കെട്ടി ഉയര്‍ത്തിയതോ നൂലില്‍ കെട്ടിയിറക്കിയതോ അല്ല... അതിനായി ഒരു "ഗോഡ്ഫാദര്‍" ഉണ്ടായിരുന്നില്ല. ഇയാളുടെ വിജയങ്ങളൊന്നും കൊട്ടിഘോഷിക്കപ്പെട്ടില്ല... കാരണം കെട്ടുകാഴ്ചകളില്‍ അഭിരമിച്ച കളിയെഴുത്തുകാര്‍ക്കും പണ്ഡിതര്‍ക്കും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും ഇയാളൊരു ഇഷ്ടവിഭവമല്ലായിരുന്നു. ഇയാള്‍ക്കായി ആരും ലോകത്തൊരിടത്തും പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ വഴിപാടോ ശത്രുസംഹാരപൂജയോ നടത്തിയില്ല. ഇയാള്‍ക്ക് കെട്ടാന്‍ കൈയിലും കഴുത്തിലും ജപിച്ചെടുത്ത ചരടുകളില്ലായിരുന്നു... പകരം കളിക്കാനുള്ള കഴിവും ഏകാഗ്രതയും ആത്മാര്‍പ്പണവുമായിരുന്നു കൈമുതല്‍ . എങ്കിലും കോടിക്കണക്കിനു കണ്ണുകള്‍ ഈ പ്രതിഭയ്ക്കു ചുറ്റും നിശബ്ദം സഞ്ചരിച്ചു. നേട്ടങ്ങള്‍ ശബ്ദമുണ്ടാക്കാതെ ആഘോഷിച്ചു. പുത്തന്‍കൂറ്റുകാരുടെ "കളിവിഭ്രാന്തി"യില്‍ മതിമറന്ന് ചൂളമടിച്ചവരുടെ നൂറുമൈല്‍ വേഗതയില്‍ കുത്തിയുയരുന്ന വിമര്‍ശനങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ പിന്‍കാലിലൂന്നി കവറിലൂടെ അതിര്‍ത്തി കടത്തി പ്രതിഭയ്ക്ക് അവസാനമില്ലെന്ന് ഇയാള്‍ വീണ്ടുംവീണ്ടും തെളിയിച്ചു.
ഇത് രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നര ദശകം പിന്നിട്ട രാഹുല്‍ ശരത് ദ്രാവിഡെന്ന പ്രതിഭയ്ക്കുള്ള ആമുഖംമാത്രം... "അയാളുടെ തെറ്റായ വിളികള്‍ കാരണം മറ്റുള്ളവര്‍ റൗണ്‍ ഔട്ടാകുന്നു. അയാള്‍ ബാറ്റുചെയ്യുമ്പോള്‍ കൂടെയുള്ളയാളും ടീമും സമ്മര്‍ദത്തിലാകുന്നു. കൂടാതെ രാജ്യം തോല്‍ക്കുകയും ചെയ്യുന്നു... വിമര്‍ശങ്ങള്‍ നീളുകളയാണ്... ഇയാള്‍ ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണ് നല്ലത്..." (2007 പകുതിയില്‍ ക്രിക്കറ്റ് പണ്ഡിതരും കളിയെഴുത്തുകാരും മാധ്യമങ്ങളും ഒരുപോലെ ആവശ്യപ്പെട്ടത്.) "ദ്രാവിഡിനെ തിരിച്ചുവിളിച്ച തീരുമാനം നിര്‍ണായകവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ കളി നിര്‍ണയിക്കാന്‍ ദ്രാവിഡിന് കഴിയും. പ്രത്യേകിച്ചും യുവനിര പരാജയപ്പെടുന്ന ഈ അവസ്ഥയില്‍ . ഈ തീരമാനം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കും". (ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമില്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തിയപ്പോള്‍ മുന്‍ താരങ്ങളും സെലക്ടര്‍മാരും മാധ്യമങ്ങളും വിലയിരുത്തിയത്. 2011 ആഗസ്ത്) ചരിത്രം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്. പ്രതിഭയ്ക്കു മുമ്പില്‍ ... ഏകദിന ക്രിക്കറ്റിന് കൊള്ളാത്തവന്‍ എന്ന് ആക്ഷേപിക്കപ്പെട്ട ദ്രാവിഡ് ടെസ്റ്റിലും ഏകദിനത്തിലും മാത്രമല്ല ട്വന്റി-20യിലും ഒന്നരദശകംമുമ്പ് തുടങ്ങിയ ജൈത്രയാത്ര തുടരുന്നു.
