Monday, September 12, 2011

ജലാവകാശവും കേരളവും

ജലം എന്ന വിഷയം സംസ്ഥാനലിസ്റ്റില്‍നിന്ന് സമവര്‍ത്തി ലിസ്റ്റിലേക്ക് മാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇന്ത്യയുടെ ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ ഭാഗം 11ല്‍ നിയമനിര്‍മാണപരമായ അധികാരങ്ങളുടെ വിഭജനം നടത്തിയിട്ടുണ്ട്. ഏഴാംപട്ടികയിലെ ലിസ്റ്റ് 11 സംസ്ഥാന ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. സംസ്ഥാന ലിസ്റ്റിലെ 17-ാമത് ഇനം ജലമാണ്. പൊതുതാല്‍പ്പര്യത്തിന് യുക്തമാണെന്ന് നിയമംവഴി പാര്‍ലമെന്റ് പ്രഖ്യാപിക്കുന്നത്ര (കേന്ദ്രത്തിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള അന്തര്‍സംസ്ഥാന നദികളുടെയും നദീതടങ്ങളുടെയും ക്രമപ്പെടുത്തലും വികസനവും ഒഴികെ) ജലസംഭരണവും ജലസേചനവും തോടുകളും ഡ്രെയിനേജും ചിറകളും ജലശേഖരണവും ജലശക്തിയും ഉള്‍പ്പെടെ ജലവിഭവസംബന്ധമായ നിയമനിര്‍മാണ അധികാരം ഭരണഘടനാപരമായി നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ്. ഭരണഘടനയില്‍ അധികാരവിഭജനം വ്യക്തമായി നിര്‍വചിച്ചിരിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെ സംസ്ഥാന ലിസ്റ്റിലുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുകയും ഇപ്പോള്‍ വിഷയംതന്നെ സംസ്ഥാന ലിസ്റ്റില്‍നിന്ന് സമവര്‍ത്തി ലിസ്റ്റിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുകയാണ്.

ജലം എന്ന വിഷയം സമവര്‍ത്തി ലിസ്റ്റിലേക്ക് മാറിയാല്‍ നിയമനിര്‍മാണത്തിന്റെ പ്രഥമമായ അവകാശം കേന്ദ്രത്തില്‍ നിക്ഷിപ്തമാകും. ഫലത്തില്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ അവകാശം കവര്‍ന്നെടുക്കുന്ന ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ജലത്തെ സംസ്ഥാന ലിസ്റ്റില്‍ പെടുത്തിയതില്‍ പാരിസ്ഥിതികമായും പ്രാദേശികമായും നിയമപരമായുമൊക്കെയുള്ള പ്രാധാന്യമുണ്ട്. ഭാരതത്തില്‍ പാരസ്ഥിതികമായ ജൈവവൈവിധ്യങ്ങള്‍ക്കും ജലവിനിയോഗത്തിനും പ്രാദേശികമായ സവിശേഷതകളും മുന്‍ഗണനാക്രമങ്ങളുമുണ്ട്. ഒരു പ്രദേശത്തെ ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയും ആ പ്രദേശത്തിന്റെ ജൈവവൈവിധ്യങ്ങളെ കണക്കിലെടുത്തും രൂപകല്‍പ്പന ചെയ്യുന്ന നിയമങ്ങള്‍ മാത്രമേ ജനോപകാരപ്രദമായി നടപ്പാക്കാനാകൂ. സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മാണ അധികാരം ഉണ്ടായാല്‍ മേല്‍പ്പറഞ്ഞ ഘടകങ്ങളെ മുന്‍നിര്‍ത്തി നിയമവ്യവസ്ഥിതി സ്ഥാപിക്കാന്‍ കഴിയും. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍തന്നെ പലപ്പോഴും സംസ്ഥാനത്തെ പദ്ധതി നിര്‍വഹണത്തിന് തടസ്സമാകാറുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളും പ്രത്യേകതകളും കണക്കിലെടുക്കാതെ രാജ്യത്താകമാനം ഓരോ തരത്തിലുള്ള വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ശാഠ്യം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതാണ് ഇതിന് കാരണം. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രായോഗികതലത്തില്‍ ഉണ്ടാക്കുന്ന വിഷമതകള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് പരാതി പറയുന്ന കാലമാണിത്. ഈ ഘട്ടത്തില്‍ അതീവ ഗൗരവമുള്ളതും ജനജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടതുമായ ജലത്തിന്റെമേല്‍ സംസ്ഥാനങ്ങള്‍ക്കുള്ള നിയമനിര്‍മാണ അധികാരം കവര്‍ന്നെടുക്കുന്നതിനുള്ള കേന്ദ്രനീക്കം ഫെഡറല്‍ സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ഉതകുന്നതല്ല.

