നൃത്തമെന്നത് എനിക്കൊരു ഊര്‍ജമാണ്. നൃത്തത്തിലൂടെ അതിജീവനത്തിനുള്ള ജീവിക്കാനുള്ള, പോരാടാനുള്ള കരുത്താണ് ഞാന്‍ ആര്‍ജിക്കുന്നത്. വെറുമൊരു കലാരൂപമായല്ല ഞാന്‍ നൃത്തത്തെ കാണുന്നത്. വംശഹത്യയുടെ നാളുകളില്‍ ദര്‍പ്പണയിലൂടെ നൃത്തവും നാടകവുമായാണ് ഞങ്ങള്‍ പ്രതികരിച്ചത്. ഇന്നും ഗുജറാത്തിന്റെ ചോരപ്പാട് മാഞ്ഞിട്ടില്ല, കണ്ണീരുണങ്ങിയിട്ടില്ല. ഗാന്ധിജിയുടെ നാടായാണ് ഗുജറാത്ത് അറിയപ്പെട്ടത്. പിന്നീടത് സര്‍ദാര്‍പട്ടേലിന്റെ പേരിലായി. ഇന്ന് മോഡിക്ക് ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ , ഗുജറാത്ത് ഇവരുടേതല്ല, അവിടത്തെ സാധാരണക്കാരുടേതാണ്. അതുകൊണ്ടാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സദ്ഭാവന ഉപവാസം നടത്തിയപ്പോള്‍ വംശഹത്യയിലെ ഇരകള്‍ക്ക് ആഹാരംകൊടുത്ത് പ്രതിഷേധിക്കാന്‍ ഞാന്‍ തയ്യാറായത്- മല്ലിക സാരാഭായിയുടെ വാക്കുകളില്‍ കെടാത്ത ചൂടും വെളിച്ചവും.
“മോഡിയുടെ ഉപവാസം മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. മാധ്യമങ്ങളില്‍ നിറയുന്നതല്ല ഗുജറാത്തിന്റെ ചിത്രം, അത് നിറംപിടിപ്പിച്ചതും കെട്ടിച്ചമച്ചതുമാണ്. ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ നരേന്ദ്രമോഡി ഇപ്പോള്‍ വികസനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍പദവി അണിയുകയാണ്. മാധ്യമങ്ങളെ വിലക്കെടുത്ത് പരസ്യം നല്‍കി പ്രീണിപ്പിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. മാനുഷികനീതി ലഭിക്കാത്ത ആയിരക്കണക്കിന് പാവങ്ങള്‍ ജീവിക്കുന്ന, ദാരിദ്ര്യവും അസമത്വവും അനുഭവിക്കുന്ന മുക്കുവരും കൃഷിക്കാരുമുള്ള ജനതയുടെ ജീവിതം കണ്ടാലറിയാം അനീതിയും അതിക്രമവും നിറഞ്ഞ ഗുജറാത്തിന്റെ യഥാര്‍ഥചിത്രമെന്തെന്ന്. ഗുജറാത്ത് തിളങ്ങുകയല്ല, തളരുകയാണ്. മോഡിയും മാധ്യമങ്ങളും പറയുന്ന മോടി അഹമ്മദാബാദിനും പോര്‍ബന്തറിനും ഗാന്ധിനഗറിനുംപോലുമില്ല. ഗ്രാമങ്ങളിലെ ജീവിതം ദയനീയമാണ്. നിങ്ങള്‍ ഗുജറാത്തില്‍ വരൂ, എന്നിട്ട് പറയൂ ഗുജറാത്ത് വികസിച്ചോയെന്ന്.”
