Thursday, June 30, 2011

പയ്യന്റെ തണലില്‍

ഹെമിങ്വേയും വി കെ എന്നും തമ്മില്‍ ശൈലിയുടെ കാര്യത്തില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടോ? ചോദ്യം എന്റേതാണ്. വി കെ എന്‍ ഏറെ ആദരിക്കുന്ന എഴുത്തുകാരനാണ് ഹെമിങ്വേ എന്നെനിക്കറിയാം. ഹെമിങ്വേയുടെ ശൈലീഗാംഭീര്യത്തെപ്പറ്റി, ഭാഷയുടെ ചടുതലയെയും താളാത്മകതയെയുംപറ്റി, ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി അദ്ദേഹം ടൈമും ന്യൂസ്വീക്കും നോക്കിയിരുന്നതിനെപ്പറ്റി വി കെ എന്‍ കുറച്ചു മുന്‍പാണ് സംസാരിച്ചത്. ഇത് മനസ്സില്‍ വച്ചുകൊണ്ടായിരുന്നു എന്റെ ഈ കുസൃതിച്ചോദ്യം. കേരള സാഹിത്യ അക്കാദമി 1980കളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ യുവസാഹിത്യകാരന്മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാമ്പാണ് രംഗം. ക്യാമ്പിലെ മുഖ്യ ആകര്‍ഷണം വി കെ എന്‍ ആയിരുന്നു. അപ്രതീക്ഷിതമായിരുന്നു എന്റെ ചോദ്യം. വി കെ എന്‍ എന്നെ നോക്കി, സാകൂതം. എന്നിട്ട് ഒരു മറുചോദ്യം:

"എന്താ ഇപ്പം അങ്ങനെ നിരീക്കാന്‍ ?"

ഞാന്‍ വിശദീകരിച്ചു. ഞങ്ങളില്‍ പലരെയും ലഹരി പിടിപ്പിച്ച ഒരു വി കെ എന്‍ പ്രയോഗമാണ് "ഉഗ്രന്‍". ഹെമിങ്വേയുടെ "ഫെയര്‍വെല്‍ ടു ആംസി"ല്‍ യു ആര്‍ ഗ്രേറ്റ്, കേമന്‍ , കെങ്കേമന്‍ തുടങ്ങിയ സദൃശപ്രയോഗങ്ങള്‍ കാണാം. എങ്ങനെ വന്നു ഈ സാദൃശ്യം?

അതെനിക്കറിയില്ല. വി കെ എന്‍ പറഞ്ഞു: വാസ്തവത്തില്‍ അങ്ങേര്‍ക്ക് എന്നെ ഫോളോ ചെയ്യേണ്ട കാര്യമില്ല. അപ്പോപ്പിന്നെ ഞാന്‍ ഫോളോ ചെയ്തുവോ? പാം പറ. എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് തള്ളാം, കൊള്ളാം. പക്ഷേ, "പറഞ്ഞുപോകരുതിതു മറ്റൊന്നിന്റെ പകര്‍പ്പെന്നുമാത്രം".

സംവാദം കഴിഞ്ഞ്, ഉച്ചയൂണിന്റെ ഇടവേളയില്‍ വി കെ എന്‍ എന്നെ തേടിപ്പിടിച്ചു. എന്റെ ബയോഡാറ്റയും വായനാശീലങ്ങളും ചോര്‍ത്തിയെടുത്തു. അധികവായനക്കായി ഏതാനും പുസ്തകങ്ങളും പറഞ്ഞുതന്നു. ഹെമിങ്വേയെ കൂടുതല്‍ പഠിക്കാന്‍ നിര്‍ദേശിച്ചു. അത് "വണ്‍ട്രാക്ക്" വായന ആയാല്‍ പോരെന്നും ക്രോസ് റീഡിങ് വേണമെന്നും ഓര്‍മിപ്പിച്ചു. പില്‍ക്കാലത്ത് ഹെമിങ്വേയുടെ "ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ" ഭാഷാന്തരം ചെയ്യാന്‍ എന്നെ തുണച്ചത് വി കെ എന്നിന്റെ ഈ ഉപദേശമായിരുന്നു. അക്കാദമിയില്‍ അന്ന് പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുകയായിരുന്നു ഞാന്‍ . വി കെ എന്നുമായുള്ള ബന്ധത്തിന് ശക്തി പകരാന്‍ ഈ ജോലി എന്നെ സഹായിച്ചു. വേദച്ചേച്ചി (വി കെ എന്നിന്റെ ഭാര്യ) യുടെ പിതാവിന്റെയും എന്റെ ഭാര്യ ഇന്ദിരയുടെയും ദേശം കാസര്‍കോടാണ് എന്നുള്ളതും ഈ ബന്ധത്തിന് ആക്കംകൂട്ടി.
വിചിത്രമായിരുന്നു വി കെ എന്നിന്റെ രീതികള്‍ . അവ വിശേഷാല്‍ പഠനം അര്‍ഹിക്കുന്നു. തെന്നാലിരാമനും തോലനും കുഞ്ചനുമെല്ലാം വി കെ എന്നില്‍ ഉള്ളടങ്ങിയിരിക്കുന്നു. വാക് സാമര്‍ഥ്യവും പാണ്ഡിത്യവും നിരീക്ഷണ വൈഭവവും തീക്ഷ്ണമായ വിമര്‍ശന വാസനയുമെല്ലാം ഒപ്പത്തിനൊപ്പം ചേര്‍ന്നിട്ടുള്ള അപൂര്‍വ ചേരുവ. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, പയ്യന്‍ വി കെ എന്നിന്റെ "ട്രൂ കോപ്പി" അല്ലേ എന്ന്. നമ്പൂതിരിയുടെ പയ്യന്‍ ചിത്രങ്ങള്‍ ഈ തോന്നലിനെ ബലപ്പെടുത്തിയിട്ടുമുണ്ട്. കേരളത്തില്‍, വി കെ എന്‍ പയ്യന്‍ശൈലിയില്‍ വസ്ത്രങ്ങള്‍ അണിയാറില്ലെന്നേയുള്ളു. പയ്യന്റെ പല ശീലങ്ങളും പെരുമാറ്റങ്ങളും പ്രത്യേകതകളും വി കെ എന്‍ കൊണ്ടുനടക്കാറുള്ളതാണ്.

"ഞാന്‍ സ്വയം രസികനാണെന്നു മാത്രമല്ല, മറ്റുള്ളവരുടെ രസികത്വത്തിന് കാരണവും ഞാന്‍ തന്നെയാണ്" - ഷെയ്ക്സ്പിയറുടെ ഫോള്‍സ്റ്റാഫ് പറയുന്നു. ഒരു വിധത്തില്‍ ഇതുപോലെയാണ് പയ്യന്റെയും അവസ്ഥയെന്ന് കെ പി അപ്പന്‍ തന്റെ ലേഖനത്തില്‍ (ചിരിയുടെ ചുറ്റികപ്രയോഗം) സൂചിപ്പിക്കുന്നു. ഫലിതം സൃഷ്ടിക്കുന്നത് പയ്യനാണ്. ഫലിതത്തിന്റെ കാരണവും പയ്യന്‍ തന്നെ. പ്രമേയത്തിന്റെ അടിത്തട്ടിലും മുകള്‍ത്തട്ടിലും ഒരുപോലെ കളിച്ചുകൊണ്ടാണ് ഇതെല്ലാം വി കെ എന്‍ സൃഷ്ടിക്കുന്നതെന്ന് കെ പി അപ്പന്‍ തുടര്‍ന്നുപറയുന്നു. കളിക്കാരന്‍ പയ്യനാണെങ്കിലും കളിക്കുന്നത് വി കെ എന്‍ തന്നെ.

മുണ്ടിലും ഷര്‍ട്ടിലുമാണ് വി കെ എന്‍ അക്കാദമിയില്‍ പ്രവേശിക്കുക. ആദ്യകാലങ്ങളില്‍ തിരുവില്വാമല-തൃശൂര്‍ ബസ്സിലായിരുന്നു യാത്ര. പിന്നീടത് കാറിലാക്കി. മിക്കപ്പോഴും കൂട്ടിന് ഒരാളുണ്ടാവും. അക്കാദമിയിലെ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്റെ മുറിയിലേക്ക് വരും. കൂടെ ആരെങ്കിലും കാണും. കാക്കനാടനോ സി വി ശ്രീരാമനോ വി പി മുഹമ്മദോ അങ്ങനെ ആരെങ്കിലും. തുടര്‍ന്ന് സംഭാഷണങ്ങളുടെ പെരുമഴയായി, പൊട്ടിച്ചിരികളുടെ വര്‍ണപ്പകിട്ടായി. ചരിത്രവും രാഷ്ട്രീയവും സാഹിത്യവും സാമൂഹിക വിജ്ഞാനവും സമ്പദ്ശാസ്ത്രവും പരിസ്ഥിതിയും ടെക്നോളജിയും ജ്യോതിഷവും കമ്യൂണിസവും കാമശാസ്ത്രവും പാചകവിദ്യയുമെല്ലാം ആ ഭാഷണങ്ങളില്‍ സമ്മേളിച്ചുനില്‍ക്കുന്നതുകണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ട്. നല്ലൊരു എന്‍സൈക്ലോപീഡിയ തുറന്നുവച്ച അനുഭവമാണ് ആ സംഭാഷണങ്ങള്‍ എനിക്ക് സമ്മാനിച്ചിരുന്നത്. ശ്രീബുദ്ധന്‍, ശങ്കരാചാര്യര്‍, ഹോമര്‍, ഷെയ്ക്സ്പിയര്‍, കാളിദാസന്‍, കാറല്‍മാര്‍ക്സ്, ജയിംസ് തര്‍ബര്‍, ആര്‍തര്‍ മില്ലര്‍, ടെന്നസി വില്യംസ്, ജോണ്‍ ഗന്തര്‍, ഇബ്സന്‍, വാള്‍ട്ടര്‍ സ്കോട്ട്, മാക്കം മഗ്റിജ്, റിച്ചഡ് ആര്‍മര്‍, വാള്‍ട്ടര്‍ മിറ്റി, ഫ്രോയിഡ്, യുങ്, കെയ്ന്‍സ്, ഇ എം എസ്, എം എസ് സ്വാമിനാഥന്‍, ലിറ്റന്‍ സ്ട്രാച്ചി, ടോയന്‍ബി, മാര്‍ക്ട്വയിന്‍, കര്‍ട്ട്വോണ്‍ഗട്ട്, വനഫൂല്‍, സാര്‍ത്ര്, ഹെമിങ്വേ, കാഫ്ക, കാമു, എലിയറ്റ് തുടങ്ങി പ്രശസ്തരുടെ ഒരു വന്‍ നിരതന്നെ ആ സംഭാഷണങ്ങളില്‍ കയറിയിറങ്ങും. ആ സംഭാഷണം ചിലപ്പോള്‍ അവരുടെ പുസ്തകങ്ങളിലേക്കും മറ്റു ചിലപ്പോള്‍ അവരുടെ സ്വകാര്യജീവിതങ്ങളിലേക്കും നീളുന്നത് അത്ഭുതത്തോടെ ഞാന്‍ ശ്രദ്ധിച്ചിരുന്നിട്ടുണ്ട്.

എങ്ങനെയാണ് ഇത്രയധികം "ഇന്‍ഫര്‍മേഷന്‍" വി കെ എന്‍ കൈക്കലാക്കിയത്? ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ചിന്തകനുമായ മാല്‍ക്കം മഗ്റിജ് ചിത്രകാരി അമൃത ഷെര്‍ഗിലുമായി പ്രണയത്തിലാണ്ട കഥ, നൊബേല്‍ സമ്മാന സമര്‍പ്പണവേളയില്‍ ഹെമിങ്വേ സമ്മാനം വാങ്ങാന്‍ സ്റ്റോക്ഹോമില്‍ പോകാതെ ഹവാനയില്‍ ചൂണ്ടയിട്ടു നടന്ന കഥ, കൊളോണിയല്‍ കാലത്ത് ഇന്ത്യയിലെ ക്ഷാമത്തെ ലോഡ് ലിട്ടന്‍ എന്ന വൈസ്രോയി പരിഹരിച്ച കഥ, കാളിദാസന്‍ ഭോജരാജന്റെ സന്നിധിയില്‍ ചെന്ന് ശ്ലോകം കാഴ്ചവച്ച് ശാപ്പാടും വരാഹനും തരപ്പെടുത്തിയ കഥ, ബ്രിട്ടനിലേയും അമേരിക്കയിലേയും രാഷ്ട്രത്തലവന്മാര്‍ ലോകമഹായുദ്ധ വേളയില്‍ കപ്പല്‍ യാത്രയ്ക്കിടയില്‍ സന്ധിച്ച കഥ, കല്പാത്തിയിലെ ബ്രാഹ്മണരില്‍ ചിലര്‍ രണ്ടാംലോക യുദ്ധകാലത്ത് ജര്‍മന്‍ പഠിക്കാന്‍ മിനക്കെട്ട കഥ അങ്ങനെ എത്രയോ കഥകള്‍ അക്കാദമിയിലെ ആ മുറിയില്‍വച്ച് കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പലതും ഞാന്‍ കുറിച്ചുവച്ചിട്ടുണ്ട്.
ഒരിക്കല്‍ കാളിദാസന്റെ ഭാവനയെപ്പറ്റി പറഞ്ഞത് ഓര്‍ക്കുന്നു. "കുമാരസംഭവത്തില്‍ കഷ്ടിച്ച് 96 ശ്ലോകങ്ങളേ ഉള്ളൂ. നായകന് പേര് പോലുമില്ല. ഏതോ ഒരു ജനാര്‍ദനന്‍നായര്‍ രാവിലെ എണീറ്റപ്പോള്‍ ഒരു ഉളുക്ക് തോന്നി. കശ്ചിത് കാന്താ... എന്നു തുടങ്ങുന്ന ശ്ലോകന്‍! ഒടുവില്‍ പാര്‍വതിയുടെ മേല്‍ പതിച്ച ആദ്യത്തെ മഴത്തുള്ളിയുടെ കഥ നോക്കുക. അത് നെറ്റിയിലും കണ്ണിലും ചുണ്ടിലും ഹാജരായ ശേഷം മുലകളില്‍ കയറി ചുറ്റും നോക്കി ട്രാഫിക് പൊലീസുകാരനെപ്പോലെ തിരിഞ്ഞ് നാഭിയില്‍ ചെന്നു പതിക്കുകയാണ്". ഇതാണ് ഭാവന.

ഇക്കാര്യം വി കെ എന്‍ വിവരിച്ചപ്പോള്‍ പണ്ട് എം എ ക്ലാസില്‍ ഇതേ ഭാവനയെ ഞാന്‍ ചോദ്യം ചെയ്ത കാര്യം വി കെ എന്നിനോട് പറഞ്ഞു. പിഷാരടി മാഷായിരുന്നു കുമാരസംഭവം പഠിപ്പിച്ചിരുന്നത്. മഴത്തുള്ളി മൂര്‍ധാവില്‍നിന്ന് ഇമകളിലേക്കും അവിടെനിന്ന് അധരത്തിലേക്കും പിന്നെ സ്തനങ്ങളിലേക്കും തുടര്‍ന്നു നാഭിയിലേക്കും കോണോടുകോണ്‍ ചേര്‍ന്നു സഞ്ചരിക്കുന്നതെങ്ങനെ എന്നായിരുന്നു എന്റെ ചോദ്യം. അതിന് പിഷാരടി മാസ്റ്റര്‍ നല്കിയ ഉത്തരം "അരസികേഷു കവിത്വ നിവേദനം ശിരസി മാലിഖ മാ ലിഖ" എന്നായിരുന്നു. പിഷാരടി മാസ്റ്ററെയും കവച്ചുവയ്ക്കുന്നതായിരുന്നു വി കെ എന്നിന്റെ പ്രതികരണം: ഭാഷയും സാഹിത്യവും അന്യംനിന്നുപോകാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല! സംഭാഷണം ഇങ്ങനെ "കൊടുത്തും വാങ്ങിയും" മുന്നേറുന്നതിനിടയിലാവും ചില "വിശേഷാല്‍പ്പരുന്തു"കളുടെ വരവ്. വി കെ എന്നിനെ സല്‍ക്കരിക്കാനുള്ള തയാറെടുപ്പുമായാണ് അവരുടെ വരവ്. ടൗണിലെ ഏതെങ്കിലും ഹോട്ടല്‍മുറിയിലാകും മേളനം. ഭക്ഷണം, സുരാപാനം. ഭക്ഷണകാര്യത്തില്‍ പയ്യനും വികെ എന്നും സമാന മനസ്കര്‍ ആണ്. "പട്ടുപോലത്തെ കോഴി"യും "ആമ്പല്‍പ്പൂ പോലത്തെ ഇഡ്ഡലി"യും ഇരുവരുടെയും വീക്ക്നെസ് ആണ്. തീറ്റസാധനങ്ങള്‍ കാണുമ്പോഴല്ല, പയ്യന്‍ തിന്നുന്നത് കാണുമ്പോഴാണ് വായില്‍ വെള്ളമൂറുക എന്ന് "ലഞ്ച്" എന്ന കഥയില്‍ ഒരു പരാമര്‍ശമുണ്ട്. ഇത് വി കെ എന്നിനും ചാര്‍ത്തിക്കൊടുക്കാവുന്ന ബഹുമതിയാണ്.

ഒരിക്കല്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വച്ച് ഭക്ഷണത്തോടൊപ്പം കത്തിയും മുള്ളും നല്കിയപ്പോള്‍ അതൊക്കെ മാറ്റിവച്ച് വി കെ എന്‍ കൈവിരലുകള്‍ ഉപയോഗിച്ച് കൃത്യം അതീവ സുന്ദരമായി നിര്‍വഹിച്ച കഥ കേട്ടിട്ടുണ്ട്. വി കെ എന്നിന്റെ കൂസലില്ലായ്മ കണ്ട് ഹോട്ടല്‍ മാനേജര്‍ ലീവില്‍ പോയി എന്നാണ് കഥാന്തരം.

മദ്യപാനത്തിന്റെ കാര്യത്തില്‍ വി കെ എന്നിന് സമയവും സന്ദര്‍ഭവുമൊന്നും പ്രശ്നമല്ല. രാത്രിയായാലും രാവിലെയായാലും മദ്യപിക്കാന്‍ ഒരു സങ്കോചവുമില്ല. മദ്യപിച്ചാല്‍ സ്വഭാവപരിണാമം വന്ന് വി കെ എന്‍ മറ്റൊരു വ്യക്തിയായിത്തീരും. ഈ വേളയില്‍ വി കെ എന്നിനെ നിയന്ത്രിക്കുന്നത് മദ്യമാണ്. ബഹളം വയ്പിക്കുന്നതും ചാത്തന്‍സിന്റെ ഭാഷണങ്ങള്‍ ഉറക്കെ പറയിക്കുന്നതും ഗ്ലാസും മറ്റും എറിഞ്ഞുടയ്ക്കുന്നതും മറ്റു "വേണ്ടാതീനങ്ങള്‍" ചെയ്യിക്കുന്നതുമെല്ലാം മദ്യത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. മദ്യപിക്കാത്ത സന്ദര്‍ഭങ്ങളില്‍ വി കെ എന്നിനെപ്പോലെ സ്നേഹസൗശീല്യങ്ങള്‍ കാട്ടുന്ന വ്യക്തികള്‍ അപൂര്‍വമായിരിക്കും. വി കെ എന്നിന്റെ ചുണ്ടിലെ നേര്‍ത്ത ചിരി കണ്ടാല്‍ മതി കാണുന്നവരുടെ ഉള്ളിലെ പ്രശ്നങ്ങളെല്ലാം നൊടിയിടെ അപ്രത്യക്ഷമാകും.

വി കെ എന്‍ അക്കാദമി ഗസ്റ്റ് ഹൗസില്‍ തങ്ങിയിരുന്ന ഒരു ദിനം ഞാനോര്‍ക്കുന്നു. ഇന്റര്‍കോമില്‍ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ജീവനക്കാര്‍ വരുന്നതേയുള്ളു. വി കെ എന്‍ താഴേയ്ക്കിറങ്ങി നേരെ അഡ്മിനിസ്ട്രേറ്റീവ് റൂമില്‍ ചെന്നു. അവിടെ ലുങ്കി വേഷധാരിയായ ഒരു മധ്യവയസ്കന്‍ നിന്നുകൊണ്ട് ഫോണ്‍ ചെയ്യുന്നു. വി കെ എന്‍ അയാളോട് നിര്‍ദേശിച്ചു: "ബ്രിങ് മി വണ്‍ സോഡാ". അയാള്‍ കാര്യമറിയാതെ അമ്പരന്നുനില്‍ക്കെ വി കെ എന്‍ അക്ഷമനായി അലറി: "ഐ ടോള്‍ഡ് യു ടു ബ്രിങ് മി വണ്‍ സോഡാ". ആ മനുഷ്യന്‍ റസീവറും താഴെയിട്ട് പ്രാണനുംകൊണ്ട് ഓടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നീടയാളെ കണ്ടത് വി കെ എന്നുമായി ഹസ്തദാനം ചെയ്യുന്നതും വി കെ എന്നുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്നതുമായ നിലയിലാണ്, ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക്. കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ആന്ധ്രയില്‍നിന്നെത്തിയ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു അയാള്‍ , ഐ എ എസ്സുകാരന്‍!

ഇങ്ങനെ എത്രയോ സംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ അക്കാദമിയിലെ ജീവിതം എന്നെ തുണച്ചിട്ടുണ്ട്. പക്ഷേ എന്നെ അമ്പരപ്പിച്ചത് ഇതൊന്നുമല്ല. അത് വി കെ എന്നിന് ഇംഗ്ലീഷ് സാഹിത്യത്തിലും ഭാഷയിലുമുള്ള അവഗാഹമാണ്. അക്കാദമിയുടെ വൈസ്പ്രസിഡന്റ് ആയിരിക്കെ അക്കാദമിയുടെ ഇംഗ്ലീഷ് ആനുകാലികമായ "മലയാളം ലിറ്ററി സര്‍വേ"യുടെ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ ആയും വി കെ എന്‍ നിയോഗിക്കപ്പെട്ടു. അക്കാദമി പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് എനിക്ക് വി കെ എന്നുമായി കൂടുതല്‍ ഇടപഴകാന്‍ ഇതവസരം നല്കി. മാസികയിലേക്ക് അയച്ചുകിട്ടിയ രചനകളുമായി ഞാന്‍ പലപ്പോഴും തിരുവില്വാമലയില്‍ ചെല്ലും. ആദ്യത്തെ തവണ ചെന്നപ്പോള്‍ വി കെ എന്‍ പറഞ്ഞ വാക്കുകള്‍ എന്നെ അമ്പരപ്പിക്കുകയാണ് ചെയ്തത്. വി കെ എന്‍ പറഞ്ഞു:

"പ്രഭാകരന്‍ , എന്റെ ഇംഗ്ലീഷ് ഇവിടത്തെ ചില പ്രൊഫസര്‍മാരുടെ ഇംഗ്ലീഷല്ല ട്ടോ, ഒരുമാതിരി "നോട്ടിനഫ്" ഇംഗ്ലീഷല്ലെന്നര്‍ഥം".

