Tuesday, February 26, 2008

വിപ്ലവകാരിക്ക് വിശ്രമമില്ല

സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ സാര്‍വദേശീയ പ്രതീകമായിരുന്ന ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നത് അമേരിക്കയെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. സ്ഥാനത്യാഗം ക്യൂബയുടെ ജനാധിപത്യവല്‍ക്കരണത്തിനു തുടക്കമാകുമെന്ന പ്രതീക്ഷയാണ് ബുഷ് പരസ്യമായി പ്രകടിപ്പിച്ചത്. അമേരിക്ക നിശ്ചയിക്കുന്നതും നിര്‍വചിക്കുന്നതും മാത്രമാണ് ജനാധിപത്യമെന്നാണല്ലോ ഇവര്‍ പ്രചരിപ്പിക്കുന്നത്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നടപ്പാക്കിയതാണ് അവരെ സംബന്ധിച്ച് ജനാധിപത്യം. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ തവണ ജനങ്ങളുടെ അംഗീകാരം ലോകനിരീക്ഷകരുടെ സാന്നിധ്യത്തില്‍ത്തന്നെ കരസ്ഥമാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് ഷാവോസും ബുഷിന്റെ കണ്ണില്‍ ജനാധിപത്യവാദിയല്ല. കാസ്ട്രോയില്ലാത്ത പ്രഭാതം കാത്ത് കണ്ണിലെണ്ണയൊഴിച്ചിരുന്ന ബുഷിന് അതു നടക്കാത്ത വിഷമവുമുണ്ടാകും. അറുനൂറിലേറെ തവണയാണ് ഫിദലിനെ കൊലപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചത്. ക്യൂബയിലെ ഭരണക്രമത്തെ അട്ടിമറിക്കുന്നതിനായി കോടിക്കണക്കിനു ഡോളറാണ് ഇപ്പോഴും അമേരിക്ക ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടവര്‍ ഇപ്പോള്‍ പുതിയ പ്രതീക്ഷ പുലര്‍ത്തുകയാണ്. എന്നാല്‍, തനിക്കുശേഷം പ്രളയം എന്ന മട്ടിലല്ല ക്യൂബയില്‍ വിപ്ലവനിര്‍മാണ പ്രകിയക്ക് കാസ്ട്രോ നേതൃത്വം നല്‍കിയത്. വിപ്ലവത്തെ സംരക്ഷിക്കുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിലും ക്യൂബന്‍ ജനതയുടെ പങ്ക് കുറച്ചുകാണരുതെന്ന് ഫിദല്‍തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന റൌള്‍ കാസ്ട്രോ വിപ്ലവത്തിന്റെ അനുഭവസമ്പത്ത് കൈമുതലായിട്ടുള്ള വ്യക്തിയാണ്. ഹവാന സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പാര്‍ടി അംഗമായിരുന്നു റൌള്‍. വിപ്ലവാനന്തരമാണ് ഫിദല്‍ കമ്യൂണിസത്തിലേക്കു തിരിയുന്നത്. ഇതില്‍ പ്രധാനപങ്ക് വഹിച്ചത് ചെ ഗുവേരയും റൌള്‍ കാസ്ടോയുമാണെന്ന് ഫിദല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചെ ഗുവേരയെ ഫിദലിനു പരിചയപ്പെടുത്തുന്നതും റൌളാണ്. വിപ്ലവാനന്തര ക്യൂബയെ കെട്ടിപ്പെടുക്കുന്നതില്‍ ലോകരാഷ്ട്രങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്നതും അദ്ദേഹമാണ്. 1953 ലെ ലോക യുവജന വിദ്യാര്‍ഥി സമ്മേളനത്തില്‍ ക്യൂബയെ പ്രതിനിധാനംചെയ്ത നാളുമുതല്‍ തുടങ്ങിയ സാര്‍വദേശീയ ബന്ധങ്ങള്‍ വിപ്ലവത്തിനുശേഷം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനു റൌളിനു കഴിഞ്ഞിരുന്നു. കാസ്ട്രോയുടെ കാലത്തും തീരുമാനങ്ങള്‍ എടുത്തിരുന്നത് ജനാധിപത്യപരമായി ചര്‍ച്ചചെയ്താണ്. ബുഷിനു സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ജനാധിപത്യത്തിന്റെ പ്രയോഗമാണ് അത്. അങ്ങേയറ്റം ജനാധിപത്യപരമായി ചര്‍ച്ചചെയ്ത് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് കാസ്ട്രോയെ ഒരു ശക്തിക്കും തടയാനായില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. പുതുതലമുറയെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് എടുത്തുപറയേണ്ട സംഗതിയാണ്.