ഹൈന്ദവഫാസിസത്തിന്റെ ഇന്ത്യയിലെ പ്രതിപുരുഷനായ, അഭിനവ ഹിറ്റ്ലര്‍ നരേന്ദ്രമോഡിക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരനായികയ്ക്ക് ഗുജറാത്തിന്റെ ഭാവിയില്‍ , പോരാട്ടത്തിനെപ്പറ്റി ആശങ്കയേയില്ല. അധികാരവും പണവും മര്‍ദനസംവിധാനങ്ങളും പ്രലോഭനവും എല്ലാംവഴി മോഡിയും പരിവാരങ്ങളും വിവിധരൂപത്തില്‍ സ്വാധീനിക്കാനും തകര്‍ക്കാനും ശ്രമിക്കുമ്പോഴും മല്ലികയ്ക്ക് പതര്‍ച്ചയില്ല, തന്റെ മനോവീര്യവും രാഷ്ട്രീയനിലപാടും സ്ഥൈര്യവും ഉയര്‍ത്തി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് നീങ്ങുകയാണിവര്‍ . ലാസ്യത്തിന്റെ, സൗന്ദര്യാസ്വാദനത്തിന്റെ അരങ്ങിനപ്പുറം നര്‍ത്തനവേദികളെ വേറിട്ടൊരു സൗന്ദര്യശാസ്ത്രത്തിന്റെ, സാമൂഹ്യപ്രയോഗത്തിന്റെ ഉജ്വലാവതരണമാക്കാനുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ട ദര്‍പ്പണ അക്കാദമിയുടെ സംഘാടക, അഭിനേതാവ്, നാടകകാരി, ഡോക്യുമെന്ററി നിര്‍മാതാവ്- അതൊക്കെയാണ് മല്ലിക. ടി വി ചന്ദ്രന്റെ ഡാനിയില്‍ അഭിനയിച്ച് സിനിമാപ്രേമികളും തിരിച്ചറിഞ്ഞിട്ടുണ്ട് മല്ലികയെ. നടനത്തിന്റെ, പ്രശസ്തിയുടെ വര്‍ണാഭയിലും ഖാദി, കൈത്തറിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് തന്റെ ജീവിതദര്‍ശനവും ലാളിത്യവും പ്രകടമാക്കുന്നു ഇവര്‍ .
സമൂഹതിന്മകള്‍ക്ക് എതിരായ കരുത്തുറ്റ തീക്കാറ്റായി ദൃശ്യസാക്ഷാല്‍ക്കാരത്തെ മാറ്റിയ നടനലോകത്തിന്റെ നിറവും തീര്‍പ്പുമായ മഹാകലാകാരി മൃണാളിനി സാരാഭായിയുടെ മകളാണ് മല്ലിക. പ്രശസ്തയായ അമ്മയുടെ പ്രശസ്തയായ മകള്‍ , കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായി അച്ഛന്‍ . പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും അനുഗ്രഹാശിസ്സുകളോടെ അഹമ്മദാബാദില്‍ 1949ല്‍ ആരംഭിച്ച ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ഇന്ന് മൃണാളിനി-മല്ലിക ദ്വയങ്ങളിലൂടെ ആഗോളപ്രശസ്തിയിലാണ്. ആധുനിക നാടകവേദിയിലെ വന്‍പരീക്ഷണമായ പീറ്റര്‍ ബ്രൂക്കിന്റെ "മഹാഭാരതം" നാടകത്തില്‍ ദ്രൗപദിയായി അഭിനയിച്ച് മല്ലിക അന്തര്‍ദേശീയ പ്രശസ്തയായി. അത് 1985ല്‍ . രണ്ടായിരത്തിലെ ആദ്യ ആണ്ടുകളില്‍ "സീതാസ് ഡോട്ടേഴ്സ്" അവതരിപ്പിച്ചപ്പോള്‍ പുണെയില്‍ ഹിന്ദുവര്‍ഗീയവാദികളുടെ ആക്രമണത്തിനിരയായി. അഗ്നിക്ക് ചുറ്റുമുള്ള പ്രാകൃത ചുവടുവയ്പുകള്‍മുതല്‍ ഉള്ളിലെ ചോദനയുടെ മികവുറ്റ രൂപങ്ങള്‍വരെ, മനുഷ്യന്റെ മൗലികവും സ്വാഭാവികവുമായ പ്രകാശനമാര്‍ഗമാണ് നൃത്തമെന്ന് എന്റെ അമ്മ മൃണാളിനി എന്നെ പഠിപ്പിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി അമ്മയുടെ മൂത്ത ചേച്ചിയാണ്. "സൃഷ്ടിപരമായ രചനകള്‍ക്ക് അണ്ണാറക്കണ്ണന്മാരെയും പക്ഷികളെയും നിരീക്ഷിക്കുന്നത് നല്ലതാണ്" എന്ന് എന്റെ അച്ഛന്‍ വിക്രം സാരാഭായി പറഞ്ഞിട്ടുണ്ട്. ഈ നിരീക്ഷണത്തിന്റെ മറ്റൊരു രൂപമാണ് സമൂഹത്തിലെ നന്മയെയും തിന്മയെയും തിരിച്ചറിയാന്‍ ഒരു കലാകാരി എന്ന നിലയില്‍ തന്നെ പ്രാപ്തയാക്കിയതെന്ന് മല്ലിക കരുതുന്നു.