"അതെന്താ?"

എനിക്കു മനസിലായില്ല. വി കെ എന്‍ വ്യക്തമാക്കി:

"പണ്ടൊരു ഇംഗ്ലീഷ് പ്രൊഫസര്‍ വള്ളത്തോളിന്റെ പോരാ പോരാ നാളില്‍ നാളില്‍ ഇങ്കിരീസിലാക്കിയത് അങ്ങനെയാണ് -
"നോട്ട് ഇനഫ്, നോട്ട് ഇനഫ്, ഡേ ബൈ ഡേ, ഡേ ബൈ ഡേ..."

ഇത്തരം ഇംഗ്ലീഷ് എനിക്ക് വശമില്ല ട്ടോ".

ഭാഷ എന്താണെന്നും എന്തിനുവേണ്ടിയാണെന്നും എങ്ങനെയായിരിക്കണമെന്നുമുള്ള പാഠത്തിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു വി കെ എന്‍ . ഞാന്‍ ഒരു പഠിതാവായി വി കെ എന്നിന്റെ മുന്നിലിരിക്കും. സര്‍വേയിലേക്കുള്ള മാറ്റര്‍ ഒന്നൊന്നായി രണ്ടുപേരും കൂടി പരിശോധിക്കും. ചിലത് ഉറക്കെ വായിക്കാന്‍ പറയും. മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. ചിലപ്പോള്‍ വാക്കുകളിലുടെ, വരികളിലൂടെ, ഖണ്ഡികകളിലൂടെ, പുറങ്ങളിലൂടെ വി കെ എന്നിന്റെ പേന സഞ്ചരിക്കും. യുദ്ധരംഗം പോലിരിക്കും വി കെ എന്നിന്റെ പേനയോട്ടം നടന്ന പല പേജുകളും. എഡിറ്റിങ്ങും വെട്ടും തിരുത്തുമെല്ലാം അനായാസം നിര്‍വഹിക്കും. മുന്നിലുള്ള പെന്‍ഗ്വിന്‍ ഡിക്ഷ്ണറിയില്‍ ഇടയ്ക്ക് നോക്കും. She attained puberty എന്ന വാചകത്തിന്റെ സ്ഥാനത്ത് She flowered എന്നെഴുതിയതോര്‍ക്കുന്നു.

ഈ പരിശോധനയ്ക്കിടയില്‍ വേദച്ചേച്ചി കാപ്പി തരും, ഊണിന്റെ സമയമായാല്‍ ഊണ് തരും. വൈകുന്നേരമായാല്‍ ഞാന്‍ തൃശൂരിലേക്ക് തിരിക്കും. ഇത്തരം പരിശോധനാവേളയിലാണ് ഒരു ദിവസം വി കെ എന്നിന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തിന്റെ ഗുട്ടന്‍സിനെപ്പറ്റി ചോദിച്ചറിഞ്ഞത്.
"ഒരു ഗുട്ടന്‍സുമില്ല, വിദ്യാഭ്യാസം കാര്യമായിട്ടൊന്നുമില്ലെങ്കിലും ഹിന്ദുവൊക്കെ വായിക്കും. അതുപോലുള്ള മറ്റു പലതും. എന്നാല്‍ മദ്രാസ് മൂര്‍ മാര്‍ക്കറ്റില്‍നിന്ന് "പഞ്ച്" വാരികയുടെ പത്തു റാത്തല്‍ പഴയ ലക്കങ്ങള്‍ വാങ്ങി വായിച്ചപ്പോഴാണ് വലിയ വഴിത്തിരിവുണ്ടായത്. അന്നുവരെ മനസ്സിലാക്കിയതൊന്നും ഇംഗ്ലീഷല്ലെന്നു തിരിച്ചറിഞ്ഞു. ഡല്‍ഹിക്കുപോയ ശേഷം ഡിക്കന്‍സും ബ്രിട്ടീഷ്സാഹിത്യവുമൊക്കെ വായിച്ചു. ഷെയ്ക്സ്പിയറും വായിച്ചു. ഇംഗ്ലീഷ് വായിക്കുന്നവരായിരുന്നു ചുറ്റും. ഇന്ത്യനും വിദേശിയുമായി. അങ്ങനെ ഇംഗ്ലീഷ് ശരിയായി. 1947ല്‍ ഞാന്‍ ശങ്കേഴ്സ് വീക്കിലിയില്‍ എഴുതിത്തുടങ്ങിയതാണ്. ഇംഗ്ലീഷ് വായിച്ചിട്ടാണ് ഞാന്‍ മലയാളം പ്രയോഗിക്കാന്‍ പഠിച്ചത്. ഇംഗ്ലീഷില്‍ സമാന്തരമായ ശൈലികള്‍ കണ്ടെത്താനും ശ്രമിച്ചു. രണ്ടു നോവലും കുറെ കഥകളും ഇംഗ്ലീഷില്‍ ആക്കിയിട്ടുണ്ട്. ഞാന്‍ ലണ്ടനിലോ മറ്റോ ആണ് ജനിച്ചിരുന്നതെങ്കില്‍ പണം വാരിക്കൂട്ടിയേനെ"- വി കെ എന്‍ പറഞ്ഞു.

സ്ക്രിപ്റ്റ് പരിശോധനക്കിടയില്‍ നടന്ന രസകരമായ ഒരു സംഭവം ഓര്‍ക്കുന്നു. ഏതോ ഒരു ലക്കത്തിലേക്കുള്ള മാറ്റര്‍ തട്ടിക്കൂട്ടിയശേഷം അതില്‍നിന്ന് ഒരു കവിത വി കെ എന്‍ മാറ്റിവച്ചു. ബാക്കിയെല്ലാം പ്രസ്സിലേക്ക് പോയ്ക്കോട്ടെ. ഈ കവിത രണ്ടു ദിവസത്തിനകം അയച്ചുതരാം-വി കെ എന്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കവിത തപാലില്‍ വന്നു. കൂടെ വി കെ എന്നിന്റെ ഒരു കത്തും:

"പ്രഭാകരന്‍ , ........ ന്റെ തീട്ടം കറകളഞ്ഞ് ദുര്‍ഗന്ധമകറ്റി ഇതോടൊപ്പം അയക്കുന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക".

ഞാന്‍ അപ്രകാരം ചെയ്തു. ആ ലക്കം സര്‍വേയില്‍ അതുള്‍പ്പെടുത്തി. കവി തന്നെ പരിഭാഷപ്പെടുത്തിയ കവിതയായിരുന്നു. ലക്കം പുറത്തുവന്നതില്‍ പിന്നെ ഒരു പൊതുചടങ്ങില്‍വച്ച് പ്രസ്തുത കവി എന്നെ കണ്ടു പരിഭവം പറഞ്ഞു: ഞാന്‍ എഴുതിയ മാതിരിയൊന്നുമല്ല, കുറെ മാറ്റങ്ങളൊക്കെ വരുത്തി അല്ലേ? ഞാന്‍ ചിരിച്ചു. വി കെ എന്‍ ചെയ്തത് കവിതയുടെ പേരും കവിയുടെ പേരും ഒഴികെ ബാക്കിയെല്ലാം മാറ്റിയെഴുതുകയായിരുന്നു! ഫലത്തില്‍ അതൊരു "വി കെ എന്‍ കവിത" ആയിരുന്നു.

ഇത്തരം യാത്രയ്ക്കിടയില്‍ ഒരിക്കല്‍ വേദച്ചേച്ചിയുടെ നിര്‍ബന്ധപ്രകാരം ഞാന്‍ ഭാര്യ ഇന്ദിരയെയും മകന്‍ സൂര്യനെയും കൂട്ടി തിരുവില്വാമലയില്‍ ചെന്നതും മറ്റും ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. വി കെ എന്നിന്റെ മകന്‍ ബാലചന്ദ്രനുവേണ്ടി കാസര്‍കോട് ഭാഗത്തുനിന്ന് വധുവിനെ കണ്ടെത്താന്‍ നിര്‍ദേശിച്ചതും ജാതകക്കുറിപ്പ് അയച്ചുതന്നതും ഓര്‍മയുണ്ട്. പക്ഷേ ആ ശ്രമങ്ങളൊന്നും ഫലിച്ചില്ല. അക്കാദമിയുടെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചെങ്കിലും വി കെ എന്നുമായുള്ള ബന്ധം തുടര്‍ന്നു. മിക്കവാറും ദിവസങ്ങളില്‍ വി കെ എന്‍ ഫോണ്‍ ചെയ്യും. അത് പുതിയൊരു കഥയെയോ ആശയത്തെയോ പുസ്തകത്തെയോ പറ്റി പറയാനായിരിക്കും. ഈ വര്‍ഷത്തെ അവാര്‍ഡ് ഇന്ന വ്യക്തിക്ക് കിട്ടും എന്നു പ്രവചിക്കാനായിരിക്കും, (സാറ ടീച്ചര്‍ക്ക് കേന്ദ്ര അവാര്‍ഡ് കിട്ടുമെന്ന കാര്യം രണ്ടുമാസം മുന്നെ വി കെ എന്‍ എന്നോടു പറഞ്ഞിരുന്നു). പേരക്കുട്ടിയുടെ വിവാഹത്തിന് ക്ഷണിക്കാനായിരിക്കും, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും രാഷ്ട്രീയ ചലനങ്ങള്‍ ചൂണ്ടിക്കാട്ടാനായിരിക്കും, അല്ലെങ്കില്‍ ഏതെങ്കിലും ഒരെഴുത്തുകാരനെ പ്രസംഗത്തിനു കിട്ടാനായിരിക്കും. ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ചുപറഞ്ഞു, മലയാളത്തിലെ ഒരു പ്രശസ്ത എഴുത്തുകാരിയെ തിരുവില്വാമലയില്‍ ഒരു പരിപാടിക്ക് വേണമെന്ന്. ആ എഴുത്തുകാരി അക്കാദമിയില്‍ എത്തിയ ദിവസമായിരുന്നു അത്. ഞാന്‍ വി കെ എന്നിന്റെ ഫോണ്‍ അവര്‍ക്കു കൊടുത്തു. കുറെ കഴിഞ്ഞപ്പോള്‍ വി കെ എന്‍ വീണ്ടും എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ആയമ്മയ്ക്ക് ഓവര്‍ലോഡ് പറ്റില്ലെന്ന്, അന്ന് വേറെയും ലോഡുണ്ടെന്ന്!

അക്കാലത്ത് തൃശൂരില്‍ കാസിനോ ഹോട്ടലില്‍വച്ച് ലയണ്‍സ് ക്ലബ്ബുകാരുടെ സമ്മേളനം ഉണ്ടായതുകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ലയണ്‍സ് ക്ലബ്ബുകാര്‍ക്ക് വി കെ എന്നിനെ വേണം. അവര്‍ എന്റെ സഹായം തേടി. ഞാന്‍ പറഞ്ഞപ്പോള്‍ വി കെ എന്‍ സമ്മതിച്ചു. പക്ഷേ വേദച്ചേച്ചിക്ക് സമ്മതമല്ല. വി കെ എന്‍ മദ്യപിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതാണ്. പ്രഭാകരന്‍ കൂടെയുണ്ടാകുമെങ്കില്‍ , കുടിക്കില്ലെന്ന് ഉറപ്പുവരുത്താമെങ്കില്‍ അയയ്ക്കാം. ഞാന്‍ സമ്മതിച്ചു. വി കെ എന്നിന്റെ ലഘുപ്രസംഗവും തുടര്‍ന്നുള്ള ചോദ്യോത്തരവേളയും വി കെ എന്നിന്റെ പ്രത്യുത്പന്നമതിത്വവും എല്ലാംകൊണ്ട് പരിപാടി ഗംഭീരമായി. "വി കെ എന്നിന്റെ കാലശേഷം വി കെ എന്‍ ഓര്‍മിക്കപ്പെടുമോ" എന്ന ഒരു ചോദ്യം ആരോ ചോദിച്ചപ്പോള്‍ വി കെ എന്നിന്റെ ഉത്തരം ഇതായിരുന്നു: "പാംപറ".
പരിപാടിക്കുശേഷം ഭക്ഷണത്തിനും സുരാപാനത്തിനുമുള്ള ഏര്‍പ്പാടുകള്‍ സിംഹങ്ങള്‍ ഒരുക്കിയിരുന്നു. ചപ്പാത്തിയും ചിക്കനും സ്റ്റ്യുവും സലാഡും മേശപ്പുറത്ത് നിരന്നു. ഒപ്പം ബിയര്‍ക്കുപ്പികളും ഗ്ലാസും. വി കെ എന്‍ എന്റെ മുഖത്തുനോക്കി. ഞാന്‍ പറഞ്ഞു: അരുത്, കഴിക്കരുത്. സദസ്സ് കുറച്ചുനേരം മൂകമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു: ഇതു ബിയറാണ്. ഇതു സ്ത്രീകള്‍ക്കുപോലും കഴിക്കാം. ഗോതമ്പു നീരല്ലേ. ഒരു കുഴപ്പവുമില്ല. വി കെ എന്‍ എന്റെ കരം ഗ്രഹിച്ചു. ദയനീയമായ നോട്ടം.
"പ്രഭാകരന്‍ , ഞാന്‍ കുടിക്കുന്നില്ല. പേരിന് ഒന്ന് ടേയ്സ്റ്റ് ചെയ്യുന്നതേയുള്ളു. ഏറിയാല്‍ ഒരു അര ഗ്ലാസ് ".

നിര്‍ബന്ധം സഹിക്കാതായപ്പോള്‍ ഞാന്‍ സമ്മതിച്ചു. അര ഗ്ലാസ് ബീയര്‍ ഒരുപാട് സമയമെടുത്ത് വി കെ എന്‍ "സിപ്" ചെയ്തുകൊണ്ടിരുന്നു. അതിന്നിടയില്‍ , സമയം കുറെയായില്ലേ? തിരുവില്വാമല എത്തേണ്ടെ? ഡ്രൈവന്‍ എവിടെ? വി കെ എന്‍ അന്വേഷിച്ചു. ഞാന്‍ ഡ്രൈവനെ വിളിക്കാന്‍ പുറത്തേക്കു പോയി. ഡ്രൈവനോടൊപ്പം തിരിച്ചെത്തിയപ്പോള്‍ മേശപ്പുറത്തെ കുപ്പികളെല്ലാം ശൂന്യമായിരിക്കുന്നു. വി കെ എന്നിന്റെ മുഖഭാവവും ചലനങ്ങളും സംസാരവും ശ്ലോകങ്ങളും മറ്റും കേട്ടപ്പോള്‍ ആ കുപ്പികള്‍ സഞ്ചരിച്ച വഴി തെളിഞ്ഞു. വി കെ എന്‍ നല്ല ഫോമിലായിരുന്നു. അന്ന് എന്നെ കേരളവര്‍മ കോളേജ് റോഡിലുള്ള എന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷമാണ്, രാത്രി 11 മണിക്ക്, വി കെ എന്‍ തിരുവില്വാമലയ്ക്ക് പുറപ്പെട്ടത്. പിറ്റേന്നു രാവിലെ ഫോണില്‍ വേദച്ചേച്ചിയുടെ ശബ്ദം. പ്രഭാകരന്‍ , കാര്യങ്ങള്‍ അസ്സലായി. നല്ല ആളുടെ കൂടെയാണ് അയച്ചത്. എനിക്ക് നല്കിയ ഉറപ്പ് പ്രഭാകരന്‍ മറന്നോ? എനിക്ക് വാക്കുകളില്ലായിരുന്നു.



*****


കടാങ്കോട് പ്രഭാകരന്‍, കടപ്പാട്:ദേശാഭിമാനി വാരിക

ചരിത്രത്തിന്റെ അപനിര്‍മാണം

നമ്പൂതിരി നവോത്ഥാന കാലഘട്ടത്തിലെ അനിവാര്യതകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും മുത്തിരിങ്ങോട് ഭവത്രാദന്‍ നമ്പൂതിരിപ്പാടും പ്രേമ്ജിയുമെല്ലാം എഴുത്തുകാരായി പരിണമിച്ചത്. ഇവരുടെ സര്‍ഗസൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ സാമുദായിക പരിഷ്കരണ കാലഘട്ടത്തിന്റെ മാര്‍ഗരേഖകള്‍ ഉള്ളടങ്ങിയ കൃതികളാണ്. കാലം ഒരു സമുദായത്തിനുമേല്‍ നടത്തിയ വിപ്ലവകരമായ പരീക്ഷണങ്ങളെ അറിഞ്ഞാദരിക്കുകയും സാമൂഹിക-സാംസ്കാരിക മേഖലകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്തവരാണവര്‍ . അക്കിത്തത്തിന്റെയും ഒളപ്പമണ്ണയുടെയും ആദ്യകാല കവിതകളിലും നവോത്ഥാനത്തിന്റെ ആവശ്യകതയുടെ ഉദ്ബോധനമുണ്ട്. വായനയ്ക്കപ്പുറം കാഴ്ചയിലൂടെ ലക്ഷ്യത്തിലേക്ക് എളുപ്പം നടന്നെത്താം എന്ന ഉള്‍ക്കാഴ്ചയോടെയാണ് വി ടി അടക്കമുള്ളവര്‍ നാടകം എഴുതിയത്. കാഴ്ചയുടെ തീവ്രത സാമുദായിക പരിവര്‍ത്തനവാഞ്ഛയെ ത്വരിതപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി. കേരള സാഹിത്യചരിത്രത്തില്‍ നമ്പൂതിരി പരിഷ്കരണകാല കൃതികള്‍ വേറിട്ട പഠനം അര്‍ഹിക്കുന്നുണ്ട്. അതിന് അനുബന്ധമായി വായിക്കാവുന്ന കഥയാണ് വി കെ എന്നിന്റെ "അഹത്തുള്ളാള്‍".

നമ്പൂതിരിമാരെ "ടൈപ്പ്" കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാധ്യതകള്‍ "ഇന്ദുലേഖ"യില്‍നിന്നുതന്നെ വായിച്ചുതുടങ്ങാം. വി കെ എന്‍ കഥകളില്‍ നമ്പൂതിരിയും ഹാജിയാരും ഇട്ടൂപ്പുമൊക്കെ ധാരാളം കടന്നുവരുന്നുണ്ട്. നമ്പൂതിരി നവോത്ഥാനകാലത്തെ, പുതിയകാല വായനയിലേക്ക് അന്വയിപ്പിക്കുന്ന കഥയാണ് "അഹത്തുള്ളാള്‍". പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ വി കെ എന്‍ ഉള്‍പ്പെടുത്തിയ കഥ. നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള വരവ്, അവര്‍ ഇവിടെ വാസയോഗ്യമാക്കിയത്, സാമുദായിക ഘടനയിലെ പ്രത്യേകതകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെ അത്യന്തം ഹാസ്യോല്പാദനക്ഷമമായി അദ്ദേഹം എഴുതുന്നു.

വി കെ എന്നിന്റെ ചരിത്രബോധവും ചരിത്രത്തെ അപനിര്‍മിക്കുന്നതിലെ വൈഭവവും നര്‍മത്തിന്റെ തീക്ഷ്ണതയും വിമര്‍ശനത്തിലെ ധീരതയും ഒത്തുചേര്‍ന്ന കഥകൂടിയാണ് "അഹത്തുള്ളാള്‍". കഥയുടെ തലക്കെട്ടുതന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അകത്തുള്ളയാള്‍ ആണ് "അഹത്തുള്ളാള്‍". അകം കൊള്ളാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളാണവര്‍ . ഉള്ളിലുള്ള അവരുടെ "ഉള്ള്" കാണാന്‍ കഴിയാതെപോയ സമുദായത്തെയാണ് വി കെ എന്‍ പരിഹസിക്കുന്നത്. വ്യക്തിത്വത്തിന്റെ അക-പുറങ്ങള്‍ തമ്മിലുള്ള വൈരുധ്യംപോലെ പ്രസക്തമാണ് സമുദായത്തിന്റെ അക-പുറങ്ങളുടെ വൈരുധ്യവും. "അഹത്തുള്ളാള്‍" അഹത്തില്‍ - ഞാന്‍ എന്ന സ്വത്വത്തില്‍ - ഉള്ളടങ്ങിയ ആളുമാകാം.

തന്നിലെ അക-പുറങ്ങള്‍ എത്രത്തോളം വൈരുധ്യം നിറഞ്ഞതാണെന്ന് അക്കാലത്തെ ഓരോ നമ്പൂതിരി ജനത്തെക്കൊണ്ടും ചിന്തിപ്പിക്കാന്‍ സാമുദായിക നവോത്ഥാനകാലത്തെ പരിവര്‍ത്തന യത്നങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല അകത്തുള്ളാളെ പുറത്തിറക്കിക്കൊണ്ടുവരാനുള്ളവ കൂടിയായിരുന്നു ആ പരിശ്രമങ്ങള്‍ എന്നു കൂട്ടിവായിക്കുമ്പോഴാണ് "അഹത്തുള്ളാള്‍" എന്ന ചെറുകഥ മുന്നോട്ടു വെയ്ക്കുന്ന ചരിത്രപരമായ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാവുന്നത്. അകത്തളങ്ങളില്‍ അടയ്ക്കപ്പെട്ട അന്തര്‍ജനങ്ങളുടെ അതൃപ്തവും അസന്തുലിതവുമായ ജീവിത സാഹചര്യങ്ങള്‍ കുറിയേടത്തു താത്രിമാര്‍ക്കു ജന്മം നല്കിയ സാഹചര്യത്തില്‍, സാമുദായിക ശുദ്ധീകരണം എന്ന നിലയ്ക്ക് നടന്ന പരിവര്‍ത്തന യത്നങ്ങളുടെ പരിണിതഫലമെന്തായി എന്നും അവ ഇന്നെവിടെയെത്തിനില്ക്കുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് ഈ കഥ ഉന്നയിക്കുന്നത്.