എന്നാല്‍, കാസ്ട്രോ അധികാരത്തില്‍നിന്ന് ഒഴിഞ്ഞത്ത് ഒരു കുറവുമുണ്ടാക്കിയിട്ടില്ലെന്ന അന്ധമായ നിഗമനത്തില്‍ ആര്‍ക്കും എത്താന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാമത്തെ സെക്രട്ടറി എന്ന നിലയിലും പാര്‍ടി പത്രത്തിലെ പ്രധാന കോളമിസ്റ്റ് എന്നരീതിയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ തുടര്‍ന്നും ലഭിക്കുമെങ്കിലും പടിയിറങ്ങിയത് ചരിത്രമാണെന്നത് മറക്കാനാകില്ല. അര നൂറ്റാണ്ടോളം അദ്ദേഹത്തിന്റെ ഭരണനേതൃത്വം ഈ ചെറുരാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ സ്ഥാപിച്ചു. അമേരിക്കയുടെ മൂക്കിനു താഴെ എല്ലാ പിന്തുണയോടും ഭരിച്ചിരുന്ന ബാറ്റിസ്റ്റയെ താഴെയിറക്കി വിപ്ലവം വിജയപ്പിക്കാനായതില്‍നിന്ന് അദ്ദേഹത്തിന്റെ നേതൃത്വമികവ് തുടങ്ങുന്നു. അന്നത്തെ വസ്തുനിഷ്ഠ സാഹചര്യത്തെ മൂര്‍ത്തമായി വികശലനംചെയ്യാനും അതിന് അനുസൃതമായ തന്ത്രം ആവിഷ്കരിക്കാനും കഴിഞ്ഞത് പ്രധാനമാണ്. അമേരിക്കന്‍വിരുദ്ധ പോരാട്ടത്തെ അരനൂറ്റാണ്ടായി നയിക്കാന്‍ കഴിഞ്ഞതാണ് രണ്ടാമത്തെ സംഗതി. അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി ക്യൂബയെ മാറ്റിത്തീര്‍ക്കുന്നതില്‍ കാസ്ട്രോയുടെ നേതൃത്വപരമായ പങ്ക് സമാനതകളില്ലാത്തതാണ്. സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. സൌജന്യ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും നടപ്പാക്കുന്നതില്‍ ക്യൂബ ലോകത്തിനുതന്നെ മാതൃകയായി. വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരെ അയക്കുന്ന രാജ്യം ക്യൂബയായിരിക്കും. ശാസ്ത്ര സാങ്കേതികവിദ്യയിലെ വിപ്ലവകരമായ എല്ലാ മാറ്റത്തെയും ഉള്‍ക്കൊള്ളാനും സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി വിനിയോഗിക്കാനും തയ്യാറായി എന്നതും എടുത്തുപറയേണ്ട സംഗതിയാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം പിടിച്ചുനില്‍ക്കുന്നതിനും മുന്നോട്ടുപോകുന്നതിനും