വിഖ്യാതരായ മലയാളികള്‍ക്ക് ജന്മംനല്‍കിയ ആനക്കരതറവാടിലെ പ്രതിഭയായ പിന്മുറക്കാരി, രാഷ്ട്രീയം, സംസ്കാരം, മനുഷ്യാവകാശം എന്നിങ്ങനെ വിവിധരംഗങ്ങളില്‍ അറിയപ്പെടുന്ന മല്ലികയുടെ പ്രതികരണവും ഇടപെടലും രാഷ്ട്രീയപ്രതിബദ്ധതയും രാജ്യമാകെ അറിഞ്ഞത് ഗുജറാത്തിലെ വംശഹത്യയുടെ നാളുകളിലാണ്. ന്യൂനപക്ഷത്തെ കൂട്ടക്കുരുതിക്കിരയാക്കിയ മോഡിയുടെ 2002ലെ ഭീകരവാഴ്ചയില്‍ എല്ലാവരും വിറങ്ങലിച്ചും വണങ്ങിയും നിന്നപ്പോള്‍ പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തിയത് മല്ലികയുടെ നേതൃത്വത്തിലാണ്. ഇന്നും വംശഹത്യയുടെ നോവും കണ്ണീരും പേറുന്ന ഇരകളായ ആയിരങ്ങള്‍ക്കൊപ്പമാണ് മല്ലിക. നരോദപാട്യയില്‍ മോഡിയുടെ "മതേതരത്വ ഉപവാസ"ത്തെ തുറന്നുകാട്ടി ഇരകളുടെ ബദല്‍പ്രതികരണം സംഘടിപ്പിച്ച് അറസ്റ്റ്വരിച്ചാണ് മല്ലിക കേരളത്തിലെത്തിയത്. വ്യത്യസ്തമായൊരു ദൗത്യവുമായി. വീട്ടകത്തിലും പുറത്തും മലയാളിപെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേദനകള്‍ , അതിക്രമങ്ങള്‍ , പീഡനങ്ങള്‍ ഇവ അറിയാന്‍ , അതിനെതിരെ പ്രതികരിക്കാന്‍ അവര്‍ക്ക് കരുത്തേകാനുള്ള പ്രവര്‍ത്തനവുമായി. കേരളത്തിന്റെ പുരോഗമനസ്വഭാവത്തിലും സാമൂഹ്യമുന്നേറ്റത്തിലും അഭിമാനിക്കുമ്പോഴും വര്‍ധിതരൂപത്തില്‍ സ്ത്രീവിരുദ്ധപ്രവണതകളും അതിക്രമങ്ങളും കാണപ്പെടുന്നതില്‍ വേദനിക്കുകയും രോഷംകൊള്ളുകയുമാണ് മല്ലിക.
