ആദ്യഭാഗം ഇവിടെ
കേരളത്തിലെ ഏറ്റവും വിസ്തൃതമായ രാജ്യവും ഏറ്റവും പ്രഗത്ഭന്മാരായ രാജ്യഭരണാധികാരികളും നിലനിന്നിരുന്ന രാജ്യമാണ് തിരുവനന്തപുരം. ഈ രാജ്യത്തിന്റെ തലസ്ഥാനം കൊല്ലം, തൃപ്പാപ്പൂര്‍, ഭൂതപാണ്ടി, മഹോദയപുരം, കളക്കാട്, കല്‍ക്കുളം, പദ്മനാഭപുരം എന്നിവിടങ്ങളില്‍ നിന്നും അവസാനമായി തിരുവനന്തപുരത്തേയ്ക്ക് മാറ്റപ്പെട്ടു. എ ഡി 1758 മുതല്‍ 1798 വരെ രാജ്യം ഭരിച്ച ധര്‍മരാജ എന്നറിയപ്പെട്ടിരുന്ന രാമവര്‍മ രാജാവിന്റെ ഭരണകാലത്താണ് ഈ അന്തിമ തലസ്ഥാന ചലനം ഉണ്ടായത്.
ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നത്തെ തിരുവനന്തപുരം വെറും കാട്ടുപ്രദേശമായിരുന്നു. തൈക്കാട്, വഴുതക്കാട്, മണക്കാട്, കള്ളിക്കാട് എന്നിങ്ങനെ പട്ടണത്തിന്റെ ചില ഭാഗങ്ങള്‍ക്ക് ഇന്നുള്ള പേരുകള്‍ ആ പഴയകാലത്തെ സൂചിപ്പിക്കുന്നു. ഇങ്ങിനെ കാടുപിടിച്ചുകിടന്ന സ്ഥലത്ത് ഒരു വിഷ്ണുക്ഷേത്രം സ്ഥാപിച്ചത് വില്വമംഗലത്ത സ്വാമിയാരാണെന്നാണ് ഐതിഹ്യം. ശങ്കരാചാര്യരുടെ ശിഷ്യപരമ്പരയില്‍പ്പെട്ടവരാണ് വില്വമംഗലം സ്വാമിയാര്‍മാര്‍. അതുകൊണ്ട് ശങ്കരന്റെ കാലത്തിനുശേഷം പത്താം ശതകത്തിലാണ് പദ്മനാഭസ്വാമിക്ഷേത്രം നിര്‍മിച്ചതെന്ന് ഇളംകുളം കുഞ്ഞന്‍പിള്ള ചൂണ്ടിക്കാണിക്കുന്നു. ഈ ക്ഷേത്രം സ്ഥാപിക്കുന്നതിനുമുമ്പ് തിരുവനന്തപുരത്തിന്റെ പേര് കാന്തളൂര്‍ എന്നായിരുന്നുവത്രെ. കാന്തളൂര്‍ ശാലയെന്നറിയപ്പെടുന്ന ഒരു വിദ്യാപീഠം ആയ് രാജക്കാന്മാര്‍ ഒമ്പതാം ശതകത്തില്‍ ഇവിടെ സ്ഥാപിച്ചിരുന്നു. ചോളന്‍മാരുടെ തുടര്‍ച്ചയായ ആക്രമണ ഫലമായി 12-ാം നൂറ്റാണ്ടോടെ കാന്തളൂര്‍ ശാല നാമാവശേഷമായി. അനന്തപദ്മനാഭനെ കുടിയിരുത്തിയതോടെ കാന്തളൂര്‍ ശ്രീ അനന്തപുരം (അന്നത്തെ തമിഴ് ശൈലിയില്‍ തിരുഅനന്തപുരം) എന്നറിയപ്പെട്ടു തുടങ്ങി.
കൊല്ലത്ത് പനംകാവില്‍ കൊട്ടാരത്തില്‍ താമസിച്ചു രാജ്യഭരണം നടത്തിയിരുന്ന രാമര്‍ തിരുവടിയാണ് ചോളന്‍മാരെ തോല്‍പ്പിച്ച് വേണാടിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ പരമാധികാരം വീണ്ടെടുത്തത്. എ ഡി 1100 കാലഘട്ടത്തില്‍ രാജ്യം ഭരിച്ചിരുന്ന ഇദ്ദേഹത്തെ രാമര്‍ തിരുവടി കോയിലധികാരി ശ്രീ കുലശേഖര ചക്രവര്‍ത്തികള്‍ എന്നാണ് രാമേശ്വരത്തു കോവില്‍ ലിഖിതത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
ക്ഷേത്രമെന്നാല്‍ സ്ഥലം എന്നാണര്‍ഥം. ക്ഷേത്രഗണിതം അഥവാ ജ്യോമെട്രി സ്ഥലത്തിന്റെ വിസ്തീര്‍ണവും മറ്റും കണക്കാക്കുന്ന ശാസ്ത്രശാഖയായതിനെയാണ്. പഴയകാലത്ത് ദേവസ്ഥലം എന്ന അര്‍ഥത്തിലാണ് ക്ഷേത്രപദം ഉപയോഗിച്ചിരുന്നത്. ദൈവത്തെ കുടിയിരുത്തിയ സ്ഥലവും ചുറ്റുപാടുകളും ചേര്‍ന്ന ക്ഷേത്ര സങ്കേതങ്ങള്‍ പില്‍ക്കാലത്ത് ഉടലെടുത്തു. ഇവിടെ സങ്കേതാധിപനായിരുന്ന പൂര്‍ണാധികാരം രാജാവിനുപോലും സങ്കേതത്തിനകത്ത് അധികാരമില്ല. ക്ഷേത്രസങ്കേതം അമ്പലരാജ്യമെന്നും അറിയപ്പെട്ടിരുന്നു. ക്ഷേത്ര സങ്കേതത്തിനകത്ത് യുദ്ധം പാടില്ല എന്നാണ് അക്കാലത്തെ വ്യവസ്ഥ.
