Friday, September 2, 2011

കേരളത്തിലെ വിദ്യാഭ്യാസവും ഇടതുപക്ഷവും

കേരളത്തിന്റെ സമഗ്രമായ വികസനത്തെപ്പറ്റി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കുതന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന പി ടി ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് മലബാര്‍ മേഖലയില്‍ , വിശേഷിച്ചും പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. ഇന്നത്തെ മലപ്പുറം ജില്ല അക്കാലത്ത് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം ജനകീയമാക്കുന്നതിനുള്ള നടപടികളും അധ്യാപകനായിരുന്ന ഭാസ്കരപ്പണിക്കര്‍ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് മൂസാന്‍കുട്ടി മാസ്റ്ററും അധ്യാപകനായിരുന്നു. സ്കൂളുകളില്‍ അധ്യാപക-രക്ഷാകര്‍തൃസമിതി രൂപീകരിക്കണമെന്നത് നിര്‍ബന്ധമാക്കി. സ്കൂള്‍ വാര്‍ഷികാഘോഷം ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂളെന്നോ എയിഡഡ് സ്കൂളെന്നോ ഭേദമില്ലാതെ എല്ലാ സ്കൂളിലും നല്ല നിലയില്‍ നടത്തണമെന്നും നിര്‍ദേശിച്ചു.

വാര്‍ഷികാഘോഷത്തില്‍ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ പാഠ്യേതര വിഷയങ്ങളിലുള്ള കഴിവ് പ്രകടിപ്പിക്കാന്‍ അവസരം സൃഷ്ടിച്ചു. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള നടപടികളും സ്വീകരിച്ചു. മലബാറില്‍ നിരവധി ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചതും അക്കാലത്താണ്. കിഴിശ്ശേരിക്കടുത്ത കുഴിമണ്ണയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായിരുന്നു ലേഖകന്‍ . 1957 ഏപ്രില്‍ 5ന് ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരമേറ്റെടുത്തതോടെ വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ പുരോഗമന നടപടികള്‍ക്ക് തുടക്കം കുറിച്ചു. അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്വകാര്യകോളേജിലെ അധ്യാപകനും അധ്യാപകസംഘടനയുടെ നേതാവുമായിരുന്നു. എയിഡഡ് സ്കൂളുകളിലെ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. വിദ്യാഭ്യാസ ബില്ലിലെ 11-ാം വകുപ്പ് വിവാദമായി. അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതും സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും മറ്റ് അത്യാവശ്യച്ചെലവുകള്‍ക്കും പണം നല്‍കുന്നതും സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. എന്നാല്‍ അധ്യാപകരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും മറ്റുമുള്ള അധികാരം മാനേജര്‍മാര്‍ക്കായിരുന്നു. ഇത് മറ്റെവിടേയും കാണാനില്ലാത്ത വിചിത്രമായ സമ്പ്രദായമായിരുന്നു.

അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നവരാണ് നിയമിക്കേണ്ടത് എന്ന പ്രാഥമിക തത്വം കേരളത്തില്‍ ലംഘിക്കപ്പെട്ടു. അസാധാരണമായ ഈ തലതിരിഞ്ഞ വ്യവസ്ഥക്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും അതോടൊപ്പം എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കാനുമാണ് വിദ്യാഭ്യാസ ബില്‍ കൊണ്ടുവന്നത്. ബില്ലിലെ പതിനൊന്നാം വകുപ്പനുസരിച്ച് ഓരോ വര്‍ഷവും സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യസ്കൂളുകളിലും പുതുതായി ഉണ്ടാകുന്ന അധ്യാപക തസ്തികകള്‍ എത്രയെന്ന് കണക്കാക്കി ഒഴിവ് നികത്തുന്നതിനാവശ്യമായ പൂര്‍ണ യോഗ്യതയുള്ള അധ്യാപകരുടെ ഒരു പട്ടിക ഓരോ വര്‍ഷവും സ്കൂള്‍ വര്‍ഷാരംഭത്തിന് മുമ്പ് പബ്ലിക് സര്‍വീസ് കമീഷന്‍ പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റില്‍നിന്നു മാത്രമേ സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യ വിദ്യാലയങ്ങളിലും അധ്യാപകരെ നിയമിക്കാന്‍ പാടുള്ളൂ. സ്വകാര്യസ്കൂളില്‍ പുതിയ വര്‍ഷം 5 അധ്യാപക തസ്തികയാണ് പുതുതായി സൃഷ്ടിക്കപ്പെട്ടതെങ്കില്‍ അതിന്റെ മൂന്നിരട്ടിയായ 15 അധ്യാപകരുടെ പട്ടിക മാനേജര്‍ക്കയച്ചുകൊടുക്കും. അതില്‍നിന്ന് മാനേജര്‍ക്ക് ഇഷ്ടമുള്ള അഞ്ച് അധ്യാപകരെ നിയമിക്കാം. മാനേജര്‍ക്കിഷ്ടമുള്ള ഒരാളും പട്ടികയിലില്ലെന്ന് കണ്ടാല്‍ രണ്ടാമത് ലിസ്റ്റ് പിഎസ്സി മാനേജര്‍ക്കയച്ചു കൊടുക്കും. അതിലും മാനേജര്‍ക്ക് സ്വീകാര്യനായ ആള്‍ ഇല്ലെങ്കില്‍ മൂന്നാമതൊരു ലിസ്റ്റയച്ചുകൊടുക്കും. മൂന്നാമത്തെ ലിസ്റ്റില്‍നിന്നെങ്കിലും അധ്യാപകരെ നിയമിക്കണമെന്നത് നിര്‍ബന്ധമാണ്. സംവരണതത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് പട്ടിക പ്രസിദ്ധീകരിക്കുക. യോഗ്യതയുള്ള 15 അധ്യാപകരില്‍നിന്ന് അഞ്ചുപേരെ മാനേജര്‍ക്ക് നിയമിക്കാം. സ്വകാര്യ സ്കൂളില്‍ നിയമനം ലഭിക്കാത്ത അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം ലഭിക്കും. സ്വകാര്യ മാനേജര്‍മാരുടെ നിയമനാവകാശത്തില്‍ സര്‍ക്കാര്‍ കൈവച്ചതുമില്ല. 12-ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ സ്കൂളുകളിലെയും എയിഡഡ് സ്കൂളുകളിലെയും അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കുകയും ചെയ്തു. ബില്ലിനെതിരെ മാനേജര്‍മാര്‍ കോടതിയില്‍ പോയി. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നാരോപിച്ചു കൊണ്ടാണ് ഒരുവിഭാഗം സ്വകാര്യ മാനേജര്‍മാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ വിദ്യാഭ്യാസബില്ലിലെ 11ഉം 12ഉം വകുപ്പുകള്‍ ഭരണഘടനക്കെതിരല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം നടത്താനുള്ള അവകാശം ദുര്‍ഭരണം നടത്താനുള്ള അവകാശമല്ലെന്നുംസുപ്രീംകോടതി സംശയരഹിതമായി വ്യക്തമാക്കി (The right to administration is not a rigtht to maladministration) കോടതിയില്‍ രക്ഷയില്ലെന്നു വന്നപ്പോഴാണ് കേരളത്തിലെ ജാതിമത ശക്തികള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിമോചനസമരം എന്നു വിശേഷിപ്പിക്കുന്ന സമരാഭാസം ആരംഭിച്ചത്.
വിദ്യാഭ്യാസ ബില്ലിനുപുറമേ മറ്റൊട്ടേറെ പരിഷ്കാരങ്ങളും വിദ്യാഭ്യാസരംഗത്ത് നടപ്പാക്കി. തിരുവിതാംകൂര്‍ കൊച്ചിയിലെയും മലബാറിലെയും അധ്യാപകരുടെ ശമ്പളം ഏകീകരിച്ചു. പ്രൈമറി അധ്യാപകര്‍ക്ക് 40-120, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് 80-165 എന്നീ ശമ്പളനിരക്കുകള്‍ അനുവദിച്ചു. ഒന്നുമുതല്‍ 10 വരെയുളള ക്ലാസുകള്‍ക്ക് ഒരേ നിയമം എന്ന നിലയുണ്ടായി. സ്കൂള്‍ വിദ്യാഭ്യാസം 11 വര്‍ഷം എന്നത് 10 വര്‍ഷം എന്നാക്കി മാറ്റി. പ്രവൃത്തി ദിവസം 200 ആയി ഏകീകരിച്ചു. കേരളത്തിലെ കുത്തഴിഞ്ഞ സ്കൂള്‍ വിദ്യാഭ്യാസം തുന്നിക്കെട്ടി അടുക്കും ചിട്ടയും ഏര്‍പ്പെടുത്തിയെന്നാണ് മുണ്ടശ്ശേരി മാസ്റ്റര്‍ പറഞ്ഞത്. 57ലെ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ വിദ്യാഭ്യാസ ബില്ലിലെ പതിനൊന്നാം വകുപ്പും ഇല്ലാതായി. എങ്കിലും വിദ്യാഭ്യാസബില്‍ അപ്പാടെ ഇല്ലാതായില്ല. അതിലെ പല വകുപ്പുകളും നിലനിന്നതിന്റെ ഫലമായി കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധേയമായ മാറ്റം ദൃശ്യമായി. 1957ലെ സര്‍ക്കാരാണ് മലബാര്‍ പ്രദേശത്ത് കൂടുതല്‍ ഹൈസ്കൂളുകളും പ്രാഥമിക വിദ്യാലയങ്ങളും കോളേജുകളും ആരംഭിച്ചത്. വിദ്യാഭ്യാസമേഖലയില്‍ മലബാറിന്റെ പിന്നോക്കാവസ്ഥ അവസാനിപ്പിക്കാനുള്ള കാര്യക്ഷമമായ നടപടികളാണ് അക്കാലത്ത് സ്വീകരിച്ചത്.

