്‍ പാകത്തിലാക്കി ജഡ്ജിക്ക് നല്‍കിയതാണെന്നുമെല്ലാമാണ് റൗഫ് വിശദീകരിച്ചത്. ഇതു സംബന്ധിച്ച് കോഴിക്കോട് പൊലീസ് നേരിട്ട് കേസെടുക്കുകയായിരുന്നു.

റൗഫിന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ഇപ്പോഴത്തെ മന്ത്രി എം കെ മുനീറിന്റെ ചാനലിലൂടെ ഇരകളുടെയും പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ പുറത്തുവന്നു. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തിന് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തി. മുനീര്‍ ചെയര്‍മാനായ ചാനല്‍ ശേഖരിച്ച ദൃശ്യവും ശബ്ദവുമുള്ള മൊഴികളടങ്ങിയ സിഡികള്‍ അന്വേഷണത്തിനായി മുഖ്യമന്ത്രി എന്ന നിലയില്‍ എനിക്ക് നല്‍കുകയും ഞാനത് അന്വേഷണ സംഘത്തിന് കൈമാറുകയുംചെയ്തു. കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. യുഡിഎഫ് അധികാരത്തില്‍ വരികയും രണ്ടാം നമ്പര്‍ മന്ത്രിയായി കുഞ്ഞാലിക്കുട്ടി സര്‍വാധികാരിയാവുകയുംചെയ്തു. ലീഗ് അഥവാ അതിന്റെ നേതാവായ കുഞ്ഞാലിക്കുട്ടിയുടെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മുഖ്യകക്ഷിയായ കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഐസ്ക്രീം കേസന്വേഷണം അട്ടിമറിക്കാനായി പ്രത്യേക പൊലീസ് സംഘത്തെ ശിഥിലമാക്കുകയും അന്വേഷണം വഴിതിരിച്ചുവിടുകയും ചെയ്യുന്നതിനായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍ . അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ മാഫിയാ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കേരളീയര്‍ക്കും അറിയാവുന്നതാണ്.

പെണ്‍വാണിഭം നടത്തിയെന്നും പെണ്‍കുട്ടികളെ മനുഷ്യരായല്ല, കേവലം ഇരകളും വിലയ്ക്ക് വാങ്ങാവുന്ന ചരക്കുമായാണ് മേല്‍പ്പറഞ്ഞ മന്ത്രിയും കൂട്ടരും കണ്ടതെന്നും അതു സംബന്ധിച്ച കേസിലെ ആരോപണങ്ങളെല്ലാം വസ്തുതകളാണെന്നും വിശ്വസിക്കാത്ത ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ , അധികാരവും നേതൃത്വവും പണക്കൊഴുപ്പുമുള്ളതിനാല്‍ ആ കൊടുംകുറ്റകൃത്യത്തെ കണ്ടില്ലെന്നു നടിക്കുകയും നിര്‍ലജ്ജം ന്യായീകരിക്കുകയും ചെയ്യുന്നവരുണ്ട്. നിക്ഷിപ്ത താല്‍പ്പര്യക്കാരായ അവര്‍ ആത്മനിന്ദയോടെയാവും ഇങ്ങനെ ന്യായീകരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസന്വേഷണവുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കഴിഞ്ഞ ദിവസം പുറത്തുവന്നു. അക്കാര്യം ഹൈക്കോടതി പരിഗണിച്ചുവോ എന്ന് വ്യക്തമല്ല. ഐസ്ക്രീം കേസിലെ ഇരകളായ റോസ്‌ലിന്‍ , ബിന്ദു എന്നിവര്‍ മുഖ്യമന്ത്രിക്കും കോടതിക്കും പ്രതിപക്ഷനേതാവായ എനിക്കും അയച്ച കത്താണത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായ ഷെരീഫ് തങ്ങളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചുവെന്നും അന്വേഷണോദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ നേരത്തെതന്നെ പറഞ്ഞുകൊടുത്ത് കള്ള ഉത്തരങ്ങള്‍ പഠിപ്പിച്ചുവെന്നുമാണത്. ഭൗതികമായ തെളിവുകളോടെയാണവരുടെ വെളിപ്പെടുത്തല്‍ .

റൗഫ് ഉള്‍പ്പെടെയുള്ളവര്‍ സെക്ഷന്‍ 164 പ്രകാരം കോടതിയില്‍ മൊഴി നല്‍കിയശേഷവും സാക്ഷികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാന്‍ മന്ത്രിയും കൂട്ടരും നേതൃത്വം നല്‍കിയെന്നാണ് ഈ കത്തില്‍നിന്ന് വ്യക്തമാവുന്നത്. ഐസ്ക്രീം കേസിലെ വ്യഭിചാരം, ബലാല്‍ക്കാരം, പെണ്‍വാണിഭം, അഴിമതിപ്പണ വിനിയോഗം, നീതിന്യായ സംവിധാനത്തെ തൃണവല്‍ഗണിച്ച് കേസ് അട്ടിമറിക്കല്‍ എന്നിവ നൂറു ശതമാനം സത്യമായി ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടും പൊലീസ് കേസും വിധികളും എന്തായാലും ഈ സത്യങ്ങള്‍ സത്യമായിത്തന്നെ ശാശ്വതമായി നില്‍ക്കുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഇതൊരു കേവല വ്യഭിചാര സംഭവമല്ല - അതുമാത്രമാണെങ്കില്‍ ആ അവജ്ഞയോടെ ഇതിന് വിരാമമിടാം. അതിനപ്പുറം ബഹുവിധ മാനമുള്ള ഒരു ഭീകര കുറ്റ ശൃംഖലയാണിതെന്നതാണ് പ്രതിബന്ധങ്ങളെയെല്ലാം അവഗണിച്ച് ഈ കേസ് മുന്നോട്ടുപോകുന്നതിന്റെ പ്രസക്തി. വ്യഭിചാരത്തിന്റെയോ ബലാല്‍ക്കാരത്തിന്റെയോ മാത്രം പ്രശ്നമല്ല ഇത്. സ്ത്രീകളുടെയും നമ്മുടെ നാടിന്റെയാകെയും മാനത്തിന്റെ പ്രശ്നമാണ്. സ്ത്രീകള്‍ കാമപൂരണത്തിന് പണം കൊടുത്ത് വാങ്ങാവുന്ന ഉപകരണം മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ച അധമമായ ധാര്‍ഷ്ട്യത്തിന്റെ പ്രശ്നമാണ്. പണത്തിനു മേലെ പരുന്തും പറക്കില്ലെന്ന് അഴിമതിപ്പണംകൊണ്ട് സ്ഥാപിക്കാന്‍ ശ്രമിച്ച ഔദ്ധത്യത്തിന്റെ പ്രശ്നമാണ്. ഇത് പുറത്തു കൊണ്ടുവരേണ്ടത് നീതിയും ന്യായവും സത്യവും മാനവും സ്വാതന്ത്ര്യവും പുലരേണ്ടതിന് അനിവാര്യമാണ്.

*****


വി എസ് അച്യുതാനന്ദന്‍

Wednesday, September 28, 2011

നിലവിളി ഒടുങ്ങാതെ ഗോപാല്‍ഗഢ്

ഭരത്പുര്‍ : ചോര തളംകെട്ടിയ നിസ്കാരപ്പായകള്‍ , ചോരക്കറ പുരണ്ട ഖുറാന്‍ , ചിന്നിച്ചിതറിയ വസ്ത്രങ്ങളും പാദരക്ഷകളും... ഗോപാല്‍ഗഢ് ഇപ്പോഴും സാധാരണനിലയിലായിട്ടില്ല. വര്‍ഗീയ ആക്രമണത്തിനുശേഷം 13 ദിവസം പിന്നിട്ടെങ്കിലും രാജസ്ഥാനിലെ ഗോപാല്‍ഗഢ് ഗ്രാമത്തില്‍ നിലവിളികള്‍ ഇപ്പോഴും കേള്‍ക്കാം. മിയോ മുസ്ലിങ്ങള്‍ സമാധാനപൂര്‍വം പ്രാര്‍ഥന നടത്തിയിരുന്ന ഗോപാല്‍ഗഢ് പള്ളി ഇപ്പോള്‍ പൂട്ടി പൊലീസ് കാവലിലാണ്. മനുഷ്യശരീരത്തില്‍ കൊള്ളാത്ത വെടിയുണ്ടകള്‍ പള്ളിയുടെ ഭിത്തിയില്‍ 46 ഇടത്ത് തറച്ചിട്ടുണ്ട്. സെപ്തംബര്‍ 14ന് പകല്‍ നാലിന് അസര്‍ നിസ്കാരം നടക്കേണ്ട സമയത്ത് ഈ പള്ളിയിലുണ്ടായത് കൂട്ടമരണമാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പൊലീസും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലും വെടിവയ്പിലും പത്തുപേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഒട്ടേറെപ്പേരെ കണ്ടെത്താനായിട്ടില്ല. ഗുജ്ജര്‍ സമുദായക്കാരെ മുന്നില്‍ നിര്‍ത്തി ആര്‍എസ്എസ് നടപ്പാക്കിയ ആക്രമണപദ്ധതിയായിരുന്നു ഭരത്പുരിലേതെന്ന് ഈ പള്ളിയും ദരിദ്രമുസ്ലിങ്ങളുടെ ഗ്രാമവും ബോധ്യപ്പെടുത്തുന്നു. അയോധ്യയിലും ഗുജറാത്തിലും കണ്ട അതേ ആക്രമണോത്സുകത ഇവിടെയും കാണാം.