നവോത്ഥാനകാല ചരിത്രത്തിന്റെ ബാക്കിപത്രമാവുന്ന കഥ ചരിത്രത്തെത്തന്നെ അപനിര്‍മിക്കുന്നു. ചരിത്രത്തിന്റെ പുനര്‍നിര്‍മാണവും അപനിര്‍മാണവും ഏകകാലത്ത്-വര്‍ത്തമാനകാലാന്തരീക്ഷത്തില്‍- സമന്വയിപ്പിച്ചിടത്താണ് വി കെ എന്നിന്റെ ആഖ്യാനപാടവത്തിന്റെ കൈയടക്കം പ്രകടമാവുന്നത്. നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലവും ചരിത്രപശ്ചാത്തലവും എക്കാലത്തും തര്‍ക്കങ്ങളായി തുടരുന്ന ഒരു വസ്തുതയാണ്. ചരിത്രകാരന്മാര്‍ക്കുതന്നെ അതില്‍ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കെ, വളരെ ലളിതമായി വി കെ എന്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നത് നോക്കുക:

കഥയുടെ തുടക്കം ഇങ്ങനെയാണ്: "വെളളമുള്ളിടം തേടി ആന്ധ്രാപ്രദേശത്തെ റായലസീമയില്‍ നിന്നോ മറ്റോ ആറോ ഏഴോ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ എത്തിയവരാവണം നമ്പൂരിശ്ശന്മാര്‍ എന്ന് എങ്ങോ വായിച്ചതായി ഓര്‍ക്കുന്നു. തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം എന്നും ഞാന്‍ പാരായണം ചെയ്ത ചെമ്പോലയോ ശാസനമോ എന്താച്ചാല്‍ അത് എങ്ങെന്നും വിദഗ്ധര്‍ ചോദിച്ചാല്‍ തല്ക്കാലം ഓര്‍മയില്ല എന്നേ പറയാനുള്ളൂ" (എന്റെ പ്രിയപ്പെട്ട കഥകള്‍ വി കെ എന്‍ ഡി സി ബുക്സ് പുറം 67-68). ചെമ്പോലയും ശാസനങ്ങളും ഉപാദാനങ്ങളാക്കിയുള്ള ചരിത്രനിര്‍മിതിക്കുനേരെയുള്ള വിമര്‍ശനമാണ് വി കെ എന്‍ ആദ്യം സാധിക്കുന്നത്. "നമ്പൂരിശ്ശന്മാര്‍" എന്നതിലെ പരിഹാസവും ശ്രദ്ധേയമാണ്.

"ചൂടിന്റെ അഗ്നിപര്‍വതമായ കഡപ്പ, കര്‍ണൂല്‍ , ആനന്ദപുരം എന്നിവിടങ്ങളില്‍ നിന്ന് തെലുങ്കുദേശത്തെ പട്ടന്മാര്‍ കിഴക്കന്‍ കടലോരത്ത് തെക്കു വടക്കാവും, "ദാഹജലം തരുമോ" എന്നു പാടി ആദ്യം തെണ്ടിയിരിക്കുക" - ചൂടിന്റെ അഗ്നിപര്‍വതം എന്ന കല്പനയില്‍നിന്നുതന്നെ കാലാവസ്ഥയുടെ ഏകദേശ രൂപം കിട്ടുന്നു. "ദാഹജലം തരുമോ" എന്ന പാട്ടിന്റെ പശ്ചാത്തലം നാടകഗാനത്തെ ഓര്‍മിപ്പിക്കുന്നു. ഏഴു നൂറ്റാണ്ടിനു മുമ്പത്തെ ചരിത്രത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു നാടകഗാനത്തിലേക്ക് വി കെ എന്‍ അന്വയിപ്പിച്ചു. അതുപോലെ ശ്രദ്ധേയമാണ് തെണ്ടിയിരിക്കുക, കണ്ടിരിക്കുക, നടന്നുതുടങ്ങിയിരിക്കുക, സമൂലം നശിപ്പിച്ചിരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ . ഇവയെല്ലാം ഊഹങ്ങള്‍ അഥവാ ഭാവന മാത്രമാണ്. ഇവയില്‍ വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം നന്നേ കുറവാണ്. "തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം" എന്ന ആദ്യഖണ്ഡികയില്‍ പരിഹാസം ഈ പദപ്രയോഗങ്ങളില്‍ ലീനധ്വനിയാവുന്നു. ചരിത്രം വെറും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാണെന്നും ചെമ്പോലയും ശാസനങ്ങളെയും ഉപാദാനമാക്കുമ്പോഴും ചരിത്രം സാഹിത്യത്തെയും വെല്ലുന്ന ഭാവനാസൃഷ്ടിയാണെന്നും വി കെ എന്‍ കളിയാക്കുന്നു. "ഇങ്ങനെയൊക്കെയാവും ചരിത്രം ഉണ്ടായിരിക്കുക" എന്നൊരു വാക്യം കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ആശയം പൂര്‍ണമായി; പരിഹാസവും.

തുടര്‍ന്ന് "നടന്നുനീങ്ങിയ അവര്‍ അറബിക്കടല്‍ തീരത്തെത്തി." അവര്‍ ജാതി തിരിഞ്ഞതിനെ വി കെ എന്‍ നിരീക്ഷിക്കുന്നു. "ഹെഗ്ഡെ, എമ്പ്രാന്തിരി, ഭട്ട് എന്ന മട്ട് ഓരോ ജാതിയായി, പക്ഷേ പട്ടന്മാരായിത്തന്നെ കടലോരം വഴി തെക്കുനോക്കി നടന്നുതുടങ്ങിയിരിക്കുക, വടക്കുനോക്കി യന്ത്രത്തെ സമൂലം നശിപ്പിച്ചിരിക്കുക" - ഭട്ട് എന്ന മട്ട്, തെക്കുനോക്കി നടക്കുക എന്നതിനു സമാന്തരമായി വടക്കുനോക്കി യന്ത്രത്തെ വിന്യസിച്ചത്- ഇതെല്ലാം വി കെ എന്‍ തൂലികയില്‍ നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന പ്രയോഗഭംഗികളാണ്.

"വന്ന വഴിയാകെ ഇല്ലങ്ങളും മനകളും പടുത്തുയര്‍ത്തി. അവയില്‍ പടുതിരി കത്തിച്ചു. വന്നുവന്ന് പൊന്നാനി അഴിമുഖത്തെത്തിയപ്പോള്‍ സഞ്ചാരസാഹിത്യം നിര്‍ത്തി. തങ്ങളുടെ കുലപതിയെ അവിടെ സ്ഥാപിച്ചു. ആശാനെ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്നു വിളിച്ചുകൂവി. ഇതുകേട്ടാണ് ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍ പുലയനിലും എന്നു മഹാകവി ഉള്ളൂര്‍ പാടിയത്. മേല്പടിയാന്‍ അയ്യന്‍ അയ്യങ്കാളിയായത് കഴിഞ്ഞ നൂറ്റാണ്ടിലുമാണല്ലോ" - സഞ്ചാരസാഹിത്യം നിര്‍ത്തുക എന്നതിലാണ് വി കെ എന്‍ ശൈലിയുടെ ആഴം കാണാനാവുക. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ചരിത്രത്തെ ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേക്കും തുടര്‍ന്ന് അയ്യങ്കാളിയുടെ സമരചരിത്രത്തിന്റെ പുതുവായനയിലേക്കും സംക്രമിപ്പിക്കുന്ന വി കെ എന്‍ "എഴുത്തുവിദ്യ" ഈ കഥയിലും കാണാം.

സവര്‍ണാധിപത്യാധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെ പൊരുതിയ അയ്യങ്കാളിയെ, ആഴ്വാഞ്ചേരി തമ്പ്രാക്കളില്‍തന്നെ വി കെ എന്‍ കണ്ടെടുക്കുന്നു. അഥവാ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍ഗാമികള്‍ പില്ക്കാലത്ത് നടത്തിയ സാമുദായിക പരിഷ്കരണസമരവും അയ്യങ്കാളിയുടെ സമരവും ഒരേ നാണയത്തിന്റെ രണ്ട വശങ്ങളാണെന്നും അക-പുറങ്ങളുടെ പോരാട്ടമായിരുന്നെന്നും അകത്ത് (സമൂഹത്തിനകത്തും വീടിനകത്തും) അടയ്ക്കപ്പെട്ടവരുടെ പുറത്തിറങ്ങലാണെന്നും വി കെ എന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുമ്പോള്‍ , "അഹത്തുള്ളാള്‍" എന്ന കഥയ്ക്ക് സാമൂഹികവും ചരിത്രപരവുമായ പുതിയ മാനങ്ങള്‍ തെളിഞ്ഞുകിട്ടുന്നു.

തിരുവിതാംകൂറിലെത്തിയവര്‍ പോറ്റിമാരായ ചരിത്രത്തെതുടര്‍ന്ന് പൊന്നാനിപ്പരിസരം ചുറ്റി മതി കഥ എന്ന് കഥാകൃത്ത് നിശ്ചയിക്കുന്നു - "ജന്തുക്കളെ തലതൊട്ടെണ്ണിയപ്പോള്‍ പുരുഷന്മാര്‍ കമ്മിയും സ്ത്രീകള്‍ പെരുത്തും എന്നു കണ്ടു. മൂത്ത നമ്പൂതിരിക്ക് ഒരു സ്ത്രീ അഥവാ അന്തര്‍ജനം അഥവാ അകത്തുള്ളാള്‍. അഹത്തുള്ളാള്‍ എന്നു ഗ്രാമ്യം!! അപ്പോള്‍ അവര്‍ യോഗം ചേര്‍ന്ന് ഇങ്ങനെ നിയമം നിര്‍മിച്ചു - "ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വജാതിയില്‍ വേളി - ഇതെത്രയെങ്കിലുമാവാം. വേളി കഴിഞ്ഞാല്‍ സ്ത്രീ അഹത്തുള്ളോളായി. അനുജന്‍ നമ്പൂതിരിമാരെ അപ്ഫന്‍ എന്നു വിളിച്ചുപോന്നു. ഇവര്‍ക്ക് വിധിച്ചത് സംബന്ധം. ഇരവുപകല്‍ വാതിലടയ്ക്കാതെ നാടാകെ വിലസുന്ന അമ്പലവാസി - നായര്‍ വീടുകളില്‍!"

ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വസമുദായത്തില്‍നിന്നു വിവാഹം; അത് ഒന്നിലധികമാവാം എന്ന നില വന്നപ്പോള്‍ നമ്പൂതിരിമാരുടെ കുടുംബനില ഛിദ്രമായി. പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ അധികവും എന്ന സാഹചര്യമായി. വാര്‍ധക്യത്തില്‍ വേട്ട നമ്പൂതിരിമാരുടെ മരണം ചെറുപ്പക്കാരികളായ അന്തര്‍ജനങ്ങളെ അകാല വിധവകളാക്കിയതിന്റെയും - വിധിവഞ്ചിതകള്‍ എന്നാണ് അക്കിത്തം ഒരു ലേഖനത്തില്‍ ഇവരെ വിലയിരുത്തുന്നത്- അവര്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് കണ്ണയച്ചതിന്റെയും ചരിത്രം വി കെ എന്‍ എഴുതുന്നുണ്ട്.

നമ്പൂതിരി സമുദായത്തില്‍ നടന്ന കൊടുംക്രൂരത എന്നു പറയാവുന്ന "സ്മാര്‍ത്തവിചാരം" കഥയില്‍ കടന്നുവരുന്നുണ്ട്. വിധവാവിവാഹത്തെക്കുറിച്ചുള്ള ആശയം അപ്ഫന്‍ നമ്പൂതിരിമാര്‍ പ്രായോഗികമായി പ്രയോജനപ്പെടുത്തിയതും കഥയില്‍ വായിക്കാം. സാമുദായിക പരിഷ്കരണത്തിന് വഴിവെച്ച സാഹചര്യത്തെ വി കെ എന്‍ ഫലിതമയമാക്കുന്നു. യാഥാര്‍ഥ്യത്തില്‍ ചാലിച്ച നര്‍മം. ചരിത്രം കഥയായി മാറുകയാണ്.

"എട്ടും ഒമ്പതും വേളി കഴിഞ്ഞ് തൊണ്ണൂറ് വയസെത്തിയ നമ്പൂതിരിമാര്‍ ചത്തുതുടങ്ങി. "അഹത്തുള്ളാള്‍"കള്‍ വിധവകളായി. ചാവിനനുപാതമായി ഇവരുടെ എണ്ണം പെരുകി. ശാരീരികാവശ്യത്തിന്റെ ആധിക്യത്താല്‍ ഇവളുമാര്‍ അസാരം നേരമ്പോക്ക് സംഘടിപ്പിച്ചു തുടങ്ങി. അപ്പോള്‍ തന്തനമ്പൂതിരിമാര്‍ സാധ്വികള്‍ക്ക് അടുക്കളദോഷം കല്പിച്ചു. അവര്‍ സാധനങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു. - "അടുക്കള ദോഷം" എന്നുപറഞ്ഞാല്‍ ചോറ് കൂടുതല്‍ വെന്തു, കൂട്ടാനില്‍ ഉപ്പ് പോരാതായി, സാധനം എന്നാല്‍ ഉലുവ, കടുക് തുടങ്ങിയ പലവ്യഞ്ജനം എന്നൊന്നുമല്ല അര്‍ഥം. അവിഹിതമായി നേരമ്പോക്ക് തരാക്കി എന്നാണ് സാരം. ഈ പശ്ചാത്തലത്തിലാണ് അപ്ഫന്‍ നമ്പൂതിരിമാര്‍ സംഘടിച്ചതും വൈധവ്യത്തിന്റെ സൗന്ദര്യമുള്ള, തന്ത നമ്പൂതിരി ചത്തുപോയി തനിച്ചുനില്ക്കുന്ന ഇവളുമാരെ കെട്ടിയാല്‍ മതിയല്ലോ എന്ന പുരോഗമനാശയം രൂപം കൊണ്ടതും. ഈ കുറുക്കുവഴി പ്രചരിപ്പിക്കാന്‍ ഇവന്മാര്‍ നാടെമ്പാടും നാടകവും കഥകളിയും അരങ്ങേറി. വിധവകള്‍ക്കും കാര്യം ബോധിച്ചു. ക്യൂ എന്ന അക്ഷരം, ഊഴം കാത്ത് ലൈനില്‍ നില്‍ക്കുന്ന സമ്പ്രദായം എന്നിവ അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു പൂരത്തിലെ ജനക്കൂട്ടത്തെപ്പോലെ അപ്ഫന്‍ നമ്പൂതിരിമാര്‍ തിക്കിത്തിരക്കി മുന്നോട്ടാഞ്ഞു. അതേമാതിരി വിധവകള്‍ ഇങ്ങോട്ടും. എല്ലാവരും പരസ്പരം ചിലവായി".

"സാധ്വി"കള്‍ "സാധന"ങ്ങളായതിന്റെ സാമൂഹ്യ പശ്ചാത്തലം; നവോത്ഥാന ലക്ഷ്യത്തിന്റെ പ്രചാരണത്തിന് നാടകം ആയുധമാക്കിയത് തുടങ്ങിയ ചരിത്രവസ്തുതകളെ വി കെ എന്‍ കുറുക്കി എഴുതുന്നു. ഒപ്പം സ്മാര്‍ത്തവിചാരത്തെ അപഹസിക്കുകയും ചെയ്യുന്നു. "എല്ലാവരും പരസ്പരം ചിലവായി" എന്ന വാക്യത്തിനുണ്ടൊരു "വികെ എന്‍ ടച്ച്". നമ്പൂതിരി സാമുദായികക്രമത്തില്‍ ചെലവാകാതെ നിന്നിരുന്ന രണ്ടു വിഭാഗങ്ങളായിരുന്നു അപ്ഫന്മാരും വിധവകളും. ചെലവാകാതെ നിന്ന ഇവരെ പരസ്പരം ചെലവാക്കാന്‍ മാത്രമേ സാമുദായിക നവീകരണം മൂലം സാധിച്ചുള്ളൂ എന്നും, സാമുദായിക ശുദ്ധീകരണത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിക്കാന്‍, ഏറെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനകാല പരിഷ്കാരങ്ങള്‍ക്കായില്ലെന്നും ഇവിടെ വ്യംഗ്യപ്പെടുന്നു.

കഥയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു "ട്വിസ്റ്റ്" ഈ വ്യംഗ്യത്തെ സ്ഫുടമാക്കുന്നു. അപ്ഫന്‍മാരുടെ തുടര്‍ന്നുള്ള ചരിത്രം എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാത്ത ആ ചരിത്രബാക്കി വി കെ എന്‍ പൂരിപ്പിക്കുന്നുണ്ട്. അമ്പലവാസി - നായര്‍ ഗൃഹങ്ങളില്‍ "അമ്പലക്കാള"യെപ്പോലെ (വി ടിയോട് കടപ്പാട്) സംബന്ധം ആഘോഷിച്ചു നടന്നിരുന്ന അപ്ഫന്മാര്‍, ഏകപത്നീ വ്രതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങിയപ്പോള്‍ , സ്വഗൃഹത്തിലെ ദാമ്പത്യത്തിന്റെ അതിരുകള്‍ക്കുള്ളിലായപ്പോള്‍ പുതിയ ജീവിതക്രമം അഥവാ ലൈംഗികക്രമം അവരെ വീണ്ടും അതൃപ്തരും അസ്വസ്ഥരുമാക്കുകയായിരുന്നു എന്ന് വി കെ എന്‍ സൂചിപ്പിക്കുന്നു.

നവോത്ഥാനമൂല്യങ്ങളെ പിറകോട്ടടിക്കുന്ന, ചരിത്രം പകച്ചുനില്ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് കഥ അവസാനിക്കുന്നത്. രണ്ട് അപ്ഫന്‍ നമ്പൂതിരിമാരുടെ സംഭാഷണത്തിലൂടെ ഈ സന്ദര്‍ഭത്തെ വി കെ എന്‍ സൃഷ്ടിക്കുന്നു.

"അതിന് ഒരു വസ്തു പിടിയില്ല" എന്നാണ് തന്റെ പത്നിയെക്കുറിച്ച് ഒരു അപ്ഫന്‍ നമ്പൂതിരിയുടെ വിലയിരുത്തല്‍ . ശാരീരികാവശ്യത്തിനപ്പുറം സ്നേഹാധിഷ്ഠിതമായി പത്നിയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ തുടരുന്നു.

- കിടക്കദോഷത്തിന് മറ്റേ "അഹത്തുള്ളാള്‍" ധാരാളം വേണം!

-കള്‍സ്?

-അല്ല.

-പിന്നെ?
-റാക്ക് ഓണ്‍ ദ റോക്സ്

വെള്ളം തൊടാതെയുള്ള ഈ ലഹരിയുടെ അടിസ്ഥാനത്തിലാണ് അപ്ഫന്‍ നമ്പൂതിരിയുടെ ദാമ്പത്യം നിലനില്‍ക്കുന്നത്. അങ്ങനെ അഹത്തുള്ളാളെ കീഴടക്കാന്‍ "അഹത്തുള്ളാള്‍" (അകത്തുള്ളാള്‍ - മദ്യം എന്നു വ്യംഗ്യം) വേണമെന്ന തലത്തിലേക്ക് കഥ മാറുന്നു. കഥാശീര്‍ഷത്തിന്റെ അര്‍ഥം വീണ്ടും മറ്റൊന്നാവുന്നു.

ഒരു സമുദായം ചരിത്രത്തിലൂടെ നടന്നുനീങ്ങി പരീക്ഷണങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ശുദ്ധീകരണത്തിനും ശേഷം എത്തിച്ചേര്‍ന്ന സ്ഥിതിവിശേഷത്തെയാണ് കഥ അനാവരണം ചെയ്യുന്നത്. വെള്ളം തേടിയുള്ള യാത്രയില്‍ ആരംഭിക്കുന്ന കഥ "വെള്ള"ത്തില്‍ അവസാനിക്കുന്നതും ശ്രദ്ധേയം.

സ്വാഭാവികതയില്‍നിന്ന് അസ്വാഭാവികതയിലേക്കുള്ള മാറ്റം വി കെ എന്‍ കഥകളുടെ സാമാന്യ സ്വഭാവം കൂടിയാണ്. നമ്പൂതിരിമാര്‍ക്ക് സ്വസമുദായ വിവാഹം അനുവദനീയമായതിനെ തുടര്‍ന്നുള്ള കാലത്തിന്റെ ചിത്രവും ഈ കഥയിലുണ്ട്. അവസാന സംഭാഷണം നമ്പൂതിരി ഫലിതമായും വായിക്കാം. ആ അപ്ഫന്‍മാരില്‍ വി കെ എന്‍ ഒളിഞ്ഞിരിക്കുന്നു. ഈ നിലയ്ക്കുള്ള ഒരു "നവോത്ഥാനം" കൂടി സമുദായത്തില്‍ സാധ്യമായിട്ടുണ്ട് എന്ന ഫലിതധ്വനിയും കഥയില്‍ വായിക്കാം.

നമ്പൂതിരി പരിഷ്കരണ കാലഘട്ടത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കഥ എന്ന നിലയ്ക്കും "അഹത്തുള്ളാള്‍" പ്രസക്തമാണ്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് വി കെ എന്‍ ഈ കഥ എഴുതുന്നത്. ഒരു കാലഘട്ടം മൗനിയായിരുന്ന അദ്ദേഹം തിരിച്ചുവരവില്‍ എഴുതിയ ഗംഭീര കഥകളില്‍ ഒന്നാണ് "അഹത്തുള്ളാള്‍". സ്മാര്‍ത്തവിചാരത്തിന്റെ നൂറുവര്‍ഷം ആഘോഷിച്ച സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെച്ചു വായിക്കേണ്ടിയിരുന്ന കഥ.

"അഹത്തുള്ളാളി"ല്‍ രണ്ടു കാലങ്ങളുടെ ഏകോപനമുണ്ട്. ഒരു പോരാട്ടകാലത്തെ ഇങ്ങനെ നര്‍മത്തോടെ നോക്കിക്കാണാന്‍ വി കെ എന്നിനേ കഴിയൂ. ചരിത്രത്തിനു മുകളില്‍ കയറിനിന്ന് വി കെ എന്‍ വര്‍ത്തമാനം പറയുന്നു. നമ്പൂതിരി നവോത്ഥാന ചരിത്രപശ്ചാത്തലത്തിനു നേരെ നോക്കി വി കെ എന്‍ ചിരിക്കുന്നു. ഈ ചിരിയുടെ അലകളാണ് "അഹത്തുള്ളാളി"ല്‍ മുഴങ്ങുന്നത്. മലയാളകഥയില്‍ മറ്റാര്‍ക്കും സാധിക്കാത്തതാണ് ഇത്തരം സമീപനങ്ങള്‍ . ചരിത്രത്തിന്റെ സാധുത അടര്‍ത്തിയെടുക്കാനാവാത്തവിധം ലയിപ്പിച്ചുകൊണ്ടുതന്നെ വി കെ എന്‍ ചരിത്രത്തെ അപനിര്‍മിക്കുന്നു. നമ്പൂതിരി സ്ത്രീവിമോചനം എന്ന ആശയംതന്നെ എത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു എന്ന നോക്കിക്കാണലിനും ഈ കഥ സാധ്യതകള്‍ ഒരുക്കുന്നുണ്ട്.


*****


ജ്യോതിക, കടപ്പാട് :ദേശാഭിമാനി വാരിക

സ്മാര്‍ട്ട്സിറ്റി അട്ടിമറി

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ സ്മാര്‍ട്ട്സിറ്റി പദ്ധതി പൊളിച്ചെഴുതാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. 2011 ഫെബ്രുവരിയില്‍ ടീകോം പ്രതിനിധികളും ദുബായ് സര്‍ക്കാരിന്റെ പ്രതിനിധികളും കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സംസ്ഥാന സംഘവുമായി ചര്‍ച്ചചെയ്ത് തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് ഒപ്പുവച്ച തീരുമാനങ്ങളനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് നാടകീയമായ പുതിയ സംഭവവികാസങ്ങള്‍ .

