സിഐഎയുടെ മുന്‍കയ്യില്‍ അമേരിക്കന്‍ ഗവേഷകരും പെന്‍റഗണും മനുഷ്യരാശിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ ജൈവ - രാസയുദ്ധങ്ങളെയും രോഗപരീക്ഷണങ്ങളെയും സംബന്ധിച്ചുള്ള സ്തോഭജനകമായ വെളിപ്പെടുത്തലുകള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഗ്വാട്ടിമാലയിലെ തടവുകാര്‍ക്ക് നേരെ അമേരിക്കന്‍ ഭരണകൂടം നടത്തിയ ഹീനമായൊരു രോഗപരീക്ഷണത്തെക്കുറിച്ചുള്ള അത്യന്തം അപലപനീയമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ ഗവേഷകര്‍ 1946 - 48 കാലത്ത് ഗ്വാട്ടിമാലക്കാരില്‍ മാരകമായ ലൈംഗിക രോഗ പരീക്ഷണം നടത്തിയെന്നും അതിന് ഇരയായ 83 പേര്‍ അതിവേഗം മരിച്ചുവെന്നും കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വെല്ലസ്ലി കോളേജ് പ്രൊഫസര്‍ സൂസന്‍ റിവര്‍ബെയാണ് ലോകത്തെ അറിയിച്ചത്. തീര്‍ത്തും അധാര്‍മികമാണെന്ന ബോധത്തോടെയാണ് ആറ് പതിറ്റാണ്ടുമുമ്പ് അമേരിക്കന്‍ ഗവേഷകര്‍ ഗ്വാട്ടിമാലയിലെ തടവുകാരിലും മനോരോഗികളിലും ഈ രോഗപരീക്ഷണം നടത്തിയതെന്നാണ് സൂസന്‍ റിവര്‍ബെ കണ്ടെത്തിയിരിക്കുന്നത്.
സിഐഎയുടെ സ്പെഷല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍പെട്ട വൈദ്യശാസ്ത്രജ്ഞരാണ് ഈ മനുഷ്യത്വരഹിതമായ രോഗപരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. വൈദ്യശാസ്ത്ര സദാചാരത്തിന് വിരുദ്ധമായ ഇത്തരം ഓപ്പറേഷനുകള്‍ക്ക് സിഐഎയും വന്‍കിട ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും ഡോക്ടര്‍മാരെയും ഗവേഷകരെയും റിക്രൂട്ട് ചെയ്തെടുക്കുന്നുണ്ട്. വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുക്കുന്നവര്‍ ഒരു പ്രതിജ്ഞയെടുക്കുന്നുണ്ട്. ബിസി നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ഹിപ്പോക്രാറ്റസ് എഴുതിയുണ്ടാക്കിയെതെന്ന് വിശ്വസിക്കുന്ന വൈദ്യസദാചാരത്തിന്റെ മൂല്യങ്ങളടങ്ങുന്ന ധാര്‍മ്മികസംഹിതയാണ് ഈ പ്രതിജ്ഞ. രോഗഗ്രസ്തരായ മനുഷ്യരെ രോഗവിമുക്തരാക്കുവാന്‍ വേണ്ടി മാത്രമേ തെന്‍റ അറിവും കഴിവും ഉപയോഗിക്കൂവെന്നുള്ളതാണ് ഓരോ ഡോക്ടറും എടുക്കുന്ന പ്രതിജ്ഞ. രോഗം പിടിപെട്ടുഴലുന്നവരെ ഏത് ഘട്ടത്തിലും രക്ഷിക്കുന്നതിന് സന്നദ്ധനാണെന്നാണ് ഓരോ ഡോക്ടറും സ്വയം പ്രതിജ്ഞ ചെയ്യുന്നത്. രോഗം പിടിപെട്ടവരെ രക്ഷിക്കുവാനുള്ള കടമയാണ് മറ്റെന്തിനേക്കാളും വൈദ്യസദാചാരം ഡോക്ടര്‍മാരില്‍ ഏല്‍പിച്ചിരിക്കുന്നത്. എന്നാല്‍ അതേ ഡോക്ടര്‍മാരെ തന്നെ ഉപയോഗിച്ചാണ് അമേരിക്കന്‍ ഭരണകൂടം മനുഷ്യത്വരഹിതമായ രോഗപരീക്ഷണങ്ങള്‍ നടത്തി മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത്. വൈദ്യസദാചാരത്തിന്റെ എല്ലാ മൂല്യങ്ങളെയും കാറ്റില്‍പറത്തികൊണ്ടാണ് സിഐഎയുടെ ഗവേഷണ - പരീക്ഷണ വിഭാഗം ഗ്വാട്ടിമാലന്‍ തടവുകാരിലും മനോരോഗികളിലും ലൈംഗികരോഗപരീക്ഷണം നടത്തിയത്.
