തിരുവനന്തപുരം എനിക്ക് അപരിചിതമായ സ്ഥലമല്ല. "ദേശാഭിമാനി"യില്‍ വര്‍ഷങ്ങളോളം പവനന്‍ ആ നഗരത്തില്‍ ജോലിചെയ്തു. ജീവിതത്തിന്റെ സുവര്‍ണകാലം അനുഭവിച്ചത് പവനനോടൊപ്പം ജീവിച്ച ആ കാലങ്ങളിലായിരുന്നു. ഇപ്പോള്‍ വീണ്ടും തിരുവനന്തപുരത്തെ ഓര്‍ക്കേണ്ടി വന്നത് "ശ്രീപത്മനാഭന്റെ പണം" എന്തു ചെയ്യണം എന്നതിനെക്കുറിച്ച് വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ്. കേരളത്തിന്റെ പൊതുകടം നാലായിരം കോടിയില്‍ താഴെയാണ് എന്ന് ധനകാര്യമന്ത്രി കെ എം മാണി കേരള നിയമസഭയില്‍ പ്രസ്താവിച്ചത് ടിവിയില്‍കൂടി കേള്‍ക്കാനിടയായി. എന്നാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യനിലവറകളില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകള്‍ സുപ്രീം കോടതിയുടെ ഉത്തരവുപ്രകാരം തുറന്നുപരിശോധിച്ചപ്പോള്‍ വിദഗ്ധര്‍ക്ക് കണക്ക് കൂട്ടാനായത് ഒന്നര ലക്ഷം കോടിയോളം മതിപ്പുവിലകള്‍ വരുന്ന നിധിയാണ്. ഇനിയും നിലവറകള്‍ തുറക്കാനുണ്ടെന്നത് മറ്റൊരു കാര്യം. ഈ നിലവറകളില്‍ സൂക്ഷിച്ച നിധികളുടെ കണക്ക് എന്തിനാണ് ജനങ്ങളെ അറിയിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. അതുകൊണ്ട് എന്ത് പ്രയോജനം? ഈ നിധി എന്തു ചെയ്യണം എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍ , ജനങ്ങളുടെ കണ്ണീരുകൊണ്ട് ഉണ്ടായ ഈ പണം ജനക്ഷേമത്തിനു വേണ്ടി ഉപയോഗിക്കണമെന്ന് പറയുകയുണ്ടായി. ഡോ. സുകുമാര്‍ അഴീക്കോടും സുപ്രീംകോടതി ജഡ്ജിയായിരുന്ന വി ആര്‍ കൃഷ്ണയ്യരും അത്തരം ഒരു നിലപാടു തന്നെയാണ് പറഞ്ഞത്. പക്ഷേ ഇവരെയൊന്നും തല്ലാനോ വീടുകയറി ആക്രമിക്കാനോ തയ്യാറാകാത്തവര്‍ യുക്തിവാദി നേതാവായ യു കലാനാഥന്റെ (അദ്ദേഹം ഇല്ലാതിരുന്ന സമയത്ത്) വീടുകയറി ആക്രമിച്ചു. സത്യം കല്ലെറിഞ്ഞാല്‍ പേടിക്കുന്ന ഭീരുവല്ല. കഴിഞ്ഞ ദിവസം കേരള ദളിത്സഭ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറനിധി ദളിതര്‍ക്കും ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും ഗുണകരമായ വിധത്തില്‍ ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് പറഞ്ഞ് ധര്‍ണ നടത്തി. അവിടെയൊന്നും സാമൂഹ്യരംഗത്തോ രാഷ്ട്രീയ രംഗത്തോ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കണ്ടതുമില്ല. ഇപ്പോള്‍ അവര്‍ കേരളത്തെ ബംഗളൂരുവാക്കരുത് എന്ന് പറയുന്നവരുടെ പിന്നാലെയാണ്. പാതിരായ്ക്ക് പെണ്ണുങ്ങള്‍ക്ക് നടക്കാന്‍ കഴിയുന്നില്ല എന്നതാണ് അവരെ സംബന്ധിച്ച മുഖ്യപ്രശ്നം. അതിലേക്കൊന്നും കടക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഇപ്പോള്‍ പത്മനാഭസ്വാമിയുടെ നിധി തന്നെ ഇവിടുത്തെ മുഖ്യ പ്രശ്നം.
തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ നാട് ഭരിച്ച് സമ്പാദിച്ചതാണ്. അല്ലാതെ പത്മനാഭസ്വാമിയുടെ ദിവ്യശക്തി കൊണ്ട് സ്വയംഭൂവായി ഉണ്ടായതല്ല ഡച്ച് മുദ്രയുള്ള സ്വര്‍ണ നാണയങ്ങളടങ്ങുന്ന നിലവറ നിധി. നാട്ടരചന്റെ കാശ് നാട്ടില്‍നിന്നും നാട്ടുകാരില്‍നിന്നും സ്വരൂപിച്ചതാണ്. തിരുവല്ല പോലുള്ള ചെറുകിട നാട്ടുരാജാക്കന്മാരെ നായര്‍പ്പടയാളികളെ ഉപയോഗിച്ച് കൊന്നും കീഴ്പ്പെടുത്തിയും ഉണ്ടാക്കിയതാണ് നിധിശേഖരത്തിലുള്ളത്. കേരളത്തിന്റെ എരിവുള്ള കുരുമുളകിന് കറുത്ത പൊന്ന് എന്ന അപരനാമം ഉണ്ടായത് വിദേശീയര്‍ വില കൊടുത്ത് കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ്. ഈ അന്താരാഷ്ട്ര വ്യാപാരത്തിലൂടെ കൈവന്ന ചുങ്കവും നിലവറ നിധിയിലുണ്ട്. ഇങ്ങനെ നാടിനേയും നാട്ടുകാരേയും മുന്‍നിര്‍ത്തി ലോകവ്യാപാരവുമായി ബന്ധപ്പെട്ട് ഭരണാധികാരികളെന്ന നിലയില്‍ തിരുവിതാംകൂര്‍ സ്വരൂപിച്ച ധനത്തിന്റെ ശേഖരമാണ് കണ്ടെടുക്കപ്പെട്ടിരിക്കുന്നത്. കാറ്റിനും കാശിനും ജാതിയും മതവും ഒന്നുംതന്നെ ഇല്ല. അറബിയുടെ കാശുകൊണ്ട് നാട്ടില്‍ വന്ന് ക്ഷേത്രം പൊന്നു പൂശുന്ന ഹിന്ദുമതേതരമായ പൈസ തന്നെയാണ് സ്വന്തം ആരാധനാലയം നിലനിര്‍ത്താനുപയോഗിക്കുന്നത്. ഹിന്ദുവിന് മാത്രമായി പണമുണ്ടാക്കാനാവില്ല. വിശ്വാസികള്‍ക്ക് മാത്രമായി പണമുണ്ടാക്കാനാവില്ല. അതുകൊണ്ട് പണം എവിടെനിന്ന് കണ്ടെടുത്താലും മുഴുവന്‍ ജനങ്ങളുടേയും അഭ്യുദയത്തിന് ഉപയോഗിക്കപ്പെടേണ്ടതാണ്. അതല്ലാതെ മഹാരാജാക്കന്മാരുടെ അധീനത്തില്‍ ഇത്രയും വലിയ നിധി ഒരു ട്രസ്റ്റ് ഉപയോഗിച്ച് സംരക്ഷിക്കണം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്.
ഇപ്പോള്‍ സായ്ബാബ ട്രസ്റ്റിന് സംഭവിച്ചതിന്നപ്പുറം എന്തെങ്കിലും ഇവിടെയും സംഭവിക്കുമെന്ന് തോന്നുന്നില്ല. വയോജന സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നീ മേഖലകളിലെല്ലാം നിരവധി പ്രശ്നങ്ങള്‍ പണമില്ലാത്തതുകൊണ്ട് അപരിഹാര്യമായി കിടക്കുമ്പോള്‍ സ്വിസ് ബാങ്കുകളില്‍ കോടികള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നവരെ തുറന്നുകാണിച്ച് ആ പണം കണ്ടെടുത്ത് ജനക്ഷേമത്തിന് ഉപയോഗിക്കണം എന്നു പറയുന്നവര്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയില്‍ സൂക്ഷിക്കപ്പെട്ട ചരിത്രപരമായ പൊതുസ്വത്തെന്ന നിലയില്‍ ജനക്ഷേമത്തിന് ഉപയോഗിക്കാം എന്ന് എന്തുകൊണ്ട് പറയുന്നില്ല? ക്ഷേത്രനിധി പൊതുകാര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നുള്ളതിന് കൊച്ചി രാജാവ് മാതൃക കാണിച്ചിട്ടുണ്ട്. പൂര്‍ണത്രയീ ക്ഷേത്രത്തിലെ ഉരുപ്പടികള്‍ ഉരുക്കിവിറ്റാണ് റെയില്‍വേ നിര്‍മാണഫണ്ട് കണ്ടെത്തിയത്. ഈ മാതൃക എന്തുകൊണ്ട് ഇനിയും കാണിച്ചുകൂട. നമ്മുടെ പിച്ചച്ചട്ടിയില്‍നിന്ന് ഒരു കോടി എടുത്ത് ഒന്നരലക്ഷം കോടി രൂപയുടെ നിധിക്ക് കാവല്‍ ഏര്‍പ്പെടുത്തുന്ന തുഗ്ലക്കിയന്‍ ഭരണനടപടികള്‍ ഒഴിവാക്കാനെങ്കിലും പത്മനാഭനിധി പൊതുജനക്ഷേമത്തിന് ഉപയോഗിക്കുന്നതുകൊണ്ട് സാധിക്കുമല്ലോ.
*
പാര്‍വതി പവനന്‍ ദേശാഭിമാനി 03 സെപ്തംബര്‍ 2011
Thursday, September 1, 2011
Subscribe to:
Post Comments (Atom)
1 comment:
സ്വിസ് ബാങ്കുകളില്‍ കോടികള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നവരെ തുറന്നുകാണിച്ച് ആ പണം കണ്ടെടുത്ത് ജനക്ഷേമത്തിന് ഉപയോഗിക്കണം എന്നു പറയുന്നവര്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയില്‍ സൂക്ഷിക്കപ്പെട്ട ചരിത്രപരമായ പൊതുസ്വത്തെന്ന നിലയില്‍ ജനക്ഷേമത്തിന് ഉപയോഗിക്കാം എന്ന് എന്തുകൊണ്ട് പറയുന്നില്ല? ക്ഷേത്രനിധി പൊതുകാര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നുള്ളതിന് കൊച്ചി രാജാവ് മാതൃക കാണിച്ചിട്ടുണ്ട്. പൂര്‍ണത്രയീ ക്ഷേത്രത്തിലെ ഉരുപ്പടികള്‍ ഉരുക്കിവിറ്റാണ് റെയില്‍വേ നിര്‍മാണഫണ്ട് കണ്ടെത്തിയത്. ഈ മാതൃക എന്തുകൊണ്ട് ഇനിയും കാണിച്ചുകൂട. നമ്മുടെ പിച്ചച്ചട്ടിയില്‍നിന്ന് ഒരു കോടി എടുത്ത് ഒന്നരലക്ഷം കോടി രൂപയുടെ നിധിക്ക് കാവല്‍ ഏര്‍പ്പെടുത്തുന്ന തുഗ്ലക്കിയന്‍ ഭരണനടപടികള്‍ ഒഴിവാക്കാനെങ്കിലും പത്മനാഭനിധി പൊതുജനക്ഷേമത്തിന് ഉപയോഗിക്കുന്നതുകൊണ്ട് സാധിക്കുമല്ലോ.
Post a Comment