ജൂണ്‍ 23ന് മുഖ്യമന്ത്രിയും ഐടി മന്ത്രിയും ടീകോം പ്രതിനിധികളെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചു. ഐടി മന്ത്രി നിയമസഭയില്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ പത്തുമിനിറ്റ് നേരത്തേക്ക് ടീകോം പ്രതിനിധികളുമായി വെറുമൊരു കൂടിക്കാഴ്ചയാണ് നടന്നത്. വെറുമൊരു കൂടിക്കാഴ്ചയായിരുന്നെങ്കിലും, പത്തു മിനിറ്റേ നീണ്ടുനിന്നുള്ളൂവെങ്കിലും, എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച സ്മാര്‍ട്ട്സിറ്റി കരാറും സംസ്ഥാനത്തിന്റെ പ്രത്യേക സാമ്പത്തികമേഖലാ നയവും ഒറ്റയടിക്ക് അട്ടിമറിച്ച് അക്കാര്യം പത്രക്കാരെ വിളിച്ചറിയിച്ചു, ഉമ്മന്‍ചാണ്ടി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്ത് സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പായില്ലെന്നും തങ്ങളാണത് നടപ്പാക്കുന്നതെന്നും, അതിനായി ചില ഇളവുകളെല്ലാം ചെയ്യുകയാണെന്നും ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമം. സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാക്കിയതാര് എന്ന ചോദ്യത്തിന് "അതിന്റെ ആള് ഞമ്മളാ"ണെന്നു പറയുക മാത്രമല്ല ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. 2005ല്‍ താന്‍ തുടക്കം കുറിച്ച സ്മാര്‍ട്ട്സിറ്റി കരാറിലെ കച്ചവടസാധ്യതകള്‍ പുനരന്വേഷിക്കുകയുമാണ്. എന്തായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്സിറ്റി പദ്ധതി വൈകാന്‍ കാരണം? 2009 മുതല്‍ ടീകോം ഫ്രീഹോള്‍ഡ് സംബന്ധിച്ച് പുതിയൊരു തര്‍ക്കമുന്നയിക്കാനാരംഭിച്ചു. കരാറനുസരിച്ച് ഫ്രീഹോള്‍ഡായി നല്‍കേണ്ടിയിരുന്ന 12 ശതമാനം ഭൂമി അവര്‍ക്ക് വില്‍പ്പനാവകാശത്തോടുകൂടി ലഭിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് സര്‍ക്കാര്‍ സന്നദ്ധമായില്ല. ഒടുവില്‍ , തര്‍ക്കങ്ങള്‍ അവര്‍തന്നെ പിന്‍വലിക്കുകയും സര്‍ക്കാര്‍നിലപാട് പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തു. ഒരിഞ്ചു സ്ഥലംപോലും വില്‍ക്കാന്‍ അനുവദിക്കില്ല എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന്റെയും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയുടെയും വിജയമായിരുന്നു അത്.

2011 ഫെബ്രുവരി രണ്ടിന് എല്ലാ തര്‍ക്കവും അവസാനിച്ചെന്ന് സംസ്ഥാന സര്‍ക്കാരും ടീകോമും വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ നിര്‍മാണം ആരംഭിക്കാനും അതിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്നെ നേരില്‍ ക്ഷണിക്കാനും അവര്‍ ദുബായില്‍നിന്ന് സമയം ചോദിച്ചിരുന്നു. അതനുസരിച്ച് പദ്ധതി ഉദ്ഘാടനത്തിനുള്ള ക്രമീകരണങ്ങള്‍ക്കുവേണ്ടി കേരളത്തിലെത്തിയ ടീകോമിനാണ് ഇപ്പോള്‍ പത്തു മിനിറ്റ് വെറും കൂടിക്കാഴ്ചയിലൂടെ പുതിയ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രദേശം മുഴുവന്‍ ബഹുസേവന പ്രത്യേക സാമ്പത്തിക മേഖലയായി കണക്കാക്കണമെന്ന അപേക്ഷ ടീകോം കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. പണ്ടും ടീകോമിന്റെ ഉള്ളിലിരിപ്പ് ഇതായിരുന്നു. മുമ്പ് ടീകോം ഇത്തരമൊരു അപേക്ഷ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ അത് തള്ളിക്കളയുന്നതായി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തതാണ്. ഇതേത്തുടര്‍ന്ന് ടീകോം ആ ഉദ്യമത്തില്‍നിന്ന് പിന്തിരിഞ്ഞു. സ്മാര്‍ട്ട്സിറ്റി കരാറിലെ വ്യവസ്ഥകളില്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക എന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നിയമസഭയിലും പത്രക്കാരോടും പറയുകയുണ്ടായി. ടീകോം പ്രതിനിധികളുമായി ജൂണ്‍ 23ന് നടത്തിയ ചര്‍ച്ചയ്ക്കുശേഷം പത്രക്കാരോട് ഉമ്മന്‍ചാണ്ടി പറഞ്ഞത് കാണുകയും കേള്‍ക്കുകയുംചെയ്ത ആരും നിയമസഭയില്‍ പറഞ്ഞ ഉറപ്പ് വിശ്വസിക്കാനിടയില്ല. മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് സ്മാര്‍ട്ട്സിറ്റിയെ ഒരു ബഹുസേവന പ്രത്യേക സാമ്പത്തികമേഖലയാക്കുമെന്നാണ്.

ബഹുസേവന സാമ്പത്തികമേഖലയാകണമെങ്കില്‍ 250 ഏക്കര്‍ ഭൂമി കൂടിയേ തീരൂ. അതിനാല്‍ അധികമായി ആവശ്യമുള്ള നാലേക്കര്‍ ഭൂമികൂടി സ്മാര്‍ട്ട്സിറ്റിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കരാറില്‍ മാറ്റം വരുത്താതെ എങ്ങനെയാണ് സ്മാര്‍ട്ട്സിറ്റിയെ ബഹുസേവന പദ്ധതിയാക്കുക? നാല് ഏക്കര്‍ സ്ഥലംകൂടി വേണമെന്ന് ടീകോം അഭ്യര്‍ഥിച്ചിട്ടില്ലെന്ന് സെക്രട്ടറി മാധ്യമങ്ങളോട് പറയുന്നു. ആരും ആവശ്യപ്പെടാതെ, ചര്‍ച്ച ചെയ്യാതെ, എവിടെയും രേഖപ്പെടുത്താതെ, മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് ടീകോമിന് എന്തോ സൗജന്യം വേണം, അത് നല്‍കിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് അറിയാതെ മുഖ്യമന്ത്രിയായ ഞാന്‍ തീരുമാനമെടുത്തു എന്നാരോപിച്ച യുഡിഎഫ് മന്ത്രിമാരിലും നേതാക്കളിലും എത്രപേര്‍ക്ക് ഈ പിന്‍വാതില്‍ കച്ചവടത്തെക്കുറിച്ച് അറിയാമായിരുന്നു? പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിനു പുറമെ മറ്റൊന്നുകൂടിയുണ്ട്. നാം പാട്ടത്തിനു നല്‍കുമെന്നു പറയുന്ന 246 ഏക്കര്‍ ഏതെങ്കിലും 246 ഏക്കറല്ല. കരാറില്‍ ഇതിന്റെ സര്‍വേനമ്പരുകള്‍പോലും പറയുന്നുണ്ട്.

ഈ കരാറില്‍ വള്ളിപുള്ളി വ്യത്യാസം വരുത്താതെ എവിടെയാണ് പുതുതായി നല്‍കുന്ന നാലേക്കര്‍ ഉള്‍ക്കൊള്ളിക്കുക? അതായത്, നിലവിലുള്ള സ്മാര്‍ട്ട്സിറ്റി കരാറിനുപുറത്ത് നാലേക്കര്‍ ഭൂമി ഒരു കരാറും കൂടാതെ നല്‍കാനാണ് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ഈ ഭൂമി നല്‍കുന്നത് വില വാങ്ങിയാണോ, ആണെങ്കില്‍ എന്തു വിലയാണ് ആവശ്യപ്പെട്ടിട്ടുള്ളത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. നാലേക്കര്‍ ഭൂമികൂടി നല്‍കി സ്മാര്‍ട്ട്സിറ്റി ഒരു ബഹുസേവന പദ്ധതിയാക്കിയാല്‍ എന്താണ് സംഭവിക്കുക എന്ന് കേരളത്തിലെ ജനങ്ങള്‍ അറിയണം. നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനവും ഐടി/ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കായിരിക്കണം എന്ന കര്‍ശന നിബന്ധന പാലിച്ചാല്‍ ഇതിനനുബന്ധമായി സേവനമേഖലയില്‍ വരുന്ന മറ്റു വ്യവസായങ്ങളും തൊഴിലുകളും നഗരത്തില്‍ ഉണ്ടാകും. അത്തരത്തില്‍ അനേകമടങ്ങ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍ , സ്മാര്‍ട്ട്സിറ്റിതന്നെ ബഹുസേവന പദ്ധതിയാക്കിയാല്‍ ഐടി തൊഴിലവസരങ്ങള്‍ക്ക് അനുബന്ധമായി സേവനമേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ ഉള്‍പ്പെടെ പദ്ധതിയുടെ കണക്കില്‍ പെടുത്താന്‍ ടീകോമിന് കഴിയും. അങ്ങനെ, കുറഞ്ഞത് 62 ലക്ഷം ചതുരശ്ര അടി കെട്ടിടത്തില്‍ ഐടി തൊഴിലവസരം എന്നത് സേവനമേഖലയില്‍പ്പെട്ട തൊഴിലവസരങ്ങള്‍ എന്നായി മാറും. അതായത്, സേവനമേഖലയില്‍പ്പെട്ട അനുബന്ധ തൊഴിലുകളടക്കമായിരിക്കും 90,000 തൊഴിലുകള്‍ . സ്മാര്‍ട്ട്സിറ്റി പദ്ധതിയെ പരിമിതപ്പെടുത്തുന്നതും നിക്ഷേപകര്‍ക്ക് വന്‍ ആനുകൂല്യം നല്‍കുന്നതുമായ നടപടിയാണ് ഇത്.

സ്മാര്‍ട്ട്സിറ്റി മള്‍ട്ടി സര്‍വീസ് സെസ്സാകുമ്പോള്‍ എത്ര ഐടി തൊഴിലുകള്‍ ലഭിക്കും, എത്ര ഐടി ഇതര തൊഴിലുകള്‍ ലഭിക്കും എന്നതു സംബന്ധിച്ച് സര്‍ക്കാരിന് എന്തെങ്കിലും വ്യക്തതയുണ്ടോ? ഇക്കാര്യത്തില്‍ പുതിയ ഏതെങ്കിലും കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ? തൊഴിലിനെ സംബന്ധിച്ച് എഴുതി ഒപ്പുവച്ച കരാറുണ്ടായിരിക്കെ, അതിനെ അട്ടിമറിക്കുന്ന ഒരു തീരുമാനമെടുക്കുകയും, അതിന് ഒരുവിധ കരാറിലും ഏര്‍പ്പെടാതിരിക്കുകയും ചെയ്യുന്നത് അഴിമതി നടത്താനാണെന്നു വ്യക്തം. പ്രത്യേക സാമ്പത്തികമേഖലകള്‍ അനുവദിക്കുമ്പോള്‍ സംസ്ഥാനം പ്രത്യേകിച്ച് ഒന്നും പരിഗണിക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം. പ്രത്യേക സാമ്പത്തികമേഖലയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വസ്തു കൈമാറ്റത്തിലൂടെയല്ല നടക്കുന്നത്. മറിച്ച് അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി കൈമാറ്റം ചെയ്യുന്ന രീതിയിലാണ്. സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനം ബന്ധപ്പെട്ട ഐടി വ്യവസായത്തിനായിരിക്കണം എന്ന കര്‍ശന നിബന്ധനവച്ചത് അതുകൊണ്ടാണ്. മറ്റ് പ്രത്യേക സാമ്പത്തികമേഖലകള്‍ ആരംഭിക്കുമ്പോള്‍ കുറഞ്ഞത് സ്ഥലത്തിന്റെ 70 ശതമാനമെങ്കിലും ബന്ധപ്പെട്ട വ്യവസായത്തിനായി മാറ്റിവയ്ക്കണമെന്നും നയം രൂപീകരിച്ചു.

അത് അംഗീകരിച്ച് മുന്നോട്ടുവന്ന നിക്ഷേപകര്‍ക്കുള്‍പ്പെടെ ഇളവ് നല്‍കി സ്ഥലത്തിന്റെ പകുതിമാത്രം വ്യവസായത്തിനുപയോഗിച്ചാല്‍ മതിയെന്ന് ഇപ്പോള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഏതു സംരംഭകനാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്? റിയല്‍ എസ്റ്റേറ്റ് ലോബിയുടെ സ്വാധീനത്തിനു വഴങ്ങി നടത്തിയ ഈ ഒറ്റ പ്രഖ്യാപനത്തിലൂടെ സംസ്ഥാന വ്യവസായമേഖലയ്ക്ക് നഷ്ടപ്പെടുന്നത് എത്ര ഏക്കര്‍ ഭൂമിയാണെന്നു മനസ്സിലാക്കിയിട്ടുണ്ടോ? കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തുന്നത് നിലനില്‍ക്കില്ല എന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച കേന്ദ്രനിയമം പറയുന്നത് കുറഞ്ഞത് 50 ശതമാനം ഭൂമി വ്യവസായത്തിനുവേണ്ടി മാറ്റിവയ്ക്കണമെന്നാണ്. 50 ശതമാനമേ മാറ്റി വയ്ക്കാവൂ എന്നല്ല. അപ്പോള്‍ 70 ശതമാനം ഭൂമി വ്യവസായാവശ്യത്തിനായി മാറ്റിവയ്ക്കുന്നത് എങ്ങനെയാണ് കേന്ദ്ര നിയമത്തിനെതിരാകുന്നത്? ഇന്ത്യയിലെ ആറ് സംസ്ഥാനം പുതിയ സെസ് നിയമം ഉണ്ടാക്കുകയും കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനം സെസ് നയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര നിയമമനുസരിച്ച് വിവിധോദ്ദേശ്യ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നാലിലൊന്ന് സ്ഥലം വ്യവസായത്തിനായി നീക്കിവച്ചാല്‍മതി. 250 ഏക്കര്‍ സ്ഥലം വ്യവസായത്തിനുപയോഗിച്ചാല്‍ 750 ഏക്കര്‍ ഫ്രീ എന്ന രീതിയില്‍ മുന്നോട്ടു പോകാന്‍ കേരളത്തിനാകുമോ? നാം ഇവിടെ സെസ് നയമുണ്ടാക്കിയത് കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്. പിന്നെന്തിന് വ്യവസായികള്‍ ആവശ്യപ്പെടാത്ത ഒരു ഇളവ് കേന്ദ്ര നിയമത്തിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഭൂമിയുടെ കാര്യത്തില്‍ കാണിക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. പ്രത്യേകിച്ചും ജനസാന്ദ്രത ഏറ്റവും കൂടിയ കേരളത്തില്‍ ഭൂവിനിയോഗത്തെ സംബന്ധിച്ച് കക്ഷിരാഷ്ട്രീയ ഭേദമെന്യെ നാം കൈക്കൊള്ളാറുള്ള നിലപാടുകളുടെ പശ്ചാത്തലത്തില്‍ . പ്രത്യേക സാമ്പത്തികമേഖലയുടെ മറവില്‍ , വ്യവസായത്തിനെന്നു തെറ്റിദ്ധരിപ്പിച്ച് വന്‍ ഭൂശേഖരം റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനായി കൈമാറാനാണ് നീക്കമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായതിലും രൂക്ഷമായ സമരം പ്രത്യേക സാമ്പത്തികമേഖലകള്‍ക്കെതിരെ ഉയര്‍ന്നുവരും.

മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനിച്ച സംസ്ഥാന സെസ് നയം ക്യാബിനറ്ററിയാതെ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സ്വന്തം നിലയില്‍ അഴിച്ചുപണിയാന്‍ തീരുമാനിച്ചതും പ്രഖ്യാപിച്ചതും ആരുടെ താല്‍പ്പര്യപ്രകാരമാണെന്ന് വ്യക്തമാക്കണം. അംഗീകരിക്കപ്പെട്ട കരാറില്‍ ഒരു കക്ഷിക്ക് സാമ്പത്തികലാഭമുണ്ടാക്കാന്‍ സഹായകമായ വിധത്തില്‍ മാറ്റം വരുത്തുന്നത് നിയമപരമായി അഴിമതിയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്ന്. മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ച മാറ്റം സാധ്യമാകണമെങ്കില്‍ സംസ്ഥാന സെസ് നയം മാറ്റണം. "നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാനാകാത്ത തീരുമാനങ്ങളെടുക്കുകയും ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പിന്നീട് നയത്തില്‍ മാറ്റം വരുത്തുകയും" ചെയ്യുന്നതും അഴിമതിതന്നെയാണ്. "ഒരു സംസ്ഥാനത്തിന്റെ ഭരണസംബന്ധമായ കാര്യങ്ങളിലോ, മുന്‍ സര്‍ക്കാര്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്ന കാര്യത്തിലോ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ തുടരാന്‍ തുടര്‍ന്ന് അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റിന് ബാധ്യതയുണ്ട്" എന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.

*
വി എസ് അച്യുതാനന്ദന്‍

Wednesday, June 29, 2011

എണ്ണവില വര്‍ധനയും യുപിഎ-യുഡിഎഫ് ധാര്‍മികതയും

കേരളത്തിലെ ഓരോ വീട്ടിലും ഉപയോഗിക്കുന്ന ഓരോ ഗ്യാസ് സിലിണ്ടറിന്റെയും വില പതിനെട്ടുരൂപകണ്ട് കുറയ്ക്കാന്‍ പറ്റും യുഡിഎഫ് സര്‍ക്കാരിന്. വര്‍ധിച്ച വിലയിലെ അഡീഷണല്‍ സെസ് വേണ്ടെന്ന് തീരുമാനിച്ചാല്‍മാത്രം മതി. അതു ചെയ്യാനുള്ള മനസ്സില്ലായ്മയ്ക്ക് മറയിടാനാണ് ഡീസലിനുമേലുള്ള സംസ്ഥാന നികുതി ഓഹരി തങ്ങള്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. വില കുറയ്ക്കാനിടപെട്ടുവെന്ന് മേനി നടിക്കാനുമാവും ജനങ്ങളെപ്പിഴിഞ്ഞ് പണം സമാഹരിക്കാനുമാവും. ഡീസല്‍വിലയിലെ നികുതി ഓഹരി ഉപേക്ഷിച്ചാല്‍ ലിറ്ററിന് എഴുപത്തഞ്ച് പൈസ കിട്ടുമായിരുന്നത് കിട്ടാതാവുമെന്നേയുള്ളൂ. ഓരോ ഗ്യാസ് സിലിണ്ടറിലൂടെയും പതിനെട്ടുരൂപ വീതം കൈയടക്കാനാവുമെങ്കില്‍പ്പിന്നെ എഴുപത്തഞ്ച് പൈസ പോയാലെന്ത്? ഇതുപറയുമ്പോള്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ , വര്‍ധനയുടെ ഘട്ടത്തില്‍ എന്നെങ്കിലും നികുതി വേണ്ടെന്നുവച്ചോ എന്നു ചോദിക്കും യുഡിഎഫ്. വേണ്ടെന്നുവച്ചു. ചില്ലറ പൈസകള്‍ ഉപേക്ഷിച്ച് രൂപകള്‍ സമാഹരിക്കുന്ന യുഡിഎഫിന്റെ കണ്ണില്‍പ്പൊടിയിടല്‍ പരിപാടിയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. പെട്രോള്‍ -ഡീസല്‍ തുടങ്ങിയവയ്ക്ക് ഏറ്റവും രൂക്ഷമായ വര്‍ധന കേന്ദ്രം ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് ഭരണത്തിന്റെ ആദ്യഘട്ടത്തിലാണ്. ആ വേളയില്‍തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടു; ഏതിനൊക്കെ കേന്ദ്രം വര്‍ധന ഏര്‍പ്പെടുത്തിയോ, അതിന്റെയൊക്കെ സംസ്ഥാന ഓഹരി വേണ്ടെന്നുവച്ചു.

ഇപ്പോഴത്തെ പാചകവാതക വിലവര്‍ധനയിലൂടെ മാത്രം 81 കോടിയില്‍പ്പരം രൂപയാണ് സംസ്ഥാന ഖജനാവിലേക്ക് പ്രതിവര്‍ഷം എത്തുക. ഇത്ര വലിയ തുക ഒറ്റയടിക്ക് സംസ്ഥാന നികുതി ഓഹരിയായി കിട്ടിയ സന്ദര്‍ഭം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പെട്രോളിയം വിലവര്‍ധനയുടെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല എന്നതുമോര്‍ക്കണം. പെട്രോള്‍ വിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. ആ അധികാരം സ്വയം വേണ്ടെന്നുവച്ച് യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികളില്‍ നിക്ഷിപ്തമാക്കിയത് കഴിഞ്ഞ ജൂണിലാണ്. അതിനുശേഷമിങ്ങോട്ട് വിഷം ചെറുഡോസുകളിലെന്നോണം പന്ത്രണ്ടുതവണ പെട്രോള്‍ വിലവര്‍ധന വന്നു. എല്ലാ തവണയും നികുതി ഓഹരി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കിലും ഏറ്റവും രൂക്ഷമായ വര്‍ധന വന്ന ഘട്ടത്തില്‍ ഉപേക്ഷിക്കുകതന്നെചെയ്തു. ഇപ്പോഴാകട്ടെ, പെട്രോളിനുമാത്രമല്ല, സാധാരണക്കാരന്റെ ഇന്ധനമെന്ന് പറയപ്പെടുന്ന ഡീസലിനും പാചകവാതകത്തിനും കൂടി വിലകയറ്റിയിരിക്കുന്നു; അതും രൂക്ഷമായ നിലയില്‍ . അതുകൊണ്ടാണ് ജനങ്ങള്‍ അത് താങ്ങാന്‍ പാടുപെടുന്നത്. അതുകൊണ്ടുതന്നെയാണ് പാചകവാതകവില കുറയ്ക്കാന്‍ സംസ്ഥാനം ഇടപെടേണ്ടതും. പക്ഷേ, യുഡിഎഫ് സര്‍ക്കാര്‍ അത് ചെയ്യുന്നില്ല.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള വര്‍ധിച്ച നികുതി വേണ്ടെന്നുവയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനില്ലാത്ത ഒരു ഉത്തരവാദിത്തംകൂടി യുഡിഎഫിനുണ്ട്. കാരണം, ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ സംസ്ഥാനത്തിന് ചുമത്താവുന്ന നികുതിനിരക്ക് വര്‍ധിപ്പിച്ച് നിശ്ചയിച്ചത് യുഡിഎഫാണ്; എല്‍ഡിഎഫ് അല്ല. പെട്രോളിനുമേല്‍ സംസ്ഥാനം ചുമത്തിയിരുന്ന നികുതി ഇരുപതുശതമാനത്തില്‍നിന്ന് ഇരുപത്തിമൂന്ന് ശതമാനമായി ഉയര്‍ത്തിയത് എ കെ ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യുഡിഎഫ് മന്ത്രിസഭയാണ്. ഡീസലിനുമേലുള്ള സംസ്ഥാന നികുതിനിരക്ക് 24 ശതമാനമാക്കി ഉയര്‍ത്തി നിശ്ചയിച്ചതും അതേ യുഡിഎഫ് മന്ത്രിസഭതന്നെ, 2002ലായിരുന്നു അത്. പിന്നീടുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയും ഇതേപോലെ നികുതിനിരക്ക് വര്‍ധിപ്പിച്ചു. അതുകൊണ്ടുതന്നെ നികുതിനിരക്ക് കൂട്ടിയവര്‍ക്ക്, കേന്ദ്ര തീരുമാനപ്രകാരമുള്ള വിലവര്‍ധനയുടെ ഭാഗമായി വരുമാനം കൂടുമ്പോള്‍ , അത് അല്‍പ്പമെങ്കിലും ത്യജിച്ച് ജനങ്ങള്‍ക്ക് ആശ്വാസംപകരാന്‍ പ്രത്യേകം ഉത്തരവാദിത്തമുണ്ടാകുന്നു.

