Friday, September 23, 2011

ഭരണകൂടം അംഗീകരിക്കുന്നത് മൗലികമല്ലാത്ത സമരങ്ങള്‍

ഗാന്ധിജി തുടങ്ങിവച്ച സത്യാഗ്രഹസമരത്തിന് 105 വയസ് തികഞ്ഞിരിക്കയാണ്. 1906 സെപ്റ്റംബര്‍ 11-ന് ജോഹന്നാസ് ബര്‍ഗിലെ ഇംപീരിയല്‍ തിയറ്ററില്‍വച്ചാണ് ആദ്യമായി ഇത്തരത്തിലുള്ളൊരു സമരത്തിന് അദ്ദേഹം തുടക്കംകുറിച്ചത്. 9/11 ന് ഭീകരാക്രമണത്തിന്റെതല്ലാത്തൊരു തലംകൂടി ഉണ്ടെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.

1906 നുശേഷം ഗാന്ധിജി അനേകം സത്യാഗ്രഹങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം അദ്ദേഹം ഈ സമരമുറയെ അവസാനത്തെ ആയുധമായാണ് കണ്ടതും, ഏറ്റവും സുപ്രധാനമായ വിഷയങ്ങള്‍ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് അതിനെ ഉപയോഗിച്ചതും. എന്നാല്‍, സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേരെ വിരുദ്ധ ദിശയിലാണ് ഇതിന്റെ പോക്ക്. ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് എളുപ്പം ഉപയോഗിക്കാവുന്ന ആയുധമായാണ് പലപ്പോഴും ഇതിനെ രാഷ്ട്രീയ സമൂഹവും പൊതുസമൂഹവും കാണുന്നത്. മാത്രമല്ല, ഒരുവേള സത്യാഗ്രഹം തമാശയും പബ്ലിസിറ്റിയുടെ ഉപാധിയായും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ശീതീകരിച്ച പന്തലുകളില്‍ ടെലിവിഷന്‍ ക്യാമറകളെ സാക്ഷിനിര്‍ത്തി വിശ്രമിക്കുന്ന ഒരേര്‍പ്പാടായി മാറിയിരിക്കുന്നു നിരാഹാര സമരങ്ങള്‍! ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ത്രിദിന സമരം. 'എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹമാണ്' ഇത്.