എല്ലാ സമുദായക്കാരും സമാധാനപൂര്‍വം കഴിഞ്ഞുപോന്ന ഈ കര്‍ഷകഗ്രാമത്തില്‍ സംഘര്‍ഷം ഒഴിഞ്ഞിട്ടില്ല. അക്രമം പേടിച്ച് മിയോ മുസ്ലിങ്ങള്‍ പലയിടത്തും കൂട്ടത്തോടെയാണ് കഴിയുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഗുജ്ജറുകള്‍ അവരുടെ ക്ഷേത്രത്തില്‍ തമ്പടിച്ചിരിക്കുന്നു. നാലു കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് വലയമാണ്. വെടിവയ്പുണ്ടായ പള്ളിക്കുപുറത്ത് റോഡിലാണ് ഒരു പൊലീസ് ക്യാമ്പെങ്കില്‍ ഗുജ്ജറുകളുടെ ക്ഷേത്രത്തിനുള്ളില്‍ അവര്‍ നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് മറ്റൊരു പൊലീസ് ക്യാമ്പ്. ഗോപാല്‍ഗഢ് ക്ഷേത്രത്തിനുസമീപം സ്ഥിരമായി പൊലീസ് പ്ലാറ്റൂണ്‍ സ്ഥാപിക്കണമെന്നാണ് ഗുജ്ജറുകളുടെ ആവശ്യം. ഗുജ്ജറുകളുടെ എല്ലാ ആവശ്യവും നടത്തിക്കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. സ്വസംരക്ഷണത്തിനായാണ് ഗുജ്ജറുകള്‍ പൊലീസ് പ്ലാറ്റൂണ്‍ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും കൂടുതല്‍ ആക്രമണമാകും ഉണ്ടാകാന്‍ പോകുകയെന്ന് പ്രദേശത്തെ നിഷ്പക്ഷമതികള്‍ പറയുന്നു.

വെടിവയ്പില്‍ മരിച്ചത് മുഴുവന്‍ മുസ്ലിങ്ങളാണ്. പരിക്കേറ്റവരില്‍ ഭൂരിപക്ഷവും ഇവര്‍തന്നെ. പൊലീസില്‍ ഭൂരിപക്ഷവും ഗുജ്ജറുകളാണ്. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഒരു സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണപദ്ധതിയെന്ന് പൊതുവെ ബോധ്യപ്പെടുകയും അയല്‍സംസ്ഥാനങ്ങളായ യുപി, ഹരിയാന എന്നിവിടങ്ങളില്‍നിന്ന് പ്രതിഷേധമുയരുകയും ചെയ്തപ്പോള്‍, സര്‍ക്കാര്‍ സിബിഐ, ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗോപാല്‍ഗഢ് പള്ളിയുടെ കബറിടത്തോട് ചേര്‍ന്നുള്ള സ്ഥലംസംബന്ധിച്ച് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് സംഘപരിവാര്‍ ഗൂഢപദ്ധതിയുടെ ഭാഗമായി ഏറ്റുമുട്ടലിലേക്കും വെടിവയ്പിലേക്കും എത്തിച്ചത്. സ്ഥലം കബറിസ്ഥാന്റെ ഭാഗമാണെന്ന് കോടതി വിധിച്ചെങ്കിലും ആര്‍എസ്എസ് അംഗീകരിച്ചില്ല. മണ്ണെടുത്ത കുഴിയായ ഈ സ്ഥലത്തെ ഇവര്‍ വിശേഷിപ്പിക്കുന്നത് പൊതുകുളം എന്നാണ്. പൊതുകുളം സംരക്ഷിക്കുകയായിരുന്നില്ല ആര്‍എസ്എസ് ലക്ഷ്യമെന്ന് സെപ്തംബര്‍ 14ന് തെളിയുകയും ചെയ്തു.

വെടിയേറ്റവരെ വെട്ടി കത്തിച്ച് കിണറ്റിലിട്ടു

ഗുജറാത്ത് ആവര്‍ത്തിക്കുകയായിരുന്നു ഗോപാല്‍ഗഢിലും. പ്രദേശത്തുനിന്ന് ന്യൂനപക്ഷത്തെ ഇല്ലാതാക്കുകയെന്നതായിരുന്നു പൊലീസും സംഘപരിവാറും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം. വെടിവയ്പില്‍ കൊല്ലപ്പെട്ടവരെ വെട്ടിയ ശേഷം കത്തിച്ച് പള്ളിയുടെതന്നെ കിണറ്റിലിട്ടു. മൂന്ന് മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്സ് കിണറ്റില്‍നിന്നാണ് എടുത്തത്. ആക്രമണത്തിന് ദിവസങ്ങള്‍ മുമ്പ് 74 കിലോമീറ്റര്‍ അകലെയുള്ള ഭരത്പുരില്‍നിന്ന് ആര്‍എസ്എസ് സംഘം ആയുധങ്ങളുമായി ഗോപാല്‍ഗഢില്‍ എത്തിയിരുന്നു. സംഘപരിവാരിനൊപ്പം നില്‍ക്കാന്‍ കൂട്ടാക്കാത്ത ചില ഗുജ്ജറുകള്‍ പൊലീസിനോട് ഇക്കാര്യം പറഞ്ഞതുമാണ്. പൊലീസ് അത് വകവച്ചില്ല. പൊലീസുകാരും ഈ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു. പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ മിയോ മുസ്ലിംങ്ങള്‍ അക്രമത്തിന് പദ്ധതിയിട്ടതായി പ്രചാരണം ആര്‍എസ്എസും പൊലീസുംതുടങ്ങി. ലാത്തിച്ചാര്‍ജോ, കണ്ണീര്‍വാതക പ്രയോഗമോ നടത്താതെ പൊലീസ് ആദ്യം വെടിവച്ചു. ഈ തക്കത്തില്‍ പള്ളിയില്‍കയറിയ ആര്‍എസ്എസ് സംഘം അനവധിപേരെ വെട്ടി. 10 പേരാണ് പൊലീസ്- ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. എന്നിട്ടും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനോ ഒരു കുലുക്കവുമുണ്ടായിട്ടില്ല.

ഗോപാല്‍ഗഢില്‍ സംഘപരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ അധികവും അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ്..മുഹമ്മദ്ദായുടെ ഒമ്പതുമക്കളില്‍ ഇളയവനാണ് വെടിയേറ്റു മരിച്ച ഇരുപത്തിരണ്ടുകാരന്‍ മുബാറക്. മുബാറക്കായിരുന്നു കുടുംബത്തിന്റെ ആശ്രയം. ബാപ്പയും മകനും ചേര്‍ന്ന് ഗോപാല്‍ഗഢ് ചന്തയില്‍ തട്ടിക്കൂട്ടിയ പഴയഇരുമ്പ് വില്‍ക്കുന്ന കട നടത്തുന്നു. ഞങ്ങള്‍ ഇവിടെ എല്ലാവരുമായും സഹകരിച്ചു കഴിയുന്നവരാണ്. പഞ്ചാബികളും ഗുജ്ജറുകളും സഹകരിച്ചാണ് കഴിഞ്ഞിരുന്നത്. അടുത്ത കാലത്താണ് ചില ഗുജ്ജറുകള്‍ക്കിടയില്‍ തങ്ങളോട് വിരോധം തുടങ്ങിയത്. ആരാണ് അത് കുത്തിപ്പൊക്കിയതെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, വെടിവയ്പിനു ശേഷവും ഈ ഗ്രാമത്തില്‍ ഞങ്ങള്‍ പരസ്പരം സഹകരിക്കാനാണ് ശ്രമിക്കുന്നത്- മുഹമ്മദ്ദാ പറഞ്ഞു.

"എന്നെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഉടന്‍ പള്ളിയിലെത്തിക്കോ, നെഞ്ചില്‍ വെടിയേറ്റു- ഗോപാല്‍ഗഢ് വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലാഡംകാം ഗ്രാമത്തിലെ സഹീര്‍ഹുസൈന്‍ (32) മരിക്കുന്നതിന് തൊട്ടുമുമ്പാണ് സഹോദരി ജാഹുലിനെ മൊബൈലില്‍ വിളിച്ച് ഇത് പറഞ്ഞത്. വെടിയേറ്റെന്ന് പറഞ്ഞ് അടുത്ത വാക്കു സംസാരിക്കുന്നതിനുമുമ്പേ അവന്റെ തലയില്‍ വെട്ടേറ്റിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതായി സഹീറിന്റെ അമ്മാവന്‍ ശെഹരിഖാന്‍ പറഞ്ഞു. ഗോപാല്‍ഗഢ് മാര്‍ക്കറ്റില്‍ ഇരുചക്രവാഹന മെക്കാനിക്കായിരുന്നു കൊല്ലപ്പെട്ട സഹീര്‍ . അബ്ദുള്‍റഹ്മാന്‍ ആസീഹി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായിരുന്ന സഹീറായിരുന്നു കുടുംബത്തിന്റെ ആശ്രയം. നാല് സഹോദരിമാരാണ്. മൂന്ന് ഇളയ സഹോദരങ്ങള്‍ മദ്രസയില്‍ പോകുന്നു. രോഗിയായ അബ്ദുള്‍റഹ്മാന്‍ ജോലിക്കു പോകാറില്ല. സഹീറിന് ഭാര്യയും നാലു മക്കളുമുണ്ട്. ഭാര്യ കുറ്സിദനോട് സംസാരിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പുറത്തിറങ്ങിയില്ല. ഭര്‍ത്താവ് മരിച്ചതിനാല്‍ നാലുമാസം മുറിയില്‍ തന്നെയായിരിക്കും. സഹീറിന് വക് ഷോപില്‍നിന്ന് കിട്ടുന്ന തുകകൊണ്ടാണ് ഇവര്‍ മുഴുവന്‍ കഴിഞ്ഞിരുന്നത്.

