Saturday, September 24, 2011

പഞ്ചസാര ലായനിക്കു മേല്‍ വിസര്‍ജ്യങ്ങള്‍

2011 ജൂലൈ 1ന് ലോകവ്യാപകമായി റിലീസ് ചെയ്ത ദില്ലിബെല്ലി എന്ന ഹിന്ദി സിനിമ ബോളിവുഡില്‍ സമീപകാലത്തിറങ്ങിയ പ്രധാനപ്പെട്ട അഡല്‍റ്റ് കോമഡി (പ്രായപൂര്‍ത്തിയെത്തിയവരുടെ ഹാസ്യചിത്രം) എന്ന നിലക്കാണ് കൊണ്ടാടപ്പെട്ടത്. വിക്കിപ്പീഡിയയിലും റോട്ടന്‍ ടുമാറ്റോ, റിവ്യൂ ഗാംഗ് അടക്കമുള്ള പോര്‍ട്ടലുകളില്‍ കുമിഞ്ഞു കൂടിയ നിരൂപണങ്ങളിലും അഭിനയ് ദേവ് സംവിധാനം ചെയ്ത ഈ സിനിമയെപ്പറ്റി ഘോരഘോരമുള്ള വാഴ്ത്തലുകളാണുള്ളത്. ഫോര്‍മുലകളില്‍ കിടന്നു കറങ്ങുന്ന ഹിന്ദി സിനിമയില്‍, നൂതനവും ദേശിയുമായ തമാശകളും സാഹസികതകളും കൊണ്ട് പരീക്ഷണം നടത്തിയതിന് നിര്‍മാതാവായ അമീര്‍ഖാന്‍ പ്രശംസയര്‍ഹിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാല്‍ അശ്ളീലങ്ങളുടെയും അസഭ്യങ്ങളുടെയും നീണ്ട ചരിത്രം തന്നെയുള്ള ഹിന്ദി സിനിമയില്‍ പുതിയ തലമുറക്കനുസരിച്ചുള്ള അശ്ളീല/അസഭ്യ സിനിമകള്‍ക്ക് തുടക്കമിടുകയല്ലേ ദില്ലിബെല്ലി ചെയ്യുക എന്ന ചോദ്യത്തെ കേവലം സദാചാര പോലീസിന്റെ യാഥാസ്ഥിതിക മനോഭാവം എന്നു കളിയാക്കി തള്ളിക്കളയാനുമാകില്ല. ഫാഷനബിള്‍ യുവതക്കുള്ള ഫാഷനബിള്‍ സിനിമ എന്നാണ് സ്റേറ്റ്സ്മാന്‍ പത്രം ദില്ലിബെല്ലിയെ വിശേഷിപ്പിച്ചത്. ലഗാന്‍, താരേ സമീന്‍ പര്‍ പോലുള്ള കുടുംബചിത്രങ്ങളും സോദ്ദേശ ചിത്രങ്ങളും നിര്‍മ്മിച്ചിരുന്ന അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ പേര് ഈ സിനിമയോടു കൂടി ചീത്തയാവുമോ എന്ന് തിരക്കഥാകൃത്തായ അക്ഷത് വര്‍മ്മ ആലോചനാ വേളയില്‍ ആശങ്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. പീപ്പ്ലി ലവ്, ദോബിഘട്ട് പോലുള്ള അമീര്‍ഖാന്‍ പ്രൊഡ്ക്ഷന്‍സ് സിനിമകള്‍ക്ക് മുമ്പ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതിനാല്‍ ആ ആശങ്ക പ്രബലപ്പെട്ടില്ല. സെന്‍സര്‍ വെട്ടിമുറിക്കലുകള്‍ എന്ന ഭീകരത ഒഴിവാക്കാന്‍ വേണ്ടി അമീര്‍ ഖാന്‍ തന്നെ ദില്ലിബെല്ലിക്ക് എ സര്‍ടിഫിക്കറ്റ് ചോദിച്ചു വാങ്ങിയതാണെന്നും റിപ്പോര്‍ടുകളുണ്ട്. വാര്‍ത്തകളുണ്ടാക്കുകയും വാര്‍ത്താപ്രാധാന്യമുണ്ടാക്കുകയും ചെയ്യുന്നതില്‍ അടുത്ത കാലത്തായി സിനിമാക്കാര്‍ വിശേഷിച്ചും ബോളിവുഡുകാര്‍ കാണിക്കുന്ന സര്‍ക്കസുകള്‍ അസഹനീയമായി തുടങ്ങിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ ടെലി-ടെക്-മീഡിയ സമരത്തില്‍ കേറി ഗോളടിക്കാനും അമീര്‍ ഖാന്‍ എത്തിയിരുന്നു. ഓംപുരി പുറകെ എത്തിയതിനാല്‍ അമീര്‍ ഖാന്റെ പാട്ടുകള്‍ ക്ളിക്കായില്ല. ഉദരനിമിത്തം ബഹുകൃത വേഷം.