ഇത്തരം സമരങ്ങളോട് മാധ്യമങ്ങളും ഭരണകൂടവും പൊതൂസമൂഹവും പ്രതികരിക്കുന്ന രീതിയിലും ചില സവിശേഷതകളുണ്ട്. അവ ഉയര്‍ത്തുന്ന വിഷയങ്ങളുടെ ഗൗരവത്തെയും മൗലികതയെയുംകാള്‍ മധ്യവര്‍ഗത്തെ ഇക്കിളിപ്പെടുത്താനുള്ള സാധ്യതയ്ക്കാണ് മാധ്യമങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. അന്നാ ഹസാരെയുടെ സമരത്തില്‍ നാം കണ്ടത് ഇതാണ്. മധ്യവര്‍ഗത്തെ എളുപ്പം ഇളക്കിമറിക്കാന്‍ കഴിയുന്ന അഴിമതിയെക്കുറിച്ചാണല്ലോ അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യം. അതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും (ഹിന്ദിയില്‍ പറഞ്ഞാല്‍ ബാബുമാര്‍) രാഷ്ട്രീയക്കാരും നടത്തുന്ന അഴിമതിയെക്കുറിച്ച്. കോര്‍പ്പറേറ്റ് അഴിമതിയെക്കുറിച്ചും മാധ്യമലോകത്ത് അരങ്ങുതകര്‍ക്കുന്ന ക്രമക്കേടുകളെക്കുറിച്ചും അഴിമതിയും സാമ്പത്തിക ഉദാരവല്‍ക്കരണവും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തെക്കുറിച്ചും അദ്ദേഹം ദീക്ഷിച്ച മൗനവുംകൂടി ചേര്‍ന്നതോടെ മാധ്യമങ്ങള്‍ സന്തോഷത്തോടെ ഹസാരെയ്ക്ക് വീരപരിവേഷം നല്‍കാന്‍ തയ്യാറായി. ഇതോടെ ഭരണകൂടത്തിന് ഗത്യന്തരം ഇല്ലാതെയായി. ഇതാണ് ഹസാരെയുടെ കാര്യത്തില്‍ സംഭവിച്ചത്. അതേസമയം ഭരണവ്യവസ്ഥയെക്കുറിച്ച് മൗലികമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സമരങ്ങള്‍ നമ്മുടെ മധ്യവര്‍ഗത്തെയോ മാധ്യമങ്ങളെയോ സ്വാധീനിക്കുന്നുമില്ല. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകള്‍ നീതിക്കുവേണ്ടി 800 കിലോമീറ്റര്‍ സഞ്ചരിച്ച് രണ്ടു തവണ ഡല്‍ഹിയില്‍ നടത്തിയ സമരം ഓര്‍ക്കുന്നുണ്ടോ? ആരാലും ഗൗനിക്കപ്പെടാതെ (ഇടതുപക്ഷം ഇതിന് അപവാദമായി നിന്നിരുന്നു) പോയൊരു സമരമാണത്. ഇതിന്റെ മറ്റൊരു പതിപ്പ് കഴിഞ്ഞ 11 വര്‍ഷങ്ങളായി നമ്മുടെ കണ്‍മുന്നില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു-ഇറോം ശര്‍മിളയുടെ നിരാഹാര സത്യാഗ്രഹം.

മൗലികമായ സാമൂഹ്യസമസ്യകളും ഭരണകൂടത്തിന്റെ നിസംഗതയും വ്യക്തിയുടെ സ്വകാര്യദുഖങ്ങളും ഇഴചേരുമ്പോള്‍ മനുഷ്യമനസിനെ മഥിക്കുന്ന വല്ലാത്തൊരു കോമ്പിനേഷനായി മാറും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശര്‍മിളയുടെ സമരം. ഒരു ഭാഗത്ത് അവര്‍ ഉയര്‍ത്തുന്നത് നമ്മുടെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്-കരുതല്‍ തുറങ്കല്‍ നിയമങ്ങള്‍ ഏതുവിധം സാധാരണക്കാരുടെ ജനാധിപത്യവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നു എന്നത്. മറുഭാഗത്ത് ഈ പ്രശ്‌നത്തെ ഇന്ത്യന്‍ ഭരണകൂടവും പൊതുസമൂഹവും മാധ്യമങ്ങളും ഒരുപോലെ തമസ്‌ക്കരിക്കുകയും, ഒരു പതിറ്റാണ്ടിലധികമായി താന്‍ നടത്തിവരുന്ന നിരാഹാരത്തില്‍നിന്ന് പിന്‍വാങ്ങുവാന്‍-സ്വയം തീരുമാനിച്ചാല്‍ പോലും-ശര്‍മിളയെ അനുവദിക്കാന്‍ വിസമ്മതിക്കുകയും വിജയം കാണുംവരെ അത് തുടരണമെന്ന് ശഠിക്കുകയും ചെയ്യുന്ന അവരുടെ പ്രസ്ഥാനവും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്നത് ഏറ്റവും വലിയ നൈതിക പ്രതിസന്ധിയാണ്. ഇത് ശരിക്കും ബോധ്യമാകണമെങ്കില്‍ സമരത്തിന്റെ ചരിത്രവും ശര്‍മിളയുടെ വ്യക്തിജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളും അറിയേണ്ടതുണ്ട്.