2002ലെ യുഡിഎഫ് മന്ത്രിസഭ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള സംസ്ഥാന നികുതിനിരക്ക് ആ വിധത്തില്‍ ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ , സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇത്രയേറെ തുക പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമൊന്നും കൊടുക്കേണ്ടിവരുമായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ, ഓരോ പാചകവാതക സിലിണ്ടറില്‍നിന്ന് പതിനെട്ടു രൂപ എന്ന ക്രമത്തില്‍ കിട്ടുമ്പോള്‍ , ഈ വര്‍ധനയില്‍ തങ്ങളുടെ പങ്കുകൂടിയുണ്ട് എന്ന ഉത്തരവാദിത്തബോധത്തോടെ, അതില്‍ ഇളവുനല്‍കേണ്ട ബാധ്യത യുഡിഎഫ് സര്‍ക്കാരിനുണ്ട് എന്നുവരുന്നു. ജനങ്ങളോടുള്ള ആ ഉത്തരവാദിത്തം യുഡിഎഫ് സര്‍ക്കാര്‍ കാട്ടുന്നില്ല. ഡീസലിന്റെ കാര്യത്തില്‍മാത്രം എഴുപത്തഞ്ച് പൈസ ത്യജിച്ച് ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . തങ്ങള്‍ വോട്ടുപിടിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടുവന്ന ഒരു സര്‍ക്കാരാണ് ജനദ്രോഹകരമായ നിലയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കയറ്റുന്നതെന്നതും യുഡിഎഫിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

യുപിഎയുടെ വിനാശകരങ്ങളായ നയങ്ങളാണ് ഈ അവസ്ഥയുണ്ടാക്കിയത്. പെട്രോള്‍ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചത് അവരാണ്. ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലനിയന്ത്രണാധികാരം വച്ചൊഴിയാന്‍ ശ്രമിക്കുന്നതും, ഇപ്പോള്‍ വില വര്‍ധിപ്പിച്ചതും അവരാണ്. പാചകവാതക സബ്സിഡിയായി കൊടുത്തിരുന്ന തുക നാലിലൊന്നായി വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതും അവരാണ്. ആ നയങ്ങള്‍ നടപ്പാക്കുന്ന സ്ഥിതി കേന്ദ്രത്തിലുണ്ടാക്കിയതിന്റെ ഉത്തരവാദികള്‍ തങ്ങളാണെന്നത് ഏറ്റുപറഞ്ഞുകൊണ്ട് കേരളത്തിലെ ജനങ്ങളോട് മാപ്പുചോദിക്കേണ്ടവരാണ് യുഡിഎഫുകാര്‍ . മാപ്പുചോദിക്കാനുള്ള മാര്‍ഗമാകട്ടെ, പാചകവാതക സിലിണ്ടറിന്റെ വിലയിലെ, തങ്ങള്‍ക്ക് കുറയ്ക്കാവുന്ന ഭാഗമായ പതിനെട്ടു രൂപയുടെ അഡീഷണല്‍ സെസ് ഉപേക്ഷിക്കുക എന്നതാണുതാനും. ഇനി മറ്റൊരു ആപത്ത് വരുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് നേരിട്ട് സബ്സിഡി നല്‍കുക എന്ന സംവിധാനമാണത്. ഇതുപ്രകാരം ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങള്‍ക്കുമാത്രം സബ്സിഡി അനുവദിച്ചാല്‍മതി എന്നുവരും. എപിഎല്‍ -ബിപിഎല്‍ നിര്‍വചനങ്ങളിലും രേഖകളിലും കൃത്രിമംകാട്ടി യഥാര്‍ഥത്തില്‍ ദരിദ്രരായ ജനലക്ഷങ്ങളെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരായി ചിത്രീകരിച്ചുവച്ചിരിക്കുകയാണ് കേന്ദ്രം. കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്കുതാഴെ യഥാര്‍ഥത്തില്‍ 40 ലക്ഷം കുടുംബങ്ങളുണ്ടായിരിക്കെ, അത് 11 ലക്ഷംമാത്രമാക്കി ചുരുക്കിയെടുത്തിരിക്കുന്നു കേന്ദ്രം.

29 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് സബ്സിഡി ആനുകൂല്യം നിഷേധിക്കാനുള്ള വിദ്യയാണിത്. അനുവദിക്കേണ്ട സബ്സിഡിയുടെ വലുപ്പം കാര്യമായി വെട്ടിക്കുറയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ കണ്ട കുതന്ത്രമാണിത്. ഇത് നടപ്പാവുന്നത്, തങ്ങള്‍ ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം ലോക്സഭാസീറ്റുകള്‍ യുപിഎയ്ക്കുണ്ടാക്കി കൊടുത്തതുകൊണ്ടാണെന്ന കുറ്റബോധവും യുഡിഎഫിനുണ്ടാകേണ്ടതാണ്. ആ കുറ്റബോധം മുന്‍നിര്‍ത്തിയെങ്കിലും പാചകവാതകവില കാര്യത്തില്‍ വരുത്താന്‍ കഴിയുന്ന കുറവ് അവര്‍ വരുത്തേണ്ടതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്രമത്തിലും നികുതിക്രമത്തിലും ഇപ്പോള്‍ വരുത്തിയ മാറ്റത്തിലൂടെ തങ്ങള്‍ 21,000 കോടി രൂപയുടെ നഷ്ടം സഹിക്കുകയാണ് എന്നാണ് പരസ്യങ്ങളിലൂടെ യുപിഎ സര്‍ക്കാര്‍ ഘോഷിക്കുന്നത്. ഇതു കേട്ടാല്‍ തോന്നുക, ജനങ്ങള്‍ക്കായി 21,000 കോടി രൂപയുടെ ഇളവ് നല്‍കി എന്നാണ്. യഥാര്‍ഥത്തില്‍ ഇത്രയും കോടിയുടെ ഇളവിന്റെ ഉപയോക്താക്കളാവുന്നത് എണ്ണക്കമ്പനികളാണ്. ഇക്കാര്യം യുപിഎ മറച്ചുവയ്ക്കുന്നു. കോണ്‍ഗ്രസിന്റെ "കൈ" സാധാരണക്കാരന്റെ രക്ഷയ്ക്ക് എന്നതായിരുന്നു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ ജനങ്ങള്‍ കാണുന്നത്, ആ കൈ കോര്‍പറേറ്റുകള്‍ക്കും എണ്ണക്കമ്പനികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഡീ റെഗുലേഷന്‍ മുതല്‍ എണ്ണക്കമ്പനികളില്‍നിന്ന് കിട്ടേണ്ട തുക എഴുതിത്തള്ളുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇതാണ് കാണുന്നത്. ഡീ റെഗുലേഷന്‍ നടപ്പാക്കിക്കഴിഞ്ഞിട്ടില്ലാത്ത ഡീസല്‍ -പാചകവാതക-മണ്ണെണ്ണ വിലകള്‍ സര്‍ക്കാര്‍തന്നെ എണ്ണക്കമ്പനികള്‍ക്കുവേണ്ടി ഉയര്‍ത്തിക്കൊടുക്കുന്നതില്‍ മുതല്‍ 21,000 കോടി രൂപയുടെ നഷ്ടം എണ്ണക്കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ സഹിക്കുന്നതില്‍വരെ കാണുന്നതും ഇതുതന്നെ.

കഴിഞ്ഞമാസം അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ വില ബാരലിന് 112.74 ഡോളറായിരുന്നത്, കഴിഞ്ഞ വെള്ളിയാഴ്ച 107.07 ആയി താഴ്ന്നിരുന്നു. ഇതേ ഘട്ടത്തില്‍തന്നെ ഇവിടെ എണ്ണയുടെയും എണ്ണ ഉല്‍പ്പന്നങ്ങളുടെയും വില കുത്തനെ ഉയര്‍ത്തിക്കൊടുത്തത് ആര്‍ക്കുവേണ്ടിയായിരുന്നു? പണ്ടെന്നോ ഉണ്ടായിരുന്ന ഏതോ കുറഞ്ഞ വില എടുത്തിട്ട് ഇപ്പോള്‍ , അതിനേക്കാള്‍ വില കൂടിയിട്ടുണ്ട് എന്നുപറഞ്ഞ് പെട്രോള്‍ -ഡീസല്‍ വിലവര്‍ധന തീരുമാനത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന യുപിഎ സര്‍ക്കാരിന്റെ പരസ്യത്തിന് മറച്ചുപിടിക്കാവുന്നതല്ല, അന്താരാഷ്ട്ര എണ്ണക്കമ്പോളത്തിലെ വിലനിലവാരം. താഴ്ന്നുനില്‍ക്കുന്ന എണ്ണവിലയെ അമിത നികുതിചുമത്തി ഉയര്‍ത്തിയെടുക്കുന്ന വിദ്യയാണ് യുപിഎ പയറ്റുന്നത്. പെട്രോളിന്റെ യഥാര്‍ഥ വില ഉപയോക്താവ് കൊടുക്കുന്ന തുകയുടെ പാതിയേ വരുന്നുള്ളൂ. ബാക്കി പാതി നികുതികളാണ്. എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, ഡീലര്‍ കമീഷന്‍ എന്നിങ്ങനെ പലതും കൂട്ടിച്ചേര്‍ത്ത് എണ്ണവില കൃത്രിമമായി ഉയര്‍ത്തി വരുമാനം കൊയ്യുന്നതിനുപുറമെയാണ് എക്സിക്യൂട്ടീവ് ഉത്തരവുവഴി പാര്‍ലമെന്റിനെയും ബജറ്റിനെയും ഒക്കെ മറികടന്ന് അടിസ്ഥാനവിലയില്‍ യുപിഎ സര്‍ക്കാര്‍ വരുത്തുന്ന വര്‍ധന. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിച്ച് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പ്രകാരം ഇന്ത്യന്‍ ഓയില്‍ , ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയൊക്കെ ലാഭത്തിലാണെന്നിരിക്കെ, വിലവര്‍ധനയെ ന്യായീകരിക്കാന്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ ഭാഷയില്‍ നഷ്ടത്തിന്റെ കണക്കു കാട്ടി നിലവിളിക്കുകയാണ് യുപിഎ സര്‍ക്കാര്‍ . ഇതാരെ കബളിപ്പിക്കാന്‍ ? നഷ്ടത്തെക്കുറിച്ചുള്ള എണ്ണക്കമ്പനികളുടെ നിലവിളി ഏറ്റെടുക്കുന്നതിലൂടെ, അവയില്‍നിന്ന് ഖജനാവിലേക്ക് പിരിച്ചെടുക്കേണ്ട തുക പിരിച്ചെടുക്കാനുള്ള അവകാശം അടിയറ വയ്ക്കുകകൂടിയാണ് കേന്ദ്രം. പ്രകൃതിവാതകം രാജ്യത്തിന്റെ പൊതുസമ്പത്താണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചശേഷവും നമ്മുടെ രാജ്യത്തെ പരിമിതമായ പ്രകൃതിവാതക ഖനനവും വില്‍പ്പനയും റിലയന്‍സ് പോലുള്ള കമ്പനികളെ ഏല്‍പ്പിക്കുകയാണിവര്‍ . എണ്ണക്കച്ചവടം ഇത്ര നഷ്ടമാണെങ്കില്‍ റിലയന്‍സ് എങ്ങനെ വീണ്ടും വീണ്ടും ഈ കരാറുകള്‍ ഏറ്റെടുക്കുന്നു? ഈ ചോദ്യത്തിനും ഉത്തരം പറയേണ്ടതുണ്ട് യുപിഎ. ഇങ്ങനെ വഴിവിട്ട് എണ്ണക്കമ്പനികള്‍ക്ക് എല്ലാം ഏല്‍പ്പിച്ചുകൊടുക്കുന്ന യുപിഎ സര്‍ക്കാര്‍ , കുടിലിലെ വിളക്കു കത്തിക്കേണ്ട മണ്ണെണ്ണയുടെ മുതല്‍ പാടംനനയ്ക്കാനുള്ള ജലസേചനയന്ത്രത്തിന് ആവശ്യമായ ഡീസല്‍വരെ സാധാരണക്കാരന് അപ്രാപ്യമാക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പുതന്നെ നിശ്ചയിച്ചുവച്ചതാണ് നന്ദന്‍ നിലകേനി സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള എണ്ണ വിലവര്‍ധന. തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു ഇത്രയുംകാലം. തെരഞ്ഞെടുപ്പ് കഴിഞ്ഞു; വിലവര്‍ധനയും വന്നു. ഇത്രമേല്‍ ജനദ്രോഹസ്വഭാവമുള്ള ഒരു സംവിധാനത്തെ കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടുവന്നതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ പ്രചാരണങ്ങളുണ്ട്. ആ അധര്‍മത്തിന് പ്രായശ്ചിത്തമായെങ്കിലും ഉമ്മന്‍ചാണ്ടി, പാചകവാതകത്തിനുമേലുള്ള അമ്പതുരൂപ വര്‍ധനയിലെ തങ്ങളുടെ ഓഹരിയായ പതിനെട്ടുരൂപ ത്യജിക്കേണ്ടതാണ്; മണ്ണെണ്ണ നികുതിയുടെ കാര്യത്തിലും അതുതന്നെ ചെയ്യേണ്ടതാണ്.

*
പ്രഭാവര്‍മ ദേശാഭിമാനി 29 ജൂണ്‍ 2011

എന്‍ എസ് ജി ചട്ടങ്ങളിലെ മാറ്റം

ആണവ വിതരണ ഗ്രൂപ്പിന്റെ (എന്‍ എസ് ജി) വാര്‍ഷിക സമ്മേളനം അംഗീകരിച്ച പുതിയ ചട്ടങ്ങള്‍ പ്രകാരം, നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഇളവുകള്‍ റദ്ദാവുകയാണ്. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍ പി ടി) ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യയും ഇന്ധനവും കൈമാറരുതെന്നാണ് പുതിയ ചട്ടങ്ങള്‍ കര്‍ശനമായി നിര്‍ദേശിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2008ല്‍ ഇന്ത്യയ്ക്കു മാത്രമായി ഇളവുകള്‍ അനുവദിക്കുകയായിരുന്നു എന്‍ എസ് ജി. ഇന്ത്യ അമേരിക്കയുമായും ഫ്രാന്‍സുമായും റഷ്യയുമായുമെല്ലാം ഏര്‍പ്പെട്ട ആണവ കരാറുകളുടെ അടിസ്ഥാനം ഈ ഇളവാണ്. എന്‍ എസ് ജി ഇളവുകള്‍ ഇല്ലാതായതോടെ ഈ കരാറെല്ലാം ഫലത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തെ എങ്ങനെയാണ് നേരിടുകയെന്ന് ഇന്ത്യയോ ഇന്ത്യയുമായി ആണവ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റു രാജ്യങ്ങളോ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

ഇപ്പറയുന്ന ആണവ കരാറുകളൊന്നും ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ഏതെങ്കിലും വിധത്തില്‍ ഉറപ്പാക്കുന്നവയല്ല. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്ക് ആണവോര്‍ജം അനിവാര്യമാണെന്ന വാദം തന്നെ അസംബന്ധവുമാണ്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ഊര്‍ജത്തിനായി ആണവ പദ്ധതികളെ ആശ്രയിക്കാനുള്ള തീരുമാനങ്ങള്‍ പുനപ്പരിശോധിച്ചുകൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടൊക്കെത്തന്നെ ഇന്ത്യയുടെ ആണവ കരാറുകള്‍ക്കുണ്ടാവുന്ന അനിശ്ചിതാവസ്ഥയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. എന്നാല്‍ ഈ ആണവ കരാറുകളുടെ പേരില്‍ കേന്ദ്രത്തിലെ ഭരണാധികാരികള്‍ നടത്തിയ ചില പ്രഖ്യാപനങ്ങളും ഇവ നടപ്പാക്കുന്നതിനുവേണ്ടിയെടുത്ത നടപടികളും പരിശോധിക്കപ്പെടുക തന്നെ വേണം.

2008ല്‍ ഇന്ത്യയ്ക്ക് എന്‍ എസ് ജി ഇളവുകള്‍ കിട്ടിയതോടെ രാജ്യത്തിന്റെ ആണവ ഒറ്റപ്പെടല്‍ അവസാനിച്ചെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത്. എന്‍ പി ടിയില്‍ ഒപ്പിടാതെ തന്നെ രാജ്യം വലിയ നേട്ടമുണ്ടാക്കിയെന്ന വിധത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണം. ഇതിനു വഴിയൊരുക്കിയത് അമേരിക്കയുമായുള്ള ആണവ കരാറാണെന്നും കേന്ദ്ര ഭരണാധികാരികള്‍ ഘോഷിച്ചു. എന്നാല്‍ എന്‍ എസ് ജി ഇളവുകള്‍ ലഭിച്ചുകഴിഞ്ഞിട്ടും എന്‍ പി ടിയില്‍ ഒപ്പിടാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ പലവഴിക്കും ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ എന്‍ എസ് ജി ഇളവുകള്‍ ഇല്ലാതാവുന്നതോടെ ഈ സമ്മര്‍ദം കൂടുതല്‍ ശക്തമാവാനാണിട. ആണവ കരാറിനു പിന്നിലുള്ളത് വമ്പന്‍ വാണിജ്യ താല്‍പ്പര്യങ്ങളാണെന്നതുകൊണ്ടുതന്നെ ഏതു വിധത്തിലും കരാര്‍ മുന്നോട്ടുകൊണ്ടുപോവാനായിരിക്കും അമേരിക്ക ശ്രമിക്കുക.

ആണവ ബാധ്യതാ ബില്‍ പാസാക്കുക, ആണവ സംവിധാനങ്ങളെ സിവിലിയന്‍-സൈനികമെന്നു വേര്‍തിരിക്കുക, നിലയങ്ങളില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധന അനുവദിക്കുക തുടങ്ങി ആണവ കരാര്‍ നടപ്പാക്കുന്നതിനു വേണ്ടി ഒട്ടേറെ നടപടികള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. എന്‍ പി ടിയില്‍ ഒപ്പിടാതെ ആണവ സഹകരണം സാധ്യമാവാത്ത പക്ഷം ഇതെല്ലാം വൃഥാവ്യായാമങ്ങളായിരിക്കുകയാണ്. പൂര്‍ണ ആണവ സഹകരണമാണ് ഇന്ത്യയുമായുള്ളത് എന്നായിരുന്നു അമേരിക്ക പറഞ്ഞുകൊണ്ടിരുന്നത്. പുതിയ പശ്ചാത്തലത്തില്‍ എങ്ങനെയാണ് ഈ സഹകരണം മുന്നോട്ടുകൊണ്ടുപോവുകയെന്ന് യു പി എ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.

*

മുഖപ്രസംഗം ജനയുഗം 29 ജൂണ്‍ 2011

ആനയും ആനക്കാരന്‍മാരും

1947 ലെ അര്‍ധരാത്രിയില്‍ നമുക്ക് കിട്ടിയത് ജനാധിപത്യം എന്ന കൂറ്റനൊരു ആനയെയായിരുന്നു. ഏതാണ്ട് ചുമ്മാ ചിലര്‍ തന്നുപോയതായിരുന്നുവെന്നു വിശ്വസിക്കുന്ന ചിലര്‍ ഇന്നുണ്ടെന്നു തോന്നുന്നു. അവരുടെ വിചാരം ഇന്ത്യ എന്ന മഹാരാജ്യത്തിന് അത്രയെളുപ്പം സ്വാതന്ത്ര്യം നേടാനുള്ള യോഗ്യത ഇല്ലെന്നു തന്നെയാണ്. ഭീമമായ ഒരു യുദ്ധം നടന്നില്ല. രക്തച്ചൊരിച്ചില്‍ മറുനാടന്‍ യുദ്ധങ്ങളെപ്പോലെ ആയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുക എളുപ്പമായിരുന്നില്ല. അടിമത്തമായിരുന്ന നടപ്പുശീലം. ആ ശീലത്തെ അഥവാ ശിലായ്മയെ ഏതാണ്ടംഗീകരിച്ചു ഉടയോനെ ദൈവമാക്കി പൂജിച്ചുകൊണ്ടിരുന്ന ഒരു പൗരാണിക രാജ്യം ഈ അവസരത്തില്‍ അനുഭവിച്ചിരുന്ന ജാഡ്യത്തിന്നു എത്രത്തോളം കാളിമയും കടുപ്പവുമുണ്ടെന്നു ആഫ്രിക്കയിലിരിക്കെത്തന്നെ അനുഭവിച്ച മഹാത്മാഗാന്ധിയും ഇന്ത്യയില്‍ ജീവിച്ചിരുന്ന വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, അവരുടെ സമകാലികരായിരുന്ന അനേകം യുവചിന്തകര്‍, കവികള്‍, കലാകാരന്‍മാര്‍, രാജ്യസ്‌നേഹികള്‍ എല്ലാം അന്നു രംഗത്തുണ്ടായിരുന്നു. അടിമത്തം മൂത്തു പഴുത്തുപാകമായപ്പോള്‍ ഒരു നിശബ്ദവിപ്ലവം പിറക്കുകയും അതിന്നു നമ്മള്‍ സത്യഗ്രഹസമരരീതി എന്നു സൗകര്യത്തിന്നു പേരിടുകയും ചെയ്തു.

എന്നാല്‍ അര്‍ഥരാത്രിക്കു പിറന്നുവീണ കുഞ്ഞിന്റെ ആരോഗ്യവും അവന്‍/അവള്‍ വളര്‍ന്നാലുള്ള സാധ്യതകളും മുന്‍കൂട്ടി കണ്ടുവച്ച ചിലരുണ്ടായിരുന്നു. ഈ രാജ്യത്തെ ഭൂവുടമകളും പണാധിപതികളും സവര്‍ണതയുടെ ക്ലാവുപിടിച്ച ചെങ്കോല്‍ ധരിച്ചിരുന്നവരും. ഗാന്ധിജിയും കൂട്ടരും ഈ കുഞ്ഞിനെ വളര്‍ത്താന്‍ തന്നെ തീരുമാനിച്ചു. അതിനെ മാമോദീസ മുക്കുകയോ ഉപനയിക്കുകയോ മറ്റു ജാതീയ കര്‍മങ്ങള്‍ക്കു വിധേയമാക്കുകയോ ചെയ്യരുതെന്നും ശപഥം ചെയ്തു.