ദില്ലിയിലെ ഒരു വാടകഫ്ളാറ്റില്‍ മുറി പങ്കിടുന്ന യുവാക്കളാണ് താഷി (ഇംറാന്‍ ഖാന്‍), നിതിന്‍ ബേരി (കുനാല്‍ റോയ് കപൂര്‍), അരൂപ് (വീര്‍ ദാസ്) എന്നിവര്‍. താഷിയുടെ കൂട്ടുകാരിയായ എയര്‍ ഹോസ്റസ് സോണിയ (ഷെഹ്നാസ് ട്രഷറിവാല) യുടെ കയ്യില്‍, വിമാനയാത്രക്കിടെ കണ്ടു മുട്ടിയ വ്ളാദിമിര്‍ മറ്റൊരാളെ ഏല്‍പിക്കാനായി ഒരു പൊതി കൊടുക്കുന്നു. അവളത് കൈമാറി താഷിയുടെയും പിന്നീട് മറ്റു സഹമുറിയന്മാരുടെയും പക്കലെത്തുന്നു. കള്ളക്കടത്തു മുതലായ മുപ്പത് വൈരക്കല്ലുകളായിരുന്നു അതിലുണ്ടായിരുന്നത്. സോമയാജലു (വിജയ് റാസ്) എന്ന അധോലോകക്കാരന്റെ പക്കലായിരുന്നു പൊതിയെത്തേണ്ടിയിരുന്നത്. അത് കൈവിട്ടു പോയതിന്റെ വെപ്രാളവും പിടിച്ചുപറികളും ഒളിച്ചോട്ടങ്ങളും ഭീഷണികളും കാറോട്ടങ്ങളുമാണ് സിനിമ നിറയെ. ഇത്തരത്തിലുള്ള പല കഥകളും നാം മുമ്പേ കണ്ടിട്ടുണ്ടെന്നിരിക്കെ എന്താണിതില്‍ ഇത്രക്ക് പുതുമയുള്ളത് എന്നാരും ചോദിക്കും. എഴുപതുകളില്‍ ഇറങ്ങിയിരുന്ന നിരവധി ഹിന്ദി സിനിമകളില്‍ കള്ളക്കടത്തു മുതല്‍ കൈമാറുന്നതും, കസ്റംസുകാരും പോലീസുകാരും പിറകെ കൂടുന്നതും നാം കണ്ട് മടുത്തതുമാണല്ലോ. ഒരു കറന്‍സി നോട്ട് രണ്ടായി കീറി രണ്ടു കഷണങ്ങള്‍ കള്ളക്കടത്ത് മുതല്‍ കൈമാറേണ്ട ആളുകള്‍ പരസ്പരം കൊടുത്ത് ഒത്തു നോക്കുന്ന ഗംഭീര പൊരുത്തങ്ങള്‍ കണ്ട് നമ്മളെത്ര കോരിത്തരിച്ചതാണ്! കൂറ്റന്‍ കണ്ടെയ്നറുകള്‍ നിരത്തി വെച്ചിരിക്കുന്ന ഡോക്കുകളിലെ സംഘട്ടനരംഗങ്ങളാകട്ടെ 'ത്രസിപ്പിക്കു'ന്നതും. ആ സംഘട്ടനങ്ങളിലെ ഡിഷും ഡിഷും ശബ്ദങ്ങള്‍ ദില്ലിബെല്ലി പോലുള്ള ഉത്തരാധുനിക ത്രില്ലറുകളില്‍ നിന്ന് ഏറെക്കൂറെ അപ്രത്യക്ഷമായിരിക്കുന്നു. പണി നഷ്ടമായത് സംഘട്ടന സംവിധായകന്റേതോ അതോ ശബ്ദ ലേഖകന്റേതോ?