2000 നവംബര്‍ മൂന്നിന് തന്റെ 28-ാം വയസിലാണ് ഇറോം ശര്‍മിള നിരാഹാരവൃതം ആരംഭിക്കുന്നത്. രണ്ടു ദിവസം മുമ്പ് മണിപ്പൂരിലെ അവരുടെ ഗ്രാമത്തില്‍ നടന്ന പട്ടാള വെടിവെയ്പ്പില്‍ വൃദ്ധരും കുട്ടികളുമടക്കം പത്ത് പേര്‍ മരിച്ചതായിരുന്നു സമരത്തിന്റെ പെട്ടെന്നുള്ള കാരണമെങ്കിലും യഥാര്‍ഥ ആവശ്യം ആംമ്ഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് (AFSPA) റദ്ദുചെയ്യണമെന്നതായിരുന്നു. പ്രസ്തുത നിയമം പട്ടാളക്കാരുടെ എല്ലാവിധ അതിക്രമങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതാണെന്ന വസ്തുത പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഇതിനെതിരായാണ് ശര്‍മിളയുടെ സമരം. ആരോഗ്യം വഷളായതോടെ അധികാരികള്‍ അവരെ അറസ്റ്റ് ചെയ്ത് ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ സ്‌പെഷ്യല്‍ സെല്ലിലേയ്ക്ക് മാറ്റുകയും നിര്‍ബന്ധപൂര്‍വം മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ആഹാരം നല്‍കാനും തുടങ്ങി. കഴിഞ്ഞ 11 വര്‍ഷങ്ങളായി ഈ വിധം കഴിയുകയാണവര്‍, പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ. ആശുപത്രി മുറിയാണ് അവരുടെ തറവാടും ലോകവും. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമേറിയ നിരാഹാരവൃതം! ഭരണകൂടമോ പൊതുസമൂഹമോ മാധ്യമങ്ങളോ അവരുടെ സമരത്തെ ഗൗനിക്കാനും അത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനും മുന്നോട്ടുവരുന്നുമില്ല.

11 വര്‍ഷത്തെ ഉണ്ണാവൃതവും പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ദിനചര്യയും ചേര്‍ന്ന അവരുടെ വ്യക്തിജീവിതത്തില്‍ ഉളവാക്കിയിരിക്കുന്ന പ്രതിസന്ധിയുടെ ആഴത്തെക്കുറിച്ച് ചിന്തിക്കാവുന്നതേയുള്ളു. നല്ല ആഹാരത്തെയും വസ്ത്രത്തെയുമൊക്കെ സ്‌നേഹിച്ചിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു സമരം തുടങ്ങുന്നതിന്റെ തലേദിവസംവരെ അവര്‍. ഇതേക്കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ-'-തേനും തേങ്ങാവെള്ളവും പാവയ്ക്കായും മിട്ടായികളും എന്നും എന്റെ ഇഷ്ടാഹാരങ്ങളായിരുന്നു. നിരാഹാരം തുടങ്ങുന്നതിന്റെ തൊട്ട് തലേന്ന് ഞാന്‍ യഥേഷ്ടം പേസ്റ്ററി കഴിക്കുകയും ചെയ്തു. സമരംവെടിഞ്ഞ് സാധാരണ ജീവിതത്തിലേയ്ക്ക് എന്നെങ്കിലും തിരിച്ചുപോകുന്നപക്ഷം ഇവയൊക്കെ ഞാന്‍ വീണ്ടും കഴിക്കും. ഇപ്പോള്‍ പക്ഷേ ഇവയെ വെറുക്കാന്‍ ഞാന്‍ മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നു. ഇതിനായി ഞാന്‍ പല്ല് തേയ്ക്കാറുപോലും ഇല്ല... സമരം തുടങ്ങുമ്പോള്‍ ഇത്രയും ദീര്‍ഘിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരു പ്ലോട്ടഡ് ഗ്രാഫിലെ വരകളെപോലെ ഒരു നിമിഷത്തില്‍നിന്ന് മറ്റൊരു നിമിഷത്തിലേയ്ക്ക് ഞാന്‍ ജീവിതം തള്ളിനീക്കുകയാണ്. മൂക്കില്‍ ട്യൂബുമായി ആശുപത്രിയില്‍ ജീവിക്കുവാന്‍ ആര്‍ക്കാണ് ആഗ്രഹമുണ്ടാവുക?

