Thursday, September 1, 2011

വിവാദം മോന്തുന്ന അധമത്വം

വിക്കിലീക്സ് പുറത്തുവിട്ട ചില രേഖകള്‍വച്ച് കേരളത്തിലെ ചില മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണം ഏറ്റവും താഴ്ന്ന മാധ്യമമര്യാദയെപ്പോലും പ്രതിനിധാനംചെയ്യുന്നില്ല. റിപ്പോര്‍ട്ടുചെയ്യപ്പെട്ട വാര്‍ത്തകളിലോ പുറത്തുവന്ന രേഖകളിലോ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ അത്ഭുതമോ കാണാനില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധികളായ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളെയും കണ്ടു എന്നതുമാത്രമാണ് ആ കേബിളുകള്‍ ആകെ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകുന്ന വസ്തുത. ഒരു ചര്‍ച്ചയിലും നാടിന് അംഗീകരിക്കാനാകാത്തതും ദോഷകരവുമായ കാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല. കേരളത്തിന്റെ വികസനത്തിന് വിദേശനിക്ഷേപം വേണം എന്ന യാഥാര്‍ഥ്യം മാത്രമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. അതിലാകട്ടെ, രഹസ്യങ്ങളോ അരുതായ്മകളോ തെല്ലുപോലുമില്ലതാനും. എന്നാല്‍ , വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്ന ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അതിനു നല്‍കിയ തലക്കെട്ട്, "കേരളത്തിലെ സിപിഎമ്മുകാര്‍ യുഎസ് മുതലാളിമാരെ പാട്ടിലാക്കി: വിക്കിലീക്സ്" എന്നാണ്. ആ വാര്‍ത്തയിലൊരിടത്തുമില്ല അങ്ങനെയൊരു പ്രസ്താവന. ഒരഭിപ്രായവും പറയാതെ ചോര്‍ത്തിക്കിട്ടിയ രേഖകള്‍ പുറത്തുവിടുക മാത്രമാണ് വിക്കിലീക്സ് ചെയ്തത്. രേഖകളിലാകട്ടെ, നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നല്ലാതെ, എന്തോ അരുതാത്ത താല്‍പ്പര്യത്തോടെ അമേരിക്കന്‍ മുതലാളിമാരെ സിപിഐ എം നേതാക്കള്‍ പാട്ടിലാക്കി എന്ന് ആരോപിക്കാനുള്ള വിദൂരസൂചനപോലും കാണാനില്ല. ചര്‍ച്ച തികച്ചും അനൗപചാരികമായിരുന്നു.

അമേരിക്കന്‍ പ്രതിനിധികള്‍ വരുന്നു; കാണാന്‍ സമയം ചോദിക്കുന്നു; കാണുന്നു. ഏതെങ്കിലും പ്രത്യേക അജന്‍ഡ നിശ്ചയിക്കാത്ത ചര്‍ച്ചയാണ് നടന്നത്. സിപിഐ എമ്മിലെ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ , എം എ ബേബി, ഡോ. തോമസ് ഐസക് എന്നിവരെയാണ് അമേരിക്കക്കാര്‍ കണ്ടത്. അവരുമായി നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച രേഖകളില്‍ ഒന്നിലും നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതോ സിപിഐ എം നിലപാടില്‍നിന്ന് വ്യതിചലിക്കുന്നതോ ആയ ഒരക്ഷരം കടന്നുവന്നിട്ടില്ല. പാര്‍ടി നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് എല്ലാവരും കേരളത്തിന്റെ വികസനത്തിന് വിദേശനിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. അമേരിക്കയോടോ അവിടത്തെ ജനങ്ങളോടോ അല്ല; ആ രാജ്യത്തിന്റെ നയങ്ങളോടാണ്, സാമ്രാജ്യത്വത്തോടാണ് തങ്ങള്‍ക്ക് വിയോജിപ്പ് എന്ന നിലപാടില്‍ ഊന്നിയാണ് ചര്‍ച്ച നടന്നത്. ആ ചര്‍ച്ച എങ്ങനെ അമേരിക്കന്‍ മുതലാളിമാരെ പാട്ടിലാക്കലാകും? അമേരിക്ക എന്നുകേട്ടാല്‍ മുഖംതിരിക്കേണ്ടവരാണ് സിപിഐ എമ്മുകാര്‍ എന്ന ധാരണ ആദ്യം പരത്തുകയും അത് പാകപ്പെടുമ്പോള്‍ സിപിഐ എം അമേരിക്കന്‍പ്രണയം കാണിക്കുന്നു എന്ന് സമര്‍ഥിക്കുകയും ചെയ്യുക- ഇതാണ് വലതുപക്ഷമാധ്യമങ്ങള്‍ സ്വീകരിച്ച തന്ത്രം.