പ്രൊഫ. സൂസന്‍ റിവര്‍ബെ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട വിവരമനുസരിച്ച് സിഫിലിസ്, ഗൊണേറിയ, ഷാങ്ക്രോയ്ഡ് തുടങ്ങിയ മാരകമായ ലൈംഗികരോഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഈയിടെ ഈ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ് ഒബാമ ഈ മഹാപാതകത്തെ സംബന്ധിച്ച് അന്വേഷിക്കുവാന്‍ ഒരു കമ്മീഷനെ നിയോഗിച്ചത്. ഈ പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സൂസന്‍ റിവര്‍ബെയുടെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. കമ്മീഷന്‍ നടത്തിയ പരസ്യമായ തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ ഈ മനുഷ്യത്വരഹിതമായ രോഗപരീക്ഷണത്തിന് തെളിവുകള്‍ നല്‍കിയതായി വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് അടുത്തമാസം അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ടേക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1932 മുതല്‍ 72 വരെ അലബാമയിലെ കറുത്തവംശജരായ ദരിദ്രകര്‍ഷകരില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ സിഫിലിസ് പരീക്ഷണം നടത്തിയത് സംബന്ധിച്ചുള്ള, ടസ്കജി സിഫിലിസ് പരീക്ഷണത്തെ സംബന്ധിച്ച ഗവേഷണ പഠനത്തിനിടയിലാണ് ഗ്വാട്ടിമാലയില്‍ നടന്ന ക്രൂരമായ ഈ ലൈംഗികരോഗപരീക്ഷണം സൂസന്‍ റിവര്‍ബെയുടെ ശ്രദ്ധയില്‍ വന്നത്. ഗ്വാട്ടിമാലയില്‍ ഏകദേശം 5,500 തടവുകാരെയും മനോരോഗികളെയും കുട്ടികളെയും സൈനികരെയുമാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രോഗപഠനത്തിനായി കണ്ടെത്തിയത്. 1300 പേരാണത്രേ അവരറിയാതെ ലൈംഗികരോഗപരീക്ഷണത്തിന് വിധേയരായത്. രോഗബാധിതരായ ലൈംഗികതൊഴിലാളികളെ ഉപയോഗിച്ചും നേരിട്ട് രോഗാണുക്കള്‍ കുത്തിവെച്ചുമാണ് ഇവര്‍ക്ക് രോഗമുണ്ടാക്കിയത്. ലൈംഗികരോഗ ചികില്‍സയില്‍ പെന്‍സിലിന്റെ ഫലപ്രാപ്തിയെക്കുറിച്ചു പഠിക്കാനായിരുന്നു ഈ പരീക്ഷണം. എന്നാല്‍ , രോഗാണു പരീക്ഷണം നടത്തിയ ആയിരങ്ങളില്‍ എഴുനൂറോളം പേര്‍ക്ക് മാത്രമാണ് എന്തെങ്കിലും ചികില്‍സ നല്‍കിയത്.