ലക്ഷ്യം സാമ്പത്തികമായും മാനസികമായും തകര്‍ക്കല്‍

ഗോപാല്‍ഗഢില്‍ പൊലീസ് സഹായത്തോടെ ആര്‍എസ്എസ് തകര്‍ത്തത് ദാരിദ്ര്യത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഒരു ചെറുസമൂഹത്തെ. കൊള്ളയും കൊലയും നടത്തി ന്യൂനപക്ഷത്തെ മാനസികമായും സാമ്പത്തികമായും തകര്‍ക്കുകയായിരുന്നു ലക്ഷ്യം. പള്ളിയില്‍ വെടിവയ്പും അക്രമവും നടത്തിയ അതേസമയം മിയോമുസ്ലിങ്ങളുടെ കടകള്‍ കത്തിക്കുകയും അടിച്ചുതകര്‍ക്കുകയുംചെയ്തു. ഖബറിസ്ഥാന്റെ സ്ഥലം നിലനിര്‍ത്താന്‍ കേസുകൊടുത്തവരുടെ വീടുകള്‍ തെരഞ്ഞെടുത്ത് ആക്രമിച്ചു. വിലപിടിപ്പുള്ള മുഴുവന്‍ വസ്തുക്കളും നശിപ്പിച്ചു. ഗോപാല്‍ഗഢ് മാര്‍ക്കറ്റില്‍ മുസ്ലിംപേരുള്ള മുഴുവന്‍ കടകളും കത്തിക്കുകയോ തകര്‍ക്കുകയോ ചെയ്തു. മാര്‍ക്കറ്റില്‍ കടകളൊന്നും ഇപ്പോഴും തുറന്നിട്ടില്ല. തകര്‍ക്കപ്പെട്ട വീടുകളില്‍ താമസക്കാര്‍ തിരിച്ചെത്തിയിട്ടില്ല. അഷറഫ് മൊബൈല്‍സ് എന്ന കടയില്‍ സ്റ്റോക്കുണ്ടായിരുന്ന മുഴുവന്‍ ഫോണുകളും അക്രമികള്‍ നശിപ്പിച്ചു.

ഖബറിസ്ഥാന്‍ കേസില്‍ കക്ഷിയും നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറുമാണ് കുര്‍സിര്‍ . മിയോമുസ്ലിങ്ങള്‍ക്കിടയിലുള്ള ഏക ഡോക്ടര്‍ . ദരിദ്രരായ മുസ്ലിങ്ങള്‍ താമസിക്കുന്നിടത്തു നിന്ന് മാറി ഒരു കിലോമീറ്റര്‍ അകലെ മാര്‍ക്കറ്റിനടുത്താണ് വീട്. ലാഡാംക് ഗ്രാമം കൂടാതെ ഈ മേഖലയിലും മിയോകള്‍ താമസിക്കുന്നുണ്ട്. അക്രമം തുടങ്ങിയതോടെ നാട്ടുകാര്‍ കുര്‍സിനെ വീട്ടില്‍നിന്ന് മാറ്റി. വീടാക്രമിച്ച ആര്‍എസ്എസ്- ഗുജ്ജര്‍ സംഘം ഡോക്ടറുടെ വീട്ടിലെ വാഹനങ്ങളടക്കം വിലപിടിപ്പുള്ള സകലതും അടിച്ചു തകര്‍ത്തു.

മിയോകള്‍ എന്നറിയപ്പെടുന്ന പര്‍വതവാസികളായ മനുഷ്യരുടെ പിന്‍മുറക്കാരാണ് ഗോപാല്‍ഗഢിലെ മുസ്ലിങ്ങള്‍ . ഗുജറാത്ത് മുതല്‍ ന്യൂഡല്‍ഹിവരെ നീണ്ടുകിടക്കുന്ന ആരവല്ലി മലനിരകളില്‍ ജീവിച്ചവരായിരുന്നു ഇവരുടെ പൂര്‍വികര്‍ . പുറംനാടുകളില്‍ പണിയെടുത്തും മറ്റും കരകയറാന്‍ കുറച്ചുപേര്‍ നടത്തുന്ന ശ്രമങ്ങളെ തകര്‍ക്കലും വര്‍ഗീയ ആക്രമണത്തിനു പിന്നിലുണ്ട്.
പുറമെനിന്ന് സാധാരണ ഹൗസിങ് കോളനിപോലെ തോന്നുന്ന ഗുജ്ജറുകളുടെ വാസകേന്ദ്രത്തിന് നടുവിലുള്ള റോഡിന് ഇരുവശവും സജീവമായ മാര്‍ക്കറ്റാണ്. ധനികരായ നിരവധി ഗുജ്ജറുകളുടെ ഭീമന്‍ വീടുകളും ഇവിടെയുണ്ട്. വിദ്യാഭ്യാസം നേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നവരാണ് പുതിയ തലമുറ. കോളനിക്ക് കാവലായി ഗുജ്ജര്‍ സേനയുണ്ട്. കോളനിയിലേക്ക് വരുന്ന അപരിചതരെ പരിശോധിക്കുന്ന ഇവര്‍ക്ക് ആയുധശേഖരവുമുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന്റെ തലപ്പത്തുള്ളത്. ബാജ്റ, കരിമ്പ്, കടുക് തുടങ്ങിയവയുടെ കനത്ത വിളവിന്റെ കേന്ദ്രമാണ് ഈ പ്രദേശത്തെ പാടങ്ങള്‍ . സിക്കര്‍ എംപിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ബലറാംജാക്കറുടെ പക്കലാണ് നല്ലൊരു ശതമാനം ഭൂമി. ബാക്കിയുള്ളത്ഗുജ്ജറുകളുടെ കൈയിലാണ്. ഗുജ്ജറുകളുടെ കോളനിയിലെ ചില മോഷണങ്ങളും സ്ത്രീകളെ ശല്യം ചെയ്തതുമായി കേസുകള്‍ മിയോകോളനിയിലുള്ളവര്‍ക്കെതിരെയുണ്ട്. എങ്കിലും സാമുദായികമായി സഹകരിച്ചു ജീവിക്കുന്നവരായിരുന്നു അടുത്തകാലംവരെ ഇരുകൂട്ടരും. ഇക്കാര്യം ഇരു സമുദായങ്ങളുടെയും നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. പൊലീസും ജില്ലാഭഭരണാധികാരികളും ആര്‍എസ്എസിന്റെ ഗൂഢശ്രമങ്ങള്‍ക്ക് കൂട്ടുനിന്നാണ് സമാധാനപരമായ ഗോപാല്‍ഗഢിനെ സംഘര്‍ഷഭരിതമാക്കിയത്.


*****


ദിനേശ് വർമ്മ, കടപ്പാട് :ദേശാഭിമാനി

Tuesday, September 27, 2011

അഗ്നിച്ചുവടുകള്‍

നൃത്തമെന്നത് എനിക്കൊരു ഊര്‍ജമാണ്. നൃത്തത്തിലൂടെ അതിജീവനത്തിനുള്ള ജീവിക്കാനുള്ള, പോരാടാനുള്ള കരുത്താണ് ഞാന്‍ ആര്‍ജിക്കുന്നത്. വെറുമൊരു കലാരൂപമായല്ല ഞാന്‍ നൃത്തത്തെ കാണുന്നത്. വംശഹത്യയുടെ നാളുകളില്‍ ദര്‍പ്പണയിലൂടെ നൃത്തവും നാടകവുമായാണ് ഞങ്ങള്‍ പ്രതികരിച്ചത്. ഇന്നും ഗുജറാത്തിന്റെ ചോരപ്പാട് മാഞ്ഞിട്ടില്ല, കണ്ണീരുണങ്ങിയിട്ടില്ല. ഗാന്ധിജിയുടെ നാടായാണ് ഗുജറാത്ത് അറിയപ്പെട്ടത്. പിന്നീടത് സര്‍ദാര്‍പട്ടേലിന്റെ പേരിലായി. ഇന്ന് മോഡിക്ക് ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ , ഗുജറാത്ത് ഇവരുടേതല്ല, അവിടത്തെ സാധാരണക്കാരുടേതാണ്. അതുകൊണ്ടാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സദ്ഭാവന ഉപവാസം നടത്തിയപ്പോള്‍ വംശഹത്യയിലെ ഇരകള്‍ക്ക് ആഹാരംകൊടുത്ത് പ്രതിഷേധിക്കാന്‍ ഞാന്‍ തയ്യാറായത്- മല്ലിക സാരാഭായിയുടെ വാക്കുകളില്‍ കെടാത്ത ചൂടും വെളിച്ചവും.

