ദക്ഷിണപൂര്വേഷ്യാഭൂഖണ്ഡത്തിന്റെ തീരപ്രദേശമാണ് ഇന്തോനേഷ്യന്‍ ആര്‍ച്ചിപെലാഗോ (ദ്വീപസമൂഹം). ആകെ 13, 700 ദ്വീപുകളുള്ള ഈ പ്രദേശത്തെ ഏഴായിരത്തോളം ദ്വീപുകളില്‍ ജനവാസമില്ല. രണ്ടു ലക്ഷത്തോളം ചതുരശ്രകിലോ മീറ്ററാണ് വിസ്തീര്‍ണം. 2002ലെ കണക്ക് പ്രകാരം ജനസംഖ്യ 22കോടിയോളം വരും. മുന്നൂറിലധികം വംശീയവിഭാഗങ്ങളുണ്ട് ഇന്തോനേഷ്യയില്‍. അവ പൊതുവില്‍ മൂന്ന് പ്രധാന വിഭാഗങ്ങളില്പെടുന്നു. ജാവയിലെ അരിയുല്പാദകരും അയല്‍പ്രദേശങ്ങളിലെ മുസ്ലീങ്ങളും ഉള്‍പ്പെടുന്നതാണ് ഒന്നാമത്തെ വിഭാഗം. തീരദേശമുസ്ലീങ്ങളും സുമാത്രയിലെ മലായക്കാരായ മുസ്ലീങ്ങളുമാണ് രണ്ടാംവിഭാഗത്തിലുള്ളത്. ദായക്കുകളും മറ്റ് വംശീയ വിഭാഗങ്ങളുമാണ് മൂന്നാം ഗ്രൂപ്പിലുള്ളത്. ഭാസാ ഇന്തോനേഷ്യയാണ് ഔദ്യോഗികഭാഷ. വേറെ ഇരുന്നൂറ്റിയമ്പത് ഭാഷകള്‍ കൂടി ഈ ദ്വീപസമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്. മതവിശ്വാസികളില്‍ എണ്‍പത് ശതമാനത്തിലധികം മുസ്ലീങ്ങളാണ്.
ഹിന്ദു-ബുദ്ധമതങ്ങളാണ് മറ്റുപ്രധാന മതങ്ങള്‍. മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണെങ്കിലും ഹിന്ദുമതത്തിന്റെ സ്വാധീനം വ്യാപകമാണ് ഇന്തോനേഷ്യയില്‍. ബാലിദ്വീപിലാണ് ഈ സ്വാധീനം വളരെ സ്പഷ്ടമായി കാണാവുന്നത്. ഇന്തോനേഷ്യന്‍ കറന്‍സി രുപ്യ ആണ്. എല്ലാ ഇന്തോനേഷ്യന്‍ പേരുകളിലും ഇന്ത്യന്‍ സ്വാധീനം സുവ്യക്തമാണ്. സുകാര്‍ണോ എന്നാല്‍ സുകര്‍ണന്‍ എന്നതിന്റെ ഒരു പാഠഭേദമാണ്. പത്മാവതി, ലക്ഷ്മി, മേഘാവതി എന്നൊക്കെ ഇന്തോനേഷ്യന്‍ മുസ്ലീങ്ങള്‍ പേരിടുന്നത് പരിഷ്കാരമായിട്ടല്ല, അവരുടെ സംസ്കൃതിയുടെ ഭാഗമെന്നനിലയിലാണ്. പത്ത് ശതമാനം ഭൂമിമാത്രമാണ് കൃഷിയോഗ്യമായിട്ടുള്ളത്. അരിയാണ് പ്രധാന കാര്ഷികോല്പന്നം. ഉഷ്ണമേഖലാ വൃഷ്ടിദേശങ്ങളോ, അഗ്നിപര്വതദേശങ്ങളോ ആണ് ദ്വീപുകളില്‍ മിക്കവയും. ചീനയുമായി ഒന്നാം നൂറ്റാണ്ട് മുതല്‍ വാണിജ്യബന്ധമുള്ള പ്രദേശമാണ് ഇത്. ഇന്ത്യയില്‍നിന്ന് ചോളരാജാക്കന്മാരും മറ്റും വളരെ മുമ്പ് തന്നെ സുമാത്ര, ശ്രീവിജയ തുടങ്ങിയ ഇന്തോനേഷ്യന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതിന് ചരിത്രരേഖകളുണ്ട്. ഇന്ത്യന്‍ കച്ചവടക്കാരിലൂടെയാണത്രേ ഇന്തോനേഷ്യയില്‍ ഇസ്ലാം പ്രചരിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലാണിതാരംഭിക്കുന്നത്. ക്രമേണ ഇസ്ലാം വ്യപകമായി പ്രചരിക്കുകയും ഇപ്പോള്‍ രാജ്യത്തിന്റെ ഔദ്യോഗികമതമായിത്തീരുകയും ചെയതു. ലോകത്തില്‍ ഏറ്റവുമധികം മുസ്ലീം ജനജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. പതിനാറാം നൂറ്റാണ്ടിലാണ് യൂറോപ്യന്‍ അധിനിവേശം ആരംഭിക്കുന്നത്. പതിനേഴാം ശതകം മുതല്‍ 1942വരെ ഡച്ച് ആധിപത്യമായിരുന്നു. ആ വര്‍ഷം ജാപ്പനീസ് ആക്രമണമുണ്ടായി. 1945ല്‍ സുകാര്‍ണോ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ഘാതകന്മാരുടെ വാഴ്ച
ചരിത്രത്തില്‍ ഘാതകന്മാരുടെ പട്ടികയിലാണ് സുഹാര്‍തോവിന്റെ സ്ഥാനം. മറ്റെല്ലാ ഘാതകന്മാരെയും പോലെ സങ്കുചിതദേശീയതയായിരുന്നു അയാളുടേയും ആയുധം. സോഷ്യലിസത്തോടും, തൊഴിലാളിവര്‍ഗത്തോടുമുള്ള വിരോധം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വ്യാജപ്രചാരവേല, പട്ടാളശക്തിയിലുള്ള അമിതമായ വിശ്വാസം, കടുത്ത വര്‍ഗീയത, വംശീയവികാരം ആളിക്കത്തിക്കല്‍ തുടങ്ങി ലോകത്തെങ്ങും ഫാസിസ്റ്റുകള്‍ ഉപയോഗിക്കാറുള്ള എല്ലാ ഹീനതകളും ഘാതകന്മാരില്‍ അധമനായ ഈ ഏകാധിപതിയും ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ കേവലം പ്രഹസനമാക്കി മാറ്റുകയും ഇതുവഴി ജനാധിപത്യമെന്ന മഹനീയമായ ആശയത്തെ വികൃതമാക്കുകയും ചെയ്തു. ഈ ഹീനതകള്ക്കെ ല്ലാം അയാള്‍ക്ക് കൂട്ട് നിന്നത്, ജനാധിപത്യത്തിന്റെ പേരില്‍ വാതോരാതെ സംസാരിക്കുകയും, മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഐക്യനാടുകളും.