പാട്ടുകളിലും സംഭാഷണങ്ങളിലും ഉള്ള തുറന്ന അശ്ളീലപ്രയോഗങ്ങളും ദൃശ്യങ്ങള്‍ ചിട്ടപ്പെടുത്തിയതിലെ സാഹസികതകളുമാണ് ദില്ലിബെല്ലിയെ വീണ്ടും വ്യത്യസ്തമാക്കുന്നത്. അവര്‍ താമസിക്കുന്ന മുറിയില്‍ മിക്കപ്പോഴും വെള്ളം വരാറേ ഇല്ല. ഫ്രിഡ്ജിലിരിക്കുന്ന ഓറഞ്ച് ജൂസ് കൊണ്ടാണ് വയറിളക്കം പിടിപെട്ട അരൂപ് ആസനം കഴുകുന്നത്. വൈരക്കല്ലിന്റെ പൊതിയും ക്ളിനിക്കില്‍ പരിശോധിക്കാന്‍ കൊടുക്കാനുള്ള വിസര്‍ജ്യത്തിന്റെ സാമ്പിളും പരസ്പരം മാറുന്നു. സാധാരണ ഇത്തരം സീനുകളില്‍ വിസര്‍ജ്യത്തിന്റെ ക്ളോസപ്പ് ഒഴിവാക്കാറാണ് പതിവെങ്കില്‍, പസോളിനിയുടെ സാലോ അഥവാ സോദോമിന്റെ നൂറ്റിയിരുപത് ദിവസങ്ങളി(1975)ല്‍ കാണിക്കുന്നതു പോലെ ദില്ലിബെല്ലി മനുഷ്യ വിസര്‍ജ്യത്തിന്റെ ഖര-ജല ഘടകങ്ങള്‍ തിരശ്ശീലയുടെ വീതിയും നീളവും നിറയുന്ന വിധത്തില്‍ വിശദമായി നിരത്തി പ്രദര്‍ശിപ്പിക്കുന്നു.

യാത്രികര്‍ക്ക് പിടിപെടാറുള്ള ഉദരരോഗമായ വയറിളക്കത്തിനുള്ള പേരു കൂടിയാണ് 'ദില്ലിബെല്ലി'. വയറിളക്കവും അധോവായുവും മുഖ്യ പ്രമേയ പശ്ചാത്തലമായി വരുന്ന ഒരു സിനിമയില്‍ വിസര്‍ജ്യത്തിന്റെ ദൃശ്യം വിശദമാക്കിയതില്‍ എന്താണ് അപാകത എന്നാവും സംവിധായകന്റെ സാധൂകരണം. ലൂയി ബുനുവലിന്റെ ഫാന്റം ഓഫ് ലിബര്‍ട്ടി(1974)യിലെ പ്രശസ്തമായ ഒരു സീക്വന്‍സ് ഇനി വിവരിക്കും പ്രകാരമാണ്. ആധുനിക സജ്ജീകരണങ്ങളുള്ള പാരീസിലെ ഒരു ബൂര്‍ഷ്വാ അപ്പാര്‍ടുമെന്റില്‍ വീട്ടുടമയുടെ സുഹൃത്തായ പ്രൊഫസര്‍ തനിക്ക് വാദിച്ചു സ്ഥാപിക്കാനുള്ള ഒരു കാര്യം അതിഥികള്‍ക്കു