അന്തര്‍സംസ്ഥാന നദീജലവിഷയങ്ങളില്‍ നിയമനിര്‍മാണാധികാരം ഇപ്പോള്‍ത്തന്നെ കേന്ദ്രത്തിനുണ്ട്. അതനുസരിച്ച് നിയമനിര്‍മാണവും നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി (സംരക്ഷണ) നിയമവും ജല (മലിനീകരണം നിയന്ത്രണവും തടയലും) നിയമവും കേന്ദ്ര ഭൂഗര്‍ഭജല അതോറിറ്റി രൂപീകരണ വിജ്ഞാപനവും പ്രത്യക്ഷമായിത്തന്നെ ജലം എന്ന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രം നടത്തിയ നിയമനിര്‍മാണത്തിന് തെളിവാണ്. തടാകസംരക്ഷണത്തിനുള്ള പുതിയ നിയമനിര്‍മാണത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രം ഇപ്പോള്‍ . ജലം സംസ്ഥാന ലിസ്റ്റിലുള്ള വിഷയമാണെങ്കിലും ഭരണഘടനാപരമായി പാര്‍ലമെന്റിനുള്ള നിയന്ത്രിത അധികാരം വിനിയോഗിച്ച് ഈ വിഷയത്തില്‍ കേന്ദ്രംനിയമനിര്‍മാണം നടത്തുന്നു. ജലം എന്ന വിഭവത്തിന്മേല്‍ ഓരോ വ്യക്തിയുടെയും അവകാശം സംരക്ഷിക്കുന്നതോടൊപ്പം പൊതുസ്വത്തായി നിലനിര്‍ത്തുന്നതിനുള്ള ബാധ്യത നിയമനിര്‍മാണ സഭകള്‍ക്കുണ്ട്. അത്തരം നിയമനിര്‍മാണ പ്രക്രിയയുമായി മുന്നോട്ടുപോകുമ്പോള്‍ പ്രഥമസ്ഥാനം നല്‍കേണ്ടത് ജലചക്രത്തിലെ അടിസ്ഥാനഘടകങ്ങള്‍ക്കാണ്. പ്രാദേശികമായ പാരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ച് കേന്ദ്രത്തേക്കാള്‍ കൂടുതല്‍ സമഗ്രവും വിശദവുമായ അറിവുണ്ടാവുക സംസ്ഥാനങ്ങള്‍ക്കാണെന്ന ദര്‍ശനമാണ് ജലം എന്ന വിഷയം സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കേന്ദ്രത്തിന് അതിന്മേലുള്ള നിയമനിര്‍മാണ അധികാരം പരിമിതപ്പെടുത്താനും ഭരണഘടനാശില്‍പ്പികള്‍ തീരുമാനമെടുക്കാന്‍ കാരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധത്തെ സംബന്ധിച്ച് പഠിച്ചിട്ടുള്ള സമിതികളുടെ റിപ്പോര്‍ട്ടുകളും പഞ്ചായത്ത് നഗരപാലികനിയമത്തിന്റെ അന്തഃസത്തയും അധികാരവികേന്ദ്രീകരണത്തിലാണ് ഊന്നുന്നത്. എന്നാല്‍ , നിയമനിര്‍മാണ പ്രക്രിയയില്‍പോലും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള, പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്ന നീക്കങ്ങള്‍ കേരളംപോലെയുള്ള സംസ്ഥാനങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന് വിഘാതമാകും. പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് പ്രാധാന്യമേറിവരുന്ന ഭരണസംവിധാനം കേന്ദ്രത്തിലുണ്ടാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കുറയ്ക്കുകയും കേന്ദ്രത്തിലേക്ക് അധികാരം കേന്ദ്രീകരിക്കുകയും ചെയ്യും. അതിലൂടെ രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാര്‍ലമെന്റിലെ അംഗബലം കൂടിയ രാഷ്ട്രീയകക്ഷികള്‍ക്ക് കഴിയും. കേന്ദ്രത്തിനും സംസ്ഥാനത്തിനും ജലം എന്ന വിഷയത്തില്‍ സന്തുലനമായ പങ്കാണ് ഭരണഘടന ഇപ്പോള്‍ അനുവദിച്ചുനല്‍കിയിരിക്കുന്നത്. കാര്യമായ ചര്‍ച്ചയും ഗൗരവമായ സമീപനവും കൂടാതെ ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നിയമനിര്‍മാണ അവകാശം കുറയ്ക്കുന്നത് ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉളവാക്കും. കേരളത്തിലെ ആളോഹരി അനുസരിച്ചുളള ജലലഭ്യതയില്ല. എന്നാല്‍ , കേരളം അധിക ജലവിഭവ സംസ്ഥാനമാണെന്നാണ് കേന്ദ്രത്തിന്റെ പക്ഷം.