“മോഡിയുടെ ഉപവാസം മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. മാധ്യമങ്ങളില്‍ നിറയുന്നതല്ല ഗുജറാത്തിന്റെ ചിത്രം, അത് നിറംപിടിപ്പിച്ചതും കെട്ടിച്ചമച്ചതുമാണ്. ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ നരേന്ദ്രമോഡി ഇപ്പോള്‍ വികസനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍പദവി അണിയുകയാണ്. മാധ്യമങ്ങളെ വിലക്കെടുത്ത് പരസ്യം നല്‍കി പ്രീണിപ്പിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. മാനുഷികനീതി ലഭിക്കാത്ത ആയിരക്കണക്കിന് പാവങ്ങള്‍ ജീവിക്കുന്ന, ദാരിദ്ര്യവും അസമത്വവും അനുഭവിക്കുന്ന മുക്കുവരും കൃഷിക്കാരുമുള്ള ജനതയുടെ ജീവിതം കണ്ടാലറിയാം അനീതിയും അതിക്രമവും നിറഞ്ഞ ഗുജറാത്തിന്റെ യഥാര്‍ഥചിത്രമെന്തെന്ന്. ഗുജറാത്ത് തിളങ്ങുകയല്ല, തളരുകയാണ്. മോഡിയും മാധ്യമങ്ങളും പറയുന്ന മോടി അഹമ്മദാബാദിനും പോര്‍ബന്തറിനും ഗാന്ധിനഗറിനുംപോലുമില്ല. ഗ്രാമങ്ങളിലെ ജീവിതം ദയനീയമാണ്. നിങ്ങള്‍ ഗുജറാത്തില്‍ വരൂ, എന്നിട്ട് പറയൂ ഗുജറാത്ത് വികസിച്ചോയെന്ന്.”

ഹൈന്ദവഫാസിസത്തിന്റെ ഇന്ത്യയിലെ പ്രതിപുരുഷനായ, അഭിനവ ഹിറ്റ്ലര്‍ നരേന്ദ്രമോഡിക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരനായികയ്ക്ക് ഗുജറാത്തിന്റെ ഭാവിയില്‍ , പോരാട്ടത്തിനെപ്പറ്റി ആശങ്കയേയില്ല. അധികാരവും പണവും മര്‍ദനസംവിധാനങ്ങളും പ്രലോഭനവും എല്ലാംവഴി മോഡിയും പരിവാരങ്ങളും വിവിധരൂപത്തില്‍ സ്വാധീനിക്കാനും തകര്‍ക്കാനും ശ്രമിക്കുമ്പോഴും മല്ലികയ്ക്ക് പതര്‍ച്ചയില്ല, തന്റെ മനോവീര്യവും രാഷ്ട്രീയനിലപാടും സ്ഥൈര്യവും ഉയര്‍ത്തി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് നീങ്ങുകയാണിവര്‍ . ലാസ്യത്തിന്റെ, സൗന്ദര്യാസ്വാദനത്തിന്റെ അരങ്ങിനപ്പുറം നര്‍ത്തനവേദികളെ വേറിട്ടൊരു സൗന്ദര്യശാസ്ത്രത്തിന്റെ, സാമൂഹ്യപ്രയോഗത്തിന്റെ ഉജ്വലാവതരണമാക്കാനുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ട ദര്‍പ്പണ അക്കാദമിയുടെ സംഘാടക, അഭിനേതാവ്, നാടകകാരി, ഡോക്യുമെന്ററി നിര്‍മാതാവ്- അതൊക്കെയാണ് മല്ലിക. ടി വി ചന്ദ്രന്റെ ഡാനിയില്‍ അഭിനയിച്ച് സിനിമാപ്രേമികളും തിരിച്ചറിഞ്ഞിട്ടുണ്ട് മല്ലികയെ. നടനത്തിന്റെ, പ്രശസ്തിയുടെ വര്‍ണാഭയിലും ഖാദി, കൈത്തറിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് തന്റെ ജീവിതദര്‍ശനവും ലാളിത്യവും പ്രകടമാക്കുന്നു ഇവര്‍ .

സമൂഹതിന്മകള്‍ക്ക് എതിരായ കരുത്തുറ്റ തീക്കാറ്റായി ദൃശ്യസാക്ഷാല്‍ക്കാരത്തെ മാറ്റിയ നടനലോകത്തിന്റെ നിറവും തീര്‍പ്പുമായ മഹാകലാകാരി മൃണാളിനി സാരാഭായിയുടെ മകളാണ് മല്ലിക. പ്രശസ്തയായ അമ്മയുടെ പ്രശസ്തയായ മകള്‍ , കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായി അച്ഛന്‍ . പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും അനുഗ്രഹാശിസ്സുകളോടെ അഹമ്മദാബാദില്‍ 1949ല്‍ ആരംഭിച്ച ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ഇന്ന് മൃണാളിനി-മല്ലിക ദ്വയങ്ങളിലൂടെ ആഗോളപ്രശസ്തിയിലാണ്. ആധുനിക നാടകവേദിയിലെ വന്‍പരീക്ഷണമായ പീറ്റര്‍ ബ്രൂക്കിന്റെ "മഹാഭാരതം" നാടകത്തില്‍ ദ്രൗപദിയായി അഭിനയിച്ച് മല്ലിക അന്തര്‍ദേശീയ പ്രശസ്തയായി. അത് 1985ല്‍ . രണ്ടായിരത്തിലെ ആദ്യ ആണ്ടുകളില്‍ "സീതാസ് ഡോട്ടേഴ്സ്" അവതരിപ്പിച്ചപ്പോള്‍ പുണെയില്‍ ഹിന്ദുവര്‍ഗീയവാദികളുടെ ആക്രമണത്തിനിരയായി. അഗ്നിക്ക് ചുറ്റുമുള്ള പ്രാകൃത ചുവടുവയ്പുകള്‍മുതല്‍ ഉള്ളിലെ ചോദനയുടെ മികവുറ്റ രൂപങ്ങള്‍വരെ, മനുഷ്യന്റെ മൗലികവും സ്വാഭാവികവുമായ പ്രകാശനമാര്‍ഗമാണ് നൃത്തമെന്ന് എന്റെ അമ്മ മൃണാളിനി എന്നെ പഠിപ്പിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി അമ്മയുടെ മൂത്ത ചേച്ചിയാണ്. "സൃഷ്ടിപരമായ രചനകള്‍ക്ക് അണ്ണാറക്കണ്ണന്മാരെയും പക്ഷികളെയും നിരീക്ഷിക്കുന്നത് നല്ലതാണ്" എന്ന് എന്റെ അച്ഛന്‍ വിക്രം സാരാഭായി പറഞ്ഞിട്ടുണ്ട്. ഈ നിരീക്ഷണത്തിന്റെ മറ്റൊരു രൂപമാണ് സമൂഹത്തിലെ നന്മയെയും തിന്മയെയും തിരിച്ചറിയാന്‍ ഒരു കലാകാരി എന്ന നിലയില്‍ തന്നെ പ്രാപ്തയാക്കിയതെന്ന് മല്ലിക കരുതുന്നു.

വിഖ്യാതരായ മലയാളികള്‍ക്ക് ജന്മംനല്‍കിയ ആനക്കരതറവാടിലെ പ്രതിഭയായ പിന്മുറക്കാരി, രാഷ്ട്രീയം, സംസ്കാരം, മനുഷ്യാവകാശം എന്നിങ്ങനെ വിവിധരംഗങ്ങളില്‍ അറിയപ്പെടുന്ന മല്ലികയുടെ പ്രതികരണവും ഇടപെടലും രാഷ്ട്രീയപ്രതിബദ്ധതയും രാജ്യമാകെ അറിഞ്ഞത് ഗുജറാത്തിലെ വംശഹത്യയുടെ നാളുകളിലാണ്. ന്യൂനപക്ഷത്തെ കൂട്ടക്കുരുതിക്കിരയാക്കിയ മോഡിയുടെ 2002ലെ ഭീകരവാഴ്ചയില്‍ എല്ലാവരും വിറങ്ങലിച്ചും വണങ്ങിയും നിന്നപ്പോള്‍ പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തിയത് മല്ലികയുടെ നേതൃത്വത്തിലാണ്. ഇന്നും വംശഹത്യയുടെ നോവും കണ്ണീരും പേറുന്ന ഇരകളായ ആയിരങ്ങള്‍ക്കൊപ്പമാണ് മല്ലിക. നരോദപാട്യയില്‍ മോഡിയുടെ "മതേതരത്വ ഉപവാസ"ത്തെ തുറന്നുകാട്ടി ഇരകളുടെ ബദല്‍പ്രതികരണം സംഘടിപ്പിച്ച് അറസ്റ്റ്വരിച്ചാണ് മല്ലിക കേരളത്തിലെത്തിയത്. വ്യത്യസ്തമായൊരു ദൗത്യവുമായി. വീട്ടകത്തിലും പുറത്തും മലയാളിപെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേദനകള്‍ , അതിക്രമങ്ങള്‍ , പീഡനങ്ങള്‍ ഇവ അറിയാന്‍ , അതിനെതിരെ പ്രതികരിക്കാന്‍ അവര്‍ക്ക് കരുത്തേകാനുള്ള പ്രവര്‍ത്തനവുമായി. കേരളത്തിന്റെ പുരോഗമനസ്വഭാവത്തിലും സാമൂഹ്യമുന്നേറ്റത്തിലും അഭിമാനിക്കുമ്പോഴും വര്‍ധിതരൂപത്തില്‍ സ്ത്രീവിരുദ്ധപ്രവണതകളും അതിക്രമങ്ങളും കാണപ്പെടുന്നതില്‍ വേദനിക്കുകയും രോഷംകൊള്ളുകയുമാണ് മല്ലിക.