പതിനഞ്ചാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ കരീബിയന്‍ മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ തന്റെ 32-ാം ശതകം തികച്ച് "ക്രീസിലെ യൗവനം" ബോധ്യപ്പെടുത്തിയ ഇന്ത്യയുടെ വന്‍മതില്‍ , തുടര്‍ന്ന് ഇന്ത്യ സമ്പൂര്‍ണ പരാജയമായ ഇംഗ്ലണ്ട് പര്യടനത്തിലും ക്രിക്കറ്റിലെ പതിനഞ്ചാം വര്‍ഷത്തിന്റെ ആഘോഷം തുടര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ 2000-ാമത്തെ പോരാട്ടം നടന്ന ലോഡ്സിലെ ആദ്യ ഇന്നിങ്സില്‍ 33-ാം സെഞ്ച്വറി നേടിയ ദ്രാവിഡ് റണ്‍വേട്ടക്കാരുടെ നിരയില്‍ രണ്ടാമതെത്തി. ഇതേ ഗ്രൗണ്ടില്‍ 1996ലെ അരങ്ങേറ്റത്തില്‍ അഞ്ച് റണ്ണകലെ കൈവിട്ടുപോയ ശതകം 15 വര്‍ഷത്തിനുശേഷം ദ്രാവിഡ് വെട്ടിപ്പിടിക്കുകയായിരുന്നു. റണ്‍വേട്ടയില്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് ദ്രാവിഡ് ഇതിഹാസതാരം സച്ചിന് പിന്നിലെത്തിയത്. ഈ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 36 റണ്‍ നേടിയതോടെ നാലാം ഇന്നിങ്സില്‍ ഏറ്റവും അധികം റണ്‍ നേടിയ താരം എന്ന അപൂര്‍വ ബഹുമതിക്കും ദ്രാവിഡ് അര്‍ഹനായി. 52 നാലാം ഇന്നിങ്ങ്സുകളില്‍ നിന്ന് 1470 റണ്‍ നേടിയ ദ്രാവിഡ് 1440 റണ്‍ നേടിയ വിന്‍ഡീസ്് ഇതിഹാസം ബ്രയന്‍ ലാറയെയാണ് പിന്തള്ളിയത്. നാലാം ടെസ്റ്റില്‍ പരമ്പരയില്‍ മൂന്നാമത്തെയും കരിയറിലെ 35-ാമത്തെയുംശതകം തികച്ച ദ്രാവിഡ് കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ നാലാംസ്ഥാനത്തേക്കുയര്‍ന്നു.
ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്കറിനെയും ബ്രയാന്‍ ലാറയെയും പിന്തള്ളിയായിരുന്നു ഈ നേട്ടം. ഇതിനിടെ ടെസ്റ്റില്‍ 30,000 പന്ത് (5000 ഓവര്‍) നേരിട്ട ആദ്യ കളിക്കാരന്‍ എന്ന ബഹുമതിയും തേടിയെത്തി. പന്ത് അകത്തേയ്ക്കും പുറത്തേയ്ക്കും മൂളിപ്പായുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ കൂറ്റനടിക്കാരായ യുവരക്തം അമ്പേ പരാജയമായപ്പോള്‍ ദ്രാവിഡെന്ന രക്ഷകനെ രണ്ടു വര്‍ഷത്തിനുശേഷം ഏകദിന ടീമിലും ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍ തുടര്‍തോല്‍വികളില്‍നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നു. എന്നാല്‍ , യുവനിരയെ വാര്‍ത്തെടുക്കാന്‍ മുന്നറിയിപ്പ് നല്‍കി ദ്രാവിഡ് ഏകദിനത്തില്‍നിന്ന് ഈ പരമ്പരയോടെ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കെട്ടുകാഴ്ചയുടെ പൂരവും യൗവനത്തിന്റെ ആഘോഷവുമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പ്രതിഭയ്ക്ക് പ്രായമില്ലെന്നു തെളിയിച്ചുകൊണ്ട് 1000 റണ്‍സ് തികച്ച ഒമ്പതാമത്തെ ഇന്ത്യക്കാരനും പതിമൂന്നാമത്തെ താരവും എന്ന റെക്കോര്‍ഡും ദ്രാവിഡ് കൈവരിച്ചു. ആരും ആഘോഷിക്കാതെയും ആര്‍ക്കും വാര്‍ത്തയാകാതെയും പോയ ഈ നേട്ടം ഇക്കഴിഞ്ഞ ഐപിഎല്ലിന്റെ നാലാം എഡിഷനിലായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും 10,000 റണ്‍സ് കടന്ന രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ (മറ്റൊരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍), ടെസ്റ്റില്‍ 12000ത്തിലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ലോകത്തെ മൂന്നാമനും, ഒരു നായകന്റെ 21 ടെസ്റ്റ് വിജയങ്ങളിലും 23 ശതമാനം റണ്‍ സംഭാവനചെയ്ത ഏക ബാറ്റ്സ്മാന്‍ (ഗാംഗുലിയുടെ കീഴില്‍), ടെസ്റ്റില്‍ 200ലേറെ ക്യാച്ച് നേടിയ വിക്കറ്റ് കീപ്പറല്ലാത്ത ഏകയാള്‍ , 1971നു ശേഷം ഇന്ത്യക്ക് ഉപഭൂഖണ്ഡത്തിനു പുറത്ത് ടെസ്റ്റ് പരമ്പരവിജയം നേടിക്കൊടുത്ത നായകന്‍ , ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ സെഞ്ച്വറി നേടിയ കളിക്കാരന്‍ , ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ കളിക്കാരന്‍ , ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധശതകം (22 പന്തില്‍ 50*, 2003 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ) നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ , ഏകദിനത്തിലുണ്ടായ രണ്ട് മുന്നൂറിലധികം റണ്‍ കൂട്ടുകെട്ടിലും പങ്കാളി (അതിലൊന്ന് ലോകറെക്കോര്‍ഡ്- സച്ചിനുമൊത്ത് 331 റണ്‍)- ഒന്നരദശകത്തിനിടെ ദ്രാവിഡ് കൈവരിച്ച നേട്ടങ്ങളില്‍ ചിലതുമാത്രമാണിവ.