നിയമനിര്‍മാണാധികാരം കേന്ദ്രത്തിലേക്ക് മാറിയാല്‍ അതിന്റെ ദോഷഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക കേരളമാണ്. കേരളത്തിലെ 44 നദികളില്‍ 41ഉം കിഴക്കുനിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ പതിക്കുന്നവയാണ്. ഈ ഒഴുക്കിന്റെ അടിസ്ഥാനത്തില്‍ നദീതടങ്ങളില്‍ ഉണ്ടായിട്ടുള്ള ആവാസവ്യവസ്ഥയും ജൈവവൈവിധ്യവുമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത്. ഇവിടുത്തെ നദികളുടെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള ഒഴുക്ക് ദിശമാറ്റിവിടണമെന്ന് തമിഴ്നാട് കാലാകാലങ്ങളായി ആവശ്യപ്പെടുകയാണ്. നദീജല സംയോജനപദ്ധതി നടപ്പാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഇത്തരത്തിലുള്ള പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ നദീസംയോജനപദ്ധതി കേരളം അതിശക്തമായി എതിര്‍ക്കുന്ന ഒന്നാണ്. നദീസംയോജനത്തിനായി കേന്ദ്രം സംസ്ഥാനത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. തമിഴ്നാടിന്റെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ കേരളത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും തകര്‍ക്കുന്ന സമീപനം യാഥാര്‍ഥ്യമാക്കാന്‍ പുതിയ നീക്കങ്ങളിലൂടെ കേന്ദ്രത്തിന് സാധിക്കും. കേരളത്തിലെ വലിയവിഭാഗം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിയമനിര്‍മാണ അധികാരത്തെ ചോദ്യംചെയ്ത്് തമിഴ്നാട് നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നിയമനിര്‍മാണാധികാരം കേന്ദ്രത്തിലേക്കുമാറ്റിയാലുണ്ടാകുന്ന സ്ഥിതി എന്താകും? പറമ്പിക്കുളം, ആളിയാര്‍ , നെയ്യാര്‍ തുടങ്ങിയ അന്യസംസ്ഥാനത്തിന് കേരളം വെള്ളം നല്‍കുന്ന പദ്ധതികളിലൊക്കെ കാലങ്ങളായി കേരളത്തിന്റെ താല്‍പ്പര്യം ഹനിക്കപ്പെടുകയും അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിച്ച് വിഷയം സങ്കീര്‍ണമാക്കുന്നതിനും നടത്തുന്ന ശ്രമങ്ങള്‍ കണ്ടില്ലെന്നുനടിക്കാന്‍ കഴിയില്ല. ഈ വിഷയങ്ങളില്‍ കേരളത്തിനുള്ള സമ്പൂര്‍ണ അവകാശം കുറയുന്നതരത്തില്‍ കേന്ദ്രനിയമം ഉണ്ടായാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ.