ഗുജറാത്തിനെപ്പറ്റി, പോരാട്ടത്തെപ്പറ്റി, സംഭാഷണത്തില്‍നിന്ന് :

ഇരുപത്തഞ്ചുപേരുമായാണ് നരോദപാട്യയില്‍ ഞാന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അവരെന്നെ അറസ്റ്റുചെയ്തു. എന്തിനാണ് സദ്ഭാവനയില്‍ ജനാധിപത്യപരമായ പ്രതികരണം തടയുന്നത്. ഇതൊക്കെ കാപട്യമാണ്. വെറും സര്‍ക്കസ്. ഉപവാസവേദിയിലെത്തിയ മുസ്ലിംനേതാക്കള്‍ നല്‍കിയ തൊപ്പി നിരസിച്ച മോഡിക്ക് എന്തു മാറ്റമുണ്ടൊയെന്നാണ്. ഭീതിയും പകയുമാണ് ഗുജറാത്തിനെ ഭരിക്കുന്നത്. പേടിയാലാണ് ആരുമൊന്നും മിണ്ടാത്തത്. വംശഹത്യയുടെ നാളുകളില്‍ ഞാനിത് അനുഭവിച്ചതാണ്. മോഡിക്കെതിരായ പ്രതികരണം ഒഴിവാക്കാന്‍ ഉപദേശിച്ചവരേറെയാണ്. പിന്നീടവരൊക്കെ എന്നെ ഒഴിവാക്കി. ഫോണില്‍പ്പോലും മിണ്ടാതായി. അധികാരമുപയോഗിച്ച് പ്രതികാരനടപടികള്‍ നിരവധിയുണ്ടായി. എന്റെ അഭിഭാഷകന്‍ കൃഷ്ണകാന്തിന് കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു. മന്ത്രിയായ അമിത്ഷാ വഴിയായിരുന്നു മോഡിയുടെ ഓപ്പറേഷന്‍ . കഴിഞ്ഞദിവസം റോഡ് മുറിച്ചുകടക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ഭീതിയും വിദ്വേഷവും വളര്‍ത്തി, നിശബ്ദരാക്കി ആര്‍ക്കും അധികാരം അധികകാലം നിലനിര്‍ത്താനാകില്ല. വംശഹത്യയും മനുഷ്യക്കശാപ്പും നടന്നിട്ടും മോഡി അധികാരത്തില്‍ തിരിച്ചുവന്നുവെന്നതിലും വലിയ പ്രസക്തിയില്ല. 14 സീറ്റുകളില്‍ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയുടെ വിജയം. മുന്നൂറിനും ആയിരത്തിനും ഇടയില്‍ വോട്ടിന്. പ്രതിപക്ഷമില്ല, ശക്തമായ മൂന്നാം മുന്നണിയും, അതാണ് മോഡിക്ക് രക്ഷയാകുന്നത്. ഗ്രൂപ്പ് വഴക്കില്‍ മുന്‍പന്തിയിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്. ഒരു നേതാവ് രംഗത്തുവന്നാല്‍ തോല്‍പ്പിക്കാന്‍ ആ പാര്‍ടിയിലെ മൂന്ന് നേതാക്കളുണ്ടാകും. ഇന്ത്യയും ഗുജറാത്തും ഹിന്ദുക്കളുടേതാണെന്ന് കരുതുന്ന കൂടുതല്‍ കൂടുതലാളുകള്‍ വര്‍ധിച്ചു വരുന്നു.

അത്യന്തം ആശങ്കാജനകമായ ഈയവസ്ഥ ജനാധിപത്യത്തെ, മതേതരത്വത്തെ യഥാര്‍ഥ അര്‍ഥത്തില്‍ മനസിലാക്കുന്നതില്‍ , പഠിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടതല്ലേ ഇതിന് കാരണം. പൊതുസമൂഹത്തിനും ബുദ്ധിജീവികള്‍ക്കുമെല്ലാം ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഈയവസ്ഥയോട് പ്രതികരിക്കാതെ നിശബ്ദത പാലിക്കുന്നത് വലിയ കുറ്റമാണെന്നാണ് എന്റെ വിശ്വാസം. മോഡി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാണോ എന്നതൊന്നും വിഷയമല്ല. നീതിക്കായി, മനുഷ്യാവകാശത്തിനായുള്ള പോരാട്ടത്തില്‍നിന്ന് പിന്മാറ്റമില്ല. സമരം മരണംവരെ തുടരും. മാധ്യമങ്ങളുടെ പിന്തുണയും പ്രചാരണവുമൊന്നും ഇതില്‍ പ്രസക്തമല്ല. ഒരുഫുള്‍പേജ് പരസ്യത്തില്‍ വീഴുന്നവരാണവ. കോര്‍പറേറ്റുകളുമായുള്ള മാധ്യമബന്ധത്തെപ്പറ്റി ആര്‍ക്കാണറിയാത്തത്. ജനങ്ങളെയും അവരുടെ പ്രതിഷേധങ്ങളെയും മൂടിവയ്ക്കുന്ന മാധ്യമങ്ങള്‍ ആരുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നത്. ആരുടെ താല്‍പ്പര്യമാണവരെ നയിക്കുന്നത്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ഒളിച്ചുവയ്ക്കാനാകില്ല ഗുജറാത്തിലെ അവസ്ഥ. അത് പുറത്തുവരും. വംശഹത്യക്കിരയായവര്‍ക്ക് നീതി ലഭിക്കുന്ന കാലം വരികതന്നെചെയ്യും. അഴിമതിയും വര്‍ഗീയതയും ഇന്ത്യന്‍ സമൂഹത്തില്‍ അധീശത്വം കൈവരിച്ചിരിക്കുന്നു. അണ്ണ ഹസാരെയുടെ സമരം ഈയടുത്തുണ്ടായി. ഞാനതിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ല. ഓഹരിവിപണിയില്‍ സ്വപ്നം നിക്ഷേപിച്ചിരിക്കുന്ന മധ്യവര്‍ഗത്തെ അത് തെരുവിലെത്തിച്ചു. അത്രത്തോളം സ്വാഗതാര്‍ഹമായ വശം അതിലുണ്ട്.


*****


പി വി ജീജോ , ഫോട്ടോ: കെ എസ് പ്രവീണ്‍കുമാര്‍, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്

Monday, September 26, 2011

ഒരു ജനതക്ക് തണലും സന്ദേശവുമായിരുന്ന വങ്കരി മാതായി

നോബല്‍ സമ്മാനജേത്രി വങ്കരി മാതായി അന്തരിച്ചു

നെയ്റോബി: 2004 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തക വങ്കരി മാതായി(71) അന്തരിച്ചു. കാന്‍സര്‍രോഗബാധമൂലം തിങ്കളാഴ്ചയായിരുന്നു അന്ത്യം. നോബല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയാണ്.

1970ല്‍ പരിസ്ഥിതി സംരക്ഷണത്തിനായി സംഘടിപ്പിച്ച ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനത്തോടെയാണ് വങ്കരി ശ്രദ്ധേയയായത്. 1984ല്‍ റൈറ്റ് ലവ്ലിഹുഡ് അവാര്‍ഡ് നേടി 2003 മുതല്‍ 2005 വരെ കെനിയയയിലെ പരിസ്ഥിതി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യാന്തര ധാരണയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്റു പുരസ്ക്കാരം, 2006 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം എന്നിവയും വങ്കരിയെ തേടിയെത്തി. നെയ്റോബി യൂണിവേഴ്സിറ്റിയില്‍ ബിരുദമെടുത്തു. ഉപരിപഠനം അമേരിക്കയിലായിരുന്നു. കെനിയയുടെ സുസ്ഥിരവികസനത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും നിര്‍ണ്ണായക പങ്കുവഹിച്ചതിനാണ് വങ്കരിയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചത്.

ഈ ജീവിതം ഒരു മരത്തണല്‍

ഒരു ജനതക്ക് തണലും സന്ദേശവുമായിരുന്ന, അന്തരിച്ച വങ്കാരി മാതായിയെക്കുറിച്ച് ...

ആദ്യമായി നൊബേല്‍ സമ്മാനം നേടിയ കറുത്തവംശക്കാരയെന്നുമാത്രമല്ല വങ്കരി മാതായിയുടെ പ്രത്യേകത. വന്‍കിടകുത്തക കമ്പനികള്‍ അവസാനതുള്ളി ഭൂഗര്‍ഭജലം വരെ ചോര്‍ത്തിയ ഒരുവന്‍കരയിലെ ജനങ്ങളെ അവര്‍ ജലസാക്ഷരാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അധിനിവേശകാലത്ത് യൂറോപ്പിലേക്ക് കപ്പലേറിപ്പോയ വന്‍മരങ്ങളുടെ അവഷിപ്തങ്ങള്‍ക്കുമേലെ അവര്‍ പ്രതീക്ഷയുടെ പുതുവിത്തുകളിട്ടു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലച്ചുമടായി കൊണ്ടുപോയ വെള്ളവും ആഫ്രിക്കന്‍ ജനതയുടെ അവസാനിക്കാത്ത സഹിഷ്ണുതയും ഊര്‍ജമായപ്പോള്‍ ഈ മണ്ണില്‍ തഴച്ചുവളര്‍ന്നത് പുതിയൊരു സംസ്കാരമായിരുന്നു. വെട്ടിവീഴ്ത്തപ്പെട്ട മരച്ചുവടുകളില്‍ നിന്നെല്ലാം പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തളിരിട്ടു. ഒരു പാഴ്ചെടിപോലും തളിരിടാത്ത ഊഷരമായ മണ്ണില്‍ കോടിക്കണക്കിനു മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവര്‍ ലോകത്തിനു തന്നെ മാതൃകയായി. വന്‍കിട കോര്‍പറേറ്റുകള്‍ നദികള്‍ വിലക്കു വാങ്ങിയപ്പോള്‍ വാഗ്ദാനം ചെയ്ത ഒരിറ്റു കുടിവെള്ളത്തിനായി വഴിയോരങ്ങളില്‍ കാത്തിരുന്ന കെനിയന്‍ ജനതയെ ജലസമൃദ്ധമായ ഭൂതകാലത്തേക്ക് അവര്‍ മടക്കിക്കൊണ്ടുപോയി.

