Monday, September 26, 2011

വിലക്കയറ്റമോ വിലക്കിന്റെ കയറ്റമോ?

പൊതുവെ നമ്മുടെ ധാരണ കയറ്റം എന്നത് നല്ലതും താഴ്ച എന്നത് തീയതുമാണ് എന്നാണല്ലോ. ഇന്ന് നാം കയറ്റത്തെ പേടിക്കുകയും താഴ്ചയെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരായിത്തീര്‍ന്നു. ഇന്ന് ജനങ്ങള്‍ മുഴുവനും ഒരുപോലെ ഭയപ്പെടുന്നത് ഒരു കയറ്റത്തെയാണ്; വിലക്കയറ്റത്തെ. പേടിക്കാത്തത് വിലക്കുറവിനെയും. ജനങ്ങളുടെ നെഞ്ചത്ത് ചെന്നുവീഴുന്ന ഇടിയാണ് ഓരോ വിലക്കയറ്റവും. 'തീപിടിച്ച വില' എന്നാണല്ലോ സ്ത്രീകള്‍ പറയുക. അതിന്റെ പുക മൂടി അവര്‍ അടുക്കളയില്‍ ശ്വാസംമുട്ടി കഴിയുന്നു.

ഇപ്പോള്‍ ഇവിടെ നടന്ന ഹര്‍ത്താല്‍ പെട്രോള്‍വില കൂടുതലിനെ ചൊല്ലിയാണ്. അടുക്കള സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയായിട്ട് വളരെ നാളായി. ശരിക്കും ദേശീയമായ ഹര്‍ത്താല്‍ നടത്തേണ്ടിയിരുന്നത് അതിന്റെ പേരിലായിരുന്നു. സാധനങ്ങളുടെ വില വിഷം കയറുമ്പോലെയാണ് കയറിക്കയറിപ്പോകുന്നത്. വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 110 രൂപയാണത്രെ. സ്വന്തം എണ്ണ നാട്ടുകാര്‍ക്ക് തൊട്ടുമണപ്പിക്കാന്‍ വയ്യാത്ത അവസ്ഥയിലായെന്ന് അമ്മത്തെങ്ങ് അറിയുന്നുണ്ടോ? പച്ചക്കറിയുടെ വിലയറിഞ്ഞാല്‍ ആള്‍ ഉണങ്ങിപ്പോകും.

ഗവണ്‍മെന്റിന് ആകെ വിലകുറയ്ക്കാന്‍ കഴിഞ്ഞത് ഉറുപ്പികയുടേതാണ്. എന്നാല്‍ വില കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ വില കൂടിയത് ഉറുപ്പികയുടെതല്ല, പെട്രോളിന്റെതാണ്! കോര്‍പ്പറേറ്റ് എണ്ണക്കമ്പനികള്‍ക്ക് നഷ്ടം കുറയ്ക്കാന്‍ വളരെ വ്യസനത്തോടെയാണ് പെട്രോള്‍വില നാട്ടില്‍ കൂട്ടിയതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി കേരളത്തില്‍ വന്നു പ്രസ്താവിക്കുകയുണ്ടായി. അദ്ദേഹം കണ്ണീരൊഴുക്കിയോ എന്ന് പത്രങ്ങള്‍ പറഞ്ഞില്ല. എന്തിനെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കുന്ന പത്രങ്ങള്‍ ഈ പ്രസക്തമായ ചോദ്യം എന്തുകൊണ്ട് ചോദിക്കാന്‍ വിട്ടുപോയി എന്ന് വ്യക്തമല്ല. ഒരുപക്ഷെ, അവരുടെ കണ്ണുനീരും ഒഴുകുകയായിരിക്കാം.!