കൊക്കകോള പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ സംസ്ഥാനത്ത് ജലചൂഷണത്തിലൂടെ, ജലമലിനീകരണത്തിലൂടെ വരുത്തിയ വിപത്തുകള്‍ ദുരിതത്തിലാക്കിയവര്‍ക്ക് ആശ്വാസമേകാന്‍ നിയമസഭ പാസാക്കിയതാണ് പ്ലാച്ചിമട ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ട്രിബ്യൂണല്‍ ബില്‍ . പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ച ബില്‍ കൊക്കകോളയുടെ സ്വാധീനഫലമായി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കേരളത്തിലേക്ക് മടക്കി അയക്കുകയായിരുന്നു കേന്ദ്രം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണത്തിനുള്ള പൂര്‍ണ അവകാശം നല്‍കിയാല്‍ സംരക്ഷിക്കപ്പെടുന്നത് ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യമായിരിക്കുമെന്ന് തീര്‍ച്ച. ജലം എന്ന വിഷയത്തില്‍ സംസ്ഥാനത്തിനുള്ള നിയമനിര്‍മാണ അവകാശം കവര്‍ന്നെടുക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഉദ്ദേശ്യവും വ്യക്തമാണ്. കേരളത്തിന്റെ താല്‍പ്പര്യസംരക്ഷണത്തിനായി അനുകൂലമായ എന്തെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരുതുക വയ്യ. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിനായി, ജനങ്ങളുടെ ജലത്തിന്മേലുള്ള അവകാശം നിലനിര്‍ത്തുന്നതിനായി നിയമനിര്‍മാണാധികാരം കൈവശപ്പെടുത്താനുള്ള കേന്ദ്രനീക്കത്തെ പ്രതിരോധിക്കാന്‍ കേരളം മുന്നോട്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

*
എന്‍ കെ പ്രേമചന്ദ്രന്‍ ദേശാഭിമാനി 12 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജലം എന്ന വിഷയം സംസ്ഥാനലിസ്റ്റില്‍നിന്ന് സമവര്‍ത്തി ലിസ്റ്റിലേക്ക് മാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇന്ത്യയുടെ ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ ഭാഗം 11ല്‍ നിയമനിര്‍മാണപരമായ അധികാരങ്ങളുടെ വിഭജനം നടത്തിയിട്ടുണ്ട്. ഏഴാംപട്ടികയിലെ ലിസ്റ്റ് 11 സംസ്ഥാന ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. സംസ്ഥാന ലിസ്റ്റിലെ 17-ാമത് ഇനം ജലമാണ്. പൊതുതാല്‍പ്പര്യത്തിന് യുക്തമാണെന്ന് നിയമംവഴി പാര്‍ലമെന്റ് പ്രഖ്യാപിക്കുന്നത്ര (കേന്ദ്രത്തിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള അന്തര്‍സംസ്ഥാന നദികളുടെയും നദീതടങ്ങളുടെയും ക്രമപ്പെടുത്തലും വികസനവും ഒഴികെ) ജലസംഭരണവും ജലസേചനവും തോടുകളും ഡ്രെയിനേജും ചിറകളും ജലശേഖരണവും ജലശക്തിയും ഉള്‍പ്പെടെ ജലവിഭവസംബന്ധമായ നിയമനിര്‍മാണ അധികാരം ഭരണഘടനാപരമായി നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ്. ഭരണഘടനയില്‍ അധികാരവിഭജനം വ്യക്തമായി നിര്‍വചിച്ചിരിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെ സംസ്ഥാന ലിസ്റ്റിലുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുകയും ഇപ്പോള്‍ വിഷയംതന്നെ സംസ്ഥാന ലിസ്റ്റില്‍നിന്ന് സമവര്‍ത്തി ലിസ്റ്റിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുകയാണ്.