ഗുജറാത്തിനെപ്പറ്റി, പോരാട്ടത്തെപ്പറ്റി, സംഭാഷണത്തില്‍നിന്ന് :
ഇരുപത്തഞ്ചുപേരുമായാണ് നരോദപാട്യയില്‍ ഞാന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അവരെന്നെ അറസ്റ്റുചെയ്തു. എന്തിനാണ് സദ്ഭാവനയില്‍ ജനാധിപത്യപരമായ പ്രതികരണം തടയുന്നത്. ഇതൊക്കെ കാപട്യമാണ്. വെറും സര്‍ക്കസ്. ഉപവാസവേദിയിലെത്തിയ മുസ്ലിംനേതാക്കള്‍ നല്‍കിയ തൊപ്പി നിരസിച്ച മോഡിക്ക് എന്തു മാറ്റമുണ്ടൊയെന്നാണ്. ഭീതിയും പകയുമാണ് ഗുജറാത്തിനെ ഭരിക്കുന്നത്. പേടിയാലാണ് ആരുമൊന്നും മിണ്ടാത്തത്. വംശഹത്യയുടെ നാളുകളില്‍ ഞാനിത് അനുഭവിച്ചതാണ്. മോഡിക്കെതിരായ പ്രതികരണം ഒഴിവാക്കാന്‍ ഉപദേശിച്ചവരേറെയാണ്. പിന്നീടവരൊക്കെ എന്നെ ഒഴിവാക്കി. ഫോണില്‍പ്പോലും മിണ്ടാതായി. അധികാരമുപയോഗിച്ച് പ്രതികാരനടപടികള്‍ നിരവധിയുണ്ടായി. എന്റെ അഭിഭാഷകന്‍ കൃഷ്ണകാന്തിന് കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു. മന്ത്രിയായ അമിത്ഷാ വഴിയായിരുന്നു മോഡിയുടെ ഓപ്പറേഷന്‍ . കഴിഞ്ഞദിവസം റോഡ് മുറിച്ചുകടക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ഭീതിയും വിദ്വേഷവും വളര്‍ത്തി, നിശബ്ദരാക്കി ആര്‍ക്കും അധികാരം അധികകാലം നിലനിര്‍ത്താനാകില്ല. വംശഹത്യയും മനുഷ്യക്കശാപ്പും നടന്നിട്ടും മോഡി അധികാരത്തില്‍ തിരിച്ചുവന്നുവെന്നതിലും വലിയ പ്രസക്തിയില്ല. 14 സീറ്റുകളില്‍ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയുടെ വിജയം. മുന്നൂറിനും ആയിരത്തിനും ഇടയില്‍ വോട്ടിന്. പ്രതിപക്ഷമില്ല, ശക്തമായ മൂന്നാം മുന്നണിയും, അതാണ് മോഡിക്ക് രക്ഷയാകുന്നത്. ഗ്രൂപ്പ് വഴക്കില്‍ മുന്‍പന്തിയിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്. ഒരു നേതാവ് രംഗത്തുവന്നാല്‍ തോല്‍പ്പിക്കാന്‍ ആ പാര്‍ടിയിലെ മൂന്ന് നേതാക്കളുണ്ടാകും. ഇന്ത്യയും ഗുജറാത്തും ഹിന്ദുക്കളുടേതാണെന്ന് കരുതുന്ന കൂടുതല്‍ കൂടുതലാളുകള്‍ വര്‍ധിച്ചു വരുന്നു.