2008 ജനുവരി 27ന് സുഹാര്‍തോ മരിച്ചപ്പോള്‍ ലോകത്തിലെ കുപ്രസിദ്ധരായ ഘാതകന്മാരിലൊരാളാണ് മരിച്ചത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുതല്‍, ലോകത്തിലെ ഏറ്റവും വലിയ സര്‍ച്ച് മെഷീനുകള്‍വരെ ഇയാളെ ഏറ്റവും വലിയ ഘാതകന്മാരുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. ഹിറ്റ്ലറുടെ, മുസ്സോളിനിയുടെ, ഫ്രാങ്കോവിന്റെ, ഈദി അമീന്റെ, ഫെര്‍ഡിനാഡ് മാര്‍ക്കോസിന്റെ, അനേകം അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ കൂട്ടത്തില്‍ സുഹാര്‍തോവിന് വലിയ സ്ഥാനം നല്‍കിയിട്ടുണ്ട്. പക്ഷേ, ഇത്, ഏതെങ്കിലും സൃഷ്ട്യുന്മുഖമായ പ്രവര്‍ത്തനത്തിന്റെ പേരിലല്ല, ഹീനമായ മനുഷ്യപാതകങ്ങളുടെ പേരിലാണ്. സുഹാര്‍തോ മരിച്ചപ്പോള്‍, അയാളുടെ പേരില്‍ കണ്ണീരൊഴുക്കുകയാണ് അമേരിക്ക ചെയ്തത്. അയാള്‍ ജീവിച്ചിരിക്കുമ്പോഴാവട്ടെ, മരണമടഞ്ഞപ്പോഴാവട്ടെ, ഒരിക്കലെങ്കിലും അയാളുടെ കിരാതപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ ചെറുവിരലനക്കിയിട്ടില്ല.
വാഷിങ്ടണ്‍ ഇന്തോനേഷ്യയില്‍ ഫലപ്രദമായി ഇടപെട്ടത് 1998 ല്‍ മാത്രമാണ്. അന്നാവട്ടെ അമേരിക്കയുടെ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ആയിരുന്നു. ക്ലിന്ണ് സുഹാര്തോവിനോട് ഫോണ്‍ മുഖേന ആവശ്യപ്പെട്ടത് ഐ എം എഫിന്റെ നിബന്ധനകള്‍ പരിപൂര്‍ണമായി നടപ്പാക്കണമെന്നത്രേ. സുഹാര്‍തോ എപ്പോഴും ചെയ്തുകൊണ്ടിരുന്നത് അതായിരുന്നു. സാമ്രാജ്യത്വത്തിന് വഴങ്ങി, സ്വന്തം സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും സാമ്രാജ്യാനുകൂലവും സ്വകാര്യമൂലധനത്തിന്റെ ദാസ്യവേലചെയ്യുന്നതുമാക്കിത്തീര്ക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കുകയായിരുന്നു. സുകാര്‍ണോവിന്റെ കാലത്തെ നാമമാത്രമായ സാമൂഹ്യനീതിപോലും അയാള്‍ ഇല്ലായ്മ ചെയ്തു. സുഹാര്‍തോവിന്റെ പതനം ആസന്നമാണെന്ന് യു എസ് ചാരവലയത്തിന് പൂര്‍ണമായ അറിവുണ്ടായിരുന്ന കാലത്തുപോലും, മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന നയങ്ങള്‍ തിരുത്തണമെന്ന് ഒരു പാശ്ചാത്യ ശക്തിയും അയാളോട് ആവശ്യപ്പെട്ടില്ല. തനിക്കാവുന്നിടത്തോളം അയാള്‍ ഇന്തോനേഷ്യന്‍ ജനതയെ നശിപ്പിച്ചു. 1965ലെ കൂട്ടക്കൊലകളിലും, 1969ല്‍ പശ്ചിമ പാപുവ പിടിച്ചടക്കുന്നതിലും 1975 ല്‍ കിഴക്കന്‍ തിമോറിനെ ആക്രമിക്കുന്നതിലും 1983-84 ലെ ദുരൂഹകൊലപാതകങ്ങളിലുമെല്ലാം അമേരിക്കന്‍ ഭരണകൂടവും ലോകസാമ്രാജ്യശക്തികളും സുഹാര്തോവിനോടൊപ്പം നിന്നു. അപ്പോഴൊക്കെ സ്വാതന്ത്യപ്രഖ്യാപനരേഖയിലൂടെ സ്ഥാപിതമായ അമേരിക്കന്ജനാധിപത്യം അയാളുടെ ഇഷ്ടതോഴനും സുഹൃത്തുമായി നിലകൊണ്ടു.
എന്താണ് ഇതിന് കാരണം? ഈ മനുഷ്യാധമന്റെ ഹീനതയുടെ ആഴവും പരപ്പും അറിയുന്നതിന് അയാളുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്. ഏകാധിപതികള്‍ എങ്ങനെ ഉണ്ടാവുന്നുവെന്ന്, സാമ്രാജ്യത്വം അതിനെ എങ്ങനെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിന് ഇതാവശ്യമാണ്.