ബഹുരാഷ്ട്രകുത്തകകളുടെ മരുന്നു പരീക്ഷണത്തിന് യാതൊരുവിധ നിയന്ത്രണവും മൂന്നാംലോക രാജ്യങ്ങളില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍പോലും നവഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി എടുത്തുകളയപ്പെടുകയാണ്. ഇത്തരം രോഗപരീക്ഷണങ്ങളെല്ലാം അമേരിക്കയുടെ യുദ്ധ ഗവേഷണവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ജൈവായുധങ്ങള്‍ വികസിപ്പിക്കുക എന്ന തന്ത്രമാണ് രോഗാണുപരീക്ഷണത്തിലൂടെ സിഐഎയുടെ പ്രത്യേക ഗവേഷണവിഭാഗം ലക്ഷ്യംവെക്കുന്നത്. മനുഷ്യരാശിക്കെതിരായ മഹാ അപരാധമാണ് ഇത്തരം പരീക്ഷണങ്ങളെന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് യാതൊരുവിധ സംശയവുമില്ല. ഗ്വാട്ടിമാലാ പ്രസിഡന്‍റ് ആല്‍വാരോ കൊളോം തുറന്നുപറഞ്ഞത്, അമേരിക്കന്‍ ഗവേഷകര്‍ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റമാണെന്നാണ്. ഗ്വാട്ടിമാലയിലെ തടവുകാരിലും മനോരോഗികളിലും നടത്തിയ ഈ മാരകമായ രോഗപരീക്ഷണം അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നാണ് പെന്‍സില്‍വേനിയ സര്‍വ്വകലാശാലയിലെ ആമി ഗുഡ്മാന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അസന്ദിഗ്ദ്ധമായ ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മനുഷ്യരാശിയോടും വൈദ്യസദാചാരത്തോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പരീക്ഷണത്തിന് ഇരയായവരില്‍നിന്നും അമേരിക്കയിലെയും ഗ്വാട്ടിമാലയിലെയും ശാസ്ത്ര സമൂഹത്തില്‍നിന്നും അമേരിക്കന്‍ ഗവേഷകര്‍ തങ്ങളുടെ പ്രവൃത്തി ബോധപൂര്‍വ്വം മറച്ചുവെച്ചു. തീര്‍ത്തും മനുഷ്യത്വരഹിതവും അധാര്‍മ്മികവുമായ പരീക്ഷണങ്ങളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഗവേഷകര്‍ അത് നടത്തിയെന്നതാണ് സ്തോഭകജനകമായ വസ്തുത. പ്രസിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് ഒബാമ ഗ്വാട്ടിമാലന്‍ സമൂഹത്തോട് മാപ്പ് ചോദിച്ചിരിക്കുകയാണ്. ലോകത്തിന് മുമ്പില്‍ ഭീതിദമായ അമേരിക്കന്‍ ചെയ്തികള്‍ അനാവൃതമാകുമ്പോള്‍ മുഖം രക്ഷിക്കുവാന്‍ നടത്തുന്ന സാധാരണ വേലകള്‍ മാത്രമാണ് ഈ മാപ്പിരക്കല്‍ എന്ന കാര്യം അമേരിക്കന്‍ ഭരണകൂടത്തിന്റെ ചരിത്രം പഠിച്ചിട്ടുള്ള എല്ലാവര്‍ക്കുമറിയാം.