ആനയെക്കിട്ടി. കൊണ്ടുനടക്കാനുള്ള കോലെവിടെ, നടച്ചങ്ങലയിടാനുള്ള ലോഹമെവിടെ? തീറ്റ തല്‍ക്കാലം കാട്ടിലുണ്ടെന്നു വയ്ക്കാം. കാട് നാടെങ്ങും പിന്നെയും ശേഷിച്ചിരുന്നുവല്ലോ ശുദ്ധജലം വിതരണം ചെയ്യുന്ന നദികള്‍, ആറുകള്‍, തോടുകള്‍, മഴ-മഴ-മഴ. രത്‌നവും പൊന്നും വെള്ളിയും അങ്ങനെ വിലപിടിച്ച പലതും കുഴിച്ചെടുക്കാനുള്ള സൗകര്യം. പക്ഷെ ആനയെ നോക്കിനിന്നു രസിച്ച് രാത്രിയാവുന്നതും അത്താഴം പോലും ഇല്ലാത്ത അന്തിപ്പഷ്ണിവരുന്നതും പ്രതീക്ഷിച്ച ബുദ്ധിമാന്‍മാരായ ചില ഭരണാധികാരികള്‍ നേതൃസ്ഥാനത്തു വലിയ വിഷമംകൂടാതെ ലഭ്യമായിരുന്നു. അന്നാണ് ഗാന്ധിജി തീരുമാനിച്ചത്, ഇനി കോണ്‍ഗ്രസ് പിരിച്ചുവിടാം. അങ്ങനെ പിരിച്ചുവിടാന്‍ പറ്റില്ലെന്നു അനന്തരവന്‍മാര്‍-അവര്‍ പിന്നെ പല ദേശീയ-അന്തര്‍ദേശീയ നാമങ്ങള്‍ നല്‍കി പുതിയ പാര്‍ട്ടികള്‍ ഉണ്ടാക്കി. ജനാധിപത്യം മുന്നോട്ടു നടക്കേണ്ടത് ജനേച്ഛയനുസരിച്ചു തന്നെയാവണം. പക്ഷെ നമ്മുടെ ആന അഥവാ പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്ക് അതും തീര്‍ത്തും ദഹിക്കാത്ത ആശയമായിരുന്നു. പഴയ നാട്ടുരാജാക്കന്‍മാരും ചരിത്രവഴിയിലൂടെ കൊഴുപ്പുകൂടി നടന്നു മഞ്ചലിലും പിന്നീട് പലതരം വാഹനങ്ങളിലും എത്തിയ ഭൂപ്രഭുക്കളും സര്‍വണരും ക്ഷത്രിയരും അവരുടെ കൊടിമാറ്റിയ വിശ്വാസികളും പിന്നെ സാധാരണക്കാരുടെ കര്‍മാളരുടെ, ആദിവാസികളുടെ, മിലിന്റെന്റായ ഗോത്രങ്ങളുടെ, നാടന്‍ പുത്തന്‍ ധ്വരകളുടെ ഒരു വമ്പിച്ച ജനാവലി പുറകെ.

തിരഞ്ഞെടുപ്പു വേണം, ജനാധിപത്യം വേണം, ജനപ്രതിനിധികള്‍ അധികാരപീഠമേറണം, കര്‍മനിരതരായ പൗരസഞ്ചയത്തെയും പുതുയുഗത്തിലേക്കു നടന്നു കേറുന്ന കുട്ടികളുടെ കൂട്ടവും വാര്‍ത്തെടുക്കണം. ശാസ്ത്ര-സാങ്കേതിക മേഖലകള്‍ക്ക്, പടിഞ്ഞാറിന്റെ നേട്ടങ്ങള്‍ കൊണ്ടു ഊന്നുകൊടുക്കണം.

വിദ്യാഭ്യാസം നവീകരിക്കാന്‍ പല കമ്മിഷനുകളുണ്ടായി. ശാസ്ത്ര-ഭൗതിക പുരോഗതി ലാക്കാക്കി പഞ്ചവത്സര പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്ത ഭാവനാസമ്പന്നനായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു ജനത്തിന്നു പ്രത്യാശ നല്‍കി. അയല്‍പക്കത്തെ പുതുജനാധിപത്യ രാജ്യങ്ങളെയെല്ലാം സൗഹൃദത്തിലാക്കി. രാജ്യത്തിന്റെ സൈനിക വളര്‍ച്ചകണ്ടു, സുരക്ഷിതത്വബോധം ഉറച്ചു. പഞ്ചശീലത്തെ മറികടക്കാന്‍ ചൈനപോലും തുടക്കത്തില്‍ ഒരുമ്പെട്ടില്ല.

അന്നം മുടങ്ങാതിരിക്കാന്‍ പൊതുവിതരണ സമ്പ്രദായം. രാജ്യസമ്പത്തിന്റെ ഭദ്രതയ്ക്ക് ദേശസാല്‍കൃത ബാങ്കുകള്‍, ഒന്നിനും കുറവുണ്ടായിരുന്നില്ല, തല്‍ക്കാലം. ശാന്തി, സമാധാനം, സംതൃപ്തി ഇതൊന്നും ഏറെനാള്‍ നീണ്ടുനിന്നില്ലെന്നു അനുഭവിച്ച തലമുറയും പിന്നീടു ചരിത്രകാരന്‍മാരും പറയും. എന്തുകൊണ്ട്?

1947 മുതല്‍ 2011 വരെ ഒരു ജനാധിപത്യസമ്പ്രദായത്തെ ക്രമീകരിച്ചു നിര്‍ത്തി വിജയിച്ചവരല്ലയോ നമ്മള്‍, നൂറ്റിപ്പത്തുകോടിയില്‍പ്പരം ജനം. അതിന്നു കിട്ടണം സമ്മാനം. പക്ഷെ നാം ഒരു തിളച്ചുമറിയുന്ന അഗ്നിപര്‍വതമുഖത്തേയ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും വലിയ ഇരയാവാന്‍ പോകുന്നത് മഹാജനസഞ്ചയമാണ്. യുദ്ധമല്ലാത്തൊരു യുദ്ധം ഇന്ത്യയ്ക്കകത്തും പുറത്തും നിശ്ശബ്ദം നടന്നുകൊണ്ടിരിക്കയാണ്. അത് പുത്തന്‍ മുതലാളിത്തവും നിസ്സഹായതയിലേയ്ക്കു മൂക്കുകുത്തി വീണുകൊണ്ടിരിക്കുന്ന ലോകരാജ്യങ്ങളിലെ സാധാരണക്കാരും അവരേക്കാള്‍ അതിസാധാരണക്കാരുമാണ്.

പലതരം അന്താരാഷ്ട്ര മാഫിയ ജനത്തിന്റെ കൊങ്ങയ്ക്കു പിടിച്ചു ഭീഷണിപ്പെടുത്തുന്നു, അവരുടെ ബലഹീനതകണ്ടു രസിക്കുന്നു. പഴയകാലത്ത് ഇരിക്കാനും പട്ടിണികിടന്നും ഉറങ്ങാതെ ഉറങ്ങാനും ഏഴകള്‍ക്ക് ജനിച്ച നാട്ടില്‍, ഗ്രാമത്തില്‍, വനത്തില്‍, കടലോരത്ത്, നദീതടങ്ങളില്‍ ഇത്തിരിവട്ടം മണ്ണുണ്ടായിരുന്നു. ജനാധിപത്യരാജ്യങ്ങളുടെ ഭരണരഹസ്യങ്ങളില്‍പ്പോലും നുഴഞ്ഞുകേറാന്‍ സൈബര്‍ സാന്നിധ്യം കാരണമുണ്ടാക്കുന്നു. ആര്‍ക്കും ഒന്നുമില്ലാത്ത ആരും ഒന്നുമല്ലാത്ത ഒരവസ്ഥയിലേക്കു ജനം മൂകമായിട്ടും പുറമെ ആഘോഷപൂര്‍വവും നീങ്ങിക്കൊണ്ടിരിക്കുന്നു. കുഴിച്ചുമൂടി എന്നു നാം അഹങ്കരിച്ചിരുന്ന രോഗാണുക്കളെല്ലാം പൂര്‍വാധികം കരുത്തോടെ തിരിച്ചുവന്നു ആക്രമിക്കുന്നു. രോഗവും ചികിത്സയും സ്റ്റാര്‍ നിലവാരത്തിലേക്കുയരുന്നു. പണമില്ലാത്തവന്‍ പിണം തന്നെ.

രാജ്യത്തെ നേരെ നില്‍ക്കാനും സജ്ജമാക്കാനും പുതുതലമുറയെ 'വാര്‍ത്തുകൊണ്ടി'രുന്ന നമ്മുടെ നടപ്പു മാതൃകകളെല്ലാം കണ്‍മുമ്പില്‍ ഉടഞ്ഞുതീരുന്നു. ശുദ്ധവായു, കുടിവെള്ളം, കിടക്കാനൊരിടം, മരിച്ചാല്‍ സംസ്‌കരിക്കാനാറടി മണ്ണ് ഇതെല്ലാം കൂട്ടത്തില്‍ അന്നവും ഏതാനും ഒരു ന്യൂനപക്ഷത്തിനു മാത്രം ഉതകുംവിധത്തില്‍ സാമ്പത്തിക ക്രമീകരണവും ഭരണതന്ത്രവും തീര്‍ക്കുന്ന നമ്മള്‍ നാളെ എന്തു ചെയ്യും?

ഇന്ത്യാ രാജ്യത്തിലെ സാധാരണക്കാരും തൊഴിലാളികളും ഇന്നു സഞ്ചാരിവര്‍ഗങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെല്ലാം തലയ്ക്കുമീതെ ആകാശം, അന്നം പെരുവഴിയിലെ കടകളില്‍. കുഞ്ഞുങ്ങള്‍ സ്‌കൂളിലും കോളജിലും സര്‍വകലാശാലയിലും പ്രൊഫഷണല്‍ രംഗത്തും പ്രവേശിക്കുന്നുവെന്നു കണ്‍കുളിരെ കാണുന്ന അച്ഛനമ്മമാരുടെ അകത്തും തീയാണ്. സമൂഹം തീര്‍ത്തും ക്രിമിനലായി മാറിക്കൊണ്ടിരിക്കയാണ്. സുരക്ഷിതത്വം വിടപറഞ്ഞ നിരാശ്രയ ജീവിതം. എവിടെ തല ചായ്ക്കും? ചിലര്‍ പറയും എണ്ണനാടുകളില്‍ ഞങ്ങള്‍ക്കിടമുണ്ട്. സമുദ്രങ്ങള്‍ക്കക്കരെ അഭയമുണ്ട്. ഈ ഭൂമിയിലില്ലെങ്കില്‍ ചന്ദ്രനും ചൊവ്വയും വ്യാഴവുമെല്ലാം അചുംബിത സമ്പത്തുമായി നമ്മുടെ വരുംതലമുറകളുടെ അധിനിവേശത്തിന്നു വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. ആകാശത്തിനെത്ര വാതിലുകള്‍, സമുദ്രങ്ങള്‍ക്കെത്ര അഴിമുഖങ്ങള്‍.

നിരന്തരമായ ഡിബേറ്റുകളുടെയും ചിന്തകളുടെയും താങ്ങില്ലാതെയാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലം നമ്മുടെ ജനാധിപത്യം നിലനിന്നിരുന്നത്. എന്നും അങ്ങനെ നിലനില്‍ക്കും എന്ന വ്യാമോഹം 'വായുള്ളവന്ന് ഇരകിട്ടും' എന്ന നമ്മുടെ ജീര്‍ണിച്ച തത്വവിചാരത്തിന്റേതാണ്. എന്നാല്‍ വര്‍ധിച്ച ഉപഭോഗതൃഷ്ണയും കലാപവാസനയും മൃഗീയമെന്നുപോലും വിശേഷിപ്പിക്കാനരുത്ത കിരാത വാസനകളും ശാസ്ത്ര പുരോഗതികളെയെല്ലാം വെല്ലുവിളിച്ചു മുന്നോട്ടുതന്നെ! അതിന്റെ ശിക്ഷയാണ് ഈ കാലം തരുന്ന വാഗ്ദാനം - നമ്മുടെ ആനയ്ക്കും മദം പൊട്ടാറായി.

*
പി വത്സല ജനയുഗം 29 ജൂണ്‍ 2011

Tuesday, June 28, 2011

പാര്‍ലമെന്റിനെ ആരാണ് ഭയക്കുന്നത്

പാര്‍ലമെന്റിന്റെ ഇത്തവണത്തെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത് ആഗസ്ത് ഒന്നിനു മാത്രമായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണ ജൂലൈ രണ്ടാം വാരമാണ് സമ്മേളനം തുടങ്ങാറുള്ളത്. ഇത്തവണയാണെങ്കില്‍ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്ക് സഭ പിരിയുകയും ധനാഭ്യര്‍ഥനകള്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ പരിശോധിക്കുകയുമാണ് പതിവ്. സൂക്ഷ്മമായ ഈ ജനാധിപത്യ പരിശോധനക്കു ശേഷം വീണ്ടും പാര്‍ലമെന്റ് ചേര്‍ന്ന് ബജറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ് പതിവ്. എന്നാല്‍ , അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കാരണം രണ്ടാം ഭാഗം ഒഴിവാക്കി ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കുകയാണ് ചെയ്തത്. പ്രധാന ബില്ലുകള്‍ നിയമമാക്കുന്ന നടപടികളും ഒഴിവാക്കി. ഈ കുറവ് ഒഴിവാക്കുന്നതിനായി നിയസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ പ്രത്യേക സമ്മേളനം ചേരുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ , അത് ഒഴിവാക്കുകയാണ് ചെയ്തത്.

ഇതെല്ലാം പരിഗണിച്ച് ഇത്തവണ വര്‍ഷകാലസമ്മേളനം നേരത്തെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതിനു കടകവിരുദ്ധമായി ആഗസ്തിലേക്ക് സമ്മേളനം നീട്ടുകയാണ് കേന്ദ്രം ചെയ്തത്. ഇത് ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. പാര്‍ലമെന്റ് വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് നൂറുദിവസമെങ്കിലും ചേരണമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ട വ്യവസ്ഥ. എന്നാല്‍ , ഒരിക്കലും ഇത് നടക്കുന്നില്ലെന്നതാണ് രാജ്യത്തെ അനുഭവം. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റിന് ഏറ്റവും പ്രധാനപ്പെട്ട പങ്കാണുള്ളത്. നിയമനിര്‍മാണപ്രക്രിയ ശരിയായി നടക്കണമെങ്കില്‍ പാര്‍ലമെന്റ് കൃത്യമായി സമ്മേളിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സ്വീഡന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ നടപടിക്രമം മനസിലാക്കാന്‍ ശ്രമിക്കുകയുണ്ടായി. വര്‍ഷത്തില്‍ 220 ബില്ലുകളാണ് പാര്‍ലമെന്റ് നിയമമാക്കുന്നത്. സഭയില്‍ അവതരിപ്പിക്കുകയും കമ്മിറ്റികളുടെ പരിഗണനക്ക് അയക്കുകയും അവയുടെ റിപ്പോര്‍ട്ടിനെ സഭയില്‍ അവതരിപ്പിക്കുന്നതും അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചതിനുശേഷമാണ് നിയമനിര്‍മാണം പൂര്‍ത്തിയാക്കുന്നത്. നമ്മുടെ രാജ്യത്താണെങ്കില്‍ ഗില്ലറ്റിന്‍ ചെയ്താല്‍ പോലും ഇത്രയും നിയമങ്ങള്‍ പാസാക്കുന്നതിനെ കുറിച്ച് സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല. ചില സമ്മേളനങ്ങളില്‍ മൂന്നോ നാലോ നിയമങ്ങള്‍ മാത്രമാണ് പാസാക്കുന്നത്. സ്വീഡന്‍ ഉള്‍പ്പെടെ മിക്കവാറും രാജ്യങ്ങളില്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനു കൃത്യമായ സമയക്രമമുണ്ട്. ഡെന്‍മാര്‍ക്കില്‍ ഒറ്റ സെഷനായിട്ടാണ് സമ്മേളനം നടക്കുന്നത്. ആറുമാസത്തോളം തുടര്‍ച്ചയായി ചേരുകയാണ്. അംഗങ്ങള്‍ അവിടെത്തന്നെ താമസിക്കുകയാണ്. കമ്മിറ്റികള്‍ ചേരലും മറ്റും ഇതിന്റെ കൂടെ തന്നെ നടക്കും.

ഇന്ത്യയില്‍ പാര്‍ലമെന്റ് ചേരുന്നതിനു നിശ്ചിത സമയക്രമമില്ല. ഭരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് സമയം നിശ്ചയിക്കുന്നത്. ജനങ്ങളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ഭയന്നോടേണ്ട സാഹചര്യങ്ങളിലെല്ലാം അവര്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വെട്ടിചുരുക്കും. അല്ലെങ്കില്‍ നടപടക്രമങ്ങളില്‍ മാറ്റം വരുത്തും. കേരളനിയസമഭയുടെ ഇപ്പോഴത്തെ സമ്മേളനത്തിലും അത് കാണാന്‍ കഴിയും. ഇത്തവണ മിക്കവാറും കേരള നിയമസഭ ഇങ്ങനെയൊക്കെയായിരിക്കും ചേരുന്നത്! അതിനുള്ള ഭൂരിപക്ഷമാണല്ലോ സര്‍ക്കാരിനുള്ളത്.

സ്പെക്ട്രം ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിക്കുന്നതിനായി ഒരു സമ്മേളനം തന്നെ ഭരണപക്ഷം ഇല്ലതാക്കി. പിന്നീട് ഗത്യന്തരമില്ലാതെ അതേ ആവശ്യം തന്നെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രസക്തിയെ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്ന സന്ദര്‍ഭമാണ്. ഹസാരെ സമരവുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലും ഈ കോളത്തില്‍ തന്നെ ആ പ്രശ്നം സൂചിപ്പിക്കുകയുണ്ടായി. പാര്‍ലമെന്റിനെ അപ്രസക്തമാക്കുന്ന രൂപത്തില്‍ ചില പൗരസമൂഹ സംഘടനകളുടെ ഇടപെടലും സര്‍ക്കാരിന്റെ സമീപനവും ഗൗരവമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. എന്നാല്‍ , അതിനു പറ്റുന്ന ഭൗതിക സാഹചര്യം എങ്ങനെയാണ് രൂപപ്പെട്ടത്? ലോക്പാലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. എന്തേ സര്‍ക്കാര്‍ അതിനു മുന്‍കൈ എടുത്തില്ല. 1997ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ തന്നെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്‍ നിയമമാക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ , അതിനുശേഷം എത്രയോ സര്‍ക്കാരുകള്‍ വന്നുപോയി. ഒന്നുംതന്നെ നടന്നില്ല. പുതിയ സാമ്പത്തിക നയം നടപ്പിലായതോടെ അഴിമതി വ്യാപകമാവുകയും ചെയ്തു. അത് നേരിടുന്നതിനു പ്രാപ്തമായ സംവിധാനമില്ലെന്ന കുറവ് അതോടെ കൂടുതല്‍ പ്രകടമാവുകയും ചെയ്തു. കാര്യക്ഷമമായ സംവിധാനത്തിനായി ഇടതുപക്ഷം പാര്‍ലമെന്റിനകത്തു തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും അതൊന്നും ഗൗരവമായി എടുക്കുന്നതിനു കേന്ദ്രസര്‍ക്കാരുകള്‍ തയ്യാറായില്ല. അതുപോലെ തന്നെ ജുഡീഷ്യറിയെ അഴിമതി വിമുക്തമാക്കുന്നതിനു സഹായിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ രൂപികരിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാര്‍ലമെന്റ് അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുമ്പോഴോ വേണ്ടത്ര വിജയിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇന്നത്തേതുപോലുള്ള പ്രവണതകള്‍ക്ക് പ്രചാരം ലഭിക്കുന്നത്. എന്നാല്‍ , ഇതിനുള്ള പരിഹാരമെന്നത് പാര്‍ലമെന്റിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയെന്നതല്ല. ഒരുവശത്ത് പാര്‍ലമെന്റിനെ മറിക്കടക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രം മറുവശത്ത് പാര്‍ലമെന്റിനെ അതിന്റെ ചുമതലകള്‍ നടപ്പിലാക്കുന്നതിനു അനുവദിക്കുന്നില്ല.

പാര്‍ലമെന്ററി ജനാധിപത്യത്തിനു നിരവധി പരിമിതികളുണ്ട്. എന്നാല്‍ , അതോടൊപ്പം അതിനു സാധ്യതകളുമുണ്ട്. ഇന്ത്യയില്‍ അത് നിര്‍വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യത്തെ പാടിപ്പുകഴ്ത്തുന്നവര്‍ തന്നെയാണ് എപ്പോഴും അതിനെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിച്ചിട്ടുള്ളത്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ 1959ല്‍ പുറത്താക്കിയപ്പോഴും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും രാജ്യം അതു കണ്ടതാണ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ശരിയായ രൂപത്തില്‍ ഉറപ്പുവരുത്താന്‍ കഴിയുന്ന ഭരണഘന ഭേദഗതികളെ സംബന്ധിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

*
പി രാജീവ് ദേശാഭിമാനി 28 ജൂണ്‍ 2011

മുഖം വിരൂപമായതിന് കണ്ണാടി ഉടയ്ക്കരുത്

കേന്ദ്ര പരിസ്ഥിതിമന്ത്രി ജയറാം രമേഷ് നടത്തിയ ഒരു പ്രസ്താവന വിവാദം സൃഷ്ടിക്കുകയുണ്ടായി. രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഎംഎകള്‍ മികവാര്‍ന്ന് നില്‍ക്കുന്നത് അവിടത്തെ വിദ്യാര്‍ഥികളുടെ പ്രാഗത്ഭ്യം കൊണ്ടാണെന്നും അധ്യാപകരുടെ മഹത്വംകൊണ്ടോ ഗവേഷണത്തിന്റെ ഗുണമേന്‍മകൊണ്ടോ അല്ലെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. മുംബൈ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ജയറാം രമേഷിന്റെ പ്രസ്താവന അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും പ്രതിഷേധത്തിനിടയാക്കി. ലോകനിലവാരമുള്ള മന്ത്രിമാരില്ലാതെ ലോകനിലവാരമുള്ള അധ്യാപകരെ പ്രതീക്ഷിക്കാനാകില്ലെന്നായിരുന്നു ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയുടെ വിമര്‍ശം.