എന്നാല്‍ ഇന്നിപ്പോള്‍ ആഹാരത്തെക്കാള്‍ അവരുടെ മുന്നിലുള്ള വലിയ പ്രശ്‌നം അനുരാഗത്തിന്റെതാണ്. 48 വയസുള്ള ഗോവയില്‍ ജനിച്ച ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനൊയെ കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ പ്രണയിക്കുന്നു. ''അതെ, ഞാന്‍ ഒരാളെ സ്‌നേഹിക്കുന്നു. എല്ലാവരും ചേര്‍ന്ന് എന്നെ ഒരസാധാരണ സ്ത്രീ ആക്കിയിരിക്കുകയാണ്-ഉരുക്കുവനിത. പക്ഷേ ഞാന്‍ ഒരു സാധാരണ സ്ത്രീയാണ്. സാധാരണ ജീവിതം നയിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന സാധാരണക്കാരി. സാധാരണ സ്ത്രീകള്‍ ചെയ്യുന്നതെല്ലാം എനിക്കും ചെയ്യണം. വിവാഹം കഴിക്കണം...''

എന്നാല്‍ അവരുടെ പ്രസ്ഥാനം ഇതിനവരെ അനുവദിക്കുമോ എന്നത് കണ്ടുതന്നെ അറിയണം. ഒരുപക്ഷേ അവരുടെ കുടുംബംപോലും ഇക്കാര്യത്തില്‍ ശര്‍മിളയോടൊപ്പം നില്‍ക്കും എന്നു കരുതുക വയ്യ. സ്വന്തം സഹോദരന്‍ പോലും ഈ ബന്ധത്തെ എതിര്‍ക്കുന്നു എന്നതാണ് വാസ്തവം. ''അയാള്‍ (ഡെസ്മണ്ട) സര്‍ക്കാര്‍ ഏജന്റാണ്. ശര്‍മിളയെ വിവാഹം കഴിച്ച് കൂടെകൊണ്ടുപോകുക. എന്നതുമാത്രമാണ് അയാളുടെ ലക്ഷ്യം. ഞങ്ങളുടെ സമരത്തെയും പ്രസ്ഥാനത്തെയും ദുര്‍ബലപ്പെടുത്തുവാനെ ഇത് ഉതകൂ. സ്‌നേഹിക്കുന്ന പുരുഷനുവേണ്ടി അവള്‍ക്ക് സമരത്തെ എങ്ങനെ ഉപേക്ഷിക്കാനാവും''?-സഹോദരന്‍ സിംഘാജിതിന്റെ പ്രതികരണമാണിത്.

സഹനവും സ്‌നേഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നടുവിലാണ് ഇറോം ശര്‍മിള എന്ന 39 കാരി യുവതി ഇന്ന് ജീവിക്കുന്നത്. ജീവിക്കുന്നു എന്നു പറയുന്നതിനെക്കാള്‍ ജീവനും മരണത്തിനും ഇടയ്ക്ക് കഴിയുന്നു എന്നു പറയുന്നതാവും ശരി. How can you suffer from the absence of a person who is present! എന്ന് വിശ്വസാഹിത്യകാരന്‍ Milan Kundera ഉന്നയിച്ച ചോദ്യം ഓര്‍മവരുന്നു. ഈ ചോദ്യം മറ്റൊരു രീതിയില്‍ ഇറോം ശര്‍മിളയുടെ കാര്യത്തിലും ചോദിക്കാം. How can you feel the presence of a person who is absent? ഒരര്‍ഥത്തില്‍ അവര്‍ ഒരേസമയം present ഉം absent ഉം ആണ്. സ്വന്തം പ്രസ്ഥാനത്തില്‍ present ഉം സ്വന്തം ജീവിതത്തില്‍ absent ഉം. വംശീയ/ഉപദേശീയ പ്രസ്ഥാനങ്ങള്‍ക്ക് എപ്പോഴും വേണ്ടത് ഇരകളെയാണ്. ഒന്നിനെ കിട്ടിയാല്‍ അവസാനംവരെ അതിനെ ഇരയായിത്തന്നെ നിര്‍ത്തുന്നതാണ് പ്രസ്ഥാനങ്ങളുടെ യുക്തി. അതുകൊണ്ടാണ് 11 വര്‍ഷത്തെ നിരാഹാരത്തിനുശേഷവും ഇറോം ശര്‍മിളയുടെ പ്രസ്ഥാനം അവര്‍ക്ക് മോചനം നല്‍കുവാന്‍ തയ്യാറാകാത്തത്.