കേരള സംസ്ഥാനം നിലവില്‍ വരുന്നതിന് നാലുമാസം മുമ്പ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള സംസ്ഥാനസമ്മേളനം തൃശൂരില്‍ നടക്കുകയുണ്ടായി. പുതുതായി ജനിക്കാന്‍ പോകുന്ന കേരള സംസ്ഥാനത്തിന് പുതിയ രൂപം നല്‍കാനുള്ള മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. അന്ന് തയാറാക്കിയ മിനിമം പരിപാടി 1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാരിന് ദിശാബോധം നല്‍കാന്‍ സഹായിച്ചു. വികസന പരിപാടികള്‍ എന്ന പ്രമേയത്തില്‍ 94 പരിപാടികളാണ് എഴുതിച്ചേര്‍ത്തത്. രേഖയില്‍ വിദ്യാഭ്യാസം എന്ന ഭാഗത്ത് 55 മുതല്‍ 64 വരെയുള്ള 10 കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയത്. 55- കേരളത്തിലെ ഓരോ ജില്ലയിലും ഓരോ പോളിടെക്നിക്ക് സ്ഥാപിക്കുകയും സാങ്കേതിക വിദ്യാലയങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 56- തിരുവിതാംകൂര്‍ സര്‍വകലാശാലയെ കേരള സര്‍വകലാശാലയായി രൂപപ്പെടുത്തുക. 57- സര്‍വകലാശാലാ വിദ്യാഭ്യാസമുള്‍പ്പെടെ അധ്യയനഭാഷ മലയാളമാക്കാന്‍ ഒരു ക്രമീകൃത പദ്ധതിയനുസരിച്ച് നടപടികളെടുക്കുക. 58- സ്വകാര്യ കോളേജുകളുടെ നടത്തിപ്പില്‍ സര്‍വകലാശാല കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുക. 59- എല്ലാ കുട്ടികള്‍ക്കും 14 വയസുവരെ സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം കൊടുക്കുന്നതിന് നടപടികളെടുക്കുക. 60- ഗ്രാമങ്ങളില്‍ സാക്ഷരത്വം നടപ്പാക്കാന്‍ വയോജന വിദ്യാഭ്യാസകേന്ദ്രങ്ങളും മറ്റും തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കുക. 61- അടിസ്ഥാന വിദ്യാഭ്യാസമുള്‍പ്പെടെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ രാജ്യത്തിന്റെ വ്യവസായവല്‍ക്കരണ ലക്ഷ്യത്തിനനുയോജ്യമായ രീതിയില്‍ ശാസ്ത്രീയവും സാങ്കേതികവുമായ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കുക. 62- വിദ്യാര്‍ഥി-അധ്യാപക സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും വിദ്യാഭ്യാസ പുനഃസംവിധാനത്തില്‍ ഈ സംഘടനകള്‍ക്ക് പങ്ക് അനുവദിക്കുകയും ചെയ്യുക. 63- വിദ്യാഭ്യാസച്ചെലവ് ചുരുക്കാന്‍ വേണ്ടി ഫീസിന്റെ തുകയും പാഠപുസ്തകങ്ങളുടെ വിലയും കുറയ്ക്കുക. 64- എല്ലാ വിഭാഗങ്ങളിലുംപെട്ട അധ്യാപകര്‍ക്ക് ന്യായമായ ശമ്പളവും മറ്റ് ജോലി സൗകര്യങ്ങളും കിട്ടാന്‍ നടപടികളെടുക്കുക. 85-ല്‍ സംയോജന പ്രശ്നങ്ങളാണ് പ്രതിപാദിച്ചത്. മലബാറിലെയും തിരുകൊച്ചിയിലെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകര്‍ മുതലായ മറ്റു വിഭാഗക്കാരുടെയും സര്‍വീസും ശമ്പളനിരക്കും മറ്റു ജോലി സൗകര്യങ്ങളും സംയോജിപ്പിക്കുവാന്‍ അടിയന്തര നടപടികള്‍ എടുക്കുകയും അങ്ങനെ ചെയ്യുമ്പോള്‍ ഇന്ന് നിലവിലുള്ള ആനുകൂല്യങ്ങളൊന്നും ആര്‍ക്കും കുറയാനിട വരാതിരിക്കുകയും ചെയ്യുക. 86- ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളനിരക്കില്‍ ന്യായമായ വര്‍ധന അനുവദിക്കുക.