"ലിറ്റില്‍ മാസ്റ്റര്‍" സുനില്‍ ഗവാസ്കറും "മാസ്റ്റര്‍ ബ്ലാസ്റ്റര്‍" സച്ചിന്‍ടെന്‍ഡുല്‍ക്കറും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരചിന്തകളിലേക്ക് രാഹുല്‍ ദ്രാവിഡെന്ന കര്‍ണാടകക്കാരന്‍ (വളര്‍ച്ചയും വിദ്യാഭ്യാസവും കര്‍ണാടകത്തിലായിരുന്നെങ്കെിലും ദ്രാവിഡിന്റെ ജനനം മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു. അച്ഛന്‍ ശരത് ദ്രാവിഡിന്റെ പൂര്‍വികര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്ന് ഇന്‍ഡോറിലേക്ക് കുടിയേറി) കടന്നുവന്നത് ആരവങ്ങളില്ലാതെയാണ്. ഒന്നര ദശകത്തെ ക്രിക്കറ്റ് ജീവിതത്തില്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം അടിസ്ഥാനമില്ലാത്ത വിമര്‍ശങ്ങളും ദ്രാവിഡിന് പലപ്പോഴും നേരിടേണ്ടിവന്നു. അവയ്ക്കൊക്കെ ദ്രാവിഡ് മറുപടി പറഞ്ഞത് നാവുകൊണ്ടായിരുന്നില്ല. 1998ല്‍ അര്‍ജുന അവാര്‍ഡ്, 2000ത്തിലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള വിസ്ഡന്‍ പുരസ്കാരം, 2004ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ആദ്യ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും മികച്ച ടെസ്റ്റ് കളിക്കാരനുള്ള ബഹുമതിയും ലഭിച്ചു. കൂടാതെ ആ വര്‍ഷംതന്നെ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കിയും ആദരിച്ചു. 2005ല്‍ ഐസിസിയുടെ ലോക ഇലവനില്‍ ഇന്ത്യയില്‍നിന്ന് ദ്രാവിഡ് മാത്രമാണ് ഇടം നേടിയത്. 2006ല്‍ എംടിവിയുടെ യൂത്ത് ഐക്കണ്‍ അവാര്‍ഡും ദ്രാവിഡിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി എത്തി. 1996 ഏപ്രില്‍ മൂന്നിന് സിംഗപ്പുരില്‍ നടന്ന സിംഗര്‍കപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ വിനോദ് കാംബ്ലിക്ക് പകരക്കാരനായാണ് രാഹുല്‍ ദ്രാവിഡ് എന്ന വലംകൈയന്‍ ബാറ്റ്സ്മാന്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. ഏഴാം ക്ലാസുമുതല്‍ ക്രിക്കറ്റിനെ ഉപാസിച്ച നൈസര്‍ഗിക പ്രതിഭയുടെ സ്വപ്ന സാക്ഷാല്‍ക്കാരമായിരുന്നു ആ ഇന്ത്യന്‍ തൊപ്പി. 1996 ജൂണില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റിലും അരങ്ങേറി. മത്സരത്തില്‍ സെഞ്ച്വറിക്ക് അഞ്ചു റണ്‍ അകലെ ദ്രാവിഡ് പുറത്തായെങ്കിലും മധ്യനിരയില്‍ ഇന്ത്യയ്ക്ക് വിശ്വസ്തനായ ബാറ്റ്സ്മാനെ സമ്മാനിച്ച പര്യടനമായിരുന്നു അത്. രഞ്ജി ടീമില്‍ ദ്രാവിഡിന്റെ സഹകളിക്കാരനും ഗുരുവും മുന്‍ ഇന്ത്യന്‍ വിക്കറ്റ്കീപ്പറുമായ സയ്യിദ് കിര്‍മാനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക- "ദ്രാവിഡിന്റെ പേരില്‍ രണ്ട് "ഡി"യാണുള്ളതെങ്കിലും പക്ഷേ മൂന്നുണ്ടെന്ന് ഞാന്‍ പറയും. ദൃഢനിശ്ചയം, ആത്മാര്‍പ്പണം , അച്ചടക്കം .. ഇവയാണ് രാഹുലിനെ യഥാര്‍ഥ കളിക്കാരാനാക്കി മാറ്റുന്നത്". 1948ലെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായിരുന്ന കേകി താരാപുറാണ് കൊച്ചുദ്രാവിഡിലെ ക്രിക്കറ്ററെ കണ്ടെത്തിയത്.