ക്യൂബയ്ക്ക് കഴിഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. സാമ്പത്തികമായ എല്ലാ പ്രതിസന്ധിയെയും അതിജീവിക്കാനും ബദല്‍മാതൃക നടപ്പാക്കാനും കഴിഞ്ഞതില്‍ ഫിദലിന്റെ പങ്ക് ചരിത്രമാണ്. ആഗോളവല്‍ക്കരണത്തിനു ബദലുകളില്ലെന്ന കാഴ്ചപ്പാടിനെ ആധികാരികമായി കാസ്ട്രോ തള്ളിക്കളഞ്ഞു. സോഷ്യലിസമാണ് ബദലെന്ന മുദ്രാവാക്യം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. തന്റെ പ്രഭാഷണങ്ങളിലൂടെ ഈ ചിന്ത ശക്തമായി പ്രചരിപ്പിച്ചു. ആശയങ്ങള്‍ ലോകത്തെ മാറ്റിമറിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷവും സോഷ്യലിസത്തെ മുറുകെപ്പിടിച്ച് മുന്നേറിയ ക്യൂബ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയചിത്രം മാറ്റിയെഴുതി. കടുത്ത അമേരിക്കന്‍ വിരുദ്ധതയുടെ ഭൂമികയാക്കി ഈ പ്രദേശത്തെ മാറ്റുന്നതിലും കാസ്ട്രോയുടെ ഭരണകാലം പ്രധാന പങ്ക് വഹിച്ചു. അധികാരത്തില്‍നിന്ന് ഒഴിഞ്ഞെങ്കിലും ഇനിയുള്ള കാലവും ആശയങ്ങളുടെ പോരാട്ടത്തില്‍ ഫിദലില്‍നിന്ന് കൂടുതല്‍ സംഭാവന ലോകം പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും അത് ബുഷിന്റെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചായിരിക്കുകയില്ല. ലോകത്തിന്റെ അഭിപ്രായം മാനിക്കാതെ ഏകപക്ഷീയമായി ക്യൂബയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ബുഷിന്റെ 'ജനാധിപത്യബോധ'ത്തെ അമേരിക്കതന്നെ തള്ളിക്കളഞ്ഞ കാലമാണ് ഇത്. ബുഷ് പ്രതീക്ഷിക്കുംപോലെ കാസ്ട്രോയുടെ സ്ഥാനത്യാഗമല്ല, അമേരിക്കയുടെ പുതിയ പ്രസിഡന്റ് സ്വീകരിക്കുന്ന സമീപനവും നയവുമായിരിക്കും ആ രാജ്യവുമായുള്ള ക്യൂബയുടെ ബന്ധത്തിന്റെ ഗതി നിര്‍ണയിക്കുക. അനുഭവത്തില്‍നിന്നു പാഠം പഠിക്കാനും ലോകത്തിന്റെ വികാരം ഉള്‍ക്കൊള്ളുന്ന ജനാധിപത്യബോധം പ്രകടിപ്പിക്കാനും തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന അമേരിക്കയുടെ പുതിയ പ്രസിഡന്റിനു കഴിയുമോ എന്നതുതന്നെയാണ് ഉരകല്ല്.