യുദ്ധാവസ്ഥയുടെ സൌകര്യം
മധ്യജാവയിലെ ഒരു ഗ്രാമത്തില്‍ 1921 ജൂണ്‍ 8നാണ് സുഹാര്‍തോ ജനിക്കുന്നത്. ജനനം കര്ഷകകുടുംബത്തിലായിരുന്നുവെങ്കിലും താരതമ്യേന നല്ല വിദ്യാഭ്യാസമാണ് അയാള്‍ക്ക് ലഭിച്ചത്. എന്നാല്‍ അയാളുടെ കുട്ടിക്കാലം ദുരൂഹവും വൈഷമ്യങ്ങള്‍ നിറഞ്ഞതുമായിരുന്നുവെന്ന് , വിവരണങ്ങള്‍ കാണിക്കുന്നു. അമ്മയുടെ പേര് സുകിരേ, അച്ഛന് കെര്തോ സുധീരോ. അവര്‍ പിണങ്ങിപ്പിരിഞ്ഞിരുന്നുവെന്ന് ചിലവിവരണങ്ങള് പറയുമ്പോള്‍ സുകിരോവില് സുധീരോവിനുണ്ടായ അവിഹിതസന്താനമാണ് സുഹാര്തോവെന്ന് മറ്റു ചില വിവരണങ്ങള്‍ പറയുന്നു. തന്തയില്ലാത്തവനെന്ന് കാണിക്കാനൊന്നുമായിരുന്നില്ല, അത്. രാഷ്ട്രീയത്തില്‍ ഒട്ടും താല്പര്യമില്ലാതെയാണ് സുഹാര്‍തോ വളര്‍ന്നുവന്നത്. കോളണിവിരുദ്ധസമരത്തിലോ, ദേശീയവിമോചനത്തിലോ തെല്ലും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല, സുഹാര്‍തോ. സമകാലികനായ സുകാര്ണോവാകട്ടേ, ചെറുപ്പത്തിലേ ദേശീയബോധത്താല്‍ ആവേശഭരിതനായിരുന്നു. സുഹാര്‍തോവിന് ഡച്ച് തുടങ്ങിയ കോളണി മേധാവികളുടെ ഭാഷയും അറിയില്ലായിരുന്നു. 1940ല്‍ ഡച്ച് സൈന്യത്തില്‍ (റോയല്‍ നെതര്‍ലാന്‍ഡ്സ് ഈസ്റ്റിന്‍ഡീസ് ആര്‍മി) ചേര്‍ന്നതിനെ തുടര്‍ന്ന് സുഹാര്‍തോ ഡച്ച് ഭാഷ പഠിച്ചു. കുറച്ച് കാലം ഒരു ബാങ്കില്‍ ജോലി ചെയ്തതിന് ശേഷമാണ് അയാള്‍ സൈന്യത്തില്‍ ചേര്‍ന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി കൂടുതല്‍ സൈനികരെ ആവശ്യമായി വന്ന പശ്ചാത്തലത്തില്‍ സുഹാര്‍തോവിന് സൈന്യത്തില്‍ ഉയരാന്‍ സാധിച്ചു. ഡച്ച് സൈനികവിദ്യാഭ്യാസം നേടാനും നെതര്‍ലാന്‍ഡ്സ് അധികാരികളെ പ്രീണിപ്പിക്കാനും അയാള്‍ക്ക് കഴിഞ്ഞു. ഇന്തോനേഷ്യക്കെതിരായി ജാപ്പനീസ് ഭീഷണി നിലനിന്നിരുന്നതിനാല്‍ പരമാവധി ദേശീയയൌവനത്തെ തങ്ങളുടെ സാമ്രാജ്യാജ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയെന്ന ഡച്ച് നയത്തിന്റെ ഗുണഫലങ്ങള്‍ അറിയാതെ സുഹാര്‍തോവിനെ വാര്‍ത്തെടുക്കുകയായിരുന്നു.
ക്രമേണ അയാള്‍ സൈന്യത്തിലുയര്ന്നു വന്നു. സ്വന്തമായ ഏതെങ്കിലും പ്രതിഭയുടെ ഫലമൊന്നുമായിരുന്നില്ല, യുദ്ധാവസ്ഥയുടെ സൌകര്യം മാത്രമായിരുന്നു സുഹാര്‍തോവിനെ വാര്‍ത്തെടുത്തത്. ഡച്ച് സൈന്യത്തില്‍ സാര്ജന്റായിരുന്ന സുഹാര്‍തോ, ഡച്ച് സൈന്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജാപ്പനീസ് പക്ഷത്ത് ചേരുകയും, ജാപ്പ് പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി നേടുകയും ചെയ്തു. പിന്നീടയാള്‍ ജാപ്പനുകൂല മിലിഷ്യയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇന്തോനേഷ്യന്‍ യുവാക്കളില്‍ ഡച്ച് വിരുദ്ധദേശീയവികാരം സൃഷ്ടിക്കുന്നതിനാണ് ഈ മിലിഷ്യ പ്രാധാന്യം നല്‍കിയിരുന്നത്. ഈ ഡച്ച് വിരുദ്ധദേശീയവികാരം ജാപ്പനുകൂലമായിരിക്കാന് അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ പരിശീലനത്തില്‍നിന്നാണ് ദേശീയസൈനികപ്രത്യയ ശാസ്ത്രം സുഹാര്തോവില് രൂപപ്പെടുന്നതെന്ന് അയാളുടെ ജീവചരിത്ര രചയിതാക്കള്‍ അഭിപ്രായപ്പെടുന്നു. കടുത്ത പരിശീലനത്തിലൂടെ വളരെ കടുത്ത സൈനിക മനോഭാവം യുവാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ജാപ്പ് പരിശീലകര്‍ക്ക് കഴിഞ്ഞു. സുഹാര്‍തോ അവരുടെ ഒരു വാര്‍പ്പ് മാതൃകയായിരുന്നു. ചിരിച്ചുകൊണ്ട് കൊല്ലുന്ന മാതൃക.