Tuesday, September 13, 2011

മരണാനന്തരവും ലഭിക്കുന്ന ശമ്പളവും പ്രമോഷനും

സെപ്തംബര്‍ 14ന് ജല്‍പ്പായിഗുരിയിലെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് എല്ലാ വര്‍ഷവും കൃത്യമായി ഒരു പട്ടാളക്കാരന്‍ നാട്ടിലേക്ക് ലീവില്‍ പോകും. പഞ്ചാബിലേക്കുള്ള ട്രെയിനില്‍ മേജര്‍ ഹര്‍ഭജന്‍സിങ്ങിന്റെ പേരില്‍ ബര്‍ത്ത് ബുക്ക് ചെയ്തിട്ടുണ്ടാകും. എന്നാല്‍ , ബര്‍ത്തിലോ ട്രെയിനിലോ നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പെട്ടി ബര്‍ത്തിനിടയില്‍ ഉണ്ടാകും. മേജറിന്റെ കൂടെ പോകുന്ന രണ്ടു അകമ്പടിക്കാരും അതിനടുത്തുണ്ടാകും. കപൂര്‍ത്തല ജില്ലയിലെ ഗ്രാമത്തിലേക്ക് എത്തുമ്പോഴും അകമ്പടിക്കാരും പെട്ടിയും മാത്രമായിരിക്കും ഉണ്ടാവുക. ലീവ് കഴിഞ്ഞ് മേജര്‍ തിരിച്ചുപോകുമ്പോഴും പെട്ടിയെടുത്ത് അകമ്പടിക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ട്രെയിന്‍ കയറും. മേജര്‍ തിരിച്ച് ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്യുമ്പോഴും ആളെ കാണാന്‍ കിട്ടില്ല.

1968ല്‍ മരിച്ച പട്ടാളക്കാരനാണ് മേജറായി ഇപ്പോഴും ലീവില്‍ നാട്ടിലേക്ക് പോകുന്നത്. എന്നു മാത്രമല്ല, മരിച്ചിട്ടും പട്ടാളം കൃത്യമായി ശമ്പളം വീട്ടിലേക്ക് അയച്ചു നല്‍കുന്നതിനെക്കുറിച്ച് വായിക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നും. എന്നാല്‍ , സംശയിക്കേണ്ട. നമ്മുടെ രാജ്യത്ത് നടക്കുന്ന കാര്യംതന്നെയാണ്. ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന ഡോഗ്ര റെജിമെന്റിലെ പട്ടാളക്കാരനായിരുന്നു പഞ്ചാബിലെ കപൂര്‍ത്തല ജില്ലക്കാരനായ ഹര്‍ഭജന്‍സിങ്. രണ്ടു രാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അതിര്‍ത്തി കാക്കുന്നതിനിടയില്‍ ഒരു ദിവസം അദ്ദേഹത്തെ കാണാതായി. പിന്നീട് തടാകത്തില്‍നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കുകയും ചെയ്തു. പിന്നീടാണ് പുതിയ വെളിപാടുകള്‍ ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ സ്വപ്നത്തില്‍ ഹര്‍ഭജന്‍സിങ് പ്രത്യക്ഷപ്പെട്ടുവത്രെ. എല്ലാ ദിവസവും രാത്രിയില്‍ അദ്ദേഹത്തിനായി വിരിക്കുന്ന ഷീറ്റ് രാവിലെ ചുളുങ്ങിക്കിടക്കുന്നു, രാവിലെ പോളീഷ് ചെയ്തുവച്ച ഷൂവില്‍ വൈകുന്നേരമാകുമ്പോഴെക്കും മണ്ണുപുരണ്ടിരിക്കുന്നു എന്നിങ്ങനെയുള്ള കഥകള്‍ അതിവേഗത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. അതിര്‍ത്തിയില്‍ പലരും കുതിരപ്പുറത്ത് സഞ്ചരിക്കുന്ന കാവല്‍ക്കാരനായി ഹര്‍ഭജന്‍സിങ്ങിനെ കണ്ടുവത്രെ. ഇതോടെ ഹര്‍ഭജന്‍സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത് ഒരു സ്തൂപം നിര്‍മിച്ചു. പിന്നീട് അത് ഒരു ക്ഷേത്രമായി വികസിച്ചു. ഗാങ്ടോക്കില്‍നിന്ന് നാഥുലയിലേക്കുള്ള വഴിയിലാണ് ഈ ക്ഷേത്രമുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 4000 അടി ഉയരത്തിലാണ് ക്ഷേത്രം നില്‍ക്കുന്നത്. നാഥുലയിലേക്കുള്ള എല്ലാ വാഹനങ്ങളും അവിടെ നിര്‍ത്തി ഈ അപൂര്‍വ കാഴ്ച കാണുന്നുണ്ട.്

ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യാത്രയുടെ ഭാഗമായാണ് ഞങ്ങള്‍ ഗാങ്ടോക്കില്‍ എത്തിയത്. സിക്കിമിന്റെ തലസ്ഥാനമാണത്. ഗോവ കഴിഞ്ഞാല്‍ ഏറ്റവും ചെറിയ സംസ്ഥാനമാണ് സിക്കിം. ജനസംഖ്യയില്‍ ഏറ്റവും പുറകിലാണ് സ്ഥാനം. മൂന്നതിരുകളും രാജ്യാന്തരാതിര്‍ത്തികളാണ്. പടിഞ്ഞാറ് നേപ്പാളും വടക്കും കിഴക്കും ചൈനയുമാണെങ്കില്‍ തെക്കുകിഴക്ക് ഭൂട്ടാനാണ്. തെക്ക് പടിഞ്ഞാറ് ബംഗാളാണ്. ഡാര്‍ജിലിങ്ങിന് അടുത്തുള്ള ബഗ്ഡോഗരയാണ് അടുത്തുള്ള വിമാനത്താവളം. അവിടെനിന്ന് റോഡ് മാര്‍ഗമാണ് ഗാങ്ടോക്കിലേക്കുള്ള യാത്ര. ദൂരം അധികമില്ലെങ്കിലും അഞ്ചുമണിക്കൂറെങ്കിലുമെടുക്കും അവിടെ എത്താന്‍ . ഗാങ്ടോക്കില്‍നിന്നും നാഥുലയിലേക്കുള്ള യാത്ര സാഹസികമാണ്. പെയ്തൊഴിയാത്ത മഴക്കിടയിലൂടെയാണ് യാത്ര. മുകളിലേക്ക് കുത്തനെയുള്ള കയറ്റമാണ്. ഒരു വണ്ടിക്ക് കഷ്ടി കടന്നുപോകാവുന്നതാണ് റോഡിന്റെ വീതി. 14,450 അടി ഉയരത്തിലാണ് നാഥുല പാസ. മഴയില്‍ ഒഴുകിവരുന്ന വെള്ളത്തിന്റെ ശക്തിയില്‍ എപ്പോള്‍ വേണമെങ്കിലും വന്‍പാറകള്‍ താഴോട്ട് പതിച്ചെന്നുവരാം. വെട്ടിച്ചു മാറാന്‍ അധികമിടമില്ല. ഒന്നു തെറ്റിയാല്‍ ആയിരക്കണക്കിന് അടി താഴോട്ടായിരിക്കും പതിക്കുന്നത്. പൊടിപോലും കിട്ടിയെന്നുവരില്ല. ആന്ധ്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി യേശുദാസ് സേലത്തിന്റെ കാറിന്റെ മുന്‍ചില്ലുകളിലേക്ക് ഒരു പാറ വന്നുവീണു. മുടിനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഇന്ത്യയുടെയും ചൈനയുടേയും അതിര്‍ത്തിയില്‍ കൊടുംതണുപ്പിലാണ് പട്ടാളക്കാര്‍ കാവല്‍നില്‍ക്കുന്നത്. വായുവില്‍ ഓക്സിജന്റെ അളവ് വളരെ കുറവാണ്. പതുക്കെ വേണം നടക്കാന്‍ . ശ്വാസം സാവധാനം വലിച്ചെടുക്കണം. മുകളിലേക്ക് എത്തിയപ്പോഴേക്കും പലരും ക്ഷീണിതരായി. രണ്ടു രാജ്യങ്ങളുടെയും പട്ടാളക്കാര്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. നിശ്ചിത ഇടവേളകളില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും. പ്രധാനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണും. നാഥുല പാസ സന്ദര്‍ശിച്ചതിന് കമാണ്ടറുടെ വക പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിര്‍ത്തിയിലെ ചൈനീസ്പട്ടാളക്കാരോട് നമുക്ക് വേണമെങ്കില്‍ കുശലം പറയാം, കൈകൊടുക്കാം. വാഗ അതിര്‍ത്തിയിലെ വൈരത്തിന്റെ മുഖം ഇവിടെ കാണാന്‍ കഴിയില്ല. അങ്ങോട്ടുള്ള യാത്രയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിന്റെ അടയാളങ്ങള്‍ കാണാന്‍ കഴിയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റ് ഔദ്യോഗികമായി ഉണ്ട്. നല്ല തിരക്കാണ് സാധനങ്ങള്‍ വാങ്ങുന്നതിന്; വിലയും കുറവാണ്. അതുപോലെതന്നെ ചൈനയുടെ ഭൂപ്രദേശത്ത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള സംവിധാനവുമുണ്ട്. പരസ്പരബന്ധം മെച്ചപ്പെട്ടതിന്റെ ആശ്വാസം പട്ടാളക്കാരിലും ജനങ്ങളിലും കാണാം. ബുദ്ധമതവിശ്വാസികളാണ് അധികവും. പൊതുവെ സമാധാനാന്തരീക്ഷമാണ് സിക്കിമിലുള്ളത്. നാഥുല പാസയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പതിവു കൂടിക്കാഴ്ചയില്‍ ഒരു കസേരയില്‍ മേജറെ കാണാനുണ്ടാവില്ല. എന്നാല്‍ , എല്ലാ ദിവസവും ആ കസേര അവിടെത്തന്നെയുണ്ടാകും. ബാബ ഹര്‍ഭജന്‍സിങ്ങിനുള്ളതാണ് ആ കസേര. മരിച്ചിട്ടും മരിക്കാത്ത പട്ടാളക്കാരനായി ഹര്‍ഭജന്‍സിങ് അവിടെ തുടരുകയാണ്. അമ്പലത്തിലേക്കുള്ള ജനത്തിരക്കും വര്‍ധിച്ചിരിക്കുന്നു. മരണം മുമ്പില്‍ കണ്ടുള്ള യാത്രയില്‍ ബാബ തങ്ങളെ നോക്കിക്കൊള്ളുമെന്ന് കരുതി വണ്ടി നിര്‍ത്തി പ്രാര്‍ഥിക്കുന്നവരാണ് നല്ലൊരു പങ്ക് ഡ്രൈവര്‍മാരും. എങ്ങനെയാണ് പട്ടാളം ഇത്തരം വിശ്വാസങ്ങള്‍ക്ക് ഔദ്യോഗികമായ അംഗീകാരം നല്‍കുന്നത്? ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ച ഒരാള്‍ക്ക് എങ്ങനെയാണ് ശമ്പളവും പ്രമോഷനും ലീവും മറ്റും നല്‍കുന്നത്?