ജയറാം രമേഷിനെ തള്ളിപ്പറയാതെതന്നെ അധ്യാപകരെ പിന്തുണച്ചുകൊണ്ട് മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ രംഗത്തുവന്നു. ലോകത്തെ മികച്ച 50 ഐഐടികളില്‍ നാലെണ്ണം ഇന്ത്യയിലാണെന്നും ഇവിടങ്ങളില്‍ ലോകശാസ്ത്രഗതിയെ മാറ്റിമറിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഗവേഷണങ്ങള്‍ ഉണ്ടാകാത്തതിന് കാരണം ഭൗതിക സൗകര്യം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനു മാത്രമായി പ്രതിവര്‍ഷം അമേരിക്കയില്‍ 25,000 കോടി ഡോളറും ചൈനയില്‍ 6000 കോടി ഡോളറും ചെലവഴിക്കുമ്പോള്‍ ഇന്ത്യ കേവലം 800 കോടി ഡോളര്‍മാത്രമാണ് ചെലവാക്കുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും പ്രധാനമന്ത്രിയുടെ ശാസ്ത്രോപദേശക സമിതി ചെയര്‍മാനുമായ ഡോ. സി എന്‍ ആര്‍ റാവു ജയറാം രമേഷിന്റെ അഭിപ്രായത്തെ അനുകൂലിച്ചു. മൂന്നുപേരും ഒരു കാര്യത്തില്‍ വിജയിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രകാശഗോപുരങ്ങളായ ഈ പൊതുമേഖലാ സ്ഥാപനങ്ങളെ ഇകഴ്ത്തിക്കാട്ടുന്നതില്‍ . വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യമായി ഉയര്‍ന്നുവരുന്ന വാദം ലോകത്തെ ഏറ്റവും പ്രശസ്തമായ 200 സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ എത്ര സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ്. ഏറിയാല്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നായിരിക്കും ഇക്കൂട്ടരുടെ മറുപടി. ഇവിടെ ഒരു കാര്യം നാം മറക്കുന്നു. ആരാണ് ഇത്തരം സ്ഥാപനങ്ങളുടെ സര്‍വേ സംഘടിപ്പിക്കുന്നത്. അവരുടെ ഉദ്ദേശ്യം എന്താണ്. ഇവര്‍ നടത്തുന്ന സര്‍വേയുടെ മാനദണ്ഡം എന്താണ് എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം സര്‍വേ നടത്തുന്നവര്‍ വ്യക്തമാക്കാറില്ല. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവാരം കുറഞ്ഞവയാണ് എന്ന നിഗമനത്തിലാണ് ഇക്കൂട്ടര്‍ എത്തിച്ചേരുന്നത്. ഇത് വസ്തുതാപരമല്ല. എങ്കിലും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മികച്ചനിലവാരം പുലര്‍ത്തുന്നവയാണ് എന്നും പറയാനാകില്ല. അറുനൂറോളം സര്‍വകലാശാല തല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 100ല്‍ കുറയാത്ത സ്ഥാപനങ്ങളെങ്കിലും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. അതുകൊണ്ടാണല്ലോ വിദ്യാര്‍ഥികളെ വിദേശകമ്പനികള്‍ മുന്‍കൂട്ടിത്തന്നെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന മന്ത്രിമാര്‍ ഒന്നു മനസിലാക്കണം. കേന്ദ്രം നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളനുസരിച്ചുതന്നെ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ (ഐഐടി, ഐഐഎം എന്നിവ ഉള്‍പ്പെടെ) 40 ശതമാനത്തിലേറെ അധ്യാപകരുടെ തസ്തികകള്‍ വര്‍ഷങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്. കാണ്‍പുര്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. എസ് കെ ദാന്തെ ചെയര്‍മാനായ കമ്മിറ്റി 2010 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല. സ്കൂളുകളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. കപില്‍ സിബല്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച കണക്ക് അനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ 12 ലക്ഷത്തോളം സ്കൂള്‍ അധ്യാപകരുടെ ഒഴിവുണ്ട്. മെഡിക്കല്‍ , എന്‍ജിനിയറിങ് വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളുടെ സാരഥികളായിരുന്ന കേതന്‍ ദേശായിമാരും (എംസിഐ) ആര്‍ എ യാദവുമാരും (എഐസിടിഇ) കോടികളുടെ അഴിമതിയില്‍ മുങ്ങി ഇപ്പോള്‍ നിയമനടപടി നേരിടുകയാണ്. ഇത്തരം ആളുകളില്‍നിന്ന് ഉന്നതവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ഗുണനിലവാരം താനേ ഉയര്‍ന്നുകൊള്ളും. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന ശാസ്ത്രകോണ്‍ഗ്രസില്‍ പൃഥ്വിരാജ് ചൗഹാന്‍ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചത് സമീപകാലത്ത് ശാസ്ത്രരംഗത്ത് ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞുവെന്നാണ് (30,000ല്‍ പരം ഗവേഷണപ്രബന്ധങ്ങള്‍ പ്രതിവര്‍ഷം അവതരിപ്പിക്കപ്പെടുന്നു).

1998ന് ശേഷം ശാസ്ത്രപ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ആഗോളവര്‍ധന നാല് ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ 12 ശതമാനമാണ്. 156 രാഷ്ട്രങ്ങള്‍ അടങ്ങിയ ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഫോര്‍ സ്കൂള്‍ എഡ്യൂക്കേഷന്‍ എന്ന സമിതി 2009ല്‍ നടത്തിയ പത്താംതരം തുല്യതാ ഗ്ലോബല്‍ പരീക്ഷയില്‍ (ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍) ഏറ്റവും ഉയര്‍ന്ന റാങ്ക് ഏഴ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമാന്‍മാരാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. അവരുടെ ബുദ്ധിവികാസത്തിന് അനുരൂപമായ പഠനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറല്ല. ഡോ. റാവുവിന്റെ ഒറ്റമൂലിയാകട്ടെ പഠനോപകരണങ്ങള്‍ കുറയുന്നത് കുട്ടികളുടെ തലച്ചോറ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പര്യാപ്തമാകുമെന്നതാണ്. ആദായനികുതി നല്‍കുന്നവരില്‍നിന്ന് പിരിക്കുന്ന വിദ്യാഭ്യാസ സെസ് വകമാറ്റി ചെലവാക്കാതെ വിദ്യാഭ്യാസത്തിനായിമാത്രം നീക്കിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമായിരുന്നു. ദേശീയ മൊത്തവരുമാനത്തിന്റെ (ജിഡിപി) 6 ശതമാനം വിദ്യാഭ്യാസത്തിനു വേണ്ടി നീക്കിവയ്ക്കണമെന്ന കോത്താരി കമീഷന്റെ നിര്‍ദേശം (1996) നാലരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപ്പാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. വിദ്യാഭ്യാസപദ്ധതി എന്നറിയപ്പെടുന്ന പതിനൊന്നാം പദ്ധതിയില്‍പോലും 3.08 ശതമാനം മാത്രമേ നീക്കിവച്ചിരുന്നുള്ളൂ. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇതില്‍കൂടുതല്‍ പണം ചെലവഴിക്കാന്‍ സര്‍ക്കാരിനാവില്ല എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം കേന്ദ്ര പ്ലാനിങ് കമീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയ പ്രഖ്യാപിച്ചുകഴിഞ്ഞു. പകരം പൊതുസ്വകാര്യ പങ്കാളിത്തം (പിപിപി) എന്ന പുതിയ മുദ്രാവാക്യം അവതരിപ്പിച്ചുകഴിഞ്ഞു. ഇത്തരം ആഗോളവല്‍ക്കരണനടപടികൊണ്ട് ഇന്ത്യക്ക് കാര്യമായ ഗുണമുണ്ടാവില്ലെങ്കിലെന്ത്, ഐഎംഎഫ് മേധാവിയെ കണ്ടെത്താനുള്ള സാധ്യതാപട്ടികയില്‍ നമ്മുടെ അലുവാലിയക്കും സ്ഥാനം പിടിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമല്ലേ!. ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശസര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ആഗോളവല്‍ക്കരണ പരിഷ്കാര നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകളെല്ലാം യഥാസമയം പാസാക്കിയെടുക്കാന്‍ കഴിയാത്തതില്‍ കപില്‍ സിബല്‍ ദുഃഖിതനാണെന്നു തോന്നുന്നു. അത് അദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

ആ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു കാര്യം മനസിലായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ ജിഇആര്‍ (ഗ്രോസ് എന്‍റോള്‍മെന്റ് റേഷ്യോ) കൃത്യമായി എത്രയാണെന്നോ അതിന് ഉപോല്‍ബലകമായ കണക്കുകള്‍ എന്താണെന്നോ ആര്‍ക്കും നിശ്ചയമില്ല. പലരും പല കണക്കാണ് പറയുന്നത്. അതുകൊണ്ട് കൃത്യമായ സര്‍വേ നടത്തി സത്യസന്ധമായ കണക്കെടുക്കുന്നതിന് എന്‍യുഇപിഎ (നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ എഡ്യൂക്കേഷന്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍)യെ കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കമീഷനുകള്‍കൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണകൂടത്തിന് ഇച്ഛാശക്തിയുണ്ടോ എന്നതാണ് കാതലായ പ്രശ്നം. ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത കോത്താരി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍തന്നെ ഈ രംഗത്ത് കാതലായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. സമീപകാലത്ത് കല്‍പ്പിത സര്‍വകലാശാലകളെക്കുറിച്ച് പഠനം നടത്തി സമര്‍പ്പിച്ച പ്രൊഫ. പി എന്‍ ഠണ്ടന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൊടിപിടിച്ചുകിടക്കുകയാണ്. ഐഐടി പോലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവിടത്തെ അധ്യാപകര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടിയാണ് കോര്‍പറേറ്റ്മേഖല വാഗ്ദാനംചെയ്യുന്നത്. നല്ല അധ്യാപകര്‍ക്കു ലഭിക്കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടിയാണ് കോര്‍പറേറ്റ് മേഖല വാഗ്ദാനംചെയ്യുന്നത്. നല്ല അധ്യാപകരെ ആകര്‍ഷിക്കണമെങ്കില്‍ നല്ല ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോളേജ്-സര്‍വകലാശാല അധ്യാപകരുടെ ശമ്പളം യുജിസി പാക്കേജാണെന്നാണ് പൊതുജനം ധരിച്ചുവച്ചിരിക്കുന്നത്. രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളിലെ അധ്യാപകര്‍ക്കു മാത്രമാണ് 2006 ജനുവരി മുതലുള്ള ശമ്പള പരിഷ്കരണം ലഭിക്കുന്നത്. യുജിസി പാക്കേജില്‍ നിര്‍ദേശിക്കുന്നതുപോലെ പെന്‍ഷന്‍പ്രായം 65 ആക്കാന്‍ തയ്യാറാകാത്ത കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്കൊന്നുംതന്നെ യുജിസി പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രഖ്യാപിത കേന്ദ്രസഹായം നല്‍കിയിട്ടില്ല. തമിഴ്നാട് സര്‍ക്കാര്‍മാത്രമാണ് സ്വന്തം ഖജനാവില്‍നിന്ന് അധ്യാപകര്‍ക്ക് കുടിശ്ശികയുള്‍പ്പെടെ ശമ്പളം നല്‍കിയത്. ആ അര്‍ഥത്തില്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കോളേജ്-സര്‍വകലാശാല അധ്യാപകര്‍ക്ക് ഇപ്പോള്‍ യുജിസി ശമ്പള പദ്ധതി നിലവിലില്ല. അതേസമയം യുജിസിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും സര്‍വകലാശാലകളും അധ്യാപകരും ബാധ്യസ്ഥരാണ്. വിദ്യാഭ്യാസം ഭരണഘടനയുടെ സമവര്‍ത്തി പട്ടിക (കണ്‍കറന്റ് ലിസ്റ്റ്)യിലാണ് എന്നതാണ് കാരണം.

കേരളത്തിലെതന്നെ കോളേജ്-സര്‍വകാലശാല അധ്യാപകര്‍ക്ക് 2006 ജനുവരി മുതല്‍ 2010 ഫെബ്രുവരി വരെയുള്ള യുജിസി ശമ്പളകുടിശ്ശിക ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക ഇനത്തില്‍ അധ്യാപകര്‍ക്ക് നഷ്ടമാകും. ഇത്തരത്തില്‍ അതൃപ്തരായ അധ്യാപക സമൂഹമാണ് രാജ്യത്താകെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നത്. എല്ലാ മേഖലകളിലും ഉള്ളതുപോലെ കള്ളനാണയങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലും ഉണ്ടാകും. അത്തരം കള്ളനാണയങ്ങളെ കണ്ടെത്തി തക്കതായ പ്രതിവിധി കാണുന്നതിന് പകരം അധ്യാപക സമൂഹത്തെയാകെ അടച്ചാക്ഷേപിക്കുന്നത് ഗുരുനിന്ദയാണ്. "ആചാര്യ ദേവോ ഭവ" എന്ന ഭാരതീയ സന്ദേശത്തിന്റെ പതാകവാഹകരാകേണ്ട ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ആചാര്യന്‍മാരെ അവമതിക്കുന്ന ഇത്തരം പരാമര്‍ശങ്ങളുണ്ടാകരുതായിരുന്നു. സ്വന്തം മുഖം വികൃതമായതിന് ആരെങ്കിലും കണ്ണാടിയെറിഞ്ഞുടയ്ക്കുമോ.

*
ഡോ. ജെ പ്രസാദ് ദേശാഭിമാനി 28 ജൂണ്‍ 2011

നയം മറന്ന നയപ്രഖ്യാപനം

കബളിപ്പിക്കല്‍ നിറഞ്ഞ ഒരു നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. വിശിഷ്യ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ അത്തരമൊരു പ്രകടനം നടത്തുമെന്ന് സാമാന്യേന ജനങ്ങള്‍ ചിന്തിക്കുകയും ഇല്ല. നേര്‍ത്ത ഭൂരിപക്ഷത്തോടെ അധികാരം സ്വന്തമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനം അത്തരത്തിലൊന്നായിപോയതില്‍ ജനങ്ങള്‍ക്ക് അതിശയവും ദുഃഖവും ഉണ്ടാവുന്നത് സ്വാഭാവികമാണ്.

രണ്ടായിരത്തി ആറ് മുതല്‍ രണ്ടായിരത്തി പതിനൊന്ന്‌വരെ നിലവിലുണ്ടായിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക എന്ന കടമ മാത്രമാണ് ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പരിപാടികളെ സംബന്ധിച്ച് ഒരക്ഷരവും ഉരിയാടാതിരിക്കുവാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.

സാധാരണ ഗതിയില്‍ അധികാരമാറ്റത്തിലൂടെ ഭരണം ഏറ്റെടുക്കുന്ന ഏതൊരു മുന്നണിക്കും അതിന്റേതായ നയവും സമീപനവും മൂന്നോട്ട് വയ്ക്കാന്‍ ഉണ്ടാവും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിക്കുന്നത് ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന പ്രകടന പത്രികയിലൂടെയായിരിക്കും. യു ഡി എഫിനും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പ്രകടനപത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പുതുതായി അധികാരമേറ്റ യു ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യത്തില്‍ അവര്‍ അവതരിപ്പിച്ച പ്രകടന പത്രികയുടെ ലാഞ്ചനപോലും കാണാനില്ലായിരുന്നു. എല്‍ ഡി എഫ് തുടങ്ങിവയ്ക്കുകയും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പദ്ധതികളെ സംബന്ധിച്ച് വാചാലമാകാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യനയ പ്രഖ്യാപനത്തിലൂടെ യജ്ഞിച്ചത്.

വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, മെട്രോ റയില്‍ എന്നിവ ഉള്‍പ്പെടെ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതും പൂര്‍ത്തീകരണത്തിനായി ശ്രമിച്ചതുമായ പദ്ധതികളെ സംബന്ധിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയത്. ഈ കുറ്റബോധം കൊണ്ടാവാം, എല്‍ ഡി എഫ് സര്‍ക്കാരിനെ അപഹസിക്കാനും നയപ്രഖ്യാപനത്തെയും അത് നിയമസഭയില്‍ അവതരിപ്പിച്ച ഗവര്‍ണറെയും ഉപയോഗപ്പെടുത്തി. നിയമസഭയില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച അതേ ഗവര്‍ണറെ തന്നെ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ പ്രസംഗം എഴുതി വായിപ്പിക്കുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇടതു സര്‍ക്കാരിന്റെ നയങ്ങളെ നിയമസഭയില്‍ പ്രശംസിക്കുകയും ആ സര്‍ക്കാരിന്റെ നയങ്ങളെയും ലക്ഷ്യത്തേയും അവതരിപ്പിക്കുകയും ചെയ്ത ഗവര്‍ണറെക്കൊണ്ട് അതിന് വിരുദ്ധമായ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ പദവിയെ അപമാനിക്കുകയായിരുന്നു. നയപ്രഖ്യാപനമെന്ന സഭ ചട്ടങ്ങളിലെ സുപ്രധാനമായ സന്ദര്‍ഭത്തെ അവഹേളിക്കുകയുമാണ് ചെയ്തത്.

തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ തങ്ങള്‍ അവതരിപ്പിച്ച പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളൊക്കെ തങ്ങളുടെ സര്‍ക്കാരിന്റെ നയത്തില്‍ ഉള്‍പ്പെടുത്താത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പദ്ധതികളില്‍ അവകാശം സ്ഥാപിക്കുവാനാണ് നയപ്രഖ്യാപനത്തിലും യജ്ഞിച്ചത്. പ്രകടനപരതയുടെ ഓളപ്പരപ്പില്‍ മുങ്ങി നിവരുവാന്‍ നയപ്രഖ്യാപനത്തിലൂടെ ശ്രമിച്ച യു ഡി എഫ് സര്‍ക്കാര്‍, അവര്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്ന മൗലികമായ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ച് പിടിക്കുകയായിരുന്നു.

ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരിന്റെ പിന്തുണയോടെ സൃഷ്ടിക്കപ്പെട്ട കടുത്ത പ്രതിസന്ധികളെ നയപ്രഖ്യാപനത്തില്‍ അഭിമുഖീകരിച്ചില്ലായെന്നത് തന്നെ നയപ്രഖ്യാപന പ്രസംഗത്തിലെ വ്യര്‍ഥത വെളിവാക്കുന്നുണ്ട്. ജനവിരുദ്ധമായ സാമ്പത്തിക നയം പിന്‍പറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഓശാന പാടുകയാണ് തങ്ങളും ചെയ്യുകയെന്ന് ഭംഗ്യന്തരേണയാണെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

കാര്‍ഷിക-പൊതുമേഖല-പൊതുവിതരണ മേഖലകളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആര്‍ജിച്ച നേട്ടങ്ങള്‍ കേരളീയ പൊതുസമൂഹം പരക്കെ സ്വാഗതം ചെയ്തിരുന്നു. ഗുണകരമായ ആ നയസമീപനം പിന്തുടരുവാനുള്ള ഒരു സമീപനവും യു ഡി എഫ് നയപ്രഖ്യാപനത്തില്‍ കാണാനില്ല. പൊതുവിതരണ മേഖല ശക്തിപ്പെടുത്തുന്നതിനോ, പൊതുമേഖലാ വ്യവസായങ്ങളുടെ അഭിവൃദ്ധിക്കോ ആവശ്യമായ നയസമീപനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പക്കലില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ നയപ്രഖ്യാപനം.

സര്‍ക്കാരുകള്‍ മാറിമാറി വരാം, പക്ഷേ നാടിനും ജനതയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം സമ്മാനിക്കുന്ന നയങ്ങളും നടപടികളും പിന്തുടരുകയാണ് പ്രതിജ്ഞാബദ്ധതയുള്ള കക്ഷികളും മുന്നണികളും സ്വീകരിക്കുന്ന സമീപനം. മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന, അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപനത്തിലൂടെ മേനിനടിക്കാന്‍ ശ്രമിക്കുന്നത് വിലകുറഞ്ഞ വിദ്യയാണ്. ഇത്തരം വിലകുറഞ്ഞ വിദ്യകളല്ല കേരളം ഇന്നാവശ്യപ്പെടുന്നത്. സാമൂഹ്യ ജീവിത രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും അഭൂതപൂര്‍വമായ മുന്നേറ്റമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സാധ്യമായത്. ആ മുന്നേറ്റം തുടരുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ ആവശ്യത്തോട് നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യത്തോടെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.

*
മുഖപ്രസംഗം 28 ജൂണ്‍ 2011, ജനയുഗം

അഴിമതി ഇല്ലാതാക്കാന്‍ ബദല്‍ നയങ്ങള്‍ക്കേ കഴിയൂ

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന രണ്ട് പ്രധാന വിപത്തുകള്‍, അനുദിനം വര്‍ധിച്ചുവരുന്ന വിലക്കയറ്റവും അഴിമതിയുമാണ്. വിലക്കയറ്റത്തിന് വന്‍തോതില്‍ ആക്കം കൂട്ടുന്നതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധനവ്. ഇതിനെതിരെ രാജ്യവ്യാപകമായി വമ്പിച്ച പ്രക്ഷോഭസമരങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

അഴിമതിയുടെ കാര്യത്തില്‍ പ്രധാനമായും രണ്ട് പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കാണേണ്ടത്. ഒന്ന്, വിദേശത്തേയ്ക്കുള്ള കള്ളപ്പണത്തിന്റെ കടത്ത്. രണ്ട്, ആഭ്യന്തരമായി സര്‍ക്കാര്‍ തലത്തിലുള്ള അഴിമതികള്‍. ഇത് രണ്ടും രാജ്യത്തിന്റെ സുസ്ഥിരതയെ തന്നെ ബാധിക്കുന്ന തരത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ അഴിമതി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും മുന്‍പന്തിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാജ്യത്തുനിന്നും വിദേശത്തേയ്ക്ക് കടത്തിയ കള്ളപ്പണത്തിന്റെ കണക്കുകള്‍ ഇതേ പംക്തിയില്‍ മുമ്പും പറഞ്ഞിട്ടുണ്ട്. എങ്കിലും ഒന്നുകൂടി അതിവിടെ ആവര്‍ത്തിക്കുന്നു. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടനുസരിച്ച് സ്വാതന്ത്ര്യത്തിനുശേഷം 2008 വരെ 50 ലക്ഷം കോടി രൂപ 77 രാജ്യങ്ങളിലേയ്ക്ക് കള്ളപ്പണമായി കടത്തിയിരിക്കുന്നു. ഇതില്‍ നാലില്‍ഒന്നും കടത്തിയത് 2000 - 2008 കാലത്താണ്. അതായത് പുത്തന്‍ സാമ്പത്തിക നയം ശക്തമായി നടപ്പിലാക്കിയ കാലഘട്ടത്തിലാണ് ഈ കള്ളപ്പണകടത്ത് നടന്നത്. ഈ കള്ളപ്പണം കണ്ടുപിടിക്കാന്‍ നേരിയ ശ്രമംപോലും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ജര്‍മനിയില്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരുടെ വിവരങ്ങളും കണക്കുകളും ജര്‍മന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും ഈ കള്ളപ്പണ നിക്ഷേപകരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇവരില്‍ കേസ് എടുക്കുന്നവരുടെ പേര് വിവരങ്ങള്‍ അപ്പോള്‍ വെളിപ്പെടുത്താമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി പറയുന്നത്. സ്വിസ് ഗവണ്‍മെന്റ് അവരുടെ നയത്തില്‍ മാറ്റംവരുത്തിയിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അവിടെയുള്ള കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ ലഭിക്കും. എന്നാല്‍ അതിനൊന്നും ഒരു ശ്രമവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നില്ല.