സാമ്പ്രദായിക ആയുധങ്ങള്‍ ഉപയോഗിക്കാത്ത സിഐഎയുടെ "കറുത്ത സൈനിക പ്രവര്‍ത്തനങ്ങള്‍" (Black Operations) മറ്റെല്ലാ അമേരിക്കന്‍ ഭരണാധികാരികളുടെ കാലത്തെന്നപോലെ ഒബാമയുടെ ഭരണത്തിലും തീവ്രതരമായ രീതിയില്‍ തുടരുകയാണ്. ഈ "കറുത്ത സൈനിക പ്രവര്‍ത്തനങ്ങള്‍"ക്കായി നിയോഗിക്കപ്പെടുന്ന സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുകള്‍ അമേരിക്കന്‍ സൈനിക സംവിധാനത്തിന്റെ അവിഭാജ്യഘടകമാണ്. സിഐഎയാണ് ഇത്തരം പ്രത്യേക ഗവേഷണ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നതും നയിക്കുന്നതും. പെന്‍റഗണിന്റെ ഔപചാരിക രേഖകളിലൊന്നും ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് വിവരമുണ്ടാവാറില്ല. യഥാര്‍ത്ഥത്തില്‍ ഒരുതരം ഗവേഷണവും പരീക്ഷണവുമല്ല ഇത്തരം സ്പെഷല്‍ ഗ്രൂപ്പുകളുടെ ജോലി. ഒരുതരം ഭീകരസംഘത്തെപ്പോലെ പ്രത്യേക നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതില്ലാത്ത നരഹത്യാ സ്ക്വാഡുകളാണിത്തരം ഗ്രൂപ്പുകള്‍ . സിഐഎയും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും പെന്‍റഗണും അമേരിക്കന്‍ കോര്‍പ്പറേറ്റ് മാധ്യമവ്യവസ്ഥയും ചേര്‍ന്നാണ് ഇത്തരം ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്ത് നിര്‍വ്വഹിക്കുന്നത്. തങ്ങളുടെ നീചമായ ജൈവ - രാസായുധ പരീക്ഷണങ്ങളെ മറച്ചുപിടിക്കുവാനായി അമേരിക്കന്‍ മാധ്യമങ്ങളെ സിഐഎ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. തങ്ങളുടെ മനുഷ്യത്വരഹിതമായ ചെയ്തികളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അജ്ഞത സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രലീലകളിലൂടെയാണ് സിഐഎ മനുഷ്യരാശിക്കെതിരായ മഹാപാതകങ്ങള്‍ അനവരതം നടപ്പാക്കുന്നത്.
1991ലെ യുദ്ധത്തിനുശേഷം അങ്ങേയറ്റം വിധ്വംസകമായ ഉപരോധവ്യവസ്ഥകളിലൂടെ ശ്വാസംമുട്ടിച്ച് നിര്‍ത്തിയിരുന്ന ഇറാഖിനുനേരെ വീണ്ടും സൈനികാക്രമണമാരംഭിച്ചപ്പോള്‍ അമേരിക്കന്‍ ഭരണകൂടം പറഞ്ഞ ന്യായീകരണം ഇറാഖ് വന്‍തോതില്‍ ജൈവ, രാസായുധങ്ങള്‍ നിര്‍മ്മിച്ച് സംഭരിച്ചിട്ടുണ്ടെന്നായിരുന്നു. മനുഷ്യരാശിക്ക് ഭീഷണിയാവുന്ന ഈ മാരകായുധങ്ങള്‍ നശിപ്പിക്കുവാന്‍ യുദ്ധം അനിവാര്യമാണെന്നായിരുന്നല്ലോ ബുഷ് ഭരണകൂടം നിരന്തരമായി ലോകത്തെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചത്. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ജനാധിപത്യമൂല്യങ്ങളെയും ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇറാഖിന് നേരെ ആക്രമണം നടത്തുവാന്‍ യാതൊരു ന്യായവും ഉണ്ടായിരുന്നില്ല. തങ്ങളുടെ ലോകാധിപത്യത്തിനായി ഐക്യരാഷ്ട്രസഭയെ മാപ്പുസാക്ഷിയാക്കികൊണ്ട് അമേരിക്കയും കൂട്ടാളികളും നടത്തിയ ഇറാക്കാക്രമണം ജൈവരാസായുധങ്ങളെ നശിപ്പിക്കുവാനുള്ള "മാനവികത"ക്കുവേണ്ടിയുള്ള യുദ്ധമായി അവതരിപ്പിക്കുകയായിരുന്നു അമേരിക്കന്‍ ഭരണകൂടം. ഇറാക്കിന്റെ ജൈവ, രാസായുധശേഖരങ്ങളെപ്പറ്റി കഥകള്‍ പ്രചരിപ്പിക്കുന്ന അമേരിക്ക തന്നെയാണ് ഇത്തരം ആയുധങ്ങള്‍ ഏറ്റവുമധികം നിര്‍മ്മിക്കുകയും സംഭരിക്കുകയും മനുഷ്യസമൂഹത്തിനുമേല്‍ പ്രയോഗിക്കുകയും ചെയ്തിട്ടുള്ളതെന്ന വസ്തുത ആഗോള മാധ്യമ വ്യവസ്ഥയ്ക്ക് മറച്ചുവെയ്ക്കാനാവാത്ത അനിഷേധ്യമായൊരു ചരിത്ര യാഥാര്‍ത്ഥ്യമാണ്.