ഇതൊക്കെ വായിക്കുമ്പോള്‍ സംശയം തോന്നുന്നു, അല്ലേ? വിലക്കയറ്റം എന്ന പിശാചിന്റെ മുന്നില്‍ പെട്ട് കേന്ദ്രഗവണ്‍മെന്റിന്റെ നട്ടംതിരിയല്‍ കണ്ടാല്‍ ആര്‍ക്കും തമാശ തോന്നും.
ഞാന്‍ വിലക്കയറ്റത്തെപ്പറ്റി ഇപ്പോള്‍ എഴുതാന്‍ കാരണം, ഈ വിഷയം ചര്‍ച്ചയ്ക്കായി എടുക്കേണ്ട ചുമതലയുള്ള നമ്മുടെ പത്രങ്ങള്‍ (ആംഗലവും കേരളീയവും) കാണിക്കേണ്ടത് കാണിക്കാന്‍ മറന്നുപോയോ എന്ന ശങ്ക മൂലമാണ്. പ്രധാനപത്രങ്ങളുടെയെങ്കിലും പഴയ ലക്കങ്ങള്‍ എന്റെ ശങ്കയ്ക്ക് ബലം കൂട്ടിയതേയുള്ളൂ. കാരണം തൊട്ടുപോയാല്‍ അത് ഇവിടെയൊന്നും നില്‍ക്കില്ല. ലോകമാകെ കമ്പോളത്തിലും സാമ്പത്തികമായും തകിടം മറിഞ്ഞിരിക്കുകയാണ്. അത്ഭുതം ഉളവാക്കിക്കൊണ്ട് അമേരിക്കയുടെ നില ഏറെ പരുങ്ങലിലായിരിക്കുകയാണ്. ഒരു വശത്ത് ലോകത്തിലെ ദരിദ്രരില്‍ ആറിലൊന്ന് അമേരിക്കയിലാണെന്ന യാഥാര്‍ഥ്യം പുറത്തുവന്നിരിക്കുന്നു. സ്വതന്ത്രമായ കമ്പോളം എന്നു പറഞ്ഞ് ലോകരാഷ്ട്രങ്ങളെ ഇത്രയും കാലം കബളിപ്പിച്ച അമേരിക്കയുടെ കമ്പോളക്കളി അവസാനിച്ച മട്ടുണ്ട്. സ്വതന്ത്രം എന്ന് ഉരുവിട്ടു കൊണ്ട് നടത്തം മാത്രം. വിപണിഘടന സുരക്ഷിതമാക്കി നിര്‍ത്തി, സാമ്പത്തികമായ ഏകാധിപത്യം എക്കാലവും നിലനിര്‍ത്താമെന്ന ഒരു അജയ്യ രാജ്യത്തിന്റെ അഹന്ത കുമിള പോലെ പൊട്ടിച്ചിതറിയിരിക്കുന്നു.

ആഗോളവത്കരണം എന്ന മന്ത്രോച്ചാരണം കേട്ട് അതില്‍ വിശ്വാസം അര്‍പ്പിച്ച് ലോകവിപണിയുടെ ഗുണങ്ങള്‍ അനുഭവിക്കാന്‍ ഇറങ്ങിയ ഇന്ത്യ ഇന്നനുഭവിക്കുന്ന സാമ്പത്തികമായ പരാധീനതകള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നമുക്കാവില്ല. കേന്ദ്രഗവണ്‍മെന്റിന്റെ 'ആദ്യപാപം' അമേരിക്ക വരച്ച വരയിലൂടെ നടക്കാന്‍ തീരുമാനിച്ചതത്രെ. അമേരിക്കയുടെ ചുമലിലേറിയ രാജ്യം അമേരിക്കയുടെ കാലിടറി വീഴുമ്പോള്‍ മുമ്പേ നിലംപരിശാകുമല്ലോ. അതുകൊണ്ടാണ് ഇവിടെ റിസര്‍വ് ബാങ്കിന്റെ പോലും വാര്‍ഷിക റിപ്പോര്‍ട്ടിലെ വാചകമടിക്കപ്പുറത്ത് കാര്യമായി ഒന്നും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നത്.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട സാമ്പത്തികമായ അട്ടിമറി നേരിടാന്‍ തസ്തികകളുടെ എണ്ണം ചുരുക്കുക, വേതനം ചുരുക്കുക തുടങ്ങി പല പൊടിക്കൈകളും പ്രയോഗിച്ചു വരുന്നു. ഫലം കണ്ടു തുടങ്ങിയിട്ടില്ല. ഉദ്ദേശിച്ച ഫലം കാണാനൊക്കുമോ എന്ന് സംശയിക്കുന്ന വിദഗ്ധരും ഇല്ലാതില്ല. ഫ്രാന്‍സില്‍ അതികുബേരന്മാര്‍ എന്നു വിളിക്കാവുന്ന പണക്കാര്‍ കൂടുതല്‍ നികുതി കൊടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ നീക്കം വെറും തട്ടിപ്പാണെന്നും ആദായനികുതി കൊടുക്കേണ്ട ധനത്തിന്റെ എത്രയോ മടങ്ങ് സ്വത്തുള്ള ഇവരുടെ ഈ ത്യാഗബുദ്ധി കാപട്യമാണെന്നും എങ്ങും അഭിപ്രായങ്ങള്‍ ഉയര്‍ന്നുതുടങ്ങി.