അതുപോലെതന്നെയാണ് ഈയടുത്ത കാലത്ത് പുറത്തുവന്ന വന്‍ അഴിമതികളുടെ കഥയും. 2 ജി സ്‌പെക്ട്രം ഇടപാടില്‍ 1,76,000 കോടി രൂപയുടെ നഷ്ടം ഉണ്ടായിയെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചാണ്ടിക്കാണിച്ചിരിക്കുന്നു. എന്നാല്‍ ആ കണക്കുകള്‍ ശരിയല്ലെന്ന വാദമാണ് കേന്ദ്രമന്ത്രി കബില്‍ സിബാല്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അദ്ദേഹത്തിനും കേന്ദ്ര മന്ത്രിയായിരുന്ന എ രാജയെ രക്ഷിക്കാനായില്ല. ആ കേസില്‍ സി ബി ഐയുടെ അന്വേഷണത്തിന്റെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തതിന് ശേഷമാണ് രാജ ജയിലിലായത്. രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ കനിമൊഴിയും ചില വന്‍കിട ബിസിനസുകാരും ഈ കേസില്‍ ജയിലിലാണ്. കോമണ്‍വെല്‍ത്ത് ഗയിംസിന്റെ 80,000 കോടി രൂപയുടെ ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴൊന്നും മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ സുരേഷ് കല്‍മാഡി ജയിലിലാണ്. രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ച ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ കീഴിലാണ്. ഇസ്രായേലി വിമാനം വാങ്ങിയതില്‍ 450 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 2 ജി സ്‌പെക്ട്രം ഇടപാടില്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ 600 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ഇപ്പോള്‍ വെളിവായിരിക്കുകയാണ്. 1973 ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ഖരി പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് മറിച്ച് വിറ്റതില്‍ 85,000 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് ഈ മറിച്ച് വില്‍പ്പന നടന്നത്. റിലയന്‍സുമായുള്ള എണ്ണപ്പാട കരാറിലും ഗ്യാസ് വില്‍പ്പനയിലും കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ അഴിമതികള്‍ക്ക് കൂട്ടുനിന്നുവെന്ന് ആരോപണമുണ്ട്. അഴിമതിയുടെ പട്ടിക ഇനിയും ഏറെ നീളും. ഈ അഴിമതികളിലെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണ്? അഴിമതിക്കാരെ സംരക്ഷിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എല്ലാ തലത്തിലുമുള്ള അഴിമതിക്കാരെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയ ഡല്‍ഹിയിലെ മന്ത്രി രാജ്കുമാര്‍ ചൗഹാനെ കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി കുറ്റവിമുക്തനാക്കി. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സുപ്രിംകോടതി കണ്ടെത്തിയ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ്, ആദര്‍ശ് ഫ്‌ളാറ്റ് ഇടപാടില്‍ അനധികൃത നടപടികള്‍ സ്വീകരിച്ചുവെന്ന് സ്വയം സമ്മതിച്ചിട്ടും കേന്ദ്ര മന്ത്രിസഭയില്‍ തുടരുന്നു. രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനും അതിലൊരു പങ്ക് പറ്റാനുമാണ് യു പി എ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

ഇതിനെതിരെ ചില വ്യക്തികള്‍ സമരവുമായി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനെ സ്വാഗതം ചെയ്തു. ആദ്യം ലോക്പാല്‍ ബില്ലിനായി അന്നാ ഹസാരെ നിരാഹാരം നടത്തി. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെയോ രാഷ്ട്രീയ കക്ഷികളെയോ വിശ്വാസത്തിലെടുക്കാതെ അന്നാ ഹസാരെ നിര്‍ദേശിച്ച അഞ്ച് പേരെയും അഞ്ച് കോണ്‍ഗ്രസ് മന്ത്രിമാരെയും ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്ലിന് രൂപം നല്‍കാനൊരു സമിതി രൂപീകരിച്ചു. ഇപ്പോള്‍ അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് 16 മുതല്‍ അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് തയ്യാറാക്കിയ കരട് ബില്‍ പാര്‍ലമെന്റിലെ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് രാംദേവിന്റെ കാര്യവും. കള്ളപ്പണം കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു രാംദേവിന്റെ സമരം. ഇപ്പോള്‍ ഇയാള്‍ കള്ളനും കൊള്ളരുതാത്തവനുമാണെന്ന് പറയുന്ന കബില്‍ സിബാല്‍ ഉള്‍പ്പെടെ നാല് കേന്ദ്ര മന്ത്രിമാര്‍ പ്രത്യേക വിമാനത്തില്‍ അയാളെ സ്വീകരിക്കാന്‍ പോയി. മുന്തിയ ഹോട്ടലില്‍ വച്ചാണ് കേന്ദ്ര മന്ത്രിമാര്‍ ഇയാളുമായി ചര്‍ച്ച നടത്തിയത്. അത് കഴിഞ്ഞ് അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് ശക്തമായ ഇടപെടലുകള്‍ നടത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരം വ്യക്തികളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്താണ്? ഈ പ്രശ്‌നങ്ങളില്‍ രാജ്യത്തെ രാഷ്ട്രീയകക്ഷികളെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത് എന്തുകൊണ്ടാണ്?

അഴിമതിയില്‍ മുങ്ങികുളിച്ച കോണ്‍ഗ്രസിന് ഈ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിയില്ല. കേന്ദ്രം ഭരിച്ചിരുന്ന ബ ജെ പിയും ഈ അഴിമതികള്‍ക്കെല്ലാം കൂട്ടുനിന്നവരാണ്. അവരുടെ ഭരണകാലത്തും രാജ്യത്ത് നിന്നും കള്ളപ്പണം വിദേശത്തേയ്ക്ക് ഒഴുകി. അന്നും അഴിമതികള്‍ നടന്നു. അവരെക്കൊണ്ടും അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ല. അഴിമതിയുടെ ഉറവിടം കണ്ടെത്തി പരിഹാരം കാണണം. അഴിമതികളിലെല്ലാം വന്‍തോതില്‍ ധനസമ്പാദനം നടത്തിയത് രാജ്യത്തെ കോര്‍പ്പറേറ്റ് മുതലാളിമാരാണ്. ഇവയിലെല്ലാം ഏജന്‍സി പണി നടത്തിയ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്ക് എന്തെങ്കിലുമൊക്കെ കൊടുത്തിട്ടുണ്ടാവും. ഈ അഴിമതിക്കും കള്ളപ്പണത്തിന്റെയും പ്രധാന കാരണം രാജ്യത്ത് ഇന്ന് നടപ്പിലാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയമാണ്. ആ പുത്തന്‍ സാമ്പത്തിക നയത്തിന് ബദല്‍ സംവിധാനത്തിന് മാത്രമേ ഈ ചൂഷണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാവൂ. ഇതിനായി തന്റേടത്തോടെ സമരം ചെയ്യാന്‍ ഇടതുപക്ഷകക്ഷികള്‍ക്ക് മാത്രമേ അവകാശമുള്ളൂ.

അഴിമതിക്കെതിരായ സമരം കോര്‍പ്പറേറ്റ് ഭരണത്തിനെതിരായ സമരമാണ്. അഴിമതിക്കെതിരായ സമരവും പുത്തന്‍ സാമ്പത്തിക നയത്തിനെതിരായ സമരവും ഏകോപിപ്പിക്കണം. അടുത്ത മാസം രാജ്യത്ത് ആരംഭിക്കുന്ന ഇടതുപക്ഷ പ്രക്ഷോഭങ്ങള്‍ ആ ലക്ഷ്യത്തിലേയ്ക്ക് ഉയരണം.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 28 ജൂണ്‍ 2011

Monday, June 27, 2011

ഇരുണ്ട കാലം പീഡനപര്‍വം

1975 സെപ്തംബര്‍ 28
കാലം- അടിയന്തരാവസ്ഥ

പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.

വന്ന കാര്യം തിരക്കി- എന്താണ്?

അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.

എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.

ആരില്‍നിന്ന്?

എസ്പി ജോസഫ് തോമസില്‍നിന്ന്.

ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.

ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...

ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.

ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...

കൂത്തുപറമ്പ് സ്റേഷനിലെ രാത്രി

പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.

കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.

ലോക്കപ്പിനുള്ളില്‍

സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.

ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-

നിന്റെ പേരെന്താ.

വിജയന്‍.

എന്ത് വിജയന്‍?

പിണറായി വിജയന്‍.

ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.

കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.

നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.

രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.

പിറ്റേന്ന് പ്രഭാതം

രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.

ജയില്‍ദിനങ്ങള്‍

ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.

മുഖാമുഖം

രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.

ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...

അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.

സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.

വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.

സഹതടവുകാര്‍

അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.

ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.

കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.

വ്യായാമം

ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.

1977 മാര്‍ച്ച് 30

ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.

വീണ്ടും കണ്ടപ്പോള്‍

അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.

അതിക്രമങ്ങളുടെ ഇരുണ്ട കാലം

യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...

*
സജീവ് പാഴൂര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ജൂണ്‍ 2011

നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ഭാവിയിലെ കടമകളും

അഞ്ചു സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, അസം- നടന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍ സംസ്ഥാന കമ്മിറ്റികള്‍ നാഷണല്‍ കൗണ്‍സിലിനു സമര്‍പ്പിച്ചിരുന്നു. യോഗം ഇവ പരിഗണിച്ചു.

ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സംബന്ധിച്ച് ചില നിഗമനങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ എത്തിച്ചേര്‍ന്നു. അവയുടെ പ്രധാന ഭാഗങ്ങള്‍ താഴെ ചുവടെ.

ഡി എം കെ-കോണ്‍ഗ്രസ് മുന്നണിയുടെ ഇരുണ്ട അഴിമതിയുടെ പശ്ചാത്തലത്തില്‍ ആ മുന്നണിയെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ നിരാകരിച്ചു. എ ഐ എ ഡി എം കെ മുന്നണിയുടെ ഭാഗമെന്ന നിലയില്‍ ചെറിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഇവിടെ ഇടതുപക്ഷത്തിനു കഴിഞ്ഞു.

പോണ്ടിച്ചേരിയിലും ജനങ്ങള്‍ തിരഞ്ഞെടുത്തത് താരതമ്യേന സത്യസന്ധനും കോണ്‍ഗ്രസ് പുറത്താക്കിയതുമായ ഒരു നേതാവ് രൂപീകരിച്ച പുതിയ പാര്‍ട്ടിയെയാണ്. പോണ്ടിച്ചേരി അസംബ്ലിയില്‍ സി പി ഐക്ക് ഉണ്ടായിരുന്ന പ്രാതിനിധ്യം നഷ്ടപ്പെട്ടു.
അസമില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഉള്‍ഫ തീവ്രവാദികളുമായാരംഭിച്ച സമാധാന ചര്‍ച്ചയ്ക്ക് ലഭിച്ച പിന്തുണയാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. ബി ജെ പിയും എ ജി പിയും ഒരു ഭാഗത്തും യു ഡി എഫ് മറുഭാഗത്തും നിന്നുകൊണ്ട് ഭൂരിപക്ഷ സമുദായത്തേയും ന്യൂനപക്ഷ സമുദായത്തേയും രണ്ടു തട്ടുകളിലാക്കിയത് കോണ്‍ഗ്രസിനു ഗുണം ചെയ്തു. അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. സി പി ഐക്ക് അസം നിയമസഭയിലുണ്ടായിരുന്ന പ്രാതിനിധ്യവും നഷ്ടപ്പെട്ടു.

മുപ്പത്തി നാലു വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരുന്ന ഇടതു മുന്നണിയുടെ പരാജയം പശ്ചിമബംഗാളില്‍ സംഭവിച്ചത് സുപ്രധാനമായൊരു സംഭവമാണ്. നേരത്തെ നടന്ന പാര്‍ലമെന്റ്, പഞ്ചായത്തു തിരഞ്ഞെടുപ്പുകളിലുണ്ടായ വന്‍ തിരിച്ചടിയെ നേരിട്ട് പിടിച്ചു നില്‍ക്കാന്‍ ഒരു പരിധിവരെ ഇടതുപക്ഷത്തിനു കഴിഞ്ഞു. 41 ശതമാനം വോട്ടും ലഭിച്ചു. സീറ്റുകള്‍ കണ്ടമാനം നഷ്ടപ്പെട്ടു, ഭരണവും.

ഇതു കേവലമൊരു തിരഞ്ഞെടുപ്പു പരാജയമായി നാം കണ്ടുകൂടാ. 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഇടതുപക്ഷത്തിനു നേരിട്ട ഒരു വലിയ രാഷ്ട്രീയ പരാജയമായിത്തന്നെ ഈ തിരഞ്ഞെടുപ്പു വിധി കണക്കാക്കപ്പെടണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം, സ്റ്റേറ്റിന്റെ വ്യവസായ വല്‍ക്കരണം സംബന്ധിച്ച് ജനഹിതം പൂര്‍ണമായി അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങള്‍, മത ഭാഷാ ന്യൂനപക്ഷങ്ങളുടെ തികച്ചും ന്യായമായ ആവശ്യങ്ങളവഗണിച്ചത്, മുന്നണിയിലെ മുഖ്യകക്ഷിയായ സി പി എം സ്വീകരിച്ച വലിയേട്ടന്‍ മനോഭാവം, ജനജീവിതത്തിന്റെ എല്ലാ വശങ്ങളിലും അവര്‍ നടത്തിയിരുന്ന അവിഹിതമായ ഇടപെടലുകള്‍ ഇവയൊക്കെ ഭരണത്തിലിരിക്കുന്നവരെ ജനങ്ങളില്‍ നിന്ന് ക്രമേണ ഒറ്റപ്പെടുത്തി. ഇവ പരാജയത്തിനു വഴിവച്ച കാരണങ്ങളാണ്. ഇതിനും പുറമെ പാര്‍ട്ടിയുടെ താഴെതലങ്ങളിലും കുറേയൊക്കെ മിഡില്‍ ലീഡര്‍ഷിപ്പിലും കടന്നുചെന്ന അഴിമതിയുടെ വാസനയും പരാജയത്തിന്റെ മുഖ്യ കാരണമായി.

ഇതുപറയുമ്പോള്‍തന്നെ ബംഗാള്‍ സി പി ഐ ഘടകം അതിന്റെ സ്വന്തം പരാജയകാരണങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതാണ്. കഴിഞ്ഞ അസംബ്ലിയില്‍ ഏഴ് അംഗങ്ങളുണ്ടായിരുന്ന സി പി ഐക്ക് ഇത്തവണ രണ്ട് സീറ്റുമാത്രമേ ഉള്ളൂ. ഇതിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ആഴത്തില്‍ പരിശോധിക്കേണ്ടതാണ്.
എന്നാല്‍ കേരളത്തില്‍ നടന്നതു മറ്റൊന്നാണ്. ഭരണത്തിലിരുന്ന എല്‍ ഡി എഫ് വിജയത്തിന്റെ വക്കോളമെത്തി പുതിയ ചരിത്രം സൃഷ്ടിക്കുമെന്നൊരു തോന്നല്‍ സൃഷ്ടിച്ചു. ആയിരത്തില്‍ താഴെ വോട്ടിന് എല്‍ ഡി എഫിന് നഷ്ടപ്പെട്ട ആറു സീറ്റുകള്‍ നഷ്ടപ്പെടാതിരുന്നെങ്കില്‍ ചരിത്രം മാറ്റി എഴുതപ്പെടുമായിരുന്നു. എന്തുകൊണ്ടിത് നഷ്ടപ്പെട്ടുവെന്നു ബന്ധപ്പെട്ടവര്‍, അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കേണ്ടതാവശ്യമാണ്. എല്‍ ഡി എഫ് മന്ത്രിമാര്‍ക്കെതിരെ ഒരഴിമതി ആരോപണവും ഉന്നയിക്കപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അഴിമതിക്കാരായ വന്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച കര്‍ക്കശ നിലപാടിന് ജനങ്ങള്‍ അംഗീകാരം നല്‍കി. ആ നിലപാടുകളെ അവര്‍ അഭിനന്ദിച്ചു.

നവലിബറല്‍ സാമ്പത്തിക നയം നടപ്പാക്കപ്പെട്ടപ്പോള്‍ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ അതിന്റെ ദുരന്തങ്ങള്‍ സാധാരണഗതിയില്‍ ജനജീവിതം അസഹനീയമാക്കുമായിരുന്നു. സുശക്തമായ മാര്‍ക്കറ്റ് ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിറുത്തുവാനും വിപുലമായ പൊതു വിതരണ ശൃംഖലയിലൂടെ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ജനങ്ങള്‍ക്കുറപ്പു വരുത്തുവാനും എല്‍ ഡി എഫ് ശ്രമിക്കുകയും. നന്നായി വിജയിക്കുകയും ചെയ്തു. പൊതുമേഖല വ്യവസായ ശൃംഖലയെ ശക്തമാക്കി, വികസിപ്പിച്ചു. ജനോപകാരപ്രദമായ നിരവധി നടപടികള്‍ ആ സര്‍ക്കാര്‍ സ്വീകരിച്ചു.

അവ ഫലപ്രദമായി ജനങ്ങള്‍ക്കിടയില്‍ എല്‍ ഡി എഫ് ഒന്നിച്ചു നിന്നുകൊണ്ട് പ്രചരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ വീണ്ടും എല്‍ ഡി എഫിന്റെ പിന്നിലണിനിരന്നു. അതുകൊണ്ടാണ് വന്‍ തിരിച്ചടികള്‍, പാര്‍ലമെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍, ഏറ്റ എല്‍ ഡി എഫിന് അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്ത് വലിയൊരു തിരിച്ചുവരവ് നടത്തുവാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തിനടുത്തെത്തി എല്‍ ഡി എഫ്. ഭൂരിപക്ഷമില്ലാത്തതിനാല്‍ അധികാരം നഷ്ടപ്പെടുകയും ചെയ്തു.

രണ്ടു മുന്നണികള്‍ക്കും ലഭിച്ച സീറ്റുകളുടെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും വളരെ ചെറിയ വ്യത്യാസമേ മുന്നണികള്‍ തമ്മിലുള്ളൂ.

ഈ സന്ദര്‍ഭത്തില്‍ ഗൗരവമായി പരിശോധിക്കേണ്ട ഒരു കാര്യം ആയിരത്തില്‍താഴെ വോട്ടിന് എല്‍ ഡി എഫിന് നഷ്ടപ്പെട്ട ആറ് സീറ്റുകള്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്നതാണ്. അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളുള്‍പ്പടെ ആഴത്തില്‍ പരിശോധിക്കണം.

ജയിക്കുമെന്നുറപ്പായി കരുതിയിരുന്ന വടക്കന്‍ പറവൂര്‍, നെടുമങ്ങാട്, പട്ടാമ്പി സീറ്റുകള്‍ എന്തുകൊണ്ട് സി പി ഐക്ക് നഷ്ടപ്പെട്ടുവെന്നതിനെ കുറിച്ച് ഒരു പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്ന തിരിച്ചടി മറികടക്കണമെങ്കില്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഇടതുപക്ഷവും സി പി ഐയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ബഹുജനാടിസ്ഥാനം വിപുലീകരിക്കുന്നതിനും ഇടതു ബഹുജന സംഘടനകള്‍ കെട്ടിപ്പടുത്ത് ബഹുജന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇന്നത്തേതിലും വളരെ മെച്ചപ്പെട്ട പ്രവര്‍ത്തനം നിരന്തരം നടത്തിയേ മതിയാകൂ.

ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന പ്രാഥമിക വസ്തുത വിസ്മരിക്കരുത്. അവരെ സേവിക്കുന്നവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറിച്ച് അവരുടെ യജമാനന്‍മാരല്ലെ എന്ന തിരിച്ചറിവുണ്ടാകണം വേണ്ടുവോളം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവരുടെ ജീവിത രീതിയിലും പ്രവര്‍ത്തന ശൈലിയിലുമൊക്കെ വിനയാന്വിതരായിരിക്കണം. അഴിമതിയുടെ കറപുരളാത്ത ജീവിതവും പ്രവര്‍ത്തനവും ഇടതുപക്ഷം കാഴ്ചവയ്ക്കണം.

ഈ പ്രശ്‌നങ്ങള്‍ ദേശീയ കൗണ്‍സില്‍ ചര്‍ച്ചയില്‍ സഖാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി. ഇക്കാര്യം സി പി ഐ പ്രവര്‍ത്തകരും നേതാക്കളും തങ്ങളുടെ പ്രവര്‍ത്തനശൈലിയുടെ ഭാഗമാക്കണമെന്നും ആഹ്വാനം ചെയ്തു.

ഈ തിരഞ്ഞെടുപ്പിലെ പരാജയം താല്‍ക്കാലികമാണെങ്കിലും ഇടതുപക്ഷ ജനാധിപത്യ ബദല്‍ എന്ന സങ്കല്‍പത്തിനും കാഴ്ചപ്പാടിനും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
അതു മനസ്സിലാക്കി ഇടതുപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ ജനകീയ പ്രശ്‌നങ്ങളിലിടപെട്ടു പ്രവര്‍ത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
വിശാലമായ ഇന്ത്യയിലെ ഹിന്ദി മേഖലയിലും നാട്ടിന്‍പുറങ്ങളില്‍ പൊതുവെയും ഇടതുപക്ഷം ഇന്നു ദുര്‍ബലാണ്. അതുപോലെ തന്നെ പരമ്പരാഗതമായി ഇടതുപക്ഷത്തെ ഉറ്റുനോക്കിയിരുന്ന ആദിവാസികളും ദലിത് ജനവിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളും ക്രമേണ ഇടതുപക്ഷത്തില്‍ നിന്നകലുന്നുണ്ട് എന്ന അപകടകരമായ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് ആ ജനവിഭാഗങ്ങള്‍ക്കിടയില്‍ കാലോചിതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും പ്രവര്‍ത്തനശൈലി പുനരാവിഷ്‌കരിക്കുകയും ചെയ്ത് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കണം.
ഈവിധ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ച് ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രയാസകരമെങ്കിലും അനുപേക്ഷണീയമായ കടമ നിര്‍വഹിക്കുന്നതിന് സി പി ഐയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും നിരന്തരം പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ദേശീയ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോല്‍ ഇതല്ലാതെ മറ്റൊരു വഴി നമ്മുടെ മുമ്പിലില്ല.

*
സി കെ ചന്ദ്രപ്പന്‍ ജനയുഗം 27 ജൂണ്‍ 2011