മുമ്പില്‍ വിശദീകരിക്കുകയാണ്. വലുപ്പമുള്ള ഒരു മേശക്ക് ചുറ്റുമായാണ് അതിഥികള്‍ ഇരിക്കുന്നത്. എന്നാല്‍, അതൊരു തീന്‍ മേശയായിരുന്നില്ല. മറിച്ച്, അവരുടെ ഇരിപ്പിടങ്ങളെല്ലാം ഫ്ളഷിംഗ് ടോയ്ലറ്റുകളാണ്. മാലിന്യ നിര്‍മാര്‍ജനമാണവരുടെ ചര്‍ച്ചാ വിഷയം. ആഗോള താപനത്തക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കടലില്‍ മുങ്ങിയ മാലിദ്വീപിലെ പ്രൊഫസര്‍ മുഹമ്മദ് നഷീദിന്റെ മന്ത്രിസഭക്കു മുമ്പു തന്നെ, ചര്‍ച്ചാ വിഷയവും അതിന്റെ ഇരിപ്പു വശവും തമ്മില്‍ ബുനുവല്‍ ബന്ധിപ്പിച്ചിരുന്നു എന്നു ചുരുക്കം. മറകളില്ലാത്ത കക്കൂസുകളില്‍ പൊതുവായിരുന്ന് മലവിസര്‍ജനം നിര്‍വഹിച്ചുകൊണ്ടാണ് അവരുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇടയില്‍, ഒരതിഥിക്ക് വിശക്കാന്‍ തുടങ്ങുന്നു. വേഗമയാള്‍ അതിനായി പ്രത്യേകം സജ്ജീകരിച്ച അടച്ചിട്ട ക്യുബിക്കിളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്നു. അതായത്, സാധാരണ ഗതിയില്‍ തുറന്ന മുറികളില്‍ പരസ്യമായി ഭക്ഷണം കഴിക്കുകയും അടച്ചിട്ട കക്കൂസുകളില്‍ മല മൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്യുന്നത് പരസ്പരം മാറി മാറി ചെയ്യുന്നു എന്നു മാത്രം. ആധുനിക മര്യാദകള്‍ രൂപപ്പെടുന്നതിന്റെ സാംസ്ക്കാരിക ചരിത്രത്തെയാണ് ബുനുവല്‍ കീറിമുറിച്ചത്. ഇന്ത്യന്‍ സിനിമയുടെ വിശേഷിച്ചും ബോളിവുഡിന്റെ ദൃശ്യ/ഇതിവൃത്ത സദാചാരത്തെ പൊളിച്ചടുക്കുന്നതിന്റെ ആരംഭമായി ദില്ലിബെല്ലിയെ പരിഗണിക്കാമോ എന്നതാണ് നിര്‍ണായകമായ പ്രശ്നം.