അതിരിക്കട്ടെ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും? ഇവിടുത്തെ കോടിക്കണക്കിനുള്ള പാവങ്ങളുടെയും സാധാരണക്കാരുടെയും മര്‍മ്മം പിളര്‍ക്കുന്ന മുറിവാണ് വിലക്കയറ്റം ഉണ്ടാക്കുന്നത്. കയറ്റുമതി കൂട്ടുന്ന ആഗോളീകരണം ദേശീയോത്പാദനത്തില്‍ ഒട്ടും ശ്രദ്ധിച്ചില്ല. കാര്‍ഷികമേഖലയെ അവഗണിച്ചെന്നു മാത്രമല്ല, കൃഷിക്ക് സഹായധനം നല്‍കുന്നത് തെറ്റാണെന്ന ഒരു സിദ്ധാന്തം ഗവണ്‍മെന്റ് കൈക്കൊള്ളുകയും ചെയ്തു. കാര്‍ഷികോല്‍പന്നങ്ങള്‍ കുറയാന്‍ മറ്റൊന്നും വേണ്ടല്ലോ. ഒരു ശരാശരി ഭാരതീയന്‍ എന്നാല്‍ കര്‍ഷകനാണ്. അവന്റെ കഴുത്തില്‍ കത്തിവയ്ക്കുന്ന നടപടികള്‍ ഭരണകൂടം വീഴ്ചപറ്റാതെ നടത്തി വരുന്നു. ഹരിതവിപ്ലവം നടത്തി കാര്‍ഷികവിഭവം സമൃദ്ധമാക്കാന്‍ പ്രതിജ്ഞ ചെയ്ത രാജ്യത്തിന്റെ ഗതികേട് കാണുക. ഹോര്‍മണ്‍ ബോര്‍ലോംഗ് എന്ന ശാസ്ത്രജ്ഞന്റെ രാസവളങ്ങള്‍ കൊണ്ട് വിളകള്‍ എത്രയോ മടങ്ങ് വര്‍ധിപ്പിക്കാമെന്ന സിദ്ധാന്തം അപ്പടി വിശ്വസിച്ച് എം എസ് സ്വാമിനാഥന്‍ എന്ന നമ്മുടെ ഒരു കൃഷിശാസ്ത്രജ്ഞന്‍ അന്നത്തെ കേന്ദ്രഗവണ്‍മെന്റിനെക്കൊണ്ട് വേഷം കെട്ടിച്ചു. എന്തുണ്ടായി? വിളവ് താത്കാലികമായി കൂടിയെങ്കിലും മണ്ണിനെ അത് നശിപ്പിച്ചു കളഞ്ഞു. അന്ന് പിഴച്ച കാര്‍ഷികനയം പിന്നെ വന്ന ഒരു ഗവണ്‍മെന്റിനും ശരിപ്പെടുത്താനായില്ല. ഇവര്‍ രാജകീയമായ പ്രൗഢിയോടെ വരികയും പോവുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ കടത്തില്‍ നിന്ന് കടത്തിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും ത്വരിതപ്രയാണം ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നതും കര്‍ഷകര്‍ക്കിടയിലാണെന്നത് എന്തുകൊണ്ട് ഒരു കൃഷിമന്ത്രിയും ഗൗരവമായി ചിന്തിച്ചില്ല. ഇപ്പോള്‍ അവര്‍ സഹായധനവും മുടക്കി. മേലേ നിന്നുള്ള ആജ്ഞയാണ്, ലംഘിച്ചുകൂടാ!