ക്യൂബയില്‍ നിന്നും വരുന്ന വാര്‍ത്തകളും കാസ്ട്രോയുടെ സന്ദേശങ്ങളും സൂചിപ്പിക്കുന്നത് ഫിഡല്‍ സ്ഥാനമൊഴിഞ്ഞെങ്കിലും സാമ്രാജ്യത്വവുമായുള്ള പോരാട്ടത്തില്‍ തോല്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നു ക്യൂബന്‍ ജനത പ്രഖ്യാപിക്കുന്നതായിത്തന്നെയാണ്. നിശബ്ദനായിരിക്കുവാന്‍ എനിക്ക് അവകാശമില്ല എന്നു പ്രഖ്യാപിക്കുന്ന കാസ്ട്രോയുടെ പുതിയ സന്ദേശത്തിന്റെ പരിഭാഷ ഇവിടെ പോസ്റ്റ് ചെയ്യുന്നതിലൂടെ വിടവാങ്ങിയ ആ അതുല്യ വിപ്ലവകാരിക്ക് വര്‍ക്കേഴ്‌സ് ഫോറം അഭിവാദ്യങ്ങള്‍ നേരുന്നു.

നിശബ്ദനായിരിക്കുവാന്‍ എനിക്ക് അവകാശമില്ല

ആ ചൊവ്വാഴ്ച പുതിയ അന്തര്‍ദേശീയ വാര്‍ത്തകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഫെബ്രുവരി 18 തിങ്കളാഴ്ച ക്യൂബയിലെ ജനങ്ങള്‍ക്ക് എഴുതിയ എന്റെ ചെറിയ സന്ദേശത്തിന് വ്യാപകമായ പ്രചാരം ലഭിച്ചു. ഇതിന്റെ സൂചനകള്‍ രാവിലെ 11 മണിമുതല്‍ തന്നെ എനിക്ക് ലഭിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ രാത്രി നന്നായി ഞാന്‍ ഉറങ്ങി. എന്റെ മനസ്സ് ശാന്തമായിരുന്നു. ഒരു ഒഴിവുകാലം ഞാന്‍ സ്വയം വാഗ്ദാനം ചെയ്തിരുന്നു. ഫെബ്രുവരി 24 ആകാന്‍ കാത്തിരിക്കുന്നതിന്റെ സമ്മര്‍ദ്ദം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു.

തങ്ങളുടെ വികാരങ്ങള്‍ വിവിധ രീതികളില്‍ പ്രകടിപ്പിച്ച ക്യൂബയിലെയും പുറത്തുമുള്ള എനിക്ക് ഏറ്റവും പ്രിയമുള്ളവരെപ്പറ്റി ഇന്നു ഞാന്‍ ഒന്നും തന്നെ പറയാനുദ്ദേശിക്കുന്നില്ല. എന്നോടുള്ള അഗാധമായ സ്നേഹവും ഐക്യദാര്‍ഢ്യമനോഭാവവും പ്രകടിപ്പിച്ചുകൊണ്ട് തെരുവുകളിലേക്കൊഴുകിയെത്തിയ ജനങ്ങള്‍ തങ്ങളുടെ സഹജമായ രീതിയില്‍ നടത്തിയ ധാരാളം അഭിപ്രായങ്ങള്‍ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്. അതിനെക്കുറിച്ച് മറ്റൊരു ദിവസം ഞാന്‍ സംസാരിക്കാം.

ഞാനിപ്പോള്‍ എതിരാളികള്‍ പറയുന്നതെന്താണ് എന്നാണ് ശ്രദ്ധിക്കുന്നത്. ഓരോ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടേയും അമ്പരപ്പ് ശ്രദ്ധിക്കുക രസകരമായിരുന്നു. അവരിലോരോരുത്തരും ക്യൂബയുടെ അടിയന്തിര ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ നിലപാടെടുക്കുവാന്‍ നിര്‍ബന്ധിതരായി. അല്ലെങ്കില്‍ ഒരു വോട്ടെങ്കിലും നഷ്ടപ്പെട്ടെങ്കിലോ? ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ യുക്തികള്‍ ഭരിക്കുന്ന ചൂതാട്ടകേന്ദ്രമായ ലാസ് വേഗാസില്‍ നിന്നും സി.എന്‍.എന്നിനു വേണ്ടി, തൊട്ടാല്‍ പൊള്ളുന്ന രാഷ്ട്രീയവിഷയങ്ങളെയും വ്യക്തിപരമായ കാര്യങ്ങളെയും കുറിച്ച്, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഓരോരുത്തരേയും ഇന്റര്‍വ്യൂ ചെയ്യുന്ന പുലിറ്റ്സര്‍ സമ്മാന വിജയിയായ ഒരു പത്രപ്രവര്‍ത്തകനാണ് ഞാനെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയുവാനാകുമായിരുന്നില്ല.

