Sunday, September 4, 2011

അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ സുപ്രിംകോടതി

തിരുവിതാംകൂര്‍ രാജകുടുംബത്തിനുനേരെ സുപ്രിംകോടതി കഴിഞ്ഞ ദിവസം നടത്തിയ രൂക്ഷവിമര്‍ശനവും, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ദേവപ്രശ്‌നം നടത്തിയ സംഭവത്തെപ്പറ്റി നടത്തിയ നിരീക്ഷണവും യുക്തിഭദ്രമായി ചിന്തിക്കുന്ന കേരളത്തിലെയും രാജ്യത്തെയും മുഴുവന്‍ ജനങ്ങളും സ്വാഗതം ചെയ്യും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നതും അവശേഷിക്കുന്ന ബി നിലവറ തുറക്കുന്നതു സംബന്ധിച്ചും ഉയര്‍ന്നുവന്ന വാര്‍ത്തകളും അനുബന്ധമായി വളര്‍ത്താന്‍ ശ്രമിച്ച രാജഭക്തി അന്ധവിശ്വാസ പ്രചരണങ്ങള്‍ എന്നിവയ്ക്കും ശക്തമായ തടയിടാനും സുപ്രിംകോടതി വിമര്‍ശനം സഹായകമാകും.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍ സമ്പത്ത് തീര്‍ച്ചയായും സാധാരണ ജനങ്ങളില്‍ അളവറ്റ അത്ഭുതം ഉളവാക്കിയെന്നത് നിസ്തര്‍ക്ക യാഥാര്‍ഥ്യമാണ്. ആ സമ്പത്ത് സംബന്ധിച്ചും അതിന്റെ സമാഹരണവും സൂക്ഷിപ്പുമൊക്കെ സംബന്ധിച്ചും അന്ധവിശ്വാസ ജഡിലവും നിറം പിടിപ്പിച്ചതുമായ ഒട്ടനവധി വാര്‍ത്തകള്‍ ഒരുപക്ഷെ ബോധപൂര്‍വം തന്നെ ഒരുപറ്റം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിലും ഇന്ത്യയിലും ജനങ്ങള്‍ ധീരോധാത്തവും ത്യാഗസുരഭിലവുമായ സമരങ്ങളിലൂടെ അവസാനിപ്പിച്ച രാജവാഴ്ചയെ മഹത്വവല്‍ക്കരിക്കാനും നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന പൊതു സ്വത്ത് രാജകുടുംബത്തിന്റെയും നിക്ഷിപ്ത താല്‍പര്യങ്ങളുടെയും നിയന്ത്രണത്തിലും കൈകാര്യകര്‍തൃത്വത്തിലും ഉറപ്പിക്കാനും ലക്ഷ്യംവച്ചുള്ള പ്രചരണങ്ങളാണ് കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളായി നടന്നുവന്നിട്ടുള്ളത്. സുപ്രിംകോടതി അത്തരം പ്രചരണങ്ങള്‍ക്കും നിക്ഷിപ്ത ശ്രമങ്ങള്‍ക്കും അറുതിവരുത്തുമെന്ന് പ്രത്യാശിക്കാം.

രാജവാഴ്ചക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരളം കൈവരിച്ച നേട്ടങ്ങളെ അപ്പാടെ നിരാകരിക്കാനും അത്തരം അനഭിലഷണീയ പ്രവണതകളെ ഒരു പരിഷ്‌കൃത സമൂഹത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കാനും കഴിഞ്ഞ കുറേക്കാലമായി ശ്രമങ്ങള്‍ നടന്നുവന്നിരുന്നു. നിലവറകളില്‍ മറച്ചുവെയ്ക്കപ്പെട്ടിരിക്കുന്ന സമ്പത്തിനെ സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബം തുടക്കത്തില്‍ കൈക്കൊണ്ട നിലപാടുകളില്‍ വരുത്തിയ മലക്കംമറിച്ചിലാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ബിജെപി തുടങ്ങിയ ഹിന്ദുത്വപരിവാര്‍ നാടിനെ യാഥാസ്ഥിതികത്വത്തിലേക്കും അന്ധവിശ്വാസങ്ങളിലേക്കും തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടി.