കോര്‍പറേറ്റുകളുടെ ദാക്ഷിണ്യത്തിനു വേണ്ടി അടിമകളെപ്പോലെ പൊരിവെയിലില്‍ കാത്തു നിന്ന നാട്ടുകാരെ സമാധാനത്തിന്റെയും സ്വയം പര്യാപ്തയുടെയും പുതിയ മാനങ്ങളിലേക്കാണ് ഈ വനിതയുടെ നിശ്ചയദാര്‍ഢ്യം കൈപിടിച്ചുയര്‍ത്തിയത്.ജനാധിപത്യത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടി മാതായി നടത്തിയ പോരാട്ടം ലോകചരിത്രത്തില്‍ സുവര്‍ണ്ണരേഖകളായി. അതിനുള്ള അംഗീകാരമായി അവര്‍ക്കുള്ള നൊബേല്‍ പുരസ്കാരം. വിദ്യാഭ്യാസമില്ലാത്ത, മതിയായ ജീവിതസാഹചര്യങ്ങളില്ലാത്ത ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവല്‍ക്കരണം ആദ്യം നടത്തി. ഭാവിക്കുവേണ്ടി ഒരാള്‍ ഒരു തൈ എങ്കിലും നട്ടുപിടിപ്പിക്കണമെന്ന സന്ദേശത്തിന്റെ പ്രചരണത്തിനായി അവര്‍ രാജ്യമെങ്ങും സന്ദര്‍ശിച്ചു. സ്വന്തം കൈകൊണ്ടുതന്നെ ആയിരക്കണക്കിനു വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. സ്വന്തം വീട്ടുമുറ്റത്ത് ഒന്‍പത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് കൊണ്ടാണ് വങ്കാരി 1970ല്‍ പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആഫ്രിക്കയില്‍ മൂന്നുകോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതിലൂടെ ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനം വാര്‍ത്തകളില്‍ ഇടം പിടിച്ചു. 2004 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനിതയായി.

നെയ്റോബിയിലെ കെനിയാത്ത സര്‍വകലാശാലയിലെ വെറ്റിനറി അനാട്ടമി പ്രൊഫസറായിരുന്നു. എഴുപതുകളില്‍ കെനിയന്‍ റെഡ്ക്രോസ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ യൂണിയന്റെ സാമ്പത്തിക, സാമൂഹിക, സാംസ്ക്കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. പ്രസിഡന്റ് ഡാനിയല്‍ ആപ്മോയിയുടെ ഏകാധിപത്യത്തില്‍ നിന്ന് കെനിയയെ ജനാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു വങ്കാരി. 1984ല്‍ റൈറ്റ് ലവ്ലിഹുഡ് അവാര്‍ഡ് നേടിയ വാങ്കായി 2003 മുതല്‍ 2005 വരെ കെനിയയയിലെ പരിസ്ഥിതി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യാന്തര ധാരണയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്റു പുരസ്ക്കാരം, 2006 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം എന്നിവയും വാങ്കാരിയെ തേടിയെത്തി. കെനിയയുടെ സുസ്ഥിരവികസനത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും നിര്‍ണ്ണായക പങ്കുവഹിച്ചതിനാണ് വങ്കാരിയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചത്. എഴുപതാം വയസില്‍ അര്‍ബുദം ബാധിച്ച് മാതായി വിടപറഞ്ഞപ്പോള്‍ കടപുഴകിവീണത് ഒരു വന്‍മരമാണ്. ഊഷരമായ മണ്ണില്‍ മുളച്ച് ഒരു വന്‍കരക്ക് ജീവിതം കൊണ്ട് തണലൊരുക്കിയ പച്ചപ്പിന്റെ വന്‍മരം.

*
കടപ്പാട്: ദേശാഭിമാനി

താളം തെറ്റിയ അമേരിക്കന്‍ജീവിതം

കോര്‍ബിന്‍ ഹൈടോവര്‍ സുഭിക്ഷമായി ജീവിച്ചുവന്ന ഒരു അമേരിക്കന്‍ വീട്ടമ്മയാണ്. ഭര്‍ത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനക്കാരിയായിരുന്നു അവര്‍ . ഇടപാടുകാരെ കാണാന്‍ തുടര്‍ച്ചയായ വിമാനയാത്ര. വന്‍കിട ഹോട്ടലുകളില്‍ താമസം. സാമ്പത്തികമാന്ദ്യം തുടങ്ങിയപ്പോള്‍ സ്ഥിതിയാകെ മാറി. വരുമാനം കുറഞ്ഞു. ജീവിതം താളം തെറ്റി. അവര്‍ പട്ടണം വിട്ട് ഗ്രാമത്തില്‍ വാടകവീട്ടില്‍ താമസം തുടങ്ങി. ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയില്‍ കരാര്‍ തൊഴിലാളിയായി. കേബിള്‍ ടിവി ഉപേക്ഷിച്ചു. ജിം മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഷോപ്പിങ് ശീലങ്ങള്‍ പരിമിതപ്പെടുത്തി. ആരോഗ്യഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ നിര്‍ത്തലായി. കാര്‍ വിറ്റു. മിക്ക കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ.

ഏറ്റവും പുതിയ കണക്കനുസരിച്ച് 2010ല്‍ അമേരിക്കന്‍ജനതയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതം ദുരിതപൂര്‍ണം. അമേരിക്കയിലെ ആന്‍മി ഇ കേസി ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച കിഡ്സ് കൗണ്ട് എന്ന റിപ്പോര്‍ട്ടില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദൈന്യത വിശദമായി പ്രതിപാദിക്കുന്നുണ്ട്. 20 ശതമാനം കുട്ടികള്‍ പട്ടിണിയിലാണ്. രക്ഷിതാക്കളുടെ തൊഴിലും താമസിക്കുന്ന വീടും നഷ്ടപ്പെട്ടതും കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. 2000ല്‍ നിന്നും 2009ലെത്തുമ്പോള്‍ അമേരിക്കയില്‍ പട്ടിണി കിടക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 17 ശതമാനമാണ് വര്‍ധന. ദാരിദ്ര്യരേഖയനുസരിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലംഗകുടുംബത്തിന്റെ വാര്‍ഷിക വരുമാനം 21750 ഡോളര്‍ . എന്നാല്‍ , ഈ തുകയുടെ ഇരട്ടിവരുമാനം നേടുന്ന കുടുംബങ്ങള്‍ക്കു പോലും പരിമിതമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

മുതലാളിത്തത്തിന് കുട്ടികളുടെ വിശപ്പിനേക്കാള്‍ പ്രധാനം കോര്‍പറേറ്റുകളുടെ വളര്‍ച്ചയാണ്. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കാണ് ബാങ്ക് ഓഫ് അമേരിക്ക. ചെലവ് ചുരുക്കാനെന്ന പേരില്‍ 10,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. തപാല്‍മേഖലയില്‍നിന്ന് 2,20,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. എല്ലാ മേഖലയിലും പിരിച്ചുവിടല്‍ വ്യാപകമാണ്. 68.3 മില്യന്‍ അമേരിക്കന്‍ ജനത ഒരു നേരമെങ്കിലും വയറു നിറയ്ക്കാന്‍ പാടുപെടുകയാണ്. തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുക, കൂലി കുറയ്ക്കുക, ജോലിസമയം വര്‍ധിപ്പിക്കുക, കരാര്‍ തൊഴില്‍ പ്രോത്സാഹിപ്പിക്കുക- ഇതാണ് ഇന്നത്തെ അമേരിക്കന്‍ തൊഴില്‍ രംഗം.