സ്വാമിനാഥന്‍ ഇന്ന് ചുവട് മാറ്റി ആടുന്നുണ്ടെങ്കിലും അദ്ദേഹം വരുത്തിവച്ച കെടുതി അതേ ശക്തിയോടെ തുടരുന്നു. മറ്റേത് മന്ത്രാലയം പരാജയപ്പെട്ടാലും കൃഷിമന്ത്രാലയം തോല്‍ക്കാന്‍ പാടില്ല. ഇന്ത്യ തോല്‍ക്കുന്നു എന്നാണതിന്റെ അര്‍ഥം. ആ തോല്‍വി കൊണ്ടാണ് വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 110 രൂപ വിലയിലെത്തിച്ചത്.

വിലക്കയറ്റത്തിന്റെ സ്രോതസ്സ് ഇതാണ്. ഇങ്ങനെ ഓരോന്നിനും ഓരോ സ്രോതസ്സുണ്ട്. അത് കണ്ടെത്തി നാടിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്, ഇവിടുത്തെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി അനുഭവങ്ങളുടെ വിനീതനായ അനുചരനോ കിങ്കരനോ ആയി പെരുമാറാന്‍ കഴിഞ്ഞാല്‍ വിലക്കയറ്റം ഒഴിവാക്കാം. വിലക്കയറ്റം സാധനങ്ങളുടെ കുറ്റമല്ല. അത് ഭരണകര്‍ത്താക്കളുടെ കാഴ്ചപ്പാടിന്റെ ദോഷവും കര്‍മ്മശേഷിക്കുറവും കൊണ്ടുണ്ടാക്കിയെടുത്ത ഒരു മാനസികാവസ്ഥയുടെ സൃഷ്ടിയാണ്. വിലക്കയറ്റം രോഗമല്ല, രോഗലക്ഷണം മാത്രമാണ്. നമ്മുടെ ഭരണാധിപന്മാര്‍ രോഗം മനസ്സിലാക്കുകയോ അത് ചികിത്സിക്കുന്നതെങ്ങനെയെന്ന് അറിയുകയോ ചെയ്യാത്തവരാണ്.

ഒന്നും നടക്കാത്ത വന്ധ്യങ്ങളായ എത്ര വര്‍ഷങ്ങള്‍ മറഞ്ഞുപോയി? കടുത്ത എക്‌സിമ പിടികൂടിയവനെപ്പോലെ ഗവണ്‍മെന്റ് ഇക്കാലം മുഴുവന്‍ ആ ചൊറി മാന്തിക്കഴിയുകയായിരുന്നു.
ഇതൊക്കെ നോക്കുമ്പോള്‍ വിലക്കയറ്റം ഇന്ന് വിലക്കിന്റെ കയറ്റമായി തീര്‍ന്നിരിക്കുന്നു. വിലക്ക് പ്രവൃത്തി ചെയ്യുന്നതിന്റെ തടസം. വിലങ്ങു തന്നെ. ഭരണകേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ ഈ വിലങ്ങ് പൊട്ടിച്ചാലല്ലാതെ പാവങ്ങളുടെ ദാരിദ്ര്യം തീരുകയില്ല.

*
സുകുമാര്‍ അഴീക്കോട് ജനയുഗം 26 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പൊതുവെ നമ്മുടെ ധാരണ കയറ്റം എന്നത് നല്ലതും താഴ്ച എന്നത് തീയതുമാണ് എന്നാണല്ലോ. ഇന്ന് നാം കയറ്റത്തെ പേടിക്കുകയും താഴ്ചയെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരായിത്തീര്‍ന്നു. ഇന്ന് ജനങ്ങള്‍ മുഴുവനും ഒരുപോലെ ഭയപ്പെടുന്നത് ഒരു കയറ്റത്തെയാണ്; വിലക്കയറ്റത്തെ. പേടിക്കാത്തത് വിലക്കുറവിനെയും. ജനങ്ങളുടെ നെഞ്ചത്ത് ചെന്നുവീഴുന്ന ഇടിയാണ് ഓരോ വിലക്കയറ്റവും. 'തീപിടിച്ച വില' എന്നാണല്ലോ സ്ത്രീകള്‍ പറയുക. അതിന്റെ പുക മൂടി അവര്‍ അടുക്കളയില്‍ ശ്വാസംമുട്ടി കഴിയുന്നു.