സാമ്പ്രദായിക ആയുധങ്ങളെ അപേക്ഷിച്ച് ആപല്‍ക്കാരിയും ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്നവയും സൈനികര്‍ക്കു മാത്രമല്ല സിവിലിയന്മാരുടെ കൂടി ജീവിതത്തെ അപകടപ്പെടുത്തുകയും പാരിസ്ഥിതിക ഘടകങ്ങളെ മലിനീകരിക്കുകയും ചെയ്യുന്നവയുമായ രാസായുധങ്ങളും ജൈവായുധങ്ങളും അമേരിക്ക നിര്‍മ്മിച്ചു കുന്നുകൂട്ടുകയാണ്. ലോക സമൂഹത്തിനുനേരെ ഇത്തരം മനുഷ്യനാശകാരിയായ ആയുധങ്ങള്‍ അമേരിക്ക പലവട്ടം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. 1960കളിലും 70കളിലും വിയറ്റ്നാം യുദ്ധത്തില്‍ ഇത്തരം രാസ, ജൈവായുധങ്ങള്‍ അമേരിക്ക വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. അമേരിക്കന്‍ യുദ്ധ യത്നങ്ങളോട് നിസ്സഹകരിച്ച സ്വന്തം സൈനികര്‍ക്കുനേരെപോലും വിഷവാതകങ്ങള്‍ പ്രയോഗിക്കുവാന്‍ സിഐഎ നടത്തിയ ഞെട്ടിപ്പിക്കുന്ന ശ്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വെളിപ്പെടുത്തലുകളും ഈയടുത്തകാലത്ത് പുറത്തുവരികയുണ്ടായി. നിരപരാധികളായ ജനങ്ങള്‍ക്കും സ്വന്തം സൈനികര്‍ക്കും നേരെ അമേരിക്ക നടത്തിയ വിഷവാതക പ്രയോഗത്തിെന്‍റ നിഷ്ഠൂരമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകള്‍ 90കളുടെ അവസാനം അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുകൊണ്ടുവന്നു. "ഓപ്പറേഷന്‍ ടെയില്‍വിന്‍റ്" എന്ന് നാമകരണം ചെയ്യപ്പെട്ട സിഐഎയും പെന്‍റഗണും ആസൂത്രണം ചെയ്ത രഹസ്യ സൈനിക നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഹിംസയുടെയും നരഹത്യകളുടെയും ഭീതിദമായ ചിത്രമാണ് വരച്ചുകാട്ടുന്നത്.