കോടിക്കണക്കിനാളുകള്‍ വിശന്നുവലയുമ്പോള്‍ സമ്പന്നരുടെ ആസ്തി നിമിഷനേരംകൊണ്ട് ഇരട്ടിക്കുകയാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് വരുന്ന അതിസമ്പന്നരുടെ ആസ്തി 459 ട്രില്യന്‍ ഡോളര്‍ . 2020 ആകുമ്പോള്‍ അമേരിക്കയിലെ അതിസമ്പന്നരുടെ ആസ്തി 225 ശതമാനം വര്‍ധിച്ച് 87.1 ട്രില്യന്‍ ഡോളര്‍ ആയി വര്‍ധിക്കും. (ഒരു ട്രില്യന്‍ = ഒരുലക്ഷം കോടി). അതിസമ്പന്നരായ 400 അമേരിക്കക്കാരുടെ വരുമാനം അമേരിക്കന്‍ വരുമാനത്തിന്റെ പകുതിയാണ്. അതായത് സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനംവരുന്ന സമ്പന്നരുടെ കൈയിലാണ്. ഇവരാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. ഭരണകൂടം അവരുടെ കാല്‍ക്കല്‍ കുമ്പിടുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍അമേരിക്കയില്‍ ബാങ്കുകള്‍ തകരുകയാണ്. ഈ വര്‍ഷം നിരവധി ബാങ്കുകള്‍ തകര്‍ന്നിട്ടുണ്ട്. (പട്ടിക കാണുക) അമേരിക്കയിലെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്ന എഫ്ഡിഐസി (ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) പ്രസിദ്ധീകരിക്കുന്ന രേഖകളിലാണ് ഈ കണക്കുകള്‍ . ജനങ്ങളോടും രാജ്യത്തോടും ഉത്തരവാദിത്തമുള്ള ഭരണകൂടം ഇത്തരമൊരു ഘട്ടത്തില്‍ ചെയ്യേണ്ടത് മുഴുവന്‍ ബാങ്കുകളും ദേശസാല്‍ക്കരിക്കുകയാണ്. ഫെഡറല്‍ റിസര്‍വിന്റെ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഓഡിറ്റ് ചെയ്തപ്പോള്‍ പല രഹസ്യങ്ങളും പുറത്തുവന്നു. വിദേശബാങ്കുകള്‍ക്കടക്കം രഹസ്യമായി വായ്പ നല്‍കി. പൂജ്യം ശതമാനം പലിശയ്ക്ക് നല്‍കിയ വായ്പകളായിട്ടാണ് ഈ ഇടപാടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ ജിഡിപി ഒരു വര്‍ഷം 14.12 ട്രില്യന്‍ ഡോളര്‍ . അമേരിക്കയുടെ വിദേശകടം 14.5 ട്രില്യന്‍ ഡോളര്‍ . ഇതിലും വലിയ തുകയാണ് രഹസ്യമായി നല്‍കിയത്.

പട്ടിണിയും തൊഴിലില്ലായ്മയും ജീവിതം താളം തെറ്റിക്കുമ്പോള്‍ അതിന് കാരണം ഇത്തരം നടപടികളാണ്. അമേരിക്കന്‍ജീവിതം കൂടുതല്‍ ദുരിതങ്ങളിലേക്കാണ് പതിക്കുന്നത്. ഭരണകൂടം തുടരുന്നത് അതിസമ്പന്നരുടെ പാദസേവയും കോര്‍പറേറ്റുകളെ താലോലിക്കലുമാണ്. മനുഷ്യന്റെ വിശപ്പ് ഒരു വിഷയമേ അല്ല. മുതലാളിത്തം ഇന്ന് കരകയറാന്‍ പറ്റാത്ത ആഴത്തിലുള്ള പ്രസിസന്ധികളിലൂടെയാണ് നീങ്ങുന്നത്. സോഷ്യലിസ്റ്റ് പരിഹാരങ്ങള്‍മാത്രമാണ് രക്ഷ. ആ യാഥാര്‍ഥ്യം അമേരിക്കന്‍ജനത തിരിച്ചറിയണം. നവലിബറല്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം അമേരിക്കയില്‍ ഉള്‍പ്പെടെ സാര്‍വദേശീയമായി ഉയര്‍ന്നു വരണം.

*
കെ ജി സുധാകരന്‍ ദേശാഭിമാനി 26 സെപ്തംബര്‍ 2011

വിലക്കയറ്റമോ വിലക്കിന്റെ കയറ്റമോ?

പൊതുവെ നമ്മുടെ ധാരണ കയറ്റം എന്നത് നല്ലതും താഴ്ച എന്നത് തീയതുമാണ് എന്നാണല്ലോ. ഇന്ന് നാം കയറ്റത്തെ പേടിക്കുകയും താഴ്ചയെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരായിത്തീര്‍ന്നു. ഇന്ന് ജനങ്ങള്‍ മുഴുവനും ഒരുപോലെ ഭയപ്പെടുന്നത് ഒരു കയറ്റത്തെയാണ്; വിലക്കയറ്റത്തെ. പേടിക്കാത്തത് വിലക്കുറവിനെയും. ജനങ്ങളുടെ നെഞ്ചത്ത് ചെന്നുവീഴുന്ന ഇടിയാണ് ഓരോ വിലക്കയറ്റവും. 'തീപിടിച്ച വില' എന്നാണല്ലോ സ്ത്രീകള്‍ പറയുക. അതിന്റെ പുക മൂടി അവര്‍ അടുക്കളയില്‍ ശ്വാസംമുട്ടി കഴിയുന്നു.

ഇപ്പോള്‍ ഇവിടെ നടന്ന ഹര്‍ത്താല്‍ പെട്രോള്‍വില കൂടുതലിനെ ചൊല്ലിയാണ്. അടുക്കള സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയായിട്ട് വളരെ നാളായി. ശരിക്കും ദേശീയമായ ഹര്‍ത്താല്‍ നടത്തേണ്ടിയിരുന്നത് അതിന്റെ പേരിലായിരുന്നു. സാധനങ്ങളുടെ വില വിഷം കയറുമ്പോലെയാണ് കയറിക്കയറിപ്പോകുന്നത്. വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 110 രൂപയാണത്രെ. സ്വന്തം എണ്ണ നാട്ടുകാര്‍ക്ക് തൊട്ടുമണപ്പിക്കാന്‍ വയ്യാത്ത അവസ്ഥയിലായെന്ന് അമ്മത്തെങ്ങ് അറിയുന്നുണ്ടോ? പച്ചക്കറിയുടെ വിലയറിഞ്ഞാല്‍ ആള്‍ ഉണങ്ങിപ്പോകും.

ഗവണ്‍മെന്റിന് ആകെ വിലകുറയ്ക്കാന്‍ കഴിഞ്ഞത് ഉറുപ്പികയുടേതാണ്. എന്നാല്‍ വില കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ വില കൂടിയത് ഉറുപ്പികയുടെതല്ല, പെട്രോളിന്റെതാണ്! കോര്‍പ്പറേറ്റ് എണ്ണക്കമ്പനികള്‍ക്ക് നഷ്ടം കുറയ്ക്കാന്‍ വളരെ വ്യസനത്തോടെയാണ് പെട്രോള്‍വില നാട്ടില്‍ കൂട്ടിയതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി കേരളത്തില്‍ വന്നു പ്രസ്താവിക്കുകയുണ്ടായി. അദ്ദേഹം കണ്ണീരൊഴുക്കിയോ എന്ന് പത്രങ്ങള്‍ പറഞ്ഞില്ല. എന്തിനെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കുന്ന പത്രങ്ങള്‍ ഈ പ്രസക്തമായ ചോദ്യം എന്തുകൊണ്ട് ചോദിക്കാന്‍ വിട്ടുപോയി എന്ന് വ്യക്തമല്ല. ഒരുപക്ഷെ, അവരുടെ കണ്ണുനീരും ഒഴുകുകയായിരിക്കാം.!

ഇതൊക്കെ വായിക്കുമ്പോള്‍ സംശയം തോന്നുന്നു, അല്ലേ? വിലക്കയറ്റം എന്ന പിശാചിന്റെ മുന്നില്‍ പെട്ട് കേന്ദ്രഗവണ്‍മെന്റിന്റെ നട്ടംതിരിയല്‍ കണ്ടാല്‍ ആര്‍ക്കും തമാശ തോന്നും.
ഞാന്‍ വിലക്കയറ്റത്തെപ്പറ്റി ഇപ്പോള്‍ എഴുതാന്‍ കാരണം, ഈ വിഷയം ചര്‍ച്ചയ്ക്കായി എടുക്കേണ്ട ചുമതലയുള്ള നമ്മുടെ പത്രങ്ങള്‍ (ആംഗലവും കേരളീയവും) കാണിക്കേണ്ടത് കാണിക്കാന്‍ മറന്നുപോയോ എന്ന ശങ്ക മൂലമാണ്. പ്രധാനപത്രങ്ങളുടെയെങ്കിലും പഴയ ലക്കങ്ങള്‍ എന്റെ ശങ്കയ്ക്ക് ബലം കൂട്ടിയതേയുള്ളൂ. കാരണം തൊട്ടുപോയാല്‍ അത് ഇവിടെയൊന്നും നില്‍ക്കില്ല. ലോകമാകെ കമ്പോളത്തിലും സാമ്പത്തികമായും തകിടം മറിഞ്ഞിരിക്കുകയാണ്. അത്ഭുതം ഉളവാക്കിക്കൊണ്ട് അമേരിക്കയുടെ നില ഏറെ പരുങ്ങലിലായിരിക്കുകയാണ്. ഒരു വശത്ത് ലോകത്തിലെ ദരിദ്രരില്‍ ആറിലൊന്ന് അമേരിക്കയിലാണെന്ന യാഥാര്‍ഥ്യം പുറത്തുവന്നിരിക്കുന്നു. സ്വതന്ത്രമായ കമ്പോളം എന്നു പറഞ്ഞ് ലോകരാഷ്ട്രങ്ങളെ ഇത്രയും കാലം കബളിപ്പിച്ച അമേരിക്കയുടെ കമ്പോളക്കളി അവസാനിച്ച മട്ടുണ്ട്. സ്വതന്ത്രം എന്ന് ഉരുവിട്ടു കൊണ്ട് നടത്തം മാത്രം. വിപണിഘടന സുരക്ഷിതമാക്കി നിര്‍ത്തി, സാമ്പത്തികമായ ഏകാധിപത്യം എക്കാലവും നിലനിര്‍ത്താമെന്ന ഒരു അജയ്യ രാജ്യത്തിന്റെ അഹന്ത കുമിള പോലെ പൊട്ടിച്ചിതറിയിരിക്കുന്നു.