ബോളിവുഡില്‍ നാളിതു വരെ ഇറങ്ങിയ സിനിമകളിലും വെച്ച് ഏറ്റവും സാഹസികവും ധിക്കാരപരവും അച്ചടക്കരഹിതവും ദൈവനിന്ദാപരവും വെട്ടിത്തുറന്നു പറയുന്നതുമായ യുവസിനിമയാണ് ദില്ലിബെല്ലിയെന്നാണ് തരണ്‍ ആദര്‍ശ് (ബോളിവുഡ് ഹംഗാമ) വിശേഷണങ്ങള്‍ കോരിച്ചൊരിഞ്ഞുകൊണ്ട് ചിത്രത്തെ സ്ഥാനപ്പെടുത്തുന്നത്. ഹോളിവുഡ് കോമഡിയായ ദ ഹാംഗോവര്‍(2009/ടോഡ് ഫിലിപ്പ്സ്), ബ്രിട്ടീഷ് കോമഡിയായ ലോക്ക്, സ്റോക്ക് ആന്റ് ടു സ്മോക്കിംഗ് ബാരല്‍സ്(1998/ഗയ് റിച്ചി) എന്നീ സിനിമകളുടെ ഗണത്തിലാണ് ദില്ലിബെല്ലിയും പെടുന്നതെന്നാണ് തരുണ്‍ ആദര്‍ശ് നിര്‍ണയിക്കുന്നത്. പ്രശസ്ത സെര്‍ബിയന്‍ ചലച്ചിത്രകാരനായ എമിര്‍ കുസ്തുറിക്ക(അണ്ടര്‍ ഗ്രൌണ്ട്, ബ്ളാക്ക്കാറ്റ് വൈറ്റ് കാറ്റ്, മറഡോണ ഡോക്കുമെന്ററി പോലെ അനവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റി)യുടെ സിനിമകളില്‍ കാണാറുള്ളതു പോലെ, കെട്ടിടങ്ങളുടെ ഉള്ളകങ്ങള്‍ ഇടിഞ്ഞു പൊളിയുന്നതും പൊടിയും അഴുക്കുകളും ചവറുകളും, ദില്ലിബെല്ലിയെയും സമകാലികവും മുഴുവന്‍ അര്‍ത്ഥത്തില്‍ മൂന്നാം ലോക സിനിമയുമാക്കുന്നു. ബോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും എല്ലാ സാംസ്ക്കാരിക-സദാചാര അതിര്‍ത്തികളെയും ഉല്ലംഘിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ദില്ലിബെല്ലിയിലുള്ളത്. മൂടും മുലയും കുലുക്കി, സ്ത്രീ ശരീരത്തെയാകെയും ഖണ്ഡം ഖണ്ഡമായും ചരക്കുവത്ക്കരിക്കുകയും പ്രേക്ഷകനെ പ്രതീതി മൈഥുനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന, നിലനിന്നു പോന്ന രീതി ദില്ലിബെല്ലി പാടെ ഉപേക്ഷിക്കുന്നു. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ നടത്തുന്ന അധര ചുംബനങ്ങളും സ്വാഭാവിക ലൈംഗിക ബന്ധങ്ങളും ആണ് മറ്റേതൊരു അന്താരാഷ്ട്ര സിനിമകളിലുമുള്ളതു പോലെ ദില്ലിബെല്ലിയിലുമുള്ളത്. അന്താരാഷ്ട്ര മേളകളില്‍ എളുപ്പം കയറിക്കൂടാന്‍ വേണ്ടി സൃഷ്ടിക്കുന്ന ബോറടിപ്പിക്കുന്ന മന്ദഗതിക്കു പകരം സൂപ്പര്‍ ഫാസ്റ് വേഗതയാണ് ദില്ലിബെല്ലിക്കുള്ളത്. ബ്രിട്ടീഷുകാരുണ്ടാക്കി വെച്ച സെന്‍സര്‍ നിയമങ്ങളെ ചെറുക്കാനായി ഇന്ത്യന്‍ സിനിമാക്കാര്‍ രൂപപ്പെടുത്തിയെടുത്ത മറു തന്ത്രങ്ങളിലൂടെയാണ് കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യന്‍ സിനിമ ലോകത്തിലേക്കും വെച്ച് ഏറ്റവും കാമോത്തേജനപരമായ സിനിമ (മോസ്റ് ഇറോട്ടിക്) എന്നു വിശേഷിപ്പിക്കപ്പെട്ടത്. ആ വിശേഷണത്തെ മറികടക്കുകയും ലൈംഗികതയോട് യാഥാര്‍ത്ഥ്യപൂര്‍ണവും സത്യസന്ധവുമായ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന രീതിയിലേക്ക് മാറാന്‍ ദില്ലി ബെല്ലി ഇന്ത്യന്‍ സിനിമാക്കാരെ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയണം.