നമ്മള്‍ ഏതു കാലത്തിലാണ് ജീവിക്കുന്നത്. ജീവിച്ചിരിക്കുന്നവര്‍ തന്നെ ദൈവമാകുന്ന കാലത്ത് ഇതില്‍ വലിയ പുതുമയൊന്നും തോന്നിയെന്നുവരില്ല. തന്നെ ദൈവമാക്കരുതെന്ന് നടന്‍ വിജയ് പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടു. കുശ്ബുവിന് ക്ഷേത്രം പണിതവരുടെ നാട്ടില്‍ അതില്‍ വലിയ അത്ഭുതമില്ല. വിശ്വാസിച്ചാലുമില്ലെങ്കിലുമെന്ന മട്ടില്‍ അന്ധവിശ്വാസങ്ങള്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്ന കാലമാണിത്. എന്നാല്‍ , എങ്ങനെയാണ് പട്ടാളത്തിന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്? അതിര്‍ത്തിയിലെ ഏകാന്തതയില്‍ ദുര്‍ഘടമായ സാഹചര്യത്തില്‍ അതിര്‍ത്തി കാക്കുന്നവരുടെ മുമ്പില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലെന്ന് കൂട്ടത്തില്‍ ചിലര്‍ പറഞ്ഞു. വിശാലമായ രാജ്യത്തിന്റെ ഉള്ളിലൂടെയുള്ള യാത്രയില്‍ ഇങ്ങനെയെത്രയെത്ര കാഴ്ചകള്‍ .

*
പി രാജീവ് ദേശാഭിമാനി വാരിക 18 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സെപ്തംബര്‍ 14ന് ജല്‍പ്പായിഗുരിയിലെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് എല്ലാ വര്‍ഷവും കൃത്യമായി ഒരു പട്ടാളക്കാരന്‍ നാട്ടിലേക്ക് ലീവില്‍ പോകും. പഞ്ചാബിലേക്കുള്ള ട്രെയിനില്‍ മേജര്‍ ഹര്‍ഭജന്‍സിങ്ങിന്റെ പേരില്‍ ബര്‍ത്ത് ബുക്ക് ചെയ്തിട്ടുണ്ടാകും. എന്നാല്‍ , ബര്‍ത്തിലോ ട്രെയിനിലോ നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പെട്ടി ബര്‍ത്തിനിടയില്‍ ഉണ്ടാകും. മേജറിന്റെ കൂടെ പോകുന്ന രണ്ടു അകമ്പടിക്കാരും അതിനടുത്തുണ്ടാകും. കപൂര്‍ത്തല ജില്ലയിലെ ഗ്രാമത്തിലേക്ക് എത്തുമ്പോഴും അകമ്പടിക്കാരും പെട്ടിയും മാത്രമായിരിക്കും ഉണ്ടാവുക. ലീവ് കഴിഞ്ഞ് മേജര്‍ തിരിച്ചുപോകുമ്പോഴും പെട്ടിയെടുത്ത് അകമ്പടിക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ട്രെയിന്‍ കയറും. മേജര്‍ തിരിച്ച് ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്യുമ്പോഴും ആളെ കാണാന്‍ കിട്ടില്ല.