ആഗോളവത്കരണം എന്ന മന്ത്രോച്ചാരണം കേട്ട് അതില്‍ വിശ്വാസം അര്‍പ്പിച്ച് ലോകവിപണിയുടെ ഗുണങ്ങള്‍ അനുഭവിക്കാന്‍ ഇറങ്ങിയ ഇന്ത്യ ഇന്നനുഭവിക്കുന്ന സാമ്പത്തികമായ പരാധീനതകള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നമുക്കാവില്ല. കേന്ദ്രഗവണ്‍മെന്റിന്റെ 'ആദ്യപാപം' അമേരിക്ക വരച്ച വരയിലൂടെ നടക്കാന്‍ തീരുമാനിച്ചതത്രെ. അമേരിക്കയുടെ ചുമലിലേറിയ രാജ്യം അമേരിക്കയുടെ കാലിടറി വീഴുമ്പോള്‍ മുമ്പേ നിലംപരിശാകുമല്ലോ. അതുകൊണ്ടാണ് ഇവിടെ റിസര്‍വ് ബാങ്കിന്റെ പോലും വാര്‍ഷിക റിപ്പോര്‍ട്ടിലെ വാചകമടിക്കപ്പുറത്ത് കാര്യമായി ഒന്നും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നത്.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട സാമ്പത്തികമായ അട്ടിമറി നേരിടാന്‍ തസ്തികകളുടെ എണ്ണം ചുരുക്കുക, വേതനം ചുരുക്കുക തുടങ്ങി പല പൊടിക്കൈകളും പ്രയോഗിച്ചു വരുന്നു. ഫലം കണ്ടു തുടങ്ങിയിട്ടില്ല. ഉദ്ദേശിച്ച ഫലം കാണാനൊക്കുമോ എന്ന് സംശയിക്കുന്ന വിദഗ്ധരും ഇല്ലാതില്ല. ഫ്രാന്‍സില്‍ അതികുബേരന്മാര്‍ എന്നു വിളിക്കാവുന്ന പണക്കാര്‍ കൂടുതല്‍ നികുതി കൊടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ നീക്കം വെറും തട്ടിപ്പാണെന്നും ആദായനികുതി കൊടുക്കേണ്ട ധനത്തിന്റെ എത്രയോ മടങ്ങ് സ്വത്തുള്ള ഇവരുടെ ഈ ത്യാഗബുദ്ധി കാപട്യമാണെന്നും എങ്ങും അഭിപ്രായങ്ങള്‍ ഉയര്‍ന്നുതുടങ്ങി.

അതിരിക്കട്ടെ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും? ഇവിടുത്തെ കോടിക്കണക്കിനുള്ള പാവങ്ങളുടെയും സാധാരണക്കാരുടെയും മര്‍മ്മം പിളര്‍ക്കുന്ന മുറിവാണ് വിലക്കയറ്റം ഉണ്ടാക്കുന്നത്. കയറ്റുമതി കൂട്ടുന്ന ആഗോളീകരണം ദേശീയോത്പാദനത്തില്‍ ഒട്ടും ശ്രദ്ധിച്ചില്ല. കാര്‍ഷികമേഖലയെ അവഗണിച്ചെന്നു മാത്രമല്ല, കൃഷിക്ക് സഹായധനം നല്‍കുന്നത് തെറ്റാണെന്ന ഒരു സിദ്ധാന്തം ഗവണ്‍മെന്റ് കൈക്കൊള്ളുകയും ചെയ്തു. കാര്‍ഷികോല്‍പന്നങ്ങള്‍ കുറയാന്‍ മറ്റൊന്നും വേണ്ടല്ലോ. ഒരു ശരാശരി ഭാരതീയന്‍ എന്നാല്‍ കര്‍ഷകനാണ്. അവന്റെ കഴുത്തില്‍ കത്തിവയ്ക്കുന്ന നടപടികള്‍ ഭരണകൂടം വീഴ്ചപറ്റാതെ നടത്തി വരുന്നു. ഹരിതവിപ്ലവം നടത്തി കാര്‍ഷികവിഭവം സമൃദ്ധമാക്കാന്‍ പ്രതിജ്ഞ ചെയ്ത രാജ്യത്തിന്റെ ഗതികേട് കാണുക. ഹോര്‍മണ്‍ ബോര്‍ലോംഗ് എന്ന ശാസ്ത്രജ്ഞന്റെ രാസവളങ്ങള്‍ കൊണ്ട് വിളകള്‍ എത്രയോ മടങ്ങ് വര്‍ധിപ്പിക്കാമെന്ന സിദ്ധാന്തം അപ്പടി വിശ്വസിച്ച് എം എസ് സ്വാമിനാഥന്‍ എന്ന നമ്മുടെ ഒരു കൃഷിശാസ്ത്രജ്ഞന്‍ അന്നത്തെ കേന്ദ്രഗവണ്‍മെന്റിനെക്കൊണ്ട് വേഷം കെട്ടിച്ചു. എന്തുണ്ടായി? വിളവ് താത്കാലികമായി കൂടിയെങ്കിലും മണ്ണിനെ അത് നശിപ്പിച്ചു കളഞ്ഞു. അന്ന് പിഴച്ച കാര്‍ഷികനയം പിന്നെ വന്ന ഒരു ഗവണ്‍മെന്റിനും ശരിപ്പെടുത്താനായില്ല. ഇവര്‍ രാജകീയമായ പ്രൗഢിയോടെ വരികയും പോവുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ കടത്തില്‍ നിന്ന് കടത്തിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും ത്വരിതപ്രയാണം ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നതും കര്‍ഷകര്‍ക്കിടയിലാണെന്നത് എന്തുകൊണ്ട് ഒരു കൃഷിമന്ത്രിയും ഗൗരവമായി ചിന്തിച്ചില്ല. ഇപ്പോള്‍ അവര്‍ സഹായധനവും മുടക്കി. മേലേ നിന്നുള്ള ആജ്ഞയാണ്, ലംഘിച്ചുകൂടാ!

സ്വാമിനാഥന്‍ ഇന്ന് ചുവട് മാറ്റി ആടുന്നുണ്ടെങ്കിലും അദ്ദേഹം വരുത്തിവച്ച കെടുതി അതേ ശക്തിയോടെ തുടരുന്നു. മറ്റേത് മന്ത്രാലയം പരാജയപ്പെട്ടാലും കൃഷിമന്ത്രാലയം തോല്‍ക്കാന്‍ പാടില്ല. ഇന്ത്യ തോല്‍ക്കുന്നു എന്നാണതിന്റെ അര്‍ഥം. ആ തോല്‍വി കൊണ്ടാണ് വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 110 രൂപ വിലയിലെത്തിച്ചത്.

വിലക്കയറ്റത്തിന്റെ സ്രോതസ്സ് ഇതാണ്. ഇങ്ങനെ ഓരോന്നിനും ഓരോ സ്രോതസ്സുണ്ട്. അത് കണ്ടെത്തി നാടിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്, ഇവിടുത്തെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി അനുഭവങ്ങളുടെ വിനീതനായ അനുചരനോ കിങ്കരനോ ആയി പെരുമാറാന്‍ കഴിഞ്ഞാല്‍ വിലക്കയറ്റം ഒഴിവാക്കാം. വിലക്കയറ്റം സാധനങ്ങളുടെ കുറ്റമല്ല. അത് ഭരണകര്‍ത്താക്കളുടെ കാഴ്ചപ്പാടിന്റെ ദോഷവും കര്‍മ്മശേഷിക്കുറവും കൊണ്ടുണ്ടാക്കിയെടുത്ത ഒരു മാനസികാവസ്ഥയുടെ സൃഷ്ടിയാണ്. വിലക്കയറ്റം രോഗമല്ല, രോഗലക്ഷണം മാത്രമാണ്. നമ്മുടെ ഭരണാധിപന്മാര്‍ രോഗം മനസ്സിലാക്കുകയോ അത് ചികിത്സിക്കുന്നതെങ്ങനെയെന്ന് അറിയുകയോ ചെയ്യാത്തവരാണ്.

ഒന്നും നടക്കാത്ത വന്ധ്യങ്ങളായ എത്ര വര്‍ഷങ്ങള്‍ മറഞ്ഞുപോയി? കടുത്ത എക്‌സിമ പിടികൂടിയവനെപ്പോലെ ഗവണ്‍മെന്റ് ഇക്കാലം മുഴുവന്‍ ആ ചൊറി മാന്തിക്കഴിയുകയായിരുന്നു.
ഇതൊക്കെ നോക്കുമ്പോള്‍ വിലക്കയറ്റം ഇന്ന് വിലക്കിന്റെ കയറ്റമായി തീര്‍ന്നിരിക്കുന്നു. വിലക്ക് പ്രവൃത്തി ചെയ്യുന്നതിന്റെ തടസം. വിലങ്ങു തന്നെ. ഭരണകേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ ഈ വിലങ്ങ് പൊട്ടിച്ചാലല്ലാതെ പാവങ്ങളുടെ ദാരിദ്ര്യം തീരുകയില്ല.

*
സുകുമാര്‍ അഴീക്കോട് ജനയുഗം 26 സെപ്തംബര്‍ 2011