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന് പരാജയപ്പെട്ടു. ഇത് ദേശീയവാദികള്‍ക്ക് അനുകൂലമായ അവസരം പ്രദാനം ചെയ്തു. ദേശീയവിമോചനത്തിന് വേണ്ടി ഡച്ചുകാര്‍ക്കും പിന്നീട് ജാപ്പ് മേധാവിത്വത്തിനും എതിരെ പോരാടിയ സുകാര്‍ണോവിനും മുഹമ്മദ് ഹത്തയ്ക്കും നല്ലൊരവസരമായിരുന്നു ഇത്. അവര്‍ ഇന്തോനേഷ്യയുടെ പൂര്‍ണസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇന്തോനേഷ്യന്‍ ദേശീയവിപ്ലവം ആരംഭിച്ചതായി അവര്‍ അറിയിച്ചു. സുകാര്‍ണോവിന്റെ പഞ്ചശീലതത്വങ്ങളിലധിഷ്ഠിതമായ ഒരു ഇന്തോനേഷ്യന്‍ റിപബ്ലിക്ക് രൂപീകൃതമായി. ദേശീയ ഐക്യം, സ്വതന്ത്ര പരമാധികാര റിപബ്ലിക്കുകളുടെ സമുച്ചയത്തില്‍ ഒന്ന് എന്ന വിശ്വാസത്തിലധിഷ്ഠിതമായ സാര്വദേശീയബോധം, പ്രാതിനിധ്യ ജനാധിപത്യം, സാമൂഹികനീതി (മാര്‍ക്സിസത്തിന്റെ സ്വാധീനമാണിവിടെ കാണുന്നത്), സെക്യൂലറിസത്തിലധിഷ്ഠിതമായ ആസ്തികത എന്നിവയായിരുന്നു പഞ്ചശീലതത്വങ്ങള്‍. പക്ഷേ, സ്വതന്ത്ര ഇന്തോനേഷ്യയെ ലോകം അംഗീകരിക്കുന്നതിന് സൈനിക നടപടി ആവശ്യമായി വന്നു. ഇവിടെയും അവസരം സുഹാര്‍തോവിനെ തേടിയെത്തുകയായിരുന്നു. സൈനിക കുതന്ത്രങ്ങളില്‍ പരിശീലനം നേടിയിരുന്ന സുഹാര്‍തോ ഈ അവസരം ശരിക്കും മുതലാക്കി. ജാപ്പ് സൈന്യത്തെ തുടച്ചു നീക്കുന്നതിനും സംഘര്‍ഷത്തിനിടയില്‍ ദ്വീപസമൂഹത്തിലെ അവശേഷിച്ച സ്വത്ത് കൈവശപ്പെടുത്താനുള്ള ഡച്ച് ശ്രമങ്ങളേ പരാജയപ്പെടുത്തുന്നതിനും ദേശീയപ്രസ്ഥാനത്തിന്റെ സഹായത്തോടെ സൈന്യത്തിന് കഴിഞ്ഞു. ഇതില്‍ പങ്കെടുത്തതിനാല്‍, ഇന്തോനേഷ്യന്‍ വിപ്ലവസൈന്യത്തില് (People's Security Body - BKR) ഉമര്സലാമത്തിന്റെ ഡെപ്യൂട്ടിയായി സുഹാര്‍തോവിന് നിയമനം ലഭിച്ചു. ശിഥിലമായ ദേശീയ സൈനികഘടകങ്ങളെ സംയോജിപ്പിക്കുന്നതിന്, ഇതിനകം തനിക്ക് ലഭിച്ച സൈനികാനുഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സുഹാര്‍തോവിന് കഴിഞ്ഞു. ഈ സേവനങ്ങള്‍ പരിഗണിച്ച് അയാളെ പത്താം ബറ്റാലിയന്റെ മേജറായി സ്ഥാനക്കയറ്റം നല്കി നിയമിച്ചു.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. പഴയ സ്ഥിതിഗതികളിലേക്ക് ലോകം തിരിച്ചുപോവണമെന്ന നിശ്ചയം (status quo ante bellum) ഡച്ചുകാര്‍ ദുരുപയോഗപ്പെടുത്താന്ശ്രമിച്ചു. ഇന്തോനേഷ്യ വീണ്ടും ഡച്ച് വരുതിയിലാക്കാനുള്ള ശ്രമത്തിനെതിരെ ദേശീയപ്രസ്ഥാനം ശക്തമായ നിലപാടെടുത്തു. ഇത് ഡച്ച് സൈന്യവും ഇന്തോനേഷ്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലെത്തുകയും ഈ ഏറ്റുമുട്ടലില്‍ സുഹാര്‍തോവിന് വലിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. 1946 മെയ് 17ന് നടന്ന വലിയ ഒരു ഡച്ച് മുന്നേറ്റത്തെ തടയാന്‍ സുഹാര്‍തോവിന് കഴിഞ്ഞു; ഇത് വഴി സ്വന്തം സൈന്യാധിപനായ സുനാര്‍തോ കുസുമോദിര്ജോവിന്റെ പ്രീതി നേടിയെടുത്തു. സുനാര്‍തോ അയാളെ ദേശീയസൈ നികഘടനയുടെ രൂപരേഖകള്‍ എഴുതിയുണ്ടാക്കാന്‍ ചുമതലപ്പെടുത്തി. അവസരങ്ങള്‍ മുതലെടുക്കാനുള്ള സുഹാര്‍തോവിന്റെ ശ്രമങ്ങള്‍തുടര്‍ന്നു. ഈ ഘട്ടത്തില്‍ അവീന്‍ കള്ളക്കടത്തുകാരുമായി സുഹാര്‍തോ ബന്ധപ്പെട്ടിരുന്നതായി ചില വിവരണങ്ങള്‍ പറയുന്നുണ്ട്.
1947-ല്‍ ഇന്തോനേഷ്യ പിടിച്ചടക്കുന്നതിന് ഡച്ചുകാര്‍ വീണ്ടും ശ്രമിച്ചു.1948-ല്‍ ഇന്തോനേഷ്യന്‍ സൈന്യം സമ്പൂര്‍ണമായി പരാജയപ്പെടുകയും ദേശീയ നേതാക്കളായ സുകാര്ണോവും ഹത്തയും മറ്റും ഡച്ചുകാരുടെ തടവിലാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഗറില്ലായുദ്ധമുറകള്‍ ഒരളവോളം ഇന്തോനേഷ്യന്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായകമായി. ദേശീയ നേതൃത്വത്തിന്റെ നിര്‍ണായകമായ പിന്തുണയില്ലാതെ ഗറില്ലാ സമരം നടക്കുകയില്ലായിരുന്നു. ഇത് ജനങ്ങളില്‍ ഡച്ച് വിരുദ്ധപ്രതിരോധത്തിനുള്ള ആവേശം സൃഷ്ടിച്ചു. ഓരോ നടപടിയും തന്റെ യശസ്സുയര്ത്തുവാനുള്ള ഉപാധിയാക്കുന്നതില്‍ സുഹാര്‍തോ വിജയിച്ചു. ഐക്യരാഷ്ട്രസഭ ഇടപെട്ടതിനെ തുടര്‍ന്ന് ഡച്ചുകാര്‍ സംഭാഷണത്തിന് സന്നദ്ധമാവുകയും സംഭാഷണങ്ങല്‍ ആരംഭിക്കുകയും ചെയ്തതോടെ സുഹാര്‍തോ സമാധാനസംഭാഷണങ്ങളില്‍ താല്പര്യമെടുക്കാന് തുടങ്ങി. പക്ഷേ, സുഹാര്‍തോവിന്റെ മനസ്സിലിരിപ്പനുസരിച്ചുള്ള തീരുമാനമല്ല സമാധാന സംഭാഷണത്തിന്റെ ഫലമായുണ്ടായത്.