1991 മുതല്‍ കര്‍ണാടകത്തിന്റെ രഞ്ജി ടീമില്‍ . 1996ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റിലാണ് ആദ്യ സെഞ്ച്വറി നേടുന്നത്. ഈ പ്രകടനത്തിന് മാന്‍ ഓഫ് ദ മാച്ച് ബഹുമതിയും കരസ്ഥമാക്കി. ഇതുവരെയുള്ള കരിയറിലെ 157 ടെസ്റ്റുകളില്‍ 269 ഇന്നിങ്സില്‍നിന്ന് 53 ശരാശരിയില്‍ 12769 റണ്‍ നേടി. ഉയര്‍ന്ന സ്കോര്‍ 270. 35 ശതകവും 59 അര്‍ധ ശതകവും അഞ്ച് ഇരട്ട സെഞ്ച്വറിയും ദ്രാവിഡിന്റെ പേരിലുണ്ട്. ഏകദിനത്തിലാകട്ടെ 339 കളിയില്‍നിന്നായി 12 സെഞ്ചുറിയും 82 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 10765 റണ്ണാണ് സമ്പാദ്യം. ശരാശരി 39.43. അവസാനം കളിച്ചത് വെസ്റ്റ് ഇന്‍ഡീസിനെതിരെ 2009 സെപ്തംബറില്‍ . ഏകദിനത്തില്‍ 10,000 റണ്‍സ് നേടിയ ലോകത്തെ ആറാമത്തെയും ഇന്ത്യയുടെ മൂന്നാമത്തെയും താരമാണ്. സച്ചിനും ഗാംഗുലിയുമാണ് ദ്രാവിഡിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാര്‍ . 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഏറ്റവും അധികം റണ്ണടിച്ചത് ദ്രാവിഡായിരുന്നു(461). 2007ല്‍ ഏകദിന ടീമില്‍നിന്ന് പുറത്തായെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തി. ഇന്ത്യയുടെ "യുവതുര്‍ക്കി"കള്‍ പന്ത് കുത്തി ഉയരുന്ന പിച്ചുകളില്‍ കളിക്കാന്‍ പാടുപെടുന്നത് മനസ്സിലാക്കിയ സെലക്ടര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ പ്രായത്തിലും ടെസ്റ്റ് ടീമില്‍ സ്ഥിരതയോടെ കളിക്കുന്ന രാഹുല്‍ ദ്രാവിഡ് ഒരു അവിശ്വസനീയമായി തുടരുകയാണ്. തന്നേക്കാള്‍ പത്തുവയസ്സിന് ഇളയവര്‍പോലും ടെസ്റ്റിന്റെ കാഠിന്യം താങ്ങാനാകാതെ പരിക്കിലും നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലേക്കും വഴിമാറുമ്പോള്‍ ഇയാള്‍ അശ്വമേധം തുടരുന്നു. ആരോടും പരിഭവമില്ലാതെ.
*
വി എസ് ജെയ്സണ്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 10 സെപ്തംബര്‍ 2011
Sunday, September 11, 2011
Subscribe to:
Post Comments (Atom)
1 comment:
കെട്ടി ഉയര്‍ത്തിയതോ നൂലില്‍ കെട്ടിയിറക്കിയതോ അല്ല... അതിനായി ഒരു "ഗോഡ്ഫാദര്‍" ഉണ്ടായിരുന്നില്ല. ഇയാളുടെ വിജയങ്ങളൊന്നും കൊട്ടിഘോഷിക്കപ്പെട്ടില്ല... കാരണം കെട്ടുകാഴ്ചകളില്‍ അഭിരമിച്ച കളിയെഴുത്തുകാര്‍ക്കും പണ്ഡിതര്‍ക്കും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും ഇയാളൊരു ഇഷ്ടവിഭവമല്ലായിരുന്നു. ഇയാള്‍ക്കായി ആരും ലോകത്തൊരിടത്തും പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ വഴിപാടോ ശത്രുസംഹാരപൂജയോ നടത്തിയില്ല. ഇയാള്‍ക്ക് കെട്ടാന്‍ കൈയിലും കഴുത്തിലും ജപിച്ചെടുത്ത ചരടുകളില്ലായിരുന്നു... പകരം കളിക്കാനുള്ള കഴിവും ഏകാഗ്രതയും ആത്മാര്‍പ്പണവുമായിരുന്നു കൈമുതല്‍ . എങ്കിലും കോടിക്കണക്കിനു കണ്ണുകള്‍ ഈ പ്രതിഭയ്ക്കു ചുറ്റും നിശബ്ദം സഞ്ചരിച്ചു. നേട്ടങ്ങള്‍ ശബ്ദമുണ്ടാക്കാതെ ആഘോഷിച്ചു. പുത്തന്‍കൂറ്റുകാരുടെ "കളിവിഭ്രാന്തി"യില്‍ മതിമറന്ന് ചൂളമടിച്ചവരുടെ നൂറുമൈല്‍ വേഗതയില്‍ കുത്തിയുയരുന്ന വിമര്‍ശനങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ പിന്‍കാലിലൂന്നി കവറിലൂടെ അതിര്‍ത്തി കടത്തി പ്രതിഭയ്ക്ക് അവസാനമില്ലെന്ന് ഇയാള്‍ വീണ്ടുംവീണ്ടും തെളിയിച്ചു.
Post a Comment