ക്ഷേത്രങ്ങള്‍ രണ്ടു തരത്തിലുണ്ടെന്ന് വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഊഷര ക്ഷേത്രവും ബീജക്ഷേത്രവുമാണവ. ഒന്നാമത്തെത് കുറ്റവിചാരണക്കുള്ളതും രണ്ടാമത്തെത് ആരാധനക്കുള്ളതുമായ സ്ഥലങ്ങളാണ്.
കേരളത്തിലെ ഒരു പ്രബല ബീജക്ഷേത്ര സങ്കേതമാണ് പദ്മനാഭസ്വാമി ക്ഷേത്രം. ചുറ്റുപാടും കോട്ട കെട്ടി ബലപ്പെടുത്തി അതിന്റെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കിയിരുന്നു. രാജാവിന്റെ നിത്യനിദാന ചിലവുകള്‍ക്കുള്ള പണമൊഴികെ ബാക്കി എല്ലാം സൂക്ഷിക്കുന്ന അന്നത്തെ സര്‍ക്കാര്‍ ഖജാന കൂടിയായിരുന്നു ഈ ക്ഷേത്രം. അതിനാലാണ് വിഗ്രഹത്തിന് ചുവട്ടിലായിതീര്‍ത്ത ആറു അറകളില്‍ വെവ്വേറെയായി രാജ്യത്തെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചുവന്നത്. കേരളത്തില്‍ മിക്ക ക്ഷേത്രങ്ങളിലും ഇത്തരം രാജധനം സൂക്ഷിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. മലബാറിലെ ക്ഷേത്രങ്ങളിലെ നിധി ലക്ഷ്യം വെച്ച് മൈസൂറിലെ ഇക്കേരി രാജാക്കന്‍മാര്‍ നിരവധി ആക്രമണങ്ങളും കൊള്ളയും നടത്തിയിട്ടുണ്ട്. അവരുടെ പാത പിന്‍തുടര്‍ന്ന് ഹൈദരലിയും മകന്‍ ടിപ്പുസുല്‍ത്താനും മലബാറിലെ ക്ഷേത്രങ്ങളെ പാപ്പരാക്കി. കൊച്ചിവരെ എത്തിയിരുന്ന ഇവരുടെ സംഹാരതാണ്ഡവവും പടയോട്ടവും തിരുവിതാംകുറിലും പ്രത്യേകിച്ച് അവിടുത്തെ ക്ഷേത്രങ്ങളിലും അത്തരം ബാഹ്യശക്തികളുടെ കൈകടത്തലുകള്‍ ചെന്നെത്തിയിരുന്നില്ല.
ശുചീന്ദ്രം, പദ്മനാഭസ്വാമിക്ഷേത്രം മുതലായ ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ പാരമ്പര്യമായി വടക്കുനിന്നുള്ളവരാണ്. അവിടുത്തെ പൂജകന്‍മാരില്‍ അക്കരെ ദേശികളും, ഇക്കരെ ദേശികളും ഉള്‍പ്പെടുന്നു. നീലേശ്വരം പുഴക്ക് വടക്കുള്ളവര്‍ അക്കരെ ദേശിമാരും തെക്കുള്ളവര്‍ ഇക്കരെ ദേശികളുമായാണ് അറിയപ്പെട്ടിരുന്നത്. അകത്തു കണ്ടതു പുറത്തു പറയുന്നതല്ല എന്നു പറഞ്ഞുകൊണ്ട് മണിയടിച്ചു സത്യം ചെയ്യിച്ചിട്ടേ പൂജകന് ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ പ്രവേശിക്കാനാവൂ. അതിനാല്‍ ക്ഷേത്രത്തിനുള്ളിലെ സംഭവവികാസങ്ങള്‍ സാധാരണക്കാര്‍ക്കു മുന്നില്‍ എന്നും പ്രഹേളികയായി നിലകൊണ്ടു.