അന്‍പത് വര്‍ഷത്തെ ഉപരോധം കൊണ്ടവര്‍ തൃപ്തരല്ലത്രെ. മാറ്റം ! മാറ്റം ! മാറ്റം! അവര്‍ ഒരുമിച്ച് ആവശ്യപ്പെടുന്നു..

ഞാന്‍ സമ്മതിക്കുന്നു. മാറ്റം വേണം. പക്ഷെ അമേരിക്കയിലാണ് മാറ്റം വരേണ്ടത്. ക്യൂബ വളരെ മുന്‍പ് തന്നെ മാറിക്കഴിഞ്ഞുവെന്നു മാത്രമല്ല, വൈരുദ്ധ്യാത്മകമായ പാതയിലൂടെ മുന്നേറുന്നത് നമ്മള്‍ തുടരുകയും ചെയ്യും.

നമ്മള്‍ ഒരിക്കലും ഭൂതകാലത്തിലേക്ക് തിരിച്ചുപോവുകയില്ല ! നമ്മുടെ ജനത പ്രഖ്യാപിക്കുകയാണ്.

പിടിച്ചടക്കല്‍! പിടിച്ചടക്കല്‍! പിടിച്ചടക്കല്‍! ഇതാണ് എതിരാളിയുടെ പ്രത്യുത്തരം. മാറ്റത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ശരിക്കും അര്‍ത്ഥമാക്കുന്നത് ഇതാണ്.

പതിമൂന്ന് കോളനികളുടേയും വിപ്ലവകരമായ സ്വാതന്ത്ര്യപ്രഖ്യാപനത്തിനും നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം,ജോസ് മാര്‍ട്ടി എന്ന വിപ്ലവകാരിയും ബുദ്ധിമാനുമായ നേതാവ് തന്റെ നിശ്ശബ്ദ പോരാട്ടത്തിന്റെ രഹസ്യം അനാവരണം ചെയ്തുകൊണ്ട് ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ, സാമാജ്യത്വത്തിന്റെ ആര്‍ത്തിപിടിച്ച വിപുലീകരണത്വര കണ്ടെത്തുകയുംഅതിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

ഒരു ചരിത്രകാലഘട്ടത്തിന്റെ അവസാനവും നിലനിര്‍ത്താനാവാത്ത ഒരു വ്യവസ്ഥയുടെ(unsustainable system) അവസാനത്തിന്റെ ആരംഭവും ഒന്നു പോലെ ആവില്ല, ഒരിക്കലും.

നിലനിര്‍ത്താനാവാത്ത ആ വ്യവസ്ഥയോട് നാഭീനാള ബന്ധമുള്ള യൂറോപ്യന്‍ ശക്തികളും, അവര്‍ ഇപ്പോള്‍ ക്ഷീണിതരാണെങ്കിലും, പൊടുന്നനെയെന്നോണം അതേ ആവശ്യം ഉന്നയിക്കുകയാണ് . Torquemadaയുടെ കാലം മുതല്‍ക്കെ അവര്‍ അറിഞ്ഞിട്ടേയില്ലാത്ത ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഈണത്തിനൊത്ത് നാം നൃത്തം ചവിട്ടേണ്ട സമയമായിരിക്കുന്നു എന്നാണവര്‍ പറയുന്നത് !

തങ്ങള്‍ക്ക് വേണ്ടതായ ഊര്‍ജ്ജവും അസംസ്കൃതസാധനങ്ങളും, വിലകുറഞ്ഞ തൊഴില്‍ശക്തിയും ലഭ്യമാകുന്നതിന് സമസ്ത ഭൂഖണ്ഡങ്ങളുടെയും മേല്‍ അവര്‍ നടത്തുന്ന കോളനിവല്‍ക്കരണവും നവ-കോളനിവല്‍ക്കരണവും വാസ്തവത്തില്‍ അവര്‍ക്കൊരു ധാര്‍മ്മിക അപമാന(moral discredit)മാണ്.