ഈ രേഖയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ നടപ്പില്‍ വരുത്താനും ഇതിന്റെ ചുവട് പിടിച്ചുകൊണ്ട് ബഹുദൂരം മുമ്പോട്ടു പോകാനുമാണ് 57 മുതല്‍ കേരളത്തില്‍ ആറുതവണ അധികാരത്തില്‍ വന്ന ഇടതുപക്ഷം ശ്രമിച്ചത്. ഇടതുപക്ഷത്തിന് നാലുതവണ ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും വളരെയേറെ നല്ല കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുമായിരുന്നു. 57ല്‍ അധികാരത്തിലിരുന്ന ഇ എം എസ് സര്‍ക്കാര്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പരിപാടി നടപ്പാക്കി. പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ ഫീസിളവനുവദിച്ചു. അങ്ങനെ വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 1967ല്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ എം എസ് സര്‍ക്കാരാണ് കേരളത്തിലെ രണ്ടാമത്തെ സര്‍വകലാശാലയായ കലിക്കറ്റ് യൂണിവേഴ്സിറ്റി ആരംഭിച്ചത്. യൂണിവേഴ്സിറ്റി ബില്‍ പാസാക്കി നിയമമാക്കുകയും ചെയ്തു. സര്‍വകലാശാലാ ഭരണത്തിന്റെ ജനാധിപത്യസ്വഭാവം സംരക്ഷിക്കാനുതകുന്നതായിരുന്നു ഈ നടപടി. നിയമമനുസരിച്ച് സര്‍വകലാശാല ഭരണസമിതിയായ സെനറ്റിലും സിന്‍ഡിക്കറ്റിലും വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പങ്കാളിത്തം അനുവദിച്ചു. ചരിത്രത്തിലെ ഒരു പ്രധാന കാല്‍വയ്പ്പായിരുന്നു ഇതെന്ന് പറയാന്‍ മടിക്കേണ്ടതില്ല.