ബോളിവുഡ് കലക്കി വെച്ചിരുന്ന എല്ലാ പഞ്ചസാര ലായനികളെയും ദില്ലിബെല്ലി അതിന്റെ വിസര്‍ജ്യങ്ങള്‍ കൊണ്ട് കേടുവരുത്തിക്കളഞ്ഞിരിക്കുന്നു. മുതിര്‍ന്നവരെന്ന് സ്വയം കരുതിപ്പോരുന്ന ബഹുഭൂരിപക്ഷം ചലച്ചിത്ര പ്രേമികളെയും അവര്‍ കണ്ടു രസിച്ചിരുന്നത്, ബാലരമയിലെയും ട്വിങ്കിളിലെയും ചിത്രകഥകള്‍ക്കു സമാനമായ ഇതിവൃത്തങ്ങളാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ കൂടി ഈ സിനിമ ഉപകാരപ്പെട്ടേക്കും. നിയമങ്ങളുടെ അനുസരണം കൊണ്ടല്ല; സര്‍ഗാത്മകമായ നിയമലംഘനങ്ങള്‍ നടത്തി വരും നാളുകളിലെ നിയമങ്ങളുടെ രൂപപ്പെടുത്തലുകളിലൂടെ സിനിമയടക്കമുള്ള ഏതു കലയും സമകാലികവും സ്വയം പ്രസക്തവുമാകുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ദില്ലിബെല്ലിയും വെളിപ്പെടുത്തുന്നത്. കെ എല്‍ സൈഗാളിന്റെ പാട്ട് അന്തരീക്ഷത്തില്‍ ലയിച്ചു ചേരുന്ന ആദ്യ സീക്വന്‍സുകളില്‍ നിന്ന്; അവസാന ടൈറ്റിലുകളില്‍ അമീര്‍ ഖാന്‍ അതിഥി നര്‍ത്തകനായി പ്രത്യക്ഷപ്പെടുന്ന ഡിസ്കോ നമ്പറിലെത്തുമ്പോള്‍ പഴയ രണ്ടു കാലത്തെയും ഹിന്ദി സിനിമയെ ഓര്‍മ്മിച്ചെടുക്കാനുള്ള ശ്രമവും ദില്ലിബെല്ലി നടത്തുന്നുണ്ട്. 'സ്റൈലിഷ് രജനീകാന്ത് സണ്‍ഗ്ളാസ്' എന്നാണ് താഷിയുടെ ടീഷര്‍ടിലെഴുതിയിരിക്കുന്ന വാചകം. സ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകരെ പരിഹസിക്കുന്നതിലൂടെ നടപ്പ് ഇന്ത്യന്‍ സിനിമയുടെ ഭാവുകത്വത്തെ തന്നെയാണ് സംവിധായകന്‍ പരിഹസിക്കുന്നത്.

കഥ ആരംഭിക്കുമ്പോഴേക്ക് വിദേശത്തേക്ക് കടക്കുകയും ന്യൂസിലാണ്ടിലെയും ആസ്ത്രേലിയയിലെയും യൂറോപ്പിലെയും കണ്ണഞ്ചിപ്പിക്കുന്ന തെരുവോരങ്ങളും കെട്ടിടങ്ങളും പ്രകൃതിദൃശ്യങ്ങളും കുത്തിനിറക്കുകയും ചെയ്യുന്ന സമീപകാല രീതികളില്‍ നിന്ന് മാറി; ദില്ലിയിലെ മധ്യവര്‍ഗവും തൊഴിലാളികളും താമസിക്കുന്ന തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലെ യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് ദില്ലിബെല്ലി ചിത്രീകരിച്ചിരിക്കുന്നത്. വീടുകള്‍ക്കകവും പുറവും തിങ്ങി നിറയുന്ന ആണ്‍കുട്ടികളുടെ സിനിമയാണ് ദില്ലിബെല്ലി. ടോയ്ലറ്റുകളില്‍ തുടങ്ങി ലോകം മുഴുവന്‍ വൃത്തിഹീനമാക്കുന്ന