ഒരുകാലത്ത് അടിയുറച്ച സോഷ്യലിസ്റ്റും സാംസ്കാരികവകുപ്പ് മന്ത്രിയുമൊക്കെയായിരുന്ന ഒരു വിശിഷ്ട സ്പാനിഷ് വ്യക്തി കഴിഞ്ഞ കുറച്ച് കാലമായി യുദ്ധത്തിനും ആയുധങ്ങളുടെ ഉപയോഗത്തിനും വേണ്ടിയൊക്കെ വാദിക്കുന്നത് കലര്‍പ്പില്ലാത്ത വങ്കത്തരമല്ലാതെ മറ്റൊന്നുമല്ല. കൊസൊവൊയും അതിന്റെ ഏകപക്ഷീയമായ സ്വാതന്ത്ര്യപ്രഖ്യാപനവും ഒരു ദു:സ്വപ്നം പോലെ അവരെ പിന്തുടരുന്നു.

ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമൊക്കെ അമേരിക്കയുടേയും നാറ്റോവിന്റേയും യൂണിഫോം ധരിച്ച രക്തവും മാംസവുമുള്ള മനുഷ്യര്‍ മരിച്ചുവീണുകൊണ്ടിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാനില്‍ നടത്തിയ മുന്‍‌ചിന്തയില്ലാത്ത ഇടപെടലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായി എന്ന വസ്തുത യൂറോപ്യന്‍ രാജ്യങ്ങളെ ഒരു നിഴല്‍ പോലെ പിന്തുടരുകയാണ്.

ബുഷ് സീനിയര്‍ മക് കെയിനെ തന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ ജൂനിയര്‍ ബുഷ് ആഫ്രിക്കയിലെ- ഇന്നലെകളില്‍ മനുഷ്യവംശം ഉടലെടുത്തതും ഇന്ന് രക്ഷസാക്ഷിത്വം വഹിക്കുന്നതുമായ ഭൂഖണ്ഡത്തിലെ ‍- ഏതോ രാജ്യത്ത് വെച്ച് - ഇവിടെ അയാള്‍ എന്തുചെയ്യുന്നു എന്ന് ആര്‍ക്കും അറിയില്ല- പ്രഖ്യാപിക്കുകയാണ് എന്റെ കഴിഞ്ഞ ദിവസത്തെ സന്ദേശം ക്യൂബ ജനാധിപത്യത്തിലേക്ക് പോകുന്നതിന്റെ തുടക്കമാണെന്ന്. ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ കറുത്ത വലിയ അക്ഷരങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള പിടിച്ചടക്കല്‍ മോഹം തന്നെയാണ് .

ഒരു ദിവസം മുമ്പ്, ലോകത്തിലെ ടെലിവിഷന്‍ ശൃംഖലകളൊക്കെ അത്യന്താധുനികമായ ബോംബര്‍ വിമാനങ്ങള്‍ തങ്ങളുടെ അത്ഭുതകരമായ മെയ്‌വഴക്കം പ്രദര്‍ശിപ്പിക്കുന്നതും, ഏത് തരത്തിലുള്ള ബോംബ് വേണമെങ്കിലും വര്‍ഷിക്കാവുന്ന ആ വിമാനങ്ങള്‍ റഡാറുകള്‍ക്ക് അപ്രാപ്യമാണെന്ന്‌ നൂറുശതമാനം ഗ്യാരന്റി നല്‍കുന്നതും മറ്റുംകാണിച്ചിരുന്നു. അങ്ങിനെയാവുമ്പോള്‍ ഇതൊന്നും യുദ്ധകുറ്റകൃത്യത്തിന്റെ പരിധിയില്‍ വരില്ലത്രെ.