കേരളത്തില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരാനുള്ളത് ഇപ്പോഴുണ്ടായ ആശയമല്ല. നിലവില്‍ അനേകം അമേരിക്കന്‍ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്- വിശേഷിച്ചും ഐടി രംഗത്ത്. കൊക്കകോളയ്ക്കെതിരെ ജലചൂഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണുയര്‍ന്നത്- പെപ്സി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് നിക്ഷേപം തേടിയും സൗഹൃദത്തിന്റെപേരിലും ഭരണാധികാരികള്‍ പലതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. 1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി. അന്ന് ആ യാത്രയുടെ ചെലവ് വഹിച്ചതും ക്ഷണിച്ചതും സിഐഎ ഏജന്റുമാരാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി പരിഹാസ്യരായ അനുഭവം "അമേരിക്കന്‍ ഡയറി" എന്ന പുസ്തകത്തില്‍ ഇ കെ നായനാര്‍ വിശദീകരിക്കുന്നുണ്ട്. 1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , "കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്; ആ പരിപ്രേക്ഷ്യം ഉള്ളതുകൊണ്ടാണ് മുതലാളിത്തത്തിന്റെ ഈ മഹാരാജ്യത്ത് ഞാന്‍ വന്നത്" എന്നാണ് നായനാര്‍ വ്യക്തമാക്കിയത്. യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാര്‍ അമേരിക്കന്‍ പര്യടനം നടത്തിയിട്ടുണ്ട്. അങ്ങോട്ടുചെന്ന് നിക്ഷേപം ക്ഷണിച്ച അനേകം അനുഭവം മുന്നിലുണ്ടെന്നിരിക്കെ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടുവന്ന് കാര്യങ്ങള്‍ പറഞ്ഞതില്‍ എന്ത് അപാകം എന്ന സാമാന്യയുക്തി വിഴുങ്ങിക്കൊണ്ടാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് "പാട്ടിലാക്കല്‍" പ്രയോഗം നടത്തിയത്്.

മാതൃഭൂമി നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് "വിക്കിലീക്സ് വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു" എന്നാണ്. ആണവകരാറിനെ ഇതുമായി കൂട്ടിക്കെട്ടി ആശയക്കുഴപ്പമുണ്ടാക്കാനാണ് ആ പത്രം ശ്രമിച്ചത്. പാര്‍ടിയുടെ അമേരിക്കന്‍വിരോധത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ നിലപാടിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഒന്നാക്കി അവര്‍ വിക്കിലീക്സ് രേഖകളെ അവതരിപ്പിച്ചു. "സിപിഎം വിക്കിലീക്സ് വലയില്‍" എന്നാണ് ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ടുചെയ്തത്. മിക്ക ചാനലുകളും സിപിഐ എം വിരുദ്ധരെ അണിനിരത്തി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വാര്‍ത്താപര്‍വതീകരണത്തിന്റെയും വക്രീകരണത്തിന്റെയും ഉദാഹരണമായി നിസ്സംശയം ചൂണ്ടിക്കാട്ടാനാകുന്ന അനുഭവമാണിത്. നാട്ടിലേക്ക് നിക്ഷേപം വേണം എന്നാഗ്രഹിച്ച കുറ്റത്തിന് സിപിഐ എം നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന മോശമായ ഉദ്ദേശ്യത്തോടെയുള്ള മാധ്യമ ഇടപെടലാണ് നടത്തിയത്. ചിലരുടെ റിപ്പോര്‍ട്ടിങ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് എന്നു കരുതി അവഗണിച്ചാലും തെറ്റായ രീതിയില്‍ വാര്‍ത്തയ്ക്ക് സ്വന്തം ഭാഷ്യം നല്‍കിയവരുടെ ഉദ്ദേശ്യം ശുദ്ധമല്ല എന്ന് വ്യക്തം. സിപിഐ എമ്മിനെ രാഷ്ട്രീയമായി എതിര്‍ക്കാം-അതല്ലാതെ മ്ലേച്ഛമായ പ്രചാരണത്തിലൂടെ അപഹസിക്കുന്നത് അധമത്വമാണ്. പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല; മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ വാര്‍ത്തയാണ് എന്ന് പറയാറുണ്ട്. ഒരുമന്ത്രി മറ്റൊരു മന്ത്രിയെ തീവ്രവാദസംഘടനയുടെ സംരക്ഷകനാണ്; സ്വാര്‍ഥതാല്‍പ്പര്യക്കാരനാണ് എന്നുപറഞ്ഞത് വിക്കിലീക്സില്‍ വന്നാല്‍ അത് വാര്‍ത്തയാണ്. പി കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എം കെ മുനീര്‍ അങ്ങനെ പറഞ്ഞ വിവരമടങ്ങിയ വിക്കിലീക്സ് രേഖ പുറത്തുവന്നിട്ടുണ്ട്്. അത് രാഷ്ട്രീയപ്രത്യാഘാതമുണ്ടാക്കുന്ന വാര്‍ത്തയാണ്. അവരിരുവരും എങ്ങനെ മന്ത്രിസഭയില്‍ തുടരും എന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒന്നുമുണ്ടായിട്ടില്ല.