അത്യന്തം ആശങ്കാജനകമായ ഈയവസ്ഥ ജനാധിപത്യത്തെ, മതേതരത്വത്തെ യഥാര്‍ഥ അര്‍ഥത്തില്‍ മനസിലാക്കുന്നതില്‍ , പഠിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടതല്ലേ ഇതിന് കാരണം. പൊതുസമൂഹത്തിനും ബുദ്ധിജീവികള്‍ക്കുമെല്ലാം ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഈയവസ്ഥയോട് പ്രതികരിക്കാതെ നിശബ്ദത പാലിക്കുന്നത് വലിയ കുറ്റമാണെന്നാണ് എന്റെ വിശ്വാസം. മോഡി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാണോ എന്നതൊന്നും വിഷയമല്ല. നീതിക്കായി, മനുഷ്യാവകാശത്തിനായുള്ള പോരാട്ടത്തില്‍നിന്ന് പിന്മാറ്റമില്ല. സമരം മരണംവരെ തുടരും. മാധ്യമങ്ങളുടെ പിന്തുണയും പ്രചാരണവുമൊന്നും ഇതില്‍ പ്രസക്തമല്ല. ഒരുഫുള്‍പേജ് പരസ്യത്തില്‍ വീഴുന്നവരാണവ. കോര്‍പറേറ്റുകളുമായുള്ള മാധ്യമബന്ധത്തെപ്പറ്റി ആര്‍ക്കാണറിയാത്തത്. ജനങ്ങളെയും അവരുടെ പ്രതിഷേധങ്ങളെയും മൂടിവയ്ക്കുന്ന മാധ്യമങ്ങള്‍ ആരുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നത്. ആരുടെ താല്‍പ്പര്യമാണവരെ നയിക്കുന്നത്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ഒളിച്ചുവയ്ക്കാനാകില്ല ഗുജറാത്തിലെ അവസ്ഥ. അത് പുറത്തുവരും. വംശഹത്യക്കിരയായവര്‍ക്ക് നീതി ലഭിക്കുന്ന കാലം വരികതന്നെചെയ്യും. അഴിമതിയും വര്‍ഗീയതയും ഇന്ത്യന്‍ സമൂഹത്തില്‍ അധീശത്വം കൈവരിച്ചിരിക്കുന്നു. അണ്ണ ഹസാരെയുടെ സമരം ഈയടുത്തുണ്ടായി. ഞാനതിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ല. ഓഹരിവിപണിയില്‍ സ്വപ്നം നിക്ഷേപിച്ചിരിക്കുന്ന മധ്യവര്‍ഗത്തെ അത് തെരുവിലെത്തിച്ചു. അത്രത്തോളം സ്വാഗതാര്‍ഹമായ വശം അതിലുണ്ട്.
*****
പി വി ജീജോ , ഫോട്ടോ: കെ എസ് പ്രവീണ്‍കുമാര്‍, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്
Tuesday, September 27, 2011
Subscribe to:
Post Comments (Atom)
1 comment:
നൃത്തമെന്നത് എനിക്കൊരു ഊര്‍ജമാണ്. നൃത്തത്തിലൂടെ അതിജീവനത്തിനുള്ള ജീവിക്കാനുള്ള, പോരാടാനുള്ള കരുത്താണ് ഞാന്‍ ആര്‍ജിക്കുന്നത്. വെറുമൊരു കലാരൂപമായല്ല ഞാന്‍ നൃത്തത്തെ കാണുന്നത്. വംശഹത്യയുടെ നാളുകളില്‍ ദര്‍പ്പണയിലൂടെ നൃത്തവും നാടകവുമായാണ് ഞങ്ങള്‍ പ്രതികരിച്ചത്. ഇന്നും ഗുജറാത്തിന്റെ ചോരപ്പാട് മാഞ്ഞിട്ടില്ല, കണ്ണീരുണങ്ങിയിട്ടില്ല. ഗാന്ധിജിയുടെ നാടായാണ് ഗുജറാത്ത് അറിയപ്പെട്ടത്. പിന്നീടത് സര്‍ദാര്‍പട്ടേലിന്റെ പേരിലായി. ഇന്ന് മോഡിക്ക് ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ , ഗുജറാത്ത് ഇവരുടേതല്ല, അവിടത്തെ സാധാരണക്കാരുടേതാണ്. അതുകൊണ്ടാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സദ്ഭാവന ഉപവാസം നടത്തിയപ്പോള്‍ വംശഹത്യയിലെ ഇരകള്‍ക്ക് ആഹാരംകൊടുത്ത് പ്രതിഷേധിക്കാന്‍ ഞാന്‍ തയ്യാറായത്- മല്ലിക സാരാഭായിയുടെ വാക്കുകളില്‍ കെടാത്ത ചൂടും വെളിച്ചവും.
Post a Comment