സ്വതന്ത്ര ഇന്തോനേഷ്യ
ഏതായാലും 1950-മുതല്‍ സുക്കാര്‍ണോവിന്റെ കീഴില്‍ സേവനം നടത്താന്‍ സുഹാര്‍തോ തീരുമാനിച്ചു. സുകാര്‍ണോവിന്റെ ഭരണത്തെ എല്ലാ ഇന്തോനേഷ്യന്‍ ജനവിഭാഗങ്ങളും അംഗീകരിച്ചിരുന്നില്ല. വിവിധ ദേശീയതകളും ജനവിഭാഗങ്ങളും ഇടകലര്‍ന്ന ഇന്തോനേഷ്യയില്‍ ഏതെങ്കിലുമൊരു ദേശീയവിഭാഗത്തില്പെട്ട ഒരു നേതാവിന് അംഗീകാരം ലഭിക്കുക എളുപ്പമല്ല. അനേകം കലാപങ്ങളുണ്ടായി. കേണല്‍ ആണ്ടി അസീസ് എന്ന സൈനികന്റെ നേതൃത്വത്തില്‍ നടന്ന കലാപം വളരെ ശക്തമായിരുന്നു. ഈ കലാപം അടിച്ചമര്‍ത്തുന്നതിന് നിയോഗിക്കപെട്ട സുഹാര്‍തോ പിന്നീട് തന്റെ വിശ്വസ്താനുയായിയായി മാറിയ ബി ജെ ഹബീബിയുമായി പരിചയപ്പെട്ടു. ഹബീബി സുഹാര്‍തോവിന്റെ കീഴില്‍ വൈസ് പ്രസിഡന്റും സുഹാര്‍തോവിന്റെ പതനത്തിന് ശേഷം പ്രസിഡന്റുമായിരുന്നിട്ടുണ്ട്. മറ്റുകലാപങ്ങളെ നേരിടാനും സുഹാര്‍തോ നിയോഗിക്കപ്പെട്ടു. 1954നും 1959നും ഇടയില്‍ ബ്രിഗേഡിയര്‍ ജനറല്‍ സുഹാര്‍തോ രാജ്യത്തെ ഏറ്റവും പ്രധാനസൈനികവിഭാഗമായ ദീപോനിഗേറോ കമാന്‍ഡിന്റെ തലവനായി പ്രവര്‍ത്തിച്ചു. മധ്യജാവ, യോഗ്യകര്‍ത്താ പ്രവിശ്യകളുടെ ചുമതലയാണ് ഈ സൈനികവിഭാഗത്തിനുണ്ടായിരുന്നത്. ഈ കാലത്ത് അയാള്‍ മധ്യജാവയിലെ പ്രമുഖ വാണിജ്യകുടുംബങ്ങളായ ലീം സിയോ ലിയോങ്ങ്, ബോവ് ഹസന് തുടങ്ങിയവയുമായി പരിചയം നേടുകയും അനവധി വാണിജ്യസംരംഭങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. 1959ല്‍ സുഹാര്‍തോവിന്റെ പേരില്‍ കള്ളക്കടത്തു കുറ്റം ആരോപിക്കപ്പെട്ടു. എന്നാല്‍ ജനറല്‍ സുബ്രതോ എന്ന സര്‍വ സൈന്യാധിപന് സുഹാര്‍തോവിന്റെ രക്ഷയ്ക്കെത്തി. അയാളെ പട്ടാളക്കോടതിയുടെ വിചാരണയ്ക്ക് വിധേയമാക്കുന്നതിന് പകരം പടിഞ്ഞാറന്‍ ജാവയിലെ ബാന്ദൂങ്ങിലുള്ള സൈനികവിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റി. എല്ലാ ഏകാധിപതികളെയും പോലെ അയാളും കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ശിക്ഷകളില്‍നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
1962-ല്‍ ഇയാള്‍ക്ക് മേജര്‍ ജനറലായി സ്ഥാനക്കയറ്റം കിട്ടി. തുടര്‍ന്ന് അയാള്‍ സുപ്രധാനമായ മാന്റലാ കമാന്‍ഡിന്റെ അധിപതിയായി. എല്ലാ സൈനിക വിഭാഗങ്ങളുടെയും സംയുക്തമായ ആസ്ഥാനമായിരുന്നു ഇയാളുടെ വരുതിയിലായത്. ഈ അധികാരത്തോടെ നെതര്‍ലാന്റിന്റെ കൈവശമായിരുന്ന നെതര്‍ലാന്റ്സ് ന്യൂഗിനിയയിലേക്ക് (പാപ്പുവാപ്രദേശം) ഈ സൈനികവിഭാഗം ആക്രമണം സംഘടിപ്പിച്ചു. ഈ പ്രദേശം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്വന്തമായ പതാക പറപ്പിക്കുകയും ചെയ്തതിനുള്ള ശിക്ഷയായിരുന്നു ഇത്. ഇതിന് അമേരിക്കന്‍ സഹായവും ലഭിച്ചു. ഇന്തോനേഷ്യ സോവിയറ്റ് പാളയത്തിലേക്ക് പോവാതിരിക്കുന്നതിനുള്ള മുന്‍ കരുതലെന്ന നിലയിലാണ് അമേരിക്ക ഇന്തോനേഷ്യയെ സഹായിച്ചത്. അമേരിക്കയുടെ നയതന്ത്ര ഇടപെടലുകളുടെ ഫലമായി നെതര്‍ലാന്റ്സ് ന്യൂ ഗിനിയ ഇന്തോനേഷ്യയുമായി ചേര്‍ക്കപെട്ടു. ഈ വിജയത്തോടെ സുഹാര്‍തോ മര്‍മപ്രധാനമായ കോസ്ട്രാഡിന്റെ തലവനായി നിയമിതനായി. ജക്കാര്‍ത്ത ആസ്ഥാനമായ ഒരു സൈനികവിഭാഗമായിരുന്നു ഇത്.