പുരുഷയൌവനത്തിന്റെ പടയോട്ടമാണ് സിനിമയിലാകെയുമുള്ളത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതു കൊണ്ടു തന്നെ പല രീതികളില്‍ ഈ സിനിമ കാണാം. ആണിനോടുള്ള വീരാരാധനയുടേതും വിധേയത്വത്തിന്റേതും കീഴടങ്ങലിന്റേതുമായ നിതാന്തമായ ഭാരത സ്ത്രീ സങ്കല്‍പത്തിലേക്ക് ഇഴുകി ച്ചേര്‍ന്ന് ഇതും സഹിക്കാം എന്ന നിലയിലാവാം അതിലൊന്ന്. ആണുങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന പഴയതും പുതിയതുമായ ലോകങ്ങള്‍, സ്ത്രീക്ക് ജീവിക്കാന്‍ തന്നെ പറ്റാത്ത വിധത്തില്‍ എത്രമാത്രം ബീഭത്സവും ആക്രാമകവുമാണെന്ന സത്യം തിരിച്ചറിയുമ്പോള്‍, പേടിച്ചോടുകയുമാവാം. പെണ്ണുങ്ങളുടെ ലോകത്തെ തന്നെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന ആണ്‍പന്നികളുടെ കൂത്താട്ടവേദിയായി സമൂഹത്തെ പരിണമിപ്പിച്ചെടുക്കുന്ന സാംസ്ക്കാരിക മഹാഖ്യാനത്തെ പ്രതിരോധിക്കുന്നതിനു വേണ്ടി, ഈ സിനിമയെ ഒരുപകരണമായെടുത്ത് തുനിഞ്ഞിറങ്ങുകയുമാവാം.
തപാല്‍ വിലാസം

*
ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2011 ജൂലൈ 1ന് ലോകവ്യാപകമായി റിലീസ് ചെയ്ത ദില്ലിബെല്ലി എന്ന ഹിന്ദി സിനിമ ബോളിവുഡില്‍ സമീപകാലത്തിറങ്ങിയ പ്രധാനപ്പെട്ട അഡല്‍റ്റ് കോമഡി (പ്രായപൂര്‍ത്തിയെത്തിയവരുടെ ഹാസ്യചിത്രം) എന്ന നിലക്കാണ് കൊണ്ടാടപ്പെട്ടത്. വിക്കിപ്പീഡിയയിലും റോട്ടന്‍ ടുമാറ്റോ, റിവ്യൂ ഗാംഗ് അടക്കമുള്ള പോര്‍ട്ടലുകളില്‍ കുമിഞ്ഞു കൂടിയ നിരൂപണങ്ങളിലും അഭിനയ് ദേവ് സംവിധാനം ചെയ്ത ഈ സിനിമയെപ്പറ്റി ഘോരഘോരമുള്ള വാഴ്ത്തലുകളാണുള്ളത്. ഫോര്‍മുലകളില്‍ കിടന്നു കറങ്ങുന്ന ഹിന്ദി സിനിമയില്‍, നൂതനവും ദേശിയുമായ തമാശകളും സാഹസികതകളും കൊണ്ട് പരീക്ഷണം നടത്തിയതിന് നിര്‍മാതാവായ അമീര്‍ഖാന്‍ പ്രശംസയര്‍ഹിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാല്‍ അശ്ളീലങ്ങളുടെയും അസഭ്യങ്ങളുടെയും നീണ്ട ചരിത്രം തന്നെയുള്ള ഹിന്ദി സിനിമയില്‍ പുതിയ തലമുറക്കനുസരിച്ചുള്ള അശ്ളീല/അസഭ്യ സിനിമകള്‍ക്ക് തുടക്കമിടുകയല്ലേ ദില്ലിബെല്ലി ചെയ്യുക എന്ന ചോദ്യത്തെ കേവലം സദാചാര പോലീസിന്റെ യാഥാസ്ഥിതിക മനോഭാവം എന്നു കളിയാക്കി തള്ളിക്കളയാനുമാകില്ല.