സൈനിക ആവശ്യങ്ങള്‍ക്കായി തങ്ങള്‍ തന്നെ ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ള നിരവധി വസ്തുക്കളില്‍ ഒന്നാ‍യ ഒരു ചാര ഉപഗ്രഹം മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വീഴുന്നതിന്റെ സാദ്ധ്യത ഒഴിവാക്കുന്നു എന്ന ന്യായീകരണത്തിന്റെ മറവില്‍ പുതിയൊരു ആയുധം പരീക്ഷിക്കുന്ന സാമ്രാജ്യത്വ നടപടിയുടെ പശ്ചാത്തലത്തില്‍ ചില പ്രമുഖ രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച പ്രതിഷേധത്തെ കാണേണ്ടതുണ്ട്.

പത്തു ദിവസത്തേക്ക് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതേണ്ട എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്, പക്ഷെ അധികകാലം നിശബ്ദനായിരിക്കുവാന്‍ എനിക്ക് അവകാശമില്ല. അവര്‍ക്കെതിരായ ആശയപരമായ വെടി പൊട്ടിക്കേണ്ടതുണ്ട്.

ഇത് ഞാനെഴുതിയത് ചൊവാഴ്ച ഉച്ചക്ക് ശേഷമാണ്. ഇന്നലെ ഞാന്‍ അത് ഒന്നുകൂടി പരിശോധിച്ചു, ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഞാനിത് പ്രസിദ്ധീകരണത്തിനു നല്‍കുന്നതാണ്. എന്റെ ചിന്തകള്‍ ഒരിക്കലും ആദ്യപേജില്‍ പ്രസിദ്ധീകരിക്കരുതെന്നും, രണ്ടാം പേജിലോ മറ്റു ഉള്‍പ്പേജുകളിലോ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും, നീളം കൂടുതലാണെങ്കില്‍ മറ്റു മാദ്ധ്യമങ്ങളില്‍ അതിന്റെ ഒരു സംക്ഷിപ്തരൂപം മാത്രം നല്‍കേണമെന്നും ഞാന്‍ അപേക്ഷിച്ചിരുന്നു.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ക്യൂബയില്‍ നിന്നും വരുന്ന വാര്‍ത്തകളും കാസ്ട്രോയുടെ സന്ദേശങ്ങളും സൂചിപ്പിക്കുന്നത് ഫിഡല്‍ സ്ഥാനമൊഴിഞ്ഞെങ്കിലും സാമ്രാജ്യത്വവുമായുള്ള പോരാട്ടത്തില്‍ തോല്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നു ക്യൂബന്‍ ജനത പ്രഖ്യാപിക്കുന്നതായിത്തന്നെയാണ്. നിശബ്ദനായിരിക്കുവാന്‍ എനിക്ക് അവകാശമില്ല എന്നു പ്രഖ്യാപിക്കുന്ന കാസ്ട്രോയുടെ പുതിയ സന്ദേശത്തിന്റെ പരിഭാഷ ഇവിടെ പോസ്റ്റ് ചെയ്യുന്നതിലൂടെ വിടവാങ്ങിയ ആ അതുല്യ വിപ്ലവകാരിക്ക് വര്‍ക്കേഴ്‌സ് ഫോറം അഭിവാദ്യങ്ങള്‍ നേരുന്നു.

ചിതല്‍ said...

അധികകാലം നിശബ്ദനായിരിക്കുവാന്‍ എനിക്ക് അവകാശമില്ല. അവര്‍ക്കെതിരായ ആശയപരമായ വെടി പൊട്ടിക്കേണ്ടതുണ്ട്.
അതേ ഫിഡില്‍ നി നിശബ്ദ്നായി ഇരുന്നാല്‍...
അത് ഈ ലോകത്തിന്ന് സഹിക്കാന്‍ സാധിക്കില്ല
അവര്‍കെതിരെ വെടി പൊട്ടിക്കാന്‍ ഇനിയും നിന്റെ കൈകള്‍ ഉരുക്കുകളാകട്ടെ...
നിനക്ക് എന്റെയും വിപ്ലവഅഭിവാദ്യങ്ങള്‍
ഇവിടെയും എന്റെ ചെറിയ ഒരു അഭിവാദ്യം