1100 ലെ രാമര്‍ തിരുവടി മുതല്‍ 1956 നവംബര്‍ വരെ രാജ്യഭരണം നടത്തിയ ബാലരാമവര്‍മ മഹാരാജാവ് വരെയുള്ള ഡസന്‍ കണക്കിന് രാജാക്കന്‍മാരുടെ ഭരണകാലത്തെ നീക്കിയിരിപ്പു ധനമാണ് ശ്രീപദ്മനാഭന്റെ നിലവറയില്‍ നിധിയായി സ്വരൂപിക്കപ്പെട്ടത്. അതോടൊപ്പം കറുത്ത പൊന്നായ കുരുമുളകും മറ്റും വിദേശികള്‍ക്ക് ക്രയവിക്രയം നടത്തിയ വകയില്‍ വിലയായി ലഭിച്ച വിദേശ സ്വര്‍ണനാണയങ്ങളും ഇതില്‍പെടുന്നുവെന്നു കാണാം. ആയിരത്തോളം വര്‍ഷം കേരളത്തിന്റെ ഭാഗധേയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച വേണാട് രാജവംശത്തിന്റെ പ്രശംസനീയമായ ഒരു പ്രവര്‍ത്തനമാണ് ഈ നിധി സംരക്ഷണ സംവിധാനം. എല്ലാവിധ നന്‍മകളോടും അതോടൊപ്പം തിന്മകളോടും കൂടിയാണെങ്കിലും ഹൈന്ദവ ധര്‍മം കേരളത്തില്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ വേണാട് രാജവംശം അദ്വിതീയമായ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെ സ്വന്തം തലസ്ഥാനമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന തിരുവനന്തപുരത്തെ ആധുനിക കേരളത്തിന്റെ തലസ്ഥാന നഗരിയായി സംഭാവന ചെയ്ത ഒരൊറ്റക്കാരണത്താല്‍ വേണാട് രാജവംശം കേരളചരിത്രത്തിന്റെ അഗ്രിമസ്ഥാനം അലങ്കരിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്.
മാറുമറക്കുക, സ്വര്‍ണാഭരണം ധരിക്കുക, ഉറപ്പുള്ള വീടു നിര്‍മിക്കുക, തലമുണ്ഡനം ചെയ്യുക, ശീലക്കുട ഉപയോഗിക്കുക, തേക്ക്, വീട്ടി തുടങ്ങിയ തടികള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിരവധി കാര്യങ്ങളില്‍ മഹാബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്കും കര്‍ശന സമൂഹ വിലക്കുണ്ടായിരുന്ന ഒരു ശതകാലത്തില്‍ തുടര്‍ച്ചയായ പത്ത് നൂറ്റാണ്ടുകാലം ഒരു വിശാലരാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ഭരണം കൈയാളിയിരുന്നവര്‍ ദൈവകോപം ഭയന്ന് മനഃപൂര്‍വമല്ലാതെയെങ്കിലും സ്വരൂപിച്ചുവെച്ച നീക്കിയിരിപ്പു ധനമാണ് ശ്രീപദ്മനാഭന്റെ കാല്‍ചുവട്ടിലെ നിലവറകളില്‍ നിദ്രപൂണ്ടിരുന്ന നിധി നിക്ഷേപം. അങ്കം, ചുങ്കം, പിഴ, തപ്പ്, കാണം, അടക്കം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന രാജഭോഗങ്ങളിലൂടെ ഈ മുതല്‍കൂട്ടിന് മുഴുവന്‍ പ്രജകളുടെയും പങ്കു സംഭാവനയുമുണ്ടായിരുന്നുവെന്നും കാണേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഒരു ജനതതിയുടെ ആയിരം വര്‍ഷം നീണ്ട ത്യാഗത്തിന്റെയും ഒപ്പം അവരുടെ ദാനത്തിന്റെയും സമജ്ജസമായ സങ്കലനത്തിന്റെ ആകെത്തുക കൂടിയാണ് ഈ നിധി നിക്ഷേപമെന്നും കരുതാവുന്നതാണ്.
*
കൊറ്റിയത്ത് സദാനന്ദന്‍ (ലേഖകന്‍ യുവകലാസാഹിതിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്)
കടപ്പാട്: ജനയുഗം
Wednesday, September 21, 2011
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലെ ഏറ്റവും വിസ്തൃതമായ രാജ്യവും ഏറ്റവും പ്രഗത്ഭന്മാരായ രാജ്യഭരണാധികാരികളും നിലനിന്നിരുന്ന രാജ്യമാണ് തിരുവനന്തപുരം. ഈ രാജ്യത്തിന്റെ തലസ്ഥാനം കൊല്ലം, തൃപ്പാപ്പൂര്‍, ഭൂതപാണ്ടി, മഹോദയപുരം, കളക്കാട്, കല്‍ക്കുളം, പദ്മനാഭപുരം എന്നിവിടങ്ങളില്‍ നിന്നും അവസാനമായി തിരുവനന്തപുരത്തേയ്ക്ക് മാറ്റപ്പെട്ടു. എ ഡി 1758 മുതല്‍ 1798 വരെ രാജ്യം ഭരിച്ച ധര്‍മരാജ എന്നറിയപ്പെട്ടിരുന്ന രാമവര്‍മ രാജാവിന്റെ ഭരണകാലത്താണ് ഈ അന്തിമ തലസ്ഥാന ചലനം ഉണ്ടായത്.
Post a Comment