2006 മുതല്‍ 2011 മെയ് വരെ കേരളം ഭരിച്ച എല്‍ഡിഎഫ് ഭരണകാലത്തും വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പരിഷ്കാര നടപടികള്‍ സ്വീകരിച്ചു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും ക്ലാസുകളും ആരംഭിക്കുന്നതോടൊപ്പം വിദ്യാഭ്യാസരംഗത്തെ പ്രധാനപ്പെട്ട പ്രശ്നം നിലവാരത്തകര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികതലം മുതല്‍ സര്‍വകലാശാലാതലം വരെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഗണ്യമായി ഉയര്‍ത്തിയാലല്ലാതെ കേരളത്തിന് ഇതര സംസ്ഥാനങ്ങളോടൊപ്പം മുന്നേറാനാവില്ലെന്ന് മനസ്സിലാക്കിയാണ് നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചത്. സിലബസിലും പാഠപുസ്തകങ്ങളിലും പഠനരീതിയിലും കാലാനുസൃതമായ മാറ്റം വരുത്തി. സ്കൂള്‍ തലത്തിലും കോളേജ് തലത്തിലും ക്ലസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയത് ഇതിന്റെ ഭാഗമായാണ്. അധ്യാപക രക്ഷാകര്‍തൃസമിതികള്‍ സജീവമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ പുരോഗതിയില്‍ ശ്രദ്ധ ചെലുത്തി പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. നിരവധി വിദ്യാലയങ്ങളില്‍ പ്ലസ്ടു അനുവദിച്ചു. ശമ്പളപരിഷ്കരണം നടപ്പിലാക്കി. കുറച്ചുകാലമായി കാണുന്ന ഒരു പ്രവണത സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപ്തിയാണ്.

ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നു. അതോടെ സൗജന്യമായി വിദ്യാഭ്യാസം ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ പരിമിതപ്പെടുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം സ്വാശ്രയ സ്ഥാപനങ്ങള്‍ കൈയടക്കുന്ന നിലയും വന്നുപെട്ടിരിക്കുന്നു. സേവന മനോഭാവത്തോടെ സ്വകാര്യവ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കുന്ന പ്രക്രിയയാണ് അതിവേഗം വളര്‍ന്നുവരുന്നത്. ഇടതുപക്ഷ ഭരണത്തിലുണ്ടായ പുരോഗതിയും നേട്ടങ്ങളും അട്ടിമറിക്കാനാണ് 2001 മുതല്‍ 2006 വരെ കേരളം ഭരിച്ച യുഡിഎഫ് ഭരണം മുതിര്‍ന്നത്. ഇപ്പോഴത്തെ യുഡിഎഫ് ഭരണം ഒരു പടികൂടി കടന്ന് സര്‍വകലാശാലകള്‍ ഏകാധിപത്യപരമായ രീതിയില്‍ പിടിച്ചടക്കാനാണ് ഊര്‍ജിതശ്രമം തുടങ്ങിയിരിക്കുന്നത്. സ്വാശ്രയ മാനേജ്മെന്റിനെ കയറൂരി വിട്ടിരിക്കുന്നു. നിര്‍ത്തലാക്കിയ പരീക്ഷകള്‍ തിരിച്ചുകൊണ്ടു വന്നിരിക്കുന്നു. എസ്എസ്എല്‍സി പരീക്ഷയുടെ വിജയം നൂറു ശതമാനത്തിനടുത്ത് എത്തിക്കാന്‍ സാധിച്ചത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ ശ്രമത്തിലൂടെയാണ്. യുഡിഎഫിന്റെ തെറ്റായ കരുനീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വിദ്യാഭ്യാസരംഗം കലുഷിതമാക്കാനും നേട്ടങ്ങള്‍ തട്ടിമറിക്കാനും അനുവദിച്ചുകൂട. വിദ്യാഭ്യാസപ്രേമികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നേ മതിയാവൂ.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി വാരിക 03 സെപ്തംബര്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിന്റെ സമഗ്രമായ വികസനത്തെപ്പറ്റി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കുതന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന പി ടി ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് മലബാര്‍ മേഖലയില്‍ , വിശേഷിച്ചും പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. ഇന്നത്തെ മലപ്പുറം ജില്ല അക്കാലത്ത് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം ജനകീയമാക്കുന്നതിനുള്ള നടപടികളും അധ്യാപകനായിരുന്ന ഭാസ്കരപ്പണിക്കര്‍ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് മൂസാന്‍കുട്ടി മാസ്റ്ററും അധ്യാപകനായിരുന്നു. സ്കൂളുകളില്‍ അധ്യാപക-രക്ഷാകര്‍തൃസമിതി രൂപീകരിക്കണമെന്നത് നിര്‍ബന്ധമാക്കി. സ്കൂള്‍ വാര്‍ഷികാഘോഷം ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂളെന്നോ എയിഡഡ് സ്കൂളെന്നോ ഭേദമില്ലാതെ എല്ലാ സ്കൂളിലും നല്ല നിലയില്‍ നടത്തണമെന്നും നിര്‍ദേശിച്ചു.