സാധാരണക്കാരായ മതവിശ്വാസികളെയും നീതിപീഠത്തെയും ജനാധിപത്യഭരണകൂടത്തെയും കബളിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഉച്ചകോടിയിലാണ് ദേവപ്രശ്‌നം അരങ്ങേറിയത്. മതവിശ്വാസത്തെയും ഭക്തിയെയും ദുരുപയോഗപ്പെടുത്തി വസ്തുതകളെ മറച്ചുവയ്ക്കാനും നാടിന്റെ പൊതുസമ്പത്തിന്റെ മേല്‍ നിയന്ത്രണമുറപ്പിക്കാനുമായിരുന്നു ശ്രമങ്ങള്‍ നടന്നത്.
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ വിലമതിക്കാനാവാത്ത സമ്പത്ത് നാടിന്റെ പൊതുസ്വത്താണ്. അത് രാജകുടുംബത്തിന്റെ ഔദാര്യമല്ല. ജനങ്ങളില്‍ നിന്ന് അന്യായമായി പിരിച്ചെടുത്ത നികുതിപ്പണം, നീതിരഹിതമായ പടയോട്ടങ്ങളിലൂടെ കൊള്ളയടിച്ചതും വെട്ടിപ്പിടിച്ചതുമായ സമ്പത്ത് എന്നിവയാണ് നിലവറകളിലെ സമ്പത്തിന്റെ യഥാര്‍ഥ ഉറവിടം. അതാര്‍ജ്ജിക്കുന്നതിനു വേണ്ടി നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍, രക്തച്ചൊരിച്ചിലുകള്‍ എന്നിവയെല്ലാം ഈ നാടിന്റെ മറക്കാനും മറയ്ക്കാനുമാവാത്ത ചരിത്രയാഥാര്‍ഥ്യങ്ങളാണ്.

മതവിശ്വാസികളുടെ വിശ്വാസങ്ങളോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടും നമ്മുടെ ചരിത്രത്തോട് നീതിപുലര്‍ത്തിക്കൊണ്ടും ആ സമ്പത്ത് സംരക്ഷിക്കപ്പെടണം. അതിന്റെ നീതിപൂര്‍വവും ജനോപകാരപ്രദവുമായ വിനിയോഗം ഉറപ്പുവരുത്തണം. ഈ അമൂല്യ വസ്തുക്കള്‍ കാണാനും ആസ്വദിക്കാനും പഠിക്കാനുമുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടരുത്. സുപ്രിംകോടതി നിയോഗിച്ചിട്ടുള്ള കമ്മിറ്റികള്‍ ഈ വസ്തുതകള്‍ യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ് തങ്ങളുടെ ദൗത്യം നിര്‍വഹിക്കുമെന്ന് സുപ്രീംകോടതി തന്നെ ഉറപ്പുവരുത്തണം.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ സമ്പത്തിന്റെ പേരില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കേരളസമൂഹത്തിന്റെ മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള ഏതു ശ്രമത്തെയും ഉല്പതിഷ്ണുക്കളുടെ ബോധപൂര്‍വവും ശക്തവുമായ ഇടപെടലിലൂടെ പരാജയപ്പെടുത്തണം.

രാജ്യം എന്നന്നേക്കുമായി കുഴിച്ചുമൂടിയ നാടുവാഴിത്തത്തേയും രാജഭരണത്തെയും മധ്യകാല സംസ്‌കാരത്തെയും തിരികെ കൊണ്ടുവരാനും അത്തരം തകര്‍ക്കപ്പെട്ട സ്ഥാപനങ്ങളെ മഹത്വവത്കരിക്കാനും നടക്കുന്ന എല്ലാ ശ്രമങ്ങളും അപലപനീയമാണ്. അത്തരം ശ്രമത്തിലേര്‍പ്പെട്ടിട്ടുള്ള പ്രതിലോമ ശക്തികള്‍ക്കും താല്‍പര്യങ്ങള്‍ക്കുമെതിരെ സമൂഹം ഒന്നടങ്കം ജാഗ്രത പുലര്‍ത്തണം. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും യുക്തിചിന്തയെയും ശാസ്ത്രീയസമീപനങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്ത് പരാജയപ്പെടുത്തുകയെന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

*
ജനയുഗം മുഖപ്രസംഗം 04 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരുവിതാംകൂര്‍ രാജകുടുംബത്തിനുനേരെ സുപ്രിംകോടതി കഴിഞ്ഞ ദിവസം നടത്തിയ രൂക്ഷവിമര്‍ശനവും, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ദേവപ്രശ്‌നം നടത്തിയ സംഭവത്തെപ്പറ്റി നടത്തിയ നിരീക്ഷണവും യുക്തിഭദ്രമായി ചിന്തിക്കുന്ന കേരളത്തിലെയും രാജ്യത്തെയും മുഴുവന്‍ ജനങ്ങളും സ്വാഗതം ചെയ്യും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നതും അവശേഷിക്കുന്ന ബി നിലവറ തുറക്കുന്നതു സംബന്ധിച്ചും ഉയര്‍ന്നുവന്ന വാര്‍ത്തകളും അനുബന്ധമായി വളര്‍ത്താന്‍ ശ്രമിച്ച രാജഭക്തി അന്ധവിശ്വാസ പ്രചരണങ്ങള്‍ എന്നിവയ്ക്കും ശക്തമായ തടയിടാനും സുപ്രിംകോടതി വിമര്‍ശനം സഹായകമാകും.