സൈന്യത്തിലെ വിള്ളലുകള്‍
ഇതിനിടയില്‍ ഇന്തോനേഷ്യന്‍ സൈന്യത്തില്‍ വിള്ളലുകളുണ്ടായി. സൈന്യം ഇടതുപക്ഷമായും വലതുപക്ഷമായും വേര്‍പിരിഞ്ഞു. സ്വാഭാവികമായും സുഹാര്‍തോ വലതുപക്ഷ ക്യാമ്പിലായിരുന്നു.രാജ്യം കമ്യൂണിസ്റ്റുകാരുടെ വരുതിയിലാവുന്നുവെന്ന ആരോപണം വ്യാപകമായി വരികയായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ കാരണം, ദൃഢമായ തീരുമാനങ്ങളെടുക്കാന്‍ സുകാര്‍ണോ പ്രേരിതനായി . മാത്രമല്ല, ഇതിനിടയില്‍ പാശ്ചാത്യ നയതന്ത്രജ്ഞരും മാധ്യമങ്ങളും സുകാര്‍ണോവിനെ ഏകാധിപതിയായി വിശേഷിപ്പിക്കാന്‍ തുടങ്ങിയിരുന്നു. 1962 ജൂലായില്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റായ മജലിസീ രഖ്യാഥ് സുകാര്‍ണോവിനെ ആജീവനാന്ത പ്രസിഡന്റായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പിന്തുണയോടെ ഇന്തോനേഷ്യന്‍ താല്പര്യങ്ങള്ക്കെതിരായ മലേഷ്യന്‍ ഫെഡറേഷനുണ്ടാക്കാനുള്ള നീക്കത്തെ സുക്കാര്‍ണോ പ്രതിരോധിച്ചു. അമേരിക്കയുള്‍പ്പെടെ പാശ്ചാത്യശക്തികള്‍ തന്റെ പരിഷ്കാര നടപടികള്‍ക്കെതിരായി നീങ്ങുകയാണെന്ന് മനസ്സിലാക്കിയ സുകാര്‍ണോ സ്വാഭാവികമായും ഇടതുപക്ഷ വിഭാഗങ്ങളുടെ പിന്തുണനേടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പഞ്ചശീലങ്ങളിലെ സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള ചിലനടപടികള്‍ കൈക്കൊള്ളാന്‍ തുടങ്ങി. ഇത് കമ്യൂണിസ്റ്റ് പക്ഷപാതമായി ആരോപിക്കപ്പെട്ടു. സാമാന്യം വലിയ ഒരു കമ്യൂണിസ്റ്റ് പാര്‍ടിയാണ് ഇന്തോനേഷ്യയിലുണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് 1965 സപ്തംബര്‍ 30ന് ആറ് വലതുപക്ഷ സൈനികര്‍ വധിക്കപ്പെട്ടത്. കിഴക്കന്‍ ജക്കാര്‍ത്തയിലെ ലുബാങ് ബുവായ എന്ന പ്രദേശത്താണ് ഈ കൊല നടന്നത്. ഇത് കമ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഫലമാണെന്നും കമ്യൂണിസ്റ്റുകാരെ വെച്ചുപൊറുപ്പിക്കരുതെന്നും ആക്രോശിക്കപ്പെട്ടു.
മനുഷ്യക്കുരുതി
പിന്നീട് സുഹാര്‍തോവിന്റെ ഊഴമായിരുന്നു. അയാള്‍ സൈനികരെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എതിരെ വേട്ട നായ്ക്കളെപ്പോലെ അഴിച്ചു വിട്ടു. കമ്യൂണിസ്റ്റുകാരെ കൊല്ലാന്‍ തയാറുള്ള എല്ലാ സംഘങ്ങള്‍ക്കും എല്ലാ വിധപ്രോത്സാഹനങ്ങളും സൈന്യത്തിന്റെ ഭാഗത്തുനിന്ന് കിട്ടി. സുമാത്ര, ബാലി, കിഴക്കന്‍ ജാവ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് കൂട്ടക്കൊലനടന്നത്. കമ്യൂണിസ്റ്റുകളെ കശാപ്പ് ചെയ്യാന്‍ മുസ്ലീങ്ങളോടാഹ്വാനം ചെയ്തു. ബാലിയിലെ ഹിന്ദുക്കളെയും അയാള്‍ ആക്രമണോത്സുകരാക്കി. 1966 ആയപ്പോഴേക്ക് അഞ്ച് ലക്ഷം ഇന്തോനേഷ്യക്കാര്‍ കൊലയ്ക്കിരയായെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കന്‍ ചാരസംഘടനയും ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധപ്രവര്‍ത്തനങ്ങളുടെ ആസൂത്രകരുമായ സി ഐ എ പറയുന്നത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ മനുഷ്യക്കശാപ്പുകളിലൊന്നാണിതെന്നാണ്. 1990-ല്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഇത്രകൂടി പ്രഖ്യാപിച്ചു, തങ്ങള്‍ അയ്യായിരത്തിലധികം കമ്യൂണിസ്റ്റ് പാര്‍ടിപ്രവര്‍ത്തകരുടെ പട്ടിക കമ്യൂണിസ്റ്റ് വിരുദ്ധ കലാപകാരികള്‍ക്ക് നല്‍കിയിരുന്നു. ജക്കാര്‍ത്തയിലെ അമേരിക്കന്‍ എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്ന റോബര്‍ട് മാര്ടിനാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
അമേരിക്ക തന്നെയായിരുന്നു ഈ ആക്രമണങ്ങള്‍ക്ക് പിറകിലും. 1965ല്‍ അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗത്തിലെ ഇന്തോനേഷ്യന്‍ വിഭാഗത്തിന്റെ തലവനായിരുന്ന ഹോവാഡ് ഫെണ്ടെസ്പിയല് പറയുന്നതാണിത്. 'കശാപ്പ് ചെയ്യപ്പെടുന്നത് കമ്യൂണിസ്റ്റുകാരായിരിക്കുവോളം ആരും ഒന്നും ശ്രദ്ധിച്ചില്ല. ആര്‍ക്കും ഒരു വേവലാതിയുമുണ്ടായിരുന്നില്ല.'
സുഹാര്തോവാണിത് സംഘടിപ്പിച്ചുകൊടുത്തതെന്ന് വിശ്വസിക്കാനൊരുപാട് കാരണങ്ങളുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്കന്‍ നേതാക്കള്‍തന്നെ പറയുന്നു. ഏതായാലും തന്റെ നിലയുറപ്പിക്കുന്നതിനുവേണ്ടി ഈ അവസരം അയാള്‍ പൂര്‍ണമായി ഉപയോഗിച്ചു. 1966 മാര്‍ച്ച് 11-ന് അയാള്‍ നിയമസമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏല്പിച്ചുകൊണ്ടുള്ള ഉത്തരവ് കൈക്കലാക്കുന്നു. ഈ ഉത്തരവാദിത്തം ലഭിച്ചതോടെ അയാള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് നിരോധനമേര്‍പ്പെടുത്തി. സുകാര്‍ണോവിനോട് വിശ്വസ്തത പുലര്‍ത്തിയിരുന്ന അനേകം ഉദ്യോഗസ്ഥരെ തടവിലാക്കി. കമ്യൂണിസ്റ്റനുഭാവം ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതുവഴി സുകാര്‍ണോവിന്റെ അധികാരങ്ങള്‍ കുറച്ചുകൊണ്ടുവരികയായിരുന്നു സുഹാര്‍തോവിന്റെ ലക്ഷ്യം.
കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായ നടപടിയെന്ന പേരില്‍ 1965 - 66 ല്‍ ഇന്തോനേഷ്യയില്‍ നടന്നത്. നിരായുധരും നിസ്സഹായരുമായ ജനങ്ങള്‍ക്കെതിരായ ആകസ്മികമായ കടന്നാക്രമണമായിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ അഞ്ചുലക്ഷത്തിലധികം പേരാണ് കൊലചെയ്യപ്പെട്ടത്. ജനങ്ങള്‍ക്ക് സ്വാഭാവികമായ രീതിയില്‍പോലും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. പോള്‍പോട്ടിന്റെ കശാപ്പുകളോ, ഫ്രഞ്ച് ഹ്യൂഗുനോട്ടുകള് ( ഫ്രാന്‍സിലെ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവവിഭാഗക്കാര്‍)ക്കെതിരെ പതിനാറാം നൂറ്റാണ്ടില്‍ നടന്ന കുരുതികളോ ഏതാണ് ഇത്രയും ക്രൂരമായിരുന്നത് എന്നന്വേഷിക്കാന്‍ പോലും കഴിയാത്തവണ്ണം ഹീനമായിരുന്നു അത്. ഹിറ്റ്ലറോ മുസ്സോളിനിയോ സുഹാര്തോവോ ആരാണ് കേമന്‍ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായ നടപടി പിന്നീട് ചീനക്കാര്‍ക്കും കിഴക്കന്തിമോറിലെ ക്രിസ്ത്യാനികള്‍ക്കും ബാലിയിലെ ഹിന്ദുക്കള്‍ക്കും എല്ലാം എതിരായി സുഹാര്‍തോ പ്രയോഗിച്ചു. കൊല്ലാന്‍ തയാറുള്ള എല്ലാവരെയും പ്രോത്സാഹിപ്പിച്ചുവെന്നതാണ് സുഹാര്‍തോവിന്റെ സവിശേഷത. മനുഷ്യക്കുരുതികള്‍ പരിശീലനം സിദ്ധിച്ച കൊലയാളികള്‍ നടത്തിയതായിരിക്കാനേ നിര്‍വാഹമുള്ളൂ.
കുരുതിക്ക് ശേഷം
പിന്നീട് നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. 1967 മാര്‍ച്ച്- 12ന് സുകാര്‍ണോവിന്റെ പ്രസിഡന്റ് പദവി എടുത്തുകളഞ്ഞു. 1970-ല്‍ അറുപത്തി ഒമ്പതാമത്തെ വയസ്സില്‍ മരിക്കുന്നതുവരെ സുകാര്‍ണോ വീട്ടുതടങ്കലിലായിരുന്നു.
1969-ല്‍ സുഹാര്‍തോ ഔപചാരികമായി പ്രസിഡന്റ് പദവി ഏറ്റെടുത്തു. 1998 വരെ ഏഴ് തവണ അയാള്‍ പ്രസിഡന്റ് പദവിയില്‍ സ്വയം അവരോധിച്ചു. ഓരോ ദിവസവും അയാള്‍ ജനകീയാവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടുള്ള പുതിയ ഉത്തരവുകളുമായി രംഗത്തു വന്നു. 1970-ല്‍ വിദ്യാര്‍ഥി പ്രസ്ഥാനം നിരോധിക്കപ്പെട്ടു.1971 മുതല്‍ ഇന്തോനേഷ്യയിലെ രാഷ്ട്രീയപാര്‍ടികളെ ചുരുക്കിക്കൊണ്ടുവരാനായി അയാളുടെ ശ്രമം. 1973 ആയപ്പോള്‍ തന്റെ ഗോക്കര് പാര്‍ടി, യുനൈറ്റഡ് ഡവലപ്മെന്റ് പാര്‍ടി, ഇന്തോനേഷ്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ടി എന്നീ മൂന്ന് പാര്‍ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തനസ്വാതന്ത്ര്യം പരിമിതപ്പെടുത്തി. പാര്‍ലമെന്റംഗങ്ങളില്‍ 20 ശതമാനത്തെ സുഹാര്‍തോ നേരിട്ട് നിയമിക്കുന്ന നിയമമുണ്ടായി. 1975-ല്‍ കിഴക്കന്തിമോറില് കൂട്ടക്കൊലനടത്തി. ഭരണം കടുത്ത അഴിമതിയുടെ കൂത്തരങ്ങായി മാറി.
എന്താണ് സുഹാര്‍തോവിന്റെ നേട്ടം? അയാള്‍ പാശ്ചാത്യശക്തികളുടെ പരോക്ഷമായ അടിമത്തം സ്വീകരിച്ചു; ചീനയുമായും സോഷ്യലിസ്റ്റ് ശക്തികളുമായുമുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചു. തന്റെ വിദേശകാര്യമന്ത്രിയായ ആദം മാലിക്കിനെ അയാള്‍ അമേരിക്കയിലേക്കും, ഐക്യരാഷ്ട്രസഭയിലേക്കും, മലേഷ്യയിലേക്കും പറഞ്ഞയച്ചുകൊണ്ടിരുന്നു, സോഷ്യലിസ്റ്റ് ലോകവുമായി ബന്ധം മുറിച്ചതിന് പ്രതിഫലം ചോദിക്കാനും, ആസിയാന്‍ എന്ന സൈനികസഖ്യമുണ്ടാക്കാനും. ശരാശരിയില്‍ കവിഞ്ഞ കഴിവുകളുള്ള ആദം മാലിക്ക് മനസ്സോടെയാവുമോ ഈ കാര്യങ്ങള്ചെയ്തിരിക്കുകയെന്നറിയില്ല.
പതനം
1990കളില്‍ പ്രതിഷേധം വീണ്ടും ഉയരാന്‍തുടങ്ങി. 1991-ല്‍ 271 നിരായുധരായ കിഴക്കന്തിമൂറുകാരെ പട്ടാളം അകാരണമായി വെടിവെച്ചുകൊന്നത് ലോകവ്യാപകമായ പ്രതിഷേധത്തിനിടയാക്കി. 1998-ല്‍ കലാപങ്ങല്‍ ആളിപ്പടര്‍ന്നു. 1999-ല്‍ പത്രങ്ങള്‍ സുഹാര്‍തോ കുടുംബത്തിന്റെ സ്വത്ത് 1500 കോടി ഡോളറാണെന്ന വര്‍ത്തമാനം ലോകത്തോട് പറഞ്ഞു. രണ്ടായിരാമാണ്ടില്‍ സുഹാര്‍തോ അഴിമതിക്കുറ്റത്തിന് വീട്ടുതടങ്ങലിലായി. പക്ഷേ, അയാളെ വിചാരണചെയ്യാനായില്ല. അയാളുടെ രക്ഷയ്ക്ക് ഡോക്ടര്‍മാരെത്തി. അയാള്‍ മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുകയാണെന്നും വിചാരണ അസാധ്യമാണെന്നും അവര്‍ വിധിയെഴുതി. ചിലിയന്‍ ഏകാധിപതി പിനോച്ചെയും ഇങ്ങനെയാണ് വിചാരണയില്‍നിന്ന് രക്ഷപ്പെട്ടതെന്നോര്ക്കുക. രണ്ടായിരാമാണ്ട് മുതല്‍ സുഹാര്‍തോ എന്ന ഏകാധിപതിയുടെ താഴ്ചയുടെ വര്‍ഷങ്ങളായിരുന്നു. അയാളുടെ കുടുംബാംഗങ്ങളോരോരുത്തരായി അഴിമതിക്കും കവര്‍ച്ചയ്ക്കും തടവിലായി. ഒടുവില്‍ 2008 ജനുവരി 27ന് അയാള്‍ മരണത്തിന് കീഴടങ്ങി. എല്ലാ ഏകാധിപതികളെയുംപോലെ അയാളും ഏറ്റവും അവഹേളിതനായാണ് മരിച്ചത്. അമേരിക്കയൊഴികെ അധികരാജ്യങ്ങളൊന്നും അയാളുടെ ചരമത്തില്‍ ദുഃഖം പ്രകടിപ്പിച്ചില്ല.
ലൂയി പതിനാലാമനെപ്പറ്റി പറയാറുണ്ട്, അയാള്‍ ആരും കണ്ണീര്‍തൂവാനില്ലാതെ, വിലാപഗാനങ്ങളാലപിക്കാനില്ലാതെ മരണമടഞ്ഞുവെന്ന്, അയാളുടെ മരണത്തില്‍ ആഹ്ലാദിച്ച് ജനങ്ങള്‍ തവെര്ണകളില് (മദ്യശാല) പോയി കുടിച്ചുകൂത്താടിയെന്ന്. അതാണിവിടെയും സംഭവിക്കുന്നത്. നാം കൂടുതല്‍ പരിഷ്കൃതരായതിനാല്‍ അത് ചെയ്യുന്നില്ലെന്ന് മാത്രം.
-സി.പി.അബൂബക്കര്‍, കടപ്പാട്: ദേശാഭിമാനി വാരിക
4 comments:
2008 ജനുവരി 27ന് സുഹാര്‍തോ മരിച്ചപ്പോള്‍ ലോകത്തിലെ കുപ്രസിദ്ധരായ ഘാതകന്മാരിലൊരാളാണ് മരിച്ചത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുതല്‍, ലോകത്തിലെ ഏറ്റവും വലിയ സര്‍ച്ച് മെഷീനുകള്‍വരെ ഇയാളെ ഏറ്റവും വലിയ ഘാതകന്മാരുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. ഹിറ്റ്ലറുടെ, മുസ്സോളിനിയുടെ, ഫ്രാങ്കോവിന്റെ, ഈദി അമീന്റെ, ഫെര്‍ഡിനാഡ് മാര്‍ക്കോസിന്റെ, അനേകം അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ കൂട്ടത്തില്‍ സുഹാര്‍തോവിന് വലിയ സ്ഥാനം നല്‍കിയിട്ടുണ്ട്. പക്ഷേ, ഇത്, ഏതെങ്കിലും സൃഷ്ട്യുന്മുഖമായ പ്രവര്‍ത്തനത്തിന്റെ പേരിലല്ല, ഹീനമായ മനുഷ്യപാതകങ്ങളുടെ പേരിലാണ്.
എല്ലാ ഏകാധിപതികളെയുംപോലെ അയാളും ഏറ്റവും അവഹേളിതനായാണ് മരിച്ചത്. അമേരിക്കയൊഴികെ അധികരാജ്യങ്ങളൊന്നും അയാളുടെ ചരമത്തില്‍ ദുഃഖം പ്രകടിപ്പിച്ചില്ല.
ലൂയി പതിനാലാമനെപ്പറ്റി പറയാറുണ്ട്, അയാള്‍ ആരും കണ്ണീര്‍തൂവാനില്ലാതെ, വിലാപഗാനങ്ങളാലപിക്കാനില്ലാതെ മരണമടഞ്ഞുവെന്ന്, അയാളുടെ മരണത്തില്‍ ആഹ്ലാദിച്ച് ജനങ്ങള്‍ മദ്യശാലകളില്‍ പോയി കുടിച്ചുകൂത്താടിയെന്ന്. അതാണിവിടെയും സംഭവിക്കുന്നത്. നാം കൂടുതല്‍ പരിഷ്കൃതരായതിനാല്‍ അത് ചെയ്യുന്നില്ലെന്ന് മാത്രം.
എങ്കിലും സുഹാര്‍ത്തോവിന്റെ ജീവിതം മുന്‍നിറുത്തി ഒരന്വേഷണം-ഏകാധിപതികള്‍ ഉണ്ടാവുന്നത് എങ്ങനെ?
വളരെ വിജ്ഞാനപ്രദം.. നന്ദി..
ഈ സുഹാര്ത്തോക്കുവേണ്ടി ഒത്താശ ചെയ്തവരില്‍ സലിം ഗ്രൂപ്പും പെടും.ഇതേ സലിം ഗ്രൂപ്പിനുവേണ്ടിയാണു് ബംഗാള്‍ സര്‍ക്കാര്‍ നന്ദിഗ്രാമില്‍ തദ്ദേശീയരേ വേട്ടയാടിയതു് എന്നതും കൂടി ഒര്ക്കാം.
Avanmar kalakkiyittillenkil avanmarude PITHAMAHANMAR enkilum kalakkiyittundakum..yeth?
Post a Comment