മുക്കുവന്‍ said...

ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നു. അതോടെ സൗജന്യമായി വിദ്യാഭ്യാസം ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ പരിമിതപ്പെടുന്നു.???

I could not understand this logic.. could you explain bit more?

- why more english medium schools are coming up?

- why govt schools are not having enough students?

- why cant govt start few english medium school?

- why the govt school kid's grades are bad?

-mukkuvan

Anonymous said...

2006 മുതല്‍ 2011 മെയ് വരെ കേരളം ഭരിച്ച എല്‍ഡിഎഫ് ഭരണകാലത്തും വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പരിഷ്കാര നടപടികള്‍ സ്വീകരിച്ചു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും ക്ലാസുകളും ആരംഭിക്കുന്നതോടൊപ്പം വിദ്യാഭ്യാസരംഗത്തെ പ്രധാനപ്പെട്ട പ്രശ്നം നിലവാരത്തകര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികതലം മുതല്‍ സര്‍വകലാശാലാതലം വരെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഗണ്യമായി ഉയര്‍ത്തിയാലല്ലാതെ കേരളത്തിന് ഇതര സംസ്ഥാനങ്ങളോടൊപ്പം മുന്നേറാനാവില്ലെന്ന് മനസ്സിലാക്കിയാണ് നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചത്. സിലബസിലും പാഠപുസ്തകങ്ങളിലും പഠനരീതിയിലും കാലാനുസൃതമായ മാറ്റം വരുത്തി. സ്കൂള്‍ തലത്തിലും കോളേജ് തലത്തിലും ക്ലസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയത് ഇതിന്റെ ഭാഗമായാണ്.

കുളിപ്പിച്ച് കുളിപ്പിച് കൊച്ചില്ലാതായി പുസ്തകം എന്നാല്‍ ചവര്‍ എന്നാക്കി പഠിക്കാന്‍ ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്ടരും വാങ്ങണമെന്നായി എന്ത് കോപ്പെഴുതിയാലും മാര്‍ക്ക് കിട്ടും എന്നായി അധ്യാപകര്‍ ഒന്നും പഠിപ്പിക്കാതായി വിവരമുള്ള എല്ലാവരും സീ ബി എസ സി അഡോപ്റ്റ് ചെയ്തു അത്ര തന്നെ പത്താം ക്ലാസ് പാസായാലും അക്ഷരം അറിയാതെ പണി കിട്ടാതെ കൊടി പിടിച്ചു നടക്കാന്‍ കൊണ്ടു വന്ന പദ്ധതി പക്ഷെ ജനം പരാജയപെടുത്തി