സമരങ്ങളെ അംഗീകരിക്കുന്നതിലും നിരാകരിക്കുന്നതിലും ഭരണകൂടങ്ങള്‍ക്ക് അവയുടേതായ യുക്തിയുണ്ട്. അത്ഭുതകരമായ വസ്തുത, ജനാധിപത്യത്തിന്റെ നൈതികതയോ ഭരണഘടനയുടെ നിഷ്‌കര്‍ഷയോ മനുഷ്യത്വമോ അല്ല ഇതിനെ നിശ്ചയിക്കുന്നത് എന്നതാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ മൗലികമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കാത്ത സമരങ്ങളെ മാത്രമേ അവയ്ക്ക് (ഭരണകൂടങ്ങള്‍ക്ക്) അംഗീകരിക്കാനാവു. അന്നാ ഹസാരയുടെ 13 ദിവസത്തെ നിരാഹാര സമരത്തെ ഇറോം ശര്‍മിളയുടെ 11 വര്‍ഷത്തെ നിരാഹാരത്തില്‍ നിന്ന് നിര്‍ധരിച്ചെടുക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ഉപയോഗിക്കുന്ന യുക്തിയും മറ്റൊന്നല്ല. അമ്മയ്ക്ക് കുഞ്ഞിനെയും കുഞ്ഞിന് അമ്മയെയും കാണണമെങ്കില്‍ കുട്ടി ഗര്‍ഭത്തില്‍ നിന്ന് പുറത്തുവരണമെന്ന് പറഞ്ഞത് ടാഗോറാണ്. പക്ഷേ അമ്മയ്ക്ക് കുട്ടിയെ കാണേണ്ടങ്കിലോ? അത്തരമൊരു സാഹചര്യത്തില്‍ കുട്ടിയെ ഗര്‍ഭത്തില്‍ത്തന്നെ നിലനിര്‍ത്തുന്നതാണ് യുക്തി. അതാണ് നമ്മുടെ ഭരണകൂടം ശര്‍മിളയുടെ നിരാഹാരത്തോട് അനുവര്‍ത്തിച്ചിരിക്കുന്ന യുക്തിയും നിത്യഗര്‍ഭം എന്നതുപോലെ അനന്തമായ നിരാഹാര സമരമാണ് ഫലം.

*
ഡോ. ജെ പ്രഭാഷ് ജനയുഗം 22 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗാന്ധിജി തുടങ്ങിവച്ച സത്യാഗ്രഹസമരത്തിന് 105 വയസ് തികഞ്ഞിരിക്കയാണ്. 1906 സെപ്റ്റംബര്‍ 11-ന് ജോഹന്നാസ് ബര്‍ഗിലെ ഇംപീരിയല്‍ തിയറ്ററില്‍വച്ചാണ് ആദ്യമായി ഇത്തരത്തിലുള്ളൊരു സമരത്തിന് അദ്ദേഹം തുടക്കംകുറിച്ചത്. 9/11 ന് ഭീകരാക്രമണത്തിന്റെതല്ലാത്തൊരു തലംകൂടി ഉണ്ടെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.