നാടിനുവേണ്ടിയേ എല്ലാവരും പറഞ്ഞിട്ടുള്ളൂ. പ്രഖ്യാപിതനിലപാടുകളില്‍നിന്ന് വ്യതിചലനങ്ങളുണ്ടായിട്ടില്ല. പിന്നെന്താണ് വാര്‍ത്ത? അമേരിക്കക്കാര്‍ സിപിഐ എമ്മിന്റെ പേര് പറഞ്ഞതോ? വിക്കിലീക്സിലൂടെ വന്ന കടലാസുകളില്‍ സിപിഐ എം, വി എസ്, പിണറായി തുടങ്ങിയ പേരുകള്‍ അച്ചടിച്ചതോ? തല്‍പ്പരകക്ഷികളായ മാധ്യമങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തുന്നത് നന്ന്. അല്ലെങ്കില്‍ ജനങ്ങള്‍ ഉത്തരം കണ്ടെത്തുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 01 സെപ്തംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വിക്കിലീക്സ് പുറത്തുവിട്ട ചില രേഖകള്‍വച്ച് കേരളത്തിലെ ചില മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണം ഏറ്റവും താഴ്ന്ന മാധ്യമമര്യാദയെപ്പോലും പ്രതിനിധാനംചെയ്യുന്നില്ല. റിപ്പോര്‍ട്ടുചെയ്യപ്പെട്ട വാര്‍ത്തകളിലോ പുറത്തുവന്ന രേഖകളിലോ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ അത്ഭുതമോ കാണാനില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധികളായ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളെയും കണ്ടു എന്നതുമാത്രമാണ് ആ കേബിളുകള്‍ ആകെ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകുന്ന വസ്തുത. ഒരു ചര്‍ച്ചയിലും നാടിന് അംഗീകരിക്കാനാകാത്തതും ദോഷകരവുമായ കാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല

ഞാന്‍ പുണ്യവാളന്‍ said...

പിണറായി മാദ്ധ്യമ സിന്റികെറ്റ്‌ എന്ന് പറഞ്ഞപ്പോ വിശ്വസികാത്തവനാണ് ഞാന്‍ ... അമേരിക്കയുടെ കേബിളും വികിലീക്സിന്റെ ചോര്ത്തലും ചര്‍ച്ച ചെയ്തു മാദ്ധ്യമങ്ങള്‍ സ്വയം. കോമാളി വേഷം കെട്ടുകയാണ് കേരളത്തെ സിപിഎം തുക്കി വില്‍ക്കാന്‍ കൊണ്ട് പോയി എന്നാ മട്ടിലാണല്ലോ ഇവരുടെ വര്ത്തമാനം,

http://njanpunyavalan.blogspot.com