1970 സെപ്തംബറില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്‍റഗണില്‍നിന്നുള്ള ആജ്ഞയനുസരിച്ച് നടത്തിയ "ഓപ്പറേഷന്‍ ടെയില്‍വിന്‍റ്" രാസായുധങ്ങള്‍ പ്രയോഗിച്ചുകൊണ്ടുള്ള സ്വന്തം സൈനികര്‍ക്കുനേരെയുള്ള യുദ്ധമായിരുന്നു. വിയറ്റ്നാമില്‍ അമേരിക്ക നടത്തിക്കൊണ്ടിരുന്ന നരവേട്ടയില്‍ മനസ്സു മടുത്ത് യുദ്ധത്തോട് നിസ്സഹകരിക്കുകയും ഉത്തര വിയറ്റ്നാം പക്ഷത്തേക്ക് കൂറുമാറുകയും ചെയ്ത സൈനികരെ വകവരുത്തുവാനായിട്ടാണ് ഈ രാസായുധ പ്രയോഗം ആസൂത്രണം ചെയ്യപ്പെട്ടത്. "സരിന്‍" എന്ന വിഷവാതകം പ്രയോഗിച്ചുകൊണ്ട് നടത്തിയ യുദ്ധം ഏതാനും അമേരിക്കന്‍ പട്ടാള മേധാവികളുടെ മാത്രം പ്രതികാര മനോഭാവത്തില്‍ നിന്നുടലെടുത്തതായിരുന്നില്ല. പെന്‍റഗണും സിഐഎയും തങ്ങള്‍ വികസിപ്പിച്ചെടുത്ത ഒരു രാസായുധത്തിന്റെ പരീക്ഷണം നടത്തുകയായിരുന്നു സ്വന്തം സൈനികരില്‍ എന്ന വിവരമാണ് വെളിപ്പെടുത്തപ്പെട്ടത്. ഇതുസംബന്ധമായി പുറത്തുവന്നിരിക്കുന്ന രഹസ്യരേഖകള്‍ മനുഷ്യരാശിക്കെതിരെ അമേരിക്ക വികസിപ്പിച്ചെടുത്ത രാസായുധ പ്രയോഗങ്ങളുടെ നീചമായ ചരിത്രത്തെക്കൂടി അനാവരണം ചെയ്യുന്നതാണ്. (തുടരും)
*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക 23 സെപ്തംബര്‍ 2011
രണ്ടാം ഭാഗം ഇവിടെ
Sunday, September 25, 2011
മനുഷ്യരാശിക്കെതിരായ മഹാപാതകങ്ങള്‍ 1
Subscribe to:
Post Comments (Atom)
2 comments:
സിഐഎയുടെ മുന്‍കയ്യില്‍ അമേരിക്കന്‍ ഗവേഷകരും പെന്‍റഗണും മനുഷ്യരാശിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ ജൈവ - രാസയുദ്ധങ്ങളെയും രോഗപരീക്ഷണങ്ങളെയും സംബന്ധിച്ചുള്ള സ്തോഭജനകമായ വെളിപ്പെടുത്തലുകള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഗ്വാട്ടിമാലയിലെ തടവുകാര്‍ക്ക് നേരെ അമേരിക്കന്‍ ഭരണകൂടം നടത്തിയ ഹീനമായൊരു രോഗപരീക്ഷണത്തെക്കുറിച്ചുള്ള അത്യന്തം അപലപനീയമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ ഗവേഷകര്‍ 1946 - 48 കാലത്ത് ഗ്വാട്ടിമാലക്കാരില്‍ മാരകമായ ലൈംഗിക രോഗ പരീക്ഷണം നടത്തിയെന്നും അതിന് ഇരയായ 83 പേര്‍ അതിവേഗം മരിച്ചുവെന്നും കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വെല്ലസ്ലി കോളേജ് പ്രൊഫസര്‍ സൂസന്‍ റിവര്‍ബെയാണ് ലോകത്തെ അറിയിച്ചത്. തീര്‍ത്തും അധാര്‍മികമാണെന്ന ബോധത്തോടെയാണ് ആറ് പതിറ്റാണ്ടുമുമ്പ് അമേരിക്കന്‍ ഗവേഷകര്‍ ഗ്വാട്ടിമാലയിലെ തടവുകാരിലും മനോരോഗികളിലും ഈ രോഗപരീക്ഷണം നടത്തിയതെന്നാണ് സൂസന്‍ റിവര്